Thursday, February 18, 2010

ജനാധിപത്യത്തിന്റെ ഭാവി

പേരു സൂചിപ്പിക്കുംപോലെ പാര്‍ലമെന്റിന്റെ ഇരു സഭകള്‍ക്കും നടുവിലാണ് സെന്‍ട്രല്‍ ഹാള്‍. സഭ നടക്കുന്നതിനിടയില്‍ എംപിമാര്‍ അത്യാവശ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ചായ കുടിക്കുന്നതിനും മറ്റും ഇവിടെയാണ് വന്നിരിക്കുക. അത്യാവശ്യം ഭക്ഷണവും ലഭിക്കും. ടീ ബോര്‍ഡിന്റെയും കോഫി ബോര്‍ഡിന്റെയും സ്റ്റാളുകളുണ്ട്. ഭക്ഷണവിതരണം റെയില്‍വേയുടെ കാറ്ററിങ് സംവിധാനമാണ്. മുന്‍ എംപിമാര്‍ക്കും പ്രത്യേക പാസുള്ള പത്രക്കാര്‍ക്കും ഇവിടെ പ്രവേശനമുണ്ട്. പാര്‍ലമെന്റ് നടപടികള്‍ റിപ്പോര്‍ട് ചെയ്ത് പത്തുവര്‍ഷം തികഞ്ഞവര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. പാര്‍ലമെന്റ് അംഗങ്ങളും പത്രക്കാരും തമ്മിലുള്ള ആശയവിനിമയം നടക്കുന്ന സ്ഥലവും ഇവിടെ തന്നെ. സിപിഐഎമ്മില്‍നിന്നും അടുത്തകാലത്ത് പുറത്താക്കിയ ഒരു മുന്‍ എംപി ഡല്‍ഹിയില്‍ ജോലി ചെയ്യുന്നതുകൊണ്ടായിരിക്കാം മിക്കവാറും സെന്‍ട്രല്‍ ഹാളില്‍ കാണാറുണ്ട്. അദ്ദേഹത്തിനു വെളിപാടുണ്ടാകുന്നതിനു തൊട്ടുമുമ്പുള്ള സമയത്ത് കൂടുതല്‍ സമയവും കോണ്‍ഗ്രസ് എംപിമാരുടെ കൂടെയാണ് ഇരിക്കാറുള്ളത്. അപകടത്തിലേക്കാണോ ഈ പോക്കെന്ന ഉല്‍ക്കണ്ഠ ഞാന്‍ എം ബി രാജേഷിനോട് പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍, അങ്ങനെയൊന്നും ആകില്ലെന്ന് ഞങ്ങള്‍ കരുതി. ഒരിക്കലും പാര്‍ലമെന്റ് കണ്ടിട്ടില്ലാത്ത, കാണണമെന്ന് ആഗ്രഹിക്കുകപോലും ചെയ്യാത്ത ആയിരക്കണക്കിനു സാധാരണ പ്രവര്‍ത്തകര്‍ എത്ര ദിവസം ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ആരോരുമറിയാതെയിരുന്ന താന്‍ ഈ സ്ഥാനത്ത് എത്തിയിട്ടുണ്ടാവുക എന്ന ചിന്ത ഈ വിദ്യാസമ്പന്നന് ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചുപോയി. എത്ര ദിവസം ഈ പ്രവര്‍ത്തകര്‍ പണിയുപേക്ഷിച്ചിട്ടുണ്ടാകും? ദിവസക്കൂലിക്കാരന്‍ അതുപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ അവരുടെ മക്കള്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും? സ്ഥാനാര്‍ഥിയായപ്പോള്‍ ധരിക്കേണ്ട വസ്ത്രമുള്‍പ്പെടെ എല്ലാം നല്‍കി പാര്‍ടി പാര്‍ലമെന്റിലേക്ക് അയച്ചവര്‍ പിന്നീട് എക്സ് ആകുമ്പോള്‍ എങ്ങനെയാണ് എല്ലാം മറക്കുന്നത്?

ഇത്തരം ചോദ്യങ്ങള്‍ സാധാരണക്കാര്‍ വികാരത്തിന്റെ അടിസ്ഥാനത്തില്‍ ചോദിക്കുന്നതാണ്. എന്നാല്‍, എങ്ങനെയാണ് വസ്ത്രം മാറുന്ന ലാഘവത്തോടെ ഇവര്‍ പാര്‍ടി മാറുന്നത്. പാര്‍ലമെന്റ് പന്നിക്കൂടാണെന്ന് ലെനിന്‍ പറഞ്ഞു. അതു നല്‍കുന്ന പ്രലോഭനങ്ങളെക്കുറിച്ച് എകെജി എപ്പോഴും ഓര്‍മിപ്പിച്ചു. അതു നല്‍കുന്ന സാധ്യതകള്‍ അതുവരെ പരിചിതമായ രീതികളില്‍നിന്നും വ്യത്യസ്തമാണ്. ഒരാള്‍ എന്തു കാണുന്നെന്നതും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും രാഷ്ട്രീയ പ്രത്യയശാസ്ത്ര ധാരണകളുടെ പിന്‍ബലത്തിലായിരിക്കും. എകെജി രാവിലെ പത്രം വായിച്ചുകഴിഞ്ഞാല്‍ ചിലപ്പോള്‍ പെട്ടെന്ന് പെട്ടിയും തുക്കി ഇറങ്ങിപ്പോകുമായിരുന്നു. ഏതെങ്കിലും സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭ വാര്‍ത്തയായിരിക്കും അങ്ങോട്ടു പോകുന്നതിലേക്ക് അദ്ദേഹത്തെ നയിക്കുന്നതെന്ന് ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. സിപിഐഎമ്മിന്റെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പാര്‍ടി ഏര്‍പ്പെടുത്തിയിട്ടുള്ള നിരവധി നിയന്ത്രണങ്ങളും ചട്ടങ്ങളുമുണ്ട്. എന്നാല്‍, ഇതൊന്നുമല്ലാതെയുള്ള പ്രത്യേക പ്രിവിലേജുകള്‍ അംഗങ്ങള്‍ക്ക് ലഭിക്കും.

ഒരുനാള്‍ ഇതെല്ലാം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ആകുലതകളാണ് ചില ഉള്‍വിളികളിലേക്ക് നയിക്കുന്നത്. സെന്‍ട്രല്‍ ഹാളില്‍ ഇരിക്കുമ്പോള്‍ ചിലര്‍ വന്നു ചിലതു ചോദിക്കുകകൂടി ചെയ്യുമ്പോള്‍ ഈ അസ്വസ്ഥത വര്‍ധിക്കും. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ ചില വാഗ്ദാനങ്ങള്‍ നല്‍കും. ചിലപ്പോള്‍ അത് മത്സരിക്കുന്നതിനുള്ള സീറ്റായിരിക്കാം. മറ്റു ചിലപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രൊജക്റ്റില്‍ പ്രധാന സ്ഥാനമായിരിക്കാം. പാര്‍ലമെന്റ് അംഗമായതിനുശേഷം രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചവര്‍ക്ക് ഇത്രപോലും വേണമെന്ന് വരില്ല. ഇവരെ സ്ഫുടംചെയ്തെടുക്കുന്ന സംവിധാനങ്ങളുടെ പ്രവര്‍ത്തനം സ്വയംവിമര്‍ശനപരമായി പരിശോധിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ അവസരം നല്‍കും. ഇത്തരക്കാരെ മിക്കവാറും എത്ര ശ്രമിച്ചാലും മാറ്റിയെടുക്കാനും കഴിഞ്ഞെന്നുവരില്ല.

ആഗോളവല്‍ക്കരണകാലത്ത് പാര്‍ലമെന്ററി സംവിധാനത്തിനും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിനു വന്ന മാറ്റങ്ങളെക്കുറിച്ച് ഗൌരവമായ പഠനം ആവശ്യമാണ്. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും പാര്‍ലമെന്ററി സംവിധാനത്തിനു ചില പുരോഗമന സ്വഭാവമുണ്ടെന്ന് കരുതുന്ന പാര്‍ടിയാണ് സിപിഐഎം. പാര്‍ടി പരിപാടി പുതുക്കിയപ്പോള്‍ അതു കൃത്യമായി പ്രസ്താവിക്കുകയും ചെയ്തു. ആഗോളവല്‍ക്കരണം എല്ലാറ്റിനെയും ചരക്കുവല്‍ക്കരിക്കുന്നതിന്റെ പ്രതിഫലനം ഇവിടെയും കാണാം. ഒരുദിവസം സെന്‍ട്രല്‍ ഹാളില്‍ രാജേഷും ബിജുവും ഞാനും കൂടിയിരിക്കുമ്പോള്‍ ആന്ധ്രയില്‍നിന്നുള്ള ഒരു എംപി പരിചയപ്പെടാന്‍ വന്നു. സംസാരം തെരഞ്ഞെടുപ്പ് ചെലവുകളിലേക്ക് വന്നു. അദ്ദേഹത്തിന്റെ ചെലവ് മുപ്പതുകോടി രൂപയാണത്രേ. ഇതു കേട്ട് ഞങ്ങള്‍ ഞെട്ടിയെന്ന് മനസ്സിലായിട്ടായിരിക്കും അപ്പുറത്തിരുന്ന മറ്റൊരു എംപിയെ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ചെലവ് 65 കോടി രൂപയാണെന്ന് പറഞ്ഞു. എങ്ങനെയാണ് വരവ് എന്നും എന്താണ് ചെലവെന്നും ചോദിച്ചപ്പോള്‍ ഇതൊരു ഇന്‍വെസ്റ്റ്മെന്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍വെസ്റ്റ്മെന്റോ എന്ന് അമ്പരപ്പോടെ ഞങ്ങള്‍ ചോദിച്ചു. ഇവര്‍ രണ്ടുപേരും വന്‍വ്യവസായികളാണ്. ആദ്യത്തെയാളുടെ വിറ്റുവരവ് 6000 കോടി രൂപയും രണ്ടാമന്റേത് 9000 കോടിയുമാണ്. ലോക്സഭയില്‍ നല്ലൊരു പങ്കും കോടീശ്വരന്‍മാരാണ്.

രാജ്യസഭയിലെ സ്ഥിതിയും വ്യത്യസ്തമല്ല. രാഹുല്‍ ബജാജും രാജീവ് ചന്ദ്രശേഖരുമുള്‍പ്പെടുന്ന വന്‍നിരയുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നവരില്‍ നല്ലൊരു പങ്കും ഇത്തരക്കാരാണ്. സഭ നടക്കുമ്പോള്‍ അടുത്തുവന്നിരുന്ന് സംസാരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇതു തുറന്നു സമ്മതിച്ചു. കേരളത്തിലെ കോണ്‍ഗ്രസല്ല ഇവിടെയുള്ളത്. വന്‍കിട കുത്തകളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇടതുപക്ഷ പിന്തുണയുണ്ടായിരുന്നപ്പോള്‍ ആ നിയന്ത്രണമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ലെന്ന് അദ്ദേഹം ആത്മരോദനം നടത്തി.

മഹാരാഷ്ട്രയിലെ പുതിയ നിയമസഭയില്‍ മൂന്നില്‍ രണ്ടു എംഎല്‍എമാരും കോടീശ്വരന്‍മാരാണ്. ഹരിയാണയില്‍ അത് നാലില്‍ മുന്നാണ്. ജനസംഖ്യയില്‍ 77 ശതമാനവും ഇരുപതുരൂപയില്‍ താഴെ മാത്രം വരുമാനമുള്ള രാജ്യത്ത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന വേദിയുടെ ചിത്രമാണിത്. അഭിജിത് സെന്നിന്റെ പഠനത്തിലാണ് ഈ കണക്കുള്ളത്. അദ്ദേഹം രാജ്യസഭാംഗമാണ്. കോണ്‍ഗ്രസാണ് നാമനിര്‍ദേശം ചെയ്തത്.

ഈ സാഹചര്യത്തില്‍ ആരുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും ജനാധിപത്യവേദികളില്‍ ഭൂരിപക്ഷം കിട്ടുക? ചെറിയ മനുഷ്യന്റെ അധികാരവുമായി ബന്ധപ്പെട്ട അബ്രഹാം ലിങ്കന്റെ സുപ്രസിദ്ധ ജനാധിപത്യനിര്‍വചനത്തിന് ഇന്ന് എത്രമാത്രം പ്രസക്തിയുണ്ട്? പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ നോക്കിയാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എളുപ്പം ലഭിക്കും. കഴിഞ്ഞ സെഷനില്‍ ചര്‍ച്ച കുടാതെയാണ് ഹൈക്കോടതികളില്‍ വാണിജ്യ ബെഞ്ച് സ്ഥാപിക്കുന്ന ബില്‍ പാസാക്കിയത്. അഞ്ചുകോടി രൂപയില്‍ കൂടുതലുള്ള വാണിജ്യതര്‍ക്കങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനു പ്രത്യേകം ബെഞ്ച് രൂപികരിക്കുന്ന നിയമമാണിത്. ഇപ്പോള്‍ ഹൈക്കോടതിയില്‍ ഇത്തരം കേസുകള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ പാടില്ല. കീഴ്ക്കോടതി വിധികള്‍ക്ക് ഇവിടെ അപ്പീല്‍ നല്‍കാം. രാജ്യത്തെ ആറുഹൈക്കോടതികള്‍ ഒഴികെ ബാക്കിയുള്ളവക്കെല്ലാം അപ്പീല്‍ കേള്‍ക്കുന്നതിനുള്ള അധികാരമേയുള്ളു. തെരഞ്ഞെടുപ്പ് കേസുപോലെ ചിലവയില്‍ നേരിട്ട് ഹര്‍ജി നല്‍കാം. പുതിയ നിയമം വന്നാല്‍, അഞ്ചുകോടിരൂപയില്‍ കൂടുതല്‍ വരുന്ന തര്‍ക്കങ്ങളില്‍ വാദം കേട്ടാല്‍ മുപ്പതു ദിവസത്തിനുള്ളില്‍ വിധി പറഞ്ഞിരിക്കണം. എല്ലാവരും നിയമത്തിനു മുമ്പില്‍ തുല്യരാണെന്ന് അനുച്ഛേദം പതിനാലില്‍ മൌലികാവകാശമായി പ്രത്യേകം പ്രസ്താവിക്കുന്ന ഭരണഘടനയുള്ള രാജ്യത്താണ് ധനിക നീതി വരുന്നത്. ഒരു പന്തിയില്‍ രണ്ടു വിളമ്പല്‍. പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന രുപികക്ക് നീതി നിഷേധിക്കുന്നെന്ന് വിധി പറയാന്‍ പോലും പതിനേഴ് കൊല്ലം വേണ്ടി വന്ന രാജ്യത്താണ് ഈ പുതിയ നിയമം.അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നവരുടെ ആശ്രിതര്‍ നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യത്തിനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതും ഇവിടെ തന്നെ. ഹൈക്കോടതിയില്‍ ആയിരക്കണക്കിണു കേസുകളാണ് കെട്ടികിടക്കുന്നത്. പുതിയ നിയമം വന്നാല്‍ ഇതു വീണ്ടും വര്‍ധിക്കും. മുന്‍ഗണന സമ്പന്നന്റെ കാര്യങ്ങള്‍ക്കായിരിക്കും. രാജ്യസഭയില്‍ ഈ ബില്‍ വന്നപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തു. അവിടെ യുപിഎക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ട് സെലക്ട് കമ്മിറ്റിക്ക് വിട്ടു. ഈ കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനുള്ള യാത്രക്കിടയിലാണ് ഈയാഴ്ചയിലെ കോളമെഴുത്ത്.

ജനാധിപത്യം പണാധിപത്യത്തിലേക്ക് മാറുന്നെന്ന എക്കാലത്തെയും പൊതുവര്‍ത്തമാനത്തിനപ്പുറം പഠനമാവശ്യപ്പെടുന്നതാണ് പുതിയ മാറ്റങ്ങള്‍. ജനങ്ങള്‍ക്ക് ഇടപെടുന്നതിനുള്ള പരിമിതമായ സാധ്യതകളെപോലും തകര്‍ത്തുകളയുകയും ഭരണവര്‍ഗ ഉപകരണത്തിന്റെ പ്രാകൃതരൂപത്തിലേക്ക് പൂര്‍ണമായും മാറാന്‍ ശ്രമിക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

4 comments:

വര്‍ക്കേഴ്സ് ഫോറം said...

പേരു സൂചിപ്പിക്കുംപോലെ പാര്‍ലമെന്റിന്റെ ഇരു സഭകള്‍ക്കും നടുവിലാണ് സെന്‍ട്രല്‍ ഹാള്‍. സഭ നടക്കുന്നതിനിടയില്‍ എംപിമാര്‍ അത്യാവശ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ചായ കുടിക്കുന്നതിനും മറ്റും ഇവിടെയാണ് വന്നിരിക്കുക. അത്യാവശ്യം ഭക്ഷണവും ലഭിക്കും. ടീ ബോര്‍ഡിന്റെയും കോഫി ബോര്‍ഡിന്റെയും സ്റ്റാളുകളുണ്ട്. ഭക്ഷണവിതരണം റെയില്‍വേയുടെ കാറ്ററിങ് സംവിധാനമാണ്. മുന്‍ എംപിമാര്‍ക്കും പ്രത്യേക പാസുള്ള പത്രക്കാര്‍ക്കും ഇവിടെ പ്രവേശനമുണ്ട്. പാര്‍ലമെന്റ് നടപടികള്‍ റിപ്പോര്‍ട് ചെയ്ത് പത്തുവര്‍ഷം തികഞ്ഞവര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. പാര്‍ലമെന്റ് അംഗങ്ങളും പത്രക്കാരും തമ്മിലുള്ള ആശയവിനിമയം നടക്കുന്ന സ്ഥലവും ഇവിടെ തന്നെ. സിപിഐഎമ്മില്‍നിന്നും അടുത്തകാലത്ത് പുറത്താക്കിയ ഒരു മുന്‍ എംപി ഡല്‍ഹിയില്‍ ജോലി ചെയ്യുന്നതുകൊണ്ടായിരിക്കാം മിക്കവാറും സെന്‍ട്രല്‍ ഹാളില്‍ കാണാറുണ്ട്. അദ്ദേഹത്തിനു വെളിപാടുണ്ടാകുന്നതിനു തൊട്ടുമുമ്പുള്ള സമയത്ത് കൂടുതല്‍ സമയവും കോണ്‍ഗ്രസ് എംപിമാരുടെ കൂടെയാണ് ഇരിക്കാറുള്ളത്. അപകടത്തിലേക്കാണോ ഈ പോക്കെന്ന ഉല്‍ക്കണ്ഠ ഞാന്‍ എം ബി രാജേഷിനോട് പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍, അങ്ങനെയൊന്നും ആകില്ലെന്ന് ഞങ്ങള്‍ കരുതി. ഒരിക്കലും പാര്‍ലമെന്റ് കണ്ടിട്ടില്ലാത്ത, കാണണമെന്ന് ആഗ്രഹിക്കുകപോലും ചെയ്യാത്ത ആയിരക്കണക്കിനു സാധാരണ പ്രവര്‍ത്തകര്‍ എത്ര ദിവസം ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ആരോരുമറിയാതെയിരുന്ന താന്‍ ഈ സ്ഥാനത്ത് എത്തിയിട്ടുണ്ടാവുക എന്ന ചിന്ത ഈ വിദ്യാസമ്പന്നന് ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചുപോയി. എത്ര ദിവസം ഈ പ്രവര്‍ത്തകര്‍ പണിയുപേക്ഷിച്ചിട്ടുണ്ടാകും? ദിവസക്കൂലിക്കാരന്‍ അതുപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ അവരുടെ മക്കള്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും? സ്ഥാനാര്‍ഥിയായപ്പോള്‍ ധരിക്കേണ്ട വസ്ത്രമുള്‍പ്പെടെ എല്ലാം നല്‍കി പാര്‍ടി പാര്‍ലമെന്റിലേക്ക് അയച്ചവര്‍ പിന്നീട് എക്സ് ആകുമ്പോള്‍ എങ്ങനെയാണ് എല്ലാം മറക്കുന്നത്?

mirchy.sandwich said...

ഇത്തിരി കെ സി വൈ എമ്മും ഇത്തിരി കുര്‍ബാനയും ഇത്തിരി ചികിത്സയും ഒക്കെയായിട്ട് സ്വസ്ഥമായി നടന്ന ആ മനോജിനെ ഓടിച്ചിട്ട് പിടിച്ച് സീറ്റ് കൊടുത്തത് ഇലക്ഷന്‍ കഴിഞ്ഞാല്‍ ഇങ്ങേരെ പാര്‍ട്ടി സെക്രട്ടറി ആക്കാം എന്നു കരുതിയൊന്നും അല്ലല്ലോ, ആ സീറ്റൊന്ന് പിടിച്ചെടുക്കാന്‍ വേണ്ടി മാത്രമല്ലേ..? അങ്ങേര് വന്ന പോലെ പോയി, പോട്ടെ, രാഷ്ട്രീയ് വിദ്യാഭ്യാസത്തിന്റെ കുറവ്.. സമാധാനിക്കാം. എന്നാല്‍ പാര്‍ലമെന്റിലെ ശിങ്കവും പുലിയും എല്ലാം ആയിരുന്ന സോമനാഥ് സഗാവ് കസേരയില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാത്തതോ..പാര്‍ലമെന്റ് പന്നിക്കൂടാ സഗാവേന്ന് ഇത്ര കൊല്ലമായിട്ടും ആരും അങ്ങേര്‍ക്ക് പറഞ്ഞ് കൊടുത്തില്ലായോ..?
പിന്നെ പണാധിപത്യം..നമ്മടെ പല നേതാക്കന്മാര്‍ക്കും മക്കളായും ബിനാമിയായും ഒക്കെയുള്ള ബിസിനസിന്റെ മൊത്തം വരവ് നോക്കിയാല്‍ അത്രേം ഒന്നും എത്തില്ലെങ്കിലും മോശമാകത്തില്ല, അല്ലിയോ.. പിന്നെ ഇവനെയൊക്കെ ആരാ എം പി ആക്കി അയക്കുന്നേന്ന്... അബ്ദുള്‍ വഹാബ് എന്നൊരാളെ ഇവിടുന്ന് നമ്മളും അയച്ചല്ലോ..? പണച്ചാക്ക് എന്നല്ലാതെ മറ്റെന്ത് യോഗ്യതയാ അവിടെ കണ്ടതാവോ.. സായ്‌വിനെതിരെ പരാതികൊടുത്ത നിലമ്പൂരിലെ ഡിഫിക്കാര്‍ക്കെതിരെ പാര്‍ട്ടിയെടുത്ത നടപടിയൊക്കെ പിന്‍‌വലിച്ചാരുന്നോ.. ആ ഓര്‍ക്കുന്നില്ല.

*free* views said...

There was a time when I used to think democracy is very important, but later I realized that democracy does not solve the common man's problems, but it just gives him an illusion that he is in control - same like religions. I value personal freedom, but I realize that *my* personal freedom is not as important as hunger of the masses.

Problem with most Indian parties is that they do not have an ideology and most of the time depend on a person (like Gandhi, Mayawati, Gowda, Karunanidhi, etc). BJP has an ideology, but that is an ideology of hate and nowadays they also do not know what they stand for.

I find it difficult when even communist parties dilute their ideology to match what people think, that is pure parliamentary and democratic way of politics. I liked it when the party did not go back on its religious stance recently even after pressure from the media. (I am consistent, I did say that party should do something about Pinarayi after media pressure, in this case it is a person, in religious stance it is an ideology)

It is sad that a person who was a communist go to a party like Congress without any shame. How do they justify themselves, do they feel it is like shifting from one job to another? Regarding Manoj, party should agree that it was a mistake in the first place to put him as a candidate of the party. I think party played the parliamentary game too much and now should concentrate on ideology, lest someone will fill that vaccum.

Unknown said...

എന്തിനാ സോമനാത് സഹാവിന്റെ അടുക്കല്‍ അങ്ങ് വടക്കോട്ട്‌ ഒടിക്കയരുന്നത് ? കെ.ആര്‍ ഗരിയമ്മ, പതിറ്റണ്ടുകളോളം എമ്മെല്ലേ ആയി എപ്പോഴും മന്ത്രിയുമായി,മുഖ്യമന്ത്രി ആക്കിയില്ല എന്ന കാരണത്താലല്ലേ
പോയത്.(പറഞ്ഞ ന്യായങ്ങള്‍ വേറെ ആണെങ്കിലും).അതൊക്കെ ഉണ്ടാവും, പക്ഷെ വസ്തുതകളെ
താരതമ്യം ചെയ്യമ്പോള്‍ അതില്‍ അതിശയമില്ല എന്ന് മാത്രമല്‍, സീപി എം പോലുള്ള പാര്‍ടികള്‍ ഇപ്പോഴും
വളരെ ഭേദം തന്നെ.വടക്കന്‍ ഗോസായി രാഷ്ട്രീയത്തില്‍ കൊണ്ഗ്രെസ്സ്, ബീജേപ്പി രാഷ്ട്രീയത്തിലെ ആയരാം ഗയാരാം ഏര്‍പ്പാട്മായി തട്ടിച്ചു
നോക്കുമ്പോള്‍ ഇതൊന്നും ഒന്നുമല്ല. എങ്കിലും ആ പ്രവണതകള്‍ ഉണ്ടാകാം, കാരണം അതുപോലുള്ള മിര്‍ച്ചികള്‍ ഉള്ള സമൂഹത്തില്‍ അല്ലെ
ജീവിതം, അതിനു ചെറു മരുന്നുകള്‍ ആണ് ഇതുപോലുള്ള ലേഖനങ്ങള്‍. പിന്നെ ബിനാമി,പണം ഒക്കെ ആണെങ്കില്‍,ഈ ഫാരതത്തില്‍,കേരളത്തില്‍ എത്ര വിവരം കെട്ട( വിവരം ഉള്ളവനുമുണ്ട് കേട്ടോ)-മാധ്യമ പ്രവര്‍ത്തകരു ഉണ്ട്. ഇന്നേവരെ തെഹല്‍ക്ക മോഡലില്‍(ബന്കാര് ലക്ഷ്മണ്‍,ജോര്‍ജ് ഫെനണ്ടാസ് കുടിങ്ങിയ പോലെ), അല്ലെങ്കില്‍ ലോകസഭയില്‍ ചോദ്യം ചോദിക്കാന്‍ പണം വാങ്ങി മാധ്യമ വലയില്‍ വീണ കൊണ്ഗ്രെസ്, ബിജേപ്പി ക്കാരെപോലെ, മനുഷ്യക്കടത്ത് നടത്തിയ ഗുജറാത്ത് എം.പി മാറ് കുടുങ്ങിയ പോലെ ഏതെങ്കിലും സീപിഎം -ഇടതു തുക്കടാ നേതാവിനെ എങ്കിലും കൃത്യമായി കാണിച്ചു കൊടുത്തു ജനത്തിനു മുന്‍പില്‍ വെക്കടോ.അല്ലാതെ തന്റെ ദേഷ്യവും നിരാശയും ഇങ്ങനെ ഒലിപ്പിക്കുന്നതെന്തിനു.
പിന്നെ വഹാബിനെതിരെ പരാതി കൊടുത്ത ദിഫിക്കാര്‍ക്കെതിരെ ആവില്ല, ലീഗുകാര്‍ക്കെതിരെ ഉള്ള നടപടി പിന്വളിച്ചോ എന്ന് ഇവിടെ ചോദിക്കുന്നതെന്തിനു ?