Friday, April 5, 2013

നയം മാറ്റാന്‍ വര്‍ഗസമരം ശക്തിപ്പെടുത്തുക


സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് മൂന്നാം തവണയാണ് കേരളം ആതിഥ്യമരുളുന്നത്. ഇതിനുമുമ്പ് 1973ലും 1997ലും കൊച്ചിയില്‍ അഖിലേന്ത്യാ സമ്മേളനങ്ങള്‍ നടന്നിരുന്നു. 14-ാം അഖിലേന്ത്യാ സമ്മേളനമാണ് കണ്ണൂരില്‍ നടക്കുന്നത്. നാടുവാഴിത്ത - ജന്മിത്ത വ്യവസ്ഥക്കെതിരെ ധീരോദാത്തമായ നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഉത്തര കേരളം, ആദ്യകാല ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തന കേന്ദ്രമാണ്. ദേശീയ പ്രസ്ഥാനത്തോടൊപ്പം തന്നെ വടക്കന്‍ കേരളത്തില്‍ തൊഴിലാളി സംഘടനകള്‍ രൂപംകൊണ്ടിരുന്നു. ആറോണ്‍ മില്‍ തൊഴിലാളികളുടെ സമരം, എക്കാലവും സ്മരിക്കുന്ന ഒരു സംഭവമാണ്. ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍ എന്നിവരുടെ സംഘടനകളും പില്‍ക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ കരുത്താര്‍ജിക്കുകയുണ്ടായി. ദീര്‍ഘകാലം സിഐടിയു അഖിലേന്ത്യാ ഭാരവാഹിയും സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി കണ്ണന്‍, ഈ മേഖലയില്‍ എല്ലാവര്‍ക്കും സമാദരണീയനായ നേതാവായിരുന്നു.

തൊഴിലാളി - കര്‍ഷക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളില്‍ വീരേതിഹാസം രചിച്ച കണ്ണൂര്‍ ജില്ല, സിഐടിയു അഖിലേന്ത്യാ സമ്മേളനം വന്‍വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ""നയം മാറ്റാന്‍ വര്‍ഗസമരം ശക്തിപ്പെടുത്തുക"" എന്ന മുദ്രാവാക്യമാണ് 14-ാം സിഐടിയു സമ്മേളനം ഉയര്‍ത്തുന്നത്. 1991 മുതല്‍ രാജ്യത്ത് നടപ്പാക്കിവരുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങള്‍, തൊഴിലെടുക്കുന്നവരെ കടുത്ത പ്രയാസത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ജിഡിപിയുടെ വളര്‍ച്ചാനിരക്കിെന്‍റ "ഉയര്‍ന്ന" നിരക്ക് ചൂണ്ടിക്കാട്ടി, ഉദാരവല്‍ക്കരണ നയങ്ങളുടെ മേന്മ ഉല്‍ഘോഷിക്കുന്ന കാലത്ത്, രാജ്യത്ത് തൊഴില്‍വളര്‍ച്ച കുറഞ്ഞ് വരികയാണ്. 66-ാമത് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ തൊഴില്‍ വളര്‍ച്ച 2000-05 കാലത്ത് 2.7 ശതമാനമായിരുന്നത്, 2005-10 കാലത്ത് 0.8 ശതമാനമായി കുറഞ്ഞു. നാമമാത്രമായി വര്‍ദ്ധിച്ച തൊഴിലാവട്ടെ, ഭൂരിപക്ഷവും കരാര്‍ - പുറം ജോലികളാണ്. സ്ഥിരം ജോലികള്‍ വളരെ കുറവാണ്. ജിഡിപി വളര്‍ച്ചാനിരക്ക് 2011 വരെ 8 ശതമാനം രേഖപ്പെടുത്തിയിരുന്നെങ്കിലും, കൃഷി, വ്യവസായം എന്നീ ഉല്‍പാദനമേഖലകളിലെ വളര്‍ച്ച തികച്ചും അപര്യാപ്തമായിരുന്നു. ഇത് തൊഴിലില്ലായ്മ രൂക്ഷമാകാന്‍ ഇടയാക്കി. സാമ്പത്തിക വളര്‍ച്ചക്ക് വിദേശ നിക്ഷേപവും സ്വകാര്യ നിക്ഷേപവും പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിെന്‍റ നയങ്ങള്‍, സംഘടിത മേഖലയില്‍ തൊഴില്‍ വര്‍ദ്ധിപ്പിക്കുന്നില്ല. രാജ്യത്ത് വരുന്ന വിദേശനിക്ഷേപം, ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിലേക്കാണ് പ്രധാനമായും വിനിയോഗിക്കപ്പെടുന്നത്. നമ്മുടെ രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ ഷെയര്‍ വാങ്ങി, സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് വിദേശ മൂലധന ശക്തികള്‍ ചെയ്യുന്നത്. മെര്‍ജര്‍, അക്വിസിഷന്‍ പ്രക്രിയയാണ് നടന്നുവരുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനഃസംഘടിപ്പിക്കുക വഴി, ഉള്ള തൊഴില്‍ കുറയ്ക്കുകയാണ് ചെയ്യുന്നത്.

മേല്‍ വിവരിച്ച പ്രക്രിയമൂലം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ബഹുരാഷ്ട്ര കുത്തകകളുമായി ചേര്‍ന്ന് സ്വകാര്യമേഖലയില്‍ വരുന്ന സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാന്‍പോലും മാനേജ്മെന്‍റുകള്‍ അനുവദിക്കുന്നില്ല. ഹരിയാനയിലെ "മനേസര്‍" എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന "മാരുതി" കമ്പനിയില്‍, തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഇത്തരുണത്തില്‍ സ്മരണീയമാണ്. മാരുതി മാനേജ്മെന്‍റിെന്‍റ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂട്ടുനിന്നു. തമിഴ്നാട്ടിലെ ശ്രീ പെരുംപത്തൂരിലെ ബഹുരാഷ്ട്ര കമ്പനികളുടെ സ്ഥാപനങ്ങളിലും ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ഈ നടപടിയില്‍ തൊഴിലാളികളോടൊപ്പം പ്രതിഷേധിക്കാനെത്തിയ, തമിഴ്നാട് എംഎല്‍എയും സിഐടിയു നേതാവുമായ എ സൗന്ദര്‍ രാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും തൊഴിലാളികളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ""ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്റ്റ്"" അനുസരിച്ച്, സംഘടന രൂപീകരിക്കാനുള്ള അവകാശംപോലും പരസ്യമായി ലംഘിക്കപ്പെടുകയാണ്. കരാര്‍ - കാഷ്വല്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനവും മറ്റാനുകൂല്യങ്ങളും നല്‍കുന്നില്ല. ""കോണ്‍ട്രാക്റ്റ് ലേബര്‍ റഗുലേഷന്‍ അബോളിഷന്‍ ആക്ട്"" പ്രകാരം നല്‍കേണ്ട ആനുകൂല്യങ്ങള്‍പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. കാര്‍ഷിക മേഖലയുടെ തകര്‍ച്ചമൂലം, ദശലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ ഗ്രാമങ്ങള്‍ വിട്ട് മഹാനഗരങ്ങളിലേക്കും കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നുണ്ട്. അവരെയാണ് തൊഴിലുടമകള്‍ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നത്. അവര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങളോ മനുഷ്യവാസയോഗ്യമായ താമസ സൗകര്യങ്ങളോ ലഭിക്കുന്നില്ല. പരിഷ്കൃത സമൂഹത്തിനാകെ അപമാനകരമാണ് ഈ സാഹചര്യങ്ങള്‍.

21-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ തൊഴിലാളിയുടെ ശോച്യാവസ്ഥയ്ക്ക് ഒരു ന്യായീകരണവുമില്ല. നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്മേലുള്ള ചൂഷണത്തോത് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 2010 മുതല്‍ ഉല്‍പാദനമേഖലയില്‍ അറ്റമൂല്യത്തില്‍ തൊഴിലാളികളുടെ വേതനത്തിെന്‍റ പങ്ക് 10 ശതമാനത്തില്‍ താഴെ ആയി കുറഞ്ഞു. അതേസമയം ലാഭനിരക്ക് 60 ശതമാനത്തിെന്‍റ മുകളിലായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനമെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണ്. ഔദ്യോഗിക കണക്കനുസരിച്ച് ദാരിദ്ര്യം അളക്കുന്നത് ഗ്രാമങ്ങളില്‍ പ്രതിദിനം 22.4 രൂപയും നഗരങ്ങളില്‍ 28.6 രൂപയും വരുമാനം കണക്കാക്കിയാണ്. ഇത് വിലക്കയറ്റത്തിെന്‍റ പശ്ചാത്തലത്തില്‍ എത്ര മാത്രം പരിഹാസ്യമാണെന്ന് പറയേണ്ടതില്ലല്ലോ? സമ്പന്ന - ദരിദ്ര അസമത്വം ഈ കാലയളവില്‍ വര്‍ദ്ധിച്ചു. 2011 അവസാനിക്കുമ്പോള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. അവരുടെ എണ്ണം 55 ആയി. ഈ ശതകോടീശ്വരന്മാരുടെ 2011ലെ സമ്പത്ത് 12 ലക്ഷം കോടി രൂപയാണ്. ഈ തുക രാജ്യത്തിെന്‍റ വാര്‍ഷിക ബജറ്റിനേക്കാള്‍ കൂടിയതാണ്. 2009 ജൂലൈ മുതല്‍ 2010 ജൂണ്‍ വരെയുള്ള കാലയളവില്‍ 66-ാമത് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടനുസരിച്ച് ഗ്രാമീണ ജനതയില്‍ ഏറ്റവും ദരിദ്രരായ 10 ശതമാനം ജനങ്ങള്‍ പ്രതിദിനം 15 രൂപ കൊണ്ടും നഗര ദരിദ്രരില്‍ താഴെക്കിടയിലുള്ള 10 ശതമാനം പേര്‍ പ്രതിദിനം 20 രൂപ കൊണ്ടുമാണ് ജീവിച്ചത്. നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ ജനങ്ങളെ എങ്ങിനെ പാപ്പരാക്കി എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് തുടക്കംകുറിച്ച 1991 മുതല്‍, തൊഴിലാളിവര്‍ഗം അതിനെതിരായി പ്രക്ഷോഭം നടത്തിവരികയാണ്. തുടക്കംമുതല്‍ സിഐടിയു ആണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്നത്. ഏറ്റവുമൊടുവില്‍ 2013 ഫെബ്രുവരി 20, 21 തീയതികളില്‍ ദേശവ്യാപകമായി നടന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക്, ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറി. മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ ചേര്‍ന്നു. പണിമുടക്കിനാധാരമായി ഉന്നയിക്കപ്പെട്ട പത്ത് ആവശ്യങ്ങളും ഇന്ത്യയിലെ തൊഴിലാളികളെയും ജനങ്ങളെയും ബാധിക്കുന്ന സുപ്രധാന പ്രശ്നങ്ങളായിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് തൊഴിലാളികളുടെ സംഘടനകളുമായി കൂടിയാലോചിച്ച് ഒരു പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചില്ല. പണിമുടക്കിന് തൊട്ടുമുമ്പ് പേരിനൊരു ചര്‍ച്ച നടത്തി എന്ന് മാത്രം! തുടര്‍ന്ന് ഫെബ്രുവരി 28ന് ധനകാര്യമന്ത്രി ചിദംബരം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പദ്ധതിയും ഉള്‍ക്കൊള്ളിച്ചില്ല. തൊഴിലാളികളുടെ സമരത്തെ അവഗണിക്കുകയും തങ്ങളുടെ മുതലാളിവര്‍ഗ പക്ഷപാതിത്വം ഒരിക്കല്‍കൂടി വെളിപ്പെടുത്തുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ 2008 മുതല്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക കുഴപ്പത്തില്‍നിന്ന് ഒരു പാഠവും പഠിക്കാതെ, പ്രസ്തുത നയങ്ങള്‍ ശീഘ്രഗതിയില്‍ നടപ്പാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സബ്സിഡികള്‍ ഒഴിവാക്കുന്നത്, എണ്ണ വിലനിയന്ത്രണം നീക്കിയത്, ബാങ്കിംഗ് റഗുലേഷന്‍ ആക്ട് ഭേദഗതി, പൊതുമേഖലാ ഓഹരിവില്‍പന തുടങ്ങിയ നടപടികളെല്ലാം ഇതിെന്‍റ ഭാഗമാണ്. ഇത്തരം നടപടികളുടെ വേഗത കുറഞ്ഞപ്പോള്‍ അമേരിക്കന്‍ ഭരണനേതൃത്വവും മാസികകളും ഇന്ത്യന്‍ പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കാര്യം ശ്രദ്ധേയമാണ്. കൂടുതല്‍ പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ചിദംബരം അടുത്ത ദിവസം പ്രഖ്യാപിക്കുകയുണ്ടായി. യുപിഎ സര്‍ക്കാരിെന്‍റ ദിശ വ്യക്തമാക്കുന്നതാണ് ഇത്തരം നടപടികള്‍. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതുമൂലം ജനരോഷത്തിന് ഇരയായ കോണ്‍ഗ്രസ് പാര്‍ടി, 2009നുശേഷമുള്ള സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയാണ്. കള്ളപ്പണമൊഴുക്കിയും സിബിഐയെ ദുരുപയോഗിച്ചുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

2014ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നോക്കിക്കാണുന്നത്. കോണ്‍ഗ്രസ്സിെന്‍റ പരാജയം ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍, അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാമ്രാജ്യത്വ മൂലധനശക്തികളും ദേശീയ കുത്തകകളും ശ്രമമാരംഭിച്ചുകഴിഞ്ഞു. നരേന്ദ്രമോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നത് ഈ തന്ത്രത്തിെന്‍റ ഭാഗമാണ്.

നവ-ഉദാരവല്‍ക്കരണ നയത്തോട്, കോണ്‍ഗ്രസ്സിനെന്നപോലെ ബിജെപിക്കുമുള്ള പ്രതിബദ്ധതയില്‍ കോര്‍പറേറ്റുകള്‍ക്ക് യാതൊരു സംശയവുമില്ല. ഈ പശ്ചാത്തലത്തിലാണ് ബിജെപിക്ക് പിന്നില്‍ അണിനിരക്കാന്‍ ഒരു വിഭാഗം വന്‍കിട കോര്‍പറേറ്റുകള്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ബദല്‍ നയത്തിനായി പോരാട്ടം ശക്തിപ്പെടുത്തുകയല്ലാതെ മറ്റ് പോംവഴികളില്ല. കേന്ദ്ര സര്‍ക്കാരിെന്‍റ നയങ്ങള്‍ക്കെതിരെ യോജിച്ചുനിന്ന് സമരം നടത്താന്‍ എല്ലാ ട്രേഡ് യൂണിയനുകളും സന്നദ്ധമായത്, ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നയങ്ങള്‍ക്കെതിരായ സമരത്തില്‍ ഐക്യപ്പെടുന്നു എന്ന് വ്യക്തമാക്കി. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലും സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ പര്യാപ്തമായ സംഭവമാണിത്.

ഫാക്ടറി അടിസ്ഥാനത്തിലും വ്യവസായ അടിസ്ഥാനത്തിലും ഒറ്റയ്ക്കും കൂട്ടായും പ്രക്ഷോഭങ്ങള്‍ നടത്തി വരാറുള്ള തൊഴിലാളികള്‍, ദേശവ്യാപകമായി ഒന്നിച്ച് ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പോരാടാന്‍ സന്നദ്ധമായത് സുപ്രധാന വഴിത്തിരിവാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിെന്‍റ കരുത്ത് പ്രകടമാക്കിയ സംഭവവുമായിരുന്നു കഴിഞ്ഞ ദേശീയ പണിമുടക്ക്. ഈ സാഹചര്യത്തില്‍ ചേരുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനം, ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിെന്‍റ ഐക്യം ശക്തിപ്പെടുത്താനും നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടം ഊര്‍ജിതമാക്കാനുമുള്ള പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരും. കണ്ണൂര്‍ സമ്മേളനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ സുപ്രധാനമായ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടും. നയം മാറ്റാന്‍ വര്‍ഗസമരം ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യം അര്‍ത്ഥമാക്കുന്നത് ഇതാണ്.

*
എളമരം കരീം ചിന്ത വാരിക

No comments: