Sunday, July 11, 2010

കാര്‍ക്കറെയുടെ ജീവന്‍ കവര്‍ന്ന വെടിയുതിര്‍ത്തത് ആര് ?

ഭര്‍ത്താവിന്റെ ജീവന്‍ കവര്‍ന്നെടുത്തത് ആരാണെന്ന് അറിയുന്നതിന് കവിത കാര്‍ക്കറെ നടത്തുന്നത് ശരിയായ പോരാട്ടം തന്നെയാണ്. ഹേമന്ത് കാര്‍ക്കറെ മുംബൈ പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ചുമതലക്കാരനായിരുന്നു. മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനിടയില്‍ കൊല്ലപ്പെട്ട ധീരനായ പൊലീസ് ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ മരണത്തെസംബന്ധിച്ച് ചില ദുരൂഹതകള്‍ അന്നേ ഉണ്ടായിരുന്നു. കാര്‍ക്കറേ ബുള്ളറ്റ് പ്രൂഫ് ധരിക്കുന്നത് ടെലിവിഷന്‍ ചാനലിലൂടെ ലോകം കണ്ടതാണ്. എന്നാല്‍ മരണത്തിനുശേഷം അത് എവിടെ പോയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. കവിത അതിനുവേണ്ടി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അത് പൊലീസ് കണ്ടെത്തിയതായി അറിയിക്കുന്നത്. കണ്ടുകിട്ടിയ ബുള്ളറ്റ് പ്രൂഫ് കാലഹരണപ്പെട്ടതായിരുന്നു. സാധാരണ ബുള്ളറ്റ് പ്രൂഫ് കഴുത്തുമുതല്‍ അരക്കെട്ട് വരെ മൂടുന്നതാണ്. എന്നാല്‍, കാര്‍ക്കറെയുടെ ബുള്ളറ്റ് പ്രൂഫ് കുപ്പായം നെഞ്ചിനു മാത്രമേ പ്രതിരോധം തീര്‍ത്തിട്ടുള്ളു. എങ്ങനെയാണ് കാര്‍ക്കറെയെ പോലെ അതീവ ശ്രദ്ധാലുവായ ഉദ്യോഗസ്ഥന്‍ അങ്ങനെയൊന്ന് ധരിക്കുന്നത് ?

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കവിത സംഘടിപ്പിച്ചത് വിവരാവകാശ നിയമമനുസരിച്ചാണ്. ആ റിപ്പോര്‍ട്ട് പ്രകാരം കഴുത്തിനും ചുമലിനുമിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. മൊത്തം അഞ്ചു മുറിവുകളാണ് അദ്ദേഹത്തിന്റെ കഴുത്തിനു ചുറ്റുമുണ്ടായിരുന്നത്. ഇത്രയും കൃത്യമായി അവിടെയാണ് വെടിവെയ്‌ക്കേണ്ടതെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയുന്നത് ? അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്ന രണ്ടു വെടിയുണ്ടകള്‍ക്ക് എന്തു പറ്റിയെന്നറിയാനാണ് ഇപ്പോള്‍ കവിത ശ്രമിക്കുന്നത്. ഒരു പൊലീസ് റിപ്പോര്‍ട്ടിലും അതിനെക്കുറിച്ച് പറയുന്നില്ല. ആ വെടിയുണ്ടകള്‍ ലഭിച്ചാല്‍ ഏതു തോക്കാണ് ഉപയോഗിച്ചിരുന്നതെന്ന് അറിയാന്‍ കഴിയും. അതിനെ ആരാണ് ഭയക്കുന്നത് ? അസാധാരണമായ മനോധൈര്യത്തിലാണ് കവിത തന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. ഭര്‍ത്താവിന്റെ വേര്‍പാടിന്റെ അതിതീക്‌ഷ്‌ണമായ വേദനയിലും തന്റെ ചുമതല അവര്‍ തിരിച്ചറിയുന്നുണ്ട്. നരേന്ദ്രമോഡി പണക്കിഴിയുമായി വന്നപ്പോള്‍ മുഖത്തടിക്കുംപോലെ നിരസിച്ചപ്പോള്‍ രാജ്യം ആ നിശ്ചയദാര്‍ഢ്യം നേരില്‍ കണ്ടതാണ്.

കവിത കാര്‍ക്കറെ ആയിടക്ക് തിരുവന്തപുരത്ത് വന്നിരുന്നു. സ്വരലയയുടെ പരിപാടിയില്‍ പങ്കെടുത്ത അവരുടെ മുഖത്ത് വേദനയേക്കാളും നിറഞ്ഞുനിന്നത് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തായിരുന്നു. പിറ്റേന്ന് രാവിലെ മന്ത്രി എം എ ബേബിയുടെ വീട്ടില്‍വെച്ച് അവരെ കണ്ടിരുന്നു. തന്റെ ഭര്‍ത്താവിനോട് നീതി പുലര്‍ത്തുന്നതായിരിക്കും അദ്ദേഹം വിട്ടുപിരിഞ്ഞതിനുശേഷമുള്ള തന്റെയോരോ പ്രവര്‍ത്തനമെന്നും അവര്‍ പറഞ്ഞു. കവിതയെപ്പോലെ തന്നെ ധീരമായാണ് വിനീത കാംതെയും പ്രവര്‍ത്തിക്കുന്നത്. കാര്‍ക്കറേക്ക് ഒപ്പം കൊല്ലപ്പെട്ട എ സി പി അശോക് കാംതെയുടെ ഭാര്യയാണ് വിനീത. ആരാണ് തന്റെ ഭര്‍ത്താവിനെ ഗാമാ ആശുപത്രിയിലേക്ക് പോകാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥന്‍ എന്നതറിയാന്‍ വിനിത വിവരാവകാശനിയമത്തെ ആശ്രയിച്ചു. കൂടാതെ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ആക്രമണസമയത്ത് അവിടെയുണ്ടായിരുന്നവരുമായി ആശയവിനിമയവും നടത്തി. പൊലീസ് അന്വേഷണത്തില്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ടെന്ന് അതോടെ അവര്‍ക്ക് ഉറപ്പായി. കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന രാകേഷ് മരിയയാണ് സംഭവസ്ഥലത്തേക്ക് പോകുന്നതിന് നിര്‍ദേശം നല്‍കിയതെന്നാണ് വിനീത “അവസാന വെടിയുണ്ടയിലേക്ക് ” എന്ന തന്റെ പുസ്‌തകത്തില്‍ പറയുന്നത്. അതിനു തൊട്ടുമുമ്പ് മുംബൈ പൊലീസ് കമീഷണര്‍ കാംതെയോട് ഭീകരവാദികള്‍ കടുത്ത ആക്രമണം നടത്തിയ ട്രൈഡന്റ്ഹോട്ടലിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടിരുന്നത്. എങ്ങനെയാണ് പെട്ടെന്ന് നിര്‍ദേശം മാറിയതെന്നാണ് വിനീത അന്വേഷിക്കുന്നത്.

കാംതെയെ വെടിവെച്ചത് ഇസ്‌മയിലാണെന്നാണ് മുംബൈ കേസില്‍ വിധിപറഞ്ഞ കോടതി കണ്ടെത്തിയത്. എന്നാല്‍ കാര്‍ക്കറെയെ കൊന്നത് ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. മൂന്നു പ്രധാന ഉദ്യോഗസ്ഥന്‍മാര്‍ എന്തുകൊണ്ട് ഹോട്ടല്‍ ട്രൈഡന്റിലേക്കോ മറ്റോ പോകാതെ ഗാമാ ആശുപത്രിയിലേക്ക് പോയി ? ആരാണ് ആ നിര്‍ദേശം നല്‍കിയത് ? സാധാരണ നടപടിക്രമങ്ങളില്‍നിന്നും വ്യത്യസ്‌തമായി എങ്ങനെ മൂന്നു പ്രധാന ഉദ്യോഗസ്ഥന്‍മാര്‍ ഒരു വണ്ടിയില്‍ സഞ്ചരിച്ചു? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്. വളരെയടുത്തുനിന്നാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത് എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമില്ല. സംഭവത്തിലെ ഏക ദൃൿസാക്ഷി പൊലീസുകാരനായ അരുണ്‍ ജാദവാണ്. വെടിയേറ്റ് പരിക്കുപറ്റിയ ജാദവിനെ കോടതി രൂക്ഷമായി ശാസിച്ചു. പലതവണ തന്റെ മൊഴിയില്‍ അരുണ്‍ ജാദവ് മാറ്റം വരുത്തിയതിനെയാണ് കോടതി വിമര്‍ശിച്ചത്.

ഇത്രമാത്രം ദുരൂഹതകള്‍ ശക്തിപ്പെടാന്‍ കാരണം കൊല്ലപ്പെട്ടത് കാര്‍ക്കറെ ആയിരുന്നതുകൊണ്ടു കൂടിയാണ്. രാജ്യത്തു നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ഹിന്ദുത്വശക്തികള്‍ക്ക് പങ്കുണ്ടെന്ന് ആദ്യമായി ആധികാരികമായി കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കാര്‍ക്കറെയായിരുന്നു. മലേഗാവാണ് വഴിത്തിരിവായത്. ഹിന്ദുത്വശക്തികള്‍ക്ക് പട്ടാളത്തിലുള്ള ബന്ധവും അതോടെ പുറത്തുവന്നു. മലേഗാവിനു മുമ്പ് ഏതു സ്‌ഫോടനം നടന്നാലും അതിന്റെ ഉത്തരവാദിത്തം മുസ്ളിം സംഘടനകളുടെ പേരില്‍ ചുമത്തുകയായിരന്നു പതിവ്. എല്ലാ മുസ്ളിമും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിമാണെന്ന സാമ്രാജ്യത്വവാദത്തിന്റെ സംഘപരിവാര പ്രചാരണം അതോടെ തകര്‍ന്നു. ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ സംഘടനയെയോ ലക്ഷ്യമാക്കിയല്ല താന്‍ കേസ് അന്വേഷിക്കുന്നതെന്ന് കാര്‍ക്കറെ വ്യക്തമാക്കിയിരുന്നു. സംഭവങ്ങളെയും വ്യക്തികളെയും പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം ഒടുവില്‍ യഥാര്‍ഥ പ്രതികളെ പിടികുടുന്നതിനു സഹായിച്ചു.

മുംബൈ ഭീകരാക്രണത്തില്‍ അജ്‌മല്‍ കസബിന് വധശിക്ഷ വിധിച്ചതിനെ രാജ്യമാകെ പിന്തുണച്ചു. ഇസ്ളാമിന്റെ പേരില്‍ നടക്കുന്ന ഭീകരവാദത്തിന്റെ നടുക്കുന്ന മുഖത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതിനു പുറകില്‍ പാകിസ്ഥാന്റെ താല്‍പര്യങ്ങളുമുണ്ട്. എന്നാല്‍ പുര കത്തുമ്പോള്‍ ആരെങ്കിലും വാഴ വെട്ടിയോ എന്ന ചോദ്യം വീണ്ടും ഉയരുന്നു. എന്തുകൊണ്ട് ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടുകൊടുത്തില്ല എന്ന ചോദ്യത്തിനും തൃപ്‌തികരമായ ഉത്തരം ലഭിച്ചിട്ടില്ല. കാര്‍ക്കറെയുടെയും മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെയും മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്തം രണ്ടു സ്‌ത്രീകള്‍ക്കുമാത്രമായി വിട്ടുകൊടുക്കാനാവില്ല. അങ്ങനെ ചെയ്‌താല്‍ അത് രാജ്യത്തിനുവേണ്ടി, ജനതയുടെ ജീവന്‍ രക്ഷിക്കാന്‍ പൊരുതി ജീവന്‍ നല്‍കിയ സമര്‍പ്പിതമനസ്‌ക്കരായ പൊലീസ് ഉദ്യോസ്ഥരുടെ ഓര്‍മയോട് കാണിക്കുന്ന അനീതിയാണത്. ആരാണ് കാര്‍ക്കറെയെയും വിജയ് സാല്‍സാക്കറെയെയും എസിപി അശോക് കാംതെയെയും കൊന്നത് എന്ന ചോദ്യം രാജ്യത്തെ പല മാധ്യമങ്ങളും വീണ്ടും ഉയര്‍ത്തുന്നുണ്ട്. ഉത്തരമറിയാന്‍ നാടിനും താല്‍പര്യമുണ്ട്.

*****

പി രാജീവ്, കടപ്പാട് :ദേശാഭിമാനി വാരിക

അധിക വായന‌ക്ക് :

അജ്‌മീര്‍ സ്‌ഫോടനം: പ്രതികളെ ആര്‍എസ്എസ് സംരക്ഷിച്ചു

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭര്‍ത്താവിന്റെ ജീവന്‍ കവര്‍ന്നെടുത്തത് ആരാണെന്ന് അറിയുന്നതിന് കവിത കാര്‍ക്കറെ നടത്തുന്നത് ശരിയായ പോരാട്ടം തന്നെയാണ്. ഹേമന്ത് കാര്‍ക്കറെ മുംബൈ പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ചുമതലക്കാരനായിരുന്നു. മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനിടയില്‍ കൊല്ലപ്പെട്ട ധീരനായ പൊലീസ് ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ മരണത്തെസംബന്ധിച്ച് ചില ദുരൂഹതകള്‍ അന്നേ ഉണ്ടായിരുന്നു. കാര്‍ക്കറേ ബുള്ളറ്റ് പ്രൂഫ് ധരിക്കുന്നത് ടെലിവിഷന്‍ ചാനലിലൂടെ ലോകം കണ്ടതാണ്. എന്നാല്‍ മരണത്തിനുശേഷം അത് എവിടെ പോയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. കവിത അതിനുവേണ്ടി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അത് പൊലീസ് കണ്ടെത്തിയതായി അറിയിക്കുന്നത്. കണ്ടുകിട്ടിയ ബുള്ളറ്റ് പ്രൂഫ് കാലഹരണപ്പെട്ടതായിരുന്നു. സാധാരണ ബുള്ളറ്റ് പ്രൂഫ് കഴുത്തുമുതല്‍ അരക്കെട്ട് വരെ മൂടുന്നതാണ്. എന്നാല്‍, കാര്‍ക്കറെയുടെ ബുള്ളറ്റ് പ്രൂഫ് കുപ്പായം നെഞ്ചിനു മാത്രമേ പ്രതിരോധം തീര്‍ത്തിട്ടുള്ളു. എങ്ങനെയാണ് കാര്‍ക്കറെയെ പോലെ അതീവ ശ്രദ്ധാലുവായ ഉദ്യോഗസ്ഥന്‍ അങ്ങനെയൊന്ന് ധരിക്കുന്നത് ?

Anonymous said...

എസ് എം മുശ്രിഫ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എഴുതിയ കര്‍ക്കരെയെ കൊന്നതാര്? (തേജസ് പബ്ലിക്കേഷന്‍സ്-2010ഫെബ്രുവരി)എന്ന പുസ്തകം ഇക്കാര്യത്തില്‍ കൂടുതല്‍ വെളിച്ചം നല്‍കുന്നുണ്ട്.

Unknown said...

സിബിഐയും ആര്‍ എസ് എസ്സായി!!!! ആര്‍ എസ് എസ്സിന് ഒരു പങ്കുമില്ലെന്ന് കിബിഐ!! ചോദ്യം ചെയ്തിട്ടു പോലുമില്ലെന്ന്!!

http://timesofindia.indiatimes.com/india/No-RSS-functionary-questioned-in-Mecca-Masjid-and-Ajmer-blasts-CBI/articleshow/6163758.cms