Monday, April 1, 2013

കണ്ണൂര്‍ സര്‍വകലാശാലയെ കണ്ണുതുറപ്പിച്ച സമരം

ഭീമമായ ഫീസ് വര്‍ധനക്കെതിരെ കണ്ണൂര്‍ സര്‍വകലാശാലയ്ക്കുമുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം ഒടുവില്‍ വിജയം കണ്ടു. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ നോമിനേറ്റഡ് സിന്‍ഡിക്കറ്റുകളിലൂടെ സര്‍വകലാശാലകളില്‍ നടപ്പാക്കുന്ന വിദ്യാര്‍ഥി വിരുദ്ധ നയത്തിനെതിരെയുള്ള കനത്ത താക്കീതായി ഇതുമാറി.

ഫെബ്രുവരി നാലിനു ചേര്‍ന്ന സര്‍വകലാശാല ഭരണസമിതിയോഗമാണ് ആരെയും അമ്പരപ്പിക്കുന്ന ഫീസ് വര്‍ധന പ്രഖ്യാപിച്ചത്. നിലവിലുള്ള ഫീസും വര്‍ധിപ്പിച്ച ഫീസും പ്രസിദ്ധപ്പെടുത്തിയത് കണ്ടപ്പോള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പകച്ചുനിന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പതിനായിരക്കണക്കിന് പാവപ്പെട്ട വിദ്യാര്‍ഥികളോടുള്ള യുദ്ധപ്രഖ്യാപനമായിരുന്നു അത്. തുടര്‍പഠനം അസാധ്യമാക്കുന്ന പരിഷ്കരണം; എഴുനൂറ് ശതമാനം മുതല്‍ 1200 ശതമാനം വരെ കൊടിയ വര്‍ധന. ഇങ്ങനെയൊരു തീവെട്ടിക്കൊള്ള നടത്താന്‍ ഒരു ലജ്ജയുമില്ലാത്ത സര്‍വകലാശാല ഭരണസമിതിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം ലഭിച്ചിരിക്കും തീര്‍ച്ച. (പൊതുവിദ്യാലയങ്ങള്‍ക്ക് ശവപ്പെട്ടി പണിയാന്‍, സ്വകാര്യ സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കൊടുക്കുന്ന തിരക്കിലാണ് അദ്ദേഹമിപ്പോള്‍)

വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ നയത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. കോളേജുകളിലും സര്‍വകലാശാലാ കേന്ദ്രത്തിലുമായി പ്രതിഷേധ കൂട്ടായ്മകളും മറ്റു പരിപാടികളും സംഘടിപ്പിച്ചു. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 21ന് വിപുലമായ പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു. എന്നിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. മാര്‍ച്ച് 21ന് ആയിരത്തോളം വിദ്യാര്‍ഥികള്‍ പ്രകടനത്തില്‍ അണിനിരന്നു. മങ്ങാട്ടുപറമ്പിലെ സര്‍വകലാശാലാ കവാടത്തിനുമുന്നില്‍ നടന്ന യോഗം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനംചെയ്തു. സമരത്തെ നേരിടുന്നതിനായി സായുധ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. സര്‍വകലാശാലയുടെ മുഖ്യകവാടം അടച്ചുപൂട്ടിയ പൊലീസ് മുള്ളുവേലി, ഗ്രനേഡുകള്‍, കണ്ണീര്‍ വാതകം, ജലപീരങ്കി എന്നിവ സജ്ജമാക്കിയിരുന്നത് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു. ഉദ്ഘാടനത്തിനുശേഷം പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒരു പ്രകോപനവുമില്ലാതെ പൊലീസ് വിദ്യാര്‍ഥികള്‍ക്കുമേല്‍ ചാടിവീഴുകയായിരുന്നു. സമരത്തെ അലങ്കോലമാക്കാന്‍ കരുതിക്കൂട്ടിയിറങ്ങിയ പൊലീസ് ഭീകര ലാത്തിച്ചാര്‍ജ് നടത്തി. സര്‍വകലാശാലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്ന ജീവനക്കാരെയും വേട്ടയാടി.

എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജര്‍, കെ സബീഷ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിണ്‍ ശശി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി പി സിദിന്‍, സംസ്ഥാന കമ്മിറ്റി അംഗം അനുഷ, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എം വിജിന്‍ എന്നിവരെ ഉള്‍പ്പെടെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പ്രശോഭിനെ ഒരുകൂട്ടം പൊലീസുകാര്‍ വളഞ്ഞിട്ട് തല തല്ലിപ്പൊളിച്ചു. ശത്രുരാജ്യത്തിലെ സൈനികര്‍ക്കു നേരേയെന്നപോലെ 14 റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. സമര വളന്റിയര്‍മാരെ വലിച്ചിഴച്ച് ഇടിവണ്ടിയില്‍ കയറ്റി കണ്ണപുരം, വളപട്ടണം, കണ്ണൂര്‍ സിറ്റി സ്റ്റേഷനുകളില്‍ കൊണ്ടുപോയി വീണ്ടും മര്‍ദിക്കാനാണ് അവര്‍ തീരുമാനിച്ചത്. തുടര്‍ന്ന് പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

സര്‍വകലാശാലാ പരിസരം മണിക്കൂറുകളോളം യുദ്ധക്കളമാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ മറ്റു വിദ്യാര്‍ഥികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പയ്യന്നൂര്‍ എരിയ കമ്മിറ്റി അംഗം ജിജുവിന് ഗുരുതര പരിക്കിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. ആറളം ഫാമിലെ ആദിവാസി കുടുംബാംഗമായ നിധീഷ് ഉള്‍പ്പെടെ 26 പേരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ക്രൂരമായ വേട്ടയാടല്‍കൊണ്ടും ജയിലറകൊണ്ടും സമരത്തെ തകര്‍ക്കാമെന്ന ഭരണകൂടത്തിന്റെ വ്യാമോഹം വിദ്യാര്‍ഥികള്‍ വകവച്ചുകൊടുത്തില്ല. സമരം കത്തിപ്പടര്‍ന്നു. ഭീമമായ ഫീസ് വര്‍ധനക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ വിനില്‍ ലക്ഷ്മണന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മാര്‍ച്ച് 25ന് കെ കെ രാഗേഷ് ഉദ്ഘാടനംചെയ്ത പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മങ്ങാട്ടുപറമ്പിലെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം മൂന്നാംദിവസം എത്തിയപ്പോള്‍ സര്‍വകലാശാലാ കവാടത്തിനു മുന്നില്‍ തയ്യാറാക്കിയ സമര പന്തലിന് ഉള്‍ക്കൊള്ളാന്‍ കളിയാത്തവിധം വിദ്യാര്‍ഥി പങ്കാളിത്തം വര്‍ധിച്ചു. അധ്യാപക- അനധ്യാപക- യുവജന- കര്‍ഷക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ സമരത്തിനു പിന്തുണയുമായെത്തി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എംഎല്‍എമാരായ ജയിംസ് മാത്യു, ടി വി രാജേഷ് എന്നിവര്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ എം അബ്രഹാമിനെ ഫീസ് വര്‍ധന ശ്രദ്ധയില്‍പ്പെടുത്തി. സമരം ഒത്തുതീര്‍ത്തില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന എസ്എഫ്ഐയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രൊവൈസ് ചാന്‍സലറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കാന്‍ സര്‍വകലാശാല നിര്‍ബന്ധിതമായി.

മാര്‍ച്ച് 27ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പടെയുള്ളവര്‍ രണ്ടു മണിക്കൂറോളം സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തി. ഒടുവില്‍ ഭീമമായ ഫീസ് വര്‍ധന പിന്‍വലിക്കാന്‍ സിന്‍ഡിക്കറ്റ് നിര്‍ബന്ധിതമായി. ഇതുവരെ ഇല്ലാത്തതും പുതുതായി അടിച്ചേല്‍പ്പിച്ചതുമായ 22 ഇനങ്ങളിലെ ഫീസ് സമ്പൂര്‍ണമായി പിന്‍വലിച്ചു. 700 മുതല്‍ 1200 ശതമാനംവരെ വര്‍ധിപ്പിച്ച ഫീസുകള്‍ 25 ശതമാനമായി നിജപ്പെടുത്താന്‍ ധാരണയായി. സര്‍വകലാശാല പഠനവകുപ്പുകളില്‍ നേരത്തെ നടപ്പാക്കിയ ട്യൂഷന്‍ഫീസ് പരിഷ്കരിച്ചുള്ള വര്‍ധന അടുത്ത സെമസ്റ്റര്‍ മുതല്‍ 25 ശതമാനമായി വെട്ടിച്ചുരുക്കാമെന്നും സപ്ലിമെന്ററി ഫീസ് വര്‍ധന പകുതിയാക്കി കുറയ്ക്കാമെന്നും സര്‍വകലാശാല ഉറപ്പുനല്‍കി. ഇനി എന്തെങ്കിലും ഇനത്തില്‍ ഫീസ് വേണ്ടിവന്നാല്‍ വിദ്യാര്‍ഥി സംഘടനകളുമായി സിന്‍ഡിക്കറ്റ് ഉപസമിതി കൂടിയാലോചന നടത്താതെ ഒരു ഫീസും ഏര്‍പ്പെടുത്തില്ലെന്നും ഉറപ്പു ലഭിച്ചു.

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ നാരങ്ങാനീരു നല്‍കിയാണ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്റെ നിരാഹാരസമരം അവസാനിപ്പിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയിലെ അക്കാദമിക് വിരുദ്ധ നീക്കത്തെ മുട്ടുകുത്തിച്ച സമരം ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണമേന്മയും സാമൂഹ്യനീതിയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ആവേശമാണ്; ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേറ്റ പ്രഹരവും.

*
ഷിജൂഖാന്‍ (എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

No comments: