Tuesday, February 24, 2009

ഓ, അമേരിക്കാ, 'ഇന്നു നിന്റെ സ്വാതന്ത്ര്യം' ഒരു കാര്‍ട്ടൂണാവുകയാണോ?

കാര്‍ട്ടൂണുകളില്‍, 'കുരങ്ങന്‍' പ്രത്യക്ഷപ്പെടുന്നത്‌ ആദ്യമായിട്ടല്ല. എന്നിട്ടും അമേരിക്ക, ഒരു ചിമ്പാന്‍സി കാര്‍ട്ടൂണിന്റെ പേരില്‍ കീഴ്‌മേല്‍ മറിയുകയാണ്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന ഒരു കാര്‍ട്ടൂണ്‍ ഔപചാരിക ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തിലും സത്യത്തില്‍ ഈ വിധമൊരു ബഹളം സൃഷ്‌ടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. കുപ്രസിദ്ധമായ വിമോചന സമരകാലത്ത്‌, എം.വി. ദേവന്‍ ഇ.എം.എസിനെ പട്ടിയാക്കി കാര്‍ട്ടൂണ്‍ വരച്ചിട്ടുപോലും കേരളം ഈവിധം കുലുങ്ങിയിട്ടില്ല.

സംഭാഷണത്തില്‍ 'പട്ടിവിളി' കേട്ടാല്‍, പൊട്ടിത്തെറിക്കുന്നവര്‍പോലും കാര്‍ട്ടൂണില്‍ അതു കണ്ടാല്‍ പൊട്ടിച്ചിരിക്കുകയാണു പതിവ്‌. എന്നിട്ടുമിപ്പോള്‍ അമേരിക്കയില്‍ 'കാര്‍ട്ടൂണ്‍ വിവാദം' അവസാനിച്ച മട്ടില്ല. 'ന്യൂയോര്‍ക്ക്‌ പോസ്‌റ്റ്' എന്ന 'വലതുപക്ഷപത്രം' മാപ്പ്‌ പറഞ്ഞിട്ടും പ്രശ്‌നം തീര്‍ന്നതായി തോന്നുന്നില്ല. യു.എസ്‌ സാമ്പത്തിക ഉത്തേജന ബില്‍ തയാറാക്കിയത്‌ ഒരു ചിമ്പാന്‍സിയാണെന്നു ധ്വനിപ്പിക്കുന്ന കാര്‍ട്ടൂണ്‍ ഭരണകൂടവിമര്‍ശനം മാത്രമാണു ലക്ഷ്യംവച്ചതെന്നു ന്യൂയോര്‍ക്ക്‌ പോസ്‌റ്റ് പത്രം ആവര്‍ത്തിച്ചു വ്യക്‌തമാക്കിയിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

പരിണാമസിദ്ധാന്തം ആവിഷ്‌ക്കരിച്ച ചാള്‍സ്‌ ഡാര്‍വിനെ കുരങ്ങനായി ചിത്രീകരിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെ വരയ്‌ക്കപ്പെട്ടിരുന്നു! മൃഗത്തില്‍നിന്നു പരിണമിച്ചാണു മനുഷ്യനുണ്ടായതെന്ന കാഴ്‌ചപ്പാട്‌ മുന്നോട്ടുവച്ചതാണു ഡാര്‍വിനെത്തന്നെ കുരങ്ങനാക്കാന്‍ ചിലരെ പ്രേരിപ്പിച്ചത്‌! എന്നാല്‍ അന്ന്‌ അതിനെതിരേ ഇന്ന്‌ അമേരിക്കയിലുള്ളതുപോലുള്ളൊരു പ്രതിഷേധം ഉയര്‍ന്നുവന്നതായി അറിയില്ല.

ഒരുപക്ഷേ ഡാര്‍വിന്‍ ഒരു രാജ്യത്തിന്റെയും പ്രസിഡന്റോ, പ്രധാനമന്ത്രിയോ അല്ലാത്തതുകൊണ്ടാവണം. അല്ലെങ്കില്‍ ആരും ആരെയും എന്തും വിളിച്ചോട്ടെ എന്ന അത്യുദാര സ്വാതന്ത്ര്യ സങ്കല്‍പം അന്നു സര്‍വരും സ്വാംശീകരിച്ചതുകൊണ്ടാവണം! അല്ലെങ്കില്‍ അന്നാധിപത്യം പുലര്‍ത്തിയ മതപൗരോഹിത്യത്തെ ഇനിയും പ്രകോപിപ്പിച്ചു കൂടുതല്‍ അപകടമുണ്ടാക്കണ്ട എന്നു പ്രായോഗികമതിയായ ഡാര്‍വിന്‍പക്ഷക്കാര്‍ തീരുമാനിച്ചതുകൊണ്ടാവണം.

നേരത്തേതന്നെ, പൗരോഹിത്യത്തെ ആഴത്തില്‍ പ്രകോപിപ്പിച്ച ഡാര്‍വിന്‍, ഇനി ആരെന്തു പ്രകോപനം സൃഷ്‌ടിച്ചാലും 'നമ്മളനങ്ങണ്ട' എന്നു തന്നോടാഭിമുഖ്യമുള്ളവരെ ഉദ്‌ബോധിപ്പിച്ചുതുകൊണ്ടാവണം. അതുമല്ലെങ്കില്‍ 'വംശീയഭൂഷണം' തുടങ്ങിയ ആശയങ്ങള്‍ക്ക്‌ അന്നത്തെ സമൂഹത്തില്‍ ഇന്നത്തെപ്പോലെ മേല്‍ക്കോയ്‌മ ഇല്ലാത്തതുകൊണ്ടാവണം. എന്തായാലും പത്തൊമ്പതാം നൂറ്റാണ്ടിലെ 'കുരങ്ങന്‍' കത്തിയില്ല. ഞാന്‍ മനസിലാക്കിയിടത്തോളം ഡാര്‍വിന്‍ ആ കാര്‍ട്ടൂണിനെതിരേ ഒരു നിയമനടപടിയും സ്വീകരിച്ചില്ല.

ഒരുപക്ഷേ കുരങ്ങ്‌കാര്‍ട്ടൂണ്‍ കണ്ട്‌ അദ്ദേഹം മനസുനിറഞ്ഞു ചിരിച്ചിരിക്കും. പരിണാമസിദ്ധാന്തമനുസരിച്ച്‌ നമ്മളൊക്കെയും, നിങ്ങളിപ്പോള്‍ എന്നെ ആക്ഷേപിക്കാന്‍ വരച്ച ആ കുരങ്ങിന്റെ പിന്മുറക്കാരാണല്ലോ എന്ന തിരിച്ചറിവില്‍ അദ്ദേഹം പിന്നെയും തളിര്‍ത്തിരിക്കും! ഡാര്‍വിന്‍ സായ്‌പിനു കുരങ്ങനെക്കുറിച്ചോര്‍ത്ത്‌ അസ്വസ്‌ഥനാകാന്‍, അടിച്ചേല്‍പ്പിക്കപ്പെട്ട 'അപകര്‍ഷതാബോധത്തിന്റെ' ഭൂതകാലഭാരമുണ്ടായിരുന്നില്ല.

എന്നാല്‍, 'ഒബാമ'യ്‌ക്കു പിറകില്‍ ഒഴുകുന്നതു പീഡിതമായൊരു അസ്വസ്‌ഥ ഭൂതകാലത്തിന്റെ ചോരപ്പുഴയാണ്‌. പ്രശസ്‌തനായിരുന്ന ഇറാസ്‌പസ്‌ ഡാര്‍വിന്റെ പേരക്കുട്ടിയായ ചാള്‍സ്‌ ഡാര്‍വിന്‍ 'ഉള്ളായ്‌മ'യില്‍ നിന്നു പിന്നെയുമുയര്‍ന്നു സ്വന്തം മുത്തഛനെക്കാളും പ്രശസ്‌തനായിത്തീരുകയായിരുന്നു. എന്നാല്‍ ബരാക്‌ ഹുസൈന്‍ ഒബാമ 'ഇല്ലായ്‌മകളില്‍' നിന്നാണുയര്‍ന്നു വന്നത്‌. യൂറോപ്യന്‍കാരായിരുന്ന അമേരിക്കക്കാരാല്‍ അടിമകളാക്കപ്പെട്ട, ആഫ്രോ - അമേരിക്കന്‍ വംശത്തിന്റെ കീഴാള ജീവിതത്തില്‍ നിന്നാണയാള്‍ അമേരിക്കയുടെ പരമാധികാര സ്‌ഥാനമായ പ്രസിഡന്റ്‌ പദവിയിലെത്തിയിരിക്കുന്നത്‌.

വലതുപക്ഷ ആശയങ്ങള്‍ തന്നെയാണ്‌ ഒബാമയും പിന്തുടരുന്നത്‌. എന്നിട്ടും വര്‍ണവെറിയന്മാര്‍ക്ക്‌ അദ്ദേഹത്തെ വേട്ടയാടാതിരിക്കാന്‍ കഴിയുന്നില്ല! സവര്‍ണആശയങ്ങള്‍ 'ആവര്‍ത്തിച്ച്‌' ഇന്ത്യന്‍ മുഖ്യധാരയ്‌ക്കു പ്രിയങ്കരരാവാന്‍ മത്സരിക്കുന്ന കീഴാളപ്രതിഭകള്‍ ഓര്‍ക്കേണ്ടതു കീഴാളര്‍ അമേരിക്കന്‍ പ്രസിഡന്റ്‌ തന്നെയായാലും വലതുപക്ഷ ആശയങ്ങള്‍ പിന്തുടര്‍ന്നാലും 'അന്ധമായ വര്‍ണവംശവെറി' അവരെ വെറുതേ വിടുകയില്ല എന്ന രാഷ്‌ട്രീയ യാഥാര്‍ഥ്യമാണ്‌.

ഒരുപക്ഷേ 'പാണ്ടന്‍ നായുടെ പല്ലിന് ‌' മുമ്പേപ്പോലെ 'ശൗര്യം' ഇപ്പോളില്ലാത്തതുകൊണ്ട്‌, 1863 ല്‍ 'അടിമത്ത നിരോധന വിളംബരം' പുറപ്പെടുവിച്ചതിന്റെ പേരില്‍ ഏബ്രഹാം ലിങ്കനെ 1865 ല്‍ വെടിവച്ചു കൊന്നതുപോലെ, ഇന്നവര്‍ പെരുമാറുകയുണ്ടാവില്ല. ഒരു 'കുരങ്ങ്‌കാര്‍ട്ടൂണില്‍' 'വംശപക' അവരിപ്പോള്‍ ഒതുക്കുമായിരിക്കും.

കറുത്തവരും വെളുത്തവരും വര്‍ണവ്യത്യാസത്തിനപ്പുറം ഞങ്ങളും ഞങ്ങളും മനുഷ്യരെന്നു തിരിച്ചറിഞ്ഞു തുല്യനിലയില്‍ നൃത്തംചവിട്ടുന്ന ഒരു കാലത്തെ സ്വപ്‌നം കണ്ടതിന്‌, 1968 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ വെടിവച്ചു കൊന്നപോലെ വര്‍ണവെറിയന്മാര്‍ക്ക്‌ അമേരിക്കയില്‍ ഇനി ആരെയും പഴയപോലെ വെടിവച്ചു കൊല്ലാന്‍ കഴിയില്ലായിരിക്കാം.

ഏറിയാലൊരു കാര്‍ട്ടൂണില്‍ വംശപക തലകുനിച്ചു നില്‍ക്കുമായിരിക്കാം. ആ പഴയ 'കുക്ലസ്‌ക്ലാനും' മറ്റും മുമ്പെന്നപോലെ കൊമ്പുകുലുക്കി തുള്ളുകയില്ലായിരിക്കാം. എന്നാലും ഇന്നു പല്ലുപോയ ആ പഴയ വര്‍ണവംശവെറി, ഒരു ചുവന്ന പാടപോലെ അമേരിക്കന്‍ ജീവിതത്തിന്റെ ജലാശയങ്ങളില്‍ ഇന്നു സൂക്ഷിച്ചു നോക്കുന്നവര്‍ക്കു തെളിഞ്ഞു കാണാന്‍ കഴിയും!

****

കെ.ഇ.എൻ, കടപ്പാട് : മംഗളം

6 comments:

വര്‍ക്കേഴ്സ് ഫോറം said...

Anonymous said...

അടുത്തിടെ ഒരു രാഷ്ട്രീയനേതാവ് ഒരു ബുദ്ധിജീവിയെ കുരങ്ങന്‍ എന്നു വിളിച്ചപ്പോളും കേരളം കുലുങ്ങിയില്ലല്ലോ‍...

പിന്നെ വംശവെറിയുടെ നിറം ചുവന്ന പാടപോലെയായത് നന്നായി. അങ്ങനെയെങ്കിലും അമേരിക്കയും ചുവന്നല്ലോ...

Anonymous said...

ഷൊറണ്ണൂരിലെയും മറ്റും ‘പുലി‘കള്‍ക്കൊന്നും ദിശാബോധമില്ല.

വിന്‍സ് said...

I think people/media outside of United States are making this a big issue. Ividey ithiney kurichoru charcha poolum nadannittilla.

chithrakaran ചിത്രകാരന്‍ said...

വി.എസ്സില്‍ നിന്നും കുരങ്ങുവിളി കേള്‍ക്കേണ്ടിവന്നതു കാരണം ഇങ്ങു കേരളത്തിലും വര്‍ണ്ണവെറിയുടെ ചുവന്ന പാട ജലാശയത്തില്‍ സൂക്ഷിച്ചു നോക്കുന്നവര്‍ക്ക് കാണാം എന്നുകൂടി കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
ഒരു പക്ഷേ അതായിരിക്കും അമേരിക്കയുടെ
സ്വാതന്ത്ര്യം കാര്‍ട്ടൂണാകുകയാണോ എന്ന് ചിന്തിക്കാനും കാരണം.
ചുടുചോറ് വാരുന്ന കുട്ടിക്കുരങ്ങുകള്‍ ജാഗ്രതൈ...!!
ഡാര്‍വിന് കുരങ്ങുവിളി ഏല്‍ക്കാതിരുന്നത്
പരിണാമത്തിലെ തന്റെ സ്ഥാനത്തെക്കുറിച്ച്
സംശയമില്ലാതിരുന്നതുകൊണ്ടാകാം.

Anonymous said...

സത്യം
സവര്‍ണആശയങ്ങള്‍ 'ആവര്‍ത്തിച്ച്‌' ഇന്ത്യന്‍ മുഖ്യധാരയ്‌ക്കു പ്രിയങ്കരരാവാന്‍ മത്സരിക്കുന്ന കീഴാളപ്രതിഭകള്‍ ഓര്‍ക്കേണ്ടതു കീഴാളര്‍ അമേരിക്കന്‍ പ്രസിഡന്റ്‌ തന്നെയായാലും വലതുപക്ഷ ആശയങ്ങള്‍ പിന്തുടര്‍ന്നാലും 'അന്ധമായ വര്‍ണവംശവെറി' അവരെ വെറുതേ വിടുകയില്ല എന്ന രാഷ്‌ട്രീയ യാഥാര്‍ഥ്യമാണ്‌.

ചുടുചോറ് വാരുന്ന കുട്ടിക്കുരങ്ങുകള്‍ ജാഗ്രതൈ...!!