Sunday, April 7, 2013

ഞാന്‍ സിനിമയാകുന്നു! ആമേന്‍

മലയാളിക്ക് പുതിയ കാഴ്ചാനുഭവം നല്‍കി "ആമേന്‍" തിയറ്ററുകളില്‍ മുന്നേറുമ്പോള്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി മനസ്സ് തുറക്കുന്നു.

കച്ചവടക്കണക്കില്‍ മൂക്കുകുത്തിയെങ്കിലും ആദ്യ രണ്ടു ചിത്രങ്ങള്‍കൊണ്ടുതന്നെ (നായകന്‍, സിറ്റി ഓഫ് ഗോഡ്) ലിജോ പുതിയ സംവിധായകന്റെ ജനനം പ്രഖ്യാപിച്ചിരുന്നു. മൂന്നാംചിത്രം "ആമേന്‍" മലയാളസിനിമയ്ക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ പുതിയ ഭാഷയാണ്. "ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍" ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് സൃഷ്ടിച്ച മായികലോകം "മാക്കൊണ്ടോ"യുടെ ചെറിയ പതിപ്പുപോലെ കുമരങ്കരി ഗ്രാമം. കായല്‍വെള്ളത്തില്‍ മുഖംനോക്കുന്ന വിശുദ്ധ ഗീവര്‍ഗീസിന്റെ പള്ളിയെ കേന്ദ്രബിന്ദുവാക്കി ജീവിക്കുന്ന തെറിച്ച നാട്ടുകാര്‍. സോളമന്റേയും ശോശന്നയുടേയും പ്രണയം. പ്രശാന്ത് പിള്ളയുടെ പുതുമയുള്ള സംഗീതപശ്ചാത്തലത്തില്‍ ഫാ. വിന്‍സന്റ് വട്ടോളിയും (ഇന്ദ്രജിത്), കപ്യാരും (സുനില്‍ സുഗധ) എസ്തപ്പാന്‍ ആശാനുമെല്ലാം (രാജേഷ് ഹെബ്ബാര്‍) സൃഷ്ടിക്കുന്ന മാന്ത്രികാന്തരീക്ഷത്തിന് ഉശിരുപകര്‍ന്ന് ഹാസ്യം സൃഷ്ടിക്കാന്‍ തനിനാടന്‍ കഥാപാത്രങ്ങളെക്കൊണ്ട് ഏതു പരിധിവരെ പോകാനും മടിക്കാത്ത സംവിധായകന്റെ ചങ്കൂറ്റം. മലയാളിക്ക് പുതിയ കാഴ്ചാനുഭവം നല്‍കി "ആമേന്‍" തിയറ്ററുകളില്‍ മുന്നേറുമ്പോള്‍ ലിജോ ജോസ് പെല്ലിശേരി മനസ്സ് തുറക്കുന്നു.

$ അപ്പാപ്പനും സിനിമാപാരഡൈസോയും

എന്റെ മമ്മിയുടെ അപ്പന്‍ ചെന്നൈയിലുള്ള ബ്രിട്ടീഷ് കമ്പനിയിലെ ബുള്‍ഡോസര്‍ ഡ്രൈവറായിരുന്നു. തമിഴന്‍. ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ ഇവിടത്തെ വെള്ളവും പച്ചപ്പും കണ്ട് ഭ്രമിച്ചുവശായി തിരിച്ചുപോയില്ല. അമ്മാമയെ കല്യാണം കഴിച്ച് ഇവിടെ കൂടി. എല്ലാ തമിഴര്‍ക്കുമുള്ളതുപോലെ അപ്പാപ്പനുമുള്ള സിനിമയോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് എനിക്കും ലഭിച്ചത്. അപ്പാപ്പന്റെ അടുത്ത സുഹൃത്തുക്കളെല്ലാം സിനിമ തിയറ്ററിലെ ഓപ്പറേറ്റര്‍മാരായിരുന്നു. ഞാന്‍ മിക്ക സിനിമയും ഓപ്പറേറ്റര്‍റൂമില്‍നിന്നാണ് കണ്ടത്. വിഖ്യാത ഇറ്റാലിയന്‍ സിനിമ "സിനിമാപാരഡൈസോ"യിലെ കൊച്ചു ടോട്ടോയെപ്പോലെ. എന്റെ ജീവിതത്തോട് വളരെ അടുത്തുനില്‍ക്കുന്ന സിനിമയാണത്.

$ ഡാഡി

പത്താംക്ലാസ് കഴിഞ്ഞാണ് സിനിമയില്‍ വരണമെന്ന് ഡാഡിയോട് (നാടകത്തിലും സിനിമയിലും സ്വാഭാവിക അഭിനയശൈലിയിലൂടെ മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ച പ്രിയനടന്‍ ജോസ് പെല്ലിശേരിയുടെ മകനാണ് ലിജോ). ഇപ്പോഴേ സിനിമയ്ക്കുപുറകേ പോയാല്‍ അത് വെറും ബാലചാപല്യമായേ കാണൂ എന്നായിരുന്നു ഡാഡിയുടെ അഭിപ്രായം. പഠനം കഴിഞ്ഞ് ജോലിചെയ്യുക. അതുകഴിഞ്ഞാലും നിന്റെ മേഖല അതല്ല എന്ന് തോന്നുകയാണെങ്കില്‍ ആലോചിക്കാമെന്നു പറഞ്ഞു. എംബിഎ പാസായ ശേഷം ടൈല്‍സ് കമ്പനിയില്‍ റീജണല്‍ സെയില്‍സ് മാനേജറായി ആറേഴുമാസം ജോലി നോക്കി. പെട്ടൊന്നൊരുദിവസം സിനിമക്കായി നിന്ന നില്‍പ്പിന് ജോലി ഉപേക്ഷിച്ച തീരുമാനത്തെ ഡാഡി എതിര്‍ത്തില്ല. ആദ്യം വി കെ പിയുടെ (സംവിധായകന്‍ വി കെ പ്രകാശ്) ഒപ്പം കുറച്ചുകാലം. പിന്നെ എട്ടുമാസം ബംഗളൂരുവില്‍ മനോജ് പിള്ള എന്ന പരസ്യ സംവിധായകന്റെ അസിസ്റ്റന്റായി. അച്ഛന്‍ മരിച്ചതോടെ നാട്ടില്‍ വന്നു. അഞ്ചാറുവര്‍ഷം പ്രതിസന്ധിയുടേതായിരുന്നു. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ഉണ്ടാക്കാനുള്ള ശ്രമം പാളി. അഞ്ചുവര്‍ഷത്തോളം നീണ്ട ആദ്യസിനിമ "നായകന്‍" കൈവിട്ടുപോയി. രണ്ടാം സിനിമ "സിറ്റി ഓഫ് ഗോഡ്"എന്റെ താല്‍പര്യങ്ങള്‍ക്കുള്ളില്‍ നിന്ന് ചെയ്തതാണ്. ഒരു ഷോട്ടില്‍ പോലും ഡാഡിയെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന ദുഃഖം എപ്പോഴും വേട്ടയാടും.

$ ആമേനും മാജിക്കല്‍ റിയലിസവും

മാര്‍ക്കേസിന്റെ യാഥാര്‍ഥ്യവും സ്വപ്നവും ഇടചേര്‍ന്ന ആഖ്യാനം എന്നെ ഏറെ കീഴ്പെടുത്തിയിട്ടുണ്ട്. ഒ വി വിജയന്റെ ഖസാക്കും എം മുകുന്ദന്റെ മയ്യഴിയും സക്കറിയയുടെ കഥകളുമടക്കം മലയാളത്തിന്റെ ക്ലാസിക്കുകളെല്ലാം ഇത്തരം മായികഭൂമികയിലാണ് സംഭവിക്കുന്നത്. നമുക്കു പറയാനുള്ള ചരിത്രപരമായ യാഥാര്‍ഥ്യങ്ങള്‍കൂടി അതില്‍ ചേര്‍ത്ത് പറയാനാണ് ഞാന്‍ ശ്രമിച്ചത്. പ്രത്യേക ഘടനയില്ലാതെ കഥ പറയുന്ന ഫെല്ലിനിയുടെ ശൈലിയില്‍ ഏറെ അഭിനിവേശമുണ്ട്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ഇറ്റാലിയന്‍ ഗ്രാമത്തെ അവതരിപ്പിക്കുന്ന "അമര്‍കോര്‍ഡ്" (1973). എന്റെ നാട്ടില്‍ എന്നെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംഭവങ്ങളാണ് ആമേനില്‍ പറഞ്ഞത്. എന്റെ സുഹൃത്തുക്കള്‍ പറഞ്ഞ അനുഭവങ്ങളുമുണ്ട്.

$ സ്വാധീനം കെ ജി ജോര്‍ജ്

"സിറ്റി ഓഫ് ഗോഡി"ന്റെ നോണ്‍ലീനിയര്‍ കഥപറച്ചില്‍ ശ്രദ്ധിച്ച പലരും ക്രിസ്റ്റഫര്‍ നോളന്റെ "മെമന്റോ", അലക്സാന്ദ്രോ ഗോണ്‍സാലസിന്റെ അമറോസ് പറോസ്, 21 ഗ്രാം എന്നിവ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. സത്യത്തില്‍ നോണ്‍ലീനിയര്‍ കഥപറച്ചില്‍ അല്ലെങ്കില്‍ പലതലത്തിലുള്ളവരുടെ കഥ ഒരേസമയം പറയുന്നത് ഞാന്‍ ആദ്യം കാണുന്നത് കെ ജി ജോര്‍ജ് സാറിന്റെ ആദാമിന്റെ വാരിയെല്ലില്‍ (1983) ആണ്. പിന്നീട് എംബിഎയ്ക്ക് പഠിക്കുമ്പോഴാണ് വിദേശസംവിധായകരുടെ സിനിമകള്‍ കാണുന്നത്. അവയുടെ സാങ്കേതികവശങ്ങള്‍ കൊതിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കഥപറച്ചില്‍ശൈലിയെ സ്വാധീനിച്ചത് കെ ജി ജോര്‍ജ് സാറിന്റെ സിനിമകളാണ്. ഏതൊരു വിദേശസംവിധായകനുമൊപ്പം നില്‍ക്കാന്‍ ശേഷിയുള്ള അദ്ദേഹത്തിന് അര്‍ഹമായതെന്നല്ല ഒരു പരിഗണനയും സിനിമാസമൂഹം നല്‍കിയിട്ടില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ കെ ജി ജോര്‍ജും എഴുത്തുകാരന്‍ പത്മരാജനുമാണ്.

$ സംഗീതം

സിനിമാനിര്‍മാണഘട്ടത്തില്‍ എനിക്ക് ഏറ്റവും ആനന്ദം തരുന്നത് അതിന്റെ സംഗീതം ഒരുക്കുന്നതാണ്. പശ്ചാത്തലസംഗീതം ആയാലും പാട്ടായാലും. ദൈവികമായ പദ്ധതിയായാണ് സംഗീതം ഒരുക്കുന്നതിനെ ഞാന്‍ കാണുന്നത്. ശൂന്യതയില്‍നിന്ന് നമുക്ക് ആവശ്യമുള്ള സംഗീതം രൂപപ്പെട്ടുവരുമ്പോഴുള്ള സന്തോഷം അനുഭവിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നതും സിനിമയുടെ സംഗീതം സൃഷ്ടിക്കാന്‍വേണ്ടിയാണ്. സീന്‍ പ്ലാന്‍ചെയ്യുമ്പോള്‍ത്തന്നെ അവിടെ വേണ്ട ശബ്ദം മനസ്സില്‍ വ്യക്തമായി ഉണ്ടാകും. ആ ശബ്ദംതന്നെ വേണമെന്ന് സംഗീതസംവിധായകന്‍ പ്രശാന്തിനോട് വാശിപിടിക്കും. ചിലപ്പോള്‍ ഞാന്‍ ആ ശബ്ദം വാകൊണ്ട് ഉണ്ടാക്കി കേള്‍പ്പിക്കും. പ്രശാന്ത് അതുപോലൊന്ന് സൃഷ്ടിച്ചുതരും.

$ ഇനി ഡിസ്കോ

എന്റെ കഥയ്ക്ക് അയ്യപ്പ സ്വരൂപും ഷെഹനാദ് അരുണും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ഡിസ്കോയുടെ തിരക്കഥ പൂര്‍ത്തിയായി. സംവിധാനം ചെയ്യാമെന്ന് തോന്നുംവരെ തിരക്കഥ മിനുക്കി എടുക്കേണ്ടതുണ്ട്. അതിന്റെ പണി നടക്കുന്നു. സിനിമയോടുള്ള ഒടുങ്ങാത്ത അഭിനിവേശവുമായി ലിജോ പുതിയ തിരക്കഥയുമായി മല്ലിടുമ്പോള്‍ ചേര്‍ത്തല ഉളവെയ്പിനില്‍ ആമേനുവേണ്ടി അരക്കോടിയിലേറെ മുടക്കി സെറ്റിട്ട പുണ്യാളന്റെ പള്ളി കാണാന്‍ നാട്ടുകാരുടെ തിരക്കേറുന്നു. അറുപതിലേറെ ജോലിക്കാര്‍ 15 ദിവസംകൊണ്ട് തെങ്ങിനേക്കാള്‍ പൊക്കത്തില്‍ പണിഞ്ഞ പള്ളി ഉളവെയ്പിന്‍കാരുടെ അഭിമാനമായി മാറിയിരിക്കുന്നു. സിനിമയില്‍ പള്ളി പൊളിക്കാനുള്ള ശ്രമം പുണ്യാളന്‍ ഇടപെട്ടാണ് തടയുന്നത്. സെറ്റിട്ട പള്ളി പൊളിച്ചാലും പുണ്യാളന്‍ ഇടപെട്ടുകളയുമോ? ഉളവെയ്പിന്‍കാര്‍ അത് പ്രതീക്ഷിക്കുന്നു. ആമേന്‍!

*
ഗിരീഷ് ബാലകൃഷ്ണന്‍ ദേശാഭിമാനി

No comments: