Friday, April 5, 2013

ബാങ്കിങ് സൗകര്യം ജനങ്ങളിലേക്ക് എത്തണമെങ്കില്‍

പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നതിന് റിസര്‍വ്ബാങ്കിനെ അധികാരപ്പെടുത്തുന്ന നിയമം അടുത്തകാലത്ത് പാര്‍ലമെന്റ് പാസാക്കിയിരുന്നു. നിലവിലുള്ള ഒരു ബാങ്കിന്റെയും ശാഖകള്‍ ഇല്ലാത്തതും 10,000ല്‍ താഴെ ജനസംഖ്യയുള്ളതുമായ ഗ്രാമപ്രദേശങ്ങളില്‍ 25 ശതമാനം ശാഖകളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് അത്തരം ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥ. ജനങ്ങള്‍ എല്ലാവരെയും ബാങ്ക് അക്കൗണ്ടുള്ളവരാക്കി വികസനത്തില്‍ പങ്കാളികളാക്കി മാറ്റുകയാണ് പ്രത്യക്ഷ ലക്ഷ്യം. അതുവഴി ആളുകളുടെ കയ്യില്‍ സമ്പാദ്യമായുള്ള 30 ലക്ഷംകോടി രൂപ ബാങ്ക് നിക്ഷേപമാക്കി മാറ്റി അത്രയും തുക കമ്പോളത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശമെന്ന് പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള ന്യായമായി ധനമന്ത്രി പി ചിദംബരം പറഞ്ഞിരുന്നു. പുതിയ ബാങ്കുകളൊക്കെ, സ്വകാര്യമേഖലയില്‍ തുടങ്ങുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിദേശബാങ്കുകള്‍ക്കും ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി അങ്ങനെ ചെയ്യാം. ഈ പണമെല്ലാം വന്‍കിട സ്വകാര്യ മുതലാളിമാരുടെ വരുതിയിലാകുമെന്നു ചുരുക്കം.

1969ല്‍ ദേശസാല്‍ക്കരിക്കപ്പെട്ട മിക്ക ബാങ്കുകളും ഇന്ത്യയിലെ കുത്തകകള്‍ പണം സമാഹരിക്കുക എന്ന ഉദ്ദേശത്തോടെ പണ്ട് ആരംഭിച്ചവയായിരുന്നു. അവയെ അതിനു വീണ്ടും പ്രാപ്തമാക്കുന്നതിനാണ് പുതിയ നീക്കം എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യുപിഎ ഗവണ്‍മെന്റ് ചെയ്യുന്ന കാര്യങ്ങളില്‍ മിക്കതും കുത്തകള്‍ക്കുവേണ്ടിയാണല്ലോ. ഇതിനകം ബാങ്കിങ് പ്രവര്‍ത്തനത്തിന്റെ പ്രയോജനങ്ങള്‍ സിദ്ധിക്കാത്ത ഗ്രാമീണര്‍ക്ക് അവ ലഭ്യമാക്കുന്നതിനാണ് യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കേരളത്തില്‍ അവര്‍ ചെയ്യേണ്ടത്, സഹകരണസംഘങ്ങളെ ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നതില്‍നിന്ന് തടയുന്നതരത്തിലുള്ള, സഹകരണസംഘങ്ങളെ സംബന്ധിക്കുന്ന പുതിയ നിയമത്തിലെ വ്യവസ്ഥ ഉപേക്ഷിക്കുകയാണ്. കേരളത്തിലെ കുഗ്രാമങ്ങളില്‍വരെ പ്രാദേശിക സഹകരണ സംഘങ്ങളുടെയും ജില്ലാ സഹകരണ ബാങ്കുകളുടെയും ബ്രാഞ്ചുകളുണ്ട്. 70,000 കോടിയിലേറെ രൂപ അവയില്‍ ജനങ്ങള്‍ നിക്ഷേപിച്ചിട്ടുമുണ്ട്. ഈ സഹകരണബാങ്കുകളിലും സംഘങ്ങളിലും തങ്ങളുടെ നിക്ഷേപം സുരക്ഷിതമാണ് എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്, ഈ സ്ഥാപനങ്ങളെക്കൊണ്ട് പ്രയോജനമുള്ളതുകൊണ്ടാണ് ജനങ്ങള്‍ അവയില്‍ കൂടുതല്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നത്. അത് തടയുന്നത് ഗ്രാമീണരെ ബാങ്കിങ് പ്രവര്‍ത്തനത്തില്‍നിന്ന് അകറ്റിനിര്‍ത്തലാകും. കേന്ദ്രസര്‍ക്കാര്‍ അതിന് മുതിരരുത്.

പുതിയ ബാങ്കുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച നിയമം കൊണ്ടുവന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത് അതാണ്. ഇന്ത്യയിലാകെ കുഗ്രാമങ്ങളില്‍വരെ സാന്നിധ്യമുള്ള സ്ഥാപനമാണ് പോസ്റ്റ് ഓഫീസ്. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് ഒരുകാലത്ത് വിപുലമായ പ്രവര്‍ത്തനം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പോസ്റ്റല്‍ വകുപ്പിനെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇല്ലായ്മ ചെയ്തുവരികയാണ്. വാര്‍ത്താവിനിമയരംഗത്ത് സര്‍ക്കാരിന്റെ ആദ്യ സ്ഥാപനമാണ്, ഇന്നും ഏറ്റവും അധികം വ്യാപകമായ സംവിധാനമുള്ള സ്ഥാപനമാണ്, രാജ്യത്താകെ അതിന് 1,55,000 ഓഫീസുകളുണ്ട്. അവയെ ജനങ്ങളുടെ ബാങ്കിങ് പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റുന്നത് ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമായിരിക്കും.

സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ ജനങ്ങള്‍ അതിന്റെ ഭദ്രതയെയും നിലനില്‍പിനെയുംപറ്റി ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല. പോസ്റ്റ് ഓഫീസ് സംവിധാനത്തെ പുതിയ ബാങ്ക് ആയിക്കൂടി അംഗീകരിക്കുന്നതിന് ഉപകരിക്കുംവിധം പുതിയ ബാങ്കിങ് നിയമത്തിലെ ചട്ടങ്ങള്‍ തയ്യാറാക്കിയാല്‍ മതി. പുതിയ ബാങ്കിങ് നിയമം കുത്തകകളെയും അവയെപ്പോലെ ജനങ്ങളുടെ പണം തങ്ങളുടെ സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ശ്രമിക്കുന്നവരെയും ഉദ്ദേശിച്ചു മാത്രമല്ല, ആ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ എല്ലാ ജനങ്ങളെയും ബാങ്കിങ് സൗകര്യവലയില്‍ ഉള്‍പ്പെടുത്താന്‍ കൂടിയാണ്. എങ്കില്‍, കേരളത്തില്‍ സഹകരണ സംഘങ്ങളെയും അഖിലേന്ത്യാതലത്തില്‍ പോസ്റ്റ് ഓഫീസ് സംവിധാനത്തെയും ബാങ്കുകളായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ട്. ഗവണ്‍മെന്റിനു നിയന്ത്രണം ഉള്ളവയാണ് ഇവ എന്നതിനാല്‍ ജനങ്ങള്‍ക്ക് അവയില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരിക്കും. അവയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന തുകകളെ ഗവണ്‍മെന്റിന് ജനകീയമായ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുകയുമാകാം.

*
ചിന്ത വാരിക മുഖപ്രസംഗം

No comments: