Thursday, April 4, 2013

ഔഷധ പേറ്റന്റും ജീവിക്കാനുള്ള മൗലിക അവകാശവും

കോടാനുകോടി മനുഷ്യജീവിതങ്ങളെക്കാള്‍ വിലപ്പെട്ടതാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം. മനുഷ്യ ജീവന്റെ നിലനില്‍പ്പിനും സംരക്ഷണത്തിനും അനിവാര്യമായ ജീവന്‍രക്ഷാ ഔഷധങ്ങളെയും വൈദ്യശാസ്ത്ര വിജ്ഞാനത്തെപ്പോലും കോര്‍പ്പറേറ്റ് ലോകം കൊള്ളലാഭത്തിനുള്ള ഉപാധിയാക്കി മാറ്റിയിരിക്കുന്നു. സ്വിസ് ഔഷധക്കുത്തക നൊവാര്‍ട്ടിസിനെതിരെ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തപ്പെടാന്‍. പ്രതിമാസം 1,20,000 രൂപ ചെലവു വരുന്ന നൊവാര്‍ട്ടിസിന്റെ ഗ്ലീവെക്  എന്ന ഔഷധത്തിന്റെ 'ജനറിക്' പതിപ്പ് ഈ വിധിയോടെ 8000 രൂപയ്ക്ക് തുടര്‍ന്നും ലഭ്യമാകും. ഈ 'കുറഞ്ഞ' വിലയ്ക്കും ഇന്ത്യയിലെ എത്ര ശതമാനം രോഗികള്‍ക്ക് ജനറിക് പതിപ്പ് പോലും വാങ്ങി ചികിത്സ തുടരാനാവും? ജനസംഖ്യയില്‍ ഏതാണ്ട് 80 ശതമാനത്തിനും പ്രതിദിനം 20 രൂപയില്‍ താഴെ മാത്രം വരുമാനം ലഭിക്കുന്ന രാജ്യത്താണ് ഇതെന്ന് ഓര്‍ക്കുക. രാജ്യത്ത് മൂന്നുകോടിയിലധികം ചികിത്സ തേടിയ രക്താര്‍ബുദരോഗികളുള്ളതായി കണക്കാക്കപ്പെടുന്നു. അവരില്‍ തന്നെ എത്രപേര്‍ക്കാണ് ചികിത്സയ്ക്കായി മാത്രം പ്രതിമാസം 8000 രൂപ മാറ്റിവെയ്ക്കാനാവുക? ഇവിടെയാണ് ബഹുരാഷ്ട്ര ഔഷധ കുത്തകകള്‍ക്കും രാഷ്ട്രാന്തര ഔഷധ വ്യാപാരത്തെ നിയന്ത്രിക്കുന്ന പേറ്റന്റ്‌നിയമങ്ങള്‍ (ബൗദ്ധിക സ്വത്തവകാശ നിയമം - ട്രിപ്‌സ്) ക്കും എതിരായ പോരാട്ടം പ്രസക്തമാകുന്നത്. നൊവാര്‍ട്ടിസിനെതിരായി ഇപ്പോള്‍ കൈവരിച്ച  വിജയം ആരുടെയും ഔദാര്യമല്ലെന്നും ലോക വ്യാപാരക്കരാറിനെതിരെ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ നിരന്തരം വിട്ടുവീഴ്ച കൂടാതെ തുടര്‍ന്നുവരുന്ന സമരത്തിന്റെ സദ്ഫലമാണെന്നും വസ്തുതകള്‍ വെളിപ്പെടുത്തുന്നു. പേറ്റന്റ് കാലാവധി അവസാനിക്കുമ്പോള്‍ ഔഷധങ്ങളില്‍ ചില്ലറ മാറ്റം വരുത്തി പേറ്റന്റ് സംരക്ഷണം തുടര്‍ന്നും ഉറപ്പുവരുത്തുന്നത് മരുന്നുകമ്പനികള്‍ അനുവര്‍ത്തിക്കുന്ന ലാഭതന്ത്രമാണ്. അത് അവസാനിപ്പിക്കുന്നതിനാവശ്യമായ ഭേദഗതി മൂന്നാം പേറ്റന്റ് നിയമത്തില്‍ കൊണ്ടുവന്നത് ഒന്നാം യു പി എ ഭരണത്തില്‍ ഇടതുപക്ഷം കൈകൊണ്ട കര്‍ക്കശ നിലപാടിനെ തുടര്‍ന്നാണ്. കോണ്‍ഗ്രസും ഇന്ത്യന്‍ ബ്യൂറോക്രസിയും അത്തരമൊരു ഭേദഗതിയെ നിശിതമായി എതിര്‍ത്തിരുന്നു. ഇടതുപക്ഷത്തിന്റെ ഭേദഗതി നിരാകരിച്ച് അധികാരത്തില്‍ തുടരാനാവില്ലെന്ന യാഥാര്‍ഥ്യമാണ് മനസില്ലാമനസ്സോടെ അത് അംഗീകരിക്കാന്‍ ഒന്നാം യു പി എ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.

ഔഷധ ഗവേഷണത്തിന് തങ്ങള്‍ ചെലവഴിക്കുന്ന ഭീമമായ തുക തിരിച്ചുപിടിക്കേണ്ടതിനാലാണ് മരുന്നുകള്‍ക്ക് ഉയര്‍ന്നവില ഈടാക്കുന്നതെന്ന ന്യായവാദം അടിസ്ഥാന രഹിതമാണ്. ബഹുരാഷ്ട്ര ഔഷധ കുത്തകകളുടെ വിപണി യു എസും യൂറോപ്പും മാത്രമല്ല. മറിച്ച് ആ രാജ്യങ്ങളിലെ ഔഷധ വിപണി ലോകത്ത് ഏറ്റവും കടുത്ത മാന്ദ്യം നേരിടുന്നവയാണെന്നത് അനിഷേധ്യ വസ്തുതയാണ്. ഔഷധ കമ്പനികളുടെ മുഖ്യവിപണി ഇന്ന് ഇന്ത്യയടക്കം വികസ്വര-അവികസിത രാഷ്ട്രങ്ങളാണ്. അത്തരം കമ്പനികളുടെ ഗവേഷണങ്ങളും ഫീല്‍ഡ്തല പരീക്ഷണങ്ങളും ഏറെയും നടക്കുന്നത് ഈ രാജ്യങ്ങളിലാണ്. അനേകം രോഗികളുടെ മരണത്തിനും മരണതുല്യമായ നരകയാതനയ്ക്കും ഇടയാക്കിയ ഔഷധ പരീക്ഷണങ്ങള്‍ സമീപകാലത്ത് ഇന്ത്യയില്‍ തന്നെ ഉയര്‍ത്തിയ വിവാദങ്ങള്‍ ഓര്‍ക്കുക. ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളെ 'പരീക്ഷണ പന്നി' കളാക്കി മാറ്റിയാണ് ഇത്തരം 'അമൂല്യ ഔഷധങ്ങള്‍' വികസിപ്പിച്ചെടുക്കുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഒന്നാം ലോകരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമപരമോ സാമ്പത്തികമോ ആയ നിയന്ത്രണമോ പരിരക്ഷയോ ഇവിടെയില്ല. ആഗോള ഔഷധ കുത്തകകള്‍ യു എസില്‍ നിര്‍മിക്കുന്ന ഔഷധങ്ങളിലെ സജീവ ഘടകങ്ങളില്‍ 80 ശതമാനവും ഇന്ത്യയും ചൈനയുമാണ് ഉല്‍പാദിപ്പിക്കുന്നതെന്നതും പേറ്റന്റ് ചര്‍ച്ചയില്‍ വിസ്മരിക്കപ്പെടാന്‍ പാടില്ല.

നൊവാര്‍ട്ടിസിനെതിരായ സുപ്രിം കോടതിവിധി ബഹുരാഷ്ട്ര ഔഷധ കുത്തകകള്‍ക്കെതിരായ ഒരു വിജയമാണ്. എന്നാല്‍, ജീവന്‍രക്ഷാ ഔഷധങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് സാര്‍വത്രികമായി ലഭ്യമാക്കുക എന്നത് അനിഷേധ്യമായ ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്. ഇപ്പോഴത്തെ സുപ്രിംകോടതി വിധി ആ ദിശയില്‍ വളരെ ചെറിയൊരു കാല്‍വെയ്പ്പു മാത്രമാണ്. അര്‍ബുദം, പ്രമേഹം, എയ്ഡ്‌സ് തുടങ്ങി മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കുമുള്ള ഔഷധങ്ങളുമായി ബന്ധപ്പെട്ട നിരവധി പേറ്റന്റ് കേസുകള്‍ ഇന്ത്യയിലെ വിവിധ കോടതികളില്‍ നിലനില്‍ക്കുകയാണ്. വിദേശ നിക്ഷേപ പ്രഹേളികയില്‍ കുടുങ്ങിയിരിക്കുന്ന യു പി എ സര്‍ക്കാരിന്റെ മേല്‍ ഔഷധ കുത്തകകളും പാശ്ചാത്യ സര്‍ക്കാരുകളും കനത്ത സമ്മര്‍ദ്ദം തുടരുക സ്വാഭാവികം. ജീവന്‍രക്ഷാ ഔഷധമെന്നാല്‍ ചികിത്സ ലഭിക്കാതിരുന്നാല്‍ മരണം സംഭവിച്ചേക്കാവുന്ന രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഔഷധം എന്ന നിര്‍വചനം ഭരണകൂടം അര്‍ഹിക്കുന്ന ഗൗരവത്തോടെ അംഗീകരിക്കണം. ഔഷധങ്ങളുടെ മേലുള്ള പേറ്റന്റ് നിയമം ജീവനുനേരെയുള്ള വെല്ലുവിളിയും ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ നിഷേധവുമായി മാറാന്‍ അനുവദിച്ചുകൂട. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ നിലവിലുള്ള പേറ്റന്റ് നിയമം ഫലത്തില്‍ ആ നിഷേധമാണ് നിര്‍വഹിക്കുന്നത്. ഉദാരവല്‍ക്കരണമെന്ന ഓമനപ്പേരില്‍ അരങ്ങു തകര്‍ക്കുന്ന കോര്‍പ്പറേറ്റ് കൊള്ളലാഭക്കൊതിയുടെ ഈ കാലഘട്ടത്തില്‍ പഴഞ്ചനെന്നും പ്രാകൃതമെന്നും അധിക്ഷേപിക്കപ്പെട്ടേക്കാവുന്ന പ്രതിവിധി മാത്രമെ നമുക്ക് മുമ്പിലുള്ളു. ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെങ്കില്‍ ഔഷധ ഗവേഷണം, പരീക്ഷണം, ഉല്‍പാദനം, വിലനിര്‍ണയം എന്നിവയെല്ലാം പൊതു നിയന്ത്രണത്തിലാക്കുക എന്നതാണ് അത്.

*
ജനയുഗം മുഖപ്രസംഗം

No comments: