Tuesday, April 2, 2013

വികലമായ സഹകരണ ഭേദഗതി

തൊണ്ണൂറ്റേഴാം ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണ സംഘങ്ങളുടെ രൂപീകരണം പൗരന്മാരുടെ മൗലികാവകാശത്തിലുള്‍പ്പെടുത്തുകയും, സഹകരണ സംഘങ്ങളുടെ സ്വയം രൂപീകരണവും സ്വതന്ത്രമായ പ്രവര്‍ത്തനവും ജനാധിപത്യ നിയന്ത്രണവും വിദഗ്ധഭരണവും പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ പരിശ്രമിക്കണമെന്ന മാര്‍ഗനിര്‍ദേശം ഉള്‍പ്പെടുത്തുകയുംചെയ്തു. 2012 ഫെബ്രുവരി 15ന് നിലവില്‍ വന്ന ഭരണഘടനാ ഭേദഗതിക്കനുസരണമായി സംസ്ഥാന നിയമം ഒരു വര്‍ഷത്തിനകം ഭേദഗതിചെയ്യേണ്ടതുണ്ട്. സംസ്ഥാന നിയമസഭ തദനുസരണമായ ഭേദഗതി 1969ലെ നിയമത്തില്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരുത്തി.

സൂക്ഷ്മമായി പരിശോധിച്ചാല്‍ സഹകരണ സംഘങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെയും പുരോഗതിയെയും സംസ്ഥാന നിയമം സഹായിക്കില്ല എന്നുകാണാം. സംഘാംഗങ്ങളുടെ താല്‍പ്പര്യത്തെയും സംഘങ്ങളുടെ നിലനില്‍പ്പിനെയും ബാധിക്കാവുന്ന അപകടകരമായ നിരവധി വ്യവസ്ഥകള്‍ സംസ്ഥാനനിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച് 25 പേര്‍ ചേര്‍ന്ന് ബൈലോ തയ്യാറാക്കി സഹകരണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചാല്‍ അത് സംഘങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനോ, പൊതുജനങ്ങളുടെ താല്‍പ്പര്യത്തിനോ ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിലും സമാനസ്വഭാവമുള്ള സംഘങ്ങളുടെ പ്രവര്‍ത്തന പരിധിക്കകത്തല്ലെങ്കിലും ബൈലോ വ്യവസ്ഥകള്‍ സഹകരണ നിയമത്തിനനുസൃതമാണെങ്കിലും രജിസ്ട്രാര്‍ സംഘവും ബൈലോയും 90 ദിവസത്തിനകം രജിസ്റ്റര്‍ചെയ്യണം. എന്നാല്‍, 2013ലെ ഭേദഗതിയില്‍ ഒരു നിര്‍ദ്ദിഷ്ട സംഘം സാമ്പത്തികമായി സുസ്ഥിരമാകാന്‍ സാധ്യതയില്ലെന്നു തോന്നിയാല്‍ രജിസ്ട്രേഷന്‍ നല്‍കേണ്ടതില്ലെന്നു വ്യവസ്ഥ ചെയ്തു. ഭരണഘടന നിര്‍ദേശിക്കുന്ന തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ളതല്ല ഈ ഭേദഗതി. രജിസ്ട്രാറുടെ വിവേചനാധികാരം കൂടുന്നത് ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യത്തിന് എതിരാണ്. ഈ വ്യവസ്ഥ ദുരുപയോഗപ്പെടാനിടയാവും.

സംഘങ്ങള്‍ക്ക് പരസ്പരം യോജിച്ച് സ്ഥാപനങ്ങള്‍ ആരംഭിക്കാനും ഒരു സംഘത്തിന് ഏതെങ്കിലും സ്ഥാപനങ്ങള്‍ സ്വന്തമായി രൂപീകരിക്കാനും പ്രത്യേകം വ്യവസ്ഥ ചേര്‍ത്തത് ഗുണകരമാവും.

അംഗങ്ങളുടെ അവകാശവും ബാധ്യതയും സംബന്ധിച്ചും ഭരണസമിതിയുടെ ഘടനയും ഉത്തരവാദിത്തങ്ങളും സംബന്ധിച്ചും വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ചും കാതലായ മാറ്റങ്ങള്‍ നിയമത്തില്‍ വരുത്തിയിട്ടുണ്ട്.

അംഗങ്ങളുടെ പങ്കാളിത്തം സംഘം ഭരണത്തില്‍ ഉറപ്പുവരുത്താനെന്ന ഉദ്ദേശ്യത്തില്‍ കൂട്ടിച്ചേര്‍ത്ത 16 എ വകുപ്പനുസരിച്ച് ഒരാള്‍ രണ്ടുവര്‍ഷം സംഘത്തില്‍നിന്ന് സേവനമൊന്നും ലഭ്യമാക്കിയിട്ടില്ലെങ്കിലും തുടര്‍ച്ചയായി മൂന്നു പൊതുയോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും അംഗത്വത്തില്‍നിന്ന് നീക്കം ചെയ്യപ്പെടാം. അപ്രകാരം നീക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തേക്ക് അംഗമാകാന്‍ അര്‍ഹനല്ല. സേവനം എന്താണെന്നും എത്രയാണെന്നും ചട്ടപ്രകാരം നിശ്ചയിക്കപ്പെടും. 17എ വകുപ്പുപ്രകാരം തുടര്‍ച്ചയായ വായ്പ കുടിശ്ശിക വരുത്തുന്ന ഒരംഗത്തെ സംഘാംഗത്വത്തില്‍നിന്ന് നീക്കംചെയ്യുകയും അയാളുടെ ഓഹരി സംഘത്തില്‍ മുതല്‍ക്കൂട്ടുകയും വേണം. തുടര്‍ന്നുള്ള ഒരു വര്‍ഷത്തേക്ക് പുനര്‍ അംഗത്വത്തിന് അര്‍ഹതയുണ്ടാവില്ല. ഈ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാവുമ്പോള്‍ നിലവിലുള്ള അനേകംപേരുടെ അംഗത്വം നഷ്ടപ്പെടാനിടയുണ്ട്. വായ്പാ കുടിശ്ശികക്കാരുടെ അംഗത്വം നഷ്ടപ്പെടുത്തുകയും സ്വന്തം പേരിലുള്ള ഓഹരി സംഘംഫണ്ടിലേക്ക് മുതല്‍ക്കൂട്ടുകയും ചെയ്യുന്നത് കര്‍ഷകര്‍ അംഗങ്ങളായ ഒരു സംഘത്തില്‍ കിരാതമായ നടപടിയാണ്. ഈ വ്യവസ്ഥകള്‍ ഒന്നും ഭരണഘടനാ ഭേദഗതിയിലില്ല. പുനര്‍വിചിന്തനം നടത്തി ഈ വ്യവസ്ഥകളില്‍ വേണ്ട ഭേദഗതി ചെയ്തില്ലെങ്കില്‍ സംഘം പ്രവര്‍ത്തനത്തെ ബാധിക്കുന്നത് കൂടാതെ തെരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടി എന്ന ആക്ഷേപത്തിന് ഇടയാവുകയും വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കുകയുംചെയ്യും.

ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്നത്, അംഗങ്ങളുടെ അവകാശം സംബന്ധിച്ച 19 എ വകുപ്പാണ്. ഒരംഗവും ചട്ടംമൂലം നിശ്ചയിക്കപ്പെടുന്ന അളവിലുള്ള സേവനവും പൊതുയോഗത്തിലെ ഹാജരും നേടുന്നതുവരെ അംഗങ്ങള്‍ക്കുള്ള അവകാശത്തിന് അര്‍ഹനല്ല എന്ന് ഈ വകുപ്പുപറയുന്നു. വായ്പ എടുക്കുന്നതും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതും അംഗത്തിന്റെ അവകാശമാണ്. എന്നാല്‍, 19 എ വകുപ്പുപ്രകാരം ഈ അവകാശം വിനിയോഗിക്കാന്‍ ഒരു പൊതുയോഗത്തിലെങ്കിലും പങ്കെടുക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഏതെങ്കിലും സേവനം ലഭ്യമാക്കുന്നതുവരെയും മേല്‍പ്പറഞ്ഞ അവകാശങ്ങള്‍ക്ക് അര്‍ഹതയില്ല. സംഘത്തില്‍ അംഗത്വമെടുക്കുന്നത് സാധാരണയായി വായ്പയോ മറ്റോ എടുക്കേണ്ടിവരുമ്പോഴോ തെരഞ്ഞെടുപ്പ് ഘട്ടത്തിലോ ആണ്. പക്ഷേ,19 എ പ്രകാരം സംഘത്തില്‍ അംഗമായാലും വളരെ നാള്‍ കഴിഞ്ഞേ വായ്പയെങ്കിലും എടുക്കാനാവൂ. സാധാരണക്കാരായ ആളുകള്‍ക്ക് പ്രാദേശിക സഹകരണ സംഘങ്ങള്‍കൊണ്ട് ഇപ്പോള്‍ ലഭിക്കുന്ന പ്രയോജനം ഇല്ലാതാവും. അവര്‍ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലേക്ക് അത്യാവശ്യ സമയങ്ങളില്‍ പോകേണ്ടിവരും. വേണ്ടത്ര ആലോചനയില്ലാതെ എഴുതിച്ചേര്‍ത്ത ഒരു വ്യവസ്ഥയാണിത്. 16 എയും 17 എ യും വകുപ്പുകള്‍ പ്രകാരം നിലവിലുള്ള അംഗങ്ങള്‍ ധാരാളം പുറത്താക്കപ്പെടുകയും 19 എ വകുപ്പുപ്രകാരം പുതിയ അംഗങ്ങള്‍ക്ക് യോഗ്യത നേടാന്‍ കാലതാമസം വരുകയുംചെയ്യുന്നത് പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.

ഭരണസമിതിയുടെ ഘടന, കാലാവധി, ബാധ്യതകള്‍ എന്നീ കാര്യങ്ങളില്‍ സമഗ്രമായ ഭേദഗതിയാണ് വന്നത്. ഭരണസമിതിയുടെ കാലാവധി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ അഞ്ചുവര്‍ഷമായി ക്ലിപ്തപ്പെടുത്തി. അധികാരമേറ്റ തീയതി മുതല്‍ അഞ്ചുവര്‍ഷംവരെ എന്നായിരുന്നു നിലവിലെ നിയമം. അതിനാല്‍ അധികാരമേറ്റടുക്കുന്നതിനു കാലവിളംബമുണ്ടായാലും ഫലം പ്രഖ്യാപിച്ച തീയതിമുതല്‍ കാലാവധി കണക്കാക്കണം. ബൈലോയില്‍ എത്രയായാലും കാലാവധി അഞ്ചുവര്‍ഷംവരെയുണ്ടാവും.

എല്ലാ വിഭാഗം പ്രാഥമിക സംഘങ്ങള്‍ക്കും 7 മുതല്‍ 15 വരെ അംഗങ്ങളെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കാം. മറ്റു സംഘങ്ങള്‍ക്ക് 7 മുതല്‍ 21 വരെയാകാം. എന്നാല്‍, 2013 ഫെബ്രുവരി 14 നു മുമ്പ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സംഘങ്ങള്‍ക്ക് ഇതു ബാധകമല്ല. ഭരണസമിതിയില്‍ രണ്ടു വിദഗ്ധരെക്കൂടി കോ-ഓപ്റ്റ് ചെയ്യാം. ഇടക്കാല ഒഴിവുണ്ടായാല്‍ അവശേഷിക്കുന്ന കാലാവധി പകുതിയില്‍ കുറവാണെങ്കില്‍ പകരം അംഗത്തെ ഭരണസമിതിക്കു നാമനിര്‍ദേശംചെയ്യാം. ഈ വക ഭേദഗതികളെല്ലാം സംഘം പ്രവര്‍ത്തനത്തിനു ഗുണകരമാകും. എന്നാല്‍, 28(1സി) വകുപ്പ് ഭേദഗതി ചെയ്യാത്തതുമൂലം ഒരു നിക്ഷേപകനെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കും. 28(1സി) വകുപ്പ് 2010ല്‍ കൂട്ടിച്ചേര്‍ത്തത് സജീവാംഗങ്ങളുടെ സാന്നിധ്യം ഭരണസമിതിയില്‍ ഉറപ്പു വരുത്താനാണ്. 16 എ വകുപ്പുപ്രകാരം ഇനിമുതല്‍ സജീവാംഗങ്ങള്‍മാത്രമേ സംഘത്തിലുണ്ടാവൂ. അതിനാല്‍ 28(1സി) വകുപ്പിന് ഇനി പ്രസക്തിയില്ല. പ്രസ്തുത സംവരണം ഭേദഗതിചെയ്യേണ്ടതായിരുന്നു. വാര്‍ഡുതലത്തിലുള്ള തെരഞ്ഞെടുപ്പിന് ഈ വകുപ്പ് അസൗകര്യങ്ങളുണ്ടാക്കാം.

സ്ത്രീസംവരണം സംബന്ധിച്ച് നിലവിലുള്ള നിയമമനുസരിച്ച് കുറഞ്ഞത് മൂന്നുപേര്‍ ഭരണസമിതിയിലുണ്ടാവണം. എന്നാല്‍, ഭരണഘടനാ ഭേദഗതിയനുസരിച്ച് രണ്ടു വനിതകളുണ്ടാകണമെന്നാണ് വ്യവസ്ഥ. സംസ്ഥാനനിയമം തദനുസരണമായി ഭേദഗതി ചെയ്യാത്തതുമൂലം വൈരുധ്യം സംഭവിച്ചു. സംസ്ഥാന നിയമം ഭരണഘടനാനുസൃതമാക്കാന്‍ വേണ്ട ഭേദഗതി ചെയ്യേണ്ടി വരും. ഈ വൈരുധ്യം ഉടന്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നതിനാല്‍ ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവണം.

നിലവില്‍ പ്രാഥമിക സഹകരണസംഘങ്ങളുടെ ഭരണസമിതിയില്‍ സര്‍ക്കാര്‍ നോമിനികള്‍ക്കു വ്യവസ്ഥയില്ല. ഭരണഘടനയിലും ഇതിനു വകുപ്പില്ല. മറ്റു സംഘങ്ങളില്‍ മൂന്നു സര്‍ക്കാര്‍ നോമിനികളാകാം എന്നാണ് വ്യവസ്ഥ. സംസ്ഥാന നിയമത്തിലെ 31-ാം വകുപ്പ് ഭേദഗതിചെയ്തപ്പോള്‍ അപ്പെക്സ്, സെന്‍ട്രല്‍ സംഘങ്ങള്‍ എന്നതിനുപുറമെ അസിസ്റ്റഡ് സംഘങ്ങള്‍ എന്നുകൂടി ചേര്‍ത്തിരിക്കുന്നു. അസിസ്റ്റഡിന്റെ നിര്‍വചനത്തില്‍ പ്രാഥമിക സംഘങ്ങളും ഉള്‍പ്പെടും. അങ്ങനെയെങ്കില്‍ പ്രാഥമിക സംഘങ്ങളിലും സര്‍ക്കാര്‍ നോമിനികള്‍ രംഗപ്രവേശം ചെയ്യാനുള്ള പഴുതുണ്ട്. ബോധപൂര്‍വമാണ് ഈ വകുപ്പെങ്കില്‍ അപലപനീയമാണ്. അല്ലെങ്കില്‍ ഇതില്‍ മാറ്റം വരുത്തണം.

*
അഡ്വ. എം രാജഗോപാലന്‍നായര്‍ ദേശാഭിമാനി 02 ഏപ്രില്‍ 2013

No comments: