Sunday, April 7, 2013

റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണം

സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയുടേയും ഗോതമ്പിന്റേയും അളവ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നു. ബി പി എല്ലുകാര്‍ക്ക് ഏഴു കിലോ അരിയും എ പി എല്ലുകാര്‍ക്ക് രണ്ടു കിലോ അരിയുമാണ് കുറച്ചിരിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിച്ചുകഴിയുന്ന വലിയൊരു വിഭാഗം ജനം ഇതോടുകൂടി പ്രതിസന്ധിയിലായിക്കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള അരിവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമായി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പ്രതിമാസ വിഹിതം കൂടാതെ, മാസത്തെ ആദ്യ ആഴ്ചകളില്‍ 10,000 ടണ്‍ അരിയും 5,400 ടണ്‍ ഗോതമ്പും അധികമായി സംസ്ഥാനത്തിന് ലഭിക്കാറുണ്ട്. ഇത്തവണ ഒരാഴ്ച കഴിഞ്ഞിട്ടും അധികവിഹിതം ലഭിക്കാതെ വന്നപ്പോള്‍ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചു. എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇത് പറയുന്നത്. സംസ്ഥാനത്തിനാവശ്യമായ സഹായങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കാന്‍ ഭരണക്കാര്‍ക്ക് സമയമെവിടെ?

കേരളത്തില്‍ ഭരണമില്ലാതായിട്ട് കാലം കുറച്ചായി. യു ഡി എഫില്‍ ഇപ്പോള്‍ നടക്കുന്നത് വിഴുപ്പലക്കലാണ്. സാധാരണ ജനങ്ങളുടെ ഒരു പ്രശ്‌നവും അവരുടെ അജണ്ടയില്‍ വരുന്നില്ല. അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് വന്‍വിലക്കയറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. പവര്‍കട്ടും കുടിവെള്ളം ലഭ്യമല്ലാത്തതുമായ കാരണങ്ങള്‍കൊണ്ട് ഈ മീനച്ചൂടില്‍ ജനം വലയുന്നു. ജീവന്‍രക്ഷാ മരുന്നുകളിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധനവ് ചികിത്സാരംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നു. സംസ്ഥാനം വരള്‍ച്ചയിലും വിലക്കയറ്റത്തിലും കിടന്ന് എരിപൊരികൊള്ളുമ്പോഴാണ് ജനങ്ങളെ പരിഹസിക്കുന്നതുപോലെ തമ്മിലടിയും പരസ്പരം തെറിവിളിയുമായി ഭരണമുന്നണി അരങ്ങുവാഴുന്നത്. സംസ്ഥാനത്തിന്റെ ഒരാവശ്യവും അനുവദിക്കാതെ പൊതു ബജറ്റും റയില്‍വേ ബജറ്റും കേന്ദ്രം പാസാക്കിയെടുത്തു. സ്വദേശിവല്‍ക്കരണം വഴി സൗദിയില്‍ നിന്നും എല്ലാം കെട്ടിപ്പെറുക്കി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ദുരിതങ്ങള്‍ നേരിടാന്‍ പോകുന്നതേയുള്ളു. പ്രവാസിവരുമാനം സംസ്ഥാന വികസനത്തില്‍ നിര്‍വഹിക്കുന്ന പങ്ക് ചെറുതല്ല. ഇതൊന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു വിഷയമല്ല. ഗാര്‍ഹിക പീഡനത്തിനിരയായി മന്ത്രി പത്‌നിയെ പറഞ്ഞുപറ്റിക്കുന്നതുപോലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ കബളിപ്പിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ ധാരണയെങ്കില്‍ അതിന് അദ്ദേഹവും മുന്നണിയും വലിയ വില നല്‍കേണ്ടിവരും. യാമിനി വിഷയത്തില്‍ ഒരു മന്ത്രിയേ നഷ്ടമായുള്ളു. പക്ഷേ ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്കുള്ള സ്ഥാനം ചവറ്റുകുട്ടയിലായിരിക്കും. സംശയം വേണ്ട.

ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് വീമ്പിളക്കി അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അരിവിഹിതം വെട്ടിക്കുറച്ചു. ഓരോ കുടുംബത്തിനും 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ കിലോ ഒന്നിന് മൂന്നു രൂപ നിരക്കില്‍ നല്‍കുമെന്ന വാഗ്ദാനവുമായി  അധികാരത്തിലേറിയ കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാന വിഹിതം നല്‍കാതെ കേരളജനതയുടെ കഞ്ഞിയില്‍ പാറ്റയിട്ടിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ജനവിരുദ്ധതയില്‍ ഒരേ നാണയത്തിന്റെ രണ്ടു വശമായി പ്രവര്‍ത്തിക്കുകയാണ്.

സംസ്ഥാനത്ത് ആകെ 79,53,881 കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 59,40,109 എ പി എല്ലുകാരും 14,58,058 ബി പി എല്ലുകാരുമാണുള്ളത്. ബാക്കിയുള്ളവര്‍ അന്ത്യോദയ അന്നപൂര്‍ണ കാര്‍ഡുടമകളാണ്. ഇവര്‍ക്ക് 6.20 രൂപ നിരക്കില്‍ 18 കിലോ അരിയായിരുന്നു എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇത് യു ഡി എഫുകാര്‍ ആദ്യം 10 കിലോയാക്കി കുറക്കുകയും പിന്നീട് പൂര്‍ണമായി നിര്‍ത്തലാക്കുകയും ചെയ്തു.

ഒരിക്കല്‍പോലും സാധാരണക്കാര്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് മുടക്കം സംഭവിക്കാതെ, പൊതുവിപണിയില്‍ അരിവില കുതിച്ചുയരുമ്പോള്‍ പോലും ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് അരി നില്‍കുവാന്‍ എല്‍ ഡി എഫ് സര്‍ക്കാരിലെ സിവില്‍ സപ്ലൈസ് വകുപ്പ് കാണിച്ച ശുഷ്‌കാന്തിയും പ്രതിബദ്ധതയും മാതൃകയാക്കിയില്ലെങ്കില്‍ പോലും പ്രസ്തുത നടപടികളെ ആകെ തല്ലിത്തകര്‍ത്ത് പൊതുവിതരണ സമ്പ്രദായം നാമാവശേഷമാക്കുന്ന യു ഡി എഫ് ഭരണം ജനങ്ങള്‍ക്ക് ഒരു ഭാരമായിരിക്കുന്നു.

ഭക്ഷ്യസുരക്ഷാ ബില്‍ എന്ന ഉമ്മാക്കികാട്ടി കേന്ദ്രഭരണക്കാര്‍ ഭരണത്തിന്റെ നാലുവര്‍ഷം  തള്ളിനീക്കി. ഇപ്പോഴും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അവര്‍ ഉദേശിക്കുന്നില്ല. പകരം 32 രൂപ കൊണ്ട് നഗരത്തിലും 26 രൂപ കൊണ്ട് ഗ്രാമത്തിലും ജീവിച്ചുകൊള്ളണമെന്ന ഉഗ്രശാസനയാണ് നല്‍കിയിരിക്കുന്നത്. ഇവരുടെ ഭരണം അരിവിഹിതം വെട്ടിക്കുറച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. കേന്ദ്ര ഭരണത്തിന്റെ വിനീതദാസന്മാരായ സംസ്ഥാന സര്‍ക്കാര്‍ അവരേക്കാളും ഒട്ടും മോശക്കാരാകാന്‍ പാടില്ലല്ലോ, രണ്ടു പേരും ഉത്സാഹിച്ച് കുതിരകയറുന്നത് പാവം ജനത്തിന്റെ പുറത്താണെന്ന് മാത്രം.

അരിവിഹിതം വെട്ടിക്കുറച്ച നടപടി ഉടന്‍ പിന്‍വലിക്കണം. ജനങ്ങളെ ദ്രോഹിക്കുന്ന നയം അവസാനിപ്പിക്കണം

*
ജനയുഗം മുഖപ്രസംഗം 08 ഏപ്രില്‍ 2013

No comments: