Tuesday, April 9, 2013

അഴിമതിയുടെ വേരുകള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അഴിമതിയായിരുന്നു ബൊഫോഴ്സ് തോക്കിടപാട്. കോണ്‍ഗ്രസിനു കേന്ദ്രത്തില്‍ മാത്രമല്ല, ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെടുന്നതിന് ഈ ഇടപാട് വഴിവച്ചു. സ്വീഡിഷ് കമ്പനിയില്‍നിന്ന് ബൊഫോഴ്സ് തോക്കുകള്‍ വാങ്ങുന്നതില്‍ 64 കോടി രൂപയുടെ കമീഷന്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ആരോപണം രാജീവ്ഗാന്ധി നിഷേധിച്ചെങ്കിലും ജനങ്ങള്‍ അത് വിശ്വസിച്ചില്ല. 1984ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് അധികാരത്തില്‍ വന്ന രാജീവ്ഗാന്ധിക്ക് 1989 ലെ തെരഞ്ഞെടുപ്പില്‍ പടിയിറങ്ങേണ്ടി വന്നു. അന്നൊക്കെ കോണ്‍ഗ്രസ് പാര്‍ടി ആവര്‍ത്തിച്ചത് രാജീവ് ഗാന്ധി "മിസ്റ്റര്‍ ക്ലീനാ"ണെന്നും അദ്ദേഹം അഴിമതി നടത്തിയിട്ടില്ലെന്നുമാണ്. എന്നാല്‍, ഹിന്ദു ദിനപത്രം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വിക്കീലീക്സ് രേഖകളുടെ അടിസ്ഥാനത്തിലുള്ള വാര്‍ത്ത രാജീവ് ഗാന്ധി സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ കമീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവെന്നാണ്.

സ്വീഡിഷ് വിമാനക്കമ്പനിയായ സാബ് സ്കാനിയയുടെ ഏജന്റായാണ് രാജീവ് ഗാന്ധി പ്രവര്‍ത്തിച്ചതെന്നാണ് വിക്കിലീക്സ് വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഘട്ടത്തിലാണ് സാബ് സ്കാനിയ കരാറിനായി ശ്രമിച്ചത്. വിഗന്‍ എന്ന അവരുടെ യുദ്ധവിമാനം വില്‍ക്കാനായിരുന്നു ശ്രമം. ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സാള്‍ട്ടും ബ്രിട്ടനിലെ ജാഗ്വാറും ഇതേ ഇന്ത്യന്‍ കരാര്‍ നേടാന്‍ ശ്രമിച്ചിരുന്നു. 1973 മുതല്‍ 1976 വരെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ കൈമാറിയ "കിസിഞ്ചര്‍ കേബിള്‍സ്" (അമേരിക്കന്‍ പ്രസിഡന്റുമാരായ ഹെന്‍റി ഫോര്‍ഡിന്റെയും റിച്ചാര്‍ഡ് നിക്സന്റെയും വിദേശകാര്യ സെക്രട്ടറിയായിരുന്നു ഹെന്‍റി കിസിഞ്ചര്‍) എന്ന പേരിലുള്ള 17 ലക്ഷം കേബിളുകളില്‍ 41 എണ്ണത്തിലാണ് ഈ ഇടപാടിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 1975 ല്‍ ന്യൂഡല്‍ഹിയിലെ എംബസിയില്‍ നിന്ന് വാഷിങ്ടണ്‍ ഡിസിയിലേക്ക് അയച്ച കേബിളിലാണ് രാജീവ് ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി വെളിപ്പെടുത്തുന്നത്. "ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പൈലറ്റായി എന്നതാണ് വിമാന വ്യവസായവുമായി മിസിസ് ഗാന്ധിയുടെ (ഇന്ദിരാഗാന്ധിയുടെ) മൂത്ത പുത്രനുള്ള (രാജീവ്ഗാന്ധി) ബന്ധം. ബിസിനസുകാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പേര് ആദ്യമായാണ് കേള്‍ക്കുന്നതെന്നും" ഈ കേബിള്‍സ് പറയുന്നു.

1976ല്‍ അയച്ച മറ്റൊരു കേബിളില്‍ രാജീവ്ഗാന്ധിയുടെ പേരുതന്നെ പരാമര്‍ശിക്കുന്നുമുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താതെ രാജീവ് ഗാന്ധി നേരിട്ട് അനുരഞ്ജനം നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഈര്‍ഷ്യയുണ്ടെന്നും കേബിള്‍ വ്യക്തമാക്കുന്നു. കരാര്‍ നേടാനുള്ള മത്സരത്തില്‍ കുടുംബത്തിന്റെ സ്വാധീനം കണക്കിലെടുത്താണ് സ്വീഡിഷ് വിമാനക്കമ്പനി പ്രധാനമന്ത്രിയുടെ പുത്രനായ രാജീവ്ഗാന്ധിയെതന്നെ ഇടനിലക്കാരനാക്കിയതെന്നും 1976 ലെ കേബിള്‍ പറയുന്നു. ഇതില്‍നിന്ന് രണ്ടുകാര്യം വ്യക്തമാണ്. ഒന്നാമതായി, ബൊഫോഴ്സ് കേസില്‍ പ്രതിയാകുന്നതിന് മുമ്പുതന്നെ രാജീവ് ഗാന്ധിക്ക് ആയുധ ഇടപാടുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബൊഫോഴ്സ് തോക്കിടപാടില്‍ രാജീവ് ഗാന്ധി കോഴവാങ്ങിയെന്ന ആരോപണത്തിന് ബലം വര്‍ധിക്കുന്നു. രണ്ടാമതായി, രാജീവ് ഗാന്ധിയുടെ പേര് ആദ്യമായി ഒരു ഇടപാട് രേഖയില്‍ നേരിട്ട് പരാമര്‍ശിക്കുന്നു. അതായത് രാജീവ് ഗാന്ധിയെ മിസ്റ്റര്‍ ക്ലീന്‍ എന്ന് ഇനി വിശേഷിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. രാജീവ് ഗാന്ധി ഇടപെട്ടെങ്കിലും സ്വീഡിഷ് കമ്പനിക്കല്ല മറിച്ച്, ബ്രിട്ടനിലെ ജാഗ്വാര്‍ കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. അമേരിക്കന്‍ എതിര്‍പ്പ് കാരണമാണ് സ്വീഡിഷ് കമ്പനിക്ക് കരാര്‍ ലഭിക്കാതെ പോയത്.

രാജ്യത്തെ പ്രതിരോധ ഇടപാടുകളിലെ ഓരോ അഴിമതി പുറത്തുവരുമ്പോഴും നെഹ്റു കുടുംബത്തിന്റെ പേരും അതുമായി ബന്ധപ്പെട്ടുവരുന്നത് അഴിമതിയുടെ വേരുകളും എത്രമാത്രം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നു. ബൊഫോഴ്സ് കേസുമായി ബന്ധപ്പെട്ട ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒക്ടോവിയോ ക്വട്ട്റോച്ചിയെയും മാര്‍ട്ടിന്‍ അര്‍ദ് ബോയെയും വിന്‍ഛദ്ദയെയും രക്ഷിക്കാന്‍ ഈ കുടുംബം കാട്ടിയ ശുഷ്കാന്തി അഴിമതി ആരാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. അറസ്റ്റിലായ ക്വട്ട്റോച്ചിയെ വിട്ടയച്ചുവെന്നുമാത്രമല്ല, മരവിപ്പിച്ച അക്കൗണ്ടുകള്‍ സജീവമാക്കി പണം പിന്‍വലിക്കാന്‍ അനുവദിക്കുകപോലും ചെയ്തു. പ്രധാമന്ത്രികാര്യാലയത്തിലെ രഹസ്യരേഖകള്‍ ക്വട്ട്റോച്ചിക്ക് ലഭിച്ചിരുന്നുവെന്ന് പിന്നീട് വിരമിച്ച ഉദ്യേഗസ്ഥര്‍തന്നെ വെളിപ്പെടുത്തി. അവസാനമായി പുറത്തുവന്ന വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിലും നെഹ്റു കുടുംബത്തിനുള്ള ബന്ധം മറനീക്കി പുറത്തുവരികയുണ്ടായി. രാഷ്ട്രീയക്കാരും ഉദ്യേഗസ്ഥരും വന്‍കിട കമ്പനികളും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചാല്‍മാത്രമേ ഇത്തരം അഴിമതികള്‍ക്ക് തടയിടാനാകൂ. അതോടൊപ്പം അഴിമതി തടയാനുള്ള ശക്തമായ ലോക്പാല്‍ നിയമം പാസാക്കുകയും വേണം.

എന്നാല്‍, അഴിമതി ആവര്‍ത്തിക്കുമ്പോഴും അത് തടയാനുള്ള ഒരു ശ്രമവും പ്രതിരോധ മന്ത്രാലയവും യുപിഎ സര്‍ക്കാരും കൈകൊള്ളുന്നില്ല. പ്രതിരോധ രംഗത്ത് വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 മുതല്‍ 74 ശതമാനംവരെയായി ഉയര്‍ത്തണമെന്നാണ് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ പറയുന്നത്. അഴിമതിക്കുള്ള പ്രധാന പാതകൂടിയാണ് വിദേശനിക്ഷേപമെന്നതാണ് ലോകത്തിന്റെ അനുഭവപാഠം. പ്രതിരോധ രംഗത്തെ അഴിമതി തടയാന്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കണമെന്ന് വകുപ്പു മന്ത്രി ആന്റണി ആവര്‍ത്തിക്കുമ്പോഴാണ് വിദേശനിക്ഷേപം കൂട്ടണമെന്ന് ആനന്ദ് ശര്‍മ വാദിക്കുന്നത്. യുപിഎ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയമാണ് അഴിമതിക്ക് വഴിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള ബദല്‍ നയം ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ അഴിമതിക്ക് തടയിടാനാകൂ എന്നതാണ് യാഥാര്‍ഥ്യം.

*
ദേശാഭിമാനി മുഖപ്രസംഗം 09 ഏപ്രില്‍ 2013

No comments: