Thursday, April 4, 2013

നിയമം രാഷ്ട്രീയവഴിക്ക്

വിചിത്രമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും അദ്ദേഹത്തിന്റെ പൊലീസിന്റെയും നീതിനിര്‍വഹണം. യാമിനി തങ്കച്ചിക്കെതിരായി ഗണേശ്കുമാറും ഗണേശ്കുമാറിനെതിരായി യാമിനി തങ്കച്ചിയും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പൊലീസ് ഓഫീസറുടെ അന്വേഷണത്തിന് വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. യാമിനി തങ്കച്ചിയുടെ പരാതി പൊലീസ് ഓഫീസര്‍ അന്വേഷിക്കട്ടെയെന്നു പറയുന്നത് മനസ്സിലാക്കാം. ഗണേശ്കുമാറിന്റെ പരാതി അതിനോട് കൂട്ടിച്ചേര്‍ത്തത് എങ്ങനെയാണ് മുഖ്യമന്ത്രി. ഇരുപരാതികളും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിടുമ്പോള്‍ യാമിനിയുടെ പരാതിയല്ലാതെ ഗണേശിന്റെ പരാതി എവിടെയും ഉണ്ടായിരുന്നില്ലല്ലോ. ഇല്ലാത്ത പരാതി എങ്ങനെ പൊലീസ് ഓഫീസര്‍ക്ക് വിട്ടു ഈ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഈ നടപടിയുണ്ടാകുമ്പോള്‍ കുടുംബകോടതിയിലല്ലാതെ വേറെ എവിടെയും ഗണേശിന്റെ പരാതി ഉണ്ടായിരുന്നില്ല. ആ പെറ്റീഷനാകട്ടെ യാമിനിയെ ശിക്ഷിക്കണമെന്നാവശ്യപ്പെടുന്ന ക്രിമിനല്‍ കംപ്ലയിന്റല്ല, വിവാഹമോചനം അനുവദിച്ചുതരണമെന്നാവശ്യപ്പെടുന്നതരത്തിലുള്ളതാണ്. വിവാഹമോചനം ആവശ്യപ്പെടുന്ന ആരും അതിനുവേണ്ടി നിരത്തുന്ന കാരണങ്ങള്‍ ഗണേശും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുടുംബകോടതിയുടെ മുമ്പാകെ ഇരിക്കുന്ന പെറ്റീഷനില്‍നിന്ന് ആ കാരണങ്ങള്‍ പ്രത്യേകമായി അടര്‍ത്തിയെടുത്ത് പൊലീസ് ഓഫീസര്‍ക്ക് വിട്ടോ മുഖ്യമന്ത്രി? അങ്ങനെ ചെയ്യാന്‍ മുഖ്യമന്ത്രിക്ക് എന്താണധികാരം? കുടുംബകോടതികളുടെ പരിഗണനയിലിരിക്കുന്ന ആയിരക്കണക്കായ പെറ്റീഷനുകളുടെയെല്ലാം കാര്യത്തില്‍ മുഖ്യമന്ത്രി ഇതുചെയ്യുമോ? അതോ ഗണേശിന്റെ കാര്യത്തില്‍ മാത്രമേയുള്ളോ?

യാമിനിയുടെ പരാതിക്കുമേല്‍ അന്വേഷണം നടത്താന്‍ തീരുമാനിക്കേണ്ടിടത്ത് ഗണേശിന്റെ പരാതികൂടി അന്വേഷിക്കണമെന്ന് തീരുമാനിച്ചത് എങ്ങനെ? ഗണേശ് ആര്‍ക്ക് എവിടെ പരാതികൊടുത്തിരുന്നു അപ്പോള്‍? ഇല്ലാത്ത പരാതി മുഖ്യമന്ത്രി എങ്ങനെ പൊലീസ് ഓഫീസര്‍ക്ക് റഫര്‍ചെയ്തു? മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ഒരു എസ്ഐ ഗണേശ്കുമാറിനെ അങ്ങോട്ട് ചെന്നുകണ്ട് പരാതി എഴുതിവാങ്ങിക്കുകയും അത് മുഖ്യപരാതിയും യാമിനിയുടെ നേരത്തെ കിട്ടിയത് കൗണ്ടര്‍ പരാതിയുമാക്കി മാറ്റുകയായിരുന്നു. ഇരു കേസുകളും പൊലീസ് ഓഫീസര്‍ക്ക് വിട്ടതായുള്ള മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നീട് പൊലീസിനെക്കൊണ്ട് ന്യായീകരണമുണ്ടാക്കുകയായിരുന്നു. രാഷ്ട്രീയ ഇടപെടലോടെയുള്ള പൂര്‍ണ കൃത്രിമം. ജാമ്യമില്ലാത്ത കുറ്റകൃത്യത്തിന് കേസുവന്നാല്‍ സാധാരണ പൊലീസ് ചെയ്യേണ്ടത് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുക എന്നതാണ്. പ്രതി പൊതുപ്രവര്‍ത്തകനാണോ, അയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രത്യേകാവകാശങ്ങളുണ്ടോ എന്നതൊക്കെ കോടതിയാണ് പരിഗണിക്കേണ്ടത്. കോടതിക്കുമാത്രമുള്ള ആ അധികാരാവകാശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇവിടെ സ്വയം എടുത്തണിഞ്ഞിരിക്കുന്നു. അതുകൊണ്ടാണല്ലോ ഗണേശ്കുമാര്‍ ജാമ്യമില്ലാക്കുറ്റത്തിന് കേസ് നേരിടുമ്പോഴും അറസ്റ്റുചെയ്യപ്പെടാതിരിക്കുന്നത്! കണ്ണൂരിലെ രണ്ട് പൊതുപ്രവര്‍ത്തകരെ ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസ് അറസ്റ്റ് ചെയ്തത് കുറ്റകൃത്യം നടക്കാന്‍പോകുന്നുവെന്നറിഞ്ഞിട്ടും തടയാന്‍ ഇടപെട്ടില്ല എന്നാരോപിച്ചാണല്ലോ. അപ്പോള്‍ കുറ്റകൃത്യം നടക്കുന്നത് പൊലീസില്‍ റിപ്പോര്‍ട്ടുചെയ്യാത്തത് കുറ്റമാണെന്നായിരുന്നല്ലോ വാദം. ഗണേശ്കുമാറിന്റെ മന്ത്രിമന്ദിരത്തില്‍ കുറ്റകൃത്യം നടന്നത് അറിഞ്ഞ ഈ മുഖ്യമന്ത്രി വിവരം പൊലീസില്‍ അറിയിച്ചോ? കണ്ണൂരിലെ മാനദണ്ഡംവച്ചുനോക്കിയാല്‍ ഈ മുഖ്യമന്ത്രിയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയേണ്ടതല്ലേ? രണ്ടിടത്ത് രണ്ടുനീതിയോ? ക്രിമിനല്‍ കേസുകളില്‍ സ്റ്റേറ്റാണ് വാദി. ആ സ്റ്റേറ്റിന്റെ ഭരണാധികാരിയാണ് മുഖ്യമന്ത്രി. അങ്ങനെയൊരാള്‍ കുറ്റകൃത്യം നടന്നുവെന്നറിഞ്ഞാല്‍ അത് പൊലീസില്‍ അപ്പോള്‍ത്തന്നെ അറിയിക്കാന്‍ കൂടിയ അളവില്‍ ചുമതലയുള്ളയാളല്ലേ? ഗാര്‍ഹികപീഡനനിരോധനനിയമപ്രകാരം നടപടിയെടുക്കാന്‍ രേഖാമൂലമുള്ളതോ വാചാലുള്ളതുപോലുമോ ആയ പരാതി വേണ്ട. കുറ്റകൃത്യം നടന്നുവെന്ന അറിവുമാത്രംമതി. അറിവുകിട്ടിയ ആള്‍ പ്രൊട്ടക്ഷന്‍ ഓഫീസറെ അറിയിക്കണം. അതുവഴി പൊലീസ് സ്റ്റേഷനിലും മജിസ്ട്രേട്ട് കോടതിയിലും വിവരം എത്തിക്കണം. പീഡിപ്പിക്കപ്പെടുന്നയാള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണം. മുഖ്യമന്ത്രിക്ക് ഇതൊന്നും ബാധകമല്ലേ? യാമിനി തങ്കച്ചിയുടെ പക്കല്‍ എഴുതിയ പരാതിയുണ്ടായിട്ടും അത് തനിക്ക് തരാന്‍ കൊണ്ടുവന്നതായിട്ടും അത് വാങ്ങാതിരുന്നത് കള്ളക്കളിയുടെ ഭാഗമായിരുന്നില്ലേ. യാമിനി വീട്ടില്‍ നടന്ന കാര്യങ്ങള്‍ വിശദമായി പറഞ്ഞതായി മുഖ്യമന്ത്രിതന്നെ സമ്മതിക്കുന്നുണ്ട്. അതുതന്നെ ധാരാളമാണ് മുഖ്യമന്ത്രി ഗാര്‍ഹികപീഡനത്തിന് കൂട്ടുനിന്നുവെന്നത് സ്ഥിരീകരിക്കാന്‍. മുഖ്യമന്ത്രിയുടെ മധ്യസ്ഥത്തില്‍ ഒരു കരാറുണ്ടാക്കിയല്ലോ. അതില്‍ പറയുന്നത് കരാര്‍ കാലയളവില്‍ ഗാര്‍ഹികപീഡനത്തെക്കുറിച്ച് പുറത്തുപറയരുതെന്നാണ്. ഒരു മന്ത്രികൂടി ചേര്‍ന്നാണ് ഈ കരാറില്‍ യാമിനിയെക്കൊണ്ട് ഒപ്പിടുവിച്ചത്. ഗാര്‍ഹികപീഡനം നടന്നുവെന്നറിഞ്ഞാല്‍ അപ്പോള്‍ത്തന്നെ പൊലീസില്‍ അറിയിച്ച് നടപടി നീക്കേണ്ട ഭരണാധികാരികള്‍ അത് ചെയ്തില്ല എന്നതോ പോകട്ടെ, ഗാര്‍ഹികപീഡനം പുറത്തുവരാതിരിക്കുംവിധം പൂഴ്ത്താന്‍ കരാറുണ്ടാക്കുകകൂടി ചെയ്തിരിക്കുന്നു. ഇതിലപ്പുറം നിയമവിരുദ്ധമായി മറ്റെന്താണുള്ളത്? കുടുംബകാര്യമായതുകൊണ്ട് അനുരഞ്ജനശ്രമം നടത്താന്‍ നോക്കുകയായിരുന്നു താന്‍ എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. ഇത് അസത്യമാണ്. അനുരഞ്ജനം നടക്കില്ലെന്ന് മുഖ്യമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടിരുന്നു എന്നത് യാമിനിയുടെ വാക്കുകളില്‍നിന്ന് തെളിയുന്നുണ്ട്. തന്റെ ദേഹത്തെ അടിയുടെ പാടുകള്‍കണ്ട മുഖ്യമന്ത്രി ""ഇനി നിങ്ങള്‍ യോജിക്കണമെന്ന് ഞാന്‍ പറയില്ല"" എന്ന് അപ്പോള്‍ത്തന്നെ യാമിനിക്ക് മറുപടിനല്‍കിയത്രേ. അപ്പോള്‍പ്പിന്നെ എവിടെയാണ് അനുരഞ്ജനശ്രമവാദം വിലപ്പോവുക?താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന പരാതിയുമായി വരുന്ന സ്ത്രിയുടെ പരാതി പൂഴ്ത്തിവച്ച് അനുരഞ്ജനം നടത്താന്‍ പൊലീസ് സബ്ഇന്‍സ്പെക്ടര്‍ തയ്യാറായാലെന്താവും സ്ഥിതി? അനുരഞ്ജനത്തിനെന്നു പറഞ്ഞ് ഉണ്ടാക്കുന്ന കാലതാമസത്തിനിടെ പീഡിപ്പിക്കുന്നയാളെ ആദ്യപരാതിയുമായി കോടതിയെ സമീപിക്കാന്‍ പറഞ്ഞയക്കുകകൂടി ചെയ്താലോ?

അരുതാത്ത ആ കാര്യമാണ് മുഖ്യമന്ത്രി ഇവിടെ ചെയ്തത്. അനുരഞ്ജനശ്രമം കോടതിക്ക് നടത്താം. ആ അധികാരം മുഖ്യമന്ത്രിക്കില്ല. ഇനി കുടുംബകാര്യം എന്ന പരിഗണനയാണ് മുഖ്യമന്ത്രിയെ നയിച്ചത് എന്ന വാദം അംഗീകരിച്ചാല്‍ത്തന്നെ പരാതി പൂഴ്ത്തിവയ്ക്കേണ്ട കാര്യമില്ല. അതിന്മേല്‍ നടപടി നീക്കിക്കൊണ്ടുതന്നെ അണിയറയില്‍ അനുരഞ്ജനശ്രമങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ തടസ്സമില്ല. ഇവിടെ മുഖ്യമന്ത്രിചെയ്തത് അനുരഞ്ജനശ്രമത്തെ നിയമപ്രക്രിയയെ തടസ്സപ്പെടുത്താനുള്ള ഉപകരണമാക്കുകയായിരുന്നു. നിയമവാഴ്ചയെക്കുറിച്ച് കുറെക്കാലമായി സ്ഥാനത്തും അസ്ഥാനത്തും ഒച്ചവച്ചു നടന്നിരുന്നവര്‍ നിയമവാഴ്ചയെ സ്വാര്‍ഥഭരണതാല്‍പ്പര്യത്തിനുവേണ്ടി മുച്ചൂടും നശിപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍ കാണുന്നത്.

*
Deshabhimani Editorial 04 April 2013

No comments: