Tuesday, April 2, 2013

സ്തനാര്‍ബുദ മരുന്നിനായി പ്രക്ഷോഭം

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് സ്വിസ്സ് കമ്പനിയായ റോഷ് (Roche) കുത്തകയാക്കി വച്ച് കൊള്ളലാഭം തട്ടിയെടുക്കുന്നതിനെതിരെ വനിതാ സംഘടനകളും ജനകീയാരോഗ്യ പ്രവര്‍ത്തകരും സമരരംഗത്താണ്. ട്രാസ്റ്റുസുമാബ് എന്ന വിഭാഗത്തില്‍പ്പെട്ട മരുന്നാണ് ഹെര്‍സെപ്റ്റിന്‍ എന്ന പേരില്‍ അമിതവിലയ്ക്കു വിറ്റ് റോഷ് ഇന്ത്യന്‍ ജനതയെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഗുരുതര സ്വഭാവമുള്ളതും സ്താനാര്‍ബുദരോഗികളില്‍ നാലിലൊരാളില്‍ കാണപ്പെടുന്നതുമായ വിഭാഗത്തില്‍പ്പെട്ട ഹെര്‍2+സ്തനാര്‍ബുദം. ഹെര്‍2+സ്താനാര്‍ബുദ ചികിത്സയ്ക്കായി ഇപ്പോള്‍ ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും ഫലവത്തായ മരുന്നാണ് ട്രാസ്റ്റുസുമാബ്. ഈ മരുന്ന് ശസ്ത്രക്രിയക്കു ശേഷം കീമോത്തെറാപ്പിയുടെ ഭാഗമായി നല്‍കിയാല്‍ രോഗം കൂടുതല്‍ മൂര്‍ഛിക്കാതെ സുഖമായി ജീവിക്കാന്‍ രോഗബാധിതര്‍ക്ക് കഴിയും.

ഇന്ത്യയില്‍ അതിവേഗം വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. വര്‍ഷംതോറും ഒരുലക്ഷംപേര്‍ക്ക് സ്തനാര്‍ബുദം ബാധിച്ചുവരുന്നതായി കണക്കാക്കപ്പെടുന്നു. അതായത് 22 സ്ത്രീകളില്‍ ഒരാള്‍ക്കു വീതം ജീവിതകാലത്ത് എപ്പോഴെങ്കിലും സ്തനാര്‍ബുദം ബാധിക്കാന്‍ സാധ്യതയുണ്ട്. ഓരോ പത്തു മിനിറ്റിലും സ്തനാര്‍ബുദം ബാധിച്ച് ഒരാള്‍ വീതം ഇന്ത്യയില്‍ മരിച്ചുകൊണ്ടിരിക്കയാണ്. മാത്രമല്ല, സമീപകാലത്തായി പ്രായം കുറഞ്ഞവരിലും സ്തനാര്‍ബുദം വര്‍ധിച്ചുവരുന്നതായി കാണുന്നു. രോഗബാധിതരില്‍ പകുതിയോളം പേര്‍ 50 വയസ്സില്‍ താഴെ മാത്രമുള്ളവരാണ്. ഇവരിലാകട്ടെ ഹെര്‍2+ വിഭാഗത്തില്‍പ്പെട്ട കാന്‍സറാണ് കൂടുതലായി കാണുന്നത്. കേരളത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ കൂടുതലായാണ് സ്തനാര്‍ബുദം കാണപ്പെടുന്നത്.

സ്തനാര്‍ബുദ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടാണ് 2006ല്‍ അമേരിക്കന്‍ എഫ്ഡിഎ ഹെര്‍2+ ചികിത്സയ്ക്കുള്ള ട്രാസ്റ്റുസുമാബ് മാര്‍ക്കറ്റ് ചെയ്യാന്‍ അനുവാദം നല്‍കിയത്. ഈ മരുന്നിന്റെ പേറ്റന്റ് എടുത്തിട്ടുള്ള റോഷിനാണ് മരുന്ന് ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്നതിനുള്ള കുത്തക വിപണനാധികാരമുള്ളത്. 2011 ല്‍ റോഷ് ട്രാസ്റ്റുസുമാബ്, ഹെര്‍സെപ്റ്റിന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്തു. ദരിദ്രര്‍ക്ക് മാത്രമല്ല ഇടത്തരക്കാര്‍ക്ക് പോലും താങ്ങാനാകാത്ത വിലയ്ക്കാണ് ഹെര്‍സെപ്റ്റിന്‍ റോഷ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. മാസത്തിലൊരു കുത്തിവയ്പ് വീതം ഒരുവര്‍ഷംകൊണ്ട് 12 തവണകളായാണ് മരുന്നു നല്‍കേണ്ടത്. ഹെര്‍സെപ്റ്റിന്‍ ഒരു കുത്തിവയ്പിനുള്ള വയലിന് ഒരു ലക്ഷത്തി പതിനായിരം രൂപയാണ് വില. അതായത് ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് 13 ലക്ഷത്തി ഇരുപതിനായിരം രൂപ വേണ്ടി വരും. പിന്നീടവര്‍ വില 92,000 ആയി കുറച്ചു (മൊത്തം ചികിത്സാ ചെലവ് അപ്പോഴും 11 ലക്ഷത്തി നാലായിരം രൂപ).

ലക്ഷാധിപതികള്‍ക്ക് മാത്രം താങ്ങാന്‍ കഴിയുന്ന ഹെര്‍സെപ്റ്റിന്‍ അമിതവില കുറയ്ക്കണമെന്ന ആവശ്യമുയര്‍ന്നു വന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ എം ക്യൂര്‍ ഫാര്‍മായുമായി 2012 ആഗസ്തില്‍ റോഷ് വാണിജ്യകരാറിലേര്‍പ്പെട്ടു. തുടര്‍ന്ന് എം ക്യൂര്‍ ഫാര്‍മ അവരുടെ ബ്രാന്‍ഡ് മരുന്ന് ഹെര്‍ക്ലോണ്‍ എന്ന പേരില്‍ ഒരു വയലിന് 72,000 രൂപയ്ക്ക് മാര്‍ക്കറ്റ് ചെയ്യാന്‍ ആരംഭിച്ചു. അപ്പോഴും ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് എട്ടു ലക്ഷത്തി അറുപത്തിനാലായിരം രൂപ ചെലവിടേണ്ടിവരും. ഇന്ത്യന്‍ പേറ്റന്റ് കണ്‍ട്രോളര്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥപ്രകാരം കരള്‍, വൃക്ക, കാന്‍സര്‍ ചികിത്സയ്ക്കുള്ള വിലകുറഞ്ഞ മരുന്നുല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനിയെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ന്യായവിലയ്ക്ക് ട്രാസ്റ്റുസുമാബ് ലഭ്യമാക്കാന്‍ ഉചിതമായ നടപടികള്‍ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ സര്‍ക്കാരിന് സ്വീകരിക്കാവുന്നതാണ്.

ഈ സാഹചര്യത്തിലാണ് റോഷിന്റെ വിലകൂടിയ മരുന്നിന്റെ സ്ഥാനത്ത് വിലകുറഞ്ഞ മരുന്നു ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന അവശ്യവുമായി കാന്‍സര്‍ രോഗികളുടെയും സംഘടനകളും വനിതകളുടെയും സംഘടനകളും ജനകീയാരോഗ്യപ്രസ്ഥാനങ്ങളും സാമൂഹ്യാരോഗ്യപ്രവര്‍ത്തകരും മറ്റും രംഗത്തെത്തിയിട്ടുള്ളത്. ചെലവു കുറഞ്ഞ ട്രാസ്റ്റുസുമാബ് ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥപ്രകാരം അതിനുള്ള അനുവാദം നല്‍കുക, മറ്റൊരു ഉല്‍പ്പാദനരീതിയിലൂടെ ട്രാസ്റ്റുസുമാബ് നിര്‍മിക്കുന്നതിനുള്ള സങ്കേതികവിദ്യ അതിവേഗം വികസിപ്പിച്ചെടുക്കുക തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന സ്തനാര്‍ബുദ രോഗികള്‍ക്ക് സൗജന്യമായിട്ടും പൊതു മാര്‍ക്കറ്റില്‍ ന്യായവിലയ്ക്കും ട്രാസ്റ്റുസുമാബ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇതുമായി ബന്ധപ്പെട്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളും സംഘടനകളും ചേര്‍ന്ന് പ്രചാരണസമിതി രൂപീകരിച്ചിട്ടൂണ്ട്.

സമിതിയുടെ കോ-ഓര്‍ഡിനേറ്റര്‍ കല്യാണിമേനോന്‍ സെന്‍ പ്രധാനമന്ത്രിക്കും മറ്റു ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ക്കും സമിതി മുന്നോട്ടുവച്ചിട്ടുള്ള അവശ്യങ്ങളുന്നയിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭഭസമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സമിതിയുടെ തീരുമാനം.

*
ഡോ. ബി ഇക്ബാല്‍ (ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഡോ. ബി ഇക്ബാലിന്റെ ഇന്ത്യന്‍ ഔഷധമേഖല: ഇന്നലെ, ഇന്ന് എന്ന പുസ്തകത്തില്‍ നിന്ന്)

No comments: