Sunday, May 13, 2012

സിനിമയും ഭക്ഷ്യസുരക്ഷയും


ഇതെഴുതുന്ന ദിവസം ഫേസ്ബുക്കില്‍ ഒരു ചര്‍ച്ച ഇപ്രകാരമാണ് തുടങ്ങിയത്. നിയമപരമായി അറിവുള്ളവര്‍ സഹായിക്കുക. മള്‍ട്ടിപ്ളെക്സ് തിയറ്ററുകളില്‍ പുറമെ നിന്നുള്ള ഭക്ഷണം കൊണ്ട് പോകാന്‍ രാജ്യത്തെ ഏത് നിയമം ആണ് തടസ്സം? നമ്മുടെ കുഞ്ഞ്, ബാഗ് അടക്കം ഉള്ള് തപ്പി പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ? (വി കെ ആദര്‍ശ്). ചര്‍ച്ചയിലിടപെട്ടുകൊണ്ട് വിദഗ്ദ്ധരും വിദഗ്ദ്ധരായി നടിക്കുന്നവരും അല്ലാത്തവരും തട്ടിവിടുന്ന അഭിപ്രായങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ്, എനിക്കുണ്ടായ ഉള്ളു തപ്പലുകളുടേതായ നിരവധി അനുഭവങ്ങളില്‍ നിന്ന് ഒന്നു രണ്ടെണ്ണം ഓര്‍മ്മിക്കട്ടെ.

ഒന്ന്, ആറേഴു വര്‍ഷം മുമ്പാണ്. കുടുംബത്തോടൊന്നിച്ച് ഹൈദരാബാദ് നഗരത്തിലേക്ക് നടത്തിയ വിനോദോല്ലാസ യാത്രയിലായിരുന്നു ഞങ്ങളാദ്യം മള്‍ട്ടിപ്ളെക്സില്‍ സിനിമ കാണാനായി കയറിയത്. ഹൈദരാബാദ് നഗരകേന്ദ്രത്തിലുള്ള പിവിആര്‍ സെന്‍ട്രല്‍ എന്ന മള്‍ട്ടിപ്ളെക്സില്‍ പ്രിയദര്‍ശന്‍ മലയാളത്തിലെ പല പടങ്ങള്‍ കോപ്പിയടിച്ച് അക്ഷയ്കുമാറിനെ നായകനാക്കിയും പരേഷ് റാവലിനെ കോമാളിയാക്കിയും തട്ടിക്കൂട്ടിയ ഒരു ബോളിവുഡ് വികൃതിയാണ് കാണാന്‍ പോയത്. ഇരുനൂറ്റമ്പതോ മുന്നൂറോ രൂപയാണ് ഒരു തലയുടെ ടിക്കറ്റ് നിരക്ക്. മാളിന്റെ തറനിരപ്പില്‍ മുന്നില്‍ തന്നെ ബോക്സ് ആപ്പീസ് എന്ന് ചന്തത്തില്‍ ബോര്‍ഡെഴുതിവെച്ചിരിക്കുന്ന കൂട്ടില്‍ പോയി ടിക്കറ്റെടുത്തു. കഴുത്തില്‍ ടൈ കെട്ടി, ത്രീപീസ് സ്യൂട്ടിട്ട് ആണുങ്ങളും മിനിസ്കര്‍ട്ടിട്ട പെണ്ണുങ്ങളും കോണ്‍വെന്റ് ഇംഗ്ളീഷ് മൊഴിയോടെ ഗമ കാണിക്കുന്ന കൌണ്ടറുകളില്‍ നിന്ന് ഭയഭക്തിബഹുമാനത്തോടെയാണ് ടിക്കറ്റെടുത്ത് പിന്‍വാങ്ങിയത്. മൂന്നു നാലു നില മുകളിലാണ് സിനിമാപ്രദര്‍ശനം നടക്കുന്നത്. സ്ക്രീനുകള്‍ എന്നാണ് ഓരോ ഹാളിനും പറയുന്നത്. സ്ക്രീന്‍ ഒന്ന്, സ്ക്രീന്‍ രണ്ട് എന്നിങ്ങനെ. അതിനിടയിലുള്ള നിലകളിലൊക്കെയും കച്ചവടസ്ഥാപനങ്ങളാണ്. നമ്മളെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഒന്നും വാങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള ബ്രാന്റഡ് ഷോപ്പുകളാണ് എല്ലാതും. വിന്റോ ഷോപ്പിങ് (കണ്ണാടികള്‍ക്കിടയിലൂടെ ഉത്പന്നങ്ങള്‍ നോക്കി വെളളമിറക്കുന്ന പരിപാടി) നടത്തി, മുകളിലെത്തുന്നതിനിടയില്‍, രണ്ടു മൂന്നു പാക്കറ്റ് പോപ് കോണ്‍ മേടിച്ചു. സ്റൈലില്‍ മള്‍ട്ടിപ്ളെക്സിനകത്ത് കയറുമ്പോള്‍ തിന്നാന്‍, നാടന്‍ ടാക്കീസില്‍ കിട്ടാറുള്ള സമൂസയും പരിപ്പുവടയും പപ്പടവടയും കടലയും ഒന്നും പറ്റില്ലല്ലോ. അത്രയും നാഗരികബോധം ഉണ്ടായിരുന്നു. പക്ഷെ, രക്ഷയില്ല. അമ്പതും എഴുപത്തഞ്ചും രൂപ കൊടുത്ത് അതേ മാളില്‍ നിന്ന് മേടിച്ച ആ പോപ് കോണ്‍ പാക്കറ്റുകള്‍ പിവിആറിലെ സെക്യൂരിറ്റിക്കാര്‍ അനുവദിക്കുന്നില്ല. നമ്മുടെ നാടല്ലല്ലോ, ചമ്മുന്നത് ആരും കാണില്ല; നിന്ന നില്‍പ്പിന് ആ പോപ് കോണ്‍ മുഴുവന്‍ ശ്വാസം പിടിച്ച് തട്ടിവിട്ടു. നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ പോക്കിത്തിന്നു. എല്ലാം രണ്ടോ മൂന്നോ മിനുറ്റ് കൊണ്ടവസാനിച്ചു. ഹൃദയാഘാതം ഒന്നും ഉണ്ടാവാത്തത് ഭാഗ്യം. മള്‍ട്ടിപ്ളെക്സ് പാഠം ഒന്ന് അങ്ങിനെ കാണാപ്പാഠമായി. ആ ഹൈദരാബാദ് താമസത്തിനിടയില്‍ തന്നെ പിന്നെ രണ്ടു മൂന്നു തവണ കൂടി മള്‍ട്ടിപ്ളെക്സുകള്‍ കയറിയിറങ്ങി. പ്രസാദ്സ് ഐമാക്സ് തിയറ്ററിലും മറ്റുമുള്ള ദൃശ്യ-ശ്രവ്യാനുഭവം അതി ഗംഭീരമായിരുന്നു. പക്ഷെ, എല്ലാത്തിനെയും കവച്ചു വെച്ചത് ആ ആദ്യത്തെ പോപ്കോണ്‍ തീറ്റ തന്നെയായിരുന്നു. അത് ജീവിതത്തിലൊരിക്കലും മറക്കില്ല.

ഇപ്പോള്‍ ഇന്ത്യാ രാജ്യത്ത് പാസാക്കിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ടതല്ലെങ്കിലും, ഭക്ഷ്യവും സുരക്ഷയും ഘടകങ്ങളായ ഒരു പരിശോധനയാണ് മള്‍ട്ടിപ്ളെക്സുകളില്‍ നടക്കുന്നത്. സുരക്ഷാ വീഴ്ചകള്‍ ഒഴിവാക്കാന്‍ വേണ്ടി വന്‍ നഗരങ്ങളിലെ മള്‍ട്ടിപ്ളെക്സുകളില്‍ മാത്രമല്ല, എല്ലാ പൊതുഹാളുകളിലും സുരക്ഷാ പരിശോധന കര്‍ശനമാണ്. തൊണ്ണൂറുകളില്‍ ഒന്നിടവിട്ട വര്‍ഷം, ദില്ലിയിലെ സിരിഫോര്‍ട്ടില്‍ നടക്കാറുള്ള ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്ഥിരക്കാരായിരുന്ന ഞങ്ങള്‍ക്ക് ഈ ബാഗു തുറന്നതും ദേഹം ഉഴിഞ്ഞും അമര്‍ത്തിയുമുള്ളതുമായ പരിശോധന വളരെ പരിചയമായിരുന്നു. മുറിയുടെ ചാവിയും, ഡെയ്ലി ബുള്ളറ്റിനും ഫെസ്റിവല്‍ കാറ്റലോഗും മറ്റാവശ്യമുള്ളതും അല്ലാത്തതുമായ കടലാസുകളും കുത്തി നിറച്ച് ബുദ്ധിജീവി ചമഞ്ഞ് സിനിമകള്‍ വിടാതെ കാണലായിരുന്നല്ലോ പതിവ്. അടപ്പ് പൊക്കി നോക്കി ഓരോരിക്കലും ബോംബോ മറ്റ് സ്ഫോടനവസ്തുക്കളോ ഇല്ല എന്നുറപ്പു വരുത്തുന്ന സെക്യൂരിറ്റിക്കാരുമായി ഹൃദയബന്ധം തന്നെ പല പ്രതിനിധികളും സ്ഥാപിച്ചിരുന്നു. ആണുങ്ങളായ പ്രതിനിധികളെ ആണ്‍പോലീസും പെണ്ണുങ്ങളായ പ്രതിനിധികളെ പെണ്‍ പോലീസുമാണ് ഉഴിഞ്ഞ് പരിശോധിക്കുക. സദാചാരം തലക്കു കയറിയതു കൊണ്ടായിരിക്കാം ഈ വകതിരിവ്! (ഒരു വികടചോദ്യം ചോദിച്ചോട്ടേ? ഗേ ആന്റ് ലെസ്ബിയന്‍സ് ഫിലിം ഫെസ്റിവലില്‍ ഇതേ മെത്തേഡ് തന്നെയായിരിക്കുമോ അതോ മറിച്ചോ!) എന്നാല്‍ തമാശ നടന്നത് അങ്ങിനെയൊന്നുമല്ല. തിരുവനന്തപുരത്ത് നിന്നു വന്ന ഒരു സ്ഥിരം ഫെസ്റിവല്‍ സുഹൃത്ത് നാലഞ്ചു ദിവസം മുമ്പേ മടങ്ങിപ്പോകുകയായിരുന്നു. പതിനൊന്ന് മണിക്കുള്ള കേരളാ എക്സ്പ്രസില്‍ അദ്ദേഹത്തെ യാത്രയാക്കാനായി ഞാനും കൂടെ ചെന്നു. കക്ഷി നല്ല തോതിലുള്ള ഒരു മദ്യപാനിയാണ്. വണ്ടി പുറപ്പെടുന്നതിനു മുമ്പ്, എന്നെ മറയാക്കി നിര്‍ത്തി, കക്ഷി ബാഗില്‍ സൂക്ഷിച്ചിരുന്ന അരക്കുപ്പി മദ്യം കൊക്കക്കോളയില്‍ ചേര്‍ത്ത് രണ്ട് കൊക്കക്കോള കുപ്പിയിലാക്കി മിക്സ് ചെയ്യുകയാണ്. പിന്നീട്, സ്ത്രീകളടക്കമുള്ള സഹയാത്രികര്‍ക്ക് സംശയം തോന്നാതെ ദാഹം തീര്‍ക്കാനായി ഇടക്കിടെ കൊക്കക്കോള കുടിക്കുന്ന ഒരു പാവം യാത്രക്കാരനായി അയാള്‍ക്ക് പെരുമാറാനാണ് ഈ വിദ്യ. എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമായിരുന്നില്ല. ദില്ലിയില്‍, വിദേശ മദ്യക്കടകള്‍ ഉച്ചക്ക് പന്ത്രണ്ടു മണിക്കു മാത്രമേ തുറക്കുകയുള്ളൂ. അപ്പോള്‍, അന്നു കാലത്തല്ല കക്ഷി സാധനം വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. തലേന്നാണെങ്കില്‍, രാത്രിയിലത്തെ അവസാനത്തെ പ്രദര്‍ശനത്തിന് അകത്തേക്കു കയറലും പുറത്തേക്കു തിരിയലും മുറിയിലേക്കു പോകലുമെല്ലാം ഞങ്ങളൊന്നിച്ചായിരുന്നു. അതിനിടയിലൊന്നും വിദേശമദ്യക്കടയില്‍ കയറുന്നത് കണ്ടിട്ടുമില്ല. അപ്പോള്‍, നിറയെ കുപ്പികള്‍ മുറിയില്‍ വാങ്ങി സൂക്ഷിച്ചിരിക്കുകയാണല്ലേ എന്ന് അനാവശ്യമായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സ്വഭാവമുള്ള ഞാനന്വേഷിച്ചു. അല്ല, സൂത്രവിദ്യക്കാരനായ മദ്യപസുഹൃത്ത് പറയുകയാണ്. തിരൂരില്‍ തൊട്ടു മുമ്പ് നടന്ന പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് ലഭിച്ച ബാഗായിരുന്നു അയാളുടെ കൈയിലുണ്ടായിരുന്നത്. അതിന്റെ അടപ്പില്‍ വീണ്ടും ഒരു അറയുണ്ടായിരുന്നു. ആ അറക്കകത്ത്, കുപ്പി വിലങ്ങനെ ഒളിപ്പിച്ചു വെച്ചതിനു ശേഷം, സെക്യൂരിറ്റിക്കാരുടെ ഉള്ളില്‍ കൈയിടുന്ന പരിശോധനക്കായി സ്വയം പ്രധാന അടപ്പ് തുറന്ന് കാണിക്കുകയാണ് കക്ഷി ചെയ്തിരുന്നത്. സെക്യൂരിറ്റിക്കാലത്തെ മദ്യപാനം എന്നോ മറ്റോ തലക്കെട്ടില്‍ കക്ഷി എഴുതാനിരുന്ന ആത്മകഥയും ഞാനെഴുതി തുലച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.

സുരക്ഷയുടെ പേരിലുള്ള പരിശോധനയുടെ മറവിലും, മള്‍ട്ടിപ്ളെക്സുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പരിഷ്കാരത്തിന്റെ പ്രഭയിലും കൊള്ളലാഭമെടുക്കുന്ന ഭക്ഷണ വില്‍പനയാണ് നടക്കുന്നത്. ഇതിന്റെ നിയമവ്യാഖ്യാനങ്ങള്‍ ഫേസ് ബുക്ക് ചര്‍ച്ചയിലും മറ്റുമായി കൊഴുക്കട്ടെ. നമുക്ക് നിയമപരിജ്ഞാനം അല്‍പം കുറവായതു കൊണ്ട് മാറിനിന്ന് ആസ്വദിക്കാം. സത്യത്തില്‍, മള്‍ട്ടിപ്ളെക്സുകള്‍ വ്യാപകമായത് എന്തുകൊണ്ടാണെന്നും ഇതിലൂടെ സിനിമാവ്യവസായത്തിന് സംഭവിച്ചിരിക്കുന്ന സാമ്പത്തിക-സൌന്ദര്യ പരിണാമങ്ങളെന്തൊക്കെയാണെന്നും ആലോചിക്കുന്നതായിരിക്കും കുറച്ചു കൂടി നല്ലതെന്നു തോന്നുന്നു. പ്രധാനമായും മൂന്നു കാരണങ്ങളാലാണ് മള്‍ട്ടിപ്ളെക്സ് വ്യവസായം അതിന്റെ ഉടമസ്ഥരായ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് താല്‍ക്കാലിക ലാഭം പ്രദാനം ചെയ്യുന്നത്.

ഒന്നാമത്തേത്, പഴയ തിയറ്ററുകളില്‍ നിലവിലുള്ളതിന്റെ മൂന്നും നാലും ഇരട്ടിയാണ് മള്‍ട്ടിപ്ളെക്സുകളിലെ ടിക്കറ്റ് നിരക്ക്. അതായത്, എഴുപതും എണ്‍പതും രൂപയാണ് കേരളത്തിലെ നഗരങ്ങളിലെ എയര്‍കണ്ടീഷന്‍ഡ് തിയറ്ററുകളിലെ ബാല്‍ക്കണി നിരക്കെങ്കില്‍, മള്‍ട്ടിപ്ളെക്സുകളിലത് ഇരുനൂറും മുന്നൂറുമാണ്. ആളധികം കയറാത്തതെന്നു കരുതുന്ന ചില സമയങ്ങളിലെ പ്രദര്‍ശനത്തിന് ഡിസ്ക്കൌണ്ടുള്ളതു കൊണ്ട് നൂറ്റിയിരുപതു മുതല്‍ ടിക്കറ്റു നിരക്കാരംഭിക്കുന്നു എന്നു പരസ്യം ചെയ്യുകയുമാവാം. രണ്ടാമത്, സര്‍ക്കാര്‍ നയമനുസരിച്ച് മള്‍ട്ടിപ്ളെക്സുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ടാക്സ് ഹോളിഡേ(നികുതി അവധി)യാണ്. അതായത്, മുന്നൂറു രൂപ ടിക്കറ്റില്‍ മുഴുവനും വലിപ്പിലാക്കാം എന്നര്‍ത്ഥം. നേരെ മറിച്ച്, പഴയ തരം തിയറ്ററുകളില്‍ നാല്‍പതു ശതമാനത്തോളം വിനോദ നികുതി ബാധകമാണ്. മള്‍ട്ടിപ്ളെക്സില്‍ ഒരു ടിക്കറ്റ് വിറ്റാല്‍ മുന്നൂറു രൂപയും ഉടമസ്ഥനു ലഭിക്കുമെങ്കില്‍, സാധാരണ തിയറ്ററില്‍ എഴുപതു രൂപ ടിക്കറ്റില്‍ നാല്‍പതു രൂപയേ തിയറ്ററുടമക്കു ലഭിക്കുകയുള്ളൂ. അതായത്, മള്‍ട്ടിപ്ളെക്സിലെ ഒരു ടിക്കറ്റ് വില്‍പനയുടെ അത്രയും വരുമാനം ലഭിക്കണമെങ്കില്‍, സാധാരണ തിയറ്ററില്‍ എട്ടു ടിക്കറ്റെങ്കിലും വില്‍ക്കണമെന്നു ചുരുക്കം. മൂന്നാമത്തേതാണ് ഏറ്റവും വിചിത്രമായ കാര്യം. സിനിമാ വ്യവസായത്തില്‍ പൊതുവെയുള്ള അധികാരശ്രേണിയുടെ (ഹൈറാര്‍ക്കി) വ്യവസ്ഥകള്‍ പ്രകാരം, വിതരണക്കാരന്‍ കല്‍പിക്കുന്ന നിയമങ്ങളാണ് തിയറ്ററുടമ പാലിക്കേണ്ടത്. അതായത്, നികുതി കഴിച്ചുള്ള പ്രദര്‍ശന വരുമാനത്തിന്റെ അമ്പത്തഞ്ച് ശതമാനം അല്ലെങ്കില്‍ അറുപതു ശതമാനം വിതരണക്കാരന് കൊടുക്കണമെന്നതു പോലുള്ള വ്യവസ്ഥ. മാത്രമല്ല, പടം ഓടിയാലും ഇല്ലെങ്കിലും നിശ്ചിത തുക മിനിമം ഗ്യാരണ്ടി എന്ന പേരില്‍ കൊടുത്തുകൊള്ളാം എന്ന കരാര്‍; സിനിമ നിര്‍മിക്കുന്ന അവസരത്തില്‍ തന്നെ, ചിത്രം കിട്ടാന്‍ വേണ്ടി അഡ്വാന്‍സ് തുക പിടിച്ചു വാങ്ങുന്ന രീതി എന്നിവയും വ്യാപകമായി നിലനില്‍ക്കുന്നു. ഇതിന്റെ പേരിലുള്ള മൂപ്പിളമ തര്‍ക്കങ്ങളാണ്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്ത് പുകഞ്ഞു കൊണ്ടിരിക്കുന്ന പലവിധ പ്രശ്നങ്ങളില്‍ പ്രധാനമായ ചിലത്. എന്നാല്‍, മള്‍ട്ടിപ്ളെക്സുകാര്‍ അധികാരശ്രേണിയില്‍ വിതരണക്കാരനു മുകളിലാണ് സ്വയം സ്ഥാനം കൊടുത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പിവിആര്‍, ഐനോക്സ്, ബിഗ് സിനിമാസ്, സിനിമാക്സ്, ക്യൂ സിനിമാസ്, സത്യം, ഫെയിം, ഫണ്‍, പ്രസാദ്സ്, സിനിപോളീസ്, ഡിടി സിനിമാസ്, വേവ് സിനിമാസ്, എന്നിവയാണ് ഇന്ത്യയിലെ നഗരങ്ങളില്‍ പടരുന്ന മള്‍ട്ടിപ്ളെക്സ് ചെയിനുകള്‍. ഇക്കൂട്ടര്‍ നിശ്ചയിക്കുന്ന വിറ്റു വരവു ശതമാനം മാത്രമേ വിതരണക്കാര്‍ക്ക് കൊടുക്കുകയുള്ളൂ. മാത്രമല്ല, അഡ്വാന്‍സ്, മിനിമം ഗ്യാരണ്ടി തുടങ്ങിയ കലാപരിപാടികളൊന്നും മള്‍ട്ടിപ്ളെക്സുകാരന്റെ അടുത്ത് ചിലവാകുകയില്ല. ആദ്യത്തെ ആഴ്ച ഒരു നിരക്കാണെങ്കില്‍ അടുത്ത ആഴ്ചകളില്‍ കുറഞ്ഞ നിരക്കുകളാണ് വിതരണക്കാരനവകാശപ്പെട്ട വിറ്റുവരവ് ശതമാനമായി മള്‍ട്ടിപ്ളെക്സുകാര്‍ നിശ്ചയിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റുകളോട് ഏറ്റു മുട്ടുന്നതു പോയിട്ട് അവരോട് പഞ്ചപുഛമടക്കി നില്‍ക്കുകയാണ്, ഒട്ടു മുക്കാലും വിതരണക്കാരും സാധാരണ തിയറ്ററുടമസ്ഥരും എന്തിന് സര്‍ക്കാര്‍ തന്നെയും ചെയ്യുന്നത്. വേറൊരു രീതിയില്‍ നോക്കിയാല്‍, ആളു കയറിയാല്‍ ലഭിക്കുന്ന വരവിന്റെ നിശ്ചിത ശതമാനം തരും എന്ന പ്രാഥമിക നീതി സിനിമാപ്രദര്‍ശന വ്യവസായത്തില്‍ തിരിച്ചു വന്നിരിക്കുന്നു എന്നും പറയാം.

അതായത്, നീയിന്ന് സമൂസയും പരിപ്പുവടയും പപ്പടവടയും തിന്നുകയും വീട്ടിലുണ്ടാക്കിയ ചുക്കു വെള്ളം കുടിക്കുകയും ചെയ്ത് ഞങ്ങളുടെ പച്ചപ്പരിഷ്കാര സിനിമ അങ്ങിനെ കാണേണ്ട എന്ന് മുന്നൂറു രൂപ കൊടുക്കുന്ന കാണിയോട് ആജ്ഞാപിക്കുന്ന അതേ മാനേജുമെന്റ് തന്നെയാണ്, ഞങ്ങളുണ്ടാക്കിയ നിയമങ്ങളും വ്യവസ്ഥകളുമനുസരിച്ച് വേണമെങ്കില്‍ കളിച്ച് പോയ്ക്കോ എന്ന് സിനിമാ നിര്‍മാതാക്കളോടും വിതരണക്കാരോടും പറയുന്നത്. സ്റേഡിയം സീറ്റ്, മെറൂണ്‍ കര്‍ട്ടന്‍, മികച്ച പ്രദര്‍ശന/ശബ്ദ സംവിധാനം, ലെഗ് സ്പേസ്, ഏതു സമയത്തും ആരംഭിക്കുന്ന പ്രദര്‍ശനസമയങ്ങള്‍, ഇന്റര്‍നെറ്റ് ബുക്കിങ്, ഓഫാക്കാത്ത എസി, ഓരോ പ്രദര്‍ശനത്തിനു ശേഷവും ഉള്ള വൃത്തിയാക്കല്‍ എന്നീ വാഗ്ദാനങ്ങളാണ് ഉപഭോക്താവിനു മുമ്പില്‍ മള്‍ട്ടിപ്ളെക്സുകള്‍ക്ക് നിരത്താനുള്ളത്. കൂറ്റന്‍ വാടക കൊടുത്ത് അവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണ കൌണ്ടറുകളില്‍ നിന്ന് കൊള്ള വില കൊടുത്ത് പോപ് കോണും ബര്‍ഗറും പിസ്സയും കോളയും വാങ്ങി നിര്‍വൃതിയടയുകയും ചെയ്യാം. മാത്രമോ, രണ്ട് ലാര്‍ജുമടിച്ച്, പാന്‍പരാഗും ചവച്ച് തുപ്പി നിറക്കുന്ന തെണ്ടി വര്‍ഗം ഈ പ്രതീതി സ്വര്‍ഗത്തിലേക്കടുക്കുകയുമില്ല.

ഇപ്രകാരം അഞ്ചു വര്‍ഷം പ്രവര്‍ത്തിക്കുമ്പോഴേക്കും മള്‍ട്ടിപ്ളെക്സിന്റെ വ്യവസ്ഥാ ചിലവ്(ഇന്‍സ്റിറ്റ്യൂഷന്‍ എക്സ്പെന്‍സ്) ഏതാണ്ട് ഉടമസ്ഥ സ്ഥാപനത്തിന് ഈടാക്കാന്‍ കഴിയും. അപ്പോഴേക്ക് വര്‍ദ്ധിക്കുന്ന അപ്രീസിയേഷനാകട്ടെ പ്രവചനാതീതവുമാണ്. സാമ്പത്തിക ഭാഷയില്‍ പറഞ്ഞാല്‍ കുമിളവത്ക്കരണമാണ് സംഭവിക്കുന്നത്. സര്‍ക്കാരിനാകട്ടെ, സിനിമാവ്യവസായത്തില്‍ വാര്‍ഷിക വളര്‍ച്ച കൂടിയ തോതിലാണെന്ന് ഉദാഹരണസഹിതം തെളിയിക്കുകയുമാവാം. വ്യവസായ കുതുകികളെ പ്രോത്സാഹിപ്പിക്കുന്നു എന്നും അതിലൂടെ വ്യവസായം തഴച്ചു വളരുന്നു എന്നും സാമ്പത്തിക സര്‍വേയിലും സിനിമയുമായി ബന്ധപ്പെട്ട യോഗങ്ങളിലെ മന്ത്രിപ്രസംഗങ്ങളിലും വെച്ചു കാച്ചാം. എന്നാല്‍, ഇതേ വ്യവസായത്തില്‍ മുമ്പേ പ്രവര്‍ത്തിച്ചിരുന്നവരും ഇപ്പോഴും നിലനില്‍ക്കാനായി പാടു പെടുന്നവരുമായ; പഴയ തരം സിംഗിള്‍ സ്ക്രീന്‍ ഉടമസ്ഥര്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, കലാകാര•ാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് പ്രത്യക്ഷത്തില്‍ ഒരു മെച്ചവുമില്ല. ഉദാരവത്ക്കരണ കാലഘട്ടത്തിലെ വ്യവസായ വളര്‍ച്ചയുടെ പോസ്റ് മോഡേണ്‍ രീതി എന്ന് സിദ്ധാന്തിച്ച്  വീട്ടില്‍ പോയിരിക്കാം എന്നു ചുരുക്കം. മള്‍ട്ടിപ്ളെക്സുകള്‍ വിജയിക്കട്ടെ.

*
ജി പി രാമചന്ദ്രന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇതെഴുതുന്ന ദിവസം ഫേസ്ബുക്കില്‍ ഒരു ചര്‍ച്ച ഇപ്രകാരമാണ് തുടങ്ങിയത്. നിയമപരമായി അറിവുള്ളവര്‍ സഹായിക്കുക. മള്‍ട്ടിപ്ളെക്സ് തിയറ്ററുകളില്‍ പുറമെ നിന്നുള്ള ഭക്ഷണം കൊണ്ട് പോകാന്‍ രാജ്യത്തെ ഏത് നിയമം ആണ് തടസ്സം? നമ്മുടെ കുഞ്ഞ്, ബാഗ് അടക്കം ഉള്ള് തപ്പി പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ? (വി കെ ആദര്‍ശ്). ചര്‍ച്ചയിലിടപെട്ടുകൊണ്ട് വിദഗ്ദ്ധരും വിദഗ്ദ്ധരായി നടിക്കുന്നവരും അല്ലാത്തവരും തട്ടിവിടുന്ന അഭിപ്രായങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ്, എനിക്കുണ്ടായ ഉള്ളു തപ്പലുകളുടേതായ നിരവധി അനുഭവങ്ങളില്‍ നിന്ന് ഒന്നു രണ്ടെണ്ണം ഓര്‍മ്മിക്കട്ടെ.

ഗോപകുമാര്‍.പി.ബി ! said...

രസകരം ,ഗുണപരം!