Saturday, September 19, 2009

എനിക്ക് തെറ്റു പറ്റിയതായിരിക്കട്ടെ

അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയാവസ്ഥയെക്കുറിച്ചുള്ള വാരാന്ത വാര്‍ത്താക്കുറിപ്പുകള്‍ ഞാന്‍ അത്യാശ്ചര്യത്തോടെയാണ് വായിച്ചത്. പ്രസിഡന്റ് ബാരക്ക് ഒബാമയുടെ സ്വാധീനത്തിനു ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന കാര്യം വളരെ വ്യക്തമാണ്. ആ രാജ്യം നേരിടുന്ന അഗാധമായ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയില്ലായിരുന്നുവെങ്കില്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയം (surprising electoral victory) സാധ്യമാകുമായിരുന്നില്ല. ഇറാഖില്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കപ്പെടുകയോ ചെയ്യുന്ന അമേരിക്കന്‍ ഭടന്മാര്‍, രഹസ്യ ജെയിലുകളെയും, പീഢനങ്ങളെയും കുറിച്ചുള്ള ആരോപണങ്ങള്‍, തൊഴിലും വീടും നഷ്ടപ്പെടുന്ന അവസ്ഥ, എല്ലാം അമേരിക്കന്‍ സമൂഹത്തെ പിടിച്ചുലച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാകട്ടെ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുകയായിരുന്നു, മൂന്നാം ലോകരാജ്യങ്ങളിലെ പട്ടിണിയും ദാരിദ്ര്യവും വര്‍ദ്ധിപ്പിച്ചുകൊണ്ട്.

ഈ സാഹചര്യങ്ങളാണ് പരമ്പരാഗതമായി വംശീയ സ്വഭാവം പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വവും തുടര്‍ന്നുള്ള വിജയവും സാധ്യമാക്കിയത്. ദരിദ്രരും വിവേചനമനുഭവിക്കുന്നവരുവായ ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയുടെ 90 ശതമാനത്തില്‍ കുറയാത്ത വോട്ടര്‍മാരും, ലാറ്റിന്‍ അമേരിക്കന്‍ വംശജരും, മദ്ധ്യവര്‍ഗത്തിലും തൊഴിലാളിവര്‍ഗത്തിലും പെട്ടവരും - പ്രത്യേകിച്ച് യുവാക്കള്‍- ഒബാമക്ക് വോട്ട് ചെയ്തു.

അദ്ദേഹത്തെ പിന്തുണച്ച അമേരിക്കന്‍ വോട്ടര്‍മാരില്‍ പല പ്രതീക്ഷകളും ഉളവെടുക്കും എന്നത് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. എട്ടുവര്‍ഷത്തെ സാഹസികതയ്ക്കും, ജനവിരുദ്ധതയ്ക്കും (demagogy) നുണകള്‍ക്കും ശേഷം അമേരിക്കയിലെ ജനങ്ങള്‍ പരിക്ഷീണിതരും പശ്ചാത്താപവിവശരുമായിരുന്നു. ഈ കാലയലവില്‍, ഇരട്ട ഗോപുരങ്ങള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തിനു ഒരു രീതിയിലും കാരണക്കാരല്ലാതിരുന്ന ഒരു മുസ്ലീം രാജ്യത്തെ എണ്ണക്കായി കീഴ്പ്പെടുത്തുന്നതിനായി നടത്തിയ അധിനിവേശത്തില്‍ ആയിരക്കണക്കിനു അമേരിക്കന്‍ ഭടന്മാരും ഒരു ദശലക്ഷത്തിനടുത്ത് ഇറാഖികളും മരിച്ചിരുന്നു.

അമേരിക്കയുടെ വിദേശനയത്തില്‍ മാറ്റങ്ങളുണ്ടാവും എന്ന ആശയത്തെച്ചൊല്ലി ആഫ്രിക്കയിലെയും ലോകത്തിലെ മറ്റു ഭാഗങ്ങളിലെയും നിരവധി പേര്‍ ആവേശഭരിതരായിരുന്നു.

എന്നിരുന്നാലും, യാ‍ഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള പ്രാഥമിക ബോധം മതിയാകുമായിരുന്നു ഒരു പുതിയ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടു എന്നതിനാല്‍ അമേരിക്കയില്‍ ഒരു രാഷ്ട്രീയമാറ്റം ഉണ്ടാകും എന്ന മിഥ്യാബോധത്തിലേക്ക് വഴുതിവീഴാതിരിക്കുവാന്‍.

തീര്‍ച്ചയായും ഒബാ‍മ ബുഷിന്റെ ഇറാഖ് അധിനിവേശത്തെ മറ്റു പലരെക്കാള്‍ മുന്‍പേ അമേരിക്കന്‍ കോണ്‍ഗ്രസില്‍ എതിര്‍ത്തിരുന്നു. തന്റെ കൌമാരകാലം മുതല്‍ തന്നെ അദ്ദേഹത്തിനറിയാമായിരുന്നു വംശീയവിവേചനത്താലുണ്ടാകുന്ന അപമാനങ്ങളെപ്പറ്റി. മറ്റു പല അമേരിക്കക്കാരെയും പോലെ അദ്ദേഹവും മഹാനായ പൌരാവകാശപ്പോരാളി മാര്‍ട്ടി ലൂഥര്‍ കിങ്ങിനെ ആരാധധിച്ചിരുന്നു.

അമേരിക്കയിലെ സാമ്രാജ്യത്വ മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍ തന്നെയാണ് ഒബാമ ജനിച്ചതും, വിദ്യാഭ്യാസം നേടിയതും, രാഷ്ട്രീയത്തില്‍ പ്രവേശിച്ചതും, തുടര്‍ന്ന് വിജയം വരിച്ചതും. അദ്ദേഹത്തിനു ഈ വ്യവസ്ഥയെ മാറ്റിത്തീര്‍ക്കണമെന്ന ആഗ്രഹം ഇല്ലെന്നു മാത്രമല്ല അദ്ദേഹത്തിനതിനു കഴിയുകയുമില്ല. ഇതൊക്കെ ഇരിക്കിലും, വിരോധാഭാസമെന്താണെന്നു വെച്ചാല്‍ അവിടുത്തെ തീവ്ര വലതുപക്ഷക്കാര്‍ അദ്ദേഹത്തെ വെറുക്കുന്നുവെന്നതും, രാജ്യത്തിന്റെ കളങ്കപ്പെട്ട പ്രതിച്ഛായയെ മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നതുമാണ്.

ലോകജനസംഖ്യയില്‍ ഏതാണ്ട് നാലുശതമാനം മാത്രം വരുന്ന അമേരിക്കന്‍ ജനത ഫോസില്‍ ഇന്ധനങ്ങളുടെ 25 ശതമാനത്തോളം ഉപയോഗിക്കുന്നുണ്ടെന്നും, ലോകത്തില്‍ ഏറ്റവുമധികം മലിനവാതകം പുറത്തുവിടുന്നു എന്നും ഉള്ള കാര്യം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിനു കഴിവുണ്ടായിരുന്നു.

ബുഷ് ആകട്ടെ, തന്റെ ഭ്രാന്തന്‍ ജല്പനങ്ങളില്‍ ക്യോട്ടോ ഉടമ്പടിയെ അംഗീകരിക്കുക പോലും ചെയ്തിട്ടില്ല.

തന്റെ ഊഴത്തില്‍, ഒബാമ നികുതിവെട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ കൊണ്ടുവരുവാന്‍ ഉദ്ദേശ്യിക്കുന്നു. ഉദാഹരണമായി, സ്വിസ് ബാങ്കില്‍ അമേരിക്കന്‍ പൌരന്മാര്‍ക്കുള്ള 52,000 അക്കൌണ്ടുകളില്‍ നികുതിവെട്ടിപ്പുകാരുടേതെന്ന് സംശയിക്കുന്ന 4500 എണ്ണത്തെ സംബന്ധിച്ച വിവരങ്ങള്‍ ആ ബാങ്കുകള്‍ നല്‍കണമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

യൂറോപ്പില്‍ വെച്ച്, കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ്, ജി 8 രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് ഫ്രാന്‍സിനും ജര്‍മ്മനിക്കും, ലോക സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതള്‍ ഡോളറുകള്‍ നിക്ഷേപിക്കുന്നതിനായി, തന്റെ രാജ്യത്തിലെ നികുതി വെട്ടിപ്പ് (use of tax havens) അവസാനിപ്പിക്കുമെന്ന് ഒബാമ ഉറപ്പു കൊടുക്കുകയുണ്ടായി.

വൈദ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 കോടി ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പു കൊടുക്കുകയുണ്ടായി.

ഉല്പാദന വ്യവസ്ഥയെ സുഗമമാക്കുമെന്നും തൊഴില്‍ രാഹിത്യം ഇല്ലാതാക്കുമെന്നും വളര്‍ച്ച പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

12 ദശലക്ഷത്തോളം ഹിസ്പാനിക് വംശജരായ അനധികൃത കുടിയേറ്റക്കാരെ അദ്ദേഹം അറിയിച്ചിട്ടുണ്ട് അവര്‍ക്കു നേരെ പ്രയോഗിക്കപ്പെടുന്ന ക്രൂരമായ റെയ്ഡുകളും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളും അവസാനിപ്പിക്കുമെന്ന്.

ഞാനിവിടെ സൂചിപ്പിക്കാത്ത മറ്റു പല വാഗ്ദാനങ്ങളും ഉണ്ടായിരുന്നു, അവയില്‍ ഒന്നു പോലും സാമ്രാജ്യത്വ മുതലാളിത്ഥ അധീശത്വത്തെ ചോദ്യം ചെയ്യുന്നവയല്ല.

തങ്ങളുടെ അധികാരങ്ങളെ ഏറ്റവും കുറഞ്ഞ അളവില്‍ പോലും ഇല്ലാതാക്കുന്ന ഒരു നടപടിയെയും അംഗീകരിക്കുവാന്‍ ശക്തരായ തീവ്ര വലുതുപക്ഷക്കാര്‍ സന്നദ്ധരല്ല.

അമേരിക്കന്‍ പത്രങ്ങളിലൂടെയും വാര്‍ത്താ ഏജന്‍സികളിലൂടെയും ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്ന വിവരങ്ങളെ ഞാന്‍ അതേ പടി ആവര്‍ത്തിക്കട്ടെ.

ആഗസ്റ്റ് 21:

“വാഷിംഗ്‌ട്ണ്‍ പോസ്റ്റില്‍ ഇന്ന് പ്രസിദ്ധീകരിച്ച ഒരു സര്‍വെ അനുസരിച്ച് പ്രസിഡന്റ് ബാരക് ഒബാമയുടെ നേതൃത്വത്തിലുള്ള അമേരിക്കയുടെ വിശ്വാസം കുത്തനെ ഇടിഞ്ഞിരിക്കുന്നു.”

“വൈദ്യമേഖലാ പരിഷ്കാരങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, എ.ബി.സി ടി.വി നെറ്റ്‌വര്‍ക് ആഗസ്റ്റ് 13 മുതല്‍ 17 വരെ നടത്തിയ ടെലഫോണ്‍ സര്‍വെയില്‍ വ്യക്തമാകുന്നത് 49 ശതമാനം പേര്‍ അദ്ദേഹത്തിന് സുപ്രധാനമായ മാറ്റങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാന്‍ കഴിയുമെന്നാണ്. ഇത് അദ്ദേഹം അധികാരമേല്‍ക്കുന്നതിനു മുന്‍പുള്ളതിനേക്കാള്‍ 20 ശതമാനം കുറവാണ്.”

“55 ശതമാനം പേര്‍ കാര്യങ്ങള്‍ തീര്‍ത്തും തെറ്റാ‍യ ദിശയിലാണ് പോകുന്നതെന്ന് കരുതുന്നു. ഏപ്രിലില്‍ ഇത് 48 ശതമാനം ആയിരുന്നു.”

“അമേരിക്കയിലെ വൈദ്യമേഖലാ പരിഷ്കാരങ്ങളെ സംബന്ധിച്ച് ചൂടു പിടിച്ച സംവാദങ്ങള്‍ തീവ്രവാദപരമായ സ്വഭാവങ്ങള്‍ കാണിക്കുന്നു എന്നത് വിദഗ്ദരെ ആശങ്കാകുലരാക്കുന്നു. പൊതുയോഗങ്ങളില്‍ കാണപ്പെടുന്ന ആയുധധാരികളും, ഹിറ്റ്ലറുടെയും സ്വസ്തിക ചിഹ്നത്തിന്റെയും പെയിന്റിംഗുകളും അവരെ ഭീതിതരാക്കുന്നു.”

“ഇത്തരം തീവ്രവാദികളെ സൂക്ഷമായി നിരീക്ഷിക്കണമെന്ന് ഹേറ്റ് ക്രൈം വിദഗ്ദര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്., ഡെമോക്രാറ്റുകളാകട്ടെ പ്രതിഷേധങ്ങളെച്ചൊല്ലി അത്യാവേശത്തിലാണ്. മറ്റുള്ളവരാകട്ടെ തങ്ങളുടെ സഹപൌരന്മാരെ നേര്‍ക്കുനേരെ അഭിമുഖീകരിക്കണമെന്ന അഭിപ്രായക്കാരും.

“ഹിറ്റ്ലര്‍ മീശ ചേര്‍ത്ത് വ്യത്യാസം വരുത്തിയ ഒബാമയുടെ ചിത്രം കയ്യിലേന്തിയ യുവതി ഊര്‍ജ്ജം പകരുന്നത് മാറാരോഗങ്ങളുള്ളവരെയും പ്രായം ചെന്നവരെയും ദയാവധത്തിനു വിധേയമാക്കുന്നതിനെ പിന്തുണയ്ക്കുന്ന ‘മരണ സമിതി‘യ്ക്ക് നേതാവ് രൂപം കൊടുക്കേണ്ടതുണ്ട് എന്ന സിദ്ധാന്തത്തിനാണ്...”

“മുന്‍ എഫ്.ബി.ഐ ഏജന്റായിരുന്ന ബ്രാഡ് ഗാരെറ്റ് ആശങ്കയോടെ നിരീക്ഷിക്കുന്നത് ചിലര്‍ ‘ബധിരത’ നടിക്കുകയും ഹേറ്റ് മെസേജുകളിലേക്കും തീവ്രവാദത്തിലേക്കും ചുവടുമാറുന്നു എന്നുമാണ്‌‍.”

“ ഇത് തീര്‍ച്ചയായും ഭീതിജനകമായ കാലയളവാണ്, ഗാരറ്റ് കഴിഞ്ഞയാഴ്ച എം.ബി.സി യോറ്റ് പറഞ്ഞു. ഒബാമയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് രഹഷ്യാന്വേഷണ സംഘങ്ങള്‍ ശരിക്കും ഭയപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.“

“കൂടുതല്‍ പറയുന്നില്ല. തിങ്കളാശ്ച 12 ഓളം പേര്‍ ഒബാമ തന്റെ വൈദ്യപരിഷ്കാരങ്ങളെയും മറ്റു നടപടികളെയും കുറിച്ച് വിശദീകരിച്ച് വാര്‍ വെറ്ററന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ടിരുന്ന ഫീനിക്സ് കണ്‍‌വെന്‍ഷന്‍ സെന്റര്‍(അരിസോണ)ക്കു മുന്നില്‍ പരസ്യമായി ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രകടനം നടത്തി.”

“മറ്റൊരുവന്‍ ഒരു തോക്കും “It is Time to Water the Tree of Liberty“ എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ചിരുന്നു. “സ്വാ‍തന്ത്രത്തിന്റെ വൃക്ഷം ദേശാഭിമാനികളുടെയും ദുര്‍ഭരണാധികാരികളുടെയും രക്തത്താല്‍ ഇടക്കിടെ നനക്കപ്പെടേണ്ടതുണ്ട്” എന്ന തോമസ് ജെഫേര്‍സണിന്റെ വാചകത്തെ സൂചിപ്പിക്കുകയായിരുന്നു അയാള്‍.

“മറ്റു സന്ദേശങ്ങള്‍ ഇതിലും പ്രകടമായിരുന്നു. “ഒബാമക്കും മൈക്കെലിനും, പെണ്‍ മക്കള്‍ക്കും മരണം” ആശംസിക്കുന്നവയായിരുന്നു അവ.

“ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് മുന്‍പെന്നത്തേക്കാളും അധികമായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വെറുപ്പ് ഇടം പിടിച്ചിട്ടുണ്ട് എന്നാണ്.”

നമ്മള്‍ സംസാരിക്കുന്നത് അട്ടഹസിക്കുകയും, ഒബാ‍മയെ ഹിറ്റ്ലറായി ചിത്രീകരിക്കുന്ന ഫോട്ടോകള്‍ കൊണ്ടു നടക്കുകയും ചെയ്യുന്ന, സോഷ്യലിസ്റ്റ് എന്ന പദം വെറുപ്പോടെ ഉപയോഗിക്കുന്ന ജനങ്ങളെക്കുറിച്ചാണ്.” അമേരിക്കന്‍ പ്രസിഡന്റ് പദത്തെ വിഷയമാക്കി 12 പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള, കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയിലെ ലാറി ബെര്‍മന്‍ ഇ.എഫ്.എ(സ്പാനിഷ് വാര്‍ത്താ ഏജന്‍സി)യോട് പറഞ്ഞു. അദ്ദേഹം ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ഉറങ്ങിക്കിടക്കുന്ന വംശീയവിദ്വേഷത്തിന്റെ പൈതൃകത്തെയാണ്.

“2004ല്‍ പ്ലാനിംഗ്, പരിശീലനം, നിരീക്ഷണം എന്നിവക്കായി ബ്ലാക്ക് വാട്ടര്‍ എന്ന സ്വകാര്യ സേനയെ സി.ഐ.എ വാടക്കക്കെടുത്തിരുന്നു എന്ന് ഇന്നലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിനു പിറകെ, പത്രത്തിന്റെ പുതിയ ലക്കത്തില്‍ ഇപ്പോള്‍ എക്സ്.ഇ എന്നറിയപ്പെടുന്ന ആ വിവാദ സ്വകാര്യ സേനക്ക് നല്‍കിയിരുന്ന ചുമതലകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.”

“അല്‍ക്വയ്ദ നേതാക്കളെ വധിക്കുന്നതിനായി ഡ്രോണ്‍ വിമാനത്തില്‍ സ്ഫോടനവസ്തുക്കള്‍ പ്ലാന്റ് ചെയ്യുന്നതിനായി സി.ഐ.എ ബ്ലാക്ക് വാട്ടര്‍ ഏജന്റുമാരെ റിക്രൂട്ട് ചെയ്തുവെന്ന് പത്രം പറയുന്നു.”

ന്യൂയോര്‍ക്ക് ടൈംസിനു ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരപ്രകാരം, ഈ ഓപ്പറേഷനുകളൊക്കെ നടത്തിയത് അഫ്ഗാനിസ്ഥാനിലെയും പാക്കിസ്താനിലെയും ബേസുകളിലായിരുന്നു. ഇവിടെ വെച്ച് ആ സ്വകാര്യ കമ്പനി ഹെല്‍ഫയര്‍ മിസൈലുകളും 500 പൌണ്ട് ലേസര്‍ നിയന്ത്രിത ബോംബുകളും കൂട്ടിയോജിപ്പിക്കുകയും ലോഡ് ചെയ്യുകയും ചെയ്തു.”

ഏജന്‍സിയുടെ(സി.ഐ.എ) ഇപ്പോഴത്തെ ഡയറക്ടര്‍ ആയ ലിയോണ്‍ പാനെറ്റ ആ പരിപാടി ഉപേക്ഷിക്കുകയും ജൂണില്‍ നടന്ന കോണ്‍ഗ്രസിന്റെ ഒരു അടിയന്തിര യോഗത്തില്‍ അത്തരമൊരു പരിപാടി ഉണ്ടായിരുന്നുവെന്ന് അറിയിക്കുകയും ചെയ്തു.”

പാനെറ്റ സി.ഐ.എയുടെ ചുമതല ഏല്‍ക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ യഥാര്‍ത്ഥത്തില്‍ ആ പരിപാടി അവസാനിച്ചിരുന്നു. സി.ഐ.എ ഉദ്യോഗസ്ഥര്‍ തന്നെ കൊലപാതകങ്ങള്‍ക്കായി പുറത്തുള്ളവരെ ഉപയോഗിക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.”

“ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലത്ത് ഇറാഖിലെ അമേരിക്കന്‍ സംഘത്തെ സംരക്ഷിക്കുന്നതിനു പ്രധാന ചുമതലയുള്ള സ്വകാര്യ സുരക്ഷാ ഏജന്‍സിയായിരുന്നു ബ്ലാക്ക് വാട്ടര്‍.”

“അതിന്റെ ആക്രമണപരമായ തന്ത്രങ്ങള്‍ പല ഘട്ടത്തിലും വിമര്‍ശിക്കപ്പെട്ടിരുന്നു. ഏറ്റവും ഗൌരവതരമായ സംഭവം നടന്നത് 2007 സെപ്തംബറില്‍ കമ്പനിയുടെ ഏജന്റുമാര്‍ 17 ഇറാഖി സിവിലിയന്‍സിനെ വധിച്ചപ്പോഴായിരുന്നു അത്.”

ദിനം പ്രതി പുതിയ പുതിയ റിക്കാർഡുകൾ സൃഷ്ടിക്കുന്ന സൈനിക ആത്മഹത്യകളും സൈനികർക്കിടയിൽ വീശിയടിക്കുന്ന വിഷാദരോഗ തരംഗവും യുദ്ധം സൃഷ്ടിക്കുന്ന വൈകാരിക സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുന്ന വിശിഷ്ട ഫോർമേഷനുകൾക്ക് വേണ്ട പരിശീലനം തങ്ങളുടെ പടയാളികൾക്ക് നൽകുന്നതിന് അമേരിക്കൻ കരസേനയെ നിർബന്ധിതരാക്കിയിരിക്കുകയാണ്.

ആഗസ്റ്റ് 22:

“യു എസ് പ്രസിഡന്റ് ബാരാക് ഒബാമ രാജ്യത്തെ വൈദ്യ ശുശ്രൂഷാ രംഗത്തെ പരിഷ്‌ക്കരിക്കാനുള്ള തന്റെ നീക്കത്തെ എതിർക്കുന്നവർക്കെതിരെ ഇന്ന് ശക്തമായ വിമർശനവുമായി രംഗത്തെത്തുകയും അത്തരം ആളുകൾ നുണകളും അപവാദങ്ങളും പ്രചരിപ്പിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.”

വൈദ്യ ശുശ്രൂഷാ രംഗത്തെ പരിഷ്‌ക്കാരങ്ങൾ ലക്ഷ്യമിടുന്നത് ദിനംപ്രതി ചികിത്സാചിലവുകൾ കുതിച്ചുയരുന്നത് തടയാനും ഇൻഷുറൻസ് ഇല്ലാത്ത ഏകദേശം 50 ദശലക്ഷം അമേരിക്കക്കാർക്ക് ചികിത്സാ കവർ ഉറപ്പുവരുത്താനുമാണെന്ന് തന്റെ പ്രസംഗങ്ങളിൽ അദ്ദേഹം എടുത്തു പറയുന്നുണ്ട്.

“....ചർച്ചകൾ സത്യസന്ധമായിരിക്കണം. കാര്യങ്ങൾ ഇപ്പോൾ ഉള്ളതു പോലെ തന്നെ തുടരുന്നതുകൊണ്ട് നേട്ടമുണ്ടാകുന്നവർക്കായി ബോധപൂർവം പ്രചരിപ്പിക്കുന്ന അപവാദങ്ങളേയും അസത്യങ്ങളേയും ആധാരമാക്കിയല്ല ചർച്ചകൾ നടക്കേണ്ടത്. ”

“ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പർട്ട്‌മെന്റ് ഇന്നും അല്‍ക്വയ്‌ദ നേതാക്കളുടെ വധവുമായി ബന്ധമുള്ള ബ്ലാക്ക് വാട്ടര്‍ എന്ന സ്വകാര്യ സേനയെ( ഇന്നവർ അറിയപ്പെടുന്നത് എക്സ്.ഇ എന്നാണ്) സാമ്പത്തികമായി സഹായിക്കുന്നുണ്ട്. ”

“ന്യൂയോർക്ക് സ്റ്റേറ്റിന്റെ ഗവർണറായ ഡേവിഡ് പാറ്റേർസൺ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞത് തന്നെയും പ്രസിഡന്റ് ഒബാമയെയും മസാച്ചുസെറ്റ്സ് ഗവർണർ ഡെവൽ പാട്രിക്കിനെയും പോലെയുള്ള ആഫ്രിക്കൻ - അമേരിക്കൻ ഉദ്യോഗസ്ഥരെയും കവർ ചെയ്യുന്നതിന് മാധ്യമങ്ങൾ വംശീയ സ്റ്റീരിയോ ടൈപ്പുകളെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. ”

“ഈയിടെ പ്രവചിച്ചതിനെക്കാൾ ഏതാണ്ട് 2 ട്രില്യൺ അമേരിക്കൻ ഡോളർ അധികമായിരിക്കും അടുത്ത പത്തുവർഷത്തെ ബജറ്റുകമ്മിയെന്നാണ് വൈറ്റ് ഹൌസ് കണക്കുകൂട്ടുന്നത്. ഭരണകൂടം വന്തോതിൽ പിന്തുണയ്ക്കുന്ന ഒരു പൊതുജനാരോഗ്യ പരിപാടി നടപ്പിലാക്കാനുള്ള ഒബാമയുടെ നീക്കൾക്ക് കനത്ത തിരിച്ചടിയായിരിക്കുമത്. ”

“ദശ-വർഷ പ്രവചനങ്ങൾ അത്ര കൃത്യമായിരിക്കണമെന്നില്ല, കാലക്രമത്തിൽ അതിൽ മാറ്റങ്ങൾ വരാം. എന്നാൽ സർക്കാർ ഫൈനാൻസിലെ പുതിയ ചുവപ്പൻ അക്കങ്ങൾ കോൺഗ്രസ്സിനെ സമീപിക്കുമ്പോൾ ഒബാമയ്ക്ക് മുന്നിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം അമേരിക്കൻ പൊതു കടമെടുപ്പിനെ ഫൈനാൻസ് ചെയ്യുന്ന ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളെ ഉത്‌കണ്ഠാകുലരാക്കുകയും ചെയ്യും. അമേരിക്കൻ ഡോളറിന്റെ മൂല്യം വൻ‌തോതിൽ കുറച്ചാലും അവരെയൊക്കെ നിലനിർത്താനാകില്ലെന്നാണ് ഒട്ടെല്ലാ സാമ്പത്തിക വിദഗ്‌ദരും കരുതുന്നത്. ”

ആഗസ്റ്റ് 23:

“തീവ്രവാദികളുടെ ആക്രമണമുണ്ടാകാൻ ഉള്ള സാദ്ധ്യത നിലനിൽക്കുന്നുവെങ്കിലും അഫ്‌ഗാനിസ്ഥാനിലെ ഭീകരതക്കെതിരായ യുദ്ധത്തിന് തന്റെ രാജ്യത്ത് പൊതു ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നതിൽ താനേറെ ആശങ്കാകുലനാണെന്ന് യൂ എസ് ആർമിയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഇക്കഴിഞ്ഞ ഞായറാഴ്‌ച പ്രസ്താവിച്ചു.”

“ സ്ഥിതി വളരെ ഗുരുതരം ആണെന്നു മാത്രമല്ല, നാൾ തോറും മോശമായിക്കൊണ്ടിരിക്കുകയുമാണെന്നാണ് എനിക്ക് തോന്നുന്നത് - താലിബാന്റെ ഭീകരപ്രവർത്തനം ദിവസം ചെല്ലുന്തോറും അടവുപരമായി കൂടുതൽ മെച്ചപ്പെടുകയും പരിഷ്‌ക്കരിക്കപ്പെടുകയുമാണ്, ” അഡ്‌മിറൽ മൈക്ക് മുള്ളൻ പറഞ്ഞു.

“എൻ ബി സി പ്രക്ഷേപണം ചെയ്ത ഒരു ഇന്റർവ്യൂയിൽ കൂടുതൽ സൈനികരെ അയക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ഉത്തരം നൽകാൻ മുള്ളൻ വിസമ്മതിച്ചു.”

ഈയിടെ വാഷിംഗ്‌ടൺ പോസ്റ്റും-എ ബി സിയും സംയുക്തമായി പ്രസിദ്ധീകരിച്ച ഒരു സർവെയിൽ പങ്കെടുത്ത 50 ശതമാനത്തിലേറെ ആളുകൾ അഭിപ്രായപ്പെട്ടത് അഫ്‌ഗാനിസ്ഥാനിലെ യുദ്ധത്തിനായി നടത്തുന്ന മുതൽമുടക്കിനനുപാതികമായ ഫലസിദ്ധിയുണ്ടാകുന്നില്ല എന്നാണ്.

“ മൂന്നു വർഷം മുമ്പ് വിന്യസിച്ച 20000 സൈനികരുടെ സ്ഥാനത്ത് 2009 അവസാനമാകുമ്പോഴേക്കും ഏകദേശം മൂന്നിരട്ടി അമേരിക്കൻ സൈനികർ അഫ്‌ഗാനിസ്ഥാനിൽ ഉണ്ടാകും. ”

അമേരിക്കൻ സമൂഹത്തിൽ ആകെ ചിന്താക്കുഴപ്പമാണ്

ഈ വരുന്ന സെപ്റ്റംബർ 11 ദുരന്തപൂർണമായ 9/11 ന്റെ എട്ടാം വാർഷികമാണ്. യുദ്ധത്തിലൂടെ ഭീകരപ്രവർത്തനത്തിന് അറുതി വരുത്താനാവില്ലെന്ന് ആ ദിവസം ഹവാനയിലെ ഒരു യോഗത്തിൽ വച്ച് നാം മുന്നറിയിപ്പ് നൽകി.

ഇറാഖിൽ നിന്ന് സൈനികരെ പിൻ‌വലിക്കാനും അവരെ അഫ്‌ഗാനിസ്ഥാനിൽ താലിബാനെതിരെയുള്ള യുദ്ധത്തിൽ വിന്യസിക്കാനുമുള്ള തന്ത്രം പിശകാണ്. സോവിയറ്റ് യൂണിയൻ മുങ്ങിയതവിടെയാണ്. അമേരിക്കയുടെ യൂറോപ്യൻ സഖ്യകക്ഷികൾ തങ്ങളുടെ സൈനികരുടെ രക്തം ആ മണ്ണിൽ ചീന്താനുള്ള നീക്കത്തെ കൂടുതൽ ശക്തിയായി എതിർക്കും.

ഈ യുദ്ധത്തിനുള്ള ജനപിന്തുണയെപ്പറ്റി മുള്ളനുള്ള ആശങ്കകൾ അസ്ഥാനത്തല്ല. 2011 സെപ്റ്റംബർ 11 ലെ ആക്രമണത്തിന് പദ്ധതിയിട്ടവർക്ക് വേണ്ട പരിശീലനം നൽകിയത് അമേരിക്ക തന്നെയായിരുന്നു.

താലിബാൻ എന്ന അഫ്‌ഗാൻ ദേശീയതാ പ്രസ്ഥാനത്തിന് ആ സംഭവവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ശീത യുദ്ധത്തിന്റെ നാളുകളിൽ, സോവ്യറ്റ് യൂണിയനെതിരെ പൊരുതാനായി 1979 മുതൽ സി ഐ എ പോറ്റി വളർത്തിയ അൽ ഖ്വയ്‌ദ എന്ന സംഘടനയാണ് 22 വർഷങ്ങൾക്ക് ശേഷം ആ ആക്രമണം സംഘടിപ്പിച്ചത്.

ലോക പൊതു ജനാഭിപ്രായത്തിനു മുമ്പിൽ അനാവൃതമാകാത്ത ഇത്തരം കുറെ സംഭവങ്ങൾ ഉണ്ട്.

ഈ പ്രശ്‌നങ്ങളൊക്കെ ഒബാമയ്ക്ക് ബുഷിൽ നിന്നും പിന്തുടർച്ചയായി ലഭിച്ചതാണ്.

വംശീയവിദ്വേഷികളായ തീവ്രവലതുപക്ഷക്കാര്‍ ഏറ്റവും കുറഞ്ഞ രാഷ്ട്രീയവില നല്‍കിക്കൊണ്ട്, ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അദ്ദേഹത്തെ നിഷ്കാസിതനാക്കുന്നതിനായി അദ്ദേഹത്തിന്റെ പദ്ധതികള്‍ക്ക് തടയിടുമെന്നും, അദ്ദേഹത്തെ ദുര്‍ബലനാക്കുന്നതിന് ആവുന്നതെല്ലാം ചെയ്യും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല.

എനിക്ക് തെറ്റു പറ്റിയതാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.(Hopefully I am mistaken!)

*
ഫിദല്‍ കാസ്ട്രോ എഴുതിയ Hopefully I am mistaken! എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

5 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയാവസ്ഥയെക്കുറിച്ചുള്ള വാരാന്ത വാര്‍ത്താക്കുറിപ്പുകള്‍ ഞാന്‍ അത്യാശ്ചര്യത്തോടെയാണ് വായിച്ചത്. പ്രസിഡന്റ് ബാരക്ക് ഒബാമയുടെ സ്വാധീനത്തിനു ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന കാര്യം വളരെ വ്യക്തമാണ്. ആ രാജ്യം നേരിടുന്ന അഗാധമായ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയില്ലായിരുന്നുവെങ്കില്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയം (surprising electoral victory) സാധ്യമാകുമായിരുന്നില്ല. ഇറാഖില്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കപ്പെടുകയോ ചെയ്യുന്ന അമേരിക്കന്‍ ഭടന്മാര്‍, രഹസ്യ ജെയിലുകളെയും, പീഢനങ്ങളെയും കുറിച്ചുള്ള ആരോപണങ്ങള്‍, തൊഴിലും വീടും നഷ്ടപ്പെടുന്ന അവസ്ഥ, എല്ലാം അമേരിക്കന്‍ സമൂഹത്തെ പിടിച്ചുലച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാകട്ടെ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുകയായിരുന്നു, മൂന്നാം ലോകരാജ്യങ്ങളിലെ പട്ടിണിയും ദാരിദ്ര്യവും വര്‍ദ്ധിപ്പിച്ചുകൊണ്ട്.

ഫിദല്‍ കാസ്ട്രോ എഴുതിയ Hopefully I am mistaken! എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

വിന്‍സ് said...

ഒബാമയെ ഇമ്പീച്ച് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വിന്‍സ് said...

ഓ എഴുതിയ പാര്‍ട്ടി കാസ്ട്രോ ആയിരുന്നോ..പഷ്ട്.

*free* views said...

The fuss made out of Obama's health care policy shows how influential news papers are in creating opinions. The reasons to oppose the health care reforms shows the prejudice in that society.

I got a suggestion for Worker's forum. Can you start a page to share some good links about communism and communist movements, both internal and international. It is a good idea to start a twitter feed to share links , ideas and news. Use the modern media as much as you can.

Unknown said...

i agee with free.. ajayagosh