Saturday, June 26, 2010

സായ്‌നാഥ് സംസാരിക്കുന്നു...

ഇതു മാധ്യമസ്വാതന്ത്ര്യമല്ല; പണത്തിന്റെ കളി മാത്രം

പി സായ്‌നാഥുമായി വി ശിവദാസന്‍ നടത്തിയ അഭിമുഖ സംഭാഷണം.

ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കളുടെ ഇടപെടല്‍ ഇന്ത്യയിലെ വികസന ചര്‍ച്ചകളെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. രാഷ്‌ട്ര വികസനത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്തെന്ന് വിശദീകരിക്കാമോ?

മാധ്യമങ്ങള്‍ വികസന സ്രഷ്‌ടാക്കളല്ല. അവര്‍ സ്വീകരിച്ചിരിക്കുന്ന സാമൂഹ്യ ഉത്തരവാദിത്വം സംബന്ധിച്ച കാഴ്‌ചപ്പാടിനെ ആശ്രയിച്ചിരിക്കുമിത്. കോര്‍പറേറ്റ് ലോകത്തെയാണ് ഇന്ന് മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അവ കോര്‍പറേറ്റ് പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം സ്വാതന്ത്ര്യസമരത്തിന്റെ സന്തതിയാണ്, സാധാരണക്കാരന്റെ ഉന്നമനവും വികസനവും പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. ഈ രണ്ടുതരം മാധ്യമപ്രവര്‍ത്തനങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്, ജനക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തനമാണോ അതോ കോര്‍പറേറ്റ് ഭീമന്മാരുടേയും ഭരണവര്‍ഗത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണോ. വിവിധ വികസന പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്ന മാധ്യമപ്രവര്‍ത്തനം ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇടപെടലുകള്‍ ഇന്നും വളരെ തീവ്രമായി നടക്കുന്നു, പക്ഷേ അതെല്ലാം വന്‍ വ്യവസായ ഗ്രൂപ്പുകളുടെ മുഖപത്രങ്ങള്‍ എന്ന നിലയില്‍ മാത്രം. പോസ്‌ക്കോയുമായി ബന്ധപ്പെട്ട പ്രശ്‌നമായാലും വ്യവസായത്തിനും മറ്റുമായി മനുഷ്യ ആവാസ മേഖലകള്‍ ഒഴിപ്പിക്കുന്നതായാലും മാധ്യമങ്ങള്‍ സംസാരിക്കുന്നത് വരേണ്യവര്‍ഗത്തിനുവേണ്ടി മാത്രമാണ്. അവരുടെ സ്റ്റെനോഗ്രാഫര്‍മാരായി മാധ്യമപ്രവര്‍ത്തകര്‍ അതിവേഗം മാറുകയാണ്. ബഹുജനങ്ങളുടെ ദൃഷ്‌ടിയില്‍ വികസനത്തെ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ മാത്രമെ അവര്‍ക്ക് സാമൂഹ്യമാറ്റ പ്രക്രിയയില്‍ പങ്കാളിയാവാന്‍ കഴിയുകയുള്ളൂ.

എന്റെ അറിവില്‍ ഇങ്ങനെ താല്‍പര്യമുള്ള അനേകം പത്രപ്രവര്‍ത്തകരുണ്ട്. അവര്‍ വികസന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും ആഗ്രഹിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. കഴിവുള്ള ദൃഢനിശ്ചയമുള്ള പത്രപ്രവര്‍ത്തകര്‍ നമുക്കുണ്ട്. മാധ്യമങ്ങളെ നയിക്കുന്ന കോര്‍പറേറ്റ് കുത്തക മുതലാളിമാര്‍ക്ക് ഇവരെയൊന്നും ആവശ്യമില്ല. അവര്‍ക്ക് സംസാരിക്കാനാവുന്ന വികസനമാകട്ടെ കോര്‍പറേറ്റുകളുടെ ഭീമന്‍ പദ്ധതികളും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിറ്റഴിയുന്ന കാറുകളുടെ വര്‍ധനവുമായിരിക്കും.

നമ്മുടെ മുമ്പാകെ രണ്ട് വികസന കാഴ്‌ചപ്പാടുകളാണുള്ളത്. എഴുപതുകളിലും എണ്‍പതുകളിലും മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും വികസന കാഴ്‌ചപ്പാടില്‍ പൊരുത്തമുണ്ടായിരുന്നു. അക്കാര്യത്തില്‍ അവര്‍ നൈരന്തര്യം പുലര്‍ത്തി. അന്ന് ഭരണവര്‍ഗം സോഷ്യലിസ്റ്റ് ആശയങ്ങള്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങളും അതുതന്നെ പിന്തുടര്‍ന്നു. സര്‍ക്കാര്‍ വലതുപക്ഷ നയത്തെയും സ്വകാര്യവല്‍ക്കരണത്തെയും പറ്റി സംസാരിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഒരുപടികൂടി കടന്ന് പ്രചാരണം ഏറ്റെടുക്കുന്നു. ചില സമയങ്ങളില്‍ സര്‍ക്കാരിന് പ്രകടിപ്പിക്കാന്‍ കഴിയാത്ത തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ച് ഭരണവര്‍ഗത്തിന്റേയും വരേണ്യവിഭാഗത്തിന്റേയും കാഴ്‌ചപ്പാട് തന്നെയാണ് ഭൂരിഭാഗം വരുന്ന മാധ്യമ മുതലാളിമാര്‍ക്കും, എഡിറ്റര്‍മാര്‍ക്കും, പരസ്യദായകര്‍ക്കുമുള്ളത്. അവര്‍ അതുതന്നെയാണ് പിന്തുടരുന്നത്. അതുകൊണ്ട് മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തനങ്ങളിലും ജനകീയ കാഴ്‌ചപ്പാടുകളും കോര്‍പറേറ്റ് കാഴ്‌ചപ്പാടുകളും തമ്മില്‍ ശക്തമായ സംഘര്‍ഷവും പോരാട്ടവും നിലനില്‍ക്കുന്നുണ്ട്.

ഈയിടെയായി മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഭരണവര്‍ഗ ആശയത്തില്‍നിന്ന് മോചിതരല്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വര്‍ധിച്ചുവരുന്ന സ്ഥാപിത താല്‍പര്യത്തെ എങ്ങനെ വീക്ഷിക്കുന്നു?

നോക്കൂ, ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വതന്ത്രമാണ്. അവര്‍ രാഷ്‌ട്രീയമായി സ്വതന്ത്രമാണ്. പക്ഷേ അവര്‍ വാണിജ്യത്തിന്റേയും ലാഭേച്‌ഛയുടേയും തടങ്കിലിലാണ്. മാധ്യമപ്രവര്‍ത്തനത്തിലൂടെ നീങ്ങള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ആരും നിങ്ങളെ കൊല്ലുകയില്ല. പക്ഷേ നിങ്ങള്‍ ലാഭത്തിന്റെ തടങ്കലിലാണ്. രാഷ്‌ട്രീയമായി സ്വതന്ത്രരാണെങ്കിലും മാധ്യമങ്ങള്‍ അവരുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം ലാഭത്തിനുവേണ്ടി അടിയറവ് പറയുന്നു. മാധ്യമങ്ങള്‍ 'പെയ്‌ഡ് ന്യൂസ്' പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിനെതിരെ വിമര്‍ശനമുണ്ടായാല്‍ അവര്‍ വിളിച്ചുപറയും 'നിങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ ആക്രമിക്കുകയാണ്.' മാധ്യമങ്ങള്‍ക്ക് കളവ് പറയാനും കവര്‍ച്ച നടത്താനും സ്വാതന്ത്ര്യമില്ല. ഇത് മാധ്യമ സ്വാതന്ത്ര്യമല്ല,
This is freedom of purse. എപ്പോഴെല്ലാം അവര്‍ പണമുണ്ടാക്കാന്‍ നോക്കുന്നുവോ അപ്പോള്‍ പറയും ഇതൊരു ബിസിനസ്സാണ്. എന്നാല്‍ അവരെ വിമര്‍ശിച്ചാലോ അവര്‍ മാധ്യമങ്ങളുടെ പ്രത്യേക അവകാശത്തെക്കുറിച്ച് പറയും, മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിലവിളിക്കും. വാണിജ്യതാല്‍പര്യം സംരക്ഷിക്കാന്‍ നിങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുന്നതോ, "പുറത്തുപോയി ഞാന്‍ പറയുന്നത് ചെയ്യുക, ഇത് ബിസിനസ്സാണ്'' എന്നായിരിക്കും. ഈ മാധ്യമ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകന്റെ അടുത്തുപോലും എത്തുന്നില്ല, ഇതൊരു ഹിപ്പോക്രസിയാണ്. ഇതുകൊണ്ടാണ് എ ജെ ലിബ്ളിങ് മാധ്യമ സ്വാതന്ത്ര്യം മാധ്യമ മുതലാളിക്ക് മാത്രമുള്ളതാണെന്ന് എഴുപത് വര്‍ഷംമുമ്പ് പറഞ്ഞത്. ആരാണോ ഉടമസ്ഥന്‍ അയാള്‍ക്ക് മാത്രമേ സ്വാതന്ത്ര്യമുള്ളൂ. ഇവിടെ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കല്ല, സമൂഹത്തിനുമല്ല, വായനക്കാര്‍ക്കോ കാഴ്‌ചക്കാര്‍ക്കോ അല്ല. മറിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ധാര്‍മികതയുടെ പേരില്‍ ഇക്കൂട്ടര്‍ സ്വയം സംരക്ഷണ കവചം തീര്‍ക്കുന്നത് രസകരമായ കാഴ്‌ചയാണ്. ഇവര്‍ മറ്റ് സമയങ്ങളില്‍ പിടിച്ചുപറിക്കാരും കൊള്ളലാഭം കൊയ്യുന്നവരുമാണ്. ഇതൊരിക്കല്‍ ബൂമറാങ് പോലെ തിരിച്ചടിക്കും. നമുക്കുള്ള സ്വാതന്ത്ര്യം വളരെ പരിമിതമാണ്. ഉടമസ്ഥരുടെ സ്വാതന്ത്ര്യം പത്രപ്രവര്‍ത്തകനോ വായനക്കാരനോ ഇല്ല. ഈ പരിമിതമായ സ്വാതന്ത്ര്യം നിങ്ങളുടെ വാങ്ങല്‍ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു, എത്രത്തോളം പണം കയ്യിലുണ്ടെന്നതും അധികാര സ്ഥാനത്തോടുള്ള അടുപ്പവും.

ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് വിയോജിക്കാനുള്ള ഇടം ഇപ്പോഴും നിലനില്‍ക്കുന്നത്. എനിക്ക് മാധ്യമത്തില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നെ പോലുള്ള നൂറുകണക്കിനാളുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ നമുക്കും ഒരിടമുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക തരത്തിലുള്ള സ്വാതന്ത്ര്യം ഇപ്പോഴും നിലവിലുണ്ട്. പക്ഷേ അത് കുറഞ്ഞുവരികയാണ്. എനിക്ക് സ്വാതന്ത്യമില്ല എന്ന് ഞാന്‍ പറയില്ല. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ വലിയ നിലയില്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയുന്നത് ഇരുപത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തേയും സ്ഥിതിയാണ്. എല്ലാ നിലയിലും സ്വാതന്ത്ര്യത്തിന്റെ ഇടം ചുരുങ്ങുകയാണ്. വരേണ്യവല്‍ക്കരണത്തിനും കോര്‍പറേറ്റ് വല്‍ക്കരണത്തിനും കൂടുതലായി വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരായ കാഴ്‌ചപ്പാടുള്ളവര്‍ക്ക് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവരിക പ്രയാസകരമാണ്.

താങ്കള്‍ മഹാരാഷ്‌ട്രയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത 'പെയ്‌ഡ് ന്യൂസ്' പ്രതിഭാസം വിവിധ കോണുകളില്‍നിന്നും വ്യത്യസ്‌തമായ പ്രതികരണങ്ങളുണ്ടാക്കി. ഇത്തരം ചെയ്‌തികള്‍ നിയന്ത്രിക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നു. ഇങ്ങനെയുള്ള നിയന്ത്രണവും പത്രപ്രവര്‍ത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള ശരിയായ സമതുലിതാവസ്ഥ എന്താണ്?

എന്താണ് പെയ്‌ഡ് ന്യൂസ് ? ഒരു പ്രത്യേക രാഷ്‌ട്രീയ പ്രചാരണത്തിന്റേയോ വാണിജ്യ പരസ്യത്തിന്റേയോ ഭാഗമായി പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന പരസ്യമാണത്. പക്ഷേ പണം വാങ്ങി തയ്യാറാക്കിയതാണെന്ന് വായനക്കാരനോട് വെളിപ്പെടുത്തുകയുമില്ല.

നിങ്ങള്‍ ഒരു വ്യാജ ഡോൿടറാണെന്ന് കരുതുക. ആസ്‌ത്‌മയോ ക്ഷയമോ മാറ്റാനുള്ള മരുന്ന് നിങ്ങള്‍ പുറത്തിറക്കുന്നു. ഒരുപക്ഷേ അത് വ്യാജമാകാം. ഞാനൊരു സ്‌റ്റോറി തയ്യാറാക്കുന്നു. ഇതാ ഈ മനുഷ്യന്‍ ആസ്‌ത്‌മക്ക് മരുന്ന് കണ്ടെത്തിയിരിക്കുന്നു. ഇയാള്‍ ജീനിയസ്സാണ്. നിങ്ങളും വാങ്ങുക, രോഗം സുഖപ്പെടുത്തുക... ഇങ്ങനെ. പക്ഷേ ഇത് പ്രസിദ്ധീകരിക്കാന്‍ നിങ്ങളില്‍നിന്നും മൂന്നുലക്ഷം രൂപ ഞാന്‍ വാങ്ങിയത് മറച്ചുവെക്കുന്നു. ഇത് പെയ്‌ഡ് ന്യൂസാണ്.

തെരഞ്ഞെടുപ്പുവേളയില്‍ ഇത്തരം വാര്‍ത്തകള്‍ രണ്ടിരട്ടി അപകടകാരിയാണ്. അത് വായനക്കാരന്റെ അറിവിനെ മാത്രമല്ല, തെരഞ്ഞെടുപ്പിലെ ജനാധിപത്യ അവകാശത്തെയും അപകടപ്പെടുത്തുന്നു. നിങ്ങള്‍ ഒരു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ നിങ്ങള്‍ തരുന്ന പണത്തെ മുന്‍നിര്‍ത്തി നിങ്ങളെക്കുറിച്ച് നല്ല വാര്‍ത്തകള്‍ മാത്രം ഞാന്‍ നല്‍കുന്നു. നിങ്ങള്‍ എത്രമാത്രം പണം നല്‍കുന്നോ അതിനനുസരിച്ച് നിങ്ങളെ പുകഴ്ത്തി വാര്‍ത്ത നല്‍കും. എതിര്‍സ്ഥാനാര്‍ഥിയുടെ പേരുപോലും വായനക്കാരന്‍ അറിയുക മാധ്യമം വഴി ആക്രമിക്കുമ്പോള്‍ മാത്രമായിരിക്കും. ഇതിനെയാണ് ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി ഇരുതല മൂര്‍ച്ചയുള്ള ആയുധം എന്ന് വിളിച്ചത്. സ്വതന്ത്രവും നീതിയുക്തവും മുന്‍വിധിയില്ലാത്തതുമായ മാധ്യമപ്രവര്‍ത്തനത്തെ പെയ്‌ഡ് ന്യൂസ് നശിപ്പിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ട് ശരിയായതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് തുരങ്കം വെയ്‌ക്കുന്നു. ഇത് യാതൊരു ഉത്തരവാദിത്വവുമില്ലാതെ വലിയ തോതില്‍ പണം കൈകാര്യം ചെയ്യുന്നതിനെ അനുവദിക്കുന്നു. നമ്മുടെ പത്രങ്ങളിലും ടി വി ചാനലുകളിലും എല്ലാ ദിവസവും പെയ്‌ഡ് ന്യൂസുകള്‍ കാണാന്‍ കഴിയും. ഒന്നോര്‍ക്കുക, If journalism does not wipe out paid news; paid news will wipe out journalism.

അമര്‍ത്യാസെന്‍ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‍ സ്വതന്ത്ര പത്രങ്ങളും മാധ്യമങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ ക്ഷാമം തടയാമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തെ മുമ്പ് സൂചിപ്പിച്ച പ്രസ്‌താവനയുമായി ബന്ധപ്പെടുത്തി താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? എവിടെയാണ് പിശക് പറ്റിയത് ?

അദ്ദേഹം പറഞ്ഞതില്‍ ചില സത്യങ്ങളുണ്ട്. അതൊരു ചരിത്രകാലത്തെ ശരിയാണ്, ഇന്നത്തേക്കാളെന്നതിലുപരി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിലവിലുള്ള രാജ്യങ്ങളില്‍ അവര്‍ ക്ഷാമം ഉണ്ടാകാതെ നോക്കുന്നു.എന്നാല്‍ ചിലയിടങ്ങളില്‍ നിങ്ങള്‍ക്കറിയാത്ത നിലയിലുള്ള ക്ഷാമമുണ്ട്. മറ്റൊന്ന് ഇന്ത്യയില്‍ വലിയൊരു ക്ഷാമമുണ്ടായാല്‍ മാധ്യമങ്ങള്‍ അതിനെ അവഗണിക്കില്ല. ഏകാധിപത്യ രാജ്യത്ത് സര്‍ക്കാര്‍ പറയുന്നതിനനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിവരും. അപ്പോള്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെട്ടില്ലെന്നും വരും. എന്തായാലും ഇത് വളരെ ലളിതവും ആകര്‍ഷകവുമായ വിശകലനമാണ്. ഒരു പരിധിക്കപ്പുറത്തേക്ക് ഈ വിശകലനത്തെ ഉപയോഗപ്പെടുത്തിക്കൂടാ. ഇത് മാധ്യമങ്ങള്‍ രക്ഷാകര്‍ത്താക്കളാണെന്ന ധാരണയുണ്ടാക്കും. യഥാര്‍ഥത്തില്‍ അവര്‍ അങ്ങനെയല്ല. രണ്ടാമതായി, സ്വതന്ത്ര ഇന്ത്യയില്‍ 1967 ല്‍ ബിഹാറില്‍ ഭീകരമായ ക്ഷാമമുണ്ടായ അനുഭവം നമുക്കുണ്ട്. പക്ഷേ ഭരണാധികാരികള്‍ അതിനെ ക്ഷാമമെന്ന് വിളിച്ചില്ല. അമര്‍ത്യാസെന്‍ പറഞ്ഞത് ശരിയാണ്. നമുക്ക് മുപ്പത് ലക്ഷത്തോളം ജീവനുകള്‍ നഷ്‌ടപ്പെട്ട ബംഗാള്‍ ക്ഷാമത്തെപോലെ മറ്റൊന്നില്ല. അദ്ദേഹമതിനെ ജനാധിപത്യ വ്യവസ്ഥയില്‍ ക്ഷാമമുണ്ടാവില്ലെന്ന തന്റെ സിദ്ധാന്തവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ കൊള്ളുന്ന ചില കാര്യങ്ങള്‍ പറയാം. ഇന്ത്യയില്‍ ക്ഷാമവും ക്ഷാമംപോലുള്ള അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. ക്ഷാമം കാരണം കൂട്ടമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ജില്ലാ കലൿടര്‍മാര്‍ 'ഫാമിന്‍ കോഡ് ' നടപ്പിലാക്കിയ ജില്ലകളെയും പ്രദേശങ്ങളെയും പല സംസ്ഥാനങ്ങളിലും ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. ക്ഷാമം ഉണ്ടാവുകയാണെങ്കില്‍ അതിനനുസരിച്ചുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യും. അവര്‍ ജനങ്ങളെ രക്ഷിക്കാന്‍ 'ഫാമിന്‍ കോഡ് ' ഇറക്കുന്നു. എന്നാല്‍ ക്ഷാമം പ്രഖ്യാപിക്കാന്‍ അവര്‍ക്കാവില്ല. അവരതിനെ ക്ഷാമാവസ്ഥ എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നു. അങ്ങനെ പറയുന്നില്ലെന്നുമാത്രം. ഇതൊക്കെ കാണാന്‍ കഴിയുന്ന അസ്വഭാവികതകളാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിശാല അര്‍ഥത്തില്‍ ഈ നിലപാട് ശരിയാണെങ്കിലും തത്വത്തില്‍നിന്നുള്ള നിരവധി വ്യതിചലനങ്ങള്‍ കാണാതിരുന്നുകൂടാ. 1993 ല്‍ ഞാന്‍ പലാമു (ബിഹാർ‍)വില്‍ പോയി. അന്നത്തെ കലൿടര്‍ അവിടെ 'ഫാമിന്‍കോഡ് ' പ്രാബല്യത്തിലാക്കിയിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ സ്ഥിതി വളരെ ദയനീയമായിരുന്നു. എന്തിനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്‌തത് ? ജീവന്‍ രക്ഷിക്കാന്‍ അതാവശ്യമെന്നതിനാലായിരുന്നു. പക്ഷേ അദ്ദേഹം ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ അടുത്ത ദിവസം തന്നെ സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹത്തിന്റെ കയ്യിലെത്തും. അപ്പോള്‍ ക്ഷാമം പ്രഖ്യാപിക്കാത്തതില്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ട്.

ഇപ്പോള്‍ ചില എംഎല്‍എമാര്‍ അവരുടെ മണ്ഡലത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു, അവിടെ അങ്ങനെയൊന്നില്ലെങ്കിലും. അവര്‍ക്കറിയാം വളരെയേറെ പദ്ധതികളും പണവും ഇതിലൂടെ അവിടെയെത്തും. ചില ജില്ലാ കലക്ടര്‍മാര്‍ അവരുടെ ജില്ലയെ നൿസല്‍ ബാധിത മേഖലയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു. അതുവഴി സാധാരണ നിലയിലുള്ള അക്കൌണ്ടിങ്ങിന് വിധേയമാക്കാത്ത കോടിക്കണക്കിന് രൂപ പൊലീസ് സേനയെ നവീകരിക്കാന്‍ എന്ന പേരില്‍ അവര്‍ക്ക് കിട്ടും.

അമര്‍ത്യാബാബുവിന്റെ വാക്കുകള്‍ ചരിത്രപരമായി നിലനില്‍ക്കും. എന്നാല്‍ അതിനെ അക്ഷരാര്‍ഥത്തില്‍ എടുക്കരുത്. രണ്ടാമതായി, മാധ്യമങ്ങളെക്കുറിച്ച് അദ്ദേഹംതന്നെ എഴുതിയതുപോലെ നിത്യപട്ടിണി മാധ്യമങ്ങള്‍ക്ക് വിഷയമല്ലാതാകുന്നു. വിചിത്രവും അഭൂതപൂര്‍വവുമായതുമാണ് അവര്‍ക്ക് വേണ്ടത്. ക്ഷാമത്തിന് ശ്രദ്ധയാകര്‍ഷിക്കാനാവും. എന്നാല്‍ ഇന്ത്യയുടെ പ്രശ്‌നം ക്ഷാമമല്ല, വലിയ തോതിലുള്ള പട്ടിണിയാണ്. നമ്മുടെ മാധ്യമങ്ങള്‍ ക്ഷാമം അനുവദിക്കില്ല എന്നതില്‍ നമുക്ക് സന്തോഷിക്കാം. എന്നാല്‍ അറുന്നൂറോ എഴുന്നോറോ ലക്ഷം ജനങ്ങളെ നിത്യപട്ടിണിക്കിടാന്‍ അവ അനുവദിക്കും.

ഇന്ത്യന്‍ ജനതയുടെ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതേസമയം, കാര്‍ഷിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലാണ്. ഈ വേദനിക്കുന്ന സത്യം പൊതുമണ്ഡലത്തില്‍ എത്തിക്കുന്നതില്‍ വളരെ പ്രധാന പങ്കാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ വഹിച്ചത്. ഇതിനോടുള്ള ഭരണകൂടത്തിന്റേയും രാഷ്‌ട്രീയനേതൃത്വത്തിന്റേയും പ്രതികരണത്തെക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?

ഭരണകൂടം ഒരു വിചിത്ര ജീവിയാണ്. അതെപ്പോഴും പാവങ്ങള്‍ക്ക് ആശ്വാസമേകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ടിനുശേഷം പ്രധാനമന്ത്രി അവിടം സന്ദര്‍ശിച്ചു. ഇപ്പോള്‍ അവിടുത്തെ സാഹചര്യം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പുള്ളതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടു. കാരണം ഒന്നോ രണ്ടോ നടപടികളിലൂടെ ചില അടിയന്തര സഹായം എത്തിച്ചു. എന്നാല്‍ ഈ ദുരിതം വിതക്കുന്ന നയം തിരുത്താന്‍ തയ്യാറായില്ല. ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. അതിന് കാരണമായ കര്‍ഷകവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്നു. ഇത് വെള്ളം തുറന്നുവിട്ട് ധാന്യമാവ് ഉണക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. അത് പരാജയപ്പെടും. താല്‍ക്കാലിക സഹായം ഇതുകൊണ്ട് ഉണ്ടാകുമെങ്കിലും പിന്നീട് നയങ്ങള്‍ തന്നെ നാശം വിതയ്‌ക്കും. വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന നാശങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാനാവും. എന്നാല്‍ ദീര്‍ഘകാല നയത്തിന്റെ ഭാഗമായുള്ള നാശങ്ങള്‍ പരിഹരിക്കുക പ്രയാസമായിരിക്കും.

നിങ്ങള്‍ എന്ത് പരിഹാരം കണ്ടാലും അതിന്റെ ഫലം താല്‍ക്കാലികവും ക്ഷണികവുമാണ്. പിന്നീട് അത് പഴയ അവസ്ഥയിലാകും. പട്ടിണി പടരുകയും ജനങ്ങള്‍ ക്ഷുഭിതരാവുകയും ചെയ്‌ത 2004 ല്‍ എന്തായിരുന്നു സംഭവിച്ചത്. ഡോ. എം എസ് സ്വാമിനാഥന്റെ കീഴില്‍ ഒരു ദേശീയ കമീഷന്‍ രൂപീകരിച്ചു. അവര്‍ നിരവധി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. എന്നാല്‍ അതില്‍ ഒന്നുപോലും സര്‍ക്കാര്‍ നടപ്പാക്കിയില്ല. അവര്‍ കമീഷനുകളുണ്ടാക്കുന്നു. അതില്‍ പ്രഗല്‍ഭമതികളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങളെ തീര്‍ത്തും അവഗണിക്കുന്നു. ദേശീയ കര്‍ഷക കമീഷന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീമാന്‍ ശരത് പവാര്‍ ഇതുവരെ ഒരു നീക്കവും നടത്തിയിട്ടില്ല. കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത ഒരാളുടെ വീടുപോലും ശരത്പവാര്‍ സന്ദര്‍ശിച്ചില്ല. അദ്ദേഹമാണ് രാജ്യത്തിന്റെ കാര്‍ഷിക വകുപ്പുമന്ത്രി. ഇദ്ദേഹം ഐപിഎല്‍ ഫൈനൽ‍, ഐപിഎല്‍ സെമിഫൈനൽ‍, ഐപിഎല്‍ വൺ‍, ഐപിഎല്‍ ടു ഇതെല്ലാം കാണാന്‍ ദര്‍ബണില്‍ (ദക്ഷിണാഫ്രിക്ക) വരെ പോകുന്നു. പക്ഷേ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്‌ട്രയില്‍ ആത്മഹത്യ ചെയ്‌ത ഒരു കര്‍ഷകന്റെ വീട്ടില്‍പോലും അദ്ദേഹം പോയില്ല. ഇത്തരക്കാരാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്.

വര്‍ധിച്ചുവരുന്ന വാണിജ്യവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമ മേഖലയിലാണ് താങ്കള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കാമോ?

ഞാന്‍ കരുതുന്നു ഞാന്‍ ഭാഗ്യവാനാണെന്ന്. പത്തുപതിനാല് വര്‍ഷത്തെ സ്വതന്ത്ര പത്രപ്രവര്‍ത്തനം. 'ഹിന്ദു'വിലാകട്ടെ എനിക്ക് വളരെയേറെ സ്വാതന്ത്ര്യമാണ് തരുന്നത്. ഇന്ന് ഞാന്‍ എവിടെയാണെന്നതുപോലും അവര്‍ക്കറിയില്ല. പത്തര വര്‍ഷക്കാലം ആര്‍ കെ കരണ്‍ജിയയോടൊപ്പം 'ബ്ളിറ്റ്സി'ല്‍ പ്രവര്‍ത്തിച്ചു. അവിടെയും എനിക്ക് അവിശ്വസനീയമായ സ്വാതന്ത്ര്യം തന്നിരുന്നു. എന്റേത് ഒരു ഉദാഹരണമോ നിയമമോ ആയി കാണരുത്, അതൊരു അപവാദമാണ്. മാധ്യമങ്ങളുടെ വാണിജ്യനീതിയുടെ ആക്രമണത്തെ അതിജീവിക്കുക എന്നത് ഇന്ന് പത്രപ്രവര്‍ത്തകന് ഏറെ പ്രയാസകരമാണ്.

കാന്‍ ചലച്ചിത്രോല്‍സവം റിപ്പോര്‍ട്ട് ചെയ്യാന്‍ ടി വി ചാനലുകള്‍ അവരുടെ റിപ്പോര്‍ട്ടര്‍മാരുടെയും ക്യാമറക്കാരുടെയും വലിയ പടയെതന്നെ അയക്കുന്നു. പക്ഷേ അവര്‍ അവിടെ അവലോകനം ചെയ്യുന്നത് ചലച്ചിത്രോല്‍സവത്തെയല്ല, അവിടെയെത്തിയ ഐശ്വര്യ റോയിയെയാണ്. ഇതാണ് വാണിജ്യനീതി. ഈ യാത്രക്കുവേണ്ടി കോടികളാണ് അവര്‍ ചെലവഴിക്കുന്നത്. എന്നാല്‍ അവരുടെ കേന്ദ്ര ഓഫീസ് സ്ഥിതിചെയ്യുന്ന മുംബൈയില്‍നിന്ന് ഏറെയൊന്നും കിലോമീറ്ററുകള്‍പോലും അകലെയല്ലാത്ത മറാത്ത്‌വാഡയിലെ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളെപോലും അയക്കുന്നില്ല. ഇതിനാവശ്യമാകുന്ന തുകയാകട്ടെ ആയിരമോ രണ്ടായിരമോ രൂപ മാത്രം.ഇതാണ് പത്രപ്രവര്‍ത്തനത്തിലെ വാണിജ്യനീതി. ഇതുപോലുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ എനിക്ക് നല്‍കാന്‍ കഴിയും. ഇങ്ങനെയൊരു സാഹചരത്തില്‍ എന്താണൊരു മാധ്യമപ്രവര്‍ത്തകന്‍ ചെയ്യുക?

ദന്തേവാഡ കൂട്ടക്കൊല നടന്ന് നാലഞ്ചുദിവസത്തെ പല പത്രങ്ങളും ഞാന്‍ കാണുകയുണ്ടായി. ഞാന്‍ അന്ന് മറാത്ത്‌വാഡയിലായിരുന്നു. അവിടെ നിന്ന് ബസില്‍ മുംബൈയിൽ‍. പിന്നീട് വിമാനത്തില്‍ കൊല്‍ക്കത്തയിൽ‍. വീണ്ടും അവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിക്ക്. എന്തായിരുന്നു എല്ലാ പത്രങ്ങളുടെയും മുന്‍പേജിൽ‍. സാനിയ മിര്‍സയും ഷൊഹ്യ്ബും. അതിന് മറാത്തി, ബംഗാളി. ഹിന്ദി, ഇംഗ്ളീഷ് എന്ന വ്യത്യാസമുണ്ടായിരുന്നില്ല. ദന്തേവാഡക്കുമാത്രം സാനിയയെയും ഷൊഹ്യ്ബിനെയും മുന്‍പേജില്‍നിന്ന് മാറ്റാന്‍ സാധിച്ചു. ദന്തേവാഡ സംഭവത്തിനുശേഷം അവരിരുവരും മുന്‍പേജിലേക്ക് വന്നു. അതാണ് വാണിജ്യപരമായ സദാചാരം.

ഒരു പത്രപ്രവര്‍ത്തകന്‍ എങ്ങനെ ഇതിനോട് പൊരുതും? ഒരു പത്രപ്രവര്‍ത്തകന്റെ മുന്നിലെ വെല്ലുവിളി സ്വകാര്യകോളത്തില്‍ എങ്ങനെ പൊതു ഇടം വര്‍ധിപ്പിക്കാമെന്നതാണ്. നിങ്ങള്‍ ഉയര്‍ത്തുന്ന വിഷയത്തിന് ഇടം കിട്ടുന്നവിധം എങ്ങനെ നിങ്ങള്‍ക്ക് വാദിക്കാന്‍ കഴിയും. നിങ്ങള്‍ സ്വയം എങ്ങനെ ആ മാധ്യമത്തിന്റെ അനിവാര്യഘടകമായി മാറും. ഇതൊക്കെയാണ് ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ‍. ഇതൊരു ദൈനംദിന പോരാട്ടമാണ്. പല യുദ്ധങ്ങളിലും നിങ്ങള്‍ തോറ്റുപോയേക്കാം. എന്നാല്‍ വിജയവും വരും. പക്ഷേ പരാജയസാധ്യത കാണാതിരിക്കാനും പാടില്ല. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ പോരാട്ടത്തിന്റെ ആവശ്യമില്ല. നമ്മള്‍ തമ്മില്‍ ഇങ്ങനെയൊരു ചര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് വളരെയേറെ പ്രയാസകരമെങ്കിലും ഇത് സാധ്യമാണ്.

വിദ്യാര്‍ഥികളും യുവാക്കളുമാണ് മാധ്യമ സ്വാധീനത്തിന് ഏറ്റവും അധികം വിധേയരാവുന്നത്. അവരുടെ ജീവിത ശൈലിയിലും തീരുമാനത്തിലും അത് പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ എങ്ങനെ നോക്കിക്കാണുന്നു?

ഇത് പല തലങ്ങളിലായി നടക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഞാന്‍ ജേര്‍ണലിസം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നും എന്നെ അതിശയിപ്പിക്കുന്ന വസ്‌തുത മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നവര്‍ പലരും ആദര്‍ശവാദികളാകുന്നു എന്നതാണ്. നിങ്ങള്‍ക്ക് പണമാണ് ആവശ്യമെങ്കില്‍ പരസ്യത്തിലേക്ക് തിരിയാം. എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത് ? അവര്‍ക്ക് അവരുടേതായ ആദര്‍ശങ്ങളുണ്ട്. അവര്‍ തനതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. യുവജനങ്ങള്‍ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ സാമൂഹ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാരുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടവര്‍ ജേര്‍ണലിസത്തിലേക്ക് വരുന്നു. പിന്നീട് അവര്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ക്രൂരമായ പരിഹാസത്തെ നേരിടേണ്ടിയും വരുന്നു.

അടിച്ചമര്‍ത്തലുകളെ, കുടിയിറക്കലുകളെ, പോഷകാഹാരക്കുറവിനെപ്പറ്റി എഴുതാന്‍ ആഗ്രഹിച്ചുവരുന്ന പത്രപ്രവര്‍ത്തകന്‍ 'ആക്റ്റിവിസ്റ്റ് ' എന്ന് മുദ്രകുത്തപ്പെടും. അവര്‍ പറയും അയാളൊരു ജേര്‍ണലിസ്റ്റ് അല്ലെന്ന്. അയാള്‍ മധ്യപ്രദേശില്‍ പോയി പട്ടിണിയെക്കുറിച്ച്, വിദര്‍ഭയില്‍പോയി കര്‍ഷക ആത്മഹത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തുവെന്നിരിക്കട്ടെ അപ്പോഴും അയാളെ വിളിക്കുക 'ആക്റ്റിവിസ്റ്റ് ' എന്നുതന്നെയായിരിക്കും. എന്നാല്‍ ഇതേ മുറിയില്‍ ഇരുപത് വര്‍ഷമായി ഓഫീസ് സമയത്തിനിടെ ഒരിക്കല്‍പോലും പുറത്തിറങ്ങാതെ മറ്റൊരാളിരിക്കുന്നു. എല്ലാ ദിവസവും കോര്‍പറേറ്റുകളുടെ, വ്യവസായികളുടെ പത്രക്കുറിപ്പിനെ അയാള്‍ വാര്‍ത്തയാക്കി മാറ്റുന്നു. അയാളാകട്ടെ 'പ്രൊഫഷണൽ ‍' എന്ന് വിളിക്കപ്പെടും. കാരണം, കോര്‍പറേറ്റ് മാധ്യമലോകം ആഗ്രഹിക്കുന്നതെന്തോ അതാണ് അയാള്‍ പറയുന്നത്. സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് എഴുതുന്നയാള്‍ നിര്‍വഹിക്കുന്നത് കോര്‍പറേറ്റുകളുടെ താല്‍പര്യമല്ല. അതുകൊണ്ടാണയാളെ 'ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കുന്നത്. കോര്‍പറേറ്റ് മീഡിയക്കായി വാര്‍ത്തകള്‍ ചമക്കുന്നവരെ നമ്മള്‍ 'കോര്‍പറേറ്റ് ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കണം. ഇരുപത് വര്‍ഷമായി അങ്ങനെ പ്രവര്‍ത്തിക്കുന്നയാളെ എന്തുകൊണ്ട് നമ്മള്‍ അങ്ങനെ വിളിക്കുന്നില്ല? നമ്മള്‍ നേരിന്റെ അര്‍ഥം തലകീഴാക്കിയിരിക്കുന്നു. പകര്‍ത്തിയെഴുത്തിനെ മാധ്യമപ്രവര്‍ത്തനമായും അത്തരക്കാരെ 'പ്രൊഫഷണൽ ‍' എന്നും വിളിക്കുന്നു. ജനജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവവര്‍ സ്ഥിരബുദ്ധിയില്ലാത്തവര്‍ എന്ന് മുദ്രകുത്തപ്പെടാം. കോര്‍പറേറ്റ് ലോകത്തിന്റെ പ്രത്യയശാസ്‌ത്രത്തിന് മാധ്യമമേഖലയിലുള്ള സ്വാധീനമാണത്. ഇവിടെ വെളുപ്പ് കറുപ്പാകുന്നു, കറുപ്പ് വെളുപ്പാകുന്നു.

മാധ്യമങ്ങളുടെ യഥാര്‍ഥ ജനാധിപത്യവല്‍ക്കരണത്തിനും ജനതയുടെ യഥാര്‍ഥ താല്‍പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും വേണ്ടി സമൂഹത്തിലെ പുരോഗമന ചേരിക്ക് എന്ത് ചെയ്യാനാവും?

ആദ്യം തന്നെ പറയട്ടെ. ഉത്തരം നിങ്ങളുടെ ചോദ്യത്തില്‍ തന്നെയുണ്ട്. മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനുള്ള ശ്രമമുണ്ടാകണം. ജനാധിപത്യത്തിന്റേയോ സുതാര്യതയുടേയോ നിയമങ്ങളില്‍നിന്നും മാധ്യമങ്ങളെ ഒരിക്കലും ഒഴിച്ചുനിര്‍ത്താനാവില്ല. ഇന്ന് മാധ്യമങ്ങള്‍ എല്ലായിടത്തും രാഷ്‌ട്രീയപ്രവര്‍ത്തകരുടെമേല്‍ വിവരാവകാശനിയമം പ്രയോഗിക്കുകയാണ്. അതില്‍ തെറ്റില്ലതാനും. അശോക് ചവാന്റെ തെരഞ്ഞെടുപ്പ് കണക്കുകള്‍ വിവരാവകാശ നിയമം ഉപയോഗിച്ചാണ് ഞാന്‍ എടുത്തത്. അതിനെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇത് ഉപയോഗിച്ച് രാഷ്‌ട്രീയ പ്രവര്‍ത്തകരെ സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ എടുക്കുന്നു. അപ്പോള്‍ മാധ്യമങ്ങള്‍ക്കും സുതാര്യത വേണം. അവര്‍ എന്തുചെയ്യുന്നു? എങ്ങനെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു? എത്രത്തോളം പണം വരുന്നു, അതാരില്‍നിന്ന് ? എവിടെ നിന്ന് ? ഇതെല്ലാം അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാധ്യമങ്ങളെ എന്തുകൊണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്‌ട്രീയപാര്‍ടി നിങ്ങള്‍ക്ക് പണം നല്‍കിയെന്നിരിക്കട്ടെ, അത് അറിയാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്കുണ്ട്. അത് വിവരാവകാശനിയമത്തിന്‍ കീഴില്‍ വരണം.

ജനങ്ങള്‍ കുത്തകാധിപത്യത്തിനെതിരെ പൊരുതണം. എല്ലാവരുടെ ശബ്‌ദത്തിനും മാധ്യമങ്ങളില്‍ ഇടം കിട്ടണം. നമ്മള്‍ മാധ്യമമേഖലയിലെ പൊതുസംരംഭത്തെ പിന്താങ്ങുകയും ശക്തിപ്പെടുത്തുകയും വേണം. പല നല്ല രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും ലോൿസഭ ടി വി വേദിയാകുന്നുണ്ട്. മറ്റ് പല ചാനലുകളിലെയും വിഡ്‌ഢികളില്‍നിന്നും വ്യത്യസ്‌തമായി ലോൿസഭ ടി വിയില്‍ ചോദ്യകര്‍ത്താക്കള്‍ക്ക് സാമാന്യ രാഷ്‌ട്രീയ ധാരണയുണ്ടാകും.

പ്രമുഖ ചാനലുകള്‍ക്ക് മിക്കപ്പോഴും കിട്ടുന്നത് നേരിയ ധാരണപോലും ഇല്ലാത്തവരെയാണ്. ദന്തേവാഡ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാപ്പ് നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ അതില്‍ ദന്തേവാഡയെ കണ്ടെത്താന്‍ അവര്‍ക്കാവില്ല. ചരിത്ര പശ്ചാത്തലമോ രാഷ്‌ട്രീയധാരണയോ ഇല്ലാതെയാണ് അവര്‍ ചോദ്യം ചോദിക്കുക. മികച്ച രാഷ്‌ട്രീയ ചര്‍ച്ചകള്‍ ലോൿസഭ ടി വിയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. സോമനാഥ് ചാറ്റര്‍ജിയുടെ സ്വാധീനം അതിനൊരു കാരണമായിട്ടുണ്ട്. അദ്ദേഹം കാരണമെന്തുതന്നെയായാലും അങ്ങനെയൊരു ഇടം ഒരുക്കി. അതൊരു നല്ല കാര്യമായിരുന്നു. പണം ഉണ്ടാക്കാനായിരുന്നില്ല ആ ചാനല്‍ ആരംഭിച്ചത്. വാണിജ്യപരമായ താല്‍പര്യങ്ങള്‍ അതിനില്ല. ചില സമയങ്ങളില്‍ ചില രാഷ്‌ട്രീയ കാരണങ്ങളാല്‍ അസംബന്ധം നിറയാറുണ്ടെങ്കിലും മറ്റ് സമയങ്ങളില്‍ ഗൌരവപ്പെട്ട ചര്‍ച്ചകള്‍ തന്നെയാണ് നടക്കാറുള്ളത്.

മാധ്യമ ജനാധിപത്യവല്‍ക്കരണത്തിന് മാധ്യമമേഖലയില്‍ ശക്തമായ പൊതുസംരംഭങ്ങളുണ്ടാവണം. കേന്ദ്രത്തിന്റെ കയ്യില്‍ വലിയ ചാനല്‍ ഉണ്ടായിക്കോട്ടെ. ഒപ്പം സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ചാനലുകള്‍ ഉണ്ടാവണം. ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വതന്ത്രമായതും പൊതുഉടമയിലുള്ളതുമായ മാധ്യമങ്ങള്‍ വേണം.

നിങ്ങള്‍ നിങ്ങളുടെ ജനാധിപത്യ അവകാശത്തെ സംരക്ഷിക്കുന്നില്ലെങ്കില്‍ അവ നഷ്‌ടമാകും. നിങ്ങള്‍ക്കായി അത് കാത്തിരിക്കില്ല. ജനാധിപത്യപ്രക്രിയ ഉള്ളതുകൊണ്ട് മാത്രമായില്ല. നിങ്ങള്‍ അതിനെ ദൈനംദിനം വിലയിരുത്തണം. അവകാശത്തിനായുള്ള പോരാട്ടം തുടരുകയും വേണം. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിനെന്നപോലെ മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പൊരുതണം. മറ്റൊന്ന്, തീവ്രമായ കുത്തകാധിപത്യ പ്രവണതകള്‍ക്കെതിരെ നിയമനിര്‍മാണത്തിന് ആവശ്യപ്പെടുകയും വേണം.

അമേരിക്ക ഒഴികെ എല്ലാ പ്രധാന പാശ്ചാത്യരാജ്യങ്ങള്‍ക്കും പൊതുഉടമയിലുള്ള മികച്ച മാധ്യമങ്ങള്‍ ഉണ്ട്. ആസ്‌ത്രേലിയയിലെ എ ബി സി, കാനഡയിലെ സി ബി സി, ബ്രിട്ടനിലെ ബിബിസി ഇവ ഈ ഗണത്തില്‍പെടും. അമേരിക്കയിലുണ്ടായിരുന്ന മികച്ച മാധ്യമങ്ങളായ നാഷണല്‍ പബ്ളിക് റേഡിയോയും മറ്റും യാഥാസ്ഥിതിക സമ്മര്‍ദം തകര്‍ത്തുകളഞ്ഞു. മാധ്യമത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിഷേധിക്കാനും ഉള്ളടക്കമെന്താകണമെന്ന് ആവശ്യപ്പെടാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാരണം മാധ്യമങ്ങള്‍ ഉണ്ടാക്കിയത് ജനങ്ങളാണ്, ഓഹരി ഉടമകളല്ല. അത് സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയാണ്. നിങ്ങളും ആ മഹത്തായ പാരമ്പര്യത്തിന്റെ അവകാശിയാണ്. Journalism is for the people, not for the share holders. അതുകൊണ്ട് ഇവിടെ എല്ലാവര്‍ക്കും അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും മാധ്യമപ്രവര്‍ത്തനത്തിൽ പങ്കാളിയാവാനും അവകാശമുണ്ട്. സ്വകാര്യതാല്‍പര്യത്തിന്റെ സങ്കുചിത മേഖലകള്‍ക്കായി അതിനെ തീറെഴുതാനാവില്ല.

മുഖ്യധാരാ മാധ്യമങ്ങള്‍ നവഉദാരീകരണ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ഈ കാലഘട്ടത്തില്‍ ബദല്‍ മാധ്യമ സാധ്യതയെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ത്യക്ക് ബദല്‍ മാധ്യമങ്ങളുടെ നീണ്ട പാരമ്പര്യമാണുള്ളത്. ഇന്നതെ മുഖ്യധാരാ മാധ്യമങ്ങള്‍ 1947 വരെ ബദല്‍ മാധ്യമങ്ങളായിരുന്നു. കാരണം, അത് ബ്രിട്ടീഷ് സാമ്രാജ്യത്വമാധ്യമത്തിന് ബദലായിരുന്നു. എന്നാല്‍ കഴിഞ്ഞ മുപ്പത്-നാല്‍പത് വര്‍ഷത്തിനിടെ മാധ്യമങ്ങള്‍ ഒരു ചെറിയ വരേണ്യവിഭാഗത്തിന്റെ കൈകളിലായി. ഇതുകാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബദല്‍മാധ്യമങ്ങള്‍ മുളപൊട്ടി. ഒരുമേഖലയില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കുന്ന ആഡംബരം നമുക്ക് ആവശ്യമില്ലെന്ന് എനിക്ക് തോന്നി. എല്ലാ മേഖലയിലും നമുക്ക് പൊരുതേണ്ടതുണ്ട്. ഞാന്‍ ബദല്‍മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഒരുപോലെ ഇടപെടും. ഞാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണമായും ഉപേക്ഷിച്ച് അതിനെ അതിന്റെ മുതലാളിമാര്‍ക്ക് മൊത്തമായും വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാനെന്തിന് അവരുടെ ജീവിതം സന്തോഷകരമാക്കണം. മുഖ്യധാരാ മാധ്യമങ്ങളില്‍ നിങ്ങളുടെ അവകാശത്തിന് പൊരുതുക. ബദല്‍ മാധ്യമങ്ങള്‍ക്കുള്ള നിങ്ങളുടെ പിന്തുണ തുടരുകയും ചെയ്യുക.

ഞാന്‍ രാവിലെ പറഞ്ഞപോലെ മാധ്യമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ചുരുങ്ങിയത് മൂന്ന് ബദല്‍ പ്രസിദ്ധീകണങ്ങളുടെയെകിലും വരിക്കാരനാകണം. ഇത്തരം ആനുകാലികങ്ങള്‍ നടത്തുന്നത് വളരെ ചെറിയ മുതല്‍മുടക്കുമായാണ്. എന്നാല്‍ അവരതില്‍ പ്രസക്തമായ അറിവുകള്‍ നല്‍കുന്നു. മാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനമുള്ളവരോട് എന്റെ ചോദ്യം നിങ്ങള്‍ ഇ പി ഡബ്ള്യൂ വരിക്കാരനാണോ? നിങ്ങള്‍ ഫ്രണ്ട്ലൈന്‍ വരിക്കാരനാണോ? ഇതുപോലെ നിരവധി ആനുകാലികങ്ങളുണ്ട്. അവയില്‍ ഏതിന്റേയെങ്കിലും വരിക്കാരനാണോ എന്നതാണ്. സാമ്പത്തിക നഷ്‌ടം സഹിച്ചും അവ വിലപ്പെട്ട അറിവ് പ്രദാനം ചെയ്യുന്നു. നമ്മള്‍ അവയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യണം.

*
pragoti യില്‍ പ്രസിദ്ധീകരിച്ച പി.സായ്നാഥുമായുള്ള അഭിമുഖത്തിന്റെ മലയാള ഭാഷാന്തരം

കടപ്പാട്: ചിന്ത വാരിക ചിത്രങ്ങള്‍ക്ക് കടപ്പാട് : ദി ഹിന്ദു, pragoti

1 comment:

വര്‍ക്കേഴ്സ് ഫോറം said...

..ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ കൊള്ളുന്ന ചില കാര്യങ്ങള്‍ പറയാം. ഇന്ത്യയില്‍ ക്ഷാമവും ക്ഷാമംപോലുള്ള അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. ക്ഷാമം കാരണം കൂട്ടമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ജില്ലാ കലൿടര്‍മാര്‍ 'ഫാമിന്‍ കോഡ് ' നടപ്പിലാക്കിയ ജില്ലകളെയും പ്രദേശങ്ങളെയും പല സംസ്ഥാനങ്ങളിലും ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. ക്ഷാമം ഉണ്ടാവുകയാണെങ്കില്‍ അതിനനുസരിച്ചുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യും. അവര്‍ ജനങ്ങളെ രക്ഷിക്കാന്‍ 'ഫാമിന്‍ കോഡ് ' ഇറക്കുന്നു. എന്നാല്‍ ക്ഷാമം പ്രഖ്യാപിക്കാന്‍ അവര്‍ക്കാവില്ല. അവരതിനെ ക്ഷാമാവസ്ഥ എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നു. അങ്ങനെ പറയുന്നില്ലെന്നുമാത്രം. ഇതൊക്കെ കാണാന്‍ കഴിയുന്ന അസ്വഭാവികതകളാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിശാല അര്‍ഥത്തില്‍ ഈ നിലപാട് ശരിയാണെങ്കിലും തത്വത്തില്‍നിന്നുള്ള നിരവധി വ്യതിചലനങ്ങള്‍ കാണാതിരുന്നുകൂടാ. 1993 ല്‍ ഞാന്‍ പലാമു (ബിഹാർ‍)വില്‍ പോയി. അന്നത്തെ കലൿടര്‍ അവിടെ 'ഫാമിന്‍കോഡ് ' പ്രാബല്യത്തിലാക്കിയിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ സ്ഥിതി വളരെ ദയനീയമായിരുന്നു. എന്തിനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്‌തത് ? ജീവന്‍ രക്ഷിക്കാന്‍ അതാവശ്യമെന്നതിനാലായിരുന്നു. പക്ഷേ അദ്ദേഹം ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ അടുത്ത ദിവസം തന്നെ സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹത്തിന്റെ കയ്യിലെത്തും. അപ്പോള്‍ ക്ഷാമം പ്രഖ്യാപിക്കാത്തതില്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ട്.