Monday, September 14, 2009

എവിടെയാണ് നമുക്ക് തെറ്റുന്നത്..

ശൂ....ശൂ.....നീട്ടി വളിച്ചപ്പോള്‍ ഓട്ടോ നിര്‍ത്തി.

"കിംസ് ഹോസ്പിറ്റല്‍''

സ്ഥലം പറഞ്ഞ് കയറിയിരുന്നു. ഡ്രൈവറുടെ മുഖം വ്യക്തമായി കണ്ടില്ല. സാരംല്ല. മനുഷ്യനല്ലേ...തിരുവനന്തപുരമാണെങ്കിലും....

"ചോറുണ്ണാന്‍ പോവുകയായിരുന്നോ?''

ഡ്രൈവറെന്നെ തിരിഞ്ഞുനോക്കി. വിശ്വാസം വരാത്ത മുഖഭാവം.

"അല്ല, ഉച്ചയായതുകൊണ്ട് ചോദിച്ചതാ''.

അയാള്‍ ചിരിച്ചു. "ഊണു കഴിഞ്ഞതാ.''

"വീടെവിടെയാ?''

മെഡിക്കല്‍ കോളേജിനടുത്ത ഒരു സ്ഥലപ്പേര് പറഞ്ഞു. യാത്രയില്‍ ഞങ്ങള്‍ ധാരാളം സംസാരിച്ചു. പുതിയതരം പനിയെക്കുറിച്ച്, നാട്ടിലെ കലാപത്തെക്കുറിച്ച്, കാലാവസ്ഥയെക്കുറിച്ച്...പിന്നെയും എന്തൊക്കെയോ. അയാളുടെയും എന്റെയും അപരിചിതത്വം മാറി. ഒരു മനുഷ്യബന്ധം നിര്‍മിക്കപ്പെട്ടതായി തോന്നി. നീലയും വെള്ളയും പെയിന്റ് പൂശിയ അരികുകളുമായി എയര്‍ഫോഴ്സ് സ്റ്റേഷന്‍ റോഡ് ഒരു സവര്‍ണന്റെ മുഖഭാവത്തോടെ തെളിഞ്ഞുനില്‍ക്കുന്നു. വീണ്ടും അവര്‍ണന്റെ വിരിമാറിലേക്ക്. ഒരു വളവും ഇറക്കവും കഴിഞ്ഞ് ഒറ്റപ്പെട്ട ഒരു കെട്ടിടത്തിനരികിലെത്തി. ആളും തിരക്കും കച്ചവടവും ഒന്നും കാര്യമായില്ലാത്ത ആ റോഡിനിരുവശവും വിലയേറിയ കാറുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്നു. ഗേറ്റിനടുത്തെത്തിയപ്പോള്‍ അയാള്‍ ചോദിച്ചു. "അകത്തു കയറണോ?''

"വേണ്ട ഇവിടെ നിര്‍ത്തിയാല്‍ മതി''

വിലപേശലിന്റെ പുതിയ മാനങ്ങള്‍ പ്രതീക്ഷിച്ച് ചോദിച്ചു.

"എത്രയായി?''

"മാഡം കൊടുക്കാറുള്ളത് തന്നാല്‍ മതി.'' ചിരിച്ചുകൊണ്ടുള്ള മറുപടി. ഞാനത്ഭുതപ്പെട്ടില്ല. എങ്കിലും വിശ്വാസം വന്നില്ല. മീറ്റര്‍ നോക്കി. 15 രൂപ. 20 രൂപ കൊടുത്തു. ചിരിച്ചുകൊണ്ട് അഞ്ചുരൂപ മടക്കിത്തന്ന അയാളോട് താങ്ക്സ് പറഞ്ഞ് ഹോസ്പിറ്റലിലേക്ക് കയറുമ്പോള്‍ എന്റെ മനസ്സില്‍ തിരുവനന്തപുരത്തിന്റെ ചിത്രത്തിന് മാറ്റമുണ്ടായോ? അറിയില്ല. എങ്കിലും ഒന്നു സംഭവിച്ചു. എന്റെ തത്വശാസ്ത്രം പൂര്‍ണമായും തെറ്റല്ലെന്ന് എനിക്കു മനസ്സിലായി.

രണ്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബസ്സ്റ്റോപ്പില്‍നിന്ന് ഇത്തിരിനേരം ആലോചിച്ചു. ഓട്ടോക്ക് പോകണോ ബസ് കാത്തുനില്‍ക്കണോ? ഓട്ടോയില്‍ കയറിയാല്‍ പണമധികമാവുമെന്നു മാത്രമല്ല, മനസ്സമാധാനവും പോകും. "അവന്റെ വായിലിരിക്കുന്ന തെറിയൊക്കെ കേള്‍ക്കേണ്ടി വരും.'' സുഹൃത്തിന്റെ വാക്കുകള്‍ ഓര്‍ത്തു. സമയം കുറവായതിനാല്‍ വരുന്നതുവരട്ടെ എന്നു കരുതി അടുത്തുകണ്ട ഓട്ടോയില്‍ ചാടിക്കയറി.

"എവിടേക്കാ?''

ചോദ്യം കണ്ണുകളില്‍.

"പ്രശാന്ത് നഗര്‍''

നന്നേ മെല്ലിച്ച ഒരു ചെറുപ്പക്കാരന്‍. ചെറുപ്പക്കാരനെന്ന് പറയാമോ? അറിയില്ല. പുകയിലക്കറ പിടിച്ച് കരുവാളിച്ച ചുണ്ടുകള്‍. തിളങ്ങുന്ന, എന്നാല്‍ പഴകി ചുളിവു വീണ ഷര്‍ട്ട്. (യൂണിഫോമല്ല).

"വീടെവിടെയാ?'' ചോദ്യം കേള്‍ക്കാത്തമാതിരി വണ്ടി ഓടിക്കുന്ന അയാളോട് ഇത്തിരി ഉറക്കെ ചോദിച്ചു.

"അടുത്താണോ വീട്?''

"ശ്രീകാര്യത്താ'' വിശ്വാസം വരാതെ തിരിഞ്ഞുനോക്കി അയാള്‍ പറഞ്ഞു.

"ഓട്ടോയെങ്ങനെ...ജീവിക്കാന്‍ കാശു കിട്ടുന്നുണ്ടോ?''

"എന്തരു ചാച്ചി പറയുന്നേ..'' അയാളുടെ കുടുംബപ്രാരാബ്ധം മുഴുവന്‍ തിക്കിത്തിരക്കി പറഞ്ഞൊപ്പിച്ചു. യാത്രക്കിടയില്‍ കുറച്ചുമാത്രം കേട്ടു. "സുഖമില്ലാതെ കിടക്കുന്ന അമ്മ, കല്യാണം കഴിക്കാത്ത ചേച്ചി, പഠിക്കുന്ന കുട്ടികള്‍....കൂടാതെ വണ്ടിയുടെ അടവ്....'' അങ്ങനെ അങ്ങനെ പലതും.

പ്രശാന്ത് നഗര്‍ എത്തിക്കഴിഞ്ഞിരുന്നു. "എത്രയായി'' അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. "കൊടുക്കുന്നത് തരൂ''

പണം കൊടുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു. "പുകവലി കുറയ്ക്കണം, ട്ടോ. അല്ലെങ്കില്‍ വയ്യാണ്ടായാ ആരാണ്ടാവ്വാ'' അയാള്‍ ആശ്ചര്യത്തോടെ എന്നെ നോക്കി നിന്നു.

-സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ തിളക്കമായിരുന്നോ അതോ തട്ടിപ്പറിക്കാരന്റെ കൊള്ളക്കാരന്റെ ഭാവമായിരുന്നോ ആ മുഖത്ത്?-

മൂന്ന്

തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ ബസു കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറായി. അഥവാ ഇനി ഇന്ന് ബസില്ലാതിരിക്കുമോ? ആറരയ്ക്ക് തുടങ്ങുന്ന ഷോയ്ക്ക് 'ഭ്രമരം' കാണാനിറങ്ങിയതാണ്. ആരൊക്കെയോ പറഞ്ഞറിഞ്ഞു, നല്ല പടമാണെന്ന്. കാണണമെന്ന് അതിയായ മോഹം. ഒറ്റക്കു പോകാന്‍ തീരുമാനിച്ചു. അപ്പോഴാണ് എംഫില്ലിന് കൂടെ പഠിച്ച രേണുകുമാര്‍ വിളിച്ചത്.

"എടാ ഭ്രമരം കാണാന്‍ പോകാം നമുക്ക്''

ഞാനും കാണണമെന്ന് കരുതിയിരിക്യായിരുന്നു.'' തേടിയ വള്ളി കാലില്‍ ചുറ്റി. കൂട്ടിനാളായി. പടം കണ്ടു. നല്ല അഭിനയം. ഇഷ്ടമായി. കോഫി ഹൌസില്‍ കയറി ചപ്പാത്തിയും കഴിച്ച് തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിയതാണ്.

"അതാ ഒരാന'' ഞങ്ങള്‍ ഓടിക്കയറാനൊരുങ്ങി.

"ഉള്ളൂര്‍ക്ക് പോക്വോ?''

"ഇല്ല''

തൊട്ടടുത്ത് മറ്റൊരു ബസ് നിര്‍ത്തിയിരിക്കുന്നു. ആള്‍ക്കാര്‍ ചാടിക്കയറുന്നു. "ഇതാ ആക്കുളം ബസ്'' സന്തോഷായി.

നിറയെ പുരുഷന്മാര്‍ മാത്രം. സീറ്റു കിട്ടി. രേണുകുമാര്‍ അടുത്തിരുന്നു. സിനിമാ വിശേഷങ്ങള്‍ പറഞ്ഞ് നേരം പോയതറിഞ്ഞില്ല. പാളയം എത്തിയപ്പോള്‍ രേണു ഇറങ്ങി.

രണ്ടു മൂന്നു പുരുഷന്മാര്‍ സങ്കോചത്തോടെ നോക്കുന്നു.സീറ്റിലിരിക്കാനാകും. ഞാനൊതുങ്ങിയിരുന്നു. ഒരാള്‍ ധൈര്യം സംഭരിച്ച് ഇരുന്നു. അയാള്‍ ഭയന്നാണ് ഇരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. എന്തിനെയാണയാള്‍ ഭയക്കുന്നത്?

ഫോണ്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഞാന്‍ ഫോണെടുത്ത് സംസാരിച്ചിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പെത്തി. ചാടി ഇറങ്ങി. കൂടെ ഇറങ്ങിയത് ഒരു മൊട്ടത്തലയന്‍ മാത്രം. എനിക്ക് ഏകദേശം അരക്കിലോ മീറ്റര്‍ നടക്കണം. സമയമാണെങ്കില്‍ പത്ത് കഴിഞ്ഞു. കേരളത്തില്‍ ആറുമണി കഴിഞ്ഞാല്‍ പെണ്ണിന്റെ ദിനം അവസാനിക്കുന്നു എന്ന് മനസ്സിലാരോ ഓര്‍മപ്പെടുത്തുന്നു. അന്യരെ അവിശ്വസിക്കണം എന്ന പതിവ് റെയില്‍വേ അനൌണ്‍സ്മെന്റും പത്രങ്ങളില്‍ വന്ന കഥകളും മനസ്സിലൂടെ മിന്നിമറഞ്ഞു. ഏതു പുരുഷനും ദംഷ്ട്രം മുളയ്ക്കുമെന്നും അച്ഛനോടുപോലും അധികം അടുക്കരുതെന്നും ഉപദേശിച്ച വനിതാ മാസികകളും മനസ്സിന്റെ ഷെല്‍ഫില്‍ നിന്നിറങ്ങി തുറന്നു കിടന്നു.

മൊട്ടത്തലയന്‍ സൂക്ഷിച്ചു നോക്കുന്നു. ഭയം ഉള്ളിലൊതുക്കി ഞാനയാളെ നോക്കി ചിരിച്ചു.

"ഈ ബസ് കിട്ടിയില്ലെങ്കില്‍ ബുദ്ധിമുട്ടാകുമായിരുന്നു.'' ഞാനയാളോട് പരിചിതനോടെന്നപോലെ പറഞ്ഞു.

"ഇനി ബസില്ല. വൈകിയാല്‍ ബുദ്ധിമുട്ടാ. ഓട്ടോയും കിട്ടില്ല.'' അയാള്‍ പറഞ്ഞു. "എവിടെയാ താമസം?''

ഞാന്‍ സിഡിഎസിന്റെ പേര് പറഞ്ഞു.

"വീടെവിടെയാ?''

"കോഴിക്കോട്''

"ഞാന്‍ മലപ്പുറംകാരനാ'' അയാള്‍ പരിചയത്തോടെ ചിരിച്ചു.

"നാട്ട്യാരാണല്ലേ'' ഞാനും നാടിന്റെ പരിചയം കാണിച്ചു.

ഇരുട്ടുമൂടിയ എന്റെ വഴിയിലേക്ക് കടക്കുന്നതിനു മുമ്പ് ഗുഡ്നൈറ്റ് പറയാന്‍ ഞാന്‍ മറന്നില്ല. തിരിച്ച് ഗുഡ്നൈറ്റ് പറഞ്ഞ് ഒരു സുഹൃത്തിന്റെ സൌഹൃദത്തിന്റെ ചിരിയും സമ്മാനിച്ച് നടന്നുനീങ്ങുന്ന അയാളില്‍ പുരുഷന്റെ ധാര്‍ഷ്ട്യത്തിനപ്പുറം ഒരു ശിശുവിന്റെ മുഖമായിരുന്നു ഞാന്‍ കണ്ടത്.

*
മല്ലിക എം ജി, ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

9 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇരുട്ടുമൂടിയ എന്റെ വഴിയിലേക്ക് കടക്കുന്നതിനു മുമ്പ് ഗുഡ്നൈറ്റ് പറയാന്‍ ഞാന്‍ മറന്നില്ല. തിരിച്ച് ഗുഡ്നൈറ്റ് പറഞ്ഞ് ഒരു സുഹൃത്തിന്റെ സൌഹൃദത്തിന്റെ ചിരിയും സമ്മാനിച്ച് നടന്നുനീങ്ങുന്ന അയാളില്‍ പുരുഷന്റെ ധാര്‍ഷ്ട്യത്തിനപ്പുറം ഒരു ശിശുവിന്റെ മുഖമായിരുന്നു ഞാന്‍ കണ്ടത്.

പാമരന്‍ said...

ആരാ പറഞ്ഞത്‌ മനുഷ്യത്വം കിട്ടാക്കനിയാണെന്ന്‌? you are not looking hard enough. അതാണു കാര്യം.

Rakesh R (വേദവ്യാസൻ) said...

പോസ്റ്റ്‌ ഇഷ്ടമായി :)

Joker said...

Good Post.

Dinkan-ഡിങ്കന്‍ said...

അപ്പോള്‍ ഇങ്ങനെ മാത്രം അല്ല കാര്യങ്ങള്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. മൊത്തം തീമഴ പെയ്യാറായിട്ടില്ല അല്ലേ? :)

വര്‍ക്കേഴ്സ് ഫോറം said...

വായിച്ചിരുന്നു. ഭ്രാന്താലയം എന്ന് പണ്ട് കേരളത്തെ വിശേഷിപ്പിച്ചിരുന്ന കാലത്തിന്റെ ഒക്കെ ചരിത്രം ഓര്‍ത്താല്‍ “നന്മ നിറഞ്ഞ ഇന്നലെകള്‍” നമ്മെ വഴി തെറ്റിക്കാനിടയില്ല. :)

Suraj said...

പരാതീം പരിഭവങ്ങളും മാത്രം വായിച്ച് തളരുമ്പോള്‍ ഇതുപോലൊന്ന് വായിക്കാന്‍ എന്തു രസം, എന്ത് സമാധാനം.

Calvin H said...

അപ്പോ കൽക്കിക്ക് ഒരിച്ചിരീം കൂടെ വെയിറ്റ് ചെയ്യാം അല്ലേ? :)

ജീവിതത്തിന്റെ തിളങ്ങുന്ന വശങ്ങൾ കൂടി നോക്കിക്കാണാൻ തോന്നിയ ആ മനസിനു മുന്നിൽ പ്രണാമം!

CKV Cholamon said...

To some reasonable extent, things are almost as we view and take them. It furnishes a refreshingly pleasant reading....good post...