Saturday, August 31, 2013

ഈ സമരം ചരിത്രത്തിന്റെ ഭാഗം

ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ഇപ്പോള്‍ ബുഷിന്റെ ഭാഷയും ഭാവവുമാണ്. കേരള ചരിത്രത്തിലെ അഭൂതപൂര്‍വമായ ജനമുന്നേറ്റമായ സെക്രട്ടറിയറ്റ് ഉപരോധത്തെ ആഭ്യന്തരകലാപമായി വിശേഷിപ്പിച്ച് സൈനികശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചുനോക്കിയത്. പ്രക്ഷോഭകരുടെ ധര്‍മധീരതയെ കേന്ദ്രസേനയെ ഇറക്കി അത്ര എളുപ്പം നേരിടാനാവില്ലെന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ബോധ്യമായിട്ടുണ്ടാകും. കേരളീയ സമൂഹം അവരെ അത് ബോധ്യപ്പെടുത്തിക്കൊടുത്തിരിക്കുകയാണ്. നവലിബറല്‍ നയങ്ങള്‍ തകര്‍ത്തുകളഞ്ഞ ജീവിതാവകാശങ്ങള്‍ തിരിച്ചുപിടിക്കാനാണ് അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ 2011-ല്‍ സുക്കോട്ടി പാര്‍ക്കില്‍ സംഘടിതരായത്. ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ ആസ്ഥാനമായ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ ജനതയുടെയും തൊഴിലാളി വര്‍ഗത്തിന്റെയും പ്രക്ഷോഭകരമായ മുന്നേറ്റങ്ങളെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് വിശേഷിപ്പിച്ചത് കടുത്ത വര്‍ഗയുദ്ധവും അമേരിക്കയെ തകര്‍ക്കാനുള്ള ആഭ്യന്തര കലാപവുമായിട്ടാണ്.

അതെ, ഇവിടെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും രാപ്പകല്‍ സെക്രട്ടറിയറ്റ് ഉപരോധത്തെ വിശേഷിപ്പിച്ചത് ആഭ്യന്തര കലാപവും കേരളത്തിന്റെ ഭരണസിരാകേന്ദ്രം പിടിച്ചെടുക്കാനുള്ള വിമോചനസമരവുമായിട്ടാണ്. സൈനികശക്തി ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്തുമെന്നാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ നേരിടണമെന്ന് വാദിച്ച ബുഷിനെപ്പോലെ കേരളത്തിലെ ഭരണനേതാക്കളും നിര്‍ബന്ധംപിടിച്ചത്. അതിനായി അവര്‍ ഇന്‍ഡോ തിബത്തന്‍ അതിര്‍ത്തി സേനയെയും സിആര്‍പിഎഫിനെയും ഇറക്കുമതി ചെയ്തു. സെക്രട്ടറിയറ്റില്‍ പ്രക്ഷോഭകരെ കൈകാര്യം ചെയ്യാനായി വിന്യസിച്ചു. കാക്കിപ്പടയെ അണിനിരത്തി കേരളചരിത്രത്തിലെ അഭൂതപൂര്‍വമായ ഈ ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള പടപ്പുറപ്പാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയത്. ഭീഷണിയും കുത്സിത മാര്‍ഗങ്ങളും ഉപയോഗിച്ച് ഈ ധര്‍മസമരത്തെ തകര്‍ക്കാനാണ് ജനങ്ങളില്‍നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ടുപോയ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ മൂലധനത്തിന്റെ സംരക്ഷകരായ ഭരണാധികാരികള്‍ ശ്രമിച്ചത്. എന്നാല്‍, എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് അഴിമതിയുടെ രാഷ്ട്രീയ സംസ്കാരത്തിനെതിരായ വമ്പിച്ച ജനമുന്നേറ്റമായി സെക്രട്ടറിയറ്റ് ഉപരോധം മാറി. കൊളോണിയല്‍ കാലഘട്ടത്തിലെ കൊള്ളയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ രാഷ്ട്രസമ്പത്ത് കവര്‍ന്നെടുക്കുന്ന വന്‍ കുംഭകോണങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഭരണതലത്തിലെ അഭൂതപൂര്‍വമായ അഴിമതിയും തട്ടിപ്പുകളും ക്രിമിനലുകളെന്ന നിലയിലേക്കുള്ള ഭരണാധികാരത്തിലെ ഉന്നതസ്ഥാനീയരുടെ അധഃപതനവും ആശാവഹമല്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. രാഷ്ട്രത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള ജനവിഭാഗങ്ങളെല്ലാം സംഭീതരും ഉല്‍കണ്ഠാകുലരു മാണ്. കള്ളപ്പണത്തിനും അവിഹിത ധനസമ്പാദനത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന ""ടാക്സ് ജസ്റ്റീസ് നെറ്റ്വര്‍ക്കി""ന്റെ കണക്കനുസരിച്ച് ലോകത്തിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമുള്ള കള്ളപ്പണം 21 ലക്ഷം കോടി ഡോളറാണ്. അതായത് 1160 ലക്ഷം കോടി രൂപ. അവരുടെ പഠന റിപ്പോര്‍ട്ടനുസരിച്ച് നികുതിയട യ്ക്കാത്ത നിയമവിരുദ്ധ നിക്ഷേപങ്ങള്‍ 31 ലക്ഷം കോടി ഡോളറിന്റേതാണ്. 1767 ലക്ഷം കോടി രൂപയുടെ നിയമവിരുദ്ധ നിക്ഷേപങ്ങള്‍! ഇതില്‍ ഇന്ത്യയുടെ വിഹിതം 3.87 ട്രില്യന്‍ ഡോളര്‍ വരും. അതായത് 220 ലക്ഷം കോടി രൂപ! ലോകസമ്പദ്ഘടനയില്‍ ഷാഡോ ബാങ്കിങ് വഴിയുള്ള പണമിടപാട് 67 ലക്ഷം ട്രില്യന്‍ ഡോളര്‍ ആണ്. 3819 ലക്ഷം കോടി രൂപ! ഇത് 10 വര്‍ഷം മുമ്പ് 26 ട്രില്യനായിരുന്നു. ടാക്സ് ജസ്റ്റിസ് നെറ്റ്വര്‍ക്കിന്റെ കണക്കുകള്‍ ലോകത്ത് വര്‍ധിതമായ തോതില്‍ വളരുന്ന അധോലോക സമ്പദ്ഘടനയെ സംബന്ധിച്ച സംഭീതികരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. ലോകസമ്പദ്ഘടനയുടെ നേര്‍പകുതി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അധോലോക സമ്പദ് പ്രവര്‍ത്തനമാണ്.

ഇന്ത്യയില്‍ 37 ലക്ഷം കോടി രൂപയുടെ ഷാഡോ ബാങ്കിങ് ഉണ്ട്. നമ്മുടെ ജിഡിപിയുടെ 37 മടങ്ങ് വരുമിത്. ""ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി""യുടെ പഠനമനുസരിച്ച് ഇന്ത്യക്ക് 6,75,300 കോടിയുടെ നികുതി നഷ്ടമാണ് 10 വര്‍ഷംകൊണ്ട് കള്ളപ്പണ ഇടപാടുമൂലമുണ്ടായത്. നികുതിനിരക്ക് 30 ശതമാനം കണക്കാക്കിയാല്‍ 14,18,130 കോടി രൂപയുടെ നികുതി രഹിത കള്ളപ്പണ നിക്ഷേപമാണ് നടന്നിട്ടുള്ളത്. സ്വിസ്ബാങ്ക് ഉള്‍പ്പെടെ ലോകത്തിലെ കള്ളപ്പണ നിക്ഷേപത്തിന്റെ അന്തര്‍ദേശീയ കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ചിട്ടുള്ളത് ഇന്ത്യക്കാരാണ് പോലും. അമേരിക്കയിലെ ബിസിനസ്സ് മാഗസിന്‍ പുറത്തുവിട്ട കണക്കുപ്രകാരം സോണിയാഗാന്ധി ലോകത്തിലെ അതിസമ്പന്നരായ രാഷ്ട്രീയ നേതാക്കളില്‍ മൂന്നാം സ്ഥാനത്തുണ്ട്.

രാജ്യത്തിന്റെ നിയമങ്ങള്‍ ബാധകമല്ലാത്ത വിദേശ കാര്യങ്ങളിലേക്ക് പണമടിച്ചു മാറ്റുന്നത് അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും കോര്‍പറേറ്റുകളും അധോലോക സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്ന മാഫിയാ ശക്തികളുമാണ്. ബര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ""ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍"" അഴിമതിയിലൂടെയും തട്ടിപ്പിലൂടെയും ഇന്ത്യയില്‍നിന്നും ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കോടി രൂപയുടെ പണം വിദേശബാങ്കുകളിലേക്ക് ഒഴുകുകയാണെന്ന് നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും ചോര്‍ത്തിക്കൊണ്ടുപോകുന്ന വന്‍ അഴിമതിയുടെ രാഷ്ട്രീയ വേരുകളെയും സാമൂഹ്യ വ്യവസ്ഥയുടെ സങ്കീര്‍ണതകളെയും അപഗ്രഥന വിധേയമാക്കുന്നതുവഴിയേ ഈ മഹാകുംഭകോണങ്ങളുടെയും കൊള്ളകൊടുക്കകളുടെയും പിറകിലെ മൂലധനത്തിന്റെ ക്രിമിനല്‍വൃത്തികളെ അനാവരണം ചെയ്യാന്‍ കഴിയൂ.

ബോഫോഴ്സ്, ജയിന്‍ ഹവാല, ഓഹരി കുംഭകോണം, എന്‍റോണ്‍ തുടങ്ങി ഇപ്പോള്‍ വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്പെക്ട്രം, കല്‍ക്കരി കുംഭകോണം, പ്രകൃതിവാതക കുംഭകോണം നിരവധി ആയുധ ഇറക്കുമതി കരാറുകള്‍, സോളാര്‍ തട്ടിപ്പ് വരെ എത്തിയിരിക്കുന്ന അഴിമതി കഥകള്‍, ഭരണരംഗത്തെ ക്രിമിനല്‍വല്‍ക്കരണത്തിന്റെയും ജീര്‍ണതയുടെയും ആഴമാണ് വെളിപ്പെടുത്തുന്നത്. നവലിബറലിസമെന്നത് മൂലധനത്തിന്റെ നിരുപാധികവും വ്യവസ്ഥാരഹിതവുമായ കടന്നുകയറ്റമാണ്. മുതലാളിത്ത ഉല്‍പാദനബന്ധങ്ങളും കോര്‍പറേറ്റു മൂലധനത്തിന്റെ വളരാനും വികസിക്കാനുമുള്ള വ്യഗ്രതയുമാണ് ഇന്നത്തെ അഴിമതികളുടെയും നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം. ഉല്‍പാദനപരമായ ധര്‍മങ്ങളില്‍നിന്നും പിന്തിരിഞ്ഞ നവലിബറല്‍ മൂലധനത്തിന്റെ ഊഹക്കച്ചവട പരമായ വികാസത്തിന്റെ ഗതിയിലാണ് അഴിമതിയും സാമ്പത്തിക തട്ടിപ്പുകളും വ്യാപകമാവുന്നത്. സോളാര്‍ കുംഭകോണമെന്നത് ഊര്‍ജ ഉല്‍പാദനംപോലെ സമ്പദ്ഘടനയുടെ മര്‍മപ്രധാനമായ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നതും ഈ മേഖലയില്‍ സ്വകാര്യ മൂലധനത്തിന് നിക്ഷേപ അനുമതി നല്‍കുന്നതുമായ നയങ്ങളുടെ അനിവാര്യഫലമാണ്. ഇത്തരം സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങളുടെ സൗകര്യം ഉപയോഗിച്ചാണ് ഭരണരംഗത്തെ ഉന്നതരുടെ സഹായത്തോടെ തട്ടിപ്പുസംഘങ്ങള്‍ സംരംഭങ്ങളുടെയും നിക്ഷേപ സമാഹരണത്തിന്റെയും പേരില്‍ വന്‍ കൊള്ള നടത്തുന്നത്. എന്‍റോണ്‍ മുതല്‍ കേരളത്തിലെ സോളാര്‍ തട്ടിപ്പ് വരെ ഇതിനുദാഹരണങ്ങള്‍. നവലിബറല്‍ നയങ്ങളും അത് സൃഷ്ടിച്ച ഉദാരവല്‍കൃത സാഹ ചര്യവും ഉപയോഗിച്ച് കേരളം തട്ടിപ്പുകാരുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദശകത്തിനിടയില്‍ കേരളത്തില്‍ 25,000 കോടിയിലധികം രൂപ ക്രിമിനല്‍ മൂലധന സംരംഭകര്‍ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് എഡിജിപി ടിപി സെന്‍കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് 50,000 കോടിയിലധികം വരുന്ന അധോലോക സമ്പദ്ഘടന കേരളത്തില്‍ ശക്തമായി നിലകൊള്ളുന്നുവെന്ന് മുമ്പ് വിലയിരുത്തിയിരുന്നു. 1980-കളുടെ വരുതിയില്‍ കേരളത്തെ പിടിച്ചുകുലുക്കിയ ബ്ലേഡ് കമ്പനി തട്ടിപ്പുകള്‍ വഴി മാത്രം ജനങ്ങളില്‍നിന്ന് തട്ടിപ്പുസംഘങ്ങള്‍ 20 കോടി രൂപയാണ് കവര്‍ന്നെടുത്തത്. ബ്ലേഡു കമ്പനികളുടെ പിടിയലില്‍പെട്ട് ആത്മഹത്യ ചെയ്ത കുടുംബ ങ്ങള്‍ എത്രയോ ആണ്. തൊണ്ണൂറുകള്‍ക്ക് ശേഷം ഊഹക്ക ച്ചവടപരമായ നിക്ഷേപ സംരംഭങ്ങളിലേക്ക് മലയാളികള്‍ ആട്ടിത്തെളിക്കപ്പെട്ടു. ആട്, മാഞ്ചിയം, തേക്ക് തുടങ്ങിയ കുപ്രസിദ്ധങ്ങളായ തട്ടിപ്പുകള്‍, മണിചെയിന്‍ തട്ടിപ്പുകള്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പുകള്‍, ലിസ് തട്ടിപ്പ്, ഇന്റഗ്രേറ്റഡ് ഫിനാന്‍സ് കമ്പനി തട്ടിപ്പ്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, ഇപ്പോള്‍ വിവാദപരമായിരുന്ന സോളാര്‍ തട്ടിപ്പ്, ലീ കാപ്പിറ്റല്‍ തട്ടിപ്പ് ഇങ്ങനെ തട്ടിപ്പുകളുടെ പരമ്പര അവിരാമമായി തുടരുകയാണ്. ഇതില്‍ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് ഒഴികെ മറ്റെല്ലാ തട്ടിപ്പുകളും യുഡിഎഫ് ഭരണകാലത്താണ് നടന്നത്. ഇതില്‍ ശ്രദ്ധേയമായ ഒരു വസ്തുത ഈ തട്ടിപ്പുകളെല്ലാം നടന്നത് ഉമ്മന്‍ചാണ്ടി അധികാരത്തിന്റെ തന്ത്രപരമായ സ്ഥാനങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്ന കാലത്തായിരുന്നുവെന്നതാണ്. കുത്സിതമായ രാഷ്ട്രീയ കൗശല ങ്ങളുടെയും തന്ത്രങ്ങളുടെയും ചാണക്യനായ ഉമ്മന്‍ചാണ്ടി ഇത്തരം തട്ടിപ്പുകളുടെ കാലത്ത് ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും (2004-06) മുഖ്യമന്ത്രിയുമായി (2011 മുതല്‍) രുന്നുവെന്നതാണ് കൗതുകകരമായ കാര്യം. ഇടതുപക്ഷ ഭരണകാലത്ത് അരങ്ങേറിയ "ടോട്ടല്‍ ഫോര്‍ യു" തട്ടിപ്പിലെ പ്രധാന കഥാപാത്രങ്ങളായ ചന്ദ്രമതി ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ളവരായിരുന്നു. ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരിയായ അവര്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോഡംഗമായിരുന്നു. സോളാര്‍ തട്ടിപ്പിലെ ശാലുമേനോനും സെന്‍സര്‍ ബോര്‍ഡംഗ മാണല്ലോ.

ചന്ദ്രമതിയും ഡോ. രജ നിയും ശബരിനാഥ് എന്ന 24 വയസ്സുകാരനെ മുന്നില്‍ നിര്‍ത്തി നടത്തിയ വലിയ തട്ടിപ്പായിരുന്നു ""ടോട്ടല്‍ ഫോര്‍ യു"". ഉമ്മന്‍ചാണ്ടി ക്രിമിനല്‍ മൂലധ നത്തിന്റെ എക്കാലത്തെയും താല്‍പര്യസംരക്ഷകനായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയചരിത്രം ആരംഭിക്കുന്നത് കുപ്രസിദ്ധമായ വിമോചന സമരത്തില്‍ നിന്നാണ്. അമേരിക്കന്‍ ഡോളറുകള്‍ ഒഴുകി തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള വിമോചനസമരത്തിന്റെ അഴുക്കുചാലുകളില്‍ ജന്മമെടുത്ത രാഷ്ട്രീയ കൂത്താടികളാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരുമെല്ലാം. ദേശീയപ്രസ്ഥാന ത്തിന്റെ മഹാമൂല്യങ്ങളെ വിസ്മരിച്ചുകളഞ്ഞ കോണ്‍ഗ്രസിന്റെ ജീര്‍ണ സംസ്കാരത്തിന്റെ പ്രതിനിധികളാണ് ഇക്കൂട്ടര്‍. അതുകൊണ്ടാണ് ഇവര്‍ക്ക് ജനകീയ സമരങ്ങളെ സൈനിക ബലം കൊണ്ട് തകര്‍ത്തുകളയാമെന്ന് ചിന്തിക്കുവാന്‍ കഴിയുന്നത്.

ഇവര്‍ ബുഷിന്റെ ഭാഷയിലും ഭാവത്തിലും മത്സരത്തെ നേരിടുവാന്‍ മുതിരുന്നത്. അഴിമതിക്കാരായ ഇത്തരം ക്രിമിനല്‍ ഭരണാധികാരികള്‍ അറിയേണ്ടത് ചരിത്രത്തില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ആര്‍ക്കും തടുത്തുനിര്‍ത്താനാവില്ലെന്ന ചരിത്രസത്യമാണ്. കൊടുങ്കാറ്റിനെയും ഭൂകമ്പങ്ങളെയും നീതിക്കു വേണ്ടിയുള്ള ജനകീയ സമര ങ്ങളെയും ചരിത്രത്തില്‍ ഇന്നേവരെ ആര്‍ക്കും തടുത്തുനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ല. ചരിത്രത്തിന്റെ മഹാപാഠങ്ങളെ തിരസ്കരിച്ച് സൈനികശക്തികൊണ്ടും കാക്കിപ്പടയുടെ സുരക്ഷാവലയംകൊണ്ട് ജനകീയ സമരങ്ങ ളെ അടിച്ചമര്‍ത്തിക്കളയാമെന്ന് കരുതിയ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ഉപരോധസമരത്തിലണിനിരന്ന പ്രക്ഷോഭകര്‍ നല്‍കിയ താക്കീത് മുഴുവന്‍ കേരളത്തിന്റെയും ആത്മബോധത്തെയാണ് പ്രകടിപ്പിച്ചത്.

ചരിത്ര ത്തിന്റെ ഭാഗമായ ഉപരോധസമരം പൊലീസ് അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമെ ജുഡീഷ്യല്‍ അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനാവൂവെന്ന് വാശിപിടിച്ച മുഖ്യമന്ത്രിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിലേക്ക് എത്തിച്ചു. ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന ഒരു മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ എന്ത് ധാര്‍മികാവകാശം എന്ന ചോദ്യം ഉയര്‍ത്തിയാണ് ഉപരോധസമരം ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രക്ഷോഭം തുടരുമെന്ന പ്രഖ്യാപനത്തോടെ. ഒരു ലക്ഷത്തോളം പേര്‍ അണിനിരന്ന രാപ്പകല്‍ ഉപരോധസമരം സാര്‍വദേശീയ തലത്തില്‍ സ്വേച്ഛാധിപതികളും അഴിമതിക്കാരുമായ ഭരണാധികാരികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ബഹുജനമുന്നേറ്റങ്ങളുടെ ഭാഗവും അതിന്റെ സാരഗര്‍ഭമായ ഉള്ളടക്കത്തെ സ്വയം പ്രകാശിപ്പിച്ചതുമായിരുന്നു.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

അമേരിക്കയുടെ സാഹസം

ആഗസ്ത് 25ലെ ""ഇന്‍ഡിപ്പെന്‍ഡന്റ്"" ദിനപത്രം ""രണ്ടാഴ്ചയ്ക്കുള്ളില്‍ സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ ഏകപക്ഷീയമായ സൈനികനടപടിയെടുക്കാന്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്ട്രങ്ങള്‍ തീരുമാനിച്ചിരിക്കുക""യാണെന്ന് റിപ്പോര്‍ട്ടുചെയ്തു. അമേരിക്ക പരസ്യമായി യുദ്ധഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. നാല് പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ സിറിയക്കടുത്തേക്ക് നീങ്ങി; ക്രൂയിസ് മിസൈലുകളുള്ള പടക്കപ്പലുകള്‍. ബഹ്റൈനിലാണ് അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയുടെ താവളം.

ബ്രിട്ടനാകട്ടെ, പോര്‍വിമാനങ്ങളും സൈനിക ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും സിറിയയില്‍നിന്ന്് 150 കിലോമീറ്റര്‍മാത്രം ദൂരമുള്ള സൈപ്രസിലെ അക്രോട്ടിറി വ്യോമസേനാതാവളത്തില്‍ എത്തിച്ചു. സിറിയക്കെതിരെ സൈനികനടപടിക്കുള്ള തയ്യാറെടുപ്പ് അമേരിക്ക നേരത്തെതന്നെ തുടങ്ങിയിരുന്നു. ഇടപെടലിന് ഒരു ന്യായമുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് ഉണ്ടായെന്നാണ് അമേരിക്കയുടെ അവകാശവാദം. ഡമാസ്കസിനു സമീപം സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നാണ് ആരോപണം. സിറിയയിലെ വിമതസായുധസംഘങ്ങളും പാശ്ചാത്യരാഷ്ട്രങ്ങളുമാണ് ഈ ആരോപണം ഉന്നയിക്കുന്നത്.

അസദ് ഭരണകൂടം ഈ ആരോപണത്തെ നിഷേധിക്കുന്നു. രാസായുധപ്രയോഗം നടത്തിയത് വിമതരുടെ സായുധ വിഭാഗമാണെന്ന് അസദ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചുവെന്നത് യുക്തിക്കു തിരക്കുന്നതല്ല. അമേരിക്കയുടെ സൈനിക ഇടപെടലിനെ ക്ഷണിച്ചുവരുത്തുകയായിരിക്കും അതെന്ന് സിറിയന്‍ ഭരണകൂടത്തിനറിയാം. മാത്രമല്ല, കഴിഞ്ഞ രണ്ടു മാസങ്ങളില്‍ വിമതരുടെ ശക്തികേന്ദ്രങ്ങളില്‍ പലതും പിടിച്ചെടുക്കാന്‍ സിറിയന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുമുണ്ട്. വിമതരാണ് രാസായുധം പ്രയോഗിച്ചതെന്ന് റഷ്യയും മറ്റും അനുമാനിക്കുന്നതിന്റെ കാരണങ്ങളും ഇവതന്നെയാണ്. യുഎന്‍ വിദഗ്ധര്‍ക്ക് ഡമാസ്കസിനു സമീപം, രാസായുധ പ്രയോഗം നടത്തിയെന്നു പറയപ്പെടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തെളിവെടുക്കാനുള്ള അനുമതിയും സൗകര്യങ്ങളും സിറിയന്‍ ഭരണകൂടം നല്‍കി. യുഎന്‍ വിദഗ്ധസംഘം തെളിവെടുപ്പ് തുടങ്ങുന്നതിനുമുമ്പുതന്നെ, രാസായുധപ്രയോഗം നടത്തിയത് സിറിയന്‍ സൈന്യമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷകേന്ദ്രങ്ങളില്‍ രാസായുധപ്രയോഗം നടത്തിയെന്നത് "അനിഷേധ്യമാണെ"ന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രസ്താവിച്ചു. എന്താണ് തെളിവ് എന്ന ചോദ്യത്തിന് മറുപടിയില്ലെന്നുമാത്രം. "യുഎന്‍ വിദഗ്ധര്‍ ശേഖരിക്കുന്ന തെളിവ് പ്രാധാന്യമര്‍ഹിക്കുന്നു. പക്ഷേ, അതിന്റെ ആവശ്യമില്ല"-കെറി വിശദീകരിച്ചു. യുഎന്‍ വിദഗ്ധ സംഘത്തിന്റെ നിഗമനങ്ങള്‍ അമേരിക്കയുടെ നിലപാടിന് അനുകൂലമല്ലെങ്കില്‍ അവയെ അംഗീകരിക്കുകയില്ലെന്ന വ്യക്തമായ സൂചനയും ഇതിലുണ്ട്.

സിറിയക്കെതിരെ സൈനികനടപടിയെടുക്കുന്നതിന് യുഎന്‍ രക്ഷാസമിതി അധികാരമോ, അംഗീകാരമോ നല്‍കുകയില്ലെന്ന് അമേരിക്കയ്ക്ക് അറിയാം. അത്തരം ഒരു പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോചെയ്യും. യുഎന്‍ അനുമതിക്കുപകരം വിപുലവും ശക്തവുമായ ഒരു സൈനികകൂട്ടുകെട്ടുണ്ടാക്കാനാണ് അമേരിക്കയുടെ തീരുമാനം. ""സമ്മതമുള്ളവരുടെ കൂട്ടുകെട്ടാ (ഇീമഹശശേീി ീള വേല ംശഹഹശിഴ)യിരിക്കും അത്. ഈ പദപ്രയോഗത്തിലൂടെ ഒരു പുതിയ സൈനികസിദ്ധാന്തം അവതരിപ്പിച്ചത്, ഇറാഖ് യുദ്ധവേളയില്‍, അന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡൊണാള്‍ഡ് റംസ്ഫീല്‍ഡാണ്. അദ്ദേഹം ഒരു കാര്യം വ്യക്തമാക്കി; കൂട്ടുകെട്ടല്ല അജന്‍ഡ തീരുമാനിക്കുന്നത്; അമേരിക്ക തീരുമാനിക്കുന്ന അജന്‍ഡയ്ക്ക് സമ്മതം നല്‍കുന്നവരുടേതാണ് കൂട്ടുകെട്ട്. ഇതിനകം അത്തരം ഒരു സഖ്യം രൂപമെടുത്തുകഴിഞ്ഞു. അമേരിക്കയോടൊപ്പം ബ്രിട്ടനും ഫ്രാന്‍സും തുര്‍ക്കിയും ജര്‍മനിയും ഇറ്റലിയും കനഡയും ജോര്‍ദാനും സൗദിഅറേബ്യയും ഖത്തറും ഉണ്ടാകും (എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റ് സിറിയ ആക്രമണത്തിനെതിരെ വോട്ട്ചെയ്തിട്ടുണ്ട്). ഈ രാഷ്ട്രങ്ങളുടെ ഉന്നതസൈനിക ഉദ്യോഗസ്ഥന്മാര്‍ കഴിഞ്ഞ ദിവസം ഒത്തുകൂടി. കൂടുതല്‍ വിപുലമായ സഖ്യത്തിനാണ് ശ്രമം. ഇസ്രയേല്‍ പ്രത്യക്ഷമായി രംഗത്തുവരികയില്ലെങ്കിലും, സൈനിക ഇടപെടലിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരു രാജ്യം ഇസ്രയേലാണ്.

ലിബിയക്കെതിരെയുള്ള യുദ്ധത്തില്‍ നാറ്റോ സഖ്യത്തെ അമേരിക്ക പിന്നില്‍നിന്നാണ് നയിച്ചിരുന്നതെങ്കില്‍, ഇത്തവണ മുന്നില്‍തന്നെയാണ്. ഒരു "പരിമിത" യുദ്ധത്തിനുമാത്രമാണ് അമേരിക്ക തയ്യാറെടുക്കുന്നതെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ടോ മൂന്നോ ദിവസങ്ങള്‍, പടക്കപ്പലുകളില്‍നിന്ന് ക്രൂയിസ് മിസൈലുകള്‍കൊണ്ട് സിറിയയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാനാണ് പരിപാടി. പക്ഷേ, ചോദ്യങ്ങള്‍ പലതുണ്ട്. ഒരു "പരിമിത" യുദ്ധത്തിന് ഇത്ര വിപുലമായ ഒരു സൈനിക സഖ്യത്തിന്റെ ആവശ്യമെന്താണ്? സിറിയക്കെതിരെ ആക്രമണം ഉണ്ടായാല്‍ ഇപ്പോള്‍ത്തന്നെ സ്ഫോടനാത്മകമായ പശ്ചിമേഷ്യയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ "പരിമിത" മായിരിക്കുകയില്ല. ഇറാനിലും ഇസ്രയേലിലും ലെബനനിലുമൊക്കെ വിഭിന്നരൂപങ്ങളിലുള്ള പ്രതികരണങ്ങളുണ്ടാകും. ഇവയെ ഒക്കെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്കു കഴിയുകയില്ല. ഈജിപ്തിലെ സംഭവവികാസങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്ത അമേരിക്ക സിറിയയില്‍ ഒരു സാഹസത്തിനു മുതിരുകയാണ്.

ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം സിറിയക്കെതിരെയുള്ള സൈനികനടപടി ഇറാനെതിരെയുള്ള നടപടിയുടെ തുടക്കമാണ്. തെഹ്റാനിലേക്കുള്ള സൈനികപാത ഡമാസ്കസിലൂടെയാണെന്ന് ഇസ്രയേല്‍ വിശ്വസിക്കുന്നു. അമേരിക്കയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് മാര്‍ട്ടിന്‍ ഡെംപ്സി യുദ്ധത്തിനെതിരെ മുന്നറിയിപ്പ് നല്‍കി. അദ്ദേഹമാണ് ഒബാമയുടെ മുഖ്യസൈനിക ഉപദേഷ്ടാവ്. സിറിയയിലേത് സങ്കീര്‍ണമായ ഒരു സ്ഥിതി വിശേഷമാണെന്നും അവിടെ വിവിധ കക്ഷികള്‍ വിഭിന്ന താല്‍പ്പര്യങ്ങള്‍ക്കായി യുദ്ധം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

""നാം പിന്തുണയ്ക്കുന്ന കക്ഷികള്‍, തുലനസ്ഥിതി അവര്‍ക്ക് അനുകൂലമാകുമ്പോള്‍ സിറിയയിലെ ജനങ്ങളുടെയും, നമ്മുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവരായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് അവര്‍ക്ക് അതിനുള്ള കഴിവില്ല."" ഡെംപ്സിയുടെ പരാമര്‍ശം സിറിയയിലെ വിമതസംഘങ്ങളെപ്പറ്റിയാണ്. അസദിനു പകരം ആര് എന്ന ചോദ്യത്തിന് അമേരിക്കയ്ക്ക് ഉത്തരമില്ല. ബദലായി ഒരു പ്രവാസി ഗവണ്‍മെന്റില്ല. അറബ്വസന്തത്തില്‍ അസദിനെതിരെ പ്രക്ഷോഭം നടത്തിയ ജനാധിപത്യവാദികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അസദ് ഗവണ്‍മെന്റിനെതിരെയുള്ള സായുധസമരത്തിന്റെ നേതൃത്വം അല്‍ ഖായ്ദ ബന്ധമുള്ള സംഘങ്ങളുടെയും ഇസ്ലാമികഭീകരരുടെയും കരങ്ങളിലാണ്. പ്രത്യേക താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഇവര്‍ പരസ്പരം മത്സരിക്കുന്നു. ഇവരെയാണ് ""ജനാധിപത്യശക്തികള്‍"" എന്ന് അമേരിക്ക വിശേഷിപ്പിക്കുന്നത്. സൈനിക ഇടപെടല്‍ സിറിയയിലെ ആഭ്യന്തരയുദ്ധത്തെ കൂടുതല്‍ രൂക്ഷമാക്കും. യുദ്ധം സമാധാനത്തിലേക്കു നയിക്കുകയില്ല.

സിറിയയിലെ പ്രശ്നങ്ങള്‍ക്ക് സൈനിക പരിഹാരമില്ല. സമാധാനപരമായ പരിഹാരത്തിന് നയതന്ത്രപ്രവര്‍ത്തനവും കൂടിയാലോചനകളുമാണ് ആവശ്യം. നേരത്തെ യുഎന്‍ നടത്തിയ സമാധാനശ്രമങ്ങളെ പരാജയപ്പെടുത്തിയത് അമേരിക്കയും സൗദിഅറേബ്യയുമാണ്. സിറിയയെപ്പറ്റിയുള്ള ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് തയ്യാറാകാനായി അമേരിക്കയുടെയും റഷ്യയുടെയും നയതന്ത്രവിദ്ഗധര്‍ ആഗസ്ത് 28ന് ഹേഗില്‍ യോഗം ചേരാനിരുന്നതാണ്. അവസാനനിമിഷം അമേരിക്ക ഏകപക്ഷീയമായി അത് മാറ്റിവയ്ക്കുകയാണുണ്ടായത്. അമേരിക്ക നല്‍കുന്ന സന്ദേശം നയതന്ത്രമല്ല ആവശ്യം യുദ്ധമാണെന്നത്രേ. യുദ്ധം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അത് ഒഴിവാക്കണമെന്നും വ്യക്തമായ പരസ്യനിലപാടെടുക്കാന്‍ ഇന്ത്യ തയ്യാറാകുമോ? യുദ്ധമുണ്ടായാല്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ഇന്ത്യ തയ്യാറാകുമോ? ഇറാഖ് യുദ്ധകാലത്ത് "മധ്യമാര്‍ഗ"ത്തിലൂടെ അമേരിക്കയുടെ യുദ്ധപാളയത്തിലെത്തിയ ഇന്ത്യ ഇപ്പോള്‍ എവിടെയാണെന്നതിനെ ആശ്രയിച്ചിരിക്കും ഈ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍.

*
നൈനാന്‍ കോശി

വാലുനിവര്‍ക്കാത്ത മന്‍മോഹനിസം

സമ്പദ്വ്യവസ്ഥ തകര്‍ന്നടിയുമ്പോള്‍ മൗനംപാലിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരിക്കുന്നു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് എന്തെങ്കിലും ആശ്വാസം അദ്ദേഹത്തിന്റെ വാക്കുകളില്‍ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. രൂപയെ പതനത്തില്‍നിന്ന് രക്ഷിക്കാന്‍ മൂലധന ഒഴുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പ്രശ്നമേയില്ലെന്ന് പ്രധാനമന്ത്രി അസന്നിഗ്ധമായി പറഞ്ഞു. പരിഷ്കരണ നടപടികളില്‍നിന്ന് പിന്നോട്ടില്ല. ചില "ഹ്രസ്വകാല ഷോക്കുകള്‍" നേരിടാന്‍ രാജ്യം തയ്യാറെടുക്കണം. സബ്സിഡി പടിപടിയായി ഇല്ലാതാക്കും. അതായത് ജനം മുണ്ടുമുറുക്കി ഉടുക്കണം. മന്‍മോഹനോമിക്സിന്റെ വാലുനിവര്‍ത്താന്‍ ആരു വിചാരിച്ചാലും കഴിയില്ല എന്നുതന്നെ. 1991ല്‍ മന്‍മോഹന്‍സിങ് ഉദാരവല്‍ക്കരണം തുടങ്ങിവയ്ക്കുമ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. "91ലെ അവസ്ഥയിലേക്ക് സമ്പദ്രംഗം വീണ്ടും കൂപ്പുകുത്തിയപ്പോള്‍ അത് അടുത്തഘട്ടം ജനവിരുദ്ധനടപടികള്‍ക്കുള്ള വേദിയായി കാണുകയാണ് മന്‍മോഹന്‍സിങ്.

"91 ലും നാണയക്കമ്പോളത്തിലെ പ്രതിസന്ധിയായാണ് സാമ്പത്തിക തകര്‍ച്ച പ്രത്യക്ഷപ്പെട്ടത്. അന്ന് വിദേശനാണയശേഖരം മൂന്നാഴ്ചത്തെ ഇറക്കുമതിക്കുള്ളത്രയും മാത്രമായി ഇടിഞ്ഞപ്പോള്‍ സ്വര്‍ണശേഖരം പണയംവച്ച് ഐഎംഎഫില്‍നിന്ന് കടമെടുക്കേണ്ടിവന്നു. സോവിയറ്റ്യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ക്ഷേമരാഷ്ട്ര സമ്പദ്വ്യവസ്ഥയില്‍നിന്ന് മുതലാളിത്തം പൂര്‍ണമായും പിന്മാറിയതോടെയാണ് നാണയക്കമ്പോളം സജീവമായത്. നാണയം എന്ന വിനിമയമാധ്യമംതന്നെ ചരക്കായി മാറുന്ന പ്രവണത അതിനുംമുമ്പേ തുടങ്ങിയിരുന്നു. എന്നാല്‍, നാണയംമാത്രംവച്ചുള്ള കമ്പോളം മറ്റെല്ലാ കമ്പോളങ്ങളെയും കീഴടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.

റീഗണോമിക്സ്, താച്ചറിസം തുടങ്ങിയവയില്‍നിന്ന് ഇന്ത്യയില്‍ മന്‍മോഹനോമിക്സ് രൂപാന്തരപ്പെടുന്നതും അപ്പോള്‍തന്നെ. അതിനുമുമ്പ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ആനയോടായിരുന്നു ഉപമ. എന്നാല്‍ ആന പോരാ, കടുവ വേണം (ടൈഗര്‍ ഇക്കോണമി) എന്ന് ഉദാരവല്‍ക്കരണക്കാര്‍ പറഞ്ഞുകൊണ്ടേയിരുന്നു. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങള്‍ ടൈഗര്‍ ഇക്കോണമിയിലേക്ക് പാഞ്ഞടുത്തു. ബലൂണ്‍ വീര്‍ക്കുംപോലെ അവിടങ്ങളിലെ സമ്പദ്രംഗം ഉയര്‍ന്നുപൊങ്ങി പൊട്ടിത്തകര്‍ന്നു. മെക്സിക്കോ തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇതേ അവസ്ഥയുണ്ടായി. അവിടത്തെ നാണയങ്ങള്‍ക്ക് കടലാസുവില മാത്രമായ കാലമുണ്ടായി. ഉല്‍പ്പാദനമേഖലയിലല്ലാതെ വെറും നാണയക്കമ്പോളത്തില്‍ അമേരിക്കന്‍ ഡോളര്‍ കുന്നുകൂടിയ പശ്ചാത്തലം 96-98 കാലത്തെ "കടുവ പുല്ലുതിന്ന" ഗതികേടിനുണ്ടായിരുന്നു. ഇതേക്കുറിച്ച് അമേരിക്കന്‍ നാണയ ചൂതാട്ടക്കാരനായ ജോര്‍ജ് സോറോസ് പിന്നീട് കുമ്പസരിച്ചു. നാണയക്കമ്പോളത്തില്‍ താന്‍ മനഃപൂര്‍വം നടത്തിയ ചൂതാട്ടവും കള്ളക്കളികളും ഈ തകര്‍ച്ചയ്ക്കുപിന്നിലുണ്ടായിരുന്നുവെന്നായിരുന്നു സോറോസിന്റെ കുമ്പസാരം. അന്ന് ഇന്ത്യന്‍ രൂപയ്ക്ക് ഈ അവസ്ഥ നേരിട്ടിരുന്നില്ല. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രതിരോധശേഷിയായിരുന്നു അതിന് കാരണം. "മന്‍മോഹനോമിക്സ്" ആരംഭിച്ച് രണ്ടേകാല്‍ പതിറ്റാണ്ടില്‍ എത്തിനില്‍ക്കുന്നു. ഇപ്പോള്‍, രൂപ രക്ഷക്കായി നിലവിളിക്കുമ്പോള്‍ അന്നത്തെ ധനമന്ത്രി, ഇന്നത്തെ പ്രധാനമന്ത്രി നിസ്സഹായാവസ്ഥയിലാണ്. എന്താണ് ഈ നിസ്സഹായാവസ്ഥയ്ക്ക് കാരണം?

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ വിദേശനാണയശേഖരം കുന്നുകൂടുകയായിരുന്നു. എന്നാല്‍, ഇതില്‍ ഏറിയപങ്കും ഊഹക്കച്ചവടത്തിലായിരുന്നു; ഓഹരി വിപണിയിലായിരുന്നു; നാണയക്കമ്പോളത്തിലായിരുന്നു. ഉല്‍പ്പാദനക്ഷമമല്ലാത്ത ഈ കുന്നുകൂടല്‍ ആപല്‍ക്കരമാണെന്ന് ഇടതുപക്ഷം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍, അത് ചെവിക്കൊള്ളാന്‍ ആഗോള ഭീമന്മാരായി വളരുകയായിരുന്ന ഇന്ത്യന്‍ കോര്‍പറേറ്റുകളും അവരുടെ സര്‍ക്കാരും തയ്യാറായില്ല. ധനമൂലധനം കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. മന്‍മോഹന്‍സിങ്ങും ചിദംബരവും റിസര്‍വ് ബാങ്കും പറഞ്ഞാല്‍ പറയുന്നേടത്ത് നില്‍ക്കാന്‍ അതിന് ആവുമായിരുന്നില്ല. സര്‍വ മേഖലയിലും ശതകോടികളുടെ അഴിമതി കാട്ടി അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ രോമകൂപങ്ങളില്‍ കുത്തിയിറങ്ങി. ഭരണാധികാരികള്‍ ഇതിന്റെ ഗുണഭോക്താക്കളും ദല്ലാളന്മാരുമായി. സ്പെക്ട്രം, കല്‍ക്കരി തുടങ്ങി സ്വതന്ത്ര ഇന്ത്യ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഹിമാലയന്‍ അഴിമതികള്‍ക്ക് കഞ്ഞിവയ്ക്കുന്നവനായി മന്‍മോഹന്‍സിങ് മാറി. അതേസമയം സാമ്പത്തിക വളര്‍ച്ച പടിപടിയായി കുറഞ്ഞുവന്നു. കഴിഞ്ഞവര്‍ഷത്തെ 5.4 എന്ന വളര്‍ച്ചാനിരക്കില്‍നിന്ന് ഇപ്പോള്‍ 4.4ല്‍ എത്തിനില്‍ക്കുകയാണ്. കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളില്‍ ഒരുപോലെ തളര്‍ച്ച. രൂപ ചക്രശ്വാസം വലിക്കുമ്പോള്‍ സാമ്പത്തിക വിദഗ്ധരുടെയെല്ലാം വിശകലനങ്ങളില്‍ രണ്ട് ധാരകളുണ്ട്. സമ്പദ്വ്യവസ്ഥ കൂടുതല്‍ തുറന്നുകൊടുത്താലേ രക്ഷയുള്ളൂ എന്നതാണ് ഒരു ധാര. പുര കത്തുമ്പോള്‍ ബീഡി കത്തിക്കുന്ന ഈ വാദം സാമ്രാജ്യത്വത്തിന്റെ ഭാഗമായ ആഗോളഭീമന്മാരായ ചില ഇന്ത്യന്‍ ബിസിനസ് ഹൗസുകളുടേതുകൂടിയാണ്. അവര്‍ക്ക് നിലനില്‍ക്കാന്‍ ഇന്ത്യ എന്ന ഒരു രാജ്യംതന്നെ ആവശ്യമില്ല. ആഗോളഗ്രാമത്തിലെ കങ്കാണിമാരായെന്ന ഭാവമാണവര്‍ക്ക്. മന്‍മോഹന്‍സിങ് ഇവരോടൊപ്പമാണെന്ന് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, രത്തന്‍ ടാറ്റയെപ്പോലുള്ള വിവേകികളായ ഭരണവര്‍ഗനേതാക്കള്‍ പുത്തന്‍ കൂറ്റുകാരെ ശപിക്കുന്നുണ്ട്. സ്വാര്‍ഥതമാത്രം കൈമുതലുള്ള ചില ബിസിനസ് ഹൗസുകളും അവര്‍ക്ക് വിടുപണി ചെയ്യുന്ന ഭരണനേതൃത്വവുമാണ് ഈ നിസ്സഹായാവസ്ഥയ്ക്ക് കാരണമെന്ന് രത്തന്‍ടാറ്റ കഴിഞ്ഞദിവസം തുറന്നുപറഞ്ഞത് മന്‍മോഹന്‍ സിങ്ങിനെയും ചിദംബരത്തെയും മറ്റും ഉദ്ദേശിച്ചുതന്നെയാവാം. സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു ധനമന്ത്രി ചിദംബരത്തെ കടുത്തഭാഷയില്‍ അപഹസിച്ചതും കൂട്ടിവായിക്കുമ്പോള്‍ ഭരണവര്‍ഗത്തിലെ ഭിന്നത വ്യക്തമാണ്.

സാമ്പത്തിക വിശകലനങ്ങളിലെ രണ്ടാമത്തെ ധാര ഏറെക്കുറെ ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പുകള്‍ പങ്കുവയ്ക്കുന്നുണ്ട്. അതില്‍ സുപ്രധാനമായ ഒരു വിശകലനമുണ്ട്. "96ല്‍ കടുവകളെ പുല്ലുതീറ്റിച്ചത് ജോര്‍ജ് സോറോസിനെപ്പോലുള്ള നാണയക്കമ്പോളത്തിലെ ദല്ലാള്‍മാരായിരുന്നെങ്കില്‍ ഇന്ന് ഈ കള്ളക്കളി നടത്തിപ്പില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ (യുഎസ്) ധനമേലാളിയായ "ഫെഡറല്‍ റിസര്‍വ്" തന്നെയാണെന്നതാണ് ആ വെളിപ്പെടുത്തല്‍. 2007ല്‍ അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങിയപ്പോള്‍ അവരുടെ ബാലന്‍സ് ഷീറ്റില്‍ 89000 കോടി ഡോളര്‍മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഇത് ഒളിച്ചുവയ്ക്കാന്‍ അവര്‍ ഇക്കാലയളവില്‍ മൂന്നു ലക്ഷം കോടി ഡോളര്‍ ചുമ്മാ അടിച്ചിറക്കി. ഈ വെറും കടലാസാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഓഹരിവിപണികളില്‍ വന്നടിഞ്ഞത്. മാന്ദ്യം പതുക്കെ നീങ്ങിയപ്പോള്‍ അവര്‍ നാണയക്കമ്പോളങ്ങളില്‍നിന്ന് ഈ കടലാസ് ഒറ്റയടിക്ക് പിന്‍വലിക്കുകയാണുപോലും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഈ ചതിയില്‍നിന്ന് രക്ഷവേണമെങ്കില്‍ തൊഴിലാളിവര്‍ഗം ഉണര്‍ന്നെണീറ്റേ തീരൂ.

*
ദേശാഭിമാനി മുഖപ്രസംഗം

അബോധാവസ്ഥയില്‍ രൂപ

Picture Courtesy: Sify
വായനശാലാ മുറ്റത്തെ പതിവുചര്‍ച്ച. ""അല്ല, സാറേ ഈ രൂപക്കെന്താ പറ്റിയേ? മൂക്കുകുത്തി, തകര്‍ന്നടിഞ്ഞു, നിലംപൊത്തി, തിരിച്ചുവന്നു എന്നൊക്കെ കാണുന്നുണ്ടല്ലോ..."" മറുപടി: ""...രൂപ വീണ് വീണ് അബോധാവസ്ഥയിലാണെന്നു പറയാം. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മഹാവ്യാധിയാണ്. പടര്‍ന്നുപിടിക്കുന്ന വൈറസ് പുറത്തുനിന്നെത്തിയതാണ്. ലേപനം പുരട്ടിയിട്ടോ ഒറ്റമരുന്ന് നല്‍കിയിട്ടോ കാര്യമില്ല. രോഗം വരുത്തിവച്ചത് ചികിത്സകര്‍തന്നെയാണ്. ഇടയ്ക്കിടെ രോഗം മൂര്‍ച്ഛിക്കും. തല്‍ക്കാലം അടങ്ങിയാലും വീണ്ടുംവരും. ചികിത്സയില്‍ മാറ്റം വേണം, മരുന്ന് മാറണം, ചികിത്സിക്കുന്നവര്‍തന്നെ മാറണം."" കേള്‍വിക്കാര്‍ തലകുലുക്കി സമ്മതിച്ചു. രൂപ തകരുകയാണ്; അതിനു കാരണം ഭരിക്കുന്നവരുടെ നയങ്ങളാണ് എന്ന് എല്ലാവര്‍ക്കും അറിയാം.

രൂപയുടെ വിലയിടിഞ്ഞതെങ്ങനെ, എന്തുകൊണ്ട്, ആരാണ് അതിനുപിന്നില്‍, എന്നുമുതല്‍ തുടങ്ങി, പണക്കമ്പോളത്തില്‍ നടക്കുന്നതെന്ത്, വിലയിടിഞ്ഞാല്‍ എന്തു പ്രത്യാഘാതം, പരിഹാരമൊന്നുമില്ലേ- ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വേണ്ടതുണ്ട്.

1991ല്‍ രൂപയുടെ വില ഇടിച്ചുകൊണ്ടാണ് സാമ്പത്തിക പരിഷ്കാരത്തിന് തുടക്കം. 1993 മുതല്‍ രൂപയുടെ വിനിമയനിരക്ക് നിശ്ചയിക്കുന്ന ജോലി കമ്പോളത്തിന് വിട്ടുകൊടുത്തു. "93 ല്‍ രൂപയുടെ വിനിമയമൂല്യം 31 രൂപ 37 പൈസ. അതായത് ഒരു ഡോളറിന്റെ അന്നത്തെ വില 31.37 രൂപ. ഇപ്പോള്‍ ഡോളറൊന്നിന് 68 രൂപ കടന്നു. 91നുശേഷം ഏതാണ്ട് 200 ശതമാനത്തിലേറെ തകര്‍ച്ച. ഈ രണ്ടുപതിറ്റാണ്ടിനിടെ തകര്‍ച്ച എത്രയോ വട്ടം ആവര്‍ത്തിച്ചു. ഈ ആഗസ്ത് 27ന് ഒറ്റദിനംമാത്രം 194 പൈസയുടെ പിന്നോട്ടടി. ആഗസ്ത് 28ന് ആകട്ടെ വീണ്ടും 246 പൈസകൂടി ഇടിഞ്ഞ് 68.80ല്‍ എത്തി; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. ഡോളറുമായുള്ള വിനിമയത്തില്‍ ഇത്രയേറെ തകര്‍ന്നത് ഇന്ത്യന്‍ കറന്‍സിമാത്രം. രണ്ടുവര്‍ഷം മുമ്പ് ഡോളര്‍ വില 44 രൂപയായിരുന്നു. നടപ്പു ധനവര്‍ഷത്തില്‍ ഇതുവരെ 18 ശതമാനം തകര്‍ച്ച. ഇതേസമയം ഓഹരിവിപണിയിലും തകര്‍ച്ച. ആഗസ്തില്‍ മൂന്നു ദിവസംകൊണ്ടുമാത്രം മുംബൈ ഓഹരി സൂചിക സെന്‍സെക്സ് 1400 പോയിന്റ് പിന്നോട്ടടിച്ചു.

1991 മുതല്‍ വിദേശമൂലധനത്തിനായി ഇന്ത്യയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടതോടെയാണ് രൂപയുടെ ഈ രീതിയിലുള്ള വിലയിടിവ് തുടങ്ങുന്നത്. "91 മുതല്‍ ഇന്ത്യന്‍ ആസ്തികളില്‍ വിദേശ ഉടമസ്ഥാവകാശം കൈവരുന്നു. ഇന്ത്യന്‍ നയങ്ങളില്‍ വിദേശസ്വാധീനവും ശക്തമായി. ഡോളറിന്റെ വരവും പോക്കും ശക്തമാകുന്നതും ഇക്കാലയളവോടെയാണ്. സാമ്രാജ്യത്വ ഘട്ടത്തിലെ മുതലാളിത്തമാകട്ടെ നില്‍ക്കക്കള്ളിയില്ലാതെ പ്രതിസന്ധിയെ നേരിടുന്നു. എങ്ങനെയും കരപറ്റാനുള്ള നീക്കങ്ങള്‍ വീണ്ടും പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ലോകമുതലാളിത്തത്തിന്റെ ആസ്ഥാനമായ അമേരിക്കയില്‍ തകര്‍ച്ച പലവട്ടം കണ്ടുകഴിഞ്ഞു. ലാഭക്കൊതി മൂത്ത ധനമൂലധനം ആര്‍ത്തിപിടിച്ച് പരക്കംപായുന്നു.

അവര്‍ക്ക് പിടിച്ചുനില്‍ക്കാനും ലാഭംകൊയ്യാനും ഇന്ത്യയടക്കമുള്ള സമ്പദ്വ്യവസ്ഥകളില്‍ കടന്നുകയറണം. ഇവരുടെ കടന്നുവരവിന് വഴിയൊരുക്കണമെങ്കില്‍ ഇന്ത്യയില്‍ അടിക്കടി തകര്‍ച്ചയും പ്രതിസന്ധിയും അനിവാര്യമാണ്. പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടണം. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഐഎംഎഫ്, ലോകബാങ്ക് എന്നിവ നടത്തിവരുന്ന സമ്മര്‍ദവും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ തുടര്‍ച്ചയായി നടത്തുന്ന സമ്പദ്വ്യവസ്ഥയുടെ ആരോഗ്യപ്രവചനവും ഇതോടൊപ്പം വായിക്കണം. അടിക്കടി തകര്‍ച്ചകള്‍ ഉണ്ടാകുന്നു, അഥവാ സൃഷ്ടിക്കപ്പെടുന്നു, പരിഹാരം വിദേശനിക്ഷേപത്തിന്റെ (ഡോളറിന്റെ) വരവുമാത്രമെന്ന് ഭരണാധികാരികള്‍തന്നെ പ്രഖ്യാപിക്കുന്നു. രൂപയുടെ തകര്‍ച്ചയെ ഇതില്‍നിന്ന് വേര്‍പെടുത്തി കാണാനാവില്ല. 2012 ഏപ്രില്‍. ഓര്‍ക്കുന്നില്ലേ ആ കോലാഹലങ്ങള്‍. മന്‍മോഹന്‍സിങ്ങിനെ പഴിച്ചും വിമര്‍ശിച്ചും നാണംകെടുത്തിയുമെല്ലാം അരങ്ങേറിയ കോലാഹലങ്ങള്‍. ആദ്യവെടി പൊട്ടിച്ച് രംഗത്തിറങ്ങിയത് പാശ്ചാത്യ "വൈദ്യക്കൂട്ടങ്ങള്‍". സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍, ഫിച്ച്, മൂഡീസ്.. റേറ്റിങ് ഏജന്‍സികള്‍ എന്നൊക്കെ പറയും. (2008-ല്‍ വാള്‍സ്ട്രീറ്റ് തകര്‍ച്ചയ്ക്ക് തുടക്കമിട്ട് ലീമാന്‍ ബ്രദേഴ്സും ഇന്‍ഷുറന്‍സ് ഭീമനായ എഐജിയും എട്ടുനിലയില്‍ പൊട്ടിത്തകരുന്നതിന് തൊട്ടുമുമ്പ് അവയുടെ സാമ്പത്തികനില ഭദ്രമെന്ന് "മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്" നല്‍കിയത് ഈ വൈദ്യന്മാരായിരുന്നു)

സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ 2012 ഏപ്രിലില്‍ പറഞ്ഞു: ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം മോശം. വിദേശ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമില്ല. അതുകൊണ്ട് ഗ്രേഡിങ് ഞങ്ങള്‍ താഴ്ത്തുന്നു. പരിഹാരം: ശക്തമായ സാമ്പത്തിക പരിഷ്കാരം. തൊട്ടുപിന്നാലെ ഫിച്ചും ഇന്ത്യയുടെ ഗ്രേഡിങ് താഴ്ത്തി. തുടര്‍ന്ന് മൂഡീസിന്റെ ഊഴം. റേറ്റിങ് ഏജന്‍സികള്‍ക്കു പിന്നാലെ കോര്‍പറേറ്റ് മാധ്യമങ്ങളെത്തി. ആദ്യം അമേരിക്കന്‍ വാരിക "ടൈമി"ന്റെ വക. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മുഖചിത്രവുമായി ഇറങ്ങിയ 2012 ജൂലൈ 16ന്റെ ഏഷ്യന്‍ പതിപ്പില്‍ അവരെഴുതി: ""ലക്ഷ്യം നേടാന്‍ കഴിവില്ലാത്തവന്‍"". തൊട്ടുപിന്നാലെ ലണ്ടനിലെ "ഇന്‍ഡിപെന്‍ഡന്റ്" ഇങ്ങനെയെഴുതി: ""ഇന്ത്യയുടെ വിശ്വസ്തനോ അതോ സോണിയയുടെ കാവല്‍നായയോ"". അടുത്തത് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ഊഴമായിരുന്നു. "നിര്‍ജീവമായ സര്‍ക്കാര്‍" എന്ന് അവര്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നേരിട്ട് രംഗത്തെത്തി.

പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയിലെ "നിക്ഷേപ കാലാവസ്ഥ" മോശമാകുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച ഒബാമ പരിഹാരവും നിര്‍ദേശിച്ചു. വാള്‍മാര്‍ട്ട് അടക്കമുള്ള ആഗോള ഭീമന്മാര്‍ക്ക് ഇന്ത്യയിലേക്ക് നേരിട്ട് വരാന്‍ വാതില്‍ തുറക്കണം. ഇതിനെയൊന്നും എതിര്‍ക്കാന്‍ ചെറുവിരല്‍പോലും അനക്കാതിരുന്ന പ്രധാനമന്ത്രി അവരുടെ നിര്‍ദേശങ്ങള്‍ ശരിവയ്ക്കുകയാണുണ്ടായത്. സെപ്തംബര്‍ 13: ഡീസലിന് ലിറ്ററിന് അഞ്ചുരൂപ കൂട്ടി. പാചക വാതക സബ്സിഡി വെട്ടിക്കുറച്ചു. സബ്സിഡി സിലിണ്ടര്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം ആറെണ്ണം മാത്രം. സെപ്തംബര്‍ 14: ചില്ലറവ്യാപാര മേഖലയില്‍ ബഹുബ്രാന്‍ഡില്‍ 51 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി. ഏകബ്രാന്‍ഡില്‍ 100 ശതമാനവും. വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം. തുടര്‍ന്ന് ഒക്ടോബറില്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ഫണ്ട് മേഖലകളില്‍ വിദേശനിക്ഷേപ പരിധി 26 ല്‍നിന്ന് 49 ശതമാനമായി വര്‍ധിപ്പിച്ചു. ആദ്യം സൂചിപ്പിച്ച കോലാഹലങ്ങളുടെ അര്‍ഥമെന്തെന്ന് വെളിപ്പെട്ട ദിവസങ്ങളായിരുന്നു ഇത്.

ഇപ്പോള്‍ രൂപയുടെ തകര്‍ച്ചയ്ക്കു മുമ്പും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ രംഗത്തിറങ്ങി. പിന്നെ കയറ്റുമതി- ഇറക്കുമതി വ്യാപാരത്തിലെ തന്നാണ്ടു കമ്മി (കറന്റ് അക്കൗണ്ട് കമ്മി) വര്‍ധിക്കുന്നതിനെ മുന്‍നിര്‍ത്തി വ്യാപകമായ പ്രചാരണം. പരിഹരിക്കാന്‍ ഡോളര്‍ എങ്ങനെയും കിട്ടിയേ പറ്റൂവെന്ന് റിസര്‍വ് ബാങ്കും സര്‍ക്കാരും ആവര്‍ത്തിക്കുന്നു. തൊട്ടുപിന്നാലെ, അമേരിക്കയില്‍ സമ്പദ്വ്യവസ്ഥ കരകയറുന്നു, അതുകൊണ്ട് അവിടെ കടപ്പത്രം വാങ്ങി കുറഞ്ഞ നിരക്കില്‍ ഡോളര്‍ നല്‍കിവരുന്ന പരിപാടി നിര്‍ത്താന്‍ പോകുന്നതായി പ്രചാരണം. ഉടനെ ഇന്ത്യന്‍ വിപണികളില്‍നിന്ന് ഡോളറുകള്‍ പിന്‍വലിക്കപ്പെടുന്നു. താമസിയാതെ വിദേശനാണയ വിനിമയ വിപണിയില്‍ ഡോളര്‍ കുറയുന്നു. ഇതോടെ ഡോളറിന് ആവശ്യക്കാര്‍ കൂടുന്നു, അഥവാ ഡിമാന്‍ഡ് വര്‍ധിക്കുന്നു. പിന്നെ തിടുക്കത്തില്‍ രൂപയുടെ വില ഇടിഞ്ഞുതുടങ്ങുന്നു. ഡോളറിന്റെ വില കൂടുന്നു. അപ്പോള്‍, ഡോളര്‍ പിന്‍വലിച്ചുകൊണ്ടുപോകുമ്പോഴാണ് രൂപയുടെ തകര്‍ച്ച തുടങ്ങുന്നതെന്ന് വ്യക്തമാകുന്നു. തിടുക്കത്തിലുള്ള ഈ വരവും പോക്കും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. അതിനുപിന്നില്‍ പലപല കളികളുണ്ട്. രൂപയുടെ തകര്‍ച്ച എന്തുകൊണ്ടെന്ന് അന്വേഷിക്കുമ്പോള്‍ നമ്മള്‍ ആദ്യം അറിയേണ്ടത് ഈ ചൂതുകളിയെക്കുറിച്ചാണ്.

പണക്കമ്പോളത്തിലെ ചൂതാട്ടം

ഡോളര്‍നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിച്ചുകൊണ്ടുപോകുന്നതും പിന്നാലെ രൂപയുടെയും ഓഹരിയുടെയും വില മൂക്കുകുത്തുന്നതും ഇന്ത്യ പലവട്ടം കണ്ടുകഴിഞ്ഞു. ഒറ്റരാത്രികൊണ്ട് പിന്‍വലിക്കാവുന്ന ഡോളര്‍നിക്ഷേപങ്ങള്‍ ഒഴുകിയെത്തുന്നതും ഒഴുകിപ്പോകുന്നതും ഊഹക്കച്ചവടത്തിന്റെ ഭാഗമായാണ്. രൂപയുടെ തകര്‍ച്ച തുടര്‍ക്കഥയായതോടെ റിസര്‍വ് ബാങ്കുതന്നെ ഇത് സ്ഥിരീകരിച്ചു. ബാങ്കുകള്‍ കറന്‍സി കച്ചവടത്തില്‍ നേരിട്ടിടപെടരുതെന്ന് ജൂലൈ 16ന് റിസര്‍വ് ബാങ്ക് താക്കീതിന്റെ സ്വരത്തില്‍ പറയുകയുണ്ടായി. പക്ഷേ, ഫലം കണ്ടില്ല. രക്ഷയില്ലാതെ നാളെ റിസര്‍വ് ബാങ്കുതന്നെ കറന്‍സി- ഓഹരി വില്‍പ്പനയ്ക്കും ഊഹക്കച്ചവടത്തിനും നേരിട്ട് രംഗത്തിറങ്ങുമോ എന്നു കണ്ടറിയാം. ലാഭാര്‍ത്തിയുമായി ധനമൂലധനം പരിഭ്രാന്തമായി ഓടിനടക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കാള്‍ മാര്‍ക്സ് വര്‍ഷങ്ങള്‍ക്കുമുന്നേ പറഞ്ഞുവച്ചതും ഇവിടെ ഓര്‍ക്കാം.

കമ്പോളത്തില്‍ ധനമൂലധനം നടത്തുന്ന ഒട്ടേറെ കള്ളക്കളികളും ബോധപൂര്‍വമായ നീക്കങ്ങളും സാമ്പത്തികവിദഗ്ധരും വിപണിവിദഗ്ധരും പ്രമുഖ മാധ്യമപ്രവര്‍ത്തകരും വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. അമേരിക്കയില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിനാല്‍ കടപ്പത്രങ്ങള്‍ വാങ്ങി ബാങ്കുകള്‍ക്ക് ഡോളര്‍ നല്‍കുന്ന "അളവുപരമായ ഇളവ്" (ക്വാണ്ടിറ്റേറ്റീവ് ഈസിങ്) പിന്‍വലിക്കാന്‍ പോകുന്നുവെന്ന പ്രചാരണവുമെല്ലാം കമ്പോളത്തെ മുന്‍നിര്‍ത്തി അരങ്ങേറുന്ന കളികളുടെ ഭാഗമാണ്. അമേരിക്കയില്‍ അത്തരത്തില്‍ യഥാര്‍ഥ സാമ്പത്തികസ്ഥിതിയില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ബജറ്റ് ഡയറക്ടറായിരുന്ന ഡേവിഡ് സ്റ്റോക്ക്മാന്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടപ്പത്രം വാങ്ങി ഡോളര്‍ നല്‍കുന്ന പദ്ധതി പിന്‍വലിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ പിന്‍വലിച്ചിട്ടില്ല എന്നതാണ് സത്യം. നേരത്തെ ആഗോള വിപണികളില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയ്ക്കാന്‍ നടന്ന ഒട്ടേറെ കൃത്രിമ മാര്‍ഗങ്ങള്‍ വിപണി വിദഗ്ധര്‍ തന്നെ പിന്നീട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം പൗണ്ടിന്റെ വില ഇടിക്കാന്‍ ജോര്‍ജ് സോറോസിന്റെ നേതൃത്വത്തില്‍ നടന്ന കളികളും പിന്നീട് വെളിപ്പെട്ടിരുന്നു.

രൂപയുടെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഈ ഊഹക്കച്ചവടത്തെക്കുറിച്ചും സമ്മര്‍ദതന്ത്രങ്ങളെക്കുറിച്ചും വിശദമായി പഠിക്കേണ്ടതുണ്ട്. ഈ ചൂതുകളിക്ക് വിവിധ രൂപഭാവങ്ങളുണ്ട്. അത് നയിക്കുന്നവരെയൊന്നും ചിലപ്പോള്‍ നേരിട്ട് കാണാനാകില്ല. അതില്‍ അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകളുണ്ട്; അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വുണ്ട്; കോര്‍പറേറ്റ് മേലാളന്മാരുണ്ട്. ഹെഡ്ജ്ഫണ്ടുകള്‍, ഡെറിവേറ്റീവുകള്‍, ഫ്യൂച്ചര്‍ വ്യാപാരം അഥവാ അവധിക്കച്ചവടം, ഓപ്ഷന്‍... അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ അറിഞ്ഞാല്‍മാത്രമേ ഓഹരി- പണക്കമ്പോളങ്ങളിലെ ചൂതാട്ടം ബോധ്യപ്പെടൂ. ഇതിനര്‍ഥം ഊഹക്കച്ചവടം മാത്രമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നല്ല. ഇറക്കുമതിവര്‍ധന, കയറ്റുമതി- ഇറക്കുമതി ഇടപാടിലെ തന്നാണ്ടുകണക്കിലെ കമ്മി (കറന്റ് അക്കൗണ്ട് കമ്മി) വര്‍ധന, വിദേശത്തുനിന്ന് കടമെടുപ്പ്, വിദേശനാണയശേഖരത്തിലെ താല്‍ക്കാലിക നിക്ഷേപം (ഹോട്ട് മണി), എണ്ണക്കമ്പനികള്‍ കമ്പോളത്തില്‍നിന്ന് നേരിട്ട് ഡോളര്‍ വാങ്ങുന്നത് എന്നിവയെല്ലാം രൂപയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന കാരണങ്ങളാണ്.

രൂപയുടെ തകര്‍ച്ചയെന്നാല്‍ എന്തെന്ന് പരിശോധിക്കാം. കഴിഞ്ഞമാസം നാലു രൂപ കൊടുത്ത് 100 ഗ്രാം പഞ്ചസാര വാങ്ങി. ഈ മാസം 100 ഗ്രാം പഞ്ചസാര കിട്ടാന്‍ ആറു രൂപ കൊടുക്കണം. അപ്പോള്‍ പഞ്ചസാരയ്ക്ക് രണ്ടു രൂപ വില വര്‍ധിച്ചു, അഥവാ രൂപയുടെ വിലയിടിഞ്ഞു. ഡോളര്‍- രൂപ വിനിമയത്തില്‍ രൂപയുടെ വിലയിടിഞ്ഞു എന്നു പറയുമ്പോഴും സംഭവിക്കുന്നത് ഇതുതന്നെ. 1993ല്‍ 31 രൂപയായിരുന്ന ഡോളര്‍വില ഇപ്പോള്‍ 68 രൂപ കടന്നിരിക്കുന്നു. പഞ്ചസാരയുടെ വില വര്‍ധിച്ചത് പഞ്ചസാര കിട്ടാനില്ലാത്തതുകൊണ്ടാകാം. അതുപോലെ ഡോളര്‍ കിട്ടാനില്ലാതെ വരുമ്പോള്‍ ഡോളറിന്റെ വിലയും ഉയരുന്നു. ഡോളര്‍വരവ് കൂടിയാല്‍ രൂപയുടെ വില ഉയരുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ പലപല വഴിയുണ്ട്; സമ്മര്‍ദതന്ത്രങ്ങളുണ്ട്. അതാണ് വിപണികളില്‍ കണ്ടുവരുന്നത്. ആഗോളവല്‍ക്കരണകാലത്ത് കറന്‍സിയും കച്ചവടവസ്തുവാണ്. ആ കച്ചവടത്തില്‍ വില കൂടുമെന്നോ കുറയുമെന്നോ ഉള്ള നിഗമനങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന പന്തയംവയ്പുകളാണ് ഊഹക്കച്ചവടം അഥവാ ചൂതാട്ടം. ഇന്നിപ്പോള്‍ ബാങ്കുകളില്‍നിന്നെടുക്കുന്ന വായ്പകളില്‍ നല്ലൊരു ഭാഗവും ഉല്‍പ്പാദനമേഖലകളിലേക്കല്ല; ഓഹരി- പണക്കമ്പോളങ്ങളിലെ ചൂതുകളിയിലേക്കാണ് ഒഴുകുന്നത്.

ആഗോള ധനമേഖലകളില്‍ ഊഹക്കച്ചവടം പതിന്മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ തെളിയിക്കുന്നു. അങ്ങേയറ്റം അപകടകരമായ കളികള്‍ കളിക്കുന്ന ഹെഡ്ജ് ഫണ്ടുകളുടെ എണ്ണപ്പെരുക്കവും വിദേശനാണയവിനിമയ വിപണികളിലെ ഇടപാടുകളുടെ വര്‍ധനയും ഇതിന്റെ സൂചനയാണ്. ഹെഡ്ജ് ഫണ്ട് ഡോട്ട്കോമിന്റെ കണക്കുപ്രകാരം രണ്ടായിരത്തില്‍തന്നെ 8923 ഹെഡ്ജ് ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിസമ്പന്നരുടെ പണംകൊണ്ട് കളിക്കുന്ന ഹെഡ്ജ് ഫണ്ടുകള്‍ക്ക് ധനക്കമ്പോളത്തില്‍ ഇപ്പോള്‍ വലിയ "റോളു"ണ്ട്. സ്വന്തം ആസ്തികള്‍ സംരക്ഷിക്കലല്ലാതെ കമ്പോളത്തിലെ പ്രവര്‍ത്തനരീതിയൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. ഉല്‍പ്പാദനത്തില്‍നിന്ന് പൂര്‍ണമായും പിന്മാറിയ മുതലാളിത്തം നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് ഊഹക്കച്ചവടത്തിന്റെ വര്‍ധനയിലൂടെ വെളിപ്പെടുന്നതെന്ന് സോഷ്യലിസം ടുഡേയുടെ പത്രാധിപര്‍ ലിന്‍ വാല്‍ഷ് പറയുന്നു. വിദേശനാണയവിനിമയ വിപണികളുടെയും ഡെറിവേറ്റീവ് വ്യാപാരത്തിന്റെയും പങ്ക് വന്‍തോതില്‍ വര്‍ധിച്ചതായി ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് 2004 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍തന്നെ പറയുന്നുണ്ട്. ഈ വിപണികളിലെ പ്രതിദിന വിറ്റുവരവ് അന്നുതന്നെ ലക്ഷം കോടി ഡോളറിലേറെയായിരുന്നു. കറന്‍സിയുടേതായാലും ഓഹരിയുടേതായാലും ഭാവിയിലെ വില മുന്‍കൂട്ടി നിശ്ചയിച്ച് തയ്യാറാക്കുന്ന വിവിധതരത്തിലുള്ള ധനകാര്യകരാറുകളായ ഡെറിവേറ്റുകള്‍ വഴിയാണ് ഊഹക്കച്ചവടം അരങ്ങുതകര്‍ക്കുന്നത്. ഊഹക്കച്ചവടത്തിനുപുറമേ മറ്റു ചില ഘടകങ്ങളും രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതായി സൂചിപ്പിച്ചുവല്ലോ. ഇറക്കുമതിവര്‍ധനയും തന്നാണ്ടുകമ്മിയും അതില്‍ പ്രധാനമാണ്. ഇറക്കുമതി ഉദാരവല്‍ക്കരണമാണ് ഇറക്കുമതിയും അതുവഴി തന്നാണ്ടുകമ്മിയും കൂടാന്‍ കാരണം. ഡോളര്‍വില വര്‍ധിക്കുമ്പോള്‍ ഇറക്കുമതി വര്‍ധിക്കുന്നത് ഇറക്കുമതിച്ചെലവ് കൂട്ടാനിടയാക്കും. ഡോളര്‍ അടിസ്ഥാനത്തിലാണ് ഇറക്കുമതി. കൂടുതല്‍ ഡോളര്‍ വേണ്ടിവരുമ്പോള്‍ ഡോളറിന്റെ വില വീണ്ടും കൂടും. രൂപയുടെ വില പിന്നെയും ഇടിയും. പെട്രോളും ഡീസലും സ്വര്‍ണവുമാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളൊന്നും ഇതുവരെ ഫലംകണ്ടില്ല. ജൂണില്‍ 31 ടണ്ണായിരുന്ന സ്വര്‍ണ ഇറക്കുമതി ജൂലൈയില്‍ 47.65 ടണ്ണായി വര്‍ധിച്ചു. നമ്മുടെ കറന്റ് അക്കൗണ്ട് കമ്മി 9000 കോടി ഡോളറിന്റേതാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 5.7 ശതമാനത്തോളം വരും ഇത്. കറന്റ് അക്കൗണ്ട് കമ്മി 2.5 ശതമാനത്തില്‍ കൂടുന്നത് ആപത്താണ്. ഇറക്കുമതി നിയന്ത്രിച്ച് കയറ്റുമതി വര്‍ധിപ്പിക്കലാണ് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ ശരിയായ പോംവഴി. അതിനുപകരം എങ്ങനെയും ഡോളറെത്തിച്ച് പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

വിദേശത്തുനിന്ന് കടമെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതാണ് ഡോളര്‍വില ഉയരാന്‍ മറ്റൊരു കാരണം. ഈ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഡോളര്‍ വേണം. അപ്പോള്‍ ഇത്തരക്കാര്‍ ഡോളറിനായി തിരക്കുകൂട്ടും. മറ്റൊന്ന് എണ്ണക്കമ്പനികള്‍ കമ്പോളത്തില്‍നിന്ന് ഡോളര്‍ വാങ്ങുന്ന പ്രശ്നമാണ്. പൊതുവില്‍ ഇതെല്ലാം ഡോളറിന്റെ ആവശ്യം വര്‍ധിപ്പിക്കുന്ന സാഹചര്യം. വിദേശനാണയശേഖരത്തിന്റെ പൊള്ളത്തരമാണ് വേറൊരു കാര്യം. താല്‍ക്കാലിക നിക്ഷേപമായെത്തുന്ന വിദേശസ്ഥാപന നിക്ഷേപമാണ് (എഫ്ഐഐ- ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റ്മെന്റ്) ഇതില്‍ നല്ലൊരു പങ്കും. ഹോട്ട് മണി എന്നറിയുന്ന ഈ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ചുകൊണ്ടുപോകാവുന്നവയാണ്. 1994ല്‍ മെക്സിക്കോയിലും 1997ല്‍ തെക്കുകിഴക്കേഷ്യയിലും സമ്പദ്വ്യവസ്ഥകളെ തകര്‍ത്തെറിഞ്ഞത് ഈയിനത്തിലെത്തിയ ഊഹക്കച്ചവട മൂലധനമായിരുന്നു. രൂപയുടെ തകര്‍ച്ചയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.

പ്രശ്നം നയത്തിന്റേതുതന്നെ

കഴിഞ്ഞദിവസത്തെ വന്‍വീഴ്ചകളില്‍ നിന്ന് ചെറിയ ഒരു വീണ്ടെടുപ്പ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ദൃശ്യമായെങ്കിലും വെള്ളിയാഴ്ച തുടക്കത്തില്‍ ഇടിവ് തന്നെയായിരുന്നു. പിന്നീട് അല്‍പം മെച്ചപ്പെട്ടു. രണ്ടു പതിറ്റാണ്ടിലേറെയായി ആവര്‍ത്തിക്കുന്ന പ്രവണതയാണിത്. ഉയര്‍ച്ച, തകര്‍ച്ച, ചാഞ്ചാട്ടം. വിലയിടിച്ചില്‍ തടയാന്‍ റിസര്‍വ് ബാങ്ക് ചില നടപടി സ്വീകരിച്ചുവെന്നതു ശരിതന്നെ. ബാങ്കുകളിലെ പണം അപ്പാടെ ഊഹക്കച്ചവടത്തിന് ഒഴുകുന്നുവെന്ന് മനസ്സിലാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു കമ്പോളത്തിലെ പണലഭ്യത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ചില നടപടി പ്രഖ്യാപിച്ചു. പക്ഷേ, മന്‍മോഹനും ചിദംബരവുമെല്ലാം ഇതിനെതിരാണ്. ഇങ്ങനെ രൂപയുടെ വിലയിടിയുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെന്ത്്, ഇതിനൊരു പരിഹാരമില്ലേ എന്നീ വിഷയങ്ങളും ചര്‍ച്ചചെയ്യേണ്ടതുണ്ട്.

Courtesy: indiatoday
ആദ്യം പ്രത്യാഘാതത്തെക്കുറിച്ച്: വ്യാപകവും രൂക്ഷവുമായ വിലക്കയറ്റമാണ് രൂപയുടെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇറക്കുമതിചെയ്യുന്ന എല്ലാറ്റിന്റെയും വില വര്‍ധിക്കും. പെട്രോളിന്റെയും ഡീസലിന്റെയും ഭക്ഷ്യഎണ്ണകളുടെയുമെല്ലാം വില കൂടുന്നതുവഴി രാജ്യത്തിപ്പോള്‍ത്തന്നെ രൂക്ഷമായ വിലക്കയറ്റം വീണ്ടും തീവ്രമാകും. ഇറക്കുമതി വര്‍ധിക്കുകയും ഇറക്കുമതിച്ചെലവ് ഏറുകയും ചെയ്യുന്ന സാഹചര്യത്തില്‍ കയറ്റുമതി- ഇറക്കുമതി വ്യാപാരത്തില്‍ തന്നാണ്ടു കണക്കിലെ കമ്മി (കറന്റ് അക്കൗണ്ട് കമ്മി) പെരുകും. ഇത് കുറയ്ക്കാന്‍ താല്‍ക്കാലിക വിദേശനിക്ഷേപത്തെ ആശ്രയിക്കുന്നത് പ്രശ്നം വീണ്ടും വഷളാക്കും.

വിദേശനാണയ ശേഖരം ശുഷ്കമാകാനും വിദേശ കടമെടുപ്പ് വര്‍ധിക്കാനും രൂപയുടെ തകര്‍ച്ച ഇടയാക്കും. കാര്‍, ടി വി, വാഷിങ്മെഷീന്‍ മറ്റ് ഗൃഹോപകരണങ്ങള്‍ എന്നിവയുടെയെല്ലാം വില വര്‍ധിക്കും. വിലകൂട്ടി ലാഭം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് ഇതൊരു അവസരവുമാകും. ഡോളര്‍ വില ഉയരുന്നതും രൂപയുടെ വില ഇടിയുന്നതും കയറ്റുമതിക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഒരുപക്ഷേ, ഗുണംചെയ്തേക്കാം. അവരുടെ ഡോളര്‍ വരുമാനം രൂപയിലേക്കു മാറ്റുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ രൂപ കിട്ടും. എന്നാല്‍, ഡോളര്‍ കടം മേടിച്ച് നാട്ടിലേക്ക് അയക്കുന്ന പ്രവാസി കുടുങ്ങുകയുംചെയ്യും. മേടിച്ച കടം തിരിച്ചുകൊടുക്കാന്‍ ഡോളര്‍ വാങ്ങണമെങ്കില്‍ കൂടുതല്‍ രൂപ വേണ്ടി വരും. പരിഹാരം: രൂപയുടെ തകര്‍ച്ചയ്ക്കും തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ക്കും വിരാമം വേണമെങ്കില്‍ നയപരമായ തിരുത്തല്‍ വേണമെന്ന് നമ്മള്‍ ആദ്യമേ കണ്ടു.

ചൂതാട്ടത്തെ മുന്‍നിര്‍ത്തി വരുന്ന ധനമൂലധനത്തെയും ഊഹക്കച്ചവടത്തെയും കര്‍ശനമായി നിയന്ത്രിക്കാന്‍ കഴിയണം. കറന്റ് അക്കൗണ്ട് കമ്മി പെരുകല്‍ തടയാന്‍ കഴിയണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണം. യഥാര്‍ഥ വ്യാപാരത്തിന് ഊന്നല്‍ നല്‍കണം. കമ്മി കുറയ്ക്കാന്‍ വിദേശ സ്ഥാപന നിക്ഷേപത്തെ (ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റ്മെന്റ്) ആശ്രയിക്കരുത്. എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരു ജാലകം തുറക്കലാണ് മറ്റൊരു പോംവഴിയായി വിദഗ്ധര്‍ നിര്‍ദേശിച്ചത്. ആഗസ്ത് 29ന് റിസര്‍വ് ബാങ്ക് അത് നടപ്പാക്കി. എണ്ണക്കമ്പനികള്‍ ഇപ്പോള്‍ കമ്പോളത്തില്‍നിന്ന് നേരിട്ട് ഡോളര്‍ വാങ്ങുകയാണ്. ഇത് അവസാനിപ്പിക്കണം. കയറ്റുമതിക്കാര്‍ക്ക് ലഭിക്കുന്ന ഡോളര്‍ രൂപയാക്കി മാറ്റുന്നതിലെ താമസം ഒഴിവാക്കണം. ഡോളര്‍ വില വീണ്ടും വര്‍ധിക്കുന്നതിനും രൂപ തകരുന്നതിനും അവര്‍ കാത്തിരിക്കാനിടയുണ്ട്. കൂടുതല്‍ തകരുമ്പോള്‍ മാറ്റിയാല്‍ അവര്‍ക്ക് കൂടുതല്‍ രൂപ കിട്ടും. അതുപോലെ ഇറക്കുമതിക്ക് വേണ്ടിവരുന്ന ഡോളര്‍ ഉടന്‍ നല്‍കുന്ന രീതിക്ക് മാറ്റം വരുത്താം. അതിന് പ്രത്യേക ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടി വരും. ബാങ്കുകള്‍ ഊഹക്കച്ചവടത്തില്‍ ഇടപെടുന്നത് കര്‍ശനമായി തടയണം. ഇത്രയുമായാല്‍ ഡോളറിന്റെ ലഭ്യത ഉറപ്പാക്കാന്‍ കഴിയുമെന്നും അതുവഴി രൂപയുടെ തകര്‍ച്ച തടയാനാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡോളര്‍ വില കൂടുമ്പോള്‍ കയറ്റുമതിവരുമാനം വര്‍ധിക്കുകയും അതുവഴി കറന്റ് അക്കൗണ്ട് കമ്മി കുറയുകയും ചെയ്യേണ്ടതാണ്. പക്ഷേ, കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതിയാണെന്നതിനാല്‍ അത് സംഭവിക്കുന്നില്ല. ഈ തകര്‍ച്ചയ്ക്കും പ്രതിസന്ധിക്കും പിന്നില്‍ രാഷ്ട്രീയനാടകം കൂടിയുണ്ടെന്നറിയുക. ഇത് മന്‍മോഹന്‍സിങ്ങും ചിദംബരവും മോണ്ടേക്സിങ് അലുവാലിയയുമെല്ലാം അറിഞ്ഞുനടക്കുന്ന ഒത്തുകളിയാണ്.

ഇന്ത്യയില്‍ തുടര്‍ച്ചയായി പ്രതിസന്ധിയും തകര്‍ച്ചയുമുണ്ടാക്കലും തുടര്‍ന്ന് വിദേശമൂലധനം പരിഹാരമായി നിര്‍ദേശിക്കുന്നതും ഈ ഒത്തുകളിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ പ്രശ്നം നമ്മുടെ രാഷ്ട്രീയനേതൃത്വം പിന്തുടരുന്ന നയത്തിന്റേതാണ്. നവ ഉദാരവല്‍ക്കരണനയങ്ങള്‍ തുടരുന്ന ഓരോ നിമിഷവും രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ച നെല്ലിപ്പടിയോടടുക്കുന്നു എന്നതാണ് സത്യം. ആ നയം തിരുത്താന്‍ തയ്യാറാകുക എന്നതാണ് ഏക പോംവഴി. അതിന് കോണ്‍ഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ തായ്യാറാകില്ല എന്നു വ്യക്തം. അവിടെയാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ബദല്‍നയത്തിന്റെ പ്രസക്തി.

*
എന്‍ മധു ദേശാഭിമാനി

ഫാഷിസത്തിന്റെ വെളുത്ത താടി

നരേന്ദ്രമോഡിയെ കൊല്ലാന്‍ പുറപ്പെട്ട ഭീകരര്‍ എന്ന കള്ളക്കഥ മെനഞ്ഞ്, ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയെയും കൂടെ മറ്റ് മൂന്നുപേരെയും മോഡിയുടെ പൊലീസ് വെടിവച്ചുകൊന്ന് മൂന്ന് ആഴ്ചകള്‍ കഴിയുന്നതിനുമുമ്പ് വിജയലക്ഷ്മി "ഊഴം" എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതൊരു വ്യാജ ഏറ്റുമുട്ടലാണെന്നോ, മോഡിയുടെ പൊലീസ് നിസ്സഹായയായ ആ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനുശേഷം വെടിവച്ചു കൊല്ലുകയായിരുന്നുവെന്നോ വ്യക്തമായിട്ടില്ലാത്ത അക്കാലത്ത്, ഏതോ സഹജാവബോധത്തിന്റെ പ്രേരണയാല്‍ സത്യത്തിന്റെ അണയാത്ത കനലുകളെ ഊതിത്തിളക്കി അവര്‍ എഴുതി:

""അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോട് പറഞ്ഞു:
കണ്ടില്ലേ, എന്റെ കൈകളില്‍ ചേര്‍ത്തുവച്ചത്?
അല്ല, ആ തോക്ക് തീര്‍ച്ചയായും എന്റേതല്ല.
എനിക്ക് വെടിയുണ്ടകളെ അറിയില്ല,
എന്റെമേല്‍ തറഞ്ഞതിനെ ഒഴികെ.
ആ ഡയറിക്കുറിപ്പുകളും എന്റേതല്ല,
ഹിറ്റ്ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ. കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഡ്ഢിയല്ല
എങ്കില്‍
എനിക്കും കാണണം,
ഞങ്ങളുടെ പേര് ഹിറ്റ്ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെടാത്തതിനാല്‍ അദൃശ്യമായ ആ നാരകീയ ഡയറി
. ........
പകലുകളില്‍ നിന്ന് മായ്ച്ചുകളഞ്ഞ്
പത്രത്താളിലും വാര്‍ത്താബോര്‍ഡിലും
അത്താഴപ്പുറത്തെ അലസമായ
മിനിസ്ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍
ഞങ്ങളുടെ ചോര
നിശ്ശബ്ദമായി തെളിഞ്ഞുവരും.
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും
ചുണ്ടുചേര്‍ത്ത് സൂര്യനുദിക്കും വരെയും അത്
മൃദുവായി
പറഞ്ഞുകൊണ്ടിരിക്കും
"ഉറങ്ങാതിരിക്കുക.
പുലരുന്നത്
നിങ്ങളുടെ ഊഴം ""
.
ഫാഷിസത്തിന്റെ വരവിനെക്കുറിച്ച് പണ്ട് ഓട്ടോ റെനെ കാസ്റ്റിലോ എഴുതിയ പ്രഖ്യാതമായ കവിതയുടെ മുഴക്കങ്ങള്‍ നമുക്കീ വരികളിലും കേള്‍ക്കാനാവും. അടിവച്ചടിവച്ച്, വികസനത്തിന്റെ വിജയഗാഥകളാലപിച്ച്, സുസ്മേരവദനനായി, കഴിഞ്ഞുപോയതിലൊന്നും പശ്ചാത്താപമില്ലാത്തവനായി, ഉരുക്കുപോലെ ഉറച്ച ബോധ്യങ്ങളുടെ പ്രതിനിധിയും പ്രതീകവുമായി വാഴ്ത്തപ്പെട്ട് നാഗരിക മധ്യവര്‍ഗത്തിന്റെ നായകബിംബമായി, ഇന്ത്യന്‍ ഫാഷിസത്തിന്റെ പടപ്പുറപ്പാട് ഗുജറാത്തില്‍നിന്ന് ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ; വിജയലക്ഷ്മി ഈ കവിത എഴുതുമ്പോള്‍. തെളിവുകളൊന്നും കൈവന്നിട്ടില്ലെങ്കിലും സത്യത്തിന്റെ കെടാത്ത വെളിച്ചവും ചൂടും പകര്‍ന്ന നൈതിക പ്രേരണകളുടെ പ്രഭാവം കൊണ്ട് ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയും മറ്റ് മൂന്നുപേരും കൊല്ലപ്പെട്ടതാണെന്ന് അവര്‍ 2004 ജൂലൈയില്‍ എഴുതി. ഒമ്പതു കൊല്ലത്തിനുശേഷം വ്യാജ ഏറ്റുമുട്ടലിന്റെയും കൊലപാതകത്തിന്റെയും വിവരങ്ങള്‍ സിബിഐ പുറത്തുകൊണ്ടുവന്ന് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. വൈലോപ്പിള്ളി തന്റെ പഴയ കവിതയില്‍ പറഞ്ഞതുപോലെ ശാസ്ത്രവും ചരിത്രവും തെളിവ് തരുന്നതിനും മുമ്പേ, "ഹൃദയനിമന്ത്രിത"മായ സത്യങ്ങളുടെ പിന്‍ബലത്താല്‍ ഉണര്‍ന്നുനിന്ന ഒരു കാവ്യാനുഭവത്തിന്റെ ചരിത്രമായി ഈ കവിത മാറിത്തീര്‍ന്നിരിക്കുന്നു.

ഒരു പതിറ്റാണ്ടായി പിന്‍വാങ്ങിനിന്ന, ഇന്ത്യന്‍ ഫാഷിസത്തിന്റെ രഥയാത്ര വീണ്ടും തുടങ്ങിയിരിക്കുന്നു. ഗുജറാത്തില്‍നിന്നാണത് വരുന്നത്. മുമ്പും അങ്ങനെയൊന്ന് പുറപ്പെട്ടത് ഗുജറാത്തില്‍നിന്ന് തന്നെയായിരുന്നു. ഗുജറാത്തിലെ സോമനാഥത്തില്‍നിന്നും. ചോരപ്പുഴകള്‍ക്കും കബന്ധങ്ങള്‍ക്കും നടുവിലൂടെ അത് അയോധ്യ വരെയെത്തി. ഇപ്പോള്‍ അത്തരമൊരു പുറപ്പാടിന്റെ ആരവം വീണ്ടും ഗുജറാത്തില്‍ നിന്നുതന്നെ കേട്ടുതുടങ്ങിയിരിക്കുന്നു. ഗുജറാത്ത് ഗാന്ധിജി ജനിച്ച നാടായിരുന്നുവെന്ന് നാം ഇനിയും കുട്ടികളോട് പറഞ്ഞുകൊടുക്കണം! പ്രഹസനമായി ആവര്‍ത്തിക്കുന്ന ചരിത്രം എത്ര വലിയ ദുരന്തങ്ങളെയാണ് കൂടെ കൂട്ടുന്നത്?

വെളുത്ത താടിക്ക് മനുഷ്യവംശത്തിന്റെ പ്രാക്തന സ്മൃതികളില്‍ വിശുദ്ധമായ അര്‍ഥമാണുള്ളത്. മലയാളിക്ക് കളിയരങ്ങിലെ സാത്വിക ചൈതന്യവും കാരുണ്യവുമാണത്. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ നിറഞ്ഞുനിന്ന വെള്ളത്താടി കേസരി ബാലകൃഷ്ണപിള്ളയുടേതാണ്. താപസോചിതമായ നിര്‍മമതയോടെ അദ്ദേഹം യാതനകള്‍ക്കിടയിലും വരുംകാലത്തിനുവേണ്ടി എഴുതിക്കൊണ്ടിരുന്നു. ഇപ്പോള്‍ വാക്കുകള്‍ കൂടുമാറിയിരിക്കുന്നു. യൗവ്വനത്തിലേക്ക് കാലൂന്നുകമാത്രം ചെയ്ത നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വെടിവച്ചുകൊല്ലുന്നതിന് "വെളുത്ത താടി"യുടേയും "കറുത്ത താടി"യുടെയും അനുവാദം ലഭിച്ചതായി കുറ്റവാളികളായ ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ വിവരം ഇസ്രത്ത് ജഹാന്‍ വധക്കേസിനെക്കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അര്‍ഥം മാറുന്നത് വാക്കുകള്‍ക്ക് മാത്രമാണോ?

ഇസ്രത്ത് ജഹാന്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത വന്ന ദിവസം അര്‍ധരാത്രിയില്‍ അസ്വസ്ഥമായിരുന്ന് താന്‍ കവിത എഴുതിത്തീര്‍ത്തതിന്റെയും പിന്നാലെയുണ്ടായ അനുഭവങ്ങളുടെയും കഥ വിവരിക്കുന്ന വിജയലക്ഷ്മിയുടെ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 14, 2013) അവസാനിക്കുന്നതും ഈ അര്‍ഥപരിണാമത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്: ""വെളുത്ത താടി. അത് മോശയുടേതായിരുന്നു. അനുഗൃഹീത പ്രതിഭ മൈക്കേല്‍ ആഞ്ജലോ ലോകത്തിനു സമ്മാനിച്ച, സമൃദ്ധമായ വെള്ളത്താടി തഴുകി ചിന്താധീനയായിരിക്കുന്ന മോശയെ ചിത്രങ്ങളിലൂടെ അറിഞ്ഞ് ഉറ്റുനോക്കി എത്രയോ നേരമിരുന്നിട്ടുണ്ട്. കാറ്റിലുലയുന്ന വെള്ളത്താടിയുമായി, മോശ കൈയിലെ ദണ്ഡുയര്‍ത്തിയപ്പോള്‍ ചെങ്കടല്‍ രണ്ടായി പിളര്‍ന്നു. ജലം മതിലുപോലെ മാറിനിന്നു. ഇസ്രയേല്‍ ജനത അപ്പുറം കടന്നു... വെളുത്ത താടി അനുഗ്രഹത്തിന്റെയും സുരക്ഷയുടെയും പക്വതയുടെയും ജ്ഞാനത്തിന്റെയും പ്രതീകമായിരുന്നു... ഇപ്പോള്‍ അത്?""

സ്വയംഭരണ കോളേജുകള്‍: ചരിത്രവും വര്‍ത്തമാനവും

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കലാലയങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സര്‍ക്കാരും തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് സ്വയംഭരണ കോളേജുകള്‍ എന്ന സങ്കല്‍പ്പത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്യുന്ന ഡോ. രാജന്‍ വര്‍ഗീസിന്റെ ശ്രദ്ധേയമായ ലേഖനം മലയാളം വാരിക പ്രസിദ്ധീകരിച്ചത് (2013 ജൂലൈ 5 ലക്കം). മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. രാജന്‍ വര്‍ഗീസിന്റെയും അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ആ സര്‍വകലാശാല അക്കാദമികമായി വലിയ വിജയങ്ങള്‍ ഒന്നൊന്നായി കൈവരിച്ചത് സമീപകാലത്ത് കണ്ടതാണ്. വിവേകപൂര്‍ണമായ സമീപനവും അക്കാദമികമായ ദീര്‍ഘവീക്ഷണവും ഉണ്ടെങ്കില്‍ എത്ര വലിയ പരിമിതികള്‍ക്കിടയിലും നമ്മുടെ സ്ഥാപനങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയുന്ന വിജയങ്ങള്‍ക്കുള്ള തെളിവായിരുന്നു അത്. വിസി, പിവിസി തുടങ്ങിയ പദവികള്‍ ഉത്തരവാദിത്തമല്ല അധികാരമാണ് എന്ന് തെറ്റിദ്ധരിച്ച്, സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമെല്ലാം തന്റെ ആശ്രിതജനതയാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഭരണാധികാരികള്‍ സര്‍വകലാശാലകളില്‍ എത്രയോ ഉള്ളപ്പോഴാണ് ഡോ. രാജന്‍ ഗുരുക്കളും ഡോ. രാജന്‍ വര്‍ഗീസും വ്യത്യസ്തവും മാന്യവും അക്കാദമികവുമായ ഒരു മാതൃക നമുക്ക് മുന്നില്‍ അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയത്.

സ്വയംഭരണ കോളേജുകള്‍ എന്ന ആശയത്തിന്റെ ചരിത്രത്തിലേക്കും അതിന്റെ വര്‍ത്തമാന വിവക്ഷകളിലേക്കും നന്നായി വെളിച്ചം വീശുന്നതാണ് ഡോ. രാജന്‍ വര്‍ഗീസിന്റെ ലേഖനം. 1817ല്‍ തന്നെ കോളേജുകള്‍ സ്ഥാപിക്കപ്പെടുകയും 1857ല്‍ അവയെല്ലാം ബോംബെ, കല്‍ക്കത്ത, മദ്രാസ് സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്യപ്പെടുകയും ചെയ്ത ചരിത്രമാണ് ആധുനിക ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ളത്. സര്‍വകലാശാലകള്‍ അക്കാദമിക കേന്ദ്രങ്ങളും വിജ്ഞാനോല്‍പ്പാദന സ്ഥാപനങ്ങളുമാവുക എന്നതിനു പകരം കോളേജുകളുടെ നിയന്ത്രണവും ഭരണവും നടത്തുന്ന ബ്യൂറോക്രാറ്റിക് സ്ഥാപനങ്ങളാവുക എന്നതാണ് തുടക്കം മുതലേ ഇവിടെ സംഭവിച്ചത്. അക്കാദമിക സ്ഥാപനങ്ങള്‍ എന്നതിലുപരി ഭരണസ്ഥാപനങ്ങളായാണ് നമ്മുടെ സര്‍വകലാശാലകള്‍ വിഭാവനം ചെയ്യപ്പെട്ടത് എന്നര്‍ഥം. മെക്കാളെ മിനുറ്റ്സിന്റെയും കോളോണിയല്‍ ഭരണകൂടങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കും ആവശ്യത്തിനും ഉതകുന്ന ഒന്നായിരുന്നു അത്. സര്‍വകലാശാലകള്‍ വിജ്ഞാനോല്‍പ്പാദന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചില്ല. പകരം യൂറോപ്യന്‍ വിജ്ഞാനം വിതരണം ചെയ്യുന്ന കോളേജുകളുടെ ഭരണകേന്ദ്രമായി അവ മാറി. തങ്ങളുടെ ഭരണനിര്‍വഹണത്തിന് ഉപയുക്തമാവുന്ന അതിവിപുലമായ ഗുമസ്തവൃന്ദത്തിന്റെ നിര്‍മാണമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നു കരുതിയ കൊളോണിയല്‍ ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കകത്താണ് ഇന്ത്യന്‍ സര്‍വകലാശാലകള്‍ നിലവില്‍ വന്നത് എന്നര്‍ഥം.

സ്വാതന്ത്ര്യപ്രാപ്തിക്ക് ആറ് പതിറ്റാണ്ട് പഴക്കമായെങ്കിലും സര്‍വകലാശാലയെയും ഉന്നത വിദ്യാഭ്യാസത്തെയും സംബന്ധിച്ചുള്ള സാമാന്യ ധാരണയില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഈ പ്രശ്നത്തിനുള്ള സാര്‍ഥകമായ പരിഹാരം എന്ന നിലയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. പിന്നിട്ട മൂന്ന് - നാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ അത്തരം പല സ്ഥാപനങ്ങളും ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ടു. താരതമ്യേന മെച്ചപ്പെട്ട നിലയില്‍ അവ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ ആരംഭിക്കുന്ന സ്വയംഭരണ കോളേജുകള്‍ ഇത്തരമൊരു അക്കാദമിക നവീകരണത്തിനാണോ വഴിതുറക്കുക എന്ന സംശയമാണ് വലിയ തോതില്‍ ഉന്നയിക്കപ്പെടുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയില്‍ അത്യന്തം പ്രബലമായ സ്വാധീനം പുലര്‍ത്തുന്ന മതവിഭാഗങ്ങളും മൂലധനശക്തികളും സ്വയംഭരണാധികാരത്തെ ഏതെല്ലാം നിലകളില്‍ ഉപയോഗപ്പെടുത്തും എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. അക്കാദമിക നവീകരണത്തിനും സുതാര്യതയ്ക്കുമായുള്ള ശ്രമങ്ങളെ കഴിഞ്ഞ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ കാലത്ത്, അട്ടിമറിക്കാന്‍ ഈ വിഭാഗങ്ങള്‍ നടത്തിയ നാനാതരം പരിശ്രമങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ സ്വയംഭരണമെന്ന ആശയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാവുന്ന ഒന്നായി മാറാനുള്ള സാധ്യത ഏറെയാണെന്ന് ആര്‍ക്കും വ്യക്തമാകും. പ്ലസ്ടു പ്രവേശനത്തിലെ ഏകജാലക സംവിധാനം മുതല്‍ സ്വാശ്രയപ്രവേശനം വരെയുള്ള കാര്യങ്ങള്‍ അട്ടിമറിക്കാന്‍ മതാധികാരവും മൂലധനശക്തികളും കൈകോര്‍ത്ത് നിന്ന് പരിശ്രമിച്ചതിന്റെയും പലപ്പോഴും അവര്‍ അതില്‍ വിജയം നേടിയതിന്റെയും കഥയാണ് സമീപ ഭൂതകാലം നമുക്ക് മുമ്പില്‍ അവശേഷിപ്പിക്കുന്നത്. സ്വയംഭരണമെന്ന ആശയത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ കേരളത്തില്‍ പ്രബലമാവുന്നതും ഇതുകൊണ്ടാണ്.

ഡോ. രാജന്‍ വര്‍ഗീസിന്റെ ലേഖനം സ്വയംഭരണ കോളേജുകള്‍ എന്ന ആശയത്തിന്റെ ചരിത്രപരവും അക്കാദമികവുമായ ഉള്ളടക്കത്തിലേക്കും ഒപ്പംതന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അതിന് വന്നുപെടാവുന്ന പരിണതികളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വസ്തുതകളുടെയും അനുഭവജ്ഞാനത്തിന്റെയും ഉറച്ച അടിത്തറയില്‍ കെട്ടിപ്പൊക്കപ്പെട്ട വാദമുഖങ്ങളാണ് അതിലുള്ളത്. നമ്മുടെ പൊതുസമൂഹം കാര്യമായി പരിഗണിക്കാത്ത ഒരു പ്രശ്നത്തിന്റെ നാനാതലങ്ങളെ അഭിസംബോധന ചെയ്യുന്ന ലേഖനമാണത്. ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട ഒന്ന്.
 
രണ്ട് സ്ത്രീകള്‍; ചരാചര പ്രകൃതിക്കായുള്ള സമരവും

കടലിനും പുഴയ്ക്കും വേണ്ടി ഒറ്റയ്ക്ക് സമരം ചെയ്യുന്ന രണ്ട് സ്ത്രീകളുടെ അത്യസാധാരണമായ ജീവിതത്തിന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പ് (ജൂലൈ 28 ലക്കം) പ്രസിദ്ധീകരിച്ചു. കണ്ണൂരിലെ പുതിയങ്ങാടി കടപ്പുറത്തെ ജസീറയും തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലെ ഓലത്താനിയിലെ ഡാര്‍ളിയും. സമരം സമാനതകളില്ലാത്തതാണ്. നമുക്ക് ചുറ്റും നിത്യേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ അന്യായങ്ങളോടും നീതിനിഷേധങ്ങളോടും സമരസപ്പെട്ടു ജീവിക്കുകയും പൊതുവിചാരങ്ങളായി മാത്രം അവയോടെല്ലാം പ്രതികരിക്കുകയും ചെയ്തു ശീലിച്ച മലയാള ജീവിതത്തിന് ആലോചിക്കാനാവാത്ത വിധം തങ്ങള്‍ക്ക് സ്വകാര്യമായി യാതൊന്നും ലഭിക്കാനിടയില്ലാത്ത, എന്നാല്‍ മനുഷ്യവംശത്തിനും ചരാചര പ്രകൃതിക്കും എത്രയും ഉപയുക്തമാവുന്ന ചില ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജസീറയും ഡാര്‍ളിയും സമരം ചെയ്യുന്നത്. കണ്ണൂര്‍ കടപ്പുറത്തെ മണ്ണെടുപ്പിനെതിരെ കലക്ടറേറ്റിനു മുന്നില്‍ മക്കളെയും കൂട്ടി രാത്രിയും പകലും കുത്തിയിരുന്ന ജസീറയും ഓലത്താനിയിലെ മണലൂറ്റുകാരുടെ സമ്മര്‍ദങ്ങള്‍ക്കെതിരെ, ആദിമമായ ഏതോ പ്രേരണകളുടെ മാത്രം പ്രഭാവത്താല്‍ പതിറ്റാണ്ടുകളായി ചെറുത്തുനില്‍ക്കുന്ന ഡാര്‍ളിയും. നമ്മുടെ സാമാന്യ യുക്തികള്‍ക്കെല്ലാമപ്പുറം പോകുന്ന അസാധാരണമായ നീതിബോധത്തിന്റെയും പ്രകൃതിബോധത്തിന്റെയും ആവിഷ്കാരങ്ങളെന്നപോലെ, അവര്‍ നഷ്ടങ്ങള്‍ മാത്രമുള്ള സമരത്തിന് ഒരുങ്ങിപ്പുറപ്പെടുന്നു. ഒറ്റയ്ക്ക് നില്‍ക്കുമ്പോഴാണ്, ചിലപ്പോഴൊക്കെ, മനുഷ്യന്‍ ഏറ്റവും ശക്തനായിത്തീരുകയെന്ന് പണ്ട് ഇബ്സണ്‍ പറഞ്ഞുവച്ചതിനെ മിക്കവാറും ഇബ്സണെന്ന പേരുപോലും കേട്ടിരിക്കാനിടയില്ലാത്ത, ഈ സ്ത്രീകള്‍ സാക്ഷാത്കരിക്കുന്നു. രേഖപ്പെടുത്തപ്പെട്ടാലും ഇല്ലെങ്കിലും ഭാവിയുടെ ചരിത്രമാണ് ഇവര്‍ പണിതീര്‍ത്തുകൊണ്ടിരിക്കുന്നത്.

സമകാലിക മാര്‍ക്സിസത്തിന്റെ ചരിത്രസംഗ്രഹം

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മാര്‍ക്സിസത്തിന് സംഭവിച്ചതായി പരിഗണിക്കപ്പെടുന്ന വലിയ മാറ്റങ്ങളിലൊന്ന് അക്കാദമിക മേഖലകളിലേക്കുള്ള അതിന്റെ വലിയ തോതിലുള്ള കടന്നുകയറ്റമാണ്. മാര്‍ക്സിസം സമരമുഖങ്ങളില്‍നിന്നും സര്‍വകലാശാലകളിലേക്ക് കുടിയേറി എന്ന്, ഒട്ടൊക്കെ വിമര്‍ശനാത്മകമായി തന്നെ, പരാമര്‍ശിക്കപ്പെടുന്ന നിലയില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം അക്കാദമിക ജീവിതത്തിന്റെ നാനാതലങ്ങളില്‍ പ്രാബല്യം നേടിയ കാലയളവാണിത്. 1970-കള്‍ക്കുശേഷം ലോകരാഷ്ട്രീയ ഭൂപടത്തിലും രാഷ്ട്രീയ ജീവിതത്തിലും മാര്‍ക്സിസം പലതരം പ്രതിസന്ധികളെയും അഭിമുഖീകരിക്കുകയും ഒടുവില്‍ സോവിയറ്റ് പതനത്തില്‍ ചെന്നവസാനിക്കുകയും ചെയ്ത കാലയളവില്‍ തന്നെയാണ് മാര്‍ക്സിസ്റ്റ് വൈജ്ഞാനികതയുടെ ഈ അനന്യസാധാരണമായ വ്യാപനവും അരങ്ങേറിയത്. സാമ്പത്തികശാസ്ത്രവും ചരിത്രവും രാഷ്ട്രമീമാംസയും മുതല്‍ ഭാഷാചിന്തയും മനോവിശ്ലേഷണവും ഭൂപടവിജ്ഞാനവും വരെയുള്ള മേഖലകളില്‍ മാര്‍ക്സിസം കടന്നുകയറുകയും അതത് വിജ്ഞാനമേഖലകളുടെ ചരിത്രത്തെ വഴിതിരിച്ചുവിടുകയും ചെയ്തു. മാര്‍ക്സിസം മരിച്ചെന്ന പ്രഖ്യാപനം ഒരുഭാഗത്ത് വലിയ ശബ്ദത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്, ആധുനികലോകത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധത്തില്‍ അത് പടര്‍ന്നുകയറിയത്.

"ക്രിട്ടിക്കല്‍ കംപാനിയന്‍ ടു കണ്ടമ്പററി മാര്‍ക്സിസം"  എന്ന ശീര്‍ഷകത്തില്‍ ജാക്വസ് ബിദെയും സ്റ്റാദിസ് കൊവ്വെലാകിസും ചേര്‍ന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥം മാര്‍ക്സിസത്തിന്റെ ഈ അസാധാരണ വ്യാപനത്തിന്റെ ചരിത്രം ഇതള്‍ വിടര്‍ത്തിക്കാണിക്കുന്ന ഏറ്റവും സഫലമായ ശ്രമങ്ങളിലൊന്നാണ്. 2001-ല്‍ ഫ്രാന്‍സില്‍ പുറത്തുവന്ന Dictionnaire Marx contemporain  എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായി 2008ല്‍ ആണ് ഇത് പുറത്തുവന്നത്. ഫ്രാന്‍സില്‍ നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന "ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം" പരമ്പരയിലെ പതിനാറാമത്തെ വാല്യം എന്ന നിലയിലാണ് ഈ ബൃഹദ്ഗ്രന്ഥം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന കാര്യം കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. മാര്‍ക്സിസം ഗൗരവമേറിയ ഒരു പഠനവിഷയവും രീതിപദ്ധതിയുമായി എത്ര സജീവമായി നിലനിന്നുപോരുന്നു എന്ന വസ്തുതയിലേക്കുകൂടി ഈ പരമ്പര വെളിച്ചം വീശുന്നുണ്ട്.

"മാര്‍ക്സിസം, പോസ്റ്റ്-മാര്‍ക്സിസം, നവ മാര്‍ക്സിസങ്ങള്‍" എന്ന പേരില്‍ എഡിറ്റര്‍മാര്‍ തയ്യാറാക്കിയ ആമുഖ പഠനവും തുടര്‍ന്നുള്ള നാല്‍പ്പത് അധ്യായങ്ങളുമായാണ് ഈ ഗ്രന്ഥം ആസൂത്രണം ചെയ്തിട്ടുള്ളത്. സമകാലിക മാര്‍ക്സിസം എന്നതിന്റെ താല്‍പ്പര്യമായി അവര്‍ സൂചിപ്പിക്കുന്നത് മുകളില്‍ പരാമര്‍ശിച്ച നിലയിലുള്ള അക്കാദമിക-വൈജ്ഞാനിക തലങ്ങളിലെ മാര്‍ക്സിസത്തിന്റെ സ്വാധീനത്തെയും വ്യാപനത്തെയുമാണ്. ഏകമുഖമായ ഒരു നിലപാടായോ വീക്ഷണഗതിയായോ അല്ല മാര്‍ക്സിസത്തെ ഈ സമാഹാരത്തിലെ പ്രബന്ധങ്ങള്‍ പണിഗണിക്കുന്നത്. സമകാലിക മാര്‍ക്സിസത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരനായ എറിക്ഹോബ്സ്ബോം സൂചിപ്പിക്കുന്നതുപോലെ, മാര്‍ക്സിസം ഇന്ന് ബഹുമുഖമായ ഒരു പ്രവാഹമായിക്കഴിഞ്ഞുവെന്നും അതില്‍ പരിഭ്രമിക്കേണ്ടതായോ എതിര്‍ക്കപ്പെടേണ്ടതായോ യാതൊന്നും തന്നെയില്ല എന്ന കാഴ്ചപ്പാടാണ് (Marxist history is plural today. A single `correct\' interpretation of history is not a legacy that Marx left for us. The pluralism of Marxist work today is an inescapble fact. Indeed there is nothing wrong with it എന്ന് ഹോബ്സ്ബോം) ഈ ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്. സോവിയറ്റ് മാര്‍ക്സിസത്തിന്റെ ഏകതാനതയില്‍ മനസ്സുറച്ചുപോയവര്‍ക്ക് ഈ ബഹുത്വം അസ്വാസ്ഥ്യജനകമാവാമെങ്കിലും മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം സര്‍ഗാത്മകമായ അനുഭവം തന്നെയാണ്.

മൂന്ന് ഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗത്തില്‍ മുതലാളിത്തത്തിന്റെ പരിവര്‍ത്തനങ്ങളും അവയോടുള്ള മാര്‍ക്സിസ്റ്റ് പ്രതികരണവും വിശകലനവിധേയമാക്കുന്ന നാല് പ്രബന്ധങ്ങളാണ് പ്രധാനമായുള്ളത്. ഈ ഗ്രന്ഥത്തിന്റെ സമീപനവും പൊരുളും വിശദീകരിക്കുന്ന, എഡിറ്റര്‍മാര്‍ ഇരുവരും ചേര്‍ന്നെഴുതിയ, ആദ്യ അധ്യായം കൂടാതെയാണിത്. രണ്ടാം ഭാഗത്തിലെ ഇരുപത് അധ്യായങ്ങള്‍ മാര്‍ക്സിസ്റ്റ് ചിന്താപാരമ്പര്യത്തിലെ വ്യത്യസ്ത സമീപനങ്ങളും വിവിധ ജ്ഞാനമേഖലകളില്‍ മാര്‍ക്സിസം ഉളവാക്കിയ ഫലങ്ങളുമാണ് പരിശോധിക്കപ്പെടുന്നത്. അനലറ്റിക്കല്‍ മാര്‍ക്സിസം, ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍, ബുഡാപെസ്റ്റ് സ്കൂള്‍, റെഗുലേഷന്‍ സ്കൂള്‍ എന്നിങ്ങനെയുള്ള പ്രശസ്തവും അപ്രശസ്തവുമായ മാര്‍ക്സിസ്റ്റ് പഠനപാരമ്പര്യങ്ങളും പരിസ്ഥിതി, ദൈവവിജ്ഞാനം, ഭാഷാദര്‍ശനം, നവചരിത്രവാദം, ലോക-വ്യവസ്ഥാ പഠനം തുടങ്ങിയ പഠനശാഖകളില്‍ മാര്‍ക്സിസം ചെലുത്തിയ സ്വാധീനവുമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. അവസാന ഭാഗത്തിലെ പതിനഞ്ച് അധ്യായങ്ങള്‍ കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടിനിടയില്‍ മാര്‍ക്സിസ്റ്റ് ചിന്തയെ സ്വാംശീകരിക്കുകയും പുതിയ രീതികളില്‍ പ്രയോഗിക്കുകയും ചെയ്ത ചിന്തകന്മാരെയും അവരുടെ വിചാരരീതികളെയും വിലയിരുത്തുന്ന പ്രബന്ധങ്ങളാണ്. ഗ്രാംഷിയും അഡോര്‍ണോയും അള്‍ത്യൂസ്സറും വാള്‍ട്ടര്‍ ബഞ്ചമിനും മുതല്‍ ബോര്‍ദ്യുവും ഫ്യൂക്കോയും ഹേബര്‍മാസും ലെഫ്വറെയും ആലന്‍ബാദിയുയും വരെയുള്ളവരുടെ ചിന്താലോകം ഈ ഭാഗത്ത് വിലയിരുത്തപ്പെടുന്നുണ്ട്. ഡേവിഡ് ഹാര്‍വ്വെയും ടെറി ഈഗിള്‍ട്ടണും പോലുള്ള ചില പ്രധാനികള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും (അക്കാര്യം എഡിറ്റര്‍മാര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്) കഴിഞ്ഞ ആറേഴ് പതിറ്റാണ്ടുകളില്‍ മാര്‍ക്സിസം നടത്തിയ സര്‍ഗാത്മക സഞ്ചാരങ്ങളുടെ ചരിത്രം ഈ അധ്യായങ്ങളില്‍നിന്ന് നമുക്ക് ലഭ്യമാകും. മാര്‍ക്സിസം യാന്ത്രികമായ ചില പ്രമാണവ്യവസ്ഥകളല്ലെന്നും എത്രയോ സങ്കീര്‍ണവും വൈരുധ്യപൂര്‍ണവുമായ നിലയിലാണ് അത് വികസിച്ചു വന്നതെന്നും വ്യക്തമാക്കിത്തരാന്‍ ഈ ഗ്രന്ഥം അങ്ങേയറ്റം സഹായിക്കും. മാര്‍ക്സിസത്തിന്റെ സമകാലികതയില്‍ തത്പരരായ ആര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ ഗ്രന്ഥം.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

ആ സ്വപ്നത്തിന് അമ്പതാണ്ട്

"എനിക്കൊരു സ്വപ്നമുണ്ട്" എന്ന പദാവലി ഐക്യഅമേരിക്കയുടെ സങ്കല്‍പ്പത്തിലെ സമത്വമുഖം വരച്ചിടുന്നതിനിടെ എട്ടുതവണ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ആവര്‍ത്തിച്ചു. ആ വിഖ്യാതപ്രസംഗത്തിന്റെ 50-ാംവാര്‍ഷികത്തില്‍ ലിങ്കണ്‍ മെമ്മോറിയലിന്റെ അതേപടവില്‍ നിന്ന് സംസാരിക്കുന്നത് അമേരിക്കയുടെ ആദ്യ കറുത്ത പ്രസിഡന്റാണെന്നത് വര്‍ത്തമാനയാഥാര്‍ഥ്യം. അടുത്ത തലമുറയോടെ അമേരിക്കയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമാകുമെന്നും പഠനം. എങ്കിലും കറുത്തവന്റെ കൊലയാളികളെ അമേരിക്കന്‍ നീതിപീഠം ഇപ്പോഴും വെറുതെ വിടുന്നു

ലോകചരിത്രത്തെ ത്രസിപ്പിച്ച ഒരു പ്രസംഗത്തിന് അമ്പതാണ്ട് തികയുന്നു. 1963 ആഗസ്ത് 28ന് വാഷിങ്ടണിലെ ലിങ്കണ്‍ മെമ്മോറിയലിന്റെ പടവുകളിലൊന്നില്‍നിന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്ന മുപ്പത്തിനാലുകാരന്‍ സംസാരിച്ചത് രണ്ടരലക്ഷംപേരോട്. അമേരിക്കന്‍ തലസ്ഥാനം കണ്ട ഏറ്റവും വലിയ ജനക്കൂട്ടം. അനീതിക്കും അസമത്വത്തിനുമെതിരെ പൊരുതുന്ന ലോകത്തിന് ഇന്നും ആവേശത്തിന്റെ അലയൊലിയാകുന്നു ആ വാക്കുകള്‍. അമേരിക്കന്‍ സിവില്‍റൈറ്റ്സ് മൂവ്മെന്റ് സംഘടിപ്പിച്ച "സ്വാതന്ത്ര്യത്തിനും തൊഴിലിനും വേണ്ടിയുള്ള വാഷിങ്ടണ്‍ മാര്‍ച്ചി"ലായിരുന്നു വിശ്വപ്രസിദ്ധമായ ആ പ്രസംഗം.

പ്രസിഡന്റ് കെന്നഡി മുന്നോട്ടുവച്ച പൗരാവകാശ നിയമനിര്‍മാണത്തിനുള്ള (സിവില്‍റൈറ്റ്സ് ലെജിസ്ലേഷന്‍) ബഹുജനപിന്തുണ തെളിയിക്കാനായിരുന്നു വാഷിങ്ടണ്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇക്കാരണത്താല്‍ തികച്ചും സമാധാനപരമായിരിക്കണം മാര്‍ച്ചെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മുന്നിലുള്ള ജനസഞ്ചയത്തിന്റെ ആവേശം അതിരുവിടാന്‍ ഇടയാക്കുന്നതരത്തില്‍ ആരും പ്രസംഗിക്കരുതെന്നും തീരുമാനിച്ചിരുന്നു. പലപ്പോഴായി എഴുതപ്പെട്ട കുറിപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് വാഷിങ്ടണ്‍ മാര്‍ച്ചിലെ പ്രസംഗത്തിന് കിങ് എത്തിയത്. സ്റ്റാന്‍ലി ലെവിസണ്‍, ക്ലാരന്‍സ് ബെഞ്ചമിന്‍ ജോണ്‍സ് എന്നിവരുടെ സഹായത്തോടെയാണ് പ്രസംഗത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. യഥാര്‍ഥത്തില്‍, പ്രസംഗം തയ്യാറാക്കുന്നതിനേക്കാള്‍ വലിയ ഒട്ടേറെ ചുമതലകള്‍ അവര്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നു. തലേദിവസം സന്ധ്യ കഴിയുമ്പോഴും പിറ്റേന്ന് താന്‍ എന്താണ് സംസാരിക്കുകയെന്ന് കിങ്ങിന് വ്യക്തതയില്ലായിരുന്നെന്ന് ജോണ്‍സ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയില്‍ അടിമത്തം നിരോധിച്ച എബ്രഹാം ലിങ്കന്റെ പ്രഖ്യാപനത്തിന്റെ നൂറാംവര്‍ഷത്തിലായിരുന്നു വാഷിങ്ടണിലെ മാര്‍ച്ച്. മുമ്പ് പലപ്പോഴുമെന്നപോലെ ലിങ്കനെക്കുറിച്ച് പറഞ്ഞാണ് അമേരിക്കയിലെ കറുത്തവംശജര്‍ നേരിടുന്ന വര്‍ണവിവേചനത്തിന് അറുതിവരുത്താന്‍ പൊരുതിയ കിങ് തുടങ്ങിയത്. ""നൂറുവര്‍ഷങ്ങള്‍ക്കുശേഷവും നീഗ്രോ ഇവിടെ സ്വതന്ത്രനല്ല""- അദ്ദേഹം നിരീക്ഷിച്ചു. പലപ്പോഴായി തയ്യാറാക്കിയ കുറിപ്പുകളില്‍ ഒതുങ്ങിനിന്ന് സംസാരിച്ച കിങ്, പ്രസംഗത്തിന്റെ അവസാനഘട്ടത്തിലാണ് "എനിക്കൊരു സ്വപ്നമുണ്ട്" എന്ന വിഖ്യാത ഭാഗത്തേക്ക് കടന്നത്. വേദിക്ക് തൊട്ടുമുന്നില്‍ നിന്നിരുന്ന ആഫ്രിക്കന്‍- അമേരിക്കന്‍ സുവിശേഷ ഗായിക മഹലിയ ജാക്സന്റെ പ്രേരണയെതുടര്‍ന്നായിരുന്നു ഇതെന്ന് ചരിത്രം. ""മാര്‍ട്ടിന്‍, അവരോട് സ്വപ്നത്തെക്കുറിച്ച് പറയൂ...""- മഹലിയ വിളിച്ചുപറഞ്ഞു. കടലാസുകളില്‍ ഉടക്കിനിന്ന പ്രസംഗത്തില്‍നിന്ന് കിങ്ങിന്റെ വാക്കുകള്‍ ഉണര്‍ന്നത് ഒരു ജനതയുടെ ഹൃദയത്തിലേക്കായിരുന്നു. നിരാശകളില്‍ തളരാതെ ഉണര്‍ന്ന് പൊരുതാന്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ വാക്കുകള്‍ ഊര്‍ജമാകുന്നു. സ്വാതന്ത്ര്യവും സമത്വവും പുലരുന്ന തന്റെ രാജ്യത്തെക്കുറിച്ചുള്ള സ്വപ്നം മാര്‍ട്ടിന്‍ ലൂഥര്‍ കിങ് വിവരിച്ചപ്പോള്‍, അത് ലോകചരിത്രത്തിലെ വിഖ്യാതപ്രസംഗങ്ങളില്‍ ഒന്നായി. 20-ാംനൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ അമേരിക്കന്‍ പ്രസംഗമായി "99ല്‍ പണ്ഡിതരും പൊതുജനങ്ങളും ചേര്‍ന്ന് അതിനെ തെരഞ്ഞെടുത്തു. "എനിക്കൊരു സ്വപ്നമുണ്ട്" എന്ന പദാവലി ഐക്യഅമേരിക്കയുടെ സങ്കല്‍പ്പത്തിലെ സമത്വമുഖം വരച്ചിടുന്നതിനിടെ എട്ടുതവണ കിങ് ആവര്‍ത്തിച്ചു.

യഥാര്‍ഥത്തില്‍, ആവര്‍ത്തനവിരസമാകുമെന്നതിനാല്‍ ലിങ്കണ്‍ മെമ്മോറിയലില്‍ ഈ പദപ്രയോഗം ഒഴിവാക്കണമെന്ന് തീരുമാനിച്ചതായിരുന്നു. ഇത്തരത്തിലുള്ള പല പദപ്രയോഗങ്ങളും ആവര്‍ത്തിച്ച് ഉന്നയിക്കുന്ന രീതി മിക്ക പ്രസംഗങ്ങളിലും കിങ് പിന്തുടര്‍ന്നിരുന്നു. "60 മുതല്‍ നടത്തിയ പല പ്രസംഗങ്ങളിലും തന്റെ "സ്വപ്ന"ത്തെക്കുറിച്ച് കിങ് വിശദീകരിച്ചിരുന്നു. "63 ജൂണില്‍ ഡെട്രോയിറ്റിലും അദ്ദേഹം "സ്വപ്ന"പ്രഭാഷണം നടത്തി. ലിങ്കണ്‍ മെമ്മോറിയലിലെ 18 പ്രാസംഗികരില്‍ പതിനാറാമനായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്. പക്ഷേ, ലോകം ഓര്‍ത്തുവച്ചത് കിങ്ങിന്റെ "സ്വപ്ന"ത്തെമാത്രമാണ്. അന്ന് അവിടെ തടിച്ചുകൂടിയ രണ്ടരലക്ഷത്തിനും പതിറ്റാണ്ടുകള്‍ക്കിപ്പുറവും പല കോടികള്‍ക്കും നെഞ്ചേറ്റാനുള്ള ഒരു പ്രസംഗത്തിനായിരുന്നു ആ വേദി. ലിങ്കണ്‍ മെമ്മോറിയലിന്റെ പടവുകളെ ചിരസ്മരണീയമായ സ്മാരകമാക്കാന്‍പോന്നവിധം ശക്തവും തീവ്രവുമായിരുന്നു കിങ്ങിന്റെ വാക്കുകളെന്ന് വേദിയിലുണ്ടായിരുന്ന ജോണ്‍ ലെവിസ് പറയുന്നു. അവിടെ കൂടിയവരെമാത്രമല്ല, മുഴുവന്‍ അമേരിക്കയെയും ലോകത്തെയും, പിറക്കാനിരിക്കുന്ന തലമുറകളെയും ആ വാക്കുകള്‍ സ്വാധീനിച്ചു.

അമേരിക്കയില്‍ അടിമത്തനിരോധനത്തിനുശേഷവും കറുത്തവംശജര്‍ക്ക് നേരിടേണ്ടിവന്ന സാമൂഹ്യവിവേചനത്തിന്റെ നേരനുഭവങ്ങളാണ് കിങ്ങിന്റെ പ്രസംഗത്തെ ഇത്രമേല്‍ തീവ്രമാക്കിയതെന്ന് പിന്നീട് ലോകം വിലയിരുത്തി. ലിങ്കനെയും ഗാന്ധിയെയും ആവാഹിച്ച ബൈബിളിന്റെ താളംനിറച്ച കിങ്ങിന്റെ പ്രസംഗത്തെ ലോകമാധ്യമങ്ങള്‍ പുകഴ്ത്തി. വൈറ്റ്ഹൗസിലിരുന്ന് ടെലിവിഷനില്‍ പ്രസംഗം കേട്ട പ്രസിഡന്റ് കെന്നഡി, മാര്‍ച്ചിനുശേഷമുള്ള കൂടിക്കാഴ്ചയ്ക്കിടെ കിങ്ങിനെ അഭിനന്ദിച്ചു. അതേസമയം, അമേരിക്കന്‍ ഭരണകൂടത്തിന്റെ ചാരക്കണ്ണുകളിലും ആ പ്രസംഗം ഉടക്കിയെന്ന് ചരിത്രം വ്യക്തമാക്കുന്നു. ""ഇന്നലത്തെ ശക്തമായ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ കിങ് മറ്റേതൊരു നീഗ്രോ നേതാവിനേക്കാളും മുമ്പില്‍ നില്‍ക്കുന്നു. വലിയ ജനസമൂഹത്തെ അയാള്‍ക്ക് സ്വാധീനിക്കാനാകും. ഇപ്പോള്‍ത്തന്നെ നമ്മള്‍ അയാളെ നോട്ടമിടണം. കമ്യൂണിസത്തിന്റെ നിലപാടുതറയില്‍നിന്ന് ഭാവിയില്‍ അമേരിക്കയ്ക്ക് ഏറ്റവും അപകടകാരിയായ നീഗ്രോയാകും അയാള്‍""- അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ചാരശൃംഖലയുടെ ഏജന്റായിരുന്ന വില്യം സി സള്ളിവന്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.

64ല്‍ സമാധാന നൊബേല്‍ നേടിയ കിങ്, ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ ജേതാവുമായി. "83 ആഗസ്തില്‍ "വാഷിങ്ടണ്‍ പോസ്റ്റി"ലാണ് പ്രസംഗത്തിന് ആദ്യമായി അച്ചടിമഷി പുരണ്ടത്. ടൈപ്പുചെയ്ത പ്രസംഗത്തിന്റെ പകര്‍പ്പ്, വേദിയില്‍നിന്ന് ജനക്കൂട്ടത്തിലേക്കിറങ്ങവെ ജോര്‍ജ് റാവലിങ്ങിനാണ് കിങ് കൈമാറിയത്. ബാസ്കറ്റ്ബോള്‍ കോച്ചായ റാവലിങ് അതിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. 1968 ഏപ്രില്‍ നാലിന് 39-ാംവയസ്സില്‍ വര്‍ണവെറിയന്മാരുടെ വെടിയുണ്ടയേറ്റ് ആ ജീവിതം പൊലിഞ്ഞെങ്കിലും, മാര്‍ട്ടിന്‍ ലൂഥറും അദ്ദേഹത്തിന്റെ വാക്കുകളും നീതിക്കായി പൊരുതുന്നവരുടെ ഹൃദയത്തില്‍ എന്നും ഉണര്‍ന്നിരിക്കും. ആ വിഖ്യാതപ്രസംഗത്തിന്റെ 50-ാംവാര്‍ഷികത്തില്‍ ലിങ്കണ്‍ മെമ്മോറിയലിന്റെ അതേപടവില്‍ നിന്ന് സംസാരിക്കുന്നത് അമേരിക്കയുടെ ആദ്യ കറുത്ത പ്രസിഡന്റാണെന്നത് വര്‍ത്തമാനയാഥാര്‍ഥ്യം. അടുത്ത തലമുറയോടെ അമേരിക്കയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമാകുമെന്നും പഠനം. എങ്കിലും കറുത്തവന്റെ കൊലയാളികളെ അമേരിക്കന്‍ നീതിപീഠം ഇപ്പോഴും വെറുതെ വിടുന്നു. കറുത്തവംശജനായ ട്രെവന്‍ മാര്‍ട്ടിനെ വധിച്ച സിമ്മര്‍മാനെ വിട്ടയച്ചത് ഒടുവിലത്തെ സംഭവം.

*
വിജേഷ് ചൂടല്‍

Friday, August 30, 2013

രാജ്യവും കര്‍ഷകരും

ഗൂഡല്ലൂരില്‍ നാലുദിവസമായി അഖിലേന്ത്യാ കിസാന്‍ സഭയുടെ സമ്മേളനം നടക്കുകയാണ്. ഈ നാലുദിവസം കൊണ്ട് ഇന്ത്യയിലെ 188 കര്‍ഷകര്‍ ആത്മഹത്യചെയ്തിരിക്കും. 2000 പേര്‍ ആത്മഹത്യാശ്രമം നടത്തിയിരിക്കും (ഓരോ വിജയകരമായ ആത്മഹത്യക്ക് മുമ്പും അതിനായുള്ള 12 ശ്രമങ്ങള്‍ നടന്നിരിക്കുമെന്നാണ് പോലീസ് കണക്കാക്കുന്നത്) 8000 കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കുകയോ, അല്ലെങ്കില്‍ കൃഷിക്കാരനെന്ന പദവി അവര്‍ക്ക് നഷ്ടമാകുകയോ ചെയ്ത് കര്‍ഷക തൊഴിലാളിയായി മാറിയിരിക്കും. അതേ സമയം ഇതേ നാലുദിവസത്തില്‍ നികുതി സൌജ്യന്യമായി കേന്ദ്ര സര്‍ക്കാര്‍ 5500 കോടി രൂപ കോര്‍പ്പറേറ്റ് ഇന്‍കം ടാക്സ്, ഇറക്കുമതിചുങ്കം, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനത്തിനായി എഴുതി തള്ളിയിരിക്കും.

2013 മാര്‍ച്ചില്‍ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റില്‍ 5,33,000 കോടി രൂപയാണ് ഈ ഇനത്തില്‍ അവരെഴുതിത്തള്ളിയത്. ഏറ്റവും വലിയ മുതലാളിമാരും, ഏറ്റവും വലിയ കമ്പനികളും ലക്ഷക്കണക്കിന് കോടി രൂപയാണ് നികുതി സൌജന്യം നേടിയത്.  'ഉപേക്ഷിക്കപ്പെട്ട വരുമാനം' എന്ന വിശേഷണത്തോടെ ബജറ്റിന്റെ അനക്ഷറില്‍ ഈ കണക്ക് നല്‍കിയിട്ടുണ്ട്. നമ്മുടെ ബജറ്റ് കമ്മിയെക്കാള്‍ കൂടിയ തുകയാണിത്. ഈ ധനാഢ്യര്‍ അവരടക്കേണ്ട നികുതി അടച്ചിരുന്നെങ്കില്‍ സമ്പദ് സ്ഥിതിയുടെ കുഴപ്പം ഒഴിവായേനെ. മറ്റൊന്ന് സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കമാണ്. 60,000 കോടി രൂപയാണ് ഈ ഇനത്തില്‍ ഒഴിവാക്കിക്കൊടുത്തത്. കഴിഞ്ഞ 3 വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ മാത്രം 1,50,000 കോടിരൂപയാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഇപ്പോഴും കറന്റ് അക്കൌണ്ട് കമ്മിയുടെ പേരില്‍ കുഴപ്പം ഒഴിവാക്കാനായി സ്വര്‍ണം ഇറക്കുമതി നിര്‍ത്തലാക്കണമെന്ന് ഇവര്‍ തന്നെ ആവശ്യപ്പെടുകയാണ്. 2006 മുതല്‍ 3 ലക്ഷം കോടി രൂപ നികുതി ഒഴിവാക്കി സ്വര്‍ണം ഇറക്കുമതിയെ പ്രോത്സാഹിപ്പിച്ചതും ഇവര്‍ തന്നെയാണെന്നോര്‍ക്കുക.

വെളുത്ത സ്വര്‍ണം

സ്വര്‍ണത്തിന് കൃഷിക്കാരന്റെ കണക്കില്‍ മറ്റൊരു അളവുണ്ട്. തകര്‍ന്നുകിടക്കുന്ന വിദര്‍ഭയിലെ പഞ്ഞികൃഷി മേഖല നോക്കിയാല്‍ ഈ അളവെന്തെന്ന് നമുക്ക് മനസ്സിലാക്കാം. പഞ്ഞി കൃഷി ചെയ്യുന്ന 60 കളിലെയും 70 കളിലെയും കര്‍ഷകരുടെയും ഇന്നുള്ളവരുടെയും സ്ഥിതിയൊന്നു താരതമ്യം ചെയ്യാം. അന്നവര്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരമുണ്ടായിരുന്നു. അവര്‍ കുട്ടികളെ മുംബൈയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലയച്ച് പഠിപ്പിച്ചു. അന്ന് വെളുത്ത സ്വര്‍ണമെന്നാണ് പഞ്ഞിയെ വിശേഷിപ്പിച്ചത്. കാരണം, സ്വര്‍ണത്തെക്കാള്‍ വില പഞ്ഞിക്ക് ലഭിച്ചിരുന്നു. 1974-വരെ ഒരു ക്വിന്റല്‍ പഞ്ഞിയുടെ വില 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയെക്കാള്‍ കൂടുതലായിരുന്നു. പക്ഷെ, ഇന്ന് 10 ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ ആറോ, ഏഴോ ക്വിന്റല്‍ പഞ്ഞി വില്ക്കണം. കഴിഞ്ഞ വര്‍ഷം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 10 ക്വിന്റല്‍ പഞ്ഞി വില്ക്കേണ്ടിവന്നു. കാരണം, അത്രയും സ്വര്‍ണത്തിന്റെ വില 30,000 രൂപയ്ക്കുമേലായി. ഇത് കര്‍ഷകന്റെ ജീവിതാവസ്ഥയില്‍ വന്ന മാറ്റം സൂചിപ്പിക്കുന്നു. പ്രകൃതി വാതകത്തിന്റെ വില ഇരട്ടിയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടെ കൃഷിക്കാര്‍ കൂടുതല്‍ കുഴപ്പത്തിലാകും. അത് വൈദ്യുതിയുടെയും വളത്തിന്റെയും വില വര്‍ധിക്കുന്നതിനിടയാക്കും.
കാര്‍ഷിക കുഴപ്പത്തിന്റെ ഒന്നാമത്തെ കാരണം ഈ മേഖലയിലെ നിക്ഷേപത്തില്‍വന്ന ഇടിവാണ്. കൃഷിക്കും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി 1989-ല്‍ വി.പി. സിംഗിന്റെ കാലത്ത് കാര്‍ഷികമേഖലയിലെ നിക്ഷേപം മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 14 ശതമാനമായിരുന്നു. 2004 ഓടെ അത് 6 ശതമാനമായികുറഞ്ഞു. 2004-ല്‍ ഭരണത്തിലുണ്ടായിരുന്ന സര്‍ക്കാരുകളെയൊക്കെ അന്ന് കൃഷിക്കാര്‍ പരാജയപ്പെടുത്തി. കര്‍ണാടകയില്‍ എസ്.എം. കൃഷ്ണയും, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവും പുറത്തായി. ഈ പരാജയങ്ങള്‍ കര്‍ഷകരോട് അവര്‍ സ്വീകരിച്ച സമീപനത്തിന്റെ പ്രതീകാരമായിരുന്നു. കര്‍ഷകര്‍ അവരുടെ ശക്തി അറിയണം. അവര്‍ ദുര്‍ബലരല്ല, ഒറ്റക്കല്ല. സര്‍ക്കാരിനെ കടപുഴക്കാന്‍ കഴിവുള്ളവരാണവര്‍.

ആരാണ് കൃഷിക്കാര്‍

ജനങ്ങള്‍ക്കറിവില്ലാത്ത മറ്റൊരു കാര്യം അവര്‍ കരുതുന്നയത്ര കര്‍ഷകര്‍ രാജ്യത്തില്ല എന്നതാണ്. നമുക്ക് ജഗദീഷ് ഭഗവതി, അരവിന്ദ് മാഗ്രേയ തുടങ്ങി 53 ശതമാനം ഇന്ത്യക്കാരും കര്‍ഷകരാണെന്നവകാശപ്പെടുന്ന സാമ്പത്തിക പണ്ഡിതരുണ്ട്. ജനസംഖ്യയില്‍ 50 ശതമാത്തോളം പേര്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നുപറഞ്ഞാല്‍ അവരെല്ലാം കര്‍ഷകരാണെന്നര്‍ത്ഥമില്ല. ഫിലിം വ്യവസായത്തിലുള്ളവരെല്ലാം അഭിനേതാക്കളല്ല, വിദ്യാഭ്യാസ വ്യവസായത്തിലുള്ളവരെല്ലാം വിദ്യാര്‍ത്ഥികളല്ല. സെന്‍സസ് കണക്കെടുപ്പില്‍ കൃഷിക്കാരന് ഒരു നിര്‍വചനം നല്‍കിയിട്ടുണ്ട്. പലതരം കര്‍ഷകരുണ്ട്. വര്‍ഷത്തില്‍ 183 ദിവസം കൃഷി ചെയ്യുന്നവരുണ്ട്. അത്തരമാളുകള്‍ പൂര്‍ണമായും കൃഷിയെ ആശ്രയിച്ചുകഴിയുന്നവരാണ്. അവരുടെ ജീവിതവും വരുമാനവും തൊഴിലുമൊക്കെ കൃഷിയുമായി ബന്ധപ്പെട്ടാണ്. പിന്നെ 3 മാസം മുതല്‍ 6 മാസം വരെ കൃഷി ചെയ്യുന്നവരുണ്ട്. ഒരു മാസം മുതല്‍ 3 മാസംവരെ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുണ്ട്. ഇവരെ മാര്‍ജിനല്‍ കൃഷിക്കാരെന്നു വിളിക്കാം. പിന്നെ കര്‍ഷകതൊഴിലാളികളുണ്ട്. അതില്‍തന്നെ തുടര്‍ച്ചയായി പണിചെയ്യുന്നവരും മാര്‍ജിനല്‍ തൊഴിലാളികളുമുണ്ട്. സെന്‍സസ് കണക്കു പരിഗണിച്ചാല്‍ കര്‍ഷകര്‍ ജനസംഖ്യയുടെ 8 ശതമാനത്തില്‍ താഴെയേവരൂ. മാര്‍ജിനല്‍ കൃഷിക്കാരനെകൂടി കൂട്ടിയാല്‍ അത് 9.9 ശതമാനമാകും. കര്‍ഷകതൊഴിലാളികളെ കൂടി ചേര്‍ത്താലത് 23 ശതമാമായി. ഇവരുടെ എണ്ണം നാടകീയമായി കുറഞ്ഞു കൊണ്ടേയിരിക്കുന്നു. 2001 സെന്‍സസിനും  2011 സെന്‍സസിനും ഇടയില്‍ 7.7 ദശലക്ഷം പേര്‍ കാര്‍ഷികവൃത്തി അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ പ്രധാനകര്‍ഷകരെന്ന വിശേഷണത്തിന് പുറത്താവുകയോ ചെയ്തു. പ്രധാന കര്‍ഷകന്‍ എന്ന സ്ഥാനം എങ്ങനെ അവര്‍ക്ക് നഷ്ടമായി? സെന്‍സസില്‍ കര്‍ഷകരുടെ എണ്ണം കുറയുമ്പോള്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണംകൂടുന്നു. ആന്ധ്രയില്‍ ഒരു വലിയ വിഭാഗം കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയുടെ നിയന്ത്രണം നഷ്ടമാവുകയും പ്രതിവര്‍ഷം 183 ദിവസം കൃഷി ചെയ്യാന്‍ കഴിയാതെവരികയും കര്‍ഷകത്തൊഴിലാളിയായി മാറാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. 60-കളിലും 70-കളിലും, എന്തിന് 80-കളില്‍ വരെ നോക്കിയാല്‍ കൃഷിക്കാരുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവാണ് കാണുക. എന്നാല്‍  1991 മുതല്‍ 2011 വരെയുള്ള സെന്‍സസില്‍ കര്‍ഷകരുടെ എണ്ണം 7.2 ദശലക്ഷം കണ്ട് കുറഞ്ഞു.

അതായത് 20 വര്‍ഷത്തെ സാമ്പത്തിക പരിഷ്ക്കരണത്തോടെ രാജ്യത്ത് കര്‍ഷകര്‍ എന്ന് നാം വിളിച്ചിരുന്ന വിഭാഗത്തില്‍ 15 ദശലക്ഷം പേര്‍ ആ വിശേഷണത്തിന് പുറത്തായി. അതായത് ശരാശരി പ്രതിദിം 2000 കര്‍ഷകരെ നമുക്കു നഷ്ടമായി എന്നര്‍ത്ഥം. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കെടുത്താന്‍ ഇത് ശരാശരി പ്രതിദിനം 2035 ആകും. പ്ളാനിംഗ് കമ്മീഷന്റെ കണക്കുപ്രകാരം 2005-2010ല്‍ കാര്‍ഷിക മേഖലയില്‍ 14 ദശലക്ഷം തൊഴിലാളികളാണ് നഷ്ടമായത്. അതിനാല്‍ ജനസംഖ്യയുടെ 50 ശതമാനം കര്‍ഷകരാണെന്ന കണക്ക് തീര്‍ത്തും തെറ്റാണ്. എന്നാല്‍ ജനസംഖ്യയില്‍ 50 ശതമാനം മുതല്‍ 60 ശതമാനംവരെ കൃഷിയെയും അനുബന്ധ മേഖലകളെയും ആശ്രയിച്ചാണ് കഴിയുന്നതെന്നുപറഞ്ഞാല്‍ അത് ശരിയായിരിക്കും.

കോര്‍പ്പറേറ്റുകളുടെ കയ്യില്‍

നമുക്ക് കാര്‍ഷികരംഗത്തെ കുഴപ്പം ഒറ്റ വാചകത്തില്‍ വിവരിക്കാം. ഇന്ത്യന്‍ ഭരണവര്‍ഗം കൃഷിയെ ചെറുകിട കര്‍ഷകരില്‍ നിന്നെടുത്ത് രാജ്യത്തെ വന്‍കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിച്ചതാണ് കുഴപ്പത്തിന്റെ കാരണം. ഉദാഹരണത്തിന് ആരൊക്കെയാണ് മഹാരാഷ്ട്രയില്‍ കര്‍ഷകരായി രജിസ്റര്‍ ചെയ്തതെന്നു നോക്കാം. കാര്‍ഷികവായ്പ, ഗ്രാമീണ വായ്പ തുടങ്ങിയവയെല്ലാം രാജ്യത്തെ വന്‍കമ്പനികള്‍ക്ക് ലഭ്യമാകുംവിധം നിയമങ്ങള്‍ മാറ്റി. 2010-ല്‍ മഹാരാഷ്ട്രയില്‍ റിസര്‍വ് ബാങ്കിലെ ഒരുദ്യോഗസ്ഥന്‍ നടത്തിയ വിശകലപ്രകാരം സംസ്ഥാനത്തെ കാര്‍ഷിക വായ്പയുടെ 53 ശതമാനം മുംബൈ നഗരത്തിലെ ശാഖകളാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ ഗ്രാമീണ ശാഖകളില്‍ിന്ന് നല്‍കിയിട്ടുള്ള വായ്പ 38 ശതമാനമാണ്.

എവിടെയാണ് മുംബൈ നഗരത്തില്‍ കൃഷിക്കാരുള്ളത്. മുകേഷ് അംബാനിയും അമിതാഭ് ബച്ചനുമാണവിടത്തെ കര്‍ഷകര്‍. അവരാണ് പുത്തന്‍ കൃഷിക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രമല്ല 90കളില്‍ രാജ്യത്താകമാനം സര്‍ക്കാര്‍ ഗ്രാമത്തിലെ ബാങ്ക് ശാഖകള്‍ പൂട്ടി. 1993ല്‍ കൊമേഴ്സ്യല്‍ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ റൂറല്‍ ബാങ്കുകളടക്കം 60 ശതമാനം ഗ്രാമപ്രദേശങ്ങളിലായിരുന്നു. 2008 ആയപ്പോഴേക്കും അത് 48 ശതമാനമായിക്കുറഞ്ഞു. 2009-10 ആയപ്പോള്‍ ഈ നടപടി സൃഷ്ടിച്ച കുഴപ്പത്തെ തുടര്‍ന്ന് ഏതാനും ശാഖകളവര്‍ തുറക്കാന്‍ ശ്രമിച്ചു. ഒപ്പം ബാങ്കിംഗ് കറസ്പോണ്ടന്റെന്ന ഒരു പുതിയ സംവിധാനം കൊണ്ടുവന്നു. അത് പുതിയതരം പണം വട്ടിപ്പലിശ സമ്പ്രദായമാണ്. ഓരോ പ്രാവശ്യം വായ്പ അനുവദിക്കുകയോ, നല്‍കുകയോ ചെയ്യുമ്പോള്‍ അയാള്‍ കൃഷിക്കാരില്‍ിന്ന് ഒരു നിശ്ചിത നിരക്കിലുള്ള പണം വസൂലാക്കുന്നു.

എന്നാല്‍ കാര്‍ഷികവായ്പയുടെ മൊത്തം തുകയില്‍ കാര്യമായ വര്‍ധവുണ്ടായിട്ടുണ്ട്. പക്ഷെ, അതു കിട്ടുന്നത് ചെറുകിടകൃഷിക്കാരല്ല. കാര്‍ഷിക വായ്പയുടെ കൂട്ടത്തില്‍ ഒട്ടനേകം വിഭാഗങ്ങള്‍കൂട്ടിച്ചേര്‍ത്ത് അതിനുള്ള ന്യായങ്ങളും നിരത്തിയിട്ടുണ്ട്. ചിലതൊക്കെ ഏറെ രസകരമായി അനുഭവപ്പെടും. 2010-ല്‍ ബിസിസുകാരുടെ ഒരു ചെറിയ ഗ്രൂപ്പ് ഔറംഗബാദില്‍ 150 മെഴ്സിഡന്‍സ് ബെന്‍സ് കാറുകള്‍ ഒറ്റയടിക്ക് വാങ്ങിയപ്പോള്‍ ഇതെത്ര വലിയ നഗരമാണെന്ന് എല്ലാവരും അത്ഭുതപ്പെട്ടു. അത് ഗിന്നസ് ബുക്കിലും, ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ചേര്‍ക്കേണ്ട ഒരു സംഭവമായി. 150 കാറുകളുടെ വില 66 കോടി രൂപ. ഇതില്‍ 44 കോടി രൂപ നല്‍കിയത് പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യില്‍ിന്ന് 7 ശതമാനം പലിശക്ക്. ഞാന്‍ എസ്.ബി.ഐ.യുടെ അതേ ശാഖയില്‍ ചെന്ന് ചോദിച്ചു. ഞാന്‍ ഒരു കര്‍ഷകാണ്; ഒരു ട്രാക്റ്റര്‍ വാങ്ങാനുദ്ദേശിക്കുന്നു; പലിശ എത്രയാണ്? മറുപടി 14 ശതമാനമെന്നായിരുന്നു. അതായത് ലക്ഷ്വറി കാറിന് പലിശ 7 ശതമാവും കാര്‍ഷികോല്പാദത്തിന്റെ ഘടകമായ ട്രാക്റ്ററിന് 14 ശതമാവും. ഇത് ചെറുകിട കര്‍ഷകനോടുള്ള ഭരണകൂടത്തിന്റെ ശത്രുത വെളിപ്പെടുത്തുന്നു. ഇത് ഇന്നു നടക്കുന്ന വിവേചനത്തിന്റെ കഥ പറയുന്നു. കാര്‍ഷിക വായ്പക്ക് ഇന്നിവര്‍ നല്കുന്ന നിര്‍വചനമനുസരിച്ച് മുകേഷ് അമ്പാനി ചെന്നൈയില്‍ അണ്ണാശാലയില്‍ ഒരു കോള്‍ഡ് സ്റോറേജ് ആരംഭിച്ചാല്‍ 4 ശതമാനം പലിശയ്ക്ക് വായ്പ കിട്ടും. ആ കോള്‍ഡ് സ്റോറേജ് പച്ചക്കറികള്‍ സൂക്ഷിക്കാായതിനാല്‍ അത് കാര്‍ഷിക വായ്പയായി പരിഗണിക്കും. അതേ സമയം ഗ്രാമത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകന്‍ വായ്പ ലഭ്യമല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണ്. പക്ഷെ, സര്‍ക്കാര്‍ കാര്‍ഷിക വായ്പയ്ക്ക് നിര്‍വചനങ്ങള്‍ ചമക്കുകയും ഓരോ ബജറ്റിലും നിര്‍വചനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് കര്‍ഷകര്‍ക്കുള്ള വായ്പ വെട്ടിക്കുറക്കുകയാണ്. രാജ്യത്താകെ ഞാന്‍ സന്ദര്‍ശിക്കുന്ന അനേകം ജില്ലകളില്‍ ജനങ്ങള്‍ പറയുന്നത് ബാങ്കുകള്‍ വളരെ കുറഞ്ഞ പലിശ പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷെ, അവര്‍ വായ്പ ല്‍കുന്നില്ല എന്നാണ്.

ടാറ്റാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫസര്‍ രാംകുമാര്‍ നടത്തിയ പഠനമനുസരിച്ച് 2010 വരെ ദേശീയതലത്തില്‍ 50,000 മുതല്‍ 2 ലക്ഷം വരെയുള്ള ചെറുകിട കര്‍ഷകര്‍ എടുത്തിരുന്ന വായ്പയില്‍ വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്. അതേ സമയം മൊത്തം കാര്‍ഷിക വായ്പ ഇരട്ടിക്കുമേല്‍ വര്‍ദ്ധിച്ചു. 10 കോടിക്കുമേല്‍ വരെ വായ്പയും വര്‍ധിച്ചു. അത്തരം വായ്പകള്‍ പോകുന്നത് കര്‍ഷകരിലേക്കല്ല; കോര്‍പ്പറേറ്റുകള്‍ക്കാണ്. അവ കാര്‍ഷിക യന്ത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് ലഭ്യമാണ്. കോര്‍പ്പറേറ്റ് മേഖലയുടെ വായ്പകള്‍ എഴുതിത്തള്ളുന്നുമുണ്ട്. ഫിക്കിയുമായി ചേര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റ് "മില്യണ്‍ ഫാര്‍മര്‍ ഇനിഷ്യേറ്റീവ്'' എന്ന ഒരു സ്കീം ആരംഭിച്ചിട്ടുണ്ട്. 7000 കോടിരൂപ വരുന്ന ഈ പദ്ധതിയില്‍ 3000 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് സബ്സിഡിയാണ്. തമിഴ്നാട്ടില്‍ കേന്ദ്ര ഓഫീസ് കൊല്‍ക്കത്തയിലുള്ള ഐ.ടി.സി. എന്ന കമ്പനി ഈ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നു. അതുപ്രകാരം ഈ കമ്പനിയുടെ എം.ബി.എ. ബിരുദക്കാരും മറ്റു എക്സിക്യൂട്ടീവുകളും റാഗി, മുളക്, ജീരകം, പുകയില എന്നിവ എങ്ങനെ വളര്‍ത്തണമെന്ന് നമ്മുടെ കര്‍ഷകരെ പഠിപ്പിക്കാന്‍ പോകയാണ്. ഇത് ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റ് കൃഷിയിലേക്ക് മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തെളിയിക്കുന്നു.

ഇന്നത്തെ കാര്‍ഷിക കുഴപ്പത്തിന്റെ മൂലകാരണം ദശലക്ഷക്കണക്കിന് ജനങ്ങളെ കാര്‍ഷിക വൃത്തിയില്‍ നിന്നകറ്റി ആ മേഖല കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതുതന്നെയാണ്.

കടക്കെണിയും ആത്മഹത്യയും

അതേ സമയം ഒരു കമ്പോളാധിഷ്ഠിത വില നിര്‍ണയത്തിനുവേണ്ടി സര്‍ക്കാര്‍ നിലകൊള്ളുകയാണ്. ഗ്യാസിന്റെ വില ഇരട്ടിയായി വര്‍ധിപ്പിച്ചപോലെ ഏകപക്ഷീയ നീക്കമാണിത്. കമ്പോളത്തിലോ, ഇന്ത്യന്‍ ഉല്പാദരീതിയിലോ ഇതിന് ഒരടിസ്ഥാനവുമില്ല. കൃഷിക്കാവശ്യമായ എല്ലാ വസ്തുക്കളുടെയും വില ഇതുമൂലം വര്‍ധിക്കും. കഴിഞ്ഞ 15 വര്‍ഷമായി വളത്തിന്റെ വിലയില്‍ ഗണ്യമായ വര്‍ധവാണുണ്ടായത്. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ (ഡി.എ.പി.) വില ഒരു ബാഗിന് 1991ല്‍ 180 രൂപയായിരുന്നു. 2011-ല്‍ അത് 534 രൂപയായി. ഇന്നതിന് തമിഴ്നാട്ടില്‍ 1250 രൂപയാണ്. രാജ്യമാകെ ജലം സ്വകാര്യവല്‍ക്കരിക്കയാണ്. അങ്ങനെ കൃഷിച്ചെലവ് 5 മടങ്ങു കണ്ടു വര്‍ധിച്ചപ്പോള്‍ കര്‍ഷകന്റെ വരുമാനം 5 മടങ്ങു വര്‍ധിച്ചില്ല. കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അവര്‍ പാപ്പരായി. സ്ഥാപനങ്ങളില്‍ നിന്നവര്‍ക്ക് വായ്പ ലഭിക്കുന്നില്ല. വട്ടിപ്പലിശക്കാരനെ സമീപിക്കേണ്ടിവരുന്ന കര്‍ഷകന്‍ കടത്തില്‍ മുങ്ങിത്താഴുന്നു. മിക്ക കാര്‍ഷിക ആത്മഹത്യകളുടെയും അടിസ്ഥാന കാരണമിതാണ്. ആത്മഹത്യ ചെയ്ത 850 പേരുടെ വീടുകള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ കേസുകളിലെല്ലാം അവര്‍ക്ക് വന്‍ കടബാധ്യതയുണ്ടായിരുന്നു. കാര്‍ഷിക കടം മാത്രമല്ല; ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ക്കുവേണ്ടി വന്ന കടവുമുണ്ട്. ഇന്ന് ഗ്രാമീണ ഇന്ത്യയില്‍ കുടുംബ ബാധ്യതയില്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാനം ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കാണ്. പുതിയ കടം, പഴയകട ബാധ്യതകള്‍, വായ്പയുടെ ദൌര്‍ലഭ്യം, കൃഷിയുടെ തകര്‍ച്ച, വര്‍ധിച്ച കാര്‍ഷിക ചിലവ്, എല്ലാംകൂടി ചേരുമ്പോള്‍ ആത്മഹത്യയെന്ന പ്രതിവിധിയിലേക്ക് കര്‍ഷകന്‍ ചെന്നെത്തുകയാണ്.

2013 ജൂണ്‍ അവസാം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 1995 മുതല്‍ 2013 വരെയുള്ള 18 വര്‍ഷത്തില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ കൃഷിക്കാരുടെ എണ്ണം 2,84,694 ആണ്. ഇതില്‍ ആത്മഹത്യ ചെയ്ത വനിതാ കൃഷിക്കാരുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല. പോലീസും സര്‍ക്കാരും ലക്ഷക്കണക്കിനുവരുന്ന സ്ത്രീകളെ കൃഷിക്കാരായി അംഗീകരിക്കുന്നില്ല. അവരെ കര്‍ഷകരുടെ ഭാര്യമാരായിട്ടാണ് വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഔദ്യോഗിക കണക്കില്‍ 8-10 ശതമാം മാത്രമേ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കണക്കില്‍ വരുന്നുള്ളൂ.

അതുപോലെ ഔദ്യോഗിക കണക്ക് എസ്.സി./എസ്.ടി. കര്‍ഷകരെയും ഒഴിവാക്കുന്നു. പലപ്പോഴും പോലീസ് പറയുന്നത് അവര്‍ക്ക് രേഖപ്രകാരമുള്ള പട്ടയമില്ലെന്നാണ്. വനിതകളെയും, എസ്.സി. / എസ്.ടി. വിഭാഗങ്ങളെയും ഒഴിവാക്കിയ ശേഷമുള്ള കണക്കുപ്രകാരം കഴിഞ്ഞ 9 കൊല്ലത്തില്‍ 32 മിനിറ്റില്‍ ശരാശരി ഒരു കര്‍ഷകന്‍ വീതം സ്വയം മരിക്കുന്നു. കുഴപ്പം ആത്മഹത്യയല്ല, അതിലേക്കെത്തിക്കുന്ന കാരണങ്ങളാണ്. കുഴപ്പമെങ്ങനെ തുടങ്ങുന്നുവെന്നതല്ല, അതെവിടേക്കെത്തിക്കുന്നു എന്നതാണ്. ഭരണക്കാരുടെ നവലിബറല്‍ നയങ്ങള്‍ കാര്‍ഷിക മേഖലയിലെ നിക്ഷേപം ഒഴിവാക്കി കാര്‍ഷികവൃത്തി ചെറുകിട കര്‍ഷകരില്‍ിന്ന് വന്‍കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള പദ്ധതിയാണ്. കര്‍ഷകരുടെ ലക്ഷക്കണക്കിനുവരുന്ന ഏക്കര്‍ ഭൂമി അവര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഈയിടെയാണ് വെറ്റില കൃഷി നടത്തിയിരുന്ന പ്രദേശങ്ങള്‍ ഖനനത്തിനായി POSCO എന്ന കമ്പനിക്ക് കൈമാറുന്നതിനെതിരെ സമരം നടന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ സെന്‍സസ് രേഖകള്‍ പറയുന്നത് ദശലക്ഷക്കണക്കിന് ജനങ്ങള്‍ സ്വന്തം ഗ്രാമങ്ങളുപേക്ഷിച്ച് നഗരങ്ങളിലേക്ക് കുടിയേറിയെന്നും അത് പുതിയ പ്രശ്ങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു എന്നുമാണ്. പുരുഷന്മാര്‍, അവര്‍ ഗ്രാമങ്ങളില്‍ താമസമാണെങ്കിലും കൃഷി ഉപേക്ഷിച്ചിരിക്കുന്നു. അത് സ്ത്രീ കര്‍ഷകരുടെമേല്‍ കൂടുതല്‍ ബാധ്യതകള്‍ വരുത്തിയിരിക്കുന്നു. മുമ്പ് വീട്ടിലവര്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചിരുന്നെങ്കില്‍ ഇന്നതുപേക്ഷിച്ച് കര്‍ഷകത്തൊഴിലാളികളായി. അതിനാല്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു. 1997നുശേഷം ആടുമാടുകളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി.

സാധ്യമായ പരിഹാരങ്ങള്‍

ഈ സ്ഥിതിയില്‍ കര്‍ഷകരുടെ ദേശീയ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കയാണുവേണ്ടത്. വര്‍ധിച്ചുവന്ന കര്‍ഷക ആത്മഹത്യകളെ തുടര്‍ന്ന് 2004-ല്‍ സര്‍ക്കാര്‍ പ്രൊഫസര്‍ സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിച്ചു. 2007-ല്‍ കമ്മീഷന്‍ കൃഷിമന്ത്രി ശരദ് പവാറിന് വിപുലമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി. അതില്‍ ക്രിയാത്മകമായ നിരവധി നിര്‍ദേശങ്ങളുണ്ട്. 6 വര്‍ഷം കഴിഞ്ഞെങ്കിലും പാര്‍ലമെന്റില്‍ ആ റിപ്പോര്‍ട്ടിനെപ്പറ്റി ഒരു ചര്‍ച്ചപോലും നടന്നില്ല. അത് ഇന്നുവരെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. എന്നാല്‍ കെ.ജി. ബേസിനിലെ എണ്ണയുടെ നേട്ടം, അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ ആന്ധ്രയിലെ ജനങ്ങളാണെങ്കിലും, മുകേഷ് അമ്പാനിക്കോ അതോ അനില്‍ അമ്പാനിക്കോ നല്‍കേണ്ടതെന്ന കാര്യം ചര്‍ച്ച ചെയ്യാനവര്‍ക്ക് സമയമുണ്ട്. കാര്‍ഷികചിലവും അതിന്റെ 50 ശതമാവും കൂട്ടിയാവണം കര്‍ഷക് ലഭിക്കേണ്ട വിലയെന്നൊരു നിര്‍ദേശമതിലുണ്ട്. കുറഞ്ഞ പലിശയുള്ള വായ്പയെക്കുറിച്ചും, വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പലിശരഹിത വായ്പ നല്‍കുന്നതിക്കുറിച്ചും അതില്‍ പറയുന്നുണ്ട്. ഇടതുപക്ഷ പാര്‍ടികളുടെ എം.പി.മാര്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളം വിളിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ശരദ് പവാര്‍ അതിന് സമ്മതിച്ചെങ്കിലും കാര്യങ്ങള്‍ ഒരിഞ്ചുനീങ്ങിയിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചശേഷമിന്നുവരെ ശരദ് പവാര്‍ സ്വാമിനാഥനോട് സംസാരിച്ചിട്ടില്ല. കോര്‍പ്പറേറ്റുകള്‍ക്കായുള്ള ഒരു റിപ്പോര്‍ട്ട് തയാറാക്കി നല്‍കാത്തതിാലാവണം സ്വാമിനാഥട് ഇങ്ങനെ പെരുമാറുന്നത്. നാം ചെയ്യേണ്ടത് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാനായി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.

കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ സമ്മേളം വിളിച്ചുകൂട്ടണമെന്ന ശക്തിയായ നിലപാട് നാം സ്വീകരിക്കണം. കൃഷി ഒരു പൊതുസേവനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടണം. കാര്‍ഷിക മേഖലയിലുള്ളവര്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴ്ന്ന ശ്രേണിയിലാണ്. കമ്മീഷന്റെ നിര്‍ദേശങ്ങളിലൊന്ന് ഇങ്ങിനെയാണ്. "കാര്‍ഷിക വളര്‍ച്ച കണക്കാക്കേണ്ടത് ഉല്പന്നത്തിന്റെ അടിസ്ഥാനത്തിലല്ല, കൃഷിക്കാരന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്''.

അതോടൊപ്പം മറ്റു രണ്ടു കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹ്യ പ്രശ്ങ്ങള്‍ സംബന്ധിച്ച ഗവേഷണവും സാമ്പത്തിക പ്രശ്ങ്ങളില്‍ കൈക്കൊള്ളേണ്ട നയങ്ങളും. സാമൂഹ്യമേഖലയില്‍ ഗവേഷണത്തില്‍ ശ്രദ്ധയൂന്നണം. ഇന്ന് പൊതുമേഖലയിലുള്ള കാര്‍ഷിക സര്‍വകലാശാലകളും ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും വിറ്റുകഴിഞ്ഞു. അവ പൂര്‍ണമായും ഇന്നു പ്രവര്‍ത്തിക്കുന്നത് മൊണ്‍സാന്റോ, കാര്‍ഗില്‍ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടിയാണ്. കര്‍ഷകരെ അവരെന്നോ കൈവെടിഞ്ഞുകഴിഞ്ഞു. ഇന്നവര്‍ പുതിയതെന്നു പറഞ്ഞ് ഈ കുത്തകകളുടെ വിത്തുകളും മറ്റും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കയാണ്. നമ്മുടെ കര്‍ഷകരെ അവര്‍ ചതിയില്‍പ്പെടുത്തുകയാണ്. അതുകൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭ മുന്‍കൈയെടുത്ത് ദേശീയതലത്തിലും, സംസ്ഥാനതലത്തിലും കഴിയുമെങ്കില്‍ ജില്ലാതലത്തിലും ചെറിയതോതിലെങ്കിലും കാര്‍ഷിക ഗവേഷണം സംഘടിപ്പിക്കണം. പരീക്ഷണാര്‍ത്ഥം ഒന്നോ രണ്ടോ ഏക്കറിലായി ഇത് തുടങ്ങിവക്കാം. ഓരോ ജില്ലയിലും മണ്ണിന്റെ ഉല്പാദന ക്ഷമത മുക്കറിയേണ്ടതുണ്ട്. മണ്ണൊലിപ്പ് വര്‍ധിച്ചുവരുന്നു. ഒന്നുകില്‍ ശരിയായ വിഭവം കൃഷി ചെയ്യാത്തതുകൊണ്ടോ കൂടുതല്‍ രാസവളമുപയോഗിക്കുന്നതുകൊണ്ടോ മണ്ണിന്റെ ഉല്പാദനക്ഷമത കുറയാം. ഇതൊക്കെ നിര്‍ണയിച്ചേ തീരൂ. വിവിധ രാജ്യങ്ങളില്‍ കര്‍ഷകരുടെ സംഘടകള്‍ ഇത്തരം പ്രവര്‍ത്തങ്ങള്‍ നടത്തിവരുന്നുണ്ട്. വെള്ളത്തിന്റെ ഉപയോഗക്രമത്തിന്റെ കാര്യമുണ്ട്. സംയുക്ത കൃഷി രീതികള്‍ വേണ്ടിവരും. ഉദാഹരണത്തിന് ഒരു പ്രദേശത്തെ 50 കുടുംബങ്ങള്‍ക്ക് സംയുക്തമായി ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ നിര്‍ണയിച്ച് പ്രവര്‍ത്തികള്‍ ചെയ്യാനാവും. അപ്പോള്‍ എന്തു കൃഷി ചെയ്യണമെന്നും എത്ര കൃഷി ചെയ്യണമെന്നുമൊക്കെ നല്ല ധാരണ അവര്‍ക്കുണ്ടാവും.

രാഷ്ട്രീയ, സാമ്പത്തിക പ്രശ്ങ്ങള്‍ പരിഗണിച്ചാല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ സമരം ചെയ്യേണ്ടിവരും. 20 വര്‍ഷങ്ങളായി തുടരുന്ന നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടണം. വായ്പാ സംവിധാനം ഉടച്ചുവാര്‍ക്കാനായി ജനകീയ സമരം സംഘടിപ്പിക്കണം. നമ്മുടെ രാജ്യത്തിന്റെ ചരിത്രം നോക്കിയാല്‍ നഗര പ്രദേശങ്ങളിലെ നേതാക്കളും വക്കീലന്മാരും മാത്രമല്ല, ഈ രാജ്യത്തെ കര്‍ഷകരും ചേര്‍ന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ കടപുഴക്കിയതെന്ന് കാണാന്‍ കഴിയും. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ കര്‍ഷകരുടെ സംഭാവനയുണ്ട്. 1948-ല്‍ തെലങ്കാനയില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ കര്‍ഷകര്‍ നൈസാമിനെതിരെ സമരം ചെയ്ത് 10 ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്തു. 50-കളില്‍ കേരളത്തില്‍ ഭൂപരിഷ്ക്കരണം കൊണ്ടുവന്നു. 70-കളിലും 80-കളിലും പടിഞ്ഞാറന്‍ ബംഗാളില്‍ ഭൂപരിഷ്ക്കരണം നടപ്പിലാക്കി. ഇനിയും ചെയ്തുതീര്‍ക്കാന്‍ ഏറെ ബാക്കിയുണ്ട്.

ഇന്ത്യയില്‍ 50, 60, 70-കളില്‍ കര്‍ഷകരുടെ വന്‍ ജനകീയ പ്രസ്ഥാനങ്ങളുയര്‍ന്നുവന്നു. 90, 2000 ആയപ്പോള്‍ നാം കാണുന്നത് കര്‍ഷകരുടെ കൂട്ട ആത്മഹത്യയാണ്. ഇതല്ല പരിഹാരം. അത് കീഴടങ്ങലാണ്. അതിനാല്‍ നമുക്ക് 50, 60, 70-കളിലേക്ക് പോകണം. നയങ്ങളെ ചെറുക്കണം. അവകാശങ്ങള്‍ക്കായി പ്രക്ഷോഭം സംഘടിപ്പിക്കണം. കൃഷി കര്‍ഷകന്റെ കൈവശം തുടരുമെന്നും കോര്‍പ്പറേറ്റുകളെ അവിടേക്ക് കടത്തില്ലെന്നും ഉറപ്പുവരുത്തണം. അങ്ങനെ ചെയ്തിട്ടുണ്ടെന്നും ഇനിയും അങ്ങനെ ചെയ്യാന്‍ കഴിയുമെന്നുമാണ് കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രം തെളിയിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ തെരുവിലിറങ്ങി കോര്‍പ്പറേറ്റുകളെ നേരിടുമ്പോള്‍ അതൊരു ശക്തവും രൂക്ഷവുമായ സമരമായിമാറും. അവിടെ അന്തിമവിജയം കര്‍ഷകര്‍ക്കു തന്നെയായിരിക്കും.

*
പി.സായ്നാഥ്

ഭക്ഷ്യസുരക്ഷയോ രാഷ്ട്രീയലക്ഷ്യമോ?

കാത്തിരുന്ന ഭക്ഷ്യസുരക്ഷാ ബില്‍ ഒടുവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നിരിക്കയാണ്. സ്വാതന്ത്ര്യത്തിന്റെ 65 വര്‍ഷം പിന്നിട്ടിട്ടും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ രാജ്യത്തുണ്ടായിരുന്ന ജനസംഖ്യക്ക് ഏതാണ്ട് തുല്യമാണ് ഇന്ന് ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം. ആഗോള ഹംഗര്‍ റിപ്പോര്‍ട്ടുപ്രകാരമുള്ള പട്ടിണിസൂചിക അനുസരിച്ച് 81 രാജ്യങ്ങളില്‍ 67-ാംസ്ഥാനത്താണ് ഇന്ത്യ. പോഷകാഹാരക്കുറവുള്ളവരുടെ എണ്ണത്തിലും ഇന്ത്യതന്നെ മുന്നില്‍. 1991നുശേഷം രാജ്യത്ത് നടപ്പാക്കിയ ഉദാരവല്‍ക്കരണനയങ്ങള്‍ ഭക്ഷ്യസുരക്ഷയെ ബാധിച്ചു. കാര്‍ഷികപ്രതിസന്ധി, ഭക്ഷ്യോല്‍പ്പാദനത്തിലുണ്ടായ ചാഞ്ചാട്ടം, ജനങ്ങളുടെ വാങ്ങല്‍ശേഷിയിലുണ്ടായ ഗണ്യമായ കുറവ്, പൊതുവിതരണസമ്പ്രദായം വിഭജിച്ച് പരിമിതപ്പെടുത്തിയത് എന്നിവയാണ് പ്രധാന കാരണങ്ങള്‍.

എല്ലാ പൗരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഉറപ്പാക്കുന്ന, ലോകത്ത് സമാനതകളില്ലാത്ത പദ്ധതിയെന്ന് അവകാശപ്പെട്ടാണ് ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവരുന്നത്. എന്നാല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനേക്കാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയായുധമാണ് ഈ ബില്ലെന്ന വിമര്‍ശവുമുണ്ട്. ആ വിമര്‍ശം ശരിവയ്ക്കുന്നതും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നതുമായ ചില സാഹചര്യങ്ങള്‍ അവഗണിക്കാനാകില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ നൂറുദിവസംകൊണ്ട് ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുമെന്നാണ് ആദ്യത്തെ നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞത്. അതിനുശേഷം 1500 ദിവസം പിന്നിട്ടിട്ടാണ് ഈ ബില്‍ കൊണ്ടുവരുന്നത്. ഈ കാലതാമസത്തിന് മറ്റാരുമല്ല ഉത്തരവാദി. ബില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ ഇത്രയുംകാലം ആരും തടഞ്ഞിട്ടില്ല. അപ്പോള്‍ ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുക എന്നതിനേക്കാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു നിയമം പാസാക്കി സ്വന്തം രാഷ്ട്രീയസുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുക എന്നതാണ് യുപിഎയുടെ ഉദ്ദേശ്യമെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതുതന്നെ അനുചിതമായ നടപടിയായിരുന്നു. രാഷ്ട്രീയപ്രചാരണമെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും അതിനുണ്ടായിരുന്നില്ല. ഈ രാഷ്ട്രീയ ഉദ്ദേശ്യവും ആത്മാര്‍ഥതയില്ലായ്മയും പ്രതിഫലിപ്പിക്കുന്നതാണ് ബില്ലിലെ പല വ്യവസ്ഥകളും.

സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബില്‍ യഥാര്‍ഥത്തില്‍ പഴയതില്‍നിന്നുള്ള പിന്നോക്കംപോക്കാണ്. 2011ലെ ബില്‍ അഞ്ചംഗകുടുംബത്തിന് മൂന്നു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കാന്‍ വ്യവസ്ഥചെയ്ത സ്ഥാനത്ത്, ഒരു വ്യക്തിക്ക് അഞ്ചു കിലോ എന്നാക്കി ചുരുക്കിയിരിക്കയാണ് ഇപ്പോഴത്തെ ബില്ലില്‍. അതായത് അഞ്ചംഗകുടുംബത്തിന് നേരത്തെ 35 കിലോ ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 25 കിലോമാത്രമാകും. കുടുംബങ്ങളിലെ അംഗസംഖ്യ കുറവായ കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ നഷ്ടം വലുതായിരിക്കും. വില നിശ്ചയിക്കുന്നതിലും ഒളിച്ചുകളി പ്രകടമാണ്. അരി, ഗോതമ്പ്, പയര്‍ എന്നിവയ്ക്ക് യഥാക്രമം മൂന്നു രൂപ, രണ്ടു രൂപ, ഒരു രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരുന്നത്. പുതിയ ബില്ലില്‍ മൂന്നുവര്‍ഷത്തേക്കുമാത്രമായിരിക്കും ഈ വില പ്രാബല്യത്തിലുണ്ടാവുക. അതിനുശേഷം താങ്ങുവിലയേക്കാള്‍ കൂടാത്ത വില കേന്ദ്രസര്‍ക്കാരിന് നിശ്ചയിക്കാമെന്നാണ് വ്യവസ്ഥ. വില വര്‍ധിപ്പിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന ഈ വ്യവസ്ഥയില്‍ അപകടം പതിയിരിക്കുന്നുണ്ട്.

രാജ്യത്തെ ഗ്രാമീണജനതയില്‍ 75 ശതമാനവും നഗരജനതയില്‍ 50 ശതമാനവും ആകെ ജനസംഖ്യയുടെ 67 ശതമാനവും ഭക്ഷ്യസുരക്ഷാപദ്ധതിയുടെ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഒന്നാമതായി, 67 ശതമാനത്തെമാത്രം ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാപദ്ധതിതന്നെ അപര്യാപ്തമാണ്. സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായമാണ് നടപ്പാക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് 90 ശതമാനത്തെയെങ്കിലും ഉള്‍ക്കൊള്ളുന്നതായിരിക്കണം പൊതുവിതരണസംവിധാനം. ദാരിദ്ര്യം കണക്കാക്കാന്‍ ആസൂത്രണ കമീഷന്‍ ആവിഷ്കരിച്ച പഴയ മാനദണ്ഡമനുസരിച്ച് ഗ്രാമപ്രദേശങ്ങളില്‍ 2100 കലോറിയും നഗരങ്ങളില്‍ 2200 കലോറിയും ഊര്‍ജം ഭക്ഷണത്തില്‍നിന്ന് ഒരു വ്യക്തിക്ക് ലഭിക്കേണ്ടതുണ്ട്. ആ മാനദണ്ഡമനുസരിച്ച് കണക്കാക്കിയാല്‍ ഇപ്പോള്‍ ഇന്ത്യയിലെ ഗ്രാമീണജനതയില്‍ 75 ശതമാനവും നഗരജനതയില്‍ 69 ശതമാനവും പട്ടിണിക്കാരാണെന്നാണ് പ്രൊഫ. ഉത്സ പട്നായിക്കിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്.

അറുപത്തേഴ് ശതമാനത്തെ ഉള്‍ക്കൊള്ളുന്നതെന്ന സര്‍ക്കാരിന്റെ അവകാശവാദത്തിലും പഴുതുകളുണ്ട്. 2011-12ലെ കണക്ക് അടിസ്ഥാനമാക്കി ആസൂത്രണ കമീഷന്‍, പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ അനുപാതം സംബന്ധിച്ച പട്ടിക ഭക്ഷ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയടക്കം 13 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയായ 67 ശതമാനത്തില്‍ കുറവ് ആളുകളേ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളൂ. യുപി, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ എട്ട് സംസ്ഥാനങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടും. മാത്രമല്ല, 12 സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന 75 ശതമാനത്തേക്കാള്‍ കുറവായിരിക്കും പദ്ധതിക്കുകീഴില്‍ വരുന്ന ഗ്രാമീണ ഗുണഭോക്താക്കളുടെ എണ്ണം. 12 സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്ന 50 ശതമാനത്തേക്കാള്‍ കുറവായിരിക്കും നഗര ഗുണഭോക്താക്കളുടെ എണ്ണം. പദ്ധതി 67 ശതമാനത്തിനുമാത്രമായി പരിമിതപ്പെടുത്താന്‍ ആസൂത്രണ കമീഷന്‍ സ്വീകരിച്ച യുക്തിസഹമല്ലാത്ത മാനദണ്ഡങ്ങളുടെയും യാന്ത്രികസമീപനങ്ങളുടെയും ഫലമാണിത്. എപിഎല്‍, ബിപിഎല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ആസൂത്രണ കമീഷന്‍ സ്വീകരിച്ചതും വിശ്വാസ്യത നഷ്ടപ്പെട്ടതുമായ മാനദണ്ഡങ്ങള്‍ ചില്ലറ ഭേദഗതികളോടെ ബാധകമാക്കിയാണ് 67 ശതമാനമെന്ന ദേശീയ ശരാശരിയില്‍ എത്തിച്ചത്. ഈ പ്രക്രിയയില്‍ ഭക്ഷ്യസുരക്ഷാപദ്ധതിക്കുകീഴില്‍ വരേണ്ടവരെ സംബന്ധിച്ച് മാനദണ്ഡം നിശ്ചയിക്കേണ്ട സംസ്ഥാന സര്‍ക്കാരിന്റെ അധികാരം അട്ടിമറിക്കപ്പെട്ടു. ആസൂത്രണ കമീഷന്‍ നിശ്ചയിച്ച പരിധിക്കകത്ത് ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായി.

കേരളം, തമിഴ്നാട്, കര്‍ണാടകം, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ത്രിപുര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങി ഒരുഡസന്‍ സംസ്ഥാനങ്ങളിലെങ്കിലും ഈ ബില്ലില്‍ അവകാശപ്പെടുന്നതിനേക്കാള്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാപദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം കൂടുതല്‍ ബിപിഎല്‍ കാര്‍ഡുകള്‍ നല്‍കുകയും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. എപിഎല്‍ കാര്‍ഡുടമകള്‍ക്കും മിതമായ വിലയ്ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ ബില്‍ ഇപ്പോഴുള്ള രൂപത്തില്‍ നടപ്പാക്കുകയെന്നാല്‍ കേരളമുള്‍പ്പെടെ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ അനുഭവിക്കുന്ന ഭക്ഷ്യസുരക്ഷാ ആനുകൂല്യത്തില്‍നിന്ന് പുറത്താകുമെന്നര്‍ഥം. 2010-11നും 2013-14നുമിടയിലുള്ള കണക്കുകള്‍ കാണിക്കുന്നത്, എപിഎല്‍ വിഭാഗത്തിനുള്ള കേന്ദ്രവിഹിതമായ അരി തുടര്‍ച്ചയായി 70 ശതമാനത്തിനുമുകളില്‍ എടുത്തിട്ടുണ്ട്. പലപ്പോഴും ഇത് 90 ശതമാനംവരെ എത്തിയിട്ടുമുണ്ട്. എപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവരെ ഭക്ഷ്യവിലക്കയറ്റം എത്രത്തോളം ബാധിക്കുന്നുവെന്നതിന്റെ തെളിവാണ് പൊതുവിതരണസംവിധാനത്തോടുള്ള അവരുടെ വര്‍ധിച്ച ആശ്രിതത്വം കാണിക്കുന്നത്. എപിഎല്‍, ബിപിഎല്‍ വിഭജനത്തിന്റെ മാനദണ്ഡം എത്രത്തോളം അശാസ്ത്രീയമാണെന്നതിന്റെ മാനദണ്ഡംകൂടിയാണിത്. ആസൂത്രണ കമീഷന്റെ പരിധി നടപ്പാക്കുമ്പോള്‍ മിതമായ വിലയ്ക്ക് ഭക്ഷ്യധാന്യം ലഭിക്കുന്ന എപിഎല്‍ വിഭാഗത്തിന്റെ അവകാശംകൂടിയാണ് ഹനിക്കപ്പെടുക.

വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ നിലനില്‍ക്കുന്ന മെച്ചപ്പെട്ട ഭക്ഷ്യസുരക്ഷാപദ്ധതികളെ മാതൃകയാക്കിയും ഉള്‍ക്കൊണ്ടും ഭക്ഷ്യസുരക്ഷാനിയമം വിപുലീകരിക്കുന്നതിനുപകരം സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പദ്ധതികള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തി തുടരാമെന്ന ബില്ലിലെ വ്യവസ്ഥ വിചിത്രമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിമിതിയും പരാജയവും സ്വയം സമ്മതിക്കലാണ്. കേന്ദ്രം ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്.

നിയമം ഈ രൂപത്തില്‍ നടപ്പായാല്‍ ഏറെക്കുറെ സാര്‍വത്രിക പൊതുവിതരണസംവിധാനമുള്ള കേരളത്തിന് അതൊരു നഷ്ടക്കച്ചവടമായിരിക്കും. കേന്ദ്രവിഹിതം കുറയാനും വില കൂടാനും എപിഎല്‍ കാര്‍ഡുടമകള്‍ ഒഴിവാക്കപ്പെടാനും ഇന്നത്തെ നിലയിലുള്ള നിയമം കാരണമാകും. ആശങ്കകള്‍ പരിഹരിക്കുമെന്നും സംസ്ഥാനതാല്‍പ്പര്യം സംരക്ഷിക്കുമെന്നും കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ ഭംഗിവാക്ക് പറയുന്നതല്ലാതെ മൂര്‍ത്തമായ നിര്‍ദേശങ്ങളോ ഭേദഗതികളോ ഒന്നും കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.

യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്കുവിധേയമായി ഗുണഭോക്താക്കളുടെ എണ്ണവും ഭക്ഷ്യധാന്യവിഹിതവും കണക്കാക്കി ബില്‍ കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതിനേക്കാള്‍ രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്നതുമാത്രമായി കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യം ചുരുങ്ങുന്നു. നിയമം നടപ്പാക്കാന്‍ ആവശ്യമായിവരുന്ന അധിക ഭക്ഷ്യധാന്യം ഭക്ഷ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 40 ലക്ഷം ടണ്‍മാത്രമാണ്. കഴിഞ്ഞ കുറെക്കാലമായി രാജ്യത്തിന് ആവശ്യമുള്ളതിന്റെ ഇരട്ടിയോളം ഭക്ഷ്യധാന്യ കരുതല്‍ശേഖരം നമുക്കുണ്ട്. വന്‍തോതില്‍ കരുതല്‍ശേഖരം കാത്തുസൂക്ഷിക്കാന്‍ വലിയ സാമ്പത്തികബാധ്യതയുണ്ടാകും. യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാരിന് ഈ സാധ്യത ഉപയോഗിച്ച് ഇതിനേക്കാള്‍ മെച്ചപ്പെട്ടതും വിപുലവുമായ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ കഴിയും.

ഇതിനകം വിവാദമായ പണം നേരിട്ട് കൈമാറല്‍ പദ്ധതിയുമായി ഭക്ഷ്യസുരക്ഷാപദ്ധതിയെ ഭാവിയില്‍ ബന്ധപ്പെടുത്താനുള്ള ആപല്‍സാധ്യത നിലനില്‍ക്കുന്നു. ഇത് ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഉദ്ദേശ്യത്തെത്തന്നെ തകര്‍ക്കാന്‍ കാരണമാകും. ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ശമനമില്ലാത്ത ഒരു പാര്‍ശ്വഫലമായി വിലക്കയറ്റം തുടരുമ്പോള്‍, ഭക്ഷ്യസബ്സിഡിക്കുപകരം നേരിട്ട് പണം നല്‍കുന്നത് ജനങ്ങളെ സുരക്ഷിതരാക്കുകയല്ല, അരക്ഷിതരാക്കുകയാണ് ചെയ്യുക. ബാങ്കിലെത്തുമെന്ന് പറയുന്ന സബ്സിഡിപ്പണം മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കുകയും ഭക്ഷ്യധാന്യങ്ങളുടെ വില നിരന്തരം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് ഭക്ഷ്യസുരക്ഷ ഉണ്ടാവുക.

സിപിഐ എമ്മും ഇടതുപക്ഷവും വ്യക്തവും മൂര്‍ത്തവുമായ ഒട്ടേറെ ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദായനികുതി നല്‍കുന്നവരൊഴികെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പൊതുവിതരണം ലക്ഷ്യമാക്കുന്നതാണ് സിപിഐ എമ്മിന്റെ ഭേദഗതികള്‍. ഭക്ഷ്യധാന്യങ്ങള്‍ക്കുപുറമേ ആവശ്യമായ അളവില്‍ പഞ്ചസാര, പാചക എണ്ണ, പയര്‍വര്‍ഗങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ ആവശ്യമായ ഭേദഗതികളും മുന്നോട്ടുവച്ചിട്ടുണ്ട്. ബില്‍ ഒരു വ്യക്തിക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യം വ്യവസ്ഥചെയ്യുമ്പോള്‍ സിപിഐ എം ആവശ്യപ്പെടുന്നത്, വ്യക്തിക്ക് ഏഴു കിലോയോ കുടുംബത്തിന് 35 കിലോയോ ഏതാണ് കൂടുതല്‍ അതുറപ്പാക്കണമെന്നാണ്. മൂന്നുവര്‍ഷത്തിനുശേഷം ഭക്ഷ്യധാന്യവില താങ്ങുവിലയുമായി ബന്ധപ്പെടുത്തുന്ന നിര്‍ദേശത്തെ സിപിഐ എം എതിര്‍ക്കുകയും മൂന്നു രൂപയ്ക്കുപകരം രണ്ടു രൂപയ്ക്ക് അരി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ബില്ലിന് അമിതമായ കേന്ദ്രീകൃതസ്വഭാവം ഉള്ളതിനാല്‍ പദ്ധതിനടത്തിപ്പിന്റെ ചെലവു പങ്കുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചന നടത്തുകയും സമ്മതം വാങ്ങുകയും ചെയ്യണമെന്ന ഭേദഗതിയും മുന്നോട്ടുവയ്ക്കുന്നു. പണം നേരിട്ട് നല്‍കുന്ന പദ്ധതി ഭക്ഷ്യസുരക്ഷയുമായി ബന്ധിപ്പിക്കരുതെന്ന ഭേദഗതിയും സിപിഐ എം മുന്നോട്ടുവച്ചു. രാഷ്ട്രീയ അഭ്യാസമെന്നതിലുപരി, ഭക്ഷ്യസുരക്ഷ ഒരു അവകാശമായി ഉറപ്പുവരുത്തുന്നതിന് ഈ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്.

*
എം ബി രാജേഷ് ദേശാഭിമാനി

ഭക്ഷ്യസുരക്ഷ എന്ന ജാലവിദ്യ

പ്രാണവായുവും ജീവജലവുംപോലെ എല്ലാ ജീവജാലങ്ങളുടെയും പ്രാഥമികാവശ്യമാണ് ഭക്ഷണം. മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനക്ഷമതയ്ക്കും ഊര്‍ജവും പോഷകങ്ങളും ലഭിക്കുന്നത് ഭക്ഷണത്തില്‍നിന്നാണ്. ഭക്ഷ്യക്ഷാമംമൂലമുള്ള പട്ടിണിമരണങ്ങള്‍ ചരിത്രത്തിലെ ക്രൂരതയാണ്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭക്ഷ്യസുരക്ഷാനിയമത്തില്‍ ഭക്ഷണം അവകാശമാണ് എന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍രണ്ടുവരുന്ന 81 കോടി ജനങ്ങള്‍ക്ക് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്. മൂന്നുവയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും പോഷകാഹാരവും 14 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യഭക്ഷണവും നല്‍കുമെന്നാണ് പ്രഖ്യാപനം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രതിമാസം അഞ്ചുകിലോ ധാന്യം സൗജന്യനിരക്കില്‍ നല്‍കും. അരിക്ക് മൂന്നുരൂപയും ഗോതമ്പിന് രണ്ടുരൂപയും ചെറിയ ധാന്യങ്ങള്‍ക്ക് ഒരു രൂപയുംമാത്രം. "വിശപ്പ് ഇനി ചരിത്രമാകും" എന്നാണ് ഭാരത സര്‍ക്കാര്‍ കോടികള്‍ മുടക്കി എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കിയിട്ടുള്ള പരസ്യവിളംബരം. വിശക്കുന്നവന്റെ മുമ്പില്‍ ദൈവം ഭക്ഷണത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പഴമൊഴി. സര്‍ക്കാര്‍ പരസ്യത്തില്‍ ദേവതയുടെയും ദേവന്റെയും വര്‍ണചിത്രം കാണാം- സോണിയ ഗന്ധിയും മന്‍മോഹന്‍സിങ്ങും പാല്‍പുഞ്ചിരി പൊഴിക്കുന്നു. ഭാരതീയര്‍ക്ക് ഇനി വിശപ്പിന്റെ വിളി കേള്‍ക്കേണ്ടിവരില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

ക്ഷേമരാഷ്ട്രസങ്കല്‍പ്പത്തിന്റെ ഭാഗമായാണ് അറുപതുകളില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം നിലവില്‍വന്നത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും വില നിയന്ത്രണത്തിനും ഇത് സഹായകമായി. റേഷന്‍ വില കുറവായതിനാല്‍ പൊതുകമ്പോളത്തിലെ ചൂഷണത്തിന് അറുതിവരുത്തി. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കേരളംപോലെയുള്ള സംസ്ഥാനങ്ങളില്‍ തടയാനും കഴിഞ്ഞിരുന്നു. എഴുപതുകളില്‍ ഹരിതവിപ്ലവത്തെത്തുടര്‍ന്നുണ്ടായ ഭക്ഷ്യപുരോഗതി വലിയ ആശ്വാസമേകി. ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമാണ് ഫുഡ്കോര്‍പറേഷന്‍ രൂപീകരിച്ചത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാക്കുന്ന പൊതുവിതരണസമ്പ്രദായത്തിന് ഊന്നല്‍ നല്‍കിയാണ് ഇന്ദിരാഗാന്ധി ഇരുപതിന സാമ്പത്തികപരിപാടി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴാണ് പൊതുവിതരണ ശൃംഖല വിപുലപ്പെടുത്തിയത്. 1980 ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയും ഇ ചന്ദ്രശേഖരന്‍നായര്‍ ഭക്ഷ്യമന്ത്രിയുമായിരുന്നപ്പോഴാണ് മാവേലിസ്റ്റോറുകള്‍ സ്ഥാപിച്ചത്. നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് നല്‍കുന്ന മാവേലിസ്റ്റോറുകള്‍ ഗ്രാമതലംവരെയുള്ള ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. മാവേലിസ്റ്റോറുകള്‍ക്കുമുമ്പിലെ നീണ്ട ക്യൂ അല്‍ഭുതപ്രതിഭാസമായിരുന്നു. കൊള്ളലാഭക്കാരായ സ്വകാര്യകച്ചവടക്കാര്‍ പിന്നീട് വാമനന്‍ സ്റ്റോറുകള്‍ തുടങ്ങി മാവേലിസ്റ്റോറുകളെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആഗോളവല്‍ക്കരണ അജന്‍ഡ നടപ്പാക്കിയ 1991മുതലാണ് റേഷന്‍ കടകളുടെ ശനിദശ ആരംഭിച്ചത്. ഭക്ഷ്യസബ്സിഡി വെട്ടിച്ചുരുക്കുകയും റേഷന്‍സാധന വില വര്‍ധിപ്പിക്കുകയും ചെയ്തതോടെ റേഷന്‍ കടകളുടെ മരണമണി മുഴങ്ങി. 1997 മുതല്‍ നടപ്പാക്കിയ ബിപിഎല്‍-എപിഎല്‍ വേര്‍തിരിവും, വിലകുറഞ്ഞ റേഷന്‍ പരമദരിദ്രര്‍ക്കായി പരിമിതപ്പെടുത്തിയതും റേഷന്‍ സംവിധാനത്തില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാക്കി. റേഷന്‍ വിതരണം ടാര്‍ജറ്റഡ് ആയപ്പോള്‍ നല്ലൊരു വിഭാഗം പുറന്തള്ളപ്പെട്ടു. റേഷന്‍വില നിരവധിതവണ കൂട്ടിയതോടെ പൊതുകമ്പോളത്തിലെ വിലയുമായി വലിയ അന്തരമില്ലാതായി. പൊതുവിതരണസമ്പ്രദായത്തിന്റെ തകര്‍ച്ചയാണ് സമീപകാലത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് മുഖ്യകാരണം. ഇന്നത്തെ റേഷന്‍സമ്പ്രദായം മുഖേന യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണ്ടുപിടിത്തം. റേഷന്‍ വാങ്ങാത്ത ആളുകളുടെ പേരിലുള്ള ഭക്ഷ്യവിഭവങ്ങള്‍ റേഷന്‍കടയുടമകള്‍ മറിച്ചുവില്‍ക്കുന്ന കാര്യം ഒറ്റപ്പെട്ടതല്ല. ഇത് പരിഹരിക്കാന്‍ പുതിയ ഭക്ഷ്യസുരക്ഷാനിയമത്തില്‍ പറയുന്ന വ്യവസ്ഥകളൊന്നും പ്രായോഗികമല്ല. ഭക്ഷ്യസുരക്ഷാനിയമം നടപ്പാവുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന കണക്കുപ്രകാരം ഖജനാവില്‍നിന്ന് പ്രതിവര്‍ഷം ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം കോടി രൂപയാണ് മുടക്കേണ്ടത്. ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഒരു രാജ്യമെന്നനിലയില്‍ ഈ തുക സ്ഥിരമായി വിനിയോഗിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും പറയാനാവില്ല.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് ഒന്‍പതുശതമാനത്തില്‍നിന്ന് 4.6 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യധാന്യ ഇറക്കുമതി അസാധ്യമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷ്യഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തീവ്രയജ്ഞമാണ്. ആഗോളസാമ്പത്തികമാന്ദ്യം ഇന്ത്യയെ ബാധിക്കാതിരുന്നത് കാര്‍ഷിക സമ്പദ്ഘടന ഒരു പരിധിവരെ ബലവത്തായിരുന്നതുകൊണ്ടാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്താനും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വേണ്ടത്ര ശുഷ്കാന്തിയില്ല. വന്‍തുക സബ്സിഡിയായി അന്താരാഷ്ട്ര കുത്തകകള്‍ക്ക് നല്‍കി അവരെക്കൊണ്ട് കൃഷിയും ഭക്ഷ്യശേഖരണവും നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഗൂഢപദ്ധതി. ഭക്ഷ്യധാന്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ ഇനം വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതോടെ പരമ്പരാഗത കാര്‍ഷികമേഖല തകരും. ഇന്ത്യയിലെ ധാന്യ ഉല്‍പ്പാദനത്തിന്റെ 30 ശതമാനംമാത്രമാണ് സര്‍ക്കാരിന് ശേഖരിക്കാന്‍ കഴിയുന്നത്. 70 ശതമാനവും പൊതുവിപണിയിലെത്തുന്നു. പഴയ ജന്മിയുടെ പത്തായപ്പുരയുടെ സ്ഥാനമാണ് ഫുഡ്കോര്‍പറേഷന്‍ ഗോഡൗണുകള്‍ക്ക് ഉണ്ടായിരുന്നത്. ഭക്ഷ്യധാന്യസംഭരണം ഫലപ്രദമായി നിര്‍വഹിക്കാന്‍ എഫ്സിഐയ്ക്ക് കഴിയുന്നില്ല. ധാന്യങ്ങള്‍ സംഭരണശാലകളില്‍ കുമിഞ്ഞുകൂടുന്നതിനാല്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഇടമില്ല. തുറസ്സായ സ്ഥലങ്ങളില്‍ കിടന്ന് പുഴുവരിച്ച് ടണ്‍കണക്കിന് ധാന്യമാണ് നശിക്കുന്നത്. ഉപയോഗശൂന്യമായവ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യേണ്ടിവരുന്നു. പുതിയ നിയമപ്രകാരം കേരളത്തില്‍ 46 ശതമാനംപേര്‍ക്കുമാത്രമാണ് റേഷന്‍ ലഭിക്കുക. എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാവും. ബിപിഎല്‍ കുടുംബത്തിന് 35 കിലോ അരി എന്നത് ഒരു വ്യക്തിക്ക് അഞ്ചുകിലോയായി പരിമിതപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ മഹാഭൂരിപക്ഷം കുടുംബങ്ങളും മൂന്നോ നാലോ പേര്‍ മാത്രമുള്ള അണുകുടുംബങ്ങളാണ്. അഞ്ചുകിലോ അരിയോ ഗോതമ്പോ ലഭിക്കുന്നതുകൊണ്ട് വിശപ്പടക്കാമെന്നല്ലാതെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നില്ല. സമ്പൂര്‍ണ പോഷണത്തിനും അന്നജത്തിനും പുറമെ മാംസ്യവും കൊഴുപ്പും ജീവകങ്ങളും ധാതുലവണങ്ങളുമൊക്കെ ആവശ്യമാണ്. അങ്കണവാടികളിലും സ്കൂളുകളിലും കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയോ ഉപ്പുമാവോ നല്‍കിയതുകൊണ്ട് ഭക്ഷ്യസുരക്ഷയാവില്ല. മൂന്നുരൂപയ്ക്ക് അരികിട്ടിയാലും പഴവും പച്ചക്കറികളും പയര്‍വര്‍ഗങ്ങളും ഇറച്ചിയും മീനും പാലും മുട്ടയും ഭക്ഷ്യഎണ്ണയും വാങ്ങണമെങ്കില്‍ തീവില നല്‍കണം. പാചകത്തിനുള്ള ഇന്ധനവില അതിഭീമമാണ്.

ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഉപജ്ഞാതാക്കള്‍ സോണിയ ഗാന്ധിയും കെ വി തോമസുമാണ്. കേംബ്രിഡ്ജില്‍ ഭക്ഷണശാലയില്‍ പരിചാരികയായിരുന്ന സോണിയ ഗാന്ധിക്കും പോഷകസമൃദ്ധമായ കേരളീയ ഭക്ഷ്യവിഭവങ്ങള്‍ ഡല്‍ഹിയിലെ ദാദാമാര്‍ക്ക് സ്ഥിരമായി എത്തിച്ചുകൊടുക്കുന്ന കെ വി തോമസിനും സമീകൃതാഹാരം എന്താണെന്ന് ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. അരിയും ഗോതമ്പും മാത്രം നല്‍കിയതുകൊണ്ട് വിശപ്പടക്കാമെന്നല്ലാതെ ഭക്ഷ്യസുരക്ഷയാവില്ല. 2014ലെ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ള സോണിയഗാന്ധിയുടെ ജാലവിദ്യയാണ് ഭക്ഷ്യസുരക്ഷാനിയമം. 1977ല്‍ ഇന്ദിരാഗാന്ധി "ഗരീബി ഹഠാവോ" എന്നും 1989ല്‍ രാജീവ്ഗാന്ധി "ഗരീബീ ഉന്മൂലന്‍" എന്നും മുദ്രാവാക്യം മുഴക്കിയെങ്കിലും പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടിവന്നു. ഭക്ഷ്യ അവകാശം എന്ന സമ്മാനപ്പൂച്ചെണ്ട് ഇന്ത്യയിലെ ജനകോടികളുടെ കണ്ണില്‍ പൊടിയിടുന്ന വന്‍ തട്ടിപ്പാണ്.

*
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി