ജര്‍മന്‍ സിനിമയായ ഗ്ളൂമി സണ്‍ഡേ(1999) ആരംഭിക്കുന്നതും അവസാനിക്കുന്നതും പുതിയ കാല ബുഡാപെസ്റ്റിലാണ്. തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ മുന്‍ നാസി കേണലും കയറ്റുമതി/ഇറക്കുമതി ബിസിനസുകാരനുമായ ഹാന്‍സ് വീക്ക് കുടുംബവും ആരാധനാ വൃന്ദവുമായി ബുഡാപെസ്റ്റിലെ സാബോ റെസ്റ്റാറന്റിലെത്തുകയാണ്. 1930കളില്‍, ഏതാനും ദിവസം ആ നഗരത്തില്‍ താമസിക്കവെയാണ് അയാള്‍ക്ക് ആ ഭക്ഷണശാല പ്രിയങ്കരമായിത്തീര്‍ന്നത്. അവിടത്തെ സവിശേഷ ഇനമായ ബീഫ്റോള്‍, മനം ത്രസിപ്പിക്കുന്ന പിയാനോ സംഗീതം, എല്ലാറ്റിലും ഉപരി അതിസുന്ദരിയായ പരിചാരിക ഇലോന എന്നിവയോടുള്ള കമ്പത്തിനാലാണ് അയാള്‍ തന്റെ വൈകുന്നേരങ്ങള്‍ സാബോയില്‍ ചെലവഴിച്ചിരുന്നത്. ഇലോനയോട് അയാള്‍ പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും അതിനകം തന്നെ രണ്ടു കാമുകര്‍ക്കിടയില്‍ പിളരുകയും ഒന്നിക്കുകയും ചെയ്യുക എന്ന വിചിത്രമായ അവസ്ഥയില്‍ പെട്ടു കിടന്നിരുന്ന അവള് ആദ്യ കേള്‍വിയില്‍ തന്നെ അത് നിരസിക്കുന്നു. പിന്നീട് അധികാരഗര്‍വ്വോടെ എസ് എസ് (നാസി സൈന്യം) കേണലായി നഗരത്തിലെത്തുന്ന ഹാന്‍സ് അന്തിമ പരിഹാര പദ്ധതിയുടെ(ഫൈനല്‍ സൊല്യൂഷന്) ഭാഗമായി ജൂതവംശജരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. വരും കാലത്തേക്കുള്ള കരുതിവെപ്പെന്നോണം, പണമുള്ളവരും അതു നല്കാന് കഴിവുള്ളവരുമായ ജൂതവംശജരെ കനത്ത കൈക്കൂലി മേടിച്ച് കുരുതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുമുണ്ടയാള്‍. ഇതിന്റെ പേരില്‍, പില്ക്കാലത്ത്, മനുഷ്യ സ്നേഹിയായ ഒരു നാസി ഉദ്യോഗസ്ഥനായി ചരിത്രം അയാളെ കൊണ്ടാടി. പിയാനോ സ്റ്റാന്റില്‍ താന്‍ പണ്ടെടുത്തയച്ചു കൊടുത്ത ഇലോനയുടെ ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോ കണ്ട്, ഗ്ളൂമി സണ്‍ഡേ സംഗീതം കേട്ട് അയാള്‍ ആ റസ്റ്റാറന്റില്‍ മരിച്ചു വീഴുന്നു.
മരണവും രതിയും പ്രണയവും സംഗീതവും ഭക്ഷണവും രാഷ്ട്രീയവും കൂടിക്കുഴയുന്ന വിചിത്രമായ ഇതിവൃത്തവും ആഖ്യാനവുമാണ് ഗ്ളൂമി സണ്‍ഡേക്കുള്ളത്. റോള്‍ഷ് ഷൂബെലാണ് (Rolf Schübel) സംവിധായകന്. നിക്ക് ബാര്‍ക്കോ (Nick Barkow ) യുടെ നോവലിനെ ആസ്പദമാക്കിയുള്ള ഈ ചലച്ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നതു പോലെ മുപ്പതുകളില്‍ ഹങ്കറിയെയും യൂറോപ്പിനെയും അമേരിക്കയെയും പിടിച്ചു കുലുക്കിയ പാട്ടായിരുന്നു ഗ്ളൂമി സണ്‍ഡേ. റെസോ സെറെസ്സ് (Rezső Seress) എന്ന പിയാനിസ്റ്റും കമ്പോസറും ആയ സംഗീതജ്ഞന് ചിട്ടപ്പെടുത്തിയ ആ ഗാനം നിരവധി ആളുകളുടെ ആത്മഹത്യക്ക് കാരണമായെന്നാരോപിച്ച് നിരോധിക്കപ്പെടുകയുണ്ടായി. (1933ലാണ് ഗ്ളൂമി സണ്‍ഡേ പുറത്തിറങ്ങിയത്. ആ വര്‍ഷത്തില്‍ തന്നെയാണ് ഹിറ്റ്ലര്‍ അധികാരമേറ്റെടുത്തതും). സെറെസ്സും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. എന്നാല്‍ ഈ ആരോപണത്തില്‍ കാര്യമായ കഴമ്പൊന്നുമില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാബോയില്‍ പിയാനിസ്റ്റായി നിയമിക്കപ്പെടുന്ന ആന്ദ്രാസ്, ഉടമസ്ഥനായ ലാസ്ളോ സാബോയുടെ കാമുകി കൂടിയായ പരിചാരിക ഇലോനയെ ഇഷ്ടപ്പട്ടു തുടങ്ങുമ്പോഴാണ് വിചിത്രവും അപൂര്‍വ്വവും അഴിയാത്തതുമായ ഒരു പ്രണയത്രികോണത്തിലേക്ക് കഥ തെന്നി മാറുന്നത്. ഇലോന ആന്ദ്രാസിനെ പ്രേമിച്ചു തുടങ്ങുമ്പോള്‍, സാബോ പിന്മാറുന്നില്ല. മുഴുവന്‍ ഇലോന നഷ്ടമാകുന്നതിനെക്കാളും ഞാന്‍ തൃപ്തിപ്പെടുക, ഇലോനയുടെ ഒരു ഭാഗമെങ്കിലും എനിക്ക് ലഭിക്കുന്ന അവസ്ഥ കൊണ്ടായിരിക്കും എന്ന് സമാശ്വസിച്ച് അവരുടെ പ്രേമത്തോടൊപ്പം അയാളും അവളും തമ്മിലുള്ള പ്രണയവും നിലനിര്‍ത്താന്‍ അയാള്‍ തീരുമാനിക്കുന്നു.
അതിനിടയിലാണ് ആന്ദ്രാസ് ഗ്ളൂമി സണ്‍ഡേ എന്ന ഗാനം ചിട്ടപ്പെടുത്തുന്നത്. അതൊരു വിചിത്രമായ പാട്ടായിരുന്നു. ഇലോനയോട് പ്രേമം അഭ്യര്‍ത്ഥിച്ച് വിസമ്മതം കേട്ട് നിരാശനായി തിരിച്ച് നടന്നുവന്ന ഹാന്‍സ് അവളുടെ കാമുകന് സാബോയോട് പറയുന്നതു പോലെ, നിങ്ങള്‍ക്ക് കേള്‍ക്കാനിഷ്ടമില്ലാത്ത ചിലത് ആരോ പറയുന്നതു പോലെ. പക്ഷെ, മനസ്സിന്റെ അന്തരാളങ്ങളില്‍ നിങ്ങള്‍ തിരിച്ചറിയുന്നു: അതാണ് സത്യമെന്ന്. പ്രേമനൈരാശ്യം മൂലം പാലത്തില്‍ നിന്ന് ആത്മഹത്യ ചെയ്യാനായി ചാടുന്ന ഹാന്‍സിനെ സാബോയാണ് രക്ഷിക്കുന്നത്. ആ രക്ഷപ്പെടുത്തല്‍ താന്‍ ഒരു കാലത്തും മറക്കില്ല എന്ന് ഹാന്‍സ് പറയുന്നുണ്ടെങ്കിലും അവസരം കിട്ടിയപ്പോള്‍ അയാളത് മറന്ന് സാബോ എന്ന ജൂത വംശജനെ ക്യാമ്പിലേക്കുള്ള വാഗണില്‍ കയറ്റി വിടുകയാണ് ചെയ്യുന്നത്. ഗ്ളൂമി സണ്‍ഡേ എന്ന ഗാനം കേട്ട് അനവധി ആളുകള്‍ ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നു. ആത്മഹത്യകള്‍; നിങ്ങളവരെ പ്രേരിപ്പിച്ചില്ലല്ലോ. അവരുടെ വിടവാങ്ങലുകള്‍ കൂടുതല്‍ ഹൃദയഹാരിയാക്കുകയല്ലേ ചെയ്തുള്ളൂ എന്നാണ് ഈ വാര്‍ത്തകള്‍ കേട്ട് നിരാശനാകുന്ന ആന്ദ്രാസിനെ സാബോ സമാശ്വസിപ്പിക്കുന്നത്. ജര്‍മനിയില്‍ നാസികള്‍ അധികാരത്തിലേറുകയും യൂറോപ്പ് പിടിച്ചടക്കാന്‍ തുടങ്ങുകയും ചെയ്യുന്ന കാലമായിരുന്നു അത്. ഫാസിസത്തിന്റെയും വംശഹത്യകളുടെയും നാളുകള്‍ ആദ്യമേ തിരിച്ചറിയുന്നതു കൊണ്ടു കൂടിയാകണം, ദുര്‍ബലനായ ആന്ദ്രാസ് എസ് എസ് ഓഫീസറായി ശൌര്യത്തോടെ റസ്റ്റാറന്റിലെത്തുന്ന ഹാന്‍സിന്റെ തോക്ക് എടുത്ത് സ്വയം തലക്ക് വെടി വെച്ച് ആത്മഹത്യ ചെയ്യുന്നത്.
പുതിയ കാലത്ത് റസ്റ്റാറന്റില്‍ പിറന്നാളാഘോഷിക്കാനെത്തിയ ഹാന്‍സിനെ വൃദ്ധയായ ഇലോന മകന്റെ സഹായത്തോടെ വധിക്കുകയാണുണ്ടായത്. ആന്ദ്രാസ് കരുതിവെച്ചിരുന്ന കൊച്ചു വിഷക്കുപ്പി, അയാളുടെ മരണത്തിന് മുമ്പു തന്നെ സാബോ കൈവശപ്പെടുത്തിയിരുന്നു. അയാള്‍ പിടിക്കപ്പെടുന്നതിനു മുമ്പ് അവള്‍ക്കായി ശേഷിപ്പിച്ചു വെച്ച ആ കുപ്പിയിലെ വിഷം ഉപയോഗിച്ചാണ് ഹാന്‍സിനെ കൊലപ്പെടുത്തുന്നത്. നാസി ഭീകരതയുടെ ബീഭത്സ ദൃശ്യങ്ങളോ ചരിത്രവിചാരണയോ ഗ്ളൂമി സണ്‍ഡേ ആശ്രയിക്കുന്നില്ല. പക്ഷെ, മനുഷ്യവിരുദ്ധമായ ചരിത്രത്തിന്റെ ഭൂതം ചിത്രത്തെ തുടക്കം മുതല്‍ ഒടുക്കം വരെയും മൂടി നില്‍ക്കുന്നുണ്ട്. ഹാന്‍സിന്റെ വനിതാ സെക്രട്ടറിയുടെ ഭീതി നിറഞ്ഞ ജോലിയും കീഴ്പ്പെടലും, സുഹൃത്തില്‍ നിന്ന് ഭീകരനായ പട്ടാള ആപ്പീസറായുള്ള ഹാന്‍സിന്റെ പരിണാമം, തുടങ്ങി കഥാപാത്രങ്ങളുടെ മുഖ ശരീര ചലനങ്ങളില്‍ നിരന്തരം പ്രതിഫലിക്കുന്ന രാഷ്ട്രീയ- അധികാര ചരിത്രം കാണിയെ മാനസിക ആഘാതത്തിലേക്ക് നയിക്കുന്നു.
ഇലോനയെ അവതരിപ്പിച്ച എറിക്ക മറോസാന്‍ ഒരഭിമുഖത്തില്‍ ഇപ്രകാരം പറഞ്ഞു: മാനവികത എന്നതൊന്ന് ഇല്ലാതായ കാലമായിരുന്നു അത്. ലോകം തന്നെ വീണുടഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പു വരെ മനുഷ്യന് മനുഷ്യനോട് ഇപ്രകാരമൊക്കെ പെരുമാറാന്‍ കഴിയുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. യുദ്ധം എല്ലാ ധാര്‍മികതകളെയും സദാചാരങ്ങളെയും മുച്ചൂടും നശിപ്പിച്ചു. അതുകൊണ്ടാണ് അതിനെക്കുറിച്ച് ആലോചിക്കാതിരിക്കാനും വിശദീകരിക്കാതിരിക്കാനും നമുക്ക് കഴിയാതെ പോകുന്നത്. ഇനിയും ഇപ്രകാരമൊക്കെ സംഭവിക്കുമെന്ന തോന്നല്‍ നമ്മളെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയം എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്നാണ് ഗ്ളൂമി സണ്‍ഡേ ഓര്‍മ്മിപ്പിക്കുന്നത്.
*
ജി. പി. രാമചന്ദ്രന്
Monday, July 19, 2010
Subscribe to:
Post Comments (Atom)
1 comment:
മരണവും രതിയും പ്രണയവും സംഗീതവും ഭക്ഷണവും രാഷ്ട്രീയവും കൂടിക്കുഴയുന്ന വിചിത്രമായ ഇതിവൃത്തവും ആഖ്യാനവുമാണ് ഗ്ളൂമി സണ്‍ഡേക്കുള്ളത്. റോള്‍ഷ് ഷൂബെലാണ് (Rolf Schübel) സംവിധായകന്. നിക്ക് ബാര്‍ക്കോ (Nick Barkow ) യുടെ നോവലിനെ ആസ്പദമാക്കിയുള്ള ഈ ചലച്ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നതു പോലെ മുപ്പതുകളില്‍ ഹങ്കറിയെയും യൂറോപ്പിനെയും അമേരിക്കയെയും പിടിച്ചു കുലുക്കിയ പാട്ടായിരുന്നു ഗ്ളൂമി സണ്‍ഡേ. റെസോ സെറെസ്സ് (Rezső Seress) എന്ന പിയാനിസ്റ്റും കമ്പോസറും ആയ സംഗീതജ്ഞന് ചിട്ടപ്പെടുത്തിയ ആ ഗാനം നിരവധി ആളുകളുടെ ആത്മഹത്യക്ക് കാരണമായെന്നാരോപിച്ച് നിരോധിക്കപ്പെടുകയുണ്ടായി. (1933ലാണ് ഗ്ളൂമി സണ്‍ഡേ പുറത്തിറങ്ങിയത്. ആ വര്‍ഷത്തില്‍ തന്നെയാണ് ഹിറ്റ്ലര്‍ അധികാരമേറ്റെടുത്തതും). സെറെസ്സും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. എന്നാല്‍ ഈ ആരോപണത്തില്‍ കാര്യമായ കഴമ്പൊന്നുമില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്
Post a Comment