Monday, April 1, 2013

അകം സാത്വികം, അരങ്ങില്‍ രാജസം

കലാമണ്ഡലം രാമന്‍കുട്ടിനായര്‍ ആശാന്‍ നിത്യനിദ്രയില്‍ ലയിച്ചുകിടക്കുകയാണ്. പ്രദക്ഷിണം വച്ച് മനസാ നമസ്കരിച്ച് പിന്‍വാങ്ങി. അദ്ദേഹത്തിന്റെ നിറഞ്ഞ കത്തിവേഷത്തിന്റെ മുമ്പിലേയ്ക്കെന്ന പോലെ വീട്ടിലേക്ക് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ ഒരു കഥകളി സ്ഥലപശ്ചാത്തലം. പരിചയക്കാര്‍ തമ്മില്‍ ഒരു നോട്ടത്തില്‍, ഒരു ചെറുപുഞ്ചിരിയില്‍ മാത്രം ആശയവിനിമയം നടത്തുന്നു. ആശാന്റെ അഭാവം സൃഷ്ടിച്ച പകരക്കാരനില്ലാത്ത ശൂന്യത അനുഭവിക്കുകയാണ് അവര്‍. ഒരു മഹാകാലത്തിന്റെ പര്യവസാനത്തിന് സാക്ഷികളാകുകയാണ് അവര്‍. രാമന്‍കുട്ടിനായര്‍ ആശാന്റെ പ്രതാപത്തെക്കുറിച്ച് പലരും സ്വകാര്യമായി സംസാരിക്കുന്നു. അനിവാര്യമായ മരണത്തെക്കുറിച്ച് തത്വജ്ഞാനം പറയുന്നു.

ഒരു കഥകളിനടന്റെ മരണവീട്ടില്‍ കഥകളിക്കാരെ മാത്രം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റുകയാണ്. നാനാമേഖലയിലുള്ള വരുന്നു. രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും പത്രപ്രവര്‍ത്തകരും വാദ്യകലാകാരന്മാരും നാട്ടുകാരും ആസ്വാദകരും ഒരുമിക്കുകയാണ്. അവരെല്ലാം രാമന്‍കുട്ടിനായര്‍ എന്ന വേഷവ്യക്തിത്വത്തെയും സ്വതന്ത്ര വ്യക്തിത്വത്തെയും ആദരിക്കുന്നവരാണ്. ജീവിച്ചിരിക്കെ ആശാനോട് പുലര്‍ത്തിയ സ്നേഹബഹുമാനങ്ങള്‍ അന്ത്യയാത്രയിലും സമര്‍പ്പിക്കാന്‍ എത്തിയവരാണവര്‍. ഈ വന്നവരില്‍ എത്രപേരോട് അദ്ദേഹം നിരന്തര വിനിമയം നടത്തിയിരിക്കും? വ്യക്തിപരമായി എത്രപേരോട് സംസാരിച്ചിരിക്കും? ആരൊക്കെയാണ് ആരാധകര്‍? പക്ഷേ എല്ലാവരും ആശാനെ അവസാനമായി കാണാന്‍ എത്തുകയാണ്. ആരൊക്കെയായിരുന്നു കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ആത്മമിത്രങ്ങള്‍? അദ്ദേഹം ഹൃദയം തുറന്നു സംസാരിച്ചത് ആരോടൊക്കെയായിരിക്കും? ഓരോരുത്തര്‍ക്കും പലതും പറയാനുണ്ടാകും. ചിലര്‍ അയഥാര്‍ഥം പറയും. മറ്റു ചിലര്‍ അലങ്കാരങ്ങള്‍ ചേര്‍ക്കും. കലാമണ്ഡലം രാമന്‍കുട്ടിനായരുടെ വ്യക്തിസവിശേഷതകളില്‍ ഒന്നായി തോന്നിയിട്ടുള്ള ഒന്നാണ് സ്നേഹസമത്വം.

ഓരോരുത്തര്‍ക്കും തന്നോട് ആശാന് പഥ്യമാണ് എന്നു തോന്നിപ്പിക്കുന്ന ഒരു വിനിമയതലം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. ആരാധകരുടെ, അല്ലെങ്കില്‍ സഹൃദയ നാട്യക്കാരുടെ അന്ധമായ സ്തുതികളില്‍ അഭിരമിച്ച് നില മറക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. ഏത് അഭിനന്ദനത്തെയും നിര്‍മമമായി കാണാന്‍ ആശാനു സാധിച്ചു. തന്റെ വേഷമാഹാത്മ്യത്തെക്കുറിച്ച് വാചാലരാവുന്നവര്‍ക്കുള്ള മറുപടി സ്വാഭാവികവും നിര്‍മമവുമായ മന്ദഹാസത്തിലൊതുക്കാന്‍ ആശാന് കഴിഞ്ഞു. ആത്മകലയെക്കുറിച്ച് അദ്ദേഹത്തിന് ഒരു വിശ്വാസം ഉണ്ടായിരുന്നു. അതിനെ പോഷിപിക്കുന്ന സേവ പറച്ചിലുകള്‍ക്കൊന്നും അദ്ദേഹം കാതുകൊടുത്തില്ല.

രാമന്‍കുട്ടി നായര്‍ കലാമണ്ഡലം സ്റ്റോപ്പില്‍ ബസ്സിറങ്ങിയാല്‍ കലാമണ്ഡലം നിശബ്ദമാവുന്ന ഒരു കാലത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ആശാനുള്ള അണിയറയില്‍ ഒരു ഈച്ച പാറില്ല എന്നതാണ് മറ്റൊരു കേള്‍വി.

വാര്‍ഡനായ രാമന്‍കുട്ടിനായര്‍ അകലെയുള്ള സാന്നിധ്യം കൊണ്ടുമാത്രം ഹോസ്റ്റല്‍ നിയന്ത്രിച്ചിരുന്നതിനെക്കുറിച്ചും കഥകളുണ്ട്. ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിത്വമായി വലിയൊരു കാലഘട്ടം കലാമണ്ഡലത്തിന്റെ കേന്ദ്ര പുരുഷനാവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എല്ലാവരും രാമന്‍കുട്ടിനായരില്‍നിന്ന് ഒരു അകലം പാലിച്ചു. രാമന്‍കുട്ടിനായര്‍ തിരിച്ചും. കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ മാത്രമാവും വെള്ളിനേഴിക്കാരന്‍ കൂടിയായ "തെങ്ങിന്‍തോട്ടത്തില്‍ രാമന്‍കുട്ടിയ്ക്ക്" സമം നിന്നത്. അവര്‍ തമ്മില്‍ സൗന്ദര്യദര്‍ശനങ്ങളുടെ പേരില്‍ ഏറെക്കാലം കലഹിച്ചു. പരസ്പരം മൗനികളായി. ഈ കാലത്തും പൊതുവാള്‍ രാമന്‍കുട്ടിനായരുടെ വേഷത്തിന് കൊട്ടി. ആ കൊട്ട് രാമന്‍കുട്ടി നായരും ആഗ്രഹിച്ചു. എനിക്കു തോന്നുന്നത് രാമന്‍കുട്ടിനായരെ ഏറ്റവും അധികം മനസ്സിലാക്കിയ വ്യക്തി കൃഷ്ണന്‍കുട്ടിപ്പൊതുവാളാണെന്നാണ്. രണ്ടര പതിറ്റാണ്ടിനുമുമ്പ് എഴുതിയ "മേളപ്പദം" എന്ന പുസ്തകത്തില്‍ രാമന്‍കുട്ടി നായര്‍ക്ക് പുരസ്കാരസമൃദ്ധി ആശിര്‍വദിയ്ക്കുന്നുണ്ട് കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍. കഥകളിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം ഉന്നത പുരസ്കാരങ്ങള്‍ നേടിയ വേഷക്കാരനും രാമന്‍കുട്ടി നായരാവുന്നു. പത്മഭൂഷണ്‍ സാക്ഷ്യപ്പെടുത്തുന്ന മുദ്ര ജുബ്ബയില്‍ ധരിച്ചാണ് അടുത്തകാലത്ത് അദ്ദേഹം വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഭാരതത്തിന്റെ സമുന്ന കീര്‍ത്തിമുദ്ര കേശഭാരം പോലെ അദ്ദേഹത്തില്‍ തിളങ്ങി.

രാമന്‍കുട്ടിനായര്‍ അരങ്ങില്‍ അമരത്വമേകിയ വേഷങ്ങള്‍ നോക്കുക: കീചകന്‍, ശിശുപാലന്‍, രാവണന്‍, ദുര്യോധനന്‍, നരകാസുരന്‍, പരശുരാമന്‍, കാട്ടാളന്‍. ഇവയില്‍ ഒന്നുപോലും പരാജയപ്പെടാതെ അദ്ദേഹം അനശ്വരമാക്കി. ആയിരം അരങ്ങുകളില്‍ ഈ പ്രതിനായകവേഷങ്ങളുടെ മാനസികാവസ്ഥ ആടിഫലിപ്പിച്ച രാമന്‍കുട്ടിനായര്‍ ജീവിതത്തെ നോക്കിക്കാണുന്നത് എപ്രകാരമായിരിക്കും? "സൂക്കട്" എന്നുമാത്രം വിശേഷിപ്പിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന വലിയ രോഗത്തെ ഇച്ഛാശക്തികൊണ്ടും മനസ്ഥൈര്യം കൊണ്ടും നേരിടാനും ഒരളവുവരെ തോല്‍പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞത് ഈ രാജസകഥാപാത്രങ്ങളുടെ അവതരണങ്ങള്‍ നല്‍കിയ മാനസികാവസ്ഥയാണ്. ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും കൂസലില്ലായ്മയുടെയും പര്യായങ്ങള്‍ കൂടിയാണ് അദ്ദേഹം അവതരിപ്പിച്ച കത്തിവേഷങ്ങള്‍. ആ മനോനില ആവാഹിച്ച രാമന്‍കുട്ടി നായര്‍ക്കുമുന്നില്‍ ഭിഷഗ്വരന്മാര്‍ പോലും അമ്പരന്നുപോവുന്നു. ധീരപുരുഷനായി അവര്‍ രാമന്‍കുട്ടിനായരെ വിലയിരുത്തുന്നു.
വെള്ളിനേഴി ഗ്രാമത്തിന്റെ നിഷ്കളങ്കതയും നൈര്‍മല്യവും വഹിക്കുന്ന ഒരു മനസ്സും രാമന്‍കുട്ടിനായര്‍ക്കുണ്ട്. ചിലപ്പോള്‍ ശിശുസഹജമായ സ്വഭാവം. ഉത്ഭവത്തില്‍ രാവണനൊക്കെയായി ആടിയ ഈ നടനാണോ ഇപ്രകാരം എന്ന് വിസ്മയിക്കാം. ഇരുപതിലധികം കൊല്ലമായി ആശാനുമായി പരിചയമുണ്ട്. അദ്ദേഹത്തിന്റെ അടുപ്പം ഏറ്റുവാങ്ങാന്‍ പലപ്പോഴും ഭാഗ്യമുണ്ടായിട്ടുണ്ട്. ഭാഗ്യം എന്നുതന്നെയാണ് പറയേണ്ടത്. സ്വതന്ത്ര പത്രപ്രവര്‍ത്തക വേഷത്തില്‍ മുന്നിലെത്തുമ്പോഴും അദ്ദേഹം എന്നെ "ഉണ്ണി" (എന്റെ വിളിപ്പേര്) എന്നാണ് വിളിയ്ക്കുക. വിജയകൃഷ്ണന്‍ എന്ന് അദ്ദേഹം എന്നെ ഇതുവരെ വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മൂത്ത മകന്റെ വിളിപ്പേരും ഉണ്ണി തന്നെ. രണ്ടാമത്തെ മകന്‍ അപ്പുക്കുട്ടനും ഞാനും സമപ്രായക്കാരുമാണ്.

ഒരിക്കല്‍ പാലക്കാടിനടുത്ത് കോങ്ങാട് പാറശ്ശേരിയില്‍ ഒരു വിവാഹം. രാമന്‍കുട്ടി നായര്‍ ആശാനും എത്തിയിട്ടുണ്ട്. എങ്ങനെയാണ് തിരിച്ചുപോകുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു. ഞാന്‍ മോട്ടോര്‍ സൈക്കിളിലാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ കൂടെ ആരെങ്കിലും ഉണ്ടോ എന്നായി. ഇല്ല എന്നുപറഞ്ഞപ്പോള്‍ മടക്കം ഞാനുമുണ്ട് എന്ന് അദ്ദേഹം ഉത്സാഹിച്ചു. ഞാന്‍ അമ്പരന്നു. ആശാന്‍ മോട്ടോര്‍ സൈക്കിളിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയോ? എന്റെ സങ്കോചം മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു. ""ഉണ്ണിയ്ക്ക് പേടിണ്ടങ്കില്‍ ഞാന്‍ ബസ്സില് പൊക്കോളാം"". നമുക്ക് ഒരുമിച്ചു പോകാമെന്ന് ഞാന്‍ പറഞ്ഞു. നല്ല ഉച്ച. ദൂരവും ഉണ്ട്. ഞാന്‍ അദ്ദേഹത്തെ വഹിച്ചുകൊണ്ട് വണ്ടി ഓടിച്ചു. ആശാന്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. വെള്ളിനേഴിയില്‍നിന്ന് ആശാന്റെ വീട്ടിലേക്കുള്ള വഴി അന്ന് സഞ്ചാരസുഗമമായിരുന്നില്ല. വലിയ കയറ്റിറക്കങ്ങള്‍. മുന്നില്‍ വലിയ കല്ലുകള്‍. മൂന്നു തവണ ആശാനെ ഇറക്കി അല്‍പം നടത്തിക്കേണ്ടിവന്നു. "ഓ. ഇത്പ്പോ" എന്നൊക്കെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. ""അപ്പുക്കുട്ടനാണെങ്കില്‍ ഇറക്കാതെ കൊണ്ടുപോവും"" അദ്ദേഹം പറഞ്ഞു. ""ഞാന്‍ കാരണം ആശാന്റെ ഒരു നഖത്തിന് പോറല്‍ പറ്റിയാല്‍ ആ ഉണ്ണി കാരണം കളി മുടങ്ങി എന്നുപറയില്ലേ""? ഞാന്‍ ആശാനോട് ചോദിച്ചു. ""അല്ല, ധൈര്യല്യങ്ക്ല്‍ വേണ്ട. എറങ്ങീത് നന്നായി."" വീട്ടിലെത്തിയ ആശാന്‍ പത്നിയോട് പറഞ്ഞു: ""ദാ, ഉണ്ണിടെ ഒപ്പാണ് വന്നത്. സ്കൂളിന്റെ അവ്ട്ന്ന് നടന്ന ഫലാ"". ചായ കുടിച്ചിട്ടേ പോകാവൂ എന്ന് ആശാന്‍ നിര്‍ബന്ധിച്ചു.

മറ്റൊരിക്കല്‍ കലാമണ്ഡലത്തിലെ ഒരു മീറ്റിങ്ങ് കഴിഞ്ഞ് ഞങ്ങള്‍ ഒരു വാഹനത്തിലാണ് മടങ്ങിയത്. ചെര്‍പ്പുളശ്ശേരി എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ""നമുക്ക് എമ്പ്രാന്തിരിയുടെ ഹോട്ടലില്‍ പോയി ചായ കുടിയ്ക്കാം."" ഞങ്ങള്‍ ചായയും അടയും കഴിച്ചു. ഞാന്‍ പണം കൊടുക്കാന്‍ ഭാവിച്ചപ്പോള്‍ ആശാന്‍ വിലക്കി. ""ഏയ്, ഉണ്ണികൊട്ക്കണ്ട"". അദ്ദേഹം പതുക്കെ താളാത്മകമായി ജുബ്ബയുടെ പോക്കറ്റില്‍നിന്ന് അഞ്ഞൂറു രൂപയുടെ നോട്ടെടുത്ത് ചുരുള്‍ നിവര്‍ത്തി. അതിന് തിരനോട്ടത്തിന്റെ അതേ സൗന്ദര്യം തോന്നി. ബാക്കി പണം "പതിഞ്ഞ പദ"ത്തിന്റെ പശ്ചാത്തലം പോലെ പതുക്കെ പോക്കറ്റിലിട്ടു.

ആശാന്റെ ജീവിതത്തിനുതന്നെയുണ്ട് ഒരു കല്ലുവഴിച്ചിട്ടയുടെ സ്വാഭാവികത. ഒരിക്കല്‍ കാലടിയില്‍ ഒരു യോഗം കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചു മടങ്ങുകയാണ്. രാജാനന്ദനും ഉണ്ട്. രാത്രി കഴിഞ്ഞു തൃശൂരെത്തിയപ്പോള്‍ രാമന്‍കുട്ടി ആശാന് അപ്പോള്‍ ഗോപി ആശാനെ കാണണം. അദ്ദേഹം ഒരു ചികിത്സ കഴിഞ്ഞ് വിശ്രമിക്കുകയാണ്. രാത്രി വൈകി. ഞങ്ങള്‍ മുണ്ടൂരില്‍ നിന്നുള്ള പാതയില്‍ വഴിതെറ്റി. ചിലരോട് അന്വേഷിച്ചു. ആര്‍ക്കും നല്ല നിശ്ചയമില്ല. ""അവനെ ലോകം മുഴുവന്‍ അറിയും. പക്ഷേ നാട്ടില് ആര്‍ക്കും അറിയില്ല"" രാമന്‍കുട്ടി നായര്‍ ആശാന്‍ പറഞ്ഞു. ഞങ്ങള്‍ വീട് കണ്ടുപിടിച്ചു. ശിഷ്യസ്നേഹത്തിന്റെ വൈകാരികമുഹൂര്‍ത്തം അനുഭവിച്ചറിഞ്ഞു. ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...

ഏറെ വേദികളില്‍ അദ്ദേഹത്തിന്റെ വരിയിലോ തൊട്ടുപിറകിലോ ഇരിക്കാനുള്ള അസുലഭ ഭാഗ്യം ലഭിച്ചിട്ടുണ്ട്. സത്യത്തില്‍ ഇരിപ്പുറയ്ക്കാറില്ല. ആ മഹാനടന്റെ മുന്നില്‍ ഞാനാര്? "ഗുരു താന്‍ ദൈവമെന്നുള്ളില്‍ തോന്നീടേണമെപ്പൊഴും" എന്നു തുടങ്ങുന്ന ശ്ലോകം ചൊല്ലിയേ അദ്ദേഹം പ്രസംഗിക്കാറുണ്ടായിരുന്നുള്ളൂ. തികച്ചും പാരമ്പര്യാധിഷ്ഠിത പശ്ചാത്തലത്തില്‍ പിറന്നുവളര്‍ന്ന രാമന്‍കുട്ടിനായര്‍ പുതിയ കാലവുമായി കലാപരമായി സന്ധി ചെയ്തു. അകം പച്ചയായ ആശാന്‍ അരങ്ങില്‍ രാജസ വേഷങ്ങളാടി നിറഞ്ഞു എന്നതും കലാകൗതുകമാവുന്നു. കലയില്‍ ഒരു കാലഘട്ടത്തിന്റെ മുടിചൂടാമന്നനായി വിരാജിക്കാന്‍ രാമന്‍കുട്ടി നായര്‍ക്കു കഴിഞ്ഞു. കഥകളി എന്ന വിചാരത്തില്‍ സ്വയം സമര്‍പ്പിച്ച് അദ്ദേഹം ജീവിച്ചു. രാമന്‍കുട്ടി നായരുടെ കാലത്ത് കളി കാണാന്‍ കഴിഞ്ഞു എന്നത് പല തലമുറകളുടെ സുകൃതം.

*
എന്‍ പി വിജയകൃഷ്ണന്‍ ദേശാഭിമാനി വാരിക 24 മാര്‍ച്ച് 2013

No comments: