Friday, August 7, 2009

അഭിനയസൂര്യന്‍ മറഞ്ഞു


പൌരുഷത്തിന്റെ പരുക്കന്‍ സൌന്ദര്യം മലയാളിയുടെ സിനിമാസങ്കല്‍പത്തില്‍ ഇഴചേര്‍ത്ത 'നെയ്ത്തുകാരന്‍' യാത്രയായി. അരങ്ങിന്റെ അനുഭവക്കരുത്തില്‍ മലയാള സിനിമയില്‍ വേറിട്ട പ്രതിഭ തെളിയിച്ച മഹാനടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി ഇനി മരിക്കാത്ത ഓര്‍മ. വ്യാഴാഴ്ച രാത്രി 8.10നായിരുന്നു മഹാപ്രതിഭയുടെ അപ്രതീക്ഷിത അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. 55 വയസായിരുന്നു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച വൈകിട്ട് നാലിന് നെടുമങ്ങാട് അരുവിക്കരയില്‍. ദക്ഷിണാഫ്രിക്കയില്‍ തമിഴ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നാട്ടിലെത്തിയ മുരളിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ശ്വാസതടസ്സമുണ്ടായി. ഹൃദയാഘാതത്തെതുടര്‍ന്നുള്ള രക്തസ്രാവം ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നിഷ്ഫലമാക്കി. മരണസമയത്ത് ഭാര്യ ശൈലജയും (മിനി) ഏക മകള്‍ കാര്‍ത്തികയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു. നിര്യാണവാര്‍ത്തയറിഞ്ഞ് സാംസ്കാരിക മന്ത്രി എം എ ബേബിയടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി.

നായകനായും പ്രതിനായകനായും ഒരുപോലെ ശോഭിച്ച മുരളി നാടകകൂട്ടായ്മയിലൂടെ വളര്‍ന്നാണ് അഭ്രപാളിയിലെത്തിയത്. പൌരുഷവേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞ മുരളി ഏകദേശം 250 സിനിമയില്‍ വേഷമിട്ടു. 2002ല്‍ 'നെയ്ത്തുകാരനി'ലൂടെ മികച്ച നടനുള്ള ദേശീയ അംഗീകാരം നേടി. നെയ്ത്തുകാരന്‍, ആധാരം, കാണാക്കിനാവ്, താലോലം എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അമരത്തിലെയും വീരാളിപ്പട്ടിലെയും അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. പ്രതിബദ്ധതയുള്ള സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമെന്ന നിലയില്‍ അദ്ദേഹം പുരോഗമനവാദികളുടെ ആദരവ് നേടി. ശ്രദ്ധേയമായ അഞ്ചു കൃതികള്‍ എഴുതിയിട്ടുണ്ട്.

വിദ്യാര്‍ഥിയായ കാലം മുതല്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പംനിന്ന അദ്ദേഹം 1999ല്‍ ആലപ്പുഴയില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചു. ആധുനിക നാടക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ കൂട്ടായ്മയില്‍ മുരളി പ്രധാന പങ്ക് വഹിച്ചു. 1978ല്‍ ഭരത് ഗോപി സംവിധാനംചെയ്ത 'ഞാറ്റടി'യില്‍ ആദ്യമായി അഭിനയിച്ചെങ്കിലും സിനിമ പുറത്തുവന്നില്ല. തുടര്‍ന്ന് പ്രശസ്ത സംവിധായകന്‍ അരവിന്ദന്റെ 'ചിദംബര'ത്തില്‍ പേരില്ലാത്ത വേഷംചെയ്തു. ലെനിന്‍ രാജേന്ദ്രന്റെ 'മീനമാസത്തിലെ സൂര്യന്‍' മുരളിയുടെ അഭിനയജീവിതത്തില്‍ നിര്‍ണായകമായി. എം ടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനംചെയ്ത 'പഞ്ചാഗ്നി'യിലെ വേഷത്തോടെ മുരളി മുഖ്യധാരാ സിനിമകളില്‍ സ്ഥാനമുറപ്പിച്ചു. എണ്‍പതുകളുടെ അവസാനത്തോടെ സിനിമയില്‍ സജീവമായി. പഞ്ചാഗ്നിയിലെ വില്ലനില്‍നിന്ന് നെയ്ത്തുകാരനിലെ ദേശീയ പുരസ്കാര കഥാപാത്രം അപ്പമേസ്തിരിയിലേക്കുള്ള വളര്‍ച്ച കഠിനാദ്ധ്വാനത്തിന്റെതും ആത്മസമര്‍പ്പണത്തിന്റെതുമായിരുന്നു. പുലിജന്മം, ലാല്‍സലാം, ചകോരം, ഏകാന്തം, വെങ്കലം, വളയം, ചമ്പക്കുളം തച്ചന്‍, ആകാശദൂത്, കമലദളം, ദ ട്രൂത്ത്, ദ കിങ് തുടങ്ങിയ സിനിമകളില്‍ മുരളിയുടെ പ്രതിഭ മലയാളിയറിഞ്ഞു. ചമയം, സാക്ഷ്യം, ദശരഥം, പത്രം, കളിക്കളം, അര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളില്‍ ഒരിക്കലും മറക്കാനാവാത്ത വേഷങ്ങള്‍. 1993ല്‍ 'ആഭാസ്' എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. തമിഴിലും തെലുങ്കിലും ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു. അഴകന്‍ പെരുമാള്‍ സംവിധാനംചെയ്ത 'ഡും ഡും ഡും' എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം. ജമിനി, ജ്ഞാപങ്കള്‍ താലാട്ടും എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ജമിനിയുടെ തെലുങ്ക് റീമേക്കിലും വേഷമിട്ടു.

1954 മെയ് 25ന് കൊല്ലം കുടവട്ടൂരില്‍ പി കൃഷ്ണപിള്ളയുടെയും കെ ദേവകിയമ്മയുടെയും മൂത്ത മകനായാണ് ജനനം. സഹോദരങ്ങള്‍: തുളസീധരന്‍പിള്ള, ഹരികുമാര്‍, ഷീല, ഷീജ. കുടവട്ടൂര്‍ എല്‍പി സ്കൂളിലും തൃക്കണ്ണമംഗല്‍ എസ്കെവി ഹൈസ്കൂളിലും തിരുവനന്തപുരം എംജി കോളേജിലും ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലും തിരുവനന്തപുരം ലോ കോളേജിലുമാണ് പഠനം. 1977ല്‍ ഇഎസ്ഐയിലും പിന്നീട് കേരള സര്‍വകലാശാലയിലും ജോലി കിട്ടിയതോടെ തിരുവനന്തപുരത്ത് സ്ഥിരതാമസമായി.

അന്തരിച്ച അഭിനയപ്രതിഭക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

3 comments:

വര്‍ക്കേഴ്സ് ഫോറം said...

പൌരുഷത്തിന്റെ പരുക്കന്‍ സൌന്ദര്യം മലയാളിയുടെ സിനിമാസങ്കല്‍പത്തില്‍ ഇഴചേര്‍ത്ത 'നെയ്ത്തുകാരന്‍' യാത്രയായി. അരങ്ങിന്റെ അനുഭവക്കരുത്തില്‍ മലയാള സിനിമയില്‍ വേറിട്ട പ്രതിഭ തെളിയിച്ച മഹാനടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി ഇനി മരിക്കാത്ത ഓര്‍മ.

അന്തരിച്ച അഭിനയപ്രതിഭക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

വിന്‍സ് said...

മലയാള സിനിമയിലെ അതുല്യപ്രതിഭ, വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കഴിവുകള്‍ ആരും ഉപയോഗിച്ചിരുന്നില്ല. വല്ലാത്തൊരു നഷ്ടം തന്നെ.

ഈ ഔദ്യോഗിക ബഹുമതിയോടെ ഉള്ള ശവസംസ്കാരം ലഭിക്കുന്നതിന്റെ യോഗ്യതകള്‍ എന്തൊക്കെ ആണെന്നു അറിയുമോ??? സംസ്ഥാന അവാര്‍ഡ് ആണോ അതിന്റെ യോഗ്യതകളില്‍ ഒന്നു??

Baiju Elikkattoor said...

ആദരാഞ്ജലികള്‍.