Thursday, October 23, 2008

ശ്രീനാരായണഗുരു - ജീവിതവും ദര്‍ശനവും

ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ശ്രീനാരായണഗുരുവിനെപ്പോലെ ഇത്രയേറെ ആരാധനയ്‌ക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹിതവ്യക്തി ലോകത്തില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞുകൂട. കേരളത്തില്‍ ഇങ്ങനെ മറ്റൊരാള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. ഗുരുവിനെപ്പറ്റി 1916 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമായി ഇരുന്നൂറോളം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ടാവും. അദ്ദേഹത്തിന്റെ ഒറ്റയൊറ്റ കൃതികളുടെ വിവര്‍ത്തനങ്ങളോ വ്യാഖ്യാനങ്ങളോ പഠനങ്ങളോ ആയി ഒട്ടേറെ ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ഇവയ്‌ക്കു പുറമെയാണ് ആനുകാലികപ്രസിദ്ധീകരണങ്ങളിലും പ്രമുഖരായ എഴുത്തുകാരുടെ സമാഹാരകൃതികളിലുമായി ചിന്നിച്ചിതറിക്കിടക്കുന്ന എണ്ണമറ്റ പഠനങ്ങള്‍. ഇവയെല്ലാം ചേര്‍ത്താല്‍ കിട്ടുന്ന ശ്രീനാരായണസാഹിത്യം എത്രമേല്‍ സമ്പന്നമല്ല! ഇതൊരു വശം. ഇതിന് ഒരു മറുവശവുമുണ്ട്. ഈ കൃതികളില്‍ പലതും ആവര്‍ത്തനവിരസങ്ങളാണ്. എടുത്തുപറയത്തക്ക ശാസ്ത്രീയതയോ വസ്തുനിഷ്ഠതയോ പുലര്‍ത്തുന്നവ വളരെക്കുറച്ചേ അവയില്‍ കാണൂ. ആരാധനാപ്രധാനമാണ് മിക്കതും - വിശേഷിച്ച് ആദ്യകാലകൃതികള്‍. ശ്രീനാരായണഗുരുവെ അതിമാനുഷനോ അവതാരപുരുഷനോ അത്ഭുതസിദ്ധനോ ആയി കാണാനാണ് ഗുരുവിന്റെ ആരാധകര്‍ മാത്രമായ പല ഗ്രന്ഥകര്‍ത്താക്കളും മുതിര്‍ന്നത്. ഗുരുവിനെ ‘ബ്രഹ്മശ്രീ’ എന്നും സ്വാമിതൃപ്പാദങ്ങള്‍’ എന്നും മറ്റും വിശേഷിപ്പിക്കാതിരുന്നാല്‍ അദ്ദേഹത്തിന് അത് അവമതിയായിപ്പോകുമെന്ന് പലരും വിചാരിച്ചതുപോലെ തോന്നും. കുമാരനാശാനെയും മൂര്‍ക്കോത്തു കുമാരനെയും പോലുള്ള പ്രമുഖര്‍പോലും ഇതിന്നപവാദമായിരുന്നില്ല. അന്നത്തെ സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇതു സ്വാഭാവികമാണുതാനും.

വസ്തുനിഷ്ഠപഠനത്തിന്റെ തുടക്കം

1950 വരെ ഈ പ്രവണത തുടരുന്നതായാണ് നാം കാണുന്നത്. നടരാജഗുരുവിന്റെ കൃതികളിലാണ് ഏതാണ്ട് ആദ്യമായി വസ്തുനിഷ്ഠമായ വിവരണവും വിശകലനവും പ്രത്യക്ഷപ്പെടുന്നതെന്നു തോന്നുന്നു. നാരായണഗുരുവിന്റെ കൃതികളും ദര്‍ശനവും പഠനവിധേയമാക്കാനുള്ള ശ്രമവും അതോടുകൂടി പതുക്കെയാണെങ്കിലും ആരംഭിക്കുകയും ചെയ്യുന്നു. 1954-ല്‍ പി കെ ബാലകൃഷ്ണന്‍ ഗുരുവിനെക്കുറിച്ചുള്ളൊരു സമാഹാരഗ്രന്ഥം പുറത്തിറക്കിയതോടെ വിവിധവീക്ഷണകോണുകളില്‍ നിന്നുകൊണ്ട് ആ മഹാത്മാവിനെ വിലയിരുത്താനുള്ള ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുമെന്ന സാഹചര്യം കൈവന്നു.

രണ്ടു തീവ്രനിലപാടുകള്‍

പിന്നെയും പഴയ മട്ടില്‍ ധാരാളം ഗ്രന്ഥങ്ങള്‍ പുറത്തുവരാതിരുന്നില്ല. ഒപ്പം, വ്യത്യസ്തത പുലര്‍ത്തുന്നവയും വന്നുതുടങ്ങി എന്നതാണ് ശ്രദ്ധേയം. അപ്പോഴേക്കും നടരാജഗുരുവിന്റെയും നിത്യചൈതന്യയതിയുടെയും മറ്റും ഇംഗ്ലീഷ് കൃതികളിലൂടെ ശ്രീനാരായണഗുരു ലോകത്തില്‍ പലേടത്തുമുള്ള ജിജ്ഞാസുക്കളുടെ ശ്രദ്ധാപാത്രമാവാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ജാതിമതാതീതമായി ലോകമെങ്ങുമുള്ള മതനിരപേക്ഷജനാധിപത്യവാദികള്‍ക്ക് പൂര്‍ണമായി സ്വന്തമെന്ന് അവകാശപ്പെടാവുന്ന വ്യക്തിത്വത്തിന്റെയും ദര്‍ശനത്തിന്റെയും ഉടമയാണ് ഗുരുവെന്ന് പരക്കെ തിരിച്ചറിയപ്പെട്ടതോടെ, അദ്ദേഹത്തെ സങ്കുചിതമായ ഹിന്ദുത്വത്തിന്റെ ചട്ടക്കൂട്ടില്‍ തളച്ചിടാനുള്ള കരുനീക്കവും ആരംഭിച്ചു. അതിന്റെ ഫലമാണ് 1971-ല്‍ നാരായണഗുരുവിനെപ്പറ്റി ഭാരതീയവിചാരകേന്ദ്രം ഡയറക്‍ടറായ പി പരമേശ്വരന്‍ എഴുതിയ കൃതി. ഇതിന്റെ കടുത്ത പ്രതികരണമെന്നോണം ശ്രീനാരായണന്‍ നിരീശ്വരനും നിര്‍മതനുമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് അടുത്ത വര്‍ഷംതന്നെ യുക്തിവാദിനേതാവായ ഇടമറുക് മറ്റൊരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈ രണ്ടു തീവ്രനിലപാടുകള്‍ പിന്തുടര്‍ന്നുകൊണ്ട് അടുത്ത ചില ദശകങ്ങള്‍ക്കുള്ളില്‍ ഏതാനും കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ വ്യക്തിത്വത്തെയും ദര്‍ശനത്തെയും വളച്ചൊടിച്ചുകൊണ്ടാണ് ഈ രണ്ടു കൂട്ടരുടെയും പോക്ക്. ഇടമറുകിന്റെയും അനുയായികളുടെയും നില അങ്ങനെയാണെന്ന് പ്രഥമദൃഷ്‌ടിയില്‍തന്നെ ഒരുവിധമുള്ളവര്‍ക്കെല്ലാം മനസ്സിലാകും. അതുകൊണ്ടുതന്നെ അവരെ രൂക്ഷമായി വിമര്‍ശിക്കാന്‍ പലരും മുന്നോട്ടു വരികയും ചെയ്യും. എന്നാല്‍ പരമേശ്വരന്റെ പുസ്തകത്തെപ്പറ്റി അത്ര എളുപ്പത്തില്‍ അത്തരമൊരു ധാരണ പലര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ആശയപരമായി അദ്ദേഹത്തിന്റെ ചേരിയില്‍പ്പെടാത്ത പലരെയും ആശയക്കുഴപ്പത്തില്‍ ചാടിക്കാന്‍ അദ്ദേഹത്തിന്റെ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പരമേശ്വരന്റെ ശ്രീനാരായണസംബന്ധിയായ ചില വര്‍ഗീയനിഗമനങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്.

പഠനങ്ങളുടെ മുഖ്യദൌര്‍ബല്യം

ഇപ്പോള്‍, നമുക്ക് പ്രൊഫ. ജി ബാലകൃഷ്ണന്‍ നായരുടെയും ഡോ. ടി ഭാസ്‌ക്കരന്റെയും മറ്റു ചില പണ്ഡിതന്മാരുടെയും ശ്രമങ്ങളുടെ ഫലമായി ഗുരുവിന്റെ മിക്കവാറും എല്ലാ കൃതികളും കുറേ സംഭാഷണശകലങ്ങളും വിവരണസമേതം ലഭ്യമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ഗരിമയുറ്റ പഠനങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, അവയ്‌ക്കെല്ലാം മൊത്തത്തില്‍ ഒരു ദൌര്‍ബല്യം കാണാവുന്നതാണ്. നാരായണഗുരുവെ വെറും സാമൂഹ്യപരിഷ്‌ക്കര്‍ത്താവായി കാണുന്നതാണ് ഒരു പറ്റം പഠനങ്ങളുടെ പരിമിതിയെങ്കില്‍, അദ്ദേഹത്തെ കേവലം ആധ്യാത്മികാചാര്യനായി, അദ്വൈതവേദാന്തിയായി, പോരാ, ശ്രീശങ്കരദര്‍ശനാനുയായി എന്ന നിലയില്‍ മാത്രം, അവതരിപ്പിക്കുക എന്നതാണ് മറ്റൊരു വിഭാഗം പഠനങ്ങളുടെ പോരായ്‌മ. ഇതിന് അപവാദങ്ങള്‍ ഇല്ലെന്നില്ല. ഉള്ളത്, അങ്ങിങ്ങ് ചില ലേഖനങ്ങളിലായി ചിതറിക്കിടക്കുകയാണ്.

പി. ഭാസ്‌ക്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം (കേരളസാഹിത്യ അക്കാദമി, തൃശൂര്‍, 1988) എന്ന ബൃഹദ്ഗ്രന്ഥത്തില്‍നിന്ന് അക്കാലത്ത് അവര്‍ണസമുദായത്തില്‍പ്പെട്ടവര്‍ അനുഭവിച്ചിരുന്ന അവശതകളുടെ ഒരേകദേശചിത്രം ലഭിക്കും. ശ്രീനാരായണഗുരു കേരളീയനവോത്ഥാനത്തിന് മുന്‍കൈയെടുത്തതിന്റെ പശ്ചാത്തലം വ്യക്തമാവാന്‍ ആ ചിത്രം ആവശ്യമാണ്.

ബാല്യവും വിദ്യാഭ്യാസവും

1855 ആഗസ്‌ത് 28-ന്, ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തില്‍, ചെമ്പഴന്തി എന്ന കുഗ്രാമത്തിലെ വയല്‍വാരം വീട്ടില്‍ നാരായണന്‍ ജനിച്ചു. ജനനവര്‍ഷത്തെപ്പറ്റി അഭിപ്രായവ്യത്യാസം രൂക്ഷമാണ്. ഇപ്പോഴും തര്‍ക്കം തുടരുന്നു. അച്‌ഛന്‍ മാടനാശാന്‍; അമ്മ കുട്ടി. ബാല്യകാലവിദ്യാഭ്യാസത്തിനുശേഷം 1877-80 കാലത്ത് കരുനാഗപ്പള്ളിയ്‌ക്കടുത്ത് കുമ്മമ്പള്ളി രാമന്‍ പിള്ളയാശാന്റെ കീഴില്‍ സംസ്‌കൃതത്തില്‍ ഉപരിവിദ്യാഭ്യാസം നേടി. തുടര്‍ന്ന്, ചെമ്പഴന്തിയിലും പരിസരപ്രദേശങ്ങളിലും അധ്യാപകനായി. അങ്ങനെയാണ് നാണു എന്നു വിളിക്കപ്പെട്ടിരുന്ന നാരായണന്‍ നാണുവാശാനായത്.

അക്കാലത്തുതന്നെ സംസ്‌കൃതത്തിലും മലയാളത്തിലും കൃതികളെഴുതാന്‍ തുടങ്ങിയിരുന്നു. 1882-ല്‍ അന്നത്തെ സമ്പ്രദായമനുസരിച്ച് വധൂവരന്മാരുടെ സമ്മതമൊന്നും കൂടാതെ പേരിന് ഒരു വിവാഹം നടന്നിരുന്നുവെങ്കിലും ആ ബന്ധം നിലനിന്നില്ല. താമസിയാതെ നാണു അവധൂതനായി പലേടങ്ങളിലും ചുറ്റിനടന്നു. അക്കാലത്തെപ്പറ്റി കാര്യമായൊന്നും ആര്‍ക്കും അറിഞ്ഞുകൂട. 1884-87 കാലം ചട്ടമ്പിസ്വാമികളുമായുള്ള പരിചയം, തൈക്കാട്ട് അയ്യാസ്വാമിയില്‍നിന്ന് യോഗപരിശീലനം, മരുത്വാമലയിലും അരുവിപ്പുറം ഗുഹയിലും മറ്റുമായി തപശ്ചര്യ, ചില ആദ്യകാലസ്‌തോസ്‌ത്രങ്ങളുടെയും തമിഴ് കൃതികളുടെയും രചന മുതലായ സംഭവങ്ങള്‍കൊണ്ട് ശ്രദ്ധേയമാകുന്നു.

അരുവിപ്പുറം പ്രതിഷ്ഠ

1888-ലെ ശിവരാത്രിനാളില്‍ നാരായണന്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി. അവിടെ ചെറിയൊരു ക്ഷേത്രം ഉയര്‍ന്നുവന്നു. സവര്‍ണക്ഷേത്രങ്ങളില്‍ നടന്നുവരാറുള്ള ഉത്തമാരാധനാരീതിയാണ് അവിടെ അദ്ദേഹം ഏര്‍പ്പെടുത്തിയത്. അന്നത്തെ ചുറ്റുപാടില്‍ ഇതെല്ലാം അക്ഷന്തവ്യമായ വിപ്ലവമാണെന്നു പറയേണ്ടതില്ലല്ലോ. ആധ്യാത്മികമായ പന്ഥാവിലൂടെ എങ്ങനെ ഒരധഃകൃതസമുദായത്തെ ഭൌതികമായ അഭിവൃദ്ധിയിലേക്കു നയിക്കാം എന്ന പരീക്ഷണമാണ് അദ്ദേഹം അവിടെ നടത്തിനോക്കിയത്. അതോടെ നാണുവാശാന്‍ നാണുഗുരു എന്നും നാരായണഗുരു എന്നും അറിയപ്പെടാന്‍ തുടങ്ങി.

ക്ഷേത്രസങ്കല്പം

തുടര്‍ന്ന് പലേടങ്ങളിലും വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രനിര്‍മാണവും തുടര്‍ന്നു. അവസാനകാലത്ത് ഗുരു നടത്തിയ ചില പ്രതിഷ്‌ഠകള്‍ ദേവീദേവന്മാരുടേതായിരുന്നില്ല. (കാരമുക്ക് - ദീപം, മുരുക്കുംപുഴ - ‘സത്യം, ധര്‍മം, ദയ, ശാന്തി’ എന്നെഴുതിയ പ്രഭ. രണ്ടും 1921-ല്‍. വെച്ചൂര്‍ ഉല്ലല, കളവങ്കോടം - കണ്ണാടി. രണ്ടും 1927-ല്‍) 1912-ല്‍ വര്‍ക്കല ശിവഗിരിയില്‍ ശാരദാപ്രതിഷ്ഠ നടത്തുന്ന കാലം മുതല്‍ക്കെങ്കിലും നാരായണഗുരുവിന് പരമ്പരാഗതമായ ക്ഷേത്രസങ്കല്പത്തില്‍ വിശ്വാസം നശിച്ചിരുന്നു. ശാരദാമഠം വാസ്‌തവത്തില്‍ ഒരു ക്ഷേത്രമായേ ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ജാതിമതനിരപേക്ഷമായി എല്ലാവരുടേതുമായ വാഗ്‌ദേവി ശാരദയാണ് അവിടത്തെ പ്രതിഷ്‌ഠ. നിവേദ്യം, ഉത്സവം മുതലായ സാധാരണ ക്ഷേത്രാചാരങ്ങളൊന്നും അവിടെയില്ല. 1914-ല്‍ സ്ഥാപിച്ച ആലുവാ അദ്വൈതാശ്രമത്തിലാകട്ടെ ഒരു പ്രതിഷ്‌ഠയുമില്ല.

ദേവാലയങ്ങളല്ല, വിദ്യാലയങ്ങള്‍

1917-ല്‍ ഇപ്രകാരമൊരു സന്ദേശംതന്നെ അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി: 'ഇനി ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം പണിയുവാന്‍ പണം ചെലവിട്ടത് ദുര്‍വ്യയമായി എന്നു ദുഃഖിക്കാനിടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തല്‍ക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. നിര്‍ബന്ധമാണെങ്കില്‍ ചെറിയ ക്ഷേത്രങ്ങള്‍ വെച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച് വിദ്യാലയങ്ങള്‍ ഉണ്ടാക്കാനാണ് ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കുവാന്‍ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേര്‍ക്കുവാന്‍ ക്ഷേത്രങ്ങള്‍ വഴി കഴിയുമെന്ന് കരുതിയിരുന്നു. അനുഭവം നേരെ മറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ ശ്രമിക്കണം. അവര്‍ക്ക് അറിവുണ്ടാവട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്.' (പി കെ ബാലകൃഷ്ണന്‍, നാരായണഗുരു - ആന്തോളജി, എന്‍ ബി എസ് പതിപ്പ്, 1969, പേജ് 76)

ഇതുകൊണ്ടൊക്കെയായിരിക്കണം, അദ്വൈതവേദാന്തിയും വിഗ്രഹാരാധനാവിരോധിയിമായ വാഗ്‌ഭടാനന്ദഗുരുദേവന്‍ ഈ വിഗ്രഹപ്രതിഷ്‌ഠയെയും ക്ഷേത്രനിര്‍മാണത്തെയും എതിര്‍ത്തുകൊണ്ട് നേരിട്ടുതന്നെ സംസാരിച്ചപ്പോള്‍ ഗുരു ഇപ്രകാരം മറുപടി നല്‍കിയത്: 'നാമും നിങ്ങളുടെ പക്ഷത്താണ്.' (ടി ഭാസ്‌ക്കരന്‍, ശ്രീനാരായണദര്‍ശനം, തിരുവനന്തപുരം, 1984, പേജ് 103)

എസ് എന്‍ ഡി പി യോഗം

അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുന്‍പേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ല്‍ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരില്‍ പുനഃസംഘടിപ്പിക്കപ്പെട്ടു. ഇതാണ് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാന്‍ ജനറല്‍ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണധര്‍മപരിപാലന (എസ് എന്‍ ഡി പി) യോഗമായി മാറിയത്. ഈഴവരുടേതായ ഒരു ജാതിസംഘടനയായാണ് തുടങ്ങിയതെങ്കിലും അതിനെ മാതൃകാപരമായ ഒരു ജാതിമതാതീതസംഘടനയായി വളര്‍ത്തിക്കൊണ്ടുവരികയും സമൂഹത്തെ സര്‍വതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം.

യോഗവുമായുള്ള ബന്ധം വിടുന്നു

ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയെങ്കിലും, യോഗം നേതാക്കളില്‍ പലരും അവസരോചിതമായി ഉയര്‍ന്നുചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തില്‍ ക്രമേണ ശൈഥില്യം വരികയായി. തന്റെ ദര്‍ശനത്തിന്റെ കാതലായ ഏകജാതിസന്ദേശം തന്റെ സ്വന്തം ചോരയും നീരും കൊണ്ട് കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാതെ ധര്‍മസങ്കടത്തില്‍പ്പെട്ടുഴലുകയായിരുന്നു അദ്ദേഹം. ഒടുവില്‍, 1916 മെയ് 22-ന് നാരായണഗുരു എസ് എന്‍ ഡി പി യോഗവുമായി തനിക്കുള്ള ബന്ധം വിടര്‍ത്തിയതായി കാണിച്ചുകൊണ്ട് ഡോക്‍ടര്‍ പല്‍‌പ്പുവിന് ഇപ്രകാരം ഒരു കത്തുതന്നെ എഴുതി:

'എന്റെ ഡോക്‍ടര്‍ അവര്‍കള്‍ക്ക്,

യോഗത്തിന്റെ നിശ്ചയങ്ങള്‍ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുന്‍പേതന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു.

എന്ന് നാരായണഗുരു.' (ശ്രീനാരായണഗുരുവൈഖരി, കുന്നത്തുനാട് എസ്. എന്‍. ഡി. പി. യൂനിയന്‍, പെരുമ്പാവൂര്‍, പേജ് 157)

1928-ല്‍ ശ്രീനാരായണധര്‍മസംഘമെന്നപേരില്‍ ഒരു സന്യാസിസംഘം സ്ഥാപിക്കുകയും ശിവഗിരി തീര്‍ഥാടനത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്യുക എന്നതാണ് ഗുരു അവസാനകാലത്തു ചെയ്‌തത്. 1928 സെപ്തമ്പര്‍ 20-ന് കേരളീയനവോത്ഥാനത്തിനു തുടക്കം കുറിച്ച ആ മഹാത്മാവ് ഇഹലോകവാസം വെടിഞ്ഞു.

കൃതികള്‍

ദര്‍ശനമാല, ബ്രഹ്മവിദ്യാപഞ്ചകം, മുനിചര്യാപഞ്ചകം, വേദാന്തസൂത്രം തുടങ്ങി സംസ്‌കൃതത്തില്‍ ഇരുപതിലധികവും ആത്‌മോപദേശശതകം, അദ്വൈതദീപിക, കുണ്ഡലിനിപ്പാട്ട്, ജനനീനവരത്നമഞ്ജരി, ദൈവദശകം, ശിവശതകം, ജാതിനിര്‍ണയം, ജാതിലക്ഷണം, അനുകമ്പാദശകം, ഈശാവാസ്യോപനിഷദ്ഭാഷ, തിരുക്കുറള്‍ ഭാഷ മുതലായി മലയാളത്തില്‍ നാല്പതില്‍പരവും തേവാരപ്പതികങ്കള്‍ തുടങ്ങി തമിഴില്‍ മൂന്നും കൃതികള്‍ ശ്രീനാരായണഗുരു രചിച്ചിട്ടുണ്ട്. ഇനിയും ചിലതൊക്കെയുണ്ടാവാം. ദാര്‍ശനികവും സാഹിതീയവുമായ മൂല്യംകൊണ്ട് ദര്‍ശനമാലയും ആത്‌മോപദേശശതകവും ഇവയില്‍ മികച്ചുനില്‍ക്കുന്നു

ദര്‍ശനം - ശ്രീശങ്കരനും ശ്രീനാരായണഗുരുവും

ശ്രീനാരായണഗുരുവിന് പ്രത്യേകമായി എന്തു ദര്‍ശനമാണുള്ളത്? ശ്രീശങ്കരന്റെ അദ്വൈതവേദാന്തദര്‍ശനംതന്നെയല്ലേ അദ്ദേഹത്തിന്റേതും? ചില പണ്ഡിതന്മാര്‍പോലും ഈ അഭിപ്രായക്കാരാണ്. ഇതിന്റെ സാധുത പരിശോധിക്കേണ്ടതുണ്ട്.

ജഗദ്ഗുരു’ എന്നപേരില്‍ പണ്ടേ പ്രസിദ്ധനാണ് ശ്രീശങ്കരന്‍. ആ പേരില്‍ പ്രസിദ്ധനാകേണ്ടിയിരുന്ന, അടുത്തകാലത്തുമാത്രം ലോകശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന, മഹാപുരുഷനാണ് ശ്രീനാരായണഗുരു. ഇതിനു കാരണങ്ങള്‍ പലതാകാം. ഒരു കാരണം വ്യക്തമാണ് - ഇരുവരുടെയും സാമൂഹ്യസാഹചര്യങ്ങളിലെ പ്രകടമായ വ്യത്യാസം.

ഇരുവരും അദ്വൈതികള്‍. അദ്വൈതവേദാന്തദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവെന്നുപോലും തെറ്റായി വിശേഷിപ്പിക്കപ്പെട്ടുപോരുന്ന ആചാര്യനാണ് ശ്രീശങ്കരന്‍. ഔപനിഷദദര്‍ശനം മാത്രമാണ് താന്‍ പ്രപഞ്ചനം ചെയ്യുന്നതെന്ന് അദ്ദേഹംതന്നെ സ്‌പഷ്‌ടമായി പറഞ്ഞിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. വാസ്‌തവത്തില്‍, പ്രാചീനമായ ഉപനിഷത്തുകളിലെ ആശയവാദത്തിന്റെ മുഖ്യതത്വമായ ബ്രഹ്മദര്‍ശനം പില്‍ക്കാലത്ത് മഹായാനബൌദ്ധദാര്‍ശനികര്‍ ശൂന്യവാദമെന്നും വിജ്ഞാനവാദമെന്നുമുള്ള പേരുകളില്‍ സവിസ്‌തരം വിവരിച്ചതിനെ മിക്കവാറും അതേപടി ഉള്‍ക്കൊണ്ട് അദ്വൈതവേദാന്തമെന്നപേരില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ശ്രീശങ്കരന്‍ ചെയ്‌തത്. അദ്ദേഹം ബൌദ്ധരോട് തനിക്കുള്ള ഈ കടപ്പാട് മറച്ചുവെച്ചുവെന്നു മാത്രമല്ല, അവരെ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഏതായാലും, ‘പ്രച്‌ഛന്നബൌദ്ധന്‍’ എന്ന് ആചാര്യന്‍ പരിഹസിക്കപ്പെട്ടതില്‍ അത്‌ഭുതമില്ല.

പക്ഷേ, ഇതുകൊണ്ട് ശ്രീശങ്കരന്റെ പ്രസക്തിയോ പ്രാധാന്യമോ ഒട്ടും കുറയുന്നില്ല - അന്നായാലും ഇന്നായാലും. ഒരുവശത്ത് ജീര്‍ണിച്ചുവഷളായ, കര്‍മകാണ്ഡാസക്തമായ, വൈദികബ്രാഹ്മണപൌരോഹിത്യമതം; മറുവശത്ത് ശ്രീബുദ്ധന്റെ ആദര്‍ശങ്ങളില്‍നിന്നു പലപാട് വ്യതിചലിച്ച് അങ്ങേയറ്റം അധഃപതിച്ച ബൌദ്ധമതം - ഈ രണ്ടിനെയും ഒരേസമയം എതിര്‍ത്തുതോല്പിച്ചുകൊണ്ട് ഇതിനെല്ലാം പരിഹാരമായി സര്‍വസമത്വദര്‍ശനമെന്നു വിശേഷിപ്പിക്കാവുന്ന ഔപനിഷദബ്രഹ്മാദ്വൈതസിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന്റെ അക്കാലത്തെ പ്രസക്തിയെയോ പ്രാധാന്യത്തെയോ ആര്‍ക്കാണ് കാണാതിരിക്കാന്‍ കഴിയുക? ഇന്നുമതേ, ആ ദര്‍ശനത്തിന് പ്രസക്തിയും പ്രാധാന്യവുമേറെ. ജാതി-മത-പ്രദേശ-ഭാഷാദി സങ്കുചിത ഭേദബുദ്ധികളുടെ പ്രവര്‍ത്തനഫലമായി ശക്തിക്ഷയം വന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ശ്രീശങ്കരന്‍ പ്രചരിപ്പിച്ച അദ്വൈതദര്‍ശനത്തിന്റെ സമത്വസ്‌നേഹസന്ദേശം വളരെയധികം പ്രയോജനപ്പെടും.

ശ്രീനാരായണഗുരു സ്വാംശീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതും ഇതേ ഔപനിഷദാദ്വൈതദര്‍ശനംതന്നെ. തന്നില്‍ ബുദ്ധമതം ചെലുത്തിയ സ്വാധീനത്തെ അദ്ദേഹം മറച്ചുവച്ചില്ല. മാത്രമല്ല, അദ്വൈതദര്‍ശനത്തിന്റെ കാതലായ അംശത്തെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്ന സന്ദേശത്തിലൂടെ വ്യക്തമായി വെളിപ്പെടുത്തി, പ്രായോഗികതയില്‍ ഊന്നിനിന്നുകൊണ്ട്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി ' എന്ന ആദര്‍ശം പ്രചരിപ്പിച്ചു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' എന്ന പ്രസ്‌താവനയിലൂടെ ഹൈന്ദവക്ഷേത്രസങ്കല്‍പ്പത്തില്‍പോലും ജാതിമതാതീതമായ അദ്വൈതദര്‍ശനത്തിന്റെ അന്തസ്സത്തയെ ഉള്‍ക്കൊള്ളിച്ചുയര്‍ത്തിപ്പിടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും മതപരമായ ഭേദഭാവനകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുരനുഷ്‌ഠാനങ്ങള്‍ക്കും എതിരെയുള്ള പോരാട്ടത്തിന് ഗുരു നേതൃത്വം കൊടുത്തു. അങ്ങനെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരുപോലെ അദ്വൈതവേദാന്തത്തിന്റെ സാരാംശം സ്വായത്തമാക്കാന്‍ ഗുരുവിന് സാധിച്ചു. ഇതില്‍ അദ്ദേഹത്തിന് ഏറെ സഹായകമായത് തമിഴ്‌ശൈവസിദ്ധാന്തമാണെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ വ്യക്തമാക്കുന്നു.

ശ്രീശങ്കരനോ? അത്രത്തോളം സാധിച്ചുവെന്നു പറയാനാവില്ല. സിദ്ധാന്തത്തില്‍ ശരി, പ്രയോഗത്തിലാണ് പ്രയാസം. തന്റെ കാലത്ത് നിലവിലിരുന്ന ബ്രാഹ്മണപൌരോഹിത്യത്തെയും യജ്ഞസംസ്‌ക്കാരത്തെയും എതിര്‍ത്തുവെങ്കിലും, ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ക്കാന്‍ ആചാര്യനു കഴിഞ്ഞില്ല. ജാതിവ്യവസ്ഥയെ എതിര്‍ത്ത ബുദ്ധമതത്തെയാകട്ടെ അദ്ദേഹം ശത്രുനിരയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. പരമാര്‍ഥസത്യത്തിന്റെ തലത്തില്‍ സമത്വസിദ്ധാന്തം അംഗീകരിച്ചുവെങ്കിലും, വ്യാവഹാരികസത്യത്തിന്റെ തലത്തില്‍ (പ്രായോഗികമായി എന്നര്‍ഥം) നിലവിലിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെയും മതപരമായ വിഭാഗീയതകളെയും അംഗീകരിക്കുകയും ന്യായീകരിക്കുകയുമാണ്, സത്യത്തില്‍, അദ്ദേഹം ചെയ്തത്. അപശൂദ്രാധികരണഭാഷ്യംതന്നെ ഏറ്റവും വലിയ തെളിവ്. ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണവും അതിന്റെ ശാങ്കരഭാഷ്യവും പ്രക്ഷിപ്‌തമാണെന്ന വാദം ഒട്ടും യുക്തിയുക്തമല്ല. (വിശദവിവരങ്ങള്‍ക്ക് എന്റെ സ്വാമി വിവേകാനന്ദന്‍, എന്‍ ബി എസ്, കോട്ടയം, 2008, പേജ് 99-108 നോക്കുക.)

‘ജാതി മനുഷ്യനില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരനാണ്.’ എന്നാണ് നാരായണഗുരു ഇതേപ്പറ്റി പറഞ്ഞത്. അപശൂദ്രാധികരണത്തിന്റെ ഭാഷ്യം ചമച്ച ശ്രീശങ്കരനെ ‘അനുകമ്പാദശകമെഴുതിയ ശ്രീനാരായണനുമായി താരതമ്യപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചതുപോലെ, 'ജ്ഞാനത്തില്‍നിന്നു ദയയിലേക്കുള്ള അതിശീഘ്രമായ ഒരു സംക്രമണപ്രവണത ശങ്കരനില്‍നിന്നു നാരായണനിലെത്തുമ്പോള്‍ നമുക്കു കാണാം.' (ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണകൃതികള്‍, മാതൃഭൂമി, കോഴിക്കോട്, 1985, അവതാരിക, പേജ് 14)

ചുരുക്കത്തില്‍, അദ്വൈതദര്‍ശനത്തിലൂടെ സൈദ്ധാന്തികമായി സാമൂഹ്യസമത്വം ഉയര്‍ത്തിപ്പിടിച്ച ശ്രീശങ്കരന് പ്രായോഗികമായി സാമൂഹ്യാസമത്വത്തെ ന്യായീകരിക്കേണ്ടിവന്നു. ഈ വൈരുധ്യത്തില്‍നിന്നു മുക്തനാവാന്‍ സാധിച്ചു എന്നതാണ് ശ്രീനാരായണന്റെ മേന്മ. അതായത്, അദ്വൈതദാര്‍ശനികനായിരിക്കെത്തന്നെ സാമൂഹ്യപരിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ ഗുരുവിന് യഥേഷ്‌ടം പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമുണ്ടായില്ല.

വ്യാവഹാരികസത്യദശയില്‍ സ്ഥിതവ്യവസ്ഥയെ ന്യായീകരിച്ചുവെങ്കിലും ശ്രീശങ്കരന്‍ പരമാര്‍ഥസത്യദശയില്‍ ബ്രഹ്മസത്യത്വത്തിന്റെയും ജഗന്മിഥ്യാത്വത്തിന്റെയും കാര്യത്തില്‍ തരിമ്പും വിട്ടുവീഴ്ച്ച കാട്ടിയില്ല. കര്‍മവാദത്തെമാത്രമല്ല, ജ്ഞാനകര്‍മസമുച്ചയവാദത്തെയും നഖശിഖാന്തം ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം ജ്ഞാനവാദത്തെമാത്രം ഉയര്‍ത്തിപ്പിടിച്ചു. ശ്രീനാരായണദര്‍ശനത്തില്‍ ഇത്തരമൊരു കടുംപിടുത്തം കാണുന്നില്ല. സൈദ്ധാന്തികമായി ജ്ഞാനവാദത്തെ സമര്‍ഥിക്കുന്നുണ്ടെങ്കിലും കര്‍മവാദത്തെ പാടേ തള്ളിപ്പറയാന്‍ ഗുരു മടിക്കുന്നുണ്ട്. ദര്‍ശനമാലയില്‍ കര്‍മ-ഭക്തി-ജ്ഞാനയോഗങ്ങളെ സമന്വയിച്ചവതരിപ്പിക്കുന്നതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ജ്ഞാനകര്‍മസമുച്ചയവാദത്തോട് പ്രായോഗികമായി അനുഭാവംതന്നെ അദ്ദേഹം പ്രകടിപ്പിക്കുന്നതു കാണാം. അതിനാല്‍, സൈദ്ധാന്തികമായി ബ്രഹ്മസത്യത്വസിദ്ധാന്തത്തില്‍നിന്നു വ്യതിചലിക്കാതെതന്നെ, പ്രായോഗികമായി ജഗന്മിഥ്യാത്വവാദത്തില്‍ ഊന്നല്‍ നല്‍കാതിരിക്കാന്‍ ഗുരു ശ്രദ്ധവെച്ചതായി തോന്നുന്നു. നിലവിലുള്ള അസമത്വത്തെ തുടച്ചുമാറ്റാന്‍ അദ്വൈതദര്‍ശനത്തെ ആയുധമാക്കുന്നതിലാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചതെന്നു ചുരുക്കം.

ഇപ്രകാരം സൈദ്ധാന്തികമായ കടുംപിടുത്തം വര്‍ജിച്ചതുകൊണ്ട് ശ്രീനാരായണഗുരു അദ്വൈതിയായിരിക്കെത്തന്നെ ബിംബപ്രതിഷ്ഠ നടത്തിയപ്പോഴും ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിച്ചപ്പോഴും വിവിധദേവീദേവന്മാരെപ്പറ്റി സ്‌തോത്രങ്ങള്‍ രചിച്ചപ്പോഴും ആര്‍ക്കും എടുത്തുപറയത്തക്ക ഒരു വൈരുധ്യവും തോന്നിയില്ല (ശ്രീശങ്കരന്റെ കാര്യത്തില്‍ ഇതെല്ലാം ഉത്തരം കിട്ടാത്ത പ്രശ്നങ്ങളായി പലര്‍ക്കും അനുഭവപ്പെടുകയും ചെയ്യുന്നു). ഒരു ഘട്ടമെത്തിയപ്പോള്‍ ഗുരു, ഇനി ജാതിവ്യത്യാസത്തെ അധികമാക്കുന്ന ദേവാലയങ്ങളല്ല, അറിവു നല്‍കുന്ന വിദ്യാലയങ്ങളാണ് വേണ്ടതെന്ന് ആഹ്വാനം ചെയ്‌തപ്പോഴാകട്ടെ, അതിനെ സ്വാഭാവികമായേ നിരീക്ഷകര്‍ കണ്ടുള്ളൂ.

പണ്ഡിതലോകത്തിലാണ്, സാധാരണജനങ്ങള്‍ക്കിടയിലല്ല, ശ്രീശങ്കരനു പ്രവര്‍ത്തിക്കേണ്ടിവന്നത്. ബ്രഹ്മകാരണവാദമൊഴിച്ച് മറ്റെല്ലാ വാദങ്ങളെയും ഖണ്ഡിക്കുക ജീവിതവ്രതമായെടുത്തുകൊണ്ട് അദ്ദേഹത്തിന് അനേകം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നു. അതിന്റെ ഭാഗമായി വേദഗ്രന്ഥങ്ങളടക്കം ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കേണ്ടിവന്നു. സംസ്‌കൃതഭാഷയ്ക്ക് ഇത് ഈടുറ്റ മുതല്‍ക്കൂട്ടായി. അതിമനോഹരമായ കവിത, തര്‍ക്കകര്‍ക്കശമെന്നല്ല യുക്തിസുന്ദരമെന്നു വിശേഷിപ്പിക്കേണ്ടുന്ന ഹൃദ്യവും ചടുലവുമായ ഗദ്യം. സംസ്‌കൃതസാഹിത്യത്തില്‍ അപൂര്‍വവ്യക്തിത്വശോഭയോടെയാണ് ശ്രീശങ്കരന്റെ ഈ തലയുയര്‍ത്തിനില്പ്.

ശ്രീബുദ്ധനും നാരായണഗുരുവും

സാമാന്യജനങ്ങളുടെ ലോകമാണ് നാരായണഗുരുവിന്റെ പ്രവര്‍ത്തനമണ്ഡലം. വാദരതനല്ലായ്‌കയാല്‍, ആളുകളെ ആധ്യാത്മികാദികാര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു സൌമ്യസുന്ദരമായി പ്രേരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ശൈലി. അവര്‍ക്ക് എളുപ്പം മനസ്സിലാകത്തക്കവിധം ലളിതമായി, അധികവും മലയാളത്തില്‍, പദ്യത്തിലും ഗദ്യത്തിലും കൃതികള്‍ രചിക്കുക - അതാണദ്ദേഹം ചെയ്തത്. അങ്ങനെ പിറന്നവയാണ് ഗുരുവിന്റെ സ്‌തോത്രങ്ങളും ദാര്‍ശനികകൃതികളും മറ്റും. അതേസമയം, പണ്ഡിതമണ്ഡലത്തിന് ആലോചനാമൃതമായ ആശയങ്ങള്‍ അവയിലെങ്ങും അനുഭവവേദ്യവുമാണ്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, സമത്വം മുതലായ ആധുനികാശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ഗുരുവിന്റെ കര്‍മരംഗം. മധ്യകാലഘട്ടത്തില്‍ ജീവിച്ച ശ്രീശങ്കരന് ഇവയൊന്നും കാണാന്‍ കഴിയാത്തതില്‍ അസാധാരണമായൊന്നുമില്ല. എന്നാല്‍, കറേക്കൂടി പിറകോട്ടുപോകുമ്പോള്‍, ശ്രീബുദ്ധനില്‍ ഈ പ്രവണതകളൊക്കെ സാരാംശത്തില്‍ കാണാന്‍ കഴിയുകയും ചെയ്യും. അതേ, ശ്രീനാരായണന് ശ്രീബുദ്ധനോടാണ്, ശ്രീശങ്കരനോടല്ല, സാമ്യങ്ങളേറെയുള്ളത് - സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും.

എന്നുവെച്ച് ബൌദ്ധദര്‍ശനമാണ് ഗുരുദര്‍ശനമെന്നു പറഞ്ഞുകൂട. കുമാരനാശാന്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയപോലെ, ഏകജാതിദര്‍ശനത്തില്‍ ഗുരു ബുദ്ധനോടൊപ്പമാണെങ്കിലും നിരീശ്വരമായ ബൌദ്ധദര്‍ശനത്തോട് അക്കാര്യത്തില്‍ യോജിച്ചുപോകാന്‍ ഗുരുവിന്റെ ഏകദൈവദര്‍ശനത്തിനാവില്ല. മതപരമായി വിഭാഗീയത പുലര്‍ത്തുന്ന ബൌദ്ധമുള്‍പ്പെടെയുള്ള ഒരു മതദര്‍ശനത്തോടും ഏകമതദര്‍ശനമുയര്‍ത്തിപ്പിടിക്കുന്ന ഗുരുവിന് യോജിക്കാന്‍ പറ്റില്ല. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന മുദ്രാവാക്യം ആവിഷ്‌ക്കരിച്ച ഗുരുവിന് എല്ലാ മതങ്ങളെയും വിശാലമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാവുമെങ്കിലും, സൈദ്ധാന്തികമായും പ്രായോഗികമായും വ്യതിരിക്തത പുലര്‍ത്തിക്കൊണ്ടു നിലകൊള്ളുന്ന ഒരു മതത്തിനും ഗുരുദര്‍ശനത്തെ പൂര്‍ണമായി സ്വാംശീകരിക്കാനാവില്ല. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്നതാണ് സനാതനധര്‍മം എന്നു നാരായണഗുരു വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗതമായി പറഞ്ഞുവരുന്ന 'സനാതനധര്‍മത്തിന്, വര്‍ണാശ്രമധര്‍മത്തിന്, ഇതുമായി ഒരു ബന്ധവുമില്ല. എന്നല്ല, തീര്‍ത്താല്‍ തീരാത്ത വൈരുധ്യം ആ രണ്ടു സനാതനധര്‍മങ്ങള്‍ തമ്മിലുണ്ടുതാനും.

ഈ വിചിന്തനത്തില്‍നിന്ന് ഗുരുദര്‍ശനം ശ്രീശങ്കരദര്‍ശനത്തില്‍നിന്നു വ്യതിരിക്തമാണെന്നു വ്യക്തമാകുമല്ലോ.

ഗുരുവിന്റേത് സമത്വദര്‍ശനം

ഇനി നമുക്ക് ശ്രീനാരായണഗുരുദര്‍ശനത്തെ പ്രത്യേകമായെടുത്ത് പരിശോധിക്കാം.

എന്താണ് ആ ദര്‍ശനത്തിന്റെ കാതല്‍? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് സമത്വമല്ലാതെ മറ്റൊന്നുമല്ല. സമത്വം എന്ന വാക്ക് അദ്ദേഹം പ്രയോഗിച്ചിട്ടുണ്ടാവില്ല. പക്ഷേ, എന്തു പറയുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ അതാണ് തെളിഞ്ഞുനിന്നിരുന്നത്. അത്യന്തം ലളിതമായ അല്പം വാക്കുകളില്‍ ഗുരു തന്റെ സമത്വദര്‍ശനം ലോകസമക്ഷം വെളിപ്പെടുത്തി. അത് പ്രായോഗികമാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചുനടപ്പിലാക്കി.

ഈ സമത്വദര്‍ശനം, എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, താഴെ ചേര്‍ക്കുന്ന ചില മുദ്രാവാക്യങ്ങളിലൂടെയാണ് ഗുരു അവതരിപ്പിച്ചത്.

1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.

2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.

3. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.

4. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.

5. സംഘടനകൊണ്ട് ശക്തരാകുവിന്‍, വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.

6. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.

7. അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-

ലവനിയിലാദിമമായൊരാത്മരൂപം;

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം.

ഈ ഏഴു മഹദ്വചനങ്ങളും ചേര്‍ന്നാല്‍ ഗുരുദര്‍ശനമായി. സാമൂഹ്യവും സാംസ്‌ക്കാരികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ രംഗങ്ങളില്‍ സമത്വം പുലര്‍ന്നുകാണുകയാണ് ഗുരുവിന്റെ ലക്ഷ്യമെന്ന് ഈ വചനങ്ങളുടെ അപഗ്രഥനം വെളിവാക്കും. ലൌകികവും ആത്മീയവും ഇവിടെ ഒന്നിക്കുന്നതു നാം കാണുന്നു. അതാണ് ഗുരുദര്‍ശനം.

ജാതിയെ അദ്ദേഹം തീര്‍ത്തും നിഷേധിക്കുകതന്നെ ചെയ്യുന്നുണ്ട്. ഒരു ജാതിയേ ഉള്ളൂ; അത് മനുഷ്യജാതിയാണ്. അതായത്, സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതുപോലെ, ‘ജാതി വേണ്ട’ എന്നുതന്നെയാണ് ഇതിന്നര്‍ഥം. അതിനാല്‍ ജാതിവിരുദ്ധത ശ്രീനാരായണദര്‍ശനത്തിന്റെ അകക്കാതലാകുന്നു. ഉപനിഷത്തുകളിലെ ബ്രഹ്മവാദത്തില്‍, ബുദ്ധമതത്തില്‍, ജൈനമതത്തില്‍, ചാര്‍വാക(ലോകായത)ദര്‍ശനത്തില്‍, സൂഫിദര്‍ശനത്തില്‍, ക്രൈസ്തവദര്‍ശനത്തില്‍, രാജാറാം മോഹന്‍ റോയിയുടെയും വിവേകാനന്ദന്റെയും മറ്റും നവോത്ഥാനദര്‍ശനത്തില്‍, തൊഴിലാളിവര്‍ഗദര്‍ശനത്തില്‍ - അങ്ങനെ ഭാരതീയദര്‍ശനങ്ങളില്‍ മിക്കതിലുമുള്ള ജാതിവിരോധഘടകത്തെ ഗുരുദര്‍ശനത്തിന്റെ മുഖ്യസ്ഥാനത്തുതന്നെ നമുക്കു കാണാം. ഇന്ത്യന്‍ സാഹചര്യത്തില്‍ സമത്വത്തിന്റെ മുഖ്യശത്രു ജാതിയാണെന്നു കാണുക.

എന്നാല്‍ മതത്തെ അദ്ദേഹം നിഷേധിച്ചിട്ടില്ല. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നായതുകൊണ്ട് ഒരു മതമേ ഉള്ളൂ, അഥവാ ഒരു മതമേ വേണ്ടൂ, എന്നാണ് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചത്. ഈ അര്‍ഥത്തില്‍, പ്രത്യേകം പ്രത്യേകം മതങ്ങള്‍ വേണ്ട എന്ന അര്‍ഥത്തില്‍, സഹോദരന്‍ അയ്യപ്പന്റെ ‘മതം വേണ്ട’ എന്ന അഭിപ്രായം ഗുരുവിന് അഭിമതമായിരിക്കും; ‘വേണം ധര്‍മം’ എന്ന് സഹോദരന്‍ തുടര്‍ന്നുപറയുന്നതുകൊണ്ട് വിശേഷിച്ചും. ബാഹ്യവും ആഭ്യന്തരവുമായ മതത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബാഹ്യാംശങ്ങളില്‍ വിഭിന്നങ്ങളാവാമെങ്കിലും ആഭ്യന്തരാംശത്തില്‍ ഏകമതമേയുള്ളൂ എന്നു ശ്രീനാരായണഗുരു വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരുവാക്യത്തിന് ‘ഒരു മതം’ എന്ന വാക്യവുമായി വൈരുധ്യമില്ലാത്തത്. താന്‍ ശ്രീശങ്കരന്റെ അദ്വൈതമതക്കാരനാണെന്നും ബുദ്ധമതക്കാരനാണെന്നും ക്രിസ്‌തുമതക്കാരനാണെന്നും ഇസ്ളാംമതക്കാരനാണെന്നുമൊക്കെ പലപ്പോഴായി ഗുരു പറഞ്ഞിട്ടുള്ളതിന്റെ പൊരുള്‍ അപ്പോഴേ വ്യക്തമാവുകയുള്ളൂ.

ഈ ഏകമതസിദ്ധാന്തം മതപരമായ വിഭാഗീയതകൊണ്ട് കുപ്രസിദ്ധമായ മതദര്‍ശനങ്ങളിലൊന്നും കാണാത്തതാണ്. ഉപനിഷത്തുകളിലെ ബ്രഹ്മദര്‍ശനത്തില്‍ ഈ പേരില്ലെങ്കിലും ഈ ആശയമുണ്ട്. പിന്നീട് സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ആവിഷ്‌ക്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മതതുല്യതാവാദം ഇതുതന്നെയാണ്. ഇന്ത്യയില്‍ അശോകന്റെ കാലംതൊട്ടേ സാമാന്യമായി നിലനിന്നിരുന്നതും ദേശീയസ്വാതന്ത്ര്യ സമരകാലത്ത് കുറേക്കൂടി വ്യക്തമായ രൂപം കൈക്കൊണ്ടതും നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ടതുമായ മതനിരപേക്ഷത, വാസ്‌തവത്തില്‍, ഗുരുവിന്റെ ഈ ഏകമതസിദ്ധാന്തമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അതുകൊണ്ടുതന്നെ, ‘മതവിരോധത്തിന്റെ മതമാണ് ഗുരുദര്‍ശനം’, ‘ആദര്‍ശഹിന്ദുസന്ന്യാസിയാണ് ഗുരു, ഹിന്ദുത്വാഭിമാനിയാണ് ഗുരു’ എന്നും മറ്റുമുള്ള അതിരുകവിഞ്ഞ അവകാശവാദങ്ങള്‍ വസ്‌തുതയ്‌ക്കു നിരക്കുന്നതല്ല.

ഒരു ദൈവം’ എന്നരുളിയ ഗുരു ഉപനിഷത്തുകളില്‍ ആവിഷ്‌കൃതമായ സര്‍വസമത്വദര്‍ശനത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍തന്നെ. സകലചരാചരങ്ങളുടെയും സൃഷ്‌ടിസ്ഥിതിസംഹാരകര്‍ത്താവായ ഒരേയൊരു ദൈവത്തിലുള്ള വിശ്വാസം ആ ദര്‍ശനത്തില്‍ പ്രകടമാണ്. ദൈവദശകം എന്ന വിശിഷ്‌ടകൃതിയില്‍ ഏതു കുട്ടിക്കും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ഈ ഏകദൈവാശയം വിവരിച്ചിട്ടുണ്ട്. അങ്ങേയറ്റം ആധ്യാത്മികമായ ഈ ഏകദൈവവിശ്വാസം എത്രയേറെ സമത്വബോധപ്രബോധകമാണെന്നു വെളിപ്പെടുത്തുന്നതാണ് 'അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍' എന്നുതുടങ്ങുന്ന മേലുദ്ധരിച്ച ആത്മോപദേശശതകപദ്യം. അനുകമ്പാദശകം വായിക്കുന്ന ആര്‍ക്കാണ് ഗുരുവിന്റെ വിശ്വപ്രേമതത്വവും പരമകാരുണികത്വവും അനുഭവവേദ്യമാവാതിരിക്കുക!

ഈ ആദര്‍ശങ്ങള്‍ പ്രായോഗികമാവണമെങ്കില്‍ ബഹുജനങ്ങള്‍ ബോധവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. അതിന് അവര്‍ക്ക് ശക്തിയുണ്ടാവണം. അതിനു സംഘടന കൂടാതെ പറ്റില്ല. അങ്ങനെ സംഘടിച്ചു ശക്തരായാല്‍ അവര്‍ക്ക് വിദ്യ കൈവരിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ സുഗമവും സുലഭവുമാവും. ക്ഷേത്രങ്ങള്‍പോലും നാരായണഗുരുവിന് വിദ്യാവിതരണത്തിനുള്ള ഉപാധികളാണ്. ദേവാലയങ്ങളേക്കാള്‍ പ്രധാനം വിദ്യാലയങ്ങളാണെന്ന് അദ്ദേഹം ഉപദേശിക്കുകയുണ്ടായല്ലോ. വിദ്യകൊണ്ട് പ്രബുദ്ധരാവുകയും സ്വതന്ത്രരാവുകയുമൊക്കെ ചെയ്യേണ്ടവര്‍, പരമ്പരാഗതമായ തൊഴിലുമായി ബന്ധപ്പെട്ടുകൊണ്ട് മദ്യത്തിന്റെ അടിമകളാവരുത്. അത് അവരെ ബോധഹീനരാക്കും; അസ്വതന്ത്രരാക്കും.

ആധുനികഭാരതീയനവോത്ഥാനദര്‍ശനങ്ങളില്‍ പൊതുവില്‍ കാണപ്പെടുന്ന ആശയങ്ങളാണിവ. ആധുനികഭാരതീയനവോത്ഥാനത്തിന്റെ സന്തതിയും കേരളീയനവോത്ഥാനത്തിന്റെ പിതാവുമായ ശ്രീനാരായണഗുരു ഈ ആശയങ്ങളെ പൂര്‍ണമായി സ്വാംശീകരിച്ചത് സ്വാഭാവികംമാത്രം. ഗുരുവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ജാതിമതസമുദായസംഘടനകളുടെ രൂപത്തില്‍ നവോത്ഥാനപ്രസ്ഥാനങ്ങളെല്ലാം ഇവിടെ ആവിര്‍ഭവിച്ചത്. ആവിര്‍ഭാവകാലങ്ങളില്‍ അവ ഓരോ ജാതിമതസമുദായത്തെയും ആകാവുന്നത്ര നവീകരിക്കുകയും അങ്ങനെ കേരളീയസമൂഹത്തിന്റെയാകെ നവീകരണത്തിനു വഴിതെളിക്കുകയും ചെയ്തു. ഈ നവീകരണത്തിന് വമ്പിച്ച സംഭാവനകള്‍ ചെയ്ത വര്‍ഗബഹുജനസംഘടനകള്‍ക്ക്, അവയ്‌ക്ക് നേതൃത്വം നല്‍കിയ പുരോഗമനരാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ക്ക്, വിശേഷിച്ച് കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്, വളരാന്‍ പാകത്തില്‍ വളക്കൂറുള്ള മണ്ണൊരുക്കിയത് ഈ നവോത്ഥാനപ്രസ്ഥാനങ്ങള്‍, വിശേഷിച്ച് അതിനെല്ലാം തുടക്കമിട്ട ശ്രീനാരായണഗുരു, ആണെന്ന് പ്രത്യേകം അനുസ്‌മരിക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ ശ്രീനാരായണഗുരു ഭാരതീയദര്‍ശനങ്ങളില്‍ അന്നത്തെ കേരളീയസാഹചര്യത്തില്‍ ഗ്രാഹ്യമെന്നു തോന്നിയ എല്ലാ നല്ല ആശയങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടും ത്യാജ്യമെന്നുകണ്ട അംശങ്ങളെ മുഴുവന്‍ ത്യജിച്ചുകൊണ്ടും സ്വന്തമായൊരു ദര്‍ശനം ആവിഷ്‌ക്കരിക്കുകയാണുണ്ടായത്. ആ ദര്‍ശനമാകട്ടെ കേരളീയസമൂഹത്തിന്റെ കേവലമൊരു വ്യാഖ്യാനമായി ഒതുങ്ങിനില്‍ക്കാതെ, ആ സമൂഹത്തെ അടിമുടി മാറ്റിമറിക്കുന്നതുകൂടി ആയിത്തീര്‍ന്നു. അതുകൊണ്ട് കേരളത്തിന്റെ നവോത്ഥാനത്തില്‍ ശ്രീനാരായണഗുരുദര്‍ശനം വഹിച്ച പങ്കിനെ ആര്‍ക്കും അവഗണിക്കാനാവില്ല. ഇ എംഎസ്. നിരീക്ഷിച്ചതുപോലെ, 'ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും, അവയുടെ മീതെ ഉയര്‍ന്നുവന്നത് സാമൂഹ്യസമത്വമെന്ന കെട്ടിടമാണ്; അധ്യാത്മചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും, മുളച്ചുവന്നത് സാമൂഹ്യരാഷ്‌ട്രീയാവകാശവാദമാണ്; ആര്‍ഷസംസ്‌ക്കാരത്തിന്റെ സന്ദേശമാണദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും, അത് ശ്രോതാക്കളുടെ ചെവിയില്‍ ചെന്നലച്ചത് ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന പാശ്ചാത്യനവീനസന്ദേശമായിട്ടാണ്.' (ഇ എം എസ് സമ്പൂര്‍ണകൃതികള്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, സഞ്ചിക 9, 2000, പേജ് 289)

അന്ന് ഗുരു ചെയ്തതുപോലെ, ഇന്നത്തെ സാഹചര്യങ്ങള്‍ക്കൊത്ത് ആ ദര്‍ശനത്തെ വളര്‍ത്തിക്കൊണ്ടുവരികയും പ്രചരിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുകയാണ് നമ്മുടെ കടമ. അതാകട്ടെ, കേരളത്തെമാത്രമല്ല, ഇന്ത്യയെയും ലോകത്തെയാകെയും പ്രവര്‍ത്തനരംഗമാക്കിക്കൊണ്ടാണ് വേണ്ടത്. ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ അത്തരമൊരു പ്രവര്‍ത്തനം ഇന്നത്തെ ഒരു കേരളീയനില്‍നിന്ന് ആവശ്യപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാവാനിടയില്ല.

*****

ഡോ. എന്‍ വി പി ഉണിത്തിരി , കടപ്പാട് : ദേശാഭിമാനി വാരിക

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ശ്രീനാരായണഗുരു ഭാരതീയദര്‍ശനങ്ങളില്‍ അന്നത്തെ കേരളീയസാഹചര്യത്തില്‍ ഗ്രാഹ്യമെന്നു തോന്നിയ എല്ലാ നല്ല ആശയങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടും ത്യാജ്യമെന്നുകണ്ട അംശങ്ങളെ മുഴുവന്‍ ത്യജിച്ചുകൊണ്ടും സ്വന്തമായൊരു ദര്‍ശനം ആവിഷ്‌ക്കരിക്കുകയാണുണ്ടായത്. ആ ദര്‍ശനമാകട്ടെ കേരളീയസമൂഹത്തിന്റെ കേവലമൊരു വ്യാഖ്യാനമായി ഒതുങ്ങിനില്‍ക്കാതെ, ആ സമൂഹത്തെ അടിമുടി മാറ്റിമറിക്കുന്നതുകൂടി ആയിത്തീര്‍ന്നു. അതുകൊണ്ട് കേരളത്തിന്റെ നവോത്ഥാനത്തില്‍ ശ്രീനാരായണഗുരുദര്‍ശനം വഹിച്ച പങ്കിനെ ആര്‍ക്കും അവഗണിക്കാനാവില്ല. ഇ എംഎസ്. നിരീക്ഷിച്ചതുപോലെ, 'ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും, അവയുടെ മീതെ ഉയര്‍ന്നുവന്നത് സാമൂഹ്യസമത്വമെന്ന കെട്ടിടമാണ്; അധ്യാത്മചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും, മുളച്ചുവന്നത് സാമൂഹ്യരാഷ്‌ട്രീയാവകാശവാദമാണ്; ആര്‍ഷസംസ്‌ക്കാരത്തിന്റെ സന്ദേശമാണദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും, അത് ശ്രോതാക്കളുടെ ചെവിയില്‍ ചെന്നലച്ചത് ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന പാശ്ചാത്യനവീനസന്ദേശമായിട്ടാണ്.'

അന്ന് ഗുരു ചെയ്തതുപോലെ, ഇന്നത്തെ സാഹചര്യങ്ങള്‍ക്കൊത്ത് ആ ദര്‍ശനത്തെ വളര്‍ത്തിക്കൊണ്ടുവരികയും പ്രചരിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുകയാണ് നമ്മുടെ കടമ. അതാകട്ടെ, കേരളത്തെമാത്രമല്ല, ഇന്ത്യയെയും ലോകത്തെയാകെയും പ്രവര്‍ത്തനരംഗമാക്കിക്കൊണ്ടാണ് വേണ്ടത്. ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ അത്തരമൊരു പ്രവര്‍ത്തനം ഇന്നത്തെ ഒരു കേരളീയനില്‍നിന്ന് ആവശ്യപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാവാനിടയില്ല.

ഡോ. എന്‍ വി പി ഉണിത്തിരി എഴുതിയ പഠനാര്‍ഹമായ ലേഖനം പ്രസിദ്ധീകരിക്കുന്നു.

Baiju Elikkattoor said...

മഹാനായ അയ്യന്‍‌കാളി പറഞ്ഞു, "ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാകിട ദൈവം എന്നതിലുപരി ഒരു ഒന്നാകിട മനുഷ്യനായി കാണണം" എന്ന്.

"ഇന്ത്യന്‍ സാഹചര്യത്തില്‍ സമത്വത്തിന്റെ മുഖ്യശത്രു ജാതിയാണെന്നു കാണുക."

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും ഇതു മനസ്സിലാക്കിയെങ്കില്‍...!

Jayasree Lakshmy Kumar said...

good post. thank you

binukesavan said...

VERY GOOD ARTICLE THAN YOU VERY MUCH

ദുശ്ശാസ്സനന്‍ said...

Excellent
Good summary of what Guru was and what he was in our social arena. He was the real revolutionary