Tuesday, October 2, 2007

സെപ്തംബര്‍ 11 ഓര്‍മ്മപ്പെടുത്തുന്നത്

മനസ്സില്‍ ഓടിയെത്തുന്ന ഓര്‍മ്മകള്‍ 1973 സെപ്തംബര്‍ 11ന്റേതാണ്. ചിലിയുടെ ചരിത്രത്തില്‍ ചോരപ്പാടുകള്‍ വീഴ്ത്തിക്കൊണ്ട് അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്‍ബലത്തോടെ സൈനിക മേധാവിയായിരുന്ന അഗസ്റ്റോ പിനോഷ്യയും കൂട്ടരും ചിലിയന്‍ പ്രസിഡണ്ട് ഡോ. സാല്‍വദോര്‍ അലന്‍ഡെയെ വെടിവെച്ചുകൊന്നത് അന്നാണ്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. നിരന്തരമായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ലോകത്തെ നടുക്കിയ ഈ കൊലപാതകം നടന്നത്.

അമേരിക്കയുടെ കണ്ണിലെ കരട്

അലന്‍ഡെ അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയുടെ ഭരണാധികാരിയാവുന്നത് അവര്‍ക്ക് ഓര്‍ക്കാന്‍കൂടി കഴിയാത്ത കാര്യമായിരുന്നു. 40 വര്‍ഷക്കാലം വിവിധ ചുമതലകള്‍ വഹിച്ചുകൊണ്ട് ചിലിയുടെ പാര്‍ലിമെന്ററി ചരിത്രത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അലന്‍ഡെ.

സോവിയറ്റ് യൂണിയനുമായും ക്യൂബയുമായും ഊഷ്മളമായ ബന്ധം വച്ചുപുലര്‍ത്തുന്ന ഒരു ലാറ്റിന്‍അമേരിക്കന്‍ ഭരണാധികാരിയെ ജോണ്‍ എഫ്. കെന്നഡി മുതല്‍ നിക്സണ്‍ വരെയുള്ള അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. 1952ലും 1958ലും 1964ലും അവര്‍ അദ്ദേഹത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയുണ്ടായി. എന്നാല്‍ 1970 ലെ തിരഞ്ഞെടുപ്പില്‍ ചിലിയന്‍ ജനത അലന്‍ഡെയെയാണ് വിജയിപ്പിച്ചത്.

ചിലിയിലെ പ്രകൃതിവിഭവങ്ങളെ കൊള്ളയടിച്ചു കൊണ്ടിരുന്ന ബഹുരാഷ്ട്ര കുത്തകകളെ ഒന്നൊന്നായി അദ്ദേഹം ദേശസാല്‍ക്കരിച്ചു. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുടെ ചെമ്പുഖനികളും ഇവയില്‍ ഉള്‍പ്പെടുന്നു. സോവിയറ്റ് യൂണിയനുമായും ക്യൂബയുമായും നിരന്തരം അദ്ദേഹം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ശീതസമരകാലത്ത് അമേരിക്കന്‍ പ്രസിഡണ്ട് നിക്സണ് ഇത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അലന്‍ഡെ ചൈനയെ അംഗീകരിക്കുകകൂടി ചെയ്തതോടുകൂടി നിക്സണ് ഇരിക്കപ്പൊറുതി ഇല്ലാതായി. എങ്ങനെയും അലന്‍ഡെയെ പുറത്താക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ അദ്ദേഹം സി.ഐ.എയോട് ആവശ്യപ്പെട്ടു.

സി.ഐ.എ. അതിനായി രണ്ടു പദ്ധതികള്‍ ആവിഷ്ക്കരിച്ചതായി ഈയിടെ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. “ട്രാക്ക് -1” എന്ന പദ്ധതി അലന്‍ഡെ അധികാരത്തില്‍ എത്തുന്നതു തടയുക എന്ന ലക്ഷ്യത്തോടെ യായിരുന്നു. “ട്രാക്ക് -2” എന്ന പദ്ധതി അലന്‍ഡെ ഭരണകൂടത്തെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതായിരുന്നു.

ഇതിന്‍ പ്രകാരം അലന്‍ഡെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരമേറ്റെടുക്കുന്നതിനു മുമ്പുതന്നെ ഒരു അട്ടിമറി ശ്രമം നടക്കുകയുണ്ടായി. 1972ല്‍ വീണ്ടും ഒരു അട്ടിമറി ശ്രമം നടന്നു. അലന്‍ഡെ അതിനെയെല്ലാം അതിജീവിച്ചു. എഴുപതുകളിലെ ആഗോള മാന്ദ്യത്തെത്തുടര്‍ന്ന് 1973ല്‍ ചിലിയിലെ സാമ്പത്തിക സ്ഥിതി മോശമായി. ഇതുകൂടുതല്‍ വഷളാക്കാന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ആരംഭിച്ച സമരം വഴിവെച്ചു (ഈ സമരം സി.ഐ.എ. യുടെ പിന്തുണയോടുകൂടി നടന്നതാണെന്ന് പില്‍ക്കാലത്ത് വെളിവാക്കപ്പെട്ടിട്ടുണ്ട്). സുപ്രീം കോടതിയുടെ ഇടപെടലും അലന്‍ഡെ ഭരണകൂടത്തിനെതിരായി ഉണ്ടായി എന്ന് നാം ഓര്‍മ്മിക്കേണ്ടതുണ്ട്.

അലന്‍ഡെ ഈ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഒരു ജനകീയ പരിപാടിക്ക് രൂപം കൊടുത്തു. ഇതിനായി 1973 സെപ്തംബറില്‍ ജനഹിത പരിശോധന നടത്താനായി പദ്ധതിയിട്ടു. സെപ്തംബര്‍ 12 നു് അദ്ദേഹം രാഷ്ട്രത്തോട് ഒരു പ്രക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സെപ്തംബര്‍ 11-നു് സി.ഐ.എ.യുടെ പിന്തുണയോടെ സൈനിക മേധാവിയായ മേജര്‍ പിനോഷെ അട്ടിമറി നടത്തിക്കൊണ്ട് അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. അവര്‍ കൊട്ടാരം വളഞ്ഞപ്പോള്‍ അലന്‍ഡെ ചിലിയന്‍ റേഡിയോയിലൂടെ ചരിത്രപ്രസിദ്ധമായ തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തുകയുണ്ടായി. വെടിയൊച്ചയുടെ പശ്ചാത്തലത്തില്‍ ചിലിയന്‍ റേഡിയോ അത് പ്രക്ഷേപണം ചെയ്തു.

ചിലിയും അവിടത്തെ തൊഴിലാളികളും നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. നിമിഷങ്ങള്‍ ക്കുള്ളില്‍ അദ്ദേഹം സൈന്യത്തിന്റെ പിടിയിലാവുകയും അവര്‍ അദ്ദേഹത്തെ വധിക്കുകയും ചെയ്തു. (എന്നാല്‍ ഫിഡല്‍ കാസ്ട്രോ സമ്മാനിച്ച തോക്കെടുത്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പിനോഷെ ഭരണകൂടം ലോകത്തെ അറിയിച്ചത്).

അന്ന് ഈ പട്ടാള അട്ടിമറിയെ ശക്തമായി എതിര്‍ത്ത വ്യോമസേനാ കമാണ്ടറായിരുന്നു ആല്‍ബര്‍ട്ടോ ബാഷെലെ. പിന്നീട് അദ്ദേഹത്തെ പിനോഷെ ഭരണകൂടം വധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കുടുംബത്തെ ജയിലിലടച്ച് പീഢിപ്പിക്കുകയും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ആസ്ട്രേലിയയിലേക്ക് നാടുകടത്തുകയുമുണ്ടായി. അദ്ദേഹത്തിന്റെ മകളായ മിഷല്‍ ബാഷെലെ എണ്‍പതുകളില്‍ വൈദ്യശാസ്ത്രത്തില്‍ ഉന്നതബിരുദമെടുത്തുകൊണ്ട് ചിലിയില്‍ മടങ്ങിയെത്തി. അവര്‍ തെരുവുകുഞ്ഞുങ്ങളെ ചികിത്സിച്ചും പുനഃരധിവസിപ്പിച്ചും, രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടും, ചിലിയുടെ നായികയായി ഉയരുകയായിരുന്നു.

ധീരരക്തസാക്ഷിയായ ആ പിതാവിന്റെ മകള്‍ 2006ലെ തിരഞ്ഞെടുപ്പില്‍ ചിലിയുടെ പ്രസിഡണ്ടായി. ധാതുസമ്പന്നമായ ചിലിയെ കൊള്ളയടിച്ചിരുന്ന ബഹുരാഷ്ട്ര കുത്തകകളെ നിലയ്ക്കുനിര്‍ത്തുമെന്നും ചിലിയിലെ സാധാരണക്കാര്‍ക്കായി രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന അവര്‍ ഇതിനകം ചിലിയന്‍ ജനതയുടെ മനസ്സ് കവര്‍ന്നുകഴിഞ്ഞു.

ചുവന്നു തുടുക്കുന്ന ലാറ്റിനമേരിക്ക

ഇത് ചിലിയുടെ മാത്രം അനുഭവമല്ല. ആഗോളവല്‍ക്കരണവിരുദ്ധ സമരങ്ങളുടെ വേലിയേറ്റത്തില്‍ ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ ബിനാമി ഭരണങ്ങളെല്ലാം കടപുഴകിവീണിരിക്കുന്നു. വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസിന്റെ വിജയമായിരുന്നു ഇതിന്റെ തുടക്കം. ഇന്ന് പത്തിലേറെ രാജ്യങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തെ ശക്തമായി എതിര്‍ക്കുന്ന തൊഴിലാളികളുടെ പ്രതിനിധികള്‍ ഭരണാധികാരികളായി മാറിയിരിക്കുന്നു.

ബൊളീവിയയിലെ ഇവാ മോറേല്‍സ്, നിക്വരാഗ്വേയിലെ ഡാനിയേല്‍ ഒര്‍ട്ടേഗ, ബ്രസീലിലെ ലുലാ ഡിസില്‍വ, അര്‍ജന്റീനയിലെ നെസ്റര്‍ കിര്‍ച്ചനര്‍, ഉറുഗ്വായിലെ തബാരെ വിസ്കോസ്, ഇക്വഡോറിലെ റാഫേല്‍ കോറിയാ, ഹെയ്ത്തിയിലെ റെനി പ്രിവല്‍ എന്നിങ്ങനെ നീണ്ടുപോകുന്നു ഇവരുടെ നിര. കമ്മ്യൂണിസ്റ്റ്കാരാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും ഇവരെല്ലാം കടുത്ത സാമ്രാജ്യത്വ വിരുദ്ധ നിലപാടെടുക്കുന്നവരാണ്. ഫിഡല്‍ കാസ്ട്രോയുടേയും, ചെഗുവേരയുടെയും വാക്കുകള്‍ ഇന്ന് ലാറ്റിനമേരിക്കയില്‍ പ്രതിധ്വനിക്കുകയാണ്. ലാറ്റിനമേരിക്ക ചുവന്നു തുടുക്കുകയാണ്.

ഇവരില്‍ വെനിസ്വലയിലെ ഹ്യൂഗോ ഷാവേസ്, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി മാറിയിരിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ അമേരിക്കയ്ക്ക് എതിരെ ഒരു ചരടില്‍ കോര്‍ത്തിണക്കാന്‍ ഷാവേസിന് കഴിഞ്ഞിരിക്കുന്നു. നിരവധി തവണ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക ഇതിനകം ശ്രമിച്ചിരിക്കുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഷാവേസ് അമേരിക്കയ്ക്ക് എതിരേയും സാമ്രാജ്യത്വ കടന്നാക്രമങ്ങള്‍ക്കെതിരെയും ഗര്‍ജ്ജിക്കുന്ന ഒരു സിംഹമായി മാറിയിരിക്കുന്നു.

സോഷിലിസ്റ്റ് പാതയാണ് തന്റേതെന്ന് ഉറച്ച് പ്രഖ്യാപിക്കുന്ന ഷാവേസ് ഐക്യരാഷ്ട്ര സഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും സാമ്രാജ്യത്വത്തിനെതിരെ കടുത്ത നിലപാടുകള്‍ എടുത്തുകൊണ്ട് ലോകജനതയുടെ മനസ്സ് കീഴടക്കിയിരിക്കുന്നു. ഏറ്റവും അവസാനമായി ലോകബാങ്കിനു ബദലായി ഒരു സൌത്ത് ബാങ്കിന് രൂപം നല്‍കുമെന്ന ഷാവേസിന്റെ പ്രഖ്യാപനത്തിന് വലിയ മാനങ്ങളാണ് ഉള്ളത്. ചുവന്നു തുടുക്കുന്ന ലാറ്റിനമേരിക്ക വിമോചന സ്വപ്നങ്ങള്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുകയാണ്.

സാമ്പത്തിക പ്രതിസന്ധിയും യുദ്ധവെറിയും

മറുഭാഗത്താകട്ടെ അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഡോളറിന്റെ അവമൂലനം ഇതാണ് നമ്മോട് വിളിച്ചു പറയുന്നത്. ഡോളറിനെ ആഗോള കരുതല്‍ കറന്‍സിയായി നിലനിര്‍ത്തുന്നതുകൊണ്ടു മാത്രമാണ് ഭീമമായ കറന്റ് അക്കൌണ്ട് കമ്മിയുണ്ടായിട്ടും അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആകുന്നത്. യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയാറാനായി ഉപഭോഗ വായ്പയിലൂടെയും സബ്പ്രൈം മോര്‍ട്ട്ഗേജ് വായ്പകളിലൂടെയും അവര്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവിടേയും തിരിച്ചടി ഉണ്ടായിരിക്കുന്നു. ഭവനവായ്പയുടെ കുമിള പൊട്ടിത്തുടങ്ങിയിരിക്കുന്നു. കിട്ടാക്കടങ്ങള്‍ പെരുകിയതു കാരണം അമേരിക്കന്‍ മോട്ടര്‍ഗേജ് കമ്പനികള്‍ തകര്‍ന്നു തുടങ്ങിയിരിക്കുന്നു.

ഈ പ്രതിസന്ധിയെ മറികടക്കാന്‍ തീര്‍ച്ചയായും അമേരിക്ക മറ്റേതെങ്കിലും ഒരുരാജ്യത്തെ ആക്രമിക്കുകതന്നെ ചെയ്യും. അധിനിവേശങ്ങള്‍ വഴി മാത്രമാണ് അവര്‍ പ്രതിസന്ധിയെ മറികടന്നിട്ടുള്ളത്. ഹിരോഷിമ മുതല്‍ ഇറാഖ് വരെ വിളിച്ചു പറയുന്നത് ഇതാണ്.

സെപ്തംബര്‍ 11 ഓര്‍മ്മപ്പെടുത്തുന്നത് ദുര മൂത്ത അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശങ്ങളെയും അതിനെതിരെ ഉയര്‍ത്തെണീക്കുന്ന ലോകജനതയേയുമാണ്. സാമ്പത്തികവും, സാംസ്ക്കാരികവും, സൈനികവുമായ അധിനിവേശങ്ങള്‍ക്കെതിരെ ആഗോളമായിത്തന്നെ പോരാട്ടങ്ങളും ചെറുത്തു നില്‍പ്പുകളും വളര്‍ന്നു വരുന്നു എന്നത് ആവേശം പകരുന്ന അനുഭവമാണ്.

(ലേഖകന്‍ : ശ്രീ. സജി വര്‍ഗീസ്, യുവധാര 2007 സെപ്തംബര്‍ ലക്കം)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

മനസ്സില്‍ ഓടിയെത്തുന്ന ഓര്‍മ്മകള്‍ 1973 സെപ്തംബര്‍ 11ന്റേതാണ്. ചിലിയുടെ ചരിത്രത്തില്‍ ചോരപ്പാടുകള്‍ വീഴ്ത്തിക്കൊണ്ട് അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്‍ബലത്തോടെ സൈനിക മേധാവിയായിരുന്ന അഗസ്റ്റോ പിനോഷ്യയും കൂട്ടരും ചിലിയന്‍ പ്രസിഡണ്ട് ഡോ. സാല്‍വദോര്‍ അലന്‍ഡെയെ വെടിവെച്ചുകൊന്നത് അന്നാണ്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. നിരന്തരമായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ലോകത്തെ നടുക്കിയ ഈ കൊലപാതകം നടന്നത്.

സെപ്തംബര്‍ 11 ഓര്‍മ്മപ്പെടുത്തുന്നത് ദുര മൂത്ത അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശങ്ങളെയും അതിനെതിരെ ഉയര്‍ത്തെണീക്കുന്ന ലോകജനതയേയുമാണ്. സാമ്പത്തികവും, സാംസ്ക്കാരികവും, സൈനികവുമായ അധിനിവേശങ്ങള്‍ക്കെതിരെ ആഗോളമായിത്തന്നെ പോരാട്ടങ്ങളും ചെറുത്തു നില്‍പ്പുകളും വളര്‍ന്നു വരുന്നു എന്നത് ആവേശം പകരുന്ന അനുഭവമാണ്.

ചിലിയുടെ പ്രസിഡന്റായിരുന്ന ഡോ. സാല്‍‌വദോര്‍ അലെന്‍ഡെയെക്കുറിച്ചും സെപ്തംബര്‍ 11 ഉണര്‍ത്തുന്ന ചില ഓര്‍മ്മകളെക്കുറിച്ചും ഒരു കുറിപ്പ്.

വിന്‍സ് said...

SEPT 11 ennu parayumbol ooodi varunnathu chiliyan presidentinte maranam aanathrey. nirthi pooda uvvey.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട വിന്‍സ്,
താങ്കളുടെയോ 2001 സെപ്റ്റംബര്‍ 11 നു് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ വികാരങ്ങളെ വ്രണപ്പെടുത്തുക എന്നത് പോസ്റ്റിന്റെ ലക്ഷ്യമല്ല. വാസ്തവത്തില്‍ അവരുടെ ദു:ഖത്തില്‍ അവരോടൊപ്പം പങ്കു ചേരുന്നു. പക്ഷേ, ദു:ഖത്തിന്റെയും സഹതാപത്തിന്റെയും പുതപ്പ് എടുത്തുമാറ്റി എന്തുകൊണ്ട് ഇവ ഉണ്ടാകുന്നു എന്നു പരിശോധിക്കേണ്ടത് വിവേകമതിയായ ഏതു മനുഷ്യന്റെയും കര്‍ത്തവ്യമാണ് എന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. താലിബാന്‍ എന്ന ഭൂതത്തെ കുടത്തില്‍ നിന്നും തുറന്നു വിട്ടവര്‍ ആരെന്നും എന്തിനെന്നും ഉള്ളത് ഏതു ചരിത്ര വിദ്യാര്‍ത്ഥിക്കും അറിയാന്‍ ബുദ്ധിമുട്ടില്ല. ഒന്നു മാത്രം പറയട്ടെ, 1973 സെപ്റ്റംബര്‍ 11 -ല്‍ നിന്നും അടര്‍ത്തിമാറ്റി 2001 സെപ്റ്റംബര്‍ 11 -ലെ ആക്രമണങ്ങളെക്കാണുന്നവര്‍ ശരിയായ തീരുമാനങ്ങളിലെത്തില്ല. എന്തുകൊണ്ട് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി അമേരിക്കയുടെ സ്വാധീനത്തില്‍ നിന്നും അകന്നു പോകുന്നു എന്ന്‌ പരിശോധിക്കേണ്ടതല്ലേ? ഒരാള്‍ പ്രത്യേക രീതിയില്‍ മാത്രമേ ഓര്‍മ്മി‍ക്കാവൂ എന്നു ശഠിക്കുന്നതും(അതും സംസ്കൃതത്തില്‍ :) ) സ്വാതന്ത്ര്യത്തിന്റെ നിഷേധമല്ലെങ്കില്‍ മറ്റെന്താണ്?