Sunday, October 11, 2009

സംവാദത്തിന്റെ സൌന്ദര്യം

ധാരാളം കേള്‍വിക്കാരുള്ള പ്രഭാഷകന്‍, ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന സാംസ്കാരിക പ്രവര്‍ത്തകന്‍, വിദ്യാര്‍ഥികളെ ഏറെ സ്വാധീനിച്ചിട്ടുള്ള അധ്യാപകന്‍, എഴുത്തുകാരന്‍, ധിഷണാശാലി എന്നീ നിലകളിലെല്ലാം കെഇഎന്നിനെ മലയാളികള്‍ക്കറിയാം. കാല്‍നൂറ്റാണ്ട്മുമ്പ് അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായി തുടങ്ങിയ ബന്ധം കൂടുതല്‍ ദൃഢമായി ഇപ്പോഴും സൂക്ഷിക്കുന്ന ഒരാള്‍ എന്ന നിലക്കാണ് ഈ അഭിമുഖത്തിന് തുനിഞ്ഞത്. ജീവിതത്തില്‍ ചില ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. എന്റെ പരിമിതമായ ലോകപരിചയത്തിനിടയില്‍ ഞാന്‍ കണ്ടുമുട്ടിയ അത്തരം അപൂര്‍വ വ്യക്തിത്വത്തിനുടമയാണ് കെ ഇ എന്‍. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോട്, നിലപാടുകളോട് നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ അതിന്റെ സത്യസന്ധതയെ ചോദ്യംചെയ്യാന്‍ ആര്‍ക്കും കഴിയില്ല.

വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ഒരു കൂരക്ക് കീഴില്‍ അന്തിയുറങ്ങാമെന്ന് കെ ഇ എന്‍ സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചിട്ടുണ്ട്. എല്ലാവരോടും തികഞ്ഞ സ്നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്ന കെഇഎന്നും ഭാര്യ സബിതയും മകന്‍ മെനിനോ ഫ്രൂട്ടോയും പക്ഷേ തീര്‍ത്തും മതേതരമായ ഒരു ഭൌതിക ജീവിതമാണ് നയിക്കുന്നത്. ഒരുപക്ഷേ നാം സങ്കല്‍പ്പിക്കുന്ന മതേതര ഇന്ത്യയുടെ ഒരു കൊച്ചുമാതൃക.

ഗുജറാത്തില്‍ സംഭവിക്കുന്നത്, തീപിടിച്ച ആത്മാവുകള്‍ക്കൊരാമുഖം, പ്രണയം കവിത സംസ്കാരം, ഫാസിസത്തിന്റെ അദൃശ്യലോകം, കറുപ്പിന്റെ സൌന്ദര്യശാസ്ത്രം, ശ്മശാനങ്ങള്‍ക്ക് സ്മാരകങ്ങളോട് പറയാനാവാത്തത്, ഇരകളുടെ മാനിഫെസ്റ്റോ, കെഇഎന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കുത്തുബ്ദീന്‍ അന്‍സാരി ചിരിക്കുന്നു തുടങ്ങിയ കൃതികളിലൂടെ കെ ഇ എന്‍ സമൂഹത്തോട് സംവദിക്കാന്‍ ശ്രമിച്ചതും മതേതരവും ജനാധിപത്യപരവുമായ ഒരു സാമൂഹിക - ജീവിതക്രമത്തിന്റെ അനിവാര്യതയെക്കുറിച്ചല്ല. കേവലം പാണ്ഡിത്യത്തിന്റെ എഴുന്നള്ളിപ്പുകളോ, അക്കാദമിക് ബുദ്ധിജീവിതത്തിന്റെ കാല്‍പനീകമായ ഉത്കണ്ഠകളോ അല്ല, പ്രയോഗത്തിലേക്ക് വികസിക്കേണ്ട സമൂര്‍ത്തമായ ആശയങ്ങളുടെ ആവിഷ്കാരങ്ങളാണ് കെ ഇ എന്റെ രചനകള്‍ തുറന്നുവെക്കുന്നത്.

ഈയടുത്ത കാലത്ത് കെഇഎന്‍ മാധ്യമങ്ങളില്‍ ഒരു വിവാദപുരുഷനായാണ് അവതരിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് പരസ്യമായി ഏറ്റുമുട്ടിയ എല്ലാവരേയും ഈ ഘട്ടത്തില്‍ ഞാന്‍ അഭിവാദ്യം ചെയ്യട്ടെ. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ വികസിച്ചുവരുന്ന ഒരു പ്രചാരണായുധമുണ്ട്. അത് മറ്റൊന്നുമല്ല 'പരദൂഷണം' തന്നെ. അതിശക്തമായ ഒരു രാഷ്ട്രീയാധമായി ഈ 'പിറുപിറുപ്പ് മാധ്യമം' കേരളത്തില്‍ മാറിയിട്ടുണ്ട്. ഒരുപക്ഷേ കെഇഎന്നിനെതിരെ ഏറ്റവുമധികം പ്രയോഗിക്കപ്പെട്ട ആയുധവും ഇതു തന്നെ. അദ്ദേഹം തീവ്രവാദിയാണ്, ഭാര്യയെയും മകനെയും ഇസ്ളാമിലേക്ക് മതപരിവര്‍ത്തനം നടത്തി, എന്‍ഡിഎഫില്‍ നിന്ന് പണംപറ്റുന്നു, തുടങ്ങി എന്തെല്ലാം ആരോപണങ്ങളാണ് ചെവിയോട് ചെവി പകര്‍ന്ന് പരക്കുന്നത്! ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക്, സംശയങ്ങളുള്ളവര്‍ക്ക് അവര്‍ സത്യസന്ധരാണെങ്കില്‍, കോഴിക്കോട് കാരപ്പറമ്പിനടുത്ത് കരുവശ്ശേരി ബാങ്കിന് സമീപമുള്ള 'കൂട്' എന്ന വാടകവീട്ടില്‍ വരാം. മതേതര കേരളത്തെക്കുറിച്ച് അദ്ദേഹം പുലര്‍ത്തുന്ന സ്വപ്നങ്ങള്‍ എല്ലാ സങ്കുചിതത്വങ്ങളെയും വെല്ലുവിളിക്കുന്നതാണെന്ന് അപ്പോള്‍ ബോധ്യപ്പെടും. കാലത്തിന് വഴികാട്ടിയാകുന്ന ചിന്തകളുടെ ചിറകടിക്ക് കാതോര്‍ക്കാന്‍ തീര്‍ച്ചയായും നമുക്കപ്പോള്‍ കഴിയും. പതിനെട്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള അഭിമുഖത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

ഈ അഭിമുഖം തയ്യാറാക്കുന്നതില്‍ പലതരത്തില്‍ പങ്കാളികളായ ജംഷി, മിര്‍സാഗാലിബ്, ഷൈജു, സോണിയ എന്നിവരോടുള്ള സ്നേഹംകൂടി രേഖപ്പെടുത്തട്ടെ.

?അഭിമുഖം ആരംഭിക്കുന്നതിനു മുമ്പ്, അഭിമുഖത്തെക്കുറിച്ചുതന്നെ ചോദിക്കട്ടെ. അടുത്തകാലത്തായി നമ്മുടെ മാധ്യമങ്ങളില്‍ 'അഭിമുഖവ്യവസായം' കൊഴുക്കുന്നതായി തോന്നിയിട്ടില്ലേ. ഇതിനെന്തെങ്കിലും വിശദീകരണം നല്‍കാന്‍ കഴിയുമോ

അഭിമുഖങ്ങള്‍ ഒരര്‍ഥത്തില്‍ അപഗ്രഥനവും മറ്റൊരുതരത്തില്‍ ആഘോഷവുമാണ്. ആഘോഷമാവുന്നു എന്നത് സൂക്ഷ്മാര്‍ഥത്തില്‍ ഒരു തെറ്റല്ല. എന്നാല്‍ ആഘോഷത്തില്‍ പങ്കെടുക്കുന്ന വ്യക്തിക്കും ആ വ്യക്തി അടങ്ങുന്ന സമൂഹത്തിനും ആവേശം നല്‍കുന്ന ഒന്നും ആഘോഷത്തിന്റെ ഭാഗമായില്ലെങ്കില്‍, അത് സാംസ്കാരികമായ ഒരു ആഡംബരം മാത്രമാണ്. കാരണം അത്തരം ആഘോഷങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഊര്‍ജവും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ഇത് വ്യക്തി അനുഭവിക്കുന്ന ആന്തരിക പാപ്പരത്തത്തെ വ്യാജമായി പരിഹരിക്കുകമാത്രമാണ് ചെയ്യുന്നത്. പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള ഒരു പിന്മടക്കം മാത്രമാണിത്. എന്നാല്‍, നിലനില്‍ക്കുന്ന സാമാന്യബോധത്തില്‍നിന്നും സാമാന്യ അവസ്ഥയില്‍നിന്നും വ്യത്യസ്തമായി സമൂഹത്തില്‍ വളരുന്ന ആരോഗ്യകരമായ പ്രവണതകളെ വല്ലവിധത്തിലും പിന്തുണയ്ക്കുന്നതാണ് തന്റെ ജീവിതവും എന്ന് തിരിച്ചറിയുന്ന ഘട്ടത്തില്‍ അത് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ഒരാഘോഷമായിത്തീരും. ആ അര്‍ഥത്തില്‍ ആഘോഷം ചരിത്രത്തെ ആവേശകരമായി അഭിസംബോധന ചെയ്യാനുള്ള ഒരവസരമായി വികസിക്കാം. അതുകൊണ്ട് അഭിമുഖങ്ങള്‍ അരാഷ്ട്രീയമായിത്തീരുന്നത്, ഒരു തരത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനത്തിനും സംഭാവന നല്‍കാന്‍ കഴിയാത്തവിധം അത് ഒരു വ്യക്തിയുടെതന്നെ സ്വകാര്യതയില്‍ സ്തംഭിച്ചുപോവുമ്പോഴാണ്. വ്യക്തിക്കും സമൂഹത്തിനുമിടയില്‍ ഒരു പാലമായിത്തീരാന്‍ കഴിയാത്ത അഭിമുഖങ്ങള്‍, സ്വകാര്യ ജീവിതത്തിന്റെ പരസ്യം മാത്രമായി അധഃപതിക്കും. നിലനില്‍ക്കുന്ന സാമൂഹ്യാവസ്ഥയില്‍നിന്ന് പുറത്തുകടക്കുന്നതിനായി ഒരു വ്യക്തി നടത്തിയ പിടച്ചിലുകള്‍ പുറത്തുകൊണ്ടുവരുന്ന അഭിമുഖങ്ങള്‍, സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു പ്രതീക്ഷയോ, പരിക്കോ അതേവിധം എന്തെങ്കിലുമൊക്കെയോ ആയിരിക്കും. കേവലം സ്വകാര്യജീവിതത്തിനപ്പുറത്തേക്ക് അത് ചിലതൊക്കെ വിനിമയം ചെയ്യുന്നുണ്ട്.

? വ്യക്തിപരമായ കാര്യങ്ങളൊന്നും അഭിമുഖത്തില്‍ കടന്നുവരരുത് എന്നാണോ ഉദ്ദേശ്യിക്കുന്നത്.

അങ്ങനെയല്ല. അഭിമുഖത്തിന് വിധേയനാവുന്നയാളും അഭിമുഖം നടത്തുന്നയാളും വ്യക്തിപരമോ സാമൂഹികമോ ആയ ഒരു പ്രസക്തിയുമില്ലാത്ത കാര്യങ്ങളില്‍നിന്ന് തുടങ്ങി, അതില്‍ത്തന്നെ അവസാനിക്കുമ്പോഴാണ് അത് അരാഷ്ട്രീയമായിത്തീരുന്നു എന്ന് പറഞ്ഞത്. തീര്‍ത്തും വൈയക്തികമായ ഒരാളുടെ ജൈവപ്രവര്‍ത്തനങ്ങളെ-എല്ലാ ജൈവപ്രവര്‍ത്തനങ്ങള്‍ക്കും ഒരുതരത്തില്‍ രാഷ്ട്രീയമുണ്ട്-മുന്‍നിര്‍ത്തിയുള്ളതും യാതൊരുവിധ സാമൂഹിക വിശകലനങ്ങള്‍ക്കും പിന്‍ബലമാകാത്തതുമായ അഭിമുഖങ്ങള്‍ തീര്‍ത്തും അപ്രസക്തമാണ്. ഉദാഹരണമായി അഭിമുഖത്തിന് വിധേയനാകുന്നയാള്‍ ഒരു പുരുഷനാണെങ്കില്‍, അയാളുടെ ലൈംഗികതയെ മുന്‍നിര്‍ത്തിയുള്ള ചില കേവലവിവരങ്ങള്‍ ചിലപ്പോള്‍ പ്രത്യക്ഷത്തില്‍ വായനക്ക് ആവേശം നല്‍കിയേക്കാം. എന്നാല്‍, ലൈംഗികതയുള്‍പ്പെടെയുള്ള തന്റെ വ്യക്തിജീവിത വ്യവഹാരങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ ഒരാള്‍ നടത്തിയ ശ്രമങ്ങള്‍ പ്രത്യക്ഷത്തില്‍ അത്ര ആവേശകരമാകണമെന്നില്ല. ചുരുക്കത്തില്‍, പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരു പ്രയാസവുമുണ്ടാക്കാത്ത, ഒരുത്തരവാദിത്തവും അവരില്‍നിന്നാവശ്യപ്പെടാത്ത വെറുതെ അലസമായി കേട്ട് ആസ്വദിക്കാന്‍ കഴിയുന്നവിധത്തില്‍, ഇനി കേട്ടില്ലെങ്കിലും ഒരപകടവുമില്ലാത്തവിധത്തിലുള്ള ചില വിവരങ്ങളും വിവരണങ്ങളും അഭ്യൂഹങ്ങളും ചില ആഗ്രഹപ്രകടനങ്ങളും പിന്നെ തങ്ങളുടെതന്നെ വ്യക്തിതാല്‍പ്പര്യങ്ങളെ വെള്ളപൂശാനുള്ള മോഹചിന്തകളും എല്ലാം കൂടിച്ചേര്‍ന്ന ഒരു അഭിമുഖവ്യവസായം സത്യത്തില്‍ ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നുണ്ട്.

? 'അഭിമുഖവ്യവസായ'ത്തെ മാധ്യമവ്യവസായത്തിന്റെ ഭാഗമായിത്തന്നെയല്ലേ കാണേണ്ടത്.

അഭിമുഖവ്യവസായത്തെ കേവലമായി മാധ്യമവ്യവസായവുമായി ബന്ധപ്പെടുത്തി കാണേണ്ട കാര്യമല്ല. മാധ്യമങ്ങളെ ശരി/തെറ്റ് എന്നിങ്ങനെ കേവലമായി വേര്‍തിരിക്കാനാവില്ല. മാധ്യമത്തെ ചരിത്രവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ.

? മാധ്യമങ്ങളെ ചരിത്രവല്‍ക്കരിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.

മനുഷ്യന്റെ പരിണാമപ്രക്രിയയില്‍ത്തന്നെയാണ് നാം മാധ്യമങ്ങളുടെ ചരിത്രവും പരിശോധിക്കേണ്ടത്. ഭാഷ രൂപപ്പെടുന്നതിനും അച്ചടി മുതലായ സാങ്കേതികവിദ്യകള്‍ ആവിര്‍ഭവിക്കുന്നതിനും മുമ്പുതന്നെ മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളുടെ അഭാവത്തില്‍ മനുഷ്യന്റെ അസ്തിത്വംതന്നെ അസാധ്യമാണ്. ആ അര്‍ഥത്തില്‍ മാധ്യമങ്ങള്‍ മനുഷ്യജീവിതത്തിന്റെ ന്യൂക്ളിയസ്സാണ്. മനുഷ്യജീവിതത്തെത്തന്നെ സാധ്യമാക്കിയതില്‍ മാധ്യമങ്ങള്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ആധുനികമായ അര്‍ഥത്തില്‍ വ്യക്തി രൂപംകൊണ്ടു കഴിഞ്ഞിട്ടില്ലാത്ത പ്രാചീന സമൂഹത്തില്‍പ്പോലും ഒരാള്‍ക്ക് അയാളില്‍ത്തന്നെ ഒതുങ്ങിപ്പോവാന്‍ കഴിയുമായിരുന്നില്ല. സ്വന്തം അകത്ത് അവസാനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മനുഷ്യന്റെ രൂപീകരണം തന്നെ അസാധ്യമാകുമായിരുന്നു. തന്റെതന്നെ ഉള്ളില്‍നിന്ന് പുറത്തുകടക്കാന്‍ ഒരു മനുഷ്യന്‍ നടത്തിയ ആദ്യത്തെ പിടച്ചില്‍, അതാണ് ആദ്യത്തെ മാധ്യമം. ഒരുപക്ഷേ അത് തിരിച്ചറിയപ്പെടാത്ത ഒന്നാണെന്നുമാത്രം. അസാധാരണമായ ഒരനുഭവത്തോട് ഒരു പ്രാചീന മനുഷ്യന്‍ നടത്തിയ ശരീരത്തിന്റെ പ്രതികരണം-ഒരു വലിയ ശബ്ദം, ഒരു തുള്ളിച്ചാട്ടം ഇതെല്ലാം മാധ്യമമാണ്. ഒരു തുള്ളലില്‍, പുറത്തേക്കുള്ള ഒരു തെറിക്കലുണ്ട്. പുറത്തേക്കുള്ള ഈ തെറിക്കലില്‍ ഒരു സന്ദേശമുണ്ട്. ഇത് ഒരാളുടെ ആത്മസംതൃപ്തിയിലല്ല, കൂട്ടായ്മയുടെ സൃഷ്ടിയിലാണ് അവസാനിക്കുന്നത്. അപ്രതീക്ഷിതമായി തന്നെ വിഴുങ്ങാന്‍ വന്ന ഒരു മൃഗത്തിന് മുന്നില്‍ പെട്ടുപോകുന്ന മനുഷ്യന്‍ രക്ഷപ്പെടാന്‍വേണ്ടി ഉല്‍പ്പാദിപ്പിക്കുന്ന ചില ശബ്ദങ്ങള്‍, നിലവിളി, കൂവിവിളി എന്നിവയെല്ലാം ഒരുതരത്തില്‍ മാധ്യമങ്ങളുടെ ഒരു ചുരുക്കെഴുത്താണ്. ആദ്യഘട്ടത്തില്‍ തന്റെ ശരീരത്തെ മാധ്യമമാക്കിയ മനുഷ്യന്‍ രണ്ടാംഘട്ടത്തില്‍ താനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയാണ് മാധ്യമമാക്കിയത്. അങ്ങനെയാണ് ഒരു കമ്പ്, ഒരു കല്ല്, കൂട്ടിയിട്ട തീക്കുണ്ഡങ്ങള്‍ എന്നിവയെല്ലാം മാധ്യമങ്ങളായത്. ചില സമൂഹങ്ങളില്‍ പ്രകൃതി തന്നെ ഒരു മാധ്യമമായി പരിണമിക്കും. ഉദാഹരണമായി ചില ആസ്ത്രേലിയന്‍ ആദിവാസിസമൂഹങ്ങളെക്കുറിച്ചുള്ള ഗോര്‍ഡന്‍ ചൈല്‍ഡിന്റെ പഠനങ്ങളില്‍, ഒരു പ്രത്യേക ചെടിയുടെ കമ്പ് ഒടിഞ്ഞുകിടക്കുന്നത് കണ്ടാല്‍, അവര്‍ തുള്ളിച്ചാടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. കാരണം ഈ ചെടിയുടെ കമ്പ്, അവരെ സംബന്ധിച്ചിടത്തോളം മാധ്യമമാണ്. ഇതുവഴി ഒരു മൃഗം കടന്നുപോയിട്ടുണ്ടെന്നും അതിനെ വേട്ടയാടിപ്പിടിക്കാന്‍ കഴിയുമെന്നും അതിനുള്ള ഒരു വഴിയാണ് ഈ ഒടിഞ്ഞുകിടക്കുന്ന കമ്പെന്നുമുള്ള സൂചനകള്‍ വായിച്ചെടുക്കാന്‍ ഈ സമൂഹത്തിന് കഴിയുന്നു. അതേസമയം ഈ കാഴ്ച ആസ്ത്രേലിയന്‍ ആദിവാസിയല്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ആ അര്‍ഥം വിനിമയം ചെയ്യുന്നില്ല. അവര്‍ക്ക് അത് ഒടിഞ്ഞുകിടക്കുന്ന ഒരു കമ്പ് എന്ന ഒറ്റ അര്‍ഥമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളു. ആധുനികസമൂഹത്തിലെ ഒരു പ്രകൃതിസ്നേഹിയാണെങ്കില്‍, ആ കമ്പിന്റെ പതനത്തില്‍ അയാള്‍ സങ്കടപ്പെടുമായിരിക്കാം. ഇയാള്‍ ഇങ്ങനെ സങ്കടപ്പെടുമ്പോള്‍, ആ പ്രദേശത്തുള്ള ഒരുകൂട്ടം മനുഷ്യര്‍ അതില്‍ ആഹ്ളാദിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിലെ ജീവജാലങ്ങളുടെ ശബ്ദം നിരീക്ഷിച്ച്, വരാനിരിക്കുന്നതോ കഴിഞ്ഞുപോയതോ ആയ അപകടത്തെക്കുറിച്ചുള്ള സൂചനകള്‍ വായിച്ചെടുക്കാനും പ്രാചീന സമൂഹങ്ങള്‍ക്ക് കഴിയുമായിരുന്നു. ഇത്തരം ചില സന്ദേശങ്ങളാണ്, ചില അഭ്യൂഹത്തിന്റെ തലത്തില്‍ വരെ, പക്ഷിശാസ്ത്രം, ഗൌളിശാസ്ത്രം എന്നൊക്കെയായി മാറിയത്. ചുരുക്കത്തില്‍ സ്വന്തം ശരീരം മാധ്യമമാവുന്നതുപോലെ പ്രകൃതിയും മാധ്യമമായി പരിണമിക്കപ്പെടാം.

മനുഷ്യന്‍ തന്നോടുതന്നെ സ്ഥാപിക്കുന്ന നിരവധി തരത്തിലുള്ള ബന്ധങ്ങളും മാധ്യമമായി മാറും. ഒരു മനുഷ്യന്‍ തന്നോടും തന്നിലെത്തന്നെ വ്യത്യസ്ത തലങ്ങളോടും മറ്റ് മനുഷ്യരോടും പ്രകൃതിയോടുമൊക്കെ നടത്തുന്ന ശബ്ദായമാനമോ നിശ്ശബ്ദമോ ആയ സംഭാഷണങ്ങളുടെയും സംവാദങ്ങളുടെയും ഒരു സംഗ്രഹം എന്ന അര്‍ഥത്തില്‍, അനൌപചാരിക മാധ്യമശൃംഖലകളെ നമുക്ക് സങ്കല്‍പ്പിക്കാവുന്നതാണ്. ചുരുക്കത്തില്‍ അനന്തമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന വിനിമയ ശൃംഖലകളുടെ അനുദിനം വികസിക്കുന്ന ഒരു തുടര്‍ച്ചക്കാണ് നാം സൌകര്യപൂര്‍വ്വം മാധ്യമം എന്ന പേര് നല്‍കുന്നത്.

മാധ്യമം: ഔപചാരികവും അനൌപചാരികവും

?മനുഷ്യര്‍ തമ്മിലുള്ള ഊഷ്മളബന്ധം സൃഷ്ടിക്കുന്ന ഒരു മാധ്യമം എന്ന നിലയില്‍ വാമൊഴി എന്ന ഭാഷാരൂപത്തിന് വലിയ പങ്കില്ലേ.

മാധ്യമങ്ങളെക്കുറിച്ചുള്ള മാക്ബ്രേഡ് കമീഷന്‍ റിപ്പോര്‍ടില്‍ സൂചിപ്പിക്കുന്ന ഒരു പ്രശ്നമുണ്ട്. അതില്‍ പറയുന്ന ഒരു കാര്യം: ശാസ്ത്രസാങ്കേതികവിദ്യയുടെ വളരെ വികസിച്ച ഒരു ഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അതുപോലെതന്നെ ബഹുജന മാധ്യമങ്ങളുടെ മണ്ഡലത്തിലും നാമിന്ന് മുന്നേറിയിരിക്കുന്നു. പത്രം, റേഡിയോ, ഇന്റര്‍നെറ്റ് എന്നിങ്ങനെ വളരെ മുന്നേറിയിരിക്കുന്നു. പക്ഷേ അങ്ങനെയാണെങ്കിലും സംഭാഷണം എന്ന മാധ്യമത്തിന്റെ ശക്തി അപാരമാണെന്ന് മാക്ബ്രേഡ് റിപ്പോര്‍ട് തിരിച്ചറിയുന്നുണ്ട്. അതിനുള്ള കാരണം സംഭാഷണം എന്നത് അസംഖ്യം സമ്പര്‍ക്ക ശൃഖലകളുടെ ജീവരക്തംകൊണ്ട് സജീവമാണ് എന്നതാണ്. പ്രാചീന മനുഷ്യരുടെ ഇടയിലുള്ള സമസ്ത ഇടപെടലുകളും അനൌപചാരിക മാധ്യമങ്ങളാണ്. ഈ അനൌപചാരിക മാധ്യമ പശ്ചാത്തലത്തെ ഔപചാരിക മാധ്യമങ്ങള്‍ ഏത്വിധത്തില്‍ സംബോധന ചെയ്യുന്നു എന്നുള്ളതാണ് മാധ്യമ രാഷ്ട്രീയത്തിലെ പ്രശ്നം. അനൌപചാരികം എന്ന് നാം വിളിച്ച മാധ്യമങ്ങളുടെ ആകത്തുക അതിജീവനമാണ്.

അനൌപചാരികമായ മാധ്യമങ്ങളെ പിന്തുടര്‍ന്നുകൊണ്ടാണ് ഭാഷ രൂപപ്പെട്ടത്. എന്നാല്‍, പറച്ചിലും എഴുത്തും രൂപപ്പെട്ടുവന്നതിനുശേഷവും ആദിമമായ മാധ്യമപരിസരത്തുനിന്ന് പൂര്‍ണമായുംവിട്ടുപോരാന്‍ മനുഷ്യന് സാധിക്കാതെവന്നു. ഉദാഹരണത്തിന് ആംഗ്യം. ഒരു ഘട്ടത്തില്‍ ആംഗ്യഭാഷയായിരുന്നിരിക്കണം ആശയവിനിമയത്തില്‍ പ്രാഥമികത്വം പുലര്‍ത്തിയിരുന്നത്. എന്നാല്‍, പില്‍ക്കാലത്ത് അതൊരു അനുബന്ധ ദൌത്യം നിര്‍വഹിക്കുന്ന ഒന്നായി ചുരുങ്ങി. ഇനി ആംഗ്യത്തിന് ഭാഷയുടെ അനുബന്ധം എന്ന നിലക്കേ വികസിക്കാനാവൂ.

ഔപചാരികവും അനൌപചാരികവുമായ മാധ്യമങ്ങളുടെ പരിസരങ്ങള്‍ വ്യത്യസ്തമാണ്. അനൌപചാരിക മാധ്യമത്തിന്റെ പരിസരം ഒരു വര്‍ഗരഹിത സമൂഹമായിരുന്നു. ഔപചാരിക മാധ്യമമാവുമ്പോഴേക്കും അത് വര്‍ഗവിഭജിത സമൂഹമായിമാറുന്നു. അങ്ങനെ വരുമ്പോള്‍ വര്‍ഗരഹിതസമൂഹവും വര്‍ഗവിഭജിത സമൂഹവും തമ്മിലുള്ള വൈരുധ്യത്തിലൂടെയല്ലാതെ പിന്നീട് മാധ്യമങ്ങള്‍ക്ക് കടന്നുപോവാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും ഒരു മാധ്യമമുതലാളിയുടെയോ ഒരു മാധ്യമ സ്ഥാപനത്തിന്റെയോ സ്വകാര്യപ്രത്യയശാസ്ത്രം എന്ന നിലയിലല്ല മറിച്ച് ഔപചാരിക മാധ്യമങ്ങളെ സാധ്യമാക്കിയ പൊതുമാധ്യമപരിസരത്തിന്റെ പ്രകാശനം എന്ന അര്‍ഥത്തിലാണ് മാധ്യമങ്ങളുടെ രാഷ്ട്രീയം രൂപപ്പെടുന്നത്. മാധ്യമങ്ങളുടെ രാഷ്ട്രീയം അറിവിലും അനുഭവത്തിലും അനുഭൂതിയിലും സവിശേഷമായി ഇടപെടുന്നുണ്ട്.

വര്‍ഗരഹിതസമൂഹത്തില്‍ എല്ലാ മനുഷ്യരുടെയും അതിജീവനമായിരുന്നു മാധ്യമങ്ങളുടെ അജന്‍ഡയെങ്കില്‍, വര്‍ഗവിഭജിതസമൂഹത്തില്‍ അതിജീവനത്തിന് പുതിയ അര്‍ഥങ്ങള്‍ രൂപപ്പെട്ടുവരും. ഓരോ വര്‍ഗത്തിന്റെയും അതിജീവനം എത്രമാത്രം തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഇവിടെയാണ് കടന്നുവരുന്നത്. ഉടമക്ക് ആവശ്യമുള്ളതുകൊണ്ടുമാത്രമാണ്, അടിമ- ഉടമ സമൂഹത്തില്‍ അടിമയുടെ അതിജീവനം സാധ്യമാകുന്നത്. അങ്ങനെവരുമ്പോള്‍ അടിമയുടെ അതിജീവനത്തിന്റെ അജന്‍ഡ തീരുമാനിക്കുന്നത് ഉടമയാണെന്ന് വരുന്നു. അതുകൊണ്ടാണ് അടിമ- ഉടമ ഘട്ടത്തില്‍ രൂപപ്പെട്ട ആശയവിനിമയത്തില്‍ അടിമക്ക് മേല്‍വിലാസമില്ലാത്തത്. അവിടെ അടിമയെ മനുഷ്യനായി പരിഗണിച്ചിട്ടില്ല. പ്ളാറ്റോമുതലുള്ള തത്ത്വചിന്തകന്മാര്‍, അവര്‍ ക്രൂരന്മാരോ ഭീകരരോ ആയിരുന്നില്ല. "അങ്ങ് ഈ പറയുന്ന സ്വാതന്ത്ര്യം അടിമകള്‍ക്ക് ബാധകമാണോ'' എന്ന് ചോദിച്ചപ്പോള്‍ "ഞാന്‍ മനുഷ്യരെക്കുറിച്ചാണ് സംസാരിക്കുന്നത്'' അടിമകളെക്കുറിച്ചല്ല എന്ന് പ്ളാറ്റോ പറയുകയുണ്ടായി.

തത്ത്വചിന്ത എന്നത് തിളങ്ങുന്ന മാനവികതയുടെ താഴികക്കുടമാണ് എന്നൊക്കെ പറയുന്നത്, കേവലം അലങ്കാരം മാത്രമാണ്. ഓരോ ചരിത്രഘട്ടത്തിന്റെയും അടയാളം, മുദ്ര അതില്‍ പതിഞ്ഞിരിക്കും. ഏതുകാലത്തെ തത്വചിന്തയിലും സാഹിത്യത്തിലും കലയിലുമൊക്കെ ഈ പ്രശ്നമുണ്ട്.
അസ്തിത്വത്തിന്റെ അനിവാര്യതയില്‍നിന്ന് മര്‍ദനത്തിനുള്ള ആയുധമായി കലയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വര്‍ഗവിഭജിത സമൂഹത്തില്‍ മാറുന്നു. അതേസമയം കേവല മര്‍ദനോപാധി എന്ന നിലക്ക് ഒരുകാലത്തും ഒരു മാധ്യമത്തിനും പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് മര്‍ദകമായ ഒരു ദൌത്യം നിര്‍വഹിക്കുമ്പോള്‍ത്തന്നെ, മര്‍ദകേതരമായ മറ്റ് നിരവധി ദൌത്യങ്ങളും അത് നിര്‍വഹിക്കുന്നുണ്ടാവും. മര്‍ദകേതരമായ അതിന്റെ നിരവധി ദൌത്യങ്ങളുടെ നടുവില്‍ വച്ചാണ് അതിന്റെ മര്‍ദകമുഖം അത് മറച്ചുവയ്ക്കുന്നത്.

വര്‍ഗവിഭജിത സമൂഹത്തിന്റെ മൂന്നാംഘട്ടത്തില്‍ - അതായത് ആധുനിക മുതലാളിത്തത്തിന്റെ ഘട്ടത്തില്‍ വൈരുധ്യങ്ങള്‍ വളരെ തീക്ഷ്ണമാവുകയും തീവ്രമാവുകയും ചെയ്യുന്ന ഒരു പശ്ചാത്തലം രൂപപ്പെട്ടുവരുന്നുണ്ട്. അടിമ- ഉടമ ഘട്ടത്തിലോ നാടുവാഴിസമൂഹത്തിലോ വ്യക്തി രൂപപ്പെട്ടിട്ടില്ല. ആധുനിക മുതലാളിത്തത്തോട് കൂടിയാണ് വ്യക്തിരൂപപ്പെടുന്നത്. കാരണം, വ്യക്തി രൂപപ്പെടാനാവശ്യമായ മിച്ചസമയവും അതുപോലെ അറിവിന്റെ മണ്ഡലത്തിലുള്ള കുതിപ്പുമൊക്കെ ഉണ്ടായിത്തീരുന്നത് മുതലാളിത്ത സമൂഹത്തിലാണ്. അതിന് മുമ്പ് ഒരു തരത്തില്‍ വട്ടം ചുറ്റുന്ന സമൂഹമാണുണ്ടായിരുന്നത്. വട്ടംചുറ്റുക എന്നത് നമ്മുടെ ആരാധനാസമ്പ്രദായത്തിന്റെ ഒരു വാര്‍പ്പുമാതൃകയാണ്. പ്രദക്ഷിണം വയ്ക്കുക, വട്ടംചുറ്റുക എന്നൊക്കെയുള്ളത്, ലോകത്തെ എല്ലാ മതങ്ങളിലും ഒരു ആരാധനാസമ്പ്രദായമായി വികസിച്ചിട്ടുണ്ട്. വ്യവസ്ഥയില്‍ നിന്ന് പുറത്തുപോവുക എന്നത്, നിലനില്‍ക്കുന്ന വ്യവസ്ഥയില്‍നിന്ന് കൂടുതല്‍ വിസ്തൃതമായ ഒന്നിലേക്ക് കടക്കുക എന്നത്, മുതലാളിത്തത്തിലാണ് സംഭവിക്കുന്നത്. ഇതിനെയാണ് നാം സാമാന്യമായ പുരോഗതി എന്ന് പറയുന്നത്. പുരോഗതി എന്ന ആശയം ശക്തിപ്പെട്ട ഘട്ടത്തിലാണ് മാധ്യമങ്ങളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍, സംവാദങ്ങള്‍, അന്വേഷണങ്ങള്‍ എന്നിവ തീവ്രവും തീക്ഷ്ണവുമായിത്തീരുന്നത്. അതിന്മുമ്പ് ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ അഥവാ അധികാരത്തിന്റെ ഭാഗം മാത്രമായിട്ടാണ് മാധ്യമങ്ങള്‍ നിന്നിരുന്നത്. അന്ന് പുറത്ത്കേട്ടിരുന്ന ശബ്ദം രാജാവിന്റേത് മാത്രമായിരുന്നു. എന്നാല്‍, തനിക്കുള്ളിലും ഒരു ശബ്ദമുണ്ടെന്ന് തനിക്കും കര്‍തൃത്വ പദവിയിലേക്കുയരാന്‍ കഴിയുമെന്ന് ഒരടിമ തിരിച്ചറിയുന്നത് മുതലാളിത്തഘട്ടത്തിലാണ്. 'അച്ചടിമൂലധനം' എന്ന് വിളിക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെ രാഷ്ട്രീയം കുറേക്കൂടി പ്രച്ഛന്നരൂപം കൈവരിക്കുന്നുണ്ട്. അതേസമയം മാധ്യമങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം ഈ വര്‍ഗവിഭജിത സമൂഹത്തിന്റെ യുക്തിക്ക് കീഴ്പ്പെട്ടിരിക്കുന്നു. പക്ഷേ, വര്‍ഗവിഭജിത സമൂഹം എന്നത്, ഒരു വാര്‍പ്പുമാതൃകയല്ല. അതില്‍ നിരവധി സങ്കീര്‍ണതകളുണ്ട്. ശത്രുതാപരവും അല്ലാത്തതുമായ നിരവധി വൈരുധ്യങ്ങള്‍. ഈ വൈരുധ്യങ്ങള്‍ക്കെല്ലാം പുറത്തുവരാനുള്ള വഴിയും മാധ്യമങ്ങള്‍ തന്നെയാണ് തീര്‍ക്കുന്നത്. അതുകൊണ്ട് വളരെ അടിസ്ഥാനപരമായ രാഷ്ട്രീയദൌത്യം നിര്‍വഹിക്കുമ്പോഴും മാധ്യമങ്ങള്‍ക്ക് മനുഷ്യാസ്തിത്വത്തിന്റെ ഒട്ടേറെ പ്രശ്നങ്ങളെ സംബോധന ചെയ്യുന്നതുകൊണ്ട്, മാധ്യമങ്ങളുടെ നിലനില്‍പ് ആധുനിക ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമാണ്.

മുതലാളിത്തത്തിനകത്ത് വ്യക്തി വികസിച്ചുവരുന്ന ഈയൊരു ഘട്ടത്തിലാണ് മനുഷ്യന്റെ രാഷ്ട്രീയപ്രബുദ്ധതയിലും കുതിപ്പുണ്ടാവുന്നത്. അവിടെയാണല്ലോ ആധുനിക തൊഴിലാളിവര്‍ഗ രാഷ്ട്രീയമൊക്കെ വരുന്നത്. ആധുനിക തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തോടെയാണ് ഈ പ്രക്രിയയെക്കുറിച്ചുള്ള സിദ്ധാന്തവല്‍ക്കരണം സൂക്ഷ്മാര്‍ഥത്തില്‍ സാധ്യമായിത്തീര്‍ന്നത്. അവിടെയാണ് ചരിത്രപരമായ ഭൌതികവാദം തുടങ്ങിയ ആശയങ്ങള്‍ വരുന്നത്. അങ്ങനെവരുമ്പോള്‍ സ്വാഭാവികമായും മാധ്യമങ്ങള്‍ ഈയവസ്ഥയോട് സംവദിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംവാദങ്ങളും വിവാദങ്ങളും രൂപപ്പെടുന്നത്. സംവാദം എന്നത് നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥിതിയേക്കാള്‍ വികസിച്ച ഒരു ലോകത്തിലേക്കുള്ള വഴി അന്വേഷിക്കലാണ്. പക്ഷേ, സംവാദത്തില്‍ ഒരുപാട് ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍, അനുകൂല പ്രതികൂല അവസ്ഥകള്‍, തര്‍ക്കങ്ങള്‍, ഇതൊക്കെ സംവാദത്തിലുണ്ട്. ഇത് സംവാദത്തിന്റെ രൂപമാതൃകയുടെ സവിശേഷതയാണ്. സംവാദത്തിന്റെ രൂപത്തെമാത്രം വേര്‍പെടുത്തിയെടുത്ത് ഗൌരവമായ കാര്യങ്ങളെ, വളരെ നിസ്സാരമായ ഒരു കളിയാക്കി രൂപാന്തരപ്പെടുത്തുക. അതാണ് വിവാദത്തിന്റെ രീതി. ആ അര്‍ഥത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങളുടെ രാഷ്ട്രീയ അജന്‍ഡയാണ് വിവാദം. ജനകീയ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഒരനിവാര്യതയാണ് സംവാദമെങ്കില്‍, മാധ്യമ രാഷ്ട്രീയത്തിന്റെ ഒരനിവാര്യതയാണ് വിവാദം. രണ്ടും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. അതുകൊണ്ട് സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ സാധ്യമാകുന്ന സംവാദങ്ങളെപ്പോലും മാധ്യമങ്ങള്‍ക്ക് വിവാദമാക്കാന്‍ കഴിയും. മാധ്യമരാഷ്ട്രീയത്തിന്റെ അനിവാര്യതയായ വിവാദത്തെ തിരിച്ച് സംവാദമാക്കി മാറ്റാന്‍ സാംസ്കാരിക പ്രവര്‍ത്തനത്തിന് കഴിയേണ്ടതുണ്ട്. ഇങ്ങനെയൊരു വൈരുധ്യാത്മക ബന്ധം ഇവ തമ്മിലുണ്ട്. ഇതിന്റെയൊക്കെ ഭാഗമായി നടക്കുന്ന അന്വേഷണങ്ങളിലൊന്നാണ് അഭിമുഖം. ഏത് ലക്ഷ്യവുമായി കണ്ണിചേര്‍ത്തുകൊണ്ടാണോ ഒരഭിമുഖം ക്രമീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ജനാധിപത്യ ഉള്ളടക്കം പ്രസക്തമായിത്തീരുന്നത്.

അഭിമുഖത്തില്‍ കുറേക്കൂടി സ്വാതന്ത്ര്യമുണ്ട്. അഭിമുഖത്തിന് വിധേയനാകുന്ന ഒരാള്‍ക്കും അഭിമുഖം നടത്തുന്ന ഒരാള്‍ക്കും ഇടയില്‍ സൌഹൃദത്തിന്റെ ഒരു തലം വികസിച്ചുവരും. അത് തീര്‍ച്ചയായും ഒരാഘോഷമാണ്. കാരണം, പരസ്പരം പങ്കുവെയ്ക്കലിന്റെ ഒരു പശ്ചാത്തലം അതിലുണ്ട്. ഇതിന് വിരുദ്ധമായി അഭിമുഖം ഏറ്റുമുട്ടലിന്റെ ഒരു തലത്തിലേക്ക് വരാം. അത് സംഘര്‍ഷമുണ്ടാക്കുകയും ചെയ്യും. പ്രകോപനമാണ് ഇവിടെ ഒരു ഘടകമായി പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ടാണിത്. സൌഹാര്‍ദപൂര്‍വമായ അഭിമുഖത്തില്‍ സാമൂഹ്യസാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് മനുഷ്യര്‍ സാമൂഹ്യസാംസ്കാരിക രംഗത്തെ സാക്ഷിയാക്കി, അനുഭവിക്കുന്ന ഒരു സന്തോഷമുണ്ട്.

പ്രകോപനപരമായ അഭിമുഖത്തില്‍, അഭിമുഖത്തിന് വിധേയനാവുന്നയാള്‍ പറഞ്ഞതും പറയാത്തതും എല്ലാം ചേര്‍ത്ത് ഏതെങ്കിലും പ്രത്യേകമായ ഒരു മാധ്യമ താല്പര്യത്തിന് കീഴ്പ്പെട്ട് ക്രമം സ്വീകരിക്കുകയാണ് ചെയ്യുന്നത്. അത് ഒരു കലാരൂപമാണ്. ഇത് മാധ്യമങ്ങളുടെ അജന്‍ഡക്കനുസരിച്ചാണ് രൂപപ്പെടുന്നത്. മാധ്യമത്തിന്റെ അജന്‍ഡക്കനുസരിച്ച് അഭിമുഖത്തെ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയും. ചുരുക്കത്തില്‍ രാഷ്ട്രീയംതന്നെയാണ് പ്രശ്നം. അഭിമുഖത്തിലും സൂക്ഷ്മാര്‍ഥത്തില്‍ രാഷ്ട്രീയംതന്നെയാണ് നേതൃത്വം പുലര്‍ത്തുന്നത്.

ഉദാഹരണമായി ഇക്കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞെടുപ്പിന്റെ വിശകലന സന്ദര്‍ഭത്തില്‍ അഹന്ത, ധാര്‍ഷ്ട്യം എന്നിങ്ങനെയുള്ള ചില പരികല്പനകളില്‍ ചുറ്റിത്തിരിഞ്ഞാണ് പല അഭിമുഖങ്ങളും പുളകം കൊണ്ടത്. സത്യത്തില്‍ നയപരിപാടികള്‍, നിലപാടുകള്‍ ഇതൊക്കെ വിശകലനം ചെയ്യുന്നതിന് പകരം കാര്യങ്ങളെ മുഴുവന്‍ വ്യക്തിപരമായ തലത്തിലേക്ക് വെട്ടിച്ചുരുക്കുകയാണ് ചെയ്യുന്നത്. മറിച്ച് ഒരു തെരഞ്ഞെടുപ്പ് ചര്‍ച്ചയുടെ ന്യൂക്ളിയസ്സായി നില്‍ക്കേണ്ട ഘടകങ്ങള്‍ ഇവയൊന്നുമല്ല എന്നതാണ് പ്രധാനം. അത് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയത്തെ ഒളിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണ്.

അഭിമുഖവും വാമൊഴിയും

? ഭാഷയില്‍ വാമൊഴി-വരമൊഴി ഭേദം വളരെ ഗൌരവമായ വിഭജനം ആവശ്യപ്പെടുന്നുണ്ടെന്നാണ് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നത്. വാമൊഴി ആത്മനിഷ്ഠവും സന്ദര്‍ഭനിഷ്ഠവുമാണ്. അത് അപഗ്രഥനാത്മകമെന്നതിനേക്കാള്‍ ഉദ്ഗ്രഥനാത്മകമാണ്. വിശകലനത്തിന്റെ സൂക്ഷ്മത പുലര്‍ത്താത്ത, പലപ്പോഴും കെട്ടുകഥകളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന അഭിമുഖങ്ങള്‍ വാമൊഴി പാരമ്പര്യത്തിന്റെ സ്വഭാവമല്ലേ പുലര്‍ത്തുന്നത്? ഒരാധുനിക സമൂഹത്തിന് ഇത് എത്രമേല്‍ ഭൂഷണമാണ്.

അനൌപചാരിക മാധ്യമങ്ങളുടെ ഒരു തുടര്‍ച്ചയിലാണ് വാമൊഴിപാരമ്പര്യം വികസിക്കുന്നത്. അതിന്റെ ഭാഗമാണ് ചൊല്ലുകള്‍, പാട്ടുകള്‍, കടങ്കഥകള്‍, ഫലിതങ്ങള്‍ എന്നിവയെല്ലാം. നമ്മുടെ ജീവിതത്തിന്റെ എല്ലാ വളവുകളും കുതിപ്പും കിതപ്പും അതിനകത്തുണ്ട്. നമ്മുടെ രാഷ്ട്രീയത്തിന്റെ അഥവാ ജീവിതകാഴ്ചപ്പാടിന്റെ തന്നെ ഒരു സര്‍വവിജ്ഞാനകോശംപോലെ അത് സജീവമാണ്. പക്ഷേ, ഔപചാരിക മാധ്യമങ്ങളുടെ രൂപീകരണത്തോടെ, വാമൊഴി പാരമ്പര്യം പൂര്‍ണമായും റദ്ദായിപ്പോകുന്നില്ല. പലരും പറയുന്നതുപോലെ ദൃശ്യമാധ്യമങ്ങളുടെ ഒരു ലോകത്തേക്ക് കടക്കുമ്പോള്‍, അച്ചടിയുടെ ഒരു ലോകത്തുനിന്ന് നാം പൂര്‍ണമായും പുറത്താകുന്നില്ല. വാമൊഴിയുടെ ലോകവും എഴുത്തിന്റെ ലോകവും പരസ്പരപൂരകമായിട്ടുതന്നെയാവണം തുടക്കത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവുക. അധ്വാനം എന്നതുതന്നെ പ്രകൃതിയില്‍ മനുഷ്യര്‍ നടത്തുന്ന ഒരെഴുത്താണ്. ആധുനിക ചിന്തയിലൊക്കെ കടന്നുവരുന്നതാണ് ഈ ആശയം. ഒരു വഴിവെട്ടുമ്പോള്‍ അതൊരെഴുത്തും അധ്വാനവുമാണ്. ആ അര്‍ഥത്തില്‍ വാമൊഴിയും വരമൊഴിയും ചരിത്രത്തിലുടനീളം പരസ്പരപൂരകമായി വര്‍ത്തിച്ചിട്ടുണ്ട്.

വാമൊഴി പാരമ്പര്യത്തിന് പ്രത്യക്ഷ മനുഷ്യബന്ധത്തിന്റെ പശിമയുള്ള ഒരു പശ്ചാത്തലമുണ്ട്. ശരീരം ശരീരത്തില്‍ തൊടുന്ന വാക്ക് വാക്കില്‍ തൊടുന്ന, പിശിമയുള്ള ഒരു പശ്ചാത്തലം അതിനുണ്ട്. വിനിമയത്തിന്റെ ഈ ഊഷ്മളരൂപത്തിന് ഇന്നും പ്രസക്തിയുണ്ട്. കാരണം അത് മനുഷ്യശരീരത്തിന്റെ സാധ്യതകളെയൊക്കെ സാക്ഷാല്‍ക്കരിക്കുന്നുണ്ട്. ചരിത്രത്തില്‍ മനുഷ്യജീവിതം മുന്നോട്ടുപോകുമ്പോള്‍, മനുഷ്യന്‍ ശരീരമുള്ള ജീവിയാണ് എന്ന സത്യം തുടരുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ശരീരസമ്പര്‍ക്കത്തിന്റെ ഒരു ഭാഷ ഇന്നും സജീവമായ ഒരു ഭാഷയായിത്തുടരന്നു. ഇപ്പോഴും നമ്മള്‍, പരസ്പരമുള്ള ഒരു സ്പര്‍ശത്തിലൂടെ, ഒരാശ്ളേഷത്തിലൂടെ അതിനൊക്കെ അപ്പുറത്തുള്ള ഒരനുഭവലോകം ആവിഷ്കരിക്കുകയാണ് ചെയ്യുന്നത്. ഇതിനെ മനുഷ്യന് കൈയൊഴിയ്ക്കാനാവില്ല. അതേസമയം ഇതിനോട് ചേര്‍ന്നു നിന്നുകൊണ്ട്, കൂറേക്കൂടി ദൂരാതിവര്‍ത്തിയും പരോക്ഷവുമായ ഒരു ലോകം രൂപപ്പെട്ടുവരുന്നു. അടയാളപ്പെടുത്തുകയും രേഖപ്പെടുത്തുകയും എന്നെന്നേക്കുമായി നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ നിര്‍വ്വഹിക്കുകയും ചെയ്യുന്ന വ്യവഹാരമാണ് വരമൊഴിയുടേത്. എഴുത്തിന്റെ സജീവമായ ഒരു ലോകത്ത്, വാമൊഴി വഴക്കം ഒരു പുളകമായി നിലനില്‍ക്കുന്നുണ്ട്.
അഭിമുഖം നടത്തുന്നയാളുകളും അഭിമുഖങ്ങള്‍ക്ക് വിധേയരാകുന്നവരും എഴുത്തിന്റെ ലോകത്തും പറച്ചിലിന്റെ ലോകത്തും ഏറെക്കുറെ ഒരേവിധം വ്യാപരിക്കുന്നവരായിരിക്കണം. ചിന്തയുടെ മണ്ഡലത്തില്‍ സമാനതരംഗദൈര്‍ഘ്യമുള്ളവര്‍, അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍, അവര്‍ അനുഭവിക്കുന്ന ആഹ്ളാദത്തെക്കുറിച്ച് മുമ്പ് സൂചിപ്പിക്കുകയുണ്ടായി. മനുഷ്യജീവിതത്തില്‍ ആശങ്കകളും അരക്ഷിതാവസ്ഥയും രൂപപ്പെടാനുള്ള പല കാരണങ്ങളിലൊന്ന് ആവിഷ്കാരം തടയപ്പെടുന്നതാണ്. ആവിഷ്കാരം എന്നാല്‍ കഥ, കവിത, പ്രസംഗം, കണ്ടുപിടുത്തം തുടങ്ങിയ ദൃഢമായ രൂപങ്ങള്‍ മാത്രമല്ല. ഒരാള്‍ മറ്റൊന്നിനും വേണ്ടിയല്ലാതെ പൂവിനെക്കാണുന്നതും ആകാശം കാണുന്നതും അടുത്ത ഒരു സുഹൃത്തുമായി സംസാരിക്കുന്നതും സംഭാഷണം കേള്‍ക്കുന്നതും പാട്ടുകേള്‍ക്കുന്നതും അല്ലെങ്കില്‍ തന്റെ തന്നെ ജീവിതത്തെ അയാള്‍ അനുസ്മരിക്കുകയും അപഗ്രഥിക്കുകയും ഒക്കെ ചെയ്യുന്നതും ആവിഷ്കാരമാണ്. ആ അര്‍ഥത്തില്‍ അഭിമുഖങ്ങള്‍ക്കൊക്കെയും ഈ വാമൊഴി പാരമ്പര്യത്തിന്റെ ഒരു സജീവ പശ്ചാത്തലമുണ്ട്. അതേസമയം ഇതില്‍ തിരിച്ചറിയേണ്ട ഒരു ചെറിയ അപകടവുമുണ്ട്. അതെന്തെന്നാല്‍ വാമൊഴിപാരമ്പര്യം മാത്രമായി നിലനിന്ന ഒരു കാലത്ത് നടക്കുന്ന അഭിമുഖവും എഴുത്ത് പാരമ്പര്യം സജീവമായിത്തീര്‍ന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ഒരഭിമുഖവും രണ്ടും രണ്ടാണ്. കാരണം നമുക്ക് രണ്ടനുഭവങ്ങളുണ്ട്. അതേസമയം വാമൊഴി പാരമ്പര്യത്തില്‍ മാത്രം ജീവിച്ചവര്‍ക്ക് അനുഭവത്തിന്റെ ഒറ്റലോകമേ ഉണ്ടായിരുന്നുള്ളു. പക്ഷേ, ഇന്നത്തെ ജനതക്ക് ഈ രണ്ട് ലോകങ്ങളുടെയും അനുഭവമുള്ളതുകൊണ്ട്, കുറെക്കൂടി തീവ്രമായി വാമൊഴി വഴക്കത്തിന്റെ ആഹ്ളാദം അനുഭവിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

? ഇന്ന് വായനക്കുമുമ്പില്‍ കാഴ്ച ഒരു വെല്ലുവിളിയാകുന്നുണ്ടോ?

നാം ദൃശ്യമാധ്യമങ്ങളെപ്പറ്റിപറയുമ്പോള്‍ വായനയുടെ സമയമാണ് ദൃശ്യമാധ്യമങ്ങള്‍ കവര്‍ന്നെടുക്കുന്നത് എന്ന് നാം പറയാറുണ്ട്. അത് ചരിത്രപരമായ ഒരു വിശകലനമല്ല. കാരണം ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പുള്ള വായനയും ദൃശ്യമാധ്യമങ്ങള്‍ക്ക് ശേഷമുള്ള വായനയും ഒരേരീതിയിലാവാന്‍ സാധ്യതയില്ല. അതുകൊണ്ട് ദൃശ്യമാധ്യമങ്ങളില്ലാതിരുന്നൊരു കാലത്തെ വായനയെ നിര്‍വചിച്ചതുപോലെ ദൃശ്യമാധ്യമങ്ങള്‍ ഉള്ളകാലത്തെ വായനയെ നിര്‍വചിക്കാന്‍ കഴിയില്ല. ദൃശ്യമാധ്യമങ്ങള്‍ക്കിടയില്‍ നിന്ന് വായനയുടെ ഒരു പുതിയ നിര്‍വചനം നാം വികസിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍, നാം വായന= സജീവപ്രവര്‍ത്തനം, കാഴ്ച= നീര്‍ജീവ പ്രവര്‍ത്തനം എന്നൊരു സമവാക്യത്തില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. സജീവമായി വായിക്കാന്‍ കഴിയുന്നതുപോലെ നിര്‍ജീവമായും വായിക്കാന്‍ കഴിയും. അതുപോലെ സജീവവും നിര്‍ജീവവുമായ കാഴ്ചയുമുണ്ട്. സജീവമായ വായനയും സജീവമായ കാഴ്ചയും വിപ്ളകരമാണ്. അതേസമയം നിര്‍ജീവമായ വായനയും നിര്‍ജീവമായ കാഴ്ചയും പ്രതിലോമകരവും. നിര്‍ജീവമായ വായനയും സജീവമായ കാഴ്ചയും തമ്മിലുള്ള ബന്ധുത്വവും സജീവമായ വായനയും നിര്‍ജീവമായ കാഴ്ചയും തമ്മിലുള്ള ബന്ധുത്വവും നാം തിരിച്ചറിയണം. വായനയുടെ സുവര്‍ണകാലം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള പരിദേവനം ഒരു ഒരു ഒഴിവുകഴിവുമാത്രമാണ്. യഥാര്‍ഥത്തില്‍ വായനയും കാഴ്ചയും ഭാഷയിലൂടെ നടക്കുന്ന വ്യവഹാരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് അവ തമ്മിലുള്ള ബന്ധത്തെ കൃത്രിമമായി വെട്ടിമുറിക്കാന്‍ കഴിയില്ല. വായനയുടെ ലോകത്ത് വ്യാപരിക്കുന്ന ഒരാളുടെ കാഴ്ചക്കുള്ള സൂക്ഷ്മത, അത്തരത്തില്‍ വ്യാപരിക്കാത്ത ഒരാളുടെ കാഴ്ചക്കുണ്ടാകില്ല. അതുപോലെ കാഴ്ചയുടെ ലോകം ഏറെ വികസിച്ച ഒരു ഘട്ടത്തില്‍ ആ ലോകത്ത് വ്യാപരിക്കാത്ത ഒരാള്‍ക്ക് വായനയുടെ ലോകത്ത് പുതിയ കാഴ്ചകള്‍ വികസിപ്പിക്കാനുമാവില്ല.

? വാമൊഴിയെക്കുറിച്ചാണ് നാം സംസാരിച്ചുവന്നത്. വാമൊഴി വരമൊഴിയെ അപേക്ഷിച്ച്, സന്ദര്‍ഭനിഷ്ഠമാണ്. വരമൊഴിക്ക് ഒരു സന്ദര്‍ഭത്തെ പുനഃസൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍, വാമൊഴിക്ക് ഇക്കാര്യത്തില്‍ ഏറെ പരിമിതികളുണ്ട്. അതുകൊണ്ട് അഭിമുഖം നടക്കുന്ന സന്ദര്‍ഭം, അഭിമുഖത്തില്‍നിന്നുള്ള ഭാഗങ്ങള്‍ പിന്നീട് ഉദ്ധരിക്കുന്ന സന്ദര്‍ഭം ഇതെല്ലാം വാമൊഴി സംസ്കാരത്തില്‍ പ്രധാനമാകുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വാമൊഴി വരമൊഴി സങ്കേതങ്ങളെ കൃത്രിമമായി കൂട്ടിക്കലര്‍ത്തുന്ന ഒരു രീതിയാണല്ലോ വികസിച്ചുവരുന്നത്.

സന്ദര്‍ഭം എന്നത് സംഭാഷണത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അഭിമുഖങ്ങള്‍ക്ക് കൃത്രിമ സന്ദര്‍ഭങ്ങളുണ്ടാക്കുന്നു എന്ന പ്രശ്നം യഥാര്‍ഥത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. എന്റെ തന്നെ ഒന്ന്, രണ്ട് അനുഭവങ്ങള്‍ പറയാം. എസ്എഫ്ഐ ജില്ലാ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് 'ആളാവാന്‍ നോക്കരുത്' എന്ന പ്രയോഗം കടന്നുവന്നത്. ഏതെങ്കിലും വ്യക്തിയേയോ നേതാവിനേയോ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രയോഗമായിരുന്നില്ല അത്. പ്രഭാഷണത്തിനെത്തിയപ്പോള്‍ 'അരാഷ്ട്രീയവാദത്തെക്കുറിച്ചാണ് മാഷ് സംസാരിക്കേണ്ടത്' എന്ന് സംഘാടകരായ വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുപ്രകാരം കുട്ടികള്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ വളരെ ലളിതമായി കൂട്ടായ്മയുടെ നൈതികതയെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഒരു കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് പരസ്പര സ്നേഹവും കടപ്പാടും ഉണ്ടായിരിക്കുമ്പോള്‍ തന്നെ പരസ്പരം തിരുത്താനുള്ള അധികാരവുമുണ്ട് എന്നതായിരുന്നു പ്രധാന ആശയം. കൂടെയുള്ള ഒരാള്‍, കൂട്ടായ തീരുമാനത്തെ മറികടന്ന് പ്രവര്‍ത്തിച്ചാല്‍, അയാളെ തിരുത്തുന്നതിന് നാട്ടിന്‍പുറത്ത് ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് 'ആളാവാന്‍ നോക്കരുത്' എന്നത്. സാമാന്യമായി സംഘടനയെക്കുറിച്ചും സംഘടനയും വ്യക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റുമാണ് ഞാന്‍ സംസാരിച്ചത്. ക്യാമ്പസിലെ റാഗിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ 'ആളാവാന്‍ നോക്കുന്നവരു'ടെ ചില ശ്രമങ്ങളാണെന്നും അതിനെ വേണ്ടവിധം തിരുത്താന്‍ സംഘടനകള്‍ക്ക് ബാധ്യതയുണ്ടെന്നും മറ്റുമാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ പ്രസംഗം കഴിഞ്ഞയുടന്‍ പത്രക്കാര്‍ വളഞ്ഞ് 'ആളാവാന്‍ നോക്കരുത്' എന്നതുകൊണ്ട് വിഎസിനെയാണോ ഉദ്ദേശിച്ചത് എന്ന് ചോദിച്ചു. ആ നിമിഷംവരെ ഏതെങ്കിലും സവിശേഷവ്യക്തിയോ സംഘടനയോ എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. പിന്നീടതിനെ മുന്‍നിര്‍ത്തി വലിയ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ചിലര്‍ക്ക്, ഇപ്പറഞ്ഞതൊക്കെ ആരേയോകുറിച്ചാണെന്ന് തോന്നുന്നതിന് എന്റെ പക്കല്‍ ചികിത്സയില്ല.

മറ്റൊരു പ്രസംഗത്തിനും ഇതേ ഗതിയുണ്ടായി. എസ്എഫ്ഐ വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗമായിരുന്നു അത്. അവിടെയും 'അരാഷ്ട്രീയത' തന്നെയായിരുന്നു വിഷയം. 'നഗരപ്രവിശ്യകളിലെ ഭരണം' എന്നര്‍ഥംവരുന്ന 'പോളിസ്' എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് 'പൊളിറ്റിക്സ്' എന്ന പദമുണ്ടായതെന്നും ഇതില്‍ താല്പര്യമില്ലാത്തവരെ ഗ്രീക്കില്‍ 'ഇഡിയോട്സ്' എന്നാണ് വിളിച്ചിരുന്നതെന്നും പ്രസംഗത്തില്‍ ഞാന്‍ വിശദീകരിച്ചു. 'ഇഡിയോട്സ്'എന്ന വാക്കില്‍ നിന്നാണ് ഇംഗ്ളീഷിലെ 'ഇഡിയറ്റ്' എന്ന വാക്കുണ്ടായത്. മലയാളത്തില്‍ ഇതിന്റെ സമാനപദം 'മന്ദബുദ്ധി' എന്നാണ്. ബുദ്ധിശക്തി കുറഞ്ഞയാള്‍ എന്ന് ഈ പദത്തിനര്‍ഥമില്ല. സാമൂഹ്യപ്രശ്നങ്ങളില്‍ ഒരു ഉല്‍ക്കണ്ഠയും പുലര്‍ത്താത്ത ഒരാള്‍ എന്ന അര്‍ഥമാണ് 'മന്ദബുദ്ധി' എന്ന വാക്കിന് സാംസ്കാരിക വിശകലനത്തില്‍ ഉള്ളത്. ഒരാള്‍ വലിയ ബുദ്ധിമാനാകാം- ഐഎഎസ്കാരനോ രാഷ്ട്രീയ നേതാവോ ഒക്കെയാകാം. അപ്പോഴും അയാള്‍ക്ക് സാമൂഹ്യപ്രശ്നങ്ങളില്‍ ഉല്‍ക്കണ്ഠയില്ലെങ്കില്‍, അയാള്‍ മന്ദബുദ്ധിയാണ്. ഇതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. പക്ഷേ 'മന്ദബുദ്ധി' പ്രയോഗം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പിന്നീട് വിവാദമായി. ഒരു പത്രറിപ്പോര്‍ട്ട് കണ്ടാല്‍ അതിന്റെ വസ്തുസ്ഥിതിയെന്തെന്നന്വേഷിക്കാനുള്ള ബാധ്യത നമുക്കുണ്ട്.

ഒരഭിമുഖത്തിലോ പ്രഭാഷണത്തിലോ ഒരാള്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ അയാള്‍തന്നെ എഴുതുമ്പോഴും കേട്ടയാള്‍ എഴുതുമ്പോഴും ചില വ്യത്യാസങ്ങള്‍ വരും. ആശയവിനിമയത്തിന്റെ തന്നെ ചില പ്രശ്നങ്ങള്‍ ഇതിനകത്തുണ്ട്. ഇതോടൊപ്പം കേട്ടെഴുതുന്നയാള്‍ക്ക് ചില നിക്ഷിപ്തതാല്പര്യങ്ങളുണ്ടായാല്‍ അത്കൂടി ഇതിനോട് ചേര്‍ത്തുകെട്ടുന്നു. അതാണ് വിവാദത്തിന്റെ പശ്ചാത്തലമാകുന്നത്.

? വിവാദ വ്യവസായത്തില്‍ പങ്കെടുക്കുക വഴി മാഷുള്‍പ്പെടെയുള്ളവരെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഒരുതരത്തില്‍ കെണിയില്‍ വീഴ്ത്തുകയല്ലേ ചെയ്യുന്നത്?

ബൂര്‍ഷ്വാമാധ്യമങ്ങളില്‍ ഒരു ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകന് കിട്ടുന്ന ഇടത്തെ കേവലമായ കെണിയായോ കേവലമായ സ്വാതന്ത്യ്രമായോ പരിഗണിക്കാനാവില്ല. മാധ്യമങ്ങള്‍ക്ക് സാമാന്യമായി ഏറെ സാധ്യതയുണ്ട്. മാധ്യമലോകത്തുണ്ടായ സാങ്കേതിക വികാസം വിപ്ളവ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ഉദാഹരണമായി ഡോക്യുമെന്ററി സിനിമകള്‍ക്ക് സമീപകാലത്ത് ചെലുത്താനായ സ്വാധീനം ഏറെ വലുതാണ്. മാധ്യമങ്ങള്‍ക്ക് ഇത്തരം സാധ്യതകളുള്ളപ്പോള്‍ത്തന്നെ അവക്ക് ചില പരിമിതികളുമുണ്ട്. ജനാധിപത്യസമൂഹത്തിന്റെ ജീവവായുവാണ് മാധ്യമങ്ങള്‍. അതേസമയം മാധ്യമങ്ങളുടെ കാഴ്ചപ്പാട് വളരെ പ്രധാനമാണ്. ഇത് ഒരു സമരമാണ്. അതുകൊണ്ടാണ് ഇതിനെ കെണിയായോ കേവലമായ സ്വാതന്ത്ര്യമായോ കാണാനാവില്ലെന്ന് പറഞ്ഞത്. ഒരു മാധ്യമം വളരെ പ്രകടമായി അതിന്റെ കാഴ്ചപ്പാട് അടിച്ചേല്‍പ്പിക്കണമെന്നില്ല. അത് ബോധപൂര്‍വമാവണമെന്നുമില്ല. അത് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി കാണേണ്ട പ്രശ്നമാണ്. ഒരേ സമയം മാധ്യമങ്ങളും അതേസമയം അതില്‍ അഭിമുഖത്തിലും മറ്റും പങ്കെടുക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരും പ്രത്യയശാസ്ത്രസമരത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ നല്‍കുന്ന ഇടത്തെ തങ്ങളുടെ പ്രത്യയശാസ്ത്ര സമരത്തിനുള്ള ഒന്നാക്കി മാറ്റുകയാണ് ഇടതുപക്ഷസാംസ്കാരിക പ്രവര്‍ത്തകര്‍ ചെയ്യുന്നത്. അഭിമുഖത്തിന് വിധേയനാകുന്ന ഒരാള്‍, യഥാര്‍ഥത്തില്‍ തന്റേതായ ആശയപ്രചാരണം നടത്തുകതന്നെയാണ് ചെയ്യുന്നത്. മാധ്യമത്തെ സംബന്ധിച്ചും അതിലൊരു സമരത്തിന്റെ പ്രശ്നമുണ്ട്. ഒരു പ്രത്യേക വ്യക്തിയെ ഒരു പ്രത്യേകസമയത്ത് അഭിമുഖത്തിന് തെരഞ്ഞെടുക്കുന്നതില്‍ മാധ്യമങ്ങളുടെ കാഴ്ചപ്പാട് പ്രധാനമായും പ്രവര്‍ത്തിക്കുന്നുണ്ടാവും. സാംസ്കാരിക പ്രവര്‍ത്തകര്‍- രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ മാധ്യമങ്ങള്‍ക്ക് അവര്‍ നടത്തുന്ന ഒരു സമരത്തിലേക്ക് ഒതുക്കാന്‍ പറ്റും. അങ്ങനെ ഒതുങ്ങിയാല്‍ ജനാധിപത്യത്തിനായി നടക്കേണ്ട സമരം നിര്‍ജീവമാവും. ഈ അര്‍ഥത്തില്‍, അത് പ്രത്യക്ഷത്തില്‍ തിരിച്ചറിയാത്ത ഒരു സമരത്തിന്റെ തീക്ഷ്ണലോകമാണ്.

ഇതില്‍ത്തന്നെ ചില വ്യത്യാസങ്ങളുണ്ട്. ഒരു ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകന്‍, ലെനിനിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കുകയോ അതിന് നേതൃത്വം നല്‍കുകയോ ചെയ്യുന്ന രാഷ്ട്രീയ നേതാവുമായി താരതമ്യം ചെയ്താല്‍ ഏറെ സ്വാതന്ത്ര്യമനുഭവിക്കുന്നയാളാണ്. എന്നാല്‍ ലെനിനിസ്റ്റ് സംഘടനാതത്വമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപാര്‍ടിയുടെ നേതാവിന് ബൂര്‍ഷ്വാ മാധ്യമങ്ങളുമായി കുറേക്കൂടി ശക്തമായി ഏറ്റുമുട്ടേണ്ടിവരും. കാരണം ഓരോ സന്ദര്‍ഭത്തിലും തന്റെ അഭിപ്രായപ്രകടനത്തേക്കാള്‍, ജനങ്ങളുടെ ഇച്ഛാശക്തിയെ കെടാതെ സൂക്ഷിക്കുന്നതിലാണ് അയാള്‍ക്ക് ശ്രദ്ധിക്കാനുള്ളത്. ജനങ്ങള്‍ക്കും പാര്‍ടി അണികള്‍ക്കും ഊര്‍ജം പകരുക എന്നതു മാത്രമായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യം. കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വം ഒരു സെയില്‍സ് റപ്രസന്റേറ്റീവിന്റേതല്ല. തന്റെ ശരീരത്തെപ്പോലും ഒരു വിപണനവസ്തുവാക്കിമാറ്റിത്തീര്‍ത്ത് എന്തുമായും സന്ധിചെയ്ത്, എല്ലാറ്റിനോടും പൊരുത്തപ്പെട്ട്, തലകുനിച്ച് നില്‍ക്കുന്ന ഒരു മാതൃകയാണ് ബൂര്‍ഷ്വാമാധ്യമങ്ങളിലൂടെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന് തയ്യാറല്ലാത്ത ആത്മബോധമുള്ള കമ്യൂണിസ്റ്റുകാര്‍ ബൂര്‍ഷ്വാമാധ്യമങ്ങളില്‍ ലഭിക്കുന്ന ചെറിയ ഇടത്തെപ്പോലും രൂക്ഷമായ സമരത്തിന്റെ സ്ഥലമാക്കി മാറ്റും. ഇതിന്റെ ഭാഗമായാണ് ഇവരുടെ പല ഭാഷാപ്രയോഗങ്ങളും ഉണ്ടാകുന്നത്. നിലനില്‍ക്കുന്ന ബൂര്‍ഷ്വാമാന്യതയെ വെട്ടിമുറിക്കുന്നതാണ് ഈ ഭാഷാപ്രയോഗങ്ങളില്‍ പലതും. കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ പൊതുവില്‍ നേര്‍ക്കുനേര്‍ നിന്ന് കാര്യം പറയുകയാണ് പതിവ്. മാധ്യമങ്ങളോടവര്‍ കൊഞ്ചിക്കുഴയാറില്ല.

? ബൂര്‍ഷ്വാമാധ്യമങ്ങളില്‍ എഴുതുകയില്ലെന്ന് ഒരിക്കല്‍ മാഷ് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം ഇടതുപക്ഷ എഴുത്തുകാര്‍ തീരുമാനിക്കുകയുണ്ടായല്ലോ? പിന്നീട് അതില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ആ സാഹചര്യം ഒന്ന് വിശദീകരിക്കാമോ?

ആ തീരുമാനം ഒരു വലിയ പരിധിവരെ ആത്മനിഷ്ഠമായിരുന്നു എന്ന് ഇന്ന് സ്വയം വിമര്‍ശനം നടത്തുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

ബൂര്‍ഷ്വാമാധ്യമങ്ങള്‍ക്ക് അവരുടേതായ രാഷ്ട്രീയമുണ്ടെങ്കിലും ഒരു ജനാധിപത്യസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക്, ആ സമൂഹത്തിന്റെ താല്പര്യങ്ങളെ പരിപൂര്‍ണമായും നിരാകരിച്ച്, തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനാവില്ല. കേരളം പോലൊരു സമൂഹത്തില്‍ മുഖ്യധാരാ ഇടതുപക്ഷപാര്‍ടികളെ പൂര്‍ണമായും പുറത്തുനിര്‍ത്തി ഒരു ബൂര്‍ഷ്വാമാധ്യമത്തിനും പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ ഇടതുപക്ഷത്തിനും ഒരിടം നല്‍കും. ആ അര്‍ഥത്തില്‍ ഏതൊരു മാധ്യമവും ജനാധിപത്യപരമാണ്.

അതേസമയം അതില്‍ പറയപ്പെടാത്ത ഒരു അജന്‍ഡ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാഹരണമായി സംഘപരിവാറിനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലൊരു ചര്‍ച്ചവന്നു. അതില്‍ സംഘപരിവാറിനെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും അണിനിരത്തി. അത്രയും അത് ജനാധിപത്യപരമാണ്. ഇതിനെ ജനാധിപത്യവാദികളും അഭിവാദ്യം ചെയ്യേണ്ടതാണ്. സംഘപരിവാറിന് അനുകൂലമായ പ്രബന്ധങ്ങള്‍ക്കാണ് അതില്‍ എണ്ണത്തില്‍ മേല്‍ക്കൈ ലഭിച്ചത്. അത് പത്രസ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കുന്നതാണ്. സംഘപരിവാറിനെ എതിര്‍ക്കുന്നവര്‍ക്ക് ക്ഷാമമുള്ളതുകൊണ്ടല്ല. പക്ഷേ അവര്‍ക്ക് ഇടംകൊടുക്കാത്തതുകൊണ്ടാണ്. രണ്ടാമതായി അതില്‍ തുടര്‍ച്ചയായിവരുന്ന ചിത്രം ആര്‍എസ്എസിന്റെ റൂട്ട്മാര്‍ച്ചിന്റേതാണ്. അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും അനുബന്ധമായി ഒരേചിത്രം വരുന്നതിന് പിന്നില്‍ ഒരു സന്ദേശമുണ്ട്. ആ സന്ദേശം 'അച്ചടക്ക'ത്തെ സംബന്ധിച്ചുള്ളതാണ്. വ്യക്തിജീവിതത്തില്‍ അരാജകവാദിയായിരിക്കുന്ന ഒരാള്‍ക്കുപോലും ആകര്‍ഷകമായ ഒന്നാണ് ഈ 'അച്ചടക്കം'. കൃത്രിമമായ അച്ചടക്കത്തിന് മലയാളിയെ ഹൈജാക്ക് ചെയ്യാന്‍ കഴിയുമെന്നതിന്റെ സൂചനയാണ് അടിയന്തരാവസ്ഥ നല്‍കുന്നത്- ആനുഷംഗികമായി ഒരു കാര്യംപറയട്ടെ. അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റുകാരും തീവ്രവാദനിലപാടുള്ള കമ്യൂണിസ്റ്റുകാരും പിന്നെ സംഘപരിവാറും ഏറെ പീഡനങ്ങളനുഭവിച്ചു. എന്നാല്‍, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഇവരെയെല്ലാം പരാജയപ്പെടുത്തി, ഇന്ദിരയുടെ കോണ്‍ഗ്രസ് കേരളത്തില്‍ വലിയ ഭൂരിപക്ഷം നേടുകയാണ് ചെയ്തത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇടതുപക്ഷം തകര്‍ന്നു എന്ന് തുള്ളിച്ചാടുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ ചരിത്രബോധമില്ല- അതുകൊണ്ടാണ് കൃത്രിമമയായ 'അച്ചടക്ക'ത്തിന് മലയാളിയുടെ പൊതുബോധത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുണ്ടെന്ന് പറയുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം മാതൃഭൂമിയില്‍വന്ന സംഘപരിവാര്‍ ചര്‍ച്ചയെ നോക്കിക്കാണാന്‍.

സാങ്കേതികവിദ്യയുടെ കാര്യംകൂടി ഇവിടെ പ്രസക്തമാണ്. വാള്‍ട്ടര്‍ ബഞ്ചമിന്‍ Art in the age of mechanical reproduction എന്ന ലേഖനത്തില്‍, ചില ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കുന്നുണ്ട്. കേരളത്തിലെ മാധ്യമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇവയില്‍ ചിലത് പ്രസക്തമാണ്. സാധാരണരീതിയില്‍ കേരളീയ പശ്ചാത്തലത്തില്‍ ഏത് പ്രസിദ്ധീകരണങ്ങളില്‍ എഴുതിയാലും കേരളീയ സമൂഹത്തില്‍ വായിക്കപ്പെടുകയും അത് പിന്നീട് പുസ്തകമായിവരികയും ചെയ്യും. പുസ്തകമായി വരുന്നതോടെ ഏതില്‍ അച്ചടിച്ചു ഏതില്‍ അച്ചടിച്ചില്ല എന്നതൊക്കെ അപ്രസക്തമായിത്തീരും. അവിടെയും പുസ്തക പ്രസാധനരംഗത്ത് മേല്‍ക്കോയ്മ സ്ഥാപിച്ച പ്രസാധക സംഘങ്ങള്‍ ഉണ്ട്. അതേസമയം ചെറിയ പുസ്തക പ്രസാധക സംഘത്തിനും ഒരു പുസ്തകച്ചന്തയില്‍ ഇടം കിട്ടുന്നുണ്ട്. മുതലാളിത്തം നല്‍കിയ ഒരു സാധ്യതയാണിത്. എന്നാല്‍, ഇതിനകത്ത് ഒരുപാട് സമരം രൂപപ്പെടേണ്ടതാണ്. ഇത്തരം സമരങ്ങളിലൊന്നായിരുന്നു ഇടതുപക്ഷ അനുഭാവികളായ എഴുത്തുകാര്‍ ബൂര്‍ഷ്വാമാധ്യമങ്ങളില്‍ എഴുതുകയില്ല' എന്ന പ്രഖ്യാപനം.

ഇടതുപക്ഷ സംസ്കാരിക സംഘടനയുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്തിയിരുന്ന എഴുത്തുകാരെ സാമാന്യേന പുറത്തു നിര്‍ത്തുന്ന ഒരു സമീപനം അക്കാലത്ത് ബൂര്‍ഷ്വാമാധ്യമങ്ങള്‍ സ്വീകരിച്ചിരുന്നു. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം അവരുടെ രചനകള്‍ പ്രകാശിപ്പിക്കപ്പെടുക എന്നുള്ളത് അവരുടെ നിലനില്പിന്റെ പ്രശ്നമാണ്. എന്നാല്‍ എഴുത്തിനെ കരുത്തുറ്റ ഒരു സാംസ്കാരിക പ്രവര്‍ത്തനമായി കാണുന്നവര്‍ക്ക് ഒറ്റയാന്മാരായ എഴുത്തുകാരെപ്പോലെ പതര്‍ച്ച അനുഭവിക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് പുരോഗമനസാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട എഴുത്തുകാര്‍ക്ക് ബൂര്‍ഷ്വാമാധ്യമങ്ങളെ വെല്ലുവിളിക്കാന്‍ അന്ന് കഴിഞ്ഞത്. അന്നത്തെ ആ നിലപാടിനെത്തുടര്‍ന്ന് 'ദേശാഭിമാനി'പോലുള്ള ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളില്‍ മാത്രം എഴുതിത്തെളിഞ്ഞ ഒരുപറ്റം എഴുത്തുകാര്‍ നമുക്കുണ്ടായി. ചെറുകഥ, കവിത, നിരൂപണം എന്നീ മണ്ഡലങ്ങളിലെല്ലാം അവര്‍ ചിരപ്രതിഷ്ഠനേടി. പില്‍ക്കാലത്ത് ബൂര്‍ഷ്വാമാധ്യമങ്ങള്‍ക്കുപോലും തള്ളിക്കളയാനാവാത്ത സാന്നിധ്യമായി അവര്‍ വളര്‍ന്നു.

? പത്തുവര്‍ഷം മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്തമായി, ഇന്ന് ദൃശ്യമാധ്യമങ്ങള്‍ എഴുത്തുകാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വലിയതോതില്‍ ഇടം നല്‍കുന്നുണ്ട്. ഇത് ഒരു തരത്തില്‍ 'താരവല്‍ക്കരണ'ത്തിന് ഇടയാക്കുന്നില്ലേ. ഇടതുപക്ഷ സംഘടനാപ്രവര്‍ത്തകര്‍ക്ക് ഈ താരപദവി അഭിലഷണീയമാണോ.

ഇത്തരമൊരുത്ക്കണ്ഠയാണ് രാഷ്ട്രീയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നത് എന്ന പ്രബന്ധത്തില്‍ ഞാനും പങ്കുവെച്ചത്.

മാധ്യമങ്ങള്‍ ജനാധിപത്യപ്രക്രിയയുടെ അനിവാര്യമായഭാഗമാണ്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അങ്ങനെയൊരു കാര്യമേയില്ല എന്ന് കരുതി ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഈ മാധ്യമങ്ങള്‍ നല്‍കുന്ന ഇടം ഉപയോഗിച്ച് ഇടതുപക്ഷ ആശയങ്ങളുടെ പ്രചാരണം പരമാവധി നടത്തണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബൂര്‍ഷ്വാമാധ്യമങ്ങളില്‍ ഇടപെടുകതന്നെയാണ് വേണ്ടത്. മാധ്യമങ്ങള്‍ക്ക് അവരുടെതായ അജന്‍ഡകള്‍ ഉള്ളതുകൊണ്ട് നാം നടത്തിക്കൊണ്ടിരിക്കുന്നത് ഒരു സമരമാണെന്ന് തിരിച്ചറിയണം. സര്‍ഗാത്മകമായ ഒരിടപെടലിലുള്ളത്ര ക്ളേശം മാധ്യമങ്ങളിലെ അഭിമുഖങ്ങളിലില്ല. അതുകൊണ്ട് എളുപ്പത്തില്‍ വഴുതിപ്പോകാനുള്ള സാധ്യതയുണ്ട്. അതൊരു പ്രലോഭനമാണ്. ഇതിനെ ചെറുക്കണം. അതേസമയം നമ്മള്‍ പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന ആശയങ്ങള്‍ക്ക് കൂടുതല്‍ ഇടം കിട്ടുന്നു എന്ന പോസിറ്റീവായ വശത്തെ കാണുകയും വേണം. വളരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമായി, ഒരു സമരമായി, ഇതിനെക്കണ്ടാല്‍ താരവല്‍ക്കരണത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.

? 'താരവല്‍ക്കരണ'ത്തെ കുറേക്കൂടി സൂക്ഷ്മമായി കാണണമെന്ന് തോന്നുന്നു. തൊഴിലാളിവര്‍ഗം ചരിത്രപരമായി സൃഷ്ടിച്ചെടുത്ത സംഘപ്രവര്‍ത്തനത്തിന് വിപരീതമായ ഒന്നാണ് താരരൂപീകരണം. മുതലാളിത്ത വിശകലനം താരതമ്യേന മൂര്‍ത്തമായിത്തന്നെ നടത്താന്‍ കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിലാണ് മാര്‍ക്സും എംഗല്‍സും ജീവിച്ചിരുന്നത്. അവര്‍ ഒത്തൊരുമിച്ചാണ് ബൌദ്ധിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. മൌലികമായിത്തന്നെ അത് ഒരു സംഘപ്രവര്‍ത്തനമായിരുന്നു. എന്നാല്‍, നവലിബറലിസം നമ്മുടെ സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ മാര്‍ക്സിന്റെ കാലത്തേതിനേക്കാള്‍, സംഘടിതമായ ബൌദ്ധികാന്വേഷണം നടത്തിയാല്‍ മാത്രമേ പ്രതിസന്ധി മുറിച്ചുകടക്കാനാവൂ. എന്നാല്‍, അത്തരം കൂട്ടായ ശ്രമങ്ങള്‍ക്ക് തുരങ്കംവെയ്ക്കാന്‍, മാധ്യമങ്ങളിലൂടെ നടക്കുന്ന 'താരവല്‍ക്കരണ'ത്തിന് കഴിയുന്നില്ലേ.

വര്‍ഗരഹിത സമൂഹത്തില്‍നിന്ന് വര്‍ഗവിഭജിത സമൂഹത്തിലേക്ക് കടക്കുമ്പോള്‍ വലിയ സംഘര്‍ഷം സമൂഹം അനുഭവിച്ചിട്ടുണ്ട്. പക്ഷേ, അടിമ- ഉടമ സമൂഹത്തില്‍ ആ സംഘര്‍ഷത്തിന്റെ ആഘാതം അടയാളപ്പെടുത്താന്‍ അടിമക്കോ ഉടമക്കോ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ആധുനിക സമൂഹം വ്യത്യസ്തമാണ്. നാടുവാഴിത്തത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തിലാണ് ഈ പിടച്ചില്‍ നാം കൃത്യമായി അടയാളപ്പെടുത്താന്‍ തുടങ്ങിയത്. ഇതിന്റെ ഏറ്റവും വലിയ സര്‍ഗാത്മകമായ അടയാളമാണ് വൈലോപ്പിള്ളിയുടെ 'യുഗപരിവര്‍ത്തനം' എന്ന കവിത. അരനൂറ്റാണ്ടുമുമ്പെഴുതിയ ഈ കവിത നിശ്ശബ്ദമായ ഒരു നിലവിളിയാണ്.

"മുമ്പ് നാം സ്നേഹിച്ചവ-
രകന്നോ, മൃതിപെട്ടോ,
വന്‍ പകയോടെ ചേരി
മാറിയോ പൊയ്പോകുന്നു.
ക്ഷുബ്ധമായ്, കലുഷമായ്
പ്രവഹിക്കുന്നു കാലം.''

നാടുവാഴിത്തത്തിന്റെയും മുതലാളിത്തത്തിന്റെയും കടമ്പകള്‍ വ്യത്യസ്തമാണ്. ഒന്ന് വളരെ പതുക്കെയാണ്. വൈലോപ്പിള്ളി തന്നെ പറയുന്നുണ്ട്. " അന്തിയുണ്ട് പഴങ്ങള്‍ തന്‍ മാംസം, മന്ദമന്ദം നുണഞ്ഞതിന്‍ ശേഷം'' നമുക്ക് സങ്കല്പിക്കാന്‍ കഴിയാത്തവിധം ഭക്ഷണമൊക്കെ വളരെ ആസ്വദിച്ച് കഴിക്കുന്ന അവസ്ഥ ഇതിലുണ്ട്. ആ അവസ്ഥ മാറുമ്പോള്‍ ഒരു വ്യക്തി അനുഭവിക്കുന്ന പിടച്ചിലാണ് വൈലോപ്പിള്ളി അവതരിപ്പിക്കുന്നത്. മരണം എന്നത് വലിയ മുറിവായി ഇതില്‍ വരുന്നുണ്ട്. നാടുവാഴിത്ത സമൂഹത്തിലെ മരണത്തെക്കുറിച്ച് തകഴി 'രണ്ടിടങ്ങഴി'യുടെ ആമുഖത്തില്‍ പറയുന്നുണ്ട്. ആ സമൂഹത്തില്‍ കണ്ണീരിന് പുറകില്‍ ഒരു മൂലധനതാല്പര്യമുണ്ട്. തന്തപ്പുലയന്‍ ഒരു കാര്‍ഷിക സര്‍വകലാശാല തന്നെയാണ്. തന്തപ്പുലയന്റെ മരണം ജന്മിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. ജന്മിക്ക് കൃഷിയെ സംബന്ധിച്ച അറിവോ അനുഭവമോ ഇല്ല. അതിന്റെ മൊത്തം സൂക്ഷിപ്പുകാരന്‍ തന്തപ്പുലയനാണ്. അങ്ങനെയൊരാളാണ് മരിച്ചുപോകുന്നത്. അതിന്റെ സങ്കടവും സംഘര്‍ഷവുമാണ് തകഴി ആവിഷ്കരിക്കുന്നത്. അതോടെയാണ് മരണം വല്ലാത്തൊരു മുറിവായിത്തീരുന്നത്. അതുപോലെ ചേരിമാറിപ്പോവുക, പരസ്പരം ശത്രുക്കളായിത്തീരുക. അതും സങ്കടകരമാണ്.

നേരത്തേ ഇല്ലാതിരുന്ന ഒരുപാട് പ്രവണതകള്‍ പരിവര്‍ത്തനഘട്ടത്തില്‍ അനിവാര്യമാണ്. പ്രവണതകള്‍ തമ്മില്‍ ഏറ്റുമുട്ടും. അതില്‍ പ്രബലമായിട്ടുള്ളവ തുടരും. അതിന്റെ ഭാഗമായി വ്യക്തിയുടെ അകത്തും വലിയ സംഘര്‍ഷങ്ങളുണ്ടാകും. നാടുവാഴിത്തത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനമുണ്ടായതുപോലെ, മുതലാളിത്തവളര്‍ച്ചയുടെ ഘട്ടത്തിലാണ് സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് വലിയ തിരിച്ചടിയേല്‍ക്കുന്നത്. എന്നാല്‍, മുതലാളിത്തം തകര്‍ച്ചയെ അതിജീവിച്ച് മുന്നേറുന്നു. നവസാമ്രാജ്യത്വം പുത്തന്‍ ആധിപത്യരൂപങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അതിനോടുള്ള ചെറുത്തുനില്‍പ്പ് വേണ്ടത്ര ശക്തിപ്പെടുന്നില്ല. ഈയൊരു സംഘര്‍ഷത്തിലാണ് ഓരോ വ്യക്തിയും അകപ്പെടുന്നത്.

"ഇനി പഴയതുപോലുള്ള സാമൂഹ്യപ്രവര്‍ത്തനം ഒരു തരത്തിലും പ്രയോജനം ചെയ്യില്ല. നിരവധി പരിമിതികളിലൂടെ കടന്നുവന്ന മുതലാളിത്തം തന്നെയാണ് ആത്യന്തികമായി ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ പോകുന്നത്. വ്യക്തികളുടെയും ജനാധിപത്യത്തിന്റെയും സാക്ഷാല്‍ക്കാരം അവിടെയാണുള്ളത്''- ഇങ്ങനെയെല്ലാം കരുതുമ്പോള്‍ ഒരു അരാഷ്ട്രീയവാദി ഉണ്ടാകുന്നു. നേരത്തേ സൂചിപ്പിച്ച നവലിബറല്‍ പശ്ചാത്തലം വ്യക്തികളെ പലതരത്തിലുള്ള പ്രതിലോമ നിഗമനങ്ങളിലെത്തിച്ചേരാന്‍ പ്രേരിപ്പിക്കുന്നു. ഇത് സംഘടനകളിലും വലിയതോതിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നാടുവാഴിത്തത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തേക്കാള്‍ അമ്പരപ്പിക്കുന്നതും അപ്രതീക്ഷിതവുമാണിത്.

ഈ പരിവര്‍ത്തനത്തിന് ധനാത്മകവും ഋണാത്മകവുമായ വശങ്ങളുണ്ട്. മാറാരോഗം ബാധിച്ചവര്‍, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവര്‍, ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവരെക്കുറിച്ചെല്ലാമുള്ള നിലപാടിന് ഇന്ന് വലിയതോതില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. അവരെക്കുറിച്ചെല്ലാമുള്ള പരമ്പരാഗതധാരണകള്‍ക്ക് ഇനിയും തുടരാനാവില്ല. "പാപംചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന യേശുവചനം അന്ന് വിപ്ളവകരമായിരുന്നു. എന്നാല്‍, ഇന്ന് പാപിയായ മഗ്ദലനമറിയം എറിയാന്‍ തുടങ്ങിയിരിക്കുന്നു. മറിയത്തിന് എറിയാന്‍ രണ്ടു കൈ മതിയാവില്ല. ഈ തിരിച്ചറിവുണ്ടാക്കുന്നത് പുതിയ പശ്ചാത്തലമാണ്. അതുകൊണ്ട് നളിനി ജമീലയുടെ ആത്മകഥ ഒരു പാഠപുസ്തകമാവുന്നതില്‍ ഇന്ന് വലിയ അത്ഭുതത്തിനവകാശമില്ല. അതുപോലെത്തന്നെ നമ്മുടെ നാടുവാഴിത്ത മുതലാളിത്ത കാഴ്ചപ്പാടനുസരിച്ച് ഏകഭാര്യാ ബന്ധവും അതിലുണ്ടാകുന്ന കുട്ടികളും എന്നതാണ് നീതി. ഇതിനുപുറത്തുള്ള കുട്ടികളെ പരിഗണിച്ചിരുന്നില്ല. എന്നാല്‍, യഥാര്‍ഥത്തില്‍ പരിഗണന കിട്ടേണ്ടത് ഇത്തരം കുട്ടികള്‍ക്കാണ്. കൃത്യമായ കുടുംബബന്ധത്തിനുള്ളിലുള്ള കുട്ടിക്ക് ചരിത്രപരമായ തുടര്‍ച്ച നല്‍കുന്ന വലിയൊരു സ്ഥാനമുണ്ട്. എന്നാല്‍ പ്രത്യക്ഷത്തില്‍ അച്ഛനില്ലാത്ത കുട്ടി വലിയ തോതിലുള്ള പീഡനം ഏറ്റുവാങ്ങിയാണ് ജീവിക്കുന്നത്. എന്നാല്‍ ആ തെറ്റ് കുട്ടിചെയ്തതല്ല. ഈ തിരിച്ചറിവ് ഇന്നത്തെ സമൂഹത്തിനുണ്ട്. 'അവിവാഹിതകളായ അമ്മമാര്‍' എന്ന പ്രയോഗം ആ അര്‍ഥത്തിലാണ് മനസ്സിലാക്കേണ്ടത്. പഴയ മൂല്യബോധത്തില്‍ കുടുങ്ങിപ്പോയ ആളുകള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയണമെന്നില്ല.

ഇങ്ങനെ നിരവധി പ്രവണതകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നേരത്തേ ഒരു രാഷ്ട്രീയ സംവാദത്തില്‍ പറഞ്ഞ ഉദാഹരണം പറയാം. എന്റെ അനുഭവത്തില്‍ പഴയ മീന്‍കാരന്‍ ആരും അടുത്തുപോകാന്‍ മടിക്കുന്ന മീന്‍കൊട്ട തലയിലേറ്റി ചാറൊലിപ്പിച്ച് നടക്കുന്ന ഒരാളാണ്. അയാള്‍ വൈകുന്നേരം കുളി കഴിഞ്ഞ് വന്നാല്‍പ്പോലും മീന്‍കാരന്‍ എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുമായിരുന്നു. എന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ നാം കാണുന്നത്, സൈക്കിളിന്റെ പുറകില്‍ മീന്‍കൊട്ടയുമായി വരുന്ന മീന്‍കാരനെയാണ്. ആദ്യത്തെയാള്‍ കൂക്കിവിളിച്ചാണ് വരികയെങ്കില്‍ രണ്ടാമത്തെയാള്‍ സൈക്കിള്‍ബെല്ലടിച്ചാണ് വരിക. ഇപ്പോഴാകട്ടെ മോട്ടോര്‍ സൈക്കിളിലാണ് മീന്‍കാരന്‍ വരുന്നത്. ബൈക്കിന്റെ ഹോണ്‍ മുഴക്കിയാണ് അയാള്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്. ഇന്ന് മീന്‍കാരനുമായി സൌഹൃദം പങ്കുവയ്ക്കാന്‍ സമൂഹത്തിന് മടിയില്ല. കുറേക്കൂടി വികസിച്ച രാജ്യങ്ങളില്‍, മത്സ്യത്തൊഴിലാളി ഒരു ഓപ്പറേഷന്‍ തീയറ്ററിലെ സര്‍ജന് തുല്യമാണ്. ടെക്നോളജിയുടെ വികാസം തന്നെയാണ് ഇതിന് കാരണം. ഇത്തരത്തില്‍ ഗുണപരമായ പല മാറ്റങ്ങളും നമ്മുടെ കാലത്ത് സംഭവിക്കുന്നുണ്ട്. അതേസമയം നിരവധി പ്രതിലോമ പ്രവണതകളുമുണ്ട്. ഇവ തമ്മില്‍ സംഘര്‍ഷത്തിലാണ്. ഈ സംഘര്‍ഷം അതിനെത്തന്നെ മുറിച്ചുകടക്കാന്‍ കഴിയുന്ന ഊര്‍ജത്തെ ഉല്‍പ്പാദിപ്പിക്കും. വ്യത്യസ്ത പ്രവണതകള്‍ തിളച്ചുമറിയുന്ന ഒരു പശ്ചാത്തലത്തിലാണ് നമ്മള്‍ ഉള്ളത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ടികള്‍, സാംസ്കാരിക സംഘടനകള്‍, കുടുംബങ്ങള്‍, വ്യക്തികള്‍ ഇതിന്റെയൊക്കെ അകത്ത് ഒരുപാട് പ്രശ്നങ്ങളുണ്ട്. ആധുനികതയിലേക്കവണ്ടത്ര ഉണര്‍ന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ഉല്‍ക്കണ്ഠകള്‍ അവരനുഭവിക്കേണ്ടിവരില്ല. മരിച്ചോ മോഹാലസ്യപ്പെട്ടോ കിടക്കുന്ന ഒരവസ്ഥയാണിത്. ഉണര്‍ന്നിരിക്കുന്ന ഒരാള്‍ വേദനാജനകമായ സംഘര്‍ഷങ്ങളിലൂടെ കടന്നുപോയേ പറ്റൂ. ഇതിനെ അഭിമുഖീകരിക്കുകയല്ലാതെ മറ്റ് വഴികളില്ല. അതുകൊണ്ട് ആളുകള്‍ തമ്മില്‍ ഇനിയും കൂടിച്ചേരുകയും പിരിയുകയും ചെയ്യും. അതെത്ര വേദനാജനകമാണെങ്കിലും.
അതേസമയം വിശകലനത്തിന്റെയും വിമര്‍ശനത്തിന്റെയും വാതിലുകള്‍ ഒരിക്കലും അടച്ചുവയ്ക്കരുത്. അത് അടഞ്ഞുകഴിഞ്ഞാല്‍ നാം ഇതിലും വലിയൊരു പ്രതിസന്ധിയില്‍ ചെന്നുചേരും.

? സത്യത്തില്‍ അങ്ങനെയൊരു പ്രതിസന്ധി ഇപ്പോഴില്ലേ.

തീര്‍ച്ചയായും ഉണ്ട്. ആ പ്രതിസന്ധിയിലൂടെയാണ് നമ്മളെല്ലാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ഉത്സവങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് വീണ്ടും

?ഇത്തരമൊരു പ്രതിസന്ധി മാഷ്ടെ കാര്യത്തില്‍ കുറേക്കൂടി തീക്ഷ്ണമാണെന്ന് കരുതേണ്ടിവരും. പ്രഭാഷണങ്ങളിലും പ്രതികരണങ്ങളിലും അഭിമുഖങ്ങളിലും ഏറെ തുറന്ന സമീപനം സൂക്ഷിക്കുന്ന താങ്കളെ ഒരു 'വിവാദപുരുഷ'നാക്കാനാണ് അടുത്ത കാലത്തെല്ലാം ശ്രമം നടന്നിട്ടുള്ളത്. സംവാദത്തിന്റെ വഴികളാണ് മാഷ് തുറക്കാന്‍ ശ്രമിക്കുന്നതെങ്കിലും അത്തരം ഇടങ്ങളൊന്നും ഫലപ്രദമായി ഉപയോഗിക്കപ്പെട്ടതായി അറിവില്ല. മതവിശ്വാസികളും അല്ലാത്തവരും തമ്മിലുള്ള ഐക്യത്തെക്കുറിച്ച്, ന്യൂനപക്ഷങ്ങളും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മിലുള്ള ഐക്യത്തെക്കുറിച്ച് -ഇതൊക്കെയാണ് താങ്കള്‍ മുന്നോട്ടുവച്ച ആശയങ്ങള്‍. എന്നാല്‍ ഇതൊക്കെ മതമൌലികവാദമായും മതഭ്രാന്തായുമാണ് വിലയിരുത്തപ്പെട്ടത്. ഈ പ്രതിസന്ധിയെ ഏങ്ങനെ മനസ്സിലാക്കാം.

ഒരു മൂര്‍ത്തമായ ഉദാഹരണത്തില്‍നിന്ന് തന്നെ തുടങ്ങട്ടെ. ഈയടുത്തകാലത്ത് ഉത്സവങ്ങളെക്കുറിച്ചുള്ള ഒരു കാര്യം ഞാന്‍ മുന്നോട്ട് വച്ചു. അതില്‍ പ്രധാനമായും പറയാനുദ്ദേശിച്ച കാര്യങ്ങളെ ഒന്ന് ക്രോഡീകരിക്കാന്‍ ശ്രമിക്കാം:

(ഒന്ന്) ഓരോ മതക്കാര്‍ക്കും അവരുടേതായ ഉത്സവങ്ങളുണ്ട്. അവ ഒരു മതത്തിനകത്തെ ആബാലവൃദ്ധം ജനങ്ങളെയും അതിനകത്ത് ഐക്യപ്പെടുത്താനുള്ള ശ്രമമാണ്. ആ അര്‍ഥത്തില്‍ ഉത്സവങ്ങള്‍ ഒരു തരത്തിലുള്ള മതപാഠ്യപദ്ധതിയാണ് എന്ന് പറയാം. മതനിരപേക്ഷ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ രണ്ട് കാര്യങ്ങളേ ചെയ്യാനാകൂ. ഒന്നുകില്‍ നിലവിലുള്ള മതാത്മക ഉത്സവങ്ങളെ പരമാവധി മതേതരമാക്കുക. അല്ലെങ്കില്‍ മതനിരപേക്ഷമായ മറ്റ് ഉത്സവങ്ങള്‍ വികസിപ്പിച്ചെടുക്കുക. ഉദാഹരണമായി മെയ്ദിനത്തെ തൊഴിലാളി വര്‍ഗത്തിന്റെ ഉത്സവമാക്കി മാറ്റാവുന്നതാണ്.

എന്റെ അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഞാനിക്കാര്യം മുന്നോട്ടുവച്ചത്. ഞാനൊരു മുസ്ളിം കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. തികച്ചും മുസ്ളിം പശ്ചാത്തലമുള്ള മുസ്ളിംവിശ്വാസികളുള്ള കുടുംബമായിരുന്നു എന്റേത്. ഒരുകാലത്ത് ഞങ്ങളുടെ വീട്ടിലും പരിസരത്തും മുസ്ളിങ്ങള്‍ പെരുന്നാളും അതുപോലുള്ള ഉത്സവങ്ങളും ആഘോഷിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ പലരും വാദിക്കുന്നതുപോലെ മുസ്ളിം പശ്ചാത്തലമുള്ള വീടുകളില്‍ ബക്രീദ് ആഘോഷിക്കുന്നതുപോലെ ക്രിസ്മസോ ഓണമോ ആഘോഷിച്ചിരുന്നതായി എനിക്ക് ജീവിതത്തില്‍ ഒരനുഭവമില്ല. ഈ അനുഭവത്തിന്റെ സത്യസന്ധതയില്‍നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. രണ്ടാമത്തെ കാര്യം പില്‍ക്കാലത്ത് എന്റെ ജീവിതത്തില്‍ വികസിച്ചുവന്ന മതരഹിത പശ്ചാത്തലമാണ്. ആ സന്ദര്‍ഭത്തില്‍ സ്വാഭാവികമായും മതപരമായ ഉത്സവങ്ങളുമായുള്ള ബന്ധം വിഛേദിക്കേണ്ടി വന്നു.

മതപരമായ ഏതൊരുത്സവത്തിനും അതിന്റേതായ അനുഷ്ഠാനങ്ങളുണ്ട്. അനുഷ്ഠാനബാഹ്യമായ ആഹ്ളാദങ്ങളുമുണ്ട്. നല്ല ഭക്ഷണവും ആളുകളുടെ വിരുന്നുവരവും മറ്റും അനുഷ്ഠാനബാഹ്യമായ ആഹ്ളാദത്തിന്റെ ഭാഗമാണ്. പെരുന്നാളിന് ഞാന്‍ കുടുംബസമേതം എന്റെ വീട്ടില്‍ പോകുകയും അനുഷ്ഠാന ബാഹ്യമായ ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. അതേസമയം ഓണത്തിന് ഞങ്ങള്‍ സബിതയുടെ വീട്ടില്‍ പോവുകയും അനുഷ്ഠാനേതരമായ ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്യും. എന്റെ ജീവിതപശ്ചാത്തലത്തിന്റെ വെളിച്ചത്തിലാണ് ഉത്സവങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ മുന്നോട്ടുവച്ചത്. പക്ഷേ വളരെ പ്രബുദ്ധരായ പലരും അതിനെ സങ്കുചിതമായാണ് കണ്ടത്. ഇതേ സന്ദര്‍ഭത്തിലാണ് മെയ്ദിനം ആഘോഷിക്കാന്‍ ഞങ്ങള്‍ ഒരുശ്രമം നടത്തിയത്. അന്ന് ഞങ്ങള്‍ ഒരു ലൈന്‍ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. മെയ്ദിനത്തില്‍ നല്ല ഭക്ഷണമൊക്കെ തയ്യാറാക്കി, അടുത്ത വീട്ടുകാര്‍ക്കും മറ്റും നല്‍കി. 'ഇന്നെന്താ ജന്മദിനമാണോ?' എന്നൊക്കെ അവര്‍ ചോദിച്ചു. അല്ല ഇന്ന് മെയ്ദിനമാണ്. ലോകതൊഴിലാളിദിനമാണ് എന്നിങ്ങനെയുള്ള വിശദീകരണങ്ങള്‍നല്‍കും. ചെറിയതോതിലുള്ള ഒരു ഇടപെടല്‍. മെയ്ദിനം സാര്‍വദേശീയ ഉത്സവമാണ്. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും പങ്കെടുക്കാം. ഇങ്ങനെ ഒരു വാദമുയര്‍ത്തുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്: "ഇങ്ങനെ കൃത്രിമമായി ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതാണോ ഉത്സവം?'' എന്നതാണ് അതിലൊന്ന്. തീര്‍ച്ചയായും സത്യസന്ധമായ ഒരു ചോദ്യമാണിത്. എന്റെ നിരീക്ഷണം ഇതാണ്.

എല്ലാ ഉത്സവങ്ങളും ചരിത്രത്തിന്റെ പ്രത്യേകസന്ദര്‍ഭത്തില്‍ ഉയര്‍ന്നുവന്നതാണ്. അതുപോലെ മെയ്ദിനത്തെ ഒരുത്സവമാക്കി മാറ്റിയെടുക്കാന്‍ ബോധപൂര്‍വം ശ്രമിച്ചാല്‍ മതി. ആ ശ്രമം വേണമെന്ന് പറയാന്‍ മാത്രമാണ് 'ഉത്സവങ്ങളുടെ രാഷ്ട്രീയം' എന്ന ലേഖനത്തില്‍ ഞാന്‍ ശ്രമിച്ചത്. അത്തരത്തില്‍ മനസ്സിലാക്കുന്നതിന് പകരം 'ഹിന്ദുക്കളുടെ ഓണത്തെ ശരിപ്പെടുത്താന്‍ ഇതാ ഒരാള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു' എന്നും മറ്റുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തപലരും പറഞ്ഞത്. ഇത്തരത്തില്‍ കാര്യങ്ങളെ ലളിതവല്‍ക്കരിക്കുമ്പോള്‍ ലേഖനത്തില്‍ ഞാന്‍ പരാമര്‍ശിച്ച മറ്റൊരു കാര്യംകൂടിയാണ് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്: ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള അനുഷ്ഠാനങ്ങള്‍ ദേശീയതയുടെ അസംസ്കൃത പദാര്‍ഥങ്ങളാണ്. ആ അര്‍ഥത്തില്‍ ഹിന്ദുക്കളും മുസ്ളിങ്ങളും ക്രിസ്ത്യാനികളുമൊക്കെ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാണ്. ഒരു ഉത്സവത്തിന് മാത്രം ദേശീയപദവി നല്‍കുകയും മറ്റുള്ളവയെ തഴയുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തഴയപ്പെടുന്നത് വാഴ്ത്തപ്പെടുന്ന ആ നാനാത്വത്തില്‍ ഏകത്വമാണ്. അതോര്‍ത്താണ് സത്യത്തില്‍ ജനാധിപത്യവാദികള്‍ അസ്വസ്ഥരാകേണ്ടത്. കാരണം ദേശീയതയുടെ ഭാഗമായ ന്യൂനപക്ഷങ്ങള്‍ കേവലം സംരക്ഷണം മാത്രം കാംക്ഷിച്ച് എക്കാലത്തും കഴിയണമെന്നാഗ്രഹിക്കുന്നത് മൌഢ്യമാണ്. അവര്‍ കര്‍തൃത്വ പദവിയിലേക്കുയരാന്‍ തുടങ്ങിയിരിക്കുന്നു. ഈയൊരു ആശയം അവതരിപ്പിച്ചതിന്റെ പേരില്‍ മാധ്യമങ്ങളുടെ ഇടയിലും സമൂഹത്തിലെ ഒരു വിഭാഗത്തിനിടയിലും എന്നെ സങ്കുചിതതാല്പര്യമുള്ള ഒരാളാക്കാന്‍ ഒരു ശ്രമം നടന്നെങ്കിലും ഞാനുള്‍ക്കൊള്ളുന്ന സംഘടന ഒരു പ്രമേയമായി ഈ ആശയം ആവര്‍ത്തിച്ചവതരിപ്പിച്ചുകൊണ്ട് അതിനെ നേരിടുകയാണുണ്ടായത്. 'ദളിത് ന്യൂനപക്ഷങ്ങളുടെ ഉത്സവങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ദേശീയപദവിക്കര്‍ഹതയുണ്ട്' എന്നായിരുന്നു ആ പ്രമേയം. നമ്മുടെ മാധ്യമങ്ങളില്‍ സര്‍വ്വ ഉത്സവങ്ങള്‍ക്കും ജാതിമത പരിഗണനയന്യേ ദേശീയപദവി നല്‍കണമെന്ന് പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരെ വന്ന പതിനായിരം തെറിവിളികളേക്കാള്‍ വലുതാണ് ഈ പ്രമേയം എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, ഈ പ്രമേയത്തോട് ആരും വലിയതോതില്‍ പ്രതികരിച്ചില്ല. പക്ഷേ, ആ നിശ്ശബ്ദതയിലും ഗൂഢമായ ഒരു പ്രതികരണമുള്ളതായാണ് ഞാന്‍ കാണുന്നത്. ഒന്നുകില്‍ തെറ്റ് തിരുത്തി എന്നാലത് തുറന്ന് പറയാന്‍ കെല്‍പ്പില്ലാതെ ചിലര്‍ സ്വയം പിന്‍വാങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ ചിലര്‍ കഠിനമായ മൌനം പാലിച്ച് സംവാദത്തെതന്നെ അടച്ചുകളയാന്‍ കഴിയുമെന്ന് വ്യാമോഹിക്കുന്നു.

ആ ലേഖനത്തില്‍ ഞാന്‍ മറ്റൊരു കാര്യംകൂടി ഉന്നയിക്കുകയുണ്ടായി. കേരളീയസമൂഹത്തെക്കുറിച്ചുള്ള കുറേക്കൂടി ഉയര്‍ന്ന ഒരു കാഴ്ചപ്പാടാണ് ഞാന്‍ മുന്നോട്ടുവച്ചത്. എന്നാല്‍, വളരെ താഴ്ന്ന തട്ടില്‍ നിന്നാണ് പലരും അതിനെ നോക്കിക്കണ്ടത്. 'ഞങ്ങള്‍ ഓണത്തിന് ദാമോദരന്‍നായരുടെ വീട്ടില്‍ നിന്ന് പായസം കുടിക്കാറുണ്ട്'എന്നും മറ്റും പറഞ്ഞുകൊണ്ടാണ് ചിലര്‍ ഓണത്തിന്റെ മതനിരപേക്ഷ അടിത്തറയെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. എന്തൊരു ബാലിശമാണിത്!ഓണത്തിന്മാത്രമല്ല മറ്റുള്ള അവസരങ്ങളിലും ദാമോദരന്‍ നായരുടെ വീട്ടില്‍നിന്ന് ചായകുടിക്കാറുണ്ട്. അതൊരു ജനാധിപത്യസമൂഹത്തില്‍ എപ്പോഴും നടക്കുന്നതാണ്. സൌകര്യപ്പെടുമെങ്കില്‍ എപ്പോഴും നടക്കേണ്ടതാണ്. ഇതൊരു അസാധാരണകാര്യമായി അവതരിപ്പിക്കുന്നത് ആശയപരമായ പാപ്പരത്തത്തെയാണ് കാണിക്കുന്നത്. ജനാധിപത്യത്തിനകത്തെ ഒരു മതനിരപേക്ഷ സമൂഹമെന്ന നിലയിലാണ് ഞാന്‍ കേരളത്തെക്കുറിച്ച് കുറേക്കൂടി ഉയര്‍ന്ന ഒരു കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നത്. ജാതിരഹിതവും മതനിരപേക്ഷവുമായ ഒരു ആധുനിക ജനാധിപത്യകേരളം എന്നൊരു കാഴ്ചപ്പാടാണ് ഈ അവതരണത്തിന് പിന്നിലുള്ളത്. അതായത് ജാതിക്കും മതത്തിനുമപ്പുറത്ത് ആളുകള്‍ ഒന്നിച്ചുനില്‍ക്കുകയും വിവാഹം ചെയ്യുകയും രണ്ട് മതക്കാര്‍ ഒരു വീട്ടില്‍ കഴിയുകയും ചെയ്യുന്ന ഒരു കാലത്തെയാണ് നാം ഇനി വിഭാവനം ചെയ്യേണ്ടത്. കേരളത്തില്‍ ജാതിരഹിത മതനിരപേക്ഷ സങ്കല്പം ഓണത്തിന്റെ ദിവസം മുസ്ളീമായ അയല്‍വാസി ദാമോദരന്‍നായരുടെ വീട്ടില്‍പ്പോയി പായസം കുടിക്കുന്നതോടെ സ്തംഭിച്ചുപോകേണ്ട ഒന്നല്ല. നമ്മുടെ നാട്ടില്‍ ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഹോട്ടലുകളില്ല. അങ്ങിനെയുള്ള പലചരക്ക് കടകളുമില്ല. അവയെല്ലാം മതനിരപേക്ഷതയുടെ മാതൃകയാണ് എന്ന് പറയുന്നതില്‍ ഒരു കമ്പോളയുക്തിയുണ്ട്. ഈ കമ്പോളയുക്തിക്കുമപ്പുറമുള്ള ഒന്നാണ് ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചത്. കെ ഇ എന്‍ വര്‍ഗീയമായിക്കണ്ടു എന്ന്പറഞ്ഞവര്‍ എല്ലാ ഉത്സവങ്ങള്‍ക്കും ദേശീയപദവി നല്‍കണമെന്ന പു കാ സ പ്രമേയം വന്നതോടെ ഇനിയവര്‍ പു കാ സയുടെ മേലും വര്‍ഗീയതയുടെ സീല്‍ കുത്തുമോ എന്നു മാത്രമാണ് നമുക്ക് അറിയാനുള്ളത്.

ഞാനുന്നയിച്ച വാദത്തിലെ മാനവികതയെ കമ്പോളയുക്തികൊണ്ട് പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. എന്നാല്‍, എന്റെ പ്രബന്ധത്തോട് സംവാദാത്മകമായി പ്രതികരിച്ചവരുമുണ്ട്. ഓണത്തിന് നിരവധി പാഠഭേദങ്ങളുണ്ട് എന്ന കാര്യം ചിലര്‍ ചൂണ്ടിക്കാട്ടി. അതെന്റെ പ്രബന്ധത്തോട് കൂട്ടിച്ചേര്‍ക്കേണ്ട ഒരു കാര്യമാണ്. എന്റെ പ്രബന്ധത്തില്‍ വേണ്ടത്ര ഊന്നിപ്പറയാത്ത ഒന്നായിരുന്നു അത്.

? മാധ്യമങ്ങളെക്കുറിച്ചാണ് നാം സംസാരിച്ചു തുടങ്ങിയത്. അതിനിടയില്‍ ഉത്സവങ്ങളെക്കുറിച്ചുള്ള താങ്കളുടെ ലേഖനത്തില്‍ ചര്‍ച്ച ഒതുങ്ങിപ്പോയോ എന്നൊരു സംശയം. ഏതായാലും പറഞ്ഞ കാര്യങ്ങളെല്ലാം പ്രസക്തംതന്നെ. നമുക്ക് മാധ്യമങ്ങളിലേക്ക് തിരിച്ചുവരാം. താങ്കള്‍ തന്നെ ഇപ്പോള്‍ സൂചിപ്പിച്ചതുപോലെ സ്വന്തം ജീവിതപശ്ചാത്തലത്തില്‍, സത്യസന്ധമായി അവതരിപ്പിച്ച ഒരു വിഷയത്തെ എങ്ങനെയാണ് മാധ്യമങ്ങള്‍ വിവാദവ്യവസായത്തിനുള്ള അസംസ്കൃത വസ്തുവാക്കിത്തീര്‍ത്തത് എന്ന് നാം കണ്ടു. നവോത്ഥാനമൂല്യങ്ങളില്‍ ഒരു കുതിപ്പുണ്ടാക്കുന്നതിന് പകരം 'കെ ഇ എന്‍ ഓണത്തപ്പോലും വര്‍ഗീയമാക്കി' എന്ന നിഗമനത്തിലെത്താനാണ് ചിലര്‍ ഒരു കൂട്ടം മാധ്യമങ്ങള്‍വഴി ചര്‍ച്ചയെ ഉപയോഗിച്ചത്. കുറച്ചുകാലം മുമ്പ് ഇത്തരമൊരു അവസ്ഥയുണ്ടായിരുന്നില്ല. താങ്കളെപ്പോലുള്ളവര്‍ ക്ളാസ്റൂമുകളിലും സംഘടനാചര്‍ച്ചകളിലും പുസ്തകങ്ങളിലും വിതറിയ ആശയങ്ങളില്‍ ഊര്‍ജം നേടിയ ഒരു തലമുറയാണ് ഞങ്ങളുടെത്. വിദ്യാര്‍ഥി- യുവജന സംഘടനകളില്‍ മാഷ് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടല്‍ വളരെ ഫലപ്രദമാണ് എന്ന് തോന്നിയ ഒരാളാണ് ഞാന്‍. ഒരു സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലക്കുള്ള കര്‍തൃപദവിയിലേക്കുയരാന്‍ പുതിയ മാധ്യമപരിസരം താങ്കള്‍ക്ക് അവസരം നല്‍കുന്നുണ്ടോ.

ഏറ്റവും സജീവമായ സംഘടന തന്നെയാണ് ഏറ്റവും ഉജ്വലമായ മാധ്യമം. ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടാകുന്ന പരിണാമങ്ങളില്‍പ്പോലും സംഘടന ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ചരിത്രത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും എല്ലാ വ്യക്തികളും അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. അതിന്റെ സ്വഭാവത്തിലും തീവ്രതയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാമെന്ന് മാത്രം.

ഒരുദാഹരണം പറയാം. കുട്ടിക്കാലത്തുതന്നെ, മതജീവിതം എന്നില്‍ ഒരസ്തിത്വപ്രശ്നം സൃഷ്ടിച്ചിരുന്നു. എന്റെ മതത്തില്‍പെടാത്ത ഒരാള്‍, ഏത് തരത്തിലാണ് വ്യത്യസ്തനായിരിക്കുന്നത്? ഞാന്‍ പഠിച്ച മതപാഠങ്ങളനുസരിച്ച് മരണാനന്തരം എന്നെ കാത്തിരിക്കുന്നത് സ്വര്‍ഗമാണ്. എന്റെ കൂട്ടുകാരനായ ഇതര മതസ്ഥനെ മരണാനന്തരം കാത്തിരിക്കുന്നത് ഒരു നരകമാണ് എന്ന് കരുതാന്‍ എന്ത് യുക്തിയാണുള്ളത്? പ്രത്യേകിച്ചും അവര്‍ എന്നെക്കാള്‍ നല്ലവരായിരിക്കെ ആശയപരമായ ഒരു കലക്കം ഇക്കാര്യത്തില്‍ കുട്ടിക്കാലം മുതല്‍തന്നെ ഞാനനുഭവിച്ചിരുന്നു. ഇത് ഒരുപക്ഷേ എല്ലാ കുട്ടികളിലും ഉള്ളതായിരിക്കും. പക്ഷെ ഈ അസ്തിത്വപ്രശ്നത്തെ ഓരോ ജാതിയും മതവും അതിന്റെ സവിശേഷമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അലസിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. ആശയപരമായ ഈ കലക്കത്തെ നാം തിരിച്ചറിയുകയും അതിനെ സൂക്ഷ്മമായി മനസ്സിലാക്കുകയും ചെയ്യുന്നത് ഒരു മതേതര സംഘടനയുമായി മുഖാമുഖം വരുമ്പോഴാണ്. ഞാന്‍ സൂചിപ്പിക്കുന്നത് സാമൂഹിക-രാഷ്ട്രീയ സാംസ്കാരിക സംഘടനകളാണ് സത്യത്തില്‍, നമ്മുടെ അകത്തുണ്ടാകുന്ന അസ്വസ്ഥമായ ചോദ്യങ്ങളെ അതിന്റെ പൂര്‍ണതയിലേക്ക് വളരാന്‍ സഹായിക്കുന്നത്.

അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ഒരുകാലത്ത് ഇത്തരം അസ്വസ്ഥതകള്‍ മനസ്സിനകത്ത് വച്ചുതന്നെ കലങ്ങിപ്പോവുകയാണ് ചെയ്യുന്നത്. അവിടെ ഒരു ചോദ്യംപോലും പിറക്കാത്തവിധം നാം വ്യവസ്ഥയെ സ്വാംശീകരിക്കാന്‍ ശീലിക്കുന്നു. ഇന്ന് ഔപചാരികമായി വളരെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍പോലും വളരെ വ്യവസ്ഥാപിതമായാണ് എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞ ആളുകള്‍ സംഘടനകളില്‍ അംഗങ്ങളായിത്തീരുന്നതോടെ വലിയ നിലയില്‍ ചിന്തിക്കാന്‍ ശേഷിയുള്ളവരായിത്തീരുന്നതും നമുക്ക് കാണാം. സംഘടന മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയാണ് ഇത് കാണിക്കുന്നത്. ഇടത് മതേതര സംഘടനകളെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ 'അറിയാത്ത അനേകായിരങ്ങളുമായി നീ എനിക്ക് സൌഹൃദം നല്‍കി' എന്ന കാവ്യപ്രസ്താവന ഏറെ പ്രസക്തമായിത്തീരുന്നു. ഓരോ മനുഷ്യനും സംഘടനയുമായി ചേരുന്നതോടെ ഒറ്റയ്ക്കല്ലാതായിത്തീരുന്നു. പരമ്പരാഗത സംഘടനകളാണ് മതങ്ങളും ഉത്സവങ്ങളും മറ്റും. അവയെല്ലാം മാധ്യമങ്ങളുമാണ്. അതേസമയം വിദ്യാര്‍ഥിസംഘടന, യുവജനസംഘടന, വായനശാലകള്‍ എന്നിവയെല്ലാം ആധുനികമായ സംഘടനാരൂപങ്ങളും മാധ്യമങ്ങളുമാണ്. പരമ്പരാഗത മാധ്യമങ്ങളും ആധുനിക മാധ്യമങ്ങളും തമ്മിലുള്ള ഒരു സംഘര്‍ഷം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം പുരോഗമന കലാസാഹിത്യസംഘമാണ് എനിക്ക് പാബ്ളോ നേരൂദ പാടിയപോലെ അനേകായിരങ്ങളുമായി സൌഹൃദം തന്നത്. എന്റെ എഴുത്തും പ്രഭാഷണവുമെല്ലാം ഈ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. 'രാഷ്ട്രീയത്തില്‍ ആള്‍ദൈവങ്ങളുണ്ടാവുന്നത്' എന്ന ലേഖനം, എന്റെ സംഘടനാ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ്. എന്നാല്‍ 'ഉത്സവങ്ങളുടെ രാഷ്ട്രീയം' എന്ന ലേഖനം പോലെത്തന്നെ വളരെ ഉപരിപ്ളവമായാണ് ഈ ലേഖനവും ചര്‍ച്ച ചെയ്യപ്പെട്ടത്. ഏതൊരു ജനാധിപത്യ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആര്‍ക്കും മുന്നോട്ട്വയ്ക്കാവുന്ന ഒരാശയമാണ് ഈ ലേഖനത്തിലുണ്ടായിരുന്നത്.

ഇത്തരമൊരാശയാവതരണം ഇന്നത്തെ കാലത്ത് ഏറെ അനിവാര്യമാണ്. നേരത്തേ നാം സൂചിപ്പിച്ചതുപോലെ, സമൂഹത്തിലെമ്പാടും പലതരം പ്രവണതകള്‍ രൂപപ്പെട്ടുവരുന്ന ഒരു കാലമാണിത്. അതോടൊപ്പം സംഘടനകള്‍ക്കകത്തും പല പ്രവണതകളും വളര്‍ന്നുവരുന്നുണ്ട്. അതില്‍ മുമ്പൊന്നുമില്ലാത്തവിധം മാരകമായി വളര്‍ന്നുവരുന്ന ഒരു പ്രവണതയാണ് വ്യക്തിവാദം. ഇത് x/y എന്ന പ്രശ്നമല്ല. ഇതൊരു നിതാന്ത ജാഗ്രതയുടെ പ്രശ്നമാണ്. ഞാനെഴുതിയ പ്രബന്ധം ഒരു പരസ്യമായ ഇടപെടലാണ് എന്നതുകൊണ്ടുതന്നെ, അതില്‍ പലരും ആരോപിക്കുന്നതുപോലെ ഒരു രഹസ്യ അജന്‍ഡയുമില്ല. രഹസ്യ അജന്‍ഡയുള്ളത് ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാത്ത 'പിറുപിറുപ്പ് പ്രചാരണ'ത്തിനാണ്. ഒരു സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലക്ക് അത്തരമൊരു പ്രവര്‍ത്തനത്തിനും ഞാന്‍ മുതിര്‍ന്നിട്ടില്ല. ആഗോള മൂലധനത്തിന്റെ അജന്‍ഡ സംഘടനകളെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്ന വേളയിലാണ് 'ആള്‍ദൈവങ്ങളെ'ക്കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാകുന്നത്. സംഘടനകളില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനാണ് ആഗോളമൂലധനം ശ്രമിക്കുന്നത്. സംഘടനകളെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കുക എന്നതാണ് ഇതിനുള്ള ഒരു വഴി. സംഘടനകളുടെ നയത്തെ ചര്‍ച്ചചെയ്യാതെ അതിലെ ഏതെങ്കിലും വ്യക്തികളെ മുന്‍നിര്‍ത്തി ശരി/തെറ്റ് എന്ന് വാദിക്കുന്നതിലൂടെ സംഘടനകളെ ഇല്ലാതാക്കാന്‍ കഴിയും. ഇത് അരാഷ്ട്രീയവാദമാണ്. ഈ അരാഷ്ട്രീയ വാദത്തെ വെല്ലുവിളിക്കുന്ന ഒരു പ്രബന്ധമാണ് ഞാന്‍ എഴുതിയത്. അത് ഏതൊരു ഇടതുപക്ഷ പ്രവര്‍ത്തകനും വിശകലനം ചെയ്യാന്‍ കഴിയുംവിധം തുറന്നുവച്ചിരിക്കുകയാണ്.

ഇതിനെ മുന്‍നിര്‍ത്തി മൂന്ന് പ്രശ്നങ്ങളാണ് ചില സുഹൃത്തുക്കള്‍ ഉയര്‍ത്തിയത്. (i) സിപിഎം-ന്റെ സംഘടനാപ്രശ്നത്തില്‍ ഒരു സാംസ്കാരിക വിമര്‍ശകന്‍ എന്ന നിലക്ക് കെഇഎന്‍ എന്തിനിടപെടണം, (ii) സിപിഎം-ല്‍ നടക്കുന്ന പ്രശ്നത്തില്‍ കെ ഇഎന്ന് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട സമിതികളില്‍ ഉന്നയിച്ചാല്‍ പോരേ, (iii) സിപിഎം-ല്‍ നടക്കുന്ന സംഘടനാ പ്രശ്നത്തില്‍ കെഇഎന്‍ പരസ്യമായി പക്ഷംചേര്‍ന്നു.

ഇതില്‍ ആദ്യത്തെ പ്രശ്നം പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കാത്തതില്‍ നിന്നുണ്ടാകുന്നതാണ്. കാരണം പുരോഗമന കലാസാഹിത്യസംഘം രാഷ്ട്രീയത്തിനും സംസ്കാരത്തിനുമിടയില്‍ ഒരു വന്മതിലുണ്ട് എന്ന് കരുതുന്നില്ല. അതുകൊണ്ടാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ 'രാഷ്ട്രീയക്കാരായ തെരുവുപിള്ളേര്‍' എന്നും മറ്റും ആദ്യകാലത്ത് ചിലര്‍ വിമര്‍ശിച്ചത്. ഏതൊരു രാഷ്ട്രീയ പ്രശ്നത്തോടും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ പ്രതികരിക്കേണ്ടതുണ്ട്. ഇതാണ് ഒന്നാമത്തെ ചോദ്യത്തോടുള്ള പ്രതികരണം.

? വിശദീകരണം തുടരുന്നതിനിടെ ഒരുകാര്യം ചോദിക്കട്ടെ. സിപിഐ എമ്മിലെ സംഘടനാപ്രശ്നത്തില്‍ ഇടപെട്ടതുകൊണ്ടല്ലേ എം എന്‍ വിജയന്‍മാഷ് മുഖ്യധാരാ ഇടതുപക്ഷത്തുനിന്ന് പുറത്തായത്? ഇക്കാര്യം മാഷ്ക്കും ബാധകമല്ലേ.

ഇക്കാര്യത്തില്‍ എം എന്‍ വിജയന്‍ മാഷിന്റെ ഇടപെടലും എന്റെ ഇടപെടലും സാങ്കേതികമായി സമാനമാണ് എന്ന് ചിലര്‍ വിമര്‍ശിച്ചുകാണാറുണ്ട്. എന്നാല്‍ ഇവ രണ്ടും മൌലികമായിത്തന്നെ വ്യത്യസ്തമാണ്. എം എന്‍ വിജയന്‍മാഷ് പാര്‍ടിയെത്തന്നെ കടന്നാക്രമിച്ചപ്പോള്‍, ഞാന്‍ പാര്‍ടിയിലെ അംഗങ്ങള്‍, പാര്‍ടിയുടെ നയത്തിന് വിധേയമായി പ്രവര്‍ത്തിക്കണം എന്നാണ് പറഞ്ഞത്. വ്യക്തിയുടെ കഴിവുകളും പരിമിതികളും പാര്‍ടിക്ക് കീഴ്പ്പെട്ടിരിക്കണം. ഇത് പാര്‍ടിയെ സംഘടന എന്ന തരത്തില്‍ ശക്തിപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ പാര്‍ടിയെ ശിഥിലമാക്കുന്ന നിലപാടാണ് എം എന്‍ വിജയന്‍മാഷ് സ്വീകരിച്ചത്. വിജയന്‍മാഷ് 'അരവും കത്തിയും' എന്ന ലേഖനമെഴുതിയതിനു ശേഷമാണ് പാര്‍ടിയുമായി നേരിട്ട് സംഘര്‍ഷത്തില്‍ വരുന്നത്. വിജയന്‍മാഷ് ദേശാഭിമാനിയുടെയും പാഠത്തിന്റെയും എഡിറ്ററായി ഒരേസമയം പ്രവര്‍ത്തിച്ചപ്പോള്‍, പുരോഗമന കലാസാഹിത്യസംഘത്തിനകത്ത് ചര്‍ച്ച വന്നു. എന്നാല്‍ അപ്പോഴൊന്നും വിജയന്‍ മാഷ്ക്കെതിരെ ഒരു നീക്കവും പാര്‍ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ ലേഖനത്തില്‍ പാര്‍ടിയെ ശിഥിലമാക്കുന്ന ഒരു നയം വിജയന്‍മാഷ് പരസ്യമായി സ്വീകരിച്ചു.

എന്റെ ലേഖനത്തിലെ ഒരു ന്യൂക്ളിയസ്സ് വാക്യത്തോട് കൃത്യമായും പൊരുത്തപ്പെടുന്ന ഒരാശയം പിന്നീട് പാര്‍ടിയുടെ ഔദ്യോഗിക രേഖകളില്‍ ഉദ്ധരിക്കപ്പെടുകയാണുണ്ടായത്. ഉദാഹരണമായി എകെജി പഠനഗവേഷണകേന്ദ്രം പ്രസംഗകര്‍ക്ക് നല്‍കിയ കുറിപ്പില്‍, പാര്‍ടി സംഘടനയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതില്‍ എന്റെ മേല്‍പ്പറഞ്ഞ ലേഖനത്തിലെ ആശയം ഏറെക്കുറെ ആവര്‍ത്തിക്കുന്നുണ്ട്.

ഇത്രയും പറഞ്ഞത് 'ആള്‍ദൈവങ്ങളുണ്ടാവുന്നത്' എന്ന ലേഖനത്തിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് അടിത്തറയില്ലെന്ന് സൂചിപ്പിക്കാനാണ്. ആ ലേഖനം ഇപ്പോഴും ആര്‍ക്കും വിമര്‍ശന വിധേയമാക്കാവുന്നവിധം തുറന്നുകിടക്കുകയാണ്. 'വിവാദകാലങ്ങളിലെ ആള്‍മാറാട്ടം' എന്ന എന്റെ കൃതിയില്‍ ആ ലേഖനം എടുത്തുചേര്‍ത്തിട്ടുമുണ്ട്. ഈ വിഷയം ഇനിയും പ്രസക്തമായിവരും എന്നാണ് ഞാന്‍ കരുതുന്നത്.

ആഗോളവല്‍ക്കരണകാലത്ത് എല്ലാ വ്യക്തികളെയും ബാധിക്കാനിടയുള്ള ഒരു പകര്‍ച്ചവ്യാധിയാണ് വ്യക്തിവാദം. ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് അരാഷ്ട്രീയവാദത്തോട് ഏറ്റുമുട്ടുന്ന ഓരോ മനുഷ്യനുമുണ്ട്്. പക്ഷെ അതിനെ തകര്‍ത്തു കളയുന്ന ഒരന്തരീക്ഷം പതിയെ രൂപപ്പെട്ടുവരുന്നുണ്ട്. മാധ്യമങ്ങളെക്കുറിച്ച് നാം ഇതുവരെ നടത്തിയ ചര്‍ച്ചകളുടെ ഒരു സംഗ്രഹമായി യഥാര്‍ഥത്തില്‍ ആ ലേഖനത്തെ കാണാവുന്നതാണ്.

സംഘടന

? സംഘടനയാണ് ഏറ്റവും ശക്തമായ മാധ്യമം എന്ന് താങ്കള്‍ സൂചിപ്പിച്ചല്ലോ. താങ്കള്‍കൂടി നേതൃത്വം നല്‍കുന്ന സംഘടനയാണ് പുരോഗമന കലാസാഹിത്യംസംഘം. ആ സംഘടനക്ക് ഇന്ന് എത്രമാത്രം പ്രസക്തിയുണ്ട്? ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ഈ അഖിലലോക സംഘടന, മാറിയ സാഹചര്യത്തില്‍ എന്ത് ധര്‍മമാണ് നിര്‍വഹിക്കുന്നത്?

പുരോഗമന കലാസാഹിത്യസംഘം മനുഷ്യരുടെ ദൈനംദിന പ്രശ്നങ്ങളോടും സംഘര്‍ഷങ്ങളോടും സങ്കടങ്ങളോടും സദാ പ്രതികരിക്കുന്ന ഒന്നാണ്. ഈ സംഘം 1930കളില്‍ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒരു രാഷ്ട്രീയ സംഘടനയല്ല. മനുഷ്യാസ്തിത്വത്തില്‍ത്തന്നെയുള്ള പ്രശ്നങ്ങളെയാണ് അത് അഭിസംബോധന ചെയ്യുന്നത്. കലയില്ലെങ്കില്‍ ജീവിതം അസാധ്യമാകുമെന്ന അര്‍ഥത്തില്‍, ആദ്യത്തെ കലയും ആദ്യത്തെ സാഹിത്യവും പുരോഗമനപരമാണ്. അന്ന്, ഒരുപക്ഷേ ഔപചാരികമായ അര്‍ഥത്തില്‍ സംഘടന രൂപപ്പെട്ടിട്ടില്ല എന്നു പറയാം. അതേസമയം മനുഷ്യന്റെ അതിജീവനം എന്ന പ്രശ്നത്തെയാണ് അത് അഭിമുഖീകരിക്കുന്നത്. അതിന് കീഴ്പ്പെട്ടുകൊണ്ടാണ് ആഹ്ളാദങ്ങളും ആഭിമുഖ്യങ്ങളും എല്ലാം നിലനിന്നത്. പ്രാഥമിക പ്രശ്നം അതിജീവനം തന്നെയാണ്. ഗുഹാചിത്രങ്ങളില്‍, പ്രാചീനാനുഷ്ഠാനങ്ങളില്‍, പാട്ടുകളിലെല്ലാംതന്നെ പരിമിതികളെ മറികടക്കാനുള്ള ഒരു പിടച്ചില്‍ നമുക്ക് കാണാന്‍ കഴിയും. നിലവിലുള്ള അവസ്ഥയുടെ പരിമിതിയും അതിനേക്കാള്‍ വികസിച്ച ഒരവസ്ഥയെക്കുറിച്ചുള്ള സങ്കല്‍പ്പവും അവയുടെ ഉള്ളടക്കമായിരുന്നു. ഒരു പരുക്കന്‍ രീതിയില്‍ പറഞ്ഞാല്‍ പരിമിതികളുടെയും സാധ്യതകളുടെയും ഒരു കണക്കെടുപ്പാണ് പ്രാചീനകല. ഔപചാരികമായി പുരോഗമനകലയും സാഹിത്യവും മറ്റും രൂപംകൊള്ളുന്നതിന് മുമ്പുതന്നെ അത് അനൌപചാരികമായി ആവിര്‍ഭവിച്ചു കഴിഞ്ഞിരുന്നു എന്നാണ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. ഈ ജനകീയ കലയെ പിടിച്ചെടുത്ത് ജനങ്ങള്‍ക്കെതിരെയുള്ള മര്‍ദകജനവിഭാഗത്തിന്റെ ആയുധമാക്കി മാറ്റിയപ്പോള്‍ അത് വര്‍ഗപരമായ മേല്‍ക്കോയ്മക്ക് വഴിയൊരുക്കി. അവരാണ് കലയെ സങ്കുചിതവും ജനവിരുദ്ധവുമാക്കിയത്. മനുഷ്യാസ്തിത്വത്തിന്റെ അനിവാര്യഭാഗമായി ആവിര്‍ഭവിച്ച കല, ഒരാഡംബരം എന്ന അര്‍ഥത്തില്‍, അലങ്കാരമെന്ന അര്‍ഥത്തില്‍, മാറുമ്പോഴാണ് കലയുടെ ധര്‍മം ആനന്ദിപ്പിക്കലാണോ ഉദ്ബോധിപ്പിക്കലാണോ തുടങ്ങിയ വേറിട്ട ചോദ്യങ്ങള്‍ ഉണ്ടാവുന്നത്. സത്യത്തില്‍ മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ബാധകമാണ്. ഉദാഹരണമായി മനുഷ്യന്‍ ഭക്ഷണം കഴിക്കുമ്പോള്‍ അത് കേവലം വിശപ്പിന്റെ മാത്രം പ്രശ്നമല്ല. അതില്‍ രുചിയുടെയും ആഹ്ളാദത്തിന്റെയും ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഭക്ഷണം കഴിക്കലില്‍ പങ്കുവയ്പ്പിന്റെയും സൌഹൃദത്തിന്റെയും പ്രശ്നങ്ങളുണ്ട്. ഒരു ജൈവപ്രശ്നമായിരിക്കുമ്പോള്‍ത്തന്നെ ഭക്ഷണം കഴിക്കലിന് സാമൂഹികതയുടെ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഒരുതലം കൂടിയുണ്ട്. പ്രാചീന മനുഷ്യര്‍ക്കുപോലും തീറ്റ വെറും ജൈവപ്രവര്‍ത്തനമായിരുന്നില്ല. അതില്‍ കൂട്ടുകൂടുന്നതിന്റെയും സൌഹൃദത്തിന്റെയും പങ്കുവയ്പ്പിന്റെയും പശ്ചാത്തലമുണ്ടായിരുന്നു. കലയില്‍ ഉള്ളടങ്ങിയിരിക്കുന്ന അനൌപചാരികമായ അവസ്ഥയെ ആധുനിക സമൂഹം അട്ടിമറിക്കുകയാണുണ്ടായത്. അസ്തിത്വവും ആനന്ദവും അതിജീവനവും എല്ലാം ചേര്‍ന്ന കലയുടെ യാഥാര്‍ഥ്യത്തെ ശിഥിലമാക്കുകയാണ് ചൂഷകര്‍ ചെയ്തത്. മനുഷ്യവീക്ഷണം പരിമിതപ്പെടാനുള്ള ഒരു കാരണം, ചൂഷണത്തിലന്തര്‍ഭവിച്ച മേല്‍ക്കോയ്മതന്നെയാണ്. ഈയര്‍ഥത്തില്‍ പ്രാചീനകലയെക്കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ട് പുരോഗമനകലയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല.

1930കള്‍ മുതലുള്ള ഒരു ചരിത്രമാണ് പൊതുവെ പുരോഗമന സാഹിത്യത്തിന്റെ ചരിത്രമായി അവതരിപ്പിക്കാറുള്ളത്. എഴുതപ്പെട്ട ചരിത്രം എന്ന അര്‍ഥത്തില്‍ അത് പ്രസക്തമാണ്. എന്നാല്‍ എഴുതപ്പെടാത്ത ദീര്‍ഘചരിത്രമുള്ള, കലയുടെ ആവിര്‍ഭാവത്തിനുശേഷം നാളിതുവരെയുള്ള ചരിത്രത്തിന്റെ പിന്തുടര്‍ച്ചക്കാരായ, ഏക സാംസ്കാരിക പ്രസ്ഥാനമാണ് പുരോഗമനസാഹിത്യ പ്രസ്ഥാനം. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഔപചാരിക ചരിത്രം പരിശോധിച്ചാല്‍ അത് സാഹിത്യത്തിന്റെ മണ്ഡലത്തില്‍ നടത്തിയത് ഒരു വലിയ കുതിപ്പാണെന്ന് കാണാനാവും. മനുഷ്യസംസ്കാരത്തിന് ആര് കാവല്‍ നില്‍ക്കും എന്ന ചോദ്യമാണ് അത് ഉയര്‍ത്തിയത്. നമ്മുടെ എഴുത്തും വായനയും കാഴ്ചയും അനുഭവങ്ങളും അറിവുമെല്ലാം മനുഷ്യാസ്തിത്വത്തെ അര്‍ഥപൂര്‍ണമാക്കാനും മനുഷ്യജീവിതത്തെ മനോഹരമാക്കാനുമുള്ള ഒരു കാര്യത്തിനായി സമര്‍പ്പിക്കേണ്ടതാണ്. ഈ വിശാലദര്‍ശനം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ് വിവിധ കാഴ്ചപ്പാടുള്ളവര്‍ക്ക് ഈ സംഘടനയുമായി ഐക്യപ്പെടാന്‍ കഴിഞ്ഞത്. യുദ്ധത്തിനെതിരെ സമാധാനം, ഏകാധിപത്യത്തിനെതിരെ ജനാധിപത്യം, വ്യക്തിവാദത്തിനെതിരെ സാമൂഹികദര്‍ശനം, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രബോധം. ഇതൊന്നും ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയുടെ കാഴ്ചപ്പാടായി ചുരുക്കിക്കാണേണ്ടതില്ല. എഴുത്തുകാര്‍, ദാര്‍ശനികര്‍, മതപ്രവാചകന്മാര്‍, ജീവിതം മുഴുവന്‍ ആധ്യാത്മികാന്വേഷണത്തിനായി സമര്‍പ്പിച്ച സൂഫികള്‍, സന്ന്യാസിമാര്‍, മഹര്‍ഷിവര്യന്മാര്‍ എന്നിവരെല്ലാം മാനവികതയെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വിവിധ കാലങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. ഈ വ്യത്യസ്ത കാഴ്ചപ്പാടുകളുടെ ഒരൈക്യമുന്നണിയാണ് യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ ചൂഷണത്തിനും ഫാസിസത്തിനും എതിരായി 1930കളില്‍ പാരീസില്‍ രൂപപ്പെട്ടത്.

? ജീവിതവും കലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുരോഗമന സാഹിത്യപ്രസ്ഥാനം മുന്നോട്ടുവച്ച ദര്‍ശനത്തിന് മലയാളത്തില്‍ എത്രത്തോളം മേല്‍ക്കോയ്മ നേടാന്‍ കഴിഞ്ഞു

സാധാരണയായി ആധുനിക സൌന്ദര്യശാസ്ത്രമാണ് എഴുത്തിനെയും കലയെയും അപഗൂഢവല്‍ക്കരിച്ചത് എന്നൊക്കെ നാം പറയാറുണ്ട്. ഇത് ശരിയുമാണ്. എന്നാല്‍ ഈ ദൌത്യം യാതൊരു ബഹളവുമില്ലാതെ ആദ്യം നിര്‍വഹിച്ചത് പുരോഗമന സാഹിത്യപ്രസ്ഥാനമാണ്. കാരണം സംസ്കാരത്തിന്റെ പക്ഷത്ത് ജീവിതം സമര്‍പ്പിക്കുമ്പോള്‍ ഒരു സാധാരണ സാമൂഹ്യപ്രവര്‍ത്തകനാണ് കലാകാരന്‍ എന്നൊരു മഹാസന്ദേശമാണ് അത് നല്‍കുന്നത്. തലയില്‍ കിരീടമില്ലാതെ, അഴിച്ചുവയ്ക്കാന്‍ മെതിയടിയില്ലാതെ, താരപ്പൊലിമയില്ലാതെ, സംഘപ്രവര്‍ത്തനത്തില്‍ സജീവമാവുക എന്ന ഒരു വലിയ സന്ദേശമാണ് അത് നല്‍കിയത്. അതായത് എഴുത്തിനെയും വായനയെയും ജനാധിപത്യവല്‍ക്കരിക്കുക എന്ന വലിയൊരു അജന്‍ഡയാണ് അത് പൂര്‍ത്തീകരിച്ചത്.

ജനകീയകലയുടെയും അല്ലാത്തവയുടെയും മാനദണ്ഡം വ്യത്യസ്തമാണ്. ഈ വ്യത്യാസങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം വികസിച്ചുവരുന്നുണ്ട്. പുരോഗമന സാഹിത്യപ്രസ്ഥാനം ഒരു ഇറക്കുമതിച്ചരക്കാണെന്ന് പറയുന്നവരുണ്ട്. പാരീസില്‍നിന്ന് ലക്നൌവിലേക്കും അവിടെനിന്ന് തൃശൂരിലേക്കും പറിച്ചുനടപ്പെട്ടതാണത് എന്നാണ് ആക്ഷേപം. പുരോഗമനസാഹിത്യം എന്ന ആശയം ഇന്ത്യന്‍ സാംസ്കാരിക ജീവിതത്തിന് അന്യമാണെന്നും ഇന്ത്യന്‍ സംസ്കാരത്തിന്മേല്‍ കെട്ടിവയ്ക്കപ്പെട്ടതാണെന്നും വാദിക്കുന്നവര്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. യഥാര്‍ഥത്തില്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഒരേയൊരു കേന്ദ്രം പാരീസല്ല. ഉദാഹരണമായി 1871ലെ പാരീസ് കമ്യൂണിന്റെ പരാജയത്തെത്തുടര്‍ന്നാണ് യുജീന്‍ പോത്തിയര്‍ സാര്‍വദേശീയ ഗാനമെഴുതുന്നത്. അത് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ്. അപ്പോള്‍ 1930കളില്‍ പാരീസില്‍ നടന്ന ഒത്തുചേരലിന് ഔപചാരിക സംഘടന രൂപപ്പെട്ടു എന്ന പ്രസക്തി നിലനില്‍ക്കുമ്പോള്‍ത്തന്നെ, അതിനുമുമ്പും പുരോഗമന സാഹിത്യമുണ്ടായിരുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ.

പാരീസ് സമ്മേളനത്തിന് മുമ്പാണ് സോവിയറ്റ് യൂണിയനില്‍ വിപ്ളവം നടന്നത്. ആ വിപ്ളവത്തിന് ഊര്‍ജം പകര്‍ന്ന സാഹിത്യമുണ്ടായിട്ടുണ്ട്. അതിനുമുമ്പ് മെയ്ദിനത്തിന്റെ മുദ്രാവാക്യമായിത്തീര്‍ന്ന എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം തന്നെ കവിതയാണ്. അത് വളരെ ശില്‍പ്പഭദ്രമായ കവിതയാണെന്നല്ല വിവക്ഷ. പതിനെട്ടും ഇരുപതും മണിക്കൂര്‍ ജോലിചെയ്ത് പുഴുക്കളെപ്പോലെ ചവിട്ടിയരയ്ക്കപ്പെടുന്ന മനുഷ്യജീവിതം, അവകാശബോധത്തിന്റെ കൊടുമുടിയില്‍ കയറിനിന്ന് സ്വന്തം പ്രതിഷേധം ലോകത്തോട് വിളിച്ചുപറയുന്നതാണിത്. ഒരു ജനതയുടെ ഇച്ഛാശക്തിയുടെ അഭിലാഷത്തിന്റെ മുദ്ര അതില്‍ വീണുകിടക്കുന്നുണ്ട്. മുദ്രാവാക്യം തന്നെയാണ് കവിത എന്ന് ഒരിക്കല്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പീഡിതന്റെ ആശയും അഭിലാഷവും ഇച്ഛാശക്തിയും സ്വപ്നങ്ങളും തിളക്കം നല്‍കുന്ന ഒരു വാക്കിനെ സാധാരണ വാക്കില്‍നിന്ന്, ഭാഷയില്‍നിന്ന് വ്യത്യസ്തമായ ഒന്നായിത്തന്നെ കാണേണ്ടിവരും. ശ്രദ്ധേയമായ കവിതകള്‍ പില്‍ക്കാലത്ത് മുദ്രാവാക്യമായിത്തീരുന്നതും നാം കണ്ടിട്ടുണ്ട്. നമ്മുടെ സൌന്ദര്യസങ്കല്‍പ്പത്തിലും രാഷ്ട്രീയത്തിലും മൌലികമായി മാറ്റം വരുന്ന ഒരുകാലത്ത് മുദ്രാവാക്യങ്ങള്‍ കവിതയായിത്തീരും. ഇത് മാവോ പറഞ്ഞ കാര്യമാണ്. മലയാളത്തില്‍ ഇടശ്ശേരിയുടെയും മറ്റും കവിതകള്‍ മുദ്രാവാക്യങ്ങളായിത്തീരുന്നത് അങ്ങനെയാണ്. ഒരു കവിതയിലെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന വരികളേറെയും മുദ്രാവാക്യങ്ങളായി വികസിച്ചവയാണ്. മുദ്രാവാക്യത്തെ കവിതയായി അംഗീകരിക്കാത്തത് പ്രച്ഛന്നമായ അരാഷ്ട്രീയതയുടെ ലക്ഷണമാണ്. ലോകത്തിന്റെ ഏത് ഭാഗത്തും, നിലനില്‍ക്കുന്ന സാമൂഹികാവസ്ഥക്കെതിരെ വളര്‍ന്നിട്ടുള്ള ഏതൊരു മുന്നേറ്റത്തിനും നിലനില്‍ക്കുന്ന മനുഷ്യബന്ധങ്ങള്‍ക്ക് പകരം കൂടുതല്‍ വികസിച്ച മനുഷ്യബന്ധത്തിനുവേണ്ടിയുള്ള ഏതൊരു സാംസ്കാരിക ശ്രമത്തിനും തുണയായി, താങ്ങായി, തണലായി, നേതൃത്വമായി പലതരത്തിലുള്ള സാഹിത്യ പ്രവര്‍ത്തനങ്ങള്‍, വേണ്ടത്ര തിരിച്ചറിയപ്പെടാതെയും ചരിത്രത്തില്‍ വേണ്ടത്ര അടയാളപ്പെടുത്തപ്പെടാതെയും ഉണ്ടായിട്ടുണ്ട്. അതുണ്ടാവാതെ ഒരു രാഷ്ട്രീയ സാംസ്കാരിക മുന്നേറ്റം അസാധ്യമാവുമായിരുന്നു.

ആശയം, ആശയം മാത്രമായിരിക്കുമ്പോള്‍ അത് കേവലമായ അറിവാണ്. എന്നാല്‍ അതേ ആശയം ഒരനുഭൂതിയായി രൂപപ്പെട്ടാല്‍ അതൊരു മെച്ചപ്പെട്ട ആയുധമായിത്തീരും. ആശയത്തെ അഥവാ അറിവിനെ അനുഭൂതിയാക്കിത്തീര്‍ക്കുന്ന ഒരു പ്രവര്‍ത്തനം ഏത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും മുന്നുപാധിയാണ്. അതുകൊണ്ടാണ് ഏതുകാലത്തും ആശയങ്ങള്‍ മുമ്പേ പറക്കുന്ന പക്ഷികളാണ് എന്നു പറയുന്നത്. 'ചരിത്രം അവസാനിച്ചു' എന്നു പറയുന്നവര്‍, പുതുതായി ഒരാശയവും പിറക്കാന്‍ അനുവദിക്കുകയില്ലെന്ന് അഹങ്കരിക്കുകയാണ് ചെയ്യുന്നത്. അത് മൂലധനത്തിന്റെ ഹുങ്കാണ്. ആശയങ്ങളാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടോ അതിനെ പിന്തുടര്‍ന്നോ ആണ് പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നത്.

പുരോഗമന കലാസാഹിത്യസംഘവും മാനവികമായ ഒരാശയത്തെ അനുഭൂതിയാക്കി വികസിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരുദാഹരണം പറയാം. ജാതി-മത നിരപേക്ഷ ജീവിതം എന്നത് ഒരാധുനിക ആശയമാണ്. ഈ ആശയത്തെയും ഇതുപോലുള്ള മറ്റ് നിരവധി അനുഭവ ആശയങ്ങളെയും കവിതയിലൂടെ, നോവലിലൂടെ, ചിത്രത്തിലൂടെ, സിനിമയിലൂടെയൊക്കെ ആവിഷ്കരിക്കുകയാണ് നാം ചെയ്യുന്നത്.

മതനിരപേക്ഷ ജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്ന രചനകളും അല്ലെങ്കില്‍ അതിനെ പരിഹസിക്കുന്ന രചനകളും സാഹിത്യമണ്ഡലത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതിന്റെ ആവിഷ്കാരത്തില്‍ ഒരുപാട് സംഘര്‍ഷങ്ങളും സന്ദിഗ്ധതകളും ഈ മണ്ഡലത്തിലുണ്ടാകാം. അവയെല്ലാം ആവിഷ്കാരത്തിന്റെ സവിശേഷ മണ്ഡലത്തില്‍ പരിശോധിക്കപ്പെടേണ്ട പ്രശ്നങ്ങളാണ്. അതേസമയം പുരോഗമനസാഹിത്യം ആവിഷ്കാരത്തിന്റെ മണ്ഡലത്തിലുള്ള പ്രശ്നങ്ങളുടെ തലനാരിഴകീറിയുള്ള ഒരു വിശകലനമല്ല നടത്തുന്നത്. മറിച്ച് നമ്മുടെ സാമൂഹിക ജീവിതത്തില്‍ എന്ത് അടിസ്ഥാന സമീപനം സ്വീകരിക്കേണ്ടതുണ്ട് എന്നതാണ് പ്രശ്നം. ഈ വ്യത്യാസം പ്രധാനമാണ്. ഇവയെ ഔചിത്യമില്ലാതെ കൂട്ടിക്കുഴയ്ക്കുന്ന രീതി വലതുപക്ഷം സ്വീകരിക്കാറുണ്ട്. ഇതിന്റെ മര്‍മം പൊളിക്കുന്ന വളരെ ശ്രദ്ധേയമായ ആദ്യത്തെ പ്രബന്ധം എഴുതിയത് ഇഎംഎസ് ആണ്. 'ജീവല്‍സാഹിത്യവും സൌന്ദര്യബോധവും' എന്ന പ്രബന്ധമാണ് ഞാനുദ്ദേശിക്കുന്നത്. വളരെ ശ്രദ്ധേയമായ പ്രബന്ധമാണിത്. 'എക്ളറ്റിക്കല്‍' (ചിന്തകളെ കേവലമായി കൂട്ടിക്കുഴച്ചവതരിപ്പിക്കുന്ന രീതി) ആയ രീതിയുടെ പാപ്പരത്തം വെളിപ്പെടുത്തുകയാണ് ഇഎംഎസ് ചെയ്തത്. സൌന്ദര്യത്തെക്കുറിച്ചുള്ള തര്‍ക്കമല്ല പ്രശ്നം. ജീവിതസമീപനത്തെ പരിക്കേല്‍പ്പിക്കുന്ന സൌന്ദര്യാത്മകതയാണോ ജീവിതസമീപനത്തെ പിന്തുണക്കുന്ന സൌന്ദര്യബോധമാണോ എന്നതാണ് പ്രശ്നം. ലോകത്തുടനീളം എത്രയോ സമരങ്ങളിലൂടെ ശരിവയ്ക്കപ്പെട്ട ഒരാശയമാണ് ഇഎംഎസ് തന്റെ പ്രബന്ധത്തിലൂടെ മുന്നോട്ട് വെച്ചത്.

സോവിയറ്റ് യൂണിയനിലെ വിപ്ളവകാലത്ത് രൂപപ്പെട്ട അപ്പം- ഭൂമി-സമാധാനം എന്ന മുദ്രാവാക്യം യഥാര്‍ഥത്തില്‍ കവിത തന്നെയാണ്. അത് കവിതയാണെന്ന് നമുക്ക് അംഗീകരിക്കാന്‍ കഴിയാതിരുന്നത് പലതരത്തിലുള്ള കവിതകളുടെ കൂട്ടത്തില്‍ ഇത്തരമൊന്നിനെ കവിതയായംഗീകരിക്കാന്‍ നമ്മെ സജ്ജമാക്കുന്ന ഒരു സൌന്ദര്യശിക്ഷണം ലഭിക്കാത്തതുകൊണ്ടാണ്. ഉദാഹരണമായി മഹമൂദ് ദാര്‍വിഷിന്റെ "എന്റെ ഏറ്റവും പുതിയ കവിത എന്റെ രാജ്യമാകുന്നു'' എന്ന വരിയില്‍ സാധാരണ സൌന്ദര്യബോധത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍, ഒരു കവിതയും കണ്ടെത്താനാവില്ല. കാരണം രാജ്യം എന്ന വാക്കുതന്നെ കവിതയില്ലാത്ത ഒന്നായാണ് നമുക്ക് തോന്നുക. എന്നാല്‍, ഈ വരി കവിതയാകുന്നത് പലസ്തീനിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മാത്രമാണ്. അതുപോലെ പലസ്തീന്റെ ദേശീയഗാനം എന്ന് സെയ്ദ് വിശേഷിപ്പിക്കുന്നത് 'തിരിച്ചറിയല്‍ കാര്‍ഡ്' ആണ്. ദേശീയഗാനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന്റെ പൊളിച്ചെഴുത്താണ് ഈ തിരിച്ചറിയല്‍ കാര്‍ഡ്. സാധാരണയായി ഏതൊരു ദേശീയഗാനവും ഏതെങ്കിലുമൊരു ഭൂപ്രദേശത്തെ പുകഴ്ത്തിക്കൊണ്ട് അതിന്റെ പ്രകൃതി വൈവിധ്യത്തെ പുകഴ്ത്തിക്കൊണ്ട്, അതിന്റെ പൈതൃകത്തേയോ മാതൃകത്തേയോ സംബോധന ചെയ്തുകൊണ്ട്- ഇങ്ങനെയൊക്കെയായിരിക്കും. പക്ഷേ, തിരിച്ചറിയല്‍ കാര്‍ഡ് ആരംഭിക്കുന്നത്. 'എഴുതി എടുത്തോ' എന്നു പറഞ്ഞുകൊണ്ടാണ്. വളരെ സമരോത്സുകമായ രീതിയിലാണ് അതിന്റെ സമാരംഭംതന്നെ. ഇങ്ങനെയൊരു ദേശീയഗാനം എങ്ങനെയാണ് ഉണ്ടാകുന്നത്? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന ഒരു ജനത അവരുടെ സ്വപ്നങ്ങള്‍കൊണ്ടും സമരങ്ങള്‍കൊണ്ടും ഒരു രാഷ്ട്രമായിത്തീരുന്ന പശ്ചാത്തലത്തിലാണ് ഈ സമരോത്സുകമായ കവിത, ഒരു ദേശീയഗാനത്തിന്റെ പദവിയാര്‍ജിക്കുന്നത്. കലയ്ക്കും സാഹിത്യത്തിനും ആവിഷ്കാരത്തിനായി നിരവധി വഴികളുണ്ടെന്ന്, അത് ഏതെങ്കിലും ഒരു വഴിയില്‍ സ്തംഭിച്ചുനില്‍ക്കുകയല്ലെന്ന് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്, മുമ്പെന്നപോലെ ഇന്നും പുരോഗമന കലാസാഹിത്യസംഘം ചെയ്യുന്നത്. അതിനെ അതിന്റെ സമഗ്രതയിലും സൂക്ഷ്മതയിലും തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇതിന് നമ്മുടെ അധികാരം, അധികാരത്തെ പിന്തുണക്കുന്ന മാധ്യമങ്ങള്‍, സ്ഥാപനങ്ങള്‍, പാഠശാലകള്‍, സാമൂഹ്യബോധം ദൃഢപ്പെടുത്തിയ സാഹിത്യാഭിരുചികള്‍, സാഹിത്യചരിത്രം, നിലവിലുള്ള സാഹിത്യാസ്വാദനത്തെ ചിട്ടപ്പെടുത്തിയ വാര്‍പ്പുമാതൃകകള്‍ ഇവയെല്ലാം ഒരു പങ്ക് വഹിക്കുന്നുണ്ട്. ഇതിന് ബദലായ ഒരു സൌന്ദര്യദര്‍ശനമാണ് പുരോഗമന കലാസാഹിത്യസംഘം മുന്നോട്ട്വച്ചത്. മനുഷ്യന്‍ ഉള്ളിടത്തെല്ലാം അതുണ്ടായിട്ടുണ്ട്. മനുഷ്യരുള്ളിടത്തെല്ലാം അതുണ്ട്. അതുണ്ടെങ്കിലേ മനുഷ്യസമൂഹത്തിന് അതിജീവിക്കാനാവൂ.

? ഈ അടുത്തകാലത്തായി മാഷ് നടത്തിയ സാഹിത്യ നിരൂപണങ്ങള്‍, താങ്കളുടെതന്നെ പൂര്‍വകാല സമീപനത്തില്‍നിന്നുള്ള വ്യതിയാനത്തെ അടയാളപ്പെടുത്തുന്നുണ്ട്. ദളിത്-കീഴാളസാഹിത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും സാഹിത്യത്തിലെ സവര്‍ണ ഭാവുകത്വത്തെ സൂക്ഷ്മാര്‍ഥത്തില്‍ അപനിര്‍മിക്കുകയും ചെയ്യുന്നവയാണവ. ഇത് പുരോഗമന കലാസാഹിത്യസംഘം നാളിതുവരെ പിന്തുടര്‍ന്ന മാര്‍ക്സിസ്റ്റ് കലാദര്‍ശനത്തിന്റെ നിരാകരണമാണോ.

രണ്ട്തരത്തിലാണ് ഇത് വരുന്നത്.

(ഒന്ന്) ഇത് ആധുനികത സ്ഥാപിച്ചെടുത്ത ഭാവുകത്വത്തെ വിമര്‍ശനാത്മകമായി നേരിടാനുള്ള ശ്രമമാണ്.
(രണ്ട്) പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ സമീപനത്തെ വിപുലീകരിക്കാനുള്ള ശ്രമവുമാണ്. ഇക്കാര്യം ഒന്നുകൂടെ വിശദീകരിക്കാം.

കെ പി അപ്പന്‍ മലയാളത്തിലെ സൌന്ദര്യപക്ഷത്ത് നിലയുറപ്പിച്ച പണ്ഡിതനാണ്. അതേസമയം കെ പി അപ്പന്റെ നിരൂപണം ശ്രദ്ധേയമാകുന്നത്, കേവലസൌന്ദര്യത്തിന്റെ പക്ഷത്തുനിന്ന് നോക്കിക്കാണുമ്പോഴാണ്. കെ പി അപ്പന്‍ ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തില്‍ ആല്‍ബേര്‍ കാമുവിന്റെ രചനകളെക്കുറിച്ച് വിശദമായ ഒരു കുറിപ്പെഴുതിയിട്ടുണ്ട്. അതേസമയം പിജിയെപ്പോലുള്ളവരും കാഫ്കയെക്കുറിച്ചും കാമുവിനെക്കുറിച്ചും പ്രബന്ധമെഴുതിയിട്ടുണ്ട്. ഈ രണ്ട് പ്രബന്ധങ്ങളും രണ്ട് കാഴ്ചപ്പാടുകളില്‍ നിന്നാണ് എഴുതപ്പെട്ടിട്ടുള്ളത്. ഈ പ്രബന്ധങ്ങള്‍ താരതമ്യം ചെയ്താല്‍ മാര്‍ക്സിസ്റ്റ് വിശകലനത്തിന്റെ മേന്മ വ്യക്തമാകും. അമൂര്‍ത്തമായി എന്തെങ്കിലും പറയുന്നതിന് പകരം-ആല്‍ബേര്‍ കാമുവിന്റെ രചനകളില്‍ കഥാപാത്രങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ പെരുമാറുന്നതെന്തുകൊണ്ട്? അറബികള്‍ക്ക് പേരില്ലാത്തതെന്തുകൊണ്ടാണ്? ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ പി ജി ശ്രമിക്കുന്നുണ്ട്. എന്നാല്‍, കെ പി അപ്പന്റേത് ഒരു ആസ്വാദനം മാത്രമാണ്. ആസ്വാദനം എന്നത് ഒരു കുഴപ്പംപിടിച്ച സംഗതിയായതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ആസ്വാദനം എന്നത് നിരൂപണത്തിന്റെ ആദ്യപടി മാത്രമാണ്. ആസ്വാദനത്തിന് ശേഷമാണ് അപഗ്രഥനങ്ങളും വിശകലനങ്ങളും വരുന്നത്.

കൃതിയുടെ വിശകലനത്തില്‍ രണ്ട് കാര്യങ്ങള്‍ പ്രധാനമാണ്. ഒരു കൃതി അതിന്റെ ആകത്തുകയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം എപ്രകാരമാണ് മനുഷ്യസമൂഹത്തില്‍ ഫലമുണ്ടാക്കുന്നത്? എന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ ഒരു വിശകലനത്തിന് കഴിയണം. അതോടൊപ്പം ആ കൃതിയിലെ ആന്തരികവൈരുധ്യങ്ങളെ പുറത്തുകൊണ്ടുവരാനും കഴിയണം.

ഉദാഹരണമായി, വൈലോപ്പിള്ളിയുടെ വളരെ പ്രശസ്തമായ കവിതയാണ് കാക്ക. കാക്ക ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം കീഴാളപക്ഷത്തെ പിന്തുണക്കുന്നതാണ്. അതാണ് ആ കവിതയുടെ ആസ്വാദനത്തിന്റെ ആദ്യാനുഭവം. അത് പുരോഗമനപരമാണ്. എന്നാല്‍ പുരോഗമനപരമായ ഒരു കവിതയിലെ വൈരുധ്യങ്ങളെ അപഗ്രഥിക്കുമ്പോള്‍, ചിലപ്പോള്‍ അതില്‍നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങള്‍ കണ്ടെത്താനായി എന്ന് വരാം. വൈലോപ്പിള്ളിയുടെ കാക്കയെക്കുറിച്ച് 'കറുപ്പിന്റെ സൌന്ദര്യശാസ്ത്രത്തില്‍' ഞാന്‍ നടത്തിയ ഒരു നിരീക്ഷണമുണ്ട്.

"താമസ പിണ്ഡത്തിനുള്ളിലാരോ
താമരപ്പൂവ് വിടര്‍ത്തിവെച്ചു''

കറുപ്പിനെ വാഴ്ത്തുന്ന ഒരു കവിതയില്‍ എങ്ങനെയാണ് കറുത്ത ശരീരത്തിനകത്ത് ഒരു വെളുത്ത പൂവുണ്ട് എന്ന് പറയുന്നത്? സാമാന്യമായി ആലോചിച്ചാല്‍ ഇതിലൊരു വൈരുധ്യവുമില്ല. കാരണം നമ്മുടെ പൊതുധാരണയനുസരിച്ച്, കറുപ്പ് വിരൂപവും വെളുപ്പ് സുന്ദരവുമാണ്. ഇക്കാര്യത്തില്‍ വൈലോപ്പിള്ളി ഒരു സാമാന്യ സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍, മൊത്തത്തില്‍ പരിശോധിച്ചാല്‍, ഈ സാമാന്യബോധത്തെ അട്ടിമറിക്കുന്നതാണ് വൈലോപ്പിള്ളിയുടെ കവിത. സാമാന്യ സമീപനമനുസരിച്ച് കറുത്ത കാക്ക വാഴ്ത്തപ്പെടുന്ന ഒന്നല്ല. പക്ഷേ വൈലോപ്പിള്ളി കറുത്ത കാക്കയെ വാഴ്ത്തുന്നു. മൊത്തത്തില്‍ ഒരു കൃതിയുടെ ആഭ്യന്തരവൈരുധ്യങ്ങള്‍ അനാവരണം ചെയ്യുന്നത്, ഒരു സാംസ്കാരിക വിമര്‍ശനത്തിന്റെ ദൌത്യമാണ്. വൈലോപ്പിള്ളിയുടെ കവിത അപ്പോഴും പുരോഗമനപരമായ ദൌത്യം തന്നെയാണ് നിര്‍വഹിക്കുന്നത്. പുരോഗമനപരമായ ദൌത്യം നിര്‍വഹിക്കുന്ന കവിതക്കകത്തും വര്‍ഗസമൂഹം അടിച്ചേല്‍പ്പിക്കുന്ന വൈരുധ്യങ്ങളുണ്ട് എന്ന് കണ്ടെത്തുകയാണ്. അതൊരു പക്ഷേ ഇത്തരമുള്ള ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സമൂഹത്തില്‍വച്ച് രചന നടക്കുന്ന സന്ദര്‍ഭത്തില്‍ മറികടക്കപ്പെടാം. ഭൂതകാലത്തിന്റെ അവശിഷ്ടങ്ങള്‍, ആന്തരിക വൈരുധ്യങ്ങളായി അതിനകത്തുണ്ടായിരിക്കും. ഈ വൈരുധ്യങ്ങള്‍ കണ്ടെത്താനാണ്, നിരൂപണങ്ങളിലൂടെ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്സിയന്‍ സൌന്ദര്യദര്‍ശനത്തിന്റെ വിപുലമായ സാംസ്കാരിക വിമര്‍ശനം തന്നെയാണിത്. കെ പി അപ്പനെപ്പോലുള്ള ആധുനിക വിമര്‍ശകരെ തിരുത്തിക്കൊണ്ടാണ് മലയാളത്തിലെ മാര്‍ക്സിസ്റ്റ് നിരൂപണം വികസിച്ചുവന്നത്. ബി രാജീവന്‍, സച്ചിദാനന്ദന്‍, ആദ്യകാലത്ത് വി സി ശ്രീജന്‍ എന്നിവരൊക്കെ ഇക്കൂട്ടത്തില്‍പെടും. .

*
അനില്‍ ചേലേമ്പ്ര കടപ്പാട്: ദേശാഭിമാനി ഓണപ്പതിപ്പ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

അഭിമുഖങ്ങള്‍ ഒരര്‍ഥത്തില്‍ അപഗ്രഥനവും മറ്റൊരുതരത്തില്‍ ആഘോഷവുമാണ്. ആഘോഷമാവുന്നു എന്നത് സൂക്ഷ്മാര്‍ഥത്തില്‍ ഒരു തെറ്റല്ല. എന്നാല്‍ ആഘോഷത്തില്‍ പങ്കെടുക്കുന്ന വ്യക്തിക്കും ആ വ്യക്തി അടങ്ങുന്ന സമൂഹത്തിനും ആവേശം നല്‍കുന്ന ഒന്നും ആഘോഷത്തിന്റെ ഭാഗമായില്ലെങ്കില്‍, അത് സാംസ്കാരികമായ ഒരു ആഡംബരം മാത്രമാണ്. കാരണം അത്തരം ആഘോഷങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഊര്‍ജവും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ഇത് വ്യക്തി അനുഭവിക്കുന്ന ആന്തരിക പാപ്പരത്തത്തെ വ്യാജമായി പരിഹരിക്കുകമാത്രമാണ് ചെയ്യുന്നത്. പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള ഒരു പിന്മടക്കം മാത്രമാണിത്. എന്നാല്‍, നിലനില്‍ക്കുന്ന സാമാന്യബോധത്തില്‍നിന്നും സാമാന്യ അവസ്ഥയില്‍നിന്നും വ്യത്യസ്തമായി സമൂഹത്തില്‍ വളരുന്ന ആരോഗ്യകരമായ പ്രവണതകളെ വല്ലവിധത്തിലും പിന്തുണയ്ക്കുന്നതാണ് തന്റെ ജീവിതവും എന്ന് തിരിച്ചറിയുന്ന ഘട്ടത്തില്‍ അത് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ഒരാഘോഷമായിത്തീരും. ആ അര്‍ഥത്തില്‍ ആഘോഷം ചരിത്രത്തെ ആവേശകരമായി അഭിസംബോധന ചെയ്യാനുള്ള ഒരവസരമായി വികസിക്കാം. അതുകൊണ്ട് അഭിമുഖങ്ങള്‍ അരാഷ്ട്രീയമായിത്തീരുന്നത്, ഒരു തരത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനത്തിനും സംഭാവന നല്‍കാന്‍ കഴിയാത്തവിധം അത് ഒരു വ്യക്തിയുടെതന്നെ സ്വകാര്യതയില്‍ സ്തംഭിച്ചുപോവുമ്പോഴാണ്. വ്യക്തിക്കും സമൂഹത്തിനുമിടയില്‍ ഒരു പാലമായിത്തീരാന്‍ കഴിയാത്ത അഭിമുഖങ്ങള്‍, സ്വകാര്യ ജീവിതത്തിന്റെ പരസ്യം മാത്രമായി അധഃപതിക്കും. നിലനില്‍ക്കുന്ന സാമൂഹ്യാവസ്ഥയില്‍നിന്ന് പുറത്തുകടക്കുന്നതിനായി ഒരു വ്യക്തി നടത്തിയ പിടച്ചിലുകള്‍ പുറത്തുകൊണ്ടുവരുന്ന അഭിമുഖങ്ങള്‍, സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു പ്രതീക്ഷയോ, പരിക്കോ അതേവിധം എന്തെങ്കിലുമൊക്കെയോ ആയിരിക്കും. കേവലം സ്വകാര്യജീവിതത്തിനപ്പുറത്തേക്ക് അത് ചിലതൊക്കെ വിനിമയം ചെയ്യുന്നുണ്ട്......

കെ.ഇ.എന്നുമായി അനില്‍ ചേലേമ്പ്ര നടത്തുന്ന ഒരല്പം നീണ്ട അഭിമുഖം.

വായന said...

എണ്റ്റമ്മോ എന്ത്‌ വലിയ ലേഖനം.... എങ്ങനാ വായിക്കാ...

Shankar said...

ഹെന്റമ്മൊ ഇത് മുശുമനും ബായിച്ച് തീര്‍ക്ക്ന്ന ആക്ക് ബൂലോഗവായനശ്രീ അവര്‍ഡ് കൊടുക്കാം

നന്ദന said...

ok