Friday, April 5, 2013

അലൈഡ മാര്‍ച്ചിന്റെ ജീവിത സഖാവ്

കടുത്ത അച്ചടക്കജീവിതം നയിക്കുന്ന ഒരു വിപ്ലവപോരാളിക്കും, വൈകാരികവും വൈകാരികേതരവും ആഗ്രഹങ്ങളും ആവശ്യങ്ങളുമുള്ള ഒരു സാധാരണമനുഷ്യനുമിടയില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന അവസ്ഥയെക്കുറിച്ച് മാത്രമല്ല ചെഗുവേര, അലൈഡ മാര്‍ച്ചിന് എഴുതിയ കത്തുകളില്‍ സൂചിപ്പിക്കുന്നത്. പ്രണയത്തെയും പോരാട്ടത്തെയും വിപ്ലവത്തെയും കുറിച്ച് കാല്‍പ്പനികമായി എഴുതിയ വാചകങ്ങളാല്‍ സമ്പന്നമായിരുന്നു ചെയുടെ കത്തുകള്‍. "ചെയെ ഓര്‍ക്കുമ്പോള്‍" എന്ന പുസ്തകത്തിലൂടെ ലോകത്തിലെ എക്കാലത്തെയും മഹാനായ ഗറില്ലാ വിപ്ലവകാരിയെക്കുറിച്ചുള്ള തീക്ഷ്ണമായ അനുഭവങ്ങളാണ് അലൈഡ വരച്ചിടുന്നത്. പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയായ സമതയാണ് മലയാളത്തില്‍ ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ക്യൂബയിലെ വിപ്ലവപോരാട്ടത്തിനിടയില്‍ എസ്കംബ്രായ് മലനിരകളില്‍വച്ചാണ് കമാന്‍ഡര്‍ ഏണസ്റ്റോ ചെ ഗുവേരയെ അലൈഡ കണ്ടുമുട്ടുന്നത്. ആദ്യ കണ്ടുമുട്ടലില്‍നിന്നും അനുരാഗത്തിലേക്കുള്ള വഴി തുറന്നതിനെക്കുറിച്ച് കോംഗോയില്‍നിന്നും എഴുതിയ കത്തില്‍ ചെ വിശദീകരിക്കുന്നുണ്ട്. വിപ്ലവത്തിലേക്കുള്ള വഴി ദുര്‍ഘടം പിടിച്ചതാണ്. പ്രത്യേകിച്ചും ഗറില്ലാപോരാട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കേവലമായ കാല്‍പ്പനികമായ സങ്കല്‍പ്പങ്ങളില്‍ അഭിരമിക്കുന്നവരല്ലെന്ന് ചെ ഗുവേര പറയുന്നുണ്ട്. എന്നാല്‍, പച്ചയായ മനുഷ്യന്റെ എല്ലാ വികാരങ്ങളും നിറഞ്ഞ മനുഷ്യനായിരുന്നു ചെഗുവേര. സ്വപ്നം കാണുന്നവനു മാത്രമാണ് ശരിയായ വിപ്ലവകാരിയാകാന്‍ കഴിയൂ എന്നായിരുന്നുഅദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ലാസ് വില്ലാസിലെ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഫോസ്റ്റിനോ പെരസ് എന്ന വിപ്ലവകാരിയുമായി അലൈഡ പരിചയപ്പെടുന്നത്. അന്ന് ക്യാമ്പസുകള്‍ പോരാട്ടത്താല്‍ ജ്വലിച്ചുനില്‍ക്കുന്ന കാലമായിരുന്നു. ഏകാധിപത്യത്തിനും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടങ്ങളുടെ ഭൂമികയായി ക്യാമ്പസുകള്‍ മാറി. വിദ്യാര്‍ഥികളുടെ ഉജ്വലമായ സമരത്തെ ഭയന്ന് അധികൃതര്‍ സര്‍വകലാശാലകള്‍ അടച്ചിട്ടു. വിദ്യാര്‍ഥികളെ ഇളക്കിമറിക്കുന്ന പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമായി ഫിദല്‍ കാസ്ട്രോ നിറഞ്ഞുനിന്ന കാലമായിരുന്നു അത്. ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും എന്ന കാസ്ട്രോയുടെ കോടതിയിലെ പ്രസംഗം ജനതയെ ഇളക്കിമറിച്ചിരുന്നു. അതിന്റെ കോപ്പി സംഘടിപ്പിച്ച് അലൈഡയും വായിച്ചു. കാസ്ട്രോ ആരംഭിച്ച ജൂലൈ 26 പ്രസ്ഥാനത്തില്‍ അംഗമാകണമെന്ന ആഗ്രഹം അവരില്‍ നിറഞ്ഞുനിന്നു. അപ്പോഴാണ് അലൈഡ ഫോസ്റ്റിനോയുമായി പരിചയപ്പെട്ടത്. തന്നിലെ നാണംകുണുങ്ങിയെ ആത്മവിശ്വാസമുള്ള വിപ്ലവകാരിയാക്കി മാറ്റുന്നതില്‍ ആ കൂടിക്കാഴ്ച പ്രധാന പങ്ക് വഹിച്ചതായി അലൈഡ ഓര്‍ക്കുന്നുണ്ട്. അങ്ങനെ ജൂലൈ 26 പ്രസ്ഥാനത്തില്‍ അലൈഡയും പങ്കാളിയായി. അലൈഡയുടെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ച സംഭവമായിരുന്നു ഇത്.

ചെയെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമല്ല ഈ പുസ്തകത്തില്‍ അലൈഡ പങ്കുവയ്ക്കുന്നത്. ക്യൂബന്‍ വിപ്ലവത്തിന്റെ വഴികളും ചെയും ഫിദലും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അലൈഡ അവതരിപ്പിക്കുന്നുണ്ട്. ചെ ആദ്യഭാര്യ ഹില്‍ദയുമായുളള ബന്ധം ഇടക്കാലത്ത് അവസാനിപ്പിച്ചിരുന്നു. അതിനുശേഷമായിരുന്നു അലൈഡയുമായുള്ള വിവാഹം. എന്നാല്‍, അതിനു മുമ്പുതന്നെ ചെയുടെ ജീവിതത്തില്‍ അലൈഡ ഇടം തേടിയിരുന്നു. ഫിദലുമായി ചെ നടത്തിയ നീണ്ട ചര്‍ച്ചകളെക്കുറിച്ച് അലൈഡ ഓര്‍മിക്കുന്നുണ്ട്. തര്‍ക്കമുള്ള പ്രശ്നങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കുശേഷം എത്തിച്ചേരുന്ന പൊതുതീരുമാനത്തെ ഇരുവരും മാനിക്കുമായിരുന്നു. യഥാര്‍ഥത്തില്‍ ഫിദലുമായുള്ള ചെയുടെ ആദ്യ കണ്ടുമുട്ടലും നീണ്ട ചര്‍ച്ചയുടെ സന്ദര്‍ഭമായിരുന്നു. അതിനുശേഷമാണ് അര്‍ജന്റീനക്കാരനായ ചെ ഗുവേര ഫിദലിനൊപ്പം അണിചേരാന്‍ തീരുമാനിക്കുന്നത്.

ചെയുമായുള്ള തീക്ഷ്ണമായ ബന്ധത്തിന്റെ ഓര്‍മകള്‍ മറ്റൊരാളില്‍നിന്നും നേരില്‍ കേള്‍ക്കുന്നതിന് എനിക്ക് അവസരം ലഭിച്ചിരുന്നു. ഹവാനയില്‍ നടന്ന ലോകയുവജനോത്സവത്തിലെ പ്രതിനിധികള്‍ വീടുകളിലാണ് താമസിച്ചിരുന്നത്. എന്റെ താമസം മിഖലാഞ്ചോയോടൊപ്പമായിരുന്നു. അദ്ദേഹം ചെ ഗുവേരയുടെ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്നു. ചെയുമൊത്തുള്ള പ്രവര്‍ത്തനത്തിന്റെ സവിശേഷതകള്‍ എത്ര പറഞ്ഞാലും മിഖലാഞ്ചോക്ക് മതിവരില്ലായിരുന്നു. മന്ത്രിയായിരിക്കുമ്പോള്‍ സന്നദ്ധപ്രവര്‍ത്തനത്തിന്റെ പുതിയ മാതൃക വികസനപ്രവര്‍ത്തനങ്ങളില്‍ ആവിഷ്കരിക്കുന്നത് ചെ ഗുവേരയായിരുന്നു. കടുത്ത ആസ്തമയുടെ ആക്രമണത്തിനിടയിലും കരിമ്പ് വെട്ടാന്‍ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുമായിരുന്നു മന്ത്രിയായിരുന്ന ചെ. ചെയുടെ മകള്‍ അലിഡ ചെഗുവേരയുടെ ഇന്ത്യാസന്ദര്‍ശനവും ആവേശകരമായിരുന്നു.

കേരളം വലിയ വരവേല്‍പ്പാണ് ചെയുടെ മകള്‍ക്ക് നല്‍കിയത്. കൊച്ചി കായലിലൂടെ എം എ ബേബിയും അലിഡയുമൊത്ത് നടത്തിയ ബോട്ട് യാത്രയില്‍ അവര്‍ പിതാവിന് ഇപ്പോഴും ലഭിക്കുന്ന ആദരത്തിന്റെ മഹത്വം പങ്കുവച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന കഴിഞ്ഞ ലോക യുവജനസമ്മേളനത്തിലും അവര്‍ പങ്കെടുത്തിരുന്നു. കേരളം നല്‍കിയ ആവേശകരമായ സ്വീകരണം ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതായി അലിഡ പറഞ്ഞു. കഥയും കവിതയും എഴുതിയിരുന്ന ചെയെ ഓര്‍മക്കുറിപ്പുകളില്‍ അലൈഡ വീണ്ടെടുക്കുന്നുണ്ട്. ക്യൂബയിലെ അധികാരം നല്‍കിയ എല്ലാ സുഖങ്ങളെയും ഉപേക്ഷിച്ച് ചെ ബൊളീവിയയിലെ വിപ്ലവത്തിന് നേതൃത്വം നല്‍കാനായി പോയി. മരണത്തിലേക്കുള്ള വഴിയായിരിക്കുമോ എന്ന സംശയം എപ്പോഴും ഗറില്ലാ വിപ്ലവകാരികളെ അലട്ടിക്കൊണ്ടിരിക്കും. എന്നാല്‍ വിപ്ലവത്തിനായുളള സമര്‍പ്പണം അത്തരം ചിന്തകളെ അതിജീവിക്കും. ബൊളീവിയയിലേക്കുള്ള യാത്രക്ക് മുമ്പായി ചെ അലൈഡക്കായി കവിത എഴുതി.

""എന്റെ ഒരേയൊരു പെണ്‍കൊടിയേ, നിനക്കെന്റെ യാത്രാമൊഴി. വിശക്കുന്ന ചെന്നായ്ക്കള്‍ക്കുമുമ്പിലോ എന്റെ അസാന്നിധ്യത്തിന്‍ തണുത്ത പുല്‍മേടിലോ നീ പതറരുത്. ഞാന്‍ നിന്നെ എന്റെ ഹൃദയത്തോടൊപ്പം കൊണ്ടുപോവുകയാണ്. നമ്മളൊന്നായ് താണ്ടുമാ പാത അദൃശ്യമായ് തീരുംവരെ."" അലൈഡയെ മാത്രമല്ല ചെയുടെ രക്തസാക്ഷിത്വം ഒറ്റപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള വിപ്ലവകാരികളെക്കൂടിയാണ്. എന്നാല്‍, ചെയുടെ ദര്‍ശനം നല്‍കിയ കരുത്തില്‍ പ്രസ്ഥാനം കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ഈ പുസ്തകം പ്രസിദ്ധീകരിക്കുക വഴി സമത ഗൗരവമേറിയ ഒരു ഇടപെടലാണ് നടത്തിയിരിക്കുന്നത്.

*
പി രാജീവ് ദേശാഭിമാനി വാരിക 07 ഏപ്രില്‍ 2013

No comments: