Sunday, July 25, 2010

കേരളത്തിലെ ആഫ്രിക്കക്ക് 50

കുറേ ഇരുണ്ട മനുഷ്യര്‍ കാടുപിടിച്ചുകിടക്കുന്ന കുന്നിന്‍ചെരുവില്‍ ശവക്കുഴി തോണ്ടാനുള്ള ശ്രമത്തിലാണ്. അവരില്‍ ആകര്‍ഷിക്കുന്നതായി ഒന്നുമില്ല. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പാറിപ്പറക്കുന്ന മുടിയും പ്രാകൃതവേഷവും ദയനീയമായ നോട്ടവും. ഈ മനുഷ്യക്കോലങ്ങളില്‍ അവശേഷിക്കുന്ന ചോരകൂടി നക്കിക്കുടിക്കാന്‍ ആര്‍ത്തിപൂണ്ടമട്ടില്‍ തണുപ്പുകാറ്റ് ആഞ്ഞുവീശുന്നു. കോരിച്ചൊരിയുന്ന മഴ. ഒരു ആയുധവും അവരുടെ കൈയിലില്ല. പെരുച്ചാഴികളെപ്പോലെ കൈകൊണ്ടു മണ്ണുമാന്തി കുഴിക്കുകയാണ്. അവര്‍ തളര്‍ന്നുകഴിഞ്ഞു.

ഇപ്പോള്‍ അധ്വാനിക്കുന്നവര്‍ ചത്തവനോട് പരിഭവം പറയുകയാണ്: 'ബേഗ നിനഗുള്ള മനെ ബേഗ ആക്ക്. ഇതു മിനക്കെട്ടനീന്തലെ ആപ്പതില്ലെ. ബേഗനങ്ക ഹോക്ക്. നന ഹോട്ടെക്തീനി കാണെ. ശത്തവനു ഇനി ഒന്തും കാണെ'. നിനക്കുള്ള ശവക്കുഴി നീതന്നെ തീര്‍ത്തുകൊള്ളണം. ഇതിനുമാത്രം മിനക്കെട്ടു നില്‍ക്കാന്‍ ഞങ്ങള്‍ക്കു സൌകര്യമില്ല. വേഗം പോണം. വിശക്കുന്ന വയര്‍ നിറയ്ക്കാന്‍ വല്ലതും കണ്ടുപിടിക്കേണ്ടതുണ്ട്. ചത്തവന് അങ്ങനെ ബുദ്ധിമുട്ടേണ്ടതില്ലല്ലോ. (കേരളത്തിലെ ആഫ്രിക്ക-കെ പാനൂര്‍).

അമ്പതുവര്‍ഷം മുമ്പ് വരച്ചിട്ട ചിത്രമാണിത്. വയനാടന്‍ മലനിരകളില്‍ പുഴുക്കളെപ്പോലെ അടിമതുല്യരായി ജീവിച്ച കാടിന്റെ മക്കളുടെ കഥ വായിച്ച് മലയാളിമനസ്സ് തപിച്ചു. അത്രയേറെ ഹൃദയഭേദകമായിരുന്നു പശ്ചിമഘട്ടത്തിന്റെ താഴ്വാരകാഴ്ച. അവിടെ അടിമപ്പണിക്കാര്‍, നിത്യദാരിദ്യ്രത്തില്‍ വലയുന്നവര്‍, ദുരിതത്തിലും വിശ്വാസങ്ങളില്‍ വ്യതിചലിക്കാന്‍ കൂട്ടാക്കാത്തവര്‍. തങ്ങള്‍ മലനമ്പൂതിരിമാരാണെന്നു വിശ്വസിക്കുന്ന കുറിച്യര്‍. ഒരിക്കല്‍ ധരിച്ച വസ്ത്രം മാറ്റുകയോ നനയ്ക്കുകയോ കുളിക്കുകയോ ചെയ്യാത്തവരും ചത്ത പശുക്കളുടെയും എരുമകളുടെയും തോലുരിച്ച് ഇറച്ചി പറിച്ചെടുത്ത് ഉപ്പും മുളകും പുരട്ടി തീയിലിട്ട് ചുട്ടുതിന്നുന്നവരുമായ കൊറഗര്‍. അടിയര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍...

ഔദ്യോഗിക യാത്രക്കിടയില്‍ കണ്ട നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കഥപോലെ പാനൂര്‍ അവതരിപ്പിച്ചത്. അത് നാടിനെ ഇളക്കിമറിച്ചു. ഭരണതലത്തില്‍ കൊടുങ്കാറ്റുയര്‍ത്തി. എഴുത്തുകാരനും പുസ്തകവും വിചാരണചെയ്യപ്പെട്ടു. ആദിവാസികളുടെ അടിമത്തം ചര്‍ച്ചയായി. എഴുത്തുകാരനെ കുരിശിലേറ്റാന്‍ പലരും വെമ്പല്‍കൊണ്ടു. 50 വര്‍ഷം മുമ്പു കണ്ട കാഴ്ച മനസ്സില്‍ നെരിപ്പോടായുണ്ട്. കാലം മായ്ക്കാത്ത മുറിപ്പാടുകളാണ് അന്നത്തെ ഓരോ അനുഭവവും. അദ്ദേഹം മനസ്സു തുറക്കുകയാണ്:

ആ യാത്രക്കിടയില്‍ വല്ലാതെ ഉത്കണ്ഠപ്പെടുത്തിയ ഒരുപാട് ചിത്രങ്ങളുണ്ട്. ഇതും കേരളമാണോ? എന്നു തോന്നിയ നിമിഷം. ആദിവാസികള്‍ക്കായി എന്തെങ്കിലും ചെയ്തേ തീരൂവെന്ന് ഹൃദയം. കണ്ട കാഴ്ച പുറംലോകത്തെ അറിയിക്കണമെന്ന ചിന്തയും. ആഴ്ചകളും മാസങ്ങളും നീണ്ട യാത്ര. ഒടുവില്‍ എഴുതാന്‍ തീരുമാനിച്ചു. കേരളത്തിലെ ആഫ്രിക്ക് പിറന്നത് അങ്ങനെ.

1958ലാണ് ട്രൈബല്‍ ഓഫീസറായി കെ പാനൂര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാലഞ്ചുകൊല്ലം പശ്ചിമഘട്ടത്തിന്റെ അടിവാരപ്രദേശങ്ങളിലെ കാടുകളിലും കുന്നിന്‍പുറങ്ങളിലും വയനാടന്‍ വയല്‍കരകളിലും നരകിക്കുന്ന ആദിവാസികള്‍ക്കിടയില്‍ ജീവിക്കാന്‍ ഇടയായപ്പോഴുണ്ടായ അനുഭവങ്ങളാണ് 1963ല്‍ പുസ്തകരൂപത്തില്‍ പുറത്തുവന്നത്. ആദ്യം കേരളത്തിലെ ആഫ്രിക്ക ലേഖനരൂപത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചു. 1958-60 കാലത്ത് പുസ്തകമാക്കാന്‍ ആദ്യം സമീപിച്ചത് മാതൃഭൂമി ബുക്സിനെ. കയ്പേറിയ അനുഭവമായിരുന്നു. ആ അഭ്യര്‍ഥന അവര്‍ തള്ളി.

നിയമസഭയിലും

'കേരളത്തിലെ ആഫ്രിക്ക' സഹാനുഭൂതിയുള്ള മനുഷ്യരെ ആകര്‍ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ പാവങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ഒരു പുതിയ യുഗോവും, ഈ നിര്‍ഭാഗ്യവാന്മാരെ സഹായിക്കാനെത്തുന്ന ആല്‍ബര്‍ട്ട് ഷ്വൈറ്റ്സറും ഈ അടിമകളെ മോചിപ്പിക്കാന്‍ എബ്രഹാം ലിങ്കണും അവരുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയാണുള്ളത്.

പുസ്തകം പുറത്തുവന്നതോടെ പ്രതീക്ഷകള്‍ കീഴ്മേല്‍ മറഞ്ഞു. പെട്ടെന്ന് വിവാദമായി. ആദ്യവെടി പൊട്ടിയത് നിയമസഭയില്‍. ഭൂപരിഷ്കരണ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിച്ച കാലം. ഒ കോരന്‍ എംഎല്‍എ പറഞ്ഞു: വയനാട്ടില്‍ ആദിവാസികള്‍ വന്‍കിട ഭൂവുടമകള്‍ക്കു കീഴില്‍ വെറും അടിമകളായി ജീവിക്കുകയാണ്. തെളിവായി 'കേരളത്തിലെ ആഫ്രിക്ക'യുടെ കോപ്പി സ്പീക്കറുടെ മുമ്പാകെ ഹാജരാക്കുന്നു.

പുസ്തകത്തിലെ ആദ്യ അധ്യായത്തില്‍ ആദിവാസികളുടെ അടിമത്തത്തെക്കുറിച്ച് ഇങ്ങനെ എഴുതി: അടിമകളായവരാണ് അടിയര്‍. വയനാട്ടിലെ വന്‍കിട ജന്മിമാരുടെ അടിമകള്‍! മാനന്തവാടിക്കടുത്ത് വള്ളിയൂര്‍ക്കാവിലെ ഉത്സവകാലത്ത് എല്ലാ അടിയരും- ആണുങ്ങളും പെണ്ണുങ്ങളും ഹാജരാവുന്നു. വന്‍കിട ജന്മിമാരും അവിടെ എത്തിച്ചേരും. ഓരോരുത്തര്‍ക്കും അവരുടെ വയലുകളിലും തോട്ടങ്ങളിലും പണിയെടുപ്പിക്കാന്‍ നാല്‍പ്പതോ അമ്പതോ വീതം അടിമകളെ ആവശ്യമുണ്ട്. കാലിച്ചന്തയില്‍നിന്ന് കാലികളെ തെരഞ്ഞെടുക്കുന്ന മട്ടില്‍ ഓരോ ആളും ഇഷ്ടപ്പെട്ട ആണുങ്ങളെയും പെണ്ണുങ്ങളെയും തെരഞ്ഞെടുക്കുന്നു, അഞ്ചോ പത്തോ ഉറുപ്പികവീതം അടിമപ്പണം കൊടുത്ത്.

അടിമത്തത്തെക്കുറിച്ചുള്ള പുസ്തകത്തിലെ പ്രസ്താവന രാജ്യത്തിനും തനിക്കും അപമാനകരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി പി ടി ചാക്കോയുടെ നിലപാട്. പുസ്തകത്തിനും ഗ്രന്ഥകാരനുമെതിരെ നടപടിക്ക് തിടുക്കംകൂട്ടിയതും ചാക്കോതന്നെ. വയനാട്ടിലെ അടിമസമ്പ്രദായം അവസാനിപ്പിക്കുന്നതിനു പകരം പുസ്തകം കണ്ടുകെട്ടാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഗ്രന്ഥകാരനെതിരെ ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് അനുസരിച്ച് നടപടി എടുക്കാനുമാണ് ശ്രമിച്ചത്. പുസ്തകത്തിലെ പല പ്രസ്താവനകളെപ്പറ്റിയും വിശദീകരണം നല്‍കേണ്ടിവന്നു. ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് പ്രകാരം നടപടിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് സര്‍വന്റ്സ് കോണ്‍ടാക്ട് റൂള്‍സ് പുറത്തെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നതായിരുന്നു നിയമം.

പ്രസിദ്ധീകരിക്കുന്നതിനു മുമ്പെ കൈയെഴുത്തു പ്രതി വകുപ്പ് തലവന്‍ സി കെ കൊച്ചുകോശിക്ക് അനുമതിക്കായി നല്‍കിയിരുന്നു. അതു വായിച്ച അദ്ദേഹത്തിന് മതിപ്പു തോന്നി. ഡിപ്പാര്‍ട്ട്മെന്റ് അഭിനന്ദിക്കേണ്ട പ്രവൃത്തിയാണ് എന്നായിരുന്നു പ്രതികരണം. വൈകാതെ അച്ചടി ആരംഭിക്കാന്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ ഏല്‍പ്പിക്കാനും ഉപദേശിച്ചു. ഇതിന്റെ പേരില്‍ എന്തു വന്നാലും താനുണ്ടെന്ന കോശിയുടെ ഉറപ്പിന്മേലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനിടെ അദ്ദേഹത്തിന് സ്ഥാനചലനം. പകരംവന്നയാള്‍ അച്ചടക്കനടപടിയുടെ വാള്‍ വീശി. പുസ്തകം കണ്ടുകെട്ടുമെന്നും സര്‍വീസില്‍നിന്ന് പാനൂരിനെ പുറത്താക്കുമെന്നുവരെ വാര്‍ത്തകള്‍.

ഇങ്ങനെയൊക്കെ സംഭവിച്ചതോടെ ആറുമാസം ലീവെടുത്ത് വീട്ടിലിരിക്കാന്‍ തീരുമാനിച്ചു. വീട്ടിലും അഭ്യുദയകാംക്ഷികളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നു. എല്ലാം കണ്ടും കേട്ടും നില്‍ക്കുകയായിരുന്ന അമ്മയും ഒരുഘട്ടത്തില്‍ അന്വേഷിച്ചു: മോനേ എന്തിനാ നീ അടിമത്തത്തെപ്പറ്റി പറഞ്ഞു കുഴപ്പമുണ്ടാക്കിയത്. എന്താണ് സംഭവിക്കുകയെന്നുള്ള കാത്തിരിപ്പായിരുന്നു പിന്നെ. 'ഈ കാടന്മാരെക്കുറിച്ച് ഇങ്ങനെയൊരു പുസ്തകമെങ്കിലും രചിച്ച് ദുരവസ്ഥ ബഹുജനസമക്ഷത്തിലെത്തിച്ച പാനൂര്‍ അഭിനന്ദനം അര്‍ഹിക്കുന്നു' എന്നാണ് സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന പുത്തേഴത്ത് രാമന്‍മേനോന്‍ എഴുതിയത്. പത്രങ്ങളും വാരികകളും പുസ്തകത്തെ പ്രശംസിച്ചു. ഈ ഘട്ടത്തില്‍ തികച്ചു യാദൃച്ഛികമായി 1965ലെ യുനസ്കോ അവാര്‍ഡ്. ഇതോടെ കാറ്റ് മാറിവീശി. ശിക്ഷിക്കാനിറങ്ങിയ ആഭ്യന്തരമന്ത്രി പീച്ചി സംഭവത്തില്‍ രാജിവച്ചതും സഹായകമായി. കൊച്ചുകോശി ആഭ്യന്തര സെക്രട്ടറിയായി വന്നതോടെ എല്ലാം ശുഭം.

ഈ സംഭവത്തോടെ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസിനോടു താല്‍ക്കാലികമായി വിടപറഞ്ഞ പാനൂര്‍ മടങ്ങിയെത്തി. കാസര്‍കോട് ഫോറസ്റ്റ് ഡെപ്യൂട്ടി തഹസില്‍ദാറായാണ് നിയമിക്കപ്പെട്ടത്. കേരളത്തിലെ ആഫ്രിക്കയ്ക്കു ശേഷം എഴുതിയ 'മലകള്‍ താഴ്വരകള്‍ മനുഷ്യര്‍' പ്രസിദ്ധീകരിക്കാനും ധാരാളം കടമ്പകളുണ്ടായി. 1964ല്‍ എഴുതിക്കഴിഞ്ഞപ്പോള്‍ വകുപ്പുതലവന് സമര്‍പ്പിച്ചു. റവന്യു ബോര്‍ഡ് സെക്രട്ടറി മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു. പക്ഷേ, പ്രസിദ്ധീകരണാനുമതി നല്‍കാതെ സര്‍ക്കാരിന് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഒടുവില്‍ വിചിത്രമായ നിബന്ധനയ്ക്കു വിധേയമായി നാലുവര്‍ഷത്തിനു ശേഷം അനുമതി. അടിമത്തം എന്ന പദം വരുന്ന ഖണ്ഡികകള്‍ മാറ്റിയായിരുന്നു അത്. അങ്ങനെ വികൃതമായ നിലയില്‍ പുസ്തകം പുറത്തിറക്കേണ്ടെന്ന് പാനൂരും ഉറപ്പിച്ചു.

ഇ എം എസ് ഇടപെടുന്നു

റവന്യു ജീവനക്കാരുടെ യൂണിയന്‍ മുഖപത്രത്തില്‍ 'ഒരു പുസ്തക കൊലപാതകത്തെപ്പറ്റി' എന്നൊരു ലേഖനം. നവയുഗം വാരിക പത്രാധിപരായിരുന്ന പവനന്‍ കുറിപ്പോടെ പുനഃപ്രസിദ്ധീകരിച്ചു. മാധ്യമങ്ങളില്‍ വിഷയം വീണ്ടും. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് പൊന്‍കുന്നം വര്‍ക്കിയും സെക്രട്ടറി ഡി സി കിഴക്കേമുറിയും പ്രശ്നം മുഖ്യമന്ത്രി ഇ എം എസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം തലശേരിയിലെത്തുമ്പോള്‍ കാര്യം ധരിപ്പിക്കണമെന്ന് അറിയിച്ചു. ഇ എം എസ് തലശേരിയിലെത്തുന്നു. സുഖസൌകര്യങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡെപ്യൂട്ടി തഹസില്‍ദാറെന്ന നിലയില്‍ കാണുകയും കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ച ഫലംചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന നിയമങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി ഇ എം എസ് പ്രസ്താവനയിറക്കി. ആറുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് പുസ്തകം പുറത്തിറക്കിയത്.

ജീവിതം മാറി പ്രശ്നങ്ങള്‍ ബാക്കി

(പാനൂരുമായി ഒരു ചെറു അഭിമുഖം)

കേരളത്തിലെ ആഫ്രിക്ക എഴുതിയിട്ട് 50 വര്‍ഷം. ആദിവാസികളുടെ ജീവിതത്തില്‍ മാറ്റമുണ്ടായോ?

അന്നത്തെ ചിത്രമല്ല ഇന്ന്. എല്ലാ മേഖലയിലുമുണ്ടായ മാറ്റത്തിന്റെ നേരിയ വെട്ടം എത്തിയിട്ടുണ്ട്. ഭൂമിക്കും ജീവിതത്തിനുമായുള്ള പെടാപാടിന് അറുതിയായിട്ടില്ല. ആദിവാസിക്ക് ഓടിട്ട വീടു മാത്രം കൊടുത്തതുകൊണ്ടായില്ല. ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്‍കണം. ഒപ്പം വനവിഭവങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ വരണം.

ആദിവാസിമേഖലയില്‍ താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഇടപെടല്‍ ലക്ഷ്യത്തിലെത്തിക്കാനായോ?

ഔദ്യോഗിക ജീവിതകാലത്ത് ആകാവുന്ന നിലയില്‍ ശ്രമിച്ചിട്ടുണ്ട്. പല പ്രതിബന്ധങ്ങളും ഉണ്ടായി. കണ്ണവംകോളനിയില്‍ 100 കുറിച്യകുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സാധിച്ചത് മറക്കാനാവില്ല. കണ്ണവത്ത് 400 ഏക്കറില്‍ 100 കുടുംബങ്ങളെ കുടിയിരുത്താനുള്ള പദ്ധതിരൂപരേഖയാണ് ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറായിരിക്കെ സമര്‍പ്പിച്ചത്. എതിര്‍പ്പുകളുണ്ടായിരുന്നു. സമ്മര്‍ദത്തിനൊടുവിലാണ് അംഗീകരിച്ചത്. പുനരധിവാസത്തിനുള്ള സ്പെഷ്യല്‍ ഓഫീസറായും ചുമതല തന്നു. 100 കുറിച്യ കുടുംബങ്ങള്‍ക്ക് നാലേക്കര്‍ വീതം ഭൂമിയാണ് അന്നു നല്‍കിയത്. അവരിന്നും സുഖമായി ജീവിക്കുന്നു.

കണ്ണവത്തെ ആദിവാസികള്‍ കെ പാനൂരുമായുള്ള സ്നേഹബന്ധം ഇഴമുറിയാതെ സൂക്ഷിക്കുന്നു. ഇടയ്ക്ക് പാനൂരിലെ വീട്ടില്‍ വിശേഷങ്ങളുമായി അവര്‍ എത്താറുണ്ട്. ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്താനും ദുരിതങ്ങള്‍ക്ക് താങ്ങായി മാറാനും സാധിച്ചതിലുള്ള അഭിമാനം അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കപ്പെടണം. അവര്‍ക്ക് മാന്യമായി ജീവിക്കാവുന്ന ജോലിയും ചുറ്റുപാടും ഉണ്ടാവണം. ഇതൊക്കെയാണ് ഇപ്പോള്‍ സ്വപ്നങ്ങള്‍.

ബൈബിളും പാവങ്ങളും ആരണ്യകും

പരേതരായ കുഞ്ഞിക്കണ്ണന്റെയും മുതുവന കുങ്കിഅമ്മയുടെയും മകനായി 1927 ജനുവരി 10നാണ് കെ പാനൂര്‍ എന്ന കുഞ്ഞിരാമന്റെ ജനനം. ബൈബിളും വിക്ടര്‍ ഹ്യൂഗോവിന്റെ പാവങ്ങളുമാണ് ജീവിതവീക്ഷണത്തെ രൂപപ്പെടുത്തിയത്. പാനൂര്‍ ഹൈസ്കൂളിലെ പഠനത്തിനുശേഷമുള്ള സര്‍വകലാശാല പഞ്ചായത്ത് ലൈബ്രറിയായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം റവന്യുവകുപ്പിലായിരുന്നു ഔദ്യോഗിക ജീവിതം. ആദ്യകാലത്ത് കവിതയിലായിരുന്നു കമ്പം.

ഓഫീസിലെ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോവുമായിരുന്ന ഈ ഉദ്യോഗസ്ഥനെ കെ പാനൂരാക്കിയത് ട്രൈബല്‍ വെല്‍ഫെയര്‍ വകുപ്പിലേക്കുള്ള മാറ്റം. ഡെപ്യൂട്ടി കലക്ടറായി ജോലിചെയ്യവെയാണ് ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറായി ഡെപ്യൂട്ടേഷന്‍. ഇതിനു നിമിത്തമായതാകട്ടെ വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവല്‍ 'ആരണ്യക്'. അതു വായിച്ചശേഷമാണ് ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറായത്. ആദിവാസിമേഖലയിലെ യാത്രക്കിടയില്‍ കണ്ട കരളലിയിക്കുന്ന കഥകള്‍ ഈ എഴുത്തുകാരനുണ്ട്. വിശന്നുകരയുന്ന കുട്ടി നൊയ്ച്ചിയുടെ ഇറച്ചി പറിച്ചുതിന്നുന്നതു കണ്ടപ്പോഴുണ്ടായ വേദന മനസ്സില്‍ ഉമിത്തീപോലെയുണ്ട്. ആദിവാസിഊരുകള്‍ തേടിയുള്ള യാത്രയില്‍ പലപ്പോഴും കൂട്ടായത് വയനാട്ടില്‍ ഹരിജന്‍ വെല്‍ഫെയര്‍ വകുപ്പില്‍ ഓഫീസറായിരുന്ന മാഹി പള്ളൂരിലെ പി ദാമോദരന്‍നമ്പ്യാര്‍.

വിരമിച്ച ശേഷം അടുത്തകാലംവരെ പൊതുരംഗത്ത് സജീവസാന്നിധ്യമായിരുന്നു. ഇപ്പോള്‍ പാനൂര്‍ ടൌണിനടുത്ത് വിശ്രമജീവിതം. ന്യൂമാഹി മലയാള കലാഗ്രാമത്തില്‍ രജിസ്ട്രാറായും സേവനമനുഷ്ഠിച്ചു. പഴയതുപോലെ ഓടിച്ചാടാന്‍ വയ്യ. ഇന്നും ശ്രദ്ധാപൂര്‍വം ഉറ്റുനോക്കുന്ന ഒരേയൊരു കാര്യം ആദിവാസി ഭൂപ്രശ്നം മാത്രം. ഹൈക്കോടതിയിലെ അഭിഭാഷകരുമായി കേസിനെക്കുറിച്ച് അന്വേഷിക്കുന്നു. കേരളത്തിലെ അമേരിക്ക, ഹാ! നക്സല്‍ബാരി, സഹ്യന്റെ മക്കള്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം, രാമാശ്രമം അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.

*
പി ദിനേശന്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കുറേ ഇരുണ്ട മനുഷ്യര്‍ കാടുപിടിച്ചുകിടക്കുന്ന കുന്നിന്‍ചെരുവില്‍ ശവക്കുഴി തോണ്ടാനുള്ള ശ്രമത്തിലാണ്. അവരില്‍ ആകര്‍ഷിക്കുന്നതായി ഒന്നുമില്ല. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പാറിപ്പറക്കുന്ന മുടിയും പ്രാകൃതവേഷവും ദയനീയമായ നോട്ടവും. ഈ മനുഷ്യക്കോലങ്ങളില്‍ അവശേഷിക്കുന്ന ചോരകൂടി നക്കിക്കുടിക്കാന്‍ ആര്‍ത്തിപൂണ്ടമട്ടില്‍ തണുപ്പുകാറ്റ് ആഞ്ഞുവീശുന്നു. കോരിച്ചൊരിയുന്ന മഴ. ഒരു ആയുധവും അവരുടെ കൈയിലില്ല. പെരുച്ചാഴികളെപ്പോലെ കൈകൊണ്ടു മണ്ണുമാന്തി കുഴിക്കുകയാണ്. അവര്‍ തളര്‍ന്നുകഴിഞ്ഞു.

ഇപ്പോള്‍ അധ്വാനിക്കുന്നവര്‍ ചത്തവനോട് പരിഭവം പറയുകയാണ്: 'ബേഗ നിനഗുള്ള മനെ ബേഗ ആക്ക്. ഇതു മിനക്കെട്ടനീന്തലെ ആപ്പതില്ലെ. ബേഗനങ്ക ഹോക്ക്. നന ഹോട്ടെക്തീനി കാണെ. ശത്തവനു ഇനി ഒന്തും കാണെ'. നിനക്കുള്ള ശവക്കുഴി നീതന്നെ തീര്‍ത്തുകൊള്ളണം. ഇതിനുമാത്രം മിനക്കെട്ടു നില്‍ക്കാന്‍ ഞങ്ങള്‍ക്കു സൌകര്യമില്ല. വേഗം പോണം. വിശക്കുന്ന വയര്‍ നിറയ്ക്കാന്‍ വല്ലതും കണ്ടുപിടിക്കേണ്ടതുണ്ട്. ചത്തവന് അങ്ങനെ ബുദ്ധിമുട്ടേണ്ടതില്ലല്ലോ. (കേരളത്തിലെ ആഫ്രിക്ക-കെ പാനൂര്‍).

.. said...

..
നല്ല പോസ്റ്റ്, ആശംസകള്‍ :)
..