Wednesday, September 16, 2009

ജിന്നയെക്കുറിച്ചുള്ള ജസ്വന്ത് സിങ്ങിന്റെ പുസ്തകം

ചര്‍ച്ച ചെയ്യപ്പെടേണ്ട മൂന്ന് വിഷയങ്ങള്‍

"ജിന്ന, ഇന്ത്യ-വിഭജനവും സ്വാതന്ത്ര്യവും'' എന്ന ജസ്വന്ത് സിങ്ങിന്റെ 669 പേജുള്ള പുസ്തകത്തിന് ആര്‍എസ്എസും ബിജെപിയും കൂടി വമ്പിച്ച വില്‍പന ഉറപ്പാക്കിയിരിക്കുകയാണ്. ഈ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുള്ള മൂന്ന് വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച അര്‍ഹിക്കുന്നു -ദ്വിരാഷ്ട്ര സിദ്ധാന്തം, സര്‍ദാര്‍ പട്ടേലിന്റെ പങ്ക്, ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷത്തിനുള്ള പരിഹാരം വിഭജനമായിരുന്നുവെന്നാണ് കരുതിയതെങ്കില്‍, ആറു പതിറ്റാണ്ടുകള്‍ക്കുശേഷം ഇന്നും വര്‍ഗീയത കൊടിയ ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തുടരുന്നത് എന്തുകൊണ്ട്?

ഈ വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചയിലേക്ക് വരുന്നതിനുമുമ്പ്, ബിജെപി അപരിഹാര്യമായ വൈരുദ്ധ്യങ്ങളുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ് എന്ന വസ്തുതയാണ് ആര്‍എസ്എസ് ഉന്നതാധികാര കേന്ദ്രത്തെയാകെ ആശങ്കയില്‍ അകപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ എന്തിനും പോന്ന കടുത്ത അനുയായിവൃന്ദത്തെ അണിനിരത്തിക്കൊണ്ട് അദ്വാനിയുടെ 'രഥയാത്ര' ആക്രമണാത്മകമായ ഹിന്ദുത്വത്തെ പ്രധാന വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നതിനെ തുടര്‍ന്നുള്ള കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ അനുഭവം, 1996ലെ 13 ദിവസത്തെ വാജ്പേയി സര്‍ക്കാരിന്റെ അനുഭവം, തങ്ങളോടൊപ്പം നില്‍ക്കുന്ന ഈ വിഭാഗത്തിന്റെ മാത്രം പിന്തുണകൊണ്ട് അധികാരം പിടിച്ചെടുക്കാന്‍ ആവില്ലെന്ന് അവരെ ബോധ്യപ്പെടുത്തി. അവര്‍ക്ക് സഖ്യകക്ഷികളെ ആവശ്യമായി വന്നു. അങ്ങനെയാണ് എന്‍ഡിഎ ജന്മംകൊണ്ടത്. 1998-2004ലെ വാജ്പേയി സര്‍ക്കാര്‍ രൂപംകൊണ്ടതും അതിന്റെ ഫലമായിട്ടായിരുന്നു. എന്നാല്‍ സഖ്യകക്ഷികളെ കിട്ടുന്നതിനുവേണ്ടി, കടുത്ത ഹിന്ദുത്വ അജണ്ട തല്‍ക്കാലം മാറ്റിവെയ്ക്കേണ്ടതായി വന്നു. തങ്ങളുടെ കടുത്ത അനുയായിവൃന്ദത്തില്‍നിന്നും അകന്നുപോകുമെന്നതിനാല്‍ ആര്‍എസ്എസിനെ ഇത് അസ്വസ്ഥമാക്കി. ആര്‍എസ്എസിന്റെ രാഷ്ട്രീയ ഹസ്തമായാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്; ഈ പൊക്കിള്‍ക്കൊടി ബന്ധം മുറിച്ച് മാറ്റാനാവാത്തതാണ്.

ജിന്നയുടെ മതനിരപേക്ഷ യോഗ്യതക്ക് അനുകൂലമായി സംസാരിച്ചുകൊണ്ട് ബിജെപിയുടെ അടിത്തറ വികസിപ്പിക്കാന്‍ അദ്വാനി ശ്രമിച്ചപ്പോള്‍, ബിജെപി അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ ആര്‍എസ്എസ് അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. ഈ വിഷയത്തിന്മേല്‍ ഇന്ത്യന്‍ മുസ്ളീങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാമെന്ന അദ്വാനിയുടെ കണക്കുകൂട്ടല്‍ തന്നെ അതിരുകടന്നതാണ്. വിഭജനത്തിനുശേഷം നടന്ന ആദ്യത്തെ സെന്‍സസില്‍, 1951ല്‍, ഇന്ത്യയില്‍ 374 ലക്ഷം മുസ്ളീങ്ങളാണ് ഉണ്ടായിരുന്നത്; പശ്ചിമ പാകിസ്ഥാനിലാകട്ടെ 337 ലക്ഷം മുസ്ളീങ്ങളും. തങ്ങളുടെ ജന്മദേശം ഇതായതിനാല്‍ കൂടുതല്‍ മുസ്ളീങ്ങളും ഇന്ത്യയില്‍ തന്നെ തങ്ങിയിരുന്നു. റംഗൂണ്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ബഹദുര്‍ഷാ സഫര്‍ എഴുതിയ ഹൃദയഭേദകമായ കവിതയില്‍ പറയുന്നതുപോലെ അവര്‍ ഏറെപ്പേരും ഇവിടെതന്നെ ജീവിക്കാനും ഇവിടെതന്നെ മരിക്കാനുമാണ് ആശിച്ചിരുന്നത്. ഏകദേശം 10 ലക്ഷം ആളുകള്‍ കൊല്ലപ്പെടുന്നതിനും 150 ലക്ഷത്തോളം ആളുകള്‍ അതിര്‍ത്തി കടന്ന് അങ്ങോട്ടും ഇങ്ങോട്ടും പലായനം ചെയ്യുന്നതിനും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിഭജിക്കപ്പെടുന്നതിനും ഇടയാക്കിയ ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തില്‍ അവര്‍ ആകൃഷ്ടരാകുമെന്ന പ്രതീക്ഷ തന്നെ അബദ്ധ ജടിലമാണ്.

തങ്ങളുടെ 'ഹിന്ദു വോട്ട് ബാങ്ക്' ശാക്തീകരിക്കാനായി ജിന്നയെയും ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ആര്‍എസ്എസിനെയും ബിജെപിയെയും വീണ്ടും നിര്‍ബന്ധിതരാക്കിയിരിക്കുന്നത് അവരുടെ ഈ അപരിഹാര്യമായ വൈരുദ്ധ്യത്തെയാണ് കാണിക്കുന്നത്. ജിന്നയെ അനുകൂലമായി ചിത്രീകരിക്കുന്നത് ദ്വിരാഷ്ട്ര സിദ്ധാന്തത്തെ സംബന്ധിച്ച ആര്‍എസ്എസിന്റെയും ബിജെപിയുടെയും "അടിസ്ഥാന പ്രത്യയശാസ്ത്ര''ത്തിന് എതിരാണെന്ന കാരണത്താല്‍ പുറത്താക്കലിന് ഇടയാക്കുമെന്നാണെങ്കില്‍ സവര്‍ക്കറെക്കുറിച്ച് ബിജെപിക്ക് എന്താണ് പറയാനുള്ളത്? 1940ല്‍ ജിന്നയുടെ മുസ്ളീംലീഗ് ലാഹോറില്‍വെച്ച് ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിക്കുന്നതിനും കൃത്യം മൂന്ന് വര്‍ഷം മുമ്പ് 1937ല്‍ ഹിന്ദുമഹാസഭയുടെ അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് സവര്‍ക്കര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: "ഇന്ന് ഇന്ത്യയെ ഏകചിത്തവും ഏകരൂപവുമായ രാഷ്ട്രമായി കരുതാനാവില്ല; മറിച്ച് ഇവിടെ രണ്ട് രാഷ്ട്രമുണ്ട് - ഒന്ന് ഹിന്ദുക്കളുടെയും മറ്റൊന്ന് മുസ്ളീങ്ങളുടെയും''. പിന്നീട് 1943ല്‍ സവര്‍ക്കര്‍ ആവര്‍ത്തിച്ച് തറപ്പിച്ച് പറഞ്ഞു. "എനിക്ക് ജിന്നയുടെ ദ്വിരാഷ്ട്രവാദത്തോട് ഒരു എതിര്‍പ്പുമില്ല. ഹിന്ദുക്കളായ നമ്മള്‍ സ്വയം ഒരു രാഷ്ട്രമാണ്. ഹിന്ദുക്കളും മുസ്ളീങ്ങളും രണ്ട് രാഷ്ട്രങ്ങളാണ് എന്നത് ചരിത്രപരമായ ഒരു വസ്തുതയാണ്''. സവര്‍ക്കര്‍ "പരിലാളിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത ദൌത്യ''ത്തെ മുന്നോട്ടുകൊണ്ടു പോകുക മാത്രമാണ് ജിന്ന ചെയ്തത്. ആ സവര്‍ക്കറുടെ ഛായാചിത്രമാണ് വാജ്പേയ് സര്‍ക്കാര്‍ ആദരപൂര്‍വം പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ചത്.

വാസ്തവത്തില്‍, ആര്‍എസ്എസിന്റെ മൊത്തം പ്രത്യയശാസ്ത്രപരമായ അടിസ്ഥാനവും സ്ഥിതി ചെയ്യുന്നത് ഗോള്‍വാള്‍ക്കര്‍ തന്റെ 'നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു' എന്ന കൃതിയില്‍ മുന്നോട്ടുവെച്ച നിലപാടുകളിലാണ്. ഇന്ത്യക്ക് ഒരു 'ഹിന്ദു രാഷ്ട്രം' ആകാന്‍ മാത്രമേ കഴിയൂ എന്നാണ് അതില്‍ തറപ്പിച്ച് പ്രസ്താവിച്ചിരിക്കുന്നത്; ആ ഹിന്ദു രാഷ്ട്രത്തില്‍ ഹിന്ദുവിശ്വാസങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് ഹിന്ദുക്കളുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വിധേയരായി 'വിദേശികളെ'പ്പോലെ ജീവിക്കാന്‍ മാത്രമേ അവകാശമുണ്ടായിരിക്കൂ എന്നും വ്യക്തമാക്കിയിരിക്കുന്നു. ആധുനിക മതനിരപേക്ഷ ജനാധിപത്യ ഇന്ത്യന്‍ റിപ്പബ്ളിക്കിനുപകരം ഈ ഫാസിസ്റ്റ് മതപുരോഹിതാധിപത്യരാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ആര്‍എസ്എസ് ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നമ്മുടെ സ്വാതന്ത്ര്യസമരത്തിനിടയില്‍ 1920കളില്‍തന്നെ ഉയര്‍ന്നുവന്ന മൂന്ന് വീക്ഷണങ്ങള്‍ തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടം, ആധുനിക മതനിരപേക്ഷ ജനാധിപത്യ ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ശാക്തീകരണത്തെ സ്വാധീനിക്കുന്നത്, ഇപ്പോഴും തുടരുകയാണ്. അന്ന് മുഖ്യധാരാവീക്ഷണത്തെ പ്രതിനിധാനം ചെയ്തത് കോണ്‍ഗ്രസായിരുന്നു; ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായാണ് സ്വതന്ത്ര ഇന്ത്യയെ അത് കണ്ടത്. ഈ മതനിരപേക്ഷ, ജനാധിപത്യരാഷ്ട്ര സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇടതുപക്ഷ വീക്ഷണം; എന്നാല്‍ ഈ രണ്ടു വീക്ഷണങ്ങളും പരസ്പരവിരുദ്ധമായിരുന്നില്ല. രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ നമ്മുടെ ജനതയുടെ സാമ്പത്തിക സ്വാതന്ത്ര്യമായി പരിവര്‍ത്തനപ്പെടുത്തുന്നതിന് - അതായത് സോഷ്യലിസം സ്ഥാപിക്കുന്നതിന് - മുഖ്യധാരാ വീക്ഷണത്തെ മുന്നോട്ടുകൊണ്ടു പോകുന്നതിനാണ് ഇടതുപക്ഷം പരിശ്രമിക്കുന്നത്. സ്വാഭാവികമായും ഇത്തരം ഒരു പരിവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഭരണവര്‍ഗനയങ്ങള്‍ക്കെതിരായ പോരാട്ടത്തെ ഇത് തീവ്രമാക്കുന്നു. കോണ്‍ഗ്രസ് നയങ്ങളുമായുള്ള എതിര്‍പ്പ് ഉയര്‍ന്നുവരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇത്തരം ഒരു പരിവര്‍ത്തനത്തെ തടയുന്നത് അതിനെതന്നെ ദുര്‍ബലമാക്കുകയും ക്രമേണ അത് ഇന്ത്യന്‍ രാഷ്ട്ര സംവിധാനത്തിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറ തകര്‍ക്കുന്നതിന് ഇടയാക്കുകയും ചെയ്യും. സ്വാതന്ത്ര്യാന്തര ദശകങ്ങളിലെ അനുഭവങ്ങള്‍ ഈ വസ്തുതയുടെ സാക്ഷ്യപത്രമാണ്.

വ്യത്യസ്തവും ശത്രുതാപരവും പരസ്പരവിരുദ്ധവുമായിരുന്നു വലതുപക്ഷ വീക്ഷണം. ജനങ്ങളുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ട രാഷ്ട്രമായാണ് അത് സ്വതന്ത്ര ഇന്ത്യയെ ചിത്രീകരിച്ചത്. ഈ വീക്ഷണം രണ്ടുതരത്തില്‍ പ്രകടിപ്പിക്കപ്പെട്ടു - ഫാസിസ്റ്റ് സ്വഭാവത്തിലുള്ള 'ഹിന്ദു രാഷ്ട്ര'ത്തിനായി വാദിച്ച ആര്‍എസ്എസും പ്രത്യേക ഇസ്ളാമിക രാഷ്ട്രത്തിനായി വാദിച്ച മുസ്ളീംലീഗും. രണ്ടും പിറവി മുതല്‍ തന്നെ വേറിട്ടതും ശത്രുതാപരവുമായിരുന്നു.

ആധുനിക ഇന്ത്യന്‍ റിപ്പബ്ളിക്കിനെ ഭ്രാന്തവും സഹിഷ്ണുതയില്ലാത്തതും ഫാസിസ്റ്റുമായ 'ഹിന്ദു രാഷ്ട്ര'മാക്കി മാറ്റുന്നതിനുള്ള ഈ നീക്കം തുടരുന്നതാണ് വര്‍ഗീയ വിദ്വേഷവും സംഘര്‍ഷങ്ങളും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ഇടയാക്കുന്നത്. മുസ്ളീം മതമൌലികവാദികള്‍, പ്രത്യേകിച്ച് പാകിസ്ഥാന്റെ പ്രേരണയോടെ അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍, ഇതിനെ സമര്‍ത്ഥമായി സഹായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.

ഭൂപ്രദേശങ്ങള്‍ സംബന്ധിച്ച് പാകിസ്ഥാനുമായുള്ള തര്‍ക്കങ്ങളെ രണ്ട് പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളായി പരിഗണിക്കുന്നതിനുപകരം അതിന് മതപരമായ ഭാവം പകര്‍ന്ന് അങ്ങനെ ആ പ്രശ്നത്തെ ബഹുമുഖമായ ഒന്നാക്കി വളര്‍ത്തുകയാണ്. ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ; ആധുനിക മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ശാക്തീകരണത്തില്‍ സ്വാധീനം ചെലുത്തുന്നതിന് മൂന്ന് കാഴ്ചപ്പാടുകള്‍ തമ്മില്‍ നടത്തുന്ന പോരാട്ടമാണിത്.

ആപത്കരമായവിധം ജിന്ന വിജയിച്ചുവെന്നതും മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ എത്തിച്ച സാഹചര്യങ്ങള്‍ സൃഷ്ടിച്ച ആര്‍എസ്എസ് കാഴ്ചപ്പാടിനെ തിരസ്കരിച്ചുകൊണ്ട് ഇന്ത്യയില്‍ മുഖ്യധാരാവീക്ഷണം അതിജീവിച്ചുവെന്നതുമാണ് വസ്തുത. ആര്‍എസ്എസിന്റെയും അതിന്റെ രാഷ്ട്രീയ ഹസ്തത്തിന്റെയും പങ്കിനെ മൂടിവെയ്ക്കുന്നതിനായി, കോണ്‍ഗ്രസിന്റെ ആരാധ്യനായ 'ഉരുക്കു മനുഷ്യന്‍' സര്‍ദാര്‍ പട്ടേലിനെ തങ്ങളുടെയാളാക്കാനാണ് ഇപ്പോഴത്തെ അവരുടെ നീക്കം; സ്വാതന്ത്ര്യസമരത്തില്‍ അങ്ങനെ തങ്ങളും ഉണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നു; യഥാര്‍ത്ഥത്തില്‍ അതില്‍ അവര്‍ക്ക് ഒരു പങ്കും ഉണ്ടായിരുന്നില്ല.

വാജ്പേയ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തന്നെ എല്‍ കെ അദ്വാനി ലോഹ് പുരുഷ് ആയി (ഉരുക്കു മനുഷ്യന്‍) സ്വയം അവരോധിക്കാന്‍ നോക്കിയതുതന്നെ സര്‍ദാര്‍ പട്ടേലിനെ തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ പ്രതിഫലനമായിരുന്നു. നരേന്ദ്രമോഡിയാകട്ടെ സ്വയം കൊച്ചു സര്‍ദാറായി (ഛോട്ടാ സര്‍ദാര്‍) മാമോദീസാ മുക്കി. മോഡി തന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കെല്ലാം തുടക്കംകുറിച്ചത് സര്‍ദാര്‍ പട്ടേലിന്റെ ജന്മനാടായ ഗുജറാത്തിലെ കരംസാദില്‍ നിന്നായിരുന്നു. ആര്‍എസ്എസ് ബോധപൂര്‍വം തന്നെ ഒഴിഞ്ഞുമാറി നിന്നിരുന്ന സ്വാതന്ത്ര്യസമരത്തില്‍ തങ്ങളും പങ്കാളിയായിരുന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രകടനങ്ങളാണ് ഇവയെല്ലാം തന്നെ. അങ്ങനെ ചെയ്യുന്നതിന് നെഹ്റുവിനും പട്ടേലിനുമിടയില്‍ ഒരു ആപ്പ് അടിക്കേണ്ടത് അവരുടെ ആവശ്യമായി മാറി.

സ്വാതന്ത്ര്യസമരത്തിലെ ഈ രണ്ടു നേതാക്കളെയും വേറിട്ടു കാണാനുള്ള ഈ നീക്കത്തെയാണ് "ജിന്ന, ഇന്ത്യ-വിഭജനവും സ്വാതന്ത്ര്യവും'' എന്ന കൃതിയില്‍ ജസ്വന്ത് കൃത്യമായും ഫലപ്രദമായി ഖണ്ഡിച്ചത്. 1947 മാര്‍ച്ച് 8ന് മഹാത്മാഗാന്ധിയുടെയും മൌലാനാ ആസാദിന്റെയും അഭാവത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രാജ്യത്തെ വിഭജിക്കാനുള്ള പ്രമേയം കോണ്‍ഗ്രസ് പാര്‍ടി ഔപചാരികമായി അംഗീകരിച്ചത് എന്ന് ഈ പുസ്തകത്തിന്റെ 418-ാം പേജില്‍ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. "അവര്‍ രണ്ടുപേരും പ്രമേയത്തെ എതിര്‍ക്കുമെന്ന് നെഹ്റുവിനും പട്ടേലിനും അറിയാമായിരുന്നു''. "ആ പ്രമേയത്തിനെതിരെ അങ്ങയുടെ അഭിപ്രായം അങ്ങ് പ്രകടിപ്പിച്ചത് ഞങ്ങള്‍ പത്രങ്ങളില്‍നിന്ന് അറിഞ്ഞു'' എന്ന് പറഞ്ഞ് പട്ടേല്‍ പ്രമേയത്തെക്കുറിച്ച് പിന്നീട് ഗാന്ധിയോട് വിശദീകരിച്ചതായി ജസ്വന്ത് തുടര്‍ന്ന് പട്ടേലിനെ ഉദ്ധരിച്ച് വിശദീകരിക്കുന്നു. ദീര്‍ഘകാലമായി കോണ്‍ഗ്രസ് പിന്തുടര്‍ന്നിരുന്ന വിഭജനത്തെ എതിര്‍ക്കുക എന്ന നിലപാട് മാറ്റുകയും പെട്ടെന്നുതന്നെ വിഭജനത്തെ അനുകൂലിക്കുകയും ചെയ്യുന്നതില്‍ നെഹ്റുവും പട്ടേലും ഒന്നിച്ചായിരുന്നുവെന്ന് ഇവിടെ ജസ്വന്ത് ശക്തമായി സ്ഥാപിക്കുകയാണ്. മൌണ്ട് ബാറ്റന്‍ വന്ന് ഒരു മാസത്തിനകം വിഭജനത്തെ സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിലപാട് മാറിയതായി പ്രസ്താവിച്ചുകൊണ്ട് ജസ്വന്ത് തന്റെ പുസ്തകം അവസാനിപ്പിക്കുന്നു.

തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം കൈവരിക്കുന്നതിനായി നെഹ്റുവിനും പട്ടേലിനുമിടയില്‍ ആപ്പ് അടിക്കുന്നതിനുവേണ്ടി രാജ്യത്തെ വിഭജിക്കുന്നതിന് ബ്രിട്ടീഷുകാര്‍ വഹിച്ച നീചവും നിന്ദ്യവുമായ പങ്കിനെ മൂടിവെയ്ക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ രാജ്യത്തെ വിഭജിച്ചതിലൂടെ ദശലക്ഷക്കണക്കിനാളുകള്‍ കൊടുംദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനു പിന്നിലെ പ്രശ്നങ്ങള്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ചവയാണെന്ന കാര്യം ബോധപൂര്‍വം അവഗണിക്കുകയാണ്. ബ്രിട്ടീഷുകാരുടെ വിഭജിക്കല്‍നയംമൂലം ഇപ്പോഴും രക്തച്ചൊരിച്ചില്‍ തുടരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉള്‍പ്പെടെ ഭാഗ്യഹീനമായ നാല് രാഷ്ട്രങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും ദൌര്‍ഭാഗ്യവാന്‍മാരാണ് പാലസ്തീന്‍ ജനത. അവര്‍ക്ക് അവരുടെ ജന്മഭൂമിക്കുമേലുള്ള അവകാശം തന്നെ നിഷേധിച്ചിരിക്കുകയാണ്. അയര്‍ലണ്ടും സൈപ്രസുമാണ് വിഭജിക്കപ്പെട്ട മറ്റ് രണ്ട് രാജ്യങ്ങള്‍. അവ ഇപ്പോഴും അക്രമങ്ങളും നെടുനാളായുള്ള ദുരിതങ്ങളുംകൊണ്ട് വലയുകയാണ്.

തങ്ങളുടെ വ്യാഖ്യാന പ്രകാരമുള്ള 'ഹിന്ദു രാഷ്ട്രം' സ്ഥാപിക്കുന്നതിനുള്ള വ്യഗ്രതയില്‍ കഴിയുന്ന ആര്‍എസ്എസിന് ഹിന്ദുക്കളെ അണിനിരത്തുന്നതിന് ഹിന്ദുക്കള്‍ക്കെതിരായ ഒരു ബാഹ്യശത്രുവിനെ സൃഷ്ടിക്കേണ്ടത് ആവശ്യമായി വന്നു. മുസ്ളീങ്ങളായിരുന്നു അങ്ങനെ 'തെരഞ്ഞെടുക്കപ്പെട്ട ശത്രുക്കള്‍'. സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ളീങ്ങളും മറ്റെല്ലാ ഇന്ത്യക്കാരും ഒത്തൊരുമിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുകയായിരുന്നു. ആര്‍എസ്എസിന് തങ്ങളുടെ ലക്ഷ്യംനേടാന്‍ ബ്രിട്ടീഷ് വിരുദ്ധവികാരം നിര്‍ബന്ധമായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍നിന്നും പൂര്‍ണമായി വിട്ടുനിന്നത്.

ഇടതുപക്ഷത്തുനിന്ന് നാം ഈ വിഷയം ഉന്നയിക്കുമ്പോഴെല്ലാം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ സംബന്ധിച്ച ദുര്‍വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിച്ചാണ് ആര്‍എസ്എസുകാര്‍ അതിനെ നേരിട്ടിരുന്നത്. ഇത്തരം നുണ പ്രചരണങ്ങള്‍ക്ക് അറുതിവരുത്താന്‍, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അര്‍ദ്ധരാത്രി ചേര്‍ന്നപ്പോള്‍ രാഷ്ട്രത്തെ അഭിസംബോധനചെയ്ത ശ്രീ ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ വാക്കുകള്‍ ഓര്‍മ്മിക്കുക: "കാണ്‍പൂരിലെയും ജംഷെഡ്പൂരിലെയും അഹമ്മദാബാദിലെയും മില്ലുകളിലെ വമ്പിച്ച പണിമുടക്കുകളെ തുടര്‍ന്ന് 1942 സെപ്റ്റംബര്‍ 5-ാം തീയതി ലണ്ടനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ഡല്‍ഹിയില്‍നിന്ന് അയച്ച തപാലില്‍ കമ്യൂണിസ്റ്റ്പാര്‍ടി ഓഫ് ഇന്ത്യയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇങ്ങനെയാണ്-'ആ പാര്‍ടിയിലെ പല അംഗങ്ങളുടെയും പെരുമാറ്റം തെളിയിക്കുന്നത്, അതാകെ ബ്രിട്ടീഷ് വിരുദ്ധ വിപ്ളവകാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായാണ്. അതെപ്പോഴും അങ്ങനെതന്നെയാണുതാനും'' ഇതില്‍നിന്ന് വ്യത്യസ്തമായി, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനകാലത്ത് ആഭ്യന്തര വകുപ്പില്‍നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. "സംഘ് (ആര്‍എസ്എസ്) വളരെ നിഷ്ക്കര്‍ഷയോടെ നിയമം അനുസരിച്ച് കഴിയുകയാണ്; പ്രത്യേകിച്ചും 1942 ആഗസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട ലഹളകളിലൊന്നും പങ്കെടുക്കാതെ അവര്‍ അകന്നുനിന്നു.'' വാസ്തവത്തില്‍, ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ 1942 സെപ്റ്റംബറില്‍ സവര്‍ക്കര്‍ ആജ്ഞ പുറപ്പെടുവിച്ചിരുന്നു-"എല്ലാ ഹിന്ദു മഹാസഭാ അംഗങ്ങളോട് പ്രത്യേകമായും എല്ലാ ഹിന്ദു സംഘടനകളിലുംപെട്ടവരോട് പൊതുവിലും ഞാന്‍ നല്‍കുന്ന കര്‍ക്കശമായ നിര്‍ദ്ദേശം ഇതാണ്-സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രതിഫലം ലഭിക്കുന്ന ഏതെങ്കിലും തസ്തികയോ പദവിയോ വഹിക്കുന്നവര്‍ അതില്‍ ഉറച്ചുനില്‍ക്കുകയും തങ്ങളുടെ പതിവ് കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നത് തുടരുകയും വേണം.'' ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തോട് പ്രത്യേകിച്ചും, സ്വാതന്ത്ര്യസമരത്തോട് പൊതുവിലും ആര്‍എസ്എസിനും ഹിന്ദു മഹാസഭയ്ക്കും ഉണ്ടായിരുന്ന സമീപനം ഇതായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യസമരവുമായി ഏതെങ്കിലും വിധത്തില്‍ കണ്ണിചേര്‍ക്കപ്പെടാന്‍ പറ്റാതെ ഹതാശരായ ആര്‍എസ്എസുകാര്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതിനും പട്ടേലിനെ പിടിച്ചെടുക്കുന്നതിനും തുനിയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയെന്ന നിലയില്‍, സര്‍ദാര്‍ പട്ടേല്‍ 1948 ഫെബ്രുവരി 4ന് ആര്‍എസ്എസിനെ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഒപ്പിട്ടു; അതില്‍ പറയുന്നത് ഇങ്ങനെയാണ്: "എന്നാല്‍ സംഘപരിവാറിന്റെ പ്രതിഷേധാര്‍ഹവും ദ്രോഹകരവുമായ പ്രവര്‍ത്തനങ്ങള്‍ അല്‍പവും കുറയാതെ തുടരുകയാണ്; സംഘ് പ്രചോദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അക്രമസംസ്കാരം നിരവധിപേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതും ഏറ്റവും വിലപ്പെട്ടതും ഗാന്ധിജിയുടെ ജീവന്‍തന്നെയായിരുന്നു''.

അദ്വാനി പറയുന്നത് നെഹ്റുവിന്റെ പ്രേരണയാലാണ് ഇത് ചെയ്തത് എന്നാണ്. അങ്ങനെയാണെങ്കില്‍പോലും, അവര്‍ക്ക് എങ്ങനെയാണ് പട്ടേലിനെ സ്വന്തമാക്കാന്‍ പറ്റുന്നത് എന്ന കാര്യം ദുരൂഹമായിരിക്കുന്നു. 1948 നവംബര്‍ 14ന് പട്ടേലിന്റെ ആഭ്യന്തരമന്ത്രാലയം ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരണത്തിന് നല്‍കി. അതില്‍ ആര്‍എസ്എസ് മേധാവി ഗോള്‍വാര്‍ക്കറുമായി നടത്തിയ സംഭാഷണങ്ങള്‍ വിശദീകരിച്ചിരുന്നു. വഞ്ചനാപരമായ പല ഒത്തുതീര്‍പ്പുകള്‍ക്കും ഗോള്‍വാള്‍ക്കര്‍ തയ്യാറായിരുന്നു. വീണ്ടും ഒരു കൂടിക്കാഴ്ചയ്ക്കുകൂടി അവസരം വേണമെന്ന ഗോള്‍വാള്‍ക്കറുടെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. നാഗ്പൂരിലേക്ക് മടങ്ങാന്‍ സര്‍ദാര്‍ പട്ടേല്‍ ഗോള്‍വാള്‍ക്കറോട് ആജ്ഞാപിച്ചു. 1949 ജൂലൈ 11ന് മാത്രമാണ് ആര്‍എസ്എസിനുമേലുള്ള നിരോധനം നീക്കിയത്. "സാംസ്കാരിക സംഘടന'' മാത്രമായി തുടരാമെന്നും "രഹസ്യ സ്വഭാവം'' ഉപേക്ഷിക്കുമെന്നും അക്രമം കൈവെടിയുമെന്നും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥകളും ശിരസാ വഹിച്ച് ആര്‍എസ്എസ് അടിയറവ് പറഞ്ഞതിനെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചത്.

ഇതിനെ തുടര്‍ന്ന്, മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ തങ്ങളുടെ വ്യാഖ്യാനപ്രകാരമുള്ള ഫാസിസ്റ്റ് സ്വഭാവത്തോടുകൂടിയ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയെന്ന പൈശാചികമായ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ആര്‍എസ്എസ് ഒരു രാഷ്ട്രീയ ഹസ്തത്തെ തേടുകയായിരുന്നു. നെഹ്റു മന്ത്രിസഭയില്‍നിന്നും ശ്യാമപ്രസാദ് മുഖര്‍ജി (സന്ദര്‍ഭവശാല്‍ ഇദ്ദേഹവും വിഭജന പ്രമേയത്തെ അനുകൂലിച്ചിരുന്നു) രാജിവെയ്ക്കുകയും ഒരു രാഷ്ട്രീയപാര്‍ടിക്ക് രൂപം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തതോടെ ഇവര്‍ക്ക് ആദ്യമായി ഒരവസരം ലഭിച്ചു. അദ്ദേഹത്തെ സഹായിക്കുന്നതിനായി, ഗോള്‍വാള്‍ക്കര്‍ ചില പ്രചാരകരെ അയച്ചു. ദീന്‍ദയാല്‍ ഉപാധ്യായ, അദല്‍ ബിഹാരി വാജ്പേയി, എല്‍ കെ അദ്വാനി, എസ് എസ് ഭണ്ഡാരി എന്നിവര്‍ അവരില്‍ പ്രമുഖരായിരുന്നു. അങ്ങനെയായിരുന്നു 1951ല്‍ ജനസംഘം രൂപീകരിക്കപ്പെട്ടത്. ഇന്നത്തെ ബിജെപിയുടെ ആദ്യ അവതാരമായിരുന്നു ജനസംഘം.

തങ്ങളുടെ ഇപ്പോഴത്തെ അസ്തിത്വ പ്രതിസന്ധിയില്‍നിന്നും സംഘടനാപരമായ വഴക്കുകളില്‍ നിന്നും ബിജെപി എങ്ങനെ പുറത്തുകടക്കുമെന്നത് അവരുടെ പ്രശ്നം. ഏതു രാഷ്ട്രീയപാര്‍ടിക്കും തങ്ങളുടേതായ ചട്ടങ്ങളും ധാര്‍മ്മിക മാനദണ്ഡങ്ങളും ഉണ്ടാകും. അച്ചടക്കം ഉള്‍പ്പെടെയുള്ള ആഭ്യന്തര കാര്യങ്ങള്‍ക്ക് അവ തീര്‍പ്പുകല്‍പ്പിക്കുന്നത് അതനുസരിച്ചായിരിക്കും. എന്നാല്‍, ബിജെപിക്കുമേല്‍ ആര്‍എസ്എസിന്റെ നിയന്ത്രണം മുറുകുന്നതും അവര്‍ കടുത്ത ഹിന്ദുത്വ അജണ്ട പിന്തുടരുന്നതും ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യസത്തയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. അതിനെ ശക്തമായി നേരിടേണ്ടതും പരാജയപ്പെടുത്തേണ്ടതും ആവശ്യമായിരിക്കുന്നു.

*
സീതാറാം യെച്ചൂരി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ജിന്ന, ഇന്ത്യ-വിഭജനവും സ്വാതന്ത്ര്യവും'' എന്ന ജസ്വന്ത് സിങ്ങിന്റെ 669 പേജുള്ള പുസ്തകത്തിന് ആര്‍എസ്എസും ബിജെപിയും കൂടി വമ്പിച്ച വില്‍പന ഉറപ്പാക്കിയിരിക്കുകയാണ്. ഈ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുള്ള മൂന്ന് വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച അര്‍ഹിക്കുന്നു -ദ്വിരാഷ്ട്ര സിദ്ധാന്തം, സര്‍ദാര്‍ പട്ടേലിന്റെ പങ്ക്, ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷത്തിനുള്ള പരിഹാരം വിഭജനമായിരുന്നുവെന്നാണ് കരുതിയതെങ്കില്‍, ആറു പതിറ്റാണ്ടുകള്‍ക്കുശേഷം ഇന്നും വര്‍ഗീയത കൊടിയ ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തുടരുന്നത് എന്തുകൊണ്ട്?