Sunday, October 19, 2008

മരണാനന്തരജീവിതത്തിന്റെ സാധ്യതകള്‍

മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ നടക്കുന്ന അവയവമാറ്റ ശസ്‌ത്രക്രിയക്കുപയോഗിക്കുന്ന അവയവങ്ങളില്‍ ഭൂരിഭാഗവും അവയവ മാര്‍ക്കറ്റില്‍ നിന്ന് വിലകൊടുത്തു വാങ്ങുന്നവയാണ്. രണ്ടായിരത്തിലധികം വൃക്കകളാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം വില്‍ക്കപ്പെടുന്നത്.

അവയവ വ്യാപാരം നിയന്ത്രിക്കുന്ന നിയമം നിലവില്‍ വന്നിട്ടും വ്യാപകമായ അനധികൃത കച്ചവടം നിര്‍ബ്ബാധം തുടരുന്നതിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കുകയും ജനകീയ ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ തുടങ്ങേണ്ടിയിരിക്കുന്ന കൂട്ടായ്‌മയെക്കുറിച്ച് ചിന്തിക്കുകയുമാണ് ഇവിടെ.

അവയവം കാത്ത് മരിക്കുന്നവര്‍

അവയവ മാര്‍ക്കറ്റിനെ എവിടേയും സജീവമാക്കി നിലനിര്‍ത്തുന്നത് പ്രവര്‍ത്തന രഹിതമായ അവയവങ്ങളുമായി മറ്റു ചികിത്സകളില്ലാതെ ആസന്നമായ മരണം പ്രതീക്ഷിച്ച് കിടക്കുന്ന ലക്ഷക്കണക്കിന് ഹതഭാഗ്യരാണ്. മറ്റെല്ലാതരത്തിലും പൂര്‍ണ്ണ ആരോഗ്യവാന്മാരായ ഇവര്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ചേക്കാവുന്ന ഒരു അവയവം നഷ്ട്ടപ്പെട്ടുപോയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരും എന്ന അറിവ്, നിയമത്തെ മറികടക്കാനോ തല്‍ക്കാലത്തേക്ക് കണ്ണടയ്‌ക്കാനോ പലപ്പോഴും പ്രേരണയാകുന്നു. ആരോഗ്യം ജന്മാവകാശമാണെങ്കില്‍, ഇത്തരം ഒരു പ്രതീക്ഷയെ തല്ലിക്കെടുത്തുന്ന നിയമത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെന്താണ്?

ഇന്ത്യയില്‍ ഇങ്ങനെ ഓരോ രണ്ടുമിനിട്ടിലും ഒരാള്‍ എന്ന തോതില്‍ മരണമടയുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. വൃക്കകള്‍, കരള്‍, ഹൃദയം, ശ്വാസകോശങ്ങള്‍, പാന്‍ക്രിയാസ് തുടങ്ങിയ പ്രധാന അവയവങ്ങളിലേതെങ്കിലുമൊന്ന് പ്രവര്‍ത്തനരഹിതമായതു മൂലം മാത്രം കഷ്ടപ്പെടുന്ന ഇരുപത് ലക്ഷത്തോളം രോഗികള്‍ ഇന്ത്യയിലുണ്ട്, മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് ഇത്തരം ശസ്‌ത്രക്രിയകള്‍ വിജയകരമായി നടത്തുന്ന ആശുപത്രികളും ട്രാന്‍സ്‌പ്ലാന്റേഷന്‍ ടീമുകളും ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലുമുണ്ടെന്നത് ആശ്വാസകരമാണെങ്കിലും ദാരിദ്ര്യവും അവയവങ്ങളുടെ ദൌര്‍ലഭ്യവുംമൂലം മരണമടയുകയാണ് തൊണ്ണൂറ്റി എട്ടുശതമാനം രോഗികളും. അഥവാ ഭാഗ്യവാന്മാരായ രണ്ടോ മൂന്നോ ശതമാനത്തിന് മാത്രമേ, ഭീമമായ ചെലവ് വഹിച്ചുകൊണ്ട് അവയവമാറ്റ ശാസ്‌ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ന് നമ്മുടെ നാട്ടില്‍ സാധിക്കുന്നുള്ളൂ. ഇത്തരം ശസ്‌ത്രക്രിയയ്ക്ക് വരുന്ന ചെലവില്‍ കൂടുതലും അവയവം വാങ്ങാനായാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ വാങ്ങിക്കൊണ്ടുവരുന്ന അവയവങ്ങളുടെ സ്രോതസ്സ് അന്വേഷിച്ച് ചെല്ലുമ്പോഴാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന്റെയും ലജ്ജാകരമായ മനുഷ്യത്വരാഹിത്യത്തിന്റെയും ദുഷ്ടലോകം നാം കാണേണ്ടിവരിക. നാം എപ്പോഴും പരിഹസിക്കുന്ന മറ്റു രാഷ്‌ട്രങ്ങളിലെ ജനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കുന്ന മനുഷ്യസഹജമായ സഹാനുഭൂതി നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്; ചിന്തിപ്പിക്കേണ്ടതാണ്. ഉദാത്തമായ മനുഷ്യസ്നേഹം വായാടിത്തമല്ല, ജീവിത ദര്‍ശനമാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിക്കുന്ന മഹാമനസ്‌ക്കരായ മനുഷ്യര്‍ ഇന്ത്യയില്‍ ഇല്ലെന്നല്ല. പക്ഷേ തുലോം കുറവാണ്.

ഔദ്യോഗിക കണക്കുകള്‍

ഔദ്യോഗിക കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി വൃക്കകള്‍ നഷ്ടപ്പെടുന്നത്. മറ്റ് അവയവങ്ങള്‍ നഷ്ടപ്പെടുന്നവരുടെ വ്യക്തമായ കണക്കുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. അവയവം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ മാത്രമാണ് ഇത്തരം രോഗികള്‍ക്കുള്ള ആധുനികമായ ഏക ചികിത്സാമാര്‍ഗ്ഗം. മറ്റു അവയവങ്ങളില്‍ നിന്ന് വ്യത്യസ്തമായി വൃക്കരോഗികള്‍ക്ക് ഡയാലിസിസ് വഴി വൃക്കമാറ്റിവെക്കല്‍ ശസ്‌ത്രക്രിയവരെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കും എന്നുമാത്രം. ഈയൊരു സാധ്യത മറ്റ് രോഗികള്‍ക്കില്ല. ഇന്ത്യയില്‍ ഏകദേശം 650 ഡയാലിസിസ് യൂണിറ്റുകളിലായി ഇരുപതിനായിരം രോഗികളാണ് ഈ ചികിത്സക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ഒന്നരലക്ഷത്തോളം രൂപ ചെലവു വരുന്ന ഈ ചികിത്സ വര്‍ഷങ്ങളോളം തുടരാന്‍ പക്ഷേ ബഹുഭൂരിപക്ഷം രോഗികള്‍ക്കും ഇന്ത്യയില്‍ കഴിയുന്നില്ല.

ഇത്തരം വൃക്ക രോഗികളില്‍ പത്തുശതമാനത്തിന് മാത്രമേ നമ്മുടെ നാട്ടില്‍ വൃക്കരോഗവിദഗ്ധനെ സമീപിക്കാന്‍ തന്നെ സാധിക്കുന്നുള്ളൂ എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇതില്‍ തന്നെ അറുപത് ശതമാനം രോഗികളും ഒന്നോ രണ്ടോ ഡയാലിസിസിന് ശേഷം ചികിത്സ തുടരാന്‍ കഴിയാതെ അപ്രത്യക്ഷമാവുകയാണ് പതിവ്. ഈ രോഗികളില്‍ മൂവായിരത്തിഅഞ്ഞൂറോളം പേര്‍ക്ക് മാത്രമേ ഒരു വര്‍ഷം അവയവം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയരാകാന്‍ സാധിക്കുന്നുള്ളൂ. ഇതിന് വേണ്ടി ലഭിക്കുന്ന വൃക്കകളില്‍ നാലില്‍ ഒന്നുമാത്രമാണ് സ്വന്തം കുടുംബക്കാരില്‍ നിന്ന് ദാനമായി ലഭിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ടുശതമാനത്തില്‍ താഴെ മാത്രം വൃക്കകളാണ് മരണാനന്തര ദാനമായി ലഭിക്കുന്നത്. അഥവാ ബഹുഭൂരിപക്ഷത്തിനും അതിഭീമമായ സംഖ്യ ചെലവഴിച്ച് അനധികൃതമാര്‍ഗ്ഗത്തിലൂടെ വേണം അവയവങ്ങള്‍ സംഘടിപ്പിക്കാന്‍!

ഇന്ത്യ: അവയവ വ്യാപാരത്തിന്റെ അപരനാമം

ഇന്ത്യ അന്തര്‍ദേശീയ രംഗത്ത് "ware house for kidneys''എന്ന പേരിലാണ് ഒരു കാലത്ത് അവയവ മാറ്റ ശസ്‌ത്രക്രിയാ വിദഗ്ധരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. 1980 കളില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന ചില സവിശേഷ സാഹചര്യങ്ങളാണ് ഇത്തരമൊരു ചീത്തപ്പേര് നമുക്ക് നേടിത്തന്നത്. വിദേശ രാഷ്‌ട്രങ്ങളില്‍ നിന്ന് പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയ നൂറുകണക്കിന് ഡോക്ടര്‍മാരും ലക്ഷക്കണക്കിന് രോഗികളും, ഇത്തരം അവയവ കൈമാറ്റത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന നിയമങ്ങളുടെ അഭാവവവും ദരിദ്രമായ ഒരു പ്രദേശത്ത് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യാന്‍ നിര്‍ബ്ബന്ധിതരാകുന്ന ലക്ഷക്കണക്കിന് ജനങ്ങളെ എന്തിനെല്ലാം പ്രേരിപ്പിക്കും, അതെല്ലാമായിരുന്നു ആ കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ സംഭവിച്ചത്. എന്നിട്ടും ഇവിടെയിതൊന്നും വാര്‍ത്തയായില്ലെങ്കിലും അന്തര്‍ദേശീയ വാര്‍ത്തകളില്‍ ഇന്ത്യയുടെ അധാര്‍മ്മികത നിറഞ്ഞുനിന്നു. പല രാഷ്‌ട്രങ്ങളും യുറോപ്പ്യന്‍ യൂണിയനും, ഇന്ത്യപോലുള്ള ദരിദ്രരാജ്യങ്ങളില്‍ നിന്നുള്ള അവയവ വ്യാപാരം നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമങ്ങളുണ്ടാക്കി. അന്തര്‍ദ്ദേശീയ സംഘടനകളുടേയും യൂറോപ്യന്‍ യൂണിയന്റേയും സമ്മര്‍ദ്ദഫലമായി 1994 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് (Human Organ Transplantation Act) പാസ്സാക്കി. (തുടര്‍ന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളും നിയമം പ്രാബല്യത്തില്‍ വരുത്തി.) അതിനുശേഷവും കുപ്രസിദ്ധമായ നിരവധി സംഭവങ്ങള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഡല്‍ഹി, മദ്രാസ്, എന്നീ കേന്ദ്രങ്ങളില്‍ നിന്നായിരുന്നു ആദ്യകാല റിപ്പോര്‍ട്ടുകളെങ്കില്‍ പിന്നീട് ബോംബെ, ബാംഗ്ളൂര്‍, പൂന, കല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധമായ കിഡ്‌നിറാക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ജനങ്ങളെ അപമാനിതരാക്കുകയുണ്ടായി. പിന്നീട് കേരളത്തിലും ഇത്തരം റാക്കറ്റുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതായി വ്യക്തമാകുകയുണ്ടായല്ലോ.

Human Organ Transplantation Act

അവയവകൈമാറ്റ ശസ്‌ത്രക്രിയയെ നിയന്ത്രിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഈ നിയമം അവയവ വ്യാപാരത്തെ നിരോധിച്ചിരിക്കുകയാണ്. അച്ഛന്‍, അമ്മ. സഹോദരങ്ങള്‍, മക്കള്‍, ഭാര്യ, ഭര്‍ത്താവ് എന്നീ അടുത്ത ബന്ധുക്കള്‍ക്ക് സ്വന്തം അവയവം ദാനമായി നല്‍കാം. നിയമം വ്യക്തമാക്കിയ ചില പ്രത്യേക സന്ദര്‍ഭത്തില്‍ ഇത്തരം ബന്ധുക്കളല്ലാത്തവര്‍ക്ക് അവയവം ദാനമായി നല്‍കാന്‍ നിയമം ഇളവ് നല്‍കുന്നുണ്ട്. സ്നേഹം, പ്രത്യേകമമത, തുടങ്ങിയവ അവയവ ദാതാവിന് രോഗിയോടുണ്ടെന്നും പണത്തിന്റെ സ്വാധീനം ഇല്ലായെന്നും തെളിയിക്കാന്‍ കഴിയുകയാണെങ്കില്‍ കുടുംബബന്ധത്തിനുപുറത്തുള്ള ദാനം നിയമപരമായി അനുവദനീയമാണ്. ഇത്തരം അപേക്ഷകള്‍ പരിശോധിച്ച് അനുമതി നല്‍കാനായുള്ള പ്രാദേശിക കമ്മിറ്റികള്‍ നിലവിലുണ്ട്. പ്രമുഖരായ വ്യക്തികളായിരിക്കും കമ്മിറ്റി മെമ്പര്‍മാരെന്നിരുന്നിട്ടും ബ്രോക്കര്‍മാര്‍ പരിശീലിപ്പിച്ച പരമ ദരിദ്രരായ അവയവ ദാതാക്കളും, അവര്‍ സമര്‍പ്പിക്കുന്ന അഫിഡവിറ്റുകളും, അവയവം പ്രതീക്ഷിച്ച് കിടക്കുന്ന രോഗിയുടെ ദയനീയാവസ്ഥയും ഒന്നിച്ച് മിക്കപ്പോഴും നിയമത്തെ പരാജയപ്പെടുത്തുന്നു. കേരളത്തില്‍ കുപ്രസിദ്ധമായൊരു സംഭവത്തില്‍ ഇടുക്കി ജില്ലക്കാരായ നിരവധി പാവങ്ങളായിരുന്നു കോഴിക്കോട് നടന്ന ശസ്‌ത്രക്രിയക്ക് അവയവങ്ങള്‍ നല്‍കിയത്. ആ പാവങ്ങള്‍ക്ക് വിവിധ നാട്ടുകാരായ രോഗികളെ നേരിട്ടറിയാമായിരുന്നെന്നും, അവയവ കൈമാറ്റം സഹാനുഭൂതിമൂലം മാത്രമാണെന്നുമായിരുന്നു കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലങ്ങള്‍. വളരെ പ്രമുഖരും മറ്റു സ്ഥാപനങ്ങളിലെ തിരക്കുപിടിച്ച വകുപ്പ് മേധാവികളുമായ കമ്മിറ്റിയംഗങ്ങളുടെ കര്‍ത്തവ്യം സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പരിശോധിച്ച് അനുമതി നല്‍കുക മാത്രമാണ്.

മരണശേഷമുള്ള അവയവദാനം

ജീവിച്ചിരിക്കെ രണ്ടുസാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ സമ്മതപത്രത്തില്‍ നിര്‍ദ്ദേശം നല്‍കിയാല്‍, നിര്‍ദ്ദേശിക്കുന്ന അവയവങ്ങള്‍ മസ്തിഷ്‌ക്ക മരണത്തിന് ശേഷം അവയവ കൈമാറ്റ ശസ്‌ത്രക്രിയയ്‌ക്കായി ഉപയോഗിക്കാം. സമ്മതപത്രത്തില്‍ നിര്‍ദ്ദേശം നല്‍കാത്ത വ്യക്തികള്‍ക്ക് മസ്തിഷ്‌ക്കമരണം സംഭവിക്കുകയാണെങ്കില്‍, നിയമപരമായ ബന്ധുക്കള്‍ക്കോ, മറ്റ് അവകാശികള്‍ക്കോ, അവയവദാനത്തിനുള്ള സമ്മതം നല്‍കാനുള്ള അവകാശമുണ്ട്.

കുട്ടികള്‍, ജയില്‍പ്പുള്ളികള്‍, മാനസിക വിഭ്രാന്തിയുള്ള രോഗികള്‍ എന്നീ വിഭാഗത്തില്‍പ്പെടാത്ത എല്ലാ വ്യക്തികള്‍ക്കും സ്വയം തീരുമാനനമെടുക്കാനും 'Living Will' ഉണ്ടാക്കാനുമുള്ള അവകാശമുണ്ട്. മറ്റ് രാജ്യങ്ങളില്‍ ഈ സമ്പ്രദായം വ്യാപകമായതുകൊണ്ടാണ് അവയവദാനത്തിനായി ജീവിച്ചിരിക്കുന്ന വ്യക്തികളെ ആശ്രയിക്കുന്ന സാഹചര്യങ്ങള്‍ അവിടങ്ങളില്‍ കുറയുന്നത്.

മസ്തിഷ്‌ക്കമരണത്തിന് നിയമസാധുത നല്‍കുന്നതാണ് ഈ നിയമത്തിന്റ മറ്റൊരു സവിശേഷത.Brain Death Committee കള്‍ക്കാണ്, മസ്തിഷ്കമരണം സ്ഥിരീകരിക്കാനുള്ള ഉത്തരവാദിത്വം. ആശുപത്രിക്ക് പുറത്തുള്ള ഒരു സര്‍ക്കാര്‍ ഡോക്ടറും, ന്യൂറോളജിസ്റ്റും, ഹോസ്പ്പിറ്റല്‍ സൂപ്രണ്ടും, രോഗിയെ ചികിത്സിക്കുന്ന കണ്‍സള്‍ട്ടന്റും, അടങ്ങിയതാണ് Brain Death Committee. ആറ് മണിക്കൂര്‍ ഇടവിട്ട് നടത്തുന്ന പത്തോളം ടെസ്‌റ്റുകള്‍ക്ക് ശേഷമാണ് കമ്മിറ്റി മസ്തിഷ്‌ക്കമരണം സ്ഥിരീകരിക്കുക. കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കികൊണ്ടിരുന്നാല്‍, മസ്തിഷ്‌ക്കമരണം സംഭവിച്ച വ്യക്തിയുടെ മറ്റ് ആന്തരാവയവങ്ങള്‍ അവയവമാറ്റ ശസ്‌ത്രക്രിയക്ക് ഉപയുക്തമാക്കാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും എന്ന കണ്ടെത്തലാണ് അവയവ മാറ്റ ശസ്‌ത്രക്രിയയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയത്.

മറ്റു രാഷ്‌ട്രങ്ങള്‍ വിശ്വാസങ്ങള്‍

ലോകത്തില്‍ മറ്റു രാഷ്‌ട്രങ്ങളില്‍ നടക്കുന്ന എല്ലാത്തരം അവയവം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകളും ഇന്ത്യയില്‍ നടക്കുന്നുണ്ട്. മറ്റ് രാഷ്‌ട്രങ്ങളെ അപേക്ഷിച്ച് ഇത്തരം വിദഗ്ധ സര്‍ജ്ജന്മാരുടെ ലഭ്യതയും ചികിത്സാചെലവും ഇന്ത്യയ്‌ക്കനുകൂലമായ സാഹചര്യമുണ്ടാക്കുന്നുവെങ്കിലും ജനസംഖ്യാ ആനുപാതികമായി ഇത്തരം ശസ്‌ത്രക്രിയകള്‍ ഇന്ത്യയില്‍ കുറവാണ്. അമേരിക്കയില്‍ പാന്‍ക്രിയാസ് മാറ്റി വെക്കല്‍ ശസ്‌ത്രക്രിയകള്‍ പ്രതിവര്‍ഷം ആയിരത്തോളം നടക്കുമ്പോള്‍, ഇവിടെ വിരലിലെണ്ണാവുന്നവയേ ഇതുവരെ നടന്നിട്ടുള്ളൂ. സമാനമായ പ്രകടനമാണ് ഹൃദയംമാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍ തുടങ്ങിയ ശസ്‌ത്രക്രിയാ രംഗത്തും നടക്കുന്നത്. കടാവര്‍ ട്രാന്‍‌സ്‌പ്ലാന്റേഷന്‍, അഥവാ മസ്തിഷ്‌ക്കമരണത്തിന് ശേഷമുള്ള അവയവദാനം ഫലപ്രദമായി പ്രചരിക്കാത്തതാണ് മൊത്തത്തില്‍ ഇത്തരം ചികിത്സകള്‍ വിജയകരമായി നമ്മുടെ നാട്ടില്‍ നടപ്പില്‍ വരാത്തതിന്റെ പ്രധാനകാരണം.

ആധുനിക ചികിത്സാ മുന്നേറ്റത്തില്‍ നമ്മുടെ വളരെ പിറകില്‍ നില്‍ക്കുന്ന അറബ് രാജ്യങ്ങള്‍പോലും ഈ മേഖലയില്‍ നമ്മുടെ എത്രയോ മുന്നിലെത്തി കഴിഞ്ഞു. 1984 ല്‍ ഇറാനില്‍ ആയത്തുള്ള ഖുമൈനി അവയവദാനത്തെ സംബന്ധിച്ച് മുസ്ളീം നിലപാട് വ്യക്തമാക്കിയിറക്കിയ ഫത്ത് വയാണ് ഈയൊരു മുന്നേറ്റത്തിലെ പ്രധാന നാഴികക്കല്ല്. സൌദി അറേബ്യയിലും, ഒമാനിലും കുവൈറ്റിലും മറ്റു പല അറബ് രാജ്യങ്ങളിലും മൊത്തം അവയവമാറ്റത്തിനായുപയോഗിക്കുന്ന അവയവങ്ങളില്‍ ഇരുപത്തിയഞ്ചു ശതമാനത്തോളം വരെ കടാവറില്‍ നിന്ന് ശേഖരിക്കുന്നവയാണ്. മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന ഇറാന്‍ മോഡലിന്റെ പ്രത്യേകത,സാമ്പത്തിക പരിഗണനകളോ, മറ്റു വിവേചനങ്ങളോ ഇല്ലാതെ മെഡിക്കല്‍ ആയ പരിഗണനകള്‍ മാത്രം അവലംബിച്ച് രോഗികള്‍ക്ക് അവയവങ്ങള്‍ ലഭ്യമാക്കുന്നു എന്നതാണ്.

1998 ല്‍ വത്തിക്കാനില്‍ നടന്ന വൃക്കരോഗവിദഗ്ധരുടെ അന്തര്‍ദ്ദേശീയ സെമിനാറില്‍ നടത്തിയ ആമുഖ പ്രസംഗത്തില്‍ പോപ്പ് അവയവദാനത്തെ സംബന്ധിച്ച് സഭയുടെ നിലപാട് വ്യക്തമാക്കുകയും ഏറ്റവും ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി അവയവദാനത്തെ വാഴ്ത്തുകയും ചെയ്യുകയുണ്ടായി.

അമേരിക്കയില്‍ ദശലക്ഷം ജനങ്ങള്‍ക്ക് 24 എന്ന തോതിലാണ് അവയവദാനത്തിനായി കടാവര്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. ഇത് അപര്യാപ്തമാണ് എന്ന് വ്യാകുലത കൊണ്ട് വന്‍തോതിലുള്ള ഫണ്ടിംങ്ങ് നടത്തി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് Donate Life America (DLA) എന്ന സന്നദ്ധ സംഘടന. യൂറോപ്പില്‍ മിക്ക രാജ്യങ്ങളിലും വളരെ ഉയര്‍ന്ന തോതിലാണ് കടാവര്‍ ട്രാന്‍‌സ്‌പ്ലാന്റേഷന്‍ നടക്കുന്നത്. ഉദാഹരണത്തിന് ഒരു ദശലക്ഷം ജനങ്ങള്‍ക്ക് 49എന്ന തോതില്‍ കടാവറുകള്‍ അവയവദാനത്തിന് വേണ്ടി ലഭിക്കുന്ന സ്പെയിനില്‍ ഏകദേശം 99 ശതമാനം അവയവമാറ്റ ശസ്‌ത്രക്രിയകളും ഇത്തരം അവയവങ്ങള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ദശലക്ഷം ജനങ്ങള്‍ക്ക് 0.02 കടാവര്‍ എന്നതോതില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത് എന്നറിയുമ്പോള്‍ എത്രദൂരം നമുക്കിനി സഞ്ചരിക്കാനുണ്ടെന്ന് ഊഹിക്കാനാവുമല്ലോ!

റോഡപകടങ്ങളാണ് മസ്തിഷ്‌ക്കമരണത്തിന്റെ പ്രധാനകാരണം. തലച്ചോറിലുണ്ടാവുന്ന രക്തസ്രാവം, ബ്രെയിന്‍ട്യൂമര്‍ എന്നിവയും മസ്തിഷ്‌ക്കമരണത്തിനിടയാക്കാം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് റോഡപകടങ്ങളും, ആത്മഹത്യകളും മറ്റ് അപകട മരണങ്ങളും വര്‍ദ്ധിച്ചതോതിലുള്ള നമ്മുടെ നാട്ടില്‍ ഇത്തരം ബോഡികള്‍ അവയവങ്ങള്‍ ശേഖരിക്കാതെ കത്തിച്ചുകയളയുകയോ, മറവു ചെയ്യുകയോ ചെയ്യുന്നത് ഒരര്‍ത്ഥത്തില്‍ വലിയൊരു നീതിനിഷേധമാണ്, അപരാധമാണ്. ഒരു ശരീരത്തില്‍ നിന്ന് ഇങ്ങനെ പാഴാക്കികളയുന്ന ആരോഗ്യമുള്ള അവയവങ്ങള്‍കൊണ്ട് ഏഴ് പേര്‍ക്ക് ജീവിതം ദാനം ചെയ്യാം. രണ്ടുപേര്‍ക്ക് കാഴ്ചനല്‍കാം. കേരളത്തില്‍ റോഡപകടങ്ങളില്‍ നിന്ന് മാത്രം മൂവായിരം പേരാണ് ഓരോ വര്‍ഷവും മരണമടയുന്നത്. അവരെല്ലാവരും അവയവദാനം ചെയ്യുന്ന ഒരു സംസ്‌ക്കാരം നമ്മുടെ നാട്ടില്‍ പ്രചരിക്കുകയാണെങ്കില്‍ സംഭവിക്കുന്ന മാറ്റം മനുഷ്യസ്നേഹത്തിന്റെ ചരിത്രത്തില്‍ അവിസ്‌മരണീയമായിരിക്കും.

പണത്തിന്റെ അയോഗ്യത!

ഇന്ത്യയില്‍ അവയവങ്ങള്‍ക്ക് വേണ്ടിയുള്ള പ്രധാന സ്രോതസ്സ് പാവങ്ങളും, സ്‌ത്രീകളും മറ്റ് അവശവിഭാഗങ്ങളുമാണ്. ഇവിടെ ഏതെങ്കിലും പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്നവരില്‍ നിന്ന് മാത്രമാണ് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട സഹായം വരുന്നത് എന്നിരിക്കെ പാരിതോഷികമായി അവര്‍ക്ക് ഏറ്റവും ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനെ കര്‍ശനമായി നിരോധിക്കുന്നതിലെ 'അയുക്തി' വിമര്‍ശിക്കപ്പെടുന്നുണ്ട്. നിയമസാധുത നല്‍കുകയാണെങ്കില്‍, ഇടനിലക്കാരുടെ കശാപ്പിനറുതി വരുത്താനും ഇത്തരം ശസ്‌ത്രക്രിയകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാനും സഹായകമാവില്ലേ എന്നാണ് ചോദ്യം. ഒറ്റ നോട്ടത്തില്‍ യുക്തിസഹം എന്നുതോന്നുന്ന ഈ വാദഗതിയെ സൂക്ഷ്‌മമായ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതാണ്.

ആയിരക്കണക്കിന് പാവങ്ങള്‍ സാമ്പത്തിക പരാധീനത മൂലം ആത്മഹത്യ ചെയ്യുന്ന രാജ്യത്ത് സേവനമായ അവയവ ദാനം വഴി ദാരിദ്ര്യം കുറയ്‌ക്കാന്‍ ശ്രമിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യം തന്നെയാണ്. മനുഷ്യസേവനങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്ന ഈ വ്യാപാരത്തില്‍ ആര്‍ക്കും നഷ്ടം സംഭവിക്കുന്നില്ല. എന്നാല്‍ ദല്ലാള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും എന്തെങ്കിലും കിട്ടുന്നുമുണ്ട്. സര്‍ക്കാരിന് ഫെയര്‍ പ്രൈസ് നിശ്ചയിച്ച് ദല്ലാളന്മാരെ ഒഴിവാക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യാം.

വ്യത്യസ്തമായ മാനുഷിക മൂല്യങ്ങള്‍

ഈ ചോദ്യം ശരിയാണ് എന്നുതോന്നിപ്പോയിട്ടുണ്ടെങ്കില്‍ ദരിദ്ര രാജ്യത്ത് ജീവിക്കുന്നവന്റെ നശിച്ചുപോയ മാനുഷിക മൂല്യങ്ങളെ മാത്രമേ കുറ്റം പറയേണ്ടതുള്ളൂ. ദരിദ്രന്റെയോ, അവശന്റെയോ, അവയവം മാത്രമേ വില്‍പനച്ചരക്കാക്കാന്‍ നമ്മുടെ ജനങ്ങള്‍ അനുവദിക്കുന്നുള്ളൂ. അത്തരം വ്യാപാരത്തിന് അനുമതി സമൂഹം നല്‍കുമ്പോള്‍ കമ്പോളം അതിനെ ഏതറ്റംവരെ കൊണ്ടുപോവും എന്നത് നാമെല്ലാം ഊഹിക്കുന്നതിനും എത്രയോ അപ്പുറത്തായിരിക്കും. അവയവത്തിന് വേണ്ടി മനുഷ്യരെ വില്‍ക്കുന്നതും മറിച്ച് വില്‍ക്കുന്നതും തട്ടികൊണ്ടുപോവുന്നതും നിത്യസംഭവമാവും. ഇപ്പോള്‍ നിലവിലുള്ള നിയമം അനുവദിക്കുന്ന ഭാര്യയുടെ അവയവം നേടാന്‍ വേണ്ടി മാത്രം വിവാഹം കഴിക്കുന്നതും ശസ്‌ത്രക്രിയയ്‌ക്കു ശേഷം വിവാഹമോചനം നേടുന്നതും തരമാക്കികൊടുക്കുന്ന കിഡ്‌നി മാര്യേജുകള്‍ കണ്ടുപിടിച്ച രാജ്യമാണ് ഇന്ത്യയെന്നോര്‍ക്കണം!

മറ്റെല്ലാ മേഖലയിലേയും എന്ന പോലെ ആരോഗ്യമേഖലയിലേയും നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന വിദ്യാസമ്പന്നരായ ഉയര്‍ന്ന വര്‍ഗ്ഗത്തിന് മധ്യവര്‍ഗ്ഗത്തെയോ, അടിസ്ഥാന വര്‍ഗ്ഗത്തേയോ, അപേക്ഷിച്ച് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം അലോസരങ്ങള്‍ സൃ,ഷ്ടിക്കുന്നില്ല. പണമുണ്ടെങ്കില്‍ അവയവ മാര്‍ക്കറ്റില്‍ വേണ്ട അവയവങ്ങള്‍ ലഭ്യമാണെന്നതു കൊണ്ടുതന്നെ മറ്റു രാഷ്‌ട്രങ്ങളിലെ പോലെ കടാവറുകളെ അവയവത്തിനായുള്ള സ്രോതസ്സാക്കിമാറ്റാനുള്ള സാമൂഹ്യ നിയമങ്ങളോ, സമ്മര്‍ദ്ദങ്ങളോ നമ്മുടെ നാട്ടില്‍ ഉണ്ടാവുന്നില്ല. വിലകൊടുത്താല്‍ കിട്ടുന്ന അവയവങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സജീവമായ കടാവര്‍ ട്രാന്‍‌സ്‌പ്ലാന്റേഷന്‍ പ്രോഗ്രാമുകള്‍ ഇന്ത്യയില്‍ കരുപ്പിടിക്കില്ല എന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇന്ത്യയേക്കാള്‍ യാഥാസ്ഥിതികമായ രാജ്യങ്ങളില്‍പ്പോലും ഉയര്‍ന്നതോതിലുള്ള കടാവര്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ നിരക്കിന്റെ അടിസ്ഥാന പ്രേരണ, അവിടെ നിലനില്‍ക്കുന്ന ഉയര്‍ന്ന മാനുഷിക മൂല്യങ്ങളും, അവയവങ്ങല്‍ വില്‍ക്കാനും വാങ്ങാനും തയ്യാറാവുന്ന മനുഷ്യരുടെ അഭാവവുമാണ്.

വില്‍ക്കപ്പെടുന്നവരുടെ നേട്ടങ്ങള്‍?

വിവിധ ഏജന്‍സികളും ഗവേഷകരും ഇന്ത്യന്‍ ദാതാക്കളായവരില്‍ നടത്തിയ പഠനങ്ങള്‍ അപ്രതീക്ഷിതങ്ങളായ വസ്തുതകളാണ് വെളിപ്പെടുത്തുന്നത്. കടബാധ്യതകള്‍, മക്കളുടെ വിവാഹം, ഗൃഹനിര്‍മ്മാണം, രോഗചികിത്സ തുടങ്ങിയ പ്രാരാബ്‌ധങ്ങളാണ് അവയവദാതാക്കളുടെ പ്രധാന പ്രചോദനങ്ങള്‍. സ്വീകരിക്കുന്ന രോഗിയെപ്പറ്റിയുള്ള അറിവോ, സഹാനുഭൂതിയോ, ആര്‍ക്കുംതന്നെ ദാനത്തിന് പ്രചോദനമാകുന്നില്ല. മിക്കവാറും ദാനങ്ങളില്‍ ഭര്‍ത്താവിന്റെ പ്രേരണയാല്‍ ഭാര്യയാണ് ദാതാവാകുന്നത്. മിക്കപേര്‍ക്കും വാഗ്ദാനം ചെയ്ത പറഞ്ഞുറപ്പിച്ച പ്രതിഫലം തികച്ചും ലഭിച്ചിരുന്നില്ല. പല കുടുംബങ്ങള്‍ക്കും ഇങ്ങനെ ലഭിച്ച പണം കൊണ്ട് കടബാധ്യതകള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, കിട്ടിയപണംകൊണ്ട് മദ്യപാനികളായ പുരുഷന്മാര്‍ ധൂര്‍ത്തടിച്ചുകളയുകയാണു ചെയ്‌തത്. അവയവദാന ഓപ്പറേഷനുശേഷം ജോലി തുടരാന്‍ കഴിയാത്തതും മറ്റുമായ കാരണങ്ങളാല്‍ കുടുംബ വരുമാനം കുറഞ്ഞതായും നിരീക്ഷിക്കപ്പെടുന്നുണ്ട്. വിദൂര സ്ഥലങ്ങളിലെ ആശുപ്രതികളില്‍ തുടര്‍ പരിശോധനയ്‌ക്കുവേണ്ടി ഓപ്പറേഷന് വിധേയരായ പാവപ്പെട്ട സ്‌ത്രീകള്‍ക്കും ആദിവാസികള്‍ക്കും വീണ്ടും എത്തിപ്പെടുക അസാധ്യമായിരുന്നു. ആരോഗ്യമുള്ള ദരിദ്രരും രോഗികളായ സമ്പന്നരുമായുളള ഈ ഇടപാടിന്നൊടുവില്‍ പലപ്പോഴും ആരോഗ്യം നഷ്‌ടപ്പെട്ട ദരിദ്രനും, ആരോഗ്യം നേടിയ സമ്പന്നനുമാണുണ്ടാവുന്നത് എന്ന ആശങ്ക ചില ആരോഗ്യ പ്രവര്‍ത്തകര്‍ പങ്ക് വെക്കുന്നുണ്ട്.

മാറ്റാവുന്ന വിശ്വാസങ്ങള്‍

വളരെ ഉയര്‍ന്ന തോതിലുള്ള വാഹനാപകടങ്ങളും ആത്മഹത്യകളും നടക്കുന്ന നമ്മുടെ നാട്ടില്‍ കടാവര്‍ ട്രാന്‍‌സ്‌പ്ലാന്റേഷന്റെ അഭാവം അരോചകമായ സത്യമാണ്. ഒരു കോടിയിലധികം ജനങ്ങള്‍ വര്‍ഷം പ്രതി മരിക്കുന്ന ഇന്ത്യയില്‍ കേവലം അമ്പതില്‍ താഴെ ശരീരങ്ങള്‍ മാത്രമേ ഇത്തരം മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി ദാനം ചെയ്യപ്പെടുന്നുള്ളു എന്നതാണ്, വിദേശ രാഷ്‌ട്രങ്ങളോട് ഏതെങ്കിലും പന്ത് കളിയില്‍ പരാജയപ്പെടുന്നതിനേക്കാള്‍ അപമാനകരമായ അവസ്ഥ! ഇവിടെ നമുക്ക് നഷ്ടപ്പെടുന്നത് മറ്റൊരു രാജ്യത്തിലായിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവനാണ് ! വളരെ വര്‍ഷങ്ങള്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ലക്ഷക്കണക്കിന് വൃക്കകള്‍, ഹൃദയങ്ങള്‍, ശ്വാസകോശങ്ങള്‍, പാന്‍ക്രിയാസുകള്‍ തുടങ്ങിയ അമൂല്യമായ ആന്തരാവയവങ്ങള്‍ ചിതയില്‍ കത്തിച്ചുകളയുമ്പോള്‍, മറുവശത്ത് അത്രയും ഹതഭാഗ്യര്‍ അവ ലഭിക്കാതെ മരണം പുല്‍കി ചിതയിലെത്തുകയാണ്. ഏകദേശം രണ്ടുലക്ഷം രോഗികളെയാണ് ഒരു വര്‍ഷം ഇന്ത്യക്കാരിങ്ങനെ കൈവിട്ടുകളയുന്നത്.

കടാവര്‍, സമ്മതിക്കുന്നവര്‍

മഹനീയമായ ഈ മനുഷ്യകാരുണ്യത്തിനു തയ്യാറാവുന്ന കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മസ്തിഷ്‌ക്ക മരണം സ്‌ഥിരീകരിച്ചശേഷവും കുറേയെറെ സമയം ആശുപത്രിയില്‍ കാത്തുകിടക്കേണ്ടിവരും. തീര്‍ത്തും അപ്രതീക്ഷിതമായ മരണത്തിന് ശേഷമുള്ള അസഹ്യമായ ഈ കാത്തിരിപ്പ്, പക്ഷെ മറ്റനേകം നിര്‍ഭാഗ്യവാന്മാരെ വര്‍ഷങ്ങളോളം ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കും എന്ന അറിവ് ആ ത്യാഗത്തെ സഹനീയമാക്കുന്നതാണ്.

ആശയക്കുഴപ്പത്തിന്റെ സമയം

അവയവദാനം, സുഗമമായി നടക്കണമെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ നല്‍കിയ സമ്മതപത്രം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ മസ്തിഷ്‌ക്കമരണശേഷം ബന്ധുക്കള്‍ സമ്മതം നല്‍കണം. സാധാരണ ഗതിയില്‍ അത്തരമൊരു മാനസികാവസ്ഥയിലായിരിക്കില്ല അപ്രതീക്ഷിതമായി മരണമടയുന്ന വ്യക്തിയുടെ ഉറ്റബന്ധുക്കള്‍. അവരോട് അവയവദാനത്തിന് വേണ്ടി അപേക്ഷിക്കുന്നത് തന്നെ തികഞ്ഞ സ്വാര്‍ത്ഥതയായി തെറ്റിദ്ധരിക്കപ്പെടാനാണ് സാധ്യത. നമ്മുടെ നാട്ടില്‍ മാത്രമെന്താണീ പ്രതിസന്ധി? കാരണം ലളിതമാണ്. ഈ വിഷയം നമ്മള്‍ ഇതുവരെ ഗൌരവമായി ചര്‍ച്ച ചെയ്തിട്ടില്ല. അതിനുള്ള ആദ്യത്തെ അവസരം ഒരിക്കലും തങ്ങള്‍ തികച്ചും ഒറ്റപ്പെട്ടു പോവുന്ന ആശുപത്രിയിലെ ഐസിയുവിന്റെ മുന്നിലായിരിക്കരുത്. മറിച്ച് നമ്മള്‍ പഠിക്കുന്ന സ്‌കൂളുകളിലായിരിക്കണം, വായിക്കുന്ന പ്രസിദ്ധീകരണങ്ങളിലായിരിക്കണം, സാഹിത്യത്തിലായിരിക്കണം, കാണുന്ന ചാനലുകളിലായിരിക്കണം, സിനിമകളിലായിരിക്കണം, കേള്‍ക്കുന്ന രാഷ്‌ട്രീയപ്രസംഗങ്ങളിലായിരിക്കണം, ആത്മീയപ്രഭാഷണങ്ങളിലായിരിക്കണം.

അങ്ങനെ ഒരിക്കലെങ്കിലും ചിന്തിക്കപ്പെട്ട ഒരു മനസ്സിനും, ഇത്തരം ഒരു പ്രാര്‍ത്ഥന, അപേക്ഷ അരോചകമായി അനുഭവപ്പെടില്ല. ഇങ്ങനെയൊരു സാംസ്‌ക്കാരിക മാറ്റം കേരളത്തില്‍ അസാദ്ധ്യമായിരിക്കാന്‍ സാദ്ധ്യതയില്ല, എങ്കില്‍ കേരളത്തിന് ഇന്ത്യയ്‌ക്കൊരു മാതൃകയാവാം, ഇന്ത്യയ്‌ക്ക് മുമ്പെ നടക്കാം!

ഇങ്ങനെയൊരു കൂട്ടായ്മ സ്വപ്നം കാണുന്ന ജനകീയസംരംഭമാണ് ഹോപ്പ് ; കോഴിക്കോട് കേന്ദ്രമായി തുടങ്ങിയ ഈ നെറ്റ്വര്‍ക്കില്‍ മരണശേഷമുള്ള അവയവദാനം ജനകീയമാക്കാന്‍ പ്രവര്‍ത്തിക്കുന്നവരും അവയവദാനത്തിന് താല്‍പര്യമുള്ളവരും, അവയവം നല്‍കിയവരും, അവയവം ആവശ്യമുള്ളവരും,.ആരോഗ്യപ്രവര്‍ത്തകരും, ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമമായ ചെറുകുളത്തൂരിലെ ജനകീയ പ്രവര്‍ത്തകരുമാണിപ്പോഴുള്ളത്. ശൈശവാവസ്ഥയിലുള്ള ഹോപ്പിന് വളരണമെങ്കില്‍ സേവന തല്‍പരരായ യുവാക്കളുടെ നിര്‍ലോഭമായ സഹകരണവും പ്രോത്സാഹനവും ആവശ്യമാണ്. കേരളത്തിലെ എല്ലാ ഭാഗത്തുനിന്നുമുള്ള യുവാക്കള്‍ ഇതില്‍ അണിചേരുകയാണെങ്കില്‍ ആരും സഹായിക്കാനില്ലാതെ മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ആയിരക്കണക്കിന് സഹോദരീസഹോദരന്മാരെ സഹായിക്കാനും ജീവിതത്തിലേയ്‌ക്ക് തിരിച്ചു കൊണ്ടുവരാനും കഴിയും. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പേ വിവിധ യുവജനസംഘങ്ങള്‍ ഏറ്റെടുത്ത രക്തദാനത്തിന്റെ ഇന്നത്തെ സ്വീകാര്യതപോലെ അവയവദാനവും മലയാളിയുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി വളര്‍ന്നു വരണമെങ്കില്‍, ഊര്‍ജ്ജസ്വലരായ വ്യക്തികളുടെ കൂട്ടായപ്രവര്‍ത്തനം ആവശ്യമാണ്. സേവനതല്‍പരരായ സുഹൃത്തുക്കള്‍ ഹോപ്പുമായി ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുകയാണ് ഈ നെറ്റ്വര്‍ക്ക്.

***

ഡോ: വിജയന്‍ എ പി, കടപ്പാട്: യുവധാര

6 comments:

വര്‍ക്കേഴ്സ് ഫോറം said...

വളരെ ഉയര്‍ന്ന തോതിലുള്ള വാഹനാപകടങ്ങളും ആത്മഹത്യകളും നടക്കുന്ന നമ്മുടെ നാട്ടില്‍ കടാവര്‍ ട്രാന്‍‌സ്‌പ്ലാന്റേഷന്റെ അഭാവം അരോചകമായ സത്യമാണ്. ഒരു കോടിയിലധികം ജനങ്ങള്‍ വര്‍ഷം പ്രതി മരിക്കുന്ന ഇന്ത്യയില്‍ കേവലം അമ്പതില്‍ താഴെ ശരീരങ്ങള്‍ മാത്രമേ ഇത്തരം മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി ദാനം ചെയ്യപ്പെടുന്നുള്ളു എന്നതാണ്, വിദേശ രാഷ്‌ട്രങ്ങളോട് ഏതെങ്കിലും പന്ത് കളിയില്‍ പരാജയപ്പെടുന്നതിനേക്കാള്‍ അപമാനകരമായ അവസ്ഥ! ഇവിടെ നമുക്ക് നഷ്ടപ്പെടുന്നത് മറ്റൊരു രാജ്യത്തിലായിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവനാണ് ! വളരെ വര്‍ഷങ്ങള്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ലക്ഷക്കണക്കിന് വൃക്കകള്‍, ഹൃദയങ്ങള്‍, ശ്വാസകോശങ്ങള്‍, പാന്‍ക്രിയാസുകള്‍ തുടങ്ങിയ അമൂല്യമായ ആന്തരാവയവങ്ങള്‍ ചിതയില്‍ കത്തിച്ചുകളയുമ്പോള്‍, മറുവശത്ത് അത്രയും ഹതഭാഗ്യര്‍ അവ ലഭിക്കാതെ മരണം പുല്‍കി ചിതയിലെത്തുകയാണ്. ഏകദേശം രണ്ടുലക്ഷം രോഗികളെയാണ് ഒരു വര്‍ഷം ഇന്ത്യക്കാരിങ്ങനെ കൈവിട്ടുകളയുന്നത്.

മഹനീയമായ ഈ മനുഷ്യകാരുണ്യത്തിനു തയ്യാറാവുന്ന കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മസ്തിഷ്‌ക്ക മരണം സ്‌ഥിരീകരിച്ചശേഷവും കുറേയെറെ സമയം ആശുപത്രിയില്‍ കാത്തുകിടക്കേണ്ടിവരും. തീര്‍ത്തും അപ്രതീക്ഷിതമായ മരണത്തിന് ശേഷമുള്ള അസഹ്യമായ ഈ കാത്തിരിപ്പ്, പക്ഷെ മറ്റനേകം നിര്‍ഭാഗ്യവാന്മാരെ വര്‍ഷങ്ങളോളം ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കും എന്ന അറിവ് ആ ത്യാഗത്തെ സഹനീയമാക്കുന്നതാണ്.

അവയവദാനം, സുഗമമായി നടക്കണമെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ നല്‍കിയ സമ്മതപത്രം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ മസ്തിഷ്‌ക്കമരണശേഷം ബന്ധുക്കള്‍ സമ്മതം നല്‍കണം. സാധാരണ ഗതിയില്‍ അത്തരമൊരു ാനസികാവസ്ഥയിലായിരിക്കില്ല അപ്രതീക്ഷിതമായി മരണമടയുന്ന വ്യക്തിയുടെ ഉറ്റബന്ധുക്കള്‍. അവരോട് അവയവദാനത്തിന് വേണ്ടി അപേക്ഷിക്കുന്നത് തന്നെ തികഞ്ഞ സ്വാര്‍ത്ഥതയായി തെറ്റിദ്ധരിക്കപ്പെടാനാണ് സാധ്യത. നമ്മുടെ നാട്ടില്‍ മാത്രമെന്താണീ പ്രതിസന്ധി? കാരണം ലളിതമാണ്. ഈ വിഷയം നമ്മള്‍ ഇതുവരെ ഗൌരവമായി ചര്‍ച്ച ചെയ്തിട്ടില്ല. അതിനുള്ള ആദ്യത്തെ അവസരം ഒരിക്കലും തങ്ങള്‍ തികച്ചും ഒറ്റപ്പെട്ടു പോവുന്ന ആശുപത്രിയിലെ ഐസിയുവിന്റെ മുന്നിലായിരിക്കരുത്. മറിച്ച് നമ്മള്‍ പഠിക്കുന്ന സ്‌കൂളുകളിലായിരിക്കണം, വായിക്കുന്ന പ്രസിദ്ധീകരണങ്ങളിലായിരിക്കണം, സാഹിത്യത്തിലായിരിക്കണം, കാണുന്ന ചാനലുകളിലായിരിക്കണം, സിനിമകളിലായിരിക്കണം, കേള്‍ക്കുന്ന രാഷ്‌ട്രീയപ്രസംഗങ്ങളിലായിരിക്കണം, ആത്മീയപ്രഭാഷണങ്ങളിലായിരിക്കണം.

അങ്ങനെ ഒരിക്കലെങ്കിലും ചിന്തിക്കപ്പെട്ട ഒരു മനസ്സിനും, ഇത്തരം ഒരു പ്രാര്‍ത്ഥന, അപേക്ഷ അരോചകമായി അനുഭവപ്പെടില്ല. ഇങ്ങനെയൊരു സാംസ്‌ക്കാരിക മാറ്റം കേരളത്തില്‍ അസാദ്ധ്യമായിരിക്കാന്‍ സാദ്ധ്യതയില്ല, എങ്കില്‍ കേരളത്തിന് ഇന്ത്യയ്‌ക്കൊരു മാതൃകയാവാം, ഇന്ത്യയ്‌ക്ക് മുമ്പെ നടക്കാം!

Vivara Vicharam said...

ഹോപ്പുമായി എങ്ങിനെ ബന്ധപ്പെടാം ?
ഉപയോഗമുള്ള എല്ലാ അവയവങ്ങളും കൊടുക്കാം.

പാര്‍ത്ഥന്‍ said...

ഇന്നത്തെ തലമുറ ചിന്തിക്കേണ്ട ഒരു പ്രധാ‍ന വിഷയം തന്നെ. ഇതിനായി അന്ധമായ പല വിശ്വാസങ്ങളെയും മാറ്റിയെടുക്കേണ്ടതായിട്ടുണ്ട്.
മരിച്ച വ്യക്തിയുടെ ഭൌതികശരീരം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഉത്തമം എന്ന് ചില ശിഷ്യന്മാർ ഗുരുദേവനോടു ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത്‌ ചക്കിലിട്ടാട്ടി കൃഷിക്കുപയോഗിക്കാനാണ്. അന്ന്‌ അവയവമാറ്റ ശസ്ത്രക്രിയ ഉണ്ടായിരുന്നെങ്കിൽ മറുപടി അതിനനുസരിച്ചാകുമായിരുന്നു. ഈ യുക്തിവാദമാണ് ജനങ്ങൾ മനസിലാക്കേണ്ടിയിരുന്നത്‌. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരീക്ഷണത്തിന് ശവശരീരം കിട്ടുന്നില്ല എന്നറിഞ്ഞപ്പോൾ, എന്റെ മരണശേഷം അത് ഏതെങ്കിലൂം മെഡിക്കൽ കോളേജിന് കൊടുത്താലോ എന്ന് ആഗ്രഹിച്ചിരുന്നു. അതിനേക്കാൾ പുണ്യമല്ലെ അവയവദാനം.

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Anonymous said...

"മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരീക്ഷണത്തിന് ശവശരീരം കിട്ടുന്നില്ല എന്നറിഞ്ഞപ്പോൾ, എന്റെ മരണശേഷം അത് ഏതെങ്കിലൂം മെഡിക്കൽ കോളേജിന് കൊടുത്താലോ എന്ന് ആഗ്രഹിച്ചിരുന്നു.അതിനേക്കാൾ പുണ്യമല്ലെ അവയവദാനം."
"പുണ്യം”? ആ വാക്കിനു ഇവിടെ പ്രസക്തിയില്ലല്ലോ?അതൊരു അന്ധ്ഹവിശ്വാസമല്ലേ?
“ദാനം” ? അതിനു വില്പനയേക്കാൾ മഹത്വം കല്പിക്കുന്ന്തു പിന്തിരിപ്പൻ സങ്കല്പം.
ഇനി ‘പ്രയോജനം’ ആണുദ്ദേശിക്കുനതെങ്കിൽ, മെഡിക്കൽകോളേജിൽ കൊടുക്കുന്നതു തന്നെ നല്ലതു.ഗവറ്ണ്മെന്റ്കോളേജിൽ കൊടുക്കണോ പ്രൈവറ്റിൽ കൊടുക്കണോ? പ്രയോജനം രണ്ടായാലും തുല്യം. ദാതാവിന്റെ കുടുംബത്തിനു പ്രയോജനം കൂടും, പുഷ്പഗിരിക്കോ മറ്റൊ കൊടുത്താൽ. എന്താ?

പാര്‍ത്ഥന്‍ said...

Anonymouse ? മേൽ‌വിലാസം ഇല്ലാത്തവൻ, പിതൃശൂന്യൻ- ഏതാ ശരി എന്നറിഞ്ഞില്ല. വീട്ടിൽ തല ഇനിയും ബാക്കിയുണ്ടോ? അതോ വിറ്റു കാശാക്കിയോ ? പച്ചക്കോ കൊന്നിട്ടോ എന്നു ചോദിക്കുന്നില്ല.