Monday, April 1, 2013

സിയാല്‍ അല്ല; മാതൃക സിയാറ്റില്‍ മൂപ്പന്‍

1854ല്‍ അമേരിക്കയിലെ സിയാറ്റിലിലെ റെഡ് ഇന്ത്യന്‍ മൂപ്പന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ പിയേഴ്സിനെഴുതിയ വിഖ്യാതമായ കത്തില്‍ ജലത്തെക്കുറിച്ചും നദികളെക്കുറിച്ചും ഇങ്ങനെ പറയുന്നു: ""അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന വെള്ളം വെറും വെള്ളമല്ല, അത് ഞങ്ങളുടെ പൂര്‍വികരുടെ ചോരയാണ്. ഞങ്ങളുടെ ഭൂമി വില്‍ക്കുമ്പോള്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. തടാകങ്ങളിലെ തെളിമയാര്‍ന്ന ജലത്തിലെ തിളക്കമുള്ള ഓരോ പ്രതിഫലനവും എന്റെ ജനതയുടെ ജീവിതത്തിലെ ഓര്‍മകളാണ് വിളിച്ചു പറയുന്നത്. ആ ജലമര്‍മരങ്ങള്‍ എന്റെ പിതാമഹന്മാരുടെ ശബ്ദമാണ്. ഞങ്ങളുടെ ദാഹം തീര്‍ക്കുന്ന നദികള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. ഞങ്ങളുടെ കുഞ്ഞുവഞ്ചികളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ ഊട്ടുന്നവര്‍. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സഹോദരര്‍ക്ക് നല്‍കുന്ന കനിവ് നദികള്‍ക്കും നല്‍കണം"".

തങ്ങളുടെ നദിയിലും മരത്തിലും കണ്ണുവയ്ക്കുന്ന ഭരണകൂടത്തിന്റെ ദുരാര്‍ത്തിക്കെതിരെ നിര്‍ഭയം നിലകൊണ്ട സുസ്ക്വാമിഷ് ഗോത്രത്തലവന്‍ എഴുതിയ കത്തിന് വര്‍ഷം 159 കഴിഞ്ഞിട്ടും പ്രസക്തിയും തിളക്കവും പതിന്മടങ്ങ് വര്‍ധിക്കുകയാണ്. പ്രകൃതിയുടെയും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അനിവാര്യമായ വെള്ളം വിറ്റ് പണമുണ്ടാക്കാന്‍ മൂലധനശക്തികള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ശ്രമിച്ചിട്ടുണ്ടെന്നും പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്നവര്‍ അതിനെ എക്കാലവും ചെറുത്തുനിന്നിട്ടുണ്ടെന്നുമാണ് സിയാറ്റില്‍ മൂപ്പനും അദ്ദേഹത്തിനുപിന്നില്‍ അണിനിരന്ന റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗവും നമുക്കു നല്‍കുന്ന ചരിത്രപാഠം. ചെറുതും വലുതുമായ നാല്‍പ്പതിലധികം നദികളുള്ള കേരളത്തെ പിടിച്ചുലയ്ക്കുന്ന വരള്‍ച്ചയില്‍ കുടിവെള്ളത്തിനായി അലയുന്ന നിരാശ്രയരായ മനുഷ്യരുടെ മുഖത്തുനോക്കി കുടിവെള്ളം വിറ്റ് പണമുണ്ടാക്കാനുള്ളതാണെന്നും തങ്ങള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് അത് വാങ്ങിക്കൊള്ളണമെന്നും ധാര്‍ഷ്ട്യത്തോടെ ഭരണക്കാര്‍ പറയുമ്പോള്‍ സിയാറ്റില്‍ മൂപ്പന്‍ കേരളീയരുടെ ഇനിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമാകേണ്ടതുണ്ട്.

2014 മാര്‍ച്ചിനു മുമ്പ് പഞ്ചായത്തുകളിലേയും 2015ല്‍ മുനിസിപ്പാലിറ്റികളിലെയും 2016 മാര്‍ച്ചില്‍ കോര്‍പറേഷനുകളിലെയും കുടിവെള്ള വിതരണച്ചുമതല പുതിയ കമ്പനിക്ക് കൈമാറാനുള്ള നീക്കങ്ങള്‍ക്ക് ഇപ്പോള്‍ മൂര്‍ത്തത കൈവന്നിരിക്കുന്നു. സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ച് കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ആരോഗ്യവും വിദ്യാഭ്യാസവുമടക്കമുള്ള പൊതുസേവനമേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന പുത്തന്‍സാമ്പത്തിക നയത്തിന്റെ കുറിപ്പടികള്‍ക്ക് തുല്യംചാര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ ഇതും പ്രതീക്ഷിച്ചതുതന്നെ. വെള്ളത്തിന്റെ പൂര്‍ണാവകാശം സ്വകാര്യകുത്തകകളുടെ കൈവശം എത്തുന്നതോടെ അതിനു നല്‍കേണ്ട വില കുതിച്ചുയരുമെന്നുറപ്പ്. വാട്ടര്‍ അതോറിറ്റിയെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാക്കി ഒതുക്കാനും പെരിയാറും മലമ്പുഴയും വില്‍ക്കാനുമുള്ള മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിച്ച ജനതയുടെ മുഖത്തുനോക്കിയാണ് നിങ്ങള്‍ക്ക് അവകാശപ്പെട്ട വെള്ളത്തിനുമേലുള്ള അധികാരം സ്വകാര്യവ്യക്തികള്‍ക്കു കൈമാറുമെന്ന് ധിക്കാരപൂര്‍വം പറയുന്നത്.

മൂന്നാംലോക രാഷ്ട്രങ്ങളിലെ ജലമടക്കമുള്ള പ്രകൃതിസമ്പത്ത് എന്നും ആഗോള മൂലധനശക്തികളുടെ ചൂഷണത്തിനിരയായിട്ടുണ്ട്. 2003ല്‍ ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്കയുടെ ലക്ഷ്യം അവിടത്തെ പെട്രോള്‍ മാത്രമല്ല, വെള്ളവും കൂടിയായിരുന്നു. ഇറാഖിലെ സൈനിക കേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും തകര്‍ത്തുതരിപ്പണമാക്കിയ അമേരിക്കന്‍സേന അവിടത്തെ ജലസംഭരണികളും ഇടിച്ചു നിരപ്പാക്കി. ഈ മേഖലയില്‍ ശുദ്ധജലം നല്‍കിയ, മെസപ്പൊട്ടോമിയന്‍ നാഗരികതയെ തൊട്ടിലാട്ടിയ യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ വെള്ളത്തിന്റെ അവകാശമത്രയും ഇറാഖിലെ പുനര്‍നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത ബെക്ടല്‍ എന്ന ആഗോള കുത്തകയ്ക്ക് കൈമാറി. യൂഫ്രട്ടീസിലെയും ടൈഗ്രീസിലെയും വെള്ളത്തിന്റെ അവകാശം നേടാന്‍ ആഗോള കുത്തകകള്‍ക്ക് രക്തരൂഷിതമായ യുദ്ധം വേണ്ടിവന്നെങ്കില്‍ ഇന്ത്യയില്‍ ഒരുതുള്ളി വിയര്‍പ്പുപോലും ഒഴുക്കാതെ ജലത്തിന്റെ കുത്തകാവകാശം നേടിയെടുക്കുകയാണവര്‍. കുനിയാന്‍ പറയുമ്പോള്‍ ഇഴയാന്‍ മടികാണിക്കാത്ത, തന്റേടമില്ലാത്ത കേന്ദ്രസര്‍ക്കാരും അതിനെ പിന്‍പറ്റുന്ന സംസ്ഥാന സര്‍ക്കാരും കുത്തകകളെ താലമേന്തി വരവേല്‍ക്കുകയാണ്.

കോടികളുടെ പൊതുമുതല്‍ കൊള്ളയടിക്കാന്‍ ഭരണാധികാരികള്‍ക്ക് അവസരമൊരുക്കിയ നവ ഉദാരനയത്തിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ വെള്ളത്തിന്റെ കുത്തകവല്‍ക്കരണം. ഇതിനെതിരെ സമരം പ്രഖ്യാപിച്ച സിപിഐ എം സംസ്ഥാനത്തെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രാദേശിക സര്‍വേ നടത്താന്‍പോകുകയാണ്. ഓരോ പ്രദേശത്തെയും കുടിവെള്ളപ്രശ്നം മുന്‍നിര്‍ത്തി സിപിഐ എം നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കേണ്ടതും അതുവഴി സര്‍ക്കാരിനെ പിന്തിരിപ്പിക്കേണ്ടതും ഓരോ കേരളീയന്റെയും ചുമതലയാണ്. സര്‍ക്കാരിന് നാമമാത്രമായ പങ്കാളിത്തമുള്ള സിയാല്‍ അല്ല, ചൂഷണത്തിനെതിരെ നെഞ്ചുവിരിച്ചു നിന്ന സിയാറ്റില്‍ മൂപ്പനാണ് നമുക്ക് മാതൃകയാവേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 01 ഏപ്രില്‍ 2013

No comments: