Saturday, October 11, 2008

അപ്രിയമാകുന്ന അമേരിക്കന്‍ സ്വപ്നം

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരമേരിക്കന്‍ സര്‍വകലാശാലയില്‍ പ്രവേശനം കിട്ടിയ ബന്ധുയുവാവ് എന്നോട് ചോദിച്ചു: "അങ്കിള്‍, അമേരിക്കന്‍ സ്വപ്നത്തെപ്പറ്റി ഞാന്‍ കുറേ വായിച്ചിട്ടുണ്ട് '' എന്താണത്? കേട്ടുനിന്ന എന്റെ മകന്‍ ഇങ്ങനെ ഉത്തരം പറഞ്ഞു, "നഗരപ്രവേശത്തില്‍ ഒരു വീടും രണ്ട് കാറുകളും രണ്ട് പട്ടികളും രണ്ട് കുട്ടികളും''. പകുതി തമാശയായിട്ടായിരുന്നെങ്കിലും ആ ഉത്തരത്തില്‍ എല്ലാം ഉള്‍ക്കൊണ്ടിരുന്നു.

ഇത്തരം സ്വപ്നം തങ്ങളുടെ കയ്യെത്തും ദൂരത്തുനിന്നും വഴുതുകയാണെന്ന് ധാരാളം അമേരിക്കന്‍ ചെറുപ്പക്കാര്‍ക്ക് ഇന്ന് തോന്നുന്നു. ഭവനവായ്പാ പദ്ധതിയുടെ തകര്‍ച്ച, ഭക്ഷ്യവസ്തുക്കളുടെയും എണ്ണയുടെയും അഭൂതപൂര്‍വമായ വിലവര്‍ധന, ഡോളറിന്റെ (മറ്റെല്ലാ മുഖ്യ നാണ്യങ്ങളുടെയും) മൂല്യത്തകര്‍ച്ച, ഉയരുന്ന തൊഴിലില്ലായ്‌മ എന്നിവയുടെ മാരക സംയോജനത്തില്‍ നിന്നുണ്ടായ കൊടുങ്കാറ്റടിച്ചപ്പോഴാണ് അവര്‍ക്ക് തിരിച്ചറിവുണ്ടായത്.

എന്നാല്‍ ഇതൊരു ഊതിവീര്‍പ്പിച്ച ഭയമാണോ? എന്തൊക്കെയാണ് കഠിന സത്യങ്ങള്‍? സാമ്പത്തിക തിരിച്ചടിയെപ്പറ്റി എല്ലാവരും പറയുന്നുണ്ടെങ്കിലും ഡോളര്‍ തകര്‍ച്ച സാധ്യമാക്കിയ കയറ്റുമതി വളര്‍ച്ച കാരണം ഒരു ക്വാര്‍ട്ടറിലും മൊത്തം ദേശീയോല്‍പ്പാദനനിരക്കില്‍ ഇടിവ് കാണുന്നില്ല. തൊഴിലില്ലായ്‌മാ നിരക്ക് ഉയരുകയാണെങ്കിലും അത് 5.5 ശതമാനത്തില്‍ ചുറ്റിക്കറങ്ങുന്നു. മുപ്പതുകളിലെ വന്‍മാന്ദ്യത്തില്‍ ഇത് 25 ശതമാനം എത്തിയിരുന്നു എന്നോര്‍ക്കുക. അതിലുപരി ബാങ്കുതകര്‍ച്ചകളില്‍ നിന്ന് നിക്ഷേപകരെ സംരക്ഷിക്കാന്‍ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയോ തൊഴിലില്ലായ്‌മാ വേതനം പോലുള്ള മറ്റ് സാമൂഹ്യ സുരക്ഷകളോ മുപ്പതുകളില്‍ ഇല്ലായിരുന്നുവെന്നും ഓര്‍ക്കുക.

യഥാര്‍ത്ഥ മോഹഭംഗം

അങ്ങനെ, വന്‍മാന്ദ്യകാലത്ത് അമേരിക്കക്കാര്‍ അനുഭവിച്ചതുപോലെ അത്ര മോശമൊന്നും അല്ല കാര്യങ്ങള്‍. പക്ഷേ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത് വെറും വസ്തുതകള്‍ മാത്രമല്ല. ഇന്നത്തെ തലമുറ വന്‍മാന്ദ്യം കണ്ടിട്ടില്ലെന്നത് ഒരു കാര്യം. തുച്ഛവിലയുള്ള എണ്ണയിലും അതിലും തുച്ഛമായ വായ്‌പയിലും കെട്ടിപ്പടുത്ത ഉയര്‍ന്ന ജീവിത നിലവാരമാണ് അവര്‍ പരിചയിച്ചിട്ടുള്ളത്. ഹൈസ്‌കൂളില്‍നിന്ന് ഇറങ്ങുന്നതിന് മുമ്പുതന്നെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ അമേരിക്കന്‍ കുട്ടികള്‍ക്ക് ഇന്ന് ലഭ്യമാണ്. സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞ ഒരുവന് പോലും പിസാക്കടയിലോ പെട്രോള്‍ പമ്പിലോ പണിയെടുക്കാന്‍ തയ്യാറായാല്‍ ഒരു വീടും കാറും സ്വന്തമാക്കാമെന്ന് ന്യായമായും പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ വര്‍ത്തമാനകാലം അവര്‍ക്ക് ശരിക്കും ഒരു മോഹഭംഗമാണ്.

അയത്നസുഖ ജീവിതം തങ്ങളുടെ മക്കളെ ചീത്തയാക്കിയെന്ന് പല രക്ഷിതാക്കളും ഇന്ന് പരാതിപ്പെടുന്നു. അവര്‍ ദുരിതകാലം കണ്ടിട്ടില്ല. തല്‍ഫലമായി കഠിനാദ്ധ്വാനം ചെയ്ത് നല്ല വിദ്യാഭ്യാസം നേടാനുള്ള മനോഭാവവും കഴിവും അവര്‍ക്ക് നഷ്ടമായി. പ്രൈമറി- മിഡില്‍ സ്‌കൂള്‍ തലത്തിലെ ശരാശരി വിദ്യാഭ്യാസനിലവാരവും താഴ്‌ന്നു; വിശേഷിച്ച് ഗണിതത്തിലും മറ്റ് ശാസ്ത്ര വിഷയങ്ങളിലും. അതേസമയം കോള്‍ സെന്റര്‍, റേഡിയോളജി, ഗവേഷണ രംഗങ്ങളിലായി കുറഞ്ഞ വേതന രാജ്യങ്ങളിലേക്ക് ജോലികള്‍ കയറ്റുമതി ചെയ്യാനുള്ള സാധ്യത സാങ്കേതിക വിദ്യ നല്‍കുന്നു. അതുകൊണ്ട് നല്ല വിദ്യാഭ്യാസം ലഭിച്ചതുകൊണ്ട് മാത്രം അമേരിക്കയിലിന്ന് നല്ല വേതനം ലഭിക്കുന്ന തൊഴില്‍ ലഭിക്കണമെന്നില്ല.സാങ്കേതികവിദ്യയുടെ പ്രവചനാതീതമായ മാറ്റങ്ങള്‍കാരണം ഒരു തൊഴിലും ഇന്ന് സുരക്ഷിതമല്ല; ഉദാഹരണത്തിന് തൊഴില്‍സുരക്ഷിതത്വം മാത്രം മുന്നില്‍ കണ്ട് മഞ്ഞ് വാരിമാറ്റുന്ന ബിസിനസിനിറങ്ങിയ അമേരിക്കന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പറയുന്നത് ശ്രദ്ധിക്കൂ..”അമേരിക്കയിലെ പാര്‍ക്കിംഗ് സ്ഥലത്തിലെ മഞ്ഞ് ഇന്ത്യയിലിരുന്നുകൊണ്ട് വാരിമാറ്റാന്‍ കഴിയില്ലല്ലോ.''

ഇരുവശത്തുനിന്നും ഞെരിക്കപ്പെടുന്നു

അമേരിക്കന്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരു ദുഃഖബോധം വ്യാപകമാണ്. അവിദഗ്ധ തൊഴിലാളികളുടെ കാര്യം പറയാനുമില്ല. രണ്ടുവശങ്ങളില്‍ നിന്നും ഞെരിക്കപ്പെടുന്നതായി അവര്‍ക്ക് തോന്നുന്നു. ഒന്നാമത്, ഒരു ശരാശരി അമേരിക്കന്‍ കോളേജ് വിദ്യാര്‍ത്ഥി ഫീസിനത്തില്‍ ചെലവാക്കേണ്ടിവരുന്നത്. ഇന്ത്യയിലെയോ ചൈനയിലെയോ വിദ്യാര്‍ത്ഥിയുടെ പതിന്മടങ്ങാണ്. അതേസമയം അവരെ ആഗോളീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും ശക്തികള്‍ അമേരിക്കയുടേതിന്റെ ഒരു ചെറിയ അംശം മാത്രം വേതനനിരക്കുള്ള ഇന്ത്യയിലെയും ചൈനയിലെയും പ്രതിരൂപങ്ങളോട് മത്സരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.

ഇന്റല്‍ കോര്‍പ്പറേഷന്റെ സി.ഇ.ഒയുടെ വാക്കുകള്‍ (ചെറിയ മാറ്റത്തോടെ) കേള്‍ക്കുക: "എന്തൊക്കെയായാലും ഇന്റല്‍ നിലനില്‍ക്കും. ചിലവ് കുറഞ്ഞിടത്തേക്ക് ഇന്റല്‍ പോകും. ലാഭം വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സി.ഇ.ഒ എന്ന നിലയില്‍ എനിക്ക് വേവലാതിയില്ല. പക്ഷേ ഞാനൊരു മുത്തച്‌ഛനും കൂടിയാണ്. അമേരിക്കയില്‍ എന്റെ പേരക്കുട്ടികള്‍ക്ക് എന്ത് സംഭവിക്കുമെന്നതോര്‍ത്ത് ഞാന്‍ വ്യാകുലനാണ്; അവര്‍ക്കെവിടെ പണി കിട്ടും?

മിക്കവാറും അമേരിക്കക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണിത്. ചൈനയുടെയും ഇന്ത്യയുടെയും വേതന ഘടന അമേരിക്കയുടെ പത്തിലൊന്ന് മാത്രമാണെങ്കിലും അവരുടെ തൊഴിലാളിയുടെ ഉല്‍പ്പാദനശേഷി(abour productivity) പത്തിലൊന്നോ അതിലും താഴെയോ മാത്രമാണ്. അതിനാല്‍ തന്നെ ഇന്ത്യക്കോ ചൈനക്കോ അമേരിക്കയുടെമേല്‍ ചെലവ് പരമായ നേട്ടം(cost-advantage) ലഭിക്കുന്നില്ല എന്നായിരുന്നുവല്ലോ പൊതുവായ വാദം. വന്‍വേതന വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു എങ്കിലും മൂലധനത്തിന്റെയും സാങ്കേതിക വിദ്യയുടെയും ആഗോളവ്യാപനത്തിലൂടെ തൊഴിലാളിയുടെ ഉല്‍പ്പാദന ക്ഷമതയിലെ വ്യത്യാസങ്ങള്‍ തകര്‍ക്കപ്പെട്ടതിനാല്‍ ഈ വാദം നിലനില്‍ക്കുന്നില്ല. അമേരിക്കന്‍ മുതലാളിമാര്‍ക്കില്ലെങ്കിലും തൊഴിലാളികള്‍ക്ക് വേവലാതിപ്പെടാന്‍ കാരണങ്ങളുണ്ട്.

വേതനത്തിലെ അന്തരം വലുതാകുന്നു

തൊഴിലാളികള്‍ക്കിടയിലും അസമത്വം വര്‍ധിക്കുകയാണ്. മേലേക്കിടയിലും താഴെക്കിടയിലും ഉള്ള വിദഗ്ധ തൊഴിലാളികളുടെ വേതനത്തിലെ അന്തരം എണ്‍പതുകളുടെ തുടക്കം മുതല്‍ തന്നെ വര്‍ദ്ധിച്ചു വരികയാണ്.

ദി എക്കണോമിസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിവിവര കണക്ക് പ്രകാരം അമേരിക്കയില്‍ 'തൊണ്ണൂറുകളില്‍ അതീവ സമ്പന്നരായ ഒരു ശതമാനം നികുതിദായകരുടെ വരുമാനത്തില്‍ പത്തു ശതമാനം വളര്‍ച്ച കണ്ടപ്പോള്‍ ബാക്കി 99 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 2.4 ശതമാനം മാത്രമായിരുന്നു. 2002-നും 2006-നും ഇടയ്ക്ക് കുബേരന്മാര്‍ക്ക് 11 ശതമാനം വാര്‍ഷികാദായ വളര്‍ച്ചയുണ്ടായപ്പോള്‍ മറ്റുള്ളവര്‍ക്ക് കിട്ടിയത് ഒരു ശതമാനത്തിന് താഴെ മാത്രമായിരുന്നു.'ചികിത്സാച്ചെലവുകള്‍ കുതിച്ചുയരുന്ന ഇക്കാലത്ത് 47 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്നതും കാണേണ്ടതുണ്ട്. ഈയിടെയായി ഒരു വലിയ ശതമാനം അമേരിക്കക്കാരില്‍ നിന്നും “അമേരിക്കന്‍ സ്വപ്നം” അകലുക തന്നെയാണ് .

സംശയമില്ല, അനേകം അമേരിക്കക്കാര്‍ കഠിനജീവിതം പരിശീലിക്കുകയാണ്. തുച്‌ഛവിലയ്‌ക്കുള്ള എണ്ണയുടെ കാലം കഴിഞ്ഞെന്ന് അവര്‍ തിരിച്ചറിയുന്നു. പലരും തങ്ങളുടെ എണ്ണകുടിയന്മാരായ ആഡംബരക്കാറുകള്‍ ഉപേക്ഷിച്ച് ചെറിയ വണ്ടികളോ വ്യത്യസ്ത ഇന്ധനങ്ങളോ വാങ്ങുന്നു; വാരാന്ത്യ യാത്രകളും ഷോപ്പിംഗ് പര്യടനങ്ങളും വെട്ടിച്ചുരുക്കുന്നു; പൊതുഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കുകയും നഗരപ്രാന്തത്തിനകലെ പണിയിടത്തിനടുത്ത് തങ്ങള്‍ക്ക് അടയ്‌ക്കാവുന്ന മാസഗഡുവുള്ള ചെറിയ വീടുകള്‍ തേടിപ്പോകുന്നു. വ്യക്തിഗത സമ്പാദ്യം ശൂന്യവും ഏറ്റവും ഉയര്‍ന്ന പൊണ്ണത്തടി നിരക്കുമുള്ള ഒരു രാജ്യത്തെ 'സ്‌റ്റാര്‍ ബക്ക്സ് ' കാപ്പിയും ഉപേക്ഷിച്ചു ഭക്ഷണബാക്കിയെ നന്നായി ഉപയോഗപ്പെടുത്തിയും ആപത്ത് കാലത്തിന് എങ്ങനെ കരുതിവെയ്‌ക്കാമെന്ന് പഠിപ്പിക്കുകയാണ് പ്രൈം ടൈം ടിവി പരിപാടികളിലെ സാമ്പത്തിക ഉപദേഷ്‌ടാക്കള്‍.

മാറുന്ന അധികാരകേന്ദ്രങ്ങള്‍

അന്താരാഷ്‌ട്ര വരുമാനത്തിന്റെ ഒരു വന്‍പുനര്‍വിതരണം നടക്കുകയാണ്. എണ്ണസമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളും റഷ്യയും നേട്ടം കൊയ്തെടുക്കുമ്പോള്‍ എണ്ണവിലവര്‍ധനയിലൂടെ അമേരിക്കയുടെ വരുമാനവും സമ്പന്നതയും ശോഷിക്കുകയാണ്. സാമ്പത്തിക അധികാരകേന്ദ്രം അമേരിക്കയില്‍നിന്ന് മാറിപ്പോകുന്നു.

സൈനിക രംഗത്തെ മേധാവിത്വം കൊണ്ട് എത്ര കാലം ആഗോളനയ രൂപീകരണ സ്ഥാപനങ്ങളെ തങ്ങളുടെ നേട്ടത്തിനായി വരുതിയില്‍ നിര്‍ത്താനാകുമെന്നാണ് അമേരിക്ക കരുതുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. വാണിജ്യത്തെ പറ്റിയും പരിസ്ഥിതിയെപ്പറ്റിയുമുള്ള സമകാലീന ആഗോള ചര്‍ച്ചകളില്‍ ഇന്ത്യയും ചൈനയും നയിക്കുന്ന വികസ്വര ലോകത്തിന്റെ പ്രാമാണ്യം തെളിയിക്കപ്പെട്ടു കഴിഞ്ഞു.

അവസാനിപ്പിക്കും മുമ്പ്, കടം വാങ്ങിയ കാശില്‍ ആര്‍മാദിച്ച് കഴിയുന്ന അമേരിക്കയുടെ വരുംകാല പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ. വ്യാപാരത്തിലും ബജറ്റിലുമുള്ള കമ്മികള്‍ അമേരിക്കയെ ഏഷ്യയിലെയും ഗള്‍ഫിലെയും ഋണദാതാക്കള്‍ക്ക് പണയപ്പെടുത്തുകയാണ്. അനുദിനം വര്‍ധിച്ചുവരുന്ന വിദേശ കടഭാരം അമേരിക്കയിലെ വരുംതലമുറകളെ തങ്ങളുടെ ആഡംബരങ്ങളെല്ലാം വെട്ടിക്കുറച്ച് വിദേശകടം വീട്ടേണ്ടവര്‍ മാത്രമാക്കി മാറ്റും.

അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച് നിന്ന് 70 ശതമാനം കുറവുമാത്രം വിനിമയ മൂല്യം ഉണ്ടായിരുന്ന കനേഡിയന്‍ ഡോളര്‍ ഇന്ന് “കരുത്തരായ” അമേരിക്കന്‍ ഡോളറിന് തുല്യമാണെന്നത് ചിന്തിക്കാന്‍ കൂടി വയ്യ. മുഖ്യ എണ്ണയുല്‍പ്പാദക രാജ്യങ്ങളായ ഇറാനും വെനിസ്വേലയും ഡോളറിന് പകരം യൂറോയില്‍ എണ്ണ വില്‍ക്കാന്‍ തുടങ്ങിയാല്‍ ഡോളര്‍ മൂല്യം ഇനിയും താഴുമെന്നുള്ളത് നിസ്സംശയമാണ്. ഡോളറിന്റെ ആഗോളാവാശ്യത്തെയും മൂല്യത്തെയും ഇത് വീണ്ടും കുറയ്‌ക്കും. അമേരിക്കയില്‍ പഠിക്കാനും പുകള്‍പെറ്റ അമേരിക്കന്‍ സ്വപ്നത്തില്‍ ജീവിക്കാനും കൊതിക്കുന്ന എന്റെ ബന്ധുവിനെ പോലുള്ള യുവാക്കളോട് ഞാനിപ്പോള്‍ എന്തു ഉപദേശമാണ് നല്‍കേണ്ടത്?

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പോരായ്‌മകള്‍ ഏറെയുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇന്നും ഏറ്റവും മുന്തിയത് അമേരിക്കന്‍ സര്‍വകലാശാലകള്‍ തന്നെ. അതിനാല്‍ ലഭ്യമായ എല്ലാ മാര്‍ഗത്തിലൂടെയും ഈ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക. എന്നാല്‍ “അമേരിക്കന്‍ സ്വപ്ന”ത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അവിടെ നിന്ന് കിട്ടാവുന്ന എല്ലാ അറിവുകളും കഴിവുകളും നേടി വരുംകാലത്ത് ഉദിക്കാന്‍ പോകുന്ന ഏഷ്യന്‍ വിപണിയെയോ ഭാരതീയ സ്വപ്നത്തെയോ തിരിച്ചറിയുകയാവും നന്ന്.

*****

ശ്രീ അലോക് റേ ബിസിനസ് ലൈനില്‍ എഴുതിയ American dream turns sour എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

(The author is a former Professor of Economics at IIM Calcutta.)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരമേരിക്കന്‍ സര്‍വകലാശാലയില്‍ പ്രവേശനം കിട്ടിയ ബന്ധുയുവാവ് എന്നോട് ചോദിച്ചു: "അങ്കിള്‍, അമേരിക്കന്‍ സ്വപ്നത്തെപ്പറ്റി ഞാന്‍ കുറേ വായിച്ചിട്ടുണ്ട് '' എന്താണത്? കേട്ടുനിന്ന എന്റെ മകന്‍ ഇങ്ങനെ ഉത്തരം പറഞ്ഞു, "നഗരപ്രവേശത്തില്‍ ഒരു വീടും രണ്ട് കാറുകളും രണ്ട് പട്ടികളും രണ്ട് കുട്ടികളും''. പകുതി തമാശയായിട്ടായിരുന്നെങ്കിലും ആ ഉത്തരത്തില്‍ എല്ലാം ഉള്‍ക്കൊണ്ടിരുന്നു.

ഇത്തരം സ്വപ്നം തങ്ങളുടെ കയ്യെത്തും ദൂരത്തുനിന്നും വഴുതുകയാണെന്ന് ധാരാളം അമേരിക്കന്‍ ചെറുപ്പക്കാര്‍ക്ക് ഇന്ന് തോന്നുന്നു. ഭവനവായ്പാ പദ്ധതിയുടെ തകര്‍ച്ച, ഭക്ഷ്യവസ്തുക്കളുടെയും എണ്ണയുടെയും അഭൂതപൂര്‍വമായ വിലവര്‍ധന, ഡോളറിന്റെ (മറ്റെല്ലാ മുഖ്യ നാണ്യങ്ങളുടെയും) മൂല്യത്തകര്‍ച്ച, ഉയരുന്ന തൊഴിലില്ലായ്‌മ എന്നിവയുടെ മാരക സംയോജനത്തില്‍ നിന്നുണ്ടായ കൊടുങ്കാറ്റടിച്ചപ്പോഴാണ് അവര്‍ക്ക് തിരിച്ചറിവുണ്ടായത്.

എന്നാല്‍ ഇതൊരു ഊതിവീര്‍പ്പിച്ച ഭയമാണോ? എന്തൊക്കെയാണ് കഠിന സത്യങ്ങള്‍? സാമ്പത്തിക തിരിച്ചടിയെപ്പറ്റി എല്ലാവരും പറയുന്നുണ്ടെങ്കിലും ഡോളര്‍ തകര്‍ച്ച സാധ്യമാക്കിയ കയറ്റുമതി വളര്‍ച്ച കാരണം ഒരു ക്വാര്‍ട്ടറിലും മൊത്തം ദേശീയോല്‍പ്പാദനനിരക്കില്‍ ഇടിവ് കാണുന്നില്ല. തൊഴിലില്ലായ്‌മാ നിരക്ക് ഉയരുകയാണെങ്കിലും അത് 5.5 ശതമാനത്തില്‍ ചുറ്റിക്കറങ്ങുന്നു. മുപ്പതുകളിലെ വന്‍മാന്ദ്യത്തില്‍ ഇത് 25 ശതമാനം എത്തിയിരുന്നു എന്നോര്‍ക്കുക. അതിലുപരി ബാങ്കുതകര്‍ച്ചകളില്‍ നിന്ന് നിക്ഷേപകരെ സംരക്ഷിക്കാന്‍ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയോ തൊഴിലില്ലായ്‌മാ വേതനം പോലുള്ള മറ്റ് സാമൂഹ്യ സുരക്ഷകളോ മുപ്പതുകളില്‍ ഇല്ലായിരുന്നുവെന്നും ഓര്‍ക്കുക.

ശ്രീ അലോക് റേ ബിസിനസ് ലൈനില്‍ എഴുതിയ American dream turns sour എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.