ആണവമേഖലയില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനേക്കാള്‍ സ്വകാര്യവല്‍ക്കരണം യാഥാര്‍ഥ്യമാക്കുന്നതിനാണ് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആണവ ബാധ്യത ബില്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ ആണവ ശാസ്‌ത്രജ്ഞനും ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ ഡോ. എ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. സ്വകാര്യ കമ്പനികളുടെ ബിസിനസ് താല്‍പ്പര്യങ്ങളും അമേരിക്കന്‍ കമ്പനികളുടെ താല്‍പ്പര്യങ്ങളുമാണ് ബില്ലിലെ വ്യവസ്ഥകളില്‍ പ്രധാനമായും സംരക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പഴുതുകളുള്ള ബില്ലിനെക്കുറിച്ച് അദ്ദേഹം 'ദേശാഭിമാനി'യോട്.
ആണവ സുരക്ഷാരംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണല്ലോ താങ്കള്‍. പതിനെട്ട് വര്‍ഷം അമേരിക്കയിലും തുടര്‍ന്ന് ഇന്ത്യയിലും ഈ രംഗത്ത് പ്രവര്‍ത്തിച്ചു. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡില്‍ അംഗമായും (1990-93) ചെയര്‍മാനായും (1993-96) താങ്കള്‍ പ്രവര്‍ത്തിക്കുകയുണ്ടായി. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആണവ ബാധ്യത ബില്ലിനെ എങ്ങനെയാണ് കാണുന്നത് ?
ബില്ലിലെ ഏറ്റവും പ്രധാന വ്യവസ്ഥകളിലൊന്ന് ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ നഷ്‌ടപരിഹാരം നല്‍കാന്‍ മാത്രമുള്ള അപകടമാണോ എന്ന് നിശ്ചയിക്കേണ്ടത് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡാണ്. എന്നാല്‍, ഈ ബോര്‍ഡ് ആണവോര്‍ജ കമീഷന്റെയും ആണവോര്‍ജ വിഭാഗത്തിന്റെയും കീഴെയാണ് പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിന്റെ മേധാവിയായ ആണവോര്‍ജസമിതിയില്‍ ആണവരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമായ എന്‍പിസിഐഎല്ലിന്റെ മേധാവിയും മറ്റും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യയില്‍ ആണവനിലയങ്ങള്‍ നടത്തുന്ന ഏക സ്ഥാപനമായ എന്‍പിസിഐഎല്ലിന്റെ പിഴവുകാരണം ആണവ നിലയങ്ങളില്‍ അപകടമുണ്ടായാല്‍ ആ അപകടത്തെ നഷ്‌ടപരിഹാരം നല്‍കേണ്ട അപകടമായി കണക്കാക്കാന്‍ ബോര്‍ഡിന് കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് ഉത്തരം നല്‍കേണ്ടത് ചുരുങ്ങിയത് പ്രധാനമന്ത്രിക്കോ ക്യാബിനറ്റ് സെക്രട്ടറിക്കോ ആയിരിക്കണം. അല്ലാത്തപക്ഷം നിഷ്‌പക്ഷവും സ്വതന്ത്രവുമായ പ്രവര്‍ത്തനം ആണവോര്‍ജ ബോര്‍ഡില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല.
യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആണവ ബാധ്യത ബില്ലിലെ പ്രധാന ന്യൂനത എന്താണ് ?
സുപ്രധാനമായ ഈ ബില്ലിന് രൂപം നല്‍കിയത് ആണവ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്‌ധരോ അതുപോലുള്ളവരോ അല്ലെന്നതാണ് ഏറെ ദുഃഖകരമായ കാര്യം. ഇന്ത്യയിലെ സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളായ റിലയന്‍സ്, ടാറ്റ, വ്യവസായികളുടെ സംഘടനകളായ ഫിക്കി, സിഐഐ എന്നിവയാണ് ഈ ബില്ലിന് രൂപം നല്‍കിയത്. സ്വാഭാവികമായും അവയുടെ ബിസിനസ് താല്‍പ്പര്യങ്ങളാണ് ബില്ലില്‍ മുഴച്ചുനില്‍ക്കുന്നത്. അപകടമുണ്ടായാല്‍ ആണവ ദാതാക്കളല്ല നടത്തിപ്പുകാരാണ് ബാധ്യത ഏറ്റെടുക്കേണ്ടതെന്ന ബില്ലിലെ വ്യവസ്ഥതന്നെ ബിസിനസ് താല്‍പ്പര്യങ്ങളുടെ സംരക്ഷണമാണ് കാണിക്കുന്നത്. ഇവിടെ ആണവദാതാക്കളാണ് സ്വകാര്യ കമ്പനികള്‍.
ഉപ നഷ്‌ടപരിഹാരത്തിനായുള്ള ചട്ടത്തില്‍ (കൺവന്‍ഷന്‍ ഓഫ് സപ്ളിമെന്ററി കോമ്പന്‍സേഷന്‍-സിഎസ് സി) ഇന്ത്യ ഒപ്പുവയ്‌ക്കണമെന്ന നിര്‍ദേശം രാജ്യത്തിന് ഗുണം ചെയ്യുന്നതാണോ?
ആണവ അപകടങ്ങളുണ്ടായാല്‍ രാജ്യങ്ങളെ സഹായിക്കാന്‍ ഉപ നഷ്‌ടപരിഹാരത്തിനായുള്ള ഒരു സംവിധാനം അമേരിക്കയുടെ നേതൃത്വത്തിലാണ് 1989 ല്‍ രൂപപ്പെടുത്തുന്നത്. ഇത് നിലവില്‍ വന്നിട്ടില്ല. അമേരിക്കന്‍ ആണവ ലോബിയുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഈ അന്താരാഷ്‌ട്ര ചട്ടത്തിന്റെ ലക്ഷ്യം. ഈ ചട്ടത്തിന്റെ ഭാഗമാകണമെങ്കില്‍ ആണവ ബാധ്യത സംബന്ധിച്ച ദേശീയ നിയമത്തില്‍ വ്യക്തമായ ചില ഉപാധികള്‍ അതില്‍ത്തന്നെ എഴുതിച്ചേര്‍ക്കണം. അതിലൊന്നാണ് ആണവ ദാതാക്കള്‍ ആണവ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നഷ്‌ടപരിഹാരം നല്‍കേണ്ടതില്ലെന്ന ബില്ലിലെ വ്യവസ്ഥ. അമേരിക്കന്‍ ആണവ കമ്പനികളായ ജനറല്‍ ഇലൿട്രിക്കല്‍സ്, വെസ്‌റ്റിങ് ഹൌസ് എന്നീ കമ്പനികള്‍ നിര്‍മിക്കുന്ന റിയാൿടറുകള്‍ അപകടത്തില്‍പെട്ടാല്‍ അവയെ വെറുതെവിടുന്ന വ്യവസ്ഥയാണിത്. ഭോപാല്‍ ദുരന്തത്തെത്തുടര്‍ന്ന് യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്‌സൺ ഇന്ത്യയില്‍ അറസ്‌റ്റ് ചെയ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട ഈ അറസ്‌റ്റ് പോലും ഒഴിവാക്കുകയാണ് ഈ വ്യവസ്ഥയുടെ ലക്ഷ്യം. അമേരിക്കന്‍ ആണവ കമ്പനികള്‍ ഇന്ത്യയില്‍ വന്ന് റിയാൿടര്‍ നല്‍കി പണവും വാങ്ങി തിരിച്ചുപോകും. അതിനുശേഷമുണ്ടാകുന്ന ഒരു സംഭവത്തിനും കമ്പനികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല. ഭോപാല്‍ ദുരന്തംപോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ഒരു ദേശീയനിയമമാണ് ആവശ്യം. സിഎസ്‌സി പോലുള്ള സാര്‍വദേശീയ ചട്ടത്തിന്റെ ഭാഗമാകുകയല്ല വേണ്ടത്.
സിഎസ്‌സിയില്‍ അംഗമായാല്‍ ആണവ അപകടങ്ങളുണ്ടാകുമ്പോള്‍ വന്‍ നഷ്‌ടപരിഹാരം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത് എത്രമാത്രം വസ്തുതാപരമാണ് ?
സിഎസ്‌സിയുടെ രീതി അനുസരിച്ച് അതില്‍ അംഗങ്ങളായ ഏതെങ്കിലും ഒരു രാജ്യത്ത് ആണവ അപകടമുണ്ടായാല്‍ മറ്റ് അംഗരാജ്യങ്ങള്‍ സാമ്പത്തിക സഹായം നല്‍കണം. ഉദാഹരണത്തിന് ഫിന്‍ലന്‍ഡില്‍ റിയാൿടര്‍ പൊട്ടിത്തെറിച്ചാല്‍ ഇന്ത്യ സഹായമെത്തിക്കണം. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആണവ അപകടമുണ്ടായാല്‍ അത് ഇന്ത്യയെ ബാധിക്കാം. മറിച്ചും. എന്നാല്‍, പാകിസ്ഥാന്‍ സിഎസ്‌സിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പാകിസ്ഥാനില്‍നിന്ന് സഹായം വാങ്ങിത്തരാന്‍ സിഎസ്‌സിക്ക് കഴിയില്ല.
ഇന്ത്യയിലാകെ 22 റിയാൿടറാണല്ലോ പ്രവര്‍ത്തനക്ഷമമായുള്ളത്. ഇതില്‍ 14 എണ്ണം സിവിലിയന്‍ ആവശ്യത്തിനുള്ളത്. അവയെ അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) സുരക്ഷാവലയത്തിലാക്കിയിട്ടുമുണ്ട്. എന്നാല്‍, പ്രതിരോധ ആവശ്യത്തിന് ഉപയോഗിക്കുന്ന എട്ട് റിയാൿടറില്‍ അപകടമുണ്ടായാല്‍ അത് ആണവ ബാധ്യത ബില്ലിന്റെ പരിധിയില്‍ വരുമോ? പ്രതിരോധ റിയാൿടര്‍ അപകടത്തില്‍പെട്ടാല്‍ സിഎസ്‌സിയില്‍നിന്ന് സഹായം ലഭിക്കുമോ?
പ്രതിരോധ ആവശ്യത്തിനുള്ള റിയാൿടാറുകളുടെ സുരക്ഷാസംവിധാനം അതീവ രഹസ്യമാണ്. അവയുടെ സുരക്ഷാകാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതികളുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചോ അതിലെ അംഗങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിടാറില്ല. ആണവ ബാധ്യത ബില്ലിലെ പ്രധാന ന്യൂനതകളിലൊന്ന് പ്രതിരോധാവശ്യത്തിനുള്ള റിയാൿടാറുകളെക്കുറിച്ചും നിലയങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നില്ലെന്നതാണ്. സിവിലിയന്‍ റിയാൿടറില്‍ അപകടമുണ്ടായാല്‍ നഷ്‌ടപരിഹാരം ലഭിക്കുകയും പ്രതിരോധ റിയാൿടര്‍ അപകടത്തില്‍പെട്ടാല്‍ സഹായം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ഭൂഷണമല്ല. നിലവിലുള്ള നിയമത്തില്‍ത്തന്നെ ഈ അപാകത പരിഹരിക്കാന്‍ ഭേദഗതി വേണം. സിഎസ്‌സിയുടെ ഭാഗമായാല്‍ ഐഎഇഎയുടെ സുരക്ഷാവലയത്തിന്‍കീഴിലുള്ള റിയാൿടറുകളില്‍ അപകടം ഉണ്ടായാല്‍ മാത്രമേ സഹായം ലഭിക്കൂ. പ്രതിരോധ റിയാൿടറുകള്‍ ഐഎഇഎയുടെ നിരീക്ഷണ വലയത്തിലല്ലാത്തതിനാല്‍ സിഎസ്‌സി സഹായം പ്രതീക്ഷിക്കേണ്ടതില്ല.
ആണവ ബാധ്യത ബില്ലില്‍ നഷ്‌ടപരിഹാരത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ടല്ലോ. മറ്റ് രാജ്യങ്ങളിലെ നിയമനിര്‍മാണങ്ങളിലും ഇത്തരമൊരു പരിധിയുണ്ടോ?
അമേരിക്കയില്‍ ഇതിന് സമാനമായ ഒരു നിയമമുണ്ട്. പ്രൈസ്-ആന്‍ഡേഴ്‌സൺ നിയമം എന്നാണ് ഇതിന് പേര്. 10.8 ബില്യൺ ഡോളറാണ് അവിടെ പരിധി നിശ്ചയിച്ചിട്ടുള്ളത്. ഏകദേശം അമ്പതിനായിരം കോടി രൂപ വരുമിത്. ഇന്ത്യയിലാകട്ടെ 500 കോടിയും. ഇന്ത്യന്‍ ജീവന് വില തുച്‌ഛമെന്നര്‍ഥം. മാത്രമല്ല, ആണവ ദാതാക്കളുടെ പിശകുകൊണ്ടാണ് അപകടമുണ്ടാകുന്നതെങ്കില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കാനുള്ള വ്യവസ്ഥ അമേരിക്കന്‍ നിയമത്തിലുണ്ട്. എന്നാല്‍, ഇന്ത്യന്‍ നിയമത്തില്‍ ആണവ ദാതാക്കള്‍ അമേരിക്കന്‍ കമ്പനികളായതുകൊണ്ടുതന്നെ ഇത്തരമൊരു ശക്തമായ വ്യവസ്ഥയില്ല. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ കോടതിയില്‍ കേസ് നല്‍കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ നിയമത്തിലില്ല. നഷ്‌ടപരിഹാര കമീഷണറാണ് നഷ്‌ടപരിഹാരം നിശ്ചയിക്കുക. ഇന്ത്യന്‍ പൌരന്റെ സ്വാതന്ത്യത്തെതന്നെ നിഹനിക്കലാണിത്. അതത് രാജ്യത്തെ കോടതികളെമാത്രമേ സമീപിക്കാന്‍ അധികാരം നല്‍കാവൂ എന്ന് സിഎസ്‌സി ശഠിക്കുന്നുമുണ്ട്. ആണവ ബാധ്യത ബില്ലിലെ ഇതുസംബന്ധിച്ച വ്യവസ്ഥയും സിഎസ്‌സിയെ അംഗീകരിക്കുന്നതായിരിക്കണം.
*****
വി ബി പരമേശ്വരന്‍, കടപ്പാട് : ദേശാഭിമാനി
Sunday, July 11, 2010
ആണവരംഗവും സ്വകാര്യമേഖലയ്‌ക്ക്
Subscribe to:
Post Comments (Atom)
1 comment:
ആണവമേഖലയില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനേക്കാള്‍ സ്വകാര്യവല്‍ക്കരണം യാഥാര്‍ഥ്യമാക്കുന്നതിനാണ് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആണവ ബാധ്യത ബില്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ ആണവ ശാസ്‌ത്രജ്ഞനും ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ ഡോ. എ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. സ്വകാര്യ കമ്പനികളുടെ ബിസിനസ് താല്‍പ്പര്യങ്ങളും അമേരിക്കന്‍ കമ്പനികളുടെ താല്‍പ്പര്യങ്ങളുമാണ് ബില്ലിലെ വ്യവസ്ഥകളില്‍ പ്രധാനമായും സംരക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പഴുതുകളുള്ള ബില്ലിനെക്കുറിച്ച് അദ്ദേഹം 'ദേശാഭിമാനി'യോട്.
Post a Comment