Monday, April 1, 2013

ഭരണക്കാരേ, കണ്ണുതുറക്കൂ!

ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും ദമാമില്‍ നിന്നും മറ്റും എത്ര ഫോണ്‍ കോളുകളാണ് വരുന്നത്! ഓരോ കോളിലും അനിശ്ചിതത്വത്തിന്റെ ആശങ്ക മുഴങ്ങുന്നു. സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കുകളിലൊക്കെ ദുഃഖം ജ്വലിക്കുന്ന രോഷമാകുന്നതുകാണാം. സൗദി അറേബ്യയിലെ ഇന്ത്യക്കാര്‍ ഇനിയങ്ങോട്ട് ജീവിക്കേണ്ടിവരിക നെരിപ്പോടിലെന്ന പോലെയായിരിക്കും. ഒട്ടേറെപ്പേര്‍ മടക്കയാത്രക്കായി ഭാണ്ഡം മുറുക്കി കഴിഞ്ഞു. അല്ലാത്തവര്‍ അത് എപ്പോഴാണു ചെയ്യേണ്ടിവരിക എന്നറിയാതെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. പ്രവാസികളായ ഇന്ത്യക്കാര്‍ എപ്പോഴും ചോദിക്കാറുണ്ട്, ഞങ്ങളുടെ മാതൃരാജ്യം ഞങ്ങളെ അറിയുകയില്ലേ എന്ന്. ആ ചോദ്യത്തിനു പിറകില്‍ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. തൊഴില്‍ പ്രശ്‌നം ഉണ്ടാകുമ്പോള്‍, ചെയ്ത ജോലിക്കു കൂലി കിട്ടാതെ വരുമ്പോള്‍, സ്‌പോണ്‍സര്‍മാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ കബളിപ്പിക്കുമ്പോള്‍, അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോള്‍, എയര്‍ ഇന്ത്യ അവരെ കബളിപ്പിക്കുമ്പോള്‍ എല്ലാം ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥരെപ്പോലെയാണ് അവര്‍ അവഹേളിക്കപ്പെടുന്നത്. എംബസിയിലെ വലിയ 'ബാബുമാര്‍' ക്ക് പ്രവാസികളില്‍ മഹാഭൂരിപക്ഷം വരുന്ന പാവങ്ങളോടും സാധാരണക്കാരോടും പുച്ഛമായിരുന്നു. നയതന്ത്ര ദൗത്യം അവരെ ഏല്‍പ്പിക്കുന്ന കര്‍ത്തവ്യങ്ങളെക്കാളേറെ നയതന്ത്ര വരാന്തകളിലെ ആര്‍ഭാടങ്ങളില്‍ അഭിരമിക്കാനാണ് അവര്‍ക്കു കമ്പം.

സ്വദേശിവല്‍ക്കരണത്തിന്റെ ഈ വാള്‍മുന പ്രവാസികളുടെ തലക്കുമുകളില്‍ ഒരു രാത്രികൊണ്ട് കെട്ടിതൂക്കിയതല്ല. 'നിതാഖത്ത്' പദ്ധതിയെക്കുറിച്ച് സൗദി ഭരണവൃത്തങ്ങള്‍ ആലോചന തുടങ്ങിയിട്ട് മാസങ്ങളാകുന്നു. അതിന്റെ ഗതിക്രമത്തെക്കുറിച്ച് അന്വേഷിക്കുവാനും സാധ്യമായ മുന്‍കരുതല്‍ എടുക്കാനും ഇന്ത്യന്‍ നയതന്ത്ര വിദഗ്ധന്മാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അവര്‍ എന്തിനാണ് എംബസിയും കോണ്‍സുലേറ്റും തുറന്ന് വച്ച് അവിടെ ചടഞ്ഞിരിക്കുന്നത്? ഇപ്പോള്‍ ഇടിത്തീപോലെയാണ് ഈ കൂട്ടപലായനം ഉണ്ടായിരിക്കുന്നത്. ഇത് എംബസി ഉദ്യോഗസ്ഥരുടെ മാത്രം പരാജയമല്ല. കരിങ്കല്ലിന് കാറ്റുപിടിച്ചപോലെ നോക്കിയിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ സമ്പൂര്‍ണ പരാജയമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. എല്ലാത്തരം നാണക്കേടുകളുടേയും മേലധ്യക്ഷസ്ഥാനം വഹിക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം. കിളിര്‍ക്കാന്‍ പാടില്ലാത്തിടത്ത് കിളിര്‍ത്ത ആലിന്‍കൊമ്പത്ത് ഊഞ്ഞാല്‍ കെട്ടുന്നതിനെക്കുറിച്ചുള്ള ചിന്തയില്‍ അവര്‍ മുഴുകിയിരിക്കുകയാണല്ലോ.

സൗദി അറേബ്യന്‍ പട്ടണങ്ങളിലെ 10 ലക്ഷം ഇന്ത്യക്കാര്‍ അടിയന്തര കുടിയൊഴിക്കല്‍ ഭീഷണി നേരിടുകയാണ്. അതില്‍ 6 ലക്ഷംപേരെങ്കിലും മലയാളികള്‍ ആയിരിക്കും. ഈ കണക്കുകളൊന്നും കൃത്യമല്ല. കൃത്യമായ കണക്കുകള്‍ ഇതുവരെ ആരുടെപക്കലും ഇല്ല എന്നതാണ് സത്യം. സ്വന്തം പൗരന്മാരെ പറ്റിയും അവരുടെ സുരക്ഷിത ജീവിതത്തെപ്പറ്റിയും നാടിന്റെ സമ്പദ്ഘടനയെപ്പറ്റിയും തരിമ്പെങ്കിലും കരുതലുള്ള ഒരു ഗവണ്‍മെന്റിന് വേണമെന്നുവച്ചാല്‍ ഇതെല്ലാം നിഷ്പ്രയാസം ശേഖരിക്കാന്‍ കഴിയുന്നതാണ്. നമുക്ക് വിദേശകാര്യ വകുപ്പും പ്രവാസികാര്യവകുപ്പും അവയ്‌ക്കെല്ലാം ഘനഗംഭീരന്‍മാരായ മന്ത്രിമാരും ഉണ്ട്. സംസ്ഥാനത്താണെങ്കില്‍ പ്രവാസികാര്യവകുപ്പും മന്ത്രിയും 'നോര്‍ക്കയും' 'റൂട്ട്‌സും' എല്ലാം തിരുതകൃതിതന്നെ. സൗദി അറേബ്യയില്‍ പ്രവാസികളെ കടപുഴകിയെറിയുന്ന ഈ കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോള്‍ ഒരു കാലാവസ്ഥാ പ്രവചനം പോലും നടത്താനാകാതെ ഈ മഹദ്‌സംവിധാനങ്ങളെല്ലാം കണ്ണുമിഴിച്ചു നില്‍ക്കുകയാണ്. പ്രവാസികളുടെ ദുഃഖവും രോഷവും ന്യായമല്ലെന്ന് ആര്‍ക്കുപറയാന്‍ കഴിയും?

താജിക്കിസ്ഥാന്‍ യാത്ര കഴിഞ്ഞ് മടങ്ങിവന്നതിനുശേഷം പ്രശ്‌നം പഠിച്ച് ഇടപെടാമെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഇ അഹമ്മദ് പറഞ്ഞത്. താജിക്കിസ്ഥാനില്‍വച്ച് യാദൃശ്ചികമായി കണ്ട സൗദി അറേബ്യയിലെ താഴെ ശ്രേണിയില്‍പ്പെട്ട ഏതോ ഒരു സൗദി മന്ത്രിയോട് ഇക്കാര്യം ഉണര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സമയം കിട്ടിയത്രെ! അതിന്റെ ബലത്തില്‍ ഒന്നും പേടിക്കാനില്ലെന്ന് അഹമ്മദ് സാഹിബിന് ബോധ്യമായിരിക്കുന്നുവത്രേ!! ലീഗിന്റെ സഹമന്ത്രിക്ക് അത്രയും ബോധ്യമാകുമ്പോള്‍ കോണ്‍ഗ്രസിന്റെ മുഴുമന്ത്രിക്ക് അതിന്റെ പകുതിയെങ്കിലും ബോധ്യപ്പെടണമല്ലോ. ഭയപ്പാടുകള്‍ക്കെതിരെ എന്തോ ഒരു ജപിച്ചുചൊല്ലല്‍ വയലാര്‍ രവിയും നടത്തി!

ജീവിതം തേടി അറേബ്യന്‍ മണലാരണ്യങ്ങളിലേയ്ക്ക് കുടിയേറിയവര്‍ക്ക് മുമ്പില്‍ ജീവിതം ഇന്ന് ഒരുവലിയ ചോദ്യ ചിഹ്നമാണ്. ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു മുന്നിലും ചോദ്യങ്ങളുയര്‍ത്തും. സ്ഥിരീകരിക്കപ്പെടാത്ത കണക്കുകള്‍ പ്രകാരം പ്രവാസി നിക്ഷേപം 62000 കോടി രൂപയ്ക്ക് മുകളിലാണ്. ഇതില്‍ 90 ശതമാനവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുതന്നെ. എഴുപതുകളുടെ ആരംഭത്തോടെയാണ് ലോകം 'പെട്രോ ഡോളര്‍' എന്ന പദം കേള്‍ക്കുന്നത്. മരുഭൂമിയുടെ ആഴങ്ങളില്‍ ഒളിച്ചുകിടന്ന എണ്ണ കണ്ടെടുക്കപ്പെട്ടു. കന്നുകാലികളെമേച്ചും മീന്‍പിടിച്ചും ജീവിതം തള്ളിനീക്കിയ ആ രാജ്യങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പുതിയ വേലിയേറ്റം ഉണ്ടായി. സമ്പത്ത് കുന്നുകൂടിയ അവിടങ്ങളില്‍ ചെറുതും വലുതുമായ പ്രര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മനുഷ്യാദ്ധ്വാനം ലഭ്യമല്ലാതായിരുന്നു. ആ വിടവിലേയ്ക്കാണ് സാഹസികനായ മലയാളി അടക്കമുള്ള ഇന്ത്യക്കാര്‍ ചേക്കേറിയത്. അവര്‍ക്കുപിന്നാലെയാണ് ഫിലിപ്പൈന്‍സ്‌ക്കാരും ശ്രീലങ്കക്കാരും പാകിസ്ഥാന്‍കാരും ബംഗ്ലാദേശ്കാരുമെല്ലാം പതിനായിരക്കണക്കിന് വന്നെത്തിയത്. ഗള്‍ഫിലെ ഓരോ രാജ്യത്തിന്റെയും വളര്‍ച്ചയുടെ പുറകില്‍ ഈ മനുഷ്യരുടെ അധ്വാനവും വിയര്‍പ്പുമുണ്ട്. ആ മണ്ണില്‍ നിന്നാണ് അവര്‍ ഇപ്പോള്‍ ആട്ടിയകറ്റപ്പെടുന്നത്. അതിനു സൗദി അറേബ്യയ്ക്കു അവരുടെ രാജ്യതാല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയ കാരണങ്ങള്‍ പറയാനുണ്ടാകും. ഇത്തരം സാമൂഹിക-സാമ്പത്തിക വികാസങ്ങള്‍ ഉരുത്തിരിഞ്ഞു വരുമ്പോള്‍ ഇന്ത്യയിലെ ഗവണ്‍മെന്റ് എന്തുകൊണ്ടാണ് കണ്ണടച്ചിരിക്കുന്നത്? ഇത്തരം സ്ഥിതിവിശേഷത്തിലകപ്പെടുന്ന ഇന്ത്യന്‍ പൗരന്മാരുടെ രക്ഷയ്ക്കായി ഒരു കര്‍മ്മപദ്ധതിയും എന്തുകൊണ്ട് ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ചില്ല? ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇന്ത്യന്‍ പൗരന്മാരോടു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്നത് പൊറുക്കാനാകാത്ത നന്ദികേടാണ്. അവര്‍ വിയര്‍പ്പൊഴുക്കി മിച്ചംവെച്ച സമ്പാദ്യമത്രയും കൈനീട്ടി വാങ്ങി പുഷ്ടിപ്പെട്ട നമ്മുടെ സമ്പദ്ഘടനയുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ എന്തുകൊണ്ട് ഗവണ്‍മെന്റുകള്‍ കണക്കിലെടുത്തില്ല?

ഗള്‍ഫ് കുടിയേറ്റവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും ഗൗരവതരമായ ഒരു പഠനം നടത്തുവാന്‍ പോലും ഭരണക്കാര്‍ക്കു കഴിഞ്ഞിട്ടില്ല. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും വൈയക്തികവുമായ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന സങ്കീര്‍ണ പ്രതിഭാസമാണ് ഗള്‍ഫ് കുടിയേറ്റത്തിന്റേത്. അവയെപ്പറ്റി ആര്‍ക്കും പറയാവുന്ന പൊതുവര്‍ത്തമാനങ്ങള്‍ അല്ലാതെ വസ്തുനിഷ്ഠമായ സ്ഥിതിവിവരക്കണക്കുകള്‍പോലും സര്‍ക്കാരുകളുടെ കൈവശമില്ല. ഈ സ്ഥിതി എത്രയും ലജ്ജാകരമാണെന്നു പറയേണ്ടതില്ല.

'മലയാളികളുടെ കുടിയേറ്റ പ്രവണതയിലെ മാറ്റങ്ങളെക്കുറിച്ച് കാലാകാലങ്ങളില്‍ പഠനം നടത്തിയിട്ടുള്ളത് 'സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്' (സി ഡി എസ്) ആണ്. അവിടത്തെ അന്താരാഷ്ട്ര കുടിയേറ്റ പഠനവിഭാഗം ഇതു സംബന്ധിച്ച് ആറ് പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ആറാമത്തേതായിരുന്നു 2011 ലെ 'കേരള മൈഗ്രേഷന്‍ സര്‍വേ' റിപ്പോര്‍ട്ട്. 2015 ഓടെ ഗള്‍ഫില്‍ നിന്നുള്ള തിരിച്ചൊഴുക്കിന്റെ വേഗത കൂടുമെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആഭ്യന്തരമായ കാരണങ്ങളോടൊപ്പം ഗള്‍ഫില്‍ ശക്തിപ്പെടുന്ന സ്വദേശിവല്‍ക്കരണവും ഇതിനുവഴിയൊരുക്കുന്ന ഘടകമാണ്. 2011 ല്‍ തന്നെ 11.5 ലക്ഷം മലയാളികള്‍ നാട്ടിലേയ്ക്കു മടങ്ങി. ഇത്തരം പഠനങ്ങളുടെ വെളിച്ചത്തില്‍ ഭരണാധികാരികള്‍ നടത്തേണ്ട നയപരമായ ഇടപെടലുകളും മുന്നൊരുക്കങ്ങളും ഒന്നും ഇവിടെയുണ്ടായില്ല. ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിവന്ന സമ്പാദ്യം ഉല്‍പ്പാദനക്ഷമമായ ഏതെങ്കിലും തരത്തില്‍ വിനിയോഗിക്കണമെന്നും അവര്‍ക്കു പറഞ്ഞുകൊടുക്കാന്‍പോലും ഇവിടെ സംവിധാനങ്ങളില്ലായിരുന്നു. 'എടുത്താല്‍ പൊങ്ങാത്ത' വീടുകള്‍ കെട്ടിപ്പടുക്കാനാണ് പലപ്പോഴും പ്രവാസി തന്റെ സമ്പാദ്യം ഉപയോഗിച്ചത്. ഇപ്പോള്‍ തിരിച്ചുവരവിന്റെ കുത്തൊഴുക്കുണ്ടാകുമ്പോള്‍ ജീവിതത്തിനു വഴിയുണ്ടാകാതെ വരുമ്പോള്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക-സാമൂഹിക പിരിമുറുക്കങ്ങള്‍ വലുതായിരിക്കും. 'പുനരധിവാസം' ഒരു നല്ല വാക്കാണ് എന്നതിനപ്പുറം അതേക്കുറിച്ച് ഒന്നുമറിയാത്തവരാണ് നമ്മുടെ അധികാരികളില്‍ പലരും. അധികാരത്തിന്റെ അകത്തളങ്ങളില്‍ അന്തഃഛിദ്രം മുറുകുമ്പോള്‍ ചിലരുടെ രാഷ്ട്രീയ പുനരധിവാസത്തെക്കുറിച്ചുമാത്രമേ ഗവണ്‍മെന്റ് ചിന്തിക്കുന്നുള്ളു. ബാക്കിയുള്ളതെല്ലാം വര്‍ത്തമാനത്തിലൊതുക്കാനാണ് അവരുടെ പുറപ്പാട്. അതുകൊണ്ടൊന്നും ഒതുങ്ങാത്ത മലവെള്ളപ്പാച്ചിലാണ് വരുന്നത്. ഭരണക്കാരേ, ഇപ്പോഴെങ്കിലും നിങ്ങള്‍ കണ്ണു തുറക്കൂ. ഒരു സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം.

*
ബിനോയ് വിശ്വം ജനയുഗം

No comments: