പ്രവാസി മലയാളി സമൂഹം വലിയൊരു ഞെട്ടലിന്റെ ആഘാതത്തിലാണ്. ലോകമൊരു ആഗോളഗ്രാമമായി മാറുകയും നിക്ഷേപ-തൊഴിലിടങ്ങളെല്ലാം കൈയ്യെത്തിപ്പിടിക്കാവുന്നത്ര അടുക്കുകയും ചെയ്തിരിക്കുന്ന ആഗോളീകരണ കാലഘട്ടത്തില്‍ ഇത്തരമൊരു 'തരംതിരിക്കല്‍' അപ്രതീക്ഷിതമാണ്. 1994 മുതല്‍ സൗദി അറേബ്യയില്‍ നടപ്പാക്കിവരുന്ന സൗദിവല്‍ക്കരണത്തിന്റെ കുറേക്കൂടി തീവ്രമായ പുതിയ രൂപമാണ് നിതാഖത്. തരംതിരിക്കലിന്റെ ഈ പുതിയ നിയമം നടപ്പിലാകുമ്പോള്‍ ഒരുപക്ഷേ, അതേറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കുക മലയാളി സമൂഹത്തിലും സമ്പദ്ഘടനയിലുമായിരിക്കും.
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയിലെ തൊഴില്‍മേഖലയെ ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്നായി വര്‍ഗീകരിച്ചിട്ടുണ്ട്. സ്വദേശിവല്‍ക്കരണത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ചാണ് ഈ വിഭജനം. സ്വദേശിവല്‍ക്കരണം ഏറ്റവും കുറഞ്ഞ തൊഴിലിടങ്ങളാണ് ചുവപ്പ്. കുറഞ്ഞതോതിലെങ്കിലും സ്വദേശികളെ ഉള്‍പ്പെടുത്തിയിട്ടുള്ളവ മഞ്ഞ വിഭാഗമായി പരിഗണിക്കും. എന്നാല്‍ നിര്‍ബന്ധമായും 10 ശതമാനം തൊഴിലാളികള്‍ സൗദിക്കാര്‍ ആയിരിക്കേണ്ട തൊഴില്‍ സംരംഭങ്ങളാണ് പച്ച വിഭാഗം. ചുവപ്പ് വിഭാഗക്കാര്‍ ക്രമേണ പച്ചയിലേക്ക് മാറണമെന്ന നിയമമാണ് നിതാഖത് എന്ന പച്ചവല്‍ക്കരണം.
സ്വതന്ത്രവ്യാപാരത്തിന്റെയും വിദേശ നിക്ഷേപങ്ങളുടെയും ഔട്ട് സോഴ്‌സിങിന്റെയും ആഗോളീകരിക്കപ്പെടുന്ന കുടിയേറ്റത്തിന്റേയുമൊക്കെ കാലഘട്ടത്തിലാണ് ഇത്തരമൊരു ചോദ്യം ഉയര്‍ന്നുവരുന്നത്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇതിനുള്ള ഉത്തരം വളരെ ലളിതവും ന്യായവുമാണ്. രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ 'നിതാഖത്' എന്ന ശക്തമായ നിയമം അനിവാര്യമായിരിക്കുന്നു എന്നതാണ് അവരുടെ പക്ഷം. 1994-ലാണ് സൗദി സര്‍ക്കാര്‍ തദ്ദേശ തൊഴില്‍ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളില്‍ നിശ്ചിത ശതമാനം തദ്ദേശീയര്‍ക്കായി നീക്കിവയ്ക്കണമെന്ന നിബന്ധന കൊണ്ടുവന്നത്. ഓരോ സംരംഭത്തിന്റെയും സ്വഭാവമനുസരിച്ച് തൊഴില്‍ പങ്കാളിത്ത നിരക്ക് വ്യത്യാസപ്പെടുമെങ്കിലും പൊതുവില്‍ 30 ശതമാനം തൊഴിലവസരങ്ങള്‍ സൗദിവല്‍ക്കരണത്തിലൂടെ നിജപ്പെടുത്തിയിരുന്നു.
എന്നാല്‍ പല കാരണങ്ങളാല്‍ ഈ നിബന്ധനകള്‍ പാലിക്കപ്പെട്ടില്ല. എന്നുമാത്രമല്ല, സൗദിയിലെത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും മൊത്തം ജനസംഖ്യയിലും തൊഴിലാളികളുടെ എണ്ണത്തിലും വിദേശികള്‍ സൗദികളെ പിന്നിലാക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. തല്‍ഫലമായി ഇന്ന് ഏകദേശം 6.5 ദശലക്ഷം വിദേശികള്‍ സൗദിയിലെ സ്വകാര്യസംരംഭങ്ങളില്‍ തൊഴിലെടുത്തുവരുന്നു. ഇവിടത്തെ സൗദി തൊഴിലാളികളുടെ എണ്ണമാകട്ടെ വെറും 7 ലക്ഷവും അപകടകരമാവിധം തദ്ദേശീയര്‍ക്കിടയില്‍ തൊഴിലില്ലായ്മനിരക്ക് വര്‍ധിക്കുകയും തൊഴിലവസരങ്ങളില്‍ സിംഹഭാഗവും വിദേശികള്‍ കൈയ്യടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സൗദി സര്‍ക്കാരിന്റെ സ്വദേശിവല്‍ക്കരണനീക്കം.
കേരളം നേടിയെടുത്ത സാമൂഹിക-സാമ്പത്തിക മുന്നേറ്റങ്ങള്‍ക്കു പിന്നില്‍ കുടിയേറ്റത്തിനുള്ള സ്വാധീനം വലുതാണ്. എഴുപതുകളിലും എണ്‍പതുകളിലുമൊക്കെയുണ്ടായ ഗള്‍ഫ് കുടിയേറ്റവും വിദേശനാണ്യ സമ്പാദനവും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതായിരുന്നു. ഇത് വിദ്യാഭ്യാസ-ആരോഗ്യ-പാര്‍പ്പിട-മാനവവികസന രംഗങ്ങളെ രാജ്യത്തിനാകെ മാതൃകയാകുംവിധം ഉയര്‍ത്തി. കേരള വികസനമാതൃകയെന്ന ഊറ്റംകൊള്ളലിനുവരെ ഗള്‍ഫ് കുടിയേറ്റം വഴിയൊരുക്കി.
2011 ലെ 'കേരള കുടിയേറ്റ സര്‍വെ' അനുസരിച്ച് 22.8 ലക്ഷം കേരളീയരാണ് വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുന്നത്. കേരളത്തിലെ 18.2 ശതമാനം കുടുംബങ്ങളിലും വിദേശമലയാളികള്‍ ഉണ്ടെന്നാണ് കണക്ക്. കുടിയേറ്റക്കാരില്‍ 45 ശതമാനം മുസ്‌ലിം വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും ജില്ലകളില്‍ മലപ്പുറം ഒന്നാം സ്ഥാനത്തുമാണ്. 90 ശതമാനം മലയാളികളും കുടിയേറുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. 2011 ലെ കണക്കനുസരിച്ച് യു എ ഇയിലാണ് ഏറ്റവുമധികം മലയാളികള്‍ (8.8 ലക്ഷം) ജോലി ചെയ്യുന്നത്. സൗദി അറേബ്യ (5.74 ലക്ഷം) യാണ് രണ്ടാം സ്ഥാനത്ത്. വിദേശമലയാളികളുടെ സമ്പാദ്യമായി 2011 ല്‍ മാത്രം കേരളത്തിലേക്ക് ഒഴുകിയെത്തിയത് 49,695 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 31 ശതമാനം വരുമെന്നത് കുടിയേറ്റവരുമാനത്തിന്റെ പ്രസക്തിയും സ്വാധീനവും എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നു.
നിതാഖത് നിയമം ശക്തമാകുന്നതോടെ തളരുന്നത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയായിരിക്കും എന്ന് ഉറപ്പാണ്. ഇപ്പോള്‍ ഗള്‍ഫിലേക്ക് കുടിയേറുന്നവരില്‍ ഏറിയപങ്കും വിദഗ്ധ ജോലിക്കാരാണെങ്കിലും കാലങ്ങളായി അവിദഗ്ധതൊഴില്‍ ചെയ്യുന്നവരും ഫ്രീ വിസയുടെ പ്രലോഭനത്തില്‍പ്പെട്ട് കഴിയുന്നവരും ആയിരക്കണക്കിന് വരും. സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവരെ പിടികൂടുന്നതിനുള്ള നീക്കങ്ങളും ഒരുലക്ഷത്തിലധികം മലയാളികളെ നിതാഖത് നിയമം ബാധിക്കുമെന്ന സൂചനകളും കടുത്ത ആശങ്ക പരത്തുന്നവയാണ്.
തൊഴില്‍ നഷ്ടപ്പെട്ടും തിരികെ പോകാനാവാതെയും വലിയൊരു വിഭാഗം തൊഴിലാളികള്‍ തിരികെ എത്തുന്നതോടെ ഗള്‍ഫ് പണത്തിന്റെ ഒഴുക്കിലും വന്‍കുറവ് സൃഷ്ടിക്കും. ഈ കുറവ് വരുംനാളുകളില്‍ കേരളീയരുടെ വാങ്ങല്‍ശേഷിയേയും നിക്ഷേപ സാധ്യതകളെയും സമ്പദ്‌വ്യവസ്ഥയുടെ സ്വാഭാവികമായ വളര്‍ച്ചയേയും സാരമായി ബാധിക്കും. തിരികെയെത്തുന്നവരുടെ തൊഴില്‍ സാധ്യതയും പുനരധിവാസവും സര്‍ക്കാരിന് പുതിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. (ഇപ്പോള്‍ത്തന്നെ, നിര്‍മ്മാണ-ഇതരതൊഴില്‍ മേഖലകളില്‍ പിടിമുറുക്കിയിരിക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ സമാനമായ ഒരു തൊഴില്‍ ഭീഷണി ഭാവിയില്‍ കേരളത്തില്‍ സൃഷ്ടിക്കുമെന്നതും കരുതലോടെ കാണേണ്ടതുണ്ട്).
സൗദിക്കുപുറമെ കുവൈത്തും മറ്റ് ഗള്‍ഫ് രാജ്യങ്ങളും സ്വദേശിവല്‍ക്കരണത്തിന്റെ കടുത്ത പാതയിലാണ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഗള്‍ഫിലെ വിദേശ ജനസംഖ്യ മൂന്നിരട്ടിയോളമാവുകയും തദ്ദേശീയര്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങള്‍. അടുത്ത 10 വര്‍ഷം കൊണ്ട് 10 ലക്ഷം വിദേശ തൊഴിലാളികളെ ഒഴിവാക്കുവാനുള്ള കുവൈത്ത് സര്‍ക്കാരിന്റെ നീക്കം ഒന്നേകാല്‍ ലക്ഷം മലയാളികള്‍ ജോലി ചെയ്യുന്ന കുവൈത്തിലും മലയാളികളുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ ചുട്ടുപൊള്ളുന്ന മരുപ്പച്ച തീര്‍ക്കും.
സന്ദര്‍ശന വിസയിലെത്തിയവര്‍, വാണിജ്യസന്ദര്‍ശന വിസയിലെത്തിയവര്‍, കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതെ അനധികൃതമായി തൊഴിലെടുത്തുകഴിയുന്നവര്‍, വഴിവാണിഭം പോലുള്ള തൊഴില്‍ ചെയ്യുന്നവര്‍ എന്നിങ്ങനെ പതിനായിരങ്ങള്‍ പുതിയ നിയമത്തിന്റെ ഭീഷണിയുടെ നിഴലിലാണ്. അടിയന്തരമായ നയതന്ത്ര ഇടപെടലുകള്‍ക്കുള്ള സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.
ശക്തമായ നിയമസംവിധാനങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി നൂറുകണക്കിന് മലയാളികള്‍ ദിനംപ്രതി തിരികെവരുമ്പോഴും 'ആശങ്കപ്പെടേണ്ടതില്ല' എന്ന അധികാരികളുടെ വാക്കുകളിലെ ഉദാസീനമായ തമാശ നമുക്ക് ആസ്വദിക്കാനാവുന്നതല്ല.
രാജ്യത്തെ സാധ്യമായ മുഴുവന്‍ വാതായനങ്ങളും വിദേശനിക്ഷേപത്തിനും മൂലധനത്തിനുമായി തുറന്നിടുകയും സാമ്പത്തിക പരിഷ്‌കരണം ത്വരിതഗതിയിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ സര്‍ക്കാരുകള്‍ സ്വന്തം ജനതയുടെ തൊഴിലിനും സംരക്ഷണത്തിനുമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന നിതാഖത് നിയമത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ പഠിക്കുവാനുണ്ട്-അഥവാ രാജ്യതാല്‍പ്പര്യമാണ് സുപ്രധാനമെന്ന പാഠം നാം ഇനിയും പഠിക്കില്ലെന്നുണ്ടോ .....?
*
ഡോ. ജോമോന്‍ മാത്യു (ലേഖകന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)
Janayugom 04 April 2013

No comments:
Post a Comment