Tuesday, December 17, 2013

അരാഷ്ട്രീയതയുടെ പെരുമ്പറ മുഴക്കലും അഞ്ചുലക്ഷത്തിന്റെ സമ്മാന പദ്ധതിയും

നമ്മുടെ മാധ്യമങ്ങള്‍ക്കും വിരലിലെണ്ണാവുന്ന പേരുകേട്ട മലയാളി വ്യക്തികള്‍ക്കും ഇതെന്തുപറ്റി എന്ന് ആശ്ചര്യത്തോടെ, മൂക്കത്തു വിരല്‍വെച്ച് ചോദിക്കുന്നവര്‍ ധാരാളമുണ്ടാവും. ഇല്ലെങ്കില്‍ ഉണ്ടാവണം. അരാഷ്ട്രീയവല്‍ക്കരണത്തിന്റെ വിഷവിത്തുകള്‍ വാരിവിതറുവാന്‍ ദൃശ്യമാധ്യമങ്ങള്‍ ഒരു മണിക്കൂര്‍ നീളുന്ന ന്യൂസ് ഔര്‍, ന്യൂസ് നൈറ്റ്, എഡിറ്റേഴ്‌സ് ഔര്‍ പംക്തികള്‍ വിനിയോഗിക്കുമ്പോള്‍ അച്ചടി മാധ്യമങ്ങള്‍ മുഖപ്രസംഗങ്ങളും മുഖലേഖനങ്ങളും എഡിറ്റ് പേജില്‍ പ്രമുഖരുടെ അനുകൂല അഭിപ്രായ പ്രകടനങ്ങളും തട്ടിമൂളിച്ച് ദൃശ്യമാധ്യമങ്ങളോട് മത്സരിക്കുന്നു. പ്രക്ഷോഭങ്ങളും പ്രതികരണങ്ങളും ജനകീയ പ്രതിരോധങ്ങളും പാടില്ലെന്നും അവ കടുത്ത പാപമാണെന്നും ഒരേ സ്വരത്തില്‍ ശഠിക്കുന്നു. അരാഷ്ട്രീയവല്‍ക്കരണം അരാജകത്വത്തിലേയ്ക്കും സ്വേച്ഛാപ്രവണതകളിലേയ്ക്കും നയിക്കുമെന്ന അനുഭവപാഠങ്ങള്‍ അവര്‍ മറന്നുപോവുകയാണോ? അരാഷ്ട്രീയവല്‍ക്കരണം വ്യക്തിയുടെയും സമൂഹത്തിന്റെ തന്നെയും എല്ലാ അവകാശങ്ങളെയും ധ്വംസിക്കുമെന്ന യാഥാര്‍ഥ്യം ഈ കുഴലൂത്തുകാര്‍ തമസ്‌ക്കരിക്കുന്നതെന്തിന്?

മൂന്ന് വാഴപ്പിണ്ടി ഏതോ അജ്ഞാതര്‍ ദിവസങ്ങള്‍ക്കുമുമ്പ് വെട്ടിമാറ്റിയത് മാധ്യമങ്ങളില്‍ പരമപ്രധാന ചര്‍ച്ചാവിഷയമാകുന്നു. ഒരു മണിക്കൂറിലേറെ നീളുന്ന 'വാഴപ്പിണ്ടി' സംവാദങ്ങള്‍, തുടര്‍ച്ചയായി വരുന്ന ബുള്ളറ്റിനുകളില്‍ ഒരു തള്ളവാഴയുടെയും രണ്ടു തൈവാഴകളുടെയും ദൃശ്യവിരുന്നുകള്‍..... ഇതൊക്കെ നമ്മുടെ മാധ്യമങ്ങള്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മൗലിക പ്രശ്‌നങ്ങളില്‍ നിന്ന് ബഹുദൂരം പിന്നോട്ടോടിക്കഴിഞ്ഞതിന്റെ സാക്ഷ്യങ്ങളാണ്.

സോളാറിന്റെ പേരില്‍ നടന്ന കൊടിയ തട്ടിപ്പ്, അതില്‍ നിന്ന് മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കും രക്ഷതേടുന്നതിനായുള്ള ജുഗുപ്‌സാവഹമായ പ്രവര്‍ത്തനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ തട്ടിപ്പിന്റെ പ്രഭവകേന്ദ്രമായത്, മുഖ്യമന്ത്രിയുടെ നിഴലായി നടന്നവര്‍ സോളാര്‍ തട്ടിപ്പിന്റെയും ഭൂമിതട്ടിപ്പിന്റെയും ആശാന്മാരായത്, 21 പേജുള്ള മൊഴി ഒന്നരപേജായി ചുരുങ്ങുന്നത്, കൊലപ്പുള്ളിയും മുഖ്യമന്ത്രിയുമായി സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടത്തിയ കൂടിക്കാഴ്ച, അതിലെ സംശയകരമായ രഹസ്യാത്മകത, ദില്ലിയിലെ മുഖ്യമന്ത്രിയുടെ അനധികൃത ദല്ലാള്‍ കുരുവിളയെ ചോദ്യം ചെയ്യാതിരിക്കല്‍, ഭൂമിതട്ടിപ്പും തട്ടിക്കൊണ്ടുപോകലും നടത്തിയ ഗണ്‍മാനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ തന്നെ ഹൈക്കോടതിയില്‍ ഹാജരാകല്‍...... ഇതൊക്കെയും അരാഷ്ട്രീയതയില്‍ അഭയം കണ്ടെത്തിയ മാധ്യമങ്ങള്‍ മറന്നുപോയിരിക്കുന്നു, അല്ല മനഃപൂര്‍വം മറന്നതായി ഭാവിക്കുന്നു. എന്തുനാണക്കേടു സഹിച്ചും മുഖ്യമന്ത്രിയായി തുടരുമെന്ന് പ്രഖ്യാപിക്കുന്ന ചര്‍മ്മബലം പ്രകടമാക്കുന്ന ഉമ്മന്‍ചാണ്ടിയുടെ 'ജനസമ്പര്‍ക്ക' പൊറാട്ടു നാടകത്തിന്റെ ബലിയാടായി ജന്മനാ അംഗവൈകല്യം വന്നുപോയ രണ്ടുകുട്ടികളുടെ പിതാവ് ആത്മഹത്യ ചെയ്ത ദിവസമാണ് വാഴവെട്ടിനെ കുറിച്ച് വാചാലമാകുന്നതും തകര്‍പ്പന്‍ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതും. ഗുണ്ടാ ആക്രമണത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സെക്രട്ടേറിയറ്റിനു തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ വേദന കൊണ്ടുപുളയുമ്പോള്‍, പരാതി നല്‍കാനെത്തിയ പിതാവിനെ 48 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ദിയാക്കിവയ്ക്കുമ്പോള്‍ അത് അറിയാതിരിക്കുന്നവര്‍ കൈനറ്റിക് ഹോണ്ടയിലെ ഉത്തരാധുനിക 'ഉണ്ണിയാര്‍ച്ച'യുടെ പ്രത്യേക അഭിമുഖങ്ങള്‍ക്കായി പായുന്നതിലെ വൈചിത്ര്യം എത്ര ഭയാനകമാണ്?

ഏതൊരാള്‍ക്കും അഭിപ്രായ പ്രകടനത്തിനും പ്രതിഷേധിക്കുവാനും അവകാശമുണ്ട്. സന്ധ്യയ്ക്കുള്ളതുപോലെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കും അതുണ്ട്. സഞ്ചാരസ്വാതന്ത്ര്യം പൗരന്റെ അവകാശവും തന്നെ. പക്ഷേ സന്ധ്യയുടെ ഒറ്റയാള്‍ പ്രകടനത്തില്‍ നാടകീയതയും ദുരൂഹതയും മുഴച്ചുനില്‍ക്കുന്നുണ്ട്. ക്ലിഫ് ഹൗസ് ഉപരോധം ആരംഭിക്കുന്നതിനും ഏറെ മുമ്പ് അവര്‍ കൈനറ്റിക്കില്‍ പാഞ്ഞെത്തുന്നു. പൊലീസിനോടും ആ സമയം അവിടെയുണ്ടായിരുന്ന (അപൂര്‍വം പേരെ ഉണ്ടായിരുന്നുള്ളു) എല്‍ ഡി എഫ് നേതാക്കളോടും കയര്‍ക്കുന്നു. നമ്മുടെ ചാനല്‍ ക്യാമറകളും നിശ്ചല ഫോട്ടോഗ്രാഫര്‍മാരും തത്സമയം അവിടെ ഹാജരുണ്ടായിരുന്നു. അവര്‍ നാടകീയ രംഗങ്ങള്‍ പകര്‍ത്തുന്നു. ആസൂത്രിതമായിരുന്നുവോ എന്ന് ആരെങ്കിലും ശങ്കിച്ചാല്‍ ആ ശങ്ക അസ്ഥാനത്തായിരിക്കുമോ? ക്ലിഫ് ഹൗസിന് ഏതാനും വാര ഇപ്പുറത്ത് സ്ഥാപിക്കാമായിരുന്ന ബാരിക്കേഡുകള്‍ പൊലീസ് വളരെ മുമ്പില്‍ സ്ഥാപിച്ചതെന്തിന്? ഉപരോധ സമരാരംഭദിനം മുതല്‍ എല്‍ ഡി എഫ് നേതാക്കള്‍ ബാരിക്കേഡ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാതിരുന്നതെന്തിന്? വി വി ഐ പി കള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം വ്യക്തികളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുവാനും പൊലീസിന് ഉത്തരവാദിത്തമുണ്ടെന്ന് എ ഡി ജി പി പറഞ്ഞതിന്റെ പൊരുള്‍ അരാഷ്ട്രീയ വക്താക്കള്‍ക്കും പ്രക്ഷോഭ വിരുദ്ധ വികാരജീവികള്‍ക്കും മനസ്സിലാകുന്നുണ്ടോ?

ഒറ്റയാള്‍ പ്രകടനത്തിനുശേഷം സന്ധ്യ തന്നെ തേടിയെത്തിയ ക്യാമറകള്‍ക്കു മുന്നില്‍ നിന്ന് പറഞ്ഞു; ഉമ്മന്‍ചാണ്ടിയെ അഞ്ചുകൊല്ലത്തേയ്ക്കല്ലേ തെരഞ്ഞെടുത്തത്. അദ്ദേഹം അഞ്ചുകൊല്ലവും ഭരിക്കട്ടെ. എന്തിന് രാജി ആവശ്യപ്പെടുന്നു. തനിനിറം അനാവരണം ചെയ്യപ്പെടുകയായിരുന്നു.

മിണ്ടാപ്രാണികളും അടിമകളുമാകണമെന്നോ?

എന്തു നെറികേടും ജനദ്രോഹവും അഞ്ചുകൊല്ലം സഹിച്ച് കഴിഞ്ഞുകൊള്ളണമെന്ന ഉശിരന്‍ പ്രഖ്യാപനം സഞ്ചാരസ്വാതന്ത്ര്യ വക്താവില്‍ നിന്ന് പുറത്തുവന്നതോടെ യു ഡി എഫ് നേതാക്കള്‍ വാഴ്ത്തുപാട്ടുമായി നിരന്നു. അരാഷ്ട്രീയതയുടെ ഉന്നം തെറ്റാത്ത നിറയൊഴിക്കലുകള്‍ക്കു മുന്നില്‍ സന്തോഷഭരിതരായി രാഷ്ട്രീയാനിവാര്യതയുടെയും ജനാധിപത്യ പൂര്‍ണതയുടെയും വക്താക്കള്‍ ഉന്മേഷഭരിതരായി അരങ്ങുവാണു.

തൊട്ടുപിന്നാലെ വ്യവസായിയുടെ അഞ്ചുലക്ഷം രൂപ സമ്മാനപദ്ധതി പ്രഖ്യാപിക്കപ്പെടുന്നു. സമരങ്ങള്‍ പാടില്ല, ഹര്‍ത്താല്‍ പാടില്ല, പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനും പാടില്ല. ചൂലെടുത്ത് ആട്ടണം എന്നിത്യാദി പ്രഖ്യാപനങ്ങളുമായി വ്യവസായി ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു തുളുമ്പി. അദ്ദേഹത്തിന് കീര്‍ത്തനങ്ങളുമായി പലരും ഞാന്‍ മുമ്പേ ഞാന്‍ മുമ്പേ എന്ന നിലയില്‍ മത്സരിച്ചു.

കേവലം കൈയ്യടികള്‍ക്കുവേണ്ടി, നൈമിഷികമായ പ്രചാരണത്തിനുവേണ്ടി നടത്തുന്ന ഇത്തരം ഗിമ്മിക്കുകള്‍ സൃഷ്ടിക്കുന്നവരുടെ നിക്ഷിപ്ത താല്‍പര്യം തിരിച്ചറിയാതെ അതിനായുള്ള ചര്‍ച്ചകള്‍ക്ക് കുളിച്ചുകുറിതൊട്ട് സ്റ്റുഡിയോകളില്‍ ചെന്നിരിക്കുന്നവരും ചെയ്യുന്ന പാതകം ചെറുതല്ല. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് 5 ലക്ഷം വാഗ്ദാനം ചെയ്തപ്പോള്‍ 50 കോടിയിലേറെ പരസ്യം നല്‍കി മാധ്യമങ്ങള്‍. ആരോരുമറിയാതിരുന്ന സന്ധ്യയും സൂപ്പര്‍സ്റ്റാറായി.

പ്രക്ഷോഭം നടത്തി ജയിലില്‍ പോകുന്നവര്‍, സമരത്തിന്റെ പേരില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കള്ളക്കേസില്‍ കുടുക്കപ്പെട്ടവര്‍, ഗ്രനേഡിന്റെയും ജലപീരങ്കിയുടെയും ടിയര്‍ഗ്യാസ് ഷെല്ലിന്റെയും വൈദ്യുത ലാത്തികളുടെയും ഭീകര താണ്ഡവത്തിന് വിധേയരാക്കപ്പെട്ടവര്‍, ജീവിക്കുന്ന രക്തസാക്ഷികളാകേണ്ടിവന്നവര്‍, രക്തസാക്ഷികള്‍ തന്നെയായവര്‍, ഇവര്‍ക്കൊന്നും ഒരിടവും നല്‍കാത്ത മാധ്യമങ്ങള്‍, നല്‍കിയാല്‍ തന്നെ ചരമപ്പേജിലെ ഒറ്റക്കോളത്തില്‍ ഒതുക്കുന്നവര്‍ എന്തൊരു ആഘോഷമാണ് നടത്തിയത്? ഏറ്റവും ഒടുവിലത്തെ ഉദാഹരണം തന്നെ നോക്കുക. ഡിസംബര്‍ 12 ന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ (എ ഐ ടി യു സി യും സി ഐ ടി യു വും എച്ച് എം എസും മാത്രമല്ല ഐ എന്‍ ടി യു സി യും ബി എം എസും ഉള്‍പ്പെടെ ഉണ്ടായിരുന്നു) ജനവിരുദ്ധ നയങ്ങള്‍ക്കെതിരായും ജീവിക്കുവാനുള്ള അവകാശത്തിനുംവേണ്ടിയും പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ചു ചെയ്തു. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല. സന്ധ്യമാര്‍ക്കുവേണ്ടിക്കൂടിയുള്ള ആ പ്രക്ഷോഭത്തെ കാണാതിരുന്നവര്‍ കൈനറ്റിക് ഹോണ്ടയും മൂന്നുവാഴകളും അഞ്ചുലക്ഷം രൂപയും കണ്ടു. ചിറ്റിലപ്പിള്ളിയും ഭാര്യയും ചാനല്‍ ചര്‍ച്ചകളില്‍. സന്ധ്യ പറഞ്ഞ അതേ ന്യായം അവരും ആവര്‍ത്തിച്ചു. എല്ലാം സഞ്ചാരസ്വാതന്ത്ര്യം. കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും ആത്മഹത്യ, പിഞ്ചുപെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം, താങ്ങാനാവാത്ത വിലക്കയറ്റം, തൊഴില്‍ നിഷേധം, വിദ്യാഭ്യാസ വാണിഭം, ക്രമസമാധാനതകര്‍ച്ച ഇതൊന്നും കാണാത്തവര്‍ നടത്തുന്ന വാചാടോപക്കസര്‍ത്തുകള്‍ക്ക് എത്രമേല്‍ പ്രാധാന്യം?

ഭരണസിരാകേന്ദ്രമാണ് തിരുവനന്തപുരം. ഞായറാഴ്ച ഒഴികെ എല്ലാദിനങ്ങളിലും ഒന്നിലധികം മാര്‍ച്ചുകള്‍ സെക്രട്ടേറിയറ്റിലേയ്ക്കുണ്ടാവും. എല്‍ ഡി എഫിന്റെയോ ബഹുജന സംഘടനകളുടേതോ മാത്രമല്ല എല്ലാ കക്ഷികളുടെയും കക്ഷിരഹിതരുടെ തന്നെയും മാര്‍ച്ചുകള്‍. ഗതാഗതസ്തംഭനം സ്വാഭാവികമാണ്. ബസ് മുതലാളിമാര്‍ സമരം ചെയ്യുമ്പോള്‍ ചിറ്റിലപ്പിള്ളിമാര്‍ കാണുന്നില്ല. മാഫിയക്കാര്‍ സമരം ചെയ്യുമ്പോള്‍ ഇത്തരക്കാരെ കണ്ടുകിട്ടാനില്ല. പക്ഷേ പാവം ജനങ്ങള്‍ പ്രക്ഷോഭം നടത്തിയാല്‍ അരാഷ്ട്രീയ കൂട്ടായ്മ ഗര്‍ജ്ജിക്കുന്നു.

ഗ്രൂപ്പ് ശക്തി തെളിയിക്കുവാന്‍ എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് ഗ്രൂപ്പ് തിരിഞ്ഞു റാലികള്‍ നടത്തുമ്പോള്‍ പണപ്പിരിവു നടത്താന്‍ ഉമ്മന്‍ചാണ്ടിമാരും ചെന്നിത്തലമാരും മഞ്ചേശ്വരം മുതല്‍ പാറശാലവരെ റോഡ്‌ഷോ നടത്തുമ്പോള്‍ ഗതാഗതസ്തംഭനം ഇല്ലേ? സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുന്നില്ലേ? യു ഡി എഫ് നേതാക്കള്‍ കുത്തിയിരുന്ന് ആലോചിക്കേണ്ടതാണ്, ആലോചനാശേഷി ഇനിയും കൈമോശം വന്നിട്ടില്ലെങ്കില്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളവര്‍ധനവിനും മറ്റാനുകൂല്യങ്ങള്‍ക്കുംവേണ്ടി സമരം ചെയ്യുമ്പോള്‍ അവര്‍ സമരാനുകൂലികളാണ്. എന്നാല്‍ മറ്റുള്ളവര്‍ സമരം ചെയ്യുമ്പോള്‍ അവര്‍ സമരശത്രുക്കളും. വ്യവസായികള്‍, ബസ് മുതലാളിമാര്‍ തങ്ങളുടെ ആനുകൂല്യ വര്‍ധനവിന് സമരം നടത്തുമ്പോള്‍ ചിറ്റിലപ്പിള്ളിമാര്‍ സമരവക്താക്കള്‍, അല്ലെങ്കില്‍ സമ്മാനപ്പെട്ടിയുമായി ചീഫ് പബ്ലിസിറ്റി നേടുന്നവര്‍. ചിറ്റിലപ്പിള്ളിമാരുടെ യഥാര്‍ഥമുഖം വീഗാലാന്‍ഡില്‍ വീണ് പരുക്കേറ്റ് ശയ്യാവലംബിയായി കഴിയുന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ ദുരിതാനുഭവം വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്.

പ്രക്ഷോഭങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് ഇന്ത്യ ഇന്ത്യയായതും കേരളം കേരളമായതും. മിണ്ടാപ്രാണികളും അടിമകളുമായിരുന്നെങ്കില്‍ ഇന്ത്യ ഇന്നും ബ്രിട്ടീഷ് നുകത്തിന്‍ കീഴിലായിരിക്കുമായിരുന്നു. കേരളം ജന്മിത്ത്വ-ജാതി ദുഷ്പ്രഭുത്വത്തിന്റെ കാല്‍ക്കീഴില്‍ കിടന്ന് പിടയുമായിരുന്നു. അരാഷ്ട്രീയവല്‍ക്കരണത്തിന് ചൂട്ടുപിടിക്കുന്ന പുത്തന്‍പണക്കാരും അവരുടെ വാഴ്ത്തുപാട്ടുകാരായ രാഷ്ട്രീയത്തൊഴിലാളികളും നിക്ഷിപ്ത അജണ്ടകള്‍ മുന്നോട്ടുവയ്ക്കുന്ന മാധ്യമങ്ങളും തീക്ഷ്ണമായ ആ ചരിത്രപാഠങ്ങള്‍ മറന്നുപോകേണ്ട.

*
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം

1 comment:

ASOKAN T UNNI said...
This comment has been removed by the author.