മുഖ്യധാരാ ഭാഷകളുടെ അധീശത്വത്തില്‍ പല പ്രാദേശികഭാഷകളും മണ്ണടിഞ്ഞു. ഒരു സംസ്കാരം ഇല്ലാതാക്കുന്നതിനു മുന്നോടിയായാണ് അവരുടെ ഭാഷ തകര്‍ക്കപ്പെടുന്നത്. ഗോത്രസമൂഹവും അതിന്റെ തനത് സംസ്കാരവും ഭീഷണി നേരിടുകയും കൊച്ചുഭാഷകള്‍ ഒന്നൊന്നായി അന്യംനിന്നുപോവുകയുമാണ്. ഇക്കാലത്ത് പരിസ്ഥിതി സാക്ഷരതയിലൂടെ അറിവും അഭിമാനവും നേടുന്ന അട്ടപ്പാടിയിലെ പരിസ്ഥിതി സാക്ഷരതയുടെ പച്ചപ്പ് സമാന മേഖലകളിലേക്കു പടര്‍ത്തേണ്ടതിന്റെ ആവശ്യം ഇവിടെയാണ് പ്രസക്തമാവുന്നത്. അറിവ് അവകാശം മാത്രമല്ല, അധികാരവും അഭിമാനവുമാണ്. അതുകൊണ്ടുതന്നെ നിഷേധിക്കപ്പെടുമ്പോള്‍ മാത്രമല്ല, ലഭിക്കുമ്പോഴും വാര്‍ത്തയാവേണ്ടതുണ്ട്.
അസാധ്യമെന്നു കരുതിയ ചിലതെല്ലാം സാധ്യമാണെന്നു തെളിയിക്കുകകൂടിയാണ് അട്ടപ്പാടിയിലെ പരിസ്ഥിതി സാക്ഷരതാ യജ്ഞം. മുഖ്യധാരയില്‍ എത്തിപ്പെടാനാവാതെ തായ്മൊഴിപോലും തീറെഴുതേണ്ടിവന്ന ആദിവാസിഗോത്രഭൂമിയില് അക്ഷരപ്പച്ച കിളിര്‍ക്കുകയാണ്. എഴുത്ത്’ലക്ഷ്യത്തിലേക്കുള്ള ‘എയ്ത്താവുന്നു ഇവിടെ. ആദിവാസിസമൂഹത്തെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയാണ് പരിസ്ഥിതി സാക്ഷരതയ്ക്കു തുടക്കംകുറിച്ചത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കംനില്‍ക്കുന്ന പ്രദേശമാണ് അട്ടപ്പാടി. സാമൂഹിക ഇടപെടലുകള്‍ക്കുള്ള ആര്‍ജവവും ഇവര്‍ക്ക് പ്രകടിപ്പിക്കാനായില്ല. വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനോ ആനുകൂല്യങ്ങളുടെ ഫലം അനുഭവിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നും ചൂഷണത്തിന് ഇരകളായി.
ഈ സാഹചര്യത്തിലാണ് അഹാഡ്സ് പരിസ്ഥിതി സാക്ഷരതാപരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതിപഠനത്തിലൂന്നിയിരുന്ന വിദ്യാഭ്യാസ പരിപാടിയാണിത്. 2003ല്‍ ‘ഭൂതിവഴി ഊരില്‍ ഡി വിനയചന്ദ്രന് ഉദ്ഘാടനംചെയ്തു. ഏഴുവര്‍ഷം പിന്നിട്ടപ്പോള്‍ മറ്റു മേഖലകള്‍ക്ക് മാതൃകയായി. 110 ഊരുകളിലായി രണ്ടായിരത്തി അഞ്ഞൂറോളം പഠിതാക്കള്‍ പങ്കാളികളായി. അതത് ഊരുകളില്നിന്നുതന്നെ 10-ാംതരം പാസായവര്‍ അധ്യാപകര്‍. തിരക്കൊഴിഞ്ഞ സായാഹ്നങ്ങളില്‍ കൂട്ടമായിരുന്ന് അക്ഷരം പഠിക്കുന്നു. സ്കൂള്‍മുറ്റം സ്വപ്നംകാണാന്‍പോലും കഴിയാതിരുന്നവര്‍ നിത്യപഠിതാക്കളായി. ചുറ്റിലെ കാഴ്ചകളും ജീവിതാനുഭവങ്ങളും വിശദീകരിക്കുന്നതിനൊപ്പം എഴുതിസൂക്ഷിക്കാനും അവര്‍ക്കാവുന്നുണ്ട്. ബസ് ബോര്‍ഡ് വായിച്ചു മനസ്സിലാക്കി ദൂരദിക്കുകളില്‍ പോയിവരാനും പൊതുവേദിയിലും ‘ഭരണാധികാരികളുടെ മുന്നിലും സ്വന്തം കാര്യങ്ങള്‍ അവതരിപ്പിക്കാനും നിഷ്പ്രയാസം കഴിയുന്നു. വിരലടയാളത്തിനുപകരം പേരെഴുതി ഒപ്പിടുന്നതിനും അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിച്ചുവാങ്ങുന്നതിനും അവര്‍ പഠിച്ചുകഴിഞ്ഞു.
കേരളത്തിലെ ആദിവാസിവിഭാഗങ്ങള്ക്കെല്ലാം സംസാരിക്കാന്‍ തനത് ഭാഷയുണ്ട്. ഒരു ഭാഷയ്ക്കും തനത് ലിപിയില്ല. എല്ലാവരും പൊതുവായി മലയാളം സംസാരിക്കുമെങ്കിലും തമിഴ്, കന്നട സ്വാധീനമുണ്ട്. ഇരുള, മുഡുഗ, കുറുമ്പ തുടങ്ങി മൂന്ന് ആദിവാസിവിഭാഗങ്ങളാണ് അട്ടപ്പാടിയിലുള്ളത്. ഇവരുടെ ഭാഷ വ്യത്യസ്തമാണ്. ഇരുള, മുഡുഗ, കുറുമ്പ വിഭാഗക്കാരുടെ ‘ഭാഷകളില്‍ പ്രത്യേകം തയ്യാറാക്കിയ പാഠാവലി ഉപയോഗിച്ചാണ് ക്ളാസുകള്‍. ആദിവാസിഭാഷ മലയാളലിപികളില്‍ എഴുതിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. കടങ്കഥകളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയും ക്ളാസുകള്‍ രസകരമാക്കുന്നു. പഠനം സുഗമമാക്കുന്നതിന് ഫ്ളാനല്‍ ബോര്‍ഡുകളും ഫ്ളാഷ് കാര്‍ഡുകളും ഉപയോഗിക്കുന്നുണ്ട്.
പ്രാക്തനമായ വാക്കുകളുടെ മുഴക്കങ്ങളും ക്ഷയോന്മുഖമായ ഗോത്രസംസ്കാരത്തിന്റെ കല-സാംസ്കാരിക പാരമ്പര്യത്തിന്റെ പുനഃരുജ്ജീവനവും സാധ്യമാക്കാന്‍ പരിസ്ഥിതി സാക്ഷരത പങ്കുവഹിക്കുന്നു. പഠിതാക്കള്‍ക്ക് സാക്ഷരതാമിഷന്റെ മേല്‍നോട്ടത്തില്‍ മൂല്യനിര്‍ണയ പരീക്ഷയുണ്ട്. സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന തുല്യതാ പരീക്ഷയുടെ ഭാഗമായ എ ലെവല്‍ പരീക്ഷയില്‍ 56 പേരെ ജയിപ്പിക്കാനായി. കേരള സ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഇതിനുള്ള അംഗീകാരമാണ്. സാക്ഷരത നടപ്പാക്കിയ ആദിവാസി ഊരുകള്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍നിന്നു വിടുതല്‍ നേടിയതായി പഠനത്തില്‍ പറയുന്നു. ഊരുകളുടെ സമ്പൂര്‍ണ സാമൂഹ്യവികസനം സാധ്യമാക്കുന്നതില്‍ പരിസ്ഥിതി സാക്ഷരത നിര്‍ണായക പങ്കുവഹിച്ചതായി പഠനം ചൂണ്ടിക്കാട്ടി. അഹാഡ്സിന്റെ വനിതാ വികസനവിഭാഗമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ആദിവാസിഭാഷയ്ക്ക് ലിപികള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള ശ്രമവും നടന്നുവരുന്നു. ജനകീയ പങ്കാളിത്തത്തിന്റെ ഉപജ്ഞാതാവായ റോബര്‍ട്ട് ചേമ്പേഴ്സ്, ജപ്പാന് ജിക്ക’ പ്രതിനിധികളായ ഒനീഷി, യമനക, കൊയിനാഗി കൂടാതെ രാജന് ഗുരുക്കള്‍, സാറാ ജോസഫ്, ജംഗ് പാഗി, മീനാ ഗുപ്ത, പി ജെ ജോസഫ്, മൊയ്തു വാണിമേല്‍, മാധവമേനോന്, ഡോ. എ ജയദേവന്, എസ്ആര്‍സി ഡയറക്ടര്‍ കോന്നി ഗോപകുമാര്‍, സുന്ദരേശന് നായര്‍ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരും വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും സാക്ഷരതാ പരിപാടി സന്ദര്‍ശിച്ച് പഠനവിധേയമാക്കുന്നു.
ജദ്ദ് നേരറിവിന്റെ മഷിപ്പകര്‍ച്ച'
അട്ടപ്പാടി പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ പ്രത്യേക പ്രസിദ്ധീകരണമാണ് ജദ്ദ്. ലിപികള്‍ എഴുതപ്പെടാതെപോയ ആദിമഭാഷയെ മലയാളത്തില്‍ പേര്ത്തെടുത്താണ് തയ്യാറാക്കിയിരിക്കുന്നത്. ജദ്ദ്'എന്നാല്‍ ശബ്ദം. തായ്മൊഴിപോലും നഷ്ടമായ സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശബ്ദം ജദ്ദില്‍ കേള്‍ക്കാനും മുഖത്താളുകളില്‍ കാണാനുമാവും.
ദുരിതംമൂടിയ ജീവിതചുറ്റുപാടുകളില്‍ സ്വന്തം മുറ്റത്തെ മണ്ണില്‍ ഞാന്‍ കാരയൂര്ക്കാരനാണെന്നെഴുതിച്ചേര്ത്ത നട്ടമൂപ്പന് 80-ാം വയസ്സിലും അക്ഷരങ്ങളുടെ ചൂടറിയുന്നു. കാട്ടില്‍ പോകുന്ന സമയത്ത് കാട്ടരുവികളും കുരുവികളും പാടിയ പാട്ടില്‍നിന്ന് തന്റേതായ ഭാഷയില്‍ വാക്കുകള്‍ കെട്ടിയെടുത്ത് അത് സാക്ഷരതാ ക്ളാസില്‍ മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നുകൊടുക്കുന്നത് ജദ്ദിന്റെ മുന്‍പേജില്‍ത്തന്നെ എഴുതിച്ചേര്‍ത്തിരുന്നു. തായ്കുലസംഘത്തിന്റെ പ്രേരണയില്‍ ആര്‍ത്തിയോടെ അക്ഷരം പഠിച്ച് പൊതുയോഗത്തില്‍ സ്വന്തം പേരെഴുതി ഒപ്പിട്ട് നടുനിവര്ത്തിനിന്ന ഗുഡ്ഡയൂരിലെ 85 വയസ്സായ പൊന്നിപ്പാട്ടിയുടെയും. കിട്ടിയതു വാങ്ങിപ്പോരാതെ തനിക്കവകാശപ്പെട്ടത് തൂക്കിവാങ്ങിയ വീരമ്മയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ജദ്ദിന്റെ പ്രതലത്തില്‍ തെളിയുന്നു.
അക്ഷരങ്ങളെ ചിത്രങ്ങളിലേക്കും ചിത്രങ്ങളെ അക്ഷരങ്ങളിലേക്കും ആവാഹിച്ച ഭൂതിവഴിയിലെ കലാകാരനായ ബെള്ളനും നോവുകള്‍ അക്ഷരപാരായണത്തിലൂടെ മറക്കുന്ന മാമണ ഊരിലെ രങ്കിയും ജദ്ദിനെ ഊര്വരമാക്കുന്നുണ്ട്. ഇരുളഭാഷയില്‍ ആര് കാളിയമ്മ, കെ സി ലക്ഷ്മി, മീന, ഗോപാലകൃഷ്ണന്, എം ലക്ഷ്മി എന്നിവരാണ് തയ്യാറാക്കുന്നത്.
കഥാകൃത്ത് വൈശാഖന്റെ സാന്നിധ്യത്തില്‍ സാറാ ജോസഫാണ് ജദ്ദിന്റെ പ്രകാശനം നിര്‍വഹിച്ചത്. ദൈവകുണ്ട് ഊരിലെ നഞ്ചമൂപ്പന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഇതിനകം ഏഴു പതിപ്പ് പുറത്തിറങ്ങി. ജദ്ദില്‍ കാനന ശീലുകളുണ്ട്. പ്രണയത്തിന്റെ, ഒറ്റപ്പെടലിന്റെ, അവഗണനയുടെ, തോല്‍വിയുടെ, മുറിപ്പെട്ട ആത്മാക്കളുടെ, പീഡനങ്ങളുടെ, നേരറിവിന്റെ മഷിപ്പകര്ച്ചയുമുണ്ട്.
*
മണികണ്ഠന് പനങ്കാവില്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
Sunday, July 25, 2010
ഗോത്രഭൂമിയില്‍ അക്ഷരപ്പച്ച
Subscribe to:
Post Comments (Atom)
1 comment:
മുഖ്യധാരാ ഭാഷകളുടെ അധീശത്വത്തില്‍ പല പ്രാദേശികഭാഷകളും മണ്ണടിഞ്ഞു. ഒരു സംസ്കാരം ഇല്ലാതാക്കുന്നതിനു മുന്നോടിയായാണ് അവരുടെ ഭാഷ തകര്‍ക്കപ്പെടുന്നത്. ഗോത്രസമൂഹവും അതിന്റെ തനത് സംസ്കാരവും ഭീഷണി നേരിടുകയും കൊച്ചുഭാഷകള്‍ ഒന്നൊന്നായി അന്യംനിന്നുപോവുകയുമാണ്. ഇക്കാലത്ത് പരിസ്ഥിതി സാക്ഷരതയിലൂടെ അറിവും അഭിമാനവും നേടുന്ന അട്ടപ്പാടിയിലെ പരിസ്ഥിതി സാക്ഷരതയുടെ പച്ചപ്പ് സമാന മേഖലകളിലേക്കു പടര്‍ത്തേണ്ടതിന്റെ ആവശ്യം ഇവിടെയാണ് പ്രസക്തമാവുന്നത്. അറിവ് അവകാശം മാത്രമല്ല, അധികാരവും അഭിമാനവുമാണ്. അതുകൊണ്ടുതന്നെ നിഷേധിക്കപ്പെടുമ്പോള്‍ മാത്രമല്ല, ലഭിക്കുമ്പോഴും വാര്‍ത്തയാവേണ്ടതുണ്ട്.
Post a Comment