Saturday, April 6, 2013

കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണനം

ബാബറിമസ്ജിദ് തകര്‍ത്തതുസംബന്ധിച്ച കേസില്‍ അപ്പീല്‍ നല്‍കാന്‍ എന്തുകൊണ്ട് കാലതാമസംവരുത്തി എന്ന സുപ്രീംകോടതിയുടെ ചോദ്യം, വോട്ടിനുവേണ്ടി വര്‍ഗീയതയോട് വിട്ടുവീഴ്ചചെയ്യുന്ന യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും മതനിരപേക്ഷതാ നാട്യത്തെ വലിയ ഒരളവില്‍ പൊളിച്ചുകാട്ടുന്നുണ്ട്.

സുപ്രീംകോടതിയുടെ ചോദ്യത്തിനുള്ള യഥാര്‍ഥ ഉത്തരം ഇതാണ്: മൃദുഹിന്ദുത്വസമീപനത്തിലൂടെ ഹിന്ദുവര്‍ഗീയവോട്ടുകള്‍ സമാഹരിക്കാന്‍ യുപിഎ സര്‍ക്കാരും കോണ്‍ഗ്രസും നടത്തിപ്പോരുന്ന വിട്ടുവീഴ്ചകളുടെ പരമ്പരയിലെ പുതിയ കണ്ണിയാണ് അപ്പീല്‍ കൊടുക്കുന്നതില്‍ വരുത്തിയ മനഃപൂര്‍വമായ കാലതാമസം.

ഈ കേസ് നിയമത്തിന്റെ വഴിയേ നിര്‍ബാധം പോകുന്ന നിലയുണ്ടാക്കിയാല്‍ ഹിന്ദുത്വവോട്ടുകള്‍ തങ്ങള്‍ക്ക് എതിരായിപ്പോകുമോ എന്ന് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നു. അതുകൊണ്ടുതന്നെ ബാബറിമസ്ജിദ് തകര്‍ത്തവര്‍ ശിക്ഷിക്കപ്പെടാതെ നോക്കാനുള്ള രാഷ്ട്രീയകരുനീക്കങ്ങള്‍ കേസ് നടപടികളുടെ അണിയറയില്‍ കോണ്‍ഗ്രസ് നടത്തുന്നു. ഹിന്ദുവോട്ടുകള്‍ക്കുവേണ്ടി ബിജെപിയോട് വര്‍ഗീയതയുടെതന്നെ കളത്തില്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസ്. ബാബറിമസ്ജിദ് തകര്‍ത്തതുസംബന്ധിച്ച കേസില്‍ ഉത്തരവാദിത്തമുള്ള സീനിയര്‍ ഓഫീസര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആ സത്യവാങ്മൂലത്തില്‍ സിബിഐ അപ്പീല്‍ കൊടുക്കുന്നതില്‍ വരുത്തിയ കാലതാമസത്തിന്റെ കാരണം വിശദീകരിക്കണമെന്നുമാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യന്‍ മതനിരപേക്ഷതക്കേറ്റ ആഘാതമാണ് ബാബറിമസ്ജിദ് തകര്‍ത്ത സംഭവമെങ്കില്‍, അതിനേറ്റ അപമാനമാണ് ആ കേസ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നിടത്തേക്ക് എത്തുന്നത് തടയാന്‍ പാകത്തില്‍ യുപിഎ സര്‍ക്കാര്‍ അപ്പീലില്‍ കാലതാമസം വരുത്തിയെന്നത്. വര്‍ഗീയശക്തികളെ പ്രീണിപ്പിക്കാനുള്ള ഒത്തുകളിയാണിത്.

അപ്പീല്‍ സമര്‍പ്പിക്കുന്നതില്‍ ചെറിയ കാലതാമസമൊന്നുമല്ല വരുത്തിയത്. 167 ദിവസത്തെ കാലതാമസം. അപ്പീല്‍ സുപ്രീംകോടതി തള്ളാന്‍ ഇത് മതിയായ കാരണമാണ്. കോടതി അത് തള്ളിക്കോട്ടെ എന്ന മനോഭാവം സര്‍ക്കാരിനില്ലായിരുന്നുവെങ്കില്‍ സിബിഐ ഈ കാലതാമസം വരുത്തില്ലായിരുന്നു. 167 ദിവസത്തെ കാലതാമസം വരുത്തിയവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ കാരണം ബോധിപ്പിക്കേണ്ടിവന്നിരിക്കുകയാണിപ്പോള്‍ കോടതി ഇടപെടലിന്റെ ഫലമായി. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ജോഷി എന്നിവരടക്കം 18 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ സ്പെഷ്യല്‍ കോടതി നടപടിയെ ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായി സുപ്രീംകോടതിയെ അപ്പീലുമായി സമീപിക്കുന്നതിലാണ് സിബിഐ കാലതാമസം വരുത്തിയത്.

എല്‍ കെ അദ്വാനിയും ജോഷിയും ഉമാഭാരതിയുമൊക്കെ നോക്കിനില്‍ക്കെയാണ് ബാബറിമസ്ജിദ് സംഘപരിവാര്‍ശക്തികള്‍ പൊളിച്ചടുക്കിയത്. ഈ നേതാക്കളാണതിന് കാര്‍മികത്വംവഹിച്ചത്. അപ്പീല്‍ കൊടുക്കുന്നതിലെ കാലതാമസം ഈ സംഘപരിവാര്‍- ബിജെപി നേതാക്കളെ രക്ഷപ്പെടുത്തുന്നതിനുള്ളതായിരുന്നു എന്നത് പകല്‍പോലെ വ്യക്തം. കാലതാമസത്തിന് സര്‍ക്കാര്‍ കാണിച്ച കാരണങ്ങള്‍ ബാലിശമാണ്. അപ്പീല്‍ എഴുതിയുണ്ടാക്കേണ്ട അഭിഭാഷകന് അസുഖമായിരുന്നു. അദ്ദേഹം 2ജി സ്പെക്ട്രം കേസിന്റെ തിരക്കിലായിരുന്നു. നിരവധി പേജുകള്‍ ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തേണ്ടതുണ്ടായിരുന്നുവെന്നൊക്കെയാണ് പറയുന്നത്.

സിബിഐക്ക് സമയബന്ധിതമായി ഇതൊന്നും ചെയ്യാന്‍ സംവിധാനമില്ലേ? ആകെ ഒരു അഭിഭാഷകന്‍ മാത്രമേയുള്ളോ സിബിഐക്ക്? നിലനില്‍ക്കാത്ത വാദങ്ങളുമായി കോടതിയില്‍ചെന്ന് കാലപരിധിക്കുശേഷം അപ്പീല്‍ കൊടുക്കുക. അത് കോടതിയെക്കൊണ്ട് തള്ളിക്കുക. അങ്ങനെ മൃദുഹിന്ദുത്വനിലപാടിലൂടെ വര്‍ഗീയവോട്ടുകള്‍ സമാഹരിക്കുക. മതനിരപേക്ഷതാവിരുദ്ധമായ ഈ ഗൂഢതന്ത്രമാണ് അരങ്ങേറുന്നത് എന്നത് വ്യക്തം. കോടതിക്ക് ക്ഷമിക്കാനരുതാത്തവിധത്തിലുള്ള കാലതാമസമാണ് അപ്പീല്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍ സിബിഐ വരുത്തിയിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ അപ്പീല്‍ തള്ളിക്കളയണമെന്നുമാണ് ഇപ്പോള്‍ എല്‍ കെ അദ്വാനിയുടെയും ജോഷിയുടെയും അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ വാദിക്കുന്നത്. ഈ വാദത്തിന് ഇടമുണ്ടാക്കിക്കൊടുക്കുക എന്ന ദൗത്യമാണ് സിബിഐ നിര്‍വഹിച്ചത്. ഇത്രമേല്‍ ഗുരുതരമായ ഒരു കേസില്‍ സിബിഐ സ്വന്തംനിലയ്ക്ക് ഇങ്ങനെയൊരു വീഴ്ച വരുത്താന്‍ ധൈര്യപ്പെടില്ല എന്നത് വ്യക്തം. യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുപ്രകാരമുള്ളതാണ് ഈ തന്ത്രം എന്നത് സംശയരഹിതമായ വസ്തുതയാണ്.

2010 മെയ് 20നാണ് സ്പെഷ്യല്‍ കോടതി ഉത്തരവ് ശരിവയ്ക്കുന്ന അലഹബാദ് ഹൈക്കോടതി വിധി വന്നത്. അതുകഴിഞ്ഞ് ഏതാണ്ട് 11 മാസമായി. ഇതിനിടെ ഈ കേസില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന് സിബിഐയുടെ ചുമതലയുള്ളവര്‍ ശ്രദ്ധിച്ചില്ല എന്നത് വിചിത്രമാണ്. അപ്പീല്‍ സമയപരിധികഴിയാന്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ കൊടുക്കാന്‍ നിയമപരമായി ബാധ്യസ്ഥമായിരുന്നു സിബിഐ. അതായത്, മൂന്നുമാസം. ആ മൂന്നുമാസത്തിനുശേഷം പിന്നീട് ഒരു ആറുമാസംകൂടി കഴിഞ്ഞ ഘട്ടത്തില്‍ മാത്രമാണ് അപ്പീലുമായി കോടതിയിലെത്തിയത്. പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുന്ന കള്ളക്കളിയല്ലാതെ മറ്റെന്താണിത്? പൊതുതെരഞ്ഞെടുപ്പ് ഏതുദിവസവും വരാം എന്ന അവസ്ഥയുണ്ടായിരിക്കെ ഹിന്ദുവര്‍ഗീയവോട്ടര്‍മാര്‍ക്ക് അസ്വീകാര്യമാകുന്ന നടപടിയുണ്ടാകരുത് എന്ന കോണ്‍ഗ്രസിന്റെ നിലപാടാണ് വൈകി അപ്പീല്‍കൊടുത്ത് കേസ് തള്ളിപ്പോകുന്ന സ്ഥിതിയുണ്ടാക്കുന്നതിനു പിന്നിലുള്ളത്. മതനിരപേക്ഷതയ്ക്ക് അപകടകരമാണ് സ്വാര്‍ഥ രാഷ്ട്രീയലാഭത്തിലധിഷ്ഠിതമായ ഇത്തരം നടപടികളെന്ന് വ്യക്തമാക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം 04 ഏപ്രില്‍ 2013

No comments: