Monday, April 8, 2013

ബദലിനുള്ള അംഗീകാരം

സംഘടിത അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് ഇടതുമുന്നണി സര്‍ക്കാരുകള്‍ മുന്നോട്ടുവച്ച ബദല്‍ നയങ്ങള്‍ക്കും സമാധാനവും ഐക്യവും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ത്രിപുരയിലെ ഇടതുപക്ഷവിജയം. സംസ്ഥാനത്തെ എല്ലാവിഭാഗം തൊഴിലാളികളെയും വര്‍ഗപരമായി സംഘടിപ്പിക്കാനും അവരില്‍ അവകാശബോധമുണ്ടാക്കാനും സിപിഐ എം നടത്തിയ നിരന്തരശ്രമങ്ങളുടെ തുടര്‍ച്ചയാണ് ത്രിപുരയിലെ ആവര്‍ത്തിച്ചുള്ള ഇടതുപക്ഷജയം.

പരിമിതികള്‍ക്കുള്ളില്‍നിന്ന് ജനക്ഷേമകരമായ പല പരിപാടികളും ആവിഷ്കരിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. എപിഎല്‍-ബിപിഎല്‍ ഭേദമില്ലാതെ കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കുന്നത് വന്‍ ജനപിന്തുണ നേടിത്തന്നു. പ്രതിമാസം 35 കിലോ അരിയാണ് 2.95 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് നല്‍കുന്നത്. 1.61 ലക്ഷം എപിഎല്‍ കുടുംബങ്ങള്‍ക്ക് 6.15 രൂപ നിരക്കിലും നല്‍കുന്നു. 2012ലാണ് ഈ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. രണ്ടുവിഭാഗങ്ങളിലുമായി 9.56 ലക്ഷം ജനങ്ങള്‍ ഈപദ്ധതിയുടെ ഗുണഭോക്താക്കളാണ്. അവശവിഭാഗങ്ങള്‍ക്ക് മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നു. കൂടാതെ വൈദ്യുതി മേഖലയില്‍ ഇന്നുള്ള പ്രതിസന്ധി മാസങ്ങള്‍ക്കകം തീര്‍ക്കാന്‍ കഴിയുമെന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്. ഒഎന്‍ജിസിയുമായി ചേര്‍ന്നുള്ള 363 മെഗാവാട്ടിന്റെ പദ്ധതി ഈ വര്‍ഷം രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ത്രിപുര വൈദ്യുതിമിച്ച സംസ്ഥാനമാകും. റെയില്‍പാത, ദേശീയപാത എന്നിവയുടെ വികസനത്തിലും സര്‍ക്കാര്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. ആത്മാര്‍ഥതയോടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയാണ് ത്രിപുരവിജയം.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും ബംഗാളില്‍ ഇടതുമുന്നണിക്കും 2011ലെ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടി ഫെബ്രുവരിയില്‍ നടന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിരുന്നു. കേരളത്തിലും ബംഗാളിലും ഭരണം നഷ്ടമായതോടെ ഇന്ത്യയില്‍നിന്നാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തുടച്ചുനീക്കുമെന്ന് വീമ്പു പറഞ്ഞു നടന്നു കോണ്‍ഗ്രസുകാര്‍. എന്നാല്‍, ഇത്തരക്കാര്‍ക്ക് ത്രിപുരയിലെ ജനങ്ങള്‍ ബാലറ്റിലൂടെ ചുട്ട മറുപടിയാണ് നല്‍കിയത്. ഇടതുമുന്നണിക്ക് അധികാരം നിലനിര്‍ത്താനാകില്ലെന്ന് പറഞ്ഞു നടന്നവരെ അത്ഭുതപ്പെടുത്തി കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്.

2011ല്‍ത്തന്നെ കോണ്‍ഗ്രസുകാര്‍ സര്‍ക്കാരിനെതിരെ കുത്സിതശ്രമങ്ങള്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയും വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചും നിരന്തരം പ്രശ്നമുണ്ടാക്കി. സംസ്ഥാനത്തെ ക്രമസമാധാനവും ഐക്യവും തകര്‍ക്കാനും അവര്‍ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍, ഈ അട്ടിമറി ശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. പ്രതിപക്ഷ ഗൂഢാലോചനയ്ക്കെതിരെ തെരുവുകള്‍തോറും വീടുകള്‍തോറും പ്രചാരണം നടത്തി. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ ഇത്തരം പരിപാടികള്‍ വിജയം കണ്ടു. തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് കണ്ട കോണ്‍ഗ്രസുകാര്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന വ്യാജപരാതിയുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. യഥാര്‍ഥ വോട്ടര്‍മാരുടെ പോലും പേര് പട്ടികയില്‍നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ നീട്ടിക്കൊണ്ടുപോയി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം അടിച്ചേല്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നും.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിഘടനവാദികളുടെ രാഷ്ട്രീയ മുഖംമൂടിയെന്ന വിശേഷണമുള്ള ഐഎന്‍പിടി എന്ന ഗോത്രവര്‍ഗ പാര്‍ടിയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു. രാഹുല്‍ഗാന്ധിയും പി ചിദംബരവുമടക്കമുള്ളവര്‍ കോണ്‍ഗ്രസിനുവേണ്ടി ത്രിപുരയില്‍ പറന്നെത്തി. ഇടതുപക്ഷപ്രസ്ഥാനത്തെ രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്ന മൂഢസ്വപ്നം രാഹുല്‍ഗാന്ധി പൊതുയോഗങ്ങളില്‍ പങ്കുവച്ചു.

കോണ്‍ഗ്രസ്-ഐഎന്‍പിടി സഖ്യം പ്രഖ്യാപിച്ച പ്രകടനപത്രികയില്‍ പറഞ്ഞതത്രയും അപ്രായോഗികവും നടപ്പില്‍വരുത്താന്‍ അസാധ്യവുമായ വാഗ്ദാനങ്ങളായിരുന്നു. ഒരു രൂപയ്ക്ക് അരി, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കേന്ദ്രനിരക്കില്‍ ശമ്പളം, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി തുടങ്ങി വോട്ടര്‍മാരെ വഴിതെറ്റിക്കാനുള്ള പല പല വാഗ്ദാനങ്ങള്‍. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമെറിഞ്ഞു. ടിവി, ഫ്രിഡ്ജ്, മൊബൈല്‍ ഫോണ്‍ പോലുള്ള സമ്മാനങ്ങളും വാരിയെറിഞ്ഞു. മാധ്യമസ്ഥാപനങ്ങളെയും വന്‍തുക നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കിടയിലും തികച്ചും സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്താനായി. ചരിത്രത്തിലാദ്യമായി 93.73 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്ത്യയിലെ നിയമസഭാതെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതൊരു റെക്കോഡ് ആണ്. സ്ത്രീകള്‍ വന്‍തോതില്‍ വോട്ടു രേഖപ്പെടുത്തി. പുരുഷന്മാരെക്കാള്‍ 2.3 ശതമാനം കൂടുതല്‍ സ്ത്രീകള്‍ വോട്ടു ചെയ്തു. ഇത് ത്രിപുരയില്‍ മാത്രമുള്ള അനുഭവമാണ്.

അറുപതംഗ നിയമസഭയില്‍ 50 സീറ്റിലും ഇടതുമുന്നണി ജയിച്ചു. 49 സീറ്റായിരുന്നു കഴിഞ്ഞതവണ മുന്നണിക്ക് കിട്ടിയത്. സീറ്റിന്റെ എണ്ണത്തില്‍ മാത്രമല്ല, വോട്ടിന്റെ കാര്യത്തിലും ഇടതുമുന്നണി നേട്ടമുണ്ടാക്കി. 52.32 ശതമാനം വോട്ടാണ് മുന്നണിക്ക് കിട്ടിയത്. 2008ലേതിനേക്കാള്‍ 1.14ശതമാനം കൂടുതല്‍. കോണ്‍ഗ്രസിന് പത്തുസീറ്റ് കിട്ടിയപ്പോള്‍ സഖ്യകക്ഷിയായ ഐഎന്‍പിടിക്ക് ഒരു സീറ്റില്‍പോലും വിജയിക്കാനായില്ല.

കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ് ത്രിപുരയിലെ ഇടതുമുന്നണിയുടെ വിജയം. ഈ വിജയം രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ദേശീയ തലത്തില്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദല്‍നയങ്ങള്‍ക്ക് തിളക്കംകൂട്ടാന്‍ ഈ വിജയത്തിന് സാധിക്കും. വികസനത്തിനും സമാധാനത്തിനും ഐക്യത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനും ഇടതുമുന്നണിക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയം.

*
മണിക് ഡേ (ത്രിപുരയിലെ ഊര്‍ജ-നഗരവികസന- പഞ്ചായത്ത്-ഗതാഗത മന്ത്രിയാണ് ലേഖകന്‍)

No comments: