Tuesday, May 1, 2012

സുന്ദരയ്യ: ഇരുപതാംനൂറ്റാണ്ടിന്റെ വിപ്ലവജ്യോതിസ്സ്

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിലമതിക്കാനാകാത്ത സംഭാവന നല്‍കിയ ധീരനായ വിപ്ലവകാരി സഖാവ് പി സുന്ദരയ്യയുടെ ജന്മശതാബ്ദി, 2012 മെയ് ഒന്നുമുതല്‍ ഒരു വര്‍ഷക്കാലം ആചരിക്കുന്നതിന് കോഴിക്കോട്ട് ചേര്‍ന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് പ്രത്യേക പ്രമേയത്തിലൂടെ ആഹ്വാനംചെയ്യുകയുണ്ടായി. 1913 മെയ് ഒന്നിന് ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയില്‍ അലഗനിപാഡ് ഗ്രാമത്തില്‍ സമ്പന്ന ഭൂവുടമയായ പുച്ചലപ്പല്ലി വെങ്കിട്ടരാമ റെഡ്ഡിയുടെയും ശേഷമ്മയുടെയും ഏഴുമക്കളില്‍ ആറാമനായി വെങ്കട സുന്ദരരാമറെഡ്ഡി എന്ന സുന്ദരയ്യ ജനിച്ചു. മഹാത്മാഗാന്ധി ആഹ്വാനംചെയ്ത നിസ്സഹകരണപ്രസ്ഥാനത്തില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ പങ്കെടുക്കുകയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യപോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.

ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി പോരാടിയ കര്‍മധീരനായ വിപ്ലവകാരിയെയാണ് സുന്ദരയ്യയില്‍ ദര്‍ശിക്കുന്നത്. സാമൂഹ്യമാറ്റത്തിനുവേണ്ടി കര്‍ഷകരെയും പട്ടിണിപ്പാവങ്ങളെയും സംഘടിപ്പിച്ച് അവരോടൊപ്പം നിന്ന് ഭരണവര്‍ഗങ്ങള്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയ സുന്ദരയ്യയുടെ സമരമാതൃക എക്കാലത്തും സ്മരിക്കപ്പെടും. പിന്‍വിളികളില്‍ കാലിടറാതെ നെഞ്ചുവിരിച്ച് തലയുയര്‍ത്തിപ്പിടിച്ച് നടന്നുപോയ ആ ധീരസഖാവിന്റെ സ്മരണയ്ക്കുമുമ്പില്‍ ഇടമുറിയാതെ വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിക്കേണ്ട കാലമാണ് ജന്മശതാബ്ദിവര്‍ഷം. നൈസാമിന്റെ പട്ടാളശക്തിയെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും വെല്ലുവിളിച്ച് കമ്യൂണിസ്റ്റ് പടയാളികളെ പോരിനായി ഒരുക്കി,നേര്‍ക്കുനേര്‍ പടവെട്ടിയ സമരനേതാവിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ തലമുറകളെ എന്നും ആവേശംകൊള്ളിക്കും. വിപ്ലവകാരിക്കുവേണ്ട നിശ്ചയദാര്‍ഢ്യം, പ്രത്യയശാസ്ത്ര അവബോധം, ആകര്‍ഷകമായ സ്വഭാവനൈര്‍മല്യം, ലളിതജീവിതം, മാതൃകാപരമായ പാര്‍ടി അച്ചടക്കം, ആരെയും അമ്പരപ്പിക്കുന്ന ധീരത ഇവയെല്ലാം ചേര്‍ന്നതാണ് സുന്ദരയ്യയുടെ വ്യക്തിത്വം. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം 1929ല്‍ പ്രശസ്തമായ മദ്രാസ് ലയോള കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. അവിടെവച്ച് യൂത്ത്ലീഗ് നേതാവായിരുന്ന എച്ച്് ഡി രാജയുമായി പരിചയപ്പെടുകയും മാര്‍ക്സിസ്റ്റ് ക്ലാസിക്കുകള്‍ വായിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു. രാജ്യവ്യാപകമായി അലയടിച്ചുയര്‍ന്ന സ്വാതന്ത്ര്യസമരത്തിന്റെ കാഹളധ്വനി സുന്ദരയ്യയില്‍ വലിയ സ്വാധീനം ചെലുത്തി. അക്കാലത്ത് ഗാന്ധിത്തൊപ്പി ധരിച്ച് കോളേജില്‍ വന്ന ഒരു വിദ്യാര്‍ഥിയെ പുരോഹിതരായ കോളേജ് അധികാരികള്‍ ക്ലാസില്‍നിന്ന് പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ച് പിറ്റേദിവസം സുന്ദരയ്യയുടെ നേതൃത്വത്തില്‍ ഗാന്ധിത്തൊപ്പി ധരിച്ച് അഞ്ഞൂറില്‍പ്പരം വിദ്യാര്‍ഥികള്‍ കോളേജ് ഗ്രൗണ്ടില്‍ അണിനിരന്നു. ഇതുകണ്ട് പരിഭ്രാന്തനായ പ്രിന്‍സിപ്പല്‍ ഫാദര്‍ ബെട്രാന്‍ നിരോധനം ഏര്‍പ്പെടുത്തിയ വൈദികരെ ശാസിക്കുകയും ഗാന്ധിത്തൊപ്പി ധരിക്കുന്നത് നിഷിദ്ധമല്ലെന്ന ഉത്തരവിടുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സുന്ദരയ്യയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കോളേജിനകത്തും പുറത്തും ബ്രിട്ടീഷ് ഭരണത്തിനെതിരെ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുക പതിവായിരുന്നു. കോളേജിലെ പഠനം സ്വാതന്ത്ര്യസമരപ്രക്ഷോഭത്തിന് തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞ സുന്ദരയ്യ, പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുകയും പ്രക്ഷോഭങ്ങളില്‍ പൂര്‍ണമായി മുഴുകുകയും ചെയ്തു. പിന്നീട് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും കോളേജില്‍ ചേരാന്‍ തീരുമാനിച്ചു. അതനുസരിച്ച് അനുജന്‍ രാമചന്ദ്രറെഡ്ഡി പഠിച്ചിരുന്ന ബംഗളൂരുവിലെ സെന്റ് ജോസഫ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് രണ്ടാംവര്‍ഷ പ്രവേശനം നേടി. അന്ന് ബംഗളൂരുവില്‍ ജില്ലാ ജഡ്ജിയായിരുന്ന അളിയന്‍ വീരസ്വാമി റെഡ്ഡിയുടെ കൂടെയായിരുന്നുതാമസിച്ചിരുന്നത്. ഒരിക്കല്‍ കംബംപാട്ടി സത്യനാരായണയില്‍നിന്ന് സുന്ദരയ്യക്ക് ലഭിച്ച സന്ദേശത്തെതുടര്‍ന്ന് ബംഗളൂരുവിലെ കബ്ബന്‍പാര്‍ക്കില്‍വച്ച് കമ്യൂണിസ്റ്റ് നേതാവായ അമീര്‍ ഹൈദര്‍ഖാനെ കണ്ടുമുട്ടി. പൂര്‍ണസമയ പ്രവര്‍ത്തകനാകാന്‍ അമീര്‍ ഹൈദര്‍ഖാന്‍ സുന്ദരയ്യയോട് ആവശ്യപ്പെട്ടു. ഈ കാലയളവില്‍ കമ്യൂണിസ്റ്റ് സാഹിത്യങ്ങളും വിജ്ഞാനപ്രദങ്ങളായ മറ്റു പുസ്തകങ്ങളും വായിക്കാന്‍ കഴിഞ്ഞു. ബംഗളൂരുവിലും കോളേജ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സഹോദരീപുത്രിയുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി സ്യാലനായ ജില്ലാ ജഡ്ജി, വീട് ബ്രിട്ടീഷ് പതാകകൊണ്ട് അലങ്കരിച്ചതില്‍ പ്രതിഷേധിച്ച് സഹോദരിയുടെ വീട്ടിലെ താമസം മതിയാക്കി സുന്ദരയ്യ നാട്ടിലേക്ക് തിരിച്ചുപോന്നു. 1932ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1934ല്‍ ആന്ധ്ര കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കുന്നതില്‍ മുന്‍കൈയെടുത്തു. തെക്കെ ഇന്ത്യയില്‍ പാര്‍ടി കെട്ടിപ്പടുക്കാനുള്ള ചുമതല അമീര്‍ ഹൈദര്‍ഖാന്‍ സുന്ദരയ്യയെയാണ് ഏല്‍പ്പിച്ചത്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നിരവധി പ്രാവശ്യം ജയിലിലടയ്ക്കപ്പെട്ടു. നീണ്ടവര്‍ഷം ഒളിവിലിരുന്ന് പ്രസ്ഥാനത്തെ നയിച്ചു.1943ല്‍ ബോംബെയില്‍ കൂടിയ സിപിഐയുടെ ഒന്നാം കോണ്‍ഗ്രസില്‍ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആ വര്‍ഷംതന്നെ പാര്‍ടി സഖാവായ ലിലയെ വിവാഹംചെയ്തു. 1946ല്‍ ആരംഭിച്ച ഇതിഹാസ സമാനമായ തെലങ്കാന സായുധസമരത്തിന്റെ നേതാവായിരുന്നു സുന്ദരയ്യ. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉജ്വല ഏടാണ് തെലങ്കാന കര്‍ഷകസമരം.

തെലങ്കാന സായുധസമരത്തില്‍ തൊഴിലാളിവര്‍ഗത്തിന് നേരിട്ട് പങ്കില്ലായിരുന്നെങ്കിലും തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാകെ ഉയര്‍ന്നുവന്ന ബഹുജന വിപ്ലവപ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായിരുന്നു തെലങ്കാനസമരം. മുപ്പതുലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന മൂവായിരം ഗ്രാമങ്ങളില്‍ ഗ്രാമസ്വരാജ് സ്ഥാപിച്ചു. പത്തുലക്ഷം ഏക്കര്‍ ഭൂമി കൃഷിക്കാര്‍ക്ക് വിതരണംചെയ്തു. കര്‍ഷകത്തൊഴിലാളിക്ക് മിനിമംകൂലി കൂട്ടി. സാമൂഹ്യമര്‍ദനങ്ങളില്‍നിന്ന് അവരെ മോചിപ്പിച്ചു. നാലായിരത്തിലധികം കര്‍ഷക വളന്റിയര്‍മാരെ സര്‍ക്കാര്‍ കൊന്നൊടുക്കി. പതിനായിരത്തിലധികംപേര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പൊലീസ് ക്യാമ്പിലും പട്ടാളക്യാമ്പുകളിലും മര്‍ദനമേറ്റ് ജീവച്ഛവങ്ങളായവര്‍ അമ്പതിനായിരത്തില്‍പ്പരം. ആന്ധ്രയില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത സുന്ദരയ്യയെ രാജ്യസഭാ ലീഡറായും എ കെ ജിയെ ലോക്സഭാ ലീഡറായും തെരഞ്ഞെടുത്തിരുന്നു. ഇതുകൂടാതെ ഇരുസഭകളിലുമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ലീഡറായും സുന്ദരയ്യയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ വലതുപക്ഷ റിവിഷനിസ്റ്റ് വ്യതിയാനങ്ങള്‍ക്കെതിരായും ഇടതുപക്ഷ തീവ്രവാദത്തിനെതിരായും ആശയസമരത്തിലേര്‍പ്പെട്ട് ശരിയായ കമ്യൂണിസ്റ്റ് പാതയില്‍ സഖാക്കളെ അണിനിരത്തിയ സുന്ദരയ്യ, 1985 മെയ് 19ന് അന്തരിച്ചു.

*
കെ ജെ തോമസ് ദേശാഭിമാനി 01 മെയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിലമതിക്കാനാകാത്ത സംഭാവന നല്‍കിയ ധീരനായ വിപ്ലവകാരി സഖാവ് പി സുന്ദരയ്യയുടെ ജന്മശതാബ്ദി, 2012 മെയ് ഒന്നുമുതല്‍ ഒരു വര്‍ഷക്കാലം ആചരിക്കുന്നതിന് കോഴിക്കോട്ട് ചേര്‍ന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് പ്രത്യേക പ്രമേയത്തിലൂടെ ആഹ്വാനംചെയ്യുകയുണ്ടായി. 1913 മെയ് ഒന്നിന് ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയില്‍ അലഗനിപാഡ് ഗ്രാമത്തില്‍ സമ്പന്ന ഭൂവുടമയായ പുച്ചലപ്പല്ലി വെങ്കിട്ടരാമ റെഡ്ഡിയുടെയും ശേഷമ്മയുടെയും ഏഴുമക്കളില്‍ ആറാമനായി വെങ്കട സുന്ദരരാമറെഡ്ഡി എന്ന സുന്ദരയ്യ ജനിച്ചു. മഹാത്മാഗാന്ധി ആഹ്വാനംചെയ്ത നിസ്സഹകരണപ്രസ്ഥാനത്തില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ പങ്കെടുക്കുകയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യപോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.