Friday, April 5, 2013

ദൈവത്തിന്റെ 'ചിന്ന' നാടുകള്‍

ദൈവത്തിന്റെ സ്വന്തം നാട് എന്ന പദവി കേരളം എന്നേ സ്വയം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും മറ്റു നാടുകളും ദൈവത്തിന്റെതാണെന്നുള്ളത് മറക്കാനാവില്ലല്ലോ. അത്തരമൊരു നാട് ഈയിടെ സന്ദര്‍ശിക്കാനായതിന്റെ  അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ.

ആന്‍ഡമാന്‍ ദ്വീപുകള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം കുറ്റവാളികളെ നാടുകടത്താനായി ബ്രിട്ടീഷുകാര്‍ മാറ്റിവച്ച നാടായിരുന്നു അടുത്തകാലം വരെ. അക്കൂട്ടത്തില്‍ അനേകം  സ്വാതന്ത്ര്യസമരപ്പോരാളികളെ സെല്ലുലാര്‍ ജയിലില്‍ അടച്ചിരുന്നതായും നമുക്ക് വായിച്ചറിവുണ്ട്. മലബാറിലെ മാപ്പിള ലഹള കഴിഞ്ഞ് ഇരുപതിനായിരത്തോളം പേരെ ആന്‍ഡമാനിലേക്ക് നാടുകടത്തിയതായും കേട്ടറിവുണ്ട്.  പ്രിയദര്‍ശന്റെ 'കാലാപാനി' എന്ന സിനിമ കണ്ടതോടെയാണ് അവിടെ നടന്നിരുന്ന ക്രൂരമായ പീഡനങ്ങളുടെ കഥ നാം നേരിട്ടനുഭവിക്കുന്നതുപോലെ മനസ്സിലാക്കുന്നത്. പിന്നെ എന്തൊക്കെയറിയാം? ഇടക്കാലത്ത്  ആന്‍ഡമാനില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന  പഡോക്ക് തടിയെപ്പറ്റിയും അറിയാം. (നമ്മുടെ കാട് സംരക്ഷിക്കാനായി നാം നമ്മുടെ വനങ്ങളിലെ ക്ലിയര്‍ ഫെല്ലിംഗ് നിരോധിച്ചതോടെ അതിനു പകരം കണ്ടെത്തിയ വിദ്യ ആയിരുന്നല്ലോ തടി ഇറക്കുമതി. അടുത്ത കാലത്തായി ആന്‍ഡമാന്‍ ഭരണകൂടവും വനത്തിലെ തടി വെട്ടല്‍ നിരോധിച്ചിട്ടുണ്ടത്രേ.) പിന്നെ എന്തുണ്ട് നമ്മുടെ പൊതുവിജ്ഞാനം?  ഓ! ആന്‍ഡമാനിലെ ആദിമനിവാസികള്‍ ഉണ്ടല്ലോ. ഉണ്ടായിരുന്നല്ലോ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഇല്ല, അവര്‍ തീരെ വംശമറ്റു പോയിട്ടില്ല. എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടില്‍ ഏഴായിരത്തോളം ഉണ്ടായിരുന്ന ആദിവാസികള്‍ ഇപ്പോള്‍ ആയിരത്തില്‍ താഴെ ആയി ചുരുങ്ങിയിട്ടുണ്ട്. ചില ഗോത്രങ്ങള്‍ കുറ്റിയറ്റുപോയി. ജാര്‍വകള്‍ ആണ് ഇപ്പോള്‍ അവശേഷിക്കുന്നവരില്‍ പ്രമുഖര്‍. ഓംഗെ പോലെ മറ്റു ചിലര്‍ നൂറില്‍ താഴെ മാത്രം.

എന്നാല്‍ ആന്‍ഡമാന്‍ സാമാന്യം ജനവാസമുള്ള പ്രദേശമാണ്. പല കാലങ്ങളിലായി നാടുകടത്തപ്പെട്ടവരും കോണ്‍ട്രാക്റ്റ് പണിക്കു വന്നവരും അവിടെ സ്ഥിരതാമസമാക്കി, ആന്‍ഡമാന്‍ സ്വന്തം നാടാക്കി മാറ്റി. അങ്ങനെ കോഴിക്കോട്, മഞ്ചേരി, വണ്ടൂര്‍ എന്നൊക്കെ ബോര്‍ഡ് വച്ചുകൊണ്ട് ഓടുന്ന, കാഴ്ചയില്‍ കെ എസ് ആര്‍ ടി സി ബസിനോട് സാദൃശ്യമുള്ള, ബസുകള്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. അതൊക്കെ കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ തങ്ങളുടെ പുതിയ നാടിനു നല്‍കിയ പഴയ പേരുകളാണ്. പക്ഷേ ജനസംഖ്യയില്‍ ബഹുഭൂരിഭാഗവും ബംഗാളികളാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും അവരായിരുന്നു എന്നത് മാത്രമല്ല, സര്‍ക്കാര്‍  ഉദ്യോഗസ്ഥരായി അവിടെ എത്തിയവരില്‍ ഭൂരിഭാഗവും ബംഗാളികള്‍ ആയിരുന്നു എന്നതും അതിനു കാരണമായിരിക്കാം. അത് കഴിഞ്ഞാല്‍ പിന്നെ തമിഴരാണ് പ്രധാന ഭാഷാവിഭാഗം. മുന്നൂറിലധികം ദ്വീപുകള്‍ ഉണ്ടെങ്കിലും ജനവാസമുള്ളത് മുപ്പതോളം മാത്രം. ചില ദ്വീപുകളില്‍ നെല്ലും പച്ചക്കറിയും കൃഷി ഉണ്ടെങ്കിലും, സര്‍ക്കാര്‍ ഉദ്യോഗം ഒഴിച്ചാല്‍ മീന്‍പിടുത്തവും ടൂറിസവും ആണ് പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. 

നമ്മള്‍ ദൈവത്തിന്റെ പേര് വലിച്ചിഴച്ചത് ടൂറിസത്തിന് വേണ്ടിയായിരുന്നതുകൊണ്ട് ആന്‍ഡമാനിലെ ടൂറിസത്തെക്കുറിച്ചു കൂടുതല്‍ ചിന്തിക്കുന്നത്  പ്രസക്തമായിരിക്കും. ആന്‍ഡമാനില്‍ കാടും മലയും പ്രവര്‍ത്തനനിരതമായ ഒരു അഗ്‌നിപര്‍വതവും ഉണ്ടെങ്കിലും ടൂറിസ്റ്റുകളെ ഏറ്റവും ആകര്‍ഷിക്കുന്നത് ചിതറിക്കിടക്കുന്ന ദ്വീപുകളിലെ ചേതോഹരമായ ബീച്ചുകളും വിവിധ ജലകേളികളും ആണ്. സന്ദര്‍ശകരില്‍ വെള്ളക്കാര്‍ ധാരാളം ഉണ്ടെങ്കിലും ഭൂരിപക്ഷം പേരും  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കൂടുതലും കുടുംബസമേതം എത്തുന്നവര്‍. പ്രായമേറിയവര്‍ ധാരാളം. വിശേഷിച്ചു സ്ത്രീകളുടെ കൂട്ടങ്ങള്‍ കൗതുകം പകര്‍ന്നു. മിക്കവരുടെയും മക്കള്‍ വിദേശത്തോ നാട്ടിലോ നല്ല നിലയില്‍ ജോലിചെയ്യുന്നു, അമ്മമാരുടെ കുടുംബ പ്രാരാബ്ധങ്ങള്‍ ഏറെക്കുറെ തീര്‍ന്നു. ഇനി അല്‍പ്പം ജീവതം ആസ്വദിക്കാം എന്നു കരുതി വല്ല്യമ്മമാര്‍ ഇറങ്ങിയിരിക്കയാണ്! എഴുപതു കഴിഞ്ഞ മുതിര്‍ന്നവര്‍ വരെയുണ്ട് അക്കൂട്ടത്തില്‍. ഒരു ദിവസത്തേക്ക് ആയിരവും രണ്ടായിരവും അതിലധികവും വാടക കൊടുക്കാന്‍ അവര്‍ തയാറാണ്. യാത്രയുടെ നൂലാമാലകളൊക്കെ ട്രാവല്‍ ഏജന്റുമാര്‍ നോക്കിക്കൊള്ളും. പരമസുഖം! കടപ്പുറത്തുപോയി കാറ്റു കൊള്ളുക, തിരയെണ്ണുക.  മിക്കവരും വെള്ളത്തില്‍ ഇറങ്ങി നനയാനും തയാര്‍. കുളിക്കാനും നീന്താനും പാകത്തില്‍ വിശാലമായതും ആഴമില്ലാത്തതും തിര കുറഞ്ഞതുമായ ബീച്ചുകള്‍ പലതുണ്ട് അവിടെ. (നമ്മുടെ ബീച്ചുകളുമായുള്ള  പ്രധാന വ്യത്യാസം അതാണ്. നമുക്ക് കടപ്പുറത്ത് പോയാല്‍ കരയ്ക്കിരുന്നു കുളി കാണുന്നതാണല്ലോ വിനോദം!)

ഹാവ് ലോക്ക്  ദ്വീപിലെ രാധാനഗര്‍ ബീച്ച് ഏഷ്യയിലെ ഏറ്റവും മനോഹരം എന്ന് കീര്‍ത്തിപ്പെട്ടതത്രേ. (സംഗതി ദ്വീപുകാര്‍ സ്വയം പുകഴ്ത്തുന്നതല്ല കേട്ടോ, നാഷണല്‍ ജ്യോഗ്രാഫിക് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ വിലയിരുത്തിയതാണ്.)  ചെറുപ്പക്കാര്‍ കടലില്‍ കുളിക്കാനും നീന്താനും വേണ്ടിത്തന്നെ വന്നവരാണ്. പലരും മധുവിധു ആഘോഷിക്കുന്നവര്‍. സ്വല്പം അഡ്വഞ്ചറസ് ആയവര്‍ക്ക് സ്പീഡ് ബോട്ട് ഓടിക്കലും  സ്‌നോര്‍കെലിംഗ്, സ്‌കൂബ ഡൈവിംഗ് തുടങ്ങിയ വിനോദങ്ങളും ആവാം. അല്ലാത്തവര്‍ക്കും അടിയില്‍ ഗ്ലാസ് പതിച്ച ബോട്ടില്‍ കയറി പവിഴപ്പുറ്റുകളും അവയ്ക്കിടയില്‍ വിഹരിക്കുന്ന മീനുകളും അടുത്തു കാണാനുള്ള സൗകര്യമുണ്ട്. പക്ഷേ സ്‌കൂബ ഡൈവിംഗ് നല്‍കുന്ന കാഴ്ചകള്‍ അന്യാദൃശം തന്നെയാണെന്ന് പറയാതിരിക്കാനാവില്ല.  രാധാനഗര്‍ ബീച്ചില്‍ ആള്‍ത്തിരക്ക് ഏറുമെങ്കിലും സ്‌കൂബ ഡൈവിംഗ് സൗകര്യമൊരുക്കുന്ന എലിഫന്റ് ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ തികച്ചും ഏകാന്തമാണ്. കാട്ടിലൂടെ ആറേഴു കിലോമീറ്റര്‍ നടന്നുവേണം അവിടെയെത്താന്‍. അല്ലെങ്കില്‍ ബോട്ടില്‍ പോകണം. തുടക്കക്കാരെ സഹായിക്കാന്‍ പരിശീലകര്‍ കൂടെയുണ്ടാകും. ഒരിക്കലും മറക്കാനാവാത്ത ഫോട്ടോകളും എടുത്തുതരും. ചുരുക്കത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കിട്ടാത്ത ഒരുപാട് അനുഭവങ്ങളാണ് ആന്‍ഡമാനിലെ ദ്വീപുകളില്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത് .

പക്ഷേ, ആന്‍ഡമാനില്‍ കാണാന്‍ കഴിയാത്തത് ആന്‍ഡമാനികളെ മാത്രം! ഒരുകാലത്ത് അവരെയും ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള പ്രദര്‍ശന വസ്തുക്കള്‍ ആക്കുന്ന രീതി ഉണ്ടായിരുന്നു. മുഖ്യ ദ്വീപിന്റെ കുറുകെ പോകുന്ന ഗ്രേറ്റ് ആന്‍ഡമാന്‍ ട്രങ്ക് റോഡിന്റെ പ്രധാന ആകര്‍ഷണം ആ വഴിക്ക്  വണ്ടിയോടിച്ചു പോകുമ്പോള്‍  ജാര്‍വകളെ അവരുടെ ആവാസവ്യവസ്ഥയില്‍ വച്ചുതന്നെ കാണാം എന്നായിരുന്നു. പക്ഷെ, ഭാഗ്യവശാല്‍, സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അത് നിര്‍ത്തിയിരിക്കയാണ്. പകരം ആന്‍ഡമാന്‍ ആദിവാസികളുടെ ചരിത്രവും ജീവിതരീതിയും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയങ്ങള്‍ ഉണ്ട്, ടൂറിസ്റ്റുകള്‍ക്ക് വേണ്ടി. ബാക്കി നാം കാണുന്നവരെല്ലാം വന്തവാസികള്‍!

ഒരുപക്ഷേ, നമ്മുടെ നാടിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതായിരിക്കാം: ഈ നാട്ടിലെ ജനങ്ങളുടെ സംസ്‌കാരവും കലകളും ആതിഥ്യമര്യാദയും ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഒരവസരം. ദൈവത്തിന്റെ സ്വന്തം ജനങ്ങള്‍! പക്ഷെ ആ ബഹുമതി ആര്‍ജിക്കാന്‍ നാം ഇനിയും ഏറെ പണിയെടുക്കേണ്ടിയിരിക്കുന്നു! ആദ്യമായി നാം തിരിച്ചറിയേണ്ടത് ടൂറിസ്റ്റ് എന്നാല്‍ സായിപ്പ് മാത്രമല്ല എന്നാണ്. കേരളത്തിന്റെ ചരിത്രവും സാംസ്‌കാരിക വൈവിധ്യവും മതസൗഹാര്‍ദവും ഇന്ത്യയിലെ മറ്റു മിക്ക സംസ്ഥാനക്കാര്‍ക്കും ഇന്നും അത്ഭുതമാണ്. പട്ടണം ഖനനവും ഇടയ്ക്കല്‍ ഗുഹയും ബുദ്ധപ്രതിമകളും സെന്റ് തോമസ് സ്ഥാപിച്ചത് എന്ന് കൊണ്ടാടപ്പെടുന്ന ഏഴരപ്പള്ളികളും കൊച്ചിയിലെ ജൂതപ്പള്ളിയും കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയും അമൂല്യ നിധിശേഖരത്താല്‍ ലോക ശ്രദ്ധയാകര്‍ഷിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും തീര്‍ച്ചയായും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും ആകര്‍ഷകമാണ്. വാസ്തവത്തില്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ശബരിമലയും ഗുരുവായൂരും ആണ്. പക്ഷേ, നാമവരെ ടൂറിസ്റ്റുകളായി കാണുന്നതെയില്ല! ടൂറിസത്തെ വിനോദ യാത്ര എന്ന് പരിഭാഷപ്പെടുത്തിയതിന്റെ കുഴപ്പമാകാം അത്.  തീര്‍ഥാടനവും ടൂറിസം തന്നെ. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും, ദൈവദര്‍ശനത്തിനു വരുന്നവര്‍ക്ക് നാടിനെയും നാട്ടാരെയും കൂടുതല്‍ അടുത്തറിയാനുള്ള കൗതുകം ഉണര്‍ത്താനും നാം കൂടുതല്‍ മനസ്സുവയ്ക്കണം എന്നുമാത്രം. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ വച്ച് പറഞ്ഞാല്‍ അവരെ എത്ര കഷ്ടപ്പെടുത്താം എന്നാണു നാം നോക്കുന്നത്. വൃത്തിയുള്ള ഹോട്ടലുകള്‍, ന്യായമായ കൂലി ഈടാക്കുന്ന യാത്രാ സൗകര്യങ്ങള്‍, സ്വയം വണ്ടി ഓടിച്ചുപോകുന്നവര്‍ക്ക് സഹായകമായ മാപ്പുകളും സയിന്‍ ബോര്‍ഡുകളും (ഇംഗ്ലീഷിലും ഹിന്ദിയിലും) ബ്രോഷറുകളും ....... ഇതൊക്കെ ഒരുക്കാന്‍ നമുക്കാവില്ലേ? സര്‍വോപരി, സ്‌നേഹപൂര്‍വമായ പെരുമാറ്റമാണ്  ടൂറിസ്റ്റുകളെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകം. അപ്പോഴേ നാം ദൈവത്തിന്റെ സ്വന്തം ആളുകള്‍ ആവൂ.

*
ആര്‍ വി ജി മേനോന്‍ Janayugom 02 April 2013

No comments: