Thursday, August 29, 2013

വിഡ്ഢിത്തങ്ങളുടെ ഫലം

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 68 രൂപയെന്ന ഒരതിരു കൂടി ലംഘിച്ചതോടെ ഇതെങ്ങനെ, എവിടെ ചെന്നുനില്‍ക്കുമെന്ന് ഊഹിക്കാന്‍പോലുമാകുന്നില്ല. ഇതിന്റെ പ്രത്യാഘാതം ഭീതിജനകമാണ്. ഈ അവസ്ഥ സൃഷ്ടിക്കുന്ന സാധ്യതകളില്‍ ചിലത് ഇതാണ്:

1. വിദേശനിക്ഷേപകരും ആഭ്യന്തര ധനികവിഭാഗവും രൂപയില്‍നിന്ന് പിന്മാറുമ്പോഴുള്ള മൂലധനത്തിന്റെ പറന്നുപോക്ക്.

2. ഡോളര്‍ ബാധ്യത കൈകാര്യംചെയ്യുന്നതില്‍ കോര്‍പറേറ്റുകള്‍ക്കുള്ള ബുദ്ധിമുട്ടുമൂലമുള്ള പാപ്പരീകരണം.

3. ഇറക്കുമതിക്ക് ചെലവേറുന്നതുമൂലമുണ്ടാകുന്ന വര്‍ധിച്ച പണപ്പെരുപ്പം.

4. ധനപരവും ഒപ്പം യഥാര്‍ഥവുമായ സാമ്പത്തികത്തകര്‍ച്ച.

ഏറെക്കാലമായി തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന പ്രതിസന്ധിയാണിത്. പല തരത്തില്‍ അതിന്റെ സൂചനകള്‍ തലനീട്ടിയിരുന്നു. കയറ്റുമതിയിലൂടെയും വിദേശത്തുനിന്നുള്ള പണം അയക്കലിലൂടെയും നേടുന്ന രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ സമ്പന്നര്‍ ചെലവിടുന്ന വിദേശനാണ്യം. ചാഞ്ചാട്ടമുള്ളതാണെങ്കിലും 2009-10 സാമ്പത്തികവര്‍ഷത്തിന്റെ തുടക്കംമുതലുള്ള വ്യാപാരക്കമ്മിയും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം പല മേഖലയിലും അസ്വാഭാവികമായി ഉയര്‍ന്ന് 1991ലെ തിരിച്ചടവു ശിഷ്ട പ്രതിസന്ധിയുടെ സമയത്തേതിന് തുല്യമായ നിലയിലെത്തി. നിരന്തരമായ വ്യാപാരക്കമ്മിയാണ് പരമ്പരാഗതമായി ഇന്ത്യന്‍ കറന്‍സിയെ ദുര്‍ബലമാക്കുന്ന അടിസ്ഥാനഘടകം. വളര്‍ന്നുവരുന്ന മറ്റു വിപണികളെന്നപോലെ ഇന്ത്യയും വിദേശ പേമെന്റ് മേഖലയിലെ പ്രതികൂല പ്രവണതകളെ അവഗണിക്കാനുള്ള ഒരു കാരണം മൂലധനപ്രവാഹമാണ്. കഴിഞ്ഞ ദശകത്തില്‍ മൂലധനപ്രവാഹം വ്യാപാരക്കമ്മിയെക്കാള്‍ വളരെ കൂടുതലായിരുന്നു. ഇത് സമീപകാലത്ത് തീവ്രമാകാന്‍ കാരണം സര്‍ക്കാരിന്റെ തുറന്ന വാതില്‍നയമായിരുന്നു. നേരത്തെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ ശക്തിയുടെ സൂചകമായിരുന്ന ഈ മൂലധനപ്രവാഹംതന്നെയാണ് ഇപ്പോള്‍ രൂപയുടെ ബലക്ഷയത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്. വിദേശനിക്ഷേപകരെയും കടംനല്‍കുന്നവരെയും പ്രീതിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നിരാശാഭരിതമായ ശ്രമം വിജയിക്കുന്നുമില്ല. ഇത് ആദ്യം രൂപയുടെ പതുക്കെയുള്ള തകര്‍ച്ചയിലേക്ക് നയിച്ചു. പിന്നീട് ഊഹക്കച്ചവടക്കാര്‍ വന്നു. അവധിവ്യാപാരത്തിലെയും സാമ്പത്തികോല്‍പ്പന്നവിപണിയിലെയും മാറ്റങ്ങള്‍ രൂപ ഊഹക്കച്ചവടക്കാരുടെ ആക്രമണത്തിന് ഇരയാകുകയാണെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ വിദേശനിക്ഷേപകരുടെ കനിവുകൊണ്ടു നേടുന്ന വിദേശനാണ്യശേഖരം കൊണ്ട് സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. സ്വന്തം വിഡ്ഢിത്തങ്ങളുടെ ഫലമായി സര്‍ക്കാര്‍ ചലനമറ്റുകിടക്കുകയാണ്.

*
സി പി ചന്ദ്രശേഖര്‍

വിദേശ നിക്ഷേപങ്ങളെ അമിതമായി ആശ്രയിച്ചതിന്റെ ദുരന്തം

വിദേശത്തുനിന്നുള്ള നിക്ഷേപങ്ങളെ അമിതമായി ആശ്രയിച്ചതിന്റെ ദുരന്തമാണ് രാജ്യം ഇന്ന് നേരിടുന്നത്. ഡോളറിന്റെ ആവശ്യം കൂടിയാല്‍ രൂപയുടെ മൂല്യം ഇടിയും. ഡോളറിനുള്ള ആവശ്യം കുറഞ്ഞാല്‍ രൂപയുടെ വില കൂടും. ഇറക്കുമതിക്ക് ഡോളര്‍ ആവശ്യമാണ്. ഇതുവഴി ഡോളറിന്റെ ചെലവ് കൂടും. രാജ്യത്തേക്ക് ഡോളര്‍ വരുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലൂടെയും വിദേശ സ്ഥാപനനിക്ഷേപകര്‍ നടത്തുന്ന നിക്ഷേപത്തിലൂടെയും കയറ്റുമതിയിലൂടെയുമാണ്. ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തികാവസ്ഥയും ലോകത്തിലെ മറ്റ് സ്ഥലങ്ങളിലെ സ്ഥിതിഗതികളും പരിശോധിച്ചാണ് വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യയിലെ ഓഹരിവിപണിയിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുള്ള നിക്ഷേപം പിന്‍വലിക്കുക. ഇപ്പോള്‍ അമേരിക്കയില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ലാഭകരമെന്ന് കരുതുന്നതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു. നേരിട്ടുള്ള വിദേശനിക്ഷേപവും വന്‍തോതില്‍ കുറയുകയാണ്. ഇതും രാജ്യത്തേക്കുള്ള ഡോളര്‍ വരവ് കുറയ്ക്കുന്നു. ഡോളറും രൂപയുമായുള്ള സന്തുലനത്തെ തകര്‍ത്ത് വ്യാപാരകമ്മി വര്‍ധിപ്പിക്കുകയാണ്. 2012-13 സാമ്പത്തികവര്‍ഷം 3.6 ശതമാനമായിരുന്നു വ്യാപാരകമ്മി. വിദേശനിക്ഷേപത്തെ ആശ്രയിച്ച് വ്യാപാരകമ്മി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി നിക്ഷേപാനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയും വ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്യുന്നു.

എത്ര സൗകര്യങ്ങളുണ്ടായാലും തങ്ങളുടെ നിക്ഷേപത്തിന് ലാഭം കുറയുന്ന സ്ഥലങ്ങളില്‍നിന്ന് വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കും. ആഗോള സമ്പദ്വ്യവസ്ഥയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ച് വിദേശ സ്ഥാപനനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കും. ഇത് രാജ്യത്തിന്റെ വിദേശനാണയ ശേഖരത്തില്‍ കുറവുണ്ടാക്കും. മൊത്തം സാമ്പത്തികവളര്‍ച്ച, ഓഹരിവിപണി, കയറ്റുമതി, ഇറക്കുമതി, വിദേശനാണയശേഖരം എന്നിവ പരസ്പരം ബന്ധപ്പെട്ടതാണ്. രാജ്യം മെച്ചപ്പെട്ട സാമ്പത്തികവളര്‍ച്ച കൈവരിക്കുമ്പോള്‍ ഓഹരിവിപണിയില്‍ അത് പ്രതിഫലിക്കും. ഓഹരിവിപണിയിലെ നിലവാരം ഉയരുമ്പോള്‍ വിദേശ സ്ഥാപനനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍തോതില്‍ നിക്ഷേപിക്കും. കയറ്റുമതി വര്‍ധിക്കുകയും വിദേശനിക്ഷേപം ധാരാളമായി വരികയും ചെയ്യുമ്പോള്‍ വിദേശനാണയ ശേഖരം മെച്ചപ്പെട്ട നിലയിലായിരിക്കും. സമ്പദ്വ്യവസ്ഥ തളര്‍ച്ചയിലാകുമ്പോള്‍ ഓഹരി വിപണിയിലും പ്രതിഫലിക്കും. വ്യാപാരകമ്മി വന്‍തോതില്‍ വര്‍ധിക്കുകയും വിദേശനാണയശേഖരം വന്‍തോതില്‍ കുറയുകയും ചെയ്യുമ്പോള്‍ അനിവാര്യമായ ഇറക്കുമതിപോലും പ്രതിസന്ധിയിലാകും. എണ്ണ ഇറക്കുമതി ഇന്ത്യയില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. ഇതിന് വിദേശനാണയം കണ്ടെത്തേണ്ടിവരും. എത്ര രൂപ കൊടുത്തായാലും ഡോളര്‍ നേടേണ്ട അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്.

ഭാരം മുഴുവന്‍ ജനങ്ങള്‍ക്ക്

രൂപയുടെ മൂല്യം ഇടിയുന്നതിന്റെ ഭാരം അന്തിമമായി വഹിക്കേണ്ടത് സാധാരണക്കാര്‍. രാജ്യത്തിനുണ്ടാകുന്ന അധിക സാമ്പത്തികഭാരത്തിന്റെ പങ്ക് ജനങ്ങളാകെ വഹിക്കേണ്ടിവരും. ഇറക്കുമതി ചെലവ് കൂടും. ഇത് നാണയപ്പെരുപ്പവും ജീവിതച്ചെലവും വര്‍ധിപ്പിക്കും. നിശ്ചിത വരുമാനക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ഇരുളിലാകും. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരത്തിന് പോകുന്നവര്‍ക്കും വേണ്ടിവരുന്ന അധികച്ചെലവും മറ്റൊരു ഭാരമാണ്. കേന്ദ്രസര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍നിന്നും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന കടത്തിന്റെ തിരിച്ചടവ് ചെലവേറിയതാകും. കോര്‍പറേറ്റുകള്‍ വരെ വിദേശത്തുനിന്ന് കടമെടുക്കുന്നു. ഈ കടങ്ങള്‍ ഡോളറിലാണ്. തിരിച്ചടവും അങ്ങനെതന്നെ. അതിനാല്‍ തിരിച്ചടവ് കുടുതല്‍ ഭാരമുള്ളതാകും.

ക്രൂഡോയില്‍ ഇറക്കുമതിയാണ് ജനങ്ങള്‍ക്ക് ഏറ്റവും ഭാരമുണ്ടാക്കുന്ന മറ്റൊരു കാര്യം. ഒരു ബാരല്‍ ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ 106 ഡോളറായിരുന്നു ജൂലൈയില്‍. ആഗസ്ത് അവസാനമായപ്പോള്‍ ഇത് 112 ഡോളറായി വര്‍ധിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്താന്‍ ഇത് കാരണമാകും. യാത്രാക്കൂലി, ചരക്കുകൂലി, അവശ്യവസ്തുക്കളുടെ വില എന്നിവയില്‍ വര്‍ധനയാണ് ഇതിന്റെ ഫലം. ഐടി, ഔഷധനിര്‍മാണം, രത്ന-ആഭരണ വ്യവസായം എന്നീമേഖലകളില്‍ താല്‍ക്കാലികമായി നേട്ടമുണ്ടാകാം. പക്ഷേ, ആഗോളമായ സ്ഥിതിഗതികളെ ആശ്രയിച്ച് ഈ മേഖലയിലെ കയറ്റുമതി ചാഞ്ചാട്ടത്തിന് വിധേയമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രൂപയുടെ തകര്‍ച്ച ഈ മേഖലകള്‍ക്കും ദോഷം ചെയ്യും. വ്യവസായ മേഖലയിലുണ്ടാകുന്ന തളര്‍ച്ച നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തും. രൂപയുടെ മൂല്യം താഴുന്നതിന് ആനുപാതികമായി തൊഴിലാളികളുടെ വേതനത്തില്‍ വര്‍ധനയുണ്ടാകില്ല. തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന കോടിക്കണക്കിനാളുകള്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്.

*
ദേശാഭിമാനി

No comments: