Thursday, April 4, 2013

പോരാട്ടം ഐക്യം

ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാനതയില്ലാത്ത തൊഴിലാളി ഐക്യം രൂപപ്പെട്ട കാലത്താണ് സിഐടിയു അഖിലേന്ത്യാ സമ്മേളനം ചേരുന്നത്. സംഘടന രൂപീകരണശേഷം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു വര്‍ഷമായിരുന്നു കഴിഞ്ഞ സമ്മേളന കാലയളവ്. 2010ല്‍ ചണ്ഡീഗഢില്‍ നടന്ന പതിമൂന്നാം സമ്മേളനത്തിനുശേഷം ഐതിഹാസിക പണിമുടക്കുകളും സമരപരിപാടികളും പിന്നിട്ടാണ് പ്രതിനിധികള്‍ കണ്ണൂരിലെത്തുന്നത്.

എ കെ പത്മനാഭന്‍ (സിഐടിയു ദേശീയ പ്രസിഡന്റ്)
 
ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാനതയില്ലാത്ത തൊഴിലാളി ഐക്യം രൂപപ്പെട്ട കാലത്താണ് സിഐടിയു അഖിലേന്ത്യാ സമ്മേളനം ചേരുന്നത്. സംഘടന രൂപീകരണശേഷം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു വര്‍ഷമായിരുന്നു കഴിഞ്ഞ സമ്മേളന കാലയളവ്. 2010ല്‍ ചണ്ഡീഗഢില്‍ നടന്ന പതിമൂന്നാം സമ്മേളനത്തിനുശേഷം ഐതിഹാസിക പണിമുടക്കുകളും സമരപരിപാടികളും പിന്നിട്ടാണ് പ്രതിനിധികള്‍ കണ്ണൂരിലെത്തുന്നത്. തൊഴിലാളിവര്‍ഗം ഏറെ പ്രതീക്ഷയോടെയാണ് സമ്മേളനത്തെ ഉറ്റുനോക്കുന്നതും. 43 കൊല്ലം മുമ്പ് കൊല്‍ക്കത്തയിലെ "ലെനിന്‍ നഗറി"ല്‍ എട്ടു ലക്ഷം തൊഴിലാളികളുടെ പ്രതിനിധികളാണ് സിഐടിയു രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇന്ന് കണ്ണൂരിലേക്കെത്തുമ്പോള്‍ ഏകദേശം 60 ലക്ഷമാണ് സിഐടിയു അംഗങ്ങള്‍.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സിഐടിയു യൂണിയനുകള്‍ ശക്തമായ സമരങ്ങളാണ് ഏറ്റെടുത്തത്്. പ്രധാന തൊഴില്‍ കേന്ദ്രങ്ങളിലെല്ലാം പണിമുടക്കുകളും പ്രക്ഷോഭങ്ങളും നടന്നു. ബഹുരാഷ്ട്ര കമ്പനികളുടെ സംഘടനാസ്വാതന്ത്ര്യ നിഷേധത്തിനെതിരെ തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളില്‍ നടന്ന സമരങ്ങളില്‍ നൂറുകണക്കിന് തൊഴിലാളികളും നേതാക്കളും ശിക്ഷാ നടപടിക്കിരയായി. ഇതില്‍ പല സമരങ്ങളും വിജയംകണ്ടു. അസംഘടിത-പരമ്പരാഗത വ്യവസായ മേഖലകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നു. കേന്ദ്ര പദ്ധതികളില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ തൊഴിലാളികള്‍ നടത്തിയ പ്രാദേശിക, സംസ്ഥാന, അഖിലേന്ത്യാ സമരങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പശ്ചിമബംഗാളില്‍ രാഷ്ട്രീയപ്രേരിത ആക്രമണങ്ങളില്‍ ആറ് ട്രേഡ് യൂണിയന്‍ നേതാക്കളുള്‍പ്പെടെ എഴുപതിലധികം ജനാധിപത്യപ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. യൂണിയനുകളുടെ നാനൂറോളം ഓഫീസുകള്‍ തൃണമൂല്‍ ഗുണ്ടകള്‍ കൈയേറി. ഇതെല്ലാം അതിജീവിച്ചാണ് സമരം തുടരുന്നത്.

പതിമൂന്നാം സമ്മേളന കാലത്താണ് സംയുക്ത തൊഴിലാളി പ്രക്ഷോഭത്തിന് തുടക്കമിട്ടത്. മൂന്നു വര്‍ഷത്തിനിടെ ദേശീയ തലത്തില്‍ പൊതുപണിമുടക്കുകളും തുടര്‍ച്ചയായ സമര പ്രചാരണപരിപാടികളും നടത്തി. തൊഴിലാളികളുടെ വലിയ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ദേശീയതലത്തില്‍ ഐക്യ തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ സിഐടിയു നിര്‍ണായക പങ്ക് വഹിച്ചു. രാജ്യത്തിന്റെ മുക്കിലും മൂലയിലും പണിമുടക്കിന്റെ സന്ദേശം എത്തിച്ചു. സിഐടിയു യൂണിയനുകളും ഫെഡറേഷനുകളും സ്വതന്ത്രമായി വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭത്തിനിറങ്ങി. പതിമൂന്നാം സമ്മേളനത്തിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യം തൊഴിലാളി സമൂഹത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. 2009 പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. ലോക്്സഭയില്‍ അംഗബലം കുറഞ്ഞതോടൊപ്പം പശ്ചിമബംഗാളിലും കേരളത്തിലും ഭരണം നഷ്ടപ്പെട്ടു. ഇതോടെ, രണ്ടാം യുപിഎ സര്‍ക്കാര്‍ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഇതിന് മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപി പിന്തുണ നല്‍കി.

പ്രാദേശിക പാര്‍ടികള്‍ ഭരിക്കുന്നവയുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും വിനാശകരമായ സാമ്പത്തിക നയം പിന്തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ബദല്‍ നയം മുന്നോട്ടുവച്ച് ഐക്യ തൊഴിലാളി മുന്നേറ്റം ട്രേഡ് യൂണിയനുകള്‍ കെട്ടിപ്പടുത്തത്. അഴിമതി, സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ജനകീയ പ്രശ്നങ്ങളിലും പ്രതിരോധം തീര്‍ക്കാന്‍ തൊഴിലാളികള്‍ക്കായി. ഇതിന്റെ പ്രതിഫലനമാണ് 48 മണിക്കൂര്‍ പൊതുപണിമുടക്കിന് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ലഭിച്ച പിന്തുണ. തൊഴിലാളികളുടെ ഏകീകൃത ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഐക്യവേദികള്‍ 1971-72ല്‍ രൂപംകൊള്ളാന്‍ തുടങ്ങി. ഇന്ന് അത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും പൂര്‍ണമായ ഐക്യവേദിയിലെത്തി നില്‍ക്കുന്നു. പത്ത് ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാര്‍ട്ടറാണ് ഇന്നത്തെ ഐക്യത്തിന് അടിസ്ഥാനം. നയപരമായ പ്രശ്നങ്ങളും ഉടനടി നടപ്പാക്കേണ്ട ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അത്.

ഐക്യസന്ദേശവും ആവശ്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. എങ്കിലും ഇന്നുണ്ടായ ഐക്യം, അതിലൂടെയുള്ള സമരങ്ങള്‍ എന്നിവ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ ചരിത്രത്തിലെ ആവേശകരമായ അധ്യായങ്ങളായി. ഫെബ്രുവരിയിലെ 48 മണിക്കൂര്‍ പണിമുടക്കും അനുബന്ധ പരിപാടികളും നേടിയ അഭൂതപൂര്‍വ വിജയം അത് ഉറപ്പിക്കുന്നു. സിഐടിയു സമര-ഐക്യ സന്ദേശമുയര്‍ത്തിയപ്പോഴും എണ്‍പതുകളില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ കോണ്‍ഫെഡറേഷന്‍ എന്ന ആശയം മുന്നോട്ടുവച്ചപ്പോഴും പലരും വിവിധ കാരണങ്ങളാല്‍ അനുകൂലിക്കാന്‍ തയ്യാറായില്ല. പക്ഷേ ഇന്നത്തെ സാര്‍വദേശീയ-ദേശീയ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്കും അധ്വാനിക്കുന്ന വിഭാഗങ്ങള്‍ക്കുമെതിരായ ചൂഷണവും അടിച്ചമര്‍ത്തലും സംഘടനാ അവകാശമുള്‍പ്പെടെ നേടിയെടുത്തതെല്ലാം പിടിച്ചുപറിക്കുന്നതുമായ സാഹചര്യങ്ങളും നിലപാട് മാറ്റത്തിനും ഐക്യസമര പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും സഹായിച്ചു. തികച്ചും വ്യത്യസ്ത രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും നയപ്രഖ്യാപനങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നവയാണ് ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍. വ്യത്യസ്ത വീക്ഷണങ്ങളുള്ള സാര്‍വദേശീയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയുമാണ് ഇതില്‍ ഭൂരിപക്ഷവും.

സാര്‍വദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളുമായി ചേര്‍ന്ന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്ടിയു) എന്ന ഇടതുപക്ഷ സംഘടനയും ഇന്റര്‍നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ്(ഐടിയുസി) എന്ന വലതുപക്ഷ സംഘടനയുമാണ് രംഗത്തുള്ളത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫ്രീ ട്രേഡ് യൂണിയന്‍സ്(ഐടിഎഫ്ടിയു), വേള്‍ഡ് കൗണ്‍സില്‍ ഓഫ് ലേബര്‍(ഡബ്ല്യുസിഎല്‍) എന്നിവ ലയിച്ചാണ് ഈയടുത്ത് ഐടിയുസി രൂപംകൊണ്ടത്. ഈ രണ്ട് സാര്‍വദേശീയ സംഘടനകളോടും അഫിലിയേറ്റ് ചെയ്യാതെ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനകളും ഇന്ത്യയിലുണ്ട്. ആശയപരമായും നയപരമായും ധാരാളം വ്യത്യസ്തതകള്‍ വച്ചുപുലര്‍ത്തുമ്പോഴും തുടര്‍ച്ചയായ ദേശീയ പണിമുടക്കുകളും പ്രക്ഷോഭങ്ങളും നടത്താന്‍ കഴിയുന്നു എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അഭിപ്രായഭിന്നതകള്‍ക്കപ്പുറം ഐക്യബോധമുയര്‍ത്താന്‍ എല്ലാ സംഘടനകളും തയ്യാറായതോടെയാണ് ഇത് സാധ്യമായത്. ആ സംഘടനകളുടെയെല്ലാം സമുന്നത നേതാക്കള്‍ കണ്ണൂര്‍ സമ്മേളന ഉദ്ഘാടനവേദിയില്‍ സന്നിഹിതരാകും.
 
ഇന്നത്തെ ഐക്യം ശക്തിപ്പെടുത്തുകയെന്നതും സമരങ്ങളെ കൂടുതല്‍ കെട്ടുറപ്പോടെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതുമാണ് കണ്ണൂര്‍ സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ച. അതോടൊപ്പം സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചും വിശദമായ ആലോചനകള്‍ ഉണ്ടാകും. കുറെ സമ്മേളനങ്ങളിലായി പ്രധാന പ്രശ്നങ്ങളില്‍ നയപരമായ വ്യക്തതയുണ്ടാക്കാന്‍ രേഖകളുണ്ടാക്കുകയും പ്രതിനിധികള്‍ കമീഷനുകളായി തിരിഞ്ഞ് കൂടിയാലോചിച്ച് അന്തിമരൂപം നല്‍കുകയും ചെയ്യാറുണ്ട്. കണ്ണൂര്‍ സമ്മേളനത്തിന് മുന്നില്‍ നാലു പ്രധാന പ്രശ്നങ്ങളാണുള്ളത്. ജനാധിപത്യപരമായ സംഘടനാ പ്രവര്‍ത്തനം, നവ ലിബറല്‍ പരിഷ്കാരകാലത്ത് തൊഴില്‍ ഘടനയിലുണ്ടായ മാറ്റങ്ങള്‍, സാമൂഹ്യപ്രശ്നങ്ങളും തൊഴിലാളി സംഘടനകളും, ബദലിനായുള്ള പോരാട്ടങ്ങള്‍ എന്നിവയാണ് ചര്‍ച്ചക്കുള്ള രേഖകള്‍. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കും സാമ്രാജ്യത്വ ചൂഷണങ്ങള്‍ക്കുമെതിരെ ശക്തമായ സമരങ്ങള്‍ നടത്തുന്ന ഈ ഘട്ടത്തില്‍ അവയുടെ സന്ദേശവുമായി ലോക തൊഴിലാളി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ടിയു) ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്രിക്കോസ് കണ്ണൂരിലെത്തുന്നുണ്ട്.ഇന്ത്യയില്‍ ചൂഷണരഹിത സാമൂഹ്യവ്യവസ്ഥക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരായ പ്രതിനിധികളുടെ ചര്‍ച്ചകള്‍ ആ പ്രതീക്ഷകള്‍ സഫലമാക്കും.

വെല്ലുവിളികള്‍

തപന്‍ സെന്‍ (സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി)

നിര്‍ണായക സന്ദര്‍ഭത്തിലാണ് സിഐടിയു 14-ാം അഖിലേന്ത്യാ സമ്മേളനം ചേരുന്നത്. ഫെബ്രുവരിയില്‍ നടന്ന ദേശവ്യാപക പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നതുംശ്രദ്ധേയം. അന്നത്തെ ദ്വിദിന പണിമുടക്കില്‍ തൊഴിലാളികള്‍മാത്രമായിരുന്നില്ല പങ്കെടുത്തത്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് സമരത്തിനൊപ്പംനിന്നു. സംഘടിത തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തില്‍നിന്ന് ഇതര ജനവിഭാഗങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു ഇത്. അതിനാല്‍തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാനും സിഐടിയുവിനെ സജ്ജമാക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. സ്ഥിതിഗതികള്‍ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ദേശീയ സമൂഹത്തിനും സമ്പദ്വ്യവസ്ഥക്കുംമേല്‍ കോര്‍പറേറ്റ് ഭരണനയങ്ങള്‍ കടുത്ത നിരാശ തീര്‍ത്തിരിക്കുന്നു. ഇതിന്റെ ആഘാതം ഏറെ അനുഭവിക്കുന്നത് തൊഴിലെടുക്കുന്നവരാണ്.

മുതലാളിത്ത ലോകത്തിലെ മാന്ദ്യത്തിന്റെയും കടുത്ത പ്രതിസന്ധിയുടെയും പശ്ചാത്തലം ഇന്ത്യയെയും ആഴത്തില്‍ പിടികൂടിയിരിക്കുന്നു. ആഭ്യന്തരോല്‍പാദനത്തിലേക്കും ഖജനാവിലേക്കും സംരംഭകരുടെ ലാഭത്തിലേക്കും ഏറെ സംഭാവന ചെയ്യുന്ന തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ലാഭവും നിയമവിരുദ്ധ സാമ്പത്തിക നേട്ടവും ഉയരുമ്പോള്‍തന്നെ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും ഏറുന്നു. കൂലിയും സാമൂഹ്യസുരക്ഷ പദ്ധതികളും വെട്ടിക്കുറക്കുകയുമാണ്. കമ്പനികളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധസഖ്യം ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കുമേല്‍ നിരന്തരം കടന്നാക്രമണങ്ങള്‍ അഴിച്ചുവിടുന്നു. വ്യാവസായികമേഖലയിലെ പിന്നോട്ടടിക്കൊപ്പം അവശ്യവസ്തുക്കളുടെ വിലക്കയറ്റവും രൂക്ഷമാണ്. ഒരു നിയന്ത്രണവുമില്ലാത്ത ഇന്ധന, ഗ്യാസ് വില വര്‍ധന എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതി ഉണ്ടാക്കി. വിലക്കയറ്റം സംഭവിക്കുന്നതല്ല, സംഭവിപ്പിക്കുന്നതാണ്. ഇതാകട്ടെ ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കാനുമാണ്.

ജനങ്ങള്‍ പട്ടിണി കിടന്നാലും കുട്ടികള്‍ പോഷകാഹാരമില്ലാതെ വരണ്ടുണങ്ങിയാലും പ്രശ്നമില്ല, കുത്തകകളുടെ ലാഭം കുറയാതിരുന്നാല്‍ മതി എന്നതാണ് നിലപാട്. വിലക്കയറ്റത്തിന്റെ പ്രധാന കാരണമായ ഊഹക്കച്ചവടം സമ്പദ്വ്യവസ്ഥയുടെ ദിശാസൂചികയായി. ദേശവ്യാപക പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ഇതിനൊക്കെ ഉത്തരം പറയിപ്പിക്കാനാകൂ. പൊതുമേഖല ബാങ്കുകളെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയും ദുര്‍ബലമാക്കി ആഗോള കോര്‍പറേറ്റുകളെ കുടിയിരുത്തുകയാണ്. എന്തിനാണ് ഈ മേഖലയിലെ വിദേശ അധിനിവേശം? സ്വന്തം രാജ്യത്ത് കുത്തുപാളയെടുത്ത കമ്പനികള്‍ ഇന്ത്യയിലേക്ക് മൂലധനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെ. നമ്മുടെ ജനങ്ങളുടെ സമ്പാദ്യം വിദേശ ധനകാര്യ കളിക്കാരുടെയും സ്വകാര്യ ഊഹവ്യവസായികളുടെയും കൈകളിലേക്ക് എറിഞ്ഞുകൊടുക്കുകയാണ്. കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന ചില്ലറ വ്യാപാര മേഖലയിലേക്ക് വിദേശ ഷൈലോക്കുമാര്‍ക്ക് പരവതാനി വിരിക്കുന്നു.

ഭരണവര്‍ഗ പാര്‍ടി ഒഴികെ എല്ലാ മേഖലയില്‍നിന്നുള്ളവരും ഈ നീക്കത്തെ എതിര്‍ത്തു. യുപിഎ ഘടകകക്ഷികളും പ്രതിഷേധിച്ചു. ജനവികാരം മാനിക്കാതെ മന്‍മോഹന്‍ സര്‍ക്കാര്‍ മുന്നോട്ടുപോയി. ജനകീയ സമരങ്ങളോടുള്ള അവജ്ഞ വലതുപക്ഷ ഭരണത്തിന്റെ മുഖമുദ്രയായിരിക്കുന്നു. ഇരുപത് കോടി ജനങ്ങള്‍ക്ക് ജീവിതം നല്‍കുന്ന നാല് കോടി ചെറുകിട കച്ചവടക്കാരുണ്ട് രാജ്യത്താകെ. ഇന്ത്യന്‍ ഭരണവര്‍ഗത്തിനുമേല്‍ ആഗോള മൂലധനവും സാമ്രാജ്യത്വ താല്‍പര്യങ്ങളും അപകടരമാംവിധം ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ഫാസിസ്റ്റ് രീതികളും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുമേല്‍ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

കൂടുതല്‍ ശക്തമായ ജനാധിപത്യ ഉണര്‍വിലൂടെ മാത്രമേ നമുക്ക് ഇതെല്ലാം ചെറുക്കാനാകൂ. ഇതില്‍ തൊഴിലാളിവര്‍ഗം നേതൃപരമായ പങ്ക് വഹിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ മുരത്ത വലതുപക്ഷ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ട്രേഡ് യൂണിയന്‍ ഐക്യം രൂപപ്പെട്ടുവരുന്നത് ആവേശകരമാണ്. സംയുക്ത തൊഴിലാളി പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും പൊതുപണിമുടക്കിലേക്കും വികസിച്ചു. അതിന് വ്യക്തമായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വരുംനാളുകളില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇതോട് ചേരുമെന്നുറപ്പാണ്. ഇത്തരം ഐക്യം രാഷ്ട്രീയ ചലനങ്ങളെയും സ്വാധീനിക്കും.

*
ദേശാഭിമാനി

No comments: