Thursday, October 16, 2008

ഐസ്‌ലന്‍ഡ് പാപ്പരായതെങ്ങനെ ?

രണ്ടായിത്തെട്ട് ഏപ്രില്‍ ഒന്നിന് ബെയര്‍ സ്‌റ്റേണ്‍സിന്റെ തകര്‍ച്ചമുതല്‍ ഇതുവരെ നാല്‍പ്പതോളം ബാങ്കുകള്‍ അമേരിക്കയിലും യൂറോപ്പിലുമായി തകര്‍ന്നിട്ടുണ്ട്. അതിനിടെ ഒരു രാജ്യംതന്നെ പാപ്പരായ കഥ എന്തുകൊണ്ടോ മുങ്ങിപ്പോയിരിക്കുകയാണ്. ഒരു പക്ഷേ, ഐസ്‌ലന്‍ഡ് അത്ര വലിയ രാജ്യമല്ലാത്തതുകൊണ്ടാകാം. തൃശൂര്‍ പട്ടണത്തിലെയത്ര ജനസംഖ്യയേ വരൂ. ഏതാണ്ട് മൂന്നേകാല്‍ ലക്ഷം ആളുകള്‍. പക്ഷേ, കേരളത്തിന്റെ പല മടങ്ങ് വിസ്‌തൃതിയുണ്ട്. വടക്കേ അമേരിക്കയ്‌ക്കും ഉത്തര യൂറോപ്പിനും ഇടയ്‌ക്ക് അറ്റ്ലാന്റിക് സമുദ്രത്തില്‍ ആര്‍ട്ടിക് സര്‍ക്കിളിനു സമീപത്താണ് ഐസ്‌ലന്‍ഡ്. മഞ്ഞുമലകളും അഗ്നിപര്‍വത പാറക്കെട്ടുകളും നിറഞ്ഞ ഐസ്‌ലന്‍ഡിന്റെ ചെറിയൊരു ഭാഗമേ കൃഷിയോഗ്യമായുള്ളൂ. മത്സ്യബന്ധനമായിരുന്നു മുഖ്യതൊഴില്‍. ഏതാനും പതിറ്റാണ്ടുമുമ്പുവരെ യൂറോപ്പിലെ ഏറ്റവും ദരിദ്രമായ രാജ്യമായിരുന്നു ഐസ്‌ലന്‍ഡ്. സമ്പന്നമല്ലെങ്കിലും കേരളത്തിന്റെപോലെ ഒരു സ്ഥാനം ഐസ്‌ലന്‍ഡിന് വികസനസാഹിത്യത്തിലുണ്ട്.

വളരെ വിദ്യാസമ്പന്നരാണ് ഐസ്‌ലന്‍ഡുകാര്‍. വിദ്യാഭ്യാസ പുരോഗതിയുടെയും നല്ല ആരോഗ്യപരിരക്ഷയുടെയും ഫലമായി ഐസ്‌ലന്‍ഡ് പൌരന്റെ ശരാശരി ജീവിത ദൈര്‍ഘ്യം ഏതാണ്ട് 82 വയസ്സാണ്. ഉള്ള സമ്പത്ത് താരതമ്യേന നീതിപൂര്‍വമായി വിതരണംചെയ്യപ്പെട്ടിരുന്നു. സമത്വസൂചികയില്‍ ഐസ്‌ലന്‍ഡിന് നാലാം സ്ഥാനമാണ് ഉണ്ടായിരുന്നത്. 82 ശതമാനം സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു. 1000 പേര്‍ക്ക് 1007 ടെലിഫോണ്‍ ഉണ്ട്. സ്വന്തമായി ഭാഷയും അതിലൊരു നോബല്‍ സമ്മാന ജേതാവുമുണ്ട്. ഐക്യരാഷ്ട്രസഭ ഏറ്റവും “ജീവിത അനുയോജ്യമായ നാടായി” 1972ല്‍ ഐസ്‌ലന്‍ഡിനെ തെരഞ്ഞെടുത്തു. യുഎന്‍ഡിപിയുടെ വികസനസൂചികയില്‍ ഐസ്‌ലന്‍ഡിന് ഒന്നാം സ്ഥാനമാണുള്ളത്.

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഐസ്‌ലന്‍ഡ് ധനമേഖലയില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങി. സര്‍ക്കാരിന്റെ സഹായത്തോടെ നിലവിലുണ്ടായിരുന്ന ധനസ്ഥാപനങ്ങളെ ഗ്ളിറ്റ്നര്‍, കൌപ്‌തിങ്, ലാന്‍ഡ്‌സ് ബാങ്കി എന്നിങ്ങനെ മൂന്നു ബാങ്കിലായി സംയോജിപ്പിച്ചു. പെന്‍ഷന്‍ ഫണ്ടുകള്‍, ആഭ്യന്തര സമ്പാദ്യം, സര്‍ക്കാര്‍ പിന്തുണ എന്നിവയുടെ സഹായത്തോടെ ഈ ബാങ്കുകള്‍ പ്രവര്‍ത്തനം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. അസൂയാവഹമായ വളര്‍ച്ചയാണ് തുടര്‍ന്നുണ്ടായത്. യൂറോപ്പിലെ മറ്റുപല ധനസ്ഥാപനങ്ങളും ഐസ്‌ലന്‍ഡ് ബാങ്കുകളുടെ പിടിയിലായി. ചില്ലറ വ്യാപാര ശൃംഖലയിലും നിര്‍ണായകമായ സ്ഥാനം നേടിയെടുത്തു.

ദേശീയ വരുമാനം വേഗത്തില്‍ ഉയര്‍ന്നു. തൃശൂര്‍ പട്ടണത്തിന്റെ ജനസംഖ്യയേയുള്ളൂവെങ്കിലും മൊത്തം ദേശീയ വരുമാനം കേരളത്തിന്റെ അടുത്തുവരും. ഫലമോ? പ്രതിശീര്‍ഷ വരുമാനം 63,875 ഡോളര്‍ (2006ല്‍). ലോകത്ത് ഏറ്റവും ഉയര്‍ന്ന വരുമാനക്കാരില്‍ നാലാംസ്ഥാനം.

അങ്ങനെ വിരാജിക്കവെയാണ് ഇടിത്തീപോലെ ലോകധന കുഴപ്പം ഐസ്‌ലന്‍ഡിനെ പിടികൂടിയത്. 2008 തുടക്കംമുതല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു വ്യക്തമായിരുന്നു. ആദ്യമൊക്കെ പറഞ്ഞുനിന്നു. ഒക്ടോബര്‍ 7, 8, 9 തീയതികളിലായി മൂന്നു ബാങ്കും പൊളിഞ്ഞു. സര്‍ക്കാര്‍ ബാങ്കുകളെ ഏറ്റെടുത്തു. എന്നാല്‍, ബാധ്യതകള്‍ ഐസ്‌ലന്‍ഡിന്റെ ദേശീയ വരുമാനത്തിന്റെ ആറു മടങ്ങിലേറെ വരും. രാജ്യംതന്നെ തകര്‍ന്നു.

ഒക്ടോബര്‍ ആറിന് പ്രധാനമന്ത്രി ഗെയിര്‍ ഹാര്‍ഡി നടത്തിയ ടെലിവിഷന്‍ സംപ്രേഷണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ താഴെ ഉദ്ധരിക്കുന്നു:

"ലോകം മുഴുവന്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലാണ്. ബാങ്കിങ്ങ് മേഖലയെ സംബന്ധിച്ചിടത്തോളം ഇതിന്ന് സാമ്പത്തിക പ്രകൃതി ദുരന്തമായിരിക്കുകയാണ്. "

" അന്തര്‍ദേശീയ ബാങ്കുകളെയും‌ പോലെ ഐസ്‌ലന്‍ഡ് ബാങ്കുകള്‍ക്കും കുഴപ്പത്തില്‍നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല. നില ഇന്ന് അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്. ബാങ്കുകള്‍ക്കുള്ള വായ്പാ സ്രോതസ്സുകള്‍ അടഞ്ഞിരിക്കുകയാണ്. ബാങ്കുകളുടെയും സമ്പാദ്യ ഫണ്ടുകളുടെയും ഷെയറുകള്‍ ഐസ്‌ലന്‍ഡ് സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചില്‍ വിപണനം ചെയ്യേണ്ടെന്ന് ഇന്നു രാവിലെ തീരുമാനിച്ചു. "

"എന്റെ സഹപൌരന്മാരേ ഐസ്‌ലന്‍ഡ് സമ്പദ്ഘടന അതിന്റെ ബാങ്കുകളോടൊപ്പം സാമ്പത്തികച്ചുഴിയിലേക്ക് വലിച്ചിഴയ്‌ക്കപ്പെടാനുള്ള അപകടം വളരെയേറെയുണ്ട്. രാജ്യം പാപ്പരാവുകയായിരിക്കും ഫലം...''

“.....വരും ദിവസങ്ങളില്‍ അധികൃതരുടെ കടമ എന്തെന്നു വ്യക്തമാണ്. ഐസ്‌ലന്‍ഡ് ബാങ്കുകള്‍ ഒരു പരിധിവരെ പ്രവര്‍ത്തന രഹിതമായാല്‍ രാജ്യത്ത് അരാജകത്വം ഉണ്ടാകരുത്. ഇതിന് അധികൃതരുടെ മുന്നില്‍ പല വഴിയുണ്ട്. അവ ഉപയോഗിക്കപ്പെടും. വാളുകള്‍ ഉറയില്‍ത്തന്നെ കിടക്കട്ടെ. വരാന്‍ പോകുന്ന പ്രയാസം നിറഞ്ഞ ദിവസങ്ങളില്‍ ശാന്തതയും ആലോചനയും കൈവെടിയാതിരിക്കുക എന്നതു സര്‍വ പ്രധാനമാണ്...”

ഐസ്‌ലന്‍ഡ് സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് എത്തിച്ചേര്‍ന്ന പാത ചുരുക്കി വിവരിക്കാം:

ഘട്ടം ഒന്ന്

ഐസ്‌ലന്‍ഡ് ബാങ്കുകള്‍ താരതമ്യേന ഉയര്‍ന്ന പലിശ, ആകര്‍ഷകമായ മാര്‍ക്കറ്റിങ്ങ്, വായ്‌പ നല്‍കുന്നതിലെ വേഗം, ഓണ്‍ലൈന്‍ ബാങ്കിങ്ങ് പോലുള്ള ആധുനിക സ്‌കീമുകള്‍ എന്നിവ വഴി യൂറോപ്പില്‍ അതിവേഗം വളര്‍ന്നു. പ്രത്യേകിച്ച് ലാന്‍ഡ്‌സ് ബാങ്കിന്റെ “ഐസ്‌സേവ്, കൌപ്‌തിങ് ബാങ്കിന്റെ കൌപ്‌തിങ് എഡ്‌ജ് ” തുടങ്ങിയ ഓണ്‍ലൈന്‍ ബാങ്കിങ്ങ് സബ്‌സിഡിയറികള്‍ ബ്രിട്ടനില്‍ വളരെ അംഗീകാരം നേടി. മൂന്നു ലക്ഷം ബ്രിട്ടീഷുകാരാണ് “ഐസ്‌സേവില്‍ 500 കോടി ഡോളര്‍ ഡിപ്പോസിറ്റ് ചെയ്തത്.

ഘട്ടം രണ്ട്

കൂടുതല്‍ വായ്‌പകള്‍ നല്‍കി പലിശ വരുമാനം വര്‍ധിപ്പിക്കാനുള്ള ആര്‍ത്തിയില്‍ ബാങ്കുകള്‍ പണക്കമ്പോളത്തില്‍നിന്ന് കൂടുതല്‍ വായ്‌പയെടുക്കാന്‍ തുടങ്ങി. വലിയ അംഗീകാരം ഉണ്ടായിരുന്നതുകൊണ്ട് ബാങ്കുകളുടെ കടപ്പത്രങ്ങള്‍ വിറ്റഴിക്കാന്‍ പ്രയാസമുണ്ടായില്ല. പോരാഞ്ഞിട്ട് ബാങ്കുകള്‍ നല്‍കിയ കടങ്ങള്‍ സെക്യൂരിറ്റൈസ് ചെയ്തത് കുറച്ചുവിറ്റും പണം സമാഹരിച്ചു. 2008ലെ കുഴപ്പം ആരംഭിക്കുമ്പോള്‍ ബാങ്കുകളുടെ ബാധ്യത ഒരു ലക്ഷം കോടി ഡോളറായി തീര്‍ന്നിരുന്നു.

ഘട്ടം മൂന്ന്

അമേരിക്കയിലെ സബ്പ്രൈം കുഴപ്പം ആരംഭിച്ചതോടെ വായ്‌പ കിട്ടുക പ്രയാസമായി. സര്‍ക്കാരിന്റെ ധനസഹായം തേടാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായി. അതോടെ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ബാങ്കുകളുടെ റേറ്റിങ്ങ് കുറച്ചു. ഇത് വായ്‌പ കിട്ടുക കൂടുതല്‍ പ്രയാസമാക്കി. ഡിപ്പോസിറ്റുകാര്‍ പണം പിന്‍വലിക്കാന്‍ തുടങ്ങി. ക്രമേണ ഡിപ്പോസിറ്റുകള്‍ പിന്‍വലിക്കുകയല്ലാതെ പുതിയ ഡിപ്പോസിറ്റുകള്‍ വരാത്ത സ്ഥിതിയായി. “ഐസ്‌സേവ്” ഇടപാട് നിര്‍ത്തിവച്ചു. കമ്പ്യൂട്ടര്‍ പ്രോഗ്രാം കേടായി എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഒക്ടോബറില്‍ “ഇന്റര്‍നെറ്റ് അക്കൌണ്ടുകളിലെ പണം പിന്‍വലിക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കാനാകില്ലെന്ന പ്രസ്താവന വെബ്‌സൈറ്റില്‍ വന്നു. ബാങ്കുകള്‍ മൂന്നിന്റെയും പതനം ആസന്നമായി.

ഘട്ടം നാല്

ബാങ്കുകള്‍ പൊളിയുന്നതു തടയുന്നതിനായി ഐസ്‌ലന്‍ഡ് സര്‍ക്കാര്‍ തന്നെ അവയെ ഏറ്റെടുത്തു. പക്ഷേ,അതുകൊണ്ടൊന്നും കമ്പോളത്തിന്റെ വിശ്വാസം ഏറ്റെടുക്കാനായില്ല. ഐസ്‌ലന്‍ഡ് സര്‍ക്കാരിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതു മാത്രമായിരുന്നു മിച്ചം. 1600-1700 കോടി ഡോളറായിരുന്നു ദേശീയവരുമാനം. പക്ഷേ, ബാങ്കുകളുടെ ബാധ്യത ഇതിന്റെ ആറു മടങ്ങോളം വരും. ഈ ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാരിനുപോലും കഴിയില്ലെന്നു വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഐസ്‌ലന്‍ഡിലെ ആഭ്യന്തര ബാധ്യത മാത്രമേ തല്‍ക്കാലം കൊടുക്കാന്‍ കഴിയൂ എന്ന നിലപാട് സര്‍ക്കാര്‍ എടുത്തു. ഐസ്‌ലന്‍ഡിലെ ഡിപ്പോസിറ്റുകള്‍ക്ക് ഇന്‍ഷുറന്‍സില്‍നിന്ന് നഷ്ടപരിഹാരം നല്‍കാമെന്നു വാഗ്ദാനം ചെയ്തു.

ഘട്ടം അഞ്ച്

ബ്രിട്ടനിലെ ഡിപ്പോസിറ്റര്‍മാരുടെ ബാധ്യത ഏറ്റെടുക്കില്ലെന്ന നിലപാട് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കുപിതനാക്കി. തെമ്മാടിത്തരം എന്നു പറഞ്ഞുകൊണ്ട് ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഉണ്ടാക്കിയ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ച് ബാങ്കുകളുടെ എല്ലാ ആസ്‌തിയും ഏറ്റെടുത്തു. ബ്രിട്ടനിലെ റിയല്‍ എസ്‌റ്റേറ്റ്, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവയെല്ലാം ബ്രിട്ടീഷ് സര്‍ക്കാരിന്റേതായി. വ്യക്തികളുടെ ഡിപ്പോസിറ്റുകള്‍ക്ക് ബ്രിട്ടീഷ് ഇന്‍ഷുറന്‍സില്‍നിന്ന് പണം നല്‍കാനാണ് ഇപ്പോള്‍ ധാരണ. പക്ഷേ, ഐസ്‌ലന്‍ഡ് ബാങ്കുകളുടെ മുഖ്യ ഇടപാടുകാരായ ബ്രിട്ടനിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 170 കോടി ഡോളര്‍ കൊടുക്കാന്‍ ആരുമില്ല. അവ കുഴപ്പത്തിലായി.

ഘട്ടം ആറ്

അന്തര്‍ദേശീയ നയതന്ത്ര കുഴപ്പവുംകൂടിയായപ്പോള്‍ ഐസ്‌ലന്‍ഡിന്റെ നാണയമായ “ക്രോണ”യുടെ വില കുത്തനെ ഇടിഞ്ഞു. ക്രോണ വില്‍ക്കാനല്ലാതെ വാങ്ങാന്‍ ആരുമില്ലാത്ത സ്ഥിതിയായി. 2008ല്‍ 50 ശതമാനമാണ് ക്രോണയുടെ വിനിമയമൂല്യം ഇടിഞ്ഞത്. ഒക്ടോബര്‍ ഏഴിന് ഒറ്റ ദിവസംകൊണ്ട് 30 ശതമാനം ഇടിഞ്ഞു. ഐസ്‌ലന്‍ഡിന് ഇറക്കുമതികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. വിലകള്‍ ചരടു പൊട്ടിച്ചു. രാജ്യം പാപ്പരായി.

എല്ലാ പ്രമുഖ ലോകരാജ്യങ്ങളോടും ഐസ്‌ലന്‍ഡ് സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. പക്ഷേ, റഷ്യമാത്രമാണ് അനുകൂലമായി പ്രതികരിച്ചിട്ടുള്ളത്. 500 കോടി ഡോളര്‍ വായ്‌പയ്‌ക്കുള്ള ചര്‍ച്ച നടന്നു വരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐസ്‌ലന്‍ഡ് ഒരു നാറ്റോ രാജ്യമാണ്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലുമുള്ള യുദ്ധത്തില്‍ ഐസ്‌ലന്‍ഡും പ്രതീകാത്മകമായി സേനയെ അയക്കുകയുണ്ടായി എന്ന് ഓര്‍ക്കുക. ധനസഹായത്തിനു പ്രത്യുപകാരമായി ഐസ്‌ലന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ട നാറ്റോ വിമാനത്താവളം തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തരണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയെ വളഞ്ഞിട്ട് ഭീഷണിപ്പെടുത്താനുള്ള ബുഷിന്റെ പുതിയ സൈനികതന്ത്രത്തിന് തിരിച്ചടി നല്‍കാന്‍ റഷ്യ നോക്കുകയാണെന്നു വ്യക്തം. ലോകസാമ്പത്തിക കുഴപ്പം ഏകധ്രുവലോകത്തെ ദുര്‍ബലപ്പെടുത്തുമെന്നു തീര്‍ച്ചയാണ്.

ഐസ്‌ലന്‍ഡ് ഒരു ഒറ്റപ്പെട്ട സംഭവമായി കാണേണ്ട. പാകിസ്ഥാന്‍, ഉക്രയിന്‍ തുടങ്ങി പല രാജ്യങ്ങളും പാപ്പര്‍ സ്യൂട്ട് കൊടുക്കേണ്ടി വരുമെന്നാണ് സൂചനകള്‍. പാകിസ്ഥാന്റെ വിദേശനാണയശേഖരം 500 കോടി ഡോളറായി ശോഷിച്ചിരിക്കയാണ്. വിനിമയനിരക്കും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ക്രെഡിറ്റ് റേറ്റിങ്ങ് കമ്പനികള്‍ പാകിസ്ഥാന്റെ ഗ്രേഡ് CCC ആയി താഴ്ത്തിയിരിക്കുകയാണ്. C യ്‌ക്കു താഴെ നല്‍കാവുന്ന മാര്‍ക്ക് D മാത്രമാണ്. പാപ്പരാകുമ്പോഴേ ഈ മാര്‍ക്ക് നല്‍കൂ.

****

ഡോ. തോമസ് ഐസക്, കടപ്പാട് : ദേശാഭിമാനി

11 comments:

വര്‍ക്കേഴ്സ് ഫോറം said...

വളരെ വിദ്യാസമ്പന്നരാണ് ഐസ്‌ലന്‍ഡുകാര്‍. വിദ്യാഭ്യാസ പുരോഗതിയുടെയും നല്ല ആരോഗ്യപരിരക്ഷയുടെയും ഫലമായി ഐസ്‌ലന്‍ഡ് പൌരന്റെ ശരാശരി ജീവിത ദൈര്‍ഘ്യം ഏതാണ്ട് 82 വയസ്സാണ്. ഉള്ള സമ്പത്ത് താരതമ്യേന നീതിപൂര്‍വമായി വിതരണംചെയ്യപ്പെട്ടിരുന്നു. സമത്വസൂചികയില്‍ ഐസ്‌ലന്‍ഡിന് നാലാം സ്ഥാനമാണ് ഉണ്ടായിരുന്നത്. 82 ശതമാനം സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു. 1000 പേര്‍ക്ക് 1007 ടെലിഫോണ്‍ ഉണ്ട്. സ്വന്തമായി ഭാഷയും അതിലൊരു നോബല്‍ സമ്മാന ജേതാവുമുണ്ട്. ഐക്യരാഷ്ട്രസഭ ഏറ്റവും “ജീവിത അനുയോജ്യമായ നാടായി” 1972ല്‍ ഐസ്‌ലന്‍ഡിനെ തെരഞ്ഞെടുത്തു. യുഎന്‍ഡിപിയുടെ വികസനസൂചികയില്‍ ഐസ്‌ലന്‍ഡിന് ഒന്നാം സ്ഥാനമാണുള്ളത്.

ഇത്ര മാത്രം നേട്ടങ്ങള്‍ കൊയ്‌ത ഒരു രാജ്യം പാപ്പരായതെങ്ങനെ എന്നു വിശകലനം ചെയ്യുന്ന ഡോ. തോമസ് ഐസക്കിന്റെ ലേഖനം പോസ്റ്റു ചെയ്യുന്നു

Radheyan said...

ഒരു ത്രില്ലര്‍ പോലെ രസകരം

paarppidam said...

നല്ല ലേഖനം..എഴുതിയത് തോമാസ് ഐസക് ആയതിനാൽ കാര്യയ്ങ്ങൾ ക്രിത്യമായി അവതരൈപ്പിക്കുവാൻ കഴിഞ്ഞിരിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

ഇതൊന്നും ശ്രദ്ധിക്കാന്‍ നമ്മുടെ “ധനതത്വശാസ്ത്ര വിദഗ്ധര്‍ക്ക്” സമയമില്ല. ഊഹക്കച്ചവടത്തിന്റെ പെരുപ്പിച്ചുകാട്ടിയ ഇന്‍ഡെക്സുകള്‍ പ്രദര്‍ശിപ്പിച്ചു, ഇന്ത്യയുടെ വളര്‍ച്ചയായി ഉയര്‍ത്തിക്കാട്ടി.എന്നാണിനി നമ്മള്‍ പാഠങ്ങള്‍ പഠിക്കുകയാവോ !!

ജിവി/JiVi said...

എത്ര സ്പഷ്ടമായി കാര്യങ്ങള്‍ എഴുതിയിരിക്കുന്നു തോമസ് ഐസക്. ആരുഷികളെ ഇപ്പോള്‍ കാണാനെ ഇല്ലല്ലോ.

Baiju Elikkattoor said...

ബുഷിന്റെ എട്ടു വര്ഷം ലോകത്ത് പട്ടിണിയും യുദ്ധവും അല്ലാതെ എന്താണ് സമ്മാനിച്ചത്‌. വിഡ്ഢികള്‍ ഇപ്പോഴും അമേരിക്കക്ക് ഓശാന പാടുന്നു......!

Ashly said...

Very good writing. I was not able to find a such a detailed info anywhere else.

കൃഷ്‌ണ.തൃഷ്‌ണ said...

What a marevellous article!!
It is well said, neatly said!! Kudos to Workers Forum and, of course Mr. Thomas Isac.

Jayasree Lakshmy Kumar said...

very informative and explanatory. well done

Mr. K# said...

നല്ല വിവരണം.

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com