Saturday, April 6, 2013

യേശുദാസും സംസ്കാരചരിത്രവും

യേശുദാസിന്റെ സംഗീതം മലയാളിയുടെ സംഗീതസംസ്കാരത്തില്‍ ചെലുത്തിയ സ്വാധീനത്തെയും അതുളവാക്കിയ ഫലങ്ങളെയും കുറിച്ച് എസ് ഗോപാലകൃഷ്ണന്‍ തന്റെ പാട്ടെഴുത്തു പംക്തിയില്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു (ചെവി ഓര്‍ക്കുമ്പോള്‍: മലയാളം വാരിക: 22-2-2013). പിന്നിട്ട മൂന്ന്-നാല് പതിറ്റാണ്ടുകളില്‍ മലയാളിയുടെ കേള്‍വി ശീലങ്ങളെയും സാമാന്യ സംഗീത സംസ്കാരത്തെയും നിര്‍ണയിച്ചതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് യേശുദാസിന്റെ ആലാപന സൗഭാഗ്യമാണ്. ഒരു ഭാഗത്ത് അനന്യമായ സൗന്ദര്യാനുഭവങ്ങളുടെ ആകരമായിരിക്കുമ്പോള്‍തന്നെ മറുഭാഗത്ത് മലയാളിയുടെ സംഗീതജീവിതത്തെ ഏകമാനമായ ഒന്നാക്കിത്തീര്‍ക്കാനും യേശുദാസിന്റെ സംഗീതത്തിന് കഴിഞ്ഞിരുന്നു. എല്ലാ പാട്ടുകളും ഒരാള്‍തന്നെ പാടാന്‍ തുടങ്ങുകയും എല്ലാവരും അതുതന്നെ കേട്ടുരസിക്കുകയും ചെയ്തതോടെ മലയാളിയുടെ സംഗീതസംസ്കാരത്തിന് അസാധാരണമായ ഒരു ഏകതാനത കൈവരുകയും ചെയ്തു.

യേശുദാസ് എന്ന മഹാപ്രഭാവത്തിന്റെ അനന്തരഫലം ഇതുകൂടിയാണെന്ന് നാം പതിയെപ്പതിയെ മനസ്സിലാക്കിവരുന്നതേയുള്ളൂ. വാസ്തവത്തില്‍ കേരളത്തിന്റെ സംസ്കാര ചരിത്രത്തിലെ ഒരു സവിശേഷ സന്ദര്‍ഭത്തെ തന്റെ സ്വരസൗഷ്ഠവം കൊണ്ടു രേഖപ്പെടുത്തുകയാണ് യേശുദാസ് ചെയ്തത്. 1961ല്‍ കാല്‍പ്പാടുകള്‍ എന്ന ചലച്ചിത്രത്തിനുവേണ്ടി എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിനു കീഴില്‍ "ജാതിഭേദം മതദ്വേഷം...." എന്ന നാരായണഗുരുവിന്റെ പ്രസിദ്ധമായ ശ്ലോകം ആലപിച്ചുകൊണ്ടാണ് യേശുദാസ് തന്റെ സംഗീതജീവിതം ആരംഭിച്ചത്. പിന്നീട് മൂന്ന്-നാല് പതിറ്റാണ്ടെങ്കിലും ആ ആലാപനമാധുര്യം മലയാളിയെ പിടിച്ചുകെട്ടിയതുപോലെ വ്യമുഗ്ധരാക്കി. ഇതിനെ മുന്‍നിര്‍ത്തി, അസാധാരണവും അനന്യവുമായ സൗന്ദര്യാനുഭവമായി യേശുദാസ് വിവരിക്കപ്പെടാറുണ്ടെങ്കിലും മറ്റേതൊരു സൗന്ദര്യാനുഭവത്തിന്റെ കാര്യത്തിലുമെന്നതുപോലെ, യേശുദാസ് എന്ന സംഗീതവിസ്മയവും സംസ്കാര ചരിത്രത്തിന്റെ ഗതിഭേദങ്ങള്‍ക്കുള്ളിലാണ് നിലകൊള്ളുന്നത്. അത്രമേല്‍ ആഴമേറിയ വിധത്തില്‍ ചരിത്രപരമായതിനാല്‍ അത് ചരിത്രപരവും സാമൂഹികവുമായ മുദ്രകളെയപ്പാടെ സ്വന്തം ജീവിതത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയിരിക്കുന്നു എന്നുമാത്രം;

ഭാവത്തിന്റെ പരകോടിയിലെ അഭാവംപോലെ. സൂക്ഷ്മമായി ആലോചിച്ചാല്‍ ആധുനിക കേരളീയ ജീവിതത്തെ നിര്‍ണയിച്ച ചില അടിസ്ഥാനഘടകങ്ങളുടെ ആകെത്തുകയെന്നപോലെയാണ് യേശുദാസ് നമ്മുടെ സംസ്കാര ചരിത്രത്തില്‍ നിലകൊണ്ടതെന്ന് വ്യക്തമാകും. 1940 കളില്‍ രൂപം കൊള്ളുകയും 1956-ല്‍ ഔപചാരികമായി നിലവില്‍ വരുകയും ചെയ്ത ഭാഷാ ദേശീയത മുഴുവന്‍ മലയാളികളും ഒരുപോലെ പങ്കുചേരുന്ന ഒരു സാംസ്കാരിക വിഭവം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ചലച്ചിത്രഗാനം/ചലച്ചിത്ര സംഗീതം ഈയൊരാവശ്യത്തിന്റെ നിര്‍വഹണമെന്ന നിലയില്‍ കൂടിയാണ് ഉയര്‍ന്നുവന്നത്. കേരളീയ ജീവിതത്തിന്റെ എല്ലാ വിതാനങ്ങളിലെയും സംഗീതാനുഭവങ്ങളെ അത് ഏറ്റുവാങ്ങി. കഥകളിപ്പാട്ടും കര്‍ണാടക സംഗീതവും മുതല്‍ മാപ്പിളപ്പാട്ടും നാടോടിസംഗീതവും വരെ ചലച്ചിത്രഗാനത്തില്‍ ഒത്തിണങ്ങിനിന്നു. മലയാളികള്‍ കേട്ടുരസിച്ച എല്ലാ ഈണങ്ങളും അവിടെയുണ്ടായിരുന്നു. ദേവരാജനും രാഘവന്‍ മാസ്റ്ററും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും എം എസ് വിയും മുതല്‍ സലില്‍ ചൗധരിയും പുകഴേന്തിയും വരെയുള്ളവരിലൂടെ നമ്മുടെ സംഗീത സംസ്കൃതിയുടെ എല്ലാ അടരുകളും ചലച്ചിത്രഗാനത്തില്‍ ഇടം പിടിച്ചു എന്നുപറയാം. ഇത്രമേല്‍ സാര്‍വത്രികമായി കേരളീയ സംഗീതശീലങ്ങളെ സ്വാംശീകരിച്ച മറ്റൊരു സാംസ്കാരികവിഭവവും അതിനുമുന്‍പോ പിന്‍പോ രൂപമെടുത്തിട്ടില്ല. ഒരര്‍ഥത്തില്‍ കേരളീയ ദേശീയതയുടെ സംഗീത രൂപമായിരുന്നു ചലച്ചിത്രഗാനം.

സംഗീതമെന്നതുപോലെ സാഹിതീയ ഭാവനയുടെ കാര്യത്തിലും ചലച്ചിത്രഗാനത്തിന് ദേശീയമായ ഒരു ഉള്ളടക്കമുണ്ട്. നവോത്ഥാനത്തോടെ കേരളീയ ഭാവനാ ജീവിതത്തിലുണ്ടായ സാഹിതീയത മലയാളിയുടെ സാംസ്കാരിക ജീവിതത്തെ തന്നെ സാഹിത്യകേന്ദ്രിതമായ ഒന്നാക്കി രൂപപ്പെടുത്തുന്നുണ്ടായിരുന്നു. (കേരളീയ കലാമണ്ഡലത്തില്‍ സാഹിത്യകാരന്മാര്‍ മുതലാളിമാരും ശില്‍പികളും ചിത്രകാരന്മാരും മുതല്‍ മറ്റെല്ലാവരും തൊഴിലാളികളുമാണെന്ന് കേസരി ബാലകൃഷ്ണപിള്ള!). സാഹിത്യകേന്ദ്രിതമായ ഈ ഭാവനാ ജീവിതത്തെ മുന്‍നിര്‍ത്തുകയും സംഗീതത്താല്‍ പൂരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചലച്ചിത്രഗാനം ദേശീയ ഭാവനയുടെ ജനപ്രിയ രൂപമായി ഉയര്‍ന്നുവന്നത്. വയലാറും പി ഭാസ്കരനും ഒ എന്‍ വിയും ശ്രീകുമാരന്‍ തമ്പിയുമെല്ലാം ചേര്‍ന്ന് - മുന്‍പ് സൂചിപ്പിച്ച സംഗീത സംസ്കാരങ്ങളുടെ സ്വാംശീകരണമെന്നതുപോലെ മലയാളത്തിന്റെ സാഹിത്യഭാവനയുടെ പ്രകാരഭേദങ്ങളെയപ്പാടെ ചലച്ചിത്രഗാനങ്ങളിലേക്ക് ആനയിച്ചു. അസൂക്ഷ്മതയുടെയും അതിവ്യാപ്തിയുടെയും അതിവൈകാരികതയുടെയും മറ്റുമായ എണ്ണമറ്റ പരാധീനതകള്‍ എടുത്തുപറയാനുണ്ടാവുമെങ്കിലും ചലച്ചിത്ര ഗാനത്തിലൂടെയാണ് ആധുനിക കേരളം സാഹിതീയ ഭാവനയുടെ ഗതിഭേദങ്ങളുമായി സംവദിച്ചത് എന്നത് അനിഷേധ്യമായ വസ്തുതയാണ്.

ഇതോടൊപ്പം, 1960 കളോടെ വികസിച്ചുവന്ന റേഡിയോ നിലയങ്ങളും ഗ്രാമഫോണ്‍ റെക്കോഡുകളും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേള്‍വിയുടെ എല്ലാ ഇടങ്ങളിലേക്കും ചലച്ചിത്രഗാനത്തെ കൊണ്ടുചെന്നെത്തിച്ചത് സാങ്കേതിക വിദ്യയുടെ മണ്ഡലത്തിലുണ്ടായ ഈ വലിയ പരിവര്‍ത്തനമാണ്. ചലച്ചിത്രഗാനത്തിന് സാര്‍വത്രികമായ സ്വീകാര്യതയും ആസ്വാദ്യതയും കൈവരുന്നതില്‍ സാങ്കേതിക വിദ്യയ്ക്കുള്ള ഈ പങ്ക് ഇതിനുനേരെ വിപരീതമായ ഒരാസ്വാദനമൂല്യവും അതിന് നല്‍കി. ഒറ്റതിരിഞ്ഞ വ്യക്തികളുടെ സ്വകാര്യവും ഏകാന്തവുമായ ആസ്വാദനത്തിന്റെ വിഭവമായി ചലച്ചിത്രഗാനം മാറിത്തീര്‍ന്നതും ഈ സാങ്കേതിക സന്ദര്‍ഭത്തിലാണ്.

പൊതുസഭകളിലെ സാമാന്യവിഭവമായിത്തീര്‍ന്ന സംഗീതം സ്വീകരണ മുറികളിലെയും കിടപ്പുമുറികളിലെയും സ്വകാര്യ ആസ്വാദന വിഭവവുമായിത്തീര്‍ന്നു. ഇങ്ങനെ ഒരേസമയം കേരളീയതയുടെ സാമാന്യവിഭവവും ആധുനിക സ്വകാര്യവ്യക്തി ബോധത്തിനിണങ്ങുന്ന ആസ്വാദന വിഭവവുമായിത്തീര്‍ന്നതാണ് ചലച്ചിത്ര ഗാനത്തിന്റെ അനിതരസാധാരണമായ ജനപ്രിയതയെ നിര്‍ണയിച്ചത്. ചലച്ചിത്രങ്ങളെ അപേക്ഷിച്ച് എത്രയോ വിപുലമായ പ്രചാരവും സ്വാധീനവും കൈവന്ന സാംസ്കാരിക സാമഗ്രിയായി ചലച്ചിത്രഗാനം മാറിത്തീര്‍ന്നതില്‍ മേല്‍പറഞ്ഞ സാങ്കേതികത വലിയ പങ്കാണ് വഹിച്ചത്. ചലച്ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളിലാണ് പിറവി കൊള്ളുന്നതെങ്കിലും ചലച്ചിത്രഗാനം ആസ്വദിക്കപ്പെട്ടത് അങ്ങനെയല്ല. ചലച്ചിത്ര സന്ദര്‍ഭങ്ങള്‍ക്ക് പുറത്ത് ഒറ്റതിരിഞ്ഞ നിലനില്‍പ് അവയ്ക്കുണ്ടായിരുന്നു. എന്നുതന്നെയല്ല, ഈ ഒറ്റതിരിഞ്ഞ നിലനില്‍പാണ് അവയെ അമൂര്‍ത്തമായ ഭാവകേന്ദ്രങ്ങളായി പരിവര്‍ത്തനപ്പെടുത്തിയത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കണ്ട് ആസ്വദിക്കാതെ, കേട്ടുമാത്രം രസിക്കാന്‍ കഴിയുന്ന ഒരു സവിശേഷ സ്വരൂപമായി സാങ്കേതികത ചലച്ചിത്രഗാനങ്ങളെ പുതുക്കിപ്പണിതു. അതുകൊണ്ട് ചലച്ചിത്ര സന്ദര്‍ഭത്തിന്റെ ദൃശ്യഭാവനയ്ക്ക് പുറത്ത് ഓരോ വ്യക്തിയുടെയും സ്വകാര്യവും വ്യക്തിപരവുമായ ഭാവനാബന്ധങ്ങള്‍ക്കുള്ളില്‍ ഇടം പിടിക്കാനും സവിശേഷമായ സൗന്ദര്യാനുഭവമായി നിരന്തരം പരിണമിക്കാനും ചലച്ചിത്രഗാനങ്ങള്‍ക്ക് കഴിവുണ്ടായി. ഇതുപോലെ ഏറ്റവും അശിക്ഷിതരായ ആസ്വാദകര്‍ക്കും ഏറ്റവും സുശിക്ഷിതരായ ആസ്വാദകര്‍ക്കും തങ്ങളുടേതായ വിതാനങ്ങളില്‍ വിനിമയം സാധ്യമാകുന്ന ഒരേയൊരു കലാവിഭവവും ചലച്ചിത്രഗാനം തന്നെയായിരുന്നു. കുടില്‍തൊട്ട് കൊട്ടാരംവരെയുള്ള എല്ലാ മലയാളികളോടും അത് ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ സംവദിച്ചു. കേരളത്തിന്റെയും മലയാളത്തിന്റെയും ചരിത്രത്തില്‍ ഇത്തരമൊരു സന്ദര്‍ഭം മറ്റൊരിക്കലുമുണ്ടായിട്ടില്ല.

ഇങ്ങനെ മലയാള ദേശീയത, ആധുനിക വ്യക്തിഗത പൗരത്വം, സ്വകാര്യവും സാമാന്യവുമായ ആസ്വാദന ശീലങ്ങളുടെ രംഗപ്രവേശം, സാങ്കേതിക വിദ്യയുടെ പുതിയ സന്ദര്‍ഭം, സാങ്കേതിക വിദ്യ വഴി കൈവന്ന അമൂര്‍ത്തത, മുഴുവന്‍ സംഗീത ശീലങ്ങളേയും സ്വാംശീകരിക്കാന്‍ പോന്ന ആഭ്യന്തരമായ വഴക്കം, മലയാള സാഹിത്യഭാവനയുടെ ബഹുസ്വരതയപ്പാടെ ഇടംപിടിച്ച രചനാലോകം തുടങ്ങിയ അനവധി ഘടകങ്ങളുടെ മേളന ബിന്ദുവായാണ് (convergence point) ചലച്ചിത്രഗാനം എന്ന ജനുസ്സ് 1960-കള്‍ മുതലുള്ള മൂന്ന്-നാല് പതിറ്റാണ്ടുകാലം നിലകൊണ്ടത്. "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന" പങ്കുവച്ച ഒരു സാംസ്കാരിക വിഭവത്തിന്റെ പദവി അതിന് കൈവന്നതും മറ്റൊന്നുകൊണ്ടല്ല. അനന്യമായ ഈ ചരിത്രസന്ദര്‍ഭത്തോട് ഏറ്റവും ഭാവസാന്ദ്രമായി പ്രതികരിച്ച ഒരാളായിരുന്നു യേശുദാസ്. അദ്ദേഹത്തിന്റെ സ്വരസൗഷ്ഠവവും അതിലെ ഗതിഭേദങ്ങളും അക്കാലം വരെ പലര്‍ പാടിയ പാട്ടുകളെ മുഴുവന്‍ ഒറ്റയ്ക്കൊരാള്‍ പാടുന്ന നിലയിലേക്ക് എത്തിച്ചു. എന്നുതന്നെയല്ല തന്റെ ശബ്ദത്തെ മലയാളത്തിന്റെ മാനകസ്വരമാക്കി മാറ്റാന്‍ പോന്ന വിധത്തില്‍ യേശുദാസിന്റെ ആലാപനസൗഭഗം ബലിഷ്ഠവും പ്രബലവുമായിരുന്നു. കരടില്ലാത്ത അങ്ങേയറ്റം മിനുസമാര്‍ന്ന ഭാവതാരള്യം നിറഞ്ഞ ഒരു മാനകസ്വരത്തിന്റെ സമ്പൂര്‍ണാധിപത്യം മലയാളിയുടെ കേള്‍വിശീലത്തെ നിയന്ത്രിക്കാന്‍ തുടങ്ങി. മധ്യവര്‍ഗപരമായ സുവര്‍ണ/സവര്‍ണ പൗരുഷത്തിന്റെ ഈ സ്വരമാന്ത്രികത അതുവരെ നാനാവിധത്തില്‍ നിലകൊണ്ട നമ്മുടെ സംഗീതാഭിരുചികളെ ഏകമാനത്തിലേക്ക് ആനയിക്കുകയും ചെയ്തു. കമുകറ പുരുഷോത്തമനും ഉദയഭാനുവും കോഴിക്കോട് അബ്ദുള്‍ ഖാദറും മെഹ്ബൂബും ഉള്‍പ്പെടെയുള്ളവരുടെ നാദലോകങ്ങള്‍ പതിയെപ്പതിയെ പിന്‍വാങ്ങി. മൂന്ന് പതിറ്റാണ്ട് കാലമെങ്കിലും മിക്കവാറും മലയാളികള്‍ ഒരേ നാദത്തിലൂടെ ജീവിതാനുഭവങ്ങളെയും സൗന്ദര്യാനുഭൂതികളെയും കേട്ടുകൊണ്ടേയിരുന്നു. നമ്മുടെ സംസ്കാര ചരിത്രത്തിന്റെ ബലതന്ത്രങ്ങള്‍ക്കകത്തായിരുന്നു ആ കേള്‍വിയെന്ന് നാമിപ്പോള്‍ ഓര്‍ക്കാറില്ല. ആഴമേറിയ ചരിത്രബന്ധങ്ങള്‍ അതേക്കുറിച്ച് ഒട്ടും ഓര്‍മിപ്പിക്കാതെയാണ് പ്രവര്‍ത്തിക്കുക. യേശുദാസ് അത്തരത്തിലുള്ള അഗാധമായ ഒരു ചരിത്രബന്ധം കൂടിയാണ്.

വിനയചന്ദ്രിക

വിനയചന്ദ്രന്റെ മരണത്തിന് അദ്ദേഹത്തിന്റെ കവിതയെ ഓര്‍മിപ്പിക്കുന്ന ഒരു അനായാസതയുണ്ടായിരുന്നു. പൊടുന്നനെ പുറപ്പെട്ട്, വാക്കിന്റെ ഗതിഭേദങ്ങളിലൂടെ എത്രയും ആയാസരഹിതമായി കടന്നുപൊയ്ക്കൊണ്ടിരുന്ന കവിതയായിരുന്നു അദ്ദേഹത്തിന്റേത്. അത്രമേല്‍ വേഗത്തില്‍ മരണത്തിലേക്കും വിനയചന്ദ്രന്‍ കടന്നുപോയി. ആധുനികതാ പ്രസ്ഥാനം മലയാളത്തില്‍ ജന്മംനല്‍കിയ ഏറ്റവും വ്യതിരിക്തതയുള്ള കാവ്യസ്വരൂപങ്ങളിലൊന്ന് വിനയചന്ദ്രന്റേതാണ്. ഒരുപക്ഷേ കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയില്‍ മാത്രമാവും മലയാളഭാവന നമ്മുടെ ജീവിതപരിസരങ്ങളിലേക്ക് ഇതുപോലെ കടന്നുചെന്നത്. അവിടെപോലും വിനയചന്ദ്രന് വ്യത്യസ്തതയുണ്ടായിരുന്നു. പ്രാക്തനമായ ഒരു ഊര്‍ജത്തിന്റെ പ്രഭവംപോലെയാണ് കടമ്മനിട്ടക്കവിതയില്‍ നാട്ടുപാരമ്പര്യം ഏറിയപങ്കും നിലകൊണ്ടത്. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും വാങ്മയങ്ങളായാണ് ഈ പാരമ്പര്യം അദ്ദേഹത്തിന്റെ കവിതയില്‍ ഉടല്‍പൂണ്ടുവന്നത്. കീഴാളഭാഷയുടെയും ഭാവനയുടെയും ലോകമായി കടമ്മനിട്ടക്കവിതയിലെ നാട്ടുപാരമ്പര്യം ഏറെക്കുറെ സമീകരിക്കപ്പെട്ടതും അതുകൊണ്ടാണ്.

വിനയചന്ദ്രന്റെ കവിതയില്‍ നാട്ടുപാരമ്പര്യം ഇങ്ങനെയൊന്നായല്ല പ്രത്യക്ഷപ്പെട്ടത്. ബി രാജീവന്‍ വിനയചന്ദ്രനെക്കുറിച്ചുള്ള തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ ആധുനികമായ ലോകബോധത്തെ മറികടന്നുപോയ ഒന്നായിരുന്നു അത്. ആധുനികതാ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍നിന്ന് വിനയചന്ദ്രനെ മാറ്റിനിര്‍ത്തിയതും ഇതുതന്നെയാണ്. ലളിതമായി പറഞ്ഞാല്‍, പടിഞ്ഞാറന്‍ ആധുനികത ജന്മം നല്‍കിയ ജീവിതരീതികളുടെയും ലോകാവബോധത്തിന്റെയും പ്രതിസന്ധികളെയാണ് ആധുനികതാപ്രസ്ഥാനം ആവിഷ്കരിച്ചത്. ഇങ്ങനെയായിരിക്കുമ്പോള്‍ തന്നെ ആധുനികതയുടെ കേന്ദ്രതത്വങ്ങളെ മനുഷ്യന്‍, യുക്തിബോധം, പുരോഗതി എന്നിങ്ങനെ കയ്യൊഴിയാന്‍ അതിന് കഴിഞ്ഞിരുന്നുമില്ല. വിനയചന്ദ്രന്റെ കവിതയില്‍ കേരളീയ പ്രകൃതിയുമായുള്ള താദാത്മ്യം അതിനെ ആധുനികതയുടെ ലോകാവബോധത്തിന്റെ അടിസ്ഥാനങ്ങളെ മറികടന്നുപോകുന്ന ഒന്നാക്കിത്തീര്‍ക്കുന്നുണ്ട്. ആധുനികതാ പ്രസ്ഥാനത്തിന്റെ വലിയ പ്രതിനിധികളിലൊരാളായി വിനയചന്ദ്രന്‍ പരിഗണിക്കപ്പെടാതെ പോയതും ഇതുകൊണ്ടാണ്. നമ്മുടെ കാവ്യനിരൂപണം വിനയചന്ദ്രനെ സാമാന്യമായി സ്പര്‍ശിച്ചുപോവുന്നതിനപ്പുറം ഏറെയൊന്നും അദ്ദേഹത്തിന്റെ കവിതയെ വിലയിരുത്താന്‍ തുനിയാതിരുന്നതും മറ്റൊന്നുകൊണ്ടല്ല. ആധുനിതാപ്രസ്ഥാനത്തിന്റെ ആശയവ്യവസ്ഥകള്‍ക്കുള്ളില്‍ ഭദ്രമായി നിലകൊള്ളാന്‍ ആ കവിതകള്‍ക്ക് കഴിയില്ലായിരുന്നു എന്നതാണ് വാസ്തവം.

വിനയചന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മലയാളത്തിലെ മുഖ്യധാരാ മാസികകളും വാരികകളുമെല്ലാം അദ്ദേഹത്തെ അനുസ്മരിക്കുകയുണ്ടായി. ബി രാജീവന്‍ മുതല്‍ സജയ് കെ വി വരെയുള്ളവര്‍ വിനയചന്ദ്രന്റെ കാവ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. താന്‍ ജീവിച്ച കാലത്ത് വേണ്ടപോലെ മനസ്സിലാക്കപ്പെടാതെ പോയ കവിയായിരുന്നു വിനയചന്ദ്രന്‍ എന്നാണ് എനിക്ക് തോന്നുന്നത്. അതിന് വ്യക്തിപരം മുതല്‍ ചരിത്രപരം വരെയായ കാരണങ്ങളുമുണ്ട്. മലയാളകവിതയുടെയും ഭാവനയുടെയും ഭാവിചരിത്രം വിനയചന്ദ്രനെ കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയാന്‍ നിര്‍ബന്ധിതമായേക്കും. നല്ല കവിതയുടെ പ്രകൃതങ്ങളിലൊന്നും അതുതന്നെയാണ്.

ശാസ്ത്രത്തിന്റെ സാംസ്കാരിക മാനങ്ങള്‍

സി വി രാമന്‍ എന്ന അതുല്യനായ ശാസ്ത്രജ്ഞനെക്കുറിച്ചും അദ്ദേഹത്തിന്റെ സാംസ്കാരികമായ മുന്‍വിധികളെക്കുറിച്ചും ചര്‍ച്ചചെയ്യുന്ന വി വിജയകുമാറിന്റെ പ്രബന്ധം (മലയാളം വാരിക) മലയാളത്തില്‍ വളരെക്കുറച്ചുമാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ചില പ്രമേയങ്ങള്‍ വിശകലന വിധേയമാക്കുന്ന ഒന്നാണ്. ശാസ്ത്രത്തിന്റെ സത്യാത്മകത പറഞ്ഞുറപ്പിച്ച ആധുനിക ലോകബോധമാണ് മലയാളത്തിലെ ശാസ്ത്രവ്യവഹാരങ്ങളെ മുഖ്യമായും നിര്‍ണയിച്ചുപോരുന്നത്. ഇതിന്റെ മറുപുറത്ത് ശാസ്ത്ര വിമര്‍ശനവുമായി രംഗത്തു വന്നവരില്‍ ഏറിയപങ്കും ഒന്നാന്തരം മതമൗലികവാദികളും മതയാഥാസ്ഥിതികരും മാത്രമായതിനാല്‍ ശാസ്ത്ര വിമര്‍ശനം ഇവിടെ കൂടുതല്‍ അസ്വീകാര്യമായിത്തീര്‍ന്നു. ആധുനികതാ വിമര്‍ശനത്തിന്റെ പദാവലികളും പരികല്‍പനകളും ഉപയോഗപ്പെടുത്തി തങ്ങളുടെ മതയാഥാസ്ഥിതികത്വത്തെയെന്നല്ല മതവിഭാഗീയതയെപ്പോലും ന്യായീകരിക്കാന്‍ ഇക്കൂട്ടര്‍ക്ക് മടിയുണ്ടായിരുന്നില്ല. അതുകൊണ്ട് ശാസ്ത്രവിമര്‍ശനത്തിന്റെ ഉയര്‍ന്ന വിതാനങ്ങള്‍ മലയാളത്തിന് പൊതുവെ അപരിചിതമായി. വിജയകുമാറിനെപ്പാലെ, ശാസ്ത്രദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് കടന്നുപോകുന്നവരായി മലയാളത്തില്‍ ഏറെപ്പേരൊന്നും ഇല്ല എന്നതും ഇതിനൊരു കാരണമാണ്. ശാസ്ത്രസാഹിത്യം ഏറെയുള്ളപ്പോഴും ശാസ്ത്രദര്‍ശനം മലയാളത്തില്‍ എത്രയോ കുറച്ച് തന്നെയാണ് ഇപ്പോഴും. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റെ ചരിത്രവല്‍ക്കരണമോ ശാസ്ത്രീയ വിജ്ഞാനത്തിന്റെ മൂല്യനിര്‍ഭരതയെ (value loaded character) ക്കുറിച്ചുള്ള ആലോചനകളോ മലയാളത്തില്‍ കാര്യമായി വേരോടിയില്ല. ഡാര്‍വിനെ പരിണാമസിദ്ധാന്തത്തിലെ പരികല്‍പനകളില്‍ over production,struggle for existence,survival of the fittest തുടങ്ങിയ ആശയങ്ങളില്‍ - മുതലാളിത്ത കമ്പോളത്തിന്റെയും മാല്‍ത്തൂസിയന്‍ ജനസംഖ്യാ സിദ്ധാന്തത്തിന്റെയും ആശയാവലികള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള കാര്യം മാര്‍ക്സും എംഗല്‍സും എത്രയോ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ലോകത്തെമ്പാടുമുള്ള മുഖ്യധാരാ മാര്‍ക്സിസ്റ്റ് ചിന്തയിലെന്നപോലെ കേരളത്തിലെ മാര്‍ക്സിസ്റ്റ് വ്യവഹാരങ്ങളിലും ശാസ്ത്രത്തിന്റെ ചരിത്രവല്‍ക്കരണം ഒരു കേന്ദ്രതാല്‍പര്യമായി വികസിക്കുകയുണ്ടായില്ല. ഫലത്തില്‍ ചരിത്രനിരപേക്ഷവും കേവലവുമായ സത്യാത്മക ജ്ഞാനത്തിന്റെ പദവിയാണ് നമ്മുടെ സാമാന്യബോധത്തില്‍ ശാസ്ത്രത്തിന് എപ്പോഴും കൈവന്നത്.

"ചരിത്രവല്‍ക്കരിക്കുക, എപ്പോഴും ചരിത്രവല്‍ക്കരിക്കുക!" എന്ന് ഫ്രെഡറിക് ജയിംസണ്‍ പറഞ്ഞത് നമ്മുടെ ശാസ്ത്രവിചാരങ്ങളുടെ കാര്യത്തിലെങ്കിലും ഒട്ടുംനടപ്പിലായില്ല. ഇത്തരമൊരു സാമാന്യ സന്ദര്‍ഭത്തിലാണ് വിജയകുമാറിന്റെ സി വി രാമനെക്കുറിച്ചുള്ള പഠനം മൗലികപ്രാധാന്യം കൈവരിക്കുന്നത്. നൊബേല്‍ സമ്മാനാര്‍ഹനായ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എന്ന പ്രഭാവലയത്തിന് പുറത്തേക്ക് സി വി രാമനെ കൊണ്ടുവരാനും സാംസ്കാരികവും ചരിത്രപരവും അധികാരപരവുമായ ബന്ധവ്യവസ്ഥകള്‍ക്കുള്ളില്‍ സി വി രാമന്റെ ശാസ്ത്രാന്വേഷണം എങ്ങനെ നിലകൊണ്ടു എന്ന് ചര്‍ച്ചചെയ്യാനും വിജയകുമാറിന്റെ പ്രബന്ധം ശ്രമിക്കുന്നുണ്ട്.

പ്രകൃതിയുടെ ആന്തരിക ഘടനയില്‍ ക്രമവും ഐകരൂപ്യവും ഉറപ്പിച്ചുകണ്ട ആളായിരുന്നു സി വി രാമന്‍. അത്തരമൊരു വീക്ഷണത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നതില്‍ ബ്രാഹ്മണിക ജീവിതബോധം വഹിച്ച പങ്കു മുതല്‍ സി വി രാമന്റെ ലോകബോധത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ലിംഗപരമായ മുന്‍വിധികള്‍ വരെ ഇവിടെ പരിശോധനാ വിഷയമാവുന്നുണ്ട്. നിശ്ചയമായും ഇക്കാര്യങ്ങളെല്ലാം നാനാതരം എതിര്‍വാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവയ്ക്കാവുന്നതാണ്. കോളനിയന്തര ചിന്തയിലെയും സ്ത്രീവാദ ചിന്തയിലെയും അന്വേഷണങ്ങള്‍ പാശ്ചാത്യ ശാസ്ത്രത്തിന്റെ അധിനിവേശപരവും പുരുഷാധിപത്യപരവുമായ പ്രകൃതത്തെക്കുറിച്ചുള്ള നിര്‍ണായകമായ വിമര്‍ശനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെ, ശാസ്ത്രത്തെക്കുറിച്ചുള്ള യുക്തിവാദപരമായ ആലോചനകളില്‍ അഭിരമിക്കുകയാണ് കേരളീയ മധ്യവര്‍ഗ ബൗദ്ധികത പൊതുവേ ചെയ്തുവരുന്നത്.

ഇതില്‍നിന്ന് വ്യത്യസ്തമായ ശാസ്ത്ര വിചാരത്തിന്റെ ആവിഷ്കാരമായിരിക്കുന്നു എന്നതാണ് വിജയകുമാറിന്റെ പഠനത്തിന്റെ മൗലിക പ്രാധാന്യം. മലയാളത്തില്‍ തെളിഞ്ഞുവരേണ്ട വഴികളിലൊന്നാണത്. ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യഫലം ഇന്ത്യാചരിത്ര വിചാരങ്ങളുടെ മേഖലയിലെ പ്രധാന പ്രമേയങ്ങളിലൊന്നാണ് ഭക്തിപ്രസ്ഥാനവും അതുളവാക്കിയ സാമൂഹ്യഫലങ്ങളും. ഭക്തിപ്രസ്ഥാനം ഒരു കീഴാള പ്രതിരോധ പ്രസ്ഥാനമായിരുന്നു എന്ന വീക്ഷണം ഒരു ഭാഗത്തും അത് ഫ്യൂഡല്‍ മൂല്യങ്ങളുടെ വ്യാപനമായിരുന്നു എന്ന വീക്ഷണം മറുഭാഗത്തുമായി അത്യന്തം വ്യത്യസ്തവും പരസ്പരവിരുദ്ധം പോലുമായ സമീപനങ്ങളാണ് ഇതിനെ മുന്‍നിര്‍ത്തി ഉയര്‍ന്നുവന്നിട്ടുള്ളത്. ഭക്തിപ്രസ്ഥാന നായകരായ കവികളുടെ സാമൂഹ്യപശ്ചാത്തലവും കേവല ഭക്തിയെ മോക്ഷത്തിനുള്ള വഴിയായി അവതരിപ്പിക്കുന്നതിലൂടെ ബ്രാഹ്മണാധികാരത്തിനും പൗരോഹിത്യാധികാരത്തിനുമെതിരെ അവര്‍ കൈക്കൊള്ളുന്ന നിലപാടുകളുമാണ് ഒരു പ്രതിരോധ പ്രസ്ഥാനമായി ഭക്തിപ്രസ്ഥാനത്തെ വിലയിരുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍. ഇതോടൊപ്പം ഭക്തിപ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്ന പതിനായിരക്കണക്കിന് വരുന്ന സാധാരണക്കാരുടെ സാന്നിധ്യവും അതിനെ ഒരു കീഴാള - ജനകീയ പ്രസ്ഥാനമായി പരിഗണിക്കുന്നതിന് പ്രേരണയായി. എന്നാല്‍ പ്രമേയപരമായ പരിഗണനകള്‍ മാറ്റിവച്ച് ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യ ഫലങ്ങളെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ഫ്യൂഡല്‍ ജീവിതമൂല്യങ്ങളുടെ വ്യാപനമാണ് അതിലൂടെ സംഭവിച്ചത് എന്ന് വ്യക്തമാകുമെന്ന് വിമര്‍ശകര്‍ പറയുന്നു. ഭക്തിപ്രസ്ഥാന കവിതകള്‍ പ്രമേയപരമായി ഉയര്‍ത്തിപ്പിടിക്കുന്ന കേവലഭക്തി, സാമൂഹികമായി മധ്യകാല രാജഭക്തി തന്നെയാണെന്നും അവര്‍ കരുതുന്നു. ബ്രാഹ്മണ്യത്തിനും പൗരോഹിത്യത്തിനുമെതിരെ രൂപമെടുക്കാവുന്ന ജനകീയ പ്രതിഷേധത്തില്‍നിന്ന് അവയെ സംരക്ഷിക്കുന്ന സുരക്ഷാരന്ധ്രങ്ങളെന്ന പോലെയാണ് ഭക്തിപ്രസ്ഥാനം നിലകൊണ്ടതെന്നും വിശദീകരിക്കപ്പെടുന്നു.

തന്റെ അവസാന ഗ്രന്ഥത്തില്‍ പി ഗോവിന്ദപ്പിള്ള ഇന്ത്യാചരിത്രത്തിലെ ഈ സന്ദിഗ്ധ പ്രമേയത്തെ വിശകലനം ചെയ്യാനാണ് ശ്രമിക്കുന്നത്. പി ജിയുടെ മരണാനന്തരം പുറത്തുവന്ന The Bhakti Movement: Renaissance or Revivalism എന്ന ഗ്രന്ഥം (പി ജിയുടെ ആദ്യ ഇംഗ്ലീഷ് പുസ്തകവുമാണിത്) ഭക്തിപ്രസ്ഥാനത്തെ ചരിത്രപരമായി സ്ഥാനനിര്‍ണയം ചെയ്യാനുള്ള ശ്രമമാണ്. രണ്ട് ഭാഗങ്ങളില്‍ മുപ്പത് അധ്യായങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തിലെ ഒമ്പത് അധ്യായങ്ങളില്‍ ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യ ചരിത്രസന്ദര്‍ഭം നിര്‍ധാരണം ചെയ്യാനാണ് പി ജി ശ്രമിക്കുന്നത്.

ബുദ്ധമതത്തിന്റെ പതനവും ഹിന്ദുമതത്തിന്റെ പുനര്‍ജനിയും ഭക്തി പ്രസ്ഥാനത്തിന്റെ ഉദയവും പ്രകൃതവും ഭക്തി പ്രസ്ഥാനത്തിന്റെ കാലാനുക്രമണികയും ഭൂമിശാസ്ത്രവും കലിയുഗ സങ്കല്‍പം, വിദേശാധിപത്യവും ഭക്തിപ്രസ്ഥാനവും ദക്ഷിണേന്ത്യന്‍ ഭക്തിപ്രസ്ഥാനം എന്നിങ്ങനെ ഭക്തിപ്രസ്ഥാനത്തിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ വിവക്ഷകളിലേക്ക് വെളിച്ചം വീശുന്നവയാണ് ആദ്യഭാഗത്തിലെ അധ്യായങ്ങള്‍. രണ്ടാംഭാഗത്തിലെ ഇരുപത്തിയൊന്ന് അധ്യായങ്ങള്‍ പൊതുവെ ഭക്തിപ്രസ്ഥാനത്തിലെ വ്യത്യസ്തധാരകളെയും ഭക്തകവികളെയും വിലയിരുത്തുന്നവയാണ്. നായനാര്‍മാരും ആഴ്വാന്മാരും മുതല്‍ ഭക്തമീരയും സൂര്‍ദാസും രാമാനന്ദനും തുളസീദാസും ലൊക്കാമലയും നാനാക്കും ചൈതന്യനും വരെയുള്ളവരുടെ ജീവിതവും സംഭാവനകളും ഈ ഭാഗത്തെ അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

പതിനാറാം നൂറ്റാണ്ടില്‍ താരതമ്യേന വൈകിയ നിലയില്‍ കേരളത്തിലേക്ക് ഭക്തിപ്രസ്ഥാനം കടന്നുവന്നതിനെക്കുറിച്ചാണ് ഉപസംഹാരത്തിന് മുമ്പുള്ള അധ്യായത്തില്‍ പി ജി ചര്‍ച്ച ചെയ്യുന്നത്. ഹൈന്ദവ പുനരുത്ഥാനത്തിന്റെ അടയാളങ്ങള്‍ ധാരാളമുണ്ടെങ്കിലും ഭക്തിപ്രസ്ഥാനത്തിന്റെ നവോത്ഥാനമൂല്യം അതിനേക്കാള്‍ ഏറിനില്‍ക്കുന്നു എന്ന വിലയിരുത്തലോടെയാണ് പി ജി തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്. ഒരു സഹസ്രാബ്ദത്തോളം പടര്‍ന്നുകിടക്കുന്ന ഇന്ത്യാചരിത്രത്തിലെ ഈ മഹാപ്രസ്ഥാനത്തിന്റെ ചരിത്രം ഇത്രയും വിശദാംശങ്ങളോടെ ചര്‍ച്ച ചെയ്യുന്ന ഒരു ഗ്രന്ഥം മലയാളത്തിലില്ല. അതുകൊണ്ടുതന്നെ പി ജിയുടെ ഈ അവസാന ഗ്രന്ഥത്തിന് ഒരു മലയാള വിവര്‍ത്തനം ഉണ്ടാവേണ്ടതുണ്ട്. പി ജി യോടുള്ള നമ്മുടെ ആദരവിന്റെ ആവിഷ്കാരംകൂടിയായിരിക്കും ആ വിവര്‍ത്തനം.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക 07 ഏപ്രില്‍ 2013

No comments: