കേരളം ഇന്ന് വളരെയേറെ മാറിയിരിക്കുന്നു. നവോത്ഥാനകാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത മൂല്യങ്ങള്‍ നഷ്ടമാവുകയാണ്. നവോത്ഥാന മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാറ്റം വിശകലനം ചെയ്യുമ്പോള്‍ നമുക്ക് സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയും.
ഒരു പൊതുസമൂഹത്തിന്റെ സൃഷ്ടിയാണ് നവോത്ഥാനത്തിന്റെ വലിയ സംഭാവന; അതുപോലൊരു പൊതുമണ്ഡലവും സൃഷ്ടിക്കപ്പെട്ടു. അതുവരെ അങ്ങനെ ഒരു പൊതു സമൂഹം ഉണ്ടായിരുന്നില്ല.
20-ആം നൂറ്റാണ്ടിന്റെ അവസാനവും 21-ആം നൂറ്റാണ്ടിന്റെ തുടക്കവും സമൂഹത്തിൽ മാറ്റം പ്രകടമായ കാലഘട്ടം ആയിരുന്നു,സമൂഹ്യമാറ്റത്തിന് ആദ്യം വേണ്ടിയിരുന്നത് ഒരു പൊതു സമൂഹം സൃഷ്ടിക്കുക എന്നതായിരുന്നു. അങ്ങനെ ഒരു പൊതുമണ്ഡലത്തെയും പൊതുസമൂഹത്തെയും സൃഷ്ടിച്ചു എന്നതാണ് നവോത്ഥാനത്തിന്റെ സംഭാവന. രണ്ടാമത്തേത് പൊതുസമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ്. കേരളത്തില്‍ നിലവിലുണ്ടായിരുന്നത് ബൂര്ഷ്വാവര്ഗ്ഗസ്വഭാവത്തിന്റെ അടിസ്ഥാനമുള്ള ഒരു സമൂഹമായിരുന്നു; ബൂർഷ്വാ മൂല്യങ്ങളെ സംരക്ഷിക്കുക അവരുടെ ചൂഷണബോധത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ആ സമൂഹം ചെയ്തിരുന്നത്. സിവില്‍ സൊസൈറ്റി എന്നതിനെ പറയാമായിരുന്നില്ല അസമത്വങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കുക എന്നതായിരുന്നു അതിന്റെ കാതലായ ലക്ഷ്യം. നവോത്ഥാന കാലത്ത് നടന്ന പ്രധാനശ്രമം ഒരുപൊതുമണ്ഡലം സൃഷ്ടിക്കുകയും അതിനെ ജനാധിപത്യവല്ക്കരിക്കുകയും ചെയ്യുക എന്നതാണ്.
ശ്രീനാരായണഗുരുവും അയ്യന്കാളിയുമെല്ലാം പൊതുസമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുവാന്‍ ശ്രമിച്ചവരായിരുന്നു. മതത്തെ ഈ പ്രക്രിയക്കായി ഇവര്‍ ഉപയോഗിച്ചു. അയ്യന്‍കാളി കൃഷിയെയും വിദ്യാഭ്യാസത്തെയും കുറിച്ച് മാത്രമല്ല വര്ഗ്ഗസമരത്തെകുറിച്ചുപോലും സംസാരിച്ചു. കര്‍ഷക സമരങ്ങള്‍ സംഘടിപ്പിച്ചു. 1907-ല്‍ അയ്യന്‍കാളി സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരം ശ്രദ്ധേയമായിരുന്നു.
പൊതുസമൂഹം സൃഷ്ടിക്കുക, അതിനെ ജനാധിപത്യവത്ക്കരിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി കേരളത്തില്‍ നടന്നിരുന്നു. ഇതിലൂടെ വിമര്‍ശനാത്മകമായ ഒരു ബോധം നമുക്കുണ്ടായി. വിമര്‍ശനാത്മകമായ ഈ ബോധം സമൂഹത്തിന് ഉണ്ടാകുമ്പോഴാണ് സാമൂഹ്യമാറ്റം സാദ്ധ്യമാവുക. പാവ്ലോകൊയണ്്ലോവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തെ എന്തടിസ്ഥാനത്തിലോ അകറ്റി നിര്‍ത്തിയിരുന്നത്; അതിന്റെ രീതിയും ശാസ്ത്രവുമെല്ലാം അവരെ ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമെ സാമൂഹ്യമാറ്റം സാദ്ധ്യമാവൂ . അതുകൊണ്ട് സമൂഹത്തെ തിരിച്ചറിയാനുള്ള ഒരു വിമര്‍ശനബോധം ആവശ്യമാണ്. ആ തിരിച്ചറിവില്‍ നിന്നാണ് ശ്രീനാരായണനും അയ്യന്കാളിയുമെല്ലാം ജാതിയെ ആക്രമിച്ചത്. ജാതിയെ മാത്രമല്ല മതത്തെയും അവര്‍ ആക്രമിച്ചിരുന്നു. ഇതിന് മതത്തെതന്നെ അവര്‍ ഉപയോഗിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന പ്രഖ്യാപനത്തിലൂടെ മതത്തെ ഗുരു നേരിട്ട് ആക്രമിക്കുകയാണ്. അയ്യന്‍കാളി തന്റെ സാധുജന പരിപാലന സംഘത്തിന്റെ ഞായറാഴ്ച യോഗങ്ങളില്‍ ബൈബിളും ഖുറാനും ഗീതയുമെല്ലാം വായിച്ചിരുന്നു എന്നതും പ്രത്യേകം ഓര്‍ക്കണം.
ഫ്രെഡറിക് നീത്ഷേ ഒരിക്കല്‍ പറയുകയുണ്ടായി: "ദൈവം മരിച്ചു''. ദൈവം മരിച്ചു എന്ന് നീത്ഷേ പറയുന്നതിലൂടെ അദ്ദേഹം അര്‍ത്ഥമാക്കിയത് ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്നാണ്. നീത്ഷേക്കു മുമ്പ് തന്നെ ശ്രീനാരായണഗുരു പറഞ്ഞത് : "മാനവന്റെ ദൈവത്തെ ഞാന്‍ സൃഷ്ടിച്ചു; സവര്‍ണ്ണന്റെ ദൈവത്തെ ഞാന്‍ കുഴിച്ചുമൂടി'' എന്നാണ്. അങ്ങനെ വിശ്വാസം മരിച്ചു എന്നത് നീത്ഷേയേക്കാള് വളരെ ഭംഗിയായിട്ടാണ് ഗുരു പറഞ്ഞത്. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ അതിന്റെ ഭാഗമാണ്. മതത്തെ സാമൂഹ്യമാറ്റത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന് ശ്രീനാരായണഗുരു കാണിച്ചുതന്നു.
സ്വയം വിമര്‍ശനം സാമൂഹ്യവിമര്‍ശനം എന്നിവയും നവോത്ഥാനത്തിന്റെ സംഭാവനയാണ്. സ്വയം വിമര്‍ശനത്തിന്റെ ഏറ്റവും വലിയ പ്രതീകം നവോത്ഥാനകാലത്ത് കാണുന്നത് ശ്രീനാരായണഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയാണ്. കണ്ണാടിയില്‍ നോക്കുമ്പോള്‍ നമുക്ക് നമ്മുടെ മുഖം കാണാം, നമ്മുടെ മുഖത്തിന്റെ സൌന്ദര്യവും വൈകൃതവും കാണാം. നമുക്ക് പിന്നിലെ പശ്ചാത്തലം കാണാം. അത് ഒരു വിമര്‍ശനരീതിയാണ്. സ്വയം വിമര്‍ശിക്കുക, സമൂഹത്തെ വിമര്‍ശിക്കുക, എന്നതാണ് കണ്ണാടി പ്രതിഷ്ഠ കൊണ്ടര്‍ത്ഥമാക്കുന്നത്.
വൈലോപ്പിളളി 'കണ്ണീര് പാട'ത്തിൽ പറയുന്നുണ്ട്: "എല്ലാം കണ്ടതാ തെക്കേതുരുത്തില് ഒരു കൊച്ചന് കല്ലുപോലിരിക്കുന്നു''. ഒരു കുടുംബത്തിന്റെ വേദനകളും കഷ്ടപ്പാടുകളും കണ്ടിട്ട് കല്ലുപോലെ ഇരിക്കുന്ന തെക്കേതുരുത്തിലെ കൊച്ചന്മാരെയല്ല നവോത്ഥാനകേരളം സൃഷ്ടിച്ചത്. സമൂഹത്തോട് പ്രതിബന്ധതയുള്ള ഒരു കൂട്ടം ആള്‍ക്കാരെയാണ്. സമൂഹ്യ പ്രതിബന്ധത, മത നിരപേക്ഷത... ആ രീതിയിലുള്ള ഒരു സാമൂഹ്യമാറ്റത്തിന്റെ തുടക്കം കുറിക്കുന്നത് നവോത്ഥാനകാലത്താണ്. അങ്ങനെയുള്ള ഒരു പൊതുമണ്ഡലസൃഷ്ടിയുടെ ഘട്ടത്തില്‍ പല സ്ഥാപനങ്ങളും കടന്നുവന്നു. ഗ്രന്ഥശാലകള്‍, ജാതി/സമുദായ സര്‍വ്വീസ് സംഘടനകള്‍ എന്നിവ. അവ ജാതിയുടെയും സമുദായത്തിന്റെ പേരിലുള്ള വെറും സംഘടനകളായിരുന്നില്ല മറിച്ച് സേവനത്തിന്റെ പേരിലുളള സംഘടനകളായിരുന്നു. സാധുജന "പരിപാലന''സംഘം, ശ്രീ നാരായണ "ധര്‍മ്മപരിപാലന'' സംഘം, നായര്‍ "സര്‍വ്വീസ്'' സൊസൈറ്റി എന്നിവ. ഒരേസമയം സമുദായത്തില്‍ ഊന്നി നില്ക്കുമ്പോള്പോലും സമൂഹത്തെ മൊത്തത്തില്‍ കാണുന്ന രീതിയിലായിരുന്നു ഈ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
സംഘടനകളില്‍ പ്രവര്‍ത്തിക്കുവാന്‍ സ്വന്തം അദ്ധ്വാനത്തിന്റെ ഒരംശം ഈ സംഘടനകള്‍ക്ക് നൽകുന്ന ഒരു സംസ്ക്കാരമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് സമുദായ സേവന സംഘടനകളല്ല ജാതി താത്പര്യ സംഘടനകളാണ് നമുക്കുള്ളത്. സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ബഹുഭൂരിപക്ഷം അതില്‍ നിന്ന് എന്ത് ഇങ്ങോട്ട് തിരിച്ചുകിട്ടും എന്നാണ് അലോചിക്കുന്നത്. സ്വന്തം അദ്ധ്വാനവും സമ്പത്തും സമയവും സംഭാവന നല്‍കിയും ത്യാഗങ്ങള്‍ സഹിച്ചും പലതും ത്യജിച്ചും ആയിരുന്നു സംഘടനകളില്‍ ആള്ക്കാര് പ്രവര്‍ത്തിച്ചിരുന്നത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും സഹോദരന് അയ്യപ്പനും എല്ലാം പകര്‍ന്നു നല്‍കിയിരുന്ന വികാരംതന്നെ മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിക്കുക എന്നതാണ്. അത്തരത്തില്‍ ത്യാഗത്തിന്റെ ഒരംശം നമ്മുടെ നവോത്ഥാനത്തില്‍ പ്രകടമായി ഉണ്ടായിരുന്നു.
സഹിക്കുക, ത്യജിക്കുക അതിലൂടെ നിങ്ങള്‍ കീഴടക്കുന്നു എന്നത് നവോത്ഥാനത്തിന്റെ പ്രധാനധാരയായിരുന്നു. ബുദ്ധമതത്തിന്റെയും മറ്റും ഒരു വല്ലാത്ത സ്വാധീനം ഇത്തരം സേവനസംഘടനകള്ക്കുണ്ടായിരുന്നു. ഗ്രന്ഥശാലകള്‍ക്കും സംഘടനകള്‍ക്കും മാത്രമല്ല ചായക്കടകള്‍ക്കും വലിയ പ്രാധാന്യമായിരുന്നു, നവോത്ഥാന കാലത്തുണ്ടായിരുന്നത്. ചായക്കടകളും സാമൂഹ്യമാറ്റത്തിന് പ്രേരണചെലുത്തിയിരുന്നു. സമൂഹത്തിലെ എല്ലാവര്ക്കും ചായ ലഭിച്ചിരുന്ന, സാമൂഹ്യചര്‍ച്ചകള്‍ നടന്നിരുന്ന പൊതു ഇടങ്ങളായിരുന്നു ചായക്കടകള്‍. കേരളത്തില്‍ ചായക്കടകള്‍ പൊതുമണ്ഡലസൃഷ്ടിക്കും സാമൂഹ്യവിമര്‍ശനത്തിനും വലിയ സംഭാവനകള്‍ നൽകി.
നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം ആയിട്ടാണ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ വളരുന്നത്. കേരളത്തിന് ഒരു ഇടതുപക്ഷമനസുണ്ടായിരുന്നു. ഇടതുപക്ഷത്തിന് എപ്പോഴും വളരണമെങ്കില്‍ ഒരു ത്യജിക്കലിന്റെ മാനസികാവസ്ഥ സമൂഹത്തിനുണ്ടാവണം. അങ്ങനെയൊരു സമൂഹത്തിലെ ഇടതുപക്ഷം വളരൂ. നവോത്ഥാനം മൂലം അങ്ങനെ ഒരു അവസ്ഥ കേരളത്തിനുണ്ടായി എന്നാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.
ആദ്യകാലത്ത് ഇടതുപക്ഷത്തിനുനേരെ ആക്രമണങ്ങള്‍ എത്രവന്നാലും അത്രത്തോളം സഹിക്കേണ്ടിവന്നിരുന്നില്ല. സമൂഹം അതിനെ അംഗീകരിച്ചിരുന്നില്ല. സി ഐ എയുടെയും കോണ്‍ഗ്രസ്സിന്റേയും മറ്റും ആക്രമണങ്ങള്‍ അന്നും ഉണ്ടായിരുന്നു. അതിനെയെല്ലാം നേരിടാനുള്ള ഒരു ബലം സമൂഹം ഇടതുപക്ഷത്തിന് നല്‍കിയിരുന്നു. സമൂഹം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരുന്നു. നവോത്ഥാനത്തിന്റെ മറ്റൊരു ഗുണമാണ് സമൂഹത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കഴിഞ്ഞു എന്നത്. സാമൂഹ്യബന്ധങ്ങളെ അത് രാഷ്ട്രീയവല്‍ക്കരിച്ചു. രാഷ്ട്രീയവല്ക്കരണത്തിന്റെ കുന്തമുനയായിട്ടാണ് ഇടതുപക്ഷം വളര്‍ന്നുവരുന്നത്. മറ്റെന്തെല്ലാം ഉണ്ടെന്നുപറയുമ്പോഴും ഇടതുപക്ഷത്തിന്റെ പാരമ്പര്യം എന്നു പറയുന്നത് നവോത്ഥാനമാണ്.
1950 കള്‍ മുതല്‍ 1970 വരെയുള്ള കാലം എടുത്തു പരിശോധിച്ചാല്‍ കേരളത്തിന്റെ വികസനത്തിന്റെ എല്ലാ മേഖലയിലും ആഗ്രഗാമിത്തം വഹിച്ചത് ഇടതുപക്ഷമാണ്. അയല്‍സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ കേരളത്തില്‍ സാമൂഹ്യമായും അല്ലാതെയും ഉണ്ടായ നേട്ടങ്ങളില്‍ പലതും പല സംസ്ഥാനങ്ങളിലും അന്നുണ്ടായിട്ടില്ല. അതിന് ഒരു പ്രധാന സംഗതി ഈ സംസ്ഥാനങ്ങളില്‍ ശക്തമായ ഒരു ഇടതുപക്ഷമില്ലായിരുന്നു എന്നതാണ്. എന്തുകൊണ്ട് കേരളം ഇങ്ങനെയായി എന്ന അന്വേഷണം ഇടതുപക്ഷപ്രസ്ഥാനത്തിലാണ് ചെന്നുനില്ക്കുക. പശ്ചിമബംഗാള്‍ ഒഴിച്ച് മറ്റൊരു സംസ്ഥാനവും കേരളം അന്നു കൈവരിച്ച നേട്ടങ്ങളുടെ അടുത്തെത്തിയിരുന്നില്ല.
കേരളത്തില്‍ ശക്തമായ ഒരു മദ്ധ്യവര്ഗ്ഗമുണ്ടായിരുന്നു. ആ മദ്ധ്യവര്‍ഗ്ഗമായിരുന്നു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആണിക്കല്ല്- വളരെ പുരോഗമന സ്വഭാവമുള്ള, കമ്യൂണിസ്റ്റ് മനസ്സുള്ള ഒരു മദ്ധ്യവര്‍ഗ്ഗം. നവോത്ഥാനത്തിന്റെ സ്വാധീനമുള്ള ത്യാഗം സഹിക്കാനും ത്യജിക്കാനും തയ്യാറുള്ള സമൂഹത്തിന്റെ അനന്തരഗാമികളാണ് ഈ മദ്ധ്യവര്‍ഗ്ഗമായി മാറിയത്. ഈ മദ്ധ്യവര്‍ഗ്ഗം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരായി മാറി.
ആദ്യകാലഘട്ടങ്ങളില്‍ പുറം രാജ്യങ്ങളിലെ സ്വാധീനം നമ്മളിലുണ്ടായത് പുരോഗമനാശയങ്ങള്‍ കടന്നുവരുന്നതിലായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതുപോലെ നിരവധി കമ്യൂണിസ്റ്റ് ആശയപ്രചരണം നടന്നു. സോവിയറ്റ് യൂണിയന്റെ വിപ്ളവാശംങ്ങളും ആവേശമായി കടന്നുവന്നു. പിന്നീട് പുറം രാജ്യങ്ങളില്‍; അമേരിക്കയിലും മറ്റും ജോലിക്കായി പോകുന്നവരിലൂടെ സമ്പത്തും, അവിടുത്തെ സംസ്ക്കാരങ്ങളും, സാമ്പത്തികാശംങ്ങളും കടന്നുവന്നുതുടങ്ങി. ഇത് മധ്യവര്‍ഗ്ഗത്തെ സ്വാധീനിച്ചു.
മാത്രമല്ല, മതപരമായ സംഘടനകളുടേയും മതത്തിന്റെയും സ്വാധീനം എൺപതുകളോടെ കേരള സമൂഹത്തെ കടന്നാക്രമിച്ചു. ഇത്തരം കടന്നാക്രമണങ്ങളെ ചെറുക്കാന്‍ ഒരു ആശയപരമായ ബലം, അടിത്തറ പൊതുസമൂഹത്തിനുണ്ടായിരുന്നു - ഒരിടതുപക്ഷമനസ്സിന്റെ മേല്‍കോയ്മ. ഇന്നത് ദുര്ബ്ബലപ്പെടുന്നു. അതുകൊണ്ടാണ് ഇടതുപക്ഷത്തിനെതിരെ ആക്രമണം വരുന്നത്. അതിനെ പൊതുസമൂഹം നിസംഗമായി നോക്കുകയോ ആക്രമണത്തിനൊപ്പം നില്‍ക്കുകയോ ചെയ്യുന്നു. ഇത്തരം ആക്രമണങ്ങള്‍ നേരത്തേ ഉണ്ടായിരുന്നെങ്കില്‍ സമൂഹം ചെറുക്കുമായിരുന്നു. ആക്രമണങ്ങള്‍ ശക്തിപ്പെടുകയും ഇല്ലായിരുന്നു. അത്തരം പ്രതികരണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നുണ്ടാകുന്നില്ല. ഉണ്ടാകുന്നതിനെ തമസ്ക്കരിക്കുകയും മറ്റുള്ളവയെ മാധ്യമങ്ങള്‍ പര്വതീകരിക്കുകയുമാണ്. ഇടതുപക്ഷം നടത്തുന്ന സമരങ്ങളെപോലും തമസ്ക്കരിക്കുന്നു.
സമൂഹത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവയായിരുന്നു ആദ്യകാല മാധ്യമങ്ങള്‍. അങ്ങനെയുള്ളവ മാത്രമേ വിറ്റുപോയിരുന്നുള്ളൂ. ഇന്നത്തെ പൊതുമണ്ഡലത്തെ കീഴടക്കുന്നത് കുത്തകമാധ്യമങ്ങളാണ്. അവരുടെ ലക്ഷ്യം നവോത്ഥാനത്തിലൂടെയും ഇടതുപക്ഷമുന്നേറ്റത്തിലൂടെയും നാം നേടിയ നന്മകളെ അട്ടിമറിച്ച് പഴമയെ പുന:സ്ഥാപിക്കുക എന്നതാണ്.
ഇടതുപക്ഷത്തിന്റെ ഇടപെടല്‍ കൊണ്ടാണ് സാധാരണകാരന് സാമൂഹ്യനീതി ലഭ്യമായത്. ഭൂപരിഷ്ക്കരണം, അധികാര ധ്രുവീകരണം, സമ്പൂര്‍ണ്ണ സാക്ഷരത ഇതെല്ലാം ഇടതുപക്ഷത്തിന്റെ സംഭാവനയാണ്. ഇങ്ങനെ സാധാരണക്കാരന് ആശ്വാസം പകരുവാന്‍ കഴിയുന്ന ഒരു സമൂഹ്യസൃഷ്ടി കേരളത്തില്‍ നടന്നിട്ടുണ്ട്. അത് മാറ്റിമറിക്കുവാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പഴയ ഫ്യൂഡല്‍ മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇടതുപക്ഷത്തിനെതിരായ എന്തും വളരെ ചടുലമായാണ് നമ്മുടെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഒരാളിനെ തന്നെ ശ്രദ്ധിക്കപ്പെടുന്നത് അയാള്‍ ഇടതുപക്ഷത്തിനെതിരെ എന്തുപറയുന്നു എന്നുനോക്കിയാണ്. ഇടതുപക്ഷത്തിനെതിരെ പറയുന്നവര്‍ക്ക് വലിയ സ്പേസ് ആണ് ലഭിക്കുന്നത്.
ഇടതുപക്ഷത്തെ ഇകഴ്ത്തിക്കാട്ടണമെങ്കില് മതം തിരികെവരണമെന്നവര് കണക്കുകൂട്ടുന്നു. ഇവിടെയാണ് നമ്മള് ഉച്ഛാടനം ചെയ്തുവെന്നുപറയുന്ന കാര്യങ്ങള്‍ തിരികെ വരുന്നത്. ഇങ്ങനെ മതം പുനരവതരിക്കുന്നു. അമ്പലങ്ങളുടെയും പള്ളികളുടേയും മാത്രമല്ല മതപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നല്കുന്ന വല്ലാത്ത മാധ്യമപ്രചരണം മതത്തിന്റെ സ്വാധീനം സമൂഹത്തില്‍ വര്‍ദ്ധിപ്പിക്കുവാൻ ലക്ഷ്യമിട്ടാണ്.
ഇടതുപക്ഷപ്രസ്ഥാനങ്ങളെ ഇകഴ്ത്തണമെങ്കില്‍ ആശയപരമായി ചെറുക്കുവാനുള്ള സ്കോപ്പ് വളരെ കുറവാണ്. അതുകൊണ്ട് മതത്തെ പുന:സ്ഥാപിക്കുകയാണ് ലക്ഷ്യം. അപ്പോള്‍ ആശയപരമായ സംവാദം ഒഴിവാക്കാം. അന്ധമായ വിശ്വാസത്തിനടിമപ്പെട്ട് വ്യക്തിയുടെ യുക്തി നശിക്കുമ്പോള്‍ മതത്തിന്റെ സ്വാധീനവും അജ്ഞതയും ഭീതിയും മുതലെടുത്ത് മതത്തിന്റെ ഭീഷണിയില്‍ വ്യക്തിയെ നിയന്ത്രിക്കുക. അവന്റെ രാഷ്ട്രീയ തീരുമാനങ്ങളേയും പ്രതികരണങ്ങളേയും നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം.
യുക്തിസഹമായ ഒരു സംവാദത്തിന് പൊതുസമൂഹം ഇന്ന് തയ്യാറല്ല. അങ്ങനെ ഒരു സംവാദം വരുമ്പോഴാണ് നമുക്ക് നവലിബറല്‍ ആശയങ്ങള്‍ക്ക് പുറത്ത് നമ്മുടെ ആശയങ്ങളെ സ്ഥാപിക്കുവാന്‍ കഴിയുക. അവര്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങളാണ് . പൊതുമണ്ഡലത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വന്നാല്‍ അവര്‍ പരാജയപ്പെടും എന്നതിനാല്‍ ചര്‍ച്ചകള്‍ക്ക് അവര്‍ തയ്യാറല്ല.
പൊതുമണ്ഡലം മുമ്പ് സര്‍ഗ്ഗസംവാദത്തിന്റെ വേദിയായിരുന്നെങ്കില്‍ ഇന്ന് അത്തരം ഒരു പൊതുമണ്ഡലം കേരളത്തിലില്ല. എന്തൊക്കെ പരാധീനതകള്‍ ഉണ്ടായിരുന്നെങ്കിലും നേരത്തെ ഒരു പൊതുമണ്ഡലം ഉണ്ടായിരുന്നു. ഈ പൊതുമണ്ഡലത്തെ തകര്‍ത്ത് വ്യക്തിനിഷ്ഠമായ സ്വകാര്യമണ്ഡലത്തെ പ്രതിഷ്ഠിക്കുകയാണ് മതത്തെ ഉപയോഗിച്ച് ചെയ്യുന്നത്.
മനുഷ്യന്റെ സ്വകാര്യതയിലാണ് മതത്തിന് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുവാന്‍ കഴിയുക. ആ സ്വകാര്യതയില്‍ നിന്നുകൊണ്ട് പൊതുമണ്ഡലത്തെ കാണാനാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. നേരത്തെ പൊതുമണ്ഡലത്തില്‍ നിന്നും സ്വകാര്യതയെ വീക്ഷിക്കുകയായിരുന്നെങ്കില് ഇന്നത് നേരെ തിരിച്ചായിട്ടുണ്ട്. മതം എപ്പോഴും സമൂഹത്തെ വ്യക്തികളായി തിരിച്ച് ആ വ്യക്തികളിലേക്ക് പിന്തിരിപ്പന് ആശയങ്ങള്‍ കടത്തിവിട്ട് മതത്തിനായി വ്യക്തിയെ ഉപയോഗിക്കുകയാണ്. ഇവിടെ പൊതു ആവശ്യങ്ങളില്ല. മതത്തിന്റെയോ മതനേതാക്കളുടെയോ താത്പര്യങ്ങള്‍ മാത്രമേ ഉള്ളൂ.
മതത്തിന്റെ രീതി ശാസ്ത്രം എന്നത് വ്യക്തിയെ ഭയത്തിന്റെ മേഖലയില്‍ നിര്‍ത്തി മുതലെടുക്കുക എന്നതാണ്. അഭൌമവും വ്യൿത്യാതീതവുമായ സങ്കല്പങ്ങളില് ചിന്തകളെയും വിശ്വാസത്തെയും വ്യാപരിപ്പിച്ച് അതിലൂടെ സൃഷ്ടിക്കുന്ന മേധാവിത്തം മതത്തിനും പുരോഹിതന്മാര്ക്കും സ്ഥാപിച്ചെടുത്ത്; വ്യക്തിയെ ഭീതിയില്‍ നിര്‍ത്തുകയാണ്. അതിനാണ് സമൂഹ്യനിഷ്ഠമായ അവസ്ഥയില്‍ നിന്നും വ്യക്തിയെ വ്യക്തിനിഷ്ഠമാക്കുന്നത്. അങ്ങനെ മതം വലതുപക്ഷ സാമ്പത്തികാശയങ്ങള്ക്കുതകുന്ന ഒരു മണ്ഡലം സ്ഥാപിച്ചെടുക്കുകയാണ്.
ഇവിടെയാണ് നമുക്ക് പ്രണയത്തിന്റെയും ജീവിതത്തിന്റെയും അര്‍ത്ഥതലങ്ങള്‍ നഷ്ടമാവുന്നത്. വ്യക്തിനിഷ്ഠലാഭത്തിന്റെ തയ്യാറെടുപ്പിലേക്ക് പ്രണയം മാറുന്നു. ഇവിടെ പ്രണയത്തിന്റെ സൌന്ദര്യം നഷ്ടമാവുന്നു.
കേരളം ഇന്നത്തെ രീതിയില്‍ എത്തിയത് നവോത്ഥാനത്തിന്റെ ഭാഗമായ രാഷ്ട്രീയവല്ക്കരണത്തിന്റെ ഫലമായാണ്. ആ രാഷ്ട്രീയവത്ക്കരണമാണ് ഇടതുപക്ഷത്തിന്റെ വളര്‍ച്ചയെ സഹായിച്ചത്. എന്നാല്‍ സമൂഹത്തിന്റെ രാഷ്ട്രീയബോധത്തെ നശിപ്പിക്കുവാനും അരാഷ്ട്രീയവല്‍ക്കരിക്കാനും ഉള്ള ശ്രമമാണ് സമൂഹത്തിലെ പല സ്ഥാപിത താത്പര്യക്കാരും നടത്തുന്നത്. അതിന്റെ ഭാഗമാണ് വിദ്യാര്‍ത്ഥിക്ക് രാഷ്ട്രീയംവേണ്ട, അദ്ധ്യാപകന് രാഷ്ട്രീയം വേണ്ട, സര്‍ക്കാരിന് രാഷ്ട്രീയം വേണ്ട, യുവജനസംഘടനകള്‍ രാഷ്ട്രീയമായി സംഘടിക്കേണ്ട, മറ്റ് പലതിന്റേയും പേരില്‍ സംഘടിച്ചാല്‍ മതി എന്ന വാദഗതികള്‍.
വേറെ രീതിയില്‍ സംഘടിക്കണമെന്നു പറഞ്ഞാല്‍ രാഷ്ട്രീയത്തെ തൂത്തെറിയുക എന്നതാണ് ലക്ഷ്യം. അങ്ങനെയായാല്‍ മാത്രമെ വലതുപക്ഷ ആശയങ്ങള്‍ കടത്തിവിടാന്‍ കഴിയൂ. സാംസ്ക്കാരികവും സാമൂഹ്യവും ആയ പോരാട്ടങ്ങള്‍ നാം നടത്തുന്നത് രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലാണ്. കാരണം രാഷ്ട്രീയത്തില്‍ മാത്രമെ ഒരു വ്യക്തി- ഒരു വോട്ട് - ഒരു മൂല്യം എന്നുള്ളതുള്ളൂ. രാഷ്ട്രീയത്തില്‍ മാത്രമെ വ്യക്തികള്‍ക്ക് നമ്മള് പറയുന്ന തരത്തിലുള്ള തുല്യതയുള്ളൂ. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനുമാത്രമേ ഇടതിനെയും വലതിനെയും തിരിച്ചറിയാന്‍ കഴിയൂ.
അരാഷ്ട്രീയവല്ക്കരിക്കപ്പെട്ടാല് ആദ്യം നഷ്ടമാവുക ഇടതിനെ തിരിച്ചറിയാനുള്ള ബോധമാണ്. അരാഷ്ട്രീയവല്‍ക്കരണം വ്യക്തിബന്ധങ്ങള്പോലും ലാഭനഷ്ടത്തിന്റേതാകുന്നു.യുവജന വിദ്യാര്‍ത്ഥിസംഘടനകള്‍ ഇടതോ വലതോ ആകട്ടെ, അത് സംഘടിപ്പിക്കപ്പെടുമ്പോള്‍ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രം വ്യക്തികളെ കൂട്ടിചേര്‍ക്കുന്നുണ്ട്. വ്യക്തികള്‍ തമ്മില്‍ ആ രാഷ്ട്രീയത്തിന്റെ ഒരു കണൿടിംഗ് ലിങ്കുണ്ട്. അല്ലാതെ വന്നാല്‍ സമൂഹ്യബോധത്തിന്റെതായ ഘടകം നഷ്ടമാവും. സ്വയം വിമര്‍ശനത്തിന്റെയും ത്യജിക്കലിന്റെയും സേവനത്തിന്റെയും ഘടകം നഷ്ടമാവും. ഇതെല്ലാം പോയിട്ട് വ്യക്തിബന്ധങ്ങള്‍ വെറും ഭൌതികമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാവും. എനിക്ക് എന്തുകിട്ടും എന്നതാവും അജണ്ട.
പ്രണയംപോലും ഇന്ന് അത്തരത്തിലായിരിക്കുന്നു. മറ്റ് കാര്യങ്ങള്‍ - സമ്പത്ത്, ജാതി, സൌന്ദര്യം, വിദ്യാഭ്യാസം എല്ലാം ചേരുമെങ്കില്‍ പ്രണയം ആവാം എന്ന സ്ഥിതിയായിരിക്കുന്നു! പ്രണയം "അറേഞ്ച്ഡ് പ്രണയ''ങ്ങളായി മാറുന്നു. അതിനെ പ്രണയം എന്ന് വിളിക്കാന്‍ കഴിയില്ല. ഇവിടെ പ്രണയത്തിന്റെ സൌന്ദര്യം നഷ്ടപ്പെടുകയാണ്. എല്ലാ പരിഗണനകള്‍ക്കും അതീതമായ വ്യക്തിബന്ധത്തിന്റെ സൌന്ദര്യം പുലർത്തിയിരുന്ന പ്രണയബന്ധങ്ങള്‍; സങ്കീർണവും താത്പര്യാധിഷ്ഠിതവും ആസൂത്രിതവും ആകുകയാണ്. ഇതിനെല്ലാം കാരണം കേരളത്തിലെ ഇടതുപക്ഷ മനസ്സിന് സംഭവിക്കുന്ന പോറലുകളാണ്.
ഇടതുപക്ഷത്തിന് ഏന്തെങ്കിലും സംഭവിച്ചാല്‍ ആ സ്ഥലം അപഹരിച്ചിരുന്നത് വലതുപക്ഷമായിരുന്നെങ്കില് ഇന്നങ്ങനെയല്ല. തീവ്രവലതുപക്ഷവാദികളും മതതീവ്രവാദികളും കടന്നുവരികയാണ്. ഇതാണ് സാമ്രാജ്യത്വത്തിന്റെയും ആവശ്യം. തീവ്രവലതുപക്ഷവാദികള്‍ സാമ്പത്തികമായും മതപരമായും വലതുപക്ഷമായിരിക്കും. സാമ്രാജ്യത്തിന് വേഗം സഹകരിക്കുവാന്‍ കഴിയുക ഇത്തരം കക്ഷികളെയായിരിക്കും. ഉദാഹരണത്തിന് ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ അവരുമായി സഹകരിക്കുന്നതിന് അമേരിക്കയ്ക്ക് യാതൊരു വിഷമവും ഇല്ലായിരുന്നു. നവലിബറല്‍ കക്ഷികളെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷം ഒഴികെയുള്ള ആരുമായും യോജിക്കുവാന്‍ കഴിയും.
കേരളത്തില്‍ വല്ലാത്ത ഒരു സ്വീകാര്യത മത-മൌലികവാദകക്ഷികള്ക്കും അവരുടെ നേതാക്കള്‍ക്കും ലഭിക്കുന്നുണ്ട്. മതമൌലികവാദത്തിന് അതിന്റേതായ ഒരു സാമ്പത്തിക അടിത്തറയും പ്രത്യയശാസ്ത്രവും ഉണ്ട്, അത് കാണാതിരിക്കുകയല്ല. പക്ഷെ കേരളത്തില്‍ മതമൌലിക വാദത്തിന് ഇടം നല്‍കിയത് പൊതുമണ്ഡലത്തിലെ മാറ്റമാണ്. കേരളത്തിലെ ഇടതുപക്ഷത്തിനെതിരെ നടക്കുന്ന എല്ലാ ആക്രമണങ്ങളും കേരളത്തിന്റെ പൊതുമണ്ഡലത്തെയാണ് ബാധിക്കുന്നത്. ആ പൊതുമണ്ഡലത്തിനുണ്ടാകുന്ന ക്ഷീണമാണ് തീവ്രവാദത്തിനും മതമൌലികവാദത്തിനുമുള്ള കടന്നുവരവ് സാധ്യമാക്കുന്നത്.
മതമൌലികവാദം കടന്നുവരുമ്പോള്‍ വ്യക്തിബന്ധത്തേയും പ്രണയത്തേയും സ്വാധീനിക്കുന്നു. മതമൌലികവാദവും നവലിബറല്‍ ആശയങ്ങളും ചേര്‍ന്നുകൊണ്ട് വ്യക്തികളെയും ബന്ധങ്ങളെയും രൂപപ്പെടുത്തുമ്പോള്‍ പ്രണയവും സാമ്പത്തികാധിഷ്ഠിതവും മതമൌലികവാദപരവും ആകുന്നു. ത്യജിക്കലിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിലുള്ള ബന്ധം ഇല്ലാതെ വരുന്നു.
ഉപഭോഗസംസ്ക്കാരവും ഇടതുപക്ഷ ആശയങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ആഡംബരപൂര്‍ണ്ണമായ ഒരു ജീവിതം ഉറപ്പുവരുത്തുന്നതിന് നവലിബറല്‍ ആശയങ്ങള്‍ക്ക് പറ്റുമെന്നുവന്നാല് നാം ചിലപ്പോള്‍ ആ ആശയങ്ങളുടെ പിറകേ പോയെന്നുവരാം. ഇവിടെ നമ്മുടെ ആഗ്രഹങ്ങള്‍ക്കുമേല്‍ ആശയപരമായ ആധിപത്യം സ്ഥാപിക്കാന്‍ സ്വയം കഴിയണം. അമേരിക്കയില്‍ "ഒന്നും ഇല്ലായ്മയില്‍ നിന്നും ധനികനാക്കുക'' (''Lack to Rich'')എന്ന പ്രചാരണമാണ് നടക്കുന്നത്. അത് ഉപഭോഗസംസ്ക്കാരത്തിന്റേതാണ്. ഒരു മാതൃകചൂണ്ടിക്കാട്ടി അതുപോലെയാവുക എന്ന പ്രചരണം, അങ്ങനെ ഒരു സംസ്ക്കാരം തന്നെ വളര്‍ത്തിയെടുക്കുകയാണ്. നിങ്ങള്‍ക്ക് ഇങ്ങനെയാവണമെങ്കില്‍ സ്വകാര്യവത്ക്കരണം വേണം. സര്‍ക്കാരിന്റെ നിയന്ത്രണം പാടില്ല എന്നതാണ് പ്രചരണം. ഇത്തരം ആശയപ്രചരണമാണ് നമ്മുടെ നാട്ടില്‍ പടര്‍ന്നിരിക്കുന്നത്.
യഥാര്‍ത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നതിലൂടെ ഒരു പുതിയ ബോധം സൃഷ്ടിച്ചെടുക്കുകയാണ്. അവര്‍ ദാരിദ്ര്യത്തെ തമസ്ക്കരിക്കുന്നു. പട്ടിണിയെ തമസ്ക്കരിക്കുന്നു. ജനകീയപോരാട്ടങ്ങളെ തമസ്ക്കരിക്കുന്നു. ആന്ധ്രയിലെ ഭൂസമരങ്ങള്‍, രാജസ്ഥാനിലെ സമരങ്ങള്‍, ബോബെയിലെ കുടിവെള്ള സമരം എല്ലാം വാര്ത്തകളാകാതിരിക്കുന്നു, പകരം നന്ദിഗ്രാമുകള്‍ പ്രചരണത്തില്‍ ഇടം നേടുകയാണ്. അസത്യങ്ങള്‍ പര്‍വ്വതീകരിക്കുകയാണ്.
അരാഷ്ട്രീയവാദത്തിനും നവലിബറല്‍ ആശയങ്ങള്‍ക്കും മതതീവ്രവാദത്തിനും എതിരെയുള്ള ചെറുത്തുനില്‍പ്പാണ് കേരളത്തിന്റെ ഭാവിനിര്ണ്ണയിക്കുവാന് പോകുന്നത്. ഇതിന് കേരളം പിന്തുണക്കേണ്ടത് ഇടതുപക്ഷശക്തികളെയാണ്. ഇടതു ആശയങ്ങളിലൂടെ മാത്രമെ നമുക്കീവെല്ലുവിളികളെ ചെറുക്കാന്‍ കഴിയൂ. രാഷ്ട്രീയ ബോധവല്‍ക്കരണം പതിന്മടങ്ങ് ശക്തിയോടെ കേരളം ആവശ്യപ്പെടുകയാണ്.
*****
ജെ പ്രഭാഷ്, കടപ്പാട് : യുവധാര
Sunday, July 18, 2010
നഷ്ടമാവുന്ന പൊതുമണ്ഡലങ്ങൾ
Subscribe to:
Post Comments (Atom)
2 comments:
സംഘടനകളില്‍ പ്രവര്‍ത്തിക്കുവാന്‍ സ്വന്തം അദ്ധ്വാനത്തിന്റെ ഒരംശം ഈ സംഘടനകള്‍ക്ക് നല്കുന്ന ഒരു സംസ്ക്കാരമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് സമുദായ സേവന സംഘടനകളല്ല ജാതി താത്പര്യ സംഘടനകളാണ് നമുക്കുള്ളത്. സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ബഹുഭൂരിപക്ഷം അതില്‍ നിന്ന് എന്ത് ഇങ്ങോട്ട് തിരിച്ചുകിട്ടും എന്നാണ് അലോചിക്കുന്നത്. സ്വന്തം അദ്ധ്വാനവും സമ്പത്തും സമയവും സംഭാവന നല്‍കിയും ത്യാഗങ്ങള്‍ സഹിച്ചും പലതും ത്യജിച്ചും ആയിരുന്നു സംഘടനകളില്‍ ആള്ക്കാര് പ്രവര്‍ത്തിച്ചിരുന്നത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും സഹോദരന് അയ്യപ്പനും എല്ലാം പകര്‍ന്നു നല്‍കിയിരുന്ന വികാരംതന്നെ മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിക്കുക എന്നതാണ്. അത്തരത്തില്‍ ത്യാഗത്തിന്റെ ഒരംശം നമ്മുടെ നവോത്ഥാനത്തില്‍ പ്രകടമായി ഉണ്ടായിരുന്നു.
സാധാരണക്കാരണ്റ്റെ അവസാനത്തെ ആശ്രയം എന്നു വിചാരിച്ചിരുന്ന ഇടതു പക്ഷം മത മൌലിക വാദികളുടെ പിറകെ പോവുകയും സ്വയം കോര്‍പ്പറേറ്റ് ആകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ സാധാരണക്കാരന് പാര്‍ട്ടിയില്‍ നിന്നകന്നു എന്നതല്ലേ പ്രഭാഷേ സത്യം, പണ്ടു ദേശാഭിമാനി പേപ്പര്‍ വായിച്ചു അടിമയായിരുന്നവന്‍ ഇന്നു മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും പത്തു ചാനല്‍ കാണുന്നുണ്ട് ഓരോ ന്യൂസും അപ്പപ്പോള്‍ കാണുന്നുണ്ട് അങ്ങിനെ പഴയപോലെ ( സന്ദേശത്തിലെ ശങ്കരാടി ) പറയുന്നത് അപ്പാടെ വിഴുങ്ങില്ല അവന് സ്വയം ചിന്തിക്കാന്‍ തുടങ്ങി, പാര്‍ട്ടി എം എല്‍ എ കള്‍ സ്വപ്നസൌധം പണിയുന്നത് കണ്ടപ്പോള്‍ അവന് ആലോചിച്ചു ഇയാള്‍ക്കെങ്ങിനെ ഇത്ര ധനം ഉണ്ടായി എന്നു ? അങ്ങിനെ പതിയെപതിയെ ഈ ഗീറ്വാണങ്ങള് കേട്ട് വിശ്വ്സിക്കുന്നതില് കാര്യമില്ലെന്നും അവനവണ്റ്റെ കാര്യം നോക്കാന്‍ അവനവന് തന്നെ ശ്രമിക്കണമെന്നും മനസ്സിലാക്കി അങ്ങിനെ അവന് രാഷ്ട്റീയം വിട്ട് അരാഷ്ട്റീയവാദി ആയി
Post a Comment