Tuesday, October 30, 2007

ഭാരതം-പ്രമേഹരോഗത്തിന്റെ തലസ്ഥാനം

അനുദിനം വര്‍ധിച്ചുവരുന്ന പ്രമേഹരോഗികളുടെ എണ്ണം ലോകത്തിലെ, പ്രത്യേകിച്ചും ഭാരതത്തിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം 2010 ഓടുകൂടി ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ള രാജ്യം ഇന്ത്യയായിരിക്കും. ഇന്ത്യയെ ലോകത്തിന്റെ പ്രമേഹരോഗത്തിന്റെ തലസ്ഥാനം (diabetical capital) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രമേഹരോഗത്തിന്റെ കാരണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമമായി നിയന്ത്രിച്ചു നിര്‍ത്തുന്നത്, പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന രാസവസ്തുവാണ്. ഭക്ഷണത്തില്‍ നിന്നുമുള്ള പഞ്ചസാര രക്തത്തില്‍ പ്രവേശിക്കുമ്പോള്‍ പാന്‍ക്രിയാസ് ഇന്‍സുലിനെ പുറപ്പെടുവിക്കുന്നു. ഇന്‍സുലിന്‍ കരള്‍, മാംസങ്ങള്‍, ശരീരത്തിലെ കൊഴുപ്പുകള്‍ എന്നീ കോശങ്ങളില്‍ പ്രവര്‍ത്തിച്ച് പഞ്ചസാരയെ കോശങ്ങള്‍ക്കുള്ളിലേക്ക് കടക്കുവാന്‍ സഹായിക്കുന്നു. ഇന്‍സുലിന്റെ അളവ് രക്തത്തില്‍ വളരെ കുറയുകയോ അല്ലെങ്കില്‍ ഇവ കോശങ്ങളില്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ രക്തത്തില്‍ പഞ്ചസാര കുമിഞ്ഞു കൂടുകയും പ്രമേഹം എന്ന രോഗാവസ്ഥയ്ക്ക് ഹേതുവാകുകയും ചെയ്യുന്നു.

പ്രമേഹ രോഗങ്ങള്‍ പലതരം

പ്രമേഹത്തെ പ്രധാനമായും നാലായി തരംതിരിക്കാം

1. Type 1 Dm: ഏകദേശം 3 മുതല്‍ 5 ശതമാനം രോഗികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. രക്തത്തിലെ ഇന്‍സുലിന്റെ അളവ് കുറയുന്നതാണ് ഇതിന്റെ കാരണം. കുട്ടികളില്‍ കാണപ്പെടുന്ന പ്രമേഹം ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.

2. Type 2 Dm: ഏകദേശം 95 ശതമാനം പ്രമേഹ രോഗികളും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇന്‍സുലിന്‍ കോശങ്ങളില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്. മുതിര്‍ന്നവരില്‍ കാണപ്പെടുന്ന പ്രമേഹം ഈ വിഭാഗത്തില്‍പ്പെടുന്നതാണ്.

3. Gestational Dm: ഗര്‍ഭിണികളില്‍ കാണപ്പെടുന്ന പ്രമേഹ രോഗമാണിത്. ഏകദേശം 7 ശതമാനം ഗര്‍ഭിണികളില്‍ പ്രമേഹം കാണപ്പെടുന്നു. ഇവരില്‍ ഭൂരിഭാഗം സ്ത്രീകളിലും പ്രസവത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് താഴുന്നു. പക്ഷെ ഏകദേശം 50 ശതമാനത്തോളം സ്ത്രീകളും ഭാവിയില്‍ പ്രമേഹ രോഗത്തിന് അടിപ്പെടുന്നു. അതിനാല്‍ ഗര്‍ഭിണികളായിരിക്കുമ്പോള്‍ പ്രമേഹ രോഗത്തിനടിപ്പെട്ടവര്‍ വര്‍ഷം തോറും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്.

4. മറ്റു കാരണങ്ങള്‍ കൊണ്ടുള്ള പ്രമേഹം: ചിലതരം മരുന്നുകള്‍, പാന്‍ക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന രോഗാണുബാധ, നീര്‍ക്കെട്ട് എന്നിവ മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാറുണ്ട്. ഇക്കൂട്ടരില്‍ താത്ക്കാലികമായ ചികിത്സയിലൂടെ പഞ്ചസാര സാധാരണ നിലയിലേക്കു വരികയും പിന്നീട് ചികിത്സ ആവശ്യമില്ലാതെ വരികയും ചെയ്യുന്നു. ഈ വിഭാഗത്തില്‍പ്പെടുന്ന പ്രമേഹം മാത്രമാണ് പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നത്.

സാധാരണയായി കാണപ്പെടുന്ന പ്രമേഹം പൂര്‍ണമായി ചികിത്സിച്ചു സുഖപ്പെടുത്താവുന്ന ഒന്നല്ല. ആഹാര ക്രമങ്ങളും ചിട്ടയായ വ്യായാമവും മരുന്നുകളും ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി പിടിച്ചു നിറുത്തേണ്ടതാണ്. അല്ലാത്തപക്ഷം ഇവ ശരീരത്തിന്റെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു.

പ്രമേഹം മൂലമുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍

പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. സമീപ ഭാവിയില്‍ ഉണ്ടാകുന്നതും വിദൂര ഭാവിയില്‍ ഉണ്ടാകുന്നവയും.

പ്രമേഹ രോഗബാധിതന് ആരംഭം മുതല്‍ക്കെ ഉണ്ടാകാവുന്ന ലക്ഷണങ്ങള്‍ പ്രധാനമായും അകാരണമായ തൂക്കക്കുറവ്, അമിതമായ മൂത്രം പോക്ക്, അമിതമായ ദാഹം, രോഗാണുബാധകള്‍, ബോധം നഷ്ടപ്പെടുക എന്നിവയാണ്. ഉദ്ദേശ്യം 50 ശതമാനം പ്രമേഹരോഗികള്‍ക്ക് മാത്രമെ മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍ കാണപ്പെടാറുള്ളൂ. ബാക്കിയുള്ളവര്‍ രക്തത്തില്‍ ഉയര്‍ന്ന തലത്തിലുള്ള പഞ്ചസാര ഉണ്ടായിട്ടും രോഗലക്ഷണങ്ങള്‍ ബാഹ്യമായി പ്രകടമാകാത്തതിനാല്‍ ചികിത്സ തേടാന്‍ കൂട്ടാക്കുകയില്ല. ഇക്കൂട്ടരാണ് വിദൂരഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് അടിപ്പെടാറുള്ളത്.

പ്രമേഹം വൃക്കകളെ ബാധിക്കുന്ന അവസ്ഥയെയാണ് ഡയബെറ്റിക് നെഫ്രോപതി (Diabetic Nephropathy) എന്നു പറയുന്നത്. പഞ്ചസാരയുടെ അളവ് ക്രമീകരിച്ചില്ലെങ്കില്‍ ഏകദേശം 5 മുതല്‍ 8 വര്‍ഷം കൊണ്ട് വൃക്കകളുടെ പ്രവര്‍ത്തനം താറുമാറാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവുപോലെതന്നെ പ്രധാനമാണ് രക്തസമ്മര്‍ദത്തിന്റെ തോത് നിയന്ത്രിക്കുക എന്നത്. അല്ലാത്തപക്ഷം ഇക്കൂട്ടര്‍ വളരെ മുമ്പുതന്നെ വൃക്കരോഗത്തിനടിപ്പെടുന്നു. സാധാരണയായി രക്തസമ്മര്‍ദം 140/90 mmHg യ്ക്ക് താഴെ നിയന്ത്രിച്ചു നിര്‍ത്തേണ്ടതാണ്. എന്നാല്‍ പ്രമേഹരോഗികള്‍ ഇവരുടെ രക്തസമ്മര്‍ദം 130/80 ന് താഴെയായി നിയന്ത്രിക്കേണ്ടതാണ്.

വൃക്കകളുടെ പ്രവര്‍ത്തനം ഏതാണ്ട് 75 ശതമാനത്തോളം പ്രവര്‍ത്തനരഹിതമായാല്‍ മാത്രമെ ഇതുമൂലമുണ്ടാകുന്ന രോഗലക്ഷണങ്ങളായ ഛര്‍ദി, വിളര്‍ച്ച, ശ്വാസംമുട്ട്, നീര്‍ക്കെട്ട്, മൂത്രത്തിന്റെ അളവിലുള്ള കുറവ് എന്നീ ബാഹ്യലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളൂ. ഇവ മുന്‍കൂട്ടി മനസിലാക്കുന്നതിനായി വര്‍ഷംതോറും രക്തത്തിലെ യൂറിയ, ക്രിയാറ്റിനിന്‍ എന്നിവ പരിശോധിക്കേണ്ടതാണ്. അല്ലാത്തപക്ഷം വൃക്കസ്തംഭനം സംഭവിക്കുകയും വൃക്കമാറ്റിവയ്ക്കല്‍, ഡയാലിസിസ് എന്നീ ചെലവേറിയ ചികിത്സാ രീതികള്‍ അശ്രയിക്കേണ്ടതായും വന്നേക്കും. വൃക്കസ്തംഭനം സംഭവിക്കുന്നവരിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുവരുന്നതായി കാണാം. ചിലപ്പോള്‍ മരുന്നുകളുടെ ഉപയോഗം കൂടാതെതന്നെ പഞ്ചസാരയുടെ തോത് സാധാരണനിലയിലായി പ്രമേഹരോഗം പൂര്‍ണമായും സുഖപ്പെട്ടതായി കാണുന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തിന്റെ മാന്ദ്യമാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന ഇന്‍സുലിന്റെ ഏതാണ്ട് 25 ശതമാനത്തോളം അപചയം നടക്കുന്നത് വൃക്കകളിലാണ്. വൃക്കസ്തംഭനം ഉണ്ടാകുമ്പോള്‍ ഈ പ്രക്രിയയ്ക്ക് തടസം വരികയും ഇന്‍സുലിന്‍ രക്തത്തില്‍ കൂടുതല്‍ സമയം കാണപ്പെടുകയും ഇവ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നതിനാലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്, അല്ലാതെ പ്രമേഹം സുഖപ്പെടുത്തുന്നതുകൊണ്ടല്ല. അതിനാല്‍ മരുന്നുകളുടെ ഉപയോഗമില്ലാതെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാകുക, മുമ്പ് ഉപയോഗിച്ചിരുന്ന തോതില്‍ മരുന്നുകള്‍ ഉപയോഗിക്കാതെ തന്നെ പഞ്ചസാര നിയന്ത്രണ വിധേയമാകുക എന്നീ സാഹചര്യങ്ങള്‍ വരുമ്പോള്‍ വൃക്കരോഗങ്ങള്‍ സംശയിക്കേണ്ടതാണ്.

പ്രമേഹം മസ്തിഷ്കത്തെയും നാഡികളെയും ബാധിക്കുന്ന അവസ്ഥയെയാണ് ഡയബെറ്റിക് ന്യൂറോപ്പതി എന്ന് പറയുന്നത്. പ്രമേഹരോഗികള്‍ക്ക് പക്ഷാഘാതം (Stroke) ഉണ്ടാകാനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കൈകളിലും കാലുകളിലുമുള്ള നാഡികളെ ബാധിക്കുമ്പോഴാണ് പെരുപ്പ്, സൂചി കൊണ്ട് കുത്തുന്നതുപോലുള്ള തോന്നല്‍, സ്പര്‍ശനം അറിയാതിരിക്കുക എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സ്പര്‍ശനം, വേദന എന്നിവ അറിയാതിരിക്കുന്ന അവസ്ഥയില്‍ ചെറിയ മുറിവുകള്‍ അറിയാതെ പോകുകയും ഇവയ്ക്ക് രോഗാണുബാധയുണ്ടായി വലിയ വ്രണങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. കൈകാലുകളിലെ രക്തക്കുഴലുകളില്‍ കൊഴുപ്പുകള്‍ അടിഞ്ഞുകൂടി രക്ത ഓട്ടം കുറയുന്നതും ഈ വ്രണങ്ങള്‍ വലുതാകുന്നതിന് കാരണമാകുന്നു. കൈകാലുകള്‍ മുറിച്ചുമാറ്റപ്പെടേണ്ടി വരുന്നതിന്റെ ഒരു പ്രധാന കാരണം പ്രമേഹം തന്നെയാണ്. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി പ്രമേഹരോഗികള്‍ ദിനംപ്രതി ശരീരത്തിന്റെ, പ്രത്യേകിച്ചും കാലുകളുടെ, ശുചിത്വം ഉറപ്പാക്കേണ്ടതാണ്.

പ്രമേഹം കണ്ണുകളെ ബാധിക്കുന്ന അവസ്ഥയെ ഡയബെറ്റിക് റെറ്റിനോപ്പതി എന്നു പറയുന്നു. അന്ധതയ്ക്കുള്ള ഒരു പ്രധാന കാരണം പ്രമേഹമാണ്. നേത്രഗോളത്തിന്റെ പിന്‍ഭാഗത്തായി കാണപ്പെടുന്ന റെറ്റിന എന്ന ഭാഗത്തില്‍ രോഗം വരുത്തുന്ന മാറ്റങ്ങള്‍ സ്ഥിരമായ അന്ധതയിലേക്ക് നയിക്കാം. തിമിരത്തിനുള്ള സാധ്യതയും പ്രമേഹരോഗികളില്‍ കൂടുതലാണ്.

ഹൃദ്രോഗ നിരക്ക് പ്രമേഹരോഗികളില്‍ ഗണ്യമായി കൂടുതലാണ്. പ്രമേഹരോഗമില്ലാത്ത ഒരു ഹൃദ്രോഗിയ്ക്ക് പിന്നീട് ഒരു ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇക്കൂട്ടരുടെ അത്രതന്നെ സാധ്യത ഹൃദ്രോഗമുണ്ടാകാന്‍ ഒരു പ്രമേഹരോഗിയ്ക്ക് ഉണ്ടെന്നാണ് വസ്തുത. അതായത്, പ്രമേഹരോഗി, ഹൃദയാഘാതത്തെ സംബന്ധിച്ചിടത്തോളം ഇതിനോടകം തന്നെ ഹൃദയാഘാതമുണ്ടായിട്ടുള്ള വ്യക്തിക്ക് സമാനനെന്ന് സാരം. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം മൂലമുള്ള നെഞ്ചുവേദന പലപ്പോഴും അനുഭവപ്പെടാത്തതുകൊണ്ട് രോഗം കണ്ടുപിടിക്കുവാന്‍ താമസം വരാറുണ്ട്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതോടൊപ്പം ഹൃദയാഘാതമുണ്ടാക്കാവുന്ന മറ്റു കാരണങ്ങളായ രക്തസമ്മര്‍ദവും കൊഴുപ്പിന്റെ അളവും ക്രമീകരിക്കേണ്ടതാണ്.

ഇതിനൊക്കെ എന്താണ് പ്രതിവിധി

പ്രമേഹത്തിന്റെ ചികിത്സയ്ക്ക് പ്രധാനമായും നാല് മാര്‍ഗങ്ങളാണുള്ളത് ഭക്ഷണക്രമീകരണം, വ്യായാമം, മരുന്നുകള്‍, ക്രമമായ പരിശോധന എന്നിവ.

ഊര്‍ജം (Calorie) അധികം അടങ്ങിയ ഭക്ഷണങ്ങളായ മധുരം, കൊഴുപ്പ് എന്നിവയാണ് ഒഴിവാക്കേണ്ടത്. അന്നജം (അരി, കിഴങ്ങുവര്‍ഗങ്ങള്‍) അമിതമാകുവാനും പാടില്ല. എല്ലാത്തരം പച്ചക്കറികളും യഥേഷ്ടം കഴിക്കാവുന്നതാണ്. വളരെ കുറഞ്ഞ തോതില്‍ പഴവര്‍ഗങ്ങള്‍ ഭക്ഷിക്കാവുന്നതാണ്. പഴുത്ത മാങ്ങയും ചക്കയും വര്‍ജിക്കേണ്ടതാണ്. ഇവയില്‍ നിന്നുമുള്ള പഞ്ചസാര വളരെ ഉയര്‍ന്നതോതില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനാലാണിത്.

ചിട്ടയായ വ്യായാമം വളരെ പ്രധാനമാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനോടൊപ്പം രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കുവാനും വ്യായാമം സഹായിക്കുന്നു. ദിവസവും 30 മുതല്‍ 45 മിനിറ്റ് വരെ ശരീരം വിയര്‍ത്തുകൊണ്ട് നടക്കുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അതുമൂലം പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു.

പ്രമേഹ ചികിത്സക്കായി പലതരം മരുന്നുകള്‍ ലഭ്യമാണ്. ഇവയെ രണ്ടായി തരംതിരിക്കാം ഗുളികകളും ഇന്‍സുലിനും. ഗുളികകളെ പ്രധാനമായും മൂന്നായി തിരിക്കാം.

കുടലില്‍ നിന്നുമുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്നവയാണ് ആദ്യ വിഭാഗത്തിലുള്ളവ. ഇന്‍സുലിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്ന ഗുളികകളാണ് രണ്ടാമത്തെ വിഭാഗം. പാന്‍ക്രിയാസില്‍ നിന്നും ഇന്‍സുലിനെ പുറപ്പെടുവിക്കുന്ന തരം ഗുളികകളാണ് മറ്റൊരു വിഭാഗം.

ഭൂരിപക്ഷം പ്രമേഹരോഗികളും കഴിക്കുന്ന ഇത്തരം ഗുളികകള്‍ ഇന്‍സുലിനെ ഉത്പാദിപ്പിക്കുകയല്ല, മറിച്ച് ഇന്‍സുലിനെ പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്നും പുറത്തെടുക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ ഈ വിഭാഗം ഗുളികകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പാന്‍ക്രിയാസ് ഗ്രന്ഥിക്ക് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുവാനുള്ള ശേഷി ഉണ്ടായിരിക്കണം. ഇത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഈ ശേഷി പ്രമേഹരോഗികളില്‍ കാലക്രമേണ കുറഞ്ഞുവരുന്നതിനാലാണ് കുറെ വര്‍ഷങ്ങള്‍ക്കുശേഷം ചിലപ്പോള്‍ ഗുളികകള്‍ പ്രവര്‍ത്തിക്കാതെ വരുന്നത്. ഏതു വിഭാഗത്തിലുള്ള ഗുളികകളാണ് ഒരു രോഗിക്ക് ഉത്തമമെന്നത് രോഗിയുടെ ശരീരപ്രകൃതവും പഞ്ചസാരയുടെ അളവും മറ്റ് രോഗങ്ങളുടെ സാന്നിധ്യവും അനുസരിച്ച് വ്യത്യാസപ്പെടുന്നു.

പ്രമേഹരോഗചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഔഷധം ഇന്‍സുലിന്‍ തന്നെയാണ്. പല സാഹചര്യങ്ങളിലും ഇന്‍സുലിന്‍ അത്യന്താപേക്ഷിതമായി വരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗുളികകള്‍ കൊണ്ട് മാത്രം നിയന്ത്രിക്കുവാന്‍ കഴിയാതെ വരുമ്പോള്‍ ഇത്തരക്കാര്‍ക്ക് തുടര്‍ച്ചയായ ഇന്‍സുലിന്‍ ചികിത്സ തന്നെ വേണ്ടിവരുന്നു. ഗര്‍ഭിണികള്‍ക്കും ശസ്ത്രക്രിയാ വേളകളിലും ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്ന അവസരങ്ങളിലും ഇന്‍സുലിന്‍ താത്കാലികമായി നല്‍കേണ്ടതായി വരുന്നു. ഈ അവസ്ഥകള്‍ തരണം ചെയ്യുമ്പോള്‍ വീണ്ടും ഗുളികകള്‍ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. പ്രധാനമായും കുട്ടികളില്‍ കാണുന്ന Type 1 ഡയബറ്റിസിലും ഇന്‍സുലിന്‍ മാത്രമാണ് ചികിത്സാവിധി.

ചിട്ടയായ പരിശോധന പ്രമേഹരോഗ ചികിത്സയുടെ മറ്റൊരു സുപ്രധാന ഘടകമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി പരിശോധിക്കണം. ഗ്ളൂക്കോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച് സ്വന്തമായി ഇത് പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ മൂന്നുമാസത്തിലെ പഞ്ചസാരയുടെ അളവ് വ്യക്തമാക്കുന്ന HbA,c എന്ന പരിശോധനയും വളരെ പ്രയോജനകരമാണ്.

പ്രമേഹം മൂലമുള്ള സങ്കീര്‍ണതകള്‍ തിരിച്ചറിയുവാനായി നേത്രപരിശോധന, മൂത്രത്തിലെ ആല്‍ബുമിന്റെ അളവ് നിര്‍ണയം, രക്തത്തിലെ യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ നിര്‍ണയം, പാദപരിശോധന, ഹൃദയത്തിന്റെ തകരാറുകള്‍ മനസിലാക്കുവാന്‍ ഇ സി ജി (ECG) എന്നിവ വര്‍ഷത്തിലൊരിക്കലെങ്കിലും ചെയ്യേണ്ടതാണ്.

രക്തത്തിലെ കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ നിയന്ത്രിച്ചു നിറുത്തേണ്ടതാണ്. രക്തസമ്മര്‍ദ്ദം 130/80 ല്‍ താഴെ നിറുത്തേണ്ടതാണ്.

അമിതവണ്ണം ഉണ്ടെങ്കില്‍ അതും നിയന്ത്രിക്കേണ്ടതാണ്.

വളരെക്കാലത്തെ പഠനങ്ങളിലൂടെ ആര്‍ജിച്ച ചികിത്സാവിധികളിലൂടെ പ്രമേഹരോഗത്തെ നിയന്ത്രിക്കുവാനും അതു മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാനും സാധ്യമാണ്. അമിതവണ്ണവും വ്യായാമമില്ലായ്മയും ഒഴിവാക്കുന്നതുമൂലം രോഗത്തിന്റെ നിരക്ക് സമൂഹത്തില്‍ കുറയ്ക്കുവാന്‍ സാധിക്കും. ചിട്ടയായ ഭക്ഷണ ക്രമീകരണങ്ങളും ക്രമമായ വ്യായാമവും പാലിക്കുന്നതിനോടൊപ്പം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സാ വിധികള്‍ പിന്തുടരുകയും ചെയ്താല്‍ പ്രമേഹം നിയന്ത്രണവിധേയമാകുകയും അതുമൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ ബാധിക്കാതിരിക്കുകയും കൂടുതല്‍ വര്‍ഷം സുഖകരവും ഫലപ്രദവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുവാനും സാധിക്കും.

(ലേഖകന്‍: ഡോ.ഷിബു. കടപ്പാട്: യുവധാര 2007 ഒക്ടോബര്‍ ലക്കം)

Monday, October 29, 2007

അമേരിക്കന്‍ ജനതക്കഭിവാദ്യങ്ങള്‍

ഇറാഖില്‍ ബുഷ് നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2007 ഒക്ടോബര്‍ 27ന് പതിനായിരങ്ങള്‍ അമേരിക്കന്‍ നഗരങ്ങളില്‍ പ്രകടനം നടത്തി. ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതലാളുകള്‍ റാലിയില്‍ പങ്കെടുത്തത്. ലോസ് ആഞ്ജലിസ്, ബോസ്റ്റണ്‍, ന്യൂഒര്‍ലിയന്‍സ്, ഡെന്‍വര്‍ തുടങ്ങിയ നഗരങ്ങളിലും റാലികള്‍ നടന്നു. 'ദേശീയ കര്‍മ ദിനം' എന്നു പേരിട്ട പ്രതിഷേധങ്ങളില്‍ തൊഴിലാളികള്‍, പുരോഹിതര്‍ എന്നിവരുള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക, മത രംഗങ്ങളിലെ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ഇറാഖില്‍ വിന്യസിച്ചിട്ടുള്ള സൈനികരുടെ ബന്ധുക്കളും കൂട്ടത്തിലുണ്ടായിരുന്നു.

അധിനിവേശം ആരംഭിച്ചശേഷം ഇതുവരെ നാലായിരത്തോളം അമേരിക്കന്‍ സൈനികര്‍ ഇറാഖില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ ഓര്‍മയ്ക്കായി പ്രകടനക്കാര്‍ തെരുവില്‍ കിടന്നു.ഇറാഖില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പ്രതിഷേധക്കാര്‍ രണ്ടു മിനിറ്റ് മൌനം ആചരിച്ചു.


സാന്‍ ഫ്രാന്‍സിസ്കോയിലെ പ്രകടനത്തില്‍ മാത്രം 30,000 പേര്‍ പങ്കെടുത്തു. തടവുകാരുടെയും സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിന്റെയുമൊക്കെ വേഷം ധരിച്ചായിരുന്നു പ്രകടനം. യുദ്ധം അവസാനിപ്പിക്കണമെന്നും ബുഷ് രാജ്യത്തെ മോശം പ്രസിഡന്റാണെന്നുമുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിച്ച പ്രകടനക്കാര്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവുകളിലൂടെ ഒഴുകി.

ഇറാക്ക് യുദ്ധത്തിന് അനുമതി നല്‍കിയ സെനറ്റ് വോട്ടിംഗിന്റെ അഞ്ചാംവാര്‍ഷികം കൂടിയായിരുന്നു ഒക്ടോബര്‍ 27.

യുണൈറ്റഡ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് എന്ന പേരില്‍ പല രാഷ്ട്രീയ, സാമൂഹിക, മത സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിച്ചതായിരുന്നു പ്രകടനങ്ങള്‍. ഇറാഖിലെ സൈനിക നടപടിക്ക് പണം അനുവദിക്കുന്നത് നിര്‍ത്തലാക്കണമെന്നും സൈനികരെ ഉടന്‍ തിരിച്ചുവിളിക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

റാലി നിയന്ത്രിക്കാന്‍ പോലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. അമേരിക്കയില്‍ നടന്ന യുദ്ധവിരുദ്ധ റാലികളില്‍ ഏറ്റവും വലുതാണ് ശനിയാഴ്ച നടന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ഓഹിയോയില്‍ ഈ പ്രകടനത്തിനു നേതൃത്വം കൊടുത്ത മൈക്ക് കരാനോ(Mike Carano) പറഞ്ഞത് ഈ പ്രകടങ്ങള്‍ രാജ്യത്തുടനീളം അധിനിവേശത്തിനെതിരായും, രാജ്യത്തിനാവശ്യമുള്ള ഫണ്ടുകള്‍ വഴി തിരിച്ചു വിടുന്നതിനെതിരെയുമുള്ള ജനവികാരമാണ് വെളിവാക്കുന്നത് എന്നാണ്. കോണ്‍ഗ്രസ് സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കണമെന്നും യുദ്ധാവശ്യങ്ങള്‍ക്കായുള്ള ഫണ്ടിങ് വെട്ടിച്ചുരുക്കാനുള്ള അതിന്റെ അധികാരങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രകടനങ്ങളുടെ ദേശീയ സംഘാടകരില്‍ ഒരാളായ ലെസ്ലി കീല്‍‌സെന്‍(Leslie Kielsen) പറഞ്ഞത് ഈ ‘യുദ്ധ’ത്തിനു വേണ്ടി ഇതിനകം ചിലവഴിച്ച അര ട്രില്യണ്‍ ഡോളര്‍ ( 50000 കോടി ഡോളര്‍) വിദ്യാഭ്യാസത്തിനും, ഭവന നിര്‍മാണ പദ്ധതികള്‍ക്കും വിശക്കുന്നവനു ഭക്ഷണം നല്‍കാനും ഉപയോഗിക്കേണ്ടിയിരുന്ന പണമാണെന്നാണ്.

(കടപ്പാട്: മാതൃഭൂമി, ദേശാഭിമാനി, ദീപിക, മലയാള മനോരമ)

Sunday, October 28, 2007

മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി?

“....pension is not only compensation for loyal service rendered in the past, but pension also has a broader significance, in that it is a measure of socio-economic justice which inheres economic security in the fall of life....

"പെന്‍ഷന്‍ എന്നത് കഴിഞ്ഞ കാലത്ത് വിശ്വസ്ത സേവനം നടത്തിയതിന് തിരിച്ചുനല്‍കുന്ന നഷ്ടപരിഹാരം മാത്രമല്ല‍, മറിച്ച് പെന്‍ഷന് അതിലും ഉയര്‍ന്ന ഒരു പ്രാധാന്യം ഉണ്ട്. അത് സാമൂഹിക - സാമ്പത്തിക നീതിയുടേതായ ഒരു നടപടിയും കൂടിയാണ്. വാര്‍ദ്ധക്യ പ്രക്രിയയുടെ ഭാഗമായി ശാരീരികവും മാനസികവുമായ ശക്തിക്ഷയം മൂലം സമ്പാദ്യത്തെ മാത്രം ആശ്രയിച്ചു കഴിയാന്‍ നിര്‍ബന്ധിതമാകുന്ന ജീവിതാന്ത്യത്തില്‍ സ്വാഭാവികമായി ലഭിക്കേണ്ട സാമ്പത്തിക സുരക്ഷയാണ് പെന്‍ഷന്‍''.

ബഹറുള്‍ ഇസ്ളാം, ഡി.എ. ദേശായ്, ഒ. ചിന്നപ്പറെഡ്ഢി, വി.ഡി. തുള്‍സാപുര്‍ക്കാര്‍, വൈ.വി. ചന്ദ്രചൂഡ് എന്നീ അഞ്ചു ജഡ്ജിമാര്‍ ചേര്‍ന്നു D S Nakkare Vs Union of India എന്ന കേസില്‍ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി - 1982 ഡിസംബര്‍ 17

“...... pension is a right and the payment of it does not depend upon the decision of the Government but is governed by the rules...”. “.... Thus, pension payable to a government employee is earned by rendering long and efficient service and therefore can be said to be a deferred portion of the compensation..”. “... Pension is neither a bounty nor a grace depending upon the sweet will of the employer..” “.. Pension is not an ex-gratia payment but it is a payment for the service rendered...”

അതേ വിധി ന്യായത്തില്‍ നിന്ന്

“ജീവനക്കാര്‍ക്ക് അര്‍ഹമായ ശമ്പളം ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല, കാരണം അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. അതിനായി ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചുവെക്കുന്നു എന്ന തത്വം ഞങ്ങള്‍ അംഗീകരിക്കുന്നു.. ജീവനക്കാരുടെ വേതനം പരിഷ്കരിക്കുമ്പോഴൊക്കെ പെന്‍ഷനും പരിഷ്ക്കരിക്കണം.... പെന്‍ഷന്‍ മൌലികമായ, വേര്‍പെടുത്താനാവാത്ത, നിയമപരമായി നല്‍കേണ്ട അവകാശമാണ്....”

റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി രത്നവേല്‍ പാണ്ഡ്യന്‍ ചെയര്‍മാനായിരുന്ന അഞ്ചാം ശമ്പളക്കമ്മീഷന്‍

എന്നാല്‍ നീതിപീഠങ്ങളില്‍ നിന്നുണ്ടാവുന്ന വിധികളല്ലല്ലോ, ഫിക്കിയും ടാറ്റയും മറ്റും നടത്തുന്ന ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദന്മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളാണല്ലോ സര്‍ക്കാരിന് പ്രിയം!

സിവില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി

ഭാരതത്തിലെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയായ സിവില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യനാളുകള്‍ മുതല്‍ തന്നെ നിലവില്‍ വന്നതാണ്. നിലവിലുണ്ടായിരുന്ന കോണ്‍ട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ടിന് പകരമായി 1920ല്‍ നടപ്പാക്കിയതാണ് നിലവിലുള്ള പെന്‍ഷന്‍ പദ്ധതി . 1957ല്‍ ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിയമപരമായി ബാധകമാക്കി.

നാളിതു വരേയും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് പുത്തന്‍ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തില്‍ മരണമണി മുഴങ്ങുകയാണ്.

പുതിയ പദ്ധതി

2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ ഐഎംഎഫ് തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി കൊണ്ടു വന്നിട്ടുണ്ട്. പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ വേതനത്തില്‍ നിന്ന് പത്ത് ശതമാനം ഓരോ മാസവും കൃത്യമായി പിടിച്ചെടുത്ത് ഫണ്ട് മാനേജര്‍മാരെ ഏല്‍പ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പക്ഷെ, സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ ആ ജീവനക്കാര്‍ക്ക് എന്താണ് നല്‍കുക എന്ന് ഒരു ഉറപ്പും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. കാരണം പെന്‍ഷന്‍ ഫണ്ട് ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ചൂതാട്ടം നടത്താന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത് എന്നതിനാല്‍ ഭാവിയെക്കുറിച്ച് ഒരുറപ്പും നല്‍കുവാന്‍ സര്‍ക്കാരിനാവില്ല എന്നതു തന്നെ. ഓഹരിക്കമ്പോളത്തിന്റെ ജയ-പരാജയങ്ങളുടെ അടിസ്ഥാനത്തിലാവും പെന്‍ഷന്‍ തുക നിശ്ചയിക്കപ്പെടുന്നത്.

മുതലാളിത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കി, സ്ഥിരത നിലനിറുത്തുക എന്ന ഗൂഢോദ്ദേശ്യമാണ് ഇതിനുപിന്നില്‍. ഐഎംഎഫ് തയ്യാറാക്കിയ രേഖ നടപ്പിലാക്കാനാവശ്യമായ ന്യായീകരണ കുറിപ്പ് തയ്യാറാക്കാന്‍ പലതരം കമ്മിറ്റികളെ നിയമിച്ച് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ എഴുതി വാങ്ങി. ഗീതാകൃഷ്ണന്‍ കമ്മിറ്റി, വാസുദേവന്‍ കമ്മിറ്റി, ഒയാസീസ് (Old Age Social and Income Security) പ്രോജക്റ്റ്, ഐ.ആര്‍.ഡി.എ.കമ്മറ്റി എന്നിവ ഉദാഹരണങ്ങളാണ്. ഇത് നടപ്പാക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിയോഗിക്കപ്പെട്ട ഭട്ടാചാര്യ കമ്മിറ്റി‍, സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും അവരുടെ ശുപാര്‍ശ അനുസരിച്ച് 2004 ജനുവരി ഒന്നാം തീയതിക്കു ശേഷം സര്‍വീസില്‍ കയറുന്ന കേന്ദ്ര ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ബാധകമായ ഒരു പുതിയ പെന്‍ഷന്‍ പദ്ധതി വാജ് പേയ് ഗവണ്‍മെന്റ് 2003 ഡിസംബറില്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.

ഈ ഉത്തരവിന് പകരമായി എന്‍ഡിഎ ഗവണ്‍മെന്റ് തന്നെ രൂപം നല്‍കിയ ഓര്‍ഡിനന്‍സ് ഒരു മാറ്റവും കൂടാതെ പുറപ്പെടുവിച്ചത് മന്‍മോഹന്‍സിങ്ങിന്റെ യുപിഎ ഗവണ്‍മെന്റ് ആണ്. ഓര്‍ഡിനന്‍സിനു പകരമായി പെന്‍ഷന്‍ റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ബില്ല് യുപിഎ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭത്തിന്റെയും ഇടതുപക്ഷ എംപിമാരുടെ ചെറുത്തുനില്‍പ്പിന്റെയും ഫലമായി, ബില്ല് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയോടെ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഇടതുപക്ഷ എംപിമാരുടെ ചെറുത്തുനില്‍പുമൂലം ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.

പാര്‍ലിമെന്റിന്റെ മുമ്പിലുള്ള പി.എഫ്.ആര്‍.ഡി.എ. ബില്‍ പാസ്സാകാത്തതിനാല്‍ ഈ പദ്ധതിക്ക് നിയമപ്രാബല്യമില്ല. അതുകൊണ്ട് ബില്ല് അവതരണത്തിന് സമവായം ഉണ്ടാക്കുവാന്‍ 2007 ജനുവരി 22ന് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന മുഖ്യമന്ത്രിമാരെയും ധനമന്ത്രിമാരെയും വിളിച്ചുകൂട്ടി. ഇരുപതിലേറെ സംസ്ഥാന സര്‍ക്കാരുകള്‍ ഇതേ പദ്ധതി അവരുടെ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി അംഗീകരിച്ചു. കേരളം, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ ഏതാനും ചില സര്‍ക്കാരുകള്‍ മാത്രമാണ് വേറിട്ട ശബ്ദമുയര്‍ത്തിയത്. ഇടതുപക്ഷത്തിന്റെ തത്വാധിഷ്ഠിത നിലപാടൊന്നുകൊണ്ടു മാത്രമാണ് പാര്‍ലിമെന്റ് പെന്‍ഷന്‍ ബില്‍ പരിഗണനക്കെടുക്കാത്തത്. എത്ര കാലം ഈ നില തുടരും? ഇന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യം എക്കാലത്തും തുടരുമെന്ന് കരുതാനാവില്ല.

ആഗോളതലത്തില്‍ പരാജയപ്പെട്ടത്

ആഗോളതലത്തില്‍ പെന്‍ഷന്‍ പരിഷ്കരണം നടക്കുന്നു; ഇന്ത്യക്ക് മാറിനില്‍ക്കാനാവില്ല എന്നാണ് പുതിയ പദ്ധതിയുടെ പ്രയോക്താക്കള്‍ പ്രചരിപ്പിക്കുന്നത്. ആവര്‍ത്തിച്ച് പറഞ്ഞ് ഇതൊക്കെ ശരിയാണെന്ന് ആളുകളെ വിശ്വസിപ്പിക്കാന്‍ പറ്റിയ പ്രചരണായുധങ്ങളും അവരുടെ പക്കലുണ്ട്. പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ വിശദീകരിക്കുന്ന എത്രയെത്ര വെബ് സൈറ്റുകളാണുള്ളത് ! അവയില്‍ വരുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം ഈ പരിഷ്കാരങ്ങളൊക്കെ വന്‍പരാജയമായി തീര്‍ന്നിരിക്കുന്നു എന്നതാണ്. അതാരും പറയുന്നില്ല. ചിലി ഒരു ഉദാഹരണം മാത്രം. പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളുടെയും പ്രതിരോധങ്ങളുടെയും ഇരമ്പം വെബ് സൈറ്റുകളില്‍ നിന്ന് കേള്‍ക്കാം. ചില രാജ്യങ്ങളില്‍ പെന്‍ഷന്‍കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍വരെ രൂപീകരിച്ചിരിക്കുന്നു. അവിടെ പരാജയപ്പെട്ട പദ്ധതികള്‍ ഇവിടെ നടപ്പാക്കണമെന്നാണ് ആഗോളവല്‍ക്കരണത്തിന്റെ പ്രചാരകര്‍ ആവശ്യപ്പെടുന്നത്. ഇതു തിരിച്ചറിയപ്പെടണം.

നേട്ടം ആ‍ര്‍ക്ക് ? സര്‍ക്കാരിനോ പെന്‍ഷന്‍ ഫണ്ടുകള്‍ക്കോ?

ജീവനക്കാരില്‍നിന്ന് പിടിച്ചെടുക്കുന്ന തുകക്ക് തുല്യമായ തുക മാച്ചിംഗ് ഫണ്ടായി ബന്ധപ്പെട്ട സര്‍ക്കാരുകളും വിഹിതം അടക്കണമെന്നാണ് വ്യവസ്ഥ. മാച്ചിംഗ് ഫണ്ട് കൃത്യമായി നല്‍കുന്ന സര്‍ക്കാരിന് എന്തുനേട്ടമാണ് പുതിയ പദ്ധതി കൊണ്ട് ഉണ്ടാവുക? 1.25 കോടിയോളം വരുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% പ്രതിമാസവിഹിതം വലിയ തുകയായിരിക്കും എന്നതിന് സംശയമില്ല. സര്‍ക്കാരിന് പ്രത്യേകിച്ച് ഒരു ആദായവും തിരികെ കിട്ടാതെ, ഈ തുക ഫണ്ട് മാനേജര്‍മാര്‍ക്കും ഓഹരിക്കമ്പോളത്തിലേക്കും നല്‍കുന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകള്‍ക്കും വലിയ ബാധ്യതയാണ് ഉണ്ടാകുന്നത്. മാത്രമല്ല ഈ പദ്ധതിയോടൊപ്പം ജനറല്‍ പ്രോവിഡന്റ് ഫണ്ട് നിറുത്തലാക്കുകയാണ്. ജനറല്‍ പ്രോവിഡന്റ് ഫണ്ടിലേക്ക് ജീവനക്കാര്‍ നല്‍കുന്ന തുക സര്‍ക്കാരുകള്‍ക്ക് പൊതുധനമായി ഉപയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. ജനറല്‍ പ്രോവിഡന്റ് ഫണ്ട് ഇല്ലാതാകുന്നതോടെ, ജീവനക്കാര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റാന്‍ ലഭ്യമാകുന്ന വായ്പാ സൌകര്യങ്ങളും ഇല്ലാതാകുകയാണ്.

ആറാം കേന്ദ്രശമ്പളകമ്മീഷനും പരിഗണനാ വിഷയങ്ങളും

പിഎഫ്ആര്‍ഡിഎ ബില്ല് പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ആറാം കേന്ദ്ര ശമ്പളക്കമ്മീഷന്റെ പരിഗണനാ വിഷയത്തില്‍ സൂചിപ്പിക്കുന്നത് നിലവിലുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഭാവിയില്‍ പെന്‍ഷന്‍ എന്തായിരിക്കണമെന്ന് ശുപാര്‍ശ നല്‍കാനാണ്.

>"(ഇ) 2004 ജനുവരി 1ന് മുമ്പ് നിയമിക്കപ്പെട്ട ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുന്‍ ജീധനക്കാര്‍ക്കും പെന്‍ഷന്‍, ഡിസിആര്‍ജി, കുടുംബ പെന്‍ഷന്‍, മറ്റ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ ഘടന നിര്‍ണ്ണയിക്കാനുള്ള തത്വങ്ങള്‍ പരിശോധിക്കുകയും അതിന്റെ ധനപരമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയും ചെയ്യുക.“

എന്നു വച്ചാല്‍ എല്ലാ ജീവനക്കാരേയും ക്രമേണ പുതിയ പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടു വരിക തന്നെയാണ് ഇതിന്റെ പിന്നില്‍ ചരടു വലിക്കുന്നവര്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്നത് വ്യക്തം.

നവലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം തന്നെ ശരണം

ചുരുക്കത്തില്‍ കാര്‍ഷിക വ്യവസായിക, സര്‍വീസ് മേഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍, ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയായ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലും കൈവയ്ക്കുമെന്ന യാഥാര്‍ത്ഥ്യം ആദ്യമൊക്കെ നല്ലൊരു പങ്ക് ജീവനക്കാര്‍ക്ക് അവിശ്വസനീയമായിരുന്നു. സിവില്‍ സര്‍വീസിന്റെ വലിപ്പം കുറയ്ക്കല്‍, തസ്തിക വെട്ടികുറയ്ക്കല്‍, നിയമന നിരോധനം, വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അടച്ചുപൂട്ടല്‍, കമ്പോളശക്തികളെ സഹായിക്കുന്ന ഹയര്‍ & ഫയര്‍ നയം, തൊഴില്‍ സംരക്ഷണം ഇല്ലാതാക്കുന്ന തൊഴില്‍ നിയമങ്ങളുടെ ഭേദഗതി, പ്രോവിഡന്റ് ഫണ്ട് പലിശയുടെ തുടര്‍ച്ചയായ വെട്ടിക്കുറവ്, ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കല്‍ തുടങ്ങിയ നവലിബറല്‍ നയങ്ങളുടെ കടന്നാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ നിഷേധമായ പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി.

പുതിയ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ജീവനക്കാരെ മാത്രമല്ല ബാധിക്കുക. സോണിയാഗാന്ധി ചെയര്‍പേഴ് സണായിട്ടുള്ള നാഷണല്‍ ഡെവലപ് മെന്റ് കൌണ്‍സില്‍ അംഗീകരിച്ച ഒരു ബില്‍, അസംഘടിത വിഭാഗം തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ നല്‍കാനെന്നപേരില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കപ്പെട്ടിരിക്കുകയാണ്. ഈ ബില്‍ അംഗീകരിക്കപ്പെട്ടാല്‍ നമ്മുടെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍പോലും ഇല്ലാതാകും. ഇരുപതിലേറെ ക്ഷേമനിധികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കയര്‍, കൈത്തറി, ചെത്ത്, ചുമട്ട് തൊഴിലാളികള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കുവേണ്ടി. നീണ്ട കാലത്തെ പോരാട്ടങ്ങളിലൂടെയാണവ നേടിയെടുത്തത്. മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരം ക്ഷേമനിധികളില്ല. നമ്മുടെ നാട്ടില്‍ സ്വകാര്യ സ്കൂള്‍ - കോളേജ് അധ്യാപകരും മറ്റും പെന്‍ഷന്‍ നേടിയെടുത്തത് ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെയാണ്. അങ്ങിനെ നേടിയെടുത്ത ആനൂകൂല്യങ്ങളെല്ലാം തകര്‍ക്കാനുള്ള ശ്രമം ഭരണവര്‍ഗം നടത്തുമ്പോള്‍ നിശബ്ദരായിരിക്കാന്‍, നിസ്സംഗരായിരിക്കാന്‍ സാധ്യമല്ല. ഈ ആക്രമണത്തെ നേരിടാന്‍, പരാജയപ്പെടുത്താന്‍ വലിയൊരു സമരനിര പടുത്തുയര്‍ത്തിയേ തീരു.

അതുകൊണ്ട് തന്നെ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കുക, പണിമുടക്കവകാശം ഉള്‍പ്പെടെ എല്ലാ ജനാധിപത്യ ട്രേഡ് യൂണിയന്‍ അവകാശങ്ങളും സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ 12 ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ 2007 ഒക്ടോബര്‍ 30ന് ദേശവ്യാപകമായി നടത്തുന്ന പണിമുടക്ക് വിജയിക്കേണ്ടതുണ്ട്.

ആക്രമണം ആശയരംഗത്തും

പുതിയ പദ്ധതി തങ്ങളെ ബാധിക്കില്ലെന്നു ധരിച്ച് പെന്‍ഷന്‍കാര്‍ പ്രതിഷേധിച്ചില്ല. പുതിയ ജീവനക്കാരെ മാത്രമേ ബാധിക്കൂ എന്ന ധാരണയില്‍ ജീവനക്കാരും അവരുടെ സംഘടനകളും ആദ്യം പുതിയ പദ്ധതിയെ എതിര്‍ത്തില്ല. ഇതു സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം പ്രശ്നമാണെന്ന് ധരിച്ച് തൊഴിലാളി പ്രസ്ഥാനങ്ങളും ആദ്യമാദ്യം ഈ നീക്കത്തെ അവഗണിച്ചു. പൊതുജനങ്ങള്‍ക്കാവട്ടെ പെന്‍ഷന്‍ നിഷേധം വേവലാതി ഉണ്ടാക്കുന്ന ഒരു പ്രശ്നവുമല്ല. ഒരു കാര്യം വ്യക്തമാണ്. ആക്രമണം ഒരു ബില്ലിന്റെയോ, പദ്ധതിയുടേയോ നിയമത്തിന്റെയോ രൂപത്തില്‍ മാത്രമല്ല. ആശയരംഗത്തും രൂക്ഷമായ ആക്രമണമുണ്ട്.

നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയാണ് നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതെന്ന ചിന്ത വളര്‍ത്തിയെടുക്കാന്‍ പലരും ശ്രമിക്കുന്നു. അതുകൊണ്ട് പെന്‍ഷന്‍ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഒരുതരം നിസ്സംഗത പ്രകടമാണ്. സര്‍ക്കാരും ഭരണവര്‍ഗവും അതിസമര്‍ത്ഥമായി ഓരോ വിഭാഗത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ പലരും പരാജയപ്പെട്ടപ്പോള്‍ പാസ്റ്റര്‍ മാര്‍ട്ടിന്‍ നെയ് മൊള്ളര്‍ എഴുതിയ ആ കവിതഇവിടെ ഓര്‍ക്കാവുന്നതാണ്.

“അവര്‍ ആദ്യം വന്നത് ജൂതന്മാരെ തേടിയാണ്. ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ ജൂതനല്ലായിരുന്നു.

പിന്നെയവര്‍ വന്നത് കമ്മ്യൂണിസ്റ്റുകളെ തേടിയാണ്. ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ കമ്മ്യൂണിസ്റ്റല്ലായിരുന്നു.

പിന്നീടവര്‍ വന്നത് ട്രേഡ് യൂണിയനിസ്റ്റുകളെ തേടിയായിരുന്നു, ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ ട്രേഡ് യൂണിയനിസ്റ്റുമല്ലായിരുന്നു.

അവസാനം അവര്‍ വന്നത് എന്നെ തേടിയായിരുന്നു. അപ്പോള്‍ എനിക്കുവേണ്ടി മിണ്ടാന്‍ ആരും അവശേഷിച്ചിരുന്നില്ല.”

(അവലംബം: ശ്രീ.പി.എസ്.രാമന്‍‌കുട്ടി, ശ്രീ.കെ.രാജേന്ദ്രന്‍ എന്നിവരുടെ ലേഖനങ്ങള്‍. കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം,ചിന്ത വാരിക)

ഒരു ജൈ‌സാള്‍‍‌മീര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്

അന്ന് രാവിലെ 11വരെ രാജസ്ഥാനിലെ ജോദ്പുര്‍ നഗരത്തില്‍ ബിജെപിയുടെ വഴിതടയല്‍ സമരമായിരുന്നു. ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ ഞങ്ങളുടെ കാര്‍ തടഞ്ഞപ്പോള്‍ ക്യാമറമാന്‍ ജയേഷ് ക്യാമറയെടുത്ത് പുറത്തേക്ക് കാണിച്ചു.

'ഞങ്ങള്‍ നിങ്ങളുടെ രാമസേതു സമരം റിപ്പോര്‍ട്ട്ചെയ്യാന്‍ ഡല്‍ഹിയില്‍നിന്നും എത്തിയ ചാനലുകാരാണ്. മറ്റു സ്ഥലങ്ങളിലെയും സമരദൃശ്യങ്ങള്‍ പകര്‍ത്തണം. ഞങ്ങളെ പോകാന്‍ അനുവദിച്ചാലും'.

ജയേഷിന്റെ 'ദൃശ്യമാധ്യമ തട്ടിപ്പ് ' മനസ്സിലാവാതിരുന്ന ജനക്കൂട്ടം വഴിയിലെ തടസ്സങ്ങള്‍ നീക്കി. വൈകിട്ട് ടിവിയില്‍ കാണാനാകുമെന്ന പ്രതീക്ഷയോടെ ക്യാമറയുടെ മുന്നില്‍വന്ന് ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു. ' ജയ് ശ്രീറാം... ജയ് രാമസേതു...'

ജനക്കൂട്ടം സന്തോഷത്തോടെ ജോദ്പുരില്‍നിന്നും ഞങ്ങളെ യാത്രയാക്കി. ജോദ്പുരിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ ഹിന്ദുസിങ് സോസ ഏര്‍പ്പാടാക്കിയ റായ് ചന്ദ് എന്ന ദളിത് യുവാവാണ് ഞങ്ങളുടെ വഴികാട്ടി. ജോദ്പുരിലെ സമരങ്ങളെക്കുറിച്ച് റായ് ചന്ദ് ഇങ്ങനെ വിവരിച്ചു.

'രാവിലെ നമ്മള്‍ കണ്ട ജനക്കൂട്ടത്തെ ശ്രദ്ധിച്ചോ? അവരില്‍ ദളിതരല്ലാത്തവരായി നാലോ അഞ്ചോ ആളുകള്‍മാത്രമേ ഉള്ളൂ. സമരംചെയ്യാനും വഴിതടയാനും കല്ലെറിയാനുമെല്ലാം എല്ലാവര്‍ക്കും ദളിതരെവേണം. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും നാടുഭരിക്കാനും കട്ടുമുടിക്കാനുമെല്ലാം സവര്‍ണരെയും...'

രാജസ്ഥാനിലെ മരുപ്രദേശങ്ങളുടെ മുക്കും മൂലയും പരിചയമുള്ള ഒരാള്‍ എന്ന വിശേഷണത്തോടെയായിരുന്നു ഹിന്ദുസിങ് സോസ റായ് ചന്ദിനെ പരിചയപ്പെടുത്തിയിരുന്നത്. ആദിവാസി ഗോത്രവിഭാഗമായ ഭീല്‍സമുദായത്തിലെ വിരലിലെണ്ണാവുന്ന അഭ്യസ്തവിദ്യരില്‍ ഒരാളാണ് റായ് ചന്ദ് . ടൂറിസ്റ്റുകളുടെ സ്വപ്നഭൂമിയായ ബിക്കാനീറാണ് റായ് ചന്ദിന്റെ സ്വദേശം. പണ്ട് ജൈസാള്‍മീറിലെ ഭൂപ്രഭുക്കള്‍ ഭീല്‍സമുദായക്കാരെ കൂട്ടത്തോടെ മരുഭൂമിയുടെ അപ്പുറത്തേക്ക് ആട്ടിയോടിച്ചത്രെ. സംഭവം നടന്നത് സ്വാതന്ത്ര്യത്തിനുമുമ്പ്.

അന്ന് ഇന്ത്യ-പാക് അതിര്‍ത്തി ഇല്ല. ഗത്യന്തരമില്ലാതെ റായ് ചന്ദിന്റെ പൂര്‍വികര്‍ പാകിസ്ഥാനിലെ സിന്ധ് ബിരാനി ഗ്രാമത്തിലേക്ക് കുടിയേറി. റായ് ചന്ദ് ജനിച്ചതും വളര്‍ന്നതുമെല്ലാം പാകിസ്ഥാനിലാണ്. പാകിസ്ഥാനിലെ മുസ്ലിം സമുദായക്കാരുമായി അന്നെല്ലാം നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഇന്ത്യ-പാക് യുദ്ധവേളകളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും അവര്‍ അവിടെത്തന്നെ ജീവിതം തുടര്‍ന്നു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെയാണ് സ്ഥിതിഗതികള്‍ തകിടംമറിഞ്ഞത്. ഭീലുകള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടപ്പോള്‍ റായ് ചന്ദിന്റെ കുടുംബം അതിര്‍ത്തികടന്ന് ഇന്ത്യയിലെത്തി. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ റായ് ചന്ദിനും കുടുംബത്തിനും ഇന്ത്യന്‍ പൌരത്വംനല്‍കി.

'പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കുനേരെ വിവേചനമുണ്ട്. എന്നാല്‍ ദളിതരോട് പ്രത്യേകമായി വിവേചനം ഉണ്ടായിരുന്നില്ല. ഏത് മുസ്ലിം പ്രമാണിയുടെ വീട്ടില്‍പ്പോയാലും അവര്‍ ബ്രാഹ്മണനെയും രജപുത്രനെയും ഭീലിനെയും മീണയെയും മെഗ് വാറിനെയും കുംദാറിനെയും സ്വീകരിച്ച് കസേരയിലിരുത്തും. വെള്ളവും ചായയും ഭക്ഷണവും തരും. ഇവിടെയോ? ജൈസാള്‍മീരില്‍ ബ്രാഹ്മണരും രജപുത്രരും ഞങ്ങളെ അവരുടെ വീടുകളില്‍ കയറ്റില്ല. അഥവാ കയറ്റിയാലോ ഞങ്ങള്‍ തറയിലിരിക്കണം എന്നതാണ് എഴുതപ്പെടാത്ത നിയമം'.

റോഡിന്റെ ഇരുവശത്തെയും പച്ചപ്പുല്ലുകള്‍ കുറഞ്ഞുകൊണ്ടിരുന്നു. താപനില ഉയര്‍ന്നു. മണലാരണ്യത്തിലൂടെ വാഹനം ചീറിപ്പാഞ്ഞു. ചെറുപട്ടണമായ പൊഖ്റാനിലെത്തിയപ്പോള്‍ റായ് ചന്ദ് ഒരു ഉള്‍വഴി കാണിച്ചുതന്നുകൊണ്ട് പറഞ്ഞു.

'ഈ വഴിയിലൂടെ കുറച്ചുദൂരം യാത്ര ചെയ്താല്‍ അണുപരീക്ഷണം നടത്തിയ സ്ഥലത്തെത്താം'.

അണുപരീക്ഷണം നടന്ന സ്ഥലം കാണാനുള്ള വ്യഗ്രതയോടെ ഞങ്ങള്‍ തല പുറത്തേക്കിട്ടു.

'അണുപരീക്ഷണം നടന്നതിന്റെ തലേനാള്‍ ഒരാള്‍ ഇവിടത്തെ ഒരു തട്ടുകടയില്‍വന്ന് ചായ കുടിച്ചത്രെ. എങ്ങനെ ശാസ്ത്രീയമായി ചായയുണ്ടാക്കുമെന്നതിനെക്കുറിച്ച് തട്ടുകടക്കാരനെ ഉപദേശിച്ചു. അടുത്ത ദിവസം വൈകിട്ട് എല്ലാവരും അദ്ദേഹത്തെ ടിവിയില്‍ കണ്ടു. തൊട്ടടുത്തനാള്‍ പത്രത്തിലും. ആരാണ് അയാള്‍?'

ഒട്ടും ആലോചിക്കേണ്ടിവന്നില്ല. ' മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാം'

പൊഖ്റാനില്‍നിന്നും ഉള്‍ഗ്രാമങ്ങളിലേക്ക് വല്ലപ്പോഴുമൊക്കെയേ ബസ് ഉള്ളു. ബസുകളുടെ അകത്തുള്ളതിനേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ മുകളിലാണ്. ചില ബസുകളുടെ അകത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പക്ഷേ, മുകള്‍ഭാഗത്ത് ജനങ്ങള്‍ തിക്കിത്തിരക്കി ഇരിക്കുന്നു. ഇതെന്തുലോകം?

റായ്‌ചന്ദ് വിശദീകരിച്ചു.

' അകത്തുള്ളവരെയും മുകളിലുള്ളവരെയും സൂക്ഷിച്ചു നോക്കൂ. അകത്ത് ബ്രാഹ്മണരും രജപുത്രരും ജാട്ടും. പുറത്ത് ഭീലും മീണയും മെഗ് വാറും കുംഭാറും. ഏറെക്കാലം ബസുകളുടെ അകത്തിരിക്കാന്‍ ദളിതര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. കാലം കുറേ കഴിഞ്ഞപ്പോള്‍ അകത്തിരിക്കാമെന്നായി. പക്ഷേ, സവര്‍ണര്‍ വന്നാല്‍ സീറ്റുകളില്‍നിന്ന് എഴുന്നേറ്റു കൊടുക്കണം. എന്നാല്‍ അകത്തെ യാത്രയേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം പ്രകൃതിയുമായി സല്ലപിച്ചുകൊണ്ടുള്ള പുറംയാത്രകളാണ്. '

ഒട്ടകങ്ങളെയും, മുഖംമറച്ച് തലയില്‍ കുടങ്ങളും കൈകാലുകളില്‍ കുപ്പിവളകളുടെ കിലുകിലുക്കങ്ങളുമായി കിലോമീറ്ററുകള്‍ താണ്ടിവരുന്ന രാജസ്ഥാന്‍ സ്ത്രീകളെയും തലപ്പാവുധരിച്ച പാവകളി സംഘങ്ങളേയുമെല്ലാം പിറകോട്ടാക്കി വാഹനം മരുപ്പച്ചകളിലൂടെ ചീറിപ്പാഞ്ഞു. ഭൂമിയുടെ നിറംമാറുന്നു. കല്ലിനും മണ്ണിനും കൊട്ടാരത്തിനും കുടിലിനുമെല്ലാം സ്വര്‍ണനിറം. ഇരുവശത്തും കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാറ്റാടിയാത്രങ്ങള്‍. റോഡുനിറയെ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍.

'നമ്മള്‍ ജൈസാള്‍മീരില്‍ എത്തിയിരിക്കുന്നു'.

സ്വര്‍ണനിറമുള്ള ജൈസാള്‍മീര്‍ വളരുകയാണ്. ആകാശത്തോളം. പണ്ടെല്ലാം അവധിക്കാലം ആസ്വദിക്കാനായി ഡല്‍ഹിയിലെത്തിയിരുന്ന വിദേശികള്‍ക്ക് താല്‍പ്പര്യം ഹിമാലയന്‍ ഹില്‍‍സ്റ്റേഷനുകളായ സിംലയോടും കുളുവിനോടും മണാലിയോടുമെല്ലാമായിരുന്നു. ഇപ്പോള്‍ എല്ലാവരും മരുഭൂമിയുടെ സൌന്ദര്യം ആസ്വദിക്കാനായി ജൈസാള്‍മീരിലാണ് എത്തുന്നത്. വര്‍ഷാന്ത്യവും വര്‍ഷാദ്യവും പുതുവല്‍സരം ആഘോഷിക്കാനായി എത്തുന്ന സന്ദര്‍ശകരുടെ തിരക്കുമൂലം ജൈസാള്‍മീരില്‍ സൂചി കുത്താന്‍ ഇടമുണ്ടാകില്ല.

ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കണ്ടുമുട്ടിയ ഒരു മലയാളി ബിഎസ്എഫ് ജവാനുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയൊരാളെ റായ്‌ചന്ദ് പരിചയപ്പെടുത്തിയത്. ' ഇത് കിഷോര്‍കുമാര്‍. ഞങ്ങളുടെ ജാതിയില്‍പ്പെട്ടവനാണ്. ഇവിടെ ഒരു കടയില്‍ തൊഴിലെടുക്കുന്നു. ഈ പ്രദേശത്തെ എല്ലാ ക്ഷേത്രങ്ങളെക്കുറിച്ചും കിഷോര്‍കുമാറിന് നന്നായി അറിയാം. ഇനി ഇവനാണ് നമ്മുടെ സാരഥി'.

കിഷോര്‍കുമാര്‍ വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുന്നു. ഡ്രൈവര്‍ക്ക് വഴി പറഞ്ഞുകൊടുത്തു.

ഇവിടെനിന്നും 30 കിലോമീറ്റര്‍ അകലെയാണ് കാളിഡുങ്കര്‍ഭായ് ക്ഷേത്രം. ഏറെ ശക്തിയുള്ള ദേവിയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ചതാണ് ക്ഷേത്രം. ഇപ്പോള്‍ ബ്രാഹ്മണരും രജപുത്രരുമടങ്ങിയ ഒരു സമിതിയാണ് ക്ഷേത്രം ഭരിക്കുന്നത്. ക്ഷേത്രത്തിനകത്തേക്ക് ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും പ്രവേശനമില്ല.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാറ്റാടിയന്ത്രങ്ങളോട് ചേര്‍ന്നുള്ള പാതകളിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. മരുഭൂമിയിലെ നിമ്‌നോന്നതങ്ങള്‍ കയറിയിറങ്ങി. അകലെയതാ മണല്‍ത്തട്ടിന് മുകളില്‍ ഒരു ചെറിയ ക്ഷേത്രം.

' ക്ഷേത്രം ചെറുതാണ്. പക്ഷേ, ജൈസാള്‍മീര്‍ ജില്ലയില്‍ കാളിഡുങ്കര്‍ഭായിക്ക് നിരവധി വിശ്വാസികളുണ്ട്. ഉച്ചസമയമായതിനാല്‍ ഇപ്പോള്‍ തിരക്കുണ്ടാവില്ല. അവിടെ കാണുന്നവരോടൊന്നും ക്ഷേത്രത്തിലെ ചാതുര്‍വര്‍ണ്യം റിപ്പോര്‍ട്ട്ചെയ്യാന്‍ വന്നതാണെന്ന് പറയരുത്. പറഞ്ഞാല്‍ നിങ്ങള്‍ക്കുമാത്രമല്ല ഞങ്ങള്‍ക്കും അടികിട്ടും'.

കിഷോര്‍കുമാര്‍ പറഞ്ഞതുപോലെ ക്ഷേത്രത്തിനകത്ത് തിരക്ക് നന്നേ കുറവായിരുന്നു. ക്യാമറയും മൈക്കുമായി ചെന്ന ഞങ്ങളെ പണ്ഡിറ്റ്ജി നീച്‌വന്‍ ജോഷി സ്വീകരിച്ചു.

ഞങ്ങള്‍ കേരളത്തില്‍നിന്നും വരുന്നവരാണ്. രാജസ്ഥാനിലെ ദേവീക്ഷേത്രങ്ങളെക്കുറിച്ച് പ്രോഗ്രാം നിര്‍മിക്കുകയാണ് ഉദ്ദേശം. പണ്ഡിറ്റ്ജി മനസ്സു തുറന്നു ചിരിച്ചു.

'കാളിഡുങ്കര്‍ഭായ് ക്ഷേത്രത്തെ ഒഴിവാക്കിക്കൊണ്ട് ആര്‍ക്കെങ്കിലും രാജസ്ഥാനിലെ ക്ഷേത്രങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കുമോ? അത്രയ്ക്ക് ശക്തിയും തേജസ്സും ഉള്ളതല്ലേ ഈ ദേവിക്ക്. അകത്തേക്കൊന്നു സൂക്ഷിച്ചുനോക്കൂ. എത്ര ഐശ്വര്യവതിയാണ്...'

രണ്ടു യുവാക്കള്‍ ക്ഷേത്രത്തിനകത്ത് കടന്നു. അവര്‍ ദേവിയെ ആരാധിക്കുകയാണ്. ക്ഷേത്രത്തിനുപുറത്തായി നാലഞ്ചുപേര്‍ നില്‍ക്കുന്നുണ്ട്. അവര്‍ ദളിതരാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. രാജസ്ഥാനിലെ ക്ഷേത്രങ്ങളില്‍ പൂജാരിക്ക് മാത്രമല്ല ഭക്തര്‍ക്കും വിഗ്രഹത്തിനടുത്തിരുന്ന് പൂജിക്കുകയും പ്രാര്‍ഥിക്കുകയും ആരാധിക്കുകയുംചെയ്യാം. എന്നാല്‍ ഇതെല്ലാം സവര്‍ണജാതിക്കാര്‍ക്ക് മാത്രമുള്ള പ്രാര്‍ഥനാരീതികളാണ്. ക്ഷേത്രത്തിനു തൊട്ടുമുന്നില്‍ നിലത്ത് കല്ലുകൊണ്ട് ഒരു വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. ഇത് അവര്‍ണര്‍ക്കായുള്ള കാളിഡുങ്കര്‍ഭായിയുടെ 'ഡ്യൂപ്ളിക്കേറ്റ്' വിഗ്രഹം‘. ഈ വിഗ്രഹത്തിന് മുന്നിലിരുന്ന് എത്രനേരം വേണമെങ്കിലും അവര്‍ണര്‍ക്ക് പ്രാര്‍ഥിക്കാം.

പണ്ഡിറ്റ്ജി അദ്ദേഹത്തിന്റെ സമീപത്ത് ഞങ്ങളെ പിടിച്ചിരുത്തി. പിന്നെ ക്ഷേത്രത്തിന്റെ ഐതിഹ്യം വിവരിച്ചു.

'ഒരുകാലത്ത് ഈ മരുഭൂമി നിറയെ ഭൂതങ്ങളായിരുന്നു. ഭൂതങ്ങള്‍ മനുഷ്യരെ പിടിക്കും. കഴുത്തുപിടിച്ച് ഞെരിക്കും. ചോരകുടിക്കും. കൂട്ടത്തോടെ നിഗ്രഹിക്കും. ഭൂതങ്ങളെ പേടിച്ച് ജനങ്ങള്‍ കൂട്ടത്തോടെ മരുഭൂമിയില്‍ തപസ്സനുഷ്ഠിച്ചു. നാല്പത്തിഒന്നാം ദിവസം ദേവി പ്രത്യക്ഷപ്പെട്ടു. ദേവി പറഞ്ഞു: ഞാന്‍ കാളിഡുങ്കര്‍ഭായി... ഇനി ആരും ഭൂതങ്ങളെ പേടിക്കേണ്ട. ഞാനിരിക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയണം. എന്നെ പൂജിക്കണം. നിങ്ങളെ ഭൂതങ്ങളില്‍നിന്നും ഞാന്‍ രക്ഷിക്കാം. അങ്ങനെ ഈ സ്ഥലത്ത് അന്നത്തെ ജൈസാള്‍മീര്‍ മഹാരാജാവ് പണിത ക്ഷേത്രമാണ് ഇത് '.

പണ്ഡിറ്റ്ജി തുടര്‍ന്നു.

'അകത്ത് ബ്രാഹ്മണര്‍, രജപുത്രര്‍ തുടങ്ങിയ ഉയര്‍ന്ന ജാതിക്കാര്‍ക്ക് പ്രാര്‍ഥിക്കാം. താഴ്ന്നജാതിക്കാര്‍ക്ക് പുറത്ത് നിലത്തിരുന്ന് പ്രാര്‍ഥിക്കാം'. ഇതെല്ലാം ദേവിയുടെ കല്‍പ്പനകളാണ്. എല്ലാം ഞങ്ങള്‍ അനുസരിക്കുന്നുവെന്നുമാത്രം'.

അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ സമീപത്തെത്തി. ദീപക് കെലിയ എന്ന രജപുത്ര യുവാവ് . ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. കെലിയക്ക് ഞങ്ങളുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലായി. അവന്‍ തറപ്പിച്ചുപറഞ്ഞു.

' ജനറല്‍ വിഭാഗങ്ങള്‍ക്ക് അകത്തിരിക്കാം. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് പുറത്തിരിക്കാം.'

ആ ചെറുപ്പക്കാരന്‍ ആവര്‍ത്തിച്ചു. ' ജനറല്‍ വിഭാഗങ്ങള്‍ അകത്ത്. എസ് സി, എസ് ടിയും ഒബിസിയും പുറത്ത് '

കാളീഡുങ്കര്‍ഭായ് ക്ഷേത്രത്തില്‍ മാത്രമല്ല, ജൈസാള്‍മീറിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേയും അവസ്ഥ ഇതുതന്നെയാണ്. എല്ലാ ദേവീ ദേവന്മാര്‍ക്കും ഉജ്വലമായ ഐതിഹ്യകഥകളുണ്ട്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ദേവീദേവന്മാരുടെ വലംകൈകള്‍ ബ്രാഹ്മണരും ക്ഷത്രിയരുമായിരിക്കും. ഐതിഹ്യങ്ങളിലെ വില്ലന്മാര്‍ ദളിതരും.

ക്ഷേത്രത്തില്‍നിന്നുമുള്ള മടക്കയാത്രക്കിടെ കിഷോര്‍കുമാര്‍ ഭീല്‍ ജാതിക്കാരുടെ കഥനകഥകള്‍ വിവരിച്ചു.

'ഈ പ്രദേശത്തെ ജനസംഖ്യയിലെ 35 ശതമാനത്തോളം ഞങ്ങളാണ്. എങ്കിലും ഞങ്ങള്‍ ഇത്തരം അനീതികളെ ചോദ്യംചെയ്യാറില്ല. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ഉടനെ രജപുത്രര്‍ അവരെ തേടി ഗ്രാമത്തിലെത്തും. പ്രശ്നത്തിന്റെ ഗൌരവമനുസരിച്ച് ശിക്ഷവിധിക്കും. തല്ലിക്കൊല്ലാനും അവര്‍ക്ക് ഒരു മടിയുമില്ല. പൊലീസ് സ്റ്റേഷനില്‍ പോയാല്‍ പൊലീസുകാരെല്ലാം രജപുത്രരായിരിക്കും. പരാതികൊടുത്താല്‍ വാദി പ്രതിയാകും. ഞങ്ങള്‍ ഇപ്പോള്‍ ആരോടും പരാതി പറയാറില്ല'.

കിഷോര്‍കുമാറിനോട് യാത്രപറഞ്ഞ് മടങ്ങുന്നതിനിടെ ഞങ്ങള്‍ റോഡരികില്‍ ഒരു പ്രകടനം കണ്ടു. രാമസേതു പ്രശ്നത്തിലുള്ള പ്രകടനം. റായ് ചന്ദ് തല പുറത്തിട്ടു.

'നിങ്ങള്‍ നോക്കൂ. ആ പ്രകടനത്തിലെ ഏറെക്കുറെ എല്ലാവരും ദളിതരാണ്. ഇതിനുമാത്രമേ ഇവര്‍ക്ക് ഞങ്ങളെ വേണ്ടു...'

ഞങ്ങള്‍ സ്വര്‍ണനിറമുള്ള നഗരത്തോട് വിടപറഞ്ഞു. വാഹനം കാറ്റാടിയന്ത്രങ്ങള്‍ക്കു ചുവട്ടിലൂടെ ജോദ്പുര്‍ ലക്ഷ്യമിട്ട് ചീറിപ്പാഞ്ഞു.

(ലേഖകന്‍: ശ്രീ.കെ.രാജേന്ദ്രന്‍. കടപ്പാട്: ദേശാഭിമാനി)

Thursday, October 25, 2007

ധനമൂലധനത്തിന്റെ ചതിക്കുഴികള്‍

മുതലാളിത്തത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വൈരുദ്ധ്യം മുമ്പൊരിക്കലുമില്ലാത്തവിധം വ്യക്തമായി ദൃശ്യമാകുന്ന ഒരു കാലഘട്ടമാണ് ഇന്നത്തേത്. പാര്‍ട്ടിസിപ്പേറ്ററി നോട്ട് (Participatory Note) സംവിധാനത്തിലൂടെ നമ്മുടെ ഓഹരിക്കമ്പോളത്തിലേയക്ക് വരുന്ന ധനത്തിനു (Finance) മേല്‍ സെക്യൂരിറ്റീസ്എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനേഴാം തീയതി സെന്‍സെക്സിന്റെ മൂല്യത്തിലുണ്ടായ ഇടിവും ഉയര്‍ച്ചയും നമുക്ക് തല്‍ക്കാലം വിസ്മരിക്കാം. വാസ്തവത്തില്‍ സെന്‍സെക്സിന്റെ മൂല്യം അടുത്തിടയായി ശരവേഗത്തില്‍ ഉയരുകയാണു ചെയ്യുന്നത്. സെപ്തംബര്‍ മാസത്തില്‍ ഒരാഴ്ചകൊണ്ട് സെന്‍സെക്സിന്റെ മൂല്യം ആയിരം പോയിന്റിലധികം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. എന്നിട്ടും ഭാരതത്തിന്റെ 'യഥാര്‍ത്ഥ സമ്പദ്ഘടന' (Real Economy) ഇപ്പോഴും പഴയ സ്ഥിതിയില്‍ തന്നെ തുടരുകയാണ്.

കൃത്യമായി പറയുകയാണെങ്കില്‍ യഥാര്‍ത്ഥ സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്കില്‍ ചെറിയ മാന്ദ്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് തെളിയിക്കുന്നത് യഥാര്‍ത്ഥ സമ്പദ്ഘടനയെ തെല്ലും ആശ്രയിക്കാതെ തീര്‍ത്തും സ്വതന്ത്രമായാണ് ധനം (Finance) അതിന്റെ പ്രയാണം (movement) നടത്തുന്നത് എന്നാണ്. അതുപോലെതന്നെ യഥാര്‍ത്ഥ സമ്പദ്ഘടനയും (Real Economy) ധനത്തിന്റെ പ്രയാണത്തില്‍ നിന്നും പൂര്‍ണ്ണമായും വേറിട്ടാണ് നിലനില്‍ക്കുന്നത്. സെന്‍സെക്സിന്റെ കുതിച്ചുകയറ്റം യഥാര്‍ത്ഥ സമ്പദ്ഘടനയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നില്ല. യഥാര്‍ത്ഥ സമ്പദ്ഘടന പഴയതുപോലെ പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യത്തിലും സെന്‍സെക്സിന്റെ കുതിച്ചുകയറ്റത്തിനും തടസ്സമൊന്നുമുണ്ടാകുന്നുമില്ല.

അമേരിക്കന്‍ മുതലാളിത്തത്തെ സംബന്ധിച്ചും മേല്‍പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണ്. കുറച്ചുനാള്‍മുമ്പ് തകര്‍ച്ചയെ നേരിട്ട അവിടത്തെ ഓഹരിക്കമ്പോളം ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. അതേസമയം അമേരിക്കയുടെ യഥാര്‍ത്ഥ സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടായിരിക്കുന്നു. സമ്പദ്ഘടനയില്‍ ഒരു പുറകോട്ടടിക്കുള്ള (Recession) സാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ പരസ്യമായിത്തന്നെ പ്രകടിപ്പിക്കപ്പെടുകയാണ്. യഥാര്‍ത്ഥ സമ്പദ്ഘടന തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴും ഓഹരിക്കമ്പോളം വളരെ ഊര്‍ജ്ജസ്വലമായാണ് അമേരിക്കയിലും പ്രവര്‍ത്തിക്കുന്നത്.

ഇത് രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഒന്ന് ഓഹരി വിപണിയിയും യഥാര്‍ത്ഥ സമ്പദ്ഘടനയും തമ്മിലുള്ള പരസ്പര ബന്ധമില്ലായ്മയാണത് വ്യക്തമാക്കുന്നത്. സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ (fundamentals of economy) നിജസ്ഥിതി ഓഹരികളുടെ വിലകളില്‍ പ്രതിഫലിക്കപ്പെടുന്നു എന്നും വിപണിതന്നെയാണ് ശരിയായ രീതിയില്‍ ധനവിനിയോഗം നടത്തുന്നതിനുള്ള (allocation of finance) ഏറ്റവും കാര്യക്ഷമമായ ഉപകരണം എന്നുമുള്ള പ്രചരണങ്ങള്‍ ഇവിടെ പൂര്‍ണ്ണമായും നിരാകരിക്കപ്പെടുകയാണ്. രണ്ടാമത് വളരെ വ്യത്യസ്തങ്ങളായ പരിസ്ഥിതികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ സമാനമായ വ്യതിയാനങ്ങളെ അഭിമുഖീകരിക്കുകയും അവിടങ്ങളിലെ ഓഹരിക്കമ്പോളങ്ങള്‍ ഒരേക്രമത്തില്‍ പ്രയാണം നടത്തുകയും ചെയ്യുന്നു എന്നതുമാണ്.

രണ്ടാമതായി പ്രസ്താവിച്ച കാര്യം നമുക്ക് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കാം. അമേരിക്കയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പുവരെ കണ്ടുവന്ന ഭവനമേഖലയിലെ വന്‍കുതിപ്പ് അവിടത്തെ സമ്പദ്ഘടനയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും അതിനെ തുടര്‍ന്ന് ധനകാര്യസ്ഥാപനങ്ങള്‍ ഈ മേഖയ്ക്കും വന്‍തോതില്‍ വായ്പകള്‍ നല്‍കുകയും ചെയ്യുകയുണ്ടായി. ഭവനമേഖലയിലെ ഈ കുതിപ്പ് ധനകാര്യസ്ഥാപനങ്ങളില്‍ അമിതമായ ആത്മവിശ്വാസമുണ്ടാക്കുകയും അവ സാമ്പത്തിക ഭദ്രതയില്ലാത്തവര്‍ക്കുപോലും അവരുടെ തിരിച്ചടയ്ക്കുവാനുള്ള ശേഷിയെപ്പറ്റി ചിന്തിക്കാതെ ധാരാളം വായ്പകള്‍ നല്‍കുകയുമുണ്ടായി. ഇത്തരം വായ്പകള്‍ ഇപ്പോള്‍ 'sub prime loans' എന്നാണ് പരാമര്‍ശിക്കപ്പെടുന്നത്. ഭവനമേഖലയിലെ കുതിപ്പ് അവസാനിച്ചപ്പോള്‍ സമ്പദ്ഘടനയാകെ പ്രതിസന്ധിയിലായി. ഇത് sub prime loan crisis എന്നാണ് അറിയപ്പെടുന്നത്.

സാമ്പത്തിക സ്ഥാപനങ്ങള്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഭവനമേഖലയ്ക്ക് നല്‍കിയ വായ്പകള്‍ തിരിച്ച് പിടിക്കുവാനാകില്ലെന്ന് അവയ്ക്ക് ബോധ്യമായി. തുടര്‍ന്ന് തിരുത്തല്‍ നടപടികളുടെ ഭാഗമായി സാമ്പത്തിക സ്ഥാപനങ്ങള്‍ അവയുടെ നിക്ഷേപത്തിലും അവ നല്‍കുന്ന വായ്പയിലും കുറവ് വരുത്തി. ഇതിന്റെ പ്രതിഫലനം അമേരിക്കയിലെ മാത്രമല്ല, ഇന്‍ഡ്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഓഹരി കമ്പോളത്തിലും ദൃശ്യമായി. ഇതിനെ തുടര്‍ന്നാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സെന്‍സെക്സില്‍ ഗണ്യമായ ഇടിവുണ്ടായത്. അതിനുശേഷം നടന്ന സംഭവവികാസങ്ങള്‍ വീക്ഷിച്ചാല്‍ അമേരിക്കയിലെ ഭവനമേഖലയില്‍ സംഭവിച്ച തകര്‍ച്ച അവിടെത്തേയും ലോകത്തിലെ മറ്റു പല രാജ്യങ്ങളിലേയും യഥാര്‍ത്ഥ സമ്പദ്ഘടനയെ (Real Economy) തുടര്‍ന്നും പുറകോട്ടടിച്ചുവെങ്കിലും ലോകമാകെയുള്ള ഓഹരി കമ്പോളങ്ങള്‍ അവ നേരിട്ട പ്രതിസന്ധിയെ തരണം ചെയ്ത് ശക്തമായ ഒരു തിരിച്ചുവരവ് നടത്തുകയുണ്ടായി എന്ന് കാണുവാന്‍ കഴിയും.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഓഹരികളെ നിക്ഷേപമായി കണ്ടല്ല ആളുകള്‍ അവയെ വാങ്ങുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഓഹരികളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ് വരുമാനത്തിനായല്ല അവ വാങ്ങപ്പെടുന്നത്. ഇന്നു വാങ്ങുന്ന ഓഹരികള്‍ ഭാവിയില്‍ കൂടിയ വിലയ്ക്ക വില്‍ക്കുവാനാകും എന്ന പ്രതീക്ഷയില്‍, അതായത് മൂലധന ലാഭത്തില്‍ (Capital gains) കണ്ണുവെച്ചാണ്, ഓഹരികളുടെ വാങ്ങല്‍ നടക്കുന്നത്. ഓഹരിക്കമ്പോളങ്ങളെ ചലനാത്മകമാക്കുന്നത് നിക്ഷേപകരല്ല, മറിച്ച് ഊഹക്കച്ചവടക്കാരാണ് എന്ന് സാരം. യഥാര്‍ത്ഥ സമ്പദ്ഘടന കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന് കരുതുക. ഇത് സ്ഥാപനങ്ങളുടെ ലാഭത്തെ പ്രതികൂലമായി ബാധിക്കും. സ്ഥാപനങ്ങളുടെ ലാഭം കുറയുമ്പോള്‍ അവയുടെ ഓഹരികള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഡിവിഡന്റ് വരുമാനത്തിലും കുറവുണ്ടാകും. എന്നാല്‍ യഥാര്‍ത്ഥ സമ്പദ്ഘടനയുടെ മോശമായ അവസ്ഥ ഓഹരികള്‍ മൂലധനലാഭത്തിനായി വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നില്ല. കൂടുതല്‍ മൂലധനലാഭം മനസ്സില്‍കണ്ട് കൂടിയ വില നല്‍കി കമ്പോളത്തില്‍ നിന്ന് ഓഹരികള്‍ വാങ്ങുവാന്‍ നിക്ഷേപകര്‍ തയ്യാറാകുമെന്നതിനാല്‍ യഥാര്‍ത്ഥ സമ്പദ്ഘടന തളര്‍ന്നാലും ഓഹരികമ്പോളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കും.

അതേസമയം ധന ലഭ്യതയുടെ (liquidity) കാര്യത്തില്‍ പെട്ടെന്നുണ്ടാകുന് ഇടിവ് ഓഹരിക്കമ്പോളത്തിന്റെ വളര്‍ച്ച നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് ശ്രമകരമാക്കും. ധനലഭ്യത കുറയുമ്പോള്‍ ഓഹരി വാങ്ങുന്ന പ്രക്രിയ മന്ദഗതിയിലാകും. ഇങ്ങനെ സംഭവിച്ചേക്കാം എന്ന തിരിച്ചറിവും ഇതിന്റെ അനന്തരഫലമായി മൂലധന ലാഭത്തില്‍തന്നെ ഇടിവുണ്ടാകും എന്ന ആശങ്കയും ഊഹക്കച്ചവടക്കാരെ ഓഹരി വാങ്ങുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കും. അതുകൊണ്ട് ധനലഭ്യതയില്‍ പെട്ടെന്നുണ്ടാകുന്ന ഞെരുക്കം ഓഹരിക്കമ്പോളത്തിന്റെ വളര്‍ച്ചയുടെ അന്ത്യം കുറിക്കുന്നതിനോ അതിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കാനോ കാരണമായേക്കാം.

അമേരിക്കയിലെ sub prime loan പ്രതിസന്ധിയെ തുടര്‍ന്ന് ധനലഭ്യതയില്‍ ശോഷണമുണ്ടായപ്പോള്‍ ഇതാണ് സംഭവിച്ചത്. അമേരിക്കയിലേയും ഇന്‍ഡ്യയുള്‍പ്പെടെ ലോകത്തിലെ മറ്റുപല രാജ്യങ്ങളിലേയും ഓഹരിക്കമ്പോളങ്ങളില്‍ വലിയ നഷ്ടമുണ്ടായി. ധനലഭ്യത ഉദാരമാക്കുവാനായി പലിശനിരക്ക് കുറച്ചുകൊണ്ടാണ് യു.എസ്.ഫെഡറല്‍ റിസര്‍വ് അവിടത്തെ ഓഹരിക്കമ്പോളത്തിനുണ്ടായ തകര്‍ച്ചയ്ക്ക് പ്രതിവിധി കണ്ടത്. ഇതുതന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പിന്‍തുടരുന്നു. ഇതോടെ ഓഹരികമ്പോളങ്ങളിലെ കുതിപ്പിനും ഒരു പുത്തന്‍ ഉണര്‍വും ലഭിക്കുകയുണ്ടായി. ഇന്‍ഡ്യയിലെ ഓഹരികമ്പോളത്തില്‍ നിന്നും ലഭിക്കുന്ന മൂലധനലാഭം ഉള്‍പ്പെടെയുള്ള വരുമാനം മറ്റു രാജ്യങ്ങളിലെ കമ്പോളങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍ നമ്മുടെ കമ്പോളത്തിന്റെ കുതിപ്പും അതുകണ്ട് ഉയര്‍ന്നതായിരുന്നു.

അമേരിക്കയിലെ ഓഹരിക്കമ്പോളത്തിന്റെ കുതിപ്പ് അവിടത്തെ യഥാര്‍ത്ഥ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് കാര്യമായ സംഭാവനകളൊന്നും നല്‍കുന്നില്ല. ഓഹരി കമ്പോത്തിന്റെ കുതിപ്പ് യഥാര്‍ത്ഥ സമ്പദ്ഘടനയെ രണ്ടുതരത്തില്‍ ചലനാത്മകമാക്കും എന്നാണ് കരുതപ്പെടുന്നത്.

ആദ്യമായി, വികസിക്കന്ന കമ്പോളത്തില്‍ ഓഹരികളും ബോണ്ടുകളും പുറത്തിറക്കി കമ്പനികള്‍ക്ക് ഉത്പാദനമേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുവാനാവശ്യമായ ധനം എളുപ്പത്തിലും കുറഞ്ഞചിലവിലും സംഭരിക്കുവാന്‍ സാധിക്കും. ഇത് ഉത്പാദനം (production), ഉത്പാദനങ്ങള്‍ക്കായുള്ള ആവശ്യത (demand for production), തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കും.

രണ്ടാമതായി, ഓഹരികമ്പോളത്തിന്റെ വളര്‍ച്ച അതില്‍ നിക്ഷേപം നടത്തുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. ഇക്കൂട്ടരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതോടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടിയുള്ള ഇവരുടെ ആവശ്യവും കൂടും. ഇത് വീണ്ടും ഉത്പാദനം, ഉത്പന്നങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യം, തൊഴിലവസരം എന്നിവ വര്‍ദ്ധിക്കുന്നതിനും വഴിയൊരുക്കും.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവയുടെ പുതിയ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നിരിക്കട്ടെ. എങ്കില്‍ കുറഞ്ഞ ചെലവില്‍ ധനം ലഭ്യമായാല്‍പോലും അവ പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനായി നിക്ഷേപം നടത്തുകയില്ല. അതുപോലെ ഓഹരികമ്പോളത്തില്‍ നിന്നും നല്ല വരുമാനം ലഭിക്കുന്നവര്‍ക്ക് ഭാവിയില്‍ വരാനിടയുള്ള തൊഴിലില്ലായ്മയെക്കുറിച്ചോ ആശങ്കയുണ്ടാവുകയാണെന്നിരിക്കട്ടെ. അത്തരം സാഹചര്യത്തല്‍ അവര്‍ ഓഹരി കമ്പോളത്തില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന വരുമാനം ഇപ്പോഴത്തെ ഉപഭോഗ ആവശ്യങ്ങള്‍ക്കായി ചെലവാക്കിയെന്നു വരില്ല.

യഥാര്‍ത്ഥ സമ്പദ്ഘടന പ്രതിസന്ധിയിലാണെങ്കില്‍ ഓഹരിക്കമ്പോളത്തിലെ കുതിപ്പ് കൊണ്ടൊന്നും അതിന് പുത്തന്‍ ഉണര്‍വ് ലഭിക്കുകയില്ല. യഥാര്‍ത്ഥ സമ്പദ്ഘടനയ്ക്കും ഓഹരികമ്പോളത്തിനും നീണ്ടകാലം വളരെ വിഭിന്നങ്ങളായ ദിശകളില്‍ സഞ്ചരിക്കാനാകുംഎന്നാണ് ഇതില്‍ നിന്നും തെളിയുന്നത്. ഇന്‍ഡ്യയുടെ യഥാര്‍ത്ഥ സമ്പദ്ഘടന മന്ദഗതിയില്‍ വികസിക്കുമ്പോഴും സെന്‍സെക്സ് കുതിച്ചുയരുന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്.

യഥാര്‍ത്ഥ സമ്പദ്ഘടനയുടേയും ഓഹരികമ്പോളത്തിന്റെയും ഇത്തരത്തിലുള്ള വ്യത്യസ്തമായ ഓരോ സഞ്ചാരവും ഭാവിയില്‍ സംഭവിക്കാവുന്ന ഓഹരികമ്പോള തകര്‍ച്ച വളരെ കനത്തതായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്. ഈ വ്യത്യസസ്തത വര്‍ദ്ധിക്കുന്തോറും ഓഹരികമ്പോളത്തിന്റെ വികാസം അത്രയുംതന്നെ പൊള്ളയായതും ഏതുനേരവും തകര്‍ക്കുന്നതും ആയിരിക്കും യഥാര്‍ത്ഥ സമ്പദ്ഘടനയുടെ സ്ഥിതി തീരെ ദയനീയമാണെങ്കില്‍ ഓഹരികമ്പോളത്തിനു സംഭവിച്ചേക്കാവുന്ന തകര്‍ച്ചയില്‍ നിന്നും അതിനും കരകയറുവാന്‍ ഏറെ പ്രയാസമായിരിക്കും. ലോകമുതലാളിത്തം ഒരു മുരടിപ്പിലേയ്ക്ക് നീങ്ങുന്ന ഈ അവസരത്തിലും ഓഹരി കമ്പോളത്തിലെ കുതിപ്പ് തുടരുന്നു എന്നത് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന അഗാധവും രൂക്ഷവും ആയ ഒരു സാമ്പത്തിക പ്രതിസന്ധിയുടെ ദുഃസൂചനയാണ് നല്‍കുന്നത്.

ഈ പ്രതിസന്ധി ഇപ്പോഴത്തെ മുരടിപ്പിനെ ഒരു യഥാര്‍ത്ഥ മാന്ദ്യമായി (depression) മാറ്റിത്തീര്‍ത്തേയ്ക്കാം.

(ലേഖകന്‍: പ്രൊ.പ്രഭാത് പട്നായിക്. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

പട്ടിണികൊണ്ടു പൊരിയുന്ന ഗ്രാമങ്ങള്‍

ഓഹരിവില 18000 പോയിന്റ് കടന്നു എന്ന വിസ്മയവാര്‍ത്ത പത്രങ്ങള്‍ കൊട്ടിഘോഷിക്കേ, അവര്‍ മറച്ചുവെയ്ക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. ഇന്ത്യയില്‍ പാവങ്ങള്‍ക്കിടയിലുള്ള ദാരിദ്ര്യം കൂടുതല്‍ രൂക്ഷമാകുന്നുവെന്നതാണത്. വെറും ഊഹക്കച്ചവടമായ ഓഹരി വിലവര്‍ധനയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഇത് കാണിക്കുന്നു. മധ്യപ്രദേശ് സംസ്ഥാനത്തിലെ രണ്ടു ജില്ലകള്‍ എടുത്ത് പഠനം നടത്തിയ ഫ്രണ്ട് ലൈന്‍ കാണിക്കുന്നത്, ഗ്രാമീണ ഭാരതം കൂടുതല്‍ കൂടുതല്‍ ദരിദ്രമായി കൊണ്ടിരിക്കുന്നുവെന്നാണ്.

2005-06ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെയുടെ കണക്കുകള്‍ അനുസരിച്ചുതന്നെ, മധ്യപ്രദേശിലെ വേണ്ടത്ര തൂക്കമില്ലാത്ത കുട്ടികളുടെ ശതമാനം 1998-99ല്‍ 54 ശതമാനം ആയിരുന്നത് ഇന്ന് 60 ശതമാനം ആയി വര്‍ധിച്ചിരിക്കുന്നു. അതായത് കുട്ടികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നില്ല. പോഷകാഹാരം തീരെ ലഭിയ്ക്കാത്ത കുട്ടികളുടെ ശതമാനം മേല്‍പ്പറഞ്ഞ കാലയളവില്‍ 20ല്‍നിന്ന് 33 ആയി വര്‍ധിച്ചു. ഗോത്രവര്‍ഗ വിഭാഗങ്ങളിലാണ് ദാരിദ്ര്യവും പോഷകാഹാരക്കുറവും ഏറ്റവും രൂക്ഷമായിരിക്കുന്നത്. മധ്യപ്രദേശില്‍ 29 നാഷണല്‍ പാര്‍ക്കുകളും റിസര്‍വ്ഡ് വനപ്രദേശങ്ങളുമുണ്ട്. അതിനര്‍ത്ഥം ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം ഗിരിവര്‍ഗ ജനങ്ങള്‍ കുടിയിറക്കപ്പെടുന്നുവെന്നാണ്. ഉദാഹരണത്തിന് ശിവപുരി ജില്ലയിലെ ബല്‍ഹാര്‍പൂര്‍ ഗ്രാമത്തിന്റെ കഥയെടുക്കാം.

ആ ഗ്രാമത്തിലെ നിവാസികളില്‍ മിക്കവരും സഹാരിയ ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ്. എട്ടുകൊല്ലംമുമ്പ് അവര്‍ ഒരു പുഴയുടെ വക്കത്താണ് താമസിച്ചിരുന്നത്. കുടിക്കാനും കൃഷിചെയ്യാനും ആവശ്യത്തിന് വെള്ളം കിട്ടിയിരുന്നു. എല്ലാ കുടുംബത്തിനും ആടും പശുവും ഉണ്ടായിരുന്നു. അല്‍പം കൃഷിയും. കൃഷിപ്പണിയില്ലാത്ത നാളുകളില്‍ 'ടെണ്ടു' ഇല (ബീഡിയില) നുള്ളാന്‍ പോകും. കാട്ടില്‍നിന്ന് തേനും പച്ചമരുന്നുകളും മറ്റും ശേഖരിച്ച് വില്‍ക്കും. അങ്ങനെ വലിയ കുഴപ്പമില്ലാതെ ജീവിച്ചുവന്ന അവരെ, മാധവ് നാഷണല്‍ പാര്‍ക്കിന്റെ പേരില്‍ അവിടെനിന്ന് കുടിയിറക്കി. ബല്‍ഹാര്‍പുരില്‍ ഹൈവേയുടെ വക്കത്ത് പാറക്കൂട്ടം നിറഞ്ഞ, വെള്ളം കിട്ടാത്ത ഒരു പ്രദേശത്താണ് അവരെ കൂട്ടത്തോടെ താമസിപ്പിച്ചത്. പുതിയ സ്ഥലത്ത് കന്നുകാലികളെ മേയ്ക്കാന്‍ സൌകര്യം ഉണ്ടാവില്ലെന്നറിഞ്ഞപ്പോള്‍, അവര്‍ തങ്ങളുടെ ആടുകളെയും മാടുകളെയും പഴയ സ്ഥലത്തെ ഒരു കാട്ടമ്പലത്തില്‍ ഉപേക്ഷിച്ചിട്ടാണ് ഇങ്ങോട്ടുപോന്നത്.

ഇന്നവര്‍ക്ക് കൃഷിയില്ല; കന്നുകാലികളില്ല; ജോലിയില്ല; കുടിവെള്ളമില്ല. നാഷണല്‍ പാര്‍ക്കിന്റെ സ്ഥലത്തുനിന്ന് ഇങ്ങോട്ടു പറിച്ചു നട്ടപ്പോള്‍, അവര്‍ക്ക് ചെറിയ വീടുവെച്ചു കൊടുത്തിരുന്നു. പക്ഷെ അവയ്ക്കൊന്നും കക്കൂസില്ല; വെള്ളമില്ല; ടാപ്പില്ല. കല്ലിന്റെ പാളികൊണ്ടുള്ള മേല്‍പ്പുരയായിരുന്നു വീടുകള്‍ക്ക്. ഏതു സമയത്തും വീഴാവുന്നതും ചൂടെടുക്കുന്നതുമായ മേല്‍പ്പുര. പലരും അത് താഴത്തിറക്കി, വില്‍ക്കാന്‍ നിര്‍ബന്ധിതരായി. തൊട്ടടുത്ത് ആശുപത്രികളില്ല. 'ദീന്‍ ദയാല്‍ അന്ത്യോദയ ഉപചാര്‍ യോജന' എന്ന പദ്ധതിയിന്‍കീഴില്‍ പാവങ്ങള്‍ക്ക് 'ഹെല്‍ത്ത് കാര്‍ഡ്' നല്‍കും എന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഇവിടെ മിക്കവര്‍ക്കും ഹെല്‍ത്ത് കാര്‍ഡില്ല. ഉണ്ടായിട്ടും പ്രയോജനമില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. ദൂരെ ആശുപത്രിയില്‍ ചെന്നാല്‍ അവിടെ ഡോക്ടറില്ല; മരുന്നില്ല. ഏറ്റവും പാവങ്ങളായ ആളുകള്‍ക്ക് 'മഞ്ഞ റേഷന്‍' കാര്‍ഡ് നല്‍കുന്നുണ്ടത്രെ. പക്ഷെ അതും ഇവിടെ മിക്കവര്‍ക്കും കിട്ടിയിട്ടില്ല - സഹാരിയാ ഗിരിവര്‍ഗക്കാര്‍ ആ കാര്‍ഡ് കിട്ടാനര്‍ഹരാണെങ്കിലും.

പദ്ധതി പ്രദേശത്തുനിന്നു പോരുമ്പോള്‍ ഓരോ കുടുംബത്തിനും 20000 രൂപ വീതം നഷ്ടപരിഹാരം ലഭിച്ചിരുന്നു. പക്ഷെ അത് ഗുണ ഗ്രാമീണ ക്ഷേത്രീയ ബാങ്കില്‍ നിക്ഷേപിയ്ക്കണം. ഗുണഭോക്താവിന് അതില്‍നിന്ന് 8000 രൂപയേ പിന്‍വലിക്കാന്‍ കഴിയൂ. ബാക്കിതുക ഗ്രാമീണര്‍ താമസിക്കുന്ന പ്രദേശത്തിന്റെ വികസനത്തിനുള്ള ഫണ്ടാണ്. എട്ടുകൊല്ലമായിട്ടും അവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല. ആകെ പറയാനുള്ളത് പ്രവര്‍ത്തനക്ഷമമായ ഒരു ഹാന്റ് പമ്പാണ്.

പുരുഷന്മാരൊക്കെ ജോലി അന്വേഷിച്ച് മറ്റ് ഗ്രാമങ്ങളിലേക്ക് പോയി. പലര്‍ക്കും കരിങ്കല്‍ ക്വാറികളിലാണ് ജോലി ലഭിച്ചത്. ഈ ഗ്രാമപ്രദേശത്ത് പ്രായപൂര്‍ത്തിയായ 87 സ്ത്രീകളുള്ളതില്‍ 26 പേരും വിധവകളാണെന്ന് പറഞ്ഞാല്‍ പൊതു ആരോഗ്യ സ്ഥിതി ഏതാണ്ട് ഊഹിക്കാമല്ലോ. പോഷകാഹാരക്കുറവ് കൊണ്ട് കുട്ടികള്‍ എല്ലും തോലുമായിരിക്കുന്നു. ശരിക്ക് ശുശ്രൂഷിച്ചില്ലെങ്കില്‍ മരണം തന്നെയാണ് ഗതി.

കുടിയൊഴിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരമായി അഞ്ച് ക്വിന്റല്‍ ഭക്ഷ്യധാന്യം നല്‍കാമെന്നായിരുന്നു കരാര്‍. പക്ഷെ, അതൊക്കെ ഇടത്തട്ടുകാര്‍ ആരൊക്കെയോ തട്ടിയെടുത്തു. ചില കുടുംബങ്ങള്‍ക്ക്, ഉള്ള വീടിന് പട്ടയം ലഭിച്ചിട്ടുണ്ടെങ്കിലും മിക്കവര്‍ക്കും അതൊന്നും കിട്ടിയിട്ടില്ല. സമീപത്തുള്ള ഹുണ്ടികക്കാരില്‍നിന്ന് നൂറുശതമാനം വരെ പലിശയ്ക്ക് കടം വാങ്ങാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു. ഇവിടെ ജോലിയില്ലാത്തതിനാല്‍ മറ്റു ഗ്രാമങ്ങളില്‍ ജോലിയന്വേഷിച്ച് പോകുന്നവര്‍ക്ക് പലപ്പോഴും ഇരുപതു രൂപയാണ് കൂലി കിട്ടുന്നത്. ചിലര്‍ അടുത്തുള്ള കാട്ടില്‍ വിറകുവെട്ടാന്‍ പോകും. വിറകുവെട്ടി, ബസ്സിന്റെ മുകളില്‍ കയറ്റി പട്ടണപ്രാന്തത്തിലെത്തിച്ച് വിറ്റ്, തിരിച്ചുവരുമ്പോള്‍ ചെലവു കഴിച്ച് കയ്യില്‍ മിച്ചം നിസ്സാര തുകയായിരിക്കും. സര്‍ക്കാര്‍ നല്‍കുന്ന റേഷനെ ആശ്രയിച്ചാണ് ഗ്രാമീണര്‍ ജീവിക്കുന്നത്. ബിപിഎല്‍ മഞ്ഞക്കാര്‍ഡ് ലഭിക്കണമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അഞ്ഞൂറു രൂപ കൈക്കൂലി കൊടുക്കണം. മഹാ കൈക്കൂലിക്കാരനായ ഒരു സെക്രട്ടറിയെ ഈയിടെ സസ്പെന്‍ഡ് ചെയ്തതേയുള്ളൂ. പുതിയ ആളും അങ്ങനെതന്നെ.

ഗ്രാമീണര്‍ക്ക് തൊഴില്‍ നല്‍കുന്ന ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുപദ്ധതിയിലും പരക്കെ അഴിമതി തന്നെ. ഉദാഹരണത്തിന് നയാ ഗാവോണ്‍ എന്ന ഗ്രാമത്തില്‍ (കുനോ നാഷണല്‍ പാര്‍ക്കിനുവേണ്ടി ഒഴിപ്പിക്കപ്പെട്ടവരാണ് ഇവിടെ താമസം) ആളുകള്‍ക്ക് മൂന്നോ നാലോ ദിവസം മാത്രമാണ് ആകെ ജോലികിട്ടിയത്; അതിന്റെ കൂലിയും കിട്ടി. എന്നാല്‍ 77 ദിവസം ജോലി നല്‍കി എന്നാണ് റെക്കോര്‍ഡ്. ഗ്രാമീണര്‍ ജില്ലാ കളക്ടറെ കണ്ട് ആവലാതി പറഞ്ഞു. ഒരു ഫലവുമില്ല. ചില ഗ്രാമങ്ങളില്‍, പണിയെടുപ്പിച്ചതിനുള്ള കൂലി കഴിഞ്ഞ മാര്‍ച്ച് തൊട്ട് കുടിശ്ശികയാണ്. കൂലിയുമില്ല; തൊഴിലില്ലായ്മയ്ക്കുള്ള നഷ്ടപരിഹാരത്തുകയുമില്ല. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്റെ മണ്ഡലത്തിലെ ഗ്രാമങ്ങളിലും സ്ഥിതി ഇതുതന്നെ.

ഒരു ഗ്രാമത്തില്‍ 25 കുട്ടികളുടെ തൂക്കം നോക്കിയതില്‍ 24 കുട്ടികള്‍ക്കും വേണ്ടത്ര തൂക്കമില്ല; പോഷകാഹാരം വേണ്ടത്ര ലഭിക്കുന്നില്ല. മറ്റൊരിടത്ത് പത്ത് ഹാന്റ് പൈപ്പ് ഉള്ളതില്‍ ഒരൊറ്റ എണ്ണമേ പ്രവര്‍ത്തിക്കുന്നതായുള്ളൂ. ബുധനി ബ്ളോക്കിലെ ഒരു ഗ്രാമത്തില്‍, കഴിഞ്ഞ പത്തൊമ്പതുകൊല്ലക്കാലം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇന്നും ഒരു അംഗന്‍വാടി അനുവദിച്ചിട്ടില്ല; ആര്‍ക്കും ഹെല്‍ത്ത്കാര്‍ഡില്ല. ശുദ്ധമായ കുടിവെള്ളം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നതുതന്നെയില്ല. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി മണ്ഡലത്തിലെ (മുഖ്യമന്ത്രിയാകുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം എംപിയായിരുന്നു) കൈരിചൌക്കിയിലും അതുതന്നെയാണ് അവസ്ഥ. ഈ ഗ്രാമത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ പോയാലേ, ഒരു സംയോജിത ശിശു വികസന കേന്ദ്രത്തില്‍ എത്താന്‍ കഴിയൂ.

ഇവിടെ പുതിയ റേഷന്‍ കാര്‍ഡു നല്‍കിയപ്പോള്‍, പാവങ്ങളായ പലരുടെയും പേര് ബിപിഎല്‍ ലിസ്റ്റില്‍നിന്ന് വെട്ടിക്കളഞ്ഞിരിക്കുന്നു. 80 വയസ്സായ, മറ്റാരുംതുണയായിട്ടില്ലാത്ത അഗതികളുടെ പോലും ഗതി ഇതാണ്. അവര്‍ക്ക് വയസ്സായവര്‍ക്കുള്ള പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല. അസുഖം ബാധിച്ച കുഞ്ഞിനേയും കൊണ്ട് ദൂരെയുള്ള ആശുപത്രിയിലേക്ക് പോകാന്‍ അമ്മമാര്‍ക്ക് ഭയം. വീട്ടിലുള്ള മറ്റ് കുഞ്ഞുങ്ങളെ ആര് നോക്കും? ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി മറ്റുള്ള കുഞ്ഞുങ്ങളെ അവഗണിക്കാന്‍ കഴിയുമോ?

മധ്യപ്രദേശിലെ 'ബാലസഞ്ജീവനി അഭിയാന്‍' സംഭരിച്ച കണക്കുകള്‍ അനുസരിച്ച്, ആറ് വയസ്സിനു താഴെയുള്ള കുട്ടികളില്‍ 47.5 ശതമാനവും വേണ്ടത്ര പോഷകാഹാരം ലഭിയ്ക്കാത്തവരാണ്. അവരില്‍ത്തന്നെ ഒരു ചെറിയ ഭാഗം, കടുത്ത പോഷകാഹാരക്കുറവ് അനുഭവിയ്ക്കുന്നവരാണ്- എന്നുവെച്ചാല്‍ മരണത്തോട് അഭിമുഖം നില്‍ക്കുന്നവരാണെന്നര്‍ത്ഥം. ഇത് ബാലസഞ്ജീവനിയുടെ പത്താമത്തെ സര്‍വെയിലെ കണക്കുകളാണ്. ഒമ്പതാമത്തെ സര്‍വെയുടെ കണക്കുകളെ അപേക്ഷിച്ച്, ഇതല്‍പം കുറവാണത്രെ. കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ മരണനിരക്ക് 30 ശതമാനമാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. നൂറ് കണക്കിന് കുട്ടികള്‍ ഇക്കൊല്ലവും പോഷകാഹാരക്കുറവുകൊണ്ട് മാത്രം മരണമടയും. കടുത്ത പോഷകാഹാര കുറവുള്ള കുട്ടികളില്‍ 2.56 ശതമാനവും ഷിയോപുര്‍ ജില്ലയിലാണ്. ഇവിടെ 600ഓളം കുട്ടികള്‍ മരണമടയാന്‍ സാധ്യതയുണ്ട്.

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത്, പുരോഗതികൊണ്ട് തിളങ്ങുന്ന ഇന്ത്യയില്‍, ഒരൊറ്റ ജില്ലയില്‍ മാത്രം 600 ഓളം കുട്ടികള്‍ വേണ്ടത്ര ഭക്ഷണം കിട്ടാതെ, പോഷകാഹാരക്കുറവുകൊണ്ട്, മരണമടയുന്നു എന്നത് ഭീകരമായ ഒരുസത്യം തന്നെ. ഇങ്ങനെ മരിക്കുന്നവരില്‍ മിക്കവരും ആദിവാസികളോ ദളിതരോ ആണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. സഹാരിയ ഗോത്രവര്‍ഗക്കാരുടെ കഥ അതാണ് കാണിക്കുന്നത്. അവരുടെ സംഖ്യ ഒന്നുകില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു; അഥവാ ഏറെക്കുറെ സ്ഥിരമായി നില്‍ക്കുന്നു. അവരുടെ കുടുംബങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാത്തതുകൊണ്ടല്ല. പക്ഷെ ജനിച്ച കുഞ്ഞുങ്ങള്‍ പറക്കമുറ്റാതെ മരിച്ചു പോകുന്നു. ബിപിഎല്‍ പദ്ധതിയിന്‍ കീഴില്‍നിന്ന് ദരിദ്രരെ ഒഴിവാക്കി ഒഴിവാക്കിവരുന്ന സര്‍ക്കാരിന്റെ നയമാണ് അതിന് കാരണം. പാവങ്ങളെ ബിപിഎല്ലിന്‍ കീഴില്‍ കൊണ്ടുവരുന്നതിനല്ല, എന്തെങ്കിലും കാരണം ചൂണ്ടിക്കാട്ടി ബിപിഎല്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതിനാണ് ഗവണ്‍മെന്റിന് വ്യഗ്രത. ഇങ്ങനെപോയാല്‍ ബിപിഎല്ലില്‍ ഉള്‍പ്പെടുത്താവുന്ന കുടുംബങ്ങള്‍ കുറവായിരിക്കും. ക്രമേണ ദരിദ്രരെയും ഇല്ലാതാക്കാം.

വിശാലമായ ഒരു ശവക്കുഴി കുഴിച്ചാല്‍ മതി.

(വിവര്‍ത്തനം: നാരായണന്‍ ചെമ്മലശ്ശേരി, കടപ്പാട്: ഫ്രണ്ട്‌ലൈന്‍, ANNIE ZAIDI. ചിത്രങ്ങള്‍: എ.എം.ഫാറൂഖി)

Tuesday, October 23, 2007

ആഗോള സമ്പദ് വ്യവസ്ഥയിലെ പുത്തന്‍ പ്രവണതകള്‍

ആഗോള സമ്പദ് വ്യവസ്ഥ വീണ്ടുമൊരു പുതിയ പ്രതിസന്ധിയെ നേരിടുകയാണ്. മുമ്പുണ്ടായ പ്രതിസന്ധികളും അവ പരിഹരിക്കാനായി എടുത്ത നടപടികളുടെയും തുടര്‍ച്ചയായാണ് ഈ പ്രതിസന്ധി ഉളവായിട്ടുള്ളത്. ഇത് ഐ.എം.എഫിന്റെയും വേള്‍ഡ് ബാങ്കിന്റെയും അധികാരികള് ‍തന്നെ ഇപ്പോള്‍ തുറന്നുപറയുന്നുമുണ്ട്. ഐ.എം.എഫിന്റെ ഒന്നാം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജോണ്‍ ലിപ്‌സ്കി(John Lipsky) ജൂലൈ 31-ന് ആസ്ട്രേലിയയില്‍ ചെയ്ത ഒരു പ്രസംഗത്തില്‍ നിന്നും ഉദ്ധരിക്കട്ടെ.

"ഉത്കണ്ഠകളും ആശങ്കകളും മുറ്റിനില്‍ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് ധനകാര്യ വിപണിയിലെ ഇപ്പോഴത്തെ തകര്‍ച്ച. ലളിതമായി പറഞ്ഞാല്‍ കടപത്ര പ്രമാണങ്ങളുടെ വിലകളെ ഒരു പുനര്‍നിര്‍ണ്ണയത്തിന് വിധേയമാക്കുകയാണ് ആഗോളവിപണികളെന്ന് പ്രത്യക്ഷത്തില്‍ കാണാം. ധനകാര്യമേഖലയിലെ ആഗോളവല്‍ക്കരണം വിവിധ ദേശീയ വിപണികളുടെ ഉദ്ഗ്രഥനത്തിന് ആക്കം കൂട്ടി. ധനകാര്യമേഖലയില്‍ ഉണ്ടായ തകര്‍ച്ച ഈ സാഹചര്യങ്ങളില്‍ ആഗോളാടിസ്ഥാനത്തില്‍ അനുഭവപ്പെടുന്നുണ്ട്. വ്യത്യസ്ത ഡിഗ്രികളില്‍ ആണെങ്കിലും വിദൂരത്തില്‍ നടക്കുന്ന സംഭവങ്ങളുടെ പ്രതികരണങ്ങള്‍ ഉടനുടന്‍ പ്രാദേശിക തലത്തിലുള്ള സ്ഥാപനങ്ങളെ ബാധിക്കുന്നുണ്ട്.“

ലോകബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദനും സീനിയര്‍ വൈസ് പ്രസിഡന്റുമായ ഫ്രങ്കോയിസ് (Francois Bourguignon) സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഡല്‍ഹി സന്ദര്‍ശിച്ചു. ഹിന്ദു ലേഖകനുമായി നടത്തിയ അഭിമുഖത്തിലെ വിവരങ്ങള്‍ സെപ്റ്റംബര്‍ 2-ലെ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലദ്ദേഹം പറയുന്നത് നോക്കുക.

"ഘടനാപരമായ പരിഷ്കാരങ്ങള്‍ നടത്തുകയെന്ന പണ്ടുകാലത്തെ നയം ഇപ്പോഴില്ല. ഇതില്‍ നിന്ന് ഒരു കാര്യം ഞങ്ങള്‍ പഠിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന നയപരമായ ഉപദേശങ്ങളില്‍ കടുംപിടിത്തം പാടില്ല. പ്രസ്തുത നയങ്ങള്‍ ഓരോ രാജ്യവും അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ സാഹചര്യങ്ങളാകട്ടെ അതതു കാലവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ തിരിച്ചറിവ്, ലോകബാങ്ക് അതിന്റെ നയങ്ങള്‍ ഇതര രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു കൂടായെന്നതാണ്. അതായത് ലോകബാങ്കുമായി സഹകരിക്കുന്ന രാജ്യങ്ങളാണ് നയങ്ങള്‍ തീരുമാനിക്കേണ്ടത് .''

ആഗോള സമ്പദ് വ്യവസ്ഥയിലെ പുതിയ പ്രതിസന്ധികള്‍ ലോകബാങ്കിനെയും അവരുടെ ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്ന നയങ്ങളെയും ബാധിച്ചിരിക്കുന്നു. ബാങ്കിന്റെ സീനിയര്‍ വൈസ്പ്രസിഡന്റും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും പുതിയൊരു തന്ത്രത്തിന് രൂപം നല്‍കിയിട്ടുണ്ട്. അത് വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തി അവസാന രൂപം നല്‍കാനുള്ള ഒരു പ്രക്രിയയിലാണ് അദ്ദേഹമിപ്പോള്‍. ഡല്‍ഹി പര്യടനം അതിന്റെ ഭാഗമായിട്ടുള്ളതാണ്.

ഐ.എം.എഫ് എന്ന സ്ഥാപനം തന്നെ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. ആറേഴ് ദശാബ്ദങ്ങള്‍ക്കുമുമ്പ് ഇപ്രകാരമൊരു സ്ഥാപനത്തിന് രൂപം കൊടുക്കുമ്പോള്‍ അതുകൊണ്ട് മുഖ്യമായി ഉദ്ദേശിച്ചത് വിദേശവ്യാപാരത്തിന്റെ കമ്മി വരുന്ന രാജ്യങ്ങള്‍ക്ക് ഡോളര്‍ വായ്പ നല്‍കുക എന്നതാണ്. രാജ്യങ്ങള്‍ വായ്പ ലഭിക്കാന്‍ ഐ.എം.എഫ് മുന്നോട്ടു വയ്ക്കുന്ന നിബന്ധകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. വായ്പയെടുത്തിട്ടുള്ള എല്ലാ രാജ്യങ്ങളും അനേകം പ്രതിസന്ധികളെ നേരിടുന്നു. അവയുടെ ചരിത്രത്തിലേക്ക് ഇപ്പോള്‍ നാം കടക്കുന്നില്ല. ആ പ്രതിസന്ധികളോരോന്നും അതത് രാജ്യങ്ങളിലെ ജനജീവിതത്തെ പലപ്രകാരത്തില്‍ തകര്‍ത്തിട്ടുണ്ട്.

എന്നാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ ഐ.എം.എഫ് തന്നെ കുഴപ്പത്തെ നേരിടുകയാണ്. കുഴപ്പത്തിന്റെ ഏകദേശചിത്രം സംക്ഷിപ്തമായി പറയാം.

ഐ.എം.എഫില്‍ നിന്ന് വായ്പ എടുക്കേണ്ടതില്ലായെന്ന് തീരുമാനിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നു. വായ്പ എടുത്ത രാജ്യങ്ങള്‍ക്കുണ്ടായ തിക്തമായ അനുഭവങ്ങളാണ് അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്. അര്‍ജന്റീന, ബ്രസീല്‍, വെനിസ്വേല തുടങ്ങി ലാറ്റിനമേരിക്കയിലെ മിക്ക രാജ്യങ്ങളും ഈ ഗണത്തില്‍ വരും. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളും അക്കൂട്ടത്തിലുണ്ട്. റഷ്യ അവരുടെ കടങ്ങള്‍ മുഴുവന്‍ വീട്ടി ഇപ്പോള്‍ വായ്പ എടുക്കുന്നില്ല. തെക്കന്‍കൊറിയ, തായ് ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിപ്പോള്‍ ഐ.എം.എഫിനെ സമീപിക്കുന്നില്ല. ഇതിന്റെ ഫലമായി ആഗോള ധനാഢ്യന്മാര്‍ക്ക് അവരുടെ പണം ഐ.എം.എഫ് വഴി വായ്പ നല്‍കാന്‍ കഴിയാത്ത സ്ഥിതി വരുന്നു. ഈ സാഹചര്യങ്ങളില്‍ ആഗോളധനമൂലധനം കൂടുതല്‍ കൂടുതല്‍ ഊഹക്കച്ചവട വിപണയിലേക്ക് ഒഴുകുകയാണ്. ഈ ഒഴുക്കിന്റെ ഗതിവേഗം കൂടി കൂടി വരുന്നു. അതിനെ നിയന്ത്രിക്കാന്‍ ആവശ്യമായ ഭരണ നടപടികളെടുക്കാന്‍ വിവിധ ദേശീയ ഗവണ്‍മെന്റുകള്‍ കൂട്ടാക്കുന്നില്ല. അഥവാ അവ വിചാരിച്ചാലും കഴിയുന്നില്ല. ഇത് ആഗോള പ്രതിസന്ധിക്ക് പുതിയ പുതിയ മാനങ്ങള്‍ നല്‍കുന്നതിന് ഇടയാക്കുകയാണ്.

ഉദാഹരണത്തിന് അമേരിക്കയിലെ ബ്രൂക്കിംഗ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന സ്ഥാപനം ധനവിപണിയിലെ കുഴപ്പങ്ങളെക്കുറിച്ച് അവരുടെ പഠനത്തില്‍ പറയുന്നത് നോക്കുക.

"ഭാവിയില്‍ ധനകാര്യ കുഴപ്പങ്ങള്‍ മിക്കവാറുമൊരു അനിവാര്യതയായിത്തീരുകയാണ്. എന്നു മാത്രമല്ല, അതു കൂടുതല്‍ കൂടുതല്‍ തീഷ്ണമായി തീരുകയും ചെയ്യും. വിപണികള്‍ കൂടുതല്‍ കൂടുതല്‍ വലുതായി വരികയാണ്. വിവര സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ വിവരങ്ങള്‍ അതിശീഘ്രഗതിയില്‍ ലോകമെമ്പാടും വ്യാപിക്കുന്നു. ധനപരമായ ഒഴുക്കുകള്‍ വര്‍ദ്ധിച്ചു വരികയാണ്. വ്യാപാരത്തിന്റേയും മൂലധനത്തിന്റെയും വിപണികള്‍ വീണ്ടും കൂടുതല്‍ ഉദ്ഗ്രഥനത്തിന് വിധേയമാകുന്നു. ഈ സാഹചര്യങ്ങളില്‍ അടുത്ത പ്രതിസന്ധികള്‍ എപ്പോള്‍ എവിടെ ഉണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമാകുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തോ, വികസ്വര വിപണികളിലോ അഥവാ മറ്റേത് മേഖലയിലുമോ കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടാം.''

ഈ വര്‍ത്തമാനകാല സാഹചര്യങ്ങളിലാണ് ആഗോള മൂലധനം കൂടുതല്‍ കൂടുതല്‍ ഊഹക്കച്ചവട രംഗത്തേക്ക് ഒഴുകുന്നത്. മക്കിന്‍സി ഗ്ലോബല്‍ എന്ന സ്ഥാപനം 2005 വര്‍ഷത്തില്‍ കണക്കാക്കിയിട്ടുള്ളത് "അടിസ്ഥാന ധനകാര്യ ആസ്തികളുടെ ''ആഗോള സ്റ്റോക്ക് 140 ട്രില്ല്യന്‍ ഡോളര്‍ വരുമെന്നാണ് (1 ട്രില്ല്യന്‍ സമം 1 ലക്ഷം കോടി) ഊഹക്കച്ചവടത്തിലേക്ക് പണം വാരിയെറിഞ്ഞ് ഭീമമായ ലാഭം എടുക്കുന്നതിലേയ്ക്കാണ് ഈ ധനമൂലധനം ഒഴുകുന്നത്. ലോകവിപണിയില്‍ വിദേശനാണ്യ ഇടപാടുകളിലൂടെ പ്രതിദിനം കൈകാര്യം ചെയ്യുന്ന സംഖ്യ ഇന്ന് 1.9 ട്രില്ല്യന്‍ ഡോളറാണ് എന്ന് ചില പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഒരാണ്ടില്‍ ചരക്കുകളുടെയും സേവനങ്ങളുടേയും ആഗോളവ്യാപാരം 9.1 ട്രില്ല്യന്‍ ഡോളര്‍ മാത്രമാണെന്നു കാണാം. അതായത് ചരക്കുകളുടെയും സേവനങ്ങളുടെയും ആഗോള വ്യാപാരം മൊത്തം അന്തര്‍ദേശീയ ഇടപാടുകളുടെ 20% പോലും വരുന്നില്ല. 98% ശതമാനത്തിലധികവും വിദേശ നാണയങ്ങളുടെ ഇടപാടുകളാണ്.

മുതലാളിത്ത സമ്പദ്‌വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ആഗോളശക്തികളുടെ പരസ്പര ബന്ധങ്ങളില്‍ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങളും ശ്രദ്ധേയങ്ങളാണ്. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദകര്‍ക്ക് വിപണിയിലും വ്യാപാരത്തിലും ദീര്‍ഘകാലങ്ങളായി ഉണ്ടായിരുന്ന മേധാവിത്വം ശ്രീഘ്രഗതിയില്‍ കുറഞ്ഞുവരികയാണ്. തല്‍സ്ഥാനത്ത് ആസ്തികളില്‍ ക്രയവിക്രയം നടത്തുന്ന ധനമൂലധനം അതിവേഗത്തില്‍ വളരുകയാണ്. ഈ പുതിയ സാഹചര്യങ്ങള്‍ സമൂഹത്തില്‍ സമസ്ത ജനവിഭാഗങ്ങളിലും പുതിയ പുതിയ ഉത്കണ്ഠകള്‍ക്കും ആശങ്കകള്‍ക്കും വഴിയൊരുക്കുകയാണ്. എല്ലാറ്റിനും സ്ഥാനചലനങ്ങള്‍ എപ്പോഴുമെവിടെയും സംഭവിക്കാമെന്ന അവസ്ഥ വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്.

(ലേഖകന്‍: ശ്രീ.കെ.എന്‍.രവീന്ദ്രനാഥ്)

Monday, October 22, 2007

ഓര്‍മ്മകളുണ്ടായിരിക്കണം...

ചരിത്രത്തിലെ സംഭവങ്ങള്‍, തീയതികള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഒറ്റക്കൊറ്റക്കെടുത്താല്‍ ലഭിക്കുന്ന അര്‍ത്ഥമായിരിക്കില്ല ചില പ്രത്യേക സാഹചര്യങ്ങളില്‍ അവ ചേരും‌പടി ചേര്‍ത്ത് വെച്ച് വായിച്ചാല്‍ നമുക്ക് കിട്ടുക...അഥവാ നാം ഒരിക്കലും ചിന്തിക്കാനിടയില്ലാത്ത ചില തലങ്ങളിലേക്ക് അവ പലപ്പോഴുംനമ്മെ കൊണ്ടെത്തിക്കും.

അങ്ങ് കൊളംബിയയില്‍ ജനിച്ചു ജീവിച്ച ഒരു കത്തോലിക്കാ പാതിരിയുടെ കഥ ഓര്‍ത്തുകൊണ്ട് തുടങ്ങിയാല്‍ ആര്‍ക്കും വലിയ വിഷമമില്ലാതെ പറഞ്ഞുതീര്‍ക്കാമെന്നുതോന്നുന്നു. ഫാദര്‍ കാമിലോ തോറെയെന്നാണ് ആ പുരോഹിതന്റെ പേര്.

'ഐക്യമുന്നണി' എന്ന പത്രത്തില്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഫാദര്‍ കാമിലോ പറയുന്നു.

"ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ....ഒരു പുരോഹിതന്‍ എന്നനിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ഒരു ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി അവരോടുചേര്‍ന്ന് പടവെട്ടാന്‍ ഞാന്‍ തയ്യാറാണ്.''

തന്റെ വിശ്വാസങ്ങള്‍ക്കുവേണ്ടി വെടിയുണ്ടകളേറ്റ് അന്ത്യശ്വാസം വലിക്കുംവരെ ക്രിസ്തുവിലും ക്രൈസ്തവ ദര്‍ശനത്തിലും മുറുകെപ്പിടിച്ച ആ പുരോഹിതന്‍, "ദൈവത്തെയും മാമോനെയും ഒരേസമയം സേവിക്കാനാവില്ല'' എന്നുദ്ഘോഷിച്ച് വിപ്ലവാവേശത്തോടെ പാവപ്പെട്ടവന്റെ മോചനത്തിനായി പോരാടിയ ധീരനായിരുന്നു.

അബ്രഹാം ലിങ്കണ്‍ പ്രസിഡന്റാകുംമുമ്പ് പ്രൊട്ടസ്റ്റന്റു വൈദികനായ പീറ്റര്‍ കാര്‍ട്റൈറ്റുമായി അമേരിക്കന്‍ പ്രതിനിധിസഭയിലേക്ക് മത്സരിച്ചിരുന്നു.

"നിരീശ്വരവാദി,യേശുവിനെ ജാരസന്തതിയെന്നു വിളിച്ചവന്‍'' എന്നൊക്കെയാണ് അന്ന് എതിരാളികള്‍ ലിങ്കനെ വിശേഷിപ്പിച്ചത്. "എബി ഒരിക്കലും ക്രൈസ്തവ സഭയില്‍ ചേര്‍ന്നിട്ടില്ല'' എന്ന് ലിങ്കന്റെ ഭാര്യ മേരി എഴുതിയിട്ടുണ്ട്. എന്നാല്‍, മരണശേഷം അബ്രഹാം ലിങ്കന്‍ നല്ല ക്രിസ്ത്യാനിയായിരുന്നു എന്നു സ്ഥാപിക്കാനാണ് അമേരിക്കയിലെ പിതാക്കന്മാര്‍ ശ്രമിച്ചത്. ലിങ്കന്‍ ഒരു ഫോട്ടോ ആല്‍ബം നോക്കിയിരിക്കുന്ന ചിത്രത്തിന് "മകന് ബൈബിള്‍ വായിച്ചുകൊടുക്കുന്ന പ്രസിഡന്റ്''എന്ന വ്യാജ അടിക്കുറിപ്പ് കൊടുത്ത് അദ്ദേഹത്തെ 'വിശ്വാസി'യാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ജീവിച്ചിരിക്കുമ്പോള്‍ ലിങ്കനെതിരെ കലി തുള്ളിയ പുരോഹിത വര്‍ഗം, മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തെ സഭാപുത്രനാക്കാന്‍ വ്യാജരേഖകള്‍ ചമച്ചു-'ബിക്സ്ബി കത്തി'ന്റെ രൂപത്തിലും മറ്റും.

ബ്രിട്ടനില്‍ നാലുതവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച ക്രൈസ്തവനായിരുന്നു ബ്രാഡ്‌ലോ. അഞ്ചാം തവണ ജയിച്ചപ്പോള്‍, അദ്ദേഹത്തെ ദൃഢപ്രതിജ്ഞയെടുക്കാന്‍ അനുവദിക്കുകയാണുണ്ടായത്. ആ ബ്രാഡ്‌ലോ മരണമടഞ്ഞപ്പോള്‍ ക്ഷണിക്കാതെ തന്നെ പുരോഹിതര്‍ എത്തി. ബ്രാഡ്‌ലോ ഒരു ദൈവമനുഷ്യനായതുകൊണ്ടാണ് തങ്ങള്‍ വന്നതെന്ന്, ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ വേട്ടയാടിയ പുരോഹിതര്‍ ഒരു സങ്കോചവുമില്ലാതെ പറഞ്ഞു.

വിശ്വവിഖ്യാതനായ ലിയോ ടോള്‍സ്റ്റോയ് മരണമടഞ്ഞപ്പോള്‍ സഭാപരമായ ശവസംസ്കാരം നിഷേധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൃഷിയിടത്തിലാണ് മൃതദേഹം മറവുചെയ്തത്. ആ കൃഷിയിടം സര്‍ക്കാര്‍ ഏറ്റെടുത്ത് ടോള്‍സ്റ്റോയി കുടുംബത്തെ കടഭാരത്തില്‍ ‍നിന്ന് രക്ഷിക്കാനുള്ള ശ്രമം തടഞ്ഞത് ഏതാനും പുരോഹിതരാണ്.

ക്രിസ്റ്റ്യാനിറ്റി ചര്‍ച്ച്യാനിറ്റിയായും ക്രിസ്ത്യാനികള്‍ കുരിശുകാരാ(ക്രോസ്റ്റ്യന്‍സ്)യും അധഃപതിച്ചുവെന്നു നിര്‍ഭയം പറഞ്ഞയാളാണ് ബര്‍ണാഡ് ഷാ. തൊണ്ണൂറ്റഞ്ചാം വയസ്സില്‍ മരണക്കിടക്കയിലായിരുന്ന ഷായ്ക്കരികെ അനുവാദമില്ലാതെ പള്ളിവികാരി കടന്നുചെന്നു. അന്ത്യകൂദാശ നല്‍കിയതായി പ്രഖ്യാപിച്ചു. എന്നാല്‍, ഷാ നേരത്തെ എഴുതിവച്ചിരുന്നു, തന്റെ ജഡം ദഹിപ്പിച്ച് അതിന്റെ ചാരം തോട്ടത്തിലെ ചെടികള്‍ക്ക് വളമാക്കണമെന്ന്. കൂദാശാപ്രഹസനം ആ വില്‍പ്പത്രത്തിനുമുന്നില്‍ പരിഹാസ്യമായി.

ക്രിസ്തുവിന്റെ മനുഷ്യസ്നേഹം സഭ പിന്തുടരുന്നുണ്ടോ എന്ന ചോദ്യം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. രോഗശാന്തിക്കായി പ്രാര്‍ഥിക്കാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും തീര്‍ഥാടനം നടത്താനും വിശ്വാസികളെ ഉപദേശിക്കുന്ന അച്ചന്മാരും മെത്രാന്മാരും തങ്ങള്‍ക്കു രോഗംവരുമ്പോള്‍ ഡോക്ടര്‍മാരെ കാണുന്നതെന്തിനെന്ന് ഡോ. പി പി ആന്റണി ചോദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മനസ്സില്‍ ദൈവത്തെയും സൃഷ്ടിയെയും കുറിച്ച് ചിന്താക്കുഴപ്പമുണ്ടാക്കുന്ന 'ചെകുത്താന്‍മന്ത്ര'മായിരുന്നു ലണ്ടനിലെ ആര്‍ച്ച്ബിഷപ്പ് ഡേവിഡ്‌സണിന്റെ ദൃഷ്ടിയില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം.

കൃത്രിമ കാരണമുണ്ടാക്കി തന്നെ കോളേജില്‍നിന്ന് പിരിച്ചുവിടാന്‍ ശ്രമിച്ച മെത്രാനെതിരെ എം പി പോള്‍ കേസുകൊടുത്തു. അതിന്റെ പേരില്‍ പോളിനെ മഹറോന്‍ ചൊല്ലണമെന്ന് (സഭാ ഭ്രഷ്ടനാക്കണമെന്ന്) സഭാനേതൃത്വം ശഠിച്ചപ്പോള്‍ 'മഹറോന്‍ ഇത്ര തരംതാണതാണെങ്കില്‍-ചീപ്പാണെങ്കില്‍- ഒന്നല്ല, ഒരുഡസന്‍ തവണ അത് വാങ്ങിച്ചോളാ'മെന്നാണ് പോള്‍ അന്ന് മറുപടി നല്‍കിയത്. മരണക്കിടക്കയില്‍ പോളിന് രോഗീലേപനവും അന്ത്യകൂദാശയും നല്‍കാന്‍ ശ്രമമുണ്ടായി. മരണം മുന്നില്‍ വന്നുനിന്നപ്പോഴും പോള്‍ ഉറച്ചുതന്നെ നിന്നു. തിരുവനന്തപുരത്തെ പാറ്റൂര്‍ പള്ളി സെമിത്തേരിക്കടുത്ത തെമ്മാടിക്കുഴിയാണ് പോളിന് സഭ നല്‍കിയ ശിക്ഷ.

മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു എന്നു പറഞ്ഞയാളാണ് വോള്‍ട്ടയര്‍. ചരിത്രത്തിലെ ആദ്യത്തെ പുരോഹിതന്‍ ആദ്യത്തെ തെമ്മാടി ആയിരുന്നുവെന്നും അയാള്‍ വിഡ്ഢിത്തം നിറഞ്ഞ മതത്തെ വിവരമില്ലാത്തവന്റെ മുന്നിലവതരിപ്പിച്ച് വിജയമുണ്ടാക്കുകയായിരുന്നുവെന്നാണ് വോള്‍ട്ടയര്‍ പറഞ്ഞത്. ആ വോള്‍ട്ടയര്‍ ഫ്രാന്‍സില്‍ യാത്രചെയ്യവെ രോഗം മൂര്‍ച്ഛിച്ച് കിടക്കയിലായി. കൂദാശ നല്‍കാന്‍ വൈദികര്‍ വന്നു. നിങ്ങള്‍ ആരില്‍നിന്നുവന്നു എന്നായിരുന്നു വോള്‍ട്ടയറിന്റെ ചോദ്യം. ദൈവത്തിങ്കല്‍നിന്ന് എന്നു മറുപടിയുണ്ടായപ്പോള്‍ "തെളിവെന്ത്'' എന്ന് മറുചോദ്യം. ഉത്തരമുണ്ടായില്ല. കൂദാശയും കുര്‍ബാനയുമില്ലാതെ വോള്‍ട്ടയര്‍ മരണമടഞ്ഞു. പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാനാവില്ലെന്നായി പുരോഹിതര്‍.

വോള്‍ട്ടയറിന്റെ വിലാപയാത്രയില്‍ ലക്ഷം പേരുണ്ടായിരുന്നു. അതു കാണാന്‍ നിരത്തുവക്കില്‍ ആറുലക്ഷംപേരുണ്ടായിരുന്നു. ഫ്രഞ്ചുവിപ്ളവം നടന്നശേഷം വന്ന ഗവണ്‍മെന്റ് 1791ല്‍ വോള്‍ട്ടയറിന്റെ അസ്ഥി ആഘോഷപൂര്‍വം പാരീസിലെത്തിച്ച് സംസ്കരിച്ചു. പള്ളി പൊറുത്തില്ല. 1815ല്‍ 'സ്വന്തം' ഭരണം വന്നപ്പോള്‍ ആ അസ്ഥിക്കഷണങ്ങള്‍ പാരീസില്‍നിന്ന് പെറുക്കിയെടുത്ത് നഗരത്തിനു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ട് പ്രതികാരം ചെയ്തു.

എല്ലാം ഒന്നു ചേര്‍ത്ത് വായിച്ചപ്പോള്‍ ഒരു ഇത് തോന്നുന്നില്ലേ? നാം ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതുമൊന്നും ചരിത്രത്തില്‍ ആദ്യത്തേതായിരിക്കണമെന്നില്ല എന്ന തോന്നല്‍? അത് ഒരു ഇളനീര്‍ കുഴമ്പിന്റെ സുഖം നല്‍കുന്നില്ലേ.....

(അവലംബം: ശതമന്യു, ദേശാഭിമാനി)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

Saturday, October 20, 2007

രാമസേതു - വിശ്വാസം, ചരിത്രം, രാഷ്ട്രീയം

"സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രാമന്‍ ജനിച്ച സ്ഥലം എവിടെയാണെന്ന് കണിശമായി ചൂണ്ടിക്കാണിക്കുക സാധ്യമല്ല. പക്ഷേ ക്ഷേത്രം നിര്‍മിക്കപ്പെടുകയും കാലാകാലങ്ങളില്‍ പുനര്‍നിര്‍മിക്കപ്പെടുകയും വിക്രമാദിത്യ സാമ്രാജ്യകാലംവരെ നിലനില്‍ക്കുകയും ചെയ്തിരുന്നു.''

(വാജ്‌പേയി,1987 മെയ് 17-ന് ഹിന്ദുസ്ഥാന്‍ ടൈംസ്.)

ഈ പ്രസ്താവന 'അയോധ്യപ്രശ്ന'ത്തെ ആസ്പദിച്ചുള്ള പ്രതികരണമായിരുന്നു. രാമന്‍ ജനിച്ചത് എവിടെയെന്ന് പറയാന്‍ വയ്യെങ്കിലും അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നു എന്ന് വാദിക്കുവാനാണ് വാജ്‌പേയി അന്ന് ശ്രമിച്ചത്.

എന്താണ് സേതു സമുദ്രം ഷിപ്പിങ്ങ് ചാനല്‍ പ്രോജക്ട്?

ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്ക് കപ്പല്‍ ഗതാഗതം സാധ്യമാക്കാനുള്ള പദ്ധതിയാണ് സേതുസമുദ്രം ഷിപ്പ് ചാനല്‍ പ്രോജക്ട് (എസ്എസ്സിപി) . നിലവില്‍ ശ്രീലങ്കയെ മുഴുവന്‍ ചുറ്റിമാത്രമേ യാത്ര സാധ്യമാകൂ. 424 നോട്ടിക്കല്‍ മൈലും 36 മണിക്കൂറും ലാഭിക്കുന്ന ഈ പദ്ധതിക്ക് 1860ല്‍ ബ്രിട്ടീഷ് നാവിക കമാന്‍ഡറായ എ ഡി ടെയ് ലറുടെ കാലംമുതല്‍ ശ്രമം നടന്നുവരികയാണ്. എന്നാല്‍, വാജ് പേയി നേതൃത്വംനല്‍കിയ എന്‍ഡിഎ ഗവണ്‍മെന്റിന്റെ കാലത്താണ് ഇത് യാഥാര്‍ഥ്യമായത്. 1998 സെപ്തംബറില്‍ ചെന്നൈയില്‍ നടന്ന എംഡിഎംകെയുടെ റാലിയില്‍വച്ചാണ് വാജ് പേയി ഈ പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നത്.

എന്നാല്‍, ഏതുവഴിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ ഉപരിതല ഗതാഗത മന്ത്രിയായിരുന്ന ബിജെപിനേതാവ് അരുണ്‍ ജെയ് റ്റ്ലിയാണ് വിശദമായ സാധ്യതാപഠനത്തിനും പരിസ്ഥിതി പ്രത്യാഘാത പഠനത്തിനും ഉത്തരവിട്ടത്. (2001 മാര്‍ച്ച് 9ന്).

ഇതനുസരിച്ച് അന്നത്തെ ഷിപ്പിങ് മന്ത്രിയായ വി പി ഗോയലാണ് തൂത്തിക്കോറിന്‍ പോര്‍ട്ട്ട്രസ്റ്റ് മുഖേന ദേശീയപരിസ്ഥിതി എന്‍ജിനിയറിങ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് പഠനം നടത്താന്‍ ആവശ്യപ്പെട്ടത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷിപ്പിങ് സഹമന്ത്രിയും ബിജെപി നേതാവുമായ തിരുനാവക്കരശര്‍ വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍വച്ചാണ് രാമസേതു അഥവാ ആദംപാലം മുറിച്ചുകൊണ്ടുള്ള പാതയ്ക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് മന്ത്രി വി പി ഗോയല്‍ ചാനലിന്റെ ആഴം 9-10 മീറ്ററായി നിജപ്പെടുത്തി. (14 മീറ്റര്‍ വരെ വേണമെന്നായിരുന്നു തിരുനാവുക്കരശരുടെ ശുപാര്‍ശ). പദ്ധതി നടപ്പാക്കാന്‍ ഒരു പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തി. ആദം പാലം മുറിച്ചുകൊണ്ട് പാമ്പന്‍ ദ്വീപിന്റെ കിഴക്കുവശത്തുകൂടിയായിരിക്കും ചാനല്‍ എന്ന് 2003 സെപ്തംബര്‍ 29ന് രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി ശത്രുഘ്നന്‍ സിന്‍ഹ ഒരിക്കല്‍കൂടി വ്യക്തമാക്കി. ഇതില്‍നിന്ന് വ്യക്തമാകുന്നത് യുപിഎ ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതി പൂര്‍ണമായും എന്‍ഡിഎ ഗവണ്‍മെന്റ് അംഗീകരിച്ചിരുന്നതാണെന്നാണ്.

ഇപ്പോള്‍ എതിര്‍ക്കുന്നതെന്തുകൊണ്ട്?

വാനരസേന നിര്‍മിച്ചതെന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന രാമസേതു മുറിച്ച് ചാനല്‍ നിര്‍മിക്കാന്‍ ബിജെപി നേതാക്കള്‍തന്നെയാണ് തീരുമാനിച്ചത് എന്നിരിക്കെ ഇപ്പോള്‍ അവര്‍ നടത്തുന്ന ആക്രോശങ്ങള്‍ക്കുമുന്നില്‍ യുപിഎ ഗവണ്‍മെന്റ് കീഴടങ്ങിയത് എന്തിന് ? രാമേശ്വരത്തുനിന്ന് വടക്ക്-പടിഞ്ഞാറന്‍ ശ്രീലങ്കയിലെ തലൈമന്നാര്‍വരെ പാക്ക് ഉള്‍ക്കടലില്‍ ഉള്ള 30 കിലോമീറ്റര്‍ മണല്‍ക്കൂനപാത മനുഷ്യനിര്‍മിതമാണെന്ന സംഘപരിവാറിന്റെ അവകാശവാദത്തെ എതിര്‍സത്യവാങ്മൂലം നല്‍കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും (എഎസ് ഐ) നിഷേധിക്കുന്നു. (എഎസ് ഐ പഠനത്തിന് ഉത്തരവിട്ടത് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ഉമാഭാരതിയായിരുന്നു). എന്നിട്ടും സത്യവാങ്മൂലം പൂര്‍ണമായും പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ചെയ്തത്. മാത്രമല്ല, രാമസേതു മുറിച്ചുകൊണ്ടുള്ള പാതയ്ക്ക് പകരം മാര്‍ഗം കണ്ടെത്തുമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ആദിമജനതയുടെ ചരിത്രം സംബന്ധിച്ച്, 'തൂലിക പബ്ളിഷേഴ്സ്' പ്രസിദ്ധീകരിച്ച പുസ്തക പരമ്പരയിലെ ഒന്നാം വോള്യത്തില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് എഴുതിയ ചില വസ്തുതകള്‍ ഈ സന്ദര്‍ഭത്തില്‍ പരിഗണനാര്‍ഹമാണ്.

നമ്മുടെ ഗ്രഹത്തില്‍ കാലങ്ങളായി സംഭവിച്ച ഭൂഭാഗങ്ങളുടെ (Land Mass) ചലനങ്ങളെ ഫലകചലന സിദ്ധാന്തത്തിന്റെ (Plate Techtonics) സഹായത്തോടെ കൃത്യമായി അടയാളപ്പെടുത്താന്‍ സാധിക്കുംവിധം ജിയോളജിക്കല്‍ പഠനങ്ങളും ശാസ്ത്രീയാന്വേഷണങ്ങളും ഇന്ന് മുന്നേറിയിട്ടുണ്ട്. ഭൂമിയുടെ ജിയോളജിക്കല്‍ ആയ കാലഗണനകളും ആ കാലഗണനകള്‍ക്ക് തത്തുല്യമായ കാലത്തുണ്ടായ ജൈവ ആവാസത്തിലെ മാറ്റങ്ങളും കൃത്യമായി ഗണിച്ചെടുക്കുകവഴി ചരിത്രാതീതകാലത്തിന്റെ വിശകലനം ഇന്ന് കുറേക്കൂടി വസ്തുനിഷ്ഠമായിത്തീര്‍ന്നിട്ടുണ്ട്.

400 കോടിയോളം വര്‍ഷങ്ങള്‍ പിന്നോട്ടേക്ക് നമ്മുടെ പഠനം എത്തിയിരിക്കുന്നു. ഈ നീണ്ട കാലയളവിനെ വ്യത്യസ്ത യുഗങ്ങളായി (Eons, Eras, Epochs) എന്നിങ്ങനെ ശാസ്ത്രീയമായി തരംതിരിക്കാനും ശാസ്ത്രത്തിനായിട്ടുണ്ട്. മാത്രമല്ല, ഓരോ യുഗത്തിലും ഉണ്ടായ ഭൌതികമാറ്റങ്ങളെ മാപ്പിംഗ് ചെയ്യാനും സാധിച്ചിരിക്കുന്നു. ഈ പഠനങ്ങള്‍ പ്രകാരം "ലോകത്തിലാകമാനമെന്നപോലെ ഇന്ത്യയിലും ഓരോ ഹിമയുഗത്തിലും (lce age) ഉണ്ടാകുന്ന ഹിമവല്‍ക്കരണ പ്രക്രിയയുടെ (Glaciation) ഫലമായി കടലിന്റെ ജലനിരപ്പില്‍ വലിയ താഴ്ചയുണ്ടായതായി കാണാം. വടക്കുപടിഞ്ഞാറന്‍ യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും ജലത്തിന്റെ ഭീമമായ ഒരുഭാഗം ഐസ് പാളികളായി ഉറച്ചുപോയതിന്റെ പരിണതഫലമായിട്ടാണ് ജലനിരപ്പിന്റെ ഈ താഴ്ചയുണ്ടായത്. അവസാന ഹിമയുഗത്തില്‍ കടല്‍നിരപ്പ് ഇന്നത്തേതിനേക്കാള്‍ 100 മീറ്റര്‍ മുതല്‍ 150 മീറ്റര്‍വരെ താഴ്ന്നിട്ടുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഈ കടല്‍പിന്‍മാറ്റത്തിന്റെ ഫലമായി കച്ച് കടലിടുക്കും (Gulf of Kutch) കാംബേ കടലിടുക്കും (Gulf of Cambay) കരഭൂമിയുടെ വിശാലമായ തിട്ടുകളായി മാറി; ആദംപാലത്തിന്റെ ചുറ്റുമുള്ള വിശാലമായ ഒരു ബെല്‍റ്റിനാല്‍ തെക്കെ ഇന്ത്യയും ശ്രീലങ്കയും ബന്ധിക്കപ്പെട്ടു; വടക്ക് മധ്യത്തിലും തെക്കുമുള്ള ആന്‍ഡമാന്‍ ദ്വീപുകള്‍ ഒരൊറ്റ ദ്വീപായി മാറി''.

ആഗോള താപനം (Global Warming) മൂലം ഇതിന് വിപരീതമായി വലിയ ഭാഗം കരപ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതിനെക്കുറിച്ച് ഇന്ന് നാം ചര്‍ച്ചചെയ്യുമ്പോള്‍ മുകളില്‍ പറഞ്ഞ ശാസ്തീയ പ്രമാണങ്ങളെക്കുറിച്ച് വലിയ അത്ഭുതം തോന്നേണ്ടതില്ല. എന്നാല്‍ ഓരോ വിഷയത്തെയും വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ മാത്രം ദത്തശ്രദ്ധരായ ബിജെപിക്കാര്‍, മിത്തോളജിയാണ് ചരിത്രമെന്ന് ഉറപ്പിച്ചെടുക്കാന്‍ മതവിശ്വാസത്തെ ആശ്രയിക്കുകയാണ്.

ആണവ കരാര്‍ പ്രശ്നത്തില്‍ തെരഞ്ഞെടുപ്പിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ബിജെപി സേതുസമുദ്രം പദ്ധതിയെ എതിര്‍ക്കുന്നത്. പുരാണ കഥാപാത്രമായ രാമന്‍ ഒരിക്കല്‍ക്കൂടി ഹൈന്ദവ വോട്ട് നേടാന്‍ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വവും അദ്വാനിയും. അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്ന് പറഞ്ഞാണ് അവിടത്തെ ബാബറി മസ്ജിദ് തകര്‍ത്ത് ബിജെപി അധികാരമേറിയത്. ഇപ്പോള്‍ രാമന്റെ പേരിലുള്ള പാലം രക്ഷിക്കാനെന്നുപറഞ്ഞാണ് അവര്‍ തെരുവിലിറങ്ങിയിട്ടുള്ളത്. ഈ ശക്തികളുടെ വിശ്വാസ്യത തകര്‍ക്കുന്നതിനുപകരം അതിനു ബലംനല്‍കുന്ന രീതിയിലാണ് യുപിഎ സര്‍ക്കാര്‍ സെപ്തംബര്‍ 12ന്റെ എതിര്‍ സത്യവാങ്മൂലം പൂര്‍ണമായും പിന്‍വലിച്ചത്. ഇതോടെ തങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് വാദിക്കാന്‍ ബിജെപിക്ക് അവസരം ലഭിച്ചു.

ആണവ കരാറിനെ ബിജെപിക്ക് പ്രതിപക്ഷത്തിരുന്നുകൊണ്ട് തുണയ്ക്കാനാവില്ല. അതേ സമയം ആഗോളമൂലധനസേവ ചെയ്യാതിരിക്കാനും അവര്‍ക്കാവില്ല. അപ്പോള്‍ അവര്‍ക്കൊരു പുതിയ പ്രശ്നം വേണം. അത് ജനമനസ്സിനെ സ്വാധീനിക്കുന്ന മതപരതയുള്ളതും അതോടൊപ്പം 'ആണവ കരാര്‍' എന്ന യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ജനമസസ്സിനെ പിന്തിരിപ്പിക്കാന്‍ പോന്നതും, ആ വഴിക്ക് ആണവ കരാര്‍ നടപ്പാക്കുന്നതിന് മന്‍മോഹന്‍സര്‍ക്കാരിന് പരോക്ഷ പിന്തുണ നല്‍കാന്‍ പ്രാപ്തമായതുമായിരിക്കണം. അത്തരമൊരു പ്രശ്നമേയുള്ളൂ; അതാണ് രാമസേതു‍.

രാമന്‍ പണിത പാലം തകര്‍ക്കരുത് എന്ന വാദം ബിജെപിക്ക് ഉയര്‍ത്താന്‍ കഴിയണമെങ്കില്‍ പാലം രാമന്‍ ഉണ്ടാക്കിയതല്ലെന്നും അങ്ങനെ പാലം പണിയാവുന്ന വിധത്തിലൊരു രാമന്‍ ജീവിച്ചിരുന്നില്ലെന്നും പറയണം. എന്നാലേ മതവികാരം വ്രണപ്പെടൂ. അങ്ങനെ മതവികാരത്തെ വ്രണപ്പെടുത്തുവാനുള്ള ഒരു പ്രസ്താവനയാണ് രാമസേതു പ്രശ്നത്തില്‍ നല്‍കിയ ആദ്യത്തെ സത്യവാങ്മൂലത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പ് വഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. അത് ബി ജെപി ഏറ്റെടുത്തതോടെ, തൊഗാഡിയ 'രാമസേതു ദക്ഷിണേന്ത്യയിലെ അയോധ്യയാകും' എന്ന് പ്രഖ്യാപിച്ചതോടെ, കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിച്ച് മറ്റൊന്ന് തയാറാക്കി സമര്‍പ്പിച്ചു.

സത്യവാങ്മൂലമെന്നാല്‍ തോന്നുമ്പോള്‍ തിരുത്താവുന്ന കുറെ വാക്കുകളാണെന്ന ലജ്ജാകരമായ ഒരു അര്‍ഥം ഇതോടെ കീഴ്വഴക്കമായിത്തീര്‍ന്നു. രാമന്റെ ചരിത്രപരത'യെക്കുറിച്ചുള്ള അസ്ഥാനത്തുള്ള പ്രസ്താവനയിലൂടെ മതവികാരം ഇളക്കിവിടുവാന്‍ ബിജെപിക്ക് ഒന്നാം സത്യവാങ്മൂലത്തിലൂടെ വഴിതുറന്നുകൊടുക്കുകയും തുടര്‍ന്ന് തങ്ങളുടെ കപട മതേതരത നിലനിര്‍ത്താന്‍ രണ്ടാം സത്യവാങ്മൂലത്തിലൂടെ ശ്രമിക്കുകയും ചെയ്യുന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ നടപടികളിലെ ഇരട്ടത്താപ്പ് കണ്ടറിയാനുള്ള പ്രബുദ്ധത രാമനെപ്രതി വികാരംകൊള്ളുന്ന ഓരോ ഹിന്ദുവിനും ഉണ്ടാവണം.

രാമന്‍ ചരിത്ര പുരുഷനോ?

വിശ്വാസപരമെന്നതിലപ്പുറം രാമസേതുവും രാമനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? രാമന്റെ ചരിത്രപരതക്ക് വല്ല തെളിവുമുണ്ടോ?

രാമായണകഥയിലൂടെയാണല്ലോ രാമനെ ഏവരും അറിയുന്നത്. രാമായണകഥയുടെ ഉല്പത്തിവികാസപരിണാമങ്ങള്‍, അതിനാല്‍, നമ്മുടെ ചര്‍ച്ചക്ക് വിഷയമാക്കേണ്ടതുണ്ട്.

രാമായണം പോലെ ഇത്രയേറെ പ്രചാരം നേടിയതും രൂപഭേദം പൂണ്ടതുമായ മറ്റൊരു കഥ ഇല്ലെന്നാണ് തോന്നുന്നത്. ഏഷ്യയിലെ വിവിധരാജ്യങ്ങളില്‍ രാമായണം വ്യത്യസ്തരൂപങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. നാടോടിക്കഥകളായും ജനകീയ കലാരൂപങ്ങളായും ലിഖിതകാവ്യ-നാടകങ്ങളായും ഇന്നും അത് അവിടങ്ങളിലെല്ലാം നിലനില്‍ക്കുന്നു. ജാതി-മത-വര്‍ഗ-പ്രദേശാതീതമാണ് ഈ പ്രചാരമെന്നത് ശ്രദ്ധേയമത്രേ.

ഏഷ്യയില്‍ പരസ്പരം ബന്ധപ്പെടുകയോ കൂട്ടമായി കുടിയേറ്റം നടത്തുകയോ ചെയ്ത ജനവിഭാഗങ്ങളിലാണ് രാമായണത്തിന്റെ വിവിധരൂപങ്ങള്‍ മുഖ്യമായും നിലനിന്നുപോരുന്നത്. ഫിലിപ്പൈന്‍സ്, തായ് ലന്‍ഡ്, ഇന്‍ഡോചൈന, തിബത്ത്, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പല ഭാഷകളിലും രാമായണം കാവ്യത്തിന്റെയും നാടോടിക്കഥകളുടെയും രൂപത്തില്‍ കാണപ്പെടുന്നു.

രാമനെയും ലക്ഷ്മണനെയും സീതയെയും മറ്റും ഈ വിവിധരാജ്യങ്ങളിലെ ജനങ്ങള്‍ താന്താങ്ങളുടെ നാട്ടുകാരായാണ് കാണുന്നത്. രാമകഥയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളും ഈ ഓരോ നാട്ടിലുമുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും പല പ്രദേശങ്ങളും രാമനോടും സീതയോടും ഹനുമാനോടും മറ്റും ബന്ധപ്പെട്ടവയാണ്. കേരളത്തിലും ഇതിന് എത്രയോ ഉദാഹരണങ്ങള്‍ കാണാം. അയോധ്യയും ലങ്കയും മറ്റും മുന്‍പറഞ്ഞ പല ഏഷ്യന്‍ രാജ്യങ്ങളിലുമുണ്ട്. രാമസേതുവുമുണ്ടാവാം. പേരുകളില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടേക്കാമെന്നേ ഉള്ളൂ.

ബൌദ്ധര്‍ക്കും ജൈനര്‍ക്കും മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും രാമായണമുണ്ട്. ഓരോന്നിലും കഥയും കഥാപാത്രങ്ങളും വളരെ വ്യത്യസ്തമാണ്. രാവണന്‍ നായകനായി വരുന്നതും രാമന് അനേകം ഭാര്യമാരുണ്ടെന്നു വര്‍ണിക്കുന്നതും രാമനും സീതയും സഹോദരീസഹോദരന്മാരായി ചിത്രീകരിക്കപ്പെട്ടതും രാമരാവണയുദ്ധം ഒഴിവാക്കപ്പെട്ടതുമായ രാമായണങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഇപ്രകാരം ആധികാരികത അവകാശപ്പെടുന്ന ആയിരക്കണക്കിന് രാമായണങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും ജനങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നു.

ഇന്ത്യയില്‍ ഏതാണ്ട് ക്രി. മു. 6-5 നൂറ്റാണ്ടുകളില്‍ത്തന്നെ നാടോടിരൂപത്തില്‍ പ്രചരിച്ച രാമകഥ തന്റെ കാവ്യത്തിനു വിഷയമാക്കുകയാണ് ക്രി. മു. മൂന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ജീവിച്ചുവെന്നു കരുതാവുന്ന വാല്മീകി ചെയ്തത്. ക്രി. പി. 2-3 നൂറ്റാണ്ടുകള്‍ വരെ ഈ രാമായണത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നു വിചാരിക്കണം. ചുരുക്കത്തില്‍ ആദികാവ്യമെന്നു പ്രസിദ്ധമായ സംസ്കൃതത്തിലെ വാല്മീകിരാമായണം പോലും ഒരര്‍ഥത്തില്‍ അനേകകര്‍ത്തൃകമാണെന്നു കാണാം.

അതിലെ നായകനായ രാമന്‍ വര്‍ണാശ്രമപരിപാലകനായ രാജാവായാണ് പൊതുവില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഈശ്വരനോ ഈശ്വരാവതാരമോ ആയിട്ടല്ല. അത്തരം സൂചനകള്‍ ചുരുക്കം ചിലേടങ്ങളില്‍ ഇല്ലായ്കയില്ലെങ്കിലും. അവ പില്‍ക്കാലത്ത് വൈഷ്ണവമതത്തിന്റെ ആവിര്‍ഭാവത്തോടെ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന കാര്യത്തില്‍ സുപ്രസിദ്ധ രാമായണപണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. പില്‍ക്കാലത്ത് പല കൂട്ടിച്ചേര്‍ക്കലുകള്‍ക്കും വിധേയമായിട്ടും വാല്മീകിരാമായണത്തില്‍ നായകനായ രാമനെപ്പറ്റി ശ്രീരാമനെന്ന് ഒരിടത്തുപോലും പരാമര്‍ശം കാണുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മനുഷ്യനായാണ് രാമനെ കവി കാണുന്നതെന്നതിന് ശക്തമായൊരു തെളിവായി ഇതിനെ ചൂണ്ടിക്കാട്ടാവുന്നതാണ്. സ്ത്രീക്കും ശൂദ്രനും സ്വാതന്ത്ര്യം നിഷേധിച്ച അക്കാലത്തെ നിയമവ്യവസ്ഥയായ വര്‍ണാശ്രമധര്‍മം പരിപാലിക്കുക എന്ന കര്‍ത്തവ്യം നിറവേറ്റുന്നതിന്റെ ഭാഗമായി രാമനെന്ന രാജാവ് ചെയ്ത സീതാപരിത്യാഗവും ശൂദ്രതപസ്വിയായ ശംബൂകന്റെ വധവും മാതൃകാപരമായി വാഴ്ത്തപ്പെടുകയുണ്ടായി.

കാളിദാസന്‍ (ക്രി. പി. നാലാം നൂറ്റാണ്ട്) രഘുവംശത്തില്‍ ദിലീപന്‍, രഘു, അജന്‍, ദശരഥന്‍, രാമന്‍, കുശന്‍ മുതലായ സൂര്യവംശരാജാക്കന്മാരുടെ ചരിതങ്ങളാണ് വിവരിക്കുന്നത്. രാമന്‍ വിഷ്ണുവിന്റെ അവതാരമാണ് എന്ന് അദ്ദേഹം പറയുന്നുണ്ട്. പക്ഷേ, ക്ഷേത്രങ്ങളില്‍ വിഗ്രഹമായി പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്ന ഒരീശ്വരന്റെ പദവിയിലേക്ക് അപ്പോഴും രാമന്‍ ഉയര്‍ത്തപ്പെട്ടിരുന്നില്ല. എങ്കില്‍, കാളിദാസന്‍ തന്റെ കാവ്യത്തില്‍ ഏറ്റവും ഉന്നതമായ സ്ഥാനം അദ്ദേഹത്തിന് നല്‍കുമായിരുന്നു. കാവ്യനാമം പോലും (രഘുവംശം; രാമവംശം എന്നല്ല) വെളിപ്പെടുത്തുന്നത് രാമന്റെ സര്‍വാതിശായിയായ മഹത്വമല്ലല്ലോ. വാല്മീകിരാമായണത്തിന്റെ അന്തഃസത്തക്കനുസൃതമായി രാമന്റെ സല്‍ക്കര്‍മ്മങ്ങളെ അഭിനന്ദനാത്മകമായെന്നപോലെ ദുശ്ചെയ്തികളെ വിമര്‍ശനാത്മകമായും വര്‍ണിക്കുകയാണ് അദ്ദേഹം ചെയ്തത്. ഉത്തരരാമചരിതമെന്ന നാടകത്തിന്റെ കര്‍ത്താവായ ഭവഭൂതിയും (എട്ടാം നൂറ്റാണ്ട്) ഈ രീതിതന്നെയാണ് അനുവര്‍ത്തിച്ചത്.

ദക്ഷിണേന്ത്യയില്‍ ഏകദേശം ആറാം നൂറ്റാണ്ടോടെ വളര്‍ന്നുവന്ന വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി കൃഷ്ണഭക്തിയെന്നപോലെ രാമഭക്തിയും പ്രസ്ഥാനരൂപം കൈക്കൊണ്ടുതുടങ്ങി. അങ്ങനെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ തമിഴില്‍ കമ്പരാമായണം വരുന്നു. രാമന്‍ മനുഷ്യരൂപം ധരിച്ച ഈശ്വരന്‍ തന്നെയാണിവിടെ. പിന്നീട് രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ പിന്നിടുന്നതോടെ കൃഷ്ണഭക്തിപ്രസ്ഥാനത്തോടൊപ്പം രാമഭക്തിപ്രസ്ഥാനവും ഇന്ത്യയിലെങ്ങും ശക്തമായ സ്വാധീനം ചെലുത്തുകയായി. ഇക്കാലത്താണ് സംസ്കൃതത്തില്‍ അധ്യാത്മരാമായണം രചിക്കപ്പെടുന്നത്. വാല്മീകിരാമായണം അധ്യാത്മമല്ലെന്നതുകൊണ്ടാണല്ലോ അധ്യാത്മരാമായണം പുതുതായി എഴുതേണ്ടിവന്നത്.

മധ്യകാലഭക്തിപ്രസ്ഥാനകാലത്ത് ഇന്ത്യയിലെ എല്ലാ പ്രാദേശികഭാഷകളിലും പുറത്തിറങ്ങിയ രാമായണങ്ങള്‍ സംസ്കൃതത്തിലെ ഈ അധ്യാത്മരാമായണത്തിന്റെ വിവര്‍ത്തനങ്ങളോ സ്വതന്ത്രമായ ആശയാനുവാദങ്ങളോ ആണ്. തുളസീദാസരാമായണം (രാമചരിതമാനസം), തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് മുതലായ ഈ ഭക്തിരാമായണങ്ങളെയാണ് രാമായണമെന്നു പറയുമ്പോള്‍ ഇന്ത്യക്കാര്‍ പൊതുവില്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്. അവയിലെ രാമനാകട്ടെ ഹിന്ദുമതത്തിലെ ബഹുദൈവവിശ്വാസികള്‍ ഈശ്വരനായി ആരാധിക്കുന്ന മഹാവിഷ്ണുവിന്റെ അവതാരപുരുഷന്മാരില്‍ പ്രമുഖനുമാകുന്നു. ഈ ഭക്തിരാമായണങ്ങളുടെ രചനയോടെയാണ് രാമന്‍ മനുഷ്യനല്ല, സാക്ഷാല്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്, ഈശ്വരനാണ്, ക്ഷേത്രങ്ങളില്‍ വിഗ്രഹമായി പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്ന ദേവനാണ് എന്ന വിശ്വാസം ഭാരതീയജനസാമാന്യത്തിന്റെ ഹൃദയങ്ങളില്‍ രൂഢമൂലമാകുന്നത്.

ഭൂമിയില്‍ ധര്‍മം സംസ്ഥാപിക്കുന്നതിനും അതിനെ വിശുദ്ധമായി സംരക്ഷിക്കുന്നതിനുമായി ഓരോ യുഗത്തിലും ദൈവാവതാരം സംഭവിക്കുമെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ട്. ഇപ്പോഴത്തെ യുഗത്തിന്റെ അവസാനത്തില്‍ കല്‍ക്കിയെന്ന പത്താമത്തെ അവതാരമായി ദൈവം പ്രത്യക്ഷപ്പെടുമെന്ന് കരുതപ്പെടുന്നു.ഈ പശ്ചാത്തലത്തില്‍ ദശാവതാരം എന്ന മിത്തിന് നല്‍കിയിട്ടുള്ള താഴെ പറയുന്ന വ്യാഖ്യാനം ശ്രദ്ധേയമാണെന്നു തോന്നുന്നു.

“ആദ്യത്തെ അവതാരം മത്സ്യത്തിന്റെ രൂപത്തിലാണ്. ആദ്യജീവന്‍ ഉത്ഭവിച്ചത് ജലത്തിലാണെന്ന് ശാസ്ത്രം ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തേത് ആമയുടെ രൂപത്തിലാണ്; വെള്ളത്തിലും കരയിലും ജീവിക്കാന്‍ കഴിയുന്ന ഉഭയജീവിതമാണതിനുള്ളത്. ജലത്തില്‍നിന്നും ജീവന്റെ കരയിലേക്കുള്ള നീക്കത്തെയാണീ ഘട്ടം സൂചിപ്പിക്കുന്നത്. അടുത്തതായുള്ള നരസിംഹാവതാരം മൃഗത്തില്‍നിന്നു മാനവനിലേക്കുള്ള വികാസത്തെ കുറിക്കുന്നു. തുടര്‍ന്നുവന്ന വാമനാവതാരം കുറിയ രൂപത്തിലുള്ള മനുഷ്യന്റെ പരിണാമത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത. മഴു ആയുധമായി സ്വീകരിച്ച പരശുരാമനാണ് തുടര്‍ന്നു വരുന്നത്. കാട് വെട്ടിത്തെളിച്ച് മനുഷ്യസമൂഹം പാര്‍പ്പുറപ്പിക്കുന്ന ഘട്ടമാണത്. അടുത്ത അവതാരമായ രാമന്‍ അമ്പും വില്ലും അണിഞ്ഞ അവതാരമാണ്. ശത്രുക്കളെ ദൂരെനിന്നും ആക്രമിച്ച് തന്റെ വാസസ്ഥലം സംരക്ഷിക്കാന്‍ മനുഷ്യന്‍ കഴിവാര്‍ജിച്ചതിനെ രാമന്‍ സൂചിപ്പിക്കുന്നു. ബലരാമന്‍ കലപ്പയുമായാണ് വരുന്നത്. കാര്‍ഷികസമ്പദ്വ്യവസ്ഥയിലേക്ക് മനുഷ്യ നാഗരികത പരിണമിച്ചതിന്റെ സൂചനയായി ഇതിനെ കാണാം. കൃഷ്ണന്‍ പ്രതിനിധീകരിക്കുന്നത് പശുവിനെ വളര്‍ത്താന്‍ തുടങ്ങിയ, ക്ഷീരസമ്പദ്വ്യവസ്ഥ വികാസം പ്രാപിച്ച, കുറെക്കൂടി നവീകരിക്കപ്പെട്ട നാഗരികതയെയാണ്. ഇനിയും വരാനുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കല്‍ക്കി അവതാരം കുതിരപ്പുറത്ത് സഞ്ചരിക്കുന്നവിധത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് കുതിരയെ ഇണക്കിയെടുത്തതിനെയാവണം സൂചിപ്പിക്കുന്നത്.

ഇപ്രകാരം ആര്യന്മാര്‍ കുതിരയെ ഉപയോഗിച്ച് ദേശാന്തരങ്ങളില്‍ സഞ്ചാരം നടത്തുന്നതുവരെയുള്ള മനുഷ്യജീവിത പരിണാമത്തിന്റെയും മാനവ സാംസ്കാരിക മുന്നേറ്റത്തിന്റെയും ശ്രദ്ധേയമായ അവതരണമായി ദശാവതാരസങ്കല്പത്തെ വായിച്ചെടുക്കാനാവും.വിശ്വാസകാര്യങ്ങളില്‍ സംഘര്‍ഷങ്ങളിലേക്ക് പ്രവേശിക്കാതെതന്നെ ദശാവതാരത്തിന്റെ ഭൌതികവാദപരമായ ഒരു വ്യാഖ്യാനം സാധ്യമാണെന്നത് വളരെ ശ്രദ്ധേയമായ സംഗതിയാണ് “.

രാമക്ഷേത്രങ്ങള്‍ ഇന്ത്യയുടെ നാനാഭാഗങ്ങളിലും, വിശേഷിച്ച് ഉത്തരേന്ത്യയില്‍, വ്യാപകമായി ഉയര്‍ന്നു തുടങ്ങിയത് മുകളില്‍ പറഞ്ഞപോലെ രാമഭക്തിപ്രസ്ഥാനത്തിന്റെ ശീതളച്ഛായയിലത്രേ. വൃന്ദാവനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കൃഷ്ണഭക്തിസാഹിത്യമെന്നപോലെ അയോധ്യയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള രാമഭക്തിസാഹിത്യത്തിന് തുളസീദാസരാമായണം തുടക്കം കുറിച്ചു. രാമലീല തുടങ്ങിയ ജനകീയകലകള്‍ക്ക് പ്രചോദനം നല്‍കിയതും ഇതുതന്നെ. കൊത്തുപണികളിലും ശില്പങ്ങളിലും രാമകഥ വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടതും എടുത്തുപറയണം.

എങ്കിലും രാമക്ഷേത്രങ്ങള്‍ കൃഷ്ണക്ഷേത്രങ്ങളോളം വ്യാപകമായില്ല. വൈഷ്ണവമതത്തിന്റെ മുഖ്യശക്തികേന്ദ്രം കൃഷ്ണനായിരുന്നു. എന്നാല്‍ മധ്യകാലഭാരതത്തില്‍ പടര്‍ന്നുപന്തലിച്ച ഭക്തിസങ്കല്പത്തിന്റെ ഭാഗമായി മുന്‍പൊരിക്കലുമില്ലാത്ത വിധം രാമഭക്തി പ്രചരിച്ചു. ദല്‍ഹി സുല്‍ത്താനേറ്റിന്റെയും മുഗള്‍ സാമ്രാജ്യത്തിന്റെയും കാലഘട്ടത്തില്‍ ഇസ്ലാം മതത്തിന്റെ ദൈവസങ്കല്പത്തിനു സമാന്തരമായി ഉയര്‍ത്തിപ്പിടിക്കാനുണ്ടായത് രാമരാജ്യസങ്കല്പമായിരുന്നു. അല്ലാഹുവിന്റെ രാജ്യവും രാമരാജ്യവും ഒരുപോലെ കണക്കാക്കി വാഴ്ത്തപ്പെട്ടു. ഈ സങ്കല്പത്തെ അതിന്റെ അത്യുന്നതിയിലേക്ക് എത്തിച്ചത് തുളസീദാസനായിരുന്നു.

വര്‍ണാശ്രമധര്‍മത്തിനപ്പുറത്ത് സര്‍വശക്തനായ ദൈവത്തിന്റെ മുമ്പിലുള്ള സമ്പൂര്‍ണമായ സമര്‍പ്പണത്തിന്റെ സങ്കല്പമാണ് ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്. നാടുവാഴിത്തത്തിന്റെ ആദ്യഘട്ടത്തിലുള്ള സാമൂഹ്യക്രമത്തിനുമപ്പുറം സര്‍വശക്തരായ ചക്രവര്‍ത്തിമാരുടെയും നാടുവാഴികളുടെയും കീഴില്‍ ഞെരിഞ്ഞമരുന്ന ജനവിഭാഗങ്ങളെയാണ് പുതിയ ഭക്തിസങ്കല്പം ആകര്‍ഷിച്ചത്. അധര്‍മത്തിന്റെ പ്രതീകമായ രാവണനെ സംഹരിച്ച് സീതയെ വീണ്ടെടുത്ത് ധര്‍മത്തെ രക്ഷിച്ച രാമന്‍ ജനരക്ഷകനായി ആരാധിക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. രാമനെന്ന മിത്ത് മധ്യകാല സാമൂഹ്യയാഥാര്‍ഥ്യങ്ങളുടെ പ്രതീകമായാണ് നിലകൊണ്ടത്.

ഭാരതീയസംസ്കാരത്തിന്റെ വളര്‍ച്ചയില്‍ രാമകഥ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എങ്കിലും ഇന്നു ചിലര്‍ അവകാശപ്പെടുന്നതുപോലെ രാമനിലുള്ള വിശ്വാസവും ഭക്തിയും അതിന്റെ ശാശ്വതമായ ഘടകമായിരുന്നില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ പരിണാമവികാസങ്ങളുടെ വിവിധഘട്ടങ്ങളില്‍ രാമകഥയിലും രാമായണത്തിന്റെ സാമൂഹ്യപ്രസക്തിയിലും നിരന്തരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. രാമനെന്ന മിത്തിന്റെ, ദൈവത്തിന്റെ, വളര്‍ച്ച ഫ്യൂഡല്‍ ബന്ധങ്ങള്‍ വളര്‍ന്നുവന്ന മധ്യകാലത്ത് ക്രി. പി. 4-5 ശതകങ്ങള്‍ക്കുശേഷമാണ്. ചിലര്‍ അവകാശപ്പെടുന്ന വിശ്വാസത്തിന്റെ പ്രാബല്യം ഭാരതീയസംസ്കാരത്തിന്റെ പൊതുരൂപമായിരുന്നില്ല. പിന്നെയോ, മധ്യകാല സമൂഹക്രമത്തിന്റെ ഉല്പന്നമായിരുന്നു അത്.

രാമഭക്തിയെ സൃഷ്ടിച്ച സാമൂഹ്യവ്യവസ്ഥ മാഞ്ഞുമറഞ്ഞുപോയ്ക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പുതിയ സാമൂഹ്യക്രമവും സാമൂഹ്യസംഘര്‍ഷങ്ങളും വളര്‍ന്നുവരികയാണ്. അതുകൊണ്ട് രാമഭക്തിയുടെ സാമൂഹ്യപ്രസക്തി ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ പരമ്പരാഗത സാംസ്കാരികരൂപങ്ങളുടെ നിലനില്പും സ്വാധീനവും, ജനങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയും ചേര്‍ന്ന് പുതിയ രൂപങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും മറവില്‍ പുതിയ സംഘടിതമതരാഷ്ട്രീയം ഇന്ത്യയില്‍ വളര്‍ന്നുവരികയുണ്ടായി.

ജര്‍മന്‍ ഫാഷിസം സ്വന്തം രാഷ്ട്രീയമേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ആര്യവംശാഭിമാനത്തെ ഉപയോഗപ്പെടുത്തിയപോലെ, ഇന്ത്യന്‍ വര്‍ഗീയഫാസിസം നമ്മുടെ സാംസ്കാരികപൈതൃകത്തെയും മിത്തുകളെയും സ്വദേശിസങ്കല്പത്തെയും മറ്റും ജനങ്ങളെ സംഘടിപ്പിക്കാനുള്ള മാര്‍ഗങ്ങളായി ഉപയോഗിച്ചുവരികയാണ്. ഭക്തിയും വിശ്വാസവും അധികാരം നേടിയെടുക്കാനുള്ള സംഘടിത മതരാഷ്ട്രീയത്തിനുവേണ്ടി ചാവാനും കൊല്ലാനും ആളുകളെ സന്നദ്ധരാക്കുന്ന മുദ്രാവാക്യങ്ങളായിരിക്കുന്നു. ജര്‍മന്‍ ഫാഷിസം ജൂതവിരോധവും ‘ജീവിക്കാനുള്ള സ്ഥലവും ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ ഉപയോഗിച്ചുവെങ്കില്‍, മുസ്ലീം വിരോധവും ക്ഷേത്രസംരക്ഷണവുമാണ് ഇന്ത്യന്‍ വര്‍ഗീയഫാഷിസത്തിന്റെ മുഖ്യായുധങ്ങള്‍.

ഇപ്രകാരം രാമകഥയുടെ ഉല്പത്തി-വികാസ-പരിണാമങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏഷ്യയിലെമ്പാടും പ്രചരിച്ച നാടോടിക്കഥകളില്‍ ജനകീയനായ വീരഗോത്രനായകനായും വാല്മീകിരാമായണത്തിലും സംസ്കൃതപാരമ്പര്യത്തിലെ മറ്റു ആദ്യകാല കാവ്യ-നാടകാദികളിലും വര്‍ണാശ്രമ ധര്‍മപരിപാലകനായ രാജാവായും മധ്യകാല ഭക്തിപ്രസ്ഥാനകാലത്ത് വീണ്ടും ജനകീയമായി വിപുലമായ തോതില്‍ ആരാധിക്കപ്പെടുന്ന ദൈവമായും പ്രത്യക്ഷപ്പെടുന്ന, വിവിധ രാജ്യങ്ങളുമായും വിവിധ മതങ്ങളുമായും ബന്ധപ്പെട്ടുനില്‍ക്കുന്ന വ്യക്തിത്വത്തോടുകൂടിയ, ഒരു സാങ്കല്പികകഥാപാത്രമാണ് രാമന്‍ എന്നു വ്യക്തമാകും.

നമ്മുടെ ഓണത്തെയും മാവേലിയെയും സംബന്ധിച്ചുള്ള ജനകീയൈതിഹ്യങ്ങളും ഇതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുള്ളത് നമുക്കറിയാമല്ലോ. രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായ, കൃത്യമായ, തെളിവുകളൊന്നുമില്ല. അയോധ്യയും ലങ്കയും എവിടെയെന്നുപോലും നിഷ് കൃഷ്ടമായി നിര്‍ണയിക്കാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ല. ആ നിലക്ക് രാമസേതുവിനെച്ചൊല്ലി ഇന്നു നടക്കുന്ന കോലാഹലങ്ങള്‍ക്കൊന്നും വസ്തുനിഷ്ഠമായ ഒരു അടിസ്ഥാനവുമില്ലെന്നു സ്പഷ്ടമത്രേ.

ചരിത്രവും വിശ്വാസവും ഇന്നിന്റെ യാഥാര്‍ത്ഥ്യവും

ഒരേ പൊതുഇടം ഒന്നിച്ചു കൈയാളാന്‍ നിര്‍ബന്ധിതമാക്കപ്പെട്ടുകൊണ്ട് സമകാലിക ഇന്ത്യയില്‍ വിശ്വാസവും ചരിത്രവും ഒരിക്കല്‍ കൂടി സംഘര്‍ഷത്തിലെത്തിയിരിക്കുകയാണ്. രണ്ടും പൊരുത്തപ്പെടാനാവാത്തതും സംയോജിപ്പിക്കാനാവാത്തതുമാണെന്ന് അംഗീകരിച്ചാല്‍ ഫലത്തില്‍ ഏറ്റുമുട്ടലുണ്ടാകേണ്ടതില്ല. ചരിത്രവും വിശ്വാസവും പരസ്പരം സ്വതന്ത്രമാണ്. അവയുടെ പ്രമേയവും അന്വേഷണരീതിയും തത്വങ്ങളും വ്യത്യസ്തവുമാണ്. അതുകൊണ്ട് തന്നെ പരസ്പരം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനു പകരം വ്യത്യസ്തത അംഗീകരിക്കുകയും അകലം പാലിക്കുകയുമായിരിക്കും നല്ലത്.

ചരിത്രകാരന്‍ വ്യക്തിയുടെയോ സ്ഥലത്തിന്റെയോ സംഭവത്തിന്റെയോ ചരിത്രപരതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തെളിവ് ആവശ്യമാണ്. ഏകമോ നിരവധിയോ ആയ തെളിവുകള്‍. അവയുടെ നിലനില്‍പ് തെളിയിക്കുന്ന ഈ തെളിവുകള്‍ കാലത്തെയും സ്ഥലത്തെയും സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കും. അയോധ്യയും ലങ്കയും വാല്‍മീകി രാമായണത്തിലെ രണ്ട് പ്രധാനസ്ഥലങ്ങളാണ്. അവ എവിടെയാണെന്ന പണ്ഡിതമതം വ്യത്യസ്തവുമാണ്.

ഉദാഹരണത്തിന് ലങ്ക എവിടെയാണെന്നതു സംബന്ധിച്ച് പോയ നൂറ്റാണ്ടില്‍ ഇന്ത്യന്‍ പണ്ഡിതര്‍ തര്‍ക്കത്തിലായിരുന്നു. അത് ഇപ്പോഴും കൃത്യമായി നിര്‍ണയിക്കപ്പെടാതെ അവശേഷിക്കുന്നു. ചിലര്‍ അത് വിന്ധ്യനില്‍ (അമര്‍ഖണ്ഡക്കിലോ, ഛോട്ടാനാഗ് പൂരിലോ) ആണെന്നും മറ്റുള്ളവര്‍ അത് മഹാനദി പതനപ്രദേശത്താണെന്നുമാണ് നിര്‍ണയിച്ചത്. വര്‍ത്തമാനകാല ശ്രീലങ്കയുമായി ബന്ധപ്പെടുത്തിയുള്ള നിര്‍ണയം തര്‍ക്കവിഷയവുമാണ്. മൌര്യകാലഘട്ടത്തിലെയും മൌര്യാനന്തര കാലഘട്ടത്തിലെയും ഇന്ത്യന്‍, ഗ്രീക്ക്, ലാറ്റിന്‍ സൂചനകള്‍ പ്രകാരം സിലോണിന്റെ ഏറ്റവും ആദ്യകാല നാമം തമ്രപര്‍ണ്ണി എന്നായിരുന്നു. അശോകന്‍ ക്രിസ്തുവിനു മുന്‍പ് മൂന്നാം ശതകത്തിലുള്ള തന്റെ ഒരു ശാസനത്തില്‍ തമ്രപര്‍ണി അതിര്‍ത്തിയായി സൂചിപ്പിക്കുന്നു. പിന്നീട് വളരെ കൂടുതലായി ഉപയോഗിച്ച പേര് സിംഹളയെന്നോ, സിംഹള-ദ്വിപയെന്നോ (ഗ്രീക്കില്‍ സിലം അല്ലെങ്കില്‍ സ്യെല്‍ദിപ് എന്നും) ആയിരുന്നു. ഇത് കാണിക്കുന്നത് ലങ്ക എന്ന പേര് ക്രിസ്തുവിന് ശേഷമുള്ള നൂറ്റാണ്ടിലാണ് സ്വീകരിച്ചത് എന്നാണ്.

ഇത് ചരിത്രകാരന്‍മാരെ കുഴക്കുകയാണ്. വാല്‍മീകി സിലോണ്‍ ആണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ രചനാവേളയില്‍ ഈ ദ്വീപ് അറിയപ്പെട്ടിരുന്നപോലെ തമ്രപര്‍ണിയെന്നോ സിംഹള എന്നോ ആകുമായിരുന്നു ഉപയോഗിക്കുക. ഉപയോഗിച്ച പേര് ലങ്ക എന്നാണെന്നതിനാലും അത് അപ്പോള്‍ സിലോണിന്റെ പേരായിരുന്നില്ലെന്നതിനാലും ഒരുപക്ഷേ അദ്ദേഹം ഉദ്ദേശിച്ച ലങ്ക മറ്റ് എവിടെയെങ്കിലുമായിരിക്കും സ്ഥിതിചെയ്യുന്നത്. രാമസേതുവിന്റെ സ്ഥാനം പുനഃപരിശോധിക്കപ്പെടേണ്ടിവരും. ഈ വിഷയത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന പണ്ഡിതന്‍മാര്‍ രാമസേതു മധ്യഇന്ത്യയിലെ ചെറു ജലപ്പരപ്പിലെവിടെയോ ആകാനാണിടയെന്നും അത് പാക്ക് കടലിടുക്കില്‍ ആവില്ലെന്നുമാണ് അഭിപ്രായപ്പെടുന്നത്. എല്ലാ രാമകഥകളിലും സേതു പരാമര്‍ശിക്കപ്പെടുന്നുമില്ല. നേരെ മറിച്ച് ഗ്രന്ഥത്തിലെ ലങ്ക സിലോണിനെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ വാല്‍മീകിയുടെ കാവ്യരചന ദ്വീപ് ലങ്ക എന്നറിയപ്പെട്ട പിന്നീടുള്ള വേളയിലാണ് നടന്നതെന്നുവേണം നിര്‍ണയിക്കാന്‍. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍ വിശാലമായ കടലിനു കുറുകെ പാലം പണിയുന്നതിനുള്ള സാങ്കേതിക സാധ്യതയുടെ പ്രശ്നവും, ഇത്തരം എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും പുറമെയുണ്ട്.

മനുഷ്യനിര്‍മിതമല്ലാതെ പ്രാകൃതികമായ ഭൂപരിണാമത്താല്‍ സൃഷ്ടിക്കപ്പെട്ടതായാലും രാമസേതു സാംസ്കാരിക പൈതൃകമാണെന്നും അക്കാരണത്താല്‍ നശിപ്പിക്കാന്‍ പാടില്ലാത്തതാണെന്നുമാണ് പറയപ്പെടുന്നത്. ഒരാശയം പൈതൃകമായിത്തീര്‍ന്നിരിക്കുകയാണോ? നിലവിലില്ലാത്ത മനുഷ്യനിര്‍മിത ഘടനയ്ക്കായുള്ള അന്വേഷണം ഒരു ഫാന്റസിയുടെ ഭാവനയുടെ ഉത്തുംഗതയെ അപഹരിക്കുകയും നാടോടി സംസ്കൃതിയുടെ അടരുകളെ നിഷേധിക്കുകയുമാണ്. ഇതിനേക്കാള്‍ കൂടുതല്‍ ഉചിതം കടലിടുക്കിലെ ഭൂഗര്‍ഭ രൂപീകരണത്തെ പ്രകൃതി പൈതൃകങ്ങളായി അംഗീകരിക്കുകയും സംരക്ഷിക്കുകയുമാണ്. ഭൂതലത്തില്‍ കാണുന്നവയോളം തന്നെ ഇത്തരം കടല്‍ പാര്‍ക്കുകളും നമ്മുടെ പാരിസ്ഥിതിക ഭാവിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന വസ്തുത നാം ഗൌനിക്കുന്നില്ല.

വ്യത്യസ്ത ആഖ്യാനങ്ങളിലെല്ലാം രാമന്‍ കേന്ദ്ര കഥാപാത്രമാകുന്നത് ചരിത്രപരതയ്ക്ക് തെളിവാകുന്നില്ല. ഈ പാഠഭേദങ്ങള്‍ അവ ചെയ്യുന്നതു പോലെ പരസ്പരം വിരുദ്ധമായാല്‍, ഒരു ഭാഷ്യം മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്നവര്‍ക്കത് പ്രശ്നം സൃഷ്ടിച്ചേക്കാം. എന്നാല്‍ ബഹുവിധ പാഠഭേദങ്ങളും ഭാഷ്യങ്ങളും, ചരിത്രപരവും താരതമ്യ പഠന സംബന്ധവുമായ താല്‍പര്യത്തെ സമ്പുഷ്ടമാക്കുന്നു, ഓരോന്നും ഭൂതകാല ചരിത്രാന്വേഷണങ്ങളെ എത്രമാത്രം യാഥാര്‍ഥ്യത്തിലേക്ക് അടുപ്പിക്കുന്നു എന്ന വിലയിരുത്തലിന്റെ കാര്യത്തില്‍.

ബുദ്ധ, ജൈന വ്യാഖ്യാന കാലങ്ങളാണ് വാല്‍മീകിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന രണ്ട് കാലഘട്ടങ്ങള്‍. 'ദശരഥ ജാതക'യിലെ ബുദ്ധ ഭാഷ്യം വാല്‍മീകിയില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. ഇതില്‍ രാമന്‍ വാരണാസി രാജാവിന്റെ മകനാണ്. ഹിമാലയത്തിലേക്കാണ് നാട് കടത്തപ്പെടുന്നത്. രാവണന്റെ സീതാപഹരണവും ഇതിലില്ല.

ജൈന പാഠാന്തരങ്ങളില്‍ ഏറ്റവും ആദ്യത്തേതായ, ക്രിസ്തുവിന് ശേഷമുള്ള നൂറ്റാണ്ടിലേതെന്ന് കരുതുന്ന വിമലാസൂരിയുടെ പത്മചരിതം അതിനുമുന്‍പത്തെ എല്ലാ പാഠഭേദങ്ങളില്‍ നിന്നും വിരുദ്ധമാണ്. സംഭവിച്ചത് എന്തെന്ന് കൃത്യമായി അവതരിപ്പിക്കുന്നുവെന്ന് പറയപ്പെടുന്ന ഇതിലും വാല്‍മീകിയുടെ വിവരണത്തിലേതിനേക്കാള്‍ സാരമായ വ്യത്യാസമാണുള്ളത്. ഇതില്‍ രാവണനൊരു രാക്ഷസനായ പ്രതിപുരുഷനല്ല. ഒരു മാനവിക പ്രതിനായകനാണ്. ജൈനമതത്തിന്റെ അടിസ്ഥാന സങ്കല്‍പത്തിന്റെ ചട്ടക്കൂട്ടിലാണ് ഇത് കഥ അവതരിപ്പിക്കുന്നതും.

വാല്‍മീകിയുടെ ഭാഷ്യത്തില്‍ വിശ്വസിക്കുന്നയാള്‍ ഇതര ഭാഷ്യങ്ങള്‍ വ്യത്യസ്തങ്ങളാകയാല്‍ അവയെ എതിര്‍ക്കുകയോ തള്ളിക്കളയുകയോ ചെയ്തേക്കാം. എന്നാല്‍ ചരിത്രകാരന് വ്യത്യസ്തമായ പാഠഭേദങ്ങളുടെ അമ്പരപ്പിക്കുന്നത്ര വിപുലമായ എണ്ണത്തിലല്ല താല്പര്യം. ഇവയില്‍ പ്രധാന വ്യത്യാസങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് എന്തു കൊണ്ട് എന്നതിലാണ്.

ചരിത്ര വ്യക്തിത്വങ്ങളും വിശ്വാസ സംഹിതകളുടെ സ്ഥാപകരുമായി അറിയപ്പെടുന്ന ബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് എന്നിവരുടെ ജീവചരിത്രത്തില്‍ ഇതു സംഭവിക്കുന്നില്ല. ഇവരുടെ ചരിത്രങ്ങള്‍ ഏക കഥാരേഖ പാലിക്കുകയും ജീവിതത്തെക്കുറിച്ചുള്ള 'ഔദ്യോഗിക' ആഖ്യാനങ്ങള്‍ അവ ദൃഢീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കേവലാഖ്യാനങ്ങളാല്‍ മാത്രമല്ല, വിഭിന്നമായ അനുബന്ധങ്ങള്‍ കൊണ്ടും ഉറവിടങ്ങളാലും അവരുടെ നിലനില്‍പ് രേഖപ്പെടുത്തപ്പെടുന്നു. ഉദാഹരണത്തിന് ബുദ്ധന്റെ ചരിത്രപരത മറ്റ് കാര്യങ്ങള്‍ക്കൊപ്പം സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. ബുദ്ധന്റെ മരണത്തിന് രണ്ട് നൂറ്റാണ്ടിനു ശേഷം ലുമ്പിനി സന്ദര്‍ശിച്ച അശോക ചക്രവര്‍ത്തി അവിടം ബുദ്ധന്റെ ജന്മസ്ഥലമെന്ന് ഓര്‍മപ്പെടുത്തുന്ന ഫലകം സ്ഥാപിച്ചിട്ടുണ്ട്. ശിലാശാസനമായി ഇത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ചരിത്രകാരന്‍ വിശ്വാസത്തിന്റെ സാധുതയെകുറിച്ച് പ്രഖ്യാപനം നടത്തേണ്ടതില്ല. എന്നാല്‍ നിശ്ചിത സ്ഥലത്തും സമയത്തും ഒരു പ്രത്യേക വിശ്വാസം പിന്തുണ നേടുന്നത് എന്ത് കൊണ്ടെന്ന് ചരിത്രത്തിന്റെ പിന്തുണയോടെ ചരിത്രകാരന് വിശദീകരിക്കാന്‍ ശ്രമിക്കാം. നമ്മുടെ പൈതൃകം നിരന്തരമായി സമ്പുഷ്ടമാക്കപ്പെടുന്നുവെന്ന് - വിശ്വാസികളാല്‍ മാത്രമല്ല അവയോട് കലഹിക്കുന്നവരാലും- നമുക്ക് സ്വയം ഓര്‍മപ്പെടുത്തേണ്ടതുണ്ട്.

ദശലക്ഷങ്ങള്‍ക്ക് -മതപരമായ അര്‍ഥത്തില്‍- ശക്തമായ വിശ്വാസം ഉണ്ടെങ്കില്‍ രാഷ്ട്രീയ പടയൊരുക്കം നടത്തിയും കൂറ്റന്‍ പ്രകടനങ്ങളിലൂടെയും നിരപരാധികളെ കൊന്നൊടുക്കിയും അത് സംരക്ഷിക്കേണ്ട ആവശ്യമില്ല. വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ പുരാവസ്തുവിനെയോ, ചരിത്രത്തെയോ ഒന്നും വലിച്ചിഴക്കേണ്ടതുമില്ല. വിശ്വാസത്തിന്, ചരിത്രത്തെയും പുരാവസ്തുവിനെയും പോലെ സ്വന്തം ഇടവും ധര്‍മവും ഉണ്ട്. ഇവയുടെ ഇടവും ധര്‍മവും അന്യോന്യം ഭിന്നവുമാണ്.

കടലിടുക്കിന്റെ അടിത്തട്ടില്‍ രൂപം കൊണ്ട ഭൂഘടനയുടെ ഒരു ഭാഗം നീക്കുന്നത് ദശലക്ഷങ്ങളുടെ വിശ്വാസത്തെ ഹനിക്കുമെന്ന് പറയുന്നത് വിശ്വാസത്തോടും നീതിപുലര്‍ത്തുന്നതല്ല. ഒരു ആരാധനാമൂര്‍ത്തി നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സമുദ്രതല ഭൂഘടനയുടെ പിന്തുണ ആവശ്യമാകും വിധം അത്രയ്ക്കു ദുര്‍ബലമാണോ വിശ്വാസം ? തെരഞ്ഞെടുപ്പ് വിജയത്തിന് വിശ്വാസത്തെ രാഷ്ട്രീയപ്രശ്നമാക്കുന്നത് തീര്‍ച്ചയായും വിശ്വാസത്തെ തന്നെയല്ലേ കയ്യേറ്റം ചെയ്യുന്നത്?

രാമനു സംഭവിക്കുന്നത്

ഏത് നിലയ്ക്ക് പഠിച്ചാലും ശ്രീരാമനെ ചരിത്രപുരുഷനാക്കുന്നതിനുള്ള എന്തെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പ്രയാസമാണ്. ഇക്കാര്യം ഗണനീയരായ ചരിത്രകാരന്മാര്‍ മാത്രമല്ല എ ബി വാജ് പേയി അടക്കമുള്ളവരും സമ്മതിച്ചിട്ടുള്ള വസ്തുതയുമാണ്.

1987 മെയ് 17-ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍വന്ന പ്രസ്താവനയില്‍ വാജ് പേയി പറഞ്ഞു.

"സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രാമന്‍ ജനിച്ച സ്ഥലം എവിടെയാണെന്ന് കണിശമായി ചൂണ്ടിക്കാണിക്കുക സാധ്യമല്ല. പക്ഷേ ക്ഷേത്രം നിര്‍മിക്കപ്പെടുകയും കാലാകാലങ്ങളില്‍ പുനര്‍നിര്‍മിക്കപ്പെടുകയും വിക്രമാദിത്യ സാമ്രാജ്യകാലംവരെ നിലനില്‍ക്കുകയും ചെയ്തിരുന്നു.''

ഈ പ്രസ്താവന 'അയോധ്യപ്രശ്ന'ത്തെ ആസ്പദിച്ചുള്ള പ്രതികരണമായിരുന്നു. രാമന്‍ ജനിച്ചത് എവിടെയെന്ന് പറയാന്‍ വയ്യെങ്കിലും അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നു എന്ന് വാദിക്കുവാനാണ് വാജ് പേയി അന്ന് ശ്രമിച്ചത്. പക്ഷേ വാജ് പേയിയുടെ ഭരണകാലത്ത് അയോധ്യയില്‍ നടത്തിയ ഉത്ഖനനങ്ങള്‍ അയോധ്യയിലെ പ്രശ്നഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിന് പര്യാപ്തമായ ഒരു വസ്തുതയും പുറത്തുകൊണ്ടുവന്നില്ല. ഇങ്ങനെ രാമന്റെ ചരിത്രപരത തെളിയിക്കാന്‍ അയോധ്യപ്രശ്നത്തോടനുബന്ധിച്ചു നടന്ന പഠന-മനനങ്ങളിലൊന്നും ഒരിക്കല്‍പോലും കഴിയാതെ വരികയും അതുകൊണ്ട് ശ്രീരാമന്‍ ചരിത്രവിഷയമല്ല വിശ്വാസ പ്രശ്നമാണ് എന്ന് സിദ്ധാന്തിച്ച് തടിയൂരുകയും ചെയ്ത ബിജെപിയും വിഎച്ച്പിയും മറ്റും 'രാമന്‍ ചരിത്രപുരുഷനല്ല' എന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേക്കാരുടെ പ്രസ്താവനയെ തിരുത്തിക്കാന്‍ മുറവിളി കൂട്ടിയത് രാമഭക്തികൊണ്ട് എന്നതിനേക്കാള്‍ അമേരിക്കന്‍ ഭക്തികൊണ്ടാണെന്നാണ് ആണവക്കരാര്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിച്ചപ്പോള്‍ വ്യക്തമാവുന്നത്.

എങ്കിലും ഒരുകാലത്ത് വിഎച്ച്പിയും മറ്റും അപ്രസക്തമായി കരുതിയ രാമന്റെ 'ചരിത്രപരത' യെപ്പറ്റി ഇപ്പോള്‍ പ്രവീണ്‍തൊഗാഡിയ വാചാലനാവുന്നതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അമേരിക്കന്‍ സാറ്റലൈറ്റ് ചിത്രങ്ങളുടെ വെളിച്ചത്തില്‍ രാമേശ്വരം മുതല്‍ ലങ്കവരെ വ്യക്തമായൊരു മണല്‍ത്തിട്ട കാണുന്നുണ്ടെന്നും അത് രാമസേതു ആണെന്നുമാണ് തൊഗാഡിയ വാദിക്കുന്നത്. അത് നിറച്ച് തോഡിയമാണെന്നും അദ്ദേഹം പറയുന്നു. ആ രാസസമ്പത്ത് നാമാവശേഷമാക്കുന്ന പാലം പണി നടന്നുകൂടെന്നാണ് വാദം. അപ്പോള്‍ ഉയര്‍ന്നുവരുന്ന ആദ്യത്തെ പ്രശ്നം വിഎച്ച് പി മുറവിളി കൂട്ടുന്നത് രാമസേതു സംരക്ഷിക്കാനാണോ അതോ ഇന്ത്യന്‍ കടല്‍ത്തീരത്തെ തോഡിയം സംരക്ഷിക്കാനാണോ എന്നാണ്? തോഡിയം സംരക്ഷിക്കാനാണെങ്കില്‍ രാമന്റെ പേര് പറയേണ്ട ആവശ്യമില്ല-അല്ലാതെതന്നെ ജനങ്ങള്‍ക്ക് അക്കാര്യം ബോധ്യപ്പെടുത്താന്‍ അമേരിക്കന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴിക്കുള്ള തെളിവുകളെ ഉപയോഗപ്പെടുത്തുവാന്‍ പറ്റുമല്ലോ-എന്തുകൊണ്ട് അങ്ങനെ ചെയ്യാതെ പ്രശ്നത്തെ രാമനുമായി ബന്ധപ്പെടുത്തുന്നു?

ഇനി, സാറ്റലൈറ്റ് കണ്ടെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ രാമസേതുവിന്റെതാണെങ്കില്‍ അത് എന്തായാലും ശ്രീരാമന്‍ ഒറ്റക്ക് പണിതതായിരിക്കാനിടയില്ല. ആണെന്ന് പറയുന്ന പക്ഷം 'രാമായണ'ത്തിലെ കുരങ്ങപ്പടയുടെ പ്രാധാന്യം ഇല്ലാതാവും. ഹനുമാനും സുഗ്രീവനും നളനും അംഗദനും ജാംബവാനും ഒക്കെ അപ്രസക്തരാവും. അല്ല, ഇവരുടെയൊക്ക സഹായത്തോടെയാണ് ശ്രീരാമന്‍ ലങ്കയിലേക്ക് പാലം പണിഞ്ഞത് എങ്കില്‍ കുരങ്ങന്മാര്‍ പാലം പണിയുമോ എന്നൊരു ചോദ്യമുണ്ട്. അവര്‍ പാലം പണിയുവാന്‍ കഴിവുള്ളവരാണെങ്കില്‍ എന്തുകൊണ്ടവര്‍ ഇപ്പോള്‍ പാലം പണിയുന്നില്ല എന്ന് വിശദീകരിക്കാന്‍ തൊഗാഡിയ ബാധ്യസ്ഥനാണ്. രാമന്റെ കൂടെയുണ്ടായിരുന്ന ഹനുമാന്‍ ഉള്‍പ്പെടെയുള്ളവര്‍ കുരങ്ങന്മാരായിരുന്നില്ല എന്ന് വാദിച്ചാല്‍ പ്രശ്നം തീരില്ല. എന്തെന്നാല്‍ പിന്നെന്തിന് നിങ്ങള്‍ ഹനുമാനെ കുരങ്ങനാക്കി ചിത്രീകരിക്കുന്ന ശില്പചിത്രങ്ങളുണ്ടാക്കി ആരാധന ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്നു എന്ന ചോദ്യത്തിന് വിഎച്ച്പി മറുപടി പറയേണ്ടിവരും.

ഇത്തരം യുക്തിയുക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടുമ്പോഴൊക്കെ "ശ്രീരാമന്‍ ഹിന്ദുക്കളുടെ വിശ്വാസവിഷയ'മാണെന്ന് പറഞ്ഞു തടിയൂരുകയാണ് വിഎച്ച്പിയുടെ രീതി. ഇന്ത്യയില്‍ ശ്രീരാമഭാവന വളര്‍ത്തുകയും അതിനെ വിശ്വാസമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തിട്ടുള്ളത് 1925-ല്‍ ഉണ്ടായ ആര്‍എസ്എസോ അതിന്റെ ഒരു പരിവാര്‍ മാത്രമായ വിഎച്ച്പിയോ ആണോ? അല്ലെന്നതാണ് യാഥാര്‍ഥ്യം.

വിഎച്ച്പി നടത്തിയ ശിലാപൂജകളിലൂടെയല്ല മറിച്ച് വാല്മീകി, കാളിദാസന്‍, ഭവഭൂതി, തുളസിദാസന്‍, കമ്പര്‍, എഴുത്തച്ഛന്‍ മുതലായ പ്രതിഭാശാലികള്‍ തീര്‍ത്ത 'അക്ഷരക്ഷേത്ര'ങ്ങളിലൂടെയാണ് ശ്രീരാമന്‍ ജനഹൃദയങ്ങള്‍ക്ക് പൂജാര്‍ഹനായിത്തീര്‍ന്നത്. അതിനാല്‍ രാമന് ഇന്ത്യന്‍ ജനമനസ്സില്‍ നിലനില്‍ക്കാന്‍ പ്രതിഭാശാലികളുടെ അക്ഷരക്ഷേത്രങ്ങള്‍ മതി; വര്‍ഗീയവാദികളുടെ ശിലാക്ഷേത്രങ്ങള്‍ വേണ്ടതില്ല. ഈ ചരിത്രസത്യം തിരിച്ചറിഞ്ഞുകൊണ്ട് വിശ്വാസികള്‍ അവരുടെ രാമനെ വര്‍ഗീയവാദികളില്‍നിന്ന് വിമോചിപ്പിക്കാന്‍ സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകരുടെയും ഭാഷാസ്നേഹികളുടെയും ഒപ്പം നിന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. വാല്മീകിയുടെ നരോത്തമനായ രാമനെ ഹിന്ദുത്വത്തിന്റെ ദൈവമാക്കുകയും അങ്ങനെ വര്‍ഗീയവത്കരിക്കുകയുമാണ് വിഎച്ച്പി ചെയ്തുവരുന്നതെന്ന് തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ വാല്മീകി മുതല്‍ എഴുത്തച്ഛന്‍ വരെയുള്ളവരുടെ സര്‍ഗ തപസ്യ പ്രതിഷ്ഠിച്ച സാഹിത്യക്ഷേത്രത്തിലെ ശ്രീരാമനെ വീണ്ടെടുക്കാനാവൂ.

നമുക്ക് ചെയ്യാവുന്നത്

വിശ്വാസം ഒരാളുടെ വൈയക്തികമായ തെരഞ്ഞെടുപ്പിന്റെ പ്രശ്നമാണ്. ആ അവകാശത്തെ തീര്‍ച്ചയായും ഒരു ജനാധിപത്യവ്യവസ്ഥ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണ്. ഇവിടെ നാം ചര്‍ച്ചചെയ്യുന്നത് മതവിശ്വാസം സംബന്ധിച്ച കാര്യങ്ങളല്ല; ചരിത്രാന്വേഷണത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും കാര്യങ്ങളാണ്. മതവിശ്വാസാവകാശത്തെ സംരക്ഷിക്കുന്നതോടൊപ്പം ഇന്ത്യന്‍ ഭരണഘടന, ശാസ്ത്രീയബോധത്തെയും അന്വേഷണത്തെയും പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചും പറയുന്നുണ്ട്. ഇവയിലൊന്നിന്റെ പേരില്‍ മറ്റേത് എതിര്‍ക്കപ്പെട്ടുകൂടാ.

മതവിശ്വാസം അതിന്റെ സത്തായ രൂപത്തില്‍ തീര്‍ച്ചയായും സത്യാന്വേഷണത്തെ പ്രോത്സാഹിപ്പിക്കണം; സത്യത്തെ തിരിച്ചറിയാനുള്ള കഴിവാര്‍ജിക്കാന്‍ സഹായിക്കുകയും വേണം. ഇന്ത്യയെപ്പോലെ വളരെ പുരാതനമായ ഒരു നാഗരിക അവബോധം ചൈനക്കുമുണ്ട്. ചൈനയുടെ പ്രാചീന ചിന്ത നമ്മോട് പറയുന്നത് 'നൂറു പൂക്കള്‍ വിരിയട്ടെ, ഒരായിരം ചിന്തകള്‍ പരസ്പരം തര്‍ക്കത്തിലേര്‍പ്പെടട്ടെ, അപ്പോഴാണ് ഒരുപാടു വസ്തുതകളില്‍നിന്ന് സത്യം വെളിപ്പെട്ടുവരുന്നത്' എന്നാണ്. സത്യമെന്നത് ഒരു വസ്തുതയാകുമ്പോള്‍ തന്നെ എല്ലാ വസ്തുതകളും പൂര്‍ണ സത്യങ്ങളാവുന്നില്ലെന്നറിയണം. ഇതാണ് തത്വചിന്തയും ദൈവശാസ്ത്രവും തമ്മിലുള്ള അന്തരം. മതവിശ്വാസം പുത്തന്‍ ആശയങ്ങളെ ഉത്തേജിപ്പിക്കുകയും ശാസ്ത്രീയാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. അല്ലാതെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുമായി വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന ഒന്നായി ചുരുങ്ങിപ്പോവരുത്.

രാമന്‍ ദൈവമാണെന്ന ഒരു വിശ്വാസം വിവിധ ഹിന്ദുജനവിഭാഗങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി രൂഢമൂലമായി നിലനില്‍ക്കുന്നുണ്ടെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ഥ്യമാണ്. മറിച്ച്, രാമന്‍ കേവലം കവിഭാവനാസൃഷ്ടിയാണെന്ന അഭിപ്രായം വെച്ചുപുലര്‍ത്തുന്ന ഹിന്ദുക്കളുള്‍പ്പെടെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്ത്യയിലുണ്ടെന്നതും അവഗണിക്കാനാവാത്ത വസ്തുതയാകുന്നു. ഒരു ജനാധിപത്യ മതനിരപേക്ഷരാഷ്ട്രത്തില്‍ ഈ രണ്ടിനും - വിശ്വാസത്തിനും മറിച്ചുള്ള അഭിപ്രായത്തിനും - ഒരുപോലെ വില കല്പിക്കേണ്ടതുണ്ട്. ഈ രണ്ടിനെയും സങ്കുചിതരാഷ്ട്രീയലക്ഷ്യങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചുകൂട.

രാമന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതോ അദ്ദേഹത്തിന്റെ കല്‍പന പ്രകാരം പാലം പണിതോ, ചിറ രൂപപ്പെട്ടോ എന്നതുമല്ല യഥാര്‍ഥ പ്രശ്നം. വ്യത്യസ്തവും നിര്‍ണായകവുമായ മറ്റ് ഒരു കൂട്ടം ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. വിശ്വാസമോ, പുരാവസ്തുവോ അല്ല, ബുദ്ധിയും വൈഭവവുമാണ് ഇവ ആവശ്യപ്പെടുന്നത്. വിശ്വാസത്തിന്റെ പേരില്‍ ബോധപൂര്‍വം വഴിമാറ്റപ്പെട്ട ചോദ്യങ്ങള്‍. ഭൂഗര്‍ഭ പരിണാമങ്ങള്‍ ഭാഗികമായെങ്കിലും നീക്കുന്നത് ക്രമേണ പാരിസ്ഥിതിക ദ്രോഹമേല്‍പിക്കുമോ? ദക്ഷിണേന്ത്യന്‍ തീരങ്ങളെയോ ശ്രീലങ്കയെയോ ആഘാതങ്ങള്‍ക്ക് തുറന്നിടുമോ? ഭാവിയില്‍ സുനാമിക്ക് വഴിയൊരുക്കുമോ? ആസൂത്രണത്തിലൂടെ ഇത്തരം സാധ്യതകള്‍ ഒഴിവാക്കാനാകുമോ?

വാര്‍ത്താ വിനിമയത്തിലും വാണിജ്യത്തിലും ഈ പദ്ധതി വഴി ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ എന്തായിരിക്കും? ഈ നേട്ടങ്ങള്‍ പ്രാദേശിക സമൂഹങ്ങളില്‍ എത്തുമോ? എങ്കില്‍ എങ്ങനെ? ബഹുരാഷ്ട്ര കുത്തകകളും അവയുടെ ഇന്ത്യന്‍ പങ്കാളികളും ഇതില്‍ എന്തു വേഷമാണ് കളിക്കുക എന്നും സസൂക്ഷ്മം ഓരോരുത്തരും അറിയേണ്ടതും തുല്യ പ്രാധാന്യമുള്ളതുമാണ്. അതി ബൃഹത്തായ ഇത്തരമൊരു പദ്ധതിക്ക് വ്യത്യസ്ത ഘട്ടങ്ങളില്‍ പണം മുടക്കുന്നതും നിയന്ത്രിക്കുന്നതും ആര് ? ഈ വിശദാംശങ്ങള്‍ സുതാര്യമായാലേ ഇപ്പോള്‍ തിളച്ചുമറിയുന്ന ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയരഹിതമായ സൂചന നമുക്കു ലഭിക്കൂ. ഇവയാണ് ഈ സന്ദര്‍ഭത്തില്‍ പൊതുഇടം പിടിക്കേണ്ടതും ഈ പദ്ധതിയെക്കുറിച്ച് ഉന്നയിക്കപ്പെടേണ്ടതുമായ പ്രസക്തമായ ചോദ്യങ്ങള്‍.

(അവലംബം: റൊമില ഥാപ്പര്‍, സീതാറാം യച്ചൂരി, സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി, എന്‍ വി പി ഉണിത്തിരി , വി ബി പരമേശ്വരന്‍ എന്നിവരുടെ ലേഖനങ്ങള്‍)