Thursday, July 5, 2007

ക്രിസില്‍ നിന്ന് പന്ഥെയിലേക്കുള്ള ദൂരം

രാവിലെ എട്ടുമണിക്ക് ജോലിക്ക് കയറി വൈകീട്ട് ആറിനോ ഏഴിനോ ജോലിനിര്‍ത്തുന്നവരെ ഐ.ടി. മേഖലയില്‍ പാര്ട്ട് ടൈം ജീവനക്കാര്‍ എന്നാണ് കളിയായി പറയുക.

ഒരു ബ്ലൊഗില്‍ കണ്ട കമന്റില്‍ നിന്ന്

ആരോഗ്യവും ഇന്ത്യന് സാമ്പത്തികവ്യവസ്ഥയും എന്ന തലക്കെട്ടില്‍ ഇന്ത്യന്‍എക്കണോമി എന്ന ബ്ലോഗില്‍ കണ്ട കുറിപ്പ് ഒരല്പം പ്രാധാന്യമുള്ളതാണെന്ന് തോന്നി. ഐ.ടി. മേഖലയിലെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണീ കുറിപ്പ്.

നാസ്കോമിന്റെ ( National Association of Software and Service Companies)തലപ്പത്തുണ്ടായിരുന്ന ദേവാങ്ങ് മേത്ത, താരതമ്യേന ചെറുപ്പംഎന്നു പറയാവുന്ന നാല്പതാം വയസ്സില്‍ അന്തരിച്ചുവെന്നും സുനില്‍ മേത്ത എന്ന നാസ്കോമിലെ മുന്‍ റിസര്‍ച്ച് തലവന്‍ ഏതാണ്ട് ഇതേ പ്രായത്തില്‍ത്തന്നെ അന്തരിച്ചുവെന്നും ഷെഫാലി എഴുതിയ കുറിപ്പില്‍ ‍പറയുന്നു. ഇത്തരം സംഭവങ്ങള്‍ കേരളമുള്‍പ്പെടെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നീണ്ട ജോലിസമയം, വിശ്രമവും ശരിയായ ഭക്ഷണവും ഇല്ലായ്മ, വ്യായാമത്തിന്റെ അഭാവം, കൃത്യസമയത്ത് പ്രോജക്ടുകള്‍ തീര്‍ക്കാനുള്ള നെട്ടോട്ടം അങ്ങിനെ പലതും ഇതിനു കാരണമാകുന്നുവത്രേ. ജോലി സമയവുംആരോഗ്യവും(അനാരോഗ്യവും-CRI ഉള്‍പ്പെടെ) - തമ്മിലുള്ള ബന്ധം ഐ.ടി മേഖലയിലെ പഠനത്തില്‍നിന്നും വ്യക്തമാകും എന്നും ഈ കുറിപ്പില്‍ പറയുന്നു.

ഇതിന്റെ കൂടെ ഇന്‍ഫോസിസ് എം.ഡി. ക്രിസ് ഗോപാലകൃഷ്ണന്റെ (വ്യക്തിപരമായ)അഭിപ്രായം ചേര്‍ത്തു വായിക്കണം.

അദ്ദേഹം പറയുന്നത് ഐ.ടി മേഖലയിലെ ജീവനക്കാര്‍ എല്ലാവരും നല്ല ശമ്പളം ലഭിക്കുന്നവരാണെന്നും അവരൊക്കെ സംതൃപ്തരാണെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും നാസ്കോം പരിഹാരം കാണുന്നുണ്ടെന്നും ഈ മേഖലയില്‍ തൊഴിലാളി സംഘടനകളുണ്ടാകുന്നത് വ്യവസായിക അന്തരീക്ഷത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ പരക്കാന്‍ ഇടയാക്കും എന്നുമാണ്.

നമുക്കദ്ദേഹത്തെ കുറ്റം പറയേണ്ട കാര്യമില്ല. കമ്പനികളുടെഎം.ഡി.മാര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളും താല്പര്യങ്ങളും ഉണ്ടാകുന്നത് അസ്വാഭാവികവുമല്ല.

ഇതിനു നേരേ വിപരീതമായ ചില പ്രതികരണങ്ങളും തീരുമാനങ്ങളും ഉണ്ടാവുന്നതും വളരെ സ്വാഭാവികം തന്നെ. ഐ.ടി മേഖലയില്‍ തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കാനുള്ള സി.ഐ.ടി.യു തീരുമാനം ഇത്തരത്തിലൊന്നാണ്.

ഈ മേഖലയില്‍ ജോലിചെയ്യുന്ന 10 ലക്ഷത്തോളം തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കുന്നതിനും, തൊഴില്‍ നിയമങ്ങള്‍ ശരിയായി പാലിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പു വരുത്തുന്നതിനും ഇത്തരമൊരു നീക്കം ആവശ്യമാണ് എന്ന് ശ്രീ. എം.കെ.പന്ഥെ (M.K.Pandhe) അഭിപ്രായപ്പെടുന്നു. സി.ഐ.ടി.യുനടത്തിയ ചില പഠനങ്ങളില്‍ വെളിവായ ചില കാര്യങ്ങള്‍ അദ്ദേഹം അക്കമിട്ടു നിരത്തുന്നുണ്ട്.

1. ഐ.ടി.യൂണിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്പോഴും 2 ഷിഫ്റ്റ്മാത്രമേ ഉള്ളൂ. ഇതുമൂലം പലപ്പോഴും ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍; ചിലപ്പോള്‍ 14 മണിക്കൂര്‍‍ ജോലി ചെയ്യേണ്ടി വരുന്നു. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് 8 മണിക്കൂറിനു മുകളിലുള്ള ജോലിക്ക് ഇരട്ടി വേതനം നല്കേണ്ടതുണ്ട്. ഐ.ടി. കമ്പനികള്‍ ഇത് നഗ്നമായി ലംഘിക്കുന്നു.

2. അപ്പോയിന്റ്മെന്റ് ലെറ്റര്‍ നല്കാതെയാണ് പലരേയും നിയമിക്കുന്നത്. അത്കൊണ്ട് തന്നെ മുന്നറിയിപ്പില്ലാത്ത പിരിച്ചുവിടല്‍ ഈ മേഖലയില്‍ സര്‍വസാധാരണം.

3. കമ്പ്യൂട്ടറിനു മുന്നിലെ തുടര്‍ച്ചയായ ജോലി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. പ്രത്യേകിച്ച് കണ്ണിന്. ആസ്ത്രേലിയയില്‍ ‍ഈ മേഖലയിലെ ട്രേഡ് യൂണിയനുകള്‍ 2 മണിക്കൂര്‍ ജോലിക്ക് ശേഷം അരമണിക്കൂര്‍ വിശ്രമം അവകാശപ്പെടുന്നുണ്ട്.

4. ഈ മേഖലയിലെ ഭൂരിഭാഗം ജീവനക്കാരും വനിതകളാണ്. അവരുടെ സവിശേഷ അവകാശങ്ങള്‍ ‍സംരക്ഷിക്കപ്പെടുന്നില്ല എന്നു മാത്രമല്ല പല തരത്തിലുള്ള പീഢനങ്ങള്‍ ‍അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു.

5. ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള വേദിയുടെ അഭാവം.യൂണിയന്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തടയപ്പെടുന്നു.

6. ചില അവസരത്തില്‍‍ 10 കോടി രൂപയുടെ ഒരു പ്രോജക്ട് ചെയ്യുമ്പോള്‍ ഐ.ടി കമ്പനിക്ക് 7.5കോടി രൂപ ലാഭം ലഭിക്കുന്നതായും ഈ മേഖലയിലെ ഒരു ചീഫ് അക്കൌണ്ടണ്ട് നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു. ഐ.ടി. മേഖലയിലെ പലരും സഹസ്രകോടിപതികളാകുന്നതില്‍ അത്ഭുതമില്ല.

7. ഈ മേഖലയിലെ ജീവനക്കാര്‍ വന്‍ ശമ്പളം പറ്റുന്നവരാണെന്ന തെറ്റിദ്ധാരണ പരക്കേയുണ്ട്. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ പോലുള്ള തസ്തികകളെ സംബന്ധിച്ച് ഒരു പരിധി വരെ ഇത് ശരിയാണെങ്കിലും കമ്പ്യൂട്ടറിനു മുന്നില്‍ സദാസമയവും കുത്തിയിരുന്ന് ജോലി ചെയ്യുന്ന സാധാരണ ജോലിക്കാര്‍ക്ക് ആവശ്യമായ വേതനമോ മറ്റുആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.

8. ജോലി സുരക്ഷിതത്വമില്ലായ്മ, എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടപ്പെടാം എന്നത് ജീവനക്കാരില്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

സി.ഐ.ടി.യു നടത്തിയ ഇടപെടലുകളുടെ ഭാഗമായി നാഷണല്‍ ലേബര്‍ ‍ഇന്സ്റ്റിട്യൂട്ട് നടത്തിയ പഠനം ഈ മേഖലയിലെ ഗുരുതരമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നുണ്ട് എന്നു അവര്‍ പറയുന്നു.കാള്‍ സെന്ററുകളിലും മറ്റും വളരെ ശോചനീയമായ വേതനമാണ് നല്കപ്പെടുന്നത്.തെറ്റു വരികയാണെങ്കില്‍ പല സ്ഥാപനങ്ങളും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ആ ദിവസത്തെ വേതനം പിടിച്ചുവെക്കുന്നു. ഈ മേഖലയിലെ തൊഴില്‍ സാഹചര്യം പത്തൊന്പതാം നൂറ്റാണ്ടിലെ തടവറകളിലേതുമായും റോമിലെ കപ്പലുകളിലേതുമായും താരതമ്യം ചെയ്യാവുന്നതാണത്രേ. ഇത് ഒരു പക്ഷേ അല്പം അതിശയോക്തിപരമായിരിക്കാം എങ്കിലും മൊത്തത്തിലുള്ള ഒരു ചിത്രംനല്കുന്നുണ്ട്. യൂണിയനുകളോ ജീവനകാരുടെ അവകാശത്തിനായുള്ള വേദികളോ ഉണ്ടാക്കുകയാണെങ്കില്‍ അത് രഹസ്യമായി ചെയ്യേണ്ടി വരുന്നു.

യൂണിയന്‍ ലേബര്‍ സെക്രട്ടറിയുമായി സി.ഐ.ടി.യു പ്രതിനിധികള്‍ നടത്തിയ ചര്ച്ചയില്‍ ‍അദ്ദേഹം തന്നെ ഈ മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സമ്മതിക്കുകയുണ്ടായത്രേ.

മറ്റെല്ലാ മേഖലകളിലേയും ജീവനക്കാരെ പോലെത്തന്നെ ഈ മേഖലയിലേയും ജീവനക്കാര്‍ക്ക് സംഘടിക്കുവാനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങുവാനുമുള്ള അവസരം ഉണ്ടാകുക എന്നത് അത്ര പ്രശ്നമുള്ള കാര്യമാകേണ്ടതില്ല. നല്ല തൊഴില്‍സാഹചര്യം ഒരുക്കുവാനും, തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുവാനും തയ്യാറുള്ള ഒരു തൊഴില്‍ ഉടമയും ഈ ന്യായമായ അവകാശത്തിന് എതിരു നില്ക്കേണ്ടതില്ല. കാരണം നല്ല തൊഴില്‍ സാഹചര്യം ഒരുക്കുന്നത് ജീവനക്കാരുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അതു വഴി സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും ഇടയാക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ല.

16 comments:

വര്‍ക്കേഴ്സ് ഫോറം said...

ഐ.ടി മേഖലയിലെ ആരോഗ്യപ്രശ്നങ്ങള്‍, സംഘടനാരൂപീകരണം എന്നിവയെക്കുറിച്ച് ഒരു കുറിപ്പ്.

കിരണ്‍ തോമസ് തോമ്പില്‍ said...

IT മേഖലയില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍ CITU വിന്റെ കണ്ടെത്തലുകളോട്‌ യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. ഇവയില്‍ പലതും തന്നെ യൂണിയന്‍ ഉണ്ടാക്കേണ്ടത്‌ അത്യാവശമായ ഒരു സംഗതി ആണ്‌ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്‌ ഈ പറഞ്ഞിരിക്കുന്നതില്‍ ഒന്നാമത്തെ കണ്ടെത്തലില്‍ മാത്രമാണ്‌ അല്‍പമെങ്കിലും വാസ്തവം ഉള്ളത്‌.എന്നാല്‍ 12 മണിക്കൂര്‍ മുതല്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവര്‍ ഉയര്‍ന്ന വേതനം പറ്റുന്ന എഞ്ചിനിയേഴ്സാണ്‌. അവര്‍ക്ക്‌ നല്‍കുന്ന ഉയര്‍ന്ന വേതനം തന്നേ ഇങ്ങനെ ജോലി ചെയ്യാന്‍ വേണ്ടിയാണ്‌. അതില്‍ അവരില്‍ 90% ആള്‍ക്കാരും അസംതൃപ്തരല്ല എന്നതും നാം കൂട്ടിവായിക്കേണ്ടതാണ്‌. 12 മുതല്‍ 16 മണിക്കൂര്‍ വരേ എല്ലാ ദിവസമൊന്നും ജോലി ചെയ്യേണ്ടി വരില്ല എന്നതാണ്‌ മറ്റൊരു സത്യം. ചില പ്രത്യേക സാഹചര്യങ്ങളില്‍ അങ്ങനെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുകയാണ്‌. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം.

ഞാന്‍ ഉള്‍പ്പെടുന്ന എന്റെ ടീം ഒരു പ്രോജക്റ്റ്‌ ചെയ്ത്‌ അയക്കുന്നു. ഇവിടെ നടന്ന ടെസ്റ്റിങ്ങിലൊന്നും കണ്ടെത്താന്‍ കഴിയത്ത ഒരു പ്രശ്നം അവിടെ വച്ച്‌ കണ്ടെത്തുന്നു. അത്‌ പരിഹരിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കെണ്ടത്‌ ഒരു എഞ്ചിനിയറുടെ ഉത്തരവാദിത്തമാണ്‌.

സാധരണ തൊഴില്‍ മേഖല പോലെ IT ജോലികളെ കാണുന്നതുകൊണ്ടാണ്‌ ഇത്തരത്തിലുള്ള സംശയ്ങ്ങള്‍ വരുന്നത്‌. IT മേഖല എന്നത്‌ ഒരു അവശ്യ സേവന മേഖലയാണ്‌. ആശുപത്രികള്‍ പോലെയോ വൈദ്യുതി വകുപ്പ്‌ പോലെയോ ഉള്ള ഒരു തൊഴില്‍ മേഖലയാണ്‌. 12 മണിക്കൂറില്‍ അധികം സമയം നമ്മുടെ നാട്ടില്‍ നഴ്സുമാരും ഡോക്ടര്‍മാരും ജോലി ചെയ്യുന്നുണ്ട്‌. അത്‌ സാഹചര്യമനുസരിച്ച്‌ കൂടുകയോ കുറയുകയോ ചെയ്യും. സമാനമായ രീതിയില്‍ ഈ മേഖലയേ കണ്ടാല്‍ തീരാവുന്നതെ ഉള്ളൂ.

ഇനി ഇരട്ടി വേതനം വേണം എന്നൊക്കെപ്പറഞ്ഞ്‌ നമ്മള്‍ സമരം ചെയ്യാന്‍ പോയാല്‍ കമ്പനികള്‍ ഇന്ന് തരുന്ന വേതന വ്യവസ്ഥ പുനര്‍ക്രമീകരിച്ച്‌ നല്‍കുക മാത്രമേ ചെയ്യൂ. ഇന്ന് ഒരു നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു IT കമ്പനി ഒരു എഞ്ചിനിയറക്ക്‌ തുടക്ക ശമ്പളം 7000 രൂപമുതല്‍ 20000 രൂപ വരെ നല്‍കുന്നുണ്ട്‌. ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക്‌ പോകുമ്പോള്‍ കുറഞ്ഞ്ത്‌ 50% വേതന വര്‍ദ്ധനവും ഇവര്‍ക്ക്‌ ലഭിക്കുന്നു. അതിന്‌ യാതൊരു മാനദണ്ഡവും കമ്പനികള്‍ വയ്കാറില്ല. കഴിവാണ്‌ ഈ വര്‍ദ്ധനവിന്‌ അവര്‍ ഒരേ ഒരു മാനദണ്ഡമായി കരുതുന്നത്‌.

ഇനി BPO കമ്പനികളുടെ കാര്യം അവരും നിലവാരം പുലര്‍ത്താന്‍ ബാധ്യസ്ഥരാണ്‌ ക്രിട്ടിക്കലായ ഒരു ജോലിയാണ്‌ BPO ജോലി . നമ്മുടെ രാജ്യവും അമേരിക്കയും തമ്മിലുള്ള സമയ വ്യത്യാസമാണ്‌ ഈ ജോലികള്‍ നമുക്ക്‌ ലഭ്യമാക്കുന്നത്‌. ഓരോ ക്ലൈമും പ്രോസസ്‌ ചെയ്യുന്നത്‌ നിര്‍ണ്ണായകമാണ്‌. അതില്‍ 90% കൃത്യതയെങ്കിലും പുലര്‍ത്തിയില്ലെങ്കില്‍ അയാള്‍ ഈ ജോലിക്ക്‌ യോഗ്യനല്ല. അതുകൊണ്ട്‌ തന്നേ കൃത്യത കുറയുമ്പോള്‍ ശമ്പളം ലഭിച്ചില്ലാ എന്ന് വരും. ഒരു നഴ്സിന്റെ ജോലിയിലുള്ള കഴിവില്ലായ്മകൊണ്ട്‌ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന് കരുതുക. അതേ വിഷയമാണ്‌ ഇവിടെയും. കമ്പനിയും ജീവനക്കാരും നിലനില്‍ക്കുന്നത്‌ തന്നെ ഈ കോണ്ട്രക്റ്റുകളുടെ ബലത്തിലാണ്‌. ഇത്‌ നഷ്ടപ്പെട്ടാല്‍പ്പിന്നെ ഈ ജോലി പോലുമില്ലാതെ വെറുതെ വീട്ടിലിരിക്കാം . BPO ലെ വേതന വ്യവസ്ഥ ക്ലെയിം പ്രോസസിനേയും കൃത്യതയെയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ അവര്‍ മിനിമം വേതനം നല്‍കുന്നുണ്ട്‌. എന്നാല്‍ കൂറ്റുതല്‍ ക്ലെയിം പ്രോസസ്‌ ചെയ്യുകയും ഉയര്‍ന്ന നിലവാരം കാണിക്കുകയും ചെയ്യുന്നവര്‍ക്ക്‌ കൂടുതല്‍ ഇന്‍സെന്റീവ്‌ ലഭിക്കുന്നു. അതില്‍ അവര്‍ തൃപ്തരുമാണ്‌.

ഇന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന IT BPO സ്ഥാപനങ്ങളെ നമ്മുടെ നാട്ടില്‍ നിന്ന് ഓടിച്ച്‌ വിടാനേ ഇ\യൂനിയന്‍ രൂപീകരണം സഹായിക്കു. ഇന്ത്യയിലേ സംഘടിത തൊഴിലാളി വര്‍ഗ്ഗം വിലപേശല്‍ നടത്തുന്ന ഇടമായി ഈ കമ്പനികളെ മാറ്റാന്‍ ഇത്‌ ഇടയാകും. സംഘടിത തൊഴിലാളികളെ അവരുടെ നേതാക്കന്മാര്‍ തന്നേ തള്ളിപ്പറഞ്ഞു തുടങ്ങീയിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരെപ്പറ്റി പറയുമ്പോള്‍ പിണറയിക്കും VS നും പോലും ഒരേ നാക്കാണ്‌. ഇനിയെങ്കിലും നാം വസ്തുതകള്‍ മനസിലാക്കാണം.

ചൂഷണം ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. സാലറി പോലും ലഭിക്കാതെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്‌. പക്ഷേ അതില്‍ എനിക്ക്‌ പരാതിയില്ല. കാരണം അത്‌ ഈ മേഖലയുടെ പ്രത്യേകതയാണ്‌. ഒരു മുന്‍കാല പ്രവര്‍ത്തന പരിചയവുമില്ലാതെ ജോലി ലഭിക്കാന്‍ നല്ല കഴിവു വേണം. അതില്ലാതെ വരുമ്പോള്‍ ചെറു കമ്പനികളെ ആശ്രയിക്കേന്റി വരുന്നു. എന്നാല്‍ 1 വര്‍ഷമെങ്കിലും പരിചയമായാല്‍ നല്ല ശമ്പളം ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ്‌ ഈ ചൂഷണത്തിന്‌ ഞാന്‍ നിന്നുകൊട്ത്തത്‌. MCA, Btech ഒക്കെ കഴിഞ്ഞു എന്നതുകൊണ്ടൊന്നും ഒരു ജോല്യും ലഭിക്കില്ല. പ്രവര്‍ത്തന മികവ്‌ എന്നത്‌ ഇവിടെ നിര്‍ണ്ണായകമാണ്‌. ആ മികവില്ലാത്തവര്‍ നല്ല നാളയേ സ്വപ്നം കണ്ട്‌ അടിമപ്പണിക്ക്‌ സ്വയം നിന്ന് കൊടുക്കുമ്പോള്‍ അത്‌ ഉപയോഗപ്പെടുത്താന്‍ ചിലര്‍ വരുന്നു എന്ന് മാത്രം.

മൂര്‍ത്തി said...

കിരണ്‍ തോമസ് പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളൊക്കെ ഐ.ടി.മേഖലയിലെ ചില വിഭാഗം ആളുകളുടെ മാത്രം ചിന്താഗതിയല്ലേ എന്നൊരു സംശയം. കുറഞ്ഞ ശമ്പളത്തിനു Data Entryയൊക്കെ നടത്തുന്ന എത്രയോ ആള്‍ക്കാര്‍ ഇല്ലേ? അവര്‍ക്ക് വിരുദ്ധ അഭിപ്രായം കണ്ടേക്കില്ലേ? കിരണ്‍ അവശ്യ സര്‍വീസ് എന്നു പറഞ്ഞ നേര്‍സുമാര്‍ക്കും വൈദ്യുതി ജീവനക്കാര്‍ക്കുമൊക്കെ യൂണിയനൊക്കെ ഉണ്ട്. ഇതും അതു പോലെ കണ്ടാല്‍ പോരേ? മനുഷ്യര്‍ തന്നെയല്ലേ ജോലി ചെയ്യുന്നത്? ഈ കോണ്ട്രാക്ട് അടിസ്ഥാനത്തിലുള്ള ജോലി ഒരു തരത്തില്‍ പറഞ്ഞാല്‍ Hire and fire തന്നെ അല്ലേ? സംഘടിത തൊഴിലാളികള്‍ വിലപേശുന്ന ഇടമായി കമ്പനികള്‍ മാറും എന്നത് വസ്തുതയുടെ ഒരു വ്യാഖ്യാനം മാത്രം അല്ലേ? കുറച്ചുകൂടിയൊക്കെ നല്ല തൊഴില്‍ സാഹചര്യം വേണം എന്നു പറയുന്നതും സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നതുമൊക്കെ അത്ര തെറ്റാണെന്നു തോന്നുന്നില്ല. തൊഴിലെടുക്കുന്നവര്‍ക്ക് ഒരു ശബ്ദവും വേണ്ട എന്നു പറയുന്നത് ആരെയാണ് സഹായിക്കുക? തൊഴിലാളികള്‍ മറ്റു പല മേഖലകളിലും സംഘടിച്ചിട്ടുള്ളതു കൊണ്ടും സമരം നടത്തിയിട്ടുള്ളതു കൊണ്ടും ഒക്കെത്തന്നെയല്ലെ ഇന്നത്തെ തൊഴില്‍ നിയമങ്ങള്‍ പോലും വന്നിട്ടുള്ളത്? ആരും വെറുതെ കൊടുത്തതൊന്നുമല്ലല്ലോ? ഐടി.മേഖലയിലെ തൊഴിലിന്റെ പ്രത്യേകതയനുസരിച്ച് സംഘടനാ രീതികളിലും വ്യതാസം ഉണ്ടായാല്‍ പോരെ? അതിനു പകരം സംഘടനയേ വേണ്ട എന്നു പറയുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

മൂര്‍ത്തി,

IT മേഖലയില്‍ കഴിഞ്ഞ 7 വര്‍ഷമായി തൊഴില്‍ ചെയ്യുന്ന ഒരു വ്യ്ക്തിയാണ്‌ ഞാന്‍. വേതനം ഇല്ലാതെയാണ്‌ ഞാന്‍ ജോലിയില്‍ ചേര്‍ന്നത്‌ . കേവലം 3000 രൂപയില്‍ ഞാന്‍ 2 വര്‍ഷത്തോലം ജോലി ചെയ്തു തുടര്‍ന്ന് അത്‌ 5000 ആയി 3 വര്‍ഷത്തിന്‌ ശെഷം 10000 വും തുടര്‍ന്ന് 100% അധികം വേതന വര്‍ദ്ധനവോടെ പല കമ്പനികളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്‌. ഈ കാലഘട്ടങ്ങളില്‍ മൂര്‍ത്തി പറയ്പ്പെടുന്ന Data entry, medical transcription കമ്പനികളി ഒക്കെ S/W വിഭാഗത്തില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്‌. 3000 രൂപ ഞാന്‍ ഗ്ലോറിഫൈഡ്‌ S/W എഞ്ചിനിയറായി ജോലി ചെയ്യുമ്പോള്‍ രണ്ടാം കിടക്കാര്‍ എന്ന് നിങ്ങളൊക്കെപ്പറയുന്ന Data Entry ക്കാര്‍ 5000 മുതല്‍ 10000 രൂപ വരേ സമ്പാദിച്ചിരിന്നു. അതിന്‌ മാനേജ്മെന്റുകള്‍ പറഞ്ഞത്‌ അവര്‍ക്ക്‌ വരുമാനം ലഭിക്കുന്നത്‌ ഈ വിഭാഗത്തില്‍ നിന്നാണ്‌ എന്നാണ്‌.

ഇനി നല്ലരീതിയില്‍ പ്രവൃത്തിക്കുന്ന ഒരു BPO കമ്പനി ഒരു തൊഴിലാളിക്ക്‌ നല്‍കുന്ന സേവന വേതന വ്യവസ്ഥയെന്താണ്‌ എന്ന് നോക്കം

10 ക്ലാസോ +2 ഓ ബിരുധമോ ഉള്ള Data Entry ജീവനക്കാരന്‌ തുടക്കത്തില്‍ 2500 രൂപ മുതല്‍ 5000 രൂപ വരെ അടിസ്ഥാന ശമ്പളം. അറ്റിസ്ഥാന ശമ്പളത്തിന്‌ ആവശ്യപ്പെടുന്ന മിനിമം ക്ലൈയിം പ്രോസസിങ്ങില്‍ അധികമായി ചെയ്യുന്ന ജോലിക്ക്‌ ജോലിയുടെ നിലവാരം അനുസരിച്ച്‌ ഇന്‍സെന്റീവ്‌. PF, തൊഴിലാളിക്കും കുടുമ്പത്തിനും ഇന്‍ഷുറന്‍സ്‌ പരിരക്ഷ, 2 നേരം ഭക്ഷണം, പോയി വരാന്‍ വാഹന സൌകര്യംഠികച്ചും ശിതീകരിച്ച ജോലി സാഹചര്യം റേഡിയേഷന്‍ കുറഞ്ഞതുമായ LCD മോണിറ്റര്‍. പാട്ട്‌ കേട്ട്‌ ജോലി ചെയ്യാനുള്ള അനുവാദം. സൌജന്യ ഇന്റര്‍നെറ്റ്‌ സൌകര്യം. വൃത്തിയുള്ള ആധുനിക ടോയിലറ്റുകള്‍.

ഇതിന്റെ നാലില്‍ ഒന്നുപോലും ഏറ്റവും വലിയ സംഘടിത തൊഴിലാളി സര്‍ക്കാര്‍ ജീവനക്കാര്‍ക്കില്ല എന്ന മറക്കരുത്‌. ഇനി ഇത്രയും സൌകര്യവും മറ്റും നല്‍കുന്ന കമ്പനികള്‍ എന്തിന്‌ തൊഴിലാളി യൂണിയനെ ഭയക്കുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം ലളിതം. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ സമാരാധ്യരായ്‌ നേതാക്കളായ പിണറായും VS ഉം സുധാകരനുമൊക്കെപ്പറയുന്നു 30% ആള്‍ക്കാര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന്. സംഘടിത തൊഴിലാളികളേ തൊടാന്‍ കഴിയത്ത വിധം അവര്‍ മാഫിയ വല്‍ക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്ത്‌ IT ജോലികളുടെ സ്വഭാവമറിയത്ത യൂണിയന്‍ നേതക്കളേ കാര്യം പറഞ്ഞ്‌ മനസിലാക്കാന്‍ കമ്പനി അധികൃതര്‍ക്ക്‌ കഴിയാതെ വരും എന്ന ആശങ്ക മാത്രമേ ഈ പ്രശ്നത്തില്‍ ഉള്ളൂ. കാരണം എന്റെ അഭിപ്രായ്ത്തില്‍ 20% തൊഴിലാളികള്‍ പോലും യൂണിയനില്‍ ചേരില്ല . അതിന്റെ ആവശ്യം ഇല്ല എന്ന് കരുതുന്നവരാണ്‍` ഭൂറ്റിഭാഗവും.

Quakity, skill set ഇവ രണ്ടും ഉള്ളവര്‍ക്ക്‌ മാത്രമേ ഈ ജോലിയില്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിയൂ. ഒരു ഉദാഹരണം കൊണ്ട്‌ ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കാം. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുധവും, MCA യും ഉള്ള ആളാണ്‌ ഞാന്‍. എന്നാല്‍ എനിക്ക്‌ കമ്പനി തരുന്ന ഒരു ജോലി ചെയ്യാന്‍ കഴിവില്ലാത്തവനാകുമ്പോള്‍ എന്നോട്‌ പിരിഞ്ഞു പോകാന്‍ പറയുന്നു.കാരണം ഈ ജോലി ചെയ്യാന്‍ എനിക്ക്‌ ബിരുധം മാത്രം പോര Skill set വേണം. അതേ പോലെ തിരിച്ചും ഇത്‌ ബാധകമാണ്‌ എന്നേ പ്രതീക്ഷിച്ച്‌ ഒരു ജോലി ഏല്‍പ്പിച്ച കമ്പനിയേ സമാനമായി നോട്ടിസ്‌ നല്‍കി എനിക്ക്‌ വേറെ ജോലി നേടാനും കഴിയും. ഇവിടെ പിരിച്ചു വിടലിനേക്കാള്‍ തൊഴിലാളികളുടെ ചാട്ടമാണ്‌ കൂടുതല്‍ നടക്കുന്നത്‌.

ഇതേ അവസ്ഥ Data Entry ക്കരനും ബാധകമാണ്‌. കഴിവുള്ളവര്‍ ഉയര്‍ന്ന് പോയിക്കൊണ്ടെ ഇരിക്കും. അല്‍പം കഴിവ്‌ കുറഞ്ഞവര്‍ കഠിനാധ്വാനത്തിലൂടെ പിടിച്ച്‌ നില്‍ക്കും. അല്ലാത്തവര്‍ പുറത്തു പോയെ പറ്റൂ. കഴിവില്ലാത്ത ഒരു നഴ്സിനേയോ ഡോകട്രെയോ നിങ്ങള്‍ അംഗീകരിക്കുമോ ?

ഇനി നഴ്സുമാര്‍ക്ക്‌ യൂണിയനുണ്ട്‌ എന്ന് പറയുന്നു. യൂണിയന്‍ അവകാശമുള്ള ഒരു സര്‍ക്കാര്‍ നഴ്‌സ്‌ എങ്ങനെയാണ്‌ അവിടെ വരുന്നവരോട്‌ പെരുമാറുന്നതെന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നാല്‍ അറിയാം. ഇനി പ്രൈവറ്റ്‌ നഴ്സുമാര്‍ക്ക്‌ യൂണിയനുണ്ടോ ആവോ. നക്കാപ്പിച്ച ശമ്പളത്തില്‍ അടിമപ്പണി ചെയ്തുകൊണ്ടിരിക്കുകയാണ്‌ ഇവിടുത്തെ പ്രൈവറ്റ്‌ നഴ്സുമാര്‍. എന്റെ അനുജത്തിയോട്‌ ജോലി കിട്ടാന്‍ ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ ആശുപത്രി മാനേജ്‌മന്റ്‌ ആവശ്യപ്പെട്ട നിബന്ധനകള്‍ താഴെപ്പറയുന്നവയാണ്‌

ആദ്യ വര്‍ഷം 2500 രൂപ ശമ്പളം. തുടര്‍ന്ന് അടുത്ത വര്‍ഷം 7500 രൂപ. ഇടക്ക്‌ വച്ച നിര്‍ത്തിപ്പോയാല്‍ 2 വര്‍ഷത്തെ ശമ്പളം തിരിച്ച്‌ നല്‍കണം. മാത്രവുമല്ല സര്‍ട്ടിഫിക്കറ്റുകള്‍ ബോണ്ട്‌ നല്‍കണം. 2 വര്‍ഷത്തേക്ക്‌ ഗര്‍ഭിണിയാകാന്‍ പാടില്ല.ണിബന്ധനകള്‍ തെറ്റിച്ചാല്‍ Exp Certificate തരില്ല.

ഇതൊക്കെ നോക്കാന്‍ ഏത്‌ യൂണിയന്‍കാര്‍ക്ക്‌ സമയം അല്ലേ. കോടികള്‍ വാരുന്ന IT കമ്പനി മുതലാളിമാരെ നമ്മുടെ വരുതിക്ക്‌ നിര്‍ത്താന്‍ വേണ്ടി ചില തൊഴിലാളി ക്ഷേമ ആശങ്കകള്‍. എങ്ങനെയെങ്കിലും ഒന്ന് ജീവിച്ച്‌ പൊയ്ക്കേട്ടേ സഖാക്കളേ. ഇതും നിങ്ങല്‍ തടഞ്ഞാള്‍ ഞങ്ങളും പോകേണ്ടി വരും ഗള്‍ഫിലേക്കോ അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ.

IT മേഖലയില്‍ 20% കള്ള നാണയങ്ങള്‍ ഉണ്ടെന്ന് കരുതിയാല്‍പ്പോലും ( അത്‌ തന്നേ വലിയ കണക്കാണ്‌) യൂനിയന്‍ വന്നാല്‍ അത്‌ 80% കമ്പനികളേയും പ്രതികൂലമായി ബാധിക്കും. കമ്പനികള്‍ ചൈനയിലേക്കോ മലേഷ്യയിലേക്കോ പോകും. അപ്പോള്‍ നമുക്ക്‌ തൊഴില്‍ നിയമങ്ങളെപ്പറ്റി ആശങ്കപ്പെട്ടുകൊണ്ടിരിക്കാം.

എനിക്ക്‌ പറയാനുള്ളത്‌ ഇതാണ്‌ CITU ഒരു വസ്തുനിഷ്ടമായ അന്വേഷണം നടത്തട്ടേ . തെളിവുകള്‍ സഹിതം തൊഴിലാളി പീഠനത്തിന്റെ കണക്കുകള്‍ വയ്ക്കട്ടേ. എന്നിട്ട്‌ അത്‌ ഇന്ത്യയിലെ മറ്റ്‌ സര്‍ക്കര്‍ പൊതുമേഖല സ്ഥാപങ്ങളുമായി താരതമ്യം ചെയ്യട്ടേ . എന്നിട്ട്‌ അതില്‍ നമുക്കൊരു പൊതു ചര്‍ച്ചയാകാം. അതിന്‌ ശേഷം ആവശ്യമെങ്കില്‍ യൂനിയന്‍ വരട്ടേ.

മൂര്‍ത്തി said...

പ്രിയ കിരണ്‍, താങ്കള്‍ പറഞ്ഞു
IT ജോലികളുടെ സ്വഭാവമറിയത്ത യൂണിയന് നേതക്കളേ കാര്യം പറഞ്ഞ് മനസിലാക്കാന് കമ്പനി അധികൃതര്ക്ക് കഴിയാതെ വരും എന്ന ആശങ്ക മാത്രമേ ഈ പ്രശ്നത്തില് ഉള്ളൂ.
ഇത്ര നിസ്സാര പ്രശ്നമാണെങ്കില്‍ ഇത്ര എതിര്‍പ്പ് വരില്ല എന്നുതന്നെയാണെന്റെ വിശ്വാസം. ഏത് സ്ഥാപനത്തിലും യൂണിയന്‍ ഉണ്ടാക്കുന്നതൊക്കെ അതാത് സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെയല്ലേ? അവരെപ്പോലും കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റില്ല എന്നാണോ? കിരണ്‍ പറഞ്ഞ നല്ല ശമ്പളമൊക്കെ DEOക്ക് കൊടുക്കുന്നുണ്ടെങ്കില്‍ കൊള്ളാം.“പക്ഷെ വേറെ എന്തെങ്കിലും ഗതി ഉണ്ടായിരുന്നുവെങ്കില്‍ ഈ പണിക്ക് പോകില്ലായിരുന്നു. 8 മണിക്കൂര്‍ കുത്തിയിരുന്നു പണിതാല്‍ കിട്ടുന്നത് വെറും 2500 രൂപ” എന്നു പറഞ്ഞിട്ടുള്ള ഒരാളെയെങ്കിലും എനിക്കറിയാം.

സംഘടിച്ചിട്ടുള്ള സര്‍ക്കാര്‍ നേര്‍സുമാര്‍ മോശമായി പെരുമാറുന്നു എന്ന് പറയുന്ന കിരണ്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ വാര്‍ഡില്‍ ഒന്നു ചെന്ന് നോക്കണം. മരുന്ന് ട്രോളിയുമായി ഒരറ്റത്തു നിന്ന് തുടങ്ങി മുഴുവന്‍ പേര്‍ക്കും മരുന്ന് കൊടുത്ത് തിരിച്ചെത്തുമ്പോഴേക്കും അടുത്ത തവണ ട്രോളിയുമായി ചെല്ലേണ്ട സമയം ആവും. അത്രയധികം രോഗികള്‍ ഉണ്ട്. സ്വകാര്യ ആസ്പത്രികളില്‍ അടിമപ്പണി ചെയ്യുന്ന നേര്‍സുമാരെപറ്റി കിരണ്‍ പറയുന്നുണ്ടല്ലോ? അങ്ങിനെ മതി എന്നാണോ? അതും മാറണം.
കിരണ്‍ പറഞ്ഞ 100% വര്‍ദ്ധനയോടെ മറ്റു ജോലിക്ക് ചേരാം എന്നതിന്റെ മറുവശം പ്രത്യേകിച്ച് ഒരു സേവന വേതന വ്യവസ്ഥയും ഇല്ല എന്നല്ലേ? എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടപ്പെടാം. ശമ്പളമില്ലാതെ ജോലിചെയ്യേണ്ടി വരുന്നതും ചൂഷണത്തിന്റെ മറ്റൊരു മുഖം തന്നെയാണ്. അതും മാറണം എന്നു തന്നെയാണെന്റെ അഭിപ്രായം. അത് ഒരു അംഗീകൃത രീതിയായി വളരുന്നതും അംഗീകരിക്കപ്പെടുന്നതും അത്ര ശരിയാണെന്ന് തോന്നുന്നില്ല. എന്തായാലും ഐ.ടി മേഖലയിലെ ജീവനക്കാര്‍ക്ക് കിട്ടുന്നതിന്റെ 25% പോലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കില്ല എന്നത് രസകരമായ ഒരു പരാമര്‍ശമാണ്. പിന്നെ ജോലി മലേഷ്യക്ക് പോകുന്നത് അവിടെക്ക് പോകുന്നതാണ് ലാഭം എന്ന് മുതലാളിമാര്‍ക്ക് തോന്നുമ്പോഴേ ഉള്ളൂ. അവിടെ ഇതിലും കുറഞ്ഞ നിരക്കില്‍ ബി.പി.ഓ ജോലിയൊക്കെ ചെയ്യാന്‍ ആളു കൂടിയാല്‍ പോവുകയും ചെയ്യും. സംഘടന ഉണ്ടങ്കിലും ഇല്ലെങ്കിലും.

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റെ മൂര്‍ത്തി വിഷയത്തെ ടെക്നിക്കലായിട്ട്‌ കണ്ടാല്‍ വലിയ ആശങ്കല്ലൊക്കെ വകയുണ്ട്‌. പക്ഷേ ഇവിടെ യാതാര്‍ഥ്യം വ്യത്യസ്ഥമാണ്‌. 1500 പേരുള്ള ഒരു BPO കമ്പനിയിലാണ്‌ ഞാന്‍ ജോലി ചെയ്യുന്നത്‌. അവിടെ നല്‍കുന്ന അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞത്‌. പിന്നെ 2500 രൂപ കിട്ടുന്നവന്റെ കാര്യം. അത്‌ ഞാന്‍ കഴിഞ്ഞ കമന്റില്‍ വിശദീകരിച്ചതാണ്‌ ഇവിടെ Skill set നിര്‍ണ്ണയകമാണ്‌. അതില്ലാത്തവര്‍ക്ക്‌ മുന്നോട്ട്‌ പോകാന്‍ കഴിയില്ല. ഉദാഹരണത്തിന്‌ ഒരു മെഡിക്കല്‍ ക്ലെയിം Quliaty കുറയാതെ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്കെ ഈ പണി പറ്റൂ. അല്ലാതെ എനിക്ക്‌ ടൈപ്പ്‌ റൈറ്റിഗ്‌ അറിയാം എന്ന് പറഞ്ഞാല്‍ DEO ആകാന്‍ കഴിയില്ല്. ഈ 2500 കാരന്‍ മികവുറ്റ നിലവാരം ഉള്ളവനാനേങ്കില്‍ പറയൂ ഞാന്‍ ജോലി വാങ്ങിത്തരാം. നേരത്തെപ്പറഞ്ഞ അടിസ്ഥാന്‍ സൌകര്യങ്ങളോടേ. പിന്നെ DEO ജോലി തികച്ചും വിരസമായ ഒന്നാണ്‌. അതില്‍ മടുപ്പ്‌ തോന്നുക സ്വഭാവികം മാത്രമാണ്‌. എന്നാല്‍ അത്‌ ലഭ്യമാകാന്‍ ഉള്ള എളുപ്പം കൊണ്ട്‌ പലരും ചെയ്യുന്നു എന്ന് മാത്രം. DEO ഇല്‍ ആയാലും S/W ആയാലും കഴിവുള്ളവര്‍ക്ക്‌ മികച്ച ശമ്പളവും ജീവിത സാഹചര്യങ്ങളും നേടാന്‍ കഴിയും. അല്ലാതെ സര്‍ക്കാര്‍ സര്‍വ്വീസിലേ പോലെ സീനിയോരിറ്റിയും ടെസ്റ്റ്‌ പാസകലുമല്ല ഇവിടെ ഉയര്‍ച്ചയുടെ മാനദണ്ഠമായി കരുതുന്നത്‌. അതുകൊണ്ട്‌ തന്നേയാണ്‌ ജീവനക്കാര്‍ തങ്ങളുടെ മികവ്‌ പുറത്തെടുത്ത്‌ ഈ മേഖലയേ നില നിര്‍ത്തുന്നത്‌.

ഇനി യൂണിന്‍ ഇടപെട്ട്‌ സാലറി ഘടനയൊക്കെ കൊന്റുവന്നാല്‍ മികവുള്ളവനും ഇല്ലാത്തവനും ഒരേ സാലറി ലഭിക്കും. അപ്പോള്‍ നമുക്ക്‌ പറയാം വേതന വ്യവസ്ഥ വന്നു എന്ന്. അപ്പോള്‍ സ്വാഭാവികമായും ക്രയശേഷി കുറയും കാരണം മികവുള്ളവനും മികവില്ലാത്തവനും ഒരേ ശമ്പളം. 100% Qualiti പുലര്‍ത്തുന്നവനും 70% കാരനും ഒരേ തുക വന്നാല്‍ എന്ത്‌ സംഭവിക്കും സര്‍ക്കാര്‍ സ്ഥാപനം പോലയോ പൊതു മേഖല സ്ഥാപനം പോലയോ ആകും.

യൂണിയനുകള്‍ താണ്ഡവമാടിയ ഇന്ത്യന്‍ പൊതു മേഖലയുടെയും സര്‍ക്കാര്‍ സര്‍വ്വീസിന്റെയും അവസ്ഥ IT മേഖലയിലും അടിച്ചേല്‍പ്പിക്കാന്‍ തുനിയുമ്പോള്‍ ചരിത്രമറിയാവുന്നവര്‍ ഒന്ന് ഭയക്കും.

തിരുവനന്ദപുരം സെക്രട്ടറിയേറ്റില്‍ പഞ്ചിഗ്‌ നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ സെക്രട്ടിറിയേറ്റിന്റെ മുന്നില്‍ക്കൂടി ട്രെയിന്‍ ഓടിത്തുടങ്ങിയിട്ടാകാം പഞ്ചിഗ്‌ എന്നായിരുന്നു യൂണിയന്‍ നേതാക്കളുടെ പ്രതികരണം. ജോലി ചെയ്യുന്ന ഓഫീസിന്റെ 7 കിലോ മീറ്റര്‍ ചുറ്റളാവില്‍ താമസിക്കണം എന്നാണ്‌ നിയമം.


യൂണിയനുകള്‍ തൊഴിലാളികളെ അവകാശ ബോധമുള്ളവരാക്കി പക്ഷെ കടമകള്‍ ചെയ്യാന്‍ പഠിപ്പിച്ചില്ല. യൂണിയനുകളുടെ സംഭാവന അങ്ങനെയുള്ള തൊഴിലാളികളാണ്‌. അതുകൊണ്ട്‌ തന്നെ യൂനിയന്‍ IT മേഖലയില്‍ വരുന്നതിന്‌ ഭീതിയോടെ കാണാനേ ഞങ്ങളെപ്പോലെ ഉള്ളവര്‍ക്ക്‌ കഴിയൂ.

ഞാന്‍ ബൂര്‍ഷ സ്വഭാവമുള്ള ഒരാളാണ്‌ എന്ന സ്ഥിരം പല്ലവി ഉപയോഗിച്ച്‌ ഇതിനെ ഒക്കെ പലര്‍ക്കും എതിര്‍ക്കാം. ഇടതുപക്ഷ്‌ പശ്ചാത്തലത്തില്‍ ജനിച്ച്‌ വളാര്‍ന്ന എനിക്ക്‌ IT മേഖലയിലേ സംഭവ വികാസങ്ങളേപ്പറ്റി നേരിട്ടറിയുന്നതുകൊണ്ടാണ്‌ ഞാന്‍ ഇത്‌ എഴുതുന്നത്‌.

ഇനി യൂണിയന്‍ ആവശ്യമെങ്കില്‍ അത്‌ സ്വാഭാവികമായി തൊഴിലാളികളില്‍ നിന്ന് ഉയര്‍ന്ന് വരും. അല്ലാതെ ചെറിയ പ്രശ്നങ്ങളെ പര്‍വ്വതീകരിച്ച്‌ യൂണിയന്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കേണ്ട എന്നേ എനിക്കഭിപ്രായമുള്ളൂ.

മൂര്‍ത്തി said...

പ്രിയ കിരണ്‍, യൂണിയന്‍ തൊഴിലാളികളുടെ ഇടയില്‍ നിന്നു തന്നെയാണ് വരേണ്ടത്. സംശയമൊന്നുമില്ല. അതില്ലാത്തിടത്ത് തൊഴിലാളി ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നതിലും നമ്മള്‍ തര്‍ക്കിക്കേണ്ട കാര്യമില്ല എന്നു തോന്നുന്നു. യൂണിയന്‍ വന്നതു കൊണ്ട് മാത്രം ഏതെങ്കിലും സ്ഥാപനം തകര്‍ന്നതായും അറിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊക്കെ കഴിവ് ആവശ്യമില്ല എന്ന തരത്തിലുള്ള വാദത്തിലും കഴമ്പില്ല. എങ്കിലും വാദത്തിനുവേണ്ടി സമ്മതിച്ചുകൊണ്ട് ചോദിക്കട്ടെ..എത്രയോ സ്വകാര്യ സ്ഥാപനങ്ങളില്‍ യൂണിയന്‍ ഉണ്ടല്ലോ? അവിടെ കഴിവിനാണല്ലോ പ്രാധാന്യം? എന്നിട്ടെന്തെങ്കിലും പ്രശ്നം? പണ്ട് ബീഡിത്തൊഴിലാളികളുടെ ഇടയില്‍ സംഘടനാ രൂപീകരണ സമയത്തും ഒരു പക്ഷേ കൂടുതല്‍ തെറുത്താല്‍ ഇന്‍സെന്റീവ് കൊടുക്കുന്നു എന്ന വാദഗതി ഉടമകളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നിരിക്കണം എന്ന് തോന്നുന്നു. അതു കൊണ്ട് പ്രത്യേകിച്ച് വ്യവസ്ഥയൊക്കെ കൊണ്ടുവന്ന് കൂടുതല്‍ തെറുക്കുന്നവനു കിട്ടുന്നത് ഇല്ലാതാക്കണ്ട എന്നും. പക്ഷെ, വ്യവസ്ഥ വരികയും മെച്ചപ്പെടുകയും ചെയ്തല്ലോ.കൂടുതല്‍ ജോലി ചെയ്യുന്നവനു അതിന്റെ മെച്ചം കിട്ടുന്നരീതിയില്‍ത്തന്നെ..ടാറ്റായുടെ ഒക്കെ തേയിലത്തോട്ടങ്ങളിലും യൂണിയന്‍ ഉണ്ടല്ലോ. കൂടുതല്‍ കിള്ളുന്നവനു ഇന്‍സെന്റീവ് കിട്ടുന്ന രീതിയിലുള്ള വ്യവസ്ഥകളുണ്ടല്ലോ.കുഴപ്പമെന്തെങ്കിലും ഉണ്ടായതായി അറിയില്ല. തൊഴിലാളികള്‍ കടമ ചെയ്യണം എന്ന കാര്യത്തില്‍ പ്രത്യേകിച്ച് തര്‍ക്കമൊന്നുമില്ല. അതവരെ പറഞ്ഞു മനസ്സിലാക്കാന്‍ യൂണിയനുകള്‍ക്ക് ബാദ്ധ്യതയുണ്ട് എന്നതിലും തര്‍ക്കമില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

മൂര്‍ത്തി,

കേരളത്തില്‍ യൂണിയനുകള്‍ നടത്തിയ സമരങ്ങള്‍ കൊണ്ട്‌ പൂട്ടിപ്പോയ സ്ഥാപനങ്ങള്‍ അറിയില്ലാ എന്ന് പറയരുത്‌. എന്തിന്‌ ഇന്ത്യയിലേ പൊതു മേഖല സ്ഥാപങ്ങള്‍ യൂണിയനുകളുടെ പിന്‍ ബലത്തില്‍ തൊഴിലാളികള്‍ കാട്ടിയ നേറികെട്ട പ്രവര്‍ത്തികള്‍ മൂലം തകര്‍ന്നടിഞ്ഞത്‌ നാം മറക്കരുത്‌. 30% സര്‍ക്കാര്‍ ജീവനക്കാരെ പണിയെടുക്കുന്നുള്ളൂ എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതും നാം മറക്കരുത്‌. ചരിത്രം ഇന്ത്യയിലെ തൊഴിലാളി യൂണിയന്‍ എന്ന് കേട്ടാല്‍ ഭീതി പരത്തുന്ന ഓന്നയി രേഖപ്പെടുത്തിപ്പോയി മൂര്‍ത്തി. ചരിത്രം വച്ച്‌ മാത്രമെ നമുക്ക്‌ ഇവയേ വിലയിരുത്താന്‍ പറ്റൂ. അല്ലെങ്കില്‍ തൊഴിലാളികള്‍ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്ന HMT പോലുള്ള വെള്ളാനകള്‍ ഉണ്ടാകുമായിരുന്നോ ?. പൊതു മേഖല സ്ഥാപങ്ങള്‍ നഷ്ടത്തിലെങ്കില്‍ നിര്‍ത്തണം എന്ന് പറഞ്ഞത്‌ ആരാണ്‌ ബുദ്ധ ദേവ്‌ ഭട്ടാചാര്യ.

ചൂഷണത്തിന്റെ മൂര്‍ദ്ധന്യത്തില്‍ തൊഴിലാളികള്‍ സംഘടിക്കുക തന്നേ ചെയ്യും. ഇന്ന് IT മേഖലയില്‍ തൊഴിലാളിക്ക്‌ ഒരു ജോലി ഉപേഷിച്ച്‌ മറ്റൊന്ന് നേടാനുള്ള സാഹചര്യം ഉണ്ട്‌ ( skill set ഉള്ളവര്‍ക്ക്‌ മാത്രം). അതുകൊണ്ട്‌ അടിമപ്പണി ചെയ്യുന്നു എന്നോ ചൂഷണം ചെയ്യപ്പെടുന്നു എന്ന സാഹചര്യമില്ല. ഇപ്പോള്‍ CITU ചെയ്യാന്‍ പോകുന്നതെന്താണ്‌ നിര്‍ബന്ധപൂര്‍വ്വം യൂണിയന്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പാര്‍ട്ടി ബന്ധുക്കളായ IT തൊഴിലാളികളെ സമ്മര്‍ദ്ദമുപയോഗിച്ച്‌ യൂനിയന്‍ ഉണ്ടാക്കാന്‍ നിര്‍ബന്ധിക്കും. പിന്നെ പാര്‍ട്ടി അജണ്ട നടപ്പിലാക്കാന്‍ അവരെ ഉപയോഗിക്കും. ഇതൊക്കെയാണ്‌ IT തൊഴിലാളി യൂണിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഭീതി പരത്തുന്നത്‌. ഇവിടെയുള്ള വ്യവസായ സംരംഭകര്‍ക്ക്‌ മുന്നില്‍ മറ്റ്‌ മാര്‍ഗ്ഗമില്ലാതിരുന്ന കാല്‍ഘട്ടത്തില്‍ അവര്‍ യൂണിയനുകളെ അംഗീകരിച്ചും നേതാക്കളുടെ മീശപിരി ഭയന്നുമൊക്കെ സ്ഥാപങ്ങള്‍ നടത്തി. ഇന്ന് ആഗോളവല്‍ക്കരണ കാലമാണ്‌. അതുകൊണ്ട്‌ കൊണ്ട്‌ മാത്രം ലഭിക്കുന്ന IT തൊഴിലുകള്‍ നമ്മുടെ പരമ്പരാകത തൊഴില്‍ സംസ്ക്കാരത്തില്‍ നിന്നും വ്യത്യസ്ഥമാണേന്ന് നാം മനസിലാക്കുക. അത്രമാത്രമേ എനിക്ക്‌ പറയാനുള്ളൂ

Unknown said...

കിരണ്‍ തോമസ് കാര്യങ്ങളെ യഥാതഥമായി വിലയിരുത്തിയിരിക്കുന്നു എന്നാണ് ഇതു വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.ഐ ടി മേഘലയിലേ കാര്യങ്ങള്‍ അറിയില്ലെങ്കിലും മറ്റു രംഗങ്ങളില്‍ യൂണിയനുകള്‍ കാട്ടിക്കൂട്ടിയ പലകാര്യങ്ങളും നന്നായി അറിയാവുന്നതല്ലേ.
എന്തിനേറെ കമ്പ്യൂട്ടര്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും അതുകൊണ്ട് കമ്പ്യൂട്ടറും കമ്പ്യൂട്ടര്‍വല്‍ക്കരണവും നമ്മുടെ നാടിനാവശ്യമില്ല എന്നു വരെ പറഞ്ഞു നടന്നിരുന്ന തൊഴിലാളി നേതാക്കന്മാരെയും ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു.

വടക്കന്‍ കേരളത്തില്‍ വെട്ട്കല്ലു മേഘലയില്‍ യന്ത്രവല്‍ക്കരണം ആരംഭം കുറിക്കുന്ന ഘട്ടത്തില്‍ അതും ആ രംഗത്ത് തൊഴിലെടുക്കുന്ന തൊഴിലാളികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തും എന്നു പറഞ്ഞ് സമരങ്ങളും വഴി തടയലുകളും നടത്തിയിട്ടുണ്ട് സി ഐ ടി യു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍.പക്ഷെ ഇപ്പോള്‍ സ്ത്രീകളുള്‍പ്പെടെ പണ്ടുണ്ടായിരുന്നതിലും എത്രയോ ഇരട്ടി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് ഈ മേഖലയില്‍.

യൂണിയനുകളുടെ ഇത്തരം അശാസ്ത്രീയ നിലപാടുകളും പ്രവര്‍ത്തനങ്ങളും അറിയാവുന്ന ഏതൊരാളും കിരണിനെപ്പോലെ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാകില്ല.

Unknown said...

തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിയ്ക്കപ്പെടണം എന്ന കാര്യത്തില്‍ തര്‍ക്കത്തിന് വകയില്ല. പക്ഷെ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്/ ചൂഷണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട് എന്ന് സ്ഥാപിയ്ക്കാന്‍ (വസ്തുതകള്‍ അനുകൂലമല്ലാതെ പൊതുവേ കാര്യങ്ങള്‍ പറഞ്ഞ്) ശ്രമിയ്ക്കുന്നത് നുഴഞ്ഞ് കയറാന്‍ ശ്രമിയ്ക്കുന്നതിന് തുല്ല്യമായാണ് എനിക്ക് തോന്നുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന മേഖലയില്‍ അതും വിദ്യാഭ്യാസത്തിനും സ്പെഷ്യല്‍ നോളജുകള്‍ക്കും പ്രാധാന്യമുള്ള ഒരു മേഘലയില്‍ ചൂഷണത്തിനെ പറ്റി ക്ലാസെടുത്ത് യൂണിയനുകള്‍ നിര്‍മ്മിയ്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.

ഈ മേഖലയിലെ തൊഴിലാളികള്‍ അവകാശങ്ങളെ പറ്റി സ്വയം ബോധവാന്മാരാവാന്‍ പ്രാപ്തിയുള്ളവരാണെന്നിരിക്കെ, മാനേജ്മെന്റുകള്‍ എത്ര എതിര്‍ത്താലും തൊഴിലാളികള്‍ വിചാരിച്ചാല്‍ യൂണിയനൊക്കെ ഉണ്ടാക്കാമെന്നുമിരിക്കെ അവ നിലവില്‍ ഇല്ലാത്തത് തൊഴിലാളികള്‍ക്ക് യൂണിയനുകള്‍ ആവശ്യമാണ് എന്ന് തോന്നിയിട്ടില്ലാത്തത് കൊണ്ടാണ് എന്നെ ഞാന്‍ കരുതൂ. കോസ്റ്റ് എഫസ്ടീവ്നെസ്സിനെ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായ മേഖലയില്‍ പുറമെ നിന്ന് എന്തെങ്കിലും അടിച്ചേല്‍പ്പിക്കുന്നത് അതിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിയ്ക്കാന്‍ സാധ്യതയില്ലേ?

ഐടി വ്യവസായത്തില്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ക്ക് ഇന്ത്യയില്‍ എല്ലാ അവസ്വും ഇല്ലേ? അവര്‍, തൊഴിലാളികള്‍ ആഗ്രഹിക്കാതെ ഞങ്ങള്‍ വരാം എന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നുന്നു. പ്രത്യേകിച്ചും യൂനിയനുകള്‍ അരങ്ങ് തകര്‍ക്കുന്ന മറ്റ് മേഘലകളിലെ തൊഴിലിന്റേയും തൊഴില്‍ കൊടുക്കുന്നവരുടേയും സ്ഥിതി കാണുമ്പോള്‍.

വര്‍ക്കേഴ്സ് ഫോറം said...

ഈ ചര്‍ച്ചയെ നമുക്ക് മൂന്നായി തിരിക്കാം എന്നു തോന്നുന്നു.

1. ഐ.ടി സെക്ടറും ആരോഗ്യവും. ഈ മേഖലയിലെ പഠനങ്ങളെല്ലാം തന്നെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ഗൌര്‍വകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല എന്നു കരുതുന്നു.

2. സംഘടന വേണമോ എന്നത്. 2003 ജൂണില്‍ത്തന്നെ The Information Technology Professionals’ Forum-India എന്ന പേരില്‍ ഒരു സംഘടന ഈ മേഖലയില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ജനീവ ആസ്ഥാനമായുള്ള United Network International എന്നതിന്റെ ഇന്ത്യയിലെ ശാഖയാണ്. അതിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ മൂന്ന് കാര്യങ്ങള്‍ കൂടി പറയുന്നുണ്ട്.

(i)To secure suitable legislative enactments for improving the conditions of the IT professionals and to ensure the proper enforcement of legislation for their protection and upliftment and also to encourage the development of Information Technology and science, education and training.

(ii)To promote generally the social, economic, civic and political interests of the professionals in IT, ITES and in allied services.

(iii)To contribute towards gender equality, bridging digital divide, awareness and control of diseases like HIV-AIDS, cancer etc.

ഇന്ന് കാണുന്ന കോലാഹലമൊന്നും ITPF രൂപീകരണ സമയത്ത് ഉണ്ടായില്ല എന്നത് ശ്രദ്ധിക്കുക. ഒരു ട്രേഡ് യൂണിയന്‍ ആവശ്യപ്പെടുമായിരുന്ന കാര്യങ്ങള്‍തന്നെയല്ലേ ഈ മൂന്ന് സംഗതികളും? അന്താരാഷ്ട്ര തലത്തില്‍ സംഘടന ആകാം ഇന്ത്യയില്‍ പറ്റില്ല എന്ന വാദം എന്തായാലും നിലനില്‍ക്കില്ല. ഇപ്പോള്‍ ഈ കോലാഹലങ്ങള്‍ നടക്കുന്നത് സി.ഐ.ടി.യുവില്‍ നിന്നും ഈയൊരു നീക്കം വന്നു എന്നതുകൊണ്ടും, മിക്കവാറും അത് നിലവില്‍ വന്നെക്കും അല്ലെങ്കില്‍ ഒരു ട്രേഡ് യൂണിയന്‍ സ്വഭാവം വന്നേക്കും എന്ന തോന്നലുകൊണ്ടും അല്ലേ? അങ്ങിനെ വന്നാല്‍ തങ്ങള്‍ കുറെക്കൂടി വ്യവസ്ഥകളോടെയും (താഴെത്തട്ടിലുള്ളവര്‍ക്ക് കൂടി ബാധകമായ), തൊഴില്‍ നിയമങ്ങള്‍ പാലിച്ചും തൊഴിലിടങ്ങള്‍ പരിപാലിക്കേണ്ടി വരും എന്ന ഉടമകളുടെ ഭീതി തന്നെയല്ലേ കാരണം? പന്ഥെയുടെ ലേഖനത്തില്‍ ഈ മേഖലയുടെ സവിശേഷ സ്വഭാവം അംഗീകരിക്കുന്നുണ്ട്. മാത്രമല്ല തന്റെ വളരെ സമഗ്രമായ കുറിപ്പില്‍(ഈ ലിങ്ക് വളരെ ശ്രദ്ധിച്ചു വായിക്കേണ്ടതാണ്) പന്ഥെ ഉദ്ധരിച്ച പഠനം യൂണിയന്‍ ഉണ്ടാക്കാന്‍ വേണ്ടി സി.ഐ.ടി.യു നടത്തിയത് അല്ലെന്നും മറിച്ച് തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലേബര്‍ നടത്തിയത് ആണെന്നതും ശ്രദ്ധിക്കുക. തൊഴില്‍ മേഖലയില്‍ വളരെയധികം ആധികാരിക പഠനങ്ങള്‍ നടത്തിയിട്ടുള്ളവരാണിവര്‍.

NASSCOM ഈ രംഗത്തെ കമ്പനികളുടെ എല്ലാം ചേര്‍ത്തുള്ള സംഘടനയല്ലേ? ഉടമകള്‍ക്ക് സംഘടന ആകാം, തൊഴിലാളികള്‍ക്ക് പാടില്ല എന്നു പറയുന്നത് ന്യായമാണോ? എല്ലാ രീതിയിലും മികച്ച തൊഴില്‍ സാഹചര്യമാണ് ഉള്ളതെങ്കില്‍ സംഘടനയെ ഭയക്കേണ്ട കാര്യമില്ലല്ലോ?

3. നിരന്തരം തങ്ങളുടെ കഴിവുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നത് ഈ രംഗത്തെ ഓരോരുത്തരും നേരിടുന്ന വെല്ലുവിളിയല്ലേ? വളരെപ്പെട്ടെന്ന് തന്നെ പഠിച്ച പാഠങ്ങള്‍ അപ്രസക്തമാകുന്ന രീതിയിലുള്ള ചടുലമായ മാറ്റങ്ങളല്ലേ ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്? അതിനനുസരിച്ച് തങ്ങളെ പ്രാപ്തരാക്കാനുള്ള ഓട്ടമല്ലേ യഥാര്‍ത്ഥത്തില്‍ ഈ മേഖലയിലെ സാമാന്യം ഉയര്‍ന്ന ടെക്നോളജിസ്റ്റുകളെ/Software engineerമാരെ യൂണിയന്‍ രൂപീകരണത്തിനു വിമുഖരാക്കുന്നത്? എങ്കിലും നാളെ അവര്‍ക്കും ഈ നിലപാട് മാറ്റേണ്ടിവരും എന്നത് മറ്റു മേഖലകളിലെ ഓഫീസര്‍മാരുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും ഈയടുത്തകാലത്ത് കൂടുതലായി കണ്ടു തുടങ്ങിയ സംഘടനാ പ്രവര്‍ത്തങ്ങളില്‍ നിന്നും വ്യക്തമല്ലേ? ആര്‍ക്കും രക്ഷയില്ലാതാകുന്ന ഫൈനാന്‍സ് മൂലധനത്തിന്റെ കുത്തൊഴുക്കല്ലേ ഉണ്ടായിക്കൊണ്ടിരിക്കുന്നത്? എന്തായാലും ഏതു മേഖലയിലായാലും വികാസം ജനതക്ക് മൊത്തം ഗുണപ്രദമാകുന്നതും സാമൂഹികമായ പുരോഗതിയിലേക്ക് നയിക്കേണ്ടതും ആയിരിക്കണം എന്നു വാദിക്കുന്നത് ജനവിരുദ്ധമൊന്നുമല്ല.

ഐ.ടി. മേഖലയിലെ ഒരു ആക്ടിവിസ്റ്റ് ആയ അശോക് സുബ്രോണ്‍ പറഞ്ഞ ഒരു വാചകം കൂടി ചേര്‍ക്കുന്നത് അസ്ഥാനത്താവില്ല എന്നു കരുതുന്നു.

“technology can be either a means for the liberation of humankind or a means of its destruction, giving nuclear as an example. The present “revolution” taking place in the ICT field objectively carries the potential of either human liberation or the total submission of humankind to those forces who control technology. Liberation would mean elimination of hard labour and decrease of manual work, more creative way of working, less working hours for workers, full employment for all societies and more time for workers to participate in creative activities and in the democratic process of managing society. Submissions means the reality we experience in our daily lives today.

ഒരു പ്രധാന കാര്യം കൂടി. വര്‍ക്കേഴ്സ് ഫോറത്തിന്റെ നിലപാട്, ഐ.ടി.മേഖലയില്‍ സി.ഐ.ടി.യുവിന്റെ യൂണിയന്‍ ഉണ്ടാകണമെന്നോ, അവര്‍ മാത്രം യൂണിയന്‍ ഉണ്ടാക്കണമെന്നോ അല്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുവാന്‍ ഒരു ട്രേഡ് യൂണിയന്‍ സംഘടന വേണം എന്നേയുള്ളൂ. എന്തായാലും അത് വേണ്ടി വരും എന്ന കാര്യത്തിലും ഫോറത്തിനു ഉറച്ച അഭിപ്രായമുണ്ട്. ഇത്തരത്തിലുള്ള ഒരു നീക്കം അവരാണ് ആദ്യം നടത്തിയത് എന്നതു കൊണ്ടും അവര്‍ മുന്നോട്ട് വെച്ച കാര്യങ്ങളില്‍ ശരിയുണ്ട് എന്ന് തോന്നിയതു കൊണ്ടും ചര്‍ച്ചക്ക് വെച്ചതാണ്. ഇത് ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ എന്നും ഞങ്ങള്‍ തിരിച്ചറിയുന്നു.

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത കിരണ്‍ തോമസ്, മൂര്‍ത്തി, പൊതുവാള്‍, ദില്‍ബാസുരന്‍ എന്നിവര്‍ക്കും പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും നന്ദി..തുടര്‍ന്നും സഹകരിക്കുമല്ലോ

N.J Joju said...

ഐടി മേഖലയില്‍ ഇങ്ങനെ ഒരു സംഘടനയ്ക്ക് രാഷ്ടീയലക്ഷ്യങ്ങളല്ലാതെ മറ്റൊന്നും ഞാന്‍ കാണുന്നില്ല.

ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള രണ്ട് കമ്പനികളിലും എന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടികളും ഉണ്ടായിട്ടില്ല.

1.ഐടി മേഖലയിലെ 12 മണിക്കൂര്‍ അല്ലെങ്കില്‍ 14 മണിക്കൂര്‍ പ്രവര്‍ത്തനത്തെ പാടത്തെയോ ഫാക്ടറിയിലേയോ ഒരു തൊഴിലാളിയുടെ ജോലിയോട് താരതമ്യപ്പെടുത്താനാവില്ല. കഴുത്തൊടിയുന്നതു വരെ മോണിറ്ററില്‍ നോക്കിയിരിക്കേന്ട ഒരു കാര്യവുമില്ല. എന്റെ അറിവിലുള്ള എല്ലാ സോഫ്റ്റ്വെയര്‍ കമ്പനികളിലും എപ്പോവേണമെങ്കിലും ബ്രേക്ക് എടുക്കാനുള്ള സാഹചര്യമാണൂള്ളത്. പലകമ്പനികളിലും റിഫ്രെഷ്മെന്റിനുവേന്ടി ഇന്‍ഡൊര്‍ ഗെയിമുകളില്‍ ഏര്‍പ്പെടാനുള്ള സൌകര്യങ്ങളുണ്ട്. ഇന്‍ഫോസിസ്സിലും മറ്റും ഔട്ട് ഡോര്‍ ഗെയിമുകള്‍ക്കുപോലുമുള്ള സംവിധാനമുന്ട്.
2.അപ്പോയിന്റ്മെന്റ് ലെറ്റര്‍ നല്കാതെ നിയമിക്കപ്പെടുന്നവരെക്കുറിച്ച് എനിക്കറിയില്ല.

3. വനിതകളുടെ സുരക്ഷിതത്ത്വത്തിന്‍ നിയമങ്ങളുന്ട്.
4. ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും സുതാര്യമായ സംവിധാനങ്ങളുന്ട്.

കാളിയമ്പി said...

ഐടീ മേഖലയില്‍ ജോലിചെയ്യുന്നവന്‍ യാദാര്‍ത്ഥത്തില്‍ ചൂഷണം അനുഭവിയ്ക്കുന്നുണ്ടേങ്കില്‍ ഒരു ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് സ്വാഭാവികമായും തൊഴിലാളി പ്രസ്ത്ഥാനങ്ങള്‍ അവരുടേയിടയ്ക്ക് ഉയര്‍ന്ന് വന്നോളൂം.

മാര്‍ക്സിയന്‍ ചിന്താരീതിയുടെ പശ്ചാത്തലത്തില്‍ ഇതിനെ നോക്കിയാല്‍ അവര്‍ തൊഴിലാളികളല്ലന്ന് പറയേണ്ടി വരുന്നു.മുതലാളിത്തത്തിന്റെ പിണിയാളുകളായ ബുദ്ധിജീവികളായേ അവരെ കാണാന്‍ കഴിയൂ(ഗില്‍ഡ് മാസ്റ്റര്‍:)

തൊഴിലാളിയെന്ന പദത്തിനു കീഴേ, ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടികളുടെയും സൊഷ്യല്‍ ദെമോക്രാറ്റുകളുടെയും കീഴില്‍ അണിനിരന്നിരിയ്ക്കുന്നവരിലധികവും മേല്പ്പറഞ്ഞ പിണിയാളുകളാണ്.നഷ്ടപ്പെടാന്‍ ഒത്തിരിയുള്ള അവര്‍ യാതൊരു മാറ്റത്തിനും തയ്യാറാകില്ല .യാദാത്ഥ തൊഴിലാളിയെ കാണണമെങ്കില്‍ യാഥാര്‍ത്ഥ തൊഴിലാളികളെ ഒരുക്കൂട്ടണമെങ്കില്‍ ഇവര്‍ക്ക് ചായകൊണ്ട് കൊടുക്കുന്നവനേയും ഇവന്റെ തറ അടിച്ച് വാരുന്നവരേയും ഇവന്റെ ടെലിഫോണുകള്‍ അറ്റന്റ് ചെയ്യുന്നവരേയുമൊക്കെ സംഘടിപ്പിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഐ ടീ യിലെ സാറന്മാര്‍ക്കും മാഡമുകള്‍ക്കും ശമ്പളം കൂട്ടി വേണമെങ്കില്‍ ചോദിയ്ക്കാന്‍ ഒരു പാന്ഥേയുടേയും ആവശ്യമില്ല.അവരുടേയിടയില്‍ താമസിയാതെ തന്നെ പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനുകള്‍ ഉണ്ടായി വന്നോളും ഐ എം ഏ യെപ്പോലെയൊക്കെ.

യദാര്‍ത്ഥ തൊഴിലാളി, അധ്വാനത്തിനു കൂലി(സാലറിയല്ല) കിട്ടുന്നവന്‍ ഇവരൊന്നുമല്ല അവരെ തേടി ഇവരുടെയിടയില്‍ ആരും നടക്കുകയും വേണ്ടാ.ശ്രദ്ധിച്ചിട്ടുണ്ടോ സര്‍ക്കാര്‍ ഗുമസ്തന്മാരുടെ സമരം (എന്‍ ജീ ഓയും , ജീ ഓയുമൊക്കെ) അടിച്ചമര്‍ത്താന്‍ ആന്റണിയോ ജയലളിതയോ ഒക്കെ ധാരാളം.മില്‍ത്തൊഴിലാളികളെ തിരഞ്ഞ്പിടിച്ച് കൊന്നാലും അവന്റെ അവകാശസമരത്തില്‍ നിന്ന് അവന്‍ ഒരിഞ്ച് പിറകോട്ടോടില്ല.ചുമ്മാതല്ല "നഷ്ടപ്പെടാന്‍ വിലങ്ങുകള്‍ മാത്രമുള്ളവരേ , സംഘടിയ്ക്കൂ " എന്നൊക്കെ ഒരു ദരിദ്രജൂതന്‍ പറഞ്ഞിട്ട് പോയത്.അങ്ങോറ് ഇതിനെപ്പറ്റിയെല്ലാം ധാരാളം ഗവേഷണം ചെയ്തിട്ടുണ്ട്..

മനശ്ശാസ്ത്രവുമായി തൊഴിലാളിവര്‍ഗ്ഗ സമരം ഒട്ടേറേ ബന്ധപ്പെട്ടിരിയ്ക്കുന്നു.

Unknown said...

തൊഴിലാളി സംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ ശൈലി കൊണ്ട് ഒരു ചിത്രം നമ്മുടെ മുന്‍പില്‍ വരച്ചിട്ടിട്ടുണ്ട്, അതു കാണുന്ന ആരും IT മേഖലയില്‍ വരാന്‍ പോകുന്ന പാര്‍ട്ടി മേല്‍നോട്ടത്തിലുള്ള തൊഴിലാളി സംഘടനകളെ വളരെ ആശങ്കയോടെയേ കാണൂ (കിരണ്‍ പറഞ്ഞിട്ടുണ്ട് ആവശ്യത്തിന്)

ഐ ടി മേഖലയില്‍ ചൂഷണങ്ങള്‍ ഉണ്ട് എന്നത് സത്യമാണ്.അത് യൂണിയനുകള്‍ രൂപികരിക്കാനുള്ള അളവില്‍ കിട്ടു(citu) പറയുന്ന രീതിയില്‍ ഉണ്ടോ എന്നത് സംശയമാണ്. പല കാര്യങ്ങളും വളരെ പൊതുവേ പരത്തിപറയുന്ന ന്യായങ്ങളാണ്. ഉദാഹരണത്തിന് ആരോഗ്യപ്രശ്നങ്ങള്‍, ജോലി സ്ഥലത്തെ പീഡനങ്ങള്‍, സുരക്ഷ ഇതൊക്കെ പൊതുവേ സമൂഹത്തില്‍ ഉള്ള പ്രശ്നങ്ങളാണ്.


ഐടി മേഖലയിലെ ജോലികള്‍ വളരെ കൃത്യതയോടെയും ഉത്തരവാദിത്വത്തോടേയും നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികളാണ്. ഈ മൂന്ന് ഗുണങ്ങളുമില്ലാതെ ഒരു കമ്പനിയ്ക്കും പിടിച്ച് നില്ക്കാനാകില്ല. അതിനനുസരിച്ച് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളും ‘പെര്‍ഫോം’ ചെയ്യണം എന്നത് ആ കമ്പനി നില നിന്ന് പോകാനും അതു വഴി‍ ജോലി നില നില്‍ക്കാനും അത്യാവശ്യമാണ്.

അധികം പറയാനൊന്നുമില്ല, ഏറ്റവും വലിയ ഉദാഹരണം നമ്മുടെ ഇടയിലുണ്ട്, കൈരളി. പറച്ചില്‍ വേറേ, പ്രവര്‍ത്തനം വേറേ!

ചൂഷണങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതും അവകാശങ്ങള്‍ സംരക്ഷിക്കപെടേണ്ടതും തന്നെ, സംശയമില്ല. പക്ഷേ അതു ഇന്ന് കാണുന്ന ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തനരീതിയില്‍ ആകരുത്!

Santosh said...

വളരെ വൈകിയാണ് ഇവിടെ എത്തിയത്. എങ്കിലും പറയാനുള്ളത് പറയാതെ വയ്യ. കിരണ്‍ തോമസ് പറഞ്ഞതിനോട് 95 ശതമാനം യോജിക്കുന്നു. കാര്യങ്ങള്‍ ശരിക്കും പഠിക്കാതെ അറിയാതെ അഭിപ്രായം പറയുന്ന നേതാക്കന്മാരെ ആണ് എനിക്ക് കാണാന്‍ കഴിയുന്നത്‌.

യുണിയന്‍എന്നുള്ളത് കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത്? രാഷ്ട്രിയ പാര്ട്ടികളുമായി affiliation ഉള്ള യൂണിയന്‍ ആണോ അതോ തൊഴിലാളികളുടെ ക്ഷേമത്തിന് ആയി പ്രവര്ത്തിക്കുന്ന സംഘടന വേണം എന്നാണോ എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം

രണ്ടാമത്തേത് ആണെന്കില്‍ എന്റെ അനുഭവത്തില്‍ നിന്നും പറയട്ടെ... ഞാന്‍ കഴിഞ്ഞ 10 വര്ഷം ആയി ജോലി ചെയ്ത മൂന്നു കമ്പനികളിലും ഈ പറഞ്ഞ സംഘടന ഉണ്ടായിരുന്നു. ഉണ്ടായിര‌ുന്നു എന്ന് മാത്രം അല്ല, ഇടപെടേണ്ട എല്ലാ കാര്യങ്ങളിലും അവര്‍ വസ്തുനിഷ്ടമായി ഇടപെടുകയും ചെയ്തിരുന്നു. അതിനെ പലരും പല പേരുകള്‍ ആണ് വിളിച്ചിരുന്നത്. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്തു ഇതിന്ടെ പേരു Employee Focus Group എന്നാണു. ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന, പല levels ഉള്ള representatives ആയിരുന്നു ഈ ഗ്രൂപിന്ടെ ഭാരവാഹികള്‍. എന്റെ അനുഭവത്തില്‍, ഈ ഗ്രൂപ്പും സര്‍കാര്‍ യൂണിയനുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇവര്‍ക്കുണ്ടായിരുന്ന "നമ്മള്‍" എന്ന കാഴ്ചപ്പാട്‌ ആണ്. ഞങ്ങളും നിങ്ങളും അല്ല, നമ്മള്‍ ആണ് പ്രധാനം.

ഒരു പക്ഷെ അതാണ്‌ ഈ IT sector ന്റെ വിജയത്തിനുള്ള മൂല കാരണം. ഞങ്ങളും നിങ്ങളും അല്ല... നമ്മളാണ് പ്രധാനം.

ഇനി രാഷ്ട്രീയ affiliation ഉള്ള യൂണിയന്‍ ആണ് നോട്ടം എങ്കില്‍, എനിക്കൊന്നും പറയാനില്ല... ഇന്നത്തെ സമൂഹം കഥ അറിഞ്ഞുകൊണ്ട് തന്നെ ആട്ടം കാണുന്നവര്‍ ആണ്... കഥ അറിയാതെ ആട്ടം കാണുന്നവരുടെ കാലം കഴിഞ്ഞു പോയി...

Santosh said...

ഒന്ന് കൂടി പറഞ്ഞോട്ടെ...
12 - 14 മണിക്കൂര്‍ പണിയെടുക്കുന്നു എന്നുള്ളത് ഓഫീസിനകത്ത് ഇരിക്കുന്ന സമയം മുഴുവന്‍ പണിയെടുക്കുന്നു എന്നുള്ള ഒരു തെറ്റിധാരണ ആണ്. എന്റെ group ഇല്‍ ചേരുന്ന ഒരുപാട് പുതുമുഖക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്... രാവിലെ 9 muthal 6 വരെ അര മണിക്കൂര്‍ വീതം നീളുന്ന അഞ്ചും ആറും ചായ ബ്രേക്ക്ഉം ഒന്നര മണിക്കൂര്‍ നീണ്ട ലഞ്ച് ബ്രേക്ക്ഉം എല്ലാം കഴിഞ്ഞു ശരിക്കും ജോലി തുടങ്ങുമ്പോള്‍ തന്നെയും വൈകുന്നേരം നാല് മണിക്ക് ആണ്. പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ദിവസം ജോലി ചൈയ്യേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ട്. വര്‍ഷത്തില്‍ ഒരു പത്തോ ഇരുപതോ ദിവസം...

ഞാന്‍ തന്നെ ചിലരോട് ചോദിച്ചിട്ടുണ്ട്... എന്താ ഹേ തനിക്കു വീട്ടില്‍ പോക്കൂടെ? തന്ടെ പ്രൊജക്റ്റ്‌ ഇപ്പോള്‍ റെഡ് ഇല്‍ അല്ലല്ലോ എന്ന്. അതിനവര്‍ തന്ന മറുപടി എന്താണെന്ന് കേള്‍ക്കേണ്ടേ?
റൂമില്‍ പോയിട്ട് എന്ത് ചെയ്യാനാ സര്‍... എവിടെ ആവുമ്പോ ഫ്രീ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ഉണ്ട്, A/C ഉണ്ട്, അത് വരെ TT യോ Carroms ഓ Pool ഓ ഒക്കെ കളിക്കാം..., ഒന്‍പതു മണി ആയാല്‍ ഫ്രീ ഡിന്നര്‍ഉം കഴിക്കാം, പിന്നെ ഉറങ്ങാന്‍ മാത്രം റൂമില്‍ പോയാല്‍ മതിയല്ലോ എന്ന്...

അപ്പൊ ഇവിടെ ആരാണ് ശരിക്കും ഉത്തരവാദി?