Saturday, April 6, 2013

പുതിയ പ്രതിസന്ധി കടമകള്‍

സിഐടിയു പതിനാലാം ദേശീയസമ്മേളനത്തില്‍ പ്രസിഡന്റ് എ കെ പത്മനാഭന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍നിന്ന്

രാജ്യത്തെ എല്ലാവിഭാഗം തൊഴിലാളികളും തങ്ങളുടെ അന്നം മുട്ടിപ്പോകുമോ എന്ന കടുത്ത ഭീതിയുടെ നിഴലിലാണ്. അവശ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ഭക്ഷ്യസാധനങ്ങളുടെ വില എല്ലായിടത്തും കുതിച്ചുയരുന്നു. പണപ്പെരുപ്പത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ കണക്കുകള്‍ക്ക് ദൈനംദിന ജീവിതവുമായി ബന്ധമേയില്ല. ഔദ്യോഗിക സ്ഥിതിവിവരപ്പട്ടികയും ഉപഭോക്തൃ വില സൂചികയും ചില്ലറ വിലയുടെ അടുത്തൊന്നും എത്തുന്നില്ല. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വിലയും വൈദ്യുതി, ബസ്, ട്രെയിന്‍ നിരക്കുകള്‍ തുടങ്ങിയവ വര്‍ധിപ്പിച്ചതും വിലക്കയറ്റം രൂക്ഷമാക്കി. വില ഉയരുമ്പോള്‍ യഥാര്‍ത്ഥ കൂലി കുറയുന്നു. ഐഎല്‍ഒ ഈയിടെ പുറത്തിറക്കിയ 2012-13 ലെ ഗ്ലോബല്‍ വേജ് റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ട്. ഉല്‍പാദനനിലവാരം വര്‍ധിച്ച മേഖലകളില്‍പോലും കൂലി കുറഞ്ഞിരിക്കുന്നു. പത്തു വര്‍ഷത്തിനിടെ തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിച്ചെങ്കിലും അവര്‍ക്ക് ഇതുകൊണ്ട് വളരെ ചെറിയ പ്രയോജനമേ ഉണ്ടായുള്ളൂ. മൂല്യവര്‍ധന വരുത്തുമ്പോള്‍ ലാഭത്തിന്റെ വിഹിതം കൂലിയുടെ രണ്ടിരട്ടിയെക്കാള്‍ വര്‍ധിക്കുന്നതാണിതിന്റെ കാരണം".

1999-2007 കാലയളവില്‍ ചൈനീസ് തൊഴിലാളിയുടെ ഉല്‍പാദനക്ഷമത ഒമ്പതു ശതമാനം വര്‍ധിച്ചപ്പോള്‍ കൂലി 13.5 ശതമാനം കൂടി. 2008-11 കാലത്ത് ഇതു യഥാക്രമം ഒമ്പതു ശതമാനവും 11 ശതമാനവുമായിരുന്നു. ഇന്ത്യന്‍ ഉല്‍പാദനമേഖലയില്‍ കുറവ് ഉണ്ടാവുകയും പലിശനിരക്ക് വര്‍ധിക്കുകയും ചെയ്തെങ്കിലും വന്‍കിട കമ്പനികളുടെ വരുമാനം ഏറി. ഈ വസ്തുത തൊഴിലുടമകളും സമ്മതിക്കുന്നു. പ്രവര്‍ത്തന മാര്‍ജിനും അഭിവൃദ്ധിപ്പെട്ടു. (500 വന്‍കിട കമ്പനികളെക്കുറിച്ചുള്ള ഇക്കണോമിക് ടൈംസിന്റെ പഠനം). വില്‍പന കുറഞ്ഞപ്പോഴും ലാഭം വര്‍ധിക്കുന്നു എന്ന് കമ്പനികളെക്കുറിച്ചുള്ള മറ്റൊരു പഠനം കാണിക്കുന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയാണ് ഇന്നത്തെ മറ്റൊരു പ്രധാനപ്രശ്നം. ഇന്നത്തെ വളര്‍ച്ചയുടെ "ജോലി നഷ്ടമാക്കുന്ന, ജോലി ഇല്ലാത്ത" സ്വഭാവം എല്ലാവരും അംഗീകരിച്ചുവരികയാണ്. ആധുനിക സാങ്കേതികവിദ്യ, ഓട്ടോമേഷന്‍, യന്ത്രവല്‍ക്കരണം തുടങ്ങിയവ ഉല്‍പാദനക്ഷമതയും ലാഭവും വര്‍ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നു. തൊഴിലാളികള്‍ വന്‍തോതില്‍ പിരിച്ചുവിടപ്പെട്ട് തൊഴിലില്ലാപ്പട നീളുകയാണ്. തങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമരം നടത്തുന്നതില്‍നിന്നും സംഘടിക്കുന്നതില്‍ നിന്നും തൊഴിലാളികളെ ഭീഷണിപ്പെടുത്തി തടുക്കുന്നതിന് മുതലാളിവര്‍ഗം ഈ തൊഴിലില്ലാപ്പടയെ ഉപയോഗപ്പെടുത്തുന്നു. ഓട്ടോമൊബൈല്‍, ഇലക്ട്രോണിക് തുടങ്ങിയ വ്യവസായങ്ങളില്‍ കോഫി ബ്രേക്ക് പോലുമില്ലാതെ 365 ദിവസവും മൂന്നു ഷിഫ്റ്റും പണിയെടുക്കുന്ന റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നത് വികസിത മുതലാളിത്ത രാജ്യങ്ങളില്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍പോലും മാരുതി, റോബോട്ടുകളുടെ വര്‍ധിത ഉപയോഗത്തിലൂടെ ഓട്ടോമേഷന്‍ ത്വരിതപ്പെടുത്തി തൊഴിലാളികളെ വന്‍തോതില്‍ കുറയ്ക്കുകയാണ്. വരുംനാളുകളില്‍ ഇതും തൊഴിലാളികള്‍ക്ക് വന്‍ഭീഷണിയാകും.

വാര്‍ഷികതൊഴില്‍ വളര്‍ച്ചനിരക്ക് 2000 മുതല്‍ 2005 വരെ 2.7 ശതമാനം ആയിരുന്നത് 2005-2010 ല്‍ 0.8 ശതമാനമായി കുറഞ്ഞു എന്ന് നാഷണല്‍ സാമ്പിള്‍ സര്‍വ്വെ (66-ാം റൗണ്ട്) ചൂണ്ടിക്കാട്ടുന്നു. കാര്‍ഷികമേഖലയില്‍ ഇക്കാലയളവില്‍ തൊഴില്‍ വളര്‍ച്ച 4.65 ശതമാനത്തില്‍നിന്ന് 2.53 ശതമാനമായി. യുവജനങ്ങളുടെ ഇടയില്‍ (15-29) തൊഴിലില്ലായ്മയുടെ തോത് ഉയര്‍ന്നു. തൊഴിലില്ലായ്മ വര്‍ധിക്കുകയും ഉള്ള ജോലി- ഐഎല്‍ഒ രേഖപ്പെടുത്തിയപോലെ - അനിശ്ചിതമായി മാറുകയും ചെയ്തു.

എല്ലാ ജോലിയും സംഘടിത മേഖലയില്‍പോലും കരാര്‍വല്‍ക്കരിക്കപ്പെടുകയോ കാഷ്വല്‍ ആക്കുകയോ ചെയ്തിരിക്കുന്നു. നിഷ്കരുണമായ ചൂഷണമാണ് നടക്കുന്നത്. സ്ഥിരം, താല്‍ക്കാലികം, കരാര്‍ എന്നിങ്ങനെയുള്ള തൊഴിലാളികളുടെ വിഭജനമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഷവും പ്രതിഷേധവും അണപൊട്ടിയൊഴുകാന്‍ കാരണമെന്ന് ഒരു തൊഴിലുടമ പറയുന്നു. തൊഴിലാളികളെ തുല്യരായി കാണാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് ആരാഞ്ഞ് പഠനം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം മുതലാളിമാര്‍ "കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും അവ അയവേറിയതാക്കണം എന്നാവശ്യപ്പെടുകയും ചെയ്യുകയാണ് എന്നാണിതിന്റെ അര്‍ഥം. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തും എന്നല്ല അവര്‍ ഉദ്ദേശിക്കുന്നത്, മറിച്ച് എല്ലാ തൊഴിലാളികളെയും താല്‍ക്കാലികക്കാരാക്കി "തുല്യത"വരുത്താനാണ്. "അയവേറിയ" തൊഴില്‍ നിയമം കൊണ്ടര്‍ഥമാക്കുന്നത് "ഹയര്‍ ആന്‍ഡ് ഫയര്‍" അല്ല എന്ന് പറയുമ്പോള്‍തന്നെ അവര്‍ ഇതു വ്യക്തമാക്കുന്നു. വളര്‍ച്ചയെ (ഇന്‍ക്ലൂസീവ് ഗ്രോത്ത്) ക്കുറിച്ചും ഉയര്‍ന്ന ജിഡിപിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നിരാലംബരായ തൊഴിലാളികള്‍ക്ക് ഗുണം ചെയ്തില്ല. അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ചെറുവിഭാഗം ധനികര്‍ക്കും കോര്‍പറേറ്റുകള്‍ക്കുമാണ് ലഭിക്കുക.

അമേരിക്കയിലെ 52 "ഡോളര്‍ ധനികര്‍" ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 25 ശതമാനത്തിന് തുല്യമായ സമ്പത്ത് കുന്നുകൂട്ടി. 2011 നും 2012 ഇടയ്ക്കുള്ള കാലത്ത് ഇത് ഇരട്ടിച്ചു. ഉന്നത ധനശ്രേണിയില്‍പെട്ടവര്‍ (ഹൈ നെറ്റ് ഗ്രോത്ത്) എന്നറിയപ്പെടുന്ന ജനസംഖ്യയുടെ .01 ശതമാനം (1,20,000) മാത്രം വരുന്ന നന്നേ ചെറിയ വിഭാഗമുണ്ട്. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 1/3 ഇവരുടെ കൈയിലാണ്. മുകള്‍ത്തട്ടിലുള്ള 20 ശതമാനം പേരുടെ കൈവശം വരുമാനത്തിന്റെ 45.3 ശതമാനം ചെന്നുചേരുമ്പോള്‍ താഴെതട്ടിലുള്ള 20 ശതമാനത്തിന് 8.1 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. നിരവധിവര്‍ഷങ്ങളായി ജിഡിപി വളര്‍ന്നിട്ടും, 22 വര്‍ഷം നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിക്കഴിഞ്ഞപ്പോള്‍ അസമത്വം വര്‍ധിച്ചു. മാനുഷിക വളര്‍ച്ചയുടെ എല്ലാ സൂചികകളും കാണിക്കുന്നത് മഹാഭൂരിപക്ഷത്തിന്റെയും ജീവിത നിലവാരം മോശമാകുന്നതായിട്ടാണ്.

അമര്‍ത്യാസെന്നും ഡ്രീസേയും പറയുന്നു: ""ദീര്‍ഘനാളായി വളര്‍ന്ന് കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥ വിശാലാടിസ്ഥാനത്തിലുള്ള സാമൂഹ്യ പുരോഗതിക്ക് ഇത്ര പരിമിതമായ ഫലം ഉളവാക്കിയതിന് മിക്കവാറും ലോക ചരിത്രത്തില്‍ മറ്റൊരുദാഹരണം ഉണ്ടാകില്ല - ഇന്ത്യ ശരാശരി ആറു ശതമാനം ജിഡിപി വളര്‍ച്ചനേടിയിരിക്കുന്നു. ഇക്കാലത്തേക്കുള്ള മനുഷ്യവികസന സൂചിക മാറ്റമില്ലാതെ തുടര്‍ന്നു."" 1980 ല്‍ 134-ാം സ്ഥാനത്തുണ്ടായിരുന്നു ഇന്ത്യ 2011 ലും അതേനിലയില്‍ തന്നെ. നവലിബറല്‍ നയങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന അഭൂതപൂര്‍വമായ അഴിമതിയും രാജ്യത്തെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. കോര്‍പറേറ്റുകളുടെയും ബ്യൂറോക്രസിയുടെയും രാഷ്ട്രീയ കൂട്ടുകെട്ട് രാജ്യം കൊള്ളയടിക്കുകയാണ്. ഒടുവിലത്തേതാണ് ഹെലികോപ്റ്റര്‍ ഇടപാട്. മുന്‍ വ്യോമസേനാ മേധാവിയുടെ പങ്ക് അന്വേഷണത്തിലാണ്. ഈ കൊള്ളകളും ഇവയുടെ വേരുകള്‍ നവലിബറല്‍ നയങ്ങളില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നതും നാം പുറത്തുകൊണ്ടുവരേണ്ടതുണ്ട്. തൊഴിലെടുക്കുന്നവര്‍ക്കുനേരെയുള്ള ചൂഷണം വര്‍ധിക്കുകയും അസമത്വം കൊടികുത്തി വാഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവശതയനുഭവിക്കുന്ന തൊഴിലാളികളുടെ ഇടയില്‍ സിഐടിയു കൂടുതല്‍ ചിട്ടയോടെ പ്രവര്‍ത്തിക്കുകയും അവരെ സമരസജ്ജരാക്കുകയും വേണം.

കരാര്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സ്ഥിരം തൊഴിലാളികള്‍ക്കുള്ള പങ്ക് നാം എടുത്തുപറഞ്ഞിട്ടുള്ളതാണ്. ഈ മേഖലയില്‍ നീണ്ട തുടര്‍പ്രവര്‍ത്തനമാണ് വേണ്ടത്. അസംഘടിത മേഖലയിലെ, തൊഴിലെടുക്കുന്ന സ്ത്രീപുരുഷന്മാരുടെ മഹാഭൂരിപക്ഷത്തിന്റെ സ്ഥിതി നമുക്കറിയാവുന്നതാണ്. അവരെ യൂണിയന്‍ അംഗങ്ങളാക്കുന്നതിനുള്ള ശ്രമം നല്ല ഫലമുളവാക്കിയിട്ടുണ്ട്. ഒരു സംഘടനയുടെയും അംഗങ്ങളല്ലാത്ത എണ്ണത്തില്‍ വലിയ സംഖ്യ വരുന്ന ഈ നിസ്സഹായരുടെ ഇടയിലെ പ്രയത്നം തുടരേണ്ടതുണ്ട്. 2012 നവംബര്‍ 26, 27 തീയതികളില്‍ സിഐടിയു സംഘടിപ്പിച്ച സ്കീം വര്‍ക്കേഴ്സിന്റെ "മഹാ പഠവ്" ഒരുകോടിയിലധികം തൊഴിലാളികളുടെ പോരാട്ടത്തിലെ നിര്‍ണായക സംഭവമാണ്. മഹാപഠവിന്റെ പ്രചാരണത്തിലും അതിലെ കൂട്ട പങ്കാളിത്തത്തിലും സൃഷ്ടിക്കപ്പെട്ട ഉത്സുകത ശക്തമായൊരു സംഘടന കെട്ടിപ്പടുക്കാന്‍ മുന്നോട്ടുകൊണ്ടുപോകേണ്ടിയിരിക്കുന്നു. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കും സംഘടിത വിലപേശലിനും നിയമപരമായ അംഗീകാരം ഉറപ്പാക്കുന്നതിനും ശക്തമായ പോരാട്ടങ്ങള്‍ തുടരണം.

ഫ്യൂഡല്‍ സമൂഹത്തിലെ ക്രൂരതകള്‍ നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല പട്ടണങ്ങളിലും തുടരുന്നതില്‍ നാം ഉല്‍ക്കണ്ഠപ്പെടേണ്ടതുണ്ട്. ഞെട്ടിക്കുന്ന സാമൂഹ്യ അടിച്ചമര്‍ത്തലുകളും അസ്പൃശ്യതയും ദളിതര്‍ക്കും ഗിരിജനങ്ങള്‍ക്കും എതിരായ ഹീന പ്രവൃത്തികളും തുടരുകയാണ്. നിരവധി നിയമനിര്‍മാണങ്ങള്‍ക്ക് ശേഷവും 21-ാം നൂറ്റാണ്ടില്‍പോലും ക്രൂരമായ കായികതോട്ടിപ്പണി രാജ്യത്തിന് നിര്‍ത്തലാക്കാന്‍ കഴിയുന്നില്ല. ഈ വിഷയങ്ങളിലും പീഡാവഹമായ ശീലങ്ങള്‍ക്കെതിരെയും ജനങ്ങളെ ബോധവാന്മാരാക്കാനും ഇതിനെതിരെ നേരിട്ടിടപെട്ട് പോരാടാനും കഴിയണം. സ്ത്രീകളോടും കുട്ടികളോടുമുള്ള ഒരിക്കലും അവസാനിക്കാത്ത ക്രൂരതയും ഇതുപോലെതന്നെ. രാജ്യത്തെല്ലായിടത്തും നടക്കുന്ന ഈ സംഭവങ്ങള്‍ ആധുനിക സമൂഹം എന്ന ഇന്ത്യയുടെ അവകാശവാദത്തിനുമേല്‍ അപമാനത്തിന്റെ കൂനകൂട്ടുന്നു.

"കുറ്റകൃത്യങ്ങളുടെ തലസ്ഥാനം" എന്ന ദുഷ്പേര് വീണ ഡല്‍ഹിയിലെ സംഭവം രാജ്യത്തെ ഉലച്ചുകളഞ്ഞു. വിവിധ ഭാഗങ്ങളില്‍ നടന്ന മുന്നേറ്റവും തുടര്‍ന്നുള്ള സംഭവങ്ങളും ആശാവഹമാണ്. ഇതു തുടര്‍ന്ന് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. നികൃഷ്ടമായ ആക്രമണത്തിനെതിരെ തൊഴിലാളികള്‍ക്ക് കൂട്ടമായി ഇടപെട്ട് സീറോ ടോളറന്‍സ് (ഇനിമേല്‍ സഹിക്കില്ല എന്ന് ഉറപ്പാക്കാന്‍) കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്ക് കഴിയും? അമ്മമാരുടെയും സഹോദരിമാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്ക് കഴിയും?

*
ദേശാഭിമാനി 06 ഏപ്രില്‍ 2013

No comments: