Friday, October 31, 2008

ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന ക്രിസ്‌ത്യാനികള്‍

'ജര്‍മനിയില്‍നിന്ന് തിരിച്ചുവരുന്ന യാത്രക്കാരനോടു ചോദിച്ചു: ആരാണ് അവിടെ ഭരിക്കുന്നത്. ജര്‍മനി ഇന്ന് ഭരിക്കുന്നത് ഹിറ്റ്ലറല്ല, ഭയമാണ്' എന്നായിരുന്നു മറുപടി.(ബ്രെഹ്ത് )

നാസിസവും ഫാസിസവും ഭീകരതാണ്ഡവമാടിയ ജര്‍മനിയുടെ അതേ അവസ്ഥയിലാണ് ഇന്ന് ഒറീസ. ഒറീസയെ ഇന്ന് ഭരിക്കുന്നത് ഭയമാണ്. പരിചയപ്പെടുന്ന ആളുകള്‍ മതം മറച്ചുവയ്‌ക്കയല്ല, ഹിന്ദുവാണെന്നു തെളിയിക്കാന്‍ വ്യഗ്രതപ്പെടുകയാണ്. ഭുവനേശ്വറില്‍ തീവണ്ടിയിറങ്ങിയതുമുതല്‍ 'ഞങ്ങളും ഞങ്ങളും ഹിന്ദുക്കള്‍' എന്നത് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന ജനതയെയാണ് കണ്ടത്.
ക്രിസ്‌ത്യാനികളായ ഡ്രൈവറും തൊഴിലാളിയും കച്ചവടക്കാരനുമെല്ലാം ഹിന്ദുവായി മാറുന്നത് ബോധ്യമായിട്ടുണ്ട്. യഥാര്‍ഥത്തില്‍ തങ്ങളെന്താണോ, അത് പ്രകടിപ്പിക്കാനാവാത്തതിന്റെ വിങ്ങല്‍- ഒരു ജനതയുടെ ആത്മബോധത്തിലുണ്ടാക്കുന്ന ശൈഥില്യത്തിന് ഏറ്റവും പറ്റിയ സാക്ഷ്യമാണ് ഒറീസയിലെ ക്രിസ്ത്യാനികള്‍. ഹിന്ദുക്കളായി അഭിനയിക്കേണ്ടിവരുന്ന ക്രിസ്തീയരുടെ ആത്മസംഘര്‍ഷം- ഇത് യാത്രയിലുടനീളം കണ്ട അസ്വസ്ഥജനകമായ കാഴ്‌ചയാണ്.

അതെ. ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന ക്രിസ്‌ത്യാനികളുടെ ദേശമായി ഒറീസ മാറിയിരിക്കയാണ്. ഭുവനേശ്വറില്‍ ഇറങ്ങിയപ്പോള്‍, പാറുന്ന ചെങ്കൊടിയാണ് ഞങ്ങള്‍ കണ്ടത്. ഒറ്റയ്‌ക്കൊരു ചെങ്കൊടിയുമായി നില്‍ക്കുന്ന മനുഷ്യന്‍. സംഘപരിവാറിന്റെ നഗരിയില്‍ ഇങ്ങനെയൊരു കാഴ്ച ഞങ്ങളെ ശരിക്കും ആവേശഭരിതരാക്കി. കൃഷക് സംഘം(കര്‍ഷകസംഘം)സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ അഭിറാം ബെഹ്റയാണ് കൂറ്റന്‍ ചെങ്കൊടിയുമായി ഞങ്ങളെ വരവേല്‍ക്കാന്‍ സ്‌റ്റേഷനടുത്ത് കാത്തിരുന്നത്. യാത്രയിലുടനീളം ഞങ്ങള്‍ക്ക് സഹായിയും സഖാവുമായി ഈ കമ്യൂണിസ്‌റ്റുകാരനുണ്ടായിരുന്നു.

ഒറീസയുടെ മണ്ണില്‍ കാലെടുത്തുവച്ചപ്പോള്‍ ലഭിച്ച ആവേശം യാത്ര അവസാനിച്ചപ്പോള്‍ ആശങ്കയായി മാറിയെന്നത് മറച്ചുവയ്‌ക്കാനാവില്ല. ഭീകരമായ പീഡാനുഭവങ്ങള്‍ നേരിട്ട ഒരു ജനതയുടെ വിറങ്ങലിച്ച ചിത്രമാണ് തങ്ങിനില്‍ക്കുന്നത്. അക്രമത്തിന്റെയും ഭീകരതയുടെയും കേന്ദ്രമായ കന്ദഹാല്‍ ജില്ലയില്‍ റെയ്‌ക്കയിലെ സെന്റ് കാതറീന്‍ ഹൈസ്‌കൂളും മഠവും സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. തങ്ങളുടെ വിദ്യാലയങ്ങളില്‍ സീറ്റ് ഉറപ്പാക്കാന്‍ കാലുപിടിച്ചു യാചിച്ചവര്‍, അവരടക്കം മുഖംമൂടി ധരിച്ചും അല്ലാതെയും മഠവും പള്ളിയും തകര്‍ത്തവരിലുണ്ടായിരുന്നു. ഒറിയക്കാരനായ ഹിന്ദുവിനെ വിശ്വസിക്കാനാവാത്ത സംഘര്‍ഷമാണിന്ന് അവരെ ഭരിക്കുന്നത്.

കന്ദമാല്‍, റെയ്‌ക്ക, ടിക്കാബലി എന്നിങ്ങനെ സംഘപരിവാര്‍ഭീകരത നടന്ന പല സ്ഥലങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതില്‍ മറക്കാനാവാത്ത ഒരു കാഴ്‌ചയുണ്ട്: ടിക്കാബലിയിലെ പള്ളിയില്‍ കുരിശു തകര്‍ത്തു മാറ്റി അവിടെ കാവിക്കൊടി നാട്ടി. ക്രൈസ്‌തവവേട്ടയും ഭീകരതയും അവസാനിച്ചെന്ന് കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ അവകാശപ്പെടുമ്പോഴാണ് ഈ ദേവാലയത്തില്‍ ഭീതിപരത്തി കാവിക്കൊടി ഇപ്പോഴും പാറുന്നത്. ആഗസ്ത് 25 നു നാട്ടിയ ആ കൊടി അഴിച്ചുമാറ്റാന്‍ ഇന്നുമൊരു കൈ ഉയര്‍ന്നിട്ടില്ല. നമ്മുടെ മതേതരത്വത്തിന്റെ നിസ്സഹായതയുടെ അടയാളമാണ് ക്രൈസ്‌തവ ദേവാലയത്തിലെ കാവിക്കൊടി.

ഗുജറാത്തില്‍ വളരെ വലിയ ഭീകരതയാണ് നടമാടിയതെങ്കിലും പരിമിതമായ ചെറുത്തുനില്‍പ്പുണ്ടായി. ഒറീസയില്‍ അതുമുണ്ടായില്ല. ആഗസ്‌ത് 23-ന് ആരംഭിച്ച ക്രൈസ്‌തവ വേട്ടക്കെതിരായ പ്രതികരണമായി അവിടെയൊരു സമാധാനറാലിപോലും നടത്താനായില്ല. സെപ്തംബര്‍ 11-നായിരുന്നു റാലി നടന്നത്. സമാധാനറാലിയില്‍ പങ്കാളികളാകാനായത്, ഞങ്ങളുടെ പ്രതിനിധിസംഘത്തിന് ഏറെ അഭിമാനവും ആഹ്ലാദവും പകര്‍ന്ന സംഭവമാണ്. ഒറീസയില്‍ ചെറിയൊരു പാര്‍ടിയാണെങ്കിലും സിപിഐ എമ്മിന്റെ നേതൃത്വത്തിലായിരുന്നു റാലിസംഘാടനം. ബിജെപി ഒഴിച്ചുള്ള എല്ലാ പാര്‍ടികളെയും അണിനിരത്തി റാലി സംഘടിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി ജനാര്‍ദനപതി ഞങ്ങളോടു പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പതിവുപോലെ മതനിരപേക്ഷകൂട്ടായ്‌മയെ വഞ്ചിച്ചു. ആര്‍എസ്എസിനെ യോജിച്ചെതിര്‍ക്കാനുള്ള ഭയംമൂലമാണ് അവര്‍ വിട്ടുനിന്നത്.
വല്ലാത്തൊരാവേശമാണ് റാലി സമ്മാനിച്ചത്. സംഘപരിവാറിന്റെ കോട്ടയില്‍ അവരെ തുറന്നെതിര്‍ത്ത് നടന്ന പ്രകടനത്തില്‍ അണിനിരക്കാനായത് ആഹ്ലാദകരമായ അനുഭവമാണ്. നമ്മള്‍ നമ്മള്‍ മനുഷ്യസോദരര്‍, നമ്മളെല്ലാമൊന്നാണ് എന്നീ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു.

ജന്മനാട്ടില്‍ അഭയാര്‍ഥികളായ ഒരു ജനതയായാണ് ഒറീസയില്‍ ക്രൈസ്‌തവരുടെ ജീവിതം. ക്യാമ്പുകളില്‍ പലതിലും അടിസ്ഥാനസൌകര്യങ്ങളൊന്നുമില്ലാതെ സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിക്കുന്ന കഷ്‌ടപ്പാട് ദയനീയമാണ്. സമാധാനറാലിക്കുശേഷം അടുത്ത ദിവസമാണ് കാതറീന്‍ മഠത്തില്‍ ഞങ്ങളെത്തിയത്. അവിടത്തെ സിസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഭീതിയും ആശങ്കയുമെല്ലാം പ്രതിഫലിപ്പിക്കുന്നതായിരുന്നു: "മാര്‍ച്ച് നന്നായി. നിങ്ങള്‍ തിരിച്ചു പോകും. പിന്നെ ഞങ്ങള്‍ക്കെന്ത് സമാധാനം.'' ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പുരുഷന്‍ കടലുണ്ടിയും മറ്റും ഇതെല്ലാം ചിത്രീകരിക്കുന്നതു കണ്ടപ്പോള്‍ ഏറെ ഭീതിയോടെ അവര്‍ മഠത്തിനകത്തേക്കു പോയി. എന്നിട്ട് ഞങ്ങളോട് പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ ശബ്ദം കൊടുത്തോളൂ. ദയവുചെയ്ത് ചിത്രവും ശരിപ്പേരും പുറത്തുപറയരുത്. ഒറീസയില്‍നിന്ന് പതിനായിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള കേരളത്തില്‍ ഒരു വീഡിയോ പ്രദര്‍ശനത്തില്‍ തങ്ങളുടെ ചിത്രം കാണിക്കുന്നതുപോലും ഭയക്കുന്ന വിധമാണിവരുടെ ജീവിതം. ആരാണ് ഒറ്റുകാരനെന്ന ഭയം.

താമസിക്കുന്ന ലക്ഷ്‌മി ലോഡ്‌ജില്‍ വച്ചും ഇതിനു സമാനമായ അനുഭവമുണ്ടായി. ലോഡ്‌ജിനടുത്ത് നില്‍ക്കവെ ഒരാള്‍ വന്ന് കൈപിടിച്ച് അഭിവാദ്യംചെയ്ത് പതുക്കെ പറഞ്ഞു, "ഞാനൊരു ക്രിസ്‌ത്യനാണ്, സ്‌കൂള്‍ അധ്യാപകനാണ്. ടിവിയില്‍ കണ്ടതിനാലാണ് നിങ്ങളോട് സംസാരിക്കുന്നത്.'' ഭയപ്പാടായിരുന്നു ആ മനുഷ്യനെയും ഭരിച്ചിരുന്ന വികാരം.

അവര്‍ പ്രതീക്ഷിക്കുന്ന സഹായം, പിന്തുണ ഇതൊന്നും അവര്‍ക്ക് കിട്ടുന്നില്ല. രാഷ്‌ട്രീയ കക്ഷികള്‍, ഭരണസംവിധാനം- ഒന്നും ഈ നിരാലംബര്‍ക്ക് തുണയേകാനെത്തുന്നില്ല. എല്ലാം നഷ്‌ടമായി കഴിയുന്ന ഒരു പാവം ഒറിയക്കാരനെയും പരിചയപ്പെട്ടു. പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലിചെയ്യുന്ന അമൂസ് എന്ന ചെറുപ്പക്കാരന്‍. കേരളത്തെപ്പറ്റി അഭിമാനിക്കുന്ന ഈ യുവാവിന് വീടും സമ്പാദ്യവുമെല്ലാം കൊള്ളയടിക്കപ്പെട്ടു. ജീവിതം തകര്‍ന്നുപോയ ഇവരെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ലോകത്തെങ്ങുമുള്ള നല്ല മനുഷ്യരെയാണ്.

ലക്ഷ്‌മി ലോഡ്‌ജില്‍ ഭീഷണമായ നോട്ടങ്ങളും തുറിച്ചുനോട്ടവുമേറെയുണ്ടായി. താഴെനിന്ന് ചായ കുടിക്കവെ കൈയില്‍ ചരടും വളകളുമണിഞ്ഞ ചെറുപ്പക്കാര്‍ ക്രൂരമായി നോക്കിയതും ടിവി ചാനലിലെ വാര്‍ത്ത കണ്ടതിന്റെ പ്രതികരണമായിരുന്നു.

ലോഡ്‌ജില്‍നിന്ന് പുറത്തുനോക്കിയപ്പോള്‍ കണ്ട കാഴ്‌ച കൌതുകവും സന്തോഷവുമുണ്ടാക്കി. ലോഡ്‌ജിനു മുകളില്‍ നിന്ന് നോക്കിയാല്‍ കണ്ണില്‍പ്പെടുന്നത് സദ്ദാം ആന്‍ഡ് ടിപ്പുസുല്‍ത്താന്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ് എന്ന ബോര്‍ഡാണ്. സംഘപരിവാര്‍ കിടന്നുതുള്ളുന്ന കോട്ടയില്‍പ്പോലും അവരുടെ ഫാസിസ്റ്റ് വാഴ്ചക്കെതിരെ ചുരുട്ടിയ മുഷ്‌ടി പോലെയാണാ മാര്‍ക്കറ്റിന്റെ ബോര്‍ഡ് .

സന്ദര്‍ശനത്തിനിടയില്‍ സംഘപരിവാറിന്റെ ഏറെ ലഘുലേഖകളും നോട്ടീസുകളും ശ്രദ്ധയില്‍പ്പെട്ടു. വായിച്ചു കളഞ്ഞശേഷം കത്തിക്കുക എന്നെഴുതിയ പ്രകോപനപരവും വിഷംതുപ്പുന്നതുമായ നോട്ടീസുകളായിരുന്നു അവ. നിങ്ങളുടെ ആശുപത്രിയില്‍ ക്രിസ്‌ത്യാനി ചികിത്സ തേടി വന്നാല്‍ മരുന്നിനുപകരം വിഷം നല്‍കുക, അങ്ങനെ നല്‍കിയാല്‍ സംഘകേന്ദ്രത്തിലറിയിക്കണം. ഓസ്‌ട്രേലിയന്‍ പുരോഹിതന്‍ ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ടുമക്കളെയും ചുട്ടുകൊന്ന 1999-ലെ ക്രൂരതയെ ന്യായീകരിക്കുന്നതാണ് മറ്റൊന്ന്. കൊലയാളിയായ ഭീകരന്‍ ധാരാസിങ്ങിനെ വാഴ്ത്തുന്ന ലഘുലേഖയുമുണ്ട്. ഫാസിസം ജര്‍മനിയില്‍ വളരെ സമര്‍ഥവും ഫലപ്രദവുമായി ഉപയോഗിച്ചതായിരുന്നു ലഘുലേഖവഴിയുള്ള പ്രത്യയശാസ്ത്ര ആക്രമണം. ഒറീസയിലും അവരിത് സമൃദ്ധമായി പ്രയോഗിച്ചു. ഇത്തരം ലഘുലേഖകള്‍ കാണുമ്പോള്‍ അതിനാല്‍ത്തന്നെ ഏതു സമൂഹവും ജാഗ്രത പുലര്‍ത്തണം. കാരണം- ഓര്‍ക്കുക, ഇതൊരു പീറക്കടലാസല്ല. ഒരു കുരുതി നടക്കാനുള്ള പാകപ്പെടുത്തലാണീ ലഘുലേഖകള്‍. ഫാസിസം എവിടെയും പ്രത്യയശാസ്‌ത്രപദ്ധതി എന്നും പ്രചരിപ്പിച്ചിട്ടുള്ളത് ഇതുവഴിയാണ്.

ഒറീസയില്‍ ഭീകരമായതോതില്‍ മതപ്രചാരണം നടക്കുന്നുവെന്നാണ് സംഘപരിവാറിന്റെ പ്രചാരണം. ഇത് വസ്തുതകള്‍ക്കു വിരുദ്ധമാണ്. പാരമ്പര്യവും സംസ്‌ക്കാരവും തകരുന്നെന്ന വാദമാണ് മതപരിവര്‍ത്തനത്തിനെതിരായി അവരുയര്‍ത്തുന്നത്. രണ്ടു ലക്ഷം ദളിതരുമായി അംബേദ്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍ ഇവിടെ ഒന്നുമുണ്ടായില്ലല്ലോ. ഏത് ആശയവും പൂഴ്ത്തിവയ്‌ക്കാനുള്ളതല്ല, പ്രചരിപ്പിക്കാനുള്ളതാണ് എന്ന ബ്രെഹ്തിന്റെ കാഴ്ചപ്പാട് മതങ്ങള്‍ക്കും ബാധകമാണ്.

സംഘപരിവാര്‍ ഫാസിസ്റ്റ് ആശയത്തിന്റെ പ്രചാരകരും പ്രയോക്താക്കളുമായി ഒറീസയിലെ മാധ്യമസമൂഹവും മാറിയെന്നതാണ് സന്ദര്‍ശനം ബോധ്യപ്പെടുത്തുന്ന ഭീതിദമായ മറ്റൊരു വസ്തുത. അവിടത്തെ പ്രാദേശികപത്രങ്ങള്‍ ഒന്നോ രണ്ടോ ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാം ഈ കാഴ്‌ചപ്പാടാണ് ബോധ്യപ്പെടുത്തിയത്. ആദിവാസി-പട്ടികജാതി വിഭാഗങ്ങളായ കന്ദാസും പാണകളുമായുള്ള പ്രാദേശികവും വംശീയവുമായ പ്രശ്‌നമാണെന്ന് കുഴപ്പങ്ങളെ വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ബജ്രംഗ്‌ദള്‍ നേതാവ് സ്വാമി ലക്‌ഷ്‌മണാനന്ദയുടെ മരണമാണ് കുഴപ്പത്തിനു കാരണമെന്നും പ്രചരിപ്പിക്കുന്നു. അയാളുടെ 'പൂര്‍വാശ്രമ'ചരിതം ഇതിന് അടിവരയിടുന്നു. കാഷായവസ്ത്രം ധരിച്ച കൊടുംക്രിമിനലാണ് ലക്‌ഷ്‌മണാനന്ദ. ഭൂസംബന്ധമായ കേസില്‍ ഒരാളെ കൊന്ന് രക്ഷപ്പെടാന്‍ ഹിമാലയത്തിലേക്ക് പോയതാണിയാള്‍. പിന്നീട് കാവിയുടുത്ത് സന്യാസിയായി മാറിയ ലക്‌ഷ്‌മണാനന്ദ ഇത്തരത്തിലുള്ള ഉത്തരേന്ത്യന്‍ പ്രതിഭാസത്തിനുദാഹരണമാണ്. സത്യത്തില്‍ ഇയാളുടെ വരവാണ് കന്ദമാലില്‍ സംഘര്‍ഷകാരണമായി ജനങ്ങള്‍ പറയുന്നത്.

ഇദ്ദേഹത്തിന്റെ കൊലയെക്കുറിച്ചും വ്യത്യസ്‌ത നിലപാടുണ്ട്. ആശ്രമത്തിലെ അധികാരത്തര്‍ക്കമാണ് കാരണമെന്നതാണൊന്ന്. മാവോയിസ്‌റ്റുകളാകട്ടെ വധത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്. മാവോയിസ്‌റ്റുകളുടെ നേതാക്കളായ സഞ്‌ജീവ് പാണ്ഡെയും ആസാദും ഇക്കാര്യം പരസ്യപ്പെടുത്തിയതുമാണ്. മനുഷ്യത്വവിരുദ്ധരായി പ്രവര്‍ത്തിക്കുന്ന ഭ്രാന്തന്മാരെ ഇനിയും കൊല്ലുമെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്രിസ്‌ത്യന്‍ പുരോഹിതരാണ് കൊലയാളികളെന്ന് ആവര്‍ത്തിക്കയാണ് സംഘപരിവാര്‍ ഇപ്പോഴും. മാവോയിസ്‌റ്റുകള്‍ പൊലീസിനെ കൊല്ലും, ഭൂപ്രശ്‌നത്തിലിടപെടും അല്ലാതെ തങ്ങളെയൊന്നും ചെയ്യുന്നില്ലെന്ന ന്യായീകരണവും നടത്തുന്നു. കൊല നടത്തിയ മാവോയിസ്‌റ്റുകളെ വെള്ളപൂശുകയും ക്രൈസ്‌തവരെ പിശാചുവല്‍ക്കരിക്കയും ചെയ്യുന്നതിനു പിന്നിലെ താല്‍പ്പര്യവും അജന്‍ഡയും പ്രകടമാണ്.

****

കെ ഇ എന്‍, കടപ്പാട് : ദേശാഭിമാനി

ഒറീസയിലെ സമാധാനറാലിയില്‍ പങ്കെടുത്ത പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ തന്റെ യാത്രാനുഭവം പങ്കുവയ്ക്കുന്നു. തയ്യാറാക്കിയത്: പി വി ജീജോ

പണമൊഴുക്കിയാല്‍ തീരുന്നതല്ല പ്രശ്നം

ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അമേരിക്കയിലെ ഭവനനിര്‍മാണരംഗത്തെ കുമിളകളുടെ പൊട്ടലില്‍ മാത്രം കേന്ദ്രീകരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പെട്ടെന്നുള്ള കാരണം ഇതായിരുന്നുവെന്നതില്‍ സംശയമില്ല, സമകാലിക മുതലാളിത്തത്തിന്റെ കയറ്റത്തില്‍ ( stimulus for boom)ഇത്തരം കുമിളകളാണ് പ്രധാനപങ്കു വഹിച്ചതും. ലോകസമ്പദ്ഘടനയുടെ വികാസത്തിനായി അമേരിക്കയിലെ വ്യാപാര ഉദാരവല്‍ക്കരണ ഭരണകൂടം കയറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കുമിളകളെയാണ് വര്‍ധിച്ചതോതില്‍ ആശ്രയിച്ചത്. ഡോട്ട്-കോം കുമിളകളുടെ തകര്‍ച്ചയെത്തുടര്‍ന്ന് പുതിയ കയറ്റങ്ങള്‍ ഉണ്ടാക്കാനാണ് ഭവനരംഗത്ത് കുമിളകള്‍ സൃഷ്ടിച്ചത്. അതിന്റെ അന്ത്യമാണിപ്പോള്‍, 1930കളിലെ മഹാമാന്ദ്യത്തിന് സമാനമായ വന്‍സാമ്പത്തികപ്രതിസന്ധി ഉറഞ്ഞുകൂടുകയാണ്.

അന്നത്തെ മാന്ദ്യത്തിന്റെ മധ്യത്തില്‍ ജോണ്‍ മയ്‌നാര്‍ഡ് കെയിന്‍സ് സ്വതന്ത്രകമ്പോളവ്യവസ്ഥയുടെ അടിസ്ഥാന അപാകതയായി വിലയിരുത്തിയത് അതിന് 'സംരംഭങ്ങളെയും'(enterprise), 'ഊഹവ്യാപാരങ്ങളെ'(speculation)യും തിരിച്ചറിയാനുള്ള ശേഷിയില്ലെന്നതും അതുകൊണ്ട് ഊഹക്കച്ചവടക്കാര്‍ ആധിപത്യം നേടാനുള്ള പ്രവണതയുണ്ടെന്നുമാണ്. മാത്രമല്ല, ആസ്തിയില്‍നിന്നുള്ള ദീര്‍ഘകാല നേട്ടങ്ങളില്‍ (long term yield on assets)അതിനു താല്‍പ്പര്യമില്ലെന്നും പെട്ടെന്നുള്ള ലാഭങ്ങളിലാണ് സ്വതന്ത്രകമ്പോളം കണ്ണുവയ്ക്കുന്നതെന്നും കെയിന്‍സ് കണ്ടെത്തി. അവരുടെ ഭാവനയും ചാഞ്ചാട്ടവും ആസ്‌തികളുടെ മൂല്യത്തില്‍ പെട്ടെന്നുള്ള വ്യതിയാനം സൃഷ്ടിക്കുന്നു. ഉല്‍പ്പാദനപരമായ നിക്ഷേപത്തിന്റെ തോത് (magnitude of productive investment) തീരുമാനിക്കുന്നതും അതുവഴി മൊത്തത്തിലുള്ള ആവശ്യവും തൊഴിലും ഉല്‍പ്പാദനവും നിര്‍ണയിക്കുന്നതും അവരായി മാറുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ യഥാര്‍ഥ ജീവിതത്തെ നിര്‍ണയിക്കുന്നത് സ്വതന്ത്രകമ്പോളവ്യവസ്ഥയില്‍ ഊഹക്കച്ചവടക്കാരാണ്.

ഈ കണ്ണി ഇല്ലാതാക്കാന്‍ കെയിന്‍സ് നിര്‍ദേശിച്ച മാര്‍ഗം നിക്ഷേപത്തിന്റെ സമഗ്ര സാമൂഹ്യവല്‍ക്കരണ (comprehensive socialisation of investment)മാണ്. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എപ്പോഴും നിക്ഷേപത്തിന്റെ തോത് നിശ്ചയിക്കണം, അതുവഴി ആവശ്യവും സമ്പൂര്‍ണ തൊഴിലും ഉറപ്പാക്കണം. ഈ പ്രതിവിധി സ്വതന്ത്രകമ്പോളവ്യവസ്ഥയെ കൈവിടുന്നത് മാത്രമല്ല, ധനത്തിന്റെ ആഗോളപ്രയാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമാണ്. കാരണം ധനത്തിന്റെ രാജ്യാന്തര പ്രയാണം തടയാതെ സ്റ്റേറ്റിന്റെ അര്‍ഥപൂര്‍ണമായ ഇടപെടല്‍ സാധ്യമാവില്ല. "എല്ലാറ്റിനും ഉപരിയായി ധനം ദേശീയമായിരിക്കണം'' (Let finance be primarily national) അദ്ദേഹം പറഞ്ഞു, സമ്പദ്ഘടനയില്‍ സ്റ്റേറ്റിന് ഫലപ്രദമായി ഇടപെടണമെങ്കില്‍.

ധനത്തിന്റെ ആഗോളവല്‍ക്കരണം (globalization of finance) ഉള്‍പ്പെട്ട ആഗോളവല്‍ക്കരണ പ്രക്രിയ കെയ്‌നീഷ്യന്‍ സിദ്ധാന്തത്തിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. അത് മുതലാളിത്ത രാജ്യങ്ങളില്‍ നിലനിന്നിരുന്ന ഡിമാന്‍ഡ് മാനേജ്‌മെന്റ് സംബന്ധിച്ച കെയ്‌നീഷ്യന്‍ സിദ്ധാന്തത്തെ സാവധാനം ഇല്ലാതാക്കി. എല്ലാ നിയന്ത്രണവും എടുത്തുകളഞ്ഞു. ആവശ്യത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ ഒടുവില്‍ സ്വകാര്യചെലവുകള്‍ക്ക് പ്രചോദനം നല്‍കി. ആസ്‌തിയുടെ മൂല്യങ്ങളില്‍ കുമിളകള്‍ വളര്‍ത്തി (created bubbles in asset prices) . താരതമ്യേന സ്ഥിരമായ ആസ്‌തിമൂല്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പൊതുചെലവ് സംവിധാനത്തിലെ ക്രമീകരണങ്ങള്‍ ഇല്ലാതാക്കി. കുമിളകളെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന സ്ഥിതിയായി. 1973 നുശേഷം കുമിളകളുടെ തകര്‍ച്ച അടിക്കടി ഉണ്ടാകുന്നതില്‍ അത്ഭുതമില്ല. ഇപ്പോള്‍ മുതലാളിത്തലോകംതന്നെ അഗാധമായ തകര്‍ച്ചയിലേക്കു നീങ്ങുകയാണ്.

വികസിതരാജ്യത്തിലെ സര്‍ക്കാരുകള്‍ ഇപ്പോഴും തകര്‍ച്ചയുടെ ഈ കാരണം തിരിച്ചറിഞ്ഞിട്ടില്ല. അവര്‍ ഇനിയും കരുതുന്നത് പണമൊഴുക്കിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ്. അവര്‍ ആദ്യം ചിന്തിച്ചത്, വിഷമയമായ ഓഹരികള്‍(toxic securities) സര്‍ക്കാരുകള്‍ വാങ്ങുന്ന പ്രക്രിയവഴി പണമൊഴുക്കാമെന്നാണ്. എന്നാല്‍, ഈ പദ്ധതിക്കെതിരെ വന്‍ ജനരോഷം ഉയര്‍ന്നപ്പോള്‍ സര്‍ക്കാരുകള്‍ പിന്‍വാങ്ങി. ഇപ്പോള്‍ ഓഹരികള്‍ വാങ്ങി ധനസ്ഥാപനങ്ങള്‍ ഭാഗികമായി ദേശസാല്‍ക്കരിക്കാനാണ് പദ്ധതി.

പക്ഷേ, ഇത്തരത്തിലുള്ള പണമൊഴുക്കലും പര്യാപ്‌തമല്ല. ബാങ്കുകള്‍ക്ക് കൂടുതല്‍ പണം നല്‍കിയതുകൊണ്ടുമാത്രം വായ്‌പലഭ്യമാകില്ല. കാര്യക്ഷമമായ പദ്ധതികളും വിശ്വസിക്കാന്‍ കഴിയുന്ന കടമെടുപ്പുകാരും ഉണ്ടായാല്‍മാത്രമേ വായ്‌പകള്‍ക്കുള്ള ആവശ്യം വര്‍ധിക്കൂ. ഇത് സംഭവിക്കുന്നില്ല. ഒന്നാമതായി, പണമൊഴുക്കല്‍ നടത്തിയാല്‍ 'വിഷമയമായ' ഓഹരികളുള്ള സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടില്ല. ഇവര്‍ക്ക് കടം കൊടുത്തത്തിലുള്ള അപകടസാധ്യത ഉയര്‍ന്നുതന്നെ നില്‍ക്കും. രണ്ടാമതായി, മഹാമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വായ്‌പ എടുക്കുന്നതില്‍നിന്നും കൊടുക്കുന്നതില്‍നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നു.

ഈ നിരീക്ഷണം പല ഘടകങ്ങളില്‍നിന്നാണ് ഉരുത്തിരിഞ്ഞത്. ഒരു കുമിള പൊട്ടിയതിനെത്തുടര്‍ന്ന് അടുത്തതിന്റെ രൂപീകരണം ഉടന്‍ ഉണ്ടാകണമെന്നില്ല, ഏറെക്കുറെ ദീര്‍ഘമായ മാന്ദ്യത്തിനുള്ള ലക്ഷണമാണ്. രണ്ടാമത്, ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിയുടെ തോത് വ്യക്തമാക്കുന്നത് നീണ്ടുനില്‍ക്കുന്ന മാന്ദ്യം ഉറപ്പാണെന്നാണ്. മാന്ദ്യം ഇപ്പോള്‍തന്നെ അനുഭവപ്പെട്ടുതുടങ്ങിയതിനാല്‍ പതിവുമാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വര്‍ധിച്ച പണലഭ്യതയോടുള്ള താല്‍പ്പര്യം കുറഞ്ഞുവരുന്നതിനാല്‍, സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് സമ്പദ്ഘടനയില്‍ കൂടുതല്‍ ആവശ്യം ഉറപ്പാക്കിയാല്‍മാത്രമേ രക്ഷയുള്ളൂ. അല്ലെങ്കില്‍ മാന്ദ്യം നീളും. സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ഇടപെടുന്നതുവരെ മാന്ദ്യം തുടരും.

മൂന്നാംലോകരാജ്യങ്ങളും മാന്ദ്യത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടില്ല. പല രാജ്യങ്ങളും സമ്പദ്ഘടന പൂര്‍ണമായി തുറന്നുകൊടുക്കാത്തതിനാല്‍ 'വിഷമയമായ' ഓഹരികളില്‍നിന്നുള്ള മാലിന്യം പകര്‍ന്നിട്ടില്ലെന്നത് സത്യമാണ്, ഇവര്‍ സാമ്പത്തിക പ്രതിസന്ധിയുടെ നേരിട്ടുള്ള ആഘാതത്തില്‍നിന്ന് രക്ഷപ്പെടും. (അതേസമയം ധനകമ്പോളത്തിലെ തരംഗങ്ങള്‍ ഇവരും സഹിക്കേണ്ടിവരും). ഇവരും യഥാര്‍ഥ സമ്പദ്ഘടനയില്‍ മാന്ദ്യം ഏല്‍പ്പിക്കുന്ന ആഘാതം ഏറ്റുവാങ്ങേണ്ടിവരും. അവരുടെ കയറ്റുമതി വരുമാനം ഇടിയും, ഉല്‍പ്പാദനം ചുരുക്കേണ്ടിവരും, തൊഴിലില്ലായ്‌മ വര്‍ധിക്കും, വിദേശനാണ്യ പ്രതിസന്ധിയുണ്ടാകും, കറന്‍സി വിനിമയനിരക്കിലെ ഇടിവും പണപ്പെരുപ്പവും നേരിടേണ്ടിവരും. (വളര്‍ന്നുവരുന്ന പുതിയ കമ്പോളങ്ങളില്‍ വിദേശനിക്ഷേപങ്ങള്‍ തിരിച്ചൊഴുകുന്നതുവഴി ഈ പ്രതിസന്ധികള്‍ പിന്നീട് മൂര്‍ച്ഛിക്കും).

രണ്ടുമേഖലയിലാണ് കൂടുതല്‍ ആശങ്ക. മാന്ദ്യത്തിന്റെ ഫലമായി അടിസ്ഥാനവസ്‌തുക്കളുടെ വ്യാപാരത്തില്‍ സംഭവിക്കുന്ന ഇടിവ്, ഇത് നാണ്യവിള കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടും. (ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നേരത്തെതന്നെ ഇത് സംഭവിച്ചുതുടങ്ങി). രണ്ടാമതായി, ഭക്ഷ്യസുരക്ഷയുടെ തകര്‍ച്ച, മൂന്നാംലോകരാജ്യങ്ങളില്‍ ഇത് ഒഴിവാക്കാനാകാത്ത ദുരന്തമാകും. മൂന്നാംലോകരാഷ്‌ട്രങ്ങളില്‍ ഇപ്പോള്‍തന്നെ അനുഭവപ്പെടുന്ന ഭക്ഷ്യപ്രതിസന്ധി മാന്ദ്യത്തിന്റെ ഫലമായി കൂടുതല്‍ രൂക്ഷമാകും. മൂന്നു കാരണമാണ് ഇതിനുള്ളത്. കയറ്റുമതി വരുമാനം കുറയുന്നതുമൂലം വിദേശനാണ്യവരുമാനത്തില്‍ സംഭവിക്കുന്ന ഇടിവ് ഭക്ഷ്യഇറക്കുമതിക്കുള്ള മൂന്നാംലോകരാജ്യങ്ങളുടെ ശേഷി ദുര്‍ബലമാക്കും. രണ്ടാമതായി, ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍പ്പോലും തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതു കാരണം ആളുകളുടെ കൈവശം ആഹാരം വാങ്ങാന്‍ ആവശ്യമായ പണം ഉണ്ടായിരിക്കില്ല. മൂന്നാമതായി, ഭക്ഷ്യേതര വസ്‌തുക്കളുടെ വ്യാപാരം കുറയുന്നതുകാരണവും മേല്‍സൂചിപ്പിച്ച പ്രശ്‌നങ്ങളുണ്ടാകും.

ദാരുണമായ വിരോധാഭാസം ഇവിടെയുണ്ട്. കുമിളകളുടെ പെരുപ്പംവഴി മൂന്നാംലോകരാജ്യങ്ങളിലെ കര്‍ഷകര്‍ക്കും ചെറുകിട ഉല്‍പ്പാദകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കരകൌശലതൊഴിലാളികള്‍ക്കും വ്യവസായ തൊഴിലാളികള്‍ക്കും ഗുണമൊന്നും ലഭിച്ചിരുന്നില്ല, മറിച്ച് അവരുടെ ജീവിതനിലവാരം താഴോട്ടുപോയി. പല രീതിയിലാണ് ഇതു സംഭവിച്ചത്. ഒന്ന്, ആഗോളധനകമ്പോളങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍, ആസ്‌തിമൂല്യങ്ങളിലുണ്ടായ കുതിച്ചുകയറ്റംവഴി യുഎസ് ഓഹരിവിപണിയിലുണ്ടായ കുതിപ്പ്, മൂന്നാംലോകത്തടക്കം ധനമേഖലയിലുണ്ടായ കയറ്റം, ഇതൊക്കെ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും ഉല്‍പ്പാദനമേഖലയ്‌ക്കുപകരം ഊഹക്കച്ചവടങ്ങളില്‍ പണമിറക്കാന്‍ പ്രേരിപ്പിച്ചു. ഗ്രാമീണമേഖലയ്‌ക്കുപകരം നഗരങ്ങളിലും കാര്‍ഷിക-ചെറുകിട വായ്‌പകള്‍ക്കുപകരം ഉപഭോക്‍തൃ ആവശ്യങ്ങള്‍ക്കും ഓഹരിനിക്ഷേപങ്ങള്‍ക്കും ബാങ്കുകള്‍ പണം കടംകൊടുത്തു. രണ്ടാമതായി, സ്റ്റേറ്റിന്റെ ചുമതല ഈ ധനക്കുതിപ്പിനെ പിന്തുണയ്‌ക്കുക എന്നതായി. കര്‍ഷകരെയും ചെറുകിട ഉല്‍പ്പാദകരെയും സംരക്ഷിക്കുന്നതിനുപകരം 'നിക്ഷേപകരുടെ ആത്മവിശ്വാസം' നിലനിര്‍ത്തുക എന്നതിലായി. സബ്‌സിഡികള്‍, താങ്ങുവിലകള്‍, അത്യാവശ്യ പൊതുനിക്ഷേപം, ഗ്രാമീണ-സാമൂഹ്യമേഖലകളില്‍ അടിസ്ഥാനസൌകര്യം ഒരുക്കല്‍- ഇതെല്ലാം വെട്ടിക്കുറച്ചു; ഇതുവഴി ചെറുകിട ഉല്‍പ്പാദകരുടെ സാമ്പത്തികസ്ഥിതി തകര്‍ന്നു.

ചെറിയ സ്ഥിതിവിവരക്കണക്കുവഴി ഇക്കാര്യം വ്യക്തമാക്കാം. 1980-85ല്‍ ലോകത്തെ പ്രതിശീര്‍ഷ ധാന്യ ഉല്‍പ്പാദനം 335 കിലോഗ്രാമായിരുന്നു. 2000-2005ല്‍ 310 കിലോഗ്രാമായി ചുരുങ്ങി. ഈ കുറവ് ലോകത്തെ പ്രതിശീര്‍ഷ ധാന്യ ഉപഭോഗത്തില്‍ വന്ന ഇടിവിന്റെയും തെളിവാണ്. പക്ഷേ, വികസിതരാജ്യങ്ങളില്‍ പ്രതിശീര്‍ഷധാന്യ ഉപഭോഗം നേരിട്ടും അല്ലാതെയും വര്‍ധിക്കുകയാണ് ഉണ്ടായത്. അപ്പോള്‍ മൂന്നാംലോകരാജ്യങ്ങളില്‍ സംഭവിച്ച ഗണ്യമായ തകര്‍ച്ച ബോധ്യമാകുന്നു. ആഭ്യന്തര മൊത്ത ഉല്‍പ്പാദനനിരക്കില്‍ (ജിഡിപി) വളര്‍ച്ച രേഖപ്പെടുത്തിയ ഇന്ത്യയും ചൈനയുംപോലും ഇതില്‍നിന്ന് രക്ഷപ്പെട്ടില്ല.

പ്രതിശീര്‍ഷ ധാന്യ ഉല്‍പ്പാദനത്തില്‍ കുറവുണ്ടായിട്ടും ധാന്യത്തിന്റെ വിലയില്‍ അതനുസരിച്ച് വര്‍ധന നേരിട്ടില്ല. (ഈ കാലയളവില്‍ ലോകത്ത് ഭക്ഷ്യധാന്യവ്യാപാരവും ഭക്ഷ്യധാന്യ ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 40 ശതമാനത്തോളം കുറയുകയും ചെയ്തു). ലോകസമ്പദ്ഘടനയില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുകയുംചെയ്തു. മൂന്നാംലോകരാജ്യങ്ങളിലെ ജനതയുടെ ക്രയശേഷിയില്‍വന്ന കുറവ് എത്ര വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു. ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ കയറ്റങ്ങള്‍ ലോകസമ്പദ്ഘടനയില്‍, പ്രത്യേകിച്ച് മൂന്നാംലോകത്ത് ഏല്‍പ്പിച്ച കെടുതികള്‍ ഇത്രയും ഭീകരമാണ്. (യുഎസ് സമ്പദ്ഘടനയുടെ പങ്കിനെ 'ലോക്കോമോട്ടീവ്' എന്ന് വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്. ലേക്കോമോട്ടീവ് ചില കോച്ചുകളെ വലിച്ചുകൊണ്ടുപോകുമ്പോള്‍ മറ്റുള്ളവയെ തള്ളി പിന്നിലാക്കുന്നു).

ഊഹാധിഷ്ഠിത കയറ്റങ്ങളുടെ കെടുതി അനുഭവിച്ച ജനതതന്നെ ഇതിന്റെ തകര്‍ച്ചയുടെ ദുരന്തവും പേറേണ്ടിവരുന്നു. ഇതാണ് ദാരുണമായ വിരോധാഭാസം.

ഇതില്‍നിന്ന് വ്യക്തമാകുന്നത് പണലഭ്യത ഉറപ്പാക്കിയതുകൊണ്ട് ലോകസമ്പദ്ഘടന രക്ഷപ്പെടില്ലെന്നാണ്, ആവശ്യം(Demand) കൂട്ടാന്‍ നടപടിവേണം. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെ നേരിട്ടുള്ള ധനനടപടി വഴി മാത്രമേ ഇത് സാധ്യമാകൂ. ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണമെങ്കില്‍, അതിര്‍ത്തി കടന്നുള്ള മൂലധനമൊഴുക്ക് തടയണം. അല്ലെങ്കില്‍ ആഗോളതലത്തില്‍ പ്രവഹിക്കുന്ന ഊഹവ്യാപാരധനമൂലധനത്തിന്റെ തടവുകാരായി സര്‍ക്കാരുകള്‍ക്ക് കഴിയേണ്ടിവരും. ഓരോ രാജ്യത്തും സര്‍ക്കാര്‍ പണം ചെലവിടേണ്ട മേഖല വ്യത്യസ്‌തമാണ്. പക്ഷേ, ഇതിന്റെ പൊതുലക്ഷ്യം സാധാരണ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം തകര്‍ക്കുന്ന ഇന്നത്തെ ലോകസമ്പദ്ഘടനയുടെ ഗതിക്ക് എതിരായിട്ടുള്ളതായിരിക്കണം. അമേരിക്കയില്‍ പണം ചെലവിടുന്നത് സാമൂഹ്യമേഖലയിലെ ക്ഷേമപദ്ധതികള്‍ വഴിയോ ഫെഡറല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കിയോ ആകാം. ഇന്ത്യയിലും ചൈനയിലും ക്ഷേമപദ്ധതികള്‍ക്കു പുറമെ, സര്‍ക്കാരുകള്‍ ഉല്‍പ്പാദനമേഖലയില്‍, പ്രത്യേകിച്ച് കാര്‍ഷിക, ഭക്ഷ്യോല്‍പ്പാദന മേഖലയില്‍ ഗണ്യമായ തോതില്‍ നിക്ഷേപം വര്‍ധിപ്പിക്കണം.

ലോകസമ്പദ്ഘടനയെ മൊത്തത്തില്‍ പരിഗണിച്ചാല്‍, പ്രചോദനം നല്‍കേണ്ടത് കുമിളകള്‍ വഴിയല്ല, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാരുകള്‍ പണം ചെലവഴിച്ചാണ്. വികസിത-വികസ്വരരാജ്യങ്ങളില്‍ ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി നടപ്പാക്കണം (കോര്‍പറേറ്റ് കൃഷിസമ്പ്രദായം വഴിയല്ല, അത് കര്‍ഷകരുടെ ക്രയശേഷി വീണ്ടും കുറയ്‌ക്കും) ചുരുക്കത്തില്‍, പുതിയ വികസനതന്ത്രം ആവിഷ്‌ക്കരിക്കേണ്ടത് ഭക്ഷ്യധാന്യഉല്‍പ്പാദനം ഉയര്‍ത്താനുള്ള പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്. ഇത് ലോകത്തെ മാന്ദ്യത്തില്‍നിന്നും ഭക്ഷ്യപ്രതിസന്ധിയില്‍നിന്നും കരകയറ്റും. ലോകസമ്പദ്ഘടനയിലെ വ്യാപാര-ധന ക്രമീകരണങ്ങള്‍ സ്വതന്ത്രകമ്പോളവ്യവസ്ഥയുടെ തത്വങ്ങളില്‍ അധിഷ്ഠിതമായി മുന്നോട്ടുപോകരുത്. കര്‍ഷകരെയും ചെറുകിട ഉല്‍പ്പാദകരെയും കയറ്റങ്ങളിലും തകര്‍ച്ചകളിലും ദുരിതത്തിലാഴ്ത്തുന്ന നയങ്ങള്‍ ഇനിയും തുടരുന്നത് തികച്ചും അനീതിയാണ്.

*****

പ്രഭാത് പട്നായിക്

2008 ഒക്‍ടോബര്‍ 30 ന് ഐക്യ രാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയില്‍ പ്രൊ. പ്രഭാത് പട്നായിക് അവതരിപ്പിച്ച The Present crisis and the way forward എന്ന പേപ്പറിന്റെ സ്വതന്ത്ര വിവര്‍ത്തനം

Thursday, October 30, 2008

ആദര്‍ശത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ നീലക്കുയിലും കേരള നവോത്ഥാനവും

മുകളില്‍ മദ്ധ്യകേരളത്തിലെ വിശാലമായ നീലാകാശം, താഴെ കണ്ണെത്താതെ നീണ്ടുകിടക്കുന്ന കന്നി വയലുകള്‍. അവക്കിടയിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കുറെ മനുഷ്യജീവിതങ്ങള്‍. വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തില്‍ നിന്ന് നെയ്‌തെടുത്ത ഒരു കഥയാണ് നീലക്കുയില്‍ എന്ന കാര്‍ഡാണ് മലയാള സിനിമയില്‍ കേരളീയതയുടെ തുടക്കം കുറിച്ചു എന്ന് പിന്നീട് വ്യാഖ്യാനിക്കപ്പെട്ട നീലക്കുയിലിന്റെ ടൈറ്റിലുകള്‍ക്കു തൊട്ടു പുറകെ തിരശ്ശീലയില്‍ തെളിഞ്ഞത്. ട്രാന്‍‌സ്‌പോര്‍ട് കോണ്‍ട്രാക്‍റ്ററും വ്യവസായ പ്രമുഖനുമായിരുന്ന ടി കെ പരീക്കുട്ടി സാഹിബ് ആരംഭിച്ച ചലച്ചിത്ര നിര്‍മാണക്കമ്പനിയായ ചന്ദ്രതാരാ പ്രൊഡക്‍ഷന്‍സ് ആദ്യമായി നിര്‍മിച്ച സിനിമയായ നീലക്കുയില്‍ 1954ലാണ് പുറത്തു വന്നത്. കേരളത്തിലെ ആദ്യ എഴുപത് എം എം തിയറ്ററായ കൊച്ചിന്‍ സൈനയും അദ്ദേഹമാണ് നിര്‍മിച്ചത്. രാരിച്ചന്‍ എന്ന പൌരന്‍, നാടോടികള്‍, മുടിയനായ പുത്രന്‍, മൂടുപടം, തച്ചോളി ഒതേനന്‍, ഭാര്‍ഗവീനിലയം, കുഞ്ഞാലിമരക്കാര്‍, ആല്‍മരം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങള്‍. ഇവയില്‍ നീലക്കുയില്‍(1954), മുടിയനായ പുത്രന്‍(1961), തച്ചോളി ഒതേനന്‍(1964), കുഞ്ഞാലിമരക്കാര്‍ (1967) എന്നിവ രാഷ്‌ട്രപതിയുടെ വെളളിമെഡല്‍ നേടി. അക്കാലത്തു തന്നെ മലയാള സാഹിത്യത്തില്‍ തന്റേതായ സാന്നിദ്ധ്യം തെളിയിച്ചിരുന്ന ഉറൂബ്(പി സി കുട്ടികൃഷ്ണന്‍) സിനിമക്കു വേണ്ടി മാത്രമായെഴുതിയ കഥയും അദ്ദേഹം തന്നെ തയ്യാറാക്കിയ തിരക്കഥയുമാണ് നീലക്കുയിലിന്റേത്. കഥയും ചലച്ചിത്രകഥയും - ഉറൂബ് എന്നാണ് ടൈറ്റിലില്‍ തെളിയുന്നത്.

നീലക്കുയിലിന്റെ സവിശേഷതയെക്കുറിച്ച് ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമായ വിജയകൃഷ്ണന്‍ ഇപ്രകാരം വിവരിക്കുന്നു. അന്നോളം പുറത്തുവന്ന ഏതൊരു മലയാള ചിത്രത്തിലുമുപരി കേരളീയത പുലര്‍ത്തിയ ചിത്രമായിരുന്നു നീലക്കുയില്‍. ചിത്രത്തിന്റെ ഓരോ അടിയിലും ത്രസിച്ചുനില്‍ക്കുന്ന കേരളീയ ഗ്രാമാന്തരീക്ഷമുണ്ടായിരുന്നു. നിത്യജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത കഥാപാത്രങ്ങള്‍. അവരുടെ കൊച്ചു നൊമ്പരങ്ങളും ആഹ്ലാദങ്ങളും അതുവരെ പുറത്തുവന്ന ചിത്രങ്ങളിലെ കൃത്രിമമായ അന്തരീക്ഷ സൃഷ്ടിയുടെ സ്ഥാനത്ത് സജീവവും ഊഷ്‌മളവും യാഥാര്‍ഥ്യാധിഷ്ഠിതവുമായ അന്തരീക്ഷമിണക്കിച്ചേര്‍ത്തു എന്നതാണ് നീലക്കുയിലിന്റെ ഏറ്റവും വലിയ പ്രത്യേകത.(മലയാള സിനിമയുടെ കഥ-പേജ് 63)

ടൈറ്റിലിനും തുടക്കത്തില്‍ എഴുതിയ കാര്‍ഡിനും ശേഷമുള്ള ആദ്യത്തെ ദൃശ്യത്തില്‍ തന്നെ പക്ഷെ കേരളീയത പിറകില്‍ വലിച്ചുകെട്ടിയ ഒരു തുണിശ്ശീലയായി പ്രത്യക്ഷപ്പെടുന്നതു കാണാം. ചിഞ്ചക്കം താരോ, ചിഞ്ചക്കം താരോ, പുഞ്ചവയല്‍ കൊയ്‌തല്ലോ കൊഞ്ചെടി കൊഞ്ചെടി തത്തമ്മേ എന്ന കൊയ്‌ത്തുപാട്ടിന്റെ പശ്ചാത്തലമാണ് നാടകസ്‌റ്റേജില്‍ കാണാറുള്ള ആ തുണിക്കര്‍ട്ടന്‍. നാടകമായിരുന്നു കഥ / തിരക്കഥാകൃത്തിന്റെയും സംവിധായകരുടെയും മാതൃകകള്‍. പി ഭാസ്ക്കരനും രാമു കാര്യാട്ടും ചേര്‍ന്നാണ് നീലക്കുയില്‍ സംവിധാനം ചെയ്‌തത്. അവര്‍ രണ്ടു പേരും പില്‍ക്കാലത്ത് മലയാള സിനിമയിലെ അതി പ്രശസ്‌ത സംവിധായകരായി തീര്‍ന്നു. മിന്നാമിനുങ്ങ്, മുടിയനായ പുത്രന്‍, മൂടുപടം, ചെമ്മീന്‍, ഏഴു രാത്രികള്‍, അഭയം, മായ, നെല്ല്, ദ്വീപ്, അമ്മുവിന്റെ ആട്ടിന്‍കുട്ടി, കൊണ്ടഗാലി(തെലുങ്ക്) എന്നിവയാണ് രാമുകാര്യാട്ടിന്റെ പില്‍ക്കാല ചിത്രങ്ങള്‍. ഇതില്‍ ചെമ്മീന്‍(1966) രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും ദേശാന്തര പ്രശസ്‌തിയും വമ്പിച്ച വാണിജ്യവിജയവും നേടിയ ചിത്രമാണ്.
രാരിച്ചന്‍ എന്ന പൌരന്‍, നായരു പിടിച്ച പുലിവാല്, ലൈലാമജ്‌നു, ഭാഗ്യജാതകം, അമ്മയെ കാണാന്‍, ആദ്യകിരണങ്ങള്‍, ശ്യാമളച്ചേച്ചി, അന്വേഷിച്ചു കണ്ടെത്തിയില്ല, സ്ത്രീ, തറവാട്ടമ്മ, ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, പകല്‍ക്കിനാവ്, ലക്ഷപ്രഭു, കാട്ടുകുരങ്ങ്, മൂലധനം, കള്ളിച്ചെല്ലമ്മ, കുരുക്ഷേത്രം, വിത്തുകള്‍, ഉമ്മാച്ചു, ജഗദ്ഗുരു ശങ്കരാചാര്യര്‍ എന്നിങ്ങനെ അനവധി സിനിമകള്‍ സംവിധാനം ചെയ്യുകയും അതിലുമധികം സിനിമകള്‍ക്ക് ഗാനങ്ങളെഴുതുകയും ചെയ്‌ത പി ഭാസ്ക്കരന്‍ മലയാളസിനിമയില്‍ ഏറെക്കാലം നിറഞ്ഞു നിന്നു. നീലക്കുയിലിന്റെ രചന നിര്‍വഹിച്ച ഉറൂബ് തന്നെയാണ് രാരിച്ചന്‍ എന്ന പൌരന്‍, ഉമ്മാച്ചു എന്നിവയുടെയും കഥ /തിരക്കഥകള്‍ എഴുതിയത്. നീലക്കുയില്‍ എന്ന സിനിമക്ക് എന്തെല്ലാം പരിമിതികളുണ്ടായിരുന്നാലും ശരി, കെ രാഘവന്‍ മാസ്‌റ്ററുടെ സംഗീത സംവിധാനത്തില്‍ ആ ചിത്രത്തിലുള്‍ച്ചേര്‍ത്തിട്ടുള്ള ഗാനങ്ങള്‍ കേരളീയതയുടെയും കേരളത്തിന്റെയും അംശങ്ങളെങ്കിലും നിലനില്‍ക്കുന്ന അത്രയും കാലം നിലനില്‍ക്കും എന്നതുറപ്പാണ്. പുലയന്റെയും പാണന്റെയും മാപ്പിളയുടെയും നായരുടെയും പാട്ടുകള്‍ അതാതു സമുദായത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് മുഴുവന്‍ മലയാളിയെക്കൊണ്ടും പാടിപ്പിച്ചു എന്ന ചരിത്രപരമായ കടമ നിര്‍വഹിക്കാന്‍ നീലക്കുയിലിന്റെ സംഘാടകര്‍ക്ക് സാധിച്ചു എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. കേരളത്തെ മതേതരവത്ക്കരിക്കുന്നതിലും ജനാധിപത്യവത്ക്കരിക്കുന്നതിലും ഐക്യപ്പെടുത്തുന്നതിലും, നാടോടിവഴക്കങ്ങളുടെ സംഗീത പാരമ്പര്യത്തെ പൊതുസ്ഥലത്തേക്ക് സാമാന്യവത്ക്കരിച്ച ചലച്ചിത്രഗാനശാഖ ചെയ്‌ത സംഭാവന വളരെ വലുതാണ്. അതിന് തുടക്കം കുറിച്ചത് നീലക്കുയിലാണെന്നതും പ്രസ്താവ്യമാണ്.

തുണിക്കര്‍ട്ടന്റെ പശ്ചാത്തലത്തിലുള്ള അവതരണഗീതം പോലുള്ള ആ ഗാനനൃത്തരംഗം കഴിഞ്ഞ ഉടനെയുള്ള ദൃശ്യത്തില്‍ പക്ഷെ ക്യാമറ വാതില്‍പ്പുറത്തേക്ക് സഞ്ചരിക്കുന്നു. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ച ഒരു ഷിഫ്‌റ്റാണത്. ഇടിയും മിന്നലും ചേര്‍ന്ന ഒരു പേമാരി. കാര്‍ഷികപ്രധാന ജീവിതം നിറഞ്ഞു നില്‍ക്കുന്ന ഐക്യകേരളത്തിനും മുമ്പുള്ള കേരളഗ്രാമം. വെള്ളം പൊട്ടിച്ചാടി വയലിലെ കൃഷി ചീയാതിരിക്കാന്‍ കത്തിച്ച ചൂട്ടുകളും തൂമ്പകളുമായി അര്‍ദ്ധനഗ്നരായ കര്‍ഷകത്തൊഴിലാളികള്‍ സ്ത്രീ പുരുഷഭേദമെന്യേ മഴയെ കൂസാതെ സംഘബോധത്തോടെ അവിടെയെത്തി വരമ്പ് കെട്ടിത്തീര്‍ക്കുന്നു. സ്ഥലകാല ചരിത്രത്തെയും സാമ്പത്തിക / ഉത്പാദന ബന്ധങ്ങളെയും ആവിഷ്‌ക്കരിക്കുന്ന ആ ദൃശ്യത്തിന്റെ തുടര്‍ച്ച, കട്ടിലില്‍ വായിച്ചുകൊണ്ട് കിടക്കുന്ന ശ്രീധരന്‍ മാസ്‌റ്ററുടെ(സത്യന്‍) വിശ്രമമാണ്. എപ്പോഴും കര്‍മനിരതരായ തൊഴിലാളികള്‍; ഉപജീവനത്തിനായി ജോലി ചെയ്യുന്ന ആളാണെങ്കിലും കുറെക്കൂടി മെച്ചപ്പെട്ട നിലയില്‍ ജീവിക്കുന്ന അധ്യാപകന്‍ എന്ന മധ്യവര്‍ഗക്കാരനും ഉന്നതജാതിക്കാരനും ആയ നായകന്‍ എന്ന ദ്വന്ദ്വമാണ് തുടക്കത്തിലേ തെളിയുന്നത്.

ഐക്യകേരളത്തിലൂടെ സാക്ഷാത്കൃതമായ കേരള നവോത്ഥാന ചിന്തയുടെയും പ്രാസ്ഥാനികതയുടെയും ഒരു തെളിമയാര്‍ന്ന ലക്ഷണം എന്ന നിലക്ക് നീലക്കുയില്‍ പല വിധേന ചരിത്രത്തില്‍ മുഖ്യസ്ഥാനത്തെത്തുന്നുണ്ട്. കൊച്ചിക്കാരനായ ടി കെ പരീക്കുട്ടി സാഹിബ് നിര്‍മിച്ച ഈ സിനിമയുടെ രചന പൊന്നാനിക്കാരനായ ഉറൂബ് നിര്‍വഹിച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍ക്കാരനായ പി ഭാസ്‌ക്കരനും തൊട്ടടുത്ത തളിക്കുളത്തുകാരനായ രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്‌തു. തലശ്ശേരിക്കാരനായ കെ രാഘവന്‍ മാസ്‌റ്ററാണ് സംഗീത സംവിധാനം ചെയ്‌തതെങ്കില്‍ ആലപ്പുഴക്കാരനായ സത്യന്‍ മുഖ്യവേഷത്തിലഭിനയിച്ചു. കോഴിക്കോട് അബ്‌ദുള്‍ഖാദറടക്കമുള്ളവര്‍ ഗാനങ്ങളാലപിച്ചു. മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ പെട്ടവരുമായ അനേകര്‍ക്ക് യോജിച്ചു പ്രവര്‍ത്തിക്കാനായ ആ സംരംഭം കേരളീയത, കേരള നവോത്ഥാനം, മതേതരത്വം, ജനാധിപത്യം, പുരോഗമന ചിന്ത എന്നിങ്ങനെയുള്ള പരിവര്‍ത്തനാഹ്വാനങ്ങളുടെയും സമ്മേളനമായിരുന്നു. ഈ ആഹ്വാനങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിയപ്പോള്‍ സംഭവിച്ച പരിമിതികളുടെ ലക്ഷണങ്ങളും നീലക്കുയിലില്‍ നിന്ന് മുഴക്കത്തോടെ നമുക്ക് വായിച്ചെടുക്കാം.

കോരിച്ചൊരിയുന്ന ആ മഴയത്ത് വായനയിലും വിശ്രമത്തിലും ഉറക്കത്തിനു വേണ്ടിയുള്ള കാത്തുകിടപ്പിലുമായിരുന്ന ശ്രീധരന്‍ മാസ്‌റ്ററുടെ വീട്ടുകോലായയില്‍ മഴ നനഞ്ഞു കുതിര്‍ന്ന നീലി (കുമാരി) കയറി നില്‍ക്കുന്നു. അവളോട് വീട്ടിനകത്തേക്കു കയറി നില്‍ക്കാനും മഴ കഴിഞ്ഞ് പോകാമെന്നും അയാള്‍ പറയുന്നു. ശബ്‌ദവും തണുപ്പും നനവും നിറഞ്ഞുനിന്ന ആ രാത്രിയാമത്തില്‍ അയാള്‍ പ്രാകൃതികവികാരങ്ങള്‍ക്ക് കീഴ്പ്പെട്ട് അവളെ ലൈംഗികമായി പ്രാപിക്കുന്നു. അയിത്തം നിറഞ്ഞുനിന്ന കാലത്തില്‍ നിന്ന് വ്യത്യസ്‌തമായി നായര്‍ സമുദായക്കാരന്റെ വീട്ടിനകത്തേക്ക് നിസ്സംശയം കയറാന്‍ പുലയയുവതിക്ക് അനുവാദം ലഭിക്കുന്നത് നവോത്ഥാന ലക്ഷണമാണെങ്കില്‍; അവളുമായുള്ള അയാളുടെ സംഗമം, പുരുഷന്‍ / സ്ത്രീ, നായര് ‍/ പുലയ എന്നീ ദ്വന്ദ്വങ്ങളുടെ ആധിപത്യ / വിധേയത്വ ബലതന്ത്രത്തിന്റെ നിര്‍വഹണം മാത്രമാണെന്ന് കാണാം. അവരുടെ ബന്ധപ്പെടലിന്റെ വിശദാംശങ്ങള്‍ ദൃശ്യവത്ക്കരിക്കുന്നില്ല. മൃദുല വികാരങ്ങളെ അനാവശ്യമായി ഉദ്ദീപിപ്പിക്കാതിരിക്കാനുള്ള സമചിത്തത, കുടുംബചിത്രം തുടങ്ങിയ കാരണങ്ങളാല്‍ ആ അസാന്നിദ്ധ്യം ചരിത്രരചനയില്‍ പ്രകീര്‍ത്തിക്കപ്പെട്ടേക്കാം. എന്നാല്‍ അയാള്‍ അനുനയത്തിലൂടെയാണോ ബലപ്രയോഗത്തിലൂടെയാണോ സംഭോഗത്തിലേക്ക് അവളെ നയിച്ചത് എന്നത് വിശദീകരിക്കപ്പെടാത്ത പ്രഹേളികയായി തുടരുമ്പോള്‍, വിവാഹത്തിനകത്തും പുറത്തുമായി മുഴുവന്‍ മലയാളി സ്ത്രീ പുരുഷന്മാരും പിന്തുടരുന്ന ലൈംഗികബലതന്ത്രങ്ങള്‍ പ്രശ്‌നവത്ക്കരിക്കാതെ നിഗൂഢമാക്കപ്പെടുന്നു. ഈ നിഗൂഢവത്ക്കരണത്തിലൂടെ ആ ബലതന്ത്രം കുറ്റങ്ങളേതുമില്ലാതെ സാധൂകരിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, ആ സമാഗമത്തിനു ശേഷം തന്റെ കുഞ്ഞിന്റെ പിതൃത്വവും തങ്ങളുടെ സംരക്ഷണയും അങ്ങ് ഏറ്റെടുക്കണേ എന്ന് നീലി അപേക്ഷിക്കുമ്പോള്‍ അയാള്‍ നിസ്സഹായത നടിച്ച് -എന്റെ സമുദായത്തെ എനിക്ക് മാനിക്കേണ്ടേ?- പിന്തിരിയുന്ന നിര്‍ണായക കഥാ സന്ദര്‍ഭം വരെയുള്ള അവരുടെ സംഗമങ്ങളിലൊക്കെയും അവള്‍ പ്രസന്നവതിയും അതീവ സന്തുഷ്ടയുമായിട്ടാണ് കാണപ്പെടുന്നത്. അതായത്, ചുംബനവും മൈഥുനവും അടക്കമുള്ള കടന്നുപിടുത്തത്തിലൂടെ പുരുഷന്‍ സ്ത്രീയെ ലൈംഗികമായി കീഴ്‌പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ അവള്‍ പരിപൂര്‍ണ വിധേയയായിത്തീരുന്നു എന്നാണ് സങ്കല്‍പവും ഭാവനയും. 'സുഖം' അനുഭവിച്ചവളെന്ന നിലക്കും തന്റെ നഗ്ന ശരീരം ആദ്യം ദര്‍ശിച്ച ആളോട് താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന ഗാന്ധര്‍വവിവാഹസങ്കല്‍പ പ്രകാരവും അവള്‍ അയാളെ മനസ്സാ വരിക്കുന്നു. ഇത്തരം നായികകള്‍ പില്‍ക്കാലത്ത് മലയാള സിനിമയില്‍ ഒരു പതിവായി തീര്‍ന്നു.

പുരുഷനും ഉയര്‍ന്ന ജാതിക്കാരനുമായ മേലാളന്‍, സ്‌ത്രീയും കീഴാള ജാതിക്കാരിയുമായ വിധേയ എന്ന വര്‍ഗ / ലിംഗ വൈരുദ്ധ്യമാണ് ശ്രീധരന് ‍/ നീലി ബന്ധത്തിന്റെ അന്തസ്സത്ത. അദ്ധ്യാപകന്‍ എന്ന സാമൂഹ്യപരിവര്‍ത്തന വേഷമണിഞ്ഞെത്തുന്ന അയാള്‍ തൊഴിലാളിയും നിരക്ഷരയുമായ അവളെ കാമപൂര്‍ത്തീകരണത്തിന് വേണ്ടി കീഴ്പ്പെടുത്തുകയും പിന്നീട് അതിലുണ്ടാകുന്ന കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നു. നാടുവാഴിത്തത്തിന്റെയും സവര്‍ണ ജാതി വ്യവസ്ഥ എന്ന ജീര്‍ണതയുടെയും 'മഹാ'ഭാരങ്ങള്‍ ആന്തരീകരിച്ചിട്ടുള്ള അയാളുടെ ശരീരവും മനസ്സും കേരള നവോത്ഥാനത്തിന്റെ ശരീരവും മനസ്സും തന്നെയായി മാറുന്ന കൂടുവിട്ട് കൂടുമാറല്‍ വിദ്യയാണിവിടെ പരോക്ഷമായി പ്രാവര്‍ത്തികമാകുന്നത്. ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും കുട്ടികളെയും പീഡനത്തിന് വിധേയമാക്കിക്കൊണ്ടേയിരിക്കുമ്പോഴും രാഷ്‌ട്രീയ പ്രബുദ്ധമായ ജനാധിപത്യ /പുരോഗമന /മതേതര കേരളം സാക്ഷാത്കൃതമായി എന്ന നുണ ഉച്ചൈസ്‌തരം പ്രഖ്യാപിക്കാന്‍ നാം മടി കാണിക്കാത്തത് ഈ ആന്തരീകരണത്തിന്റെ കപട ലഹരിയിലാണെന്നര്‍ത്ഥം. ആദ്യ സംഗമത്തിനു ശേഷം കൂടുതല്‍ ഉത്സാഹവതിയായി പാടത്ത് നടക്കുകയും കൂട്ടുകാരികളാല്‍ കളിയാക്കപ്പെടുകയും ചെയ്യുന്ന നീലി, ശ്രീധരന്‍ മാസ്‌റ്ററോടുള്ള അനുരാഗവൈവശ്യത്തോടെയാണ് പിന്നീട് അയാളെ പ്രാപിക്കുന്നത്. ബലപ്രയോഗത്തിലൂടെ തന്നെ കീഴ്പ്പെടുത്താനുള്ള അധികാരം മേലാള / പുരുഷനുണ്ടെന്ന കീഴാള / സ്ത്രീയുടെ സാമൂഹ്യ അബോധമാണവളെ അയാളുടെ കാമുകിയാക്കി സ്വയം നിശ്ചയിക്കുന്നത്.

നായര്‍ തറവാട്ടുകളുടെ ശിഥിലീകരണം, അതിനിടയിലും തുടരുന്ന തറവാടിത്ത ഘോഷണം, സംബന്ധം പോലുള്ള ബ്രാഹ്മണാധികാരത്തിന്റെ ലൈംഗിക ഭരണഘടന, അയിത്തോച്ചാടനനിയമം പാസാക്കിയിട്ടും തൊട്ടുകൂടായ്‌മയും അതിന്റെ പ്രത്യക്ഷീകരണമായ പുലഭ്യം പറച്ചിലും തുടരുന്ന തിരു'മേനി'യും അയാളെ പുതിയ കാലത്തെക്കുറിച്ചോര്‍മപ്പെടുത്തുന്ന ആധുനികകാലത്തിന്റെ മറ്റൊരു പ്രതിനിധിയായ പോസ്‌റ്റ്‌മാനും എന്നിങ്ങനെ പഴമയും പുതുമയും തമ്മിലുള്ള അഭിമുഖീകരണം നാടകീയതയുടെ മുഴക്കങ്ങളോടെ നീലക്കുയിലില്‍ ധാരാളമായി കടന്നു വരുന്നുണ്ട്. പുരോഗമനാശയത്തിന്റെ ഈ മുഖംമൂടി പ്രമേയത്തിലും നിലപാടിലുമുള്ള സന്ദിഗ്ദ്ധതയെ വെളിപ്പെടുത്താതിരിക്കാന്‍ മിക്കപ്പോഴും സഹായകമാകുകയും ചെയ്‌തു.
അവളോട് നിസ്സഹായത പ്രകടിപ്പിക്കുകയും നിനക്ക് ഏതെങ്കിലുമൊരാളെ കല്യാണം കഴിച്ചാല്‍ പോരെ എന്ന് ചോദിച്ച് തിരിച്ചുപോരുകയും ചെയ്യുന്ന ശ്രീധരന്‍ മാസ്‌റ്റര്‍ ആ ഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള മനസ്‌താപമൊന്നും അനുഭവിക്കുന്നതായി കാണുന്നില്ല. ആ കഥാപാത്രത്തോട് സമഭാവപ്പെടുന്ന പ്രേക്ഷകന്റെ ഉള്ളില്‍ കള്ളി വെളിച്ചത്തായി അയാള്‍ പിടിക്കപ്പെടുമോ എന്ന ആശങ്കയാണ് ഈ ഘട്ടത്തില്‍ നിറയുന്നത്.

പോസ്‌റ്റ്‌മാന്‍ ശങ്കരന്‍ നായര്‍ തകര്‍ന്ന തറവാട്ടിലെ നളിനി(പ്രേമ)യുമായുള്ള അയാളുടെ കല്യാണം ആലോചിച്ചുറപ്പിക്കുന്നു. കല്യാണദൃശ്യത്തോടൊപ്പം സിനിമയുടെ നാടകീയത വര്‍ദ്ധിപ്പിച്ചുകൊണ്ട്, നീലിയുടെ ഗര്‍ഭം പുലയക്കുടിയില്‍ വലിയ അപമാനത്തിന് ഇടയാകുന്ന ദൃശ്യമാണ് സമാന്തരമാകുന്നത്. ആരാണ് നിന്റെ ഗര്‍ഭത്തിന് ഉത്തരവാദി എന്ന് പറയെടി എന്ന തല്ലോടുകൂടിയുള്ള അഛന്റെ ചോദ്യത്തിനു മുമ്പില്‍ മറുപടി പറയാതെ അവള്‍ കരഞ്ഞുകൊണ്ടാണെങ്കിലും ശ്രീധരന്‍ മാസ്‌റ്ററോടുള്ള വിധേയത്വം തുടരുന്നു. അയാളുടെ പേര് പറയാതെ അയാളെ എന്നെന്നേക്കുമായി രക്ഷപ്പെടുത്തുകയാണവള്‍. അതിലൂടെ തന്റെ ജീവിതം മുഴുവനര്‍ത്ഥത്തിലും അനിശ്ചിതത്വത്തിലേക്കെറിയുകയുമാണവള്‍. ഇപ്രകാരം തന്റെ നിലനില്‍പ് പൂര്‍ണമായും കുഴപ്പത്തിലാക്കിക്കൊണ്ടാണെങ്കിലും കീഴാളവര്‍ഗത്തിലും ദളിത ജാതിയിലും പെട്ട സ്‌ത്രീ മേലാളനായ പുരുഷനെ സംരക്ഷിച്ചുകൊള്ളും എന്ന ആഗ്രഹവും അങ്ങിനെ സംരക്ഷിക്കുന്നതാണ് സമുദായങ്ങള്‍ തമ്മിലുള്ള ആധിപത്യ / വിധേയത്വ പാരസ്‌പര്യം നിലനിന്നുപോകുന്നതിനു നല്ലത് എന്ന തീരുമാനവുമാണ് കഥാകൃത്തിന്റെ അബോധത്തില്‍ പ്രവര്‍ത്തിക്കുന്നത്.
നീലി തന്റെ ഗര്‍ഭത്തിനുത്തരവാദിയാരാണെന്നു തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ മലയാള സിനിമയുടെ മാത്രമല്ല, ഒരു പക്ഷെ മലയാളിയുടെ നവോത്ഥാനത്തിന്റെ തന്നെ അജണ്ട മാറ്റി നിശ്ചയിക്കപ്പെടുമായിരുന്നു. ആ സാഹസികതക്കു തയ്യാറായില്ല എന്നതാണ് ഉറൂബും രാമു കാര്യാട്ടും പി ഭാസ്‌ക്കരനും ചേര്‍ന്ന് നടത്തുന്ന വിട്ടുവീഴ്‌ചാ ഫോര്‍മുല. ഈ വിട്ടുവീഴ്‌ചാ ഫോര്‍മുലയെ സാമാന്യ മലയാളി രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു എന്നതാണ് നീലക്കുയിലിന്റെ അഭൂതപൂര്‍വമായ വാണിജ്യ വിജയത്തിന്റെ കാരണം എന്നും സമര്‍ത്ഥിക്കാവുന്നതാണ്. നീലി കാര്യങ്ങള്‍ തുറന്നു പറയുകയും ശ്രീധരന്‍ മാസ്‌റ്റര്‍ തുറന്നുകാട്ടപ്പെടുന്ന ഒരു വഞ്ചകനായി വെളിപ്പെടുകയും ചെയ്യുന്ന ഒരു കഥാഗതിയെ സ്വീകരിക്കാന്‍ മലയാളി തയ്യാറുണ്ടായിരുന്നില്ല എന്നും കരുതാവുന്നതാണ്. പെരുവഴിയിലിരുന്ന് കഞ്ഞി തിളപ്പിക്കുന്ന നീലിയുടെ അരികിലൂടെ ശ്രീധരന്‍ മാസ്‌റ്ററും ശങ്കരന്‍ നായരും നടന്നു വരുന്ന ദൃശ്യം ശ്രദ്ധിക്കുക. അവളുടെ കരച്ചിലും അതു കണ്ട് സഹതപിക്കുന്ന ശങ്കരന്‍ നായരുടെ സംസാരവും ചേര്‍ന്നുണ്ടാക്കുന്ന ദുസ്സഹമായ അനുഭവത്തെ ശ്രീധരന്‍ മാസ്‌റ്റര്‍ എങ്ങിനെയാണ് തരണം ചെയ്യുന്നത് എന്നതിലായിരിക്കും പ്രേക്ഷകന്റെ ശ്രദ്ധ. അതിനാല്‍ ശങ്കരന്‍ നായര്‍ പറയുന്ന വാക്കുകള്‍ ഒരു പക്ഷെ ആരും ഓര്‍ക്കുന്നുണ്ടാവില്ല. നിന്നെ പിഴപ്പിച്ചവന്‍ ഇപ്പോഴും ഈ നാട്ടില് ദൈവത്തിന്റെ മുമ്പിലും സമുദായത്തിന്റെ മുമ്പിലും വലിയ മാന്യനായി നടക്ക്വാണെന്ന് എനിക്കറിയാം എന്നാണയാള്‍ സ്വയം പരിതപിച്ചുകൊണ്ട് പറയുന്നത്. അത്തരമൊരു പരിതാപത്തിലൂടെ സ്വയം നീറാനല്ലാതെ തുറന്നു പറയുന്ന സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ മലയാളി എന്ന സമുദായം തയ്യാറായിട്ടില്ല എന്നു വ്യക്തം. തുടര്‍ന്ന് നീലീ, നീ ഒരു കാര്യം ചെയ്യ് നീ എന്റെ വീട്ടിലേക്ക് പോരൂ, നിന്റെ മുമ്പില്‍ ആ വാതില്‍ ആരും കൊട്ടിയടക്കില്ല എന്നയാള്‍ ഉറപ്പു കൊടുക്കുകയും ചെയ്യുന്നു. എന്നാലവളതനുസരിച്ച് അയാളുടെ വീട്ടിലേക്ക് പോകരുതേ എന്നാണ് സാമാന്യ മലയാളി ആഗ്രഹിച്ചത്. ആ ആഗ്രഹത്തിനനുസരിച്ച് അവളുടെ മറുപടി വരുന്നു. ഇല്ല, ഞാനെങ്ങട്ടും ഇല്ല, ഈ മരച്ചോട്ടില്‍ കിടന്നോളാം.

(നീലക്കുയിലിന്റെ കഥാരചന, നിര്‍വഹണം, നിര്‍മാണം എന്നിവയുമായി പ്രത്യക്ഷബന്ധമൊന്നുമില്ലെങ്കിലും കേരളത്തിലെ സ്ത്രികളുടെ അവസ്ഥ എന്തായിത്തീര്‍ന്നു എന്നതിനുദാഹരണമായി ഈ സിനിമയിലെ മുഖ്യവേഷങ്ങളിലഭിനയിച്ച രണ്ടു നടികളുടെയും സ്വകാര്യജീവിതത്തിന്റെ പില്‍ക്കാല പരിണതി സൂചനയായെടുക്കാവുന്നതാണ്. നായികയായ നീലിയെ അവതരിപ്പിച്ച കുമാരി വിവാഹിതയായതിനു ശേഷം കുടുംബജീവിതത്തിലെ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തു. ശ്രീധരന്‍ മാസ്‌റ്ററുടെ ഭാര്യയായ നളിനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രേമയുടെ മകള്‍ ശോഭ പ്രസിദ്ധ നടിയായിത്തീരുകയും ഉര്‍വശി അവാര്‍ഡടക്കം നേടുകയും ചെയ്‌തു. ഒരു സംവിധായകനുമായുള്ള പ്രണയവും രഹസ്യവിവാഹവും നടത്തി എന്നാരോപിക്കപ്പെട്ട ശോഭ ആത്മഹത്യ ചെയ്‌തതിനെ തുടര്‍ന്ന് അവളുടെ അമ്മ പ്രേമയും വൈകാതെ ആത്മഹത്യ ചെയ്‌തു. സ്ത്രീകള്‍ക്ക് അതും സാമ്പത്തികമായ സുരക്ഷയും പ്രശസ്തിയുമുള്ളവര്‍ക്ക് ജീവിക്കാന്‍ എത്ര മേല്‍ യോഗ്യമായ പ്രദേശമാണ് കേരളം അല്ലേ?)

നീലി എന്ന കഥാപാത്രത്തെ, ഉദാരമനസ്‌ക്കരായി സ്വയം വിചാരിക്കുന്നവരും സവര്‍ണ ജാതിക്കാരോ അവരോട് വിധേയത്വമുള്ളവരോ ആയവരുമായ പുരോഗമനവാദികളായ എഴുത്തുകാര് ‍/കലാകാരന്മാര്‍ നിര്‍മിച്ചെടുത്തതെങ്ങനെ എന്നത് നീലക്കുയിലിനെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ വിശദീകരിക്കപ്പെടേണ്ടതാണ്. തങ്ങളുടെ തന്നെ ഭീതികളും ആഗ്രഹങ്ങളും; പുരോഗമനചിന്ത എവിടം വരെയാകാം, എന്താണതിന്റെ പരിധി എന്നുമുള്ള സങ്കല്‍പ / ഭാവനകളും ഇവയൊക്കെ ചേര്‍ന്നാണ് ഈ പുരോഗമനവാദികളെക്കൊണ്ട് തോല്‍ക്കുന്ന വിധത്തിലുള്ള ഒരു പുലയയുവതി എന്ന കര്‍തൃത്വത്തെ സൃഷ്‌ടിച്ചതെന്നു വേണം കരുതാന്‍. സ്വയം സ്വതന്ത്രയാവാന്‍ അവളെ അവളുടെ സമുദായമെന്നതുപോലെ കഥാകൃത്തും സംവിധായകരും സമ്മതിക്കുന്നില്ല. ഈ (പുലയ)സമുദായത്തെയും കഥാകൃത്തും സംവിധായകരും തന്നെയാണല്ലോ നിര്‍മിക്കുന്നത്. ഒന്നുകില്‍ ഉന്നതമായ സാംസ്‌ക്കാരികമൂല്യങ്ങളൊന്നും നിലനിര്‍ത്താത്തവര്‍, അല്ലെങ്കില്‍ സവര്‍ണരുടെ സദാചാരവീക്ഷണത്തിന്റെ ഈച്ചക്കോപ്പികള്‍ എന്ന വിധേന ദളിതരെയും ആദിവാസികളെയും ആവിഷ്‌ക്കരിക്കാന്‍ രാമു കാര്യാട്ട് പില്‍ക്കാലത്ത് തുനിഞ്ഞത് - ചെമ്മീന്‍, നെല്ല് - ഇതിന്റെ തെളിവായി കരുതാവുന്നതാണ്.

ആത്മഹത്യ ചെയ്യാനായി തീവണ്ടിപ്പാളത്തിലേക്ക് ഇഴഞ്ഞുനീങ്ങുന്ന അവള്‍ തൊട്ടടുത്തു വരെയേ എത്തുന്നുള്ളൂ. അവിടെ കിടന്ന് കുഞ്ഞിനെ പ്രസവിക്കുകയും അതിന്റെ ആഘാതത്തില്‍ മരിക്കുകയുമാണ്. 'പാപം' പേറുന്ന സ്‌ത്രീകള്‍ മലയാള സിനിമയില്‍ എല്ലായ്‌പ്പോഴും കഥാഗതിക്കിടയില്‍ മരിക്കുകയാണ് പതിവ്. ഈ പതിവ് ആരംഭിക്കുന്നതും നീലക്കുയിലില്‍ നിന്നായിരിക്കും. സമുദായനിയമങ്ങള്‍ പാലിക്കാതെ അനാഥ ഗര്‍ഭം ധരിച്ചു എന്നതാണ് അവളുടെ 'പാപം'. ആ ഗര്‍ഭം അനാഥമല്ല എന്ന് അവള്‍ക്ക് നിഷ്പ്രയാസം തെളിയിക്കാമായിരുന്നു. അവളതിന് തുനിയുന്നില്ല. അങ്ങിനെ അവള്‍ തന്നെ, തന്നെ വഞ്ചിച്ചവനെ രക്ഷപ്പെടുത്തുന്നതിലൂടെ അനാഥമായിത്തീര്‍ന്ന ആ ഗര്‍ഭം എന്ന പാപം അവളെന്ന കഥാപാത്രത്തെ കൊന്നു കളയുന്നു. ബലാത്സംഗത്തിന് വിധേയരാകുന്ന സ്ത്രീകളെ കൊന്നുകളയുന്ന സാമാന്യശീലം പോലും സാധൂകരിക്കപ്പെടുന്ന അത്യന്തം അപകടകരമായ കഥാസന്ദര്‍ഭമായി ഈ മരണത്തെ മലയാളി തിരിച്ചറിഞ്ഞില്ല. തനിക്ക് ഗര്‍ഭം സമ്മാനിച്ചവനെ വെളിപ്പെടുത്തിയില്ലെങ്കിലും വേണ്ടില്ല, കുഞ്ഞുമായി അധ്വാനിച്ച് ജീവിക്കാം എന്നു ധൈര്യത്തോടെ കരുതുന്ന ഒരു സ്‌ത്രീകഥാപാത്രത്തെ സ്വീകരിക്കാനും മലയാളി തയ്യാറായിരുന്നില്ല എന്നായിരിക്കണം ആദര്‍ശത്തിന്റെ ജനപ്രിയത രൂപീകരിക്കാന്‍ ശ്രമിച്ചിരുന്ന കഥാകൃത്തും സംവിധായകരും കരുതിയിട്ടുണ്ടാവുക.

കുട്ടിയെ ഏറ്റെടുക്കാന്‍ ആരും തയ്യാറാവുന്നില്ല. നവോത്ഥാന മലയാളി സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്ന ആദര്‍ശവാദി എന്ന കര്‍തൃത്വമായ ശങ്കരന്‍ മാസ്‌റ്റര്‍ പക്ഷെ ആ ചോരക്കുഞ്ഞിനെ കോരിയെടുക്കുന്നു. അരുത് അരുത് എന്നെല്ലാവരും വിലക്കുന്നു. ഛെ നിര്‍ത്തിന്‍, നിങ്ങള്‍ക്ക് കണ്ണില്ലേ, നിങ്ങള്‍ മനുഷ്യരല്ലേ, ആ മനുഷ്യക്കുട്ടിയെ കാണാന്‍ കണ്ണുള്ള ഒരുത്തനും ഈ കൂട്ടത്തിലില്ലേ, കാട്ടുമൃഗങ്ങളുടെ ഇടയിലേക്കോ മനുഷ്യരുടെ ഇടയിലേക്കോ ഈശ്വരന്‍ ഈ കുഞ്ഞിനെ അയച്ചിരിക്കുന്നത് ! ഛെ അതൊരു പുലയക്കുട്ടിയാണ് എന്ന ആക്രോശത്തെയും അയാള്‍ നേരിടുന്നു. പുലയക്കുട്ടി മനുഷ്യനല്ലേ, എനിക്ക് കുഞ്ഞുങ്ങളില്ല, ഞാനിതിനെ കൊണ്ടു പോകുകയാണ് എന്നാണയാള്‍ പറയുന്നത്. അഞ്ചും ആറും കുട്ടികളുള്ള നിങ്ങള്‍ക്ക് ഈ കുട്ടിയെ കണ്ടിട്ട് അതിനെ തെരുവിലേക്ക് വലിച്ചെറിയാന്‍ തോന്നുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് ഈശ്വരനെ വിശ്വാസമുണ്ടോ, മനുഷ്യനെ സ്നേഹമുണ്ടോ, പണക്കാരുടെയും വലിയവരുടെയും കുട്ടികള്‍ക്കേ ലോകത്തില്‍ ജീവിക്കാന്‍ അവകാശമുള്ളൂ? ഇതും ഒരു മനുഷ്യക്കുട്ടിയാണ്. ഇവനൊരു പൌരനാണ്, പാടത്ത് ഇറങ്ങി പണിയെടുക്കേണ്ടവനാണ്, രാജ്യം ഭരിക്കേണ്ടവനാണ്, ലോകം ഭരിക്കേണ്ടവനാണ്. ഇവനെ സൃഷ്ടിക്കാന്‍ ഈശ്വരന് ലജ്ജ തോന്നിയില്ലെങ്കില്‍ ഇവനെ എടുത്തു വളര്‍ത്തുന്നതിന് ഞാനെന്തിന് ലജ്ജിക്കണം? മാറിന്‍ ഭീരുക്കളെ, മാറിന്‍! ഗംഭീരമായ ആദര്‍ശപ്രസംഗം.

മലയാളിയെ കോരിത്തരിപ്പിച്ച ആ പ്രവൃത്തിയും പ്രസംഗവും നീലക്കുയിലിന്റെ സാമൂഹ്യപ്രസക്തി വര്‍ദ്ധിപ്പിച്ചു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഇത്തരത്തില്‍ അത്യാദര്‍ശവാദിയായ ഒരു നായരെ പൊലിപ്പിക്കാന്‍ വേണ്ടിയല്ലേ പുലയയുവതിയായ നീലിയെ കൊന്നുകളഞ്ഞത് എന്ന ചോദ്യവും ന്യായമായി ഉയര്‍ന്നുവരുന്നുണ്ട്. നീലി സ്‌ഥൈര്യത്തോടെ ജീവിതം നേരിടുകയും അവള്‍ക്ക് ആവശ്യമായ പിന്തുണ കൊടുക്കുന്ന ഒരാളായി ശങ്കരന്‍ നായര്‍ വരുകയും ചെയ്‌തിരുന്നെങ്കില്‍ അയാളുടെ കഥാപാത്രത്തിന് വേണ്ടത്ര മിഴിവ് ലഭിക്കുമായിരുന്നില്ല. സംവിധായകരിലൊരാള്‍ തന്നെ (പി ഭാസ്‌ക്കരന്‍) വേഷമിടുന്ന ഈ കഥാപാത്രത്തിന്റെ ആദര്‍ശപദവിക്കു വേണ്ടിയും നീലിയെ അവസാനിപ്പിച്ചു സ്രഷ്‌ടാക്കള്‍ എന്നും കരുതാവുന്നതാണ്. നായകത്വത്തിന്റെ മറ്റേ പകുതിയായ ശ്രീധരന്‍ മാസ്‌റ്ററെ അവതരിപ്പിക്കാനിരുന്നത് രാമു കാര്യാട്ടായിരുന്നുവത്രെ. പിന്നീട് നിര്‍മാണവേളയിലാണ് സത്യനിലേക്ക് ആ വേഷം കൈമാറ്റം ചെയ്യപ്പെട്ടത്. സംവിധായകരുടെ ആദര്‍ശപദവികളും ആഗ്രഹങ്ങളുമായിരുന്നു നായകത്വത്തിലൂടെ ഉദാത്തീകരിക്കാന്‍ തയ്യാറാക്കിയത് എന്നര്‍ത്ഥം.

വഞ്ചകനും തെറ്റുകാരനുമായ ശ്രീധരന്‍ മാസ്‌റ്ററുടെ മനസ്സും ശരീരവും നീറിപ്പുകയുന്നതിന്റെ നീണ്ട ദൃശ്യ /കഥാ വിശദീകരണങ്ങളാണ് പിന്നീടുള്ളത്. അഭിനയ ചക്രവര്‍ത്തി എന്നു വിശേഷിപ്പിക്കപ്പെട്ട സത്യന്റെ ശ്രദ്ധേയമായ അവതരണം കൊണ്ട് ഹൃദയസ്‌പൃക്കായി തീര്‍ന്ന ആ നാടകീയതയിലൂടെ അയാളിലെ തെറ്റുകാരനോട് പൊറുക്കാനും അയാളിലെ നായകത്വത്തെ ഉദാത്തീകരിക്കാനും സിനിമ സമര്‍ത്ഥമായി ശ്രമിക്കുന്നു. എന്റെ ജീവിതം ഒരു ചുടുകാടായി എന്നയാള്‍ പരിതപിക്കുന്നു. ആയിരം പാപം ചെയ്‌തവരുണ്ട്, ചെയ്യുന്നവരുണ്ട്, അവരൊക്കെ സുഖമായി ജീവിക്കുന്നു. എല്ലാം വിസ്‌മരിക്കുക, എല്ലാത്തില്‍ നിന്നും മുഖം തിരിക്കുക, അതാണ് സുഖം. പക്ഷെ എനിക്കൊരു ഹൃദയമുണ്ടായിപ്പോയി. അയാളുടെ സ്വയം വിചാരണയെ വാഴ്ത്തുകയും അപ്രകാരം അയാളിലെ മനുഷ്യത്വത്തെയും ആധുനികാദര്‍ശത്തെയും പൊലിപ്പിച്ചെടുക്കുകയും ചെയ്യുക എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. നീലി എന്തുകൊണ്ട് സത്യം തുറന്നു പറഞ്ഞില്ല എന്നതിനുത്തരം അപ്പോഴാണ് വ്യക്തമാകുന്നത്. നീലി അങ്ങിനെ സത്യം തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ സ്വയം കുറ്റപ്പെടുത്തി നീറി നീറി ജീവിക്കുന്ന ശ്രീധരന്‍ മാസ്‌റ്ററെയും ആദര്‍ശത്തിന്റെ കൊടിയടയാളമായ ശങ്കരന്‍ നായര്‍ എന്ന തറവാടിയെയും വളര്‍ത്തിയെടുക്കാനാവുമായിരുന്നുവോ? പുരുഷന്മാരും നായന്മാരുമായ ആ രണ്ട് കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ഒരേ നായകത്വത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ തന്നെയാണ്. ഒരാള്‍ കുറ്റവും മറ്റേയാള്‍ അതിനുള്ള പരിഹാരവും.

ഞാനെന്തിന് ജീവിക്കണം, ഞാനൊരു മനുഷ്യനാണോ? ഒരു പിശാചിനെയാണ് നീ (ഭാര്യ) ദേവനായി കണക്കാക്കിയത്, സ്വന്തം ഹൃദയത്തെ കടിച്ചുകീറുന്ന ഒരു പിശാച്, സ്വന്തം ജീവനെ ഊതിപ്പറപ്പിക്കുന്ന ഒരു നിര്‍ദയന്‍, എന്നൊക്കെയാണ് നളിനിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സത്യം തുറന്നു പറയുന്നതിനു തൊട്ടുമുമ്പായി ശ്രീധരന്‍ മാസ്‌റ്റര്‍ വിലപിക്കുന്നത്. തനിക്കൊരു മകനുണ്ടെന്ന് കുറ്റസമ്മതം നടത്തുന്ന അയാളെ നോക്കി പകച്ചു നില്‍ക്കുന്ന അവളോട്, നിനക്കത് പൊറുക്കാന്‍ സാധിക്കുന്നുണ്ടോ, എന്തുകൊണ്ട് നീയതു കേട്ടുകൊണ്ടു നില്‍ക്കുന്നു, എന്തുകൊണ്ട് നീയെന്നെ ചവിട്ടിപ്പുറത്താക്കുന്നില്ല, എന്തുകൊണ്ട് നീയെന്നെ ശപിച്ച് ഭസ്‌മമാക്കുന്നില്ല. അയാളുടെ ഈ കുറ്റസമ്മതത്തെ തുടര്‍ന്ന് അവളയാള്‍ക്ക് മാപ്പു കൊടുക്കില്ല എന്നു പറയുന്നത്, അയാളിത്തരത്തില്‍ ഒരു സ്‌ത്രീയെ വഞ്ചിച്ചു എന്നതുകൊണ്ടല്ല, മറിച്ച് അവളോട് അതു പറഞ്ഞില്ല എന്നതിനാലാണ്. ഒരു പുരുഷന്‍ ഒരിക്കല്‍ കാല്‍ വഴുതിവീണാല്‍ അത് പൊറുക്കാന്‍ കഴിയാത്ത ഭാര്യയുണ്ടോ? പക്ഷെ ഒരു കുട്ടിയോട് ക്രൂരത കാണിക്കുന്നത് എനിക്ക് പൊറുക്കാന്‍ കഴിയില്ല എന്നാണവള്‍ പ്രതികരിക്കുന്നത്. പുരുഷന് തെറ്റു ചെയ്യാനുള്ള വാസന സഹജമാണെന്നും അതു പൊറുത്തുകൊണ്ട് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനം നിലനിര്‍ത്തുന്നവളാണ് ഉത്തമ ഭാര്യ എന്നുമുള്ള പുരുഷാധികാര തത്വചിന്തയാണ്, പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും മതേതര-ജനാധിപത്യത്തിന്റെയും ആശയാഭിലാഷമായിരുന്ന ഐക്യകേരളത്തിന്റെ കൊടിയടയാളമായിരിക്കേണ്ട കേരളീയതയെ ജനപ്രിയസംസ്‌ക്കാരമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്‌ത ഉറൂബും പി ഭാസ്‌ക്കരനും രാമുകാര്യാട്ടും വ്യവസ്ഥപ്പെടുത്തിയതെന്നര്‍ത്ഥം.

താനാണ് നീലിയെ പിഴപ്പിച്ചതെന്നും മോഹന്‍ തന്റെ മകനാണെന്നും ശ്രീധരന്‍ മാസ്‌റ്റര്‍ ശങ്കരന്‍ നായരോട് പറഞ്ഞപ്പോള്‍ ആദ്യമൊന്ന് പകച്ചുവെങ്കിലും വീറ് വീണ്ടെടുത്ത് അയാള്‍ ശ്രീധരന്‍ മാസ്‌റ്ററെ കണക്കിന് പരിഹസിക്കുകയും ഭര്‍ത്സിക്കുകയും ചെയ്യുന്നു. മോഹന്‍ നിങ്ങളുടെ മകനോ! നിങ്ങളെപ്പോഴാണിത് കണ്ടു പിടിച്ചത്? റെയില്‍ പാളത്തിനടുത്ത് ചരല്‍ക്കല്ലുകളില്‍ ഒരു ചോരക്കുഞ്ഞു കിടന്ന് പിടച്ചപ്പോള്‍ അതിനെ രക്ഷിക്കാന്‍ അന്ന് ഞാനൊരാളെക്കണ്ടില്ല. ഒരു ജീവനെ രക്ഷിക്കാന്‍ ഞാനാരെയും കണ്ടില്ല. അന്നത് പുലയക്കുട്ടിയായിരുന്നു. അല്ലേ. അന്ന് ഞാനതിനെ കടന്നെടുത്തപ്പോള്‍ വിലക്കാന്‍ ആയിരം കൈയുകളും ആയിരം നാവുകളുമുണ്ടായി. നിങ്ങളുടെ സമുദായം എന്നെ നോക്കി കണ്ണുരുട്ടി. കലി തുള്ളി. ഒരു ദുഷ്‌ടത കാണിക്കാന്‍ സമുദായം മുഴുവന്‍ ഓടി വന്നു. പുലയക്കുട്ടിയായിരുന്നു പോലും പുലയക്കുട്ടി. ഛീ. അന്നു നിങ്ങളവിടെ തൂണു പോലെ നിന്നിരുന്നില്ലേ. എന്തുകൊണ്ട് ഒരു വാക്ക് പറഞ്ഞില്ല. സ്വന്തം കുട്ടിയെപ്പറ്റി എന്തുകൊണ്ട് എന്നോട് മിണ്ടിയില്ല? അന്ന് ജാതിയായിരുന്നു ചോരയെക്കാള്‍ വലുത്. അല്ലേ. ആ നീലിയെപ്പറ്റി നിങ്ങളോര്‍ത്തോ? നിങ്ങളുടെ താളത്തിനൊത്ത് തുള്ളിയ ആ പാവം പെണ്ണിനെപ്പറ്റി നിങ്ങളോര്‍ത്തോ? എല്ലാം കഴിഞ്ഞപ്പോള്‍ അവള്‍ പുലച്ചിയായി. നിങ്ങളുടെ മാനത്തിനും അന്തസ്സിനും നിരക്കാത്തവളായി. ആ ശവത്തിന്റെ മുഖത്ത് ഒരു കീറത്തുണി വലിച്ചിടാന്‍ പോലും നിങ്ങള്‍ക്ക് ചങ്കുറപ്പുണ്ടായില്ല. ആ പുലച്ചിയുടെ ശവത്തെ നിങ്ങള്‍ പേടിച്ചു. ഹ ഹ ഹ. പുലച്ചിയുടെ ശവത്തെ പേടിച്ച ശ്രീധരന്‍ മാസ്‌റ്ററെ പരിഹസിക്കുന്ന ശങ്കരന്‍ നായരെന്ന പുരുഷ / നായകത്വത്തെ ഉയര്‍ത്തിക്കാട്ടുന്ന നീലക്കുയിലിന്റെ സ്രഷ്ടാക്കള്‍ പക്ഷെ പേടിച്ചതാരെയാണ്?. ജീവിച്ചിരിക്കുന്ന നീലിയെന്ന ദളിതസ്‌ത്രീയെയാണവര്‍ പേടിച്ചത്. തങ്ങളുടെ രക്ഷാകര്‍തൃ അവതാരത്തെ പൊലിപ്പിച്ചെടുക്കുന്നതിനു വേണ്ടി അവളുടെ പ്രതികരണത്തെ തകര്‍ക്കുകയായിരുന്നു അവര്‍. അല്ലെങ്കില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അന്നത്തെ കേരള(നവോത്ഥാന) സാഹചര്യം അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകും.

ആദര്‍ശത്തെക്കുറിച്ച് നിങ്ങള്‍ക്ക് പ്രസംഗിക്കാം, പക്ഷെ പ്രവര്‍ത്തിക്കാനാവില്ല. ബ്രാഹ്മണവിരുദ്ധതയും നിരീശ്വരവാദവും ലളിത വിവാഹവും വ്യാപകമായി പ്രാവര്‍ത്തികമായ തമിഴകത്തെപ്പോലെയെങ്കിലും വളരാന്‍ കേരള നവോത്ഥാനത്തിന് എന്തുകൊണ്ട് സാധിച്ചില്ല എന്നതിന്റെ ഉത്തരം കൂടിയാണ് നീലക്കുയില്‍. നിലനിന്നു പോന്ന ജാത്യാധികാരത്തോടും പുരുഷാധികാരത്തോടും ഒരു പരിധി വരെ ഒത്തുതീര്‍പ്പുകള്‍ നടത്തിയ ഒരു പ്രക്രിയയായി കേരള നവോത്ഥാനത്തെ അന്ന് പരുവപ്പെടുത്തിയെടുത്തു എന്ന് കരുതാവുന്നതാണ്. സാമൂഹിക പ്രക്രിയ തീര്‍ച്ചയായും അത്തരത്തിലുള്ള ഒത്തുതീര്‍പ്പുകളും പരുവപ്പെടലുകളും ചേര്‍ന്നതാണെന്ന വസ്‌തുത ഒളിച്ചുവെക്കേണ്ടതില്ല. പുരോഗമന ചിന്തയെ ജനപ്രിയമാക്കിയെടുക്കുന്നതില്‍ ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പുറമെക്ക് ലളിതമെന്നു തോന്നിപ്പിക്കുന്നതും സത്യത്തില്‍ വളരെ സങ്കീര്‍ണവുമായ ഈ ജനപ്രിയതാരൂപീകരണത്തിന്റെ ആദ്യലക്ഷണങ്ങളിലൊന്നായിരുന്നു നീലക്കുയില്‍ എന്നതാണ് വസ്തുത.

തനിക്ക് തന്റെ ശരിക്കുള്ള അഛനെത്തന്നെ മതി എന്നു പറയുന്ന മോഹനെ ശ്രീധരന്‍ മാസ്‌റ്ററുടെ പക്കലേല്‍പിച്ച് തിരിച്ചു പോരുന്ന ശങ്കരന്‍ നായര്‍ എന്ന (അസാധ്യനായ) ആദര്‍ശ രൂപം അയാളുടെ മുമ്പില്‍ ഒരേ ഒരപേക്ഷ മാത്രമാണ് വെക്കുന്നത്. അവനെ ഒരു നല്ല മനുഷ്യനായി വളര്‍ത്തൂ. ഹിന്ദുവും മുസ്ലിമും പുലയനും ഒന്നുമാക്കേണ്ട, ഒരു നല്ല മനുഷ്യന്‍. അനീതികളോട് പടവെട്ടുന്നതിനേക്കാള്‍ അതാതു കാലത്തെ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നതില്‍ കൂടുതല്‍ ഔത്സുക്യം കാട്ടിയ കേരള സംസ്‌ക്കാരത്തിനും മലയാള സിനിമക്കും പിന്നീട് ആ ആദര്‍ശം പൂര്‍ത്തീകരിക്കാനായില്ല. തമ്പുരാക്കന്മാരും രാജാക്കന്മാരും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചു വന്ന് അവര്‍ പുനക്രമീകരിച്ചെടുത്ത പഴമയുടെ ആദര്‍ശരൂപം ഉയര്‍ത്തിക്കാട്ടി. അപ്പോള്‍, ഒട്ടേറെ പരിമിതികളുണ്ടെങ്കിലും നീലക്കുയില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിച്ച മനുഷ്യരെല്ലാം ഒന്നാണ് എന്ന ആദര്‍ശവും കടലിലൊലിച്ചു പോയി. നീലക്കുയിലിന്റെ ആദര്‍ശപരതയെങ്കിലും മലയാളിക്ക് സ്വീകരിക്കാനാകാതെ പോയത് ആ സിനിമയുടെ പരാജയമായിരുന്നുവോ അതോ ആ കാലത്തും പിന്നീടുള്ള കാലത്തും ജീവിച്ച മലയാളിയുടെ പരാജയമായിരുന്നുവോ എന്ന കാര്യം കാലം അന്വേഷിക്കട്ടെ.

****

ജി. പി. രാമചന്ദ്രന്‍

Wednesday, October 29, 2008

സംഘപരിവാര്‍ ബോംബ്

തീവ്രവാദം എന്ന പദപ്രയോഗം ദീര്‍ഘകാലമായി ഒരു പ്രത്യേക മതവുമായാണ് തിരിച്ചറിയുന്നത്. സ്വാതന്ത്ര്യത്തിന്റെ ഉദയംമുതല്‍തന്നെ ന്യൂനപക്ഷത്തോട് പ്രത്യേകിച്ചും മുസ്ലിങ്ങളോട് മുന്‍വിധിയോടെയുള്ള സമീപനമാണ് സര്‍ക്കാരുകളും പൊലീസും കാട്ടിയിരുന്നത്. എവിടെ ബോംബ് സ്‌ഫോടനമുണ്ടായാലും ആ വാര്‍ത്ത പരക്കുന്നതോടൊപ്പം മുസ്ലിം സംഘടനകളുടെ പേരും പ്രചരിക്കും. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെ ആക്രമണമുണ്ടായതോടെ ഈ സമീപനം ശക്തിപ്പെട്ടു.

അമേരിക്ക ആരംഭിച്ച ഭീകരവാദത്തിനെതിരായ യുദ്ധം ഇസ്ലാമിനെതിരായ യുദ്ധമായി മാറി. ഇന്ത്യയിലെ ഹിന്ദുത്വവാദികളും അവരുടെ രാഷ്‌ട്രീയ പ്രസ്ഥാനമായ ബിജെപിയുമാണ് ഇന്ത്യയില്‍ പ്രധാനമായും ഈ പ്രചാരണം നടത്തുന്നത്. മദ്രസകള്‍ ഭീകരവാദത്തിന്റെ റിക്രൂട്ടിങ് കേന്ദ്രങ്ങളാണെന്നും ന്യൂനപക്ഷത്തിനു നല്‍കുന്ന എല്ലാ സഹായവും പ്രീണനമാണെന്നും ഇവര്‍ പ്രചരിച്ചിച്ചു. എന്നാല്‍, ഭീകരവാദിക്ക് മതമില്ലെന്നും ഭീകരവാദി ഭീകരവാദിമാത്രമാണെന്നും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പുരോഗമനചിന്താഗതിക്കാര്‍ പറഞ്ഞപ്പോള്‍ സംഘപരിവാര്‍ ആ വാദത്തെ പുഛിച്ചു തള്ളുകയും ഭീകരവാദി മുസ്ലിമാണെന്നു വിളിച്ചു പറയുകയുംചെയ്തു.

എന്നാല്‍, സംഘപരിവാറിന്റെ ഈ പ്രചാരണം സ്വന്തം ഭീകരവാദമുഖം മറച്ചുവയ്‌ക്കാനുള്ള തന്ത്രമായിരുന്നെന്ന് ഒറീസയിലെയും മലേഗാവിലെയും സംഭവം തെളിയിക്കുന്നു. രാഷ്‌ട്രപിതാവായ ഗാന്ധിജിയെ വധിച്ച് ഇന്ത്യയില്‍ ഭീകരവാദത്തിനു തുടക്കമിടുകയും അയോധ്യയിലെ ബാബറി മസ്‌ജിദ് തകര്‍ത്ത് അതിന് ആക്കം കൂട്ടുകയുംചെയ്‌ത് ആര്‍എസ്എസ് നടത്തുന്ന ഈ ഭീകരവാദപ്രവര്‍ത്തനത്തെ കണ്ടില്ലെന്നു നടിക്കുന്ന സമീപനമായിരുന്നു പൊതുവെ ഇന്ത്യന്‍ ഭരണാധികാരികളും പൊലീസും മാധ്യമങ്ങളും കൈക്കൊണ്ടിരുന്നത്. എന്നാല്‍, സെപ്തംബര്‍ 29ന് മഹാരാഷ്‌ട്രയിലെ മലേഗാവിലും ഗുജറാത്തിലെ മൊഡാസയിലും ഉണ്ടായ ബോംബ് സ്‌ഫോടനത്തിന് ഉത്തരവാദി സംഘപരിവാറില്‍പ്പെട്ടവരാണെന്ന മഹാരാഷ്‌ട്രയിലെ ഭീകരവാദവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തലും സന്യാസിനി പ്രഗ്യ സിങ് താക്കൂറിനെ അറസ്റ് ചെയ്തതും ഹിന്ദുത്വശക്തികളും ഭീകരവാദവും തമ്മിലുള്ള ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മധ്യപ്രദേശിലെ ബീണ്ട് ജില്ലക്കാരിയായ പ്രഗ്യ സിങ് 2006ല്‍ സന്യാസം സ്വീകരിക്കുന്നതുവരെയും ആര്‍എസ്എസിന്റെ വിദ്യാര്‍ഥിവിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. പഠനത്തിനുശേഷം ഉജ്ജയിനിയിലേക്കു സ്ഥലം മാറിയ പ്രഗ്യ സിങ്ങും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമാണുതാനും. ബിജെപിയുടെ ഒട്ടുമിക്ക നേതാക്കളും ഇവരുമായി വേദികള്‍ പങ്കിട്ടിട്ടുമുണ്ട്. മാത്രമല്ല, ഇവരോടൊപ്പം അറസ്‌റ്റിലായ രണ്ടു മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ നാഗ്‌പുരിലെ ബോസ്ലെ സൈനിക സ്‌കൂളിലെ അധ്യാപകരുമായിരുന്നു. ഇവിടെ പ്രധാനമായും ബോംബ് നിര്‍മാണവും ആയുധങ്ങളുടെ ഉപയോഗവുമാണ് പഠിപ്പിച്ചിരുന്നത്. ജിലാറ്റിന്‍ സ്‌റ്റിക്കുകളുടെ ഉപയോഗവും മറ്റും ഇവിടെ പഠിപ്പിച്ചിരുന്നുവത്രേ.

ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തൊന്നില്‍ റോമില്‍ പോയി ഇറ്റാലിയന്‍ ഫാസിസത്തിന്റെ ഉപജ്ഞാതാവായ മുസ്സോളിനിയെ കണ്ട് ഫാസിസത്തിന്റെ സൈനികതന്ത്രങ്ങള്‍ വശത്താക്കിയ മൂഞ്ചെ സ്ഥാപിച്ചതാണ് നാസിക്കിലെയും നാഗ്‌പുരിലെയും മിലിട്ടറി സ്കൂളുകള്‍. 'സൈന്യത്തിന്റെ ഇന്ത്യന്‍വല്‍ക്കരണത്തെക്കുറിച്ചും ഇന്ത്യയുടെ സൈനികവല്‍ക്കരണത്തെ ക്കുറിച്ചും' സംസാരിച്ച മൂഞ്ചെ 1936 ലാണ് നാസിക്കില്‍ ഹിന്ദു സൈനിക വിദ്യാഭ്യാസ സൊസൈറ്റിക്ക് രൂപം നല്‍കിക്കൊണ്ട് ഹിന്ദുത്വത്തിന്റെ ആയുധവല്‍ക്കരണത്തിനു തുടക്കം കുറിച്ചത്.

ഏതായാലും 2000ത്തിനു ശേഷമാണ് നാഗ്‌പുരിനും അതിനു ചുറ്റുമായി സ്‌ഫോടന പരമ്പരകള്‍ ആരംഭിച്ചത്. 2003 ല്‍ മഹാരാഷ്‌ട്രയിലെ പര്‍ബാനി, ജല്‍ന, പൂര്‍ണ എന്നിവിടങ്ങളിലെ പള്ളികളില്‍ ബോംബ് സ്‌ഫോടനമുണ്ടായി. ഇതിലെല്ലാം തന്നെ ബജ്രംഗ്‌ദളിന്റെ കൈ ഉണ്ടായിരുന്നെന്ന് പല കോണില്‍നിന്നും അന്ന് സംശയമുണര്‍ന്നിരുന്നു. നാഗ്‌പുരിലെ സൈനിക സ്‌കൂളില്‍നിന്ന് പരീശീലനം സിദ്ധിച്ച നൂറിലധികം പേര്‍ വിവിധ സംസ്ഥാനങ്ങളിലേക്കു പോവുകയും മുസ്ലിം-ക്രിസ്‌ത്യന്‍ വിരുദ്ധ കലാപങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍, മഹാരാഷ്‌ട്രയിലെ നാന്ദേഡില്‍ 2006 ഏപ്രിലിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘപരിവാറും ഭീകരവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയം പരസ്യമാക്കപ്പെടുന്നത്. അന്ന് രണ്ടു പേരാണ് - ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകനായ നരേഷ് കോണ്ട്‌വാറും ഹിമാംശു ഫാന്‍സേയും- കൊല്ലപ്പെടുന്നത്. ബോംബ് നിര്‍മിക്കുന്നതിനിടയിലായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്. നാന്ദേഡിലെ പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തകനായ ലക്ഷമ കോണ്ട്‌വാറുടെ വസതിയിലായിരുന്നു സ്‌ഫോടനമുണ്ടായത്. ഈ ബോംബുകള്‍ നിര്‍മിക്കപ്പെട്ടത് എന്തിനുവേണ്ടിയായിരുന്നു? സിബിഐ അന്വേഷണം നടന്നെങ്കിലും ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് അവര്‍ കൈകഴുകുകയായിരുന്നു. ഹിന്ദുത്വ സൈനിക മുന്നൊരുക്കത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിയില്ല.

ഈ ഘട്ടത്തിലാണ് സിനിമാ സംവിധായകനായ മഹേഷ് ഭട്ട്, റിട്ടയേഡ് ജസ്‌റ്റിസ് കാല്‍സേ പാട്ടീല്‍, ഗുജറാത്തിലെ മുന്‍ ഡിജിപി ശ്രീകുമാര്‍, സാമൂഹ്യപ്രവര്‍ത്തക ടീസ്‌റ്റ സെറ്റില്‍വാഡ് എന്നിവര്‍ 2008 ആഗസ്‌ത് 28ന് പത്രസമ്മേളനം നടത്തി ഇത്തരം നിരവധി ചോദ്യം മുന്നോട്ടുവച്ചു. അതിനുശേഷമാണ് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും ലോക്‍സഭാംഗവുമായ ഹന്നന്‍മുള്ള സെപ്തംബര്‍ രണ്ടിന് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഹിന്ദുത്വ സംഘടനകളായ സനാതന്‍ സന്‍സ്‌ത, ഹിന്ദു ജാഗരണ്‍ സമിതി, ഗുരുകൃപ പ്രതിസ്ഥാന്‍ എന്നീ സംഘടനകളും നാഗ്‌പുരിലെ ബോസ്ലെ മിലിട്ടറി സ്‌കൂളും മറ്റും വന്‍തോതില്‍ ബോംബ് നിര്‍മിക്കുകയാണെന്നും ഹന്നന്‍മുള്ള മുന്നറിയിപ്പു നല്‍കി.

നാഗ്‌പുരില്‍നിന്ന് പരിശീലനം ലഭിച്ചവര്‍ മധ്യേന്ത്യയിലെമ്പാടും വര്‍ഗീയ സ്‌പര്‍ധ വളര്‍ത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ബിജെപിതന്നെ ഭരണം നടത്തുന്ന മധ്യപ്രദേശിലെ ബര്‍ഹാന്‍പുരില്‍ നടന്ന വര്‍ഗീയകലാപത്തില്‍ ഇതിനകം ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. സ്ഥലത്തെ ബിജെപി എംപി നന്ദ്കുമാര്‍ സിങ് ചൌഹാന്റെ നേതൃത്വത്തിലാണ് ഇവിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയത്. ഇതിനു മുന്നോടിയായി ജബല്‍പുരിലും ഇന്‍ഡോറിലും മറ്റും ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഈ പ്രദേശത്തോട് അടുത്തു കിടക്കുന്ന രാജസ്ഥാനിലെ ദുംഗര്‍പുരിലും മുസ്ലിങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടത്തുകയുണ്ടായി. മുസ്ലിങ്ങളുടെ കടകളും വാഹനങ്ങളും മറ്റും തെരഞ്ഞുപിടിച്ച് നശിപ്പിക്കുകയായിരുന്നു ഇവിടെ. രണ്ടു കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കിയിട്ടുള്ളത്. സംസ്ഥാന ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കഠാരിയക്ക് കലാപത്തിലുള്ള പങ്ക് ചര്‍ച്ചാവിഷയമാണ്.

മഹാരാഷ്ട്രയിലെ ധൂളെയിലും വര്‍ഗീയസംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയുണ്ടായി. മുപ്പതോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അയ്യായിരത്തോളം പേര്‍ ഇവിടെ കിടപ്പാടം നഷ്‌ടപ്പെട്ട് അഭയാര്‍ഥിക്യാമ്പുകളില്‍ കഴിയുകയാണ്. ഇവരില്‍ ഭൂരിപക്ഷവും മുസ്ലിങ്ങളാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിട്ടുപോലും ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്ത സ്ഥിതിയാണ്. അവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെയും സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന എന്‍സിപിയിലെയും മുസ്ലിങ്ങളായ കോര്‍പറേഷന്‍ അംഗങ്ങള്‍ രാജിഭീഷണി മുഴക്കിയിരിക്കുകയാണ്. ധൂളെയ്‌ക്കടുത്താണ് നന്ദേഡ് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഈ പ്രദേശത്തോട് ഭൂമിശാസ്ത്രപരമായി അടുത്തു കിടക്കുന്ന പ്രദേശമാണ് ആന്ധ്രപ്രദേശിലെ അദിലാബാദ് എന്ന കാര്യവും ശ്രദ്ധേയമാണ്. ഇവിടെ കുറച്ചു ദിവസമായി വര്‍ഗീയ സംഘര്‍ഷം നടക്കുകയാണ്. ഒരു വീട്ടിലെ ആറുപേരെ വീടിനോടൊപ്പം ചുട്ടുകൊന്നത് ഉള്‍പ്പെടെ പത്തു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ആദ്യ ദിവസമുണ്ടായ വര്‍ഗീയസംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. അതിനുശേഷം അദിലാബാദിലെ ബെയ്ന്‍സയില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. എന്നിട്ടും മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെ ദസറ മാര്‍ച്ച് നടത്താന്‍ ഹിന്ദുവാഹിനി എന്ന സംഘടനയ്‌ക്ക് വൈ എസ് രാജശേഖരറെഡ്‌ഡി സര്‍ക്കാരിന്റെ പൊലീസ് അനുവാദം നല്‍കിയത് ഹൈന്ദവര്‍ഗീയവാദികളുമായി സര്‍ക്കാരിനുള്ള ബന്ധത്തെയാണ് വിളിച്ചോതുന്നത്.

ഈ സംഭവങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ തെളിയുന്ന ചിത്രം ഇതാണ്. അയോധ്യ പ്രസ്ഥാനത്തിലൂടെ വടക്കേ ഇന്ത്യയെയാണ് പ്രധാനമായും ആര്‍എസ്എസും വിഎച്ച്പിയും ബജ്രംഗ്‌ദളും ഉള്‍പ്പെടുന്ന സംഘപരിവാര്‍ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ മധ്യ-പൂര്‍വ ഇന്ത്യയിലാണ് ഇവര്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. മാത്രമല്ല, ആന്ധ്രയിലൂടെ കര്‍ണാടകത്തിലൂടെ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനും അവര്‍ ശ്രമിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിടയുള്ള സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഇവര്‍ കലാപം സംഘടിപ്പിക്കുന്നത്. മധ്യപ്രദേശില്‍ നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബിജെപിയുടെ സ്ഥിതി അല്‍പ്പം പരുങ്ങലിലായതിനാല്‍ ഹിന്ദു-മുസ്ലിം വോട്ടിന്റെ ധ്രുവീകരണത്തിലൂടെ അത് മറികടക്കുകയാണ് ഇവിടെ ലക്ഷ്യം.

മഹാരാഷ്‌ട്രയിലും ആന്ധ്രപ്രദേശിലും ലോക്‍സഭാ തെരഞ്ഞെടുപ്പിന്റെ ഒപ്പമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തും കോണ്‍ഗ്രസാണ് ഭരണത്തിലെന്നതിനാല്‍ തങ്ങളുടെ വര്‍ഗീയധ്രുവീകരണശ്രമങ്ങളെ അടിച്ചമര്‍ത്താനുള്ള രാഷ്‌ട്രീയ ഇച്‌ഛാശക്തി ഈ സര്‍ക്കാരുകള്‍ക്ക് ഇല്ലെന്ന് സംഘപരിവാര്‍ മനസ്സിലാക്കുന്നു. വളരെ സംഘടിതമായും ആസൂത്രിതവുമായാണ് സംഘപരിവാര്‍ രാജ്യവ്യാപകമായി വര്‍ഗീയ ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ആകസ്‌മികമായി നടക്കുന്ന സംഭവങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. വ്യക്തമായ രാഷ്‌ട്രീയനേട്ടം കണക്കാക്കി നടപ്പാക്കുന്ന പദ്ധതിയാണ് ഇത്.

*****

വി ബി പരമേശ്വരന്‍, കടപ്പാട് :ദേശാഭിമാനി

Tuesday, October 28, 2008

ഓഹരിത്തകര്‍ച്ച : ധനമന്ത്രി ചിദംബരം പ്രതിക്കൂട്ടില്‍

ഇന്ത്യയിലെ ഓഹരിവര്‍ഷം ദീപാവലിമുതലാണ് ആരംഭിക്കുന്നത്. അന്നു വൈകിട്ട് ആരംഭിക്കുന്ന കച്ചവടത്തിന് പ്രത്യേക പേരുമുണ്ട്. മൂഹൂര്‍ത്ത വ്യാപാരം. ഇത്തവണത്തെ മുഹൂര്‍ത്തവ്യാപാരത്തിന്റെ ഗതിയെന്താകും എന്നുള്ള പരിഭ്രാന്തിയിലാണ് ഓഹരിക്കച്ചവടക്കാര്‍. കാരണം തലേന്ന് നടന്ന വ്യാപാരത്തിന്റെ ഗതി ഏറ്റവും അശുഭകരമാണ്. ഈ വര്‍ഷം ആരംഭിച്ചപ്പോള്‍ സെന്‍സസ് സൂചിക 21000ന് മുകളിലായിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം ആരംഭിച്ചതോടെ ഇന്ത്യന്‍ ഓഹരിവിപണി താണുതുടങ്ങി. ഇപ്പോള്‍ തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. സെന്‍സെക്‍‌സ് 9000 പോയിന്റില്‍ എത്തിയപ്പോള്‍ തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തിയെന്നും ഇനി കുറയില്ല എന്നുമായിരുന്നു ഓഹരിക്കമ്പോള വിദഗ്ദധരുടെ അഭിപ്രായം. പുതുവര്‍ഷത്തിന്റെ തലേന്നാള്‍ സൂചിക ഒരു ഘട്ടത്തില്‍ 8000ന് താഴേക്കുപോയി. പിന്നീട് സ്വല്‍പ്പം മെച്ചപ്പെട്ടെങ്കിലും ഓഹരി വിലകളുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുക എന്ന് ആരും പ്രവചിക്കാന്‍ തയ്യാറല്ല.
അമേരിക്കന്‍ ഓഹരിക്കമ്പോള തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മേധാവി അലന്‍ഗ്രീന്‍ സ്‌പാനിനെ അമേരിക്കന്‍ പാര്‍ലമെന്റിന്റെ ഓവര്‍സൈറ്റ് (മേല്‍നോട്ട) സമിതി തെളിവെടുപ്പിനായി ഒക്ടോബര്‍ 23ന് വിളിച്ചുവരുത്തി. നീണ്ട 16 വര്‍ഷം അമേരിക്കന്‍ ധനമേഖലയിലെ നിയോലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന എണ്‍പത്തിരണ്ടുകാരനായ വയോവൃദ്ധനെ സമിതി നിര്‍ത്തിപ്പൊരിച്ചു. തന്റെ സാമ്പത്തിക വീക്ഷണത്തിന്റെ ഒരടിസ്ഥാന പോരായ്‌മ അമേരിക്കയിലെ ഉരുകിത്തകര്‍ച്ച വെളിപ്പെടുത്തി എന്ന് അദ്ദേഹം സമ്മതിച്ചു. ധനമേഖലയില്‍ സര്‍ക്കാരിന്റെ കൂടുതല്‍ മേല്‍നോട്ടം വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ജീവിതസായാഹ്നത്തിലെ ഈ കുറ്റസമ്മതം മാത്രംമതി അദ്ദേഹത്തിന് ശിക്ഷ എന്ന് ചില പത്രലേഖകര്‍ എഴുതി.

ഇന്ത്യന്‍ ഓഹരിവിപണിയിലെ ഈ തകര്‍ച്ചയ്‌ക്ക് ആരാണ് ഉത്തരവാദി? 2006 ആദ്യത്തില്‍ പതിനായിരത്തോളമായിരുന്ന സെന്‍സെക്‍സ് സൂചിക രണ്ടുവര്‍ഷംകൊണ്ട് 21000 ആയി ഉയരത്തക്ക പ്രത്യേക അഭിവൃദ്ധിയൊന്നും ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ ഉണ്ടായിട്ടില്ല എന്നത് വാസ്‌തവം. കഴിഞ്ഞ ഏതാനുംമാസംകൊണ്ട് സെന്‍സെക്‍സ്‌സ് സൂചിക 8000ന് താഴെപോകാന്‍ തക്കതായി ഒന്നും ഇന്ത്യാരാജ്യത്തുണ്ടായിട്ടില്ല എന്നതും അതുപോലെ വാസ്‌തവമാണ്. നമ്മുടെ രാജ്യത്തെ കൃഷിയും വ്യവസായവുമെല്ലാം അന്നത്തെപ്പോലെ ഇന്നും തുടരുന്നു. തകര്‍ച്ച സംഭവിച്ചത് വ്യവസായ കാര്‍ഷിക ഉല്‍പ്പാദന മേഖലകളിലല്ല; ഓഹരിവിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തിനാണ്. ആഗോള വിപണിയിലെ മാന്ദ്യം അവരുടെ ശുഭാപ്‌തിവിശ്വാസത്തെ ചോര്‍ത്തിക്കളഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാനങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല എന്ന ധനമന്ത്രിയുടെ പ്രസ്‌താവന ബധിരകര്‍ണങ്ങളിലാണ് പതിഞ്ഞത്. ഓഹരിക്കമ്പോളത്തില്‍ കച്ചവടം നടത്തുന്നതിനോ വ്യവസായങ്ങള്‍ക്കും മറ്റും കൂടുതല്‍ നിക്ഷേപം നടത്തുന്നതിനോ പണമില്ലാതെ വിഷമിക്കരുതെന്നു കരുതി ബാങ്കുകള്‍ കരുതല്‍ശേഖരമായി വയ്‌ക്കേണ്ടുന്ന പണത്തില്‍നിന്ന് 60000 കോടി രൂപ വായ്‌പ കൊടുക്കാന്‍ അനുവദിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന്റെ ഫലമായി 25000 കോടി രൂപ അനുവദിച്ചു. പലിശനിരക്ക് കുറച്ചു. ഇതൊക്കെ ചെയ്‌തിട്ടും നിക്ഷേപകരുടെ ആശങ്കകള്‍ അകലുന്നില്ല. ഓഹരികള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ വില്‍ക്കുന്നതിനാണ് അവര്‍ക്ക് താല്‍പ്പര്യം.

ആരാണ് ഇത്തരത്തില്‍ ഇന്ത്യാസര്‍ക്കാരിന്റെ ഉറപ്പുകളെല്ലാം തള്ളിക്കളഞ്ഞ് ഓഹരികള്‍ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത് ? ഇവിടെയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയുടെ തകര്‍ച്ചയില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വെളിപ്പെടുന്നത്. ഇന്ത്യന്‍ ഭരണാധികാരികള്‍ വീമ്പുപറയുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയുടെ വിദേശനാണയ കരുതല്‍ശേഖരം 30000 കോടി ഡോളറില്‍ അധികമാണ്. എവിടെനിന്നുകിട്ടി ഈ വിദേശനാണയശേഖരം? സാധാരണഗതിയില്‍ നമുക്ക് വിദേശനാണയം ലഭിക്കുക ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യുമ്പോഴാണ്. വിദേശത്തു പണിയെടുക്കുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്കു പണമയക്കുമ്പോള്‍ നമുക്ക് വിദേശനാണയം കിട്ടും. ഇങ്ങനെ ലഭിക്കുന്ന വിദേശനാണയത്തില്‍നിന്നുവേണം ഇറക്കുമതിക്കും വിദേശ കടങ്ങളുടെ പലിശയ്‌ക്കും മറ്റുമുള്ള വിദേശനാണയം കണ്ടെത്താന്‍. ഇന്ത്യക്ക് ഒരുകാലത്തും വിദേശവ്യാപാരത്തില്‍നിന്ന് മിച്ചമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 2007-08ല്‍ ഇന്ത്യയുടെ വിദേശവ്യാപാരകമ്മി 9006 കോടി ഡോളറായിരുന്നു. വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ച പണവുമെല്ലാം കണക്കിലെടുത്താലും നമ്മുടെ കമ്മി 740കോടി ഡോളര്‍ വരും. അതായത് കറന്റ് അക്കൌണ്ടില്‍ 740 കോടി ഡോളര്‍ കമ്മിയാണ് എന്നര്‍ഥം. എന്നിട്ടും 2007-08 വര്‍ഷത്തില്‍ 9216 കോടിഡോളര്‍ വിദേശവിനിമയ ശേഖരത്തിലേക്ക് സ്വരുക്കൂട്ടുന്നതിന് ഇന്ത്യാസര്‍ക്കാരിന് കഴിഞ്ഞതെങ്ങനെ? 2007-08ല്‍ കടമായിട്ടും നിക്ഷേപമായിട്ടുമെല്ലാം വിദേശത്തുനിന്ന് 10803 കോടിഡോളര്‍ വന്നു. അങ്ങനെയാണ് വിദേശവ്യാപാരത്തിലും മറ്റും കമ്മിയായിട്ടും വിദേശനാണയ ശേഖരത്തില്‍ ഭീമമായ തുക കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

ഇങ്ങനെ വിദേശനാണയ ശേഖരം വര്‍ധിക്കുന്നതിനു പിന്നില്‍ ഒരപകടം പതിയിരിപ്പുണ്ട്. 2007-08ല്‍ 1500 കോടി ഡോളറായിരുന്നു പ്രത്യക്ഷ മൂലധന നിക്ഷേപം (FDI). എന്നാല്‍, മുപ്പതിനായിരം കോടി ഡോളര്‍വരും ഓഹരിക്കമ്പോളത്തിലെ ഇടപാടുകള്‍ക്കുവേണ്ടി ഇന്ത്യയിലേക്കുവന്ന പോര്‍ട്ട്ഫോളിയോ നിക്ഷേപം. 40000 കോടി ഡോളര്‍ വാണിജ്യ വായ്പകള്‍ (ECB)ആണ്. ഇതിന്റെ ഏതാണ്ട് പകുതി ഹ്രസ്വകാല വായ്‌പകളാണ്. ആഗോള പ്രതിസന്ധി ഏറ്റവും ആദ്യം ബാധിക്കുക പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളെയും ഹ്രസ്വകാല വായ്‌പകളെയുമാണ്. ഇവ പ്രത്യേകിച്ച് പോര്‍ട്ട്ഫോളിയോ നിക്ഷേപം സമ്പദ്ഘടനയിലേക്കു വരുന്നവേഗത്തില്‍ത്തന്നെ എപ്പോള്‍ വേണമെങ്കിലും പുറത്തേക്ക് പോകാവുന്നതാണ്. ഇത്തരത്തില്‍ ഏതാണ്ട് 2000 കോടി ഡോളര്‍ ഇതിനകം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചുകഴിഞ്ഞു എന്നാണ് ഒരു മതിപ്പു കണക്ക്.

വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങള്‍ നമ്മുടെ രാജ്യത്തേക്കുതന്നെ ആകര്‍ഷിക്കുന്നതിനുവേണ്ടി ചിദംബരം ചില നടപടികള്‍ സ്വീകരിച്ചു. അതിലേറ്റവും പ്രധാനം പാര്‍ട്ടിസിപ്പേറ്ററി നോട്ടുപയോഗിച്ച് കച്ചവടം നടത്തുന്നതിന് സര്‍വസ്വാതന്ത്ര്യവും നല്‍കിയതാണ്. സെബി രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് ഓഹരിക്കമ്പോളത്തില്‍ ഇടപാടുകള്‍ നടത്തുവാന്‍ അനുവാദമില്ല. ഇപ്പോള്‍ രജിസ്‌ട്രേഷനുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവരും എന്നാല്‍, രജിസ്‌ട്രേഷന്‍ ഇല്ലാത്തവരുമായ വിദേശ നിക്ഷേപകര്‍ക്ക് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ നല്‍കി നിക്ഷേപത്തിനുള്ള സൌകര്യം ഒരുക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ കഴിയും. ഉദാഹരണത്തിന് സിംഗപ്പൂരിലുള്ള ഒരു നിക്ഷേപകന്‍ ഇന്ത്യയില്‍ ലിസ്‌റ്റ് ചെയ്‌ത ഒരു കമ്പനിയുടെ നിശ്ചിത ഓഹരി വാങ്ങാന്‍ സിംഗപ്പൂരിലെതന്നെ ഒരു ബ്രോക്കിങ് കമ്പനിയെ ചുതലപ്പെടുത്തുന്നു. സിംഗപ്പൂരിലെ കമ്പനി ഓഹരി വാങ്ങാനുള്ള ഓര്‍ഡര്‍ ഇന്ത്യയില്‍ രജിസ്‌റ്റര്‍ ചെയ്‌ത ബ്രോക്കിങ് കമ്പനിയെ ഏല്‍പ്പിക്കുന്നു. അവര്‍ ഓഹരി വാങ്ങുകയും ആവശ്യമെങ്കില്‍ല്‍ വില്‍ക്കുകയുംചെയ്യും. അങ്ങനെ ഓഹരി നിക്ഷേപത്തില്‍നിന്ന് കിട്ടുന്ന നേട്ടങ്ങളായ ലാഭവിഹിതവും (ഡിവിഡന്റും), മൂലധന മൂല്യ വര്‍ധനയും ഇന്ത്യന്‍ ബ്രോക്കിങ് കമ്പനി വഴി വിദേശ നിക്ഷേപകര്‍ക്ക് കിട്ടുന്നു.

വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും വരുമാനത്തിന് ഒന്നിലധികം പ്രാവശ്യം ഒരേ നികുതി ഒഴിവാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ കരാറില്‍ ഏര്‍പ്പെടാറുണ്ട്. ഇതിന്റെ നേട്ടം കൈവശപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പി-നോട്ട് വഴിയുള്ള വ്യാപാരത്തില്‍ നല്ലൊരുപങ്ക് വളരുന്നത്. ഇന്ത്യയും, മൌറീഷ്യസും തമ്മിലുള്ള കരാര്‍ അനുസരിച്ച് ഓഹരി കൈമാറ്റം നടത്തി കിട്ടുന്ന ലാഭത്തിന് നികുതി നല്‍കേണ്ടത് ഓഹരി ഉടമയുടെ രാജ്യത്താണ്, കമ്പനിയും സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചും നിലല്‍ക്കുന്ന രാജ്യത്ത് നികുതി നല്‍കണ്ട. അതിനാല്‍ മൌറീഷ്യസിലെ നിക്ഷേപകന് ഇന്ത്യന്‍ ഓഹരി നിക്ഷേപം വഴി കിട്ടുന്ന നേട്ടത്തിന് മൌറീഷ്യസില്‍ നികുതി നല്‍കിയാല്‍ മതി. എന്നാല്‍, മൌറീഷ്യസില്‍ മൂലധന മൂല്യവര്‍ധനയ്ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെ ഊഹക്കച്ചവടത്തില്‍നിന്ന് നേടുന്ന ആദായത്തിന് ഒരു നികുതിയും കൊടുക്കാതെ നേട്ടം പൂര്‍ണമായും കൈവശപ്പെടുത്താന്‍ കഴിയുന്നു.

നികുതി വെട്ടിക്കുന്നതിനു മാത്രമല്ല കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരപ്രവര്‍ത്തകരുടെ പണം എത്തിക്കുന്നതിനും പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ വഴിയുള്ള വ്യാപാരത്തെ ദുരുപയോഗപ്പെടുത്തുന്നു എന്ന് ആക്ഷേപമുണ്ട്. അതുകൊണ്ട് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം പടിപടിയായി കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കണം എന്ന നിലപാടാണ് റിസര്‍വ് ബാങ്ക് എടുത്തത്. എന്നാല്‍, ഇപ്പോള്‍ വിദേശനിക്ഷേപ സ്ഥാപനങ്ങളെ ഇന്ത്യയില്‍ത്തന്നെ പിടിച്ചുനിര്‍ത്തുന്നതിനുവേണ്ടി പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍വഴി അവര്‍ക്കു നടത്താവുന്ന ഓഹരി വ്യാപാരത്തിന്റെ പരിധി ഇല്ലാതാക്കിയിരിക്കുകയാണ്.

പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍വഴി ഇടപാടുകാരന്റെ എല്ലാ വിശദാംശവും മറച്ചുവച്ച് നടത്തുന്ന കച്ചവടം ഓഹരിക്കമ്പോളത്തില്‍ വിപരീതഫലം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇവരാണ് ഓഹരികള്‍ ഷോട്ട് വില്‍പ്പന നടത്തുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഇവര്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൈയിലുള്ള ഓഹരികള്‍ കടമായി വാങ്ങുന്നു. എന്നിട്ട് ഒറ്റയടിക്ക് ഇവയെല്ലാം വില്‍പ്പനയ്‌ക്കുവേണ്ടി ഇറക്കുന്നു. സ്വാഭാവികമായി ഓഹരിവില ഇടിയുന്നു. അങ്ങനെ ഓഹരിവില ഇടിയുമ്പോള്‍ കുറഞ്ഞ വിലയ്‌ക്ക് ഓഹരികള്‍ വീണ്ടും വാങ്ങി കടംതന്ന സ്ഥാപനങ്ങള്‍ക്ക് തിരിച്ചുനല്‍കി ലാഭംകൊയ്യുന്നു. ഇങ്ങനെ ലാഭത്തിനുവേണ്ടി വിലയിടിക്കാന്‍ ഗൂഢാലോചന നടത്തുന്ന കൂട്ടമായി വിദേശ നിക്ഷേപ സ്ഥാപനങ്ങളും അവരുടെ രഹസ്യ ഇടപാടുകാരും മാറിയിരിക്കുന്നു. പുര കത്തുമ്പോള്‍ കുലവെട്ടുന്ന കൂട്ടര്‍.

ഇവിടെയാണ് ചിദംബരം പ്രതിക്കൂട്ടില്‍ കയറുന്നത്. വിദേശനിക്ഷേപ സ്ഥാപനങ്ങളുടെമേലുള്ള എല്ലാ നിയന്ത്രണവും നീക്കംചെയ്യണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. തന്റെ ആദ്യബജറ്റില്‍ കമ്പോള ഇടപാടുകളുടെമേല്‍ 0.001 ശതമാനം നികുതി ഏര്‍പ്പെടുത്തി 6000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിര്‍ദേശം ഉണ്ടായിരുന്നു. ഓഹരിക്കമ്പോളം ‘പണിമുടക്കി.’ ഓഹരിവില ഇടിഞ്ഞു. പാര്‍ലമെന്റില്‍ ബജറ്റ് അവതരണം കഴിഞ്ഞ് ചിദംബരം വിമാനം കയറി ബോംബെയിലെത്തി. നികുതി പിന്‍വലിക്കാമെന്ന ഉറപ്പുനല്‍കിയാണ് ഒത്തുതീര്‍പ്പിലെത്തിയത്.

വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ധനമേഖലയെ ബന്ദിയാക്കിയിരിക്കുകയാണ്. തങ്ങളുടെ ചൊല്‍പ്പടിക്കുനിന്നില്ലെങ്കില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കും, വിദേശനാണയശേഖരം ഇല്ലാതാക്കും, ഇന്ത്യന്‍രൂപയുടെ വിലയിടിക്കും, രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കും എന്നാണ് ഇവരുടെ ഭീഷണി. ധനമന്ത്രി ചിദംബരം ഇപ്പോഴും ഇവരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിസിപ്പേറ്ററി നോട്ട് നല്‍കി രഹസ്യക്കച്ചവടം നടത്തുന്നതിന് തങ്ങളുടെ നിക്ഷേപത്തിന്റെ 40 ശതമാനം പരിധി വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്നത് എടുത്തുമാറ്റി. അനുനയത്തിന് വിദേശികള്‍ വഴങ്ങുന്നില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് കഴിഞ്ഞദിവസം ചിദംബരം വിദേശത്ത് ഓഹരികള്‍ കടംകൊടുക്കുന്നതിനെതിരെ അസന്തുഷ്ടി രേഖപ്പെടുത്തി. ഷോര്‍ട്ട് വില്‍പ്പനയ്‌ക്കു വേണ്ടിയാണല്ലോ കടം കൊടുക്കുന്നത്. സെബി ഇത്തരം ഏര്‍പ്പാടുകള്‍ പാടില്ലെന്ന് പറഞ്ഞിരിക്കുകയാണ്. പക്ഷേ, ഓഹരിവില ഇങ്ങനെ തകര്‍ന്നിട്ടും ഉപദേശിക്കുകയല്ലാതെ നിയമം മാറ്റാന്‍ തയ്യാറല്ല. ഈ അവസ്ഥയിലേക്ക് ഇന്ത്യാരാജ്യത്തെ കൊണ്ടെത്തിച്ചതിന് ധനമന്ത്രി ചിദംബരം സമാധാനം പറഞ്ഞേ പറ്റൂ.

*****

ഡോ. ടി എം തോമസ് ഐസക്

തീവ്രവാദി

ഓട്ടത്തില്‍ അഡ്‌ജസ്‌റ്റ് ചെയ്യാമെന്ന് കരുതി സ്വല്‍പ്പം ലേറ്റായാണ് അന്ന് സൂര്യന്‍ എഴുന്നേറ്റത്.

കോഴികള്‍ കൂകി നോക്കിയതാണ്. മൈന്‍ഡ് ചെയ്‌തില്ല. ഇന്നലെ ഒരു ലേറ്റ് നൈറ്റ് മൂവി കണ്ട് കിടക്കാന്‍ വൈകി.

ഫലത്തെക്കുറിച്ച് ചിന്തിക്കാതെ കര്‍മങ്ങള്‍ പ്രാഥമികമായി പൂര്‍ത്തീകരിച്ച ശേഷം ഡ്രസ് മാറി ആകാശത്തേക്കിറങ്ങി.

അമ്പമ്പോ കഷ്‌ടം !

ഉദിക്കാതിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. കിടുങ്ങിക്കിടക്കുകയാണ് ഗ്രാമം. നാട്ടുകാര്‍ ഒന്നടങ്കം പരിഭ്രാന്തിയിലാണ്. നടുങ്ങി നില്‍ക്കുന്ന നാട്ടുദൃശ്യത്തിന്റെ തിരക്കഥ താഴെ.

' ങ്ഹേ..!'

' ഹെന്ത്..!'

' ഹോംബ്..!'

' ഹോംബോ..!'

' ഹതെ..ഹോംബ്..!'

' ഹെവിടെ..!'

' ഹഹേശ്വരന്‍ പിള്ളയുടെ ഹീട്ടില്‍..!'

ആശ്ചര്യചിഹ്നങ്ങളും അതിഭാവുകത്വവും മാറ്റി വാക്യത്തില്‍ പ്രയോഗിച്ചാല്‍ മഹേശ്വരന്‍പിള്ളയുടെ വീട്ടില്‍ ബോംബ് എന്ന് വായിക്കാം.

കേട്ടവര്‍ കേട്ടവര്‍ ബോംബ് കാണാന്‍ ഓടി. ബോംബും കാണാം താളീം ഒടിക്കാം എന്ന മുദ്രാവാക്യവുമായി ചില ചെറു ജാഥകളുമെത്തി.

മഹേശ്വരന്‍പിള്ളയുടെ വീട്ടില്‍ പൂരം. ആനയില്ലന്നേയുള്ളു. സൂചികള്‍ക്കുപോലും തലചായ്‌ക്കാന്‍ ഇടമില്ല. ഹൃദയം നൊന്ത് അവര്‍ പാടി 'മണ്ണിലിടമില്ലാ..മണ്ണിലിടമില്ലാ..'

കണ്ടവര്‍ കണ്ടവര്‍ ഞെട്ടി.

മഹേശ്വരന്‍പിള്ളയുടെ വീട്ടില്‍ തീവ്രവാദം. മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട സൈക്കിള്‍. അതില്‍ ഒരു പൊതി. ഏത് സമയവും പൊട്ടും. പത്ത്...ഒമ്പത്... എട്ട്... ടിക്..ടിക്...

ബോംബിനെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയിട്ടുള്ളത് ബാര്‍ബര്‍ കുഞ്ഞാത്തോലാണ്. വിവിധതരം തലകളിലൂടെ നടത്തിയ പര്യടനമാണ് ആ വിഷയത്തിലേക്ക് കുഞ്ഞാത്തോലിനെ തിരിച്ചത്.

രണ്ടരയടി മാറിനിന്ന് കുഞ്ഞാത്തോല്‍ ഭീകരവാദികളായ സൈക്കിളിനെയും പൊതിയെയും ആപാദചൂഡം നിരീക്ഷിച്ചു. ആ തീക്ഷ്‌ണ നയനങ്ങള്‍ക്കു മുന്നില്‍ ഉഗ്രവസ്‌തുക്കള്‍ ചൂളിപ്പോവുന്നത് വസ്‌ത്രരഹിത നേത്രങ്ങള്‍ക്ക് ഗോചരീ ഭവന്തു.

കുഞ്ഞാത്തോല്‍ പ്രഖ്യാപിച്ചു.

'ഇത് നിസ്സാരമല്ല. മാഡ്രിഡില്‍ പൊട്ടിയ അതേ ബോംബു തന്നെയാണ്. അതിനേക്കാള്‍ കുതിരശക്തിയുണ്ടെന്നാണ് പ്രാഥമികമായി എനിക്ക് നിഗമിക്കുവാന്‍ തോന്നുന്നത്.'

മാഡ്രിഡെന്തെടോ രാമേശ്വരമോ എന്ന് ചോദിക്കണമെന്ന് കൂട്ടത്തില്‍ ഒരു വിമതന് തോന്നിയെങ്കിലും സന്ദര്‍ഭത്തിന്റെ ഗൌരവം കണക്കിലെടുത്ത് ആ തോന്നല്‍ തൊണ്ടക്കുഴിയില്‍ സംസ്‌കരിച്ചു.

ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സില്‍ കുഞ്ഞാത്തോലിനോളം പോന്നവര്‍ ആരുണ്ട് ? താടിയില്ലന്നേയുള്ളു. സ്ഥലത്തെത്തിയ പൊലീസ് രംഗനിരീക്ഷണത്തിനെന്ന മട്ടില്‍ പിന്‍വാങ്ങി. മഹേശ്വരന്‍പിള്ളയുടെ ചായക്കടയിലെ സ്ഥിരം പറ്റുകാരെ കേന്ദ്രീകരിച്ചാണ് അവരുടെ അന്വേഷണം നീങ്ങിയത്. അങ്ങനെയുള്ളവര്‍ അധികം ജീവിച്ചിരിക്കാത്തതിനാല്‍ ആ വഴിക്കുള്ള സാധ്യത അടഞ്ഞു.

തന്റെ വാര്‍ത്താപ്രാധാന്യത്തില്‍ അഭിമാനം തോന്നിയെങ്കിലും സമസ്‌ത നാഡികളും തളര്‍ന്ന മട്ടില്‍ അഭിനയിക്കുകയായിരുന്നു മഹേശ്വരന്‍ പിള്ള. മിസിസ് പിള്ള അതിഥിസല്‍ക്കാരത്തില്‍ വ്യാപൃത. 'സംഘര്‍ഷകാലത്തെ പലഹാരങ്ങള്‍' എന്ന ഗ്രന്ഥം പെട്ടെന്ന് മറിച്ചു നോക്കിയാണ് മിസിസ് പിള്ള സടകുടഞ്ഞത്.

തിരക്കിനിടയില്‍ ഒരു കണ്ണി വിട്ടുപോയി. പക്ഷേ ഗ്രന്ഥകാരന് അത് മറക്കാനാവില്ല. ഈ സംഭവം പൂര്‍ണമാവണമെങ്കില്‍ ആ കണ്ണി കണ്ടെത്തിയേ പറ്റൂ.

അതുകൊണ്ട് ആ കണ്ണിയെ ക്ഷണിക്കുന്നു. കണ്ണി ഒരു മറിമാന്‍ കണ്ണിയാണ്. മിസ് നളിനകുമാരി.

മഹേശ്വരന്‍പിള്ളയുടെ മകള്‍.

പിള്ളയുടെ മകള്‍ തന്നെയോ എന്ന് വര്‍ണ്യത്തിലാശങ്കതോന്നുംവിധം സുന്ദരി. പരിപ്പുവടയില്‍നിന്ന് പൂവന്‍പഴമോ ?

എന്നാല്‍ ഈ സുന്ദരി ആജീവനാന്ത വീട്ടുതടങ്കലിലായിരുന്നു. പ്രണയം. കാലഹരണപ്പെട്ട പ്രണയം.

ഇനി നമ്മള്‍ മറ്റൊരു കഥയിലേക്ക് പ്രവേശിക്കുന്നു.

സൂക്ഷിക്കണം, വഴുക്കും.

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനും സുന്ദരനും സുശീലനും സര്‍വോപരി സൌമ്യനുമായ കള്ളന്‍ ആ ശപിക്കപ്പെട്ട ദിവസം കക്കാന്‍ കയറിയത് മഹേശ്വരന്‍പിള്ളയുടെ ഭവനത്തിങ്കലായിരുന്നു.

ഈശ്വരോ രക്ഷതു.

ജനല്‍ക്കമ്പി നിഷ്പ്രയാസം ഭേദിച്ച് ഗൃഹപ്രവേശം നടത്തി.

കാമദേവന്‍ പണി പറ്റിച്ചു. മുറി മാറിപ്പോയി. അത് മഹേശ്വരന്‍പിള്ളയുടേതല്ല, മിസ് നളിനകുമാരിയുടേത്.

പാവം കള്ളന്‍ ഇതൊന്നുമറിയാതെ ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ തേടുന്നു.

പെട്ടെന്ന് കള്ളന്റെ ശ്രവണപുടങ്ങളില്‍ ഒരു മധുര ഗാനത്തിന്റെ പല്ലവി വന്ന് തലോടി.

' കൊച്ചു കള്ളാ.....'

കള്ളന്‍ കരഞ്ഞുപോയി.

തീര്‍ത്തും പ്രൊഫഷണലായ തന്നെ ആരാണ് അണ്ടര്‍ ടൊന്റി ആക്കിയത്?

ദൌത്യം അടിയന്തരമായി നിര്‍ത്തി ജനല്‍വഴി തന്നെ മടങ്ങാന്‍ ശ്രമിച്ച കള്ളന്റെ കരളില്‍ വീണ്ടും അമ്പേറ്റു.

' പോവ്വാണോ..?'

കള്ളന്‍ തരളിത ഹൃദയനായി.

ജനല്‍ക്കമ്പിയില്‍ ഉമ്മവെച്ചു.

ലൌ അറ്റ് ഫസ്റ്റ് ഫൈറ്റ്.

ആ രാത്രി സംഭാഷണത്തിന് സംവരണം ചെയ്‌തു. ഈ പരിപാടിയുടെ അടുത്ത ഭാഗം അടുത്ത ദിവസത്തേക്കു മാറ്റി.

വെള്ള കീറാന്‍ ഇനി ഒരു മിനുട്ട്.

പറഞ്ഞുതീര്‍ന്നില്ല, പക്ഷേ പിരിഞ്ഞേ പറ്റൂ.

വിരഹത്തിന്റെ ജപ്പാന്‍കുഴിയില്‍ കദനം കെട്ടിനിന്നു.

ഡാമിന്റെ രണ്ടു ഷട്ടറും തുറന്ന് ആവശ്യത്തിന് കണ്ണീര്‍ പുറത്തുവിട്ട് കള്ളന്റെ കൈ നെഞ്ചോട് ചേര്‍ത്ത് നളിനകുമാരി ചോദിച്ചു:

' വരില്ലേ...'

ഉരുകിപ്പോയ കള്ളന്‍ ദ്രാവകരൂപത്തില്‍ പറഞ്ഞു:

' ഹെന്റെ നളീ...'

കള്ളന്‍ ചായക്കടയില്‍ വരുന്നത് താന്‍ നേരത്തെ നോട്ടമിട്ടിട്ടുണ്ടായിരുന്നെന്ന് നളിനകുമാരി സംഭാഷണമധ്യേ വെളിപ്പെടുത്തി. ഒരവസരത്തിന് കാത്തിരിക്കുകയായിരുന്നു.

കള്ളന്‍ പ്രണയപരവശനായി പശ്ചാത്തപിച്ചു.

'ഞാന്‍ ചോരനാണ്.'

നളിനകുമാരി അതേ നാണയത്തില്‍ തിരിച്ചടിച്ചു.

' ചോരനാണെങ്കിലും ചേര വംശത്തിലല്ലെ ജനിച്ചത് ?'

' എങ്ങനെ മനസ്സിലായി..?'

' ചേരന്‍ ചെങ്കുട്ടവന്റെ ചേലുണ്ട്.'

ചരിത്രം പഠിക്കാതിരുന്നതില്‍ ആദ്യമായി കള്ളന്‍ നെടുവീര്‍പ്പിട്ടു.

പ്രണയത്തിന്റെ ബാറ്റിങ് നോട്ടൌട്ടായി തുടരവെ മഹേശ്വരന്‍ പിള്ള അമ്പയറായി വന്നു. കൈയോടെ പിടിച്ചു.

മഹേശ്വരന്‍പിള്ള അലറി.

'നിനക്കാരെയും കിട്ടിയില്ല അല്ലെ..? കട്ടും കഴ്വേറിയും നടക്കുന്ന ഒരു...'

വിസ്‌താര ഭയത്താല്‍ ശേഷം വികാരം മഹേശ്വരന്‍പിള്ള ഒറ്റ വാക്കിലൊതുക്കി.

നളിനകുമാരിയുടെ കഴുത്തിന് പിടിച്ച് ഐസക് ന്യൂട്ടനെ വെല്ലുവിളിച്ചു. പിന്നെ മുറിയിലേക്ക് ഒറ്റ ഏറ്.

വീണത് വിദ്യയാക്കി പ്രണയത്തിന്റെ ബലിമൃഗം തിരിച്ചടിച്ചു.

' മരിച്ചാലും അഛാ... മറ്റൊരുത്തന്‍ എനിക്ക് ഭര്‍ത്താവാകില്ല. അതിനുവേണ്ടി അഛന്‍ കരുതിവെച്ച വെള്ളത്തില്‍ വേണമെങ്കില്‍ ചായയുണ്ടാക്കിക്കോ... ആ വെള്ളമെങ്കിലും പാഴാകാതിരിക്കട്ടെ... ഇത് സത്യം... ഇത് സത്യം...'

'ഠേ' എന്ന ശബ്‌ദത്തോടെ മഹേശ്വരന്‍പിള്ള എന്നെന്നേക്കുമായി വാതില്‍ പുറത്തുനിന്ന് പൂട്ടി. മുറി അറ്റാച്ച്ഡ് ആയതിനാല്‍ മഹേശ്വരന്‍പിള്ളക്ക് ആ വിധ ടെന്‍ഷനും ഉണ്ടായില്ല.

എല്ലാം ഭദ്രം.

കാരാഗൃഹത്തില്‍ കണ്‍മണി തേങ്ങി. വിശ്വസ്‌തനായ കാമുകനെപ്പോലെ കള്ളന്‍ കടലിനെ നോക്കിയിരുന്നു.

ഇനി പ്രധാന കഥയിലേക്ക് തിരിച്ചുവരാം.

ബോംബ് സ്‌ക്വാഡ് ഇതിനകം രംഗം കീഴടക്കി. ഉച്ചഭക്ഷണത്തിനുശേഷം ബോംബും സൈക്കിളും നിര്‍വീര്യമാക്കി.

തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ ബോംബ് പരിശോധന ആരംഭിച്ചു.

അന്തരീക്ഷം കനത്ത നിശ്ശബ്ദതയില്‍ ശബ്‌ദായമാനമായി.

പൊതിയഴിച്ചു.

അഴിച്ചപ്പോള്‍ മറ്റൊരു പൊതി. ആകാംക്ഷ.

അതും അഴിച്ചു.ആകാംക്ഷ നമ്പര്‍ രണ്ട്.

രണ്ടാം പൊതി അഴിച്ചപ്പോള്‍ മൂന്നാം പൊതി. ആകാംക്ഷ മൂന്ന്.

അങ്ങനെ നിരന്തരമായ ആറ് ആകാംക്ഷകള്‍ക്കു ശേഷം അവസാന പൊതി രംഗത്തെത്തി.

അത് തുറന്നു.

അതില്‍ ഒരു കത്ത്.

പെന്‍സില്‍കൊണ്ടാണ് സാഹിത്യരചന.

'....അഛാ.. അഛന്‍ ഈ കത്ത് വായിക്കുമ്പോഴേക്കും കള്ളേട്ടന്‍ എന്റെ കഴുത്തില്‍ താലി കെട്ടിയിരിക്കും. മറ്റൊന്നും തോന്നരുത്...ക്ഷമിക്കണം അഛാ.. ഞങ്ങളെ അനുഗ്രഹിക്കൂ...'

മഹേശ്വരന്‍പിള്ളക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഭ്രാന്ത് വന്നു. എന്നുവെച്ചാല്‍ താല്‍ക്കാലിക അടിസ്ഥാനത്തിലായിരുന്നു എന്നര്‍ഥം.

മഹേശ്വരന്‍പിള്ള വിവിധ ശബ്‌ദങ്ങളുടെ അകമ്പടിയോടെ മുറിക്കടുത്തേക്ക് ഓടി.

വാതില്‍ തുറന്നു കിടക്കുന്നു.

വാതില്‍പാളികള്‍ ചിരിക്കുന്നു.

മഹേശ്വരന്‍ പിള്ളക്ക് സഹിച്ചില്ല. ഒറ്റച്ചവിട്ട്. വാതില്‍ പല കഷണങ്ങള്‍.

ഇറയത്തേക്ക് ചാടിയിറങ്ങിയപ്പോള്‍ മുന്നില്‍......

മിസ് നളിനകുമാരിയും കാമുകനും. ക്ഷേത്രത്തില്‍നിന്നാണ് വരവ്.കഴുത്തില്‍ പൂമാല.

ആദ്യരാത്രിക്ക് വേണ്ടി വിളക്കണഞ്ഞപ്പോള്‍ നളി കള്ളേട്ടന്റെ കവിളില്‍ നുള്ളി ചെവിയില്‍ മൂളി.

' കൊച്ചു കള്ളന് കറന്റ് പൊളിറ്റിക്സ് നന്നായറിയാം..അല്ലേ..'


*****

എം എം പൌലോസ്

Sunday, October 26, 2008

മാധ്യമങ്ങളുടെ ചുമതല

സാഹിത്യത്തിനും കലക്കും സമൂഹത്തില്‍ എന്തൊക്കെ ചുമതലകള്‍ നിര്‍വ്വഹിക്കാനുണ്ടോ, അതിലൊട്ടും കുറവല്ല, സമൂഹത്തോട് മാധ്യമങ്ങള്‍ക്കു ള്ള ചുമതല. എന്താണ് നാമിന്ന് ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കുന്നത് ? പോപ്പ് മ്യൂസിക്കും ഡിസ്‌കോയും ഫാഷന്‍ പരേഡുകളുമെല്ലാമാണ് ടെലിവിഷന്‍ ചാനലുകളുടെ ഇഷ്ടവിഷയങ്ങള്‍. മറ്റൊരിഷ്‌ട വിഷയം ക്രിക്കറ്റാണ്. ഇത്തരം ഏര്‍പ്പാടുകളെ അതിരുവിട്ടു പ്രോത്സാഹിപ്പിക്കുന്നത് വഴി, ഈ മാദ്ധ്യമങ്ങള്‍, ഇന്നാട്ടിലെ സാധാരണ ജനങ്ങളെ അപഹസിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യത്തിനും തൊഴിലില്ലായ്‌മക്കും മറ്റു സാമൂഹ്യദൂഷ്യങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ നടത്തുന്ന നിരന്തര പോരാട്ടങ്ങള്‍ക്ക് പിന്തുണയും സഹകരണവും നല്‍കുന്നതിനു പകരം, തികച്ചും നിരുത്തരവാദപരമായാണ് നമ്മുടെ മാധ്യമങ്ങള്‍ ഇന്ന് പെരുമാറിക്കൊണ്ടിരിക്കുന്നത്.

ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന സത്യമെന്താണ് ? ഫ്യൂഡലിസത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ജനങ്ങളുടെ ഉപകരണമായിട്ടാണ്, മാധ്യമങ്ങള്‍ പിറവികൊണ്ടത്. യൂറോപ്പില്‍ ഫ്യൂഡല്‍ സമൂഹത്തെ ആധുനികവല്‍ക്കരിക്കുന്ന പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമായിരുന്നു. അമേരിക്കന്‍, ഫ്രഞ്ച് വിപ്ലവങ്ങളിലും ബ്രിട്ടനിലുമെല്ലാം ജനപക്ഷത്ത് നിന്നുകൊണ്ട്, അവിടങ്ങളിലെ അച്ചടിമാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്‌തുലമാണ്. റൂസ്സോ, വോള്‍ട്ടെയര്‍, തോമസ് പെയിന്‍, ജൂനിയസ് , ജോണ്‍വില്‍ക്കിന്‍സ് എന്നീ എഴുത്തുകാര്‍ ഫ്യൂഡലിസത്തിനും സ്വേച്‌ഛാധിപത്യത്തിനുമെതിരെയുള്ള പോരാട്ടത്തില്‍, അച്ചടിമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയവരാണ്. അമേരിക്കന്‍ വിപ്ലവത്തില്‍ തോമസ് പെയിനിന്റെ ലഘുലേഖകള്‍ വഹിച്ചപങ്ക് നമുക്കറിയാം. ഇംഗ്ലണ്ടിലാവട്ടെ, ജോര്‍ജ് മൂന്നാമന്റെ സ്വേച്‌ഛാധിപത്യവാഴ്‌ചക്കെതിരെയുള്ള ജനമുന്നേറ്റത്തില്‍, ജൂനിയസ്സിന്റെ"കത്തുകള്‍ ‍'' സുപ്രധാന പങ്ക് വഹിക്കുകയുണ്ടായി. ചുരുക്കത്തില്‍, ജനവിരുദ്ധ ഭരണകൂടങ്ങളുടെ അധികാര ഘടനകള്‍ക്കെതിരെ, ജനങ്ങളുടെ കൈയ്യിലെ, ശക്തമായ ആയുധങ്ങളായിരുന്നു അക്കാലത്തെ മാധ്യമങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും മാധ്യമങ്ങള്‍ ഭാവികാലത്തിന്റെ ശബ്‌ദങ്ങളെ പ്രതിദ്ധ്വനിപ്പിച്ചു. ഏതര്‍ത്ഥത്തിലെന്ന് ചോദിച്ചാല്‍, ഫ്യൂഡലിസവും സ്വേച്‌ഛാധിപത്യവും സമൂഹത്തെ നിന്നേടത്തുതന്നെ തളച്ചിടാന്‍ ശ്രമിച്ചപ്പോള്‍, മാധ്യമങ്ങളാണതിനെ മുന്നേട്ടേക്കുള്ള പാത തെളിച്ചുകൊണ്ട് നയിച്ചത്. ഈ ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം, ഇന്നത്തെ ഇന്ത്യയില്‍, മാധ്യമങ്ങളുടെ പങ്കെന്ത് എന്ന് വിലയിരുത്താന്‍.

കനത്ത ഉത്തരവാദിത്തം

കനത്ത ഉത്തരവാദിത്തം മാധ്യമങ്ങളില്‍ നിക്ഷിപ്‌തമാണ്. ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളില്‍, ജാതീയവര്‍ഗീയ ചിന്തകള്‍ക്കെതിരെയും ദാരിദ്ര്യത്തിനും സാമൂഹ്യ ദുരാചാരങ്ങള്‍ക്കുമെതിരെയും, ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തില്‍ സര്‍വ്വാത്മനാ സഹായിക്കേണ്ട ചുമതല, മാധ്യമങ്ങളില്‍ നിക്ഷിപ്തമാണ്. ഇന്ത്യയിലെ വലിയവിഭാഗം ജനങ്ങളും അജ്ഞതയിലും പിന്നോക്കാവസ്ഥയിലും ഉഴലുന്നവരാണ് എന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍, മാധ്യമങ്ങളുടെ പങ്ക് അങ്ങേയറ്റം സുപ്രധാനമാണ് എന്ന് വരുന്നു. ജനങ്ങളെ, അവരുടെ പിന്നോക്കാവസ്ഥയില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിച്ചെടുക്കാനുതകും വിധംആധുനിക ആശയങ്ങള്‍ അവരിലേക്കെത്തിക്കേണ്ട ചുമതല മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. എങ്കിലേ ഇന്ത്യയിലെ അഭിജ്ഞ സമൂഹത്തിന്റെ ഭാഗമായി അവരെ മാറ്റിയെടുക്കാനാവൂ.

ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങള്‍ ഒരു പരിണാമത്തിന്റെ ഘട്ടത്തിലാണിന്ന്, ഫ്യൂഡല്‍ സമൂഹഘടനയില്‍ നിന്നും ആധുനിക വ്യാവസായിക ഘടനയിലേക്കുള്ള മാറ്റം. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടും പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഫ്രാന്‍സും ഈ ദശാസന്ധികള്‍ കടന്നതിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ ഘട്ടം അങ്ങേയറ്റം പ്രയാസപൂര്‍ണ്ണമായ അനുഭവങ്ങളാണ് പ്രദാനം ചെയ്‌തത് എന്ന് മനസ്സിലാക്കാനാവും.

വിഭിന്ന സമുദായങ്ങളില്‍പെട്ട യുവതീയുവാക്കള്‍ വിവാഹിതരായതിന്റെ പേരില്‍ മീററ്റിലും മുസഫര്‍ നഗറിലും സമീപകാലത്ത് നടന്ന നരഹത്യകള്‍, നമ്മുടെ മനസ്സുകള്‍ എത്രമാത്രം പഴഞ്ചനാണ് എന്ന് സംശയരഹിതമായി വിളിച്ചു പറയുന്നു. മനുഷ്യമനസ്സുകളെ ആധുനികവല്‍ക്കരിച്ചു കൊണ്ടുമാത്രമേ ഈ പരിണാമഘട്ടം വിജയകരമായി കടന്നുകയറാന്‍ ഇന്ത്യക്ക് സാധിക്കുയുള്ളൂ.

വേണം, ഒരു സാംസ്കാരിക പ്രക്ഷോഭം

ഇന്നത്തെ ലോകം ക്രൂരവും പരിക്കനുമാണ്. അത് അധികാരത്തെമാത്രം ബഹുമാനിക്കുന്നു. ചൈനയും ജപ്പാനും ദരിദ്രരാഷ്‌ട്രങ്ങളായിരുന്നപ്പോള്‍, പടിഞ്ഞാറന്‍ രാഷ്‌ട്രങ്ങള്‍ അവരെ പരിഹാസപൂര്‍വ്വം " മഞ്ഞഗോത്രക്കാര്‍'' എന്ന് വിളിച്ചു. ഇന്നവരെ അങ്ങിനെ വിളിക്കാന്‍ ആരും ധൈര്യപ്പെടില്ല. എന്തുകൊന്നൊല്‍ ചൈനയും ജപ്പാനും ഇന്ന് ശക്തരായ വ്യാവസായിക രാഷ്‌ട്രങ്ങളാണ്. ഒരു വ്യാവസായിക ശക്തിയായി വളരുന്നതിലൂടെ മാത്രമേ നമ്മുടെ രാജ്യത്തിനും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മാന്യസ്ഥാനം ലഭിക്കുകയുള്ളൂ. അതിന് പ്രാഥമികമായി വേണ്ടത്, നമ്മുടെ ബുദ്ധിജീവികള്‍ ഒരു സാംസ്‌ക്കാരിക പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുകയും നേതൃത്വം കൊടുക്കുകയും ചെയ്യുക എന്നതാണ്. രാജ്യസ്‌നേഹികളും സമചിത്തരുമായ ഈ ബുദ്ധിജീവി വിഭാഗത്തില്‍പെടുന്നവര്‍ മറ്റാരുമല്ല, നമ്മുടെ സാഹിത്യനായകന്മാര്‍, കലാകാരന്മാര്‍, മാധ്യമങ്ങള്‍ എന്നിവരൊക്കെതന്നെയാണ്. എന്നാല്‍ ഇവിടെ, അവരെല്ലാവരും ഒരാത്മപരിശോധനക്ക് തയ്യാറാവേണ്ടതുണ്ട്. അവര്‍ അവരിലര്‍പ്പിതമായ ഈ ചുമതലകളാണോ ഇന്ന് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ?

ഇന്ന് ഇന്ത്യയിലെ അവസ്ഥയെന്ത് എന്ന് ചോദിച്ചാല്‍, ജീവിത യാഥാര്‍ത്ഥ്യവുമായി നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നാണ് ഉത്തരം. മാഗ്‌സെസെ അവാര്‍ഡ് ജേതാവായ പി.സായ്‌നാഥ് 6.09.2007 ന് പാര്‍ലമെന്റ് ഹൌസില്‍ ചെയ്ത പ്രസംഗത്തില്‍ ഗൌരവകരമായ കുറെ യാഥാര്‍ഥ്യങ്ങള്‍ നിരത്തുകയുണ്ടായി. ഇന്ത്യയിലെ 70ശതമാനം ജനങ്ങള്‍ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. കഴിഞ്ഞ 4 പതിറ്റാണ്ടായി ആ " ഗ്രാമീണ ഇന്ത്യ'' ഭീകരമായ കാര്‍ഷിക പ്രതിസന്ധിയായിലാണ്. ഈ പ്രതിസന്ധിയുടെ ഫലമായി കഴിഞ്ഞ 15 വര്‍ഷമായി അവരുടെ ജീവിതസന്ധാരണം തന്നെ തകര്‍പ്പെട്ടിരിക്കുകയാണ്. ലക്ഷക്കണക്കായ കര്‍ഷകര്‍ ഇതിന്റെ ഫലമായി ആത്മഹത്യയില്‍ അഭയം തേടി. ഇല്ലാത്ത തൊഴില്‍തേടി ദശലക്ഷക്കണക്കിന് ഗ്രാമീണ കര്‍ഷകര്‍ നഗരങ്ങളിലേക്ക് കുടിയേറി. ഒടുവില്‍ തൊഴിലാളികളുമായില്ല, കര്‍ഷകരുമായില്ല. കുറേപേര്‍ വീട്ടുജോലിക്കാരായി, വളരെ പേര് ക്രിമിനലുകളുമായി.

നമ്മളിപ്പോള്‍ സംസാരിക്കുന്നത്, "കോര്‍പ്പറേറ്റ് ഫാമിങ്ങി''നെപറ്റിയാണ്. ഇതെന്താണെന്ന് ചോദിച്ചാല്‍ ഉത്തരം ഇതാണ്. "കാര്‍ഷികവൃത്തി കൃഷിക്കാരനില്‍ നിന്ന് പിടിച്ചുവാങ്ങി കുത്തക മുതലാളിയുടെ കൈകളിലേല്‍പ്പിക്കുക.'' ഈ പരിപാടി, പക്ഷേ, തോക്കോ പീരങ്കിയോ ബുള്‍ഡോസറോ ലാത്തിയോ ഉപയോഗിച്ചല്ല നടപ്പാക്കുന്നത്, പിന്നെയോ? വിത്തിന്റെയും വളത്തിന്റെയും വൈദ്യുതിയുടെയും അടക്കം കൃഷിക്കാവശ്യമായ എല്ലാത്തിന്റെയും വില വര്‍ദ്ധിപ്പിച്ച്, ദശലക്ഷക്കണക്കായ സാധാരണ കൃഷിക്കാര്‍ക്ക് കൃഷി നഷ്‌ടത്തിലാക്കുന്ന ക്രൂരവൃത്തിയിലൂടെയാണ്, ഈ പരിപാടി നടപ്പാക്കുന്നത്.

ശതകോടീശ്വരന്മാരുടെ ലിസ്‌റ്റില്‍ ഇന്ത്യ നാലാമതാണ്. എന്നാല്‍ മനുഷ്യ വികസന റിപ്പോര്‍ട്ടില്‍ ഇന്ത്യ 126-ാമതാണ്. അതായത്, തെക്കെ അമേരിക്കയിലെ ഏറ്റവും ദരിദ്രരാഷ്‌ട്രമായ ബൊളീവിയയിലെ ഒരു ദരിദ്രനേക്കാള്‍ താഴെയാണ് ഇന്ത്യക്കാരന്‍. 120 കോടിയോളം വരുന്ന ഇന്ത്യക്കാരില്‍, 83 കോടിയോളം പേര്‍ ഇന്ത്യയില്‍ ജീവിക്കുന്നത്, പ്രിതിദിനം 20 രൂപയിലും കുറഞ്ഞതുക കൊണ്ടാണെന്നര്‍ത്ഥം. ഇന്ത്യക്കാരന്റെ പ്രതീക്ഷിതായുസ്സ്, ബൊളീവിയക്കാരനേക്കാളും കസാക്കിസ്ഥാന്‍കാരനേക്കാളും മംഗോളിയക്കാരനേക്കാളും താഴെയാണ്. ദേശീയ സാമ്പിള്‍ സര്‍വ്വേ അനുസരിച്ച് ഇന്ത്യന്‍ കര്‍ഷക കുടുംബത്തിന്റെ പ്രതിശീര്‍ഷ ചെലവ് മാസത്തില്‍ ശരാശരി 503 രൂപയാണ്. ഇതില്‍ 55 ശതമാനം ഭക്ഷണത്തിനും
18 ശതമാനം ഇന്ധന, വസ്‌ത്ര പാദരക്ഷാദികള്‍ക്കും കഴിഞ്ഞാല്‍, പിന്നെ വിദ്യാഭ്യാസത്തിനോ ആരോഗ്യരക്ഷയ്ക്കോ ചെലവാക്കാന്‍ ബാക്കി വരുന്നത് നാമമാത്രമാണ്.

വിശക്കുന്ന ദശലക്ഷങ്ങള്‍

1995-97 മുതല്‍ 1999-2001 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍, ശിഷ്‌ടരാജ്യങ്ങളില്‍ മൊത്തമുണ്ടായ പട്ടിണിക്കാരേക്കാള്‍ കൂടുതല്‍ പട്ടിണിക്കാരെ ഉല്പാദിപ്പിച്ചു എന്നാണ് എഫ്.എ.ഒ (Food and Agricultural Organisation) റിപ്പോര്‍ട്ട് പറയുന്നത്. ഗ്രാമീണ കുടുംബങ്ങളുടെ ഭക്ഷ്യ ഉപഭോഗം മുമ്പെന്നത്തേക്കാളും കുറഞ്ഞു. കടമാണെങ്കില്‍ പോയ ദശവര്‍ഷത്തിന്റെ ഇരട്ടിയായി വര്‍ദ്ധിച്ചു.

ദരിദ്രരോടുള്ള മാധ്യമങ്ങളുടെ പ്രതിബദ്ധത എത്രമാത്രം ദയനീയമാണ് എന്ന് വ്യക്തമാക്കുന്നതാണ് " ലക്‍മെ ഇന്ത്യ ഫാഷന്‍ വീക്ക്'' റിപ്പോര്‍ട്ട് ചെയ്യാന്‍ 512 പത്രപ്രവര്‍ത്തകര്‍ എത്തിയെങ്കില്‍, വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത് വെറും 6 പത്രപ്രവര്‍ത്തകര്‍ മാത്രമാണ് എന്ന വസ്തുത. രാജ്യത്തിലെ 75 ശതമാനം വരുന്ന സാധാരണ ഇന്ത്യക്കാരുടെ സാമ്പത്തിക യാഥാര്‍ത്ഥ്യത്തിനു നേരെ നമ്മുടെ മാധ്യമങ്ങള്‍ മുഖം തിരിക്കുന്നു. മാധ്യമങ്ങള്‍ ഉത്തരവാധിത്വബോധത്തോടെയാണോ പെരുമാറുന്നത് ? ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്‌നങ്ങള്‍ക്കായി അഞ്ചോ പത്തോ ശതമാനം സ്ഥലം നീക്കി വയ്ക്കുന്ന നമ്മുടെ മാധ്യമങ്ങള്‍, സിനിമാതാരങ്ങള്‍ക്കും പോപ്പ് സംഗീതത്തിനും ഫാഷന്‍ പരേഡിനും ജ്യോത്സ്യത്തിനും ക്രിക്കറ്ററിനുമൊക്കെയായി, പത്രത്തിന്റെ ബഹുഭൂരിഭാഗം സ്ഥലവും വിനിയോഗിക്കുന്നു. യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും വായനക്കാരുടെ ശ്രദ്ധ അസംബന്ധങ്ങളിലേക്കും അനാവശ്യങ്ങളിലേക്കും തിരിക്കുകയാണ് മാധ്യമങ്ങള്‍.

ജനങ്ങളെ മയക്കുന്ന കറുപ്പ്

ചില ടി.വി ചാനലുകള്‍ ദിവസം മുഴുവനും പോരാഞ്ഞിട്ട് രാത്രിയിലും ക്രിക്കറ്റ് കളികാട്ടാന്‍ വ്യഗ്രതപ്പെടുന്നു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളും ക്രിക്കറ്റിന്റെ മായിക വലയത്തില്‍ മൂടിവയ്‌ക്കാനാണ് ഈ ചാനലുകളുടെ ശ്രമം. വിലക്കയറ്റമോ, തൊഴിലില്ലായ്‌മയോ ദാരിദ്ര്യമോ പാര്‍പ്പിട പ്രശ്‌നമോ ആരോഗ്യ പ്രശ്‌നമോ ഒന്നുമല്ല പ്രധാനം, മറിച്ച് ഇന്ത്യ ക്രിക്കറ്റില്‍ ന്യൂസിലാന്റിനെ അല്ലെങ്കില്‍ പാക്കിസ്ഥാനെ തോല്‍പിച്ചോ എന്നതാണ് പ്രധാനം. ഇവിടുത്തേക്ക് ജനമനസ്സുകളെ കൂട്ടിക്കൊണ്ടു പോവാനുള്ള മാധ്യമ ശ്രമം എത്രമാത്രം അപലപനീയമാണ് ?

എന്റെ അഭിപ്രായത്തില്‍, കലയായാലും സാഹിത്യമായാലും മാധ്യമങ്ങളായാലും അവയുടെ ചുമതല, ദാരിദ്ര്യം, തൊഴിലില്ലായ്‌മ എന്നിവക്കെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തിപകരുക എന്നതായിരിക്കണം. ഈ പോരാട്ടങ്ങളുടെ വിജയത്തിലൂടെ മാത്രമേ ഒരു പുതിയ ഭാരതം രൂപപ്പെടുകയുള്ളൂ.

നമ്മുടെ രാജ്യം, ഒരു സാമൂഹ്യ- സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കാന്‍ ജനങ്ങളെ സഹായിക്കുക എന്ന ധര്‍മ്മമാണ് കലാകാരന്മാര്‍ക്കും സാഹിത്യ പ്രതിഭകള്‍ക്കും മാധ്യമങ്ങള്‍ക്കും അനുഷ്‌ഠിക്കാനുള്ളത്. യഥാര്‍ത്ഥ പ്രശ്‌നം ജനശ്രദ്ധയിലേക്ക് സജീവമായി കൊണ്ടുവരിക വഴിയേ അവര്‍ക്ക് ഈ ധര്‍മ്മം അനുഷ്‌ഠിക്കാനാവൂ. അവര്‍ ഇനിയങ്ങോട്ടെങ്കിലും ഈ ധര്‍മ്മാനുഷ്‌ഠാനത്തിന്റെ ശരിയായ പാതയിലേക്ക് വരും എന്ന് പ്രത്യാശിക്കുക.

*****

ജസ്‌റ്റിസ്സ് മാര്‍ക്കണ്ഡേയ കാട്ജൂ, കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

സുപ്രീം കോടതി ജഡ്‌ജിയായി സേവനമനുഷ്‌ഠിക്കുന്ന ജസ്‌റ്റിസ്സ് മാര്‍ക്കണ്ഡേയ കാട്ജൂ " ഹിന്ദു'' ദിനപത്രത്തിലെഴുതിയ Ideal and reality: media’s role in India എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം. വിവര്‍ത്തനം- കെ.രാജഗോപാലന്‍.

Saturday, October 25, 2008

അമ്മയുടെ മടിയിലേക്കല്ല, പൂതനയുടെ ആശ്ലേഷത്തിലേക്ക്

കവലകളില്‍ നിന്നൊക്കെ ഇപ്പോള്‍ ഉയരുന്നൊരു ചോദ്യമുണ്ട്. ഇതെന്തൊരതിക്രമമാണ് ! 18ന് ഒരു പണിമുടക്കം. 20-ന് മറ്റൊന്നും. 19-നും കൂടി ഒന്നായിക്കൂടായിരുന്നോ? മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതിനുമില്ലേ ഒരു കയ്യും കണക്കും? ബാങ്ക് ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും എന്തും ചെയ്യണമെന്നായിരിക്കുന്നോ? ഇതു തന്നെയാണ് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ചോദിക്കുന്നത്. എന്തും ചെയ്യാം എന്നായിരിക്കുന്നോ എന്നു തന്നെ. നമുക്കുമില്ലേ ഒരു പാര്‍ലമെന്റും നിയമസംവിധാനവുമൊക്കെ? നാടനും മറുനാടനുമായ വമ്പന്‍ കുത്തകകള്‍ ഒഴുക്കിയ പണക്കൊഴുപ്പില്‍ വഴുതി വീണതാണെങ്കിലും
.
നിയമം പാസ്സാക്കാനുള്ള അധികാരം കളങ്കിതമാണെങ്കിലും നിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്റിനല്ലേ? ധനകാര്യജോയിന്റ് സെക്രട്ടറിയായ ഒരു അമിതാഭ് വര്‍മ്മക്ക് ആരാണ് പാര്‍ലമെന്റിന്റെ അധികാരം പതിച്ചു നല്‍കിയത്? അക്വിസിഷന്‍ ഓഫ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്‌ട്ര ഓര്‍ഡര്‍ 2008-എന്ന പേരില്‍ ഐ.എ.എസ് ഓഫീസര്‍ ഒരു ഉത്തരവിറക്കിയാല്‍ നിയമ നിര്‍മ്മാണ സഭ പാസ്സാക്കിയ പഴയ നിയമം പുതിയ നിയമമായി മാറുമോ? സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രാ എന്ന സ്ഥാപനം പെട്ടെന്ന് ഒറ്റയടിക്ക് ആഗസ്റ് 13-ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി മാറുമോ?

മാറില്ലെന്നാണ് കാര്യവിവരമുള്ള വരൊക്കെ ഇതുവരെ പറഞ്ഞിരുന്നത്. നരസിംഹം കമ്മിറ്റിയും ലീലാധര്‍ കമ്മിറ്റിയുമൊക്കെ മുമ്പ് പറഞ്ഞത് പുതിയ നിയമനിര്‍മാണം വഴി അസോസിയേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്കില്‍ ലയിപ്പിക്കണമെന്നാണ് ! ഈയിടെയാണ് സ്‌റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍ പുതിയ നിയമ ഭേദഗതിയിലൂടെ തങ്ങള്‍ എല്ലാ അസോസിയേറ്റ് ബാങ്കുകളെയും ലയിപ്പിച്ച് ഒന്നിപ്പിക്കും എന്ന് പ്രഖ്യാപിച്ചത്.

പിന്നെങ്ങനെ പാര്‍ലമെന്റിനെ മറികടന്നു കൊണ്ട് ഒരു അട്ടിമറി?ജൂലായ്- 23ന് കാശു കൊടുത്ത് പാര്‍ലമെന്റിന്റെ വിശ്വാസം വിലക്കു വാങ്ങിയതോടെ എന്തുമാവാം എന്നാണോ? എന്ത് പാര്‍ലമെന്റ് ? എന്ത് നിര്‍മ്മാണ സഭ എന്നാണ് സര്‍ക്കാര്‍ തന്നെ ചോദിക്കുന്നത്.

എന്തേ നിയമനിര്‍മാണ സഭകളെ മറികടന്ന് ഇങ്ങനെ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് ? എന്തേ യുദ്ധകാലാടസ്ഥാനത്തില്‍ ഇങ്ങനെയൊരു ലയനം? അമ്മയുടെ മടിത്തട്ടിലേക്ക് കുഞ്ഞ് ചെല്ലുന്ന അത്രക്ക് സ്വാഭാവികമാണ് ഈ ലയനമെന്ന് ഒരു കേള്‍വി. എന്നുവെച്ചാല്‍ ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്ന് ! പെട്ടെന്ന് കേട്ടാല്‍ നേരാണെന്നു തോന്നാം ന്യായവാദങ്ങള്‍. മഹാലയനങ്ങളുടെ കാലമാണ്. വിദേശ ബാങ്കുകളമായി മത്സരിക്കാനാവണമെങ്കില്‍ വലുപ്പം കൊണ്ടു മുന്നിലാവണം. എന്നാലേ പിടിച്ചു നില്‍ക്കാനാവൂ. നമ്മുടെ പൊതു മേഖലാ ബാങ്കിങ് സംവിധാനത്തിന് നിലനില്‍ക്കണമെങ്കില്‍ ഇങ്ങനെ ലയിച്ചൊന്നാവണമത്രെ!

സ്‌‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ് ഒ.പി.ഭട്ട്. ഈയിടെയാണ് അദ്ദേഹം ഒരു വിവാദ പ്രസ്താവന നടത്തിയത്. പൊതുമേഖലാ ബാങ്കുകള്‍ നിര്‍വ്വഹിച്ചു പോരുന്ന സാമൂഹിക ഉത്തരവാദിത്തങ്ങള്‍ക്കെതിരെയുള്ള ആ കുരച്ചു ചാട്ടത്തില്‍ സ്വകാര്യമുതലാളിയുടെ ശബ്ദമാണ് നിഴലിച്ചത്. ഇരിക്കുന്ന കസേര മറന്ന് നടന്നു വന്ന വഴികള്‍ മറന്ന് ഇങ്ങനെ പ്രസ്താവനയിറക്കിയ ഈ പൊതുമേഖലാ ബാങ്ക് മേധാവിയെത്തന്നെയാണ് ബാങ്കിങ്ങ് പരിഷ്ക്കരണത്തിനുള്ള ശുപാര്‍ശകള്‍ നല്‍കാനായി നിയുക്തമായ കമ്മിറ്റിയിലേക്ക് പൊതുമേഖലാ പ്രതിനിധിയായി നിര്‍ദ്ദേശിച്ചത്. ഇത് യാദൃച്ഛികമല്ല. പ്രസ്തുത കമ്മറ്റിയുടെ തലവന്റെ സാന്നിദ്ധ്യത്തിലാണ് ഈ പൊതുമേഖലാ ബാങ്ക് തലവന്‍ പൊതു മേഖലാ ബാങ്കിങ്ങിനെ ആകെത്തന്നെയും വിശേഷിച്ചും അതി ലെ തൊഴില്‍ ശക്തിയെ അധിക്ഷേപിച്ചു സംസാരിച്ചത്. ഉത്തരവാദിത്തബോധമില്ലാത്ത ട്രേഡ് യൂണിയനുകള്‍ വഴിമുടക്കികളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഈയിടെ പുറത്തുവന്ന രഘുരാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭട്ടും രഘുരാമനും കൂട്ടരും വരച്ചു വക്കുന്ന ഒരു ചിത്രമുണ്ട് . വളരെ ലളിതമാണിത്. സര്‍ക്കാര്‍ ഉടമസ്ഥത എന്നത് ഇന്ത്യന്‍ ബാങ്കിങ്ങിന്റെ വികസനത്തിന് തടസ്സമാണത്രെ. അതുകൊണ്ട് കളിസ്ഥലം നിരപ്പാക്കണം. എന്നു വെച്ചാല്‍ വിദേശ ബാങ്കുകള്‍ക്കും യഥേഷ്ടം വന്നു കളിക്കാനും നമ്മുടെ ഗോള്‍മുഖത്തക്ക് തടസ്സമേതുമില്ലാതെ പന്തടിച്ചു കയറ്റാനും സൌകര്യം വേണം. അതിനുള്ള ഒറ്റമാര്‍ഗം സര്‍ക്കാര്‍ ഉടമസ്ഥത വേണ്ടെന്നു വെക്കുകയാണ്. എന്നാലേ കളിക്കാരെ സമന്മാരായി കാണാനാവൂ. അപ്പോഴേ മത്സരം പൊടിപൊടിക്കൂ. സര്‍ക്കാര്‍ ഖജനാവിലേക്ക് വര്‍ഷാവര്‍ഷം ഡിവിഡന്റായി അടച്ചു പോരുന്ന അനേകായിരം കോടിയില്‍ ഗണ്യമായൊരു വിഭാഗം ഇന്ത്യന്‍ കുത്തകകള്‍ക്കും ബഹുരാഷ്‌ട്രകുത്തകകള്‍ക്കും കൈയടക്കാന്‍ അവസരം നല്‍കണമെന്ന് !

തല്‍ക്കാലം സ്വകാര്യവല്‍ക്കരണം അത്ര എളുപ്പമല്ലെങ്കില്‍ പൊതുമേഖലാ ബാങ്കുകളില്‍ ഷെയറെടുത്ത സ്വകാര്യ മുതലാളിമാരെ ബാങ്ക് ഡയറക്‍ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി അവയെ 'ശക്തമാക്കാ'നാണ് നിര്‍ദ്ദേശം. ഇങ്ങനെ ശക്തമായാല്‍ പിന്നെ അവയെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ഇന്ത്യന്‍ പാര്‍ലമെന്റ് തുടങ്ങിയ ഏടാകൂടങ്ങളില്‍ നിന്ന് വിമുക്തമാക്കണമത്രെ ! അങ്ങനെ സര്‍വ്വതന്ത്ര സ്വതന്ത്രമായ ഒരു ബാങ്കിങ് മേഖല ആര്‍ക്കും കടന്നുവന്നു നിക്ഷേപം നടത്തി വമ്പന്‍ ലാഭം കൊയ്തു കൊണ്ട് പോവാനാവുന്ന ഒരുഗ്രന്‍ മേഖലയായിമാറിത്തീരണം എന്നാണാഗ്രഹം. അതിന്റെ വഴിയിലാണ് ശമ്പളം നഷ്ടപ്പെടുത്തി സമരം ചെയ്ത ജീവനക്കാരും ഓഫീസര്‍മാരും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. പിന്നെങ്ങനെ ഭട്ടും കൂട്ടരും ശകാര വര്‍ഷം ചൊരിയാതിരിക്കും?

ലയനങ്ങള്‍: ഗുണം ആര്‍ക്ക് ?

ബാങ്കിങ് മേഖലയിലെ ലയനങ്ങളുടെ അന്താരാഷ്ട്ര അനുഭവം ഏറെ പഠനവിധേയമായതാണ്. 1999-ല്‍ ഗാരി ഡിംസ്‌ക്കി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം കാര്യങ്ങള്‍ വ്യക്തമാക്കിയത് അമിയാകുമാര്‍ ബാഗ്‌ചി ഉദ്ധരിക്കുന്നുണ്ട് . "ബാങ്ക് ലയനങ്ങള്‍ ഉപഭോക്താക്കളുടെയും ധനകാര്യേതരസ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവാന്‍ സാധ്യതയുണ്ട്. ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്ന കാര്യത്തില്‍ (എന്നു വെച്ചാല്‍ സേവനങ്ങളുടെ ചാര്‍ജ്ജ് എന്നര്‍ത്ഥം) കുത്തകവത്കരണത്തിന് സാധ്യതയേറെയാണ്. വളരെ സാന്ദ്രമായ കമ്പോളങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ പലിശയേ കിട്ടൂ. ഫെഡറല്‍ റിസര്‍വ് ശേഖരിച്ച കണക്കുകളനുസരിച്ച് വന്‍കിട ബാങ്കുകളില്‍, സര്‍ക്കാരേതര ഉടമസ്ഥതയുള്ളേടങ്ങളില്‍, ഇടപാടുകാര്‍ക്ക് കനത്ത ചാര്‍ജ്ജുകള്‍ നല്‍കേണ്ടിവരുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഏറെ നേട്ടങ്ങളുാക്കിയെങ്കിലും ഇതേ കാലയളവില്‍ ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് കിട്ടുന്ന ധനസേവനങ്ങള്‍ക്ക് നല്‍കിയ ഫീസ് ഒട്ടും കുറഞ്ഞിട്ടില്ല. ലയനോന്മുഖമായി പ്രവര്‍ത്തിക്കുന്ന വലിയ ബാങ്കുകള്‍ മിക്കതും ചാര്‍ജ്ജുകള്‍ അക്രമാസക്തമാം വിധം കൂട്ടിയിട്ടുണ്ട്. ഈ ബാങ്കുകളുടെ വര്‍ദ്ധിച്ച മേധാവിത്വം സൂചിപ്പിക്കുന്നത് ഇടപാടുകാര്‍ ഉയര്‍ന്ന ചാര്‍ജ്ജുകള്‍ നല്‍കേണ്ടി വരുമെന്നാണ്.''

2001-ല്‍ ജി-10 രാജ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കി ജനുവരി 25-ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ അന്നത്തെ ജാപ്പാനീസ് ബാങ്ക് തകര്‍ച്ച ലോകത്തു മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കാനുള്ള സാധ്യത ചൂിക്കാട്ടിയിരുന്നു- ധനമേഖലയിലെ സംയോജനങ്ങളുടെ ആഗോളപശ്ചാത്തലത്തില്‍. (ഇതിന്റെ വിശദാംശങ്ങള്‍ www.bis.org ല്‍ ലഭ്യമാണ്) അതും കഴിഞ്ഞ് ഒരു മാസത്തിനു ശേഷം പുറത്തിറക്കിയ ഐ.എല്‍.ഒ റിപ്പോര്‍ട്ടും ധനമേഖലയിലെ ലയനങ്ങളെയും സംയോജനങ്ങളെയും കുറിച്ച് ഏറെ മുന്നറിയിപ്പ് നല്‍കുന്നണ്ട്. (www.ilo.org ല്‍ ഇതേപറ്റിയുള്ള വിശദാംശങ്ങള്‍ കിട്ടും)

ഇടപാടുകാര്‍ തങ്ങള്‍ക്ക് കിട്ടുന്ന സേവനങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കുക, ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് കിട്ടിപ്പോന്ന ലാഭവിഹിതം കുറയുക, നിക്ഷേപകര്‍ക്ക് തങ്ങളുടെ പലിശ നിരക്ക് കുറയുക, ജീവനക്കാര്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുക, ഗ്രാമീണ ശാഖകള്‍ അടച്ചു പൂട്ടപ്പെടുക എന്നിവയൊക്കെയാണ് ഫലങ്ങള്‍. പക്ഷേ വന്‍ ലയനങ്ങള്‍ നടന്നേടത്തൊക്കെ, ഏറ്റെടുക്കുന്ന ബാങ്കുകളുടെ മേധാവിമാരുടെ വരുമാനം കുത്തനെ കൂടിയ കാര്യം ഐഎല്‍ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെച്ചം അവര്‍ക്ക് മാത്രം.

ഈയൊരവസ്ഥയിലേക്ക് ഇന്ത്യന്‍ ബാങ്കുകളേയും എത്തിക്കാനാണ് നീക്കം. സംയോജിപ്പിച്ച് വലുതായി മത്സരിച്ചു കീഴടക്കുമെന്നാണ് പറയുന്നത്. സ്‌‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചരിത്രം തയ്യാറാക്കിയ പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ അമിയാകുമാര്‍ ബാഗ്‌ചി നടത്തിയ ഒരു നിരീക്ഷണമുണ്ട്. ഇന്ത്യന്‍ അനുഭവം മുന്‍നിര്‍ത്തി ലയനാനുഭവം പരിശോധിക്കുകയാണദ്ദേഹം. പഴയ വൈശ്യാബാങ്കിനെ ഐ. എന്‍.ജി എന്ന നെതര്‍ലാന്റ് ആസ്ഥാനമാക്കിയുള്ള ബാങ്ക് ഏറ്റെടുത്തതാണ് ഇന്ത്യയിലെ ആദ്യ ലയനാനുഭവം. ലോകത്താകെ ലയനങ്ങളും ഏറ്റെടുക്കലുകളും വഴി കീഴടക്കലുകള്‍ നടത്തിപ്പോന്ന ഐ എന്‍ ജി യുടെ കുടക്കീഴിലായശേഷം വൈശ്യാബാങ്ക് വന്‍കുതിപ്പുണ്ടാക്കുമെന്നായിരുന്നല്ലോ പൊതു ധാരണ. ഐഎന്‍ജി വൈശ്യാബാങ്ക് പഴയ സ്വകാര്യ ബാങ്കായാണ് പരിഗണിക്കപ്പെട്ടു പോരുന്നത്. 98-99 മുതല്‍ക്ക് അതിന്റെ ലാഭക്ഷമത പ്രതിവര്‍ഷം ഗണ്യമായി കുറഞ്ഞു വന്നു എന്നുമാത്രമല്ല പഴയ സ്വകാര്യ ബാങ്കുകളുടെ കൂട്ടത്തില്‍ (ആ ഗണത്തിലാണ് ആര്‍.ബി.ഐ അതിനെ ഉള്‍പ്പെടുത്തിയത്) ഏറ്റവും പിറകിലാവുകയും ചെയ്തു. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ചും ഏറെ പിറകിലായിരുന്ന ഐഎന്‍ജി വൈശ്യാ.

ആരോട് മത്സരിക്കാന്‍

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചകളുടെ കഥയും അമിയാകുമാര്‍ ബാഗ്‌ചി ചൂണ്ടിക്കാട്ടുന്നണ്ട്. 1860-ലെ ആഗ്രാ ആന്റ് യുണൈറ്റഡ് സര്‍വീസസ് ബാങ്ക് തകര്‍ച്ച, 1906-ലെ ആര്‍ബത്‌നോട്ട് ബാങ്ക് തകര്‍ച്ച, 1921-22ലെ അലിയന്‍സ് ബാങ്ക് ഓഫ് സിംല തകര്‍ച്ച, വിദേശങ്ങളിലെ മാനേജര്‍മാരുടെ തെറ്റായ നിക്ഷേപ തീരുമാനങ്ങളും ആയിരുന്നു ഇതിനു പിന്നില്‍. പൊളിഞ്ഞു പാളീസായ ആര്‍ബത്‌നോട്ടിനെ സ്വദേശി പ്രസ്ഥാനം ഏറ്റെടുത്താണ് അതിന്റെ ചിതയില്‍ നിന്ന് ഇന്ത്യന്‍ ബാങ്കിന് രൂപം നല്‍കിയത്. കഥകള്‍ ഇങ്ങനെയിരിക്കെ വീണ്ടും ചരിത്രത്തെ തിരിച്ചിടുന്നത് എന്തിനു വേണ്ടി?

പറയുന്നത് വന്‍കിട വിദേശബാങ്കുകളോട് മത്സരിക്കേണ്ടിവരുന്നതു കൊണ്ടാണ് ലയനം എന്നാണ്. എന്നാല്‍ വസ്തുത എന്താണ് ? ഇന്ത്യയിലെ 27 പൊതുമേഖലാ ബാങ്കുകളേയും ലയിപ്പിച്ചൊന്നാക്കി മാറ്റി എന്നു കരുതുക. അതിന്റെ മൂലധനം 12400 കോടി രൂപ വരും. എന്നു വെച്ചാല്‍ മൂന്ന് ബില്യണ്‍ ഡോളര്‍. എന്നാല്‍ സിറ്റി ബാങ്കിന്റെ മാത്രം മൂലധനം 63 ബില്യണാണ്. സ്‌റ്റാന്‍ ചാര്‍ട്ടിന്റെത് 65 ബില്യണും. ഇവരോടാണ് മൂന്നു ബില്യണ്‍ ഏറ്റുമുട്ടി വിജയിക്കേണ്ടത് ! അതിനായാണ് ഈ സംയോജനങ്ങള്‍ എന്നു നാം വിശ്വസിച്ചു കൊടുക്കണം! ഈ ഘടാ ഘടിയന്‍ സ്വകാര്യ കുത്തക ബാങ്കുകള്‍ നിലനില്‍ക്കെത്തന്നെയല്ലേ ഇത്രയും കാലം ഇന്ത്യയിലെ ബാങ്കുകള്‍ വര്‍ഷാവര്‍ഷം ഖജനാവിലേക്ക് അനേകായിരം കോടികള്‍ ലാഭവിഹിതമെത്തിച്ചത?

ലോകത്തെങ്ങുമുള്ള കമ്പോളങ്ങളാകെ കടന്നു ചെന്ന് ലാഭം കൊയ്യാന്‍ അവസരം ഒരുക്കിക്കിട്ടേണ്ടത് അതിവേഗം ബഹുരാഷ്‌ട്രക്കുത്തകളായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ധനികവര്‍ഗത്തിന്റെ കൂടി ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെനിന്‍ ചൂണ്ടിക്കാട്ടിയതു പോലെ ലയനങ്ങളും സംയോജനങ്ങളും വഴിയുള്ള വന്‍വെട്ടിപ്പിടുത്തങ്ങള്‍ അക്രമാസക്തമായ രീതിയില്‍ മുന്നേറുകയാണ്.

ഉല്പാദന മേഖലയില്‍ നിന്നു ധനമേഖലയിലേക്ക് കുതിച്ചൊഴുകുന്ന മൂലധനത്തിന് അതിരുകളില്ലാത്ത കമ്പോളമാണാവശ്യം. നിയന്ത്രണങ്ങളില്ലാത്ത സര്‍വ്വതന്ത്ര സ്വാതന്ത്ര്യം! ദേശരാഷ്‌ട്രങ്ങളുണ്ടാക്കിയ പഴയ നിയമങ്ങളെല്ലാം തന്നെ അതിനു വേണ്ടവിധം മാറ്റിക്കിട്ടണം. ഭരണാധികാരികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അല്ലെങ്കില്‍ അന്താരാഷ്‌ട്ര സ്ഥാപനങ്ങളെ ഉപയോഗിച്ചും ഇതിന് ശ്രമിച്ചു വരികയാണ്.

കഴിഞ്ഞ കുറേക്കാലമായി ബാങ്കിങ് മേഖലാ പരിഷ്ക്കരണങ്ങളെക്കുറിച്ച് അതിശക്തമായ പ്രചരണം നടക്കുന്നു. ബാങ്കുകള്‍ ഫൈനാന്‍ഷ്യല്‍ സൂപ്പര്‍ സ്‌റ്റോറുകളാവണം. ഒറ്റപ്പുരക്കീഴില്‍ മുഴുവന്‍ ധനസേവനങ്ങളും ഊഹക്കച്ചവടമടക്കം ലഭ്യമാക്കണം. സര്‍ക്കാരുകള്‍ ഈ മേഖലയില്‍ നിന്ന് പിന്‍മാറണം. സ്വകാര്യമൂലധനത്തിന്റെ നായാട്ട് ! അത് സാധിച്ചെടുക്കുന്നതിനുള്ള അനേക തന്ത്രങ്ങളില്‍ ഒന്നുമാത്രമാണ് ലയനം. വര്‍ഷങ്ങളായി അതിനുള്ള സമ്മര്‍ദ്ദം തുടരുകയാണ്. 2004-ല്‍ പൊതു മേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ നടത്തിയ ശ്രമം തൊഴിലാളികളുടെയും ഇടതുപക്ഷ കക്ഷികളുടെയും ചെറുത്തു നില്‍പ് വഴി തടഞ്ഞതാണ്. എന്നാലിപ്പോള്‍ വിശ്വാസം വിലകൊടുത്തു വാങ്ങിയ ഔദ്ധത്യത്തില്‍ നിയമ നിര്‍മ്മാണ സഭകളെപ്പോലും മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവ് വഴി ലയനം നടപ്പാക്കുകയാണ്.

പിള്ള തള്ളയെ തിന്നുന്നു

സ്‌‌റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്‌ട്രയെ സ്‌‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യില്‍ ലയിപ്പിക്കുന്നത് തുടര്‍ന്നങ്ങോട്ട് ഇതര അസോസിയേറ്റ് ബാങ്കുകളെ വിഴുങ്ങുന്നതിനും വിഴുങ്ങിയതിനെ വിദേശ മുതലാളിമാര്‍ക്ക് തൂക്കി വില്‍ക്കുന്നതിനുമാണ്. പഴയ ഐസിഐസിഐയെ ഐസിഐസിഐ ബാങ്ക് വിഴുങ്ങിയത് ഓര്‍മ്മയില്ലേ? (റിവേഴ്‌സ് മെര്‍ജര്‍ എന്നാണ് അതിനു പറയുക. പൂച്ച പൂച്ചക്കുഞ്ഞുങ്ങളെ കൊന്നു തിന്നുന്നതു പോലെ. പക്ഷേ, ഇവിടെ പിള്ള തള്ളയെയാണ് തിന്നുന്നതെന്നു മാത്രം!) അതു പോലെ വേണമെങ്കില്‍, സ്‌റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകള്‍ക്ക് സ്‌റ്റേറ്റ് ബാങ്കിനെ ത്തന്നെ റിവേഴ്‌സ് മെര്‍ജര്‍ നടത്താനാവും വിധം ശക്തമാണ് അവയുടെ അടിത്തറ എന്നാണ് വസ്തുത.

ഒരു കണക്കു നോക്കുക:
എസ്‌ബിഐയുടെ മൂലധന പര്യാപ്തത 12.3 ശതമാനമാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്‌പൂരില്‍ ഇത് 12.9 ആണ്. എസ്.ബി.എച്ചില്‍ 12.5ഉം സ്‌‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയില്‍ 12.4ഉം ആണ്. ജീവനക്കാരുടെ പ്രതിശീര്‍ഷ ബിസ്സിനസ്സിന്റെ കാര്യത്തിലും കാണാം, ഈ അന്തരം. 357 ലക്ഷമാണ് എസ്.ബി.ഐ യില്‍ ശരാശരി ഒരു ജീവനക്കാരന്‍ കൈകാര്യം ചെയ്യുന്ന ബിസിനസ്സ്. 600 ആണിത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയില്‍. എസ്.ബി.ടി യില്‍ 506 ഉം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്തോറില്‍ 476ഉം എസ്.ബി.എച്ചി ല്‍ 473-മാണ്.

ജീവനക്കാരുടെ പ്രതിശീര്‍ഷ ലാഭത്തിന്റെ കാര്യമോ? എസ്.ബി.ഐയില്‍ ഒരു ജീവനക്കാരന്‍ ശരാശരി 2.37 ലക്ഷം രൂപയാണ് ലാഭമുണ്ടാക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാട്യാലയിലെ ജീവനക്കാരന്‍ 3.24 ലക്ഷം ലാഭമുണ്ടാക്കുമ്പോള്‍ എസ്.ബി.ടിയില്‍ 2.96ഉം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്‌പൂരില്‍ 2.57ഉം സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരില്‍ 2.6 ലക്ഷവുമാണ്. മിക്കവാറും മറ്റെല്ലാ സൂചികകളിലും ഏറെ മുന്നിലാണിപ്പോള്‍ 'പിള്ളമാര്‍' അല്ലെങ്കില്‍ അസോസിയേറ്റുകള്‍.

നാട്ടുരാജ്യങ്ങളിലെ ബാങ്കുകളെ 1959-ല്‍ ഏറ്റെടുത്തു പൊതു മേഖലയാക്കുമ്പോള്‍ അതിനെ സ്‌റ്റേറ്റ് ബാങ്കില്‍ ലയിപ്പിക്കാതെ അസോസിയേറ്റ് ബാങ്കുകളാക്കിതന്നെ നിലനിര്‍ത്തിയത് പ്രസ്തുത ബാങ്കുകള്‍ നിര്‍വ്വഹിച്ചു പോന്ന പ്രാദേശിക ഇടപാടുകളെ ചരിത്രപരമായി തിരിച്ചറിഞ്ഞതു കൊണ്ടാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് എസ്.ബി.ഐ പലപ്പോഴും തടസ്സം നിന്നിട്ടുകൂടി എല്ലാ അര്‍ത്ഥത്തിലും എസ്.ബി.ഐ യോട് കിടപിടിക്കത്തക്ക വിധം അസാമാന്യ വ്യക്തിത്വം പ്രകടിപ്പിച്ചു കൊണ്ട് ലാഭകരമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍, സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു കൊണ്ടുതന്നെ മുന്നേറാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയിലും ഉടമകള്‍ തന്നെ തള്ളിപ്പറഞ്ഞ ശേഷവും നിലനില്‍പിനുള്ള അര്‍ഹത തെളിയിച്ചു കഴിഞ്ഞ ഈ അസോസിയേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത് തുടര്‍ന്നങ്ങോട്ടുള്ള ലയനപ്രക്രിയകള്‍ക്ക് ആക്കം കൂട്ടാനാണ്. ഒന്നിച്ചൊറ്റ വെള്ളിത്താലത്തിലാക്കി നമ്മുടെ പൊതുമേഖലാ ബാങ്കുകളെ വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പതിച്ചു കൊടുക്കാനാണ്. അതു കൊണ്ട് ഈ നീക്കത്തില്‍ വഴിമുടക്കികളാകാന്‍ തന്നെയാണ് ശമ്പളം നഷ്ടപ്പെടുത്തിയും ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും രംഗത്തു വരുന്നത്.

സേവന വേതന വ്യവസ്ഥകളില്‍ ഒട്ടനവധി സൌജന്യങ്ങള്‍ വാരിക്കോരിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടും അതില്‍ പ്രലോഭിതരാവാതെ അസോസിയേറ്റ് ബാങ്കിലേയും സ്‌‌റ്റേറ്റ് ബാങ്കിലേയും ഓഫീസര്‍മാര്‍ ലയനത്തിനെതിരെ ആഗസ്റ് 18-നു പണിമുടക്കി. ഇന്ത്യയിലെ ബാങ്ക് ജീവനക്കാരാകെ- തൂപ്പുകാര്‍ മുതല്‍ അസിസ്‌റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ വരെ- ബാങ്കിങ് മേഖലയെ സംരക്ഷിക്കാനായി വീണ്ടും മുന്നോട്ട് വരികയാണ്. അതേ, വഴി മുടക്കികളാവാന്‍ തന്നെയാണവര്‍ നിശ്ചയിച്ചുറച്ചിരിക്കുന്നത്. ഇന്ത്യന്‍ ധനമേഖലയാകെ പൊളിച്ചടക്കി വന്‍കിട കുത്തകകള്‍ക്ക് ഏല്‍പിച്ചു കൊടുക്കാനുള്ള നീക്കം തടയാന്‍ തന്നെയാണ് ശ്രമം.

****

എ.കെ.രമേശ്, കടപ്പാട് : മലയാളം വാരിക

(ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയാണ് ലേഖകന്‍)

Friday, October 24, 2008

ചങ്ങമ്പുഴയെച്ചൊല്ലി ചിന്താക്കുഴപ്പമോ?

കവിത എന്ന സര്‍ഗവ്യായാമം തന്നെ സമൂഹത്തിന് അപ്രസക്തമായിരിക്കെ, ഇന്നലെകളില്‍ ഉച്ചസ്ഥായികളില്‍ പാടിയ പല വാനമ്പാടികളും വിസ്‌മൃതമായിട്ടുണ്ടാവാം. എന്നാല്‍ മലയാളികളെ "മദിരോത്സവലഹരിയില്‍ ആറാടിച്ചുകൊണ്ടിരിക്കേ അകാലത്തില്‍ പൊലിഞ്ഞുപോയ ആ സ്വരസാര്‍വഭൌമനെ'' അത്രവേഗം മറക്കാനാകുമോ? രമണനും മനസ്വിനിയും യവനികയും തിലോത്തമയും വാഴക്കുലയും ഒന്നും അത്രവേഗം മലയാളിക്ക് മറക്കാനാവില്ല.

മലയാളത്തില്‍ ഭാവഗാനങ്ങള്‍ക്കൊരു കവിയുണ്ടെങ്കില്‍ അതു ചങ്ങമ്പുഴയാണെന്ന് പില്‍ക്കാലത്ത് പലരും കൊണ്ടാടുകയുണ്ടായി. തുടക്കത്തില്‍ ചങ്ങമ്പുഴയെ കടിച്ചുകീറിയ പക്ഷമാണത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത് ദോഷങ്ങള്‍ കണ്ടുപിടിച്ച് കുറ്റവിചാരണ നടത്തിപ്പോന്നവരാണ് ചങ്ങമ്പുഴയെ 'റൊമാന്റിക് അനാര്‍ക്കി'യായി മാത്രം വിലയിരുത്തിയത്.

നിഷേധിയും ധിക്കാരിയും വിപ്ലവകാരിയുമായ കവിതന്നെയായിരുന്നു ചങ്ങമ്പുഴ. പുരോഗമനവാദികള്‍ ചങ്ങമ്പുഴയെ ഇക്കവലകളില്‍തന്നെ തിരഞ്ഞുകണ്ടെത്തണം. ആ കവിയുടെ 'റബല്‍'സ്വഭാവം പൊറുക്കാനാവാത്തവര്‍, അനുസരണക്കേടും കലഹസ്വഭാവവും പൊറുക്കാതെ ആദ്യമേ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചവര്‍ ജനമനസ്സുകളില്‍ ആ കവിക്ക് കിട്ടിയ അംഗീകാരം കണ്ട് അടവുമാറ്റി നക്കിക്കൊല്ലാന്‍ തുടങ്ങി എന്നാണ് ഭാവഗായകന്‍ മാത്രമാണ് ചങ്ങമ്പുഴ എന്ന വിലയിരുത്തലില്‍ക്കൂടി പ്രകടമാക്കുന്നത്.

ചങ്ങമ്പുഴയുടെ റബല്‍ സ്വഭാവത്തിന് ശാസ്‌ത്രീയതയും സ്‌ഥൈര്യവും അക്കാലത്ത് അത്ര തെളിഞ്ഞില്ലായിരിക്കാം. ഇടതുപക്ഷത്തിനുതന്നെ അക്കാലത്ത് അത്രയൊന്നും പ്രത്യയശാസ്‌ത്രസ്‌ഥൈര്യം കൈവന്നിരുന്നില്ലെന്ന് മറക്കാമോ? ഒന്നാമത് കവിയും രണ്ടാമത് വിപ്ലവകാരിയുമാകുന്ന കവികളുണ്ട്. മറിച്ച് ഒന്നാമത് വിപ്ലവകാരിയും രണ്ടാമത് കവിയുമാകുന്നവരും ഉണ്ട്. രണ്ടും തുല്യനിലയിലുള്ളവരെയും കണ്ടേക്കാം. ചങ്ങമ്പുഴ ഇതില്‍ ഒന്നാമത്തെ ഇനത്തില്‍ പെടുന്നു.

വാഴക്കുലയെ മാത്രം മുന്‍നിര്‍ത്തി ചങ്ങമ്പുഴയിലെ വിപ്ലവബോധത്തെ കണ്ടാല്‍പ്പോര. അത് ഒരു കാഴ്‌ചക്കുല മാത്രം.

"കുങ്കുമപ്പൊട്ടു തൊടുന്നൊരക്കൈകളില്‍

ചെങ്കൊടിയേന്തുന്ന മങ്കമാ''രെ ചങ്ങമ്പുഴക്ക് മുമ്പ് ഏത് കവി എഴുതിയിട്ടുണ്ട് ?

"ഈ വര്‍ഷകാളിമ തീരും വെളിച്ചങ്ങള്‍

പൂവിടും ഞാനതില്‍ വിശ്വസിപ്പൂ'' എന്ന് വരാനിരിക്കുന്ന വെളിച്ചത്തെ ഉദ്ഭാവന ചെയ്തവരാരുണ്ട് ?

"അറിയാനിനിയുലകില്‍ നമുക്കുള്ളതെന്തെന്നോ

പറയാം ഞാന്‍; അരിവാളിന്‍ തത്വശാസ്ത്രം.''

ഇങ്ങനെ പച്ചയായി അരിവാളിന്‍ തത്വശാസ്ത്രകീര്‍ത്തനം നടത്തിയ കവി വേറെ ആര് ?

"ഉണ്ണാനുഴറിടാതീ മണ്ണിനെ പൂജിച്ച്

വിണ്ണിവിടെ നിര്‍മിക്കും മര്‍ത്യര്‍മാത്രം

അതിനായിട്ടുള്ളതാണറിയുവിന്‍ നിങ്ങളീ-

യരിവാളിന്‍ പൊരുള്‍നിറയും തത്വശാസ്ത്രം

അഴകേലും വയലറ്റ് മഷിയാലല്ലെരിതീയില്‍

എഴുതുന്നു നിങ്ങള്‍തന്‍ ഗര്‍ജനം ഞാന്‍

പൊട്ടിച്ചെറിയുവിന്‍ നിങ്ങളിന്നാ നിങ്ങള്‍

നട്ടെല്ലുവളച്ചൊരാ'യജ്ഞസൂത്രം.' ''

"വിത്തേശരെ നിങ്ങള്‍ കേള്‍പ്പീലെ തെല്ലുമാ-

വിപ്ലവത്തിന്റെ മണിമുഴക്കം.''

നിര്‍മതത്തിന്റെ മടിത്തട്ടില്‍ നിര്‍വൃതിയോടെ ഇരിക്കാം, വിപ്ലവത്തോണിയിലേറി ആ പുഷ്പവാടിയില്‍ ചെന്നു കേറാം എന്നൊക്കെ വിളിച്ചുപറഞ്ഞ കവിയെ എവിടെ തിരയണം?

"സന്തതം നിന്‍നെറ്റിത്തടത്തില്‍നിന്നും

ഉതിരുമാ സ്വേദകണികകളില്‍

നിഴലിച്ചുകാണ്‍മൂ നാളത്തെ ലോകം

നീ വസിച്ചീടുമാദര്‍ശലോകം.''

"കവിതതന്‍ ചില്ലില്‍ തെളിഞ്ഞുകാണും

കമനീയലോകമല്ലീയുലകം

കലഹസങ്കേതമിതിലിറങ്ങാന്‍

കവചം ശരിക്കണിഞ്ഞിട്ടുവേണം''

"യന്ത്രശാലപ്പുകച്ചാര്‍ത്തിലൂടെന്‍-

കുന്തളാവലി കണ്ടുവോ നിങ്ങള്‍

എന്തധര്‍മവും തച്ചുതകര്‍ക്കും

എന്റെ ദോര്‍ബലം കണ്ടുവോ നിങ്ങള്‍

എന്റെ നാടെന്റെ നാടെന്റെ നാടെ-

ന്നെന്റെ ഗായത്രി കേട്ടുവോ നിങ്ങള്‍''

ഇത്തരം വിപ്ലവത്തീപ്പൊരി ചിതറും ശീലുകള്‍ മലയാളത്തില്‍ മുമ്പ് കേട്ടിട്ടുണ്ടോ ?

"ജടയുടെ സംസ്കാരപ്പനയോലക്കെട്ടുകള്‍

ചിതയിലെടുത്തെറിയൂ''

രണ്ട് തുട്ട് നല്‍കിയാല്‍ ചുണ്ടത്തു ചിരിവരുത്തുന്ന തെണ്ടിയല്ലെ ദൈവം, പള്ളിയിലും അമ്പലത്തിലും ദൈവമില്ല, കള്ളങ്ങള്‍ നിങ്ങളുടെ കണ്ണ് കെട്ടിയിരിക്കയാണ്. കൈക്കൂലികിട്ടാതെ അനുഗ്രഹിക്കാന്‍ തയാറാവാത്ത ദൈവം എന്തുദൈവമാണ്. ധനികന്റെ കുട്ടിക്ക് പാലും നിസ്വന്റെ കുട്ടിക്ക് ഉമിനീരും എന്നത് ഈശ്വരേച്ഛയല്ല. ആണെങ്കില്‍ ആ ഈശ്വരനെ ചവിട്ടിപ്പുറത്താക്കണം -ഇത്രയും വിപ്ലവോജ്വലമായ ആഹ്വാനങ്ങള്‍ ഏത് മുഖത്തുനിന്ന് അക്കാലത്തോ പില്‍ക്കാലത്തോ മലയാളഭാഷ കേട്ടിട്ടുണ്ട് !

ഇത്തരം ഉഴുതുമറിക്കല്‍ കണ്ടാകാം 'ഫാസിസ്റ്റ് മുദ്ര' പതിഞ്ഞത്. സംസ്‌ക്കാരമേഖലകളിലും രാഷ്‌ട്രീയ ക്ഷേത്രങ്ങളിലും ഉല്‍പ്പതിഷ്ണുത്വത്തിന്റെ ബീജാധാനത്തിന് പശ്ചാത്തലമൊരുങ്ങുകയാണുണ്ടായതെന്ന് തിരിച്ചറിയാതെ പോയതുകൊണ്ടാണ് ചങ്ങമ്പുഴയെ എവിടെ തിരയണമെന്ന് നട്ടംതിരിയേണ്ടിവരുന്നത്. ടോള്‍സ്റ്റോയിയെ റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയായിക്കണ്ട ലെനിനെ മറന്ന മാര്‍‌ക്‍സിസമായിരുന്നു സാഹിത്യരംഗത്ത് അന്ന്. കവിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ചലിതജലബിംബിതമായ നേര്‍ശാഖിയില്‍ വളവധികമുണ്ടെന്ന് തോന്നുന്ന' അവസ്ഥയായിരുന്നു. നുകവും തോളിലേന്തി കാളക്ക് പിമ്പേ പോകുന്ന സുകൃതസ്വരൂപങ്ങളെ സ്‌മരിക്കുകയും നമിക്കുകയും ചെയ്‌തുപോന്ന ആ കവി ഇരുളൊക്കെയും പോവുമോ, തെരുവിലെ ഞരക്കങ്ങള്‍ നിലയ്‌ക്കുമോ, സമത്വം കിളിര്‍ക്കുമോ എന്ന തികഞ്ഞ ഉല്‍ക്കണ്ഠയിലായിരുന്നു. അനാഥരായ് കിടപ്പാടവും ആഹാരവുമില്ലാതെ ചരിത്രവീഥിയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരുടെ കൂടെയായിരുന്നു ചങ്ങമ്പുഴ. ഇവരുടെ മോചനമായിരുന്നു ആ ഭാവനയുടെ ലക്ഷ്യം.

"പാടത്തെച്ചൂടില്‍ വിയര്‍ത്തൊലിച്ച്

വാടിത്തളര്‍ന്ന കവിള്‍ത്തടങ്ങള്‍

വാരിവിതറുമവയിലെന്നും

ഞാനെന്റെ സങ്കല്പ ചുംബനങ്ങള്‍''

പാടത്തു വിയര്‍ത്തൊലിച്ച് വയറെരിഞ്ഞു നില്‍ക്കുന്ന അവര്‍ വരിവരിയായി, കടലിലെക്കൊടുംതിരപ്പടര്‍പ്പുപോലെ, ഇരമ്പിപ്പായുന്ന ഇടിവാള്‍ച്ചീളുപോലെ വരികയാണ്. ആരാണവര്‍? വകചോദിക്കുന്നത് വകവയ്‌ക്കാതെ നില്‍ക്കുന്നവരെ വകതിരിവിലേക്ക് നയിക്കുന്നവര്‍ തന്നെ. പുരോഗതിയുടെ നാല്‍ക്കവലകളില്‍ വിപ്ലവയാത്രാനിയന്ത്രണ വേലയിലേര്‍പ്പെടുന്ന ആ നേതൃത്വത്തെ നാം തിരഞ്ഞുനടക്കുന്നു എന്നിട്ടും.

മത്തടിക്കുന്ന നരച്ച മതങ്ങള്‍ തന്‍ മസ്തകം തച്ചുടച്ച് അരിവാളെടുത്തു വിശപ്പിന്റെ പോരിന്ന് അണിനിരക്കാന്‍ സഖാക്കളെ ആഹ്വാനംചെയ്ത റഷ്യയിലെ 'അവിരാമ സമരത്തിരയടിയില്‍' ഇഴുകിച്ചേരാന്‍ മുക്തകണ്ഠം വിളിച്ചുപറഞ്ഞ കവിയെ വേറെയെങ്ങും തിരയേണ്ടതില്ല.

'വിപ്ലവത്തിന്റെ വെണ്‍മഴുവാലാ-

വിത്തഗര്‍വവിഷദ്രുമം വെട്ടി

സല്‍സമത്വസനാതനോദ്യാനം' സജ്ജമാക്കാന്‍ ഉദ്യമിക്കാന്‍ വെമ്പി കവി നമ്മുടെ കൂടെത്തന്നെയുണ്ട്.

ഉയിരേകി തൊഴിലാളികളി-

ലുണര്‍വേകി കാറല്‍മാര്‍ക്സ്

മാര്‍ക്സിനെ മാനിക്കാന്‍ തുയിലുണരാന്‍ പാടിയ കവിയെ എവിടെ തിരഞ്ഞാല്‍ കിട്ടും?

"പുരോഗമനസാഹിത്യം കമ്യൂ. കക്ഷിയുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രസ്ഥാനമാണെന്ന് പലരും പരിഹാസപൂര്‍വം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതുതന്നെയാണ് അതിന്റെ ഉദ്ദേശ്യമെന്ന് വിചാരിക്കുക. അതുകൊണ്ട് എന്താണൊരു തകരാറ് ? ഉറച്ച സ്വരത്തില്‍ അത്യുച്ചത്തില്‍ വിളിച്ചുപറയുക. അതേ, പുരോഗമന സാഹിത്യം കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ കളരിയാണ്. അഭിമാനപൂര്‍വം ആ സിദ്ധാന്തത്തെ പ്രചരിപ്പിക്കുന്ന സാഹിത്യമാണ് '' (ചങ്ങമ്പുഴ, സഹിത്യചിന്തകള്‍). പുരോഗമനപക്ഷത്തുനിന്ന് ഇത്രയും വീറോടെ തുറന്നടിച്ച കവിയുണ്ടോ മലയാളത്തില്‍?

1945 ല്‍ അഖിലകേരള പുരോഗമന സാഹിത്യസംഘത്തിന്റെ വാര്‍ഷികത്തിന് അധ്യക്ഷനായി ക്ഷണിക്കപ്പെട്ട ചങ്ങമ്പുഴ ആ സംഘടനയുടെ അധ്യക്ഷസ്ഥാനം തന്നെ ഏല്‍ക്കുകയുണ്ടായി. പില്‍ക്കാലത്ത് വൈലോപ്പിള്ളി ചെയ്തതുപോലെ. എന്നാല്‍, യാഥാസ്ഥിതികത്വത്തിന്റെയും മതത്തിന്റെയും മദമത്തവിത്തപ്രതാപത്തിന്റെയും മണ്ടയ്‌ക്ക് തരിപ്പേറ്റുമാറ് മേടിയത് വൈലോപ്പിള്ളിയേക്കാളും ചങ്ങമ്പുഴയായിരുന്നു എന്നത് സാഹിത്യ ചരിത്രം.

കോട്ടയത്തുനടന്ന പുരോഗമനസാഹിത്യ സമ്മേളനത്തില്‍ ചങ്ങമ്പുഴ ചെയ്ത അധ്യക്ഷപ്രസംഗത്തിന്റെ ഉശിരുംവീറും മലയാളസാഹിത്യചരിത്രം വായിക്കുന്നവര്‍ക്ക് ഇന്നും അനുഭവപ്പെടും. സാഹിത്യകാരന് സമൂഹത്തോടുള്ള കടപ്പാട്, ഉത്തരവാദിത്വം ഇവയെല്ലാം ഊന്നിക്കൊണ്ടായിരുന്നു അത്.

"രാജാക്കന്മാരും പ്രഭുക്കളും സമുദായത്തിലെ ഉയര്‍ന്ന പദവിയുള്ളവരും കൈകാര്യം ചെയ്ത് സൂക്ഷിച്ചിരുന്ന ഒന്നായിരുന്നു നമ്മുടെ സാഹിത്യം. വിശ്രമാവസവരങ്ങളിലെ വിനോദത്തിന് മാത്രമാണ് അതുപയോഗിക്കപ്പെട്ടത്. ഒരിക്കല്‍ പോലും അത് ജനകീയപക്ഷത്തുനിന്നില്ല. നമ്മുടെ സാഹിത്യം 'യമകാലങ്കാര'ങ്ങളുടെ ഗുസ്‌തിപിടിത്തത്തിന്ന് പാണ്ഡിത്യത്തിന്റെ ഗോദയിലിറങ്ങി. അടിയുറച്ചുപോയതും സ്വേഛാധികാരത്താല്‍ കെട്ടിപ്പടുത്തതും മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിന് തികച്ചും വിരുദ്ധവും സാന്മാര്‍ഗിക നീതിധര്‍മങ്ങളെ കൊഞ്ഞനംകുത്തുന്നതുമായ ജീര്‍ണിച്ച സാമൂഹ്യഘടനയെ അടിച്ചുടച്ച് തല്‍‌സ്‌ഥാനത്ത് സുദൃഢവും സാഹോദര്യത്തില്‍ അധിഷ്ഠിതവുമായ ഒരു നൂതന സംവിധാനം സ്ഥാപിതമായാലേ ഭാവി മനുഷ്യന് പ്രതീക്ഷക്ക് വകയുള്ളൂ'' (സാഹിത്യചിന്തകള്‍).

തീര്‍ച്ചയായും ഇതൊരു വൈകാരികപ്രലപനമല്ല.

"ഇംഗ്ലീഷുകാരെ കുറേ ശകാരിച്ച് മഹാത്മാഗാന്ധിയുടെ തൃപ്പാദങ്ങളില്‍ കുറേ കൂപ്പുകൈമൊട്ടുകളും ഖദര്‍, ചര്‍ക്ക,അഹിംസ, സ്വാതന്ത്ര്യം, ഭാരതമാത എന്നിങ്ങനെ ഒഴിച്ചുകൂടാത്ത ചില പദങ്ങളും ഹാ! ആഹാ! എന്ന് തുടങ്ങിയ ചില വ്യാക്ഷേപകങ്ങളും കൂട്ടിക്കുഴച്ച് പല രൂപത്തിലുള്ള കാകളിയുടെ വളയംചാടിച്ച് ഉല്ലേഖോത്പ്രേക്ഷാദികളുടെ ഞാണില്‍കയറ്റി കസര്‍ത്തുകാണിക്കുന്നതാണ് ദേശീയകവിതയെങ്കില്‍ സമ്മതിച്ചു നമുക്ക് പെരുത്തുപെരുത്ത് ദേശീയകവിതകളുണ്ട്.'' (സാഹിത്യചിന്തകള്‍)

"അഞ്ചുമക്കളുടെ മൃതശരീരം മുന്നില്‍ കിടക്കേ ഉല്ലേഖത്തില്‍ കരയുന്ന അമ്മയെ നമ്മുടെ സാഹിത്യത്തിലേ ക്കാണൂ'' എന്ന് കൂടിയാവുമ്പോള്‍ "അനൌചിത്യാദൂതേനാന്യത് രസഭംഗസ്യ കാരണം'' എന്ന കലാമര്‍മത്തെക്കൂടി കവി കടാക്ഷിക്കുന്നു.

ചങ്ങമ്പുഴക്കവിതക്ക് ഊര്‍ജം പകര്‍ന്ന വിഷയങ്ങളില്‍ പ്രധാനമാണ് പുരോഗതിയെ മുന്‍നിര്‍ത്തിയുള്ള ഈ വിപ്ലവ ത്വര. അനാചാരങ്ങള്‍, തൊഴിലാളി മുതലാളി ബന്ധങ്ങള്‍, ധനികദരിദ്രഭേദങ്ങള്‍, അവശരുടെ ദീനരോദനങ്ങള്‍, ധനാഢ്യതയുടെ ധാര്‍ഷ്‌ട്യം ഇതെല്ലാം ഈ കവിയുടെ രോഷത്തിന് ഇരയായിട്ടുണ്ട്. വിപ്ലവാംശം കുറവാണെന്നുവച്ച് നാം 'മാര്‍ജിനി'ല്‍ നിര്‍ത്തിയ 'വാഴക്കുല' കേരളത്തിലെ സാംസ്‌ക്കാരികസാഹിത്യമണ്ഡലത്തില്‍ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല. പുലക്കുടിലില്‍നിന്നുയര്‍ന്ന അലമുറയന്വേഷിച്ച് ചെന്ന കവി ഞാലിപ്പൂവനും ചുമന്ന് ജന്മിയോടൊപ്പം പോകുന്ന പുലയനെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വാഴക്കുല എഴുതിയതെന്ന് കേട്ടിട്ടുണ്ട്. വാഴക്കുല അനുഭവപ്പകര്‍പ്പുതന്നെ. ദളിത് മോചനത്തിന്റെയും പ്രന്തവത്കൃത ജനസമൂഹത്തിന്റെയും പീഡനകഥ ഒന്നാമതായി മലയാളി ശരിക്കു കേട്ടത് വാഴക്കുലയില്‍നിന്നല്ലേ.

നടക്കേണ്ടുന്ന വിപ്ലവത്തിന്റെ അഗ്നിജ്വാലകള്‍ വാഴക്കുലയില്‍ അന്തര്‍ലീനമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളീയ സാംസ്‌ക്കാരിക നവോത്ഥാനത്തിന്റെയും വിപ്ലവപ്രസ്ഥാനത്തിന്റെയും തെളിഞ്ഞ കണ്ണാടിയാണത്. ജന്മിത്വത്തിന്നെതിരെ 'ഊരുക വാള്‍' എന്ന് പറയാത്തതാണോ അതിലെ വിപ്ലവരാഹിത്യം? കവിത വായനക്കാരില്‍ ആഗിരണം ചെയ്യുന്ന അവബോധങ്ങളെ - രാസപ്രക്രിയകളെ -തിരിച്ചറിയായ്‌മയാണത്. ഏതോ കിനാവിലെ സ്വര്‍ഗം നുണഞ്ഞ് തപംചെയ്യുന്ന കേരള മനഃസാക്ഷിയെ കുലുക്കിവിളിച്ചുണര്‍ത്തിയ പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ ശബ്ദം തന്നെയാണതില്‍. വയറെരിയുന്നവര്‍ സമരകാഹളം മുഴക്കി കടലിലെ കൊടുംതിരപ്പടര്‍പ്പുപോലെ, ഇരമ്പിപ്പായുന്ന ഇടിവാള്‍ച്ചീറുപോലെ വകചോദിപ്പോരെ വകവയ്‌ക്കാത്തവരെ വകതിരിവിന്‍ വഴിയില്‍ ഇറക്കിക്കൊണ്ടുവരുന്നതുതന്നെയാണ് വാഴക്കുല.

മാടമുറ്റത്തെ വാഴക്കുല ജന്മിമാരുടെ ആള്‍ക്കാര്‍ വെട്ടിക്കൊണ്ടുപോവുക അക്കാലത്തെ ഒരു സാധാരണ സംഭവം. അതില്‍ ഊന്നിനിന്ന് ഭ്രഷ്‌ടലോകത്തിന്റെ ആശനിരാശകളുടെ സത്യത്തിലേക്ക് അനുവാചകനെ വിളിച്ചുകൊണ്ടുപോയത് വാഴക്കുലയാണ്. കഥാകാരരാണ് അത് അത്രക്ക് പ്രചരിപ്പിച്ചത് എന്ന് അതിനെ മാറ്റി നിര്‍ത്തരുത്. കാഥികര്‍ക്ക് അത് അത്രക്ക് പ്രയോജനപ്പെട്ടു എന്ന് പറയുന്നതാണ് ശരി.

പുരോഗനസാഹിത്യത്തെക്കുറിച്ചും വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ചും പുച്‌ഛവും പരിഹാസവും വച്ചുപുലര്‍ത്തിയ തനി യാഥാസ്ഥിതിക വീക്ഷണമുള്ള എം ആര്‍ നായരുടെ ചങ്ങമ്പുഴക്കവിതാവിമര്‍ശത്തെ കൊണ്ടാടിക്കൊണ്ട് ചങ്ങമ്പുഴയെ തിരയാന്‍ നോക്കുന്നത് അത്ഭുതമായി തോന്നുന്നു.

"താരഹാരമിരുളാം കചംവിധു-

സ്‌മേരവക്‍ത്രമിവപൂണ്ട രാത്രിയെ

പാരമംബരമൊഴിഞ്ഞുകാണവേ

കൈരവങ്ങള്‍ മിഴിപൊത്തി ലജ്ജയാല്‍''

(സാഹിത്യനികഷം) എന്ന ഈ ഒറ്റ ഉമാകേരളശ്ലോകം മതി ഉള്ളൂരിനെ മഹാകവിയാക്കാന്‍ എന്ന് പറഞ്ഞ ആളാണ് എം ആര്‍ നായര്‍. 'സംജയ'ന്റെ വിമര്‍ശംനേരംപോക്കായി തള്ളാം. എന്നാല്‍ എം ആര്‍ നായരെ അങ്ങനെ തള്ളാനാവില്ല. അദ്ദേഹത്തിന്റെ രമണനിരീക്ഷണം ശ്രദ്ധിക്കാം: "അനുഭവങ്ങളായ വിസന്ധികളാല്‍ ആ രചന പലേടത്തും അസുഖകരങ്ങളായിട്ടുണ്ട്: പ്രശാന്ത രമണീയമായ പരിശുദ്ധപരിസരങ്ങള്‍ക്ക് കേവലം അപരിചിതവും മൃഗീയമെന്ന് വിളിക്കുന്ന മൃഗങ്ങള്‍ക്ക് അപമാനകരവും ആയ പൈശാചികവികാരങ്ങളെ അസഹ്യമായവിധത്തില്‍ വൈരൂപ്യപ്പെടുത്തിയിട്ടുണ്ട് . കാവ്യകാരന്‍ സ്വീകരിച്ചിരിക്കുന്നത് ഗ്രീക്കുകവികളും ഇംഗ്ലീഷുകവികളും ഉപയോഗിച്ച് അതിന്റെ കൃത്രിമത്വം ഹേതുവായി മനംമടുത്തുവലിച്ചെറിഞ്ഞ ഒരു കാവ്യസങ്കേതമാണുള്ളതെന്നത് ആ പുതുമയുടെ ആകര്‍ഷകത്വം നശിപ്പിക്കുന്നുണ്ട്.'' വിമര്‍ശത്തിനുവേണ്ടിയുള്ള വിമര്‍ശമാണിതെന്ന് സുവ്യക്തം.

"ആരിസ്സഖാക്കള്‍ നാടെങ്ങും

പ്രസംഗിച്ചുനടപ്പവര്‍

ഉത്തമാംഗം മനുഷ്യന്നു

വയറെന്നു ശഠിപ്പവര്‍'' എന്ന് കമ്യൂണിസ്റ്റുകാരെ പരിഹസിച്ച 'സംജയ'നാണ് ഈ എം ആര്‍ നായര്‍. കവിതക്ക് ചങ്ങമ്പുഴ നല്‍കിയ ജനകീയഭാവവും കവിയുടെ റബല്‍സ്വഭാവവുമാണ് എം ആര്‍ നായരെ പ്രകോപിപ്പിച്ചത്. എം ആര്‍ നായരുടെ ചേലില്‍ ചങ്ങമ്പുഴയെ എതിര്‍ത്തുപോന്നവരെല്ലാം പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ജനപ്രീതികണ്ട് മലയാളത്തില്‍ ഭാവഗാനങ്ങള്‍ക്കൊരു കവിയുണ്ടെങ്കില്‍ അത് ചങ്ങമ്പുഴയാണെന്ന് ഉദ്ഘോഷിച്ചു. ജീവിച്ചിരുന്നെങ്കില്‍ എം ആര്‍ നായരും കൂട്ടത്തില്‍ കൂടുമായിരുന്നു എന്നതില്‍ സംശയമുണ്ടോ? ചങ്ങമ്പുഴയെപ്പോലെ അദ്ദേഹവും അല്പായുസ്സായി. "കാവ്യം യശസേ അര്‍ഥകൃതേ' എന്ന് പണ്ടുള്ളവര്‍ പറഞ്ഞത് അന്നും ഇന്നും എന്നും ഒരു സത്യമാണ്. സാഹിത്യകാരന്മാരെ വിലയിരുത്തുമ്പോള്‍ ഇത് ഒര്‍മിക്കാതെ പോകുന്നതാണ് പിന്നെ അവരെ തിരഞ്ഞുകണ്ടുപിടിക്കേണ്ട അവസ്ഥയില്‍ എത്തിക്കുന്നത്.

*****

കുഞ്ഞനന്തന്‍ നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക