Thursday, April 4, 2013

മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാലംഘനം

ഭാര്യയുടെ ആരോപണത്തെത്തുടര്‍ന്ന് ഒരു മന്ത്രി രാജിവയ്ക്കേണ്ടി വരുന്നത് കേരളചരിത്രത്തില്‍ ആദ്യമായാണ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന ഗണേശ്കുമാര്‍ രാജിവയ്ക്കേണ്ടിവന്ന സംഭവം സര്‍ക്കാര്‍ ഒരു പ്രശ്നത്തെ എത്രത്തോളം മോശമായി കൈകാര്യം ചെയ്യുന്നു എന്നതിന് തെളിവാണ്. ഗണേശ്കുമാര്‍ രാജിവച്ചതുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. സംഭവത്തിലെ പ്രധാന വില്ലനായ മുഖ്യമന്ത്രി അധികാരത്തില്‍ ഇരുന്നുകൊണ്ട് കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.

കാമുകിയുടെ ഭര്‍ത്താവിന്റെ അടിയേറ്റ് മന്ത്രിക്ക് പരിക്ക് എന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സംഭ്രമജനകമായ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. അടിയേറ്റത് മന്ത്രി ഗണേശ്കുമാറിനാണെന്ന് വെളിപ്പെടുത്തിയത് മന്ത്രിപദവിയുള്ള ചീഫ്വിപ്പ് പി സി ജോര്‍ജാണ്. മറ്റുമന്ത്രിമാരെ സംശയിക്കാതിരിക്കാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഇത്തരമൊരു സംഭവമേയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മന്ത്രിയുടെ വീട്ടില്‍ പുറത്തുനിന്നാരും വന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോള്‍ പുറത്തുവന്ന സംഭവങ്ങളോടെ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി.

മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബിജോണും ഉള്‍പ്പെടെ തന്നെ വഞ്ചിച്ചതായി ഗണേശിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി പറയുന്നു. ""ഗണേശിനെതിരെ രേഖാമൂലം പരാതിയുമായെത്തിയപ്പോള്‍ മുഖ്യമന്ത്രി അതുവാങ്ങാതെ മടങ്ങുകയായിരുന്നുവെന്ന്"" പറഞ്ഞ യാമിനി മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രി വായിച്ച കത്ത് അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം താന്‍ എഴുതി നല്‍കിയതാണെന്നും അവര്‍ വെളിപ്പെടുത്തി. (മലയാള മനോരമ) ഗണേശിനെക്കുറിച്ച് ചീഫ്വിപ്പ് പറഞ്ഞതെല്ലാം ശരിയാണെന്നും തന്റെ മകന്റെ സഹപാഠിയുടെ അമ്മയാണ് ഗണേശുമായി ബന്ധമാരോപിക്കുന്ന സ്ത്രീയെന്നും അവര്‍ ആവര്‍ത്തിക്കുന്നു. യുവതിയുടെ ഭര്‍ത്താവ് മുന്‍കൂട്ടി അനുമതി വാങ്ങിയാണ് മന്ത്രിയുടെ വീട്ടിലെത്തിയത്. കുറ്റം സമ്മതിച്ച് ഗണേശ് അയാളുടെ കാലില്‍വീണ് മാപ്പപേക്ഷിക്കുന്നതിന് താന്‍ സാക്ഷിയാണെന്നും യാമിനി പറഞ്ഞു. പക്ഷേ, ഗണേശിന്റെ വീട്ടിലെത്തിയ ആള്‍ ആരാണെന്നും അദ്ദേഹം എന്തുചെയ്തെന്നും മുഖ്യമന്ത്രി പറയുന്നില്ല. ഗണേശ് മുറിയടച്ചിട്ട് തന്റെ മേല്‍ രോഷം തീര്‍ത്തെന്നും മര്‍ദനമേറ്റ് കൈയിലും കാലിലും നെറ്റിയിലും പരിക്കേറ്റു എന്നുമാണ് യാമിനി പറഞ്ഞത്. ഇടനിലക്കാരനായി സംസാരിച്ച ഷിബു ബേബിജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ കബളിപ്പിക്കുകയായിരുന്നെന്നും ഗണേശിന്റെ പീഡനത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. നിയമസഭയില്‍ പ്രശ്നം ഉന്നയിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് പരാതി കൊടുത്തിട്ടില്ലെന്ന് എഴുതി നല്‍കിയത് എന്നാണ് യാമിനി പറയുന്നത്. ഈ കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയുള്ള പരാതി മുഖ്യമന്ത്രിക്കും പിന്നീട് പൊലീസ് സ്റ്റേഷനിലും സമര്‍പ്പിച്ചു. സാധാരണഗതിയില്‍ ഇങ്ങനെ ഒരു പരാതി കിട്ടിയാല്‍ ഐപിസി - 498 (എ) അനുസരിച്ച് പൊലീസ് കേസ് ചാര്‍ജ് ചെയ്യണം. ജാമ്യം ലഭിക്കാത്തതും രാജിയാകാനാവാത്തതും മധ്യസ്ഥതയ്ക്ക് വിടാന്‍ കഴിയാത്തതുമായ കേസാണിത്. മൂന്നുവര്‍ഷം ജയിലില്‍ കിടക്കേണ്ട കുറ്റം. പൊലീസ് കേസ് ചാര്‍ജ് ചെയ്യുന്നതുവരെ ഗണേശ്കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടുമില്ല. മന്ത്രിമാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വന്നകാലത്ത് മുഖ്യമന്ത്രിമാരായ ആര്‍ ശങ്കര്‍, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ ആരോപണവിധേയരായവരോട് രാജി ആവശ്യപ്പെടുകയായിരുന്നു. ഇവിടെ തന്റെ മന്ത്രിസഭയിലെ അംഗത്തെ മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചു. ഒരുമാസംമുമ്പ് പരാതിയുമായെത്തിയ മന്ത്രിപത്നിയില്‍നിന്ന് പരാതി വാങ്ങാതെ തിരിച്ചയച്ചു. നാടുമുഴുവന്‍ സഞ്ചരിച്ച് ജനങ്ങളില്‍നിന്ന് പരാതി ചോദിച്ചുവാങ്ങുന്ന മുഖ്യന്‍ തന്റെ അടുത്തുവന്ന സ്ത്രീയുടെ പരാതി സ്വീകരിക്കാതെ തിരിച്ചയച്ചത് സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ്. പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രിയെ വിശ്വസിച്ചതാണ് തനിക്കുപറ്റിയ തെറ്റെന്നും അദ്ദേഹം വഞ്ചിച്ചു എന്നുമാണ് യാമിനി പറഞ്ഞത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ചെയ്തത് ക്രിമിനല്‍കുറ്റമാണ്. ഗാര്‍ഹിക പീഡനം സംബന്ധിച്ച 2005ലെ സ്ത്രീസംരക്ഷണനിയമത്തില്‍ 4(2) എ വകുപ്പുപ്രകാരം പീഡനം സംബന്ധിച്ച് ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഉടന്‍ പ്രൊട്ടക്ഷന്‍ ഓഫീസറെ അറിയിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഐപിസി 176-ാം വകുപ്പുപ്രകാരം ഒരു പൊതുപ്രവര്‍ത്തകന്‍ ഇത്തരം സംഭവങ്ങള്‍ അധികൃതരെ അറിയിച്ചില്ലെങ്കില്‍ ആറുമാസംവരെ ജയിലില്‍ കിടക്കേണ്ട കുറ്റമാണെന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഐപിസി 201-ാം വകുപ്പുപ്രകാരം തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതും കുറ്റമാണ്.

തന്റെ മുന്നില്‍വന്ന തെളിവുകള്‍ നശിപ്പിക്കുകയും കേസ് കൈകാര്യം ചെയ്തതില്‍ കാലതാമസം വരുത്തുകയുമാണ് മുഖ്യമന്ത്രിചെയ്ത കുറ്റം. യാമിനി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ച സന്ദര്‍ഭത്തില്‍ നടപടി സ്വീകരിക്കാതിരുന്നതിന്റെ ഫലമായി അവര്‍ക്കെതിരെ കുടുംബകോടതിയെ സമീപിക്കാന്‍ ഗണേശ്കുമാറിന് അവസരം ഉണ്ടാക്കി. മുഖ്യമന്ത്രിയെ അറിയിച്ചാണ് ഗണേശ് കുടുംബകോടതിയില്‍ പരാതി നല്‍കിയത്. ഇതിന്റെ ഫലമായി സ്ത്രീസംരക്ഷണനിയമപ്രകാരം ലഭിക്കേണ്ട പരിഗണനയും നീതിയും യഥാസമയം യാമിനിക്ക് നിഷേധിക്കുന്നതിന് മുഖ്യമന്ത്രിതന്നെ കാരണക്കാരനായി. ""ഭരണഘടനയും നിയമവുമനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാതരത്തിലുമുള്ള ജനങ്ങള്‍ക്കും നീതിചെയ്യുമെന്ന്"" സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി, ഗണേശ്കുമാറിനെ പ്രീതിപ്പെടുത്താന്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചു. സഹപ്രവര്‍ത്തകന്റെ ഭാര്യയോട് വിദ്വേഷപരമായ സമീപനം സ്വീകരിച്ചതുവഴിയും സത്യപ്രതിജ്ഞാലംഘനമാണ് അദ്ദേഹം നടത്തിയത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ ഒരാള്‍ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ നിയമപരമായും ധാര്‍മികമായും അവകാശമില്ല. ഡോ. യാമിനി ഉന്നയിച്ച ആരോപണങ്ങള്‍ ബാഹ്യപ്രേരണമൂലമാണെന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. യാമിനി സ്വമേധയാ കള്ളം പറയുന്നതല്ലെന്നും ആരുടെയെങ്കിലും പ്രേരണകൊണ്ടാകാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതുവഴി യാമിനി തങ്കച്ചി നല്‍കിയ പരാതി ഒരന്വേഷണംപോലും നടത്താതെ ബാഹ്യപ്രേരണമൂലമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു മുഖ്യമന്ത്രി. ആരാണ് ബാഹ്യപ്രേരണ നടത്തിയത് എന്ന ചോദ്യത്തിന് നിയമസഭയില്‍ വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായതുമില്ല. പി സി ജോര്‍ജാണോ എന്ന ചോദ്യത്തിന് അല്ല എന്ന് പറയുകയും ചെയ്തു.

ഇതിന്റെ പിന്നില്‍ ചിലരുടെ ഗൂഢാലോചനകളുണ്ടെന്നും യാമിനി പി സി ജോര്‍ജുമായി എത്രസമയം സംസാരിച്ചിട്ടുണ്ടെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നുമാണ് ഗണേശ് പറഞ്ഞത്. ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാതെ ചീഫ്വിപ്പിനെയും രക്ഷിക്കാനുള്ള വ്യഗ്രതയില്‍ മുഖ്യമന്ത്രി സ്വയം അന്വേഷണ ഓഫീസറുടെ നിലയിലേക്കാണെത്തിയത്്. യാമിനിയുടെ പരാതി ബാഹ്യപ്രേരണമൂലമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചാല്‍ ഈ കേസിന്റെ അന്വേഷണം ഏതുവിധമാണ് നടക്കാന്‍ പോകുന്നത് എന്നത് വ്യക്തം.

മുഖ്യമന്ത്രിക്കസേരയിലിരുന്ന് ഉമ്മന്‍ചാണ്ടി നടത്തുന്ന അന്വേഷണത്തില്‍ വസ്തുതകള്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. തിരുവനന്തപുരത്തു നടന്ന സംഭവം കൊല്ലത്തെ ക്രൈംബ്രാഞ്ച് ഓഫീസറെക്കൊണ്ട് അന്വേഷിപ്പിക്കുന്നതുതന്നെ കേസ് അട്ടിമറിക്കാനുള്ള ഉദ്ദേശ്യത്താലാണ്. അന്വേഷണ ഉദ്യോഗസ്ഥനാകട്ടെ കുപ്രസിദ്ധനായ രാധാകൃഷ്ണപിള്ളയും. നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ, സര്‍ക്കാരിന്റെ കാരുണ്യം കൊണ്ടുമാത്രം സര്‍വീസില്‍ തുടരുന്ന ഓഫീസറെ കണ്ടെത്തി ചുമതല നല്‍കുന്നത് ഗണേശിന് അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും അറസ്റ്റ് ചെയ്യാതെ തുടരന്വേഷണം അട്ടിമറിക്കാനുമാണ്. നിയമവാഴ്ചയുള്ള ഒരു സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ എത്രമാത്രം അപകടത്തിലായിരിക്കുന്നു എന്നതാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. മന്ത്രിപത്നിക്കുപോലും രക്ഷയില്ലാത്ത സംസ്ഥാനത്ത് മറ്റുസ്ത്രീകള്‍ക്ക് എന്തു സുരക്ഷിതത്വമാണുള്ളത്. ഇപ്പോള്‍ പരാതിനല്‍കിയ യാമിനിക്ക് സംരക്ഷണം നല്‍കുന്നതിനുപകരം കേസ് രജിസ്റ്റര്‍ചെയ്ത്് ഗണേശിനെ സഹായിക്കാനാണ് ഭരണത്തെ ഉപയോഗപ്പെടുത്തുന്നത്.

യാമിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് (ഐപിസി 307) കേസെടുക്കേണ്ടിയിരുന്ന ഗണേശ്കുമാറിനെതിരെ അത്തരത്തിലൊരു വകുപ്പും ചേര്‍ക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ രജിസ്റ്റര്‍ചെയ്ത കേസുപ്രകാരംതന്നെ പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതാണ്. സ്ത്രീപക്ഷത്തു നില്‍ക്കേണ്ട സര്‍ക്കാര്‍ യാമിനി തങ്കച്ചിക്കെതിരെ ഐപിസി 324-ാം വകുപ്പുപ്രകാരം ആയുധമുപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കല്‍ എന്ന കുറ്റമാണ് ചുമത്തിയത്. ഫലത്തില്‍ അധികാരം ഉപയോഗിച്ച് യാമിനിയെ ജയിലിലടയ്ക്കാനും ഗണേശിനെ രക്ഷപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. തൊഴില്‍മന്ത്രി ഇടപെട്ട് ഉണ്ടാക്കിയ കരാര്‍ നിയമസഭയില്‍ ഔദ്യോഗികമായി സമര്‍പ്പിച്ചിരിക്കയാണ്. ഈ കരാര്‍ നടപ്പാക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി ഗണേശിനെതിരെ പരാതികൊടുത്ത യാമിനിക്കെതിരെ പ്രതികാര നടപടിയാണ് സ്വീകരിക്കുന്നത്. ഉമ്മന്‍ചാണ്ടി അധികാരത്തിലിരുന്നുകൊണ്ട് നടത്തുന്ന ഏതൊരന്വേഷണവും നിഷ്പക്ഷമാകില്ല. ഇപ്പോഴുണ്ടായ വിവാദത്തോടെ കേരളത്തിലെ ഭരണരാഷ്ട്രീയം കൂടുതല്‍ മലീമസമായി. ഈ ദുര്‍ഗന്ധത്തില്‍നിന്ന് കേരളം രക്ഷപ്പെടണമെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറങ്ങിപ്പോകണം.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാ‍ഭിമാനി

No comments: