Monday, July 12, 2010

ചില ചെറിയ കാര്യങ്ങള്‍

എഴുത്തുകാരും കലാകാരന്മാരും പുതിയ ഭാഷകള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും. അങ്ങനെ കണ്ടെത്തുന്ന ഭാഷകള്‍ എല്ലാംതന്നെ പുതിയതായിരിക്കണമെന്നില്ല. ചിലത് നമ്മുടെ ഇടയില്‍തന്നെ ഉള്ളതും നമുക്ക് പരിചയമുള്ളതും ആയിരിക്കും. അത് എഴുത്തുകാരുടെയും കലാകാരന്മാരുടെയും ഭാഷയാണെന്ന് നമുക്ക് അറിഞ്ഞുകൂടെന്നുമാത്രം.

പ്രണയം അങ്ങനെയുള്ള ഒരു ഭാഷയാണ്.

പ്രണയം നമ്മള്‍ മലയാളികള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളും കഷ്‌ടപ്പാടുകളും നല്‍കിയിട്ടുണ്ട്. എത്രയോ പെണ്‍കിടാങ്ങള്‍ തീവണ്ടിക്ക് തലവെച്ചിരിക്കുന്നു. യുവാക്കള്‍ കയറിന്‍തുമ്പില്‍ അഭയം തേടുകയോ കുടിയന്മാരാകുകയോ അല്ലെങ്കില്‍ നാടുവിട്ട് പോവുകയോ ചെയ്‌തിരിക്കുന്നു. പ്രണയം നമുക്ക് ദുഃഖപര്യവസായിയായ ഒരു കഥയാണ്. നമ്മള്‍ പ്രണയിക്കുന്നത് അത് സാക്ഷാത്കരിച്ച് സുഖമായി ജീവിക്കുവാന്‍ വേണ്ടിയല്ല. പ്രണയം നമുക്ക് വേദനിക്കുവാനും ആത്മാഹുതി ചെയ്യാനുമുള്ളതാണ്. മറ്റു സ്ഥലങ്ങളില്‍ യുവതീയുവാക്കള്‍ എങ്ങനെയാണ് പ്രണയിക്കുന്നത് ? അവര്‍ പ്രണയഭംഗം വന്നാല്‍ വണ്ടിക്ക് തലവെക്കുമോ?

ഞാനിപ്പോള്‍ ഡല്‍ഹിയിലാണ്. ആറുമാസത്തിന് ശേഷമാണ് ഞാനിവിടെ വീണ്ടും വന്ന് ദ്വാരകയിലെ എന്റെ ഫ്ളാറ്റ് തുറന്ന് പൊടിതട്ടി താമസം തുടങ്ങുന്നത്. അവിടെയിരുന്നാണ് ഈ കുറിപ്പ് എഴുതുന്നതും.

ഡല്‍ഹിയിലെ യുവതീയുവാക്കളുടെ പ്രണയത്തെക്കുറിച്ച് രണ്ട് വാക്ക് പറയാം.

ഇവിടെ പ്രേമത്തിന് ഒരു കുറവുമില്ല. പട്ടാപ്പകല്‍ ലോധി ഗാര്‍ഡന്‍സിലെ മരത്തണലുകളില്‍ നീലനിറമുള്ള പ്രണയരംഗങ്ങള്‍ പതിവുപോലെ തുടരുന്നു. മരങ്ങള്‍ക്കിടയിലെ നടപ്പാതകളിലൂടെ ആളുകള്‍ നടന്നുപോകുന്നുണ്ട്. അവരാരും ആ പ്രണയകേളികള്‍ ശ്രദ്ധിക്കുന്നുപോലുമില്ല. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ കമിതാക്കളെ ഉന്നംവെക്കുന്നില്ല. മരച്ചാര്‍ത്തുകള്‍ക്കിടയില്‍ എളുപ്പത്തില്‍ ഒളിക്യാമറ വെക്കാം. എന്നാല്‍ അതിനും അവര്‍ തുനിയുന്നില്ല. പ്രണയരംഗങ്ങള്‍ നേരിട്ട് കാണാമെന്നിരിക്കവേ അവരെന്തിന് ക്യാമറയില്‍ കാണണം.

ഇവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്‌കൂള്‍ പ്രായത്തിലേ ഇണകളുണ്ട്. പെണ്‍കുട്ടികള്‍ ഒരു മടിയും കൂടാതെ ആണ്‍കുട്ടികളുടെ കൈപിടിച്ച് പൊതുനിരത്തിലൂടെ നടക്കുന്നു. ഇന്ത്യാഗേറ്റ് പോലുള്ള പൊതുസ്ഥലങ്ങളില്‍പോലും മരച്ചുവട്ടിലിരുന്ന് കുരുത്തക്കേടുകള്‍ കാണിക്കുന്നു. പെണ്‍കുട്ടികളുടെ പഠിത്തം കഴിഞ്ഞാല്‍ അച്‌ഛനമ്മമാര്‍ അവര്‍ക്കുവേണ്ടി മുഴുത്ത സ്‌ത്രീധനം കൊടുത്ത് നല്ല കുടുംബത്തിലെ പയ്യന്മാരെ കണ്ടെത്തുന്നു. അപ്പോള്‍ പെണ്‍കുട്ടികള്‍ അതുവരെ കൂടെനടന്ന് പ്രണയിച്ച പയ്യന്മാരോട് ബൈ ബൈ പറഞ്ഞ് പിരിയുന്നു. പയ്യന്മാര്‍ വേറെ പ്രണയിനികളെ ഉടനെ കണ്ടെത്തുകയും ചെയ്യും. നമ്മുടെ നാട്ടിലേതുപോല ആത്മഹത്യയില്ല. മദ്യപാനമില്ല. ഒളിച്ചോട്ടമില്ല.

ആഗോളവല്‍ക്കരണ കാലത്തെ പ്രണയമാണ് ഡല്‍ഹിയിലേത്. നമ്മുടെ നാട്ടിലേത് ചങ്ങമ്പുഴക്കാലത്തെ പ്രണയവും.

ഏതാണ് നല്ലത്?

യുവതീയുവാക്കളേ, അത് നിങ്ങള്‍തന്നെ തീരുമാനിക്കുക. "സമൂഹത്തിലെ സമസ്‌ത മണ്ഡലങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു.''എന്നാണ് സാര്‍ത്രിനെ കുറിച്ച് ഒരിടത്ത് എഴുതിവെച്ചിരിക്കുന്നത്. എഴുത്തുകാര്‍ അങ്ങനെ ഇടപെടേണ്ടതാണ്. എങ്കിലും എല്ലാ കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറയാന്‍ ഈയുള്ളവന് വയ്യ.

എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ട് മുഖങ്ങളാണ് എന്റെ കണ്‍മുമ്പില്‍ തെളിഞ്ഞുവരുന്നത്. ഒന്ന് തന്റെ മുഖമായിരിക്കും എന്ന് ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ള വിചാരിക്കുന്നുണ്ടാകും. പക്ഷേ, അയാം റിയലി സോറി, ഡോൿടര്‍. അക്കൂട്ടത്തില്‍ താങ്കളുടെ മുഖമില്ല. ആ രണ്ടു മുഖങ്ങള്‍ പിക്കാസോവിന്റെയും സാര്‍ത്രിന്റെതുമാണ്.

പാബ്ളോ പിക്കാസോവിന് ദൈവം പണവും പ്രശസ്‌തിയും മാത്രമല്ല ദീര്‍ഘായുസും നല്‍കിയിരുന്നു. 1973 ല്‍ തൊണ്ണൂറ്റി രണ്ടാമത്തെ വയസിലാണ് അദ്ദേഹം അന്തരിച്ചത്. സര്‍ഗാത്മകതയുടെ വിസ്‌ഫോടനമാണ് പിക്കാസോ. ആ സ്‌ഫോടനങ്ങളില്‍നിന്ന് രൂപംകൊണ്ടത് ആയിരക്കണക്കിന് പെയിന്റിങ്ങുകളും ശില്‍പങ്ങളും കവിതകളുമാണ്. അദ്ദേഹത്തിന്റെ കലാസൃഷ്‌ടികളുടെ എണ്ണം ഇപ്പോഴും ആര്‍ക്കും കൃത്യമായി തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല.

പെണ്ണും പ്രണയവും പിക്കാസോവിന്റെ സര്‍ഗാത്മകതയില്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം ഇടകലര്‍ന്നു കിടക്കുന്നു. പെണ്ണായിരുന്നു പിക്കാസോവിന്റെ കലയുടെ പ്രധാന ചോദനകള്‍. പിക്കാസോവിന്റെ വര്‍ണകലയുടെ ആരംഭം കുറിക്കുന്നു, റോസ് ദശ. പിക്കാസോ വരച്ച റോസ്‌ ദശയിലെ ചിത്രങ്ങള്‍ക്ക് ആധാരം അദ്ദേഹത്തിന്റെ പ്രണയിനി ഫെര്‍നാന്ത് ഒലിവിയേയായിരുന്നു. തനിക്ക് ഇരുപത്തിനാല് വയസ്സുള്ളപ്പോഴാണ് പിക്കാസോ വിവാഹിതയായ ഫെര്‍നാന്തിനെ പ്രണയിക്കാന്‍ തുടങ്ങിയത്. തുടന്ന് ഏഴുവര്‍ഷം അവര്‍ ഒന്നിച്ചു ജീവിച്ചു. ലവിങ് പിക്കാസോ എന്ന പുസ്‌തകത്തില്‍ പിക്കാസോവിന്റെ പ്രണയിനി ആ അനുഭവത്തെക്കുറിച്ച് അനുസ്‌മരിക്കുന്നുണ്ട്.

ഐ ലവ് യു ഏവാ നാമൊക്കെ വളരെ ഇഷ്‌ടപ്പെടുന്ന ഒരു മനോഹരമായ ക്യൂബിസ്‌റ്റ് പെയിന്റിങ്ങാണ്. വികൃതമായ രണ്ടു മുലകള്‍ തൂങ്ങിക്കിടക്കുന്ന മുഖമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ചിത്രമാണത്. ഏവാ എന്ന് പേരുള്ള അതിസുന്ദരിയായ ഒരു പ്രണയിനി പിക്കാസോവിനുണ്ടായിരുന്നു. വളരെ ചെറുപ്രായത്തില്‍ ടിബി വന്നു മരിച്ചുപോയ ആ പെണ്‍കുട്ടിയാണ് ആ പെയിന്റിങ്ങിലുള്ളത്. ഏവയുടെ മാറാരോഗം പിക്കാസോവിനെ തളര്‍ത്തി. അദ്ദേഹം അവളെ അത്രയധികം സ്നേഹിച്ചിരുന്നു. എങ്കിലും അവള്‍ മരിച്ചുകൊണ്ടിരിക്കുന്ന നാളുകളില്‍ പിക്കാസോ മരീലസ്‌പിനാസ് എന്ന വേറൊരു പെണ്ണില്‍ അനുരക്തനായി.

അങ്ങനെ ഒട്ടേറെ സ്‌ത്രീകളും പെണ്‍കുട്ടികളും പിക്കാസോവിന്റെ ജീവിതത്തില്‍ പ്രണയിനികളായും ഭാര്യമാരായും ജീവിച്ചു. ചിലര്‍ ദീര്‍ഘകാലം അവിടെ തങ്ങിനിന്നു. ചിലര്‍ പെട്ടെന്ന് കടന്നുപോവുകയും. വാര്‍ധക്യകാലത്തും പതിനേഴു വയസ്സുകാരികള്‍പോലും പിക്കാസോവിന് കാമിനിമാരായുണ്ടായിരുന്നു. തന്റെ എണ്ണമറ്റ പ്രണയബന്ധങ്ങളില്‍ ഓല്‍ഗാ കോക്ളോവയോട് പിക്കാസോവിന് തോന്നിയ അനുരാഗമായിരുന്നു ഏറ്റവും തീവ്രം. റഷ്യന്‍ ബല്ലേ നര്‍ത്തകിയായിരുന്നു ഓല്‍ഗ. നിരവധി പൊരുത്തക്കേടുകള്‍ അവര്‍ക്കിടയിലുണ്ടായിരുന്നു. ക്യൂബിസം വികസിപ്പിച്ചെടുത്തു കഴിഞ്ഞപ്പോഴും റിയലിസ്റ്റിക്കായ ശൈലിയില്‍ പിക്കാസോ വരച്ച ഒരു പെയിന്റിങ്ങാണ് ഓല്‍ഗ.

പെണ്ണും പ്രണയവും ഇല്ലായിരുന്നെങ്കില്‍ ക്യൂബിസം ഉണ്ടാകുമായിരുന്നില്ല. പാബ്ളോ പിക്കാസോയും ഉണ്ടാകുമായിരുന്നില്ല. പെണ്ണിന് ഒരുപാട് നന്ദി.

പിക്കാസോ നൂറുശതമാനവും സര്‍ഗാത്മക ചിത്രമെഴുത്തുകാരനായിരുന്നു. എന്നാല്‍ സാര്‍ത്രിനെ കുറിച്ച് അങ്ങനെ പറയുവാന്‍ കഴിയുമോ? അദ്ദേഹം നൂറുശതമാനം തത്വചിന്തകനായിരുന്നു എന്ന് പറയുന്നതല്ലേ ശരി ? പക്ഷേ ഫ്രഞ്ച് സമൂഹം സാര്‍ത്രിനെ തത്വചിന്തകന്‍ എന്നതിലുപരി എഴുത്തുകാരനായാണ് കാണുന്നത്. സാര്‍ത്രിനെയും സിമോന്‍ ദ് ബൂവ്വാറിനെയും ഒരേ കല്ലറയിലാണ് അടക്കം ചെയ്‌തിരിക്കുന്നത്. ശിലാഫലകത്തില്‍ ഇങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്:

ഴാന്‍ പോല്‍ സാര്‍ത്ര്. 1905-1980 എഴുത്തുകാരനും തത്വചിന്തകനും.

ലോകത്തെങ്ങുമുള്ള മനുഷ്യസമൂഹങ്ങളിലെ ആണ്‍ പെണ്‍ ബന്ധത്തെ പുനര്‍നിര്‍ണയിച്ച ഒരു സ്‌നേഹബന്ധമായിരുന്നു സാര്‍ത്രിന്റെയും സിമോന്‍ ദ് ബൂവ്വാറിന്റെയും. ഇണകള്‍ക്ക് ഒരു പുതിയ ജീവിതശൈലി അവര്‍ നല്‍കി. മരിക്കുന്നതുവരെ അവര്‍ വിവാഹം ചെയ്‌തിരുന്നില്ല. എല്ലാം അവര്‍ പരസ്‌പരം കൈമാറി. എല്ലാം തുറന്നുപറഞ്ഞു. പരസ്‌പരം ആഴത്തില്‍ സ്‌നേഹിച്ചു. തത്വചിന്തകരായും എഴുത്തുകാരായും രാഷ്‌ട്രീയപ്രവര്‍ത്തകരായും അവര്‍ മരിക്കുന്നതുവരെ ഒന്നിച്ചു ജീവിച്ചു. മരിച്ചു കഴിഞ്ഞപ്പോള്‍ ഒരേ കല്ലറക്കടിയില്‍ ഇടം തേടി.

ഇതല്ലേ മാതൃകാപരമായ പ്രണയം?

അങ്ങനെ പറയാന്‍ വരട്ടെ. ഇതുകൂടി കേള്‍ക്കൂ.

എഴുപത്തിയഞ്ചാമത്തെ വയസ്സിലാണ് സാര്‍ത്ര് അന്തരിച്ചത്. മരണം ആസന്നമായ നാളുകളില്‍ ഒരിക്കല്‍ സാര്‍ത്ര് സിമോന്‍ ദ് ബൂവ്വാറിനോട് പറഞ്ഞു, "കുട്ടീ നിനക്കറിയാമോ, ഈ നിമിഷം നിന്നെ കൂടാതെ വേറെ ഒമ്പത് സ്‌ത്രീകളെങ്കിലും എന്റെ ജീവിതത്തിലുണ്ട്.''

സാര്‍ത്രിന് രതിയില്‍ താല്‍പര്യമുണ്ടായിരുന്നില്ല. സ്‌ത്രീകളുമായുള്ള പ്രണയബന്ധങ്ങള്‍ അദ്ദേഹത്തിന് ആശയവിനിമയത്തിനും ആത്മാവിഷ്‌ക്കാരത്തിനുമുള്ള ഒരു ഭാഷയായിരുന്നു.

നമ്മള്‍ മലയാളി ആണുങ്ങള്‍ക്ക് ഏതെങ്കിലും ഒരു പെണ്ണിനെ ആത്മാവിഷ്‌ക്കാരത്തിനുള്ള ഭാഷയായി കാണാന്‍ കഴിയുമോ? ദൂരെനിന്ന് ആരോ ചിരിക്കുന്നു. ചിരിയല്ല, ആദിത്യശങ്കറിന്റെ കവിതയാണത്:

*****

എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

“എഴുത്തുകാരും കലാകാരന്മാരും പുതിയ ഭാഷകള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും. അങ്ങനെ കണ്ടെത്തുന്ന ഭാഷകള്‍ എല്ലാംതന്നെ പുതിയതായിരിക്കണമെന്നില്ല. ചിലത് നമ്മുടെ ഇടയില്‍തന്നെ ഉള്ളതും നമുക്ക് പരിചയമുള്ളതും ആയിരിക്കും. അത് എഴുത്തുകാരുടെയും കലാകാരന്മാരുടെയും ഭാഷയാണെന്ന് നമുക്ക് അറിഞ്ഞുകൂടെന്നുമാത്രം.

പ്രണയം അങ്ങനെയുള്ള ഒരു ഭാഷയാണ്.”

ശ്രീ എം മുകുന്ദന്‍ എഴുതുന്നു....

savi said...

പുതിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സുഹൃബന്ധം ധാരാളമായുണ്ട് . അവര്‍ പരസ്പരം വസ്തുക്കള്‍ ആയി കാണുന്നുണ്ടാവില്ല എന്നു ഞാന്‍ കരുതുന്നു . അങ്ങനെ ആണെങ്കില്‍ പ്രതീക്ഷയുണ്ട് .